സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



ഉടഞ്ഞു വീഴുന്ന പൂപാത്രങ്ങള്‍

January 21, 2013 അനില്‍കുമാര്‍ . സി. പി.


ദൂരെ നിന്നു നോക്കിയാല്‍ പച്ചതടാകത്തിനു നടുവില്‍ ഉയര്‍ന്നു വിരിഞ്ഞു നില്‍ക്കുന്ന  തവിട്ടു നിറമുള്ള വലിയൊരു കൂണുപോലെ അവളുടെ വീട് കരിമ്പാറകള്‍ അതിരിട്ട വയല്‍ക്കരയില്‍ നിന്നു. പണ്ടത്തെ പച്ചക്കടല്‍ ചുരുങ്ങി ഇപ്പോള്‍ വീടിനു ചുറ്റും ഒരു ചെറിയ തടാകമെന്നപോലെ നെല്‍വയലുകള്‍ , എപ്പോഴാണ് ലോറിയില്‍ കയറി വരുന്ന മണ്ണ് മേലേക്ക് വീഴുന്നതെന്നു ഭയന്ന്, ചുരുണ്ടു കിടന്നു. പൂക്കാത്ത പൊന്ചെമ്പകത്തെ തൊട്ടു തലോടി, മുറ്റത്തിന്‍റെ അതിരിലെ വെളുത്ത സുഗന്ധിപൂക്കളുടെ മണം നുകര്‍ന്ന് കാറ്റ് എപ്പോഴും വീടിന്‍റെ കോലായില്‍ ചൂളമടിച്ചു കറങ്ങി.

അങ്ങിങ്ങു നരവീണ മുടി വിടര്‍ത്തിയിട്ടു അവളുടെ ചെറിയമ്മ ചന്ദ്രലേഖ മുറ്റത്തേക്കിറങ്ങി നില്‍ക്കുമ്പോഴേക്കും നിശാഗന്ധിക്കുമപ്പുറം നിന്ന ചതുരനെല്ലിയെ പിടിച്ച് ഒന്നു പതുക്കെ ഉലച്ചു കാറ്റ്‌ വന്ന വഴിയെ പൊയ്ക്കളഞ്ഞു. അപ്പോഴാണവര്‍ കണ്ടത്, തന്‍റെ നേരെ നീട്ടിയപോലെ നീണ്ടുനിന്ന ഒരു കൊമ്പില്‍ മാത്രം ചതുരനെല്ലികള്‍ തൂങ്ങി കിടക്കുന്നു. 

ഇലയും പൊഴിച്ചിട്ടു വെറുതെ ഇങ്ങനെ നിന്നു കാലം കഴിക്കുന്നതിനു നിന്നെ എത്ര വഴക്ക് പറഞ്ഞിരിക്കുന്നു എന്നവരുടെ ചുണ്ടുകള്‍ വിറപൂണ്ടു. അവര്‍ കായ്കളെ തലോടി ചതുരനെല്ലിയില്‍ മുഖംചേര്‍ത്ത് ചാരി നിന്നു. കണ്പീലിയില്‍ തട്ടി ചിതറിയ കണ്ണുനീര്‍ത്തുള്ളിയാറ്റി കാറ്റ് പിന്നെയും മലയിറങ്ങി വന്നു തിരിച്ചുപോയി. ആ വഴിയെയാണ്  കാല്‍വിന്‍ ക്ലീനിന്‍റെ നേര്‍ത്ത സുഗന്ധവുമായി അവള്‍ കയറി വന്നത്. ചെറിയമ്മയുടെ വിരല്‍തുമ്പില്‍ പറ്റി ചേര്‍ന്നു നില്‍ക്കുന്ന ചതുരനെല്ലിക്കുല കണ്ട് അവളുടെ വായില്‍ ഉമിനീരൂറി.

ആഹാ കൊള്ളാമല്ലോ നീ കായ്ച്ചോ പെണ്ണേ? എത്ര വര്‍ഷമായി വെറുതെ തണലും തന്നു നില്‍ക്കാന്‍ തുടങ്ങിയിട്ട്?

ഉം...എന്തൊരു ഭീഷണി ആയിരുന്നു. ഞാന്‍ പേടിച്ചു കായ്ചതാ... ചതുരനെല്ലിയുടെ ഇലകള്‍ കലപില കൂട്ടി ചിരിച്ചു.

എന്നെപോലെ ആയാല്‍ വെട്ടിക്കളയുമെന്നു പേടിപ്പിച്ചു... എന്നെ വെട്ടിക്കളയാന്‍ വയ്യല്ലോ...

ചെറിയമ്മ ചുളിവ് വീഴാത്ത കവിളിലെ നുണക്കുഴി തെളിച്ചു ചിരിച്ചു.

അവളെറിഞ്ഞിട്ട ബാഗുമെടുത്ത് അകത്തേക്ക് നടക്കുമ്പോള്‍ എന്താ നീലി നിന്‍റെ വീടിനു കാവലിരുന്നു മടുത്തോ, അതോ പദ്ധതികള്‍ നടപ്പാക്കി ക്ഷീണിച്ചോ? എന്നൊക്കെയുള്ള ചെറിയമ്മയുടെ ചോദ്യങ്ങള്‍ അവളുടെ ഇടത്തെ തോളിലും വലത്തെ തോളിലും തട്ടിതടഞ്ഞു കാല്‍ച്ചുവട്ടില്‍ വീണു. അതവിടെ കിടന്നോട്ടെ എന്ന മട്ടില്‍ അവള്‍ കിണറ്റിന്‍ കരയിലേക്ക് നടന്നു. ക്ലോറിന്‍ വെള്ളം വീണു വീണു പുകഞ്ഞ കണ്ണുകളില്‍ തെളിനീരിന്‍റെ തണുപ്പില്‍ കണ്പീലികള്‍ കുളിര്‍ന്നു വിറച്ചു.എരിയുന്ന നെഞ്ചിലേക്ക് തണുപ്പ് അരിച്ചിറങ്ങി. വരണ്ട ചുണ്ടില്‍ തങ്ങി നിന്ന അവസാനത്തെ വെള്ളതുള്ളി കൂടി അവള്‍ നാവ് കൊണ്ട് വടിച്ചെടുത്തു. ചെറിയമ്മ നീട്ടിയ തോര്‍ത്ത്‌ വാങ്ങി മുഖം തുടയ്ക്കാതെ കരിമ്പാറ ഇറങ്ങി വന്ന കാറ്റിനു നേരെ മുഖം നീട്ടി.

‘ഉം... എന്താടാ പുതിയപ്രശ്നം?’

‘ഒന്നുമില്ലെന്നേ? പദ്ധതികള്‍ക്ക് പേരിട്ടു ക്ഷീണിച്ചു.’

‘നീയോ?’
‘അല്ല സര്‍ക്കാര്‍ ?' ഹഹഹ...

അവള്‍ നിര്‍ത്താതെ ചിരിക്കാന്‍ തുടങ്ങി. ഉള്ളില്‍ സങ്കടത്തിന്‍റെ പെരുങ്കടല്‍ ഇരമ്പുമ്പോഴാണ് അവളിങ്ങനെ നിര്‍ത്താതെ ചിരിക്കാറുള്ളതെന്ന് അവര്‍ക്കറിയാം.

പാറക്കുഴികളില്‍ നീന്തിതുടിച്ചു കയറിവന്ന  താറാവുകള്‍ അവളെകണ്ട് ക്വാ....ക്വാ ഒച്ചയിട്ടു. പിന്നെ ഒരു വരിയായി കൂട്ടിലേക്ക് കയറിപോകുന്ന പോക്കില്‍ ഒരുത്തി പ്ലിം എന്ന് കാഷ്ടിച്ചു വെച്ചിട്ട്, ചുമ്മാതെ ഇളിചോണ്ട് നിക്കാതെ കോരിക്കളയരുതോ എന്ന് അവളെ നോക്കി വാലുകുലുക്കി.

‘ചെറിയമ്മേ, നോക്കിയെ...ആ സ്വര്‍ണ്ണനിറക്കാരി മുറ്റം വൃത്തികേടാക്കി.' 

പ്ലാവില കൊണ്ട് കാഷ്ടം കോരി റോസിന്റെ ചുവട്ടിലിട്ടു കയ്കഴുകി ചെറിയമ്മ ആരോടെന്നില്ലാതെ പറഞ്ഞു...

'ഇപ്പൊ എല്ലാരും മുറ്റം വൃത്തിയാക്കി വെച്ചിട്ട് പാണ്ടി ലോറിയില്‍ വരുന്ന ഹോര്‍മോണ്‍ കുടിച്ചു വെളുവെളുത്ത  മുട്ടയും മിനുത്ത  കോഴിയും തിന്നുവല്ലേ? പാവം, ഓടി ചാടി കളിക്കണ്ട പെണ്‍കുഞ്ഞുങ്ങളൊക്കെ പ്രായമെത്തുന്നതിനു   മുന്‍പേ  മുകളിലും താഴെയും വെച്ചുകെട്ടുമായി നടക്കുന്നുത് കാണുമ്പോള്‍ സങ്കടം വരും.'

‘നീ വാ... ഞാന്‍ ചേമ്പ് പുഴുങ്ങി വെച്ചിട്ടിട്ടുണ്ട്’

‘ഞാനിന്നു വരുമെന്ന് എങ്ങനെ അറിഞ്ഞു.?’

‘കാക്ക പറഞ്ഞു... എന്തേ?’

‘അല്ല..സത്യത്തില്‍ നമുക്ക് രണ്ടാള്‍ക്കും നൊസ്സുണ്ടോ ചെറിയമ്മേ?’

'ഇത്തിരി ഇരിക്കട്ടെന്നെ...മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്തതൊക്കെ പെണ്ണിന്‍റെ നൊസ്സല്ലേ എന്‍റെ നീലിക്കുട്ടി? അങ്ങനെ പറയുന്നതാ അവര്‍ക്ക് മനസ്സിനു സമാധാനം... നമ്മളായിട്ടെന്തിനാ അത് തല്ലിക്കെടുത്തുന്നത്?'

തൊട്ടുതൊട്ടിരിക്കുന്ന ചെറിയചേമ്പുകള്‍ ചുവന്ന മുളകുചമ്മന്തിയില്‍ മുക്കി അവള്‍ ഓരോന്നായി പെറുക്കി വായിലിട്ടുകൊണ്ട് ചോദിച്ചു...

‘അതെയോ, വേറിട്ടുചിന്തിക്കുന്നവര്‍ മറ്റുള്ളവരെപ്പോലെ പെരുമാറാന്‍ ശ്രമിക്കുമ്പോഴല്ലേ ഭ്രാന്തായി തോന്നുക?’

വെണ്ണപോലെ മൃദുലമായ ചേമ്പിന്‍ രുചിക്കിടയിലും വേദനകൊണ്ടവള്‍ കവിള്‍പൊത്തി.

'ഉം... കവിളത്തു തന്നെ കിട്ടിയോ? എന്ത് ദൌത്യനിര്‍വഹണമാ നീ തടഞ്ഞത്?'

‘വാട്ടര്‍ തീം പാര്‍ക്കിലെ പുതിയ കുളിശാല...’

‘നിങ്ങള്‍ക്ക് അവിടെ ഇപ്പോഴും ടാങ്കര്‍ലോറിയിലാണോ വെള്ളം തരുന്നത്?’

‘ഇപ്പോള്‍ അതും കുറവാ. ചിലപ്പോള്‍ ദിവസങ്ങളോളം കിട്ടില്ല..’

പണ്ട് ഉപ്പുവെള്ളം മാത്രം ചുവയ്ക്കുന്ന തമിഴ്നാട്ടില്‍ പലയിടത്തും ഇപ്പോള്‍ ശുദ്ധജലം സുലഭം. എന്നിട്ടും മഴ വെള്ളം മുഴുവന്‍ കടലിലേക്ക് ഒഴുക്കി വിടുന്ന ജലസമൃദ്ധിയുടെ നാട്ടുകാര്‍ ടാങ്കര്‍ ലോറിയും കാത്തിരിക്കുന്നു കുടിവെള്ളത്തിനു. സ്വന്തം ജീവിതം കൂടി ആരെങ്കിലും ജീവിച്ചുതന്നാല്‍ അത്രയും സൗകര്യം എന്നല്ലേ നീലി പലരുടെയും വിചാരം... എന്നാണാവോ പ്രകൃതിയെ സ്നേഹത്തോടെ ,കരുതലോടെ ഉപയോഗിക്കാന്‍ നമ്മള്‍ പഠിക്കുക?

‘ഇങ്ങനെ എത്രനാള്‍ ആലസ്യത്തിലും കടംകൊണ്ട സുഖലോലുപതയിലും ഒരു ജനതയ്ക്ക് ജീവിക്കാന്‍ കഴിയും? വളരെചെറിയ ഒരു വിഭാഗം ആളുകള്‍ എങ്കിലും ശക്തമായി പ്രതികരിക്കുന്നത് കൊണ്ട് മാത്രമാണ് പുറമ്പോക്കിലെ ജീവിതങ്ങള്‍ ബാക്കിയാവുന്നത്... അല്ലേ ചെറിയമ്മേ?'

ചെറിയമ്മ വേദനയില്‍ കുതിര്‍ന്നു ചിരിച്ചു.പിന്നെ പോയകാലത്തിലേക്ക് മുഖം തിരിച്ചിരുന്ന അവരെ നീലി ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു...

ചുറ്റുമുള്ളവരില്‍ നിന്നും മികച്ചവരായി എപ്പോഴും കഴിയുന്നതിന് വീടും വീട്ടുസാധനങ്ങളും വാഹനവും പുതുക്കുന്ന സ്വന്തം വീട്ടിലെ ആര്‍ഭാടത്തിന്‍റെ മനമ്മടുപ്പില്‍ നിന്നും ഇറങ്ങിപ്പോന്നത് ചെറിയമ്മയുടെ അടുത്തെയ്ക്കായിരുന്നു. നഗരത്തില്‍ ജോലികിട്ടി പോകുന്നതുവരെ ആത്മരോഷത്തില്‍ ചുവന്നപ്പോഴും ആത്മവേദനയില്‍ പുകഞ്ഞപ്പോഴും അത് കാണാന്‍ അവള്‍ മാത്രമേ അവരുടെ കൂടെ  ഉണ്ടായിരുന്നുള്ളൂ.

എല്ലാ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും പരസ്പരം അറിഞ്ഞു കരിമ്പാറകള്‍ അതിരിടുന്ന  വയല്ക്കരയിലെ ഈ വീട്ടില്‍ അവര്‍ രണ്ടുപേരും താമസം തുടങ്ങുമ്പോള്‍ ചെറിയഛന്‍റെ കവിതകള്‍ കേള്‍ക്കാന്‍ ചെറിയമ്മയും വല്ലപ്പോഴുമെത്തുന്ന സുഹൃത്തുക്കളുമേ ഉണ്ടായിരുന്നുള്ളൂ. പ്രകൃതിയെ താലോലിച്ച്,ചുറ്റുമുള്ളവരുടെ കഷ്ടപ്പാടിലും വേദനയിലും പങ്കുകൊണ്ട് അവര്‍ക്കൊപ്പം ജീവിച്ച നാളുകള്‍ ... കരിമ്പാറകള്‍ കയ്യടക്കി  വിറ്റു കാശുണ്ടാക്കാന്‍ വന്നവരെ ചെറുത്തു നില്‍ക്കുന്നവര്‍ക്ക് ആത്മബലം ബാലഗോപാലനും ചന്ദ്രലേഖയുമായിരുന്നു. ഭൂമി കിടുങ്ങി മണ്‍ഭിത്തികളില്‍ വിള്ളല്‍ വീണപ്പോഴൊക്കെ അവര്‍ അഭയത്തിനായി ഓടിയെത്തിയത് ഈ വീട്ടുമുറ്റത്തായിരുന്നു. ചെറിയഛന്‍ ഒരുപാടു ഓഫീസുകളും കോടതിയും കയറി ഇറങ്ങിയപ്പോഴാണ് ഇടിമുഴക്കങ്ങള്‍ കേള്‍ക്കാതെ, പ്രാണഭയമില്ലാതെ ജീവിക്കാനുള്ള അവകാശം അനുവദിച്ചു കിട്ടിയത്.

ഇവിടുത്തെ കാറ്റും വെളിച്ചവും സ്വപ്നങ്ങളും പ്രണയവും ചെറിയഛന്‍റെ കവിതകളെ ഈ വയല്ക്കരയും കടന്നു നഗരത്തിലെ വെള്ളി വെളിച്ചങ്ങളില്‍ എത്തിച്ചു. വല്ലപ്പോഴുമൊക്കെ അവിടേക്ക് പോയ ആള്‍ പിന്നെ പലപ്പോഴും വരാന്‍ മടിച്ചു. വന്നത് പുതിയ ഒരാളായി മാത്രം. വരുമ്പോഴൊക്കെ ചെറിയമ്മയുടെ പ്രണയത്തിന്റെ പടിവാതില്‍ തുറന്നു തന്നെ കിടന്നു. എന്നിട്ടും ചന്ദനം  മണക്കുന്നവള്‍ക്കു വിയര്‍പ്പിന്റെയും ചാണകത്തിന്റെയും ദുര്‍ഗ്ഗന്ധമെന്നു പരാതിപ്പെട്ടു. പിന്നെ പിന്നെ മറന്നുപോയ മുഖം പോലെ ഒരിക്കലും ചെറിയഛന്‍ വീട്ടിലേക്കു വരാതായി. ഞാനുള്ളിടത്തു നീ വേണമെന്ന അദ്ദേഹത്തിന്‍റെ ശാഠൃത്തില്‍ ചെറിയമ്മ പറയുമായിരുന്നു..

‘ഇവിടെയേ എനിക്ക് എന്‍റെ ഗോപനെ കിട്ടു. ഇവിടെ മാത്രമേ നമുക്ക് നമ്മള്‍ ആയി ജീവിക്കാന്‍ കഴിയു... ഇവിടംവിട്ടു ഞാന്‍ വന്നാല്‍ പിന്നെ ചന്ദ്രലേഖ ഉണ്ടാവില്ല ഗോപാ... നമുക്ക് ചുറ്റുമുള്ള ഈ പാവങ്ങള്‍ ... അവരെ സഹായിക്കാന്‍ ആരുമില്ലെന്കില്‍ പാറക്കഷണങ്ങള്‍ പോലെ അവര്‍ അധികാരത്തിന്‍റെ ശക്തിയില്‍ തെറിച്ചുപോകും. അവരുടെ കുഞ്ഞുങ്ങള്‍ മണ്‍പാത്രങ്ങള്‍ പോലെ ഉടഞ്ഞു വീഴും. ചരിത്രത്തില്‍ ഇല്ലാത്തവരാണെങ്കിലും അവര്‍ക്കും ഈ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമില്ലേ? എന്നെ നിര്‍ബ്ബന്ധിക്കരുതെ..’

അതുകേട്ടുപോയ ചെറിയഛന്‍ പിന്നെ ഒരിക്കലും വന്നില്ല. നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്കുള്ള യാത്രകളില്‍  ലഹരികളില്‍ മുങ്ങിത്താണു. ഏതൊക്കെയോ ശരീരങ്ങളുടെ  ദുര്‍ഗ്ഗന്ധവുമായി ഒരു ദിവസം മോര്‍ച്ചറിയില്‍ മരവിച്ചു കിടന്നു.

‘ചെറിയമ്മ ഇപ്പോള്‍ ചെറിയഛനെ ഓര്‍ത്തു അല്ലെ?’...അവളുടെ ചോദ്യത്തില്‍ അവര്‍ ഞെട്ടി ഉണര്‍ന്നു...

‘ഉം.. ഇപ്പോള്‍ മാത്രമല്ല എന്നും... മറക്കുന്നതെങ്ങനെ.? ഒട്ടും മനക്കരുത്തില്ലാത്ത എന്നെ ജീവിക്കാന്‍ പഠിപ്പിച്ച ആളല്ലേ? ഞാന്‍ ചായ എടുത്തുവരാം...' 

ഓര്‍മ്മകള്‍ കുടഞ്ഞെറിയാനെന്നപോലെ അവര്‍ അടുക്കളയിലേക്കു നടന്നു. നഷ്ടപ്പെട്ടുപോയ രുചികളെയെല്ലാം ആവാഹിച്ചെടുക്കുന്നപോലെ അവള്‍ പാല്‍മണം പരക്കുന്ന ചായ സാവധാനം ഊതിക്കുടിച്ചു. 

അവള്‍ കാണാതെ അവര്‍ കണ്ണുകള്‍ അമര്‍ത്തി തുടച്ചു. സങ്കടങ്ങളുടെ പുകച്ചുരുളുകള്‍ പുകഞ്ഞു ചുവന്നതാണ് ആ കണ്ണുകള്‍ എന്ന് നീലിക്കറിയാം.

'എന്താ കണ്ണില്‍ ചാരം വീണോ?'

‘ഉം... തേന്‍മൊഴി സംസാരിച്ചു തുടങ്ങിയോ?’

‘പിച്ചും പേയും പറയുന്നു..’

മുന്പിലിരുന്ന ചേമ്പുകള്‍ക്ക് അപ്പോള്‍ തേന്‍മൊഴിയുടെ പൊള്ളിയടര്‍ന്ന കവിളിന്റെഛായ തോന്നി... മുളക് ചമ്മന്തി തന്കവേലുവിന്‍റെ കണ്ണില്‍ നിന്നും വീഴുന്ന രക്തത്തുള്ളികള്‍ പോലെ... അവള്‍ക്കു ചര്‍ദ്ദിക്കാന്‍ തോന്നി....

തേന്‍മൊഴിയുടെ അപ്പാവുക്ക് ആകെ അറിയുന്ന തൊഴില്‍ ചോളപ്പൊരി ഉണ്ടാക്കാനാണ്.എത്രയോ കാലമായി ആ മലഞ്ചരുവിലെ ക്ഷേത്രത്തില്‍ വരുന്നവര്‍ക്ക് ചുക്കുകാപ്പിയും ചോളപ്പൊരിയും  വിറ്റ് തേന്‍മൊഴിയുടെ പാട്ടിയും അപ്പാവും ജീവിച്ചു.പാട്ടി കിടപ്പിലായി. മദ്യലഹരിയില്‍ മലകയറാന്‍ എത്തിയവരുടെ കാറിടിച്ച് തന്കവേലുന്‍റെ കാലുമൊടിഞ്ഞു. പന്ത്രണ്ടു വയസ്സുള്ള തേന്‍മൊഴിയായി പിന്നെ കടയില്‍ . കടയെന്നു പറയാനില്ല... തകര ഷീറ്റിട്ട, ആല്മരചോട്ടിലെ ഒരു തകരകൂട്. കടയും വീടും എല്ലാം അതു തന്നെ. അതിലെ പോകുമ്പോഴെല്ലാം കറുത്ത, മിനുത്ത മുഖത്തെ വലിയ വട്ടകണ്ണുകളും വെളുത്ത വലിയപല്ലുകളും  നീലിയെ  നോക്കി ചിരിതൂകി. അവളുടെ സന്തോഷം കാണാന്‍ വേണ്ടി നീലി  പലപ്പോഴും ചോളപ്പോരി വാങ്ങി, ചുക്കുകാപ്പി കുടിച്ചു. ”കഫെ ഡേ” യിലെ കാപ്പിച്ചുനോയിക്കില്ലാത്ത രുചി ആ തകരക്കടയിലെ ചുക്കുകാപ്പിയ്കു ഉണ്ടായിരുന്നു. അവിടെയിരിക്കുന്ന നേരമത്രയും അത് എന്നാ, ഇത് എന്നാ, അന്തിയിടം എപ്പടിയിരുക്ക്? എന്ന് ഒരായിരം ചോദ്യങ്ങളും വിശേഷങ്ങളും ഉണ്ടാവും തേന്‍മൊഴിക്ക് നീലിയോടു  ചോദിക്കാനും പറയാനും.

നഗരത്തിന്‍റെ ഇരമ്പല്‍ കേള്‍ക്കാതെ കുറച്ചുദൂരെ മാറിനില്‍ക്കുന്ന  മനോഹരമായ മലന്ചെരുവില്‍ പണക്കൊഴുപ്പിന്റെ വാട്ടര്‍ തീം പാര്‍ക്ക് നിരന്നു നിരന്നു ചുറ്റുമുള്ളതെല്ലാം കയ്യടക്കി. കാശുകൊടുത്താല്‍ പാര്‍ക്കില്‍ എല്ലാം കിട്ടും. മഴയില്‍ കളിക്കാം,  വെയില്‍ കൊള്ളാം, ഗുഹയില്‍പോകാം, കടലില്‍ കുളിക്കാം, ആകാശത്ത് ഊഞ്ഞാലാടാം. വരുമ്പോള്‍ കീശയില്‍ നിറയെ കാശുംവെച്ച് കയ്യുംവീശി വരണമെന്നെയുള്ളു. ഒരു തുള്ളി വെള്ളമോ, ഒരു മിഠായി തുണ്ടോ വായില്‍ പോലും കരുതാന്‍ പാടില്ല. പുറത്തുള്ള എല്ലാ കൊച്ചു വില്പനക്കരെയും തുരത്തി. പുട്ടും കടലയും വില്‍ക്കുന്ന ജാനു ഇപ്പോള്‍ അമ്പല നടയില്‍ ഭിക്ഷയ്കിരിക്കുന്നു. ഐസ് മിട്ടായിക്കാരന്‍ അയ്യപ്പന്‍ നാട് വിട്ടുപോയി.

തേന്‍മൊഴി കാവല്‍ക്കാരന്‍റെ കനിവോടെ അവധി ദിനങ്ങളില്‍  വ്യാളികള്‍ വാതുറന്നു നില്‍ക്കുന്ന ജലപാര്‍ക്കിലേയ്ക്കുള്ള അര കിലോമീറ്റര്‍ നടപ്പാത തുടങ്ങുന്നിടത്തെ  കവാടത്തിന്‍റെ മറവില്‍ കാപ്പിയും ചോളപ്പൊരിയും വിറ്റു. കഴിഞ്ഞയാഴ്ച്ച പര്‍ക്കിനുള്ളിലെ ചായയും കാപ്പിയും വില്‍ക്കാന്‍ ലേലംപിടിച്ചു കച്ചവടം നടത്തുന്ന വെന്‍റിംഗ് മെഷീന്‍കാരന്‍ കയ്യോടെപിടിച്ചു, കാപ്പിമുഴുവന്‍ അവളുടെ തലവഴി ഒഴിച്ചു. പൊള്ളിയടര്‍ന്ന മുഖവുമായി അവള്‍ ഓടി വന്നു വീണത്‌ നീലിയുടെ  മുന്നിലാണ്. പിറകെ “എതുക്ക് മഗളെ..അന്ത ഇടത്തില്‍ പോഹക്കൂടാതെ എത്ര വട്ടി ശോല്ലിയാച്ചു കണ്ണേ..” എന്ന് നിലവിളിച്ചു ഒടിഞ്ഞു തൂങ്ങിയ കാലും വലിച്ചു തങ്കവേലുവും. അവളെ ഹോസ്പിറ്റലിലാക്കി... പോലീസ്, കലക്ടര്‍ ....  എത്രപടികള്‍ നീലി  കയറിഇറങ്ങി. ആരും വന്നില്ല. കയ്യിലിരുന്ന കാപ്പിപാത്രം തട്ടിവീണു ആ കൊച്ചിന് പൊള്ളിയതിനു നിങ്ങള്‍ ഇങ്ങനെ ബഹളം വെക്കുന്നതെന്തിനാ എന്ന് മന്ത്രി പരിഹസിച്ചപ്പോള്‍ ആത്മരോഷം കൊണ്ട് പുകഞ്ഞു. മുന്നിലിരുന്ന പൂപാത്രം എറിഞ്ഞുടയ്ക്കാനെ അവള്‍ക്കു  കഴിഞ്ഞുള്ളൂ.

‘എന്താ നീ ഓര്‍ത്തിരിക്കുന്നത്? മുഴുവന്‍ കഴിക്കു... കുറച്ചു കഴിഞ്ഞാല്‍ ഇതൊന്നും മ്യുസിയത്തില്‍ പോലും കാണാന്‍ കിട്ടില്ല...'

‘നല്ല വേദന...’

‘ഞാന്‍ ഉപ്പിട്ട് വെള്ളം തിളപ്പിക്കാം. അത് കൊണ്ടാല്‍ വേദന കുറയും. ഇങ്ങനെ ആത്മരോഷം അധികം കൊള്ളണ്ട കേട്ടോ...’

ലോകാഹ് സമസ്താഹ്... സുഖിനോ ഭവന്തു..... അവളുടെ മൊബൈല്‍ ഫോണ്‍ പാടാന്‍ തുടങ്ങി..

വേഗം ചെന്ന് ഫോണെടുത്തു അവള്‍ ഹലോ പറഞ്ഞു.. അപ്പുറത്ത് ശാന്തി...

‘നീലി ..തേന്‍മൊഴി പോയി...’

അത്രയുമേ കേള്‍ക്കാന്‍ കഴിഞ്ഞുള്ളൂ..

എന്റെ കുഞ്ഞേ.. അവള്‍ അറിയാതെ വിതുമ്പി പോയി..

ചെറിയമ്മ ഫോണ്‍ വാങ്ങി ശാന്തിയോടു സംസാരിച്ചു..പിന്നെ പതുക്കെ അവളുടെ മുഖം  അവരുടെ തോളില്‍ ചേര്‍ത്തു.

അവള്‍ക്കൊപ്പം  ഇവിടെ വരുമ്പോഴൊക്കെ തേന്‍മൊഴി  പറയുമായിരുന്നു..

‘അമ്മാ... പാട്ടിക്കു തീരെ വയ്യ... ഞാന്‍ പോയില്ലെന്കില്‍ അപ്പാവുക്കു പെരുത്ത്‌ കഷ്ടം.അല്ലെങ്കില്‍ എനിക്ക് പോകാനേ  തോന്നുന്നില്ല.. എന്തൊരു തണുപ്പ്..എന്തൊരു മണം... എനിക്ക് റൊമ്പ പിടിച്ചിരുക്ക് ഇന്ത ഇടം... ഹഹഹഹ....’

തേന്‍മൊഴിയും അവളുടെ ചിരിയും മണികിലുക്കി വീടിനു ചുറ്റും നടന്നു.

‘നിനക്ക് പിടിച്ച ഇടത്തില്‍ ആണോ തേന്‍മൊഴി നീ പോയത്..?’

അവള്‍ മുഖം തുടച്ചെഴുന്നേറ്റു.

‘എനിക്കുപോകണം ചെറിയമ്മേ...’

‘ഞാന്‍ ഒക്കെ ഏര്‍പ്പാട് ചെയ്തു. ശാന്തി എല്ലാം ചെയ്തോളും. അതുപോലൊരു സൗഹൃദം എന്ത് ആശ്വാസമാണ് നിനക്ക്. നീ ഇവിടെ രണ്ടു ദിവസം നില്‍ക്ക്. ശാന്തിയും പറഞ്ഞു നിന്നെ ഇപ്പോള്‍ അങ്ങോട്ട്‌ അയക്കണ്ട എന്ന്...’

‘ഇല്ല.. പോണം എനിക്ക്..’

‘വേണ്ട നീലി... നിനക്കിനി അവിടെ ഒന്നും ചെയ്യാനില്ല... ഉടഞ്ഞ പൂപാത്രങ്ങള്‍ പെറുക്കി കളഞ്ഞ് അവര്‍ പുതിയവ വാങ്ങി വെക്കും.’

‘പക്ഷെ മനസ്സ് പുതിയത് വാങ്ങി വെക്കാന്‍ പറ്റില്ലല്ലോ ചെറിയമ്മേ?’

‘നിന്‍റെ ജീവിതം ഇങ്ങനെ എത്ര നാള്‍ ....?’

‘എത്രനാള്‍ എന്നറിയില്ല. അല്ലെങ്കിലും ഒരു ഉറപ്പുമില്ലല്ലോ ഒരു ജീവിതത്തിനും. തേന്‍മൊഴികളുടെയും കരിമ്പാറകളുടെയും അവയ്ക്കിടയില്‍ പൊടിഞ്ഞു തീരുന്ന ജന്മങ്ങളുടെയും ചരിത്രം മാഞ്ഞുപോയേക്കാം. എന്നാലും അവരുടെ മനസ്സിനൊപ്പം ജീവിക്കാന്‍ കഴിഞ്ഞ നാളുകള്‍ ജീവിതത്തില്‍ ഇല്ലാതെ പോകരുത്.. അതുമാത്രം മതി നമുക്ക്..’

ഉറച്ച കാല്‍വയ്പോടെ നീലി പടിയിറങ്ങി... പാടം തഴുകിവന്ന കാറ്റിനൊപ്പം തേന്‍മൊഴിയുടെ മണികിലുങ്ങന്ന ചിരിയും വയല്‍ വരമ്പു അവസാനിക്കുന്നിടംവരെ അവളുടെ കൂടെ പോയി...


(@ അനില്‍കുമാര്‍ സി. പി.)

പറയാതെ...

January 04, 2013 ശിവകാമി

 
"തള്ളേടെ ഇരിപ്പ് കണ്ടില്ലേ? ഒരു പെങ്കൊച്ചിനെ ട്രെയിനീന്ന് തള്ളിയിട്ടു കൊല്ലാന്‍ നോക്കിയതാ.."
 പ്രതി കനകമ്മാള്‍ എന്ന വൃദ്ധ മുഖം താഴ്ത്തി ദൃഷ്ടി തറയിലൂന്നി പോലീസ് സ്റ്റേഷന്റെ വരാന്തയില്‍ മിണ്ടാതിരുന്നു.
 
വൈകുന്നേരങ്ങളില്‍ താംബരത്തു നിന്നും കയറിയാല്‍ സബ് അര്‍ബന്‍ തീവണ്ടി  ബീച്ച് സ്റ്റേഷന്‍ എത്തുന്നതുവരെയും പൂക്കാരി കനകമ്മാള് ആരോടും മിണ്ടാറില്ല. അവരുടെ വലിയ പരന്ന കൊട്ടയില്‍ മുല്ല, മല്ലി, കനകാംബരം, മരിക്കൊഴുന്ത് എന്നിവ ഇട കലര്‍ത്തി കെട്ടിയതും വെവ്വേറെ  കെട്ടിയതുമായ മാലകള്‍ വലിയ പന്തുകളായിരിക്കും. അരികില്‍ എട്ടോ പത്തോ റോസാപ്പൂക്കള്‍  കെട്ടാതെയും വെക്കുന്നത് ഇടക്ക് പടയായി വന്നു ചിരിയും ബഹളവുമായി ഒരുമിച്ചിറങ്ങിപോവുന്ന വിദ്യാര്‍ത്ഥിനികളെ കരുതിയാണ്.
 
എല്ലാ ദിവസവും ലേഡീസ് കമ്പാര്‍ട്ട്മെന്റിന്റെ വാതില്‍ക്കല്‍ ആണ് കനകമ്മാള്‍ ഇരിക്കുന്നത്. വായ മുഴുവന്‍ ചുവപ്പിച്ച്, പൂക്കൂടയുടെ മൂലയിലെ വെറ്റിലച്ചെല്ലത്തിന്റെ മൂടി ഇടയ്ക്കിടെ തുറന്നും അടച്ചും അവര്‍ ആരോടും മിണ്ടാതിരുന്നു. ഓരോ സ്റ്റേഷനിലും അവരെ കടന്ന് ഇടത്തോട്ടോ വലത്തോട്ടോ പോകുന്ന ആവശ്യക്കാര്‍ പൂവിന്റെ പേരും  അളവും പറഞ്ഞ് അരികില്‍ നില്‍ക്കുന്നതിന്റെ അടുത്ത നിമിഷം പൂവും പൈസയും കൈമാറ്റം ചെയ്യപ്പെടുകയും കനകമ്മാളുടെ വെറ്റിലചെല്ലം വീണ്ടും അടച്ചുതുറക്കപ്പെടുകയും ചെയ്തുപോന്നു.
പെണ്‍കൂട്ടങ്ങളിലെ പരദൂഷണമോ അന്താക്ഷരിയോ വാരികാചര്‍ച്ചകളോ ഒന്നും തന്നെ അവരെ ബാധിച്ചതേയില്ല. അങ്ങനെ ഒരു ജീവനെ ആരും ഒന്നിലും ഉള്‍പ്പെടുത്താനും തുനിഞ്ഞില്ല.  അവിടെയുള്ള ആരെയെങ്കിലും അറിയാനോ അന്വേഷിക്കാനോ ആ വൃദ്ധയും ശ്രമിച്ചില്ല. രാത്രി വണ്ടിയിലെ തിരിച്ചുള്ള യാത്രയിലും കനകമ്മാള് അവരുടെതായ ലോകത്തെ തണുത്ത തറയിലിരുന്നു.
 
 
"ഏതാ ആ പെണ്‍കുട്ടി?"
"അത് സെന്‍ട്രല്‍ സ്റ്റേഷന്റെ അടുത്ത് ഒരു കടയിലെ ജോലിക്കാരിയാണ് .. തേന്മൊഴി.. വ്യാഴാഴ്ച രാത്രിവണ്ടിക്ക് വീട്ടിലേക്ക് പോവുമ്പോഴാ സംഭവം.."
 
കാഴ്ചയില്‍ പതിനഞ്ചുകാരി എന്ന് തോന്നിക്കുന്ന തേന്മൊഴി എപ്പോഴാണ് സെന്ട്രലിലേക്ക് പോവുന്നതെന്നോ എന്നുമുതലാണ്‌ രാത്രിവണ്ടിയിലെ  സ്ഥിരം യാത്രക്കാരി ആയതെന്നോ കനകമ്മാളിന് അറിയില്ല. വാതിലിനു അടുത്തുള്ള സീറ്റില്‍ ആരോടും മിണ്ടാതെ ഓരം ചേര്‍ന്ന് ജനല്‍കമ്പികളില്‍ കവിളമര്‍ത്തി വിദൂരതയിലേക്ക് കണ്ണുംനട്ടിരിക്കാറുള്ള അവളുടെ പേര് അവര്‍ ആദ്യമായി കേള്‍ക്കുന്നത് പോലീസുകാരനില്‍ നിന്നാണ്. രാത്രിവണ്ടി സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തുമ്പോള്‍ എവിടെ നിന്നോ അവള്‍ ഓടിവന്നു കയറുന്നതും മാമ്പലം സ്റ്റേഷനില്‍ ഇറങ്ങി തെരുവിന്റെ തിരക്കിലേക്ക് തിടുക്കത്തില്‍ മറയുന്നതും അവര്‍ കണ്ടിട്ടുണ്ട്. വെറ്റിലചെല്ലത്തിലെ നാണയങ്ങളും മുഷിഞ്ഞ നോട്ടുകളും അടുക്കിയെടുത്ത് മടിയിലെ കുഞ്ഞുതുണിസഞ്ചിയില്‍ മുറുക്കി കെട്ടിവെക്കുന്ന സമയത്താണ്  അവള്‍ തിടുക്കപ്പെട്ടു ഇറങ്ങുന്നത്. ഓട്ടത്തിനിടയില്‍ കാല്‍ അറിയാതെ തട്ടിയാല്‍ ശബ്ദമില്ലാതെ എന്തോ ക്ഷമാപണമായി ഉച്ചരിച്ച് അവരെ തൊട്ട് തലയില്‍ വെച്ച് അവള്‍ തിരക്കില്‍ മറയും.
ഉത്സവക്കാലം അല്ലെങ്കില്‍ പിന്നെ, പൂക്കാരിയുടെ വെറ്റില ചെല്ലം നിറയുന്നത് വ്യാഴാഴ്ച വൈകുന്നേരങ്ങളിലാണ്. സ്ഥിരയാത്രികരായ സുമംഗലികള്‍ ഇറങ്ങാന്‍ നേരത്ത് വെള്ളി പൂജക്കായി  മറക്കാതെ പൂക്കള്‍ വാങ്ങിപ്പോകും.
 
"കിളവീ... എന്തിനാ നീ ആ കൊച്ചിനെ തള്ളിയിട്ടതെന്ന് പറയില്ല,ല്ലേ? " അകത്തെ മുറിയില്‍ നിന്നിറങ്ങിവന്ന ഇന്‍സ്പെക്ടര്‍  കോകില ബൂട്സിട്ട കാലുകൊണ്ട്‌ വൃദ്ധയെ തട്ടി, വലിയൊരു തമിഴ് തെറിയുടെ അകമ്പടിയോടെ ചോദിച്ചു.
"ഊമയോ മറ്റോ ആണോ എന്തോ... ആരും ഇവര് സംസാരിച്ചു കണ്ടിട്ടില്ല, മാഡം.."
"എല്ലാം അടവായിരിക്കും! ആ സഞ്ചിയില്‍ കുറെ പണം ഉണ്ടായിരുന്നു എന്നല്ലേ പറഞ്ഞത്.. ?" 
"മോഷണശ്രമമോ മല്പ്പിടുത്തമോ ഒന്നും നടന്നിട്ടില്ല .. യാതൊരു പ്രകോപനവും ഇല്ലാതെ അവര്‍ അവളെ തള്ളിയിടുകയായിരുന്നു. പ്ലാറ്റ്ഫോമില്‍ ആയതുകൊണ്ടും ട്രെയിന്‍ സ്ലോ ആയതുകൊണ്ടും ഇടത്തേ കാലിന്റെ ഒടിവല്ലാതെ മറ്റ് പരിക്കുകള്‍ ഒന്നും കാര്യമായിട്ടില്ല എന്നാണ് അറിഞ്ഞത്. "
 
കാലുകള്‍ വീണ്ടും അടുപ്പിച്ച് തന്നിലെക്കെന്ന പോലെ ഒന്നുകൂടി ഒതുങ്ങി ഇരുന്നതല്ലാതെ  വൃദ്ധ ഒന്നുമുരിയാടാന്‍ കൂട്ടാക്കിയില്ല.
 
ആശുപത്രിക്കിടക്കയില്‍ തേന്മൊഴി ഇനിയും വിട്ടുമാറാത്ത നടുക്കത്തോടെ കിടന്നു. തുണിക്കടയിലെ തിരക്കില്‍നിന്നും എന്നും എങ്ങനെയൊക്കെയോ ഒഴിവായി, സബ് വേയിലെ ഒഴുക്കില്‍ ഊളിയിട്ട് സ്റ്റേഷനില്‍ എത്തി, ഇരമ്പിനീങ്ങിത്തുടങ്ങുന്ന  വണ്ടിയില്‍ ചാടിക്കയറി ഇരിപ്പുറപ്പിക്കുന്നതുവരെ തനിക്ക് ശ്വാസം ഇല്ലെന്ന് അവള്‍ക്ക് തോന്നാറുണ്ട്. ജനലോരത്ത് തണുത്ത കാറ്റേറ്റിരിക്കുമ്പോള്‍, വൈകിയെത്തുന്ന മകളുടെ നേരെ മദ്യം മണക്കുന്ന തെറിപ്പാട്ട് പാടുന്ന, രംഗനാഥന്‍ തെരുവിലെ വഴിവാണിഭക്കാരന്‍  അപ്പനെയും വലിയ വീടുകളിലെ മിച്ചഭക്ഷണം പ്ലാസ്റ്റിക്‌ കൂടുകളില്‍ കൊണ്ടുവന്ന് സഹോദരങ്ങള്‍ക്ക്‌ ഒരുപോലെ വീതം വെക്കാന്‍ പാടുപെടുന്ന അമ്മയെയും, ഒരു നിമിഷം പോലും വെറുതെയിരിക്കാന്‍ അനുവദിക്കാത്ത തുണിക്കടമുതലാളിയെയും മറന്നുപോകും. പൂക്കാരി പാട്ടിയുടെ കുട്ടയിലെ വിടര്‍ന്നു തുടങ്ങുന്ന മുല്ലമൊട്ടുകള്‍ കാറ്റില്‍ സുഗന്ധം പടര്‍ത്തുന്നത് അപ്പോഴാണ്‌.. തിരക്കൊഴിഞ്ഞ കമ്പാര്‍ട്ട്മെന്റില്‍ പലപ്പോഴും അവളെ കൂടാതെ പൂക്കാരി കനകമ്മാളും തിളക്കമുള്ള വസ്ത്രങ്ങളും ചുവന്ന ചിരിയുമായി കയറുന്ന ഹിജഡകളും സ്ഥിര യാത്രക്കാരല്ലാത്ത ചിലരും മാത്രമേ കാണുകയുള്ളൂ..
 
കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ട്  ഇടയ്ക്കെപ്പോഴോ കയറുന്ന ചില പൂവാലന്മാരുടെ ശല്യം വല്ലാതെ കൂടി വരുന്നുണ്ട്. ആളൊഴിഞ്ഞ വനിതാ കമ്പാര്‍ട്ട്മെന്റില്‍ കയറി അശ്ലീലച്ചുവയുള്ള വാചകമടിയും മോശമായ നോട്ടവും ഉള്ളില്‍ ഭീതി നിറക്കുമ്പോള്‍ തേന്മൊഴി പൂക്കാരി പാട്ടിയുടെ അരികിലെത്തി രണ്ടു മുഴം മല്ലിപൂ ചോദിക്കും. എന്ത് നടന്നാലും പൂക്കാരിയമ്മയുടെ നിസ്സംഗഭാവത്തിന് മാറ്റമൊന്നും ഉണ്ടാവില്ലെന്നറിയാമെങ്കിലും അവരുടെ അരികില്‍ നില്‍ക്കുമ്പോള്‍ അവള്‍ക്ക് ധൈര്യമാണ്. പാന്‍ പരാഗിന്റെയും മദ്യത്തിന്റെയും ഗന്ധം  അവിടം മുഴുവന്‍ നിറച്ച് വഷളന്‍ ചിരിയുമായി ചുറ്റിനടന്ന് അടുത്ത ഇരയെത്തേടി  അവര്‍ മറയുമ്പോള്‍ മല്ലിപ്പൂ മുഖത്തോട് ചേര്‍ത്ത് അവള്‍ ദീര്‍ഘമായി ശ്വസിക്കും.  
 
എന്തായിരുന്നു അന്ന് രാത്രി നടന്നത് എന്ന് ഇന്‍സ്പെക്ടര്‍ മാഡം ചോദിക്കുമ്പോള്‍ ഭയത്തിന്റെ കരിമ്പടം വിട്ടു പുറത്തുവരാന്‍ കൂട്ടാക്കാതെ തേന്മൊഴി കണ്ണുകള്‍ ഇറുക്കിയടച്ചു.  നടുക്കുന്ന ഓര്‍മ്മകളെ അന്യമാക്കാന്‍ ശ്രമിച്ചു മിണ്ടാതെ കിടന്നപ്പോള്‍, രോഗിക്ക് ഒരു ദിവസം കൂടെ സാവകാശം ചോദിച്ചുകൊണ്ട് ഡോക്ടര്‍ സഹായത്തിനെത്തിയതുകൊണ്ട് പോലീസുകാര്‍ മടങ്ങി.
 
"എന്നമ്മാ ആച്ച് ഉനക്ക്? "
ജനറല്‍ വാര്‍ഡിലെ ആളൊഴിഞ്ഞ നേരത്ത് അരികില്‍ ചേര്‍ന്നിരുന്ന് അമ്മ ചോദിച്ചപ്പോള്‍ ആദ്യമായി തേന്മൊഴി വിങ്ങിക്കരഞ്ഞു. രാവിലെ ഇറങ്ങുന്നത് മുതല്‍ തെരുവുവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ ഓടിയും നടന്നും വീടണയുന്നതുവരെയുള്ള അരക്ഷിതാവസ്ഥയുടെ മഞ്ഞുരുകി  അവളുടെ കണ്ണുകളിലൂടെ ഒഴുകിയിറങ്ങി.
 
ലഹരിയുടെ ഗന്ധം  അടുത്തടുത്തു വന്നപ്പോഴായിരുന്നു  പതിവുപോലെ പൂക്കാരി പാട്ടിയുടെ അടുത്തേക്ക് പോയത്.  അവരെ തള്ളി മാറ്റി അവളുടെ നേര്‍ക്കടുക്കുന്നതുകണ്ട് ആത്മരക്ഷാര്‍ത്ഥം ഭ്രാന്തമായി ഓടുമ്പോള്‍  തന്‍റെ ദീനരോദനത്തെ തോല്പ്പിക്കാനെന്നോണം അലറിപ്പായുകയായിരുന്നു തീവണ്ടി. ഏതോ സ്റ്റേഷന്‍ അടുക്കുന്നു എന്ന തോന്നല്‍ അവസാനത്തെ കച്ചിത്തുരുമ്പായപ്പോള്‍ വാതിലിനു നേരെ പായുമ്പോഴായിരുന്നു വഴി തടഞ്ഞുകൊണ്ട്‌ രണ്ടുപേര്‍ ഓടിയടുത്തത്.  പിന്നില്‍നിന്നും ആരുടെയോ ശക്തമായ തള്ളലേറ്റ് പ്ലാറ്റ്ഫോമില്‍ വീണതും  ആരെല്ലാമോ ഓടിക്കൂടിയതും അവ്യക്തമായ ഓര്‍മ്മകളാണ്..
 
"അന്ത പൂക്കാരി കെളവി നാസമാ പോവാ.. എന്‍ കൊഴന്തൈ എന്ന തപ്പ് പണ്ണാ..." തലയിലും നെഞ്ചിലും മാറിമാറി അടിച്ച് ശാപവാക്കുകള്‍ പൊഴിക്കുന്ന അമ്മയെ നോക്കി കിടക്കുമ്പോള്‍ അവള്‍ക്ക് പൂക്കാരി പാട്ടിയെ കാണണമെന്ന് തോന്നി.. മുല്ലപ്പൂവിന്റെ പരിമളം പരത്തിക്കൊണ്ട് തണുത്ത കാറ്റ് വീശി..
 
ആശുപത്രി സന്ദര്‍ശിച്ചു തിരിച്ചെത്തിയ ഇന്‍സ്പെക്ടര്‍ കോകില ട്രെയിനിലെ സുരക്ഷാനടപടികളെ കുറിച്ച് ഉന്നതോദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യുമ്പോള്‍ ഒരു പോലീസുകാരന്‍ മുറിയുടെ മൂലയില്‍ ഇരുന്ന പൂക്കൊട്ട കനകമ്മാളുടെ  നേര്‍ക്ക്‌ തള്ളി.
"നീ തപ്പിച്ചിട്ടെ കെളവീ... ആ പെണ്ണിന് പരാതി ഒന്നുമില്ലത്രേ..."
 
പൂക്കൊട്ട കയ്യിലെടുത്തു പതിയെ നടന്നകലുമ്പോള്‍ കനകമ്മാളുടെ ഉറക്കച്ചടവാര്‍ന്ന മുഖത്ത് ഒരു  ഗൂഡസ്മിതം വിടര്‍ന്നിരുന്നു... ചുവന്ന കല്ലുള്ള മൂക്കുത്തി തിളങ്ങി. കുട്ടയിലെ വാടിയ പൂക്കള്‍ പോലും സുഗന്ധം പരത്തി.