സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



ഗോപൂന്റെ പ്രണയാന്വേഷണപരീക്ഷണങ്ങൾ

August 27, 2010 Renjishcs

ഗോപുവിന് അത് പരീക്ഷണങ്ങളുടെ നാളുകളായിരുന്നു. തെറിവിളികളും മുഖം തിരിക്കലുകളും തല്ലുകൊള്ളലും തുടർക്കഥയായപ്പോൾ തന്റെ പ്രണയ പ്രയത്നങ്ങൾ ചാറ്റ് റൂമുകളുടെ സ്വകാര്യതയിലേക്ക് തിരിച്ചു വിടാൻ തന്നെ അവൻ തീരുമാനിച്ചു. അതാവുമ്പോൾ പെമ്പിള്ളാരുടെ രൂക്ഷമായ നോട്ടത്തെ പേടിക്കണ്ട. അടിയിൽ ലാടവുമായി പതുങ്ങിയിരിക്കുന്ന അവരുടെ ചെരുപ്പുകളെ ഭയക്കണ്ട. ആങ്ങളമാരും അമ്മാവന്മാരുമില്ല. മഫ്ടി പോലീസ്സിന്റെ അപ്രതീക്ഷിത ഇടി ഇല്ലേയില്ല.

പക്ഷെ ഒരു പ്രശ്നം. ഇത്തിരി ഇംഗ്ലീഷ് അറിയണം. നേരേ വീട്ടിലെത്തി കാര്യം അവതരിപ്പിച്ചു. “അച്ഛാ.... അമ്മേ.... എനിക്ക് സ്പോക്കൺ ഇംഗ്ലീഷ് പഠിക്കണം.”

ഈശ്വരാ ഇവനു വകതിരിവു വന്നോ......” അവർ ആശ്വസിച്ചു. “നല്ലതാ മോനേ നീ നാളെത്തന്നെ ചേർന്നോ മോനേ....!!“ മൂന്നു മാസത്തെ കഠിന പരിശീലനം “ഈസ്സും വാസ്സും“ തിരിച്ചറിയുന്ന പരുവമായപ്പോൾ അവൻ ചാറ്റ് റൂമിൽ കയറി ആദ്യ ഡയലോഗിട്ടു....!!

“ഹായ് ഡൂഡ്.... എ. എസ്. എൽ പ്ലീസ്സ്!!”

പെൺ വേഷം കെട്ടി ആളെ പറ്റിക്കുന്ന കേരളാ ചാറ്റ് റൂം ആയിരുന്നില്ല അവന്റെ ലക്ഷ്യം. “ലെസ്ബിയൻ വിമൻസ്സ് കോർണറും“ “ഗേ മെൻസ്സ് ഏരിയയും“ കടന്ന് അവൻ യൂകെയുടെയും യൂഎസ്സിന്റെയും സായഹ്ന ചാറ്റ്കാരികളെ ഉറക്കമൊഴിച്ചിരുന്ന് കണ്ടുപിടിച്ചു. എമിലിയും ഹെന്നയും മാരയുമൊക്കെ അവനോട് കിന്നാരം പറഞ്ഞു. സെമികോളനും ക്ലോസ്സ് ബ്രാക്കറ്റും കൊണ്ട് അവനെ ഇക്കിളിയാക്കി.

“ഹോ ഈ ‘പ്രിഥ്വിരാജിന്റെ മുഖത്തിന്‘ അമേരിക്കയിൽ ഇത്രയും ഡിമാന്റോ..!!?”

“ഫിലിപ്പിനികൾ തന്നെ ചാറ്റ് റൂം കാമുകിമാരിൽ മുമ്പന്തിയിൽ നീ അവരെ ഒന്നു നോക്കടാ.....!!“ കൂട്ടുകാരന്റെ ആ വിദഗദ്ദോപദേശം തക്കസമയത്തായിരുന്നു. ആദ്യ ദിവസം തന്നെ തരപ്പെട്ടത് 4 കിടിലൻ പീ..........!! ച്ഛീ......പെമ്പിള്ളാരെ; ഒന്നിന്റെ ഫോൺ നമ്പറും കിട്ടി.

ബട്ട് സോറി ഡൂഡ്. മണിക്കൂറിന് ഇരുപത് രൂപാകൊടുത്ത് ഈ കഫേയിൽ ഇരിക്കുന്ന പാട് എനിക്കുമാത്രം അറിയാം: ഗോപുവിന്റെ പിറുപിറുപ്പ്. അപ്പഴാ ഇനി ഐ.എസ്.ഡി. വിളിക്കുന്നെ !! വെറുതെ ഒരു മിസ്സ്ഡ് കോളടിക്കാം. എന്നിട്ടൊരു ഡയലോഗും. “സോറി ഡിയർ.. കാൾ ഈസ് നോട്ട് കണക്ടിംഗ്.” “ഐ വിൽ കാൾ യൂ ലേറ്റർ....!!“. ഇവിടെ വെറുതെ വായിനോക്കി നടക്കുകയാണെങ്കിലും ചാറ്റ് റൂമിൽ ഞാൻ മാസം മുപ്പതിനായിരത്തിനുമേൽ ശബളം വാങ്ങുന്ന സിവിൽ എഞ്ചിനീയർ അല്ലേ.!! വെയിറ്റ് കളയാനൊക്കുമോ...! ഗോപൂന് അഭിമാന പ്രശ്നം.

ദേ വരുന്നു പിറ്റേന്നൊരുത്തി!! “എലിസബത്ത് @#$^%....(എന്തരൊ ഒരു കുന്ത്രാണ്ടം.)“ വന്ന് കയറിയപ്പഴേ നല്ല ഒലിപ്പീര്. കെട്ടിയോൻ പിണങ്ങി പോയത്രേ. എന്നാലെന്താ ഫോട്ടൊ കാണാൻ തന്നെ നല്ല ചേല്. “ഹോ അടുത്ത ഫ്ലൈറ്റിൽ തന്നെ ഫിലിപ്പീൻസ്സിലേക്ക് പറന്നാലോ എന്ന് അവന് തോന്നി. “ഓ മൈ സ്വീറ്റ് ഡാർലിംഗ്..... യൂ ആർ സോ ക്യൂട്ട് അന്റ് സെക്സി....” ഗോപൂന്റെ ഡയലോഗ് വായിച്ച് അവള് സന്തോഷം കൊണ്ട് നാലിഞ്ചങ്ങ് പൊങ്ങിയെന്ന് തോന്നുന്നു.

“യു ഹാവ് ക്യാം..!“ “ഐ വാണ്ട് ടു സീയൂ....!“ ആ വെള്ള കൊക്കിന് ആഗ്രഹം (അത്യാഗ്രഹം) അടക്കാനാവുന്നില്ല. ഗോപൂന് പക്ഷെ ഒരു വെപ്രാള പനി. ഭഗവാനേ പ്രിഥ്വിരാജിന് പകരം എന്റെ അലൂമിനിയം പാത്രത്തിന് അടികൊണ്ട കണക്കുള്ള മോന്ത കണ്ടാൽ അവള് ഇട്ടേച്ചോടുമല്ലോ!!

മ്മ്.....ആ...... വഴിയുണ്ട്. ഗോപുന്റെ ബുദ്ധി പണ്ട് ആപ്പിള് തലയിൽ വീണ ന്യൂട്ടനെപ്പോലെ ഉണർന്ന് പ്രവർത്തിച്ചു. മനസ്സുകൊണ്ട് ആർക്കമഡീസ്സിന്റെ “യൂറീക്കയും“ രണ്ട് പ്രാവശ്യം ഏറ്റു പറഞ്ഞു. ശേഷം കർച്ചീഫെടുത്ത് രണ്ടായി മടക്കി വെബ്ക്യാമിന്റെ പുറത്തിട്ടു. എന്നിട്ടൊരു അക്സപ്റ്റ് ഇൻ‌വിറ്റേഷനും കൊടുത്തു. കൂടെ ഒതുക്കത്തിൽ ഡയലോഗും “ക്യാൻ ഐ സീ യൂ ടൂ....!!??“

“ഓ ഷുവർ.... വൈ നോട്ട്” അവൾക്ക് എന്താ ഒരു ഉത്സാഹം. ഗോപുവിന് സന്തോഷം കൊണ്ട് ഇരിക്കാനും നിക്കാനും പറ്റാത്ത അവസ്ഥ.

അല്പം കഴിഞ്ഞില്ല അവളുടെ ദീനരോദനം അങ്ങ് ഫിലിപ്പിൻസ്സിൽ നിന്നും വരികളായി ഒഴുകിവരുന്നു. “ഓ ഡിയർ... ഐ കാണ്ട് സീ യൂ പ്രോപ്പർലീ”

“ക്യാമറയുടെ പുറത്ത് തുണിയിട്ടാൽ പിന്നെ ഇതിൽ കൂടുതൽ ഭംഗിയായി എന്തോന്ന് കാണാനാടീ മണ്ടി പെണ്ണേ......!“ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു അവന് പക്ഷെ അവനതുഭാവിച്ചില്ല.

“ഡിയർ വാട്ട് ഹാപ്പന്റ്.. ഐ ക്യാൻ സീ യൂ വെൽ” “മെ ബി യുവർ നെറ്റ് വർക്ക് പ്രോബ്...” “ട്രൈ എഗെയിൻ..!!“. എന്തു നല്ല തങ്കപെട്ട മനുഷ്യൻ അവൾ വിചാരിച്ചു കാണും. “ഇപ്പോ കിട്ടും ഉണ്ട“ അവൻ പിറുപിറുത്തു. അത്യാവശ്യത്തിനുള്ളതെല്ലാം കാണാവുന്ന തരത്തിൽ ക്യാമറയ്ക്ക് മുന്നിൽ ഒരു 6 പാക്ക് മസിൽ ബോഡി പ്രതീക്ഷിച്ചിരിക്കുന്ന അവളുടെ മേനി കണ്ട് ആസ്വദിക്കുന്നതിനിടയിൽ ഗോപുവിന്റെ റിപ്ലേ.

കുറേ നേരം അവൾ തന്റെ ഇല്ലാത്ത മസിൽ ബോഡി കാണാൻ കിണഞ്ഞു പരിശ്രമിക്കുന്നതു കണ്ട് അവൻ ആസ്വദിച്ച് അന്തംവിട്ട് അങ്ങനെയിരുന്നു.

ഇതിനിടയിൽ എന്തെല്ലാം തരത്തിലുള്ള അവളുടെ പോസ്സുകൾ. ഗോപു ഇംഗ്ലീഷ് സാഹിത്യത്തിൽ പുതിയ മാനങ്ങൾ കണ്ടെത്തി. പുതിയ പദങ്ങൾ സംഭാവന ചെയ്യ്തു. കഴിയാവുന്നതിന്റെ പരമാവധി പെർഫോമെൻസ്സുമായി അവൾ. “നന്ദിയുണ്ട് പ്രിഥ്വി..... നന്ദിയുണ്ട്.... നിന്റെ പകുതി ഗ്ലാമർ എനിക്കുണ്ടായിരുന്നെങ്കിൽ ഞാൻ ഈ ലോകത്തുള്ള സകലയെണ്ണത്തിനേം വളച്ചേനേ...!! ഗോപുവിന്റെ അത്യാഗ്രഹം.

ആഹാ എന്താ ഒരു സുഖം. ഈ വെബ് ക്യാം കണ്ടു പിടിച്ചവനെ എന്റെ കൈയ്യിൽ കിട്ടിയിരുന്നെങ്കിൽ ഇത്തിരി പൊറോട്ടേം കോഴിക്കറീം മേടിച്ച് കൊടുക്കാരുന്നു. അവൻ സന്തോഷം കൊണ്ട് ഞെരിപിരികൊണ്ടു... “ഇവളെന്റെ ശരീരം ഇനിയും മെലിയിപ്പിക്കും!!“ ആത്മഗതം. “ഡാർലിംഗ് യൂ ആർ സോ ലൌലീ.... ഐ കാണ്ട് മിസ്സ് യൂ എനി മോർ...!!“ അർത്ഥമൊന്നും മനസ്സിലാക്കിയിട്ടല്ലെങ്കിലും അങ്ങട് വെച്ച് കാച്ചി.... ചിക്കൻ മസാലയ്ക്ക് അല്പം ചില്ലി പൌഡർ കൂടി.

കൈയ്യിലുള്ള ഡയലോഗിന്റെ സ്റ്റോക്കൊക്കെ തീർന്നു. ഇനി വല്ല ഫീമെയിൽ പ്രൊഫൈലുമുണ്ടാക്കി ആമ്പിള്ളാരോട് ചാറ്റ് ചെയ്യണം എങ്കിലെ പുതിയ ഡയലോഗ്സ്സ് പഠിക്കാൻ പറ്റൂ. നമ്മൾ അപ്ഡേറ്റായില്ലെങ്കിൽ ഇവിടെ പിടിച്ചു നിൽക്കാൻ വലിയ പാടാ....!!“ ഗോപു ഓർത്തു.

മണിക്കൂർ രണ്ട് ഈസ്സിയായിട്ടങ്ങ് പോയി. പ്രിഥ്വിരാജിന്റെ മോന്തായാം കടമെടുത്ത ഗോപുവിനെ ഒരു നോക്ക് കാണാനുള്ള ആ‍ക്രാന്തം അവസാനിപ്പിച്ച് അവൾ യാത്ര പറയാനൊരുങ്ങി. “ഡിയർ ഇറ്റ്സ്സ് ഗെറ്റിംഗ് ലേറ്റ്..” ഷാൽ ഐ ലീവ് ഫോർ ടുഡേ...!!“

“ഓഹ്...........നോ......... !!“ ഏരിയൽ ബോൾഡ് ഫോണ്ട്, 31 സൈസ്സിൽ ഗോപുവിന്റെ റിയാക്ഷൻ.

അതു കണ്ടിട്ട് സഹിക്കാൻ വയ്യാഞ്ഞിട്ടാണെന്നു തോന്നുന്നു എവിടുന്നോ ഒരു ഈച്ച പറന്ന് അവന്റെ മൂക്കിലേക്ക് ഒരൊറ്റ “എന്റർ !!“

“ഹാ....ഹാ....ഛീ.........!!“ മൂക്കീന്ന് എന്തൊക്കെയോ ചാടി തെറിച്ച് പുറത്ത് വന്നു. അവൻ കർച്ചീഫെടുത്തൊന്ന് മുഖം തുടച്ചു. പെട്ടന്നാണ് ആർക്കമെഡീ‍സ്സും ന്യൂട്ടനും ഒരുമിച്ചവനെ തെറിവിളിച്ചത് “മണ്ടാ.......വെളുക്കുന്നവരെ വെള്ളം കോരിയിട്ട്..........ഹോ...”

മോണിറ്ററിൽ എലിസബത്തിന്റെ മുഖം അറബിക്കടലിൽ അപ്രതീക്ഷിതമായി ഇരുണ്ട് കൂടിയ കാർമേഘം പോലെ. ഇടിവെട്ടി മഴ ഒട്ടും വൈകാതെ എത്തി.

“യൂ ചീറ്റ്..........സൺ ഓഫ് എ ബിച്ച്...... ഡേർട്ടി ഡെവിൾ........... ഫക്ക് ഓഫ്...!!“ ഹോ ഇവൾ ആംഗലേയ സാഹിത്യത്തിൽ ഡബിൾ എം. എ. ആരുന്നോ..!!!

സിക്സ്സ് പാക്ക് പോയിട്ട് ഒരു അര പാക്ക് പോലുമില്ലാത്ത തന്റെ ‘ബാഡി‘ കണ്ട് അവൾ ഇത്രയല്ലെ പറഞ്ഞുള്ളൂ. എന്നവൻ ആശ്വസിക്കാൻ ശ്രമിച്ചു. ഒരു വളിച്ച മോന്തയുമായി വീണ്ടും ഒന്നു നൂർന്ന് നോക്കി അവൻ ടൈപ്പ് ചെയ്യാൻ തുടങ്ങി “ഡി....യ....ർ...” മുഴുമിക്കുന്നതിനു മുമ്പേ അവളുടെ അടുത്ത ഡയലോഗെത്തി.

“യൂ ഇന്ത്യൻ മങ്കി... ഗോ റ്റു ഹെൽ.”

ഗോപൂ പിന്നെ ഒന്നും ആലോചിച്ചില്ല ഒറ്റ ക്ലിക്കിന് സൈൻ ഔട്ടായി (അല്ലാതെ എന്തു ചെയ്യാൻ). പക്ഷെ അന്നു രാത്രി തന്നെ അവൻ വീട്ടിൽ തന്റെ പുതിയ ആവശ്യം അവതരിപ്പിച്ചു.

“അച്ഛാ... അമ്മേ.... എനിക്ക് ജിമ്മിൽ പോണം.!!“

ഒരു ചെറിയ കഥ

August 24, 2010 प्रिन्स|പ്രിന്‍സ്

                 ആ പഴയ തെര്‍മോക്കോളുകള്‍ക്കിടയിലും യാതൊരു രക്ഷയുമില്ലെന്നു കണ്ട പാറ്റയ്ക്ക് പിന്നെയൊരൊറ്റയോട്ടം വച്ചുകൊടൂക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. അതൊരോട്ടമായിരുന്നില്ല. മരണപ്പാച്ചില്‍! അതവസാനിച്ചത് ചില പുസ്തകങ്ങള്‍ വലിയ ചിട്ടയൊന്നും കൂടാതെ അടുക്കിവച്ചിരിക്കുന്ന ഒരു ഷെല്‍ഫിനുള്ളിലായിരുന്നു. ആ പാറ്റയെ പിന്തുടര്‍ന്നുവന്ന ഒരു ജോടി കണ്ണുകള്‍ അതിനകത്താകെ പരതി നടന്നു. പാറ്റയെ കണ്ടെത്തുവാന്‍. ഷെല്‍ഫിനകത്ത് ശബ്ദതാരാ‍വലി വൃത്തിയായി പൊതിഞ്ഞുവച്ചിരിക്കുകയായിരുന്നു. പാ‍റ്റ മലയാളത്തിനുപിന്നില്‍ ഒളിച്ചിരുന്നു. എന്നാല്‍ ആ ഒളിഞ്ഞിരിപ്പിന്റെ സുരക്ഷിതത്വത്തെക്കുറിച്ചോ ദൈര്‍ഘ്യത്തെക്കുറിച്ചോ അതിന്‍ യാതൊരറിവുമുണ്ടായിരുന്നില്ല. അതിന്റെ കുഞ്ഞുഹൃദയം ശക്തിയായി മിടിച്ചുകൊണ്ടിരുന്നു. ഉള്ളില്‍ പ്രാണഭയം കത്തിയെരിഞ്ഞുകൊണ്ടിരുന്നു. മലയാളത്തിനു പിന്നില്‍ അങ്ങനെയേറെ നേരമിരുന്നില്ല. പെട്ടെന്ന് ഘനഗാംഭീര്യമുള്ള ഒരു ശബ്ദം കേട്ടു. ആ ചെറുക്കന്റെ അച്ഛനായിരിക്കും അത്?
     
                     “കിട്ടിയോ?”
                
                     “ഇല്ല, ആ പാറ്റ ഇതിനകത്തെവിടെയോ കയറിക്കളഞ്ഞു.”
                 
                     “പുസ്തകങ്ങളൊക്കെ മാറ്റിനോക്കിയാലോ?”
                 
                     “അതിനൊക്കെ ഇനിയുമൊരുപാടു സമയമെടുക്കില്ലേ?”
                 
                     “വേണമെങ്കില്‍ മതി!”
                 
                     “വേണം വേണം, ഇല്ലാഞ്ഞാല്‍ പ്രാക്റ്റിക്കല്‍ ക്ലാസ്സില്‍ കയറാന്‍ പറ്റില്ല.”
                  
                    “പാറ്റയെ കൊണ്ടുചെല്ലണമെന്നു പറഞ്ഞിരുന്നോ?”
                  
                     “ഉം”
     
                    പാറ്റ ഒന്നു നടുങ്ങി. ഹതുകൊള്ളാം താനും കൂടിയുണ്ടെങ്കിലേ ക്ലാസ്സില്‍ കയറ്റൂവെന്ന്! താനാരാ അവന്റെ രക്ഷകര്‍ത്താവോ? ഹും, ഇന്നലെ അവന്‍ പറയുന്നത് കേട്ടിരുന്നു, നാളെത്തേക്ക് ഒരു പാറ്റയെ വേണമെന്ന്. ബയോളജിക്കു കീറിമുറിക്കാനാണത്രേ! അയ്യോ.
കൊണ്ടുചെല്ലുന്ന പാറ്റകളെ ആ അധ്യാപകന്‍ ഒരു കുപ്പിയിലെ വെള്ളത്തില്‍ പിടിച്ചിട്ട് കൊല്ലുമത്രേ. ആ കുപ്പിയില്‍ സഹോദരങ്ങള്‍ വേറെയുമുണ്ടാ‍വും. ചിലര്‍ മരണത്തിനടിപ്പെട്ടവരായിരിയ്ക്കും. ചിലര്‍ മൃതപ്രായരും മറ്റുചിലര്‍ എന്നിട്ടും മരണം വരിക്കുകയോ മൃതപ്രായക്കാരാകാത്തവരോ ആയിരിക്കും. എങ്ങനെയാ‍യാലും അന്തിമവിധി മരണത്തിനടിപ്പെടുക എന്നതാണല്ലോ? പാറ്റയെ ഒരു ബോര്‍ഡില്‍ കിടത്തി, വായ് ഭാഗങ്ങള്‍ ഒന്നൊന്നായി പറിച്ചെടുക്കുമത്രേ. കൊടും ക്രൂരത! ഒരു പക്ഷേ മരിച്ചിട്ടില്ലെങ്കില്‍ എത്രമാത്രം വേദനയായിരിക്കും അനുഭവിക്കേണ്ടി വരിക? ചുണ്ടും ചിറകുമൊക്കെ പറിച്ചെടുക്കുമ്പോള്‍... ഹൊ... പാറ്റയുടെ ശരീരത്തിലാകെയൊരു മരവിപ്പ് പടര്‍ന്നു. തന്റെ സുഹൃത്ത് ഈയിടെയായി ഷെല്‍നുകീഴില്‍ പുസ്തകങ്ങള്‍ കരണ്ടുതിന്നാന്‍ വരാത്തതിനു കാരണമിതായിരിക്കുമോ? ആണെങ്കില്‍ അവനെന്തൊക്കെ ക്രൂരതയ്ക്കിരയായിട്ടുണ്ടാകും?
     
                  ഹും... ബയോളജിയില്‍ കീറിമുറിക്കാന്‍! ബയോളജിയില്‍ പഠനവിധേയമാകുന്നത് ക്രൂരതയും കൊലയുമാണോ? ജീവശാസ്ത്രമെന്നാല്‍ കൊലയെന്നും അര്‍ത്ഥമുണ്ടോ? ഓ... ആധുനിക ജീവശാസ്ത്രം ഇതൊക്കെയായിരിക്കും! പാറ്റകള്‍, പാവങ്ങള്‍. അവയെന്തറിയുന്നു? ഒരു പാറ്റയെ കൊന്നാല്‍ ശല്യം തീര്‍ത്തു എന്നു കരുതുന്നവരാണല്ലോ ചുറ്റുമുള്ളത്.
മനുഷ്യന്‍-ക്രൂരന്‍, കൊലപാതകി, വിദ്യാര്‍ത്ഥി!
     
                   പാറ്റ ഒരുനിമിഷമൊന്നു കാതോര്‍ത്തു. ആകെയൊരു നിശബ്ദത. ആ ചാവാളിച്ചെറുക്കന്റെയോ അവന്റെ പിതാ‍വെന്ന മനുഷ്യന്റെയോ ശബ്ദമൊന്നും കേള്‍ക്കാനില്ല. ക്ഷണനേരം ശബ്ദതാരാവലിയുടെ പിന്നില്‍ത്തന്നെ നിന്നശേഷം അവിടെ നിന്നും വൈക്കം മുഹമ്മദ് ബഷീറിന്റെ പുത്തുകയറി. അവിടെനിന്നും ഗുണ്ടര്‍ട്ടിന്റെയും. എന്നാല്‍ ശബ്ദതാരാവലി പതുക്കെ ഇഴഞ്ഞുമാറുന്നത്, പാവം പാറ്റയറിഞ്ഞില്ല. ശ്രദ്ധിച്ചതുമില്ല.
     
                     പാറ്റ ഒരു ക്ഷണര്‍ദ്ധം ഒന്നു നിന്നു. ചുറ്റും നോക്കി. ശ്വാസം മുട്ടുന്നതായി തോന്നി. മുന്നോട്ടു നടന്നുനോക്കി. നീങ്ങുന്നില്ല. പെട്ടുവോ? അത് പരിഭ്രന്തനായി ചുറ്റും നോക്കി.  ചെറുക്കന്‍ തികഞ്ഞ സന്തോഷത്തോടെ നില്‍ക്കുന്നു. താന്‍ ഒരു സ്ഫടിക ഗ്ലാസ്സുകൊണ്ടു മൂടപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കാന്‍ അതിന്‍ ഏറെ സമയമൊന്നും വേണ്ടിവന്നില്ല. ആരെ പഴിക്കണം? മലയാളവും ബഷീറും ഗുണ്ടര്‍ട്ടും ചതില്ല. പക്ഷേ അറിഞ്ഞോ അറിയാതെയോ പൌലോ ചതിച്ചു. അതെ. താനൊരു പുസ്തകത്തിനു മുകളിലാണ്‍ നില്‍ക്കുന്നതെന്ന് അതിനു മനസ്സിലായി. പരിഭ്രാന്തനായി അതിനകത്താകെ നടക്കുന്നതിനിടയില്‍ പ്രസ്തുത പുസ്തകത്തിന്റെ പേരിലൂടെ പാറ്റയൊന്നു കണ്ണോടിച്ചു.

                 ‘വെറോനിക്ക മരിക്കാന്‍ തീരുമാനിക്കുന്നു’- പൌലോ കൊയ്‌ലോ!

കരട്

August 19, 2010 Anonymous



കലങ്ങിയ മുഖവും അതിലേറെ കലങ്ങിയ മനസ്സുമായിട്ടവന്‍ അവിടെനിന്നിറങ്ങി നടന്നു.
നടവഴി തീരുന്നിടത്ത് നിന്നിട്ടവന്‍, അവസാനമായിട്ടവളെയൊന്ന് തിരിഞ്ഞു നോക്കി....
ചാട്ടുളി പോലെ പറന്ന ആ നോട്ടം, മുന്നില്‍ നിരന്ന് നിന്നിരുന്ന അവളുടെ അപ്പന്റെയും അമ്മാവന്മാരുടെയും തോളിന്റെ ഇടയിലൂടെ ആ പൂമുഖം കടന്ന്, കൃത്യം അവളുടെ കണ്ണില്‍ തന്നെ തറച്ചു.
നല്ലതാണേലും, അല്ലേലും; കണ്ണിനെന്നും, എന്തും കരട് തന്നെ...
അവള്‍ടെ കണ്ണ് രണ്ടും നിറഞ്ഞൊഴുകിത്തുടങ്ങി.കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി, അവളുടെ സ്വപ്നങ്ങളുടെയും ജീവിതത്തിന്റെയും നെയ്ത്തുകാരനായിരുന്ന അവന്‍, പിന്നികീറിയ മോഹങ്ങളുമായി ആ വീടിന്റെ നടവഴി കടന്ന്, അവളുടെ ജീവിതത്തിന്റെ പടിയിറങ്ങി...

മൂന്നാംപക്കം, സാമാന്യം നല്ലൊരു വില പറഞ്ഞുറപ്പിച്ച്; അവള്‍ടെ അപ്പന്‍, അവള്‍ടെ കല്യാണം റോയിച്ചനുമായി നിശ്ചയിച്ചു... മുന്‍പ് കണ്ണില്‍ പറന്നു വീണ ആ കരട് അന്ന് വീണ്ടും ഒന്നിളകി.... രണ്ട് കണ്ണും നിറഞ്ഞൊഴുകിത്തുടങ്ങി.
അന്നും, അതിനു ശേഷവും അവളൊരുപാട് തവണ, ഒരുപാട് വെള്ളമൊഴിച്ച് കണ്ണ് കഴുകി, എന്നിട്ടും.....

ഇത്രയും മാസങ്ങള്‍ കഴിഞ്ഞിട്ടും, കഴിഞ്ഞ ദിവസം നിറഞ്ഞ വയറും വെച്ച് റോയിച്ചന്റെ കൂടെ ബൈക്കില്‍ പോയപ്പോള്‍ ആ ഷര്‍ട്ടില്‍നിന്ന് അവള്‍ടെ മൂക്കിലേക്കടിച്ച ആ പെര്‍ഫ്യൂമിന്റെ മണം വീണ്ടും അവളുടെ കണ്ണിലെ ആ കരടൊന്നിളക്കി വിട്ടു. കണ്ണല്ലേ, ഉടനെ നിറഞ്ഞും തുടങ്ങി...

അതിനുമുമ്പ്, ഒരു ദിവസം വൈകുന്നേരം റോയിച്ചന്‍ നിര്‍ബന്ധിച്ച് ബീച്ചില്‍ പോയിരുന്നപ്പോ, പുള്ളി അവളുടെ കയ്യിലെ വരകളെണ്ണി കളിച്ച് തുടങ്ങിയപ്പോ, ആഞ്ഞടിക്കുന്ന ആ കടല്‍ക്കാറ്റില്‍, വീണ്ടും അവളുടെ കണ്ണിലെ ആ കരടിളകി...
റോയിച്ചന്‍ കാണാതെ, കൈ ഇട്ട് ഒരുപാട് തിരുമ്മിയിട്ടും, ആ കരട് ഇളകി കയ്യില്‍ പോന്നില്ല...

അതിനുംമുമ്പ്, ദിവസം തീരാന്‍ സെക്കെന്റുകള്‍ മാത്രം ബാക്കി നില്‍ക്കെ,അവളുടെ മുകളില്‍ കിടന്ന് ഇളകിയാടി തിമിര്‍ക്കുന്ന റോയിച്ചന്റെ മുടിക്കിടയിലൂടെ ചേര്‍ത്ത് പിടിക്കാനായിട്ടവള്‍ കൈ നീട്ടിയപ്പോ.. ആ കരട് കണ്ണില്‍കിടന്നൊന്നിളകി...
‘ഇര‘ ആനന്ദാശ്രു പൊഴിച്ച ചാരിതാര്‍ഥ്യതില്‍ കാറ്റൊഴിഞ്ഞ ബലൂണ്‍ പോലെ റോയിച്ചന്‍ കിടക്കയിലേക്ക് ചരിഞ്ഞു.....

മാസങ്ങള്‍ക്ക് ശേഷം, ഇന്ന്; ലേബര്‍ റൂമിലെ അരണ്ട വെളിച്ചത്തില്‍ ഒരു ഓപറേഷന്‍ പോലുമില്ലാതെ,
ആ ‘കരട്’ എടുത്ത് അവളുടെ കയ്യിലേക്ക് കൊടുത്തിട്ട് നേഴ്സ് പറഞ്ഞു..
“ആണാ”

ആശുപത്രി വരാന്തയിലെ ചുമരിലെവിടെയോ തൂക്കിയ അവസാന ഉയര്‍പ്പിന്റെ ചിത്രം,
ഒരു ഇളം കാറ്റ്‌ പോലുമില്ലാഞ്ഞിട്ടും ഒന്നിളകിയാടി നിന്നു...

മീനാക്ഷിയെ തേടി ..

August 16, 2010 മഴനിലാവ്

പ്രതീക്ഷിക്കാത്ത നേരത്താണ് ഡല്‍ഹിയിലേക്കു ചെല്ലാന്‍ ബഷീറിക്ക
വിളിച്ചു പറഞ്ഞത് ,നാളെതന്നെവണ്ടികേറണംപോലും .ടിക്കറ്റ്‌ഒക്കെഏര്‍പ്പാടാക്കീട്ടുണ്ട് ,
ഇക്കയോട്പറ്റില്ല എന്ന്പറയാന്‍ വയ്യ ,അത്രയ്ക്കൊരു ആത്മ ബന്ധമുണ്ട് .
ഗോള്‍ഡ്‌ ബിസിനെസ്സില് ‍കാലങ്ങളോളം
ഡാഡിയുടെ കൂടെ നിഴലായി ഉണ്ടായിരുന്ന ആളാണ്‌ ,ഇന്ന് ഡാഡി ഇല്ല ,
എല്ലാ ഉത്തരവാദിത്വങ്ങളും തന്റെ തലയില്‍ വെച്ചിട്ട് യാത്രയായി ,ജോണി നെടുവീര്‍പ്പിട്ടു .
ബഷീറിക്ക കുറച്ചു ദിവസത്തേക്ക് ദുബൈക്ക് പോകുന്നു ,ഡല്‍ഹിയിലുള്ള ഷോപ്പ്
ജോണിയെ ഏല്‍പ്പിച്ചിട്ട് പോകാനാണ് പ്ലാന്‍ .,ജോണിയെ ആകുമ്പോള്‍
വിശ്വസിച്ചു എല്പ്പിക്കാമല്ലോ എന്നോര്‍ത്താവും .ഡല്‍ഹിയിലേക്കു
പലപോഴായി പോയിട്ടുണ്ട് ,മിക്കപ്പോഴും ഷോപ്പിലേക്ക് ഗോള്‍ഡ്‌
എത്തിക്കാന്‍ ആണ് പോവാറ് ,
ഇതാദ്യമായാണ് മറ്റൊരു ആവശ്യവുമായി യാത്ര.


പ്ലട്ഫോര്മില്‍ മനുഷ്യരെ തട്ടിയിട്ടു നടക്കാന്‍ വയ്യ.
ട്രെയിന്‍ വരുന്നുണ്ട് ,മഴയും പെയ്യാന്‍ തുടങ്ങിയിരിക്കുന്നു ,
ചൂളം വിളിച്ചുകൊണ്ടു കേരള എക്സ്പ്രെസ്സ് വന്നു നിന്നു .
ഇറങ്ങുന്നവരെക്കാള്‍ കേറുന്നവരുടെ തിരക്കാണ് ,
ഒരു വിധത്തില്‍ ജോണിയും അകത്തു കേറി ,
സീറ്റ് നമ്പര്‍ തപ്പിപിടിച്ച് പെട്ടി അപ്പര്‍ ബെര്‍ത്തില്‍ വെച്ച് സ്ഥാനമുറപ്പിച്ചു .
സീറ്റുകള്‍ ചിലത് കാലിയാണ് ,ഇനിയും യാത്രക്കാര്‍ കേറുവാന്‍ ഉണ്ട്.
ട്രെയിന്‍ വീണ്ടും ചൂളം വിളിച്ചു ,യാത്രയാക്കാന്‍ വന്നവര്‍ ധൃതിയില്‍
വണ്ടിയില്‍ നിന്നും ഇറങ്ങി ,
മക്കളെ യാത്രയാക്കാന്‍ വന്നു കരയുന്ന അമ്മമാര്‍ ,
ഭര്‍ത്താവിനെ യാത്രയാക്കി വിതുമ്പുന്ന ഭാര്യ ,
അങ്ങനെ പല കാഴ്ചകള്‍ ,ട്രെയിന്‍ സ്റ്റേഷനില്‍ നിന്നും നീങ്ങിത്തുടങ്ങി .

'ഹായ് അയാം,ദീപക് ..,ദീപക് ചാറ്റര്‍ജി ..ആന്‍ഡ്‌ യു ..?'
തൊട്ടപ്പുറത്തിരിക്കുന്ന ചെറുപ്പകാരന്റെ കൈകള്‍ ജോണിക്ക് നേരെ നീണ്ടു .
.' ജോണി '
എന്തോ അധികം സംസാരിക്കാന്‍ തോന്നിയില്ല .
മൊബൈല്‍ ഫോണ്‍ എടുത്തു കാള്‍ ചെയ്യാനെന്ന വ്യാജേന ജോണി
ഡോറിന്റെ അടുത്തേക്ക്‌ പോയി ..,
അവിടെ നിന്നു യാത്ര ചെയ്യുന്നതിന് ഒരു പ്രത്യേക സുഖം ആണ് ,
മീനാക്ഷിക്കും ഒരുപാട് ഇഷ്ട്ടമായിരുന്നു ..,
ഇത് പോലെ മഴയുള്ള ഒരു ദിവസം ഇതേ കേരള എക്സ്പ്രെസ്സില്‍ വെച്ച് ആണ്
മീനാക്ഷിയെ ജോണി കണ്ടുമുട്ടിയത്‌ .നീല കണ്ണുകള്‍ ഉള്ള വെളുത് മെലിഞ്ഞ സുന്ദരി ,
വളരെ സോഷ്യല്‍ ആയി ഇടപെടുന്ന ആ സുന്ദരികുട്ടിയെ ഒറ്റ നോട്ടത്തില്‍ ജോണിക്ക് ഇഷ്ട്ടമായി .
'ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ് '
ഡല്‍ഹിയില്‍ ഉപരി പഠനത്തിനു പഠിക്കുക ആയിരുന്നു അവള്‍ അന്ന് .
കല പില സംസാരിക്കുന്ന മിടുക്കി പെണ്‍കുട്ടി ജോണിയുടെ ഹൃദയത്തില്‍
പ്രണയത്തിന്റെ വിത്തുകള്‍ പാകി .
"എല്ലാ പ്രാവശ്യവും അച്ഛന്‍ കൂടെ വരും ,ഇപ്രാവശ്യം മാത്രം വന്നില്ല ,
എനിക്ക് അച്ഛനോട് പിണക്കമാ ..,"
അങ്ങനെ എന്തെല്ലാം ആണ് ഒറ്റ ശ്വാസത്തില്‍ അവള്‍ പറഞ്ഞു തീര്‍ത്തത് .
നാട്ടിലെ മുത്തശിയുടെ വിശേഷങ്ങളും ,ഡല്‍ഹിയിലെ പഞ്ചാബി കൂട്ടുകാരുടെ
തമാശകളും പറഞ്ഞാല്‍ തീരാത്ത കഥകള്‍ ഉണ്ടായിരുന്നു മീനാക്ഷിക്ക് പറയാന്‍ .
ഇതിനിടയില്‍ തന്റെ ഇഷ്ടം പറയാന്‍ ജോണിക്ക് പേടി ആയിരുന്നു .
രണ്ടു ദിവസങ്ങള്‍ എങ്ങനെ പോയി എന്നറിഞ്ഞില്ല .

നയി ദില്ലി റെയില്‍വേ സ്ടഷനില്‍ വണ്ടി ചെന്നു നിന്നപ്പോള്‍ ആണ്
അവളോടുള്ള തന്റെ ഇഷ്ട്ടം ജോണി അറിയിച്ചത് .
അതുവരെ വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്ന അവള്‍ പെട്ടെന്ന് നിശബ്ദയായി .
മറുപടിയായി അവള്‍ ഒന്നും പറഞ്ഞില്ല .
അവളെയും കാത്തു സ്റെഷനില്‍ നിന്നിരുന്ന അങ്കിളിന്റെ കൂടെ അവള്‍ പോയി ,
യാത്ര പോലും പറയാതെ .
പക്ഷെ ആ കണ്ണുകള്‍ ജോണിയോടു സംസാരിക്കുന്നത് പോലെ അയാള്‍ക്ക്‌ തോന്നി .
പിറകെ ചെന്നു ഫോണ്‍ നമ്പര്‍ ചോദിച്ചാലോ എന്ന് കരുതിയതാണ് ..,
പിന്നെ തോന്നി വേണ്ടാന്നു .
ആ ഇഷ്ട്ടം പറയേണ്ടിയിരുന്നില്ല എന്നും തോന്നി ,എന്നാല്‍ ഒരു പക്ഷെ അവള്‍
യാത്ര എങ്കിലും പറഞ്ഞേനെ .
ഡല്‍ഹിയിലേക്കുള്ള ഓരോ യാത്രയിലും
മനസിന്റെ ഒരു കോണില്‍ അണയാത്ത പ്രതീക്ഷ ഉണ്ട് ..,
എവിടെ എങ്കിലും വെച്ച് മീനാക്ഷിയെ വീണ്ടും കണ്ടുമുട്ടുമെന്ന് .

ചിലര്‍ പറയും പ്രണയം ഒരു നിമിഷത്തില്‍ തോന്നുന്ന വികാരം മാത്രം ആണെന്ന് ..,
ജോണിയും അങ്ങനെ കരുതി .
എന്നാല്‍ അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് അയാളില്‍ നാമ്പെടുത്ത പ്രണയത്തിനു
ഇന്നും മാറ്റങ്ങള്‍ഒന്നും സംഭവിചിട്ടില്ല ,കണ്ടുമുട്ടുന്ന ഓരോ മുഖങ്ങളിലും
അയാള്‍ മീനാക്ഷിയെ പരതി.
വിവാഹത്തിനു നിരബന്ധിക്കുന്ന അമ്മയോടും പറഞ്ഞു 'ഞാന്‍ സ്നേഹിക്കുന്ന
പെന്കുട്ടിക്കായുള്ള തിരച്ചിലില്‍ ആണ് അമ്മെ ഇപ്പോള്‍' എന്ന് .
അപ്പോള്‍ അമ്മ പറയും 'ഈ ചെക്കന് വട്ടായോ ദൈവമേ 'എന്ന് .

ഡല്‍ഹിയില്‍ മീനാക്ഷി പഠിച്ചിരുന്ന കോളേജിലും ജോണി പോയിരുന്നു ,
അവിടുത്തെ പ്രിന്‍സിപ്പല്‍ പറഞ്ഞത് മീനാക്ഷി ഭോപ്പാലിലുള്ള ഒരു സോഫ്റ്റ്‌വെയര്‍
കമ്പനിയിലേക്ക് ജോലി കിട്ടി പോയി എന്നാണു .
ഇത്തവണ തിരിച്ചു വരുമ്പോള്‍ ഭോപ്പാലില്‍ ഇറങ്ങി
പ്രിന്‍സിപ്പാള്‍ തന്ന വിലാസം വെച്ച് അന്വേഷിക്കണം .
ജോണി മനസില്‍ പ്ലാന്‍ ചെയ്തിട്ടുണ്ട് ..,കണ്ടാല്‍ എന്താ പറയുക ..?
ഒന്നും അറിയില്ല അയാള്‍ക്ക്‌.എങ്കിലും കാണണം എന്ന് ഒരു ആഗ്രഹം ഉണ്ട് ..,
അത് ഒരു വിങ്ങലായി ഉള്ളിന്റെ ഉള്ളില്‍ ..,ചിലപ്പോള്‍ രണ്ടു കണ്ണ് നീര്തുള്ളികളായി ..

തീവണ്ടി കുതിച്ചു പായുകയാണ് ..പട്ടണങ്ങളും ,ഗ്രാമങ്ങളും ,വനങ്ങളും കടന്ന് .
' ഡു യു സ്പീക് ഹിന്ദി..?' ദീപക് വീണ്ടും രംഗത്തെത്തി .
'നോ ..,ഒണ്‍ലി ലിറ്റില്‍ ..' ജോണിയുടെ മറുപടി .
'കാന്‍ യു സ്പീക് മലയാളം ..? ജോണി ഒന്നിരുത്തി ചോദിച്ചു .
'കൊരച്ച് അരിയാം..ഐ നോ മാന്‍ ഇട്സ് വെരി ടഫ് ..'
ദീപക് ചാറ്റര്‍ജി ചിരിച്ചു .
'ബട്ട്‌ ബിലിവ് മി.., ഐ ലൈക്‌ മലയാളീസ് ..,ദേ ആര്‍ വെരി ഹോനെസ്റ്റ്
ആന്‍ഡ്‌ ഹാര്‍ഡ് വര്‍ക്കിംഗ്‌ ..'
ദീപക് പറഞ്ഞത് ശരിയെന്ന അര്‍ത്ഥത്തില്‍ ജോണി തല ആട്ടി .
'സൊ വേര്‍ ആര്‍ യു ഗോയിംഗ് ?ഡല്‍ഹി..?
'യെസ്' വിശദമായ സംഭാഷണത്തില്‍ താല്പര്യം ഇല്ലെന്ന മട്ടില്‍ ജോണി പയ്യെ
അപ്പര്‍ ബെര്‍ത്തിലേക്ക് കയറാന്‍ തുടങ്ങി .
'ജോണി..കീപ്‌ മൈ വിസിറ്റിംഗ് കാര്‍ഡ്‌ ,നെക്സ്റ്റ് സ്ടഷന്‍ ഈസ്‌ ഭോപ്പാല്‍ ,
ഐ വില്‍ ഗെറ്റ് ഡൌണ്‍ ദേര്‍ ,നൈസ് മീറ്റിംഗ് യു ..'
ആള് പാവമാണെന്ന് തോന്നുന്നു, ജോണി മനസ്സില്‍ പറഞ്ഞു .
പേര്‍സില്‍ നിന്നും ജോണി തന്റെയും വിസിറ്റിംഗ് കാര്‍ഡ്‌ അയാള്‍ക്ക്‌ കൊടുത്തു .
'ഇഫ്‌ യു കം ടു ഡല്‍ഹി ഓര്‍ പാലക്കാട്‌ ,ജസ്റ്റ്‌ വിസിറ്റ് അവര്‍ ഷോപ്സ്,
അഡ്രസ്‌ ആന്‍ഡ്‌ ഫോണ്‍ നമ്പര്‍ ഈസ്‌ ദേര്‍ ' ജോണി ചിരിച്ചു കൊണ്ട് പറഞ്ഞു .
'യാ ഷുവര്‍ ..,ഇന്ഫാക്റ്റ് ഐ ഓഫന്‍ വിസിറ്റ് ദീസ് പ്ലസെസ്..താങ്ക്സ് '

ട്രെയിന്‍ ഭോപ്പാല്‍ സ്റ്റേഷന്‍ അടുത്തുകൊണ്ടിരുന്നു ..,
തീവണ്ടിയുടെ ജനാലക്കരികില്‍ ജോണി ഇരുന്നു.
മഞ്ഞ ബോര്‍ഡില്‍ കറുപ്പ് കൊണ്ട് എഴുതിയ അക്ഷരങ്ങള്‍ തെളിഞ്ഞു വരുന്നു ..,
ട്രെയിനിനു വേഗത കുറഞ്ഞു വന്നു ,പിന്നെ ഒരു മൂളലോടെ നിന്നു .
ദീപക് ജോണിയോടു യാത്ര പറഞ്ഞു തിടുക്കത്തില്‍ ഇറങ്ങി പോയി .
ജോണിയുടെ കണ്ണുകള്‍ ഭോപ്പാല്‍ സ്റ്റെഷനിലൂടെ നടന്നു നീങ്ങുന്ന ആള്‍ക്കൂട്ടത്തിലായി..,
അതിനിടയില്‍ അയാള്‍ കണ്ടു ..,താന്‍ തേടുന്ന മുഖം ,അതെ അത് മീനാക്ഷി തന്നെ ..,
ജോണിയുടെ ഹൃദയമിടിപ്പിന് വേഗത കൂടി ..,കൈയും കാലും മരവിച്ചത്‌ പോലെ .
അയാള്‍ ട്രെയിനില്‍ നിന്നും ചാടി ഇറങ്ങി ..,മീനാക്ഷി നിന്ന പ്ലാറ്റ് ഫോം ലക്ഷ്യമാക്കി നടന്നു ..,
കാലുകള്‍ക്ക് വേഗത പോര എന്ന് തോന്നി .
അടുത്തു എത്തിയപ്പോഴേക്കും അവള്‍ തിരിഞ്ഞു നടന്നു കഴിഞ്ഞിരുന്നു ..,
ജനസമുദ്രത്തിനിടയില്‍ എങ്ങോ മറഞ്ഞു ..
മീനാക്ഷീന്നു ഉറക്കെ വിളിച്ചാലോ എന്ന് ജോണിക്ക് തോന്നി ..,
ട്രെയിനിന്റെ ചൂളമടി ശബ്ദം അയാളെ അതില്‍ നിന്നും പിന്തിരിപ്പിച്ചു .
ജോണി ഓടി വന്നു ട്രെയിനില്‍ കയറി.
ഒരു നിമിഷം തനിക്കു തോന്നിയ ഹാലുസിനെഷന്‍ ആയിരുന്നോ അത് .
അല്ല ഒരിക്കലുമല്ല ,അത് മീനാക്ഷി ആയിരുന്നു..,
ഒന്ന് ഉറപ്പാണ് അവളും എന്നെ കണ്ടിരുന്നു ..,
പിന്നെ ഞാന്‍ ചെന്നപ്പോഴേക്കും എന്തിനു അവള്‍ നടന്നകന്നു..?
എന്നില്‍ നിന്നും ഒളിച്ചോടുകയാണോ ..? ഒരു പക്ഷെ ആയിരിക്കാം .
ജീവിതത്തിന്റെ ഏടുകള്‍ അവളില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തിയുട്ടാണ്ടാവും ..?
പണ്ട് താന്‍ കണ്ട മിടുക്കി പെണ്‍കുട്ടിയുടെ പ്രസരിപ്പൊന്നും ആ മുഖത്തു കണ്ടില്ല ..,
ജോണിയുടെ ചിന്തകള്‍ കാട് കയറി..,എപ്പോഴോ അയാള്‍ ഉറക്കത്തിലേക്ക് വഴുതി വീണു .

കണ്ണ് തുറന്നപ്പോള്‍ എല്ലാവരും ലഗേജു എടുത്തു വെയ്ക്കുന്നതിന്റെ തിരക്കില്‍ ആയിരുന്നു .
ജോണിയും എഴുനേറ്റു തന്റെ സ്യൂട്ട്‌ കേസ് എടുത്തു റെഡി ആയിഇരുന്നു ,
നിസ്സാമുദിന്‍ സ്റ്റേഷന്‍ എത്തിയിരിക്കുന്നു .
അടുത്തത്‌ ന്യൂ ഡല്‍ഹി സ്റ്റേഷന്‍ ആണ് ..,തിരക്കായത് കൊണ്ട്,
തന്നെ കൂട്ടികൊണ്ടുപോകാന് ബഷീറിക്ക വരില്ല പകരം
ഇക്കാടെ സുഹൃത്തായ വിനോദ് വരും .
പറഞ്ഞത് പോലെ തന്നെ അവിടെ എത്തിയപ്പോള്‍ വിനോദ് സന്നിഹിതനായിരുന്നു ..,
അയാളുടെ കൂടെ ബഷീരിക്കയുടെ ഫ്ലാറ്റിലേക്ക് പോകുമ്പോഴും
കന്മുന്നില്‍ നിറഞ്ഞു നിന്നത് മീനാക്ഷി ആയിരുന്നു .
സ്യൂട്ട്‌ കേസ് ഫ്ലാറ്റില്‍ വെച്ചു കുളിച്ചു ഫ്രഷ്‌ ആയപ്പോഴേക്കും
ബഷീറിക്കായുടെ ഫോണ്‍ വന്നു
'ഡാ ജോണിയെ ..,ഇയ്യ് ഇങ്ങട് വെക്കം വന്നെ ..,അന്നോട്‌ സീരിയസ് ആയിട്ട്
ഒരു കൂട്ടം പറയനോണ്ട് '
ജോണി വിനോദിന്റെ കൂടെ ഷോപ്പിലേക്ക് എത്തി .
ചെന്നതെ ബഷീറിക്ക ജോണിയെ ജ്വേല്ലറിയുടെ അകത്തെ മുറിയിലേക്ക്
വിളിച്ചു കൊണ്ട് പോയി .
'അന്റെ മൊബൈലില്‍ വിളിചീട്ടു കീട്ടീല്ലാന്നു പറഞ്ഞു ഓള്‍ ഇവിടെ ഷോപ്പിലേക്ക് വിളിചിട്ടുണ്ടായിരുന്നു'
'ആരാ ഇക്ക ,ഒന്ന് തെളിച്ചു പറ..? ജോണിക്ക് ആകാംഷ ആയി .
'എടാ അന്റെ പെണ്ണ് ..ആ മീനാക്ഷി ..ഇയ്യ് എത്യാലുടന്‍ ഓള്‍ക്ക് മിസ്സ്‌ കാള്‍ വിടാനും പറഞ്ഞിരിക്ക്നു'
ജോണി അന്താളിച്ചു പോയി ..,സ്വപ്നമോ സത്യമോ ..?
ബഷീറിക്കായുടെ കൈയ്യില്‍ നിന്നും നമ്പര്‍ വാങ്ങി ഡയല്‍ ചെയ്യുമ്പോള്‍
അയാളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു .
പലവട്ടം വിളിച്ചിട്ടും ഫോണ്‍ എടുക്കുന്നില്ല ,ജോണിക്ക് ടെന്‍ഷന്‍ കൂടി .
തന്റെ ഇഷ്ട്ടം നേരില്‍ അറിയിച്ചിട്ട് ഇതുവരെ മീനാക്ഷിയോട് ഒന്ന് സംസാരിച്ചിട്ടില്ല..,
അവള്‍ക്ക് എങ്ങനെ തന്റെ നമ്പര്‍ കിട്ടി ..?
എന്ത് പറയാന്‍ ആയിരിക്കും അവള്‍ വിളിച്ചത്..?
ആലോചിച്ചു കൊണ്ടിരികുന്നതിനിടയില്‍ ജോണിയുടെ മൊബൈല്‍ ശബ്ദിച്ചു .
അതെ മീനാക്ഷി തന്നെ .
'ഹലോ ,ഞാനാണ് ..മീനാക്ഷി ..'
'അന്ന് ഒന്നും പറഞ്ഞില്ല ..'ജോണിയുടെ ശബ്ദം ഇടറി.
'ഒത്തിരി പറയണം എന്നുണ്ടായിരുന്നു ..പക്ഷെ .. 'മീനാക്ഷിയുടെ പതുങ്ങിയ സ്വരം .
'സാരല്ല ..,എന്നെ വിളിച്ചല്ലോ ,അത് മതി ..
മീനാക്ഷിയെ ഞാന്‍ ഭോപ്പാല്‍ റെയില്‍വേ സ്ടഷനില്‍ വെച്ചു ഇന്നലെ
കണ്ടത് പോലെ തോന്നി ..'
'ഞാനും കണ്ടിരുന്നു .ജോണിയെ ..'
'അപ്പോള്‍ ..അത് ..'
'അതെ അത് ഞാന്‍ തന്നെ ആയിരുന്നു ..'
'പിന്നെ എന്നെ കണ്ടപ്പോള്‍ ..എന്തെ പോയ്‌ കളഞ്ഞത് ..?'
ജോണി പരിഭവത്തോടെ ചോദിച്ചു
'ഞാന്‍ എന്റെ ഹസ്ബന്റിനെ വെയിറ്റ് ചെയ്ത് നില്‍ക്കുകയായിരുന്നു ..'
ഒരു നിമിഷം ചലനമറ്റ് നിന്നു പോയി അയാള്‍ .
ലോകം കീഴ്മേല്‍ മറിയുന്നത് പോലെ ..,എന്ത് പറയണം
എന്ന് ജോണിക്ക് അറിയില്ലായിരുന്നു.
'ഒരിക്കല്‍ ജോണി എന്നെ തേടി വരുമെന്ന് ഞാന്‍ കരുതി ..,
ജോണിയോടുള്ള ഇഷ്ട്ടം മനസ്സില്‍ വെച്ചു
ഏറെ നാള്‍ കാത്തിരുന്നു ..എവിടെയെങ്കിലും വെച്ചു കണ്ടു മുട്ടും എന്ന് സ്വപ്നം കണ്ടു ..
ഇപ്പോള്‍ കണ്ടുമുട്ടിയപ്പോള്‍ ഏറെ വൈകി പോയി ..'

താനും ഇത് പോലെ മീനാക്ഷിയെ തേടി യാത്ര ചെയ്തു എന്ന് അവളോടെ പറഞ്ഞാലോ
അയാള്‍ ഒരു നിമിഷം ഓര്‍ത്തു .പിന്നെ തോന്നി വേണ്ട ..,
അതിനു ഇവിടെ യാതൊരു പ്രസക്തിയും ഇല്ല .
കണ്ടു മുട്ടെണ്ടിയിരുന്നില്ല ഇപ്പോള്‍..അയാളുടെ ഹൃദയം തേങ്ങുകയായിരുന്നു .
'മീനാക്ഷിക്ക് നല്ലത് വരട്ടെ ..സന്തോഷത്തോടെ ഇരിക്കുന്നു എന്ന് അറിഞ്ഞല്ലോ
അത് മതി ,നമ്പര്‍ എങ്ങനെ കിട്ടി..?
'എന്റെ ഹസ്ബന്റിന്റെ കൈയ്യില്‍ നിന്നു ..'
ജോണിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല .
'അതെങ്ങനെ ..?'
' എന്റെ ഹസ്ബന്റിനെ ജോണി അറിയും ,ദീപക് ..,ദീപക് ചാറ്റര്‍ജി '
താന്‍ ട്രെയിനില്‍ വെച്ചു കണ്ട ദീപക് , ജോണി ഓര്‍ത്തു ..
'അറിയാം,ഹി ഈസ്‌ എ നൈസ് മാന്‍ ' ജോണി പറഞ്ഞു .
'അങ്കിളിന്റെ ഭോപ്പാലില്‍ ഉള്ള കമ്പനിയുടെ പാര്‍ട്ട്‌നെര്‍ കൂടി ആണ് അദ്ദേഹം ,
ഹി ഈസ്‌ ഫ്രം കല്കട്ട .അയാള്‍ക്ക്‌ എന്നെ ഒരുപാട് ഇഷ്ടമായിരുന്നു ,
പിന്നെ അങ്കിളിനും എല്ലാവര്ക്കും അയാളെയും ഇഷ്ടമായിരുന്നു ..
ഒടുവില്‍ എനിക്ക് സമ്മതിക്കേണ്ടി വന്നു '
'മീനാക്ഷിക്ക് അയാളെ ഇഷ്ട്ടമായിരുന്നോ ..?ജോണി അറിയാതെ ചോദിച്ചു പോയി.
അവള്‍ ചിരിച്ചു .
'ജീവിതം ചിലപ്പോള്‍ ഒക്കെ ഒരു വിട്ടുവീഴ്ചയാണ് ..,പലര്‍ക്കും വേണ്ടി ..,പിന്നെ അതില്‍ സന്തോഷം കണ്ടെത്താന്‍ നാം ശീലിക്കുന്നു, അല്ലെ..?'
മീനാക്ഷീടെ ചോദ്യത്തിന് ജോണിക്ക് ഉത്തരം കണ്ടെത്താനായില്ല .
പണ്ട് താന്‍ കണ്ട വായാടി പെണ്ണില്‍ നിന്നും മീനാക്ഷി ഒത്തിരി മാറിയിരിക്കുന്നു.
'ദീപകിന്റെ പേര്‍സില്‍ നിന്നും കിട്ടിയതായിരുന്നു ജോണീടെ
വിസിറ്റിംഗ് കാര്‍ഡ്‌ ,റെയില്‍വേ സ്ടഷനില്‍ വെച്ചു ജോണി എന്നെ കണ്ടെന്നു
മനസ്സിലായപ്പോള്‍ ഞാന്‍ വേഗം പുറത്തിറങ്ങി ,
അതിനൊരു പ്രായശ്ചിത്തം എന്നോണം ആണ്
ജോണിയെ വിളിക്കാന്‍ തീരുമാനിച്ചത് '
'താങ്ക്സ് '
'ജോണി കല്യാണം ..?'
'കഴിച്ചില്ല .. ' അയാള്‍ ഇടയില്‍ കേറി പറഞ്ഞു .
പിന്നീടൊന്നും കേള്‍ക്കാനുള്ള കരുത്തു ജോണിക്കില്ലായിരുന്നു.
'അപ്പോള്‍ ശരി മീനാക്ഷി,എനിക്കല്‍പ്പം ധൃതിയുണ്ട് 'അയാള്‍ ഫോണ്‍ കട്ട് ചെയ്തു.
മീനാക്ഷിക്ക് ഇനിയും എന്തെങ്കിലും പറയാന്‍ ഉണ്ടായിരുന്നുവോ എന്തോ ..? അറിയില്ല

'എടാ അനക്ക് തിരിച്ചു പോകാനുള്ള ടിക്കറ്റ്‌ ഭോപ്പാലിലേക്ക് എടുക്കണോന്നല്ലേ പറഞ്ഞെ..?'
'വേണ്ട ഇക്ക പാലക്കാട്ടേക്ക് തന്നെ എടുത്താല്‍ മതി'
അത് പറയുമ്പോള്‍ ജോണീടെ സ്വരം ഇടറുന്നുണ്ടായിരുന്നു .
തന്റെ മീനാക്ഷി ഇന്ന് ഒത്തിരി അകലെ ആണ് ..,
ഒരിക്കലും എത്തി പിടിക്കാന്‍ കഴിയാത്ത അത്ര ദൂരത്ത്‌ .
എങ്കിലും ആ ദൂരം തന്റെ മനസ്സില്‍ സൃഷ്ടിക്കാന്‍ കഴിയുമോ ..?
പ്രതീക്ഷയുടെ അവസാന കണികയും അവസാനിച്ചിരിക്കുന്നു ..
ഇനിയും തനിക്കു യാത്രയില്ല മീനാക്ഷിയെ തേടി ..
ജോണിയുടെ കണ്ണുകളില്‍ നിന്നു രണ്ടു കണ്ണുനീര്‍ തുള്ളികള് ‍അടര്‍ന്നു വീണു .
'പല്‍ പല്‍ ദില്‍ കെ പാസ് തും രെഹ്തി ഹോ ..' ബഷീറിക്കായുടെ ഷോപ്പിലെ
മ്യൂസിക്‌ പ്ലയെറില്‍ നിന്നും കിഷോര്‍ കുമാറിന്റെ ശബ്ദമാധുര്യം ഒഴുകികൊണ്ടെയിരുന്നു.

കുഞ്ചുണ്ണൂലിയ്ക്കും ചിലത് പറയാനുണ്ടായിരുന്നു.

August 13, 2010 LiDi

എന്നെ മറന്ന് പോയതാണോ നിങ്ങൾ?
അതോ ഈ ആൾക്കൂട്ടത്തിൽ എന്റെ മുഖം കാണാതെ പോയതോ?

നിങ്ങൾ കേട്ട് കോരിത്തരിച്ച പാട്ടുകളിലും ,നിങ്ങൾ നിലപാടുകൾ മാറ്റിച്ചവുട്ടിയ കഥകളിലും ഞാൻ എവിടെയായിരുന്നു?
ഒരു പാണനും എന്നെ കാണാൻ മാത്രം അമ്പാടിയിലോ പുത്തൂരം വീട്ടിലോ വന്നില്ല.
അവർ വരാറുണ്ടായിരുന്നു.,പലരേയും കാണാൻ.
അവർ വന്നു,പാടി,പുകഴ്ത്തി കോടിമുണ്ടും അരിയും വാങ്ങി വയറുനിറച്ചുണ്ട് പോയി.

ഇന്നും വലിയ പന്തലിൽ സദ്യയ്ക്കിടെ ആരും അന്വേഷിച്ച് വന്നില്ല എന്നെ.
ഓ ഇവൾ പതിവു പരാതിക്കെട്ട് അഴിക്കുന്നു എന്ന് കരുതി അല്ലേ?

ഇന്ന് വിജയത്തിന്റെ സദ്യ.
കോലത്തിരി നാട്ടിൽ നിന്ന് മൊഴി ചോദിച്ച് മക്കൾ ജേതാക്കളായി വന്ന ദിവസം.

ചന്തുവിന്റെ മരണം ഇവിടെ ആർത്ത് വിളിയ്ക്കാനുള്ള ആഘോഷമായിരിക്കുന്നു.
അഭിമാനം കൊണ്ട് തലയുയർത്തിയ അച്ഛന്റെ നെറ്റിയിൽ ഞരമ്പുകൾ ഉറുമി പോലെ പുളയ്ക്കുന്നു.


എനിക്ക് വയ്യ.
പതിവുപോലെ എനിക്ക് വയ്യ.
ഇടയ്ക്കിടയ്ക്ക് വന്നു നോക്കാൻ മടികാണിക്കാത്ത ചെന്നിക്കുത്തിന്റെ ഉടുക്ക് താളം.

ഞാൻ കുഞ്ചുണ്ണൂലി ആണ്‌.ആലത്തൂരപ്പന്റെ മകൾ.വെള്ളയും കരിമ്പടവും വിരിച്ച് ആരോമൽ ചേകവർ വേട്ട് കൊണ്ട് വന്ന പെണ്ണ്‌.

കാവൂട്ടും വേലയ്ക്കോ കാവിലെ പൂരത്തിനോ അഭ്യാസത്തിനിടയിലോ അറിയാതെ പോലും ഒന്ന് നോക്കിപ്പോയിട്ടില്ലാത്ത ചേകവന്റെ മനസ്സിൽ എനിക്കെന്ത് സ്ഥാനം എന്നാലോചിയ്ക്കുകയായിരുന്നു,
അമ്പാടിയിൽ നിന്ന് പുത്തൂരം വീട് വരെയുള്ള മഞ്ചൽ യാത്ര മുഴുവനും.
പണ്ടേ കേട്ടറിഞ്ഞിട്ടുണ്ട് തുമ്പോലാർച്ച എന്ന പേര്‌,ആരോമൽ ചേകവരുടെ പെണ്ണായിട്ട് തന്നെ.

വേലയ്ക്കും പൂരത്തിനും ഒന്നോ രണ്ടോ തവണ കണ്ടിട്ടുണ്ടായിരുന്നു അവളേയും ഉണ്ണിയാർച്ചയുടെ കൂടെ.
മികവിൽ മികച്ച സുന്ദരിക്കോത.
പക്ഷെ മാറിനിന്നുള്ള കുശുകുശുക്കലും അടക്കിച്ചിരിയും നിഷിധമായിരുന്നില്ല ,ആരേയും ശരിബോധിക്കാത്ത ആ സുന്ദരിയ്ക്കും ആണിനോട് പയറ്റാൻ ധൈര്യമുണ്ടായിരുന്ന വീരാംഗനയ്ക്കും.

പുത്തൂരം വീട്ടിലെ ഓരോ ഊണിലും ഉറക്കത്തിലും ഓരോ ശാസനയിലും ചൂരൽക്കോലിനെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലിലും സ്വയം ചോദിച്ചു:
ഈ വീട്ടിൽ ഞാനാര്‌?
മാനത്ത് നിന്ന് വന്ന ചേകവന്റെ കിടപ്പറയിൽ നാലാളറിയെ കിടക്കുന്ന ഒരു പിണാത്തി.വേറാര്‌?

പകിടകളി പയറ്റിത്തെളിഞ്ഞ് മികവിൽ മികച്ചേറിയിൽ ചിറ്റം തുടങ്ങിയപ്പോഴും ,കുഞ്ഞുണ്ടായപ്പോഴും മനസ്സിൽ ശപിച്ചില്ല.
രാജസമാനനായ ചേകവന്‌ പണിക്കാരത്തി പെണ്ണിലല്ല ആദ്യകുഞ്ഞ് ജനിക്കേണ്ടതെന്ന് സമാധാനിച്ചു.
കുഞ്ഞിന്റെ മുഖം ആരുടേതു പോലായിരിക്കുമെന്ന് മനസ്സിൽ വരച്ചെടുക്കാൻ ശ്രമിച്ചു.
മാണിപ്പെണ്ണിനോട് ചോദിച്ചു.

അപകർഷതാബോധത്തിന്റെ ഉറുമികൊണ്ട് സ്വയം പ്രഹരമേല്പിച്ച്
വേദനകൊണ്ട് പുളഞ്ഞു.

അതിനിടയിൽ ചന്തുച്ചേകവരോടുള്ള മോഹത്തിന്റെ കഥയും അയലാളർക്കിടയിൽ പാട്ടാകുന്നുണ്ടെന്ന് മാണിപ്പെണ്ണ്‌ പറഞ്ഞറിഞ്ഞു.
അതിനു മുഖം കറുപ്പിച്ചതും മുടിയ്ക്ക് പിടിച്ചതും ചോറ്റുകലം വലിച്ചെറിഞ്ഞതും എന്നെ.

മംഗലം കഴിച്ചവന്റെ അവഗണനെയെപ്പറ്റി പെണ്ണൊന്ന് തേങ്ങിയാൽ അത് മറ്റാരെയെങ്കിലും മനസ്സിൽ മോഹിക്കുന്നതു കൊണ്ടാണെന്ന് വ്യാഖ്യാനിച്ചാൽ എല്ലാം എളുപ്പമാകുമല്ലോ,നാട്ടാർക്കും വീട്ടാർക്കും.

ചന്തുച്ചേകവരെ അമ്പാടിയിൽ വെച്ച് ഒരു തവണ കണ്ടിരുന്നു, പുത്തൂരം വീട്ടിൽ നിന്ന് ജാതകം ചോദിച്ച് ആളു വന്ന ആ ദിവസം.

കല്യാണപ്രായമായ ഒരു സാധാരണ പെൺകുട്ടിയെപ്പോലെ അയാളെയും ഭർത്താവിന്റെ സ്ഥാനത്ത് സങ്കല്പ്പിച്ചു നോക്കി.
കളരിയിൽ ഒറ്റയ്ക്കിരുന്ന് അയാളുടെ അഭ്യാസം കാണുന്നത്...
മുറിവിലെ ചോരയിൽ വിരലോട്ടുന്നത്.....
കാവിൽ പ്രദക്ഷിണം വെക്കുന്നത്....
ഊണു വിളമ്പുന്നതിനിടയിൽ കളി പറയുന്നത്......

പെണ്ണാലോചിച്ച് വരുന്നവരെയെല്ലാം ഇങ്ങനെ സങ്കല്പിച്ചു നോക്കാറുള്ളത് ഒരു കൗതുകത്തിന്‌...
ഒരു സാധാരണ പെൺകുട്ടിയുടെ മനസ്സിന്റെ വികൃതി.
അതിനെയാണോ നിങ്ങൾക്ക് കാമമായും മോഹമായും തോന്നാറുള്ളത്?
ബാലിശം തന്നെ.

എന്നു വെച്ച് അയാളോട് സംസാരിച്ചിരുന്നില്ല എന്നല്ല.
പുത്തൂരം വീട്ടിൽ വെച്ച് ഒന്നോരണ്ടോ തവണ കണ്ടപ്പോഴൊക്കെ അയാളോട് സംസാരിയ്ക്കാൻ ചെന്നു.
പരിചരിച്ചു.
ആ വീട്ടിലെ വീട്ടുകാരായ രണ്ട് അപരിചിതർ.
അത്രയേ കരുതിയുള്ളൂ.

ഉണ്ണിയാർച്ചയെന്ന കാവിൽ ഭഗവതി പൊന്നമ്മയെ വിളക്ക് വെച്ച് ആരാധിച്ചാവാഹിക്കുന്ന അയാളോട് സഹതാപവും തോന്നാറുണ്ട്.
ഭഗവതി അറിയുന്നുണ്ടോ ഭക്തന്റെ പരവേശം.
കുഞ്ഞിരാമനെ കല്യാണം കഴിയ്ക്കാൻ അവൾക്കും മൗനസമ്മതമായിരിക്കണം.അല്ലാതെ സുഹൃത്തിനുകൊടുത്ത വാക്ക് തെറ്റാതിരിക്കാൻ, പെങ്ങളുടെ മനസ്സ് വിഷമിപ്പിക്കുന്ന മഹാപാപമൊന്നും ചെയ്യുകില്ല പൊന്നാങ്ങള.
ആളും അനക്കവും അടിച്ചു തളിക്കാരും ഒന്നുമില്ലാത്ത എളന്തർമഠത്തിലെ,ആശ്രിതന്റെ കൂടെ എന്തിനു പാഴാക്കണം ജീവിതം എന്ന് അവളും കരുതിക്കാണണം.

അല്ലെങ്കിലും ഏതടവാണ്‌ അവൾക്ക് അപരിചിതം?

പാതിരാത്രി പുഴനീന്തിക്കടന്ന് ആറ്റുംമണമ്മേൽ , അയാൾ ഉണ്ണിയാർച്ചയുടെ അറയിൽ ചെന്നു എന്നറിഞ്ഞപ്പോൾ പാവം തോന്നി.

മലയനോട് തൊടുത്ത് മരിച്ച അച്ഛന്റെ വിവരക്കേട് ആവശ്യത്തിനു കിട്ടിയിട്ടുണ്ട് മകനും എന്നു മനസ്സ് വേദനിച്ചു.
ആ കഥ അമ്മയോട് പറഞ്ഞ് ഊണിനിടെ ഉണ്ണിയാർച്ച പരിഹസിച്ച് ചിരിച്ചപ്പോൾ,
രോഷം കൊണ്ടപ്പോൾ ,പുച്ഛം തോന്നി.

വീരാംഗന.
ഇവൾക്കേത് ആണിനെ അറിയാം.
ഏത് പെണ്ണിനെ അറിയാം, അവളെയെല്ലാതെ?
മനസ്സിൽ രോഷത്തിന്റെ കുമരം പുഴ കുത്തിയൊലിച്ചതുകൊണ്ടാകണം ചോറ്റുകലം താഴെ വീണുടഞ്ഞു.

“ഇവിടെ ചിലർക്ക് ശരിയ്ക്ക് കഞ്ഞി വാർക്കാനും അറിയില്ലേ” എന്ന പരിഹാസവും കേട്ടു അതിന്‌.
ചന്തുവിന്റെ ആത്മാഭിമാനത്തെ അവഗണനയുടെ ചുരികകൊണ്ട് വീണ്ടും വീണ്ടും കുത്തിക്കുത്തി മുറിവേല്പിക്കുന്നത നല്ലതിനെല്ലന്നു പറയണമെന്ന് തോന്നി.
പക്ഷെ ആരോട്?
ജോനകരോട് പയറ്റി ജയിച്ച മനസ്സുറപ്പുള്ള പെങ്ങളുടെ ശൗര്യത്തിനും കാരിരുമ്പിന്റെ കൈകരുത്തുള്ള ആങ്ങളയുടെ ധാർഷ്ട്യത്തിനും മുന്നിൽ ഞാനാര്‌?

പിഞ്ഞാണത്തിനും കഞ്ഞിക്കലത്തിനും മരക്കയ്യിലിനും മത്തനും വെള്ളരിയ്ക്കും വെണ്ണീറിനും ഒപ്പം അടുക്കളയിൽ മൂപ്പിളമത്തർക്കം നടത്തുന്ന പലരിലൊരാൾ.


കുഞ്ഞുണ്ടാകാൻ പോകുന്നു എന്ന വാർത്തയും ആരിലും വലിയ മാറ്റമൊന്നും ഉണ്ടാക്കിയില്ല.

വരിയ്ക്കപ്ലാവിന്റെ ചക്കയ്ക്കും മുള്ളുമൂത്തമീനിനും ഉള്ള അവകാശം സ്ഥാപിച്ചു കൊടുക്കാൻ വേണ്ടി പൊരുതാൻ വ്രതമെടുത്ത ചേകവനും കൂട്ട് പോകാൻ തയ്യാറായ മച്ചുനനും ആയിരുന്നു അന്ന് പ്രധാനവിഷയം.
അതിനിടയ്ക്ക് ആങ്ങള അങ്കം ജയിച്ചു വന്നാൽ നൂലാചാരം മടക്കിക്കൊടുത്ത് മച്ചുനന്റെ പെണ്ണാകാനുള്ള ആർച്ചയുടെ മഹാമനസ്കതയെക്കുറിച്ചും പറഞ്ഞു കേട്ടു.
വിവരക്കേട് ആർക്കും കുറവല്ല എന്ന് മനസ്സിൽ കരുതി.

അങ്കത്തിനൊടുവിൽ പേടിച്ചതെല്ലാം നടന്നു.
കാരിരുൾ മുടിയ്ക്കും ശംഖ് കഴുത്തിനും മാമ്പുള്ളി ചുണങ്ങിനും കൈകരുത്തിനും മെയ്യഴകിനും ഒപ്പം ഒരല്പം ദയ,അനുകമ്പ,വിവേകം ഇവ കൂടി കൊടുത്തില്ലല്ലോ ദൈവങ്ങളേ എന്ന് അലറിക്കരഞ്ഞു.
തുമ്പോലാർച്ചയുടെ ജാതക ദോഷവും ഓർക്കാതിരുന്നില്ല.
പിഴച്ചത് ആർക്കായാലും നഷ്ടം എനിക്ക് തന്നെ.



“കോലത്തിരി നാട്ടിൽ പുളച്ച് നടന്ന ചതിയന്റെ തലയറുത്തിട്ടും സന്തോഷമായില്ലെ നാത്തൂന്‌ ” ചോദിച്ച് ഉണ്ണിയാർച്ച വന്നു.

എന്റെ അറയിലെ ഇരുട്ടിൽ ഇടിവാളു പോലെ തിളങ്ങുന്നുണ്ട് അവളിപ്പോഴും.
അവളുടെ ആഭരണങ്ങൾ, നെറ്റിയിലെ വലിയ സിന്ദൂരപ്പൊട്ട്, മുടി നിറയെച്ചൂടിയ കുടമുല്ലപ്പൂ.
ധീരനല്ലാത്തതു കൊണ്ട് കുഞ്ഞിരാമൻ ഒരങ്കത്തിനും പോയതില്ല.
തോറ്റതില്ല.
മരിച്ചതുമില്ല.
എങ്കിലും ചോദ്യത്തിനിടയിൽ ചന്തു എന്ന പേര്‌ അവളൊരിയ്ക്കലും പറഞ്ഞില്ലല്ലൊ എന്ന് ശ്രദ്ധിക്കാതിരുന്നില്ല.

ആരോമലുണ്ണിയ്ക്ക് ആരുടെ മുഖഛായ ആണ്‌?
ഉണ്ണിയാർച്ചയുടേയോ കുഞ്ഞിരാമന്റേതോ?
രണ്ടാളുടേതുമല്ല.
അവനെ ആരോമൽചേകവരെപ്പോലെ തോന്നുന്നു.
അമ്മാവനെ ചതിച്ചുകൊന്നവനോട് മൊഴി ചോദിച്ചു വന്ന അവൻ ,
പാണരോട് അടവുകളുടെ എണ്ണം പറഞ്ഞുകൊടുക്കുന്നത് കേൾക്കാനും നില്ക്കുന്നില്ല.
എന്ത് കേട്ടാലും ഇനി ഉറങ്ങാൻ കഴിയില്ല.

ഇന്ന് രാത്രി, അവിടെ കോലത്തിരി നാട്ടിൽ ഒറ്റയ്ക്ക് കുട്ടിമാണി ഉറങ്ങിയിട്ടുണ്ടാകുമോ?

അവൾക്ക്,എനിക്ക്, ഇന്ന് ജീവതമവസാനിച്ച ആ ചേകവന്‌,
ഞങ്ങളിലാർക്കും തിരസ്കാരത്തിന്റെ കുമരം പുഴ നീന്തിക്കടക്കാൻ കഴിഞ്ഞില്ലല്ല്ലോ.

ഒരു ഭഗവദ്ഗീതയും രണ്ട് ചിരട്ടക്കയിലുകളും

August 11, 2010 Echmukutty

ലോകപ്രശസ്തനായിരുന്ന ഒരു സ്വാമിജിയുടെ ഗ്രാമത്തിലാണ് പത്ത് പതിനേഴു വർഷങ്ങൾ ഞാൻ ജീവിച്ചത്.
അദ്ദേഹം എത്ര വലിയ പണ്ഡിതനും മനുഷ്യസ്നേഹിയും ആഗോളപ്രശസ്തനുമാണെന്ന് ഗ്രാമീണർക്ക് വലിയ ധാരണയൊന്നുമുണ്ടായിരുന്നില്ല. സ്വാമിജി എഴുതിയതൊന്നും അവർ വായിച്ചറിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ അച്ഛനായ ബ്രാഹ്മണനേയും അമ്മയായ നായർ സ്ത്രീയേയും അറിയാം. കൂടുതൽ അറിവുകൾ ആവശ്യമുള്ളതായി ഗ്രാമീണർക്ക് തോന്നിയില്ലെന്ന് കരുതിക്കോളൂ. പിൽക്കാലത്ത് അദ്ദേഹത്തിനു പുത്തൻ തലമുറയിലെ ധനികരായ ഗ്രാമീണർ നൽകിയ അതിഗംഭീരമായ സ്വീകരണച്ചടങ്ങുകൾക്കൊന്നും അന്നു ഒരു മാർഗവുമുണ്ടായിരുന്നില്ല എന്നു സാരം.

ഇടയ്ക്ക് വല്ലപ്പോഴും ഗ്രാമത്തിൽ വരാറുള്ള സ്വാമിജിയെ കാണാൻ വളരെ ചുരുക്കം പേർ മാത്രമേ ആ പഴയ കാലങ്ങളിൽ ഒരുമിയ്ക്കാറുള്ളൂ. സ്വാമിജിയുടെ കുടുംബാംഗങ്ങളെ ഒഴിച്ച് നിറുത്തിയാൽ അതീവ ശുഷ്ക്കമാകുന്ന ഒരു സദസ്സ്. ആ സദസ്സുമായി മനസ്സു തുറന്ന് സംസാരിച്ച് കൊണ്ട് പാണ്ഡിത്യത്തിന്റേയോ പ്രശസ്തിയുടേയോ യാതൊരു വിധ ജാഡകളുമില്ലാതെ ശിവക്ഷേത്രത്തിന്റെ കൽപ്പടവുകളിലിരിക്കാറുള്ള അദ്ദേഹം അത്യന്തം ചൈതന്യപൂർണ്ണമായ ഒരു കാഴ്ച തന്നെയായിരുന്നു. കുട്ടിക്കാലത്തു കണ്ട ആ ഓർമ്മയ്ക്ക് തെല്ലും മങ്ങലുണ്ടായിട്ടില്ല.

അമ്മീമ്മ ആ ശുഷ്ക്ക സദസ്സിന്റെ ഭാഗമാവാറില്ലെങ്കിലും സ്വാമിജിയെ അമ്പലത്തിൽ ചെന്നു കാണാറുണ്ടായിരുന്നു. അവർക്ക് പരസ്പരം ഔന്നത്യമാർന്ന ബഹുമാനാദരങ്ങൾ ഉണ്ടായിരുന്നതായി തോന്നിയിട്ടുണ്ട്. അമ്മീമ്മ കാൽ തൊട്ട് നമസ്കരിക്കുന്നതായി കണ്ടിട്ടുള്ള ഒരേ ഒരാളും അദ്ദേഹമായിരുന്നു.

ആദ്യം കണ്ടപ്പോൾ തന്നെ കൊച്ചുകുട്ടികളായ എന്നേയും അനുജത്തിയേയും അദ്ദേഹം ഒരുമിച്ച് മടിയിലിരുത്തി, കൈയിലുണ്ടായിരുന്ന പഴം ഞങ്ങൾക്ക് സമ്മാനിച്ചു, അച്ഛനേയും അമ്മയേയും കുറിച്ച് താല്പര്യപൂർവം അന്വേഷിച്ചു, നന്നായി പഠിക്കണമെന്നും, നല്ല മനുഷ്യരാകണമെന്നും ഉപദേശിച്ചു. ഇത് ഞങ്ങൾക്ക് അത്യപൂർവമായ ഒരു ബഹുമതിയായിരുന്നു.

ജാതി നഷ്ടപ്പെടുത്തി വിവാഹിതരായ അമ്മയുടേയും അച്ഛന്റേയും ബന്ധുക്കൾ ഞങ്ങളെ വിരൽ കൊണ്ട് പോലും സ്പർശിച്ചിരുന്നില്ല. അന്ന് അച്ഛനോളം വിദ്യാഭ്യാസവും അച്ഛനുണ്ടായിരുന്നത്രയും വലിയ പദവിയുള്ള ജോലിയും ആ ഗ്രാമത്തിൽ അധികമാർക്കും ഉണ്ടായിരുന്നില്ല. ഗ്രാമത്തിൽ ആദ്യമായി ബിരുദമെടുത്ത സ്ത്രീയായിരുന്നു എന്റെ അമ്മ. അമ്മയും ഉദ്യോഗസ്ഥയായിരുന്നു.

വളരെ ചുരുക്കം ബന്ധുക്കൾ മാത്രമേ വീട്ടിൽ വന്നിരുന്നുള്ളൂ. അച്ഛന്റെ ബന്ധുക്കൾ അച്ഛനോടും അമ്മയുടെ ബന്ധുക്കൾ അമ്മയോടും അമ്മീമ്മയോടും മാത്രം സംസാരിച്ച്, തീരെ പിടിക്കാത്തപോലെയും ഒരു ഓക്കാനം പുറത്ത് ചാടാൻ അവരുടെ വായിലൊരുമ്പെട്ട് നിൽക്കുന്നതു പോലെയുമുള്ള നാട്യത്തോടെയും കാപ്പിയോ പലഹാരമോ ഊണോ കഴിച്ച് തടി കഴിച്ചിലാക്കിയിരുന്നു. അപ്പോഴാണ് സ്വാമിജി ഇങ്ങനെയൊരു കാര്യം ചെയ്യുന്നത്. ഞങ്ങളുടെ മനസ്സ് ആഹ്ലാദഭരിതമായി, ആദ്യമായി ഞങ്ങൾക്കും ഒരു പ്രാധാന്യമൊക്കെ വന്നതു പോലെ തോന്നി.

അമ്മീമ്മയുടെ അപ്പൂപ്പന്റെ ജ്യേഷ്ട സഹോദര പൌത്രനായിരുന്നു സ്വാമിജി. അവർക്ക് തമ്മിലുണ്ടായിരുന്ന വാത്സല്യത്തിനും ബഹുമാനത്തിനും ഇതുമൊരു കാരണമായിരിക്കാം. ശകലം പോലും കലർപ്പില്ലാത്ത ശുദ്ധ ബ്രാഹ്മണരൊന്നും തന്നെ സാധാരണയായി സ്വാമിജിയെ കാണാൻ പോകാറില്ല. ‘എന്നവാനാലും നായര്ചെക്കൻ താനേ‘ എന്ന് ഗ്രാമത്തിലെ തല മൂത്ത പല ബ്രാഹ്മണരും സമൂഹമഠത്തിലിരുന്ന് അദ്ദേഹത്തെ ആക്ഷേപിക്കുവാൻ താല്പര്യം പ്രദർശിപ്പിച്ചു. അദ്ദേഹത്തിന്റെ അറിവിനെ ബഹുമാനിക്കാനാവശ്യമായ ഔന്നത്യമാർന്ന വ്യക്തിത്വം അവർക്കുണ്ടായിരുന്നില്ല.

നൂറ് പേജിന്റെ ഓരോ നോട്ട് ബുക്കുകളിൽ നിറയെ ഹരേ രാമ ഹരേ കൃഷ്ണാ, എന്നും ശ്രീരാമ രാമ എന്നും ഓം നമഃശിവായ എന്നും എഴുതി അദ്ദേഹം തന്ന മേൽ വിലാസത്തിൽ അയച്ചപ്പോൾ ശ്രീകൃഷ്ണസ്തുതികളും ശ്രീരാമസ്തുതികളും മഹാദേവസ്തുതികളുമടങ്ങുന്ന ഓരോ പുസ്തകങ്ങൾ ഞങ്ങൾ കുട്ടികളുടെ പേരിൽ രജിസ്റ്റേർഡ് പോസ്റ്റായി വന്നുചേർന്നു. ഞങ്ങൾക്ക് കിട്ടിയ ആദ്യത്തെ രജിസ്റ്റേർഡ് പോസ്റ്റ് അതായിരുന്നു. ആ സ്തുതികളെല്ലാം ഞങ്ങൾ മനഃപാഠമാക്കി.

അടുത്ത തവണത്തെ വരവിൽ സ്വാമിജിക്ക് ഒരു ചെറിയ സദസ്സിനെ അഭിമുഖീകരിച്ച് പ്രസംഗിക്കേണ്ടിയിരുന്നു. അപ്പോഴാണ് ഗ്രാമത്തിലെ കുട്ടികളെ ഭഗവദ്ഗീത പഠിപ്പിക്കുന്നത് നല്ലൊരാശയമായിരിക്കുമെന്ന് എല്ലാവർക്കും തോന്നിയത്. അതു പെട്ടെന്നു തന്നെ തീരുമാനമാകുകയായിരുന്നു. സ്ഥലവും സമയവും അധ്യാപകനും നിമിഷനേരം കൊണ്ട് തയാറായി. ആവേശഭരിതരായ രക്ഷാകർത്താക്കളിൽ പലരും അപ്പോൾ തന്നെ സ്വന്തം കുട്ടികളുടെ പേരു കൊടുത്തു.

അമ്മീമ്മ ആവേശമൊന്നും കാണിച്ചില്ല. എന്തോ അതിലവർക്ക് വിശ്വാസം ഇല്ലാത്തതു പോലെ തോന്നി. പ്രസംഗമെല്ലാം തീർന്നപ്പോൾ സ്വാമിജി കഴുത്തിലിട്ടിരുന്ന പൂമാല എനിക്കും അനുജത്തിക്കുമായി സമ്മാനിച്ചു. നല്ല കുട്ടികളായിത്തീരണമെന്നും കഴിയുന്നത്ര അറിവ് നേടണമെന്നും പറഞ്ഞു. അമ്മയേയും അച്ഛനേയും അന്വേഷിക്കാനും അദ്ദേഹം മറന്നില്ല.

ഞങ്ങൾ മൂവരും അദ്ദേഹത്തെ നമസ്കരിച്ചപ്പോൾ, എന്തുകൊണ്ടോ ചില ശുദ്ധബ്രാഹ്മണക്കുട്ടികളും അദ്ദേഹത്തെ നമസ്കരിക്കുവാൻ കുനിഞ്ഞു.

ശനിയാഴ്ചയും ഞായറാഴ്ചയുമാണ് ഗീതാക്ലാസ്. ഒരു നോട്ട് ബുക്കും പെൻസിലും മാത്രം കൊണ്ടു പോയാൽ മതി. അങ്ങനെ ഞാനും അനുജത്തിയും നോട്ട് ബുക്കും പെൻസിലുമായി പുറപ്പെട്ടു. ക്ലാസ്സിലെത്തിയപ്പോൾ കുട്ടികളെല്ലാം ഇരുന്നു കഴിഞ്ഞിരുന്നു.

അധ്യാപകനായ ആൾ, വരാന്തയിൽ നിന്നിരുന്ന് ചിലരോട് നേരമ്പോക്കുകൾ പറഞ്ഞ് രസിയ്ക്കുന്നുണ്ടായിരുന്നു. അറിയപ്പെടുന്ന ഒരു സംസ്കൃത പണ്ഡിതനായിരുന്ന അദ്ദേഹം ഏതോ വലിയ വിദ്യാപീഠത്തിലൊക്കെ പഠിച്ചതാണെന്നും സംസ്കൃതത്തിൽ പച്ചവെള്ളം പോലെ സംസാരിക്കുമെന്നും ഒക്കെ കഥകളുണ്ടായിരുന്നു. ഉയർന്ന ഒരു നായർ കുടുംബത്തിലെ അംഗമായിരുന്ന അദ്ദേഹം വിവാഹം കഴിച്ചിരുന്നില്ല.

‘ഉം‘?- പുരികമുയർത്തിക്കൊണ്ട് അധ്യാപകൻ ഒരു മയവുമില്ലാതെ ചോദിച്ചു. ആ ശബ്ദത്തിന്റെ കാഠിന്യം ഞങ്ങളെ പരിഭ്രമിപ്പിക്കാതിരുന്നില്ല.

‘ഗീതാക്ലാസ്സിൽ പഠിക്കാൻ വന്നതാ‘ ഞാൻ വിക്കിക്കൊണ്ട് അറിയിച്ചു.

എന്തോ ഒരു വലിയ തമാശ കേട്ടതു പോലെ അദ്ദേഹം പൊട്ടിച്ചിരിയ്ക്കാൻ തുടങ്ങി. ഒട്ടു നേരം കഴിഞ്ഞ് ചിരിയൊതുക്കിയ ശേഷം അദ്ദേഹം പറഞ്ഞു. ‘ചെരട്ടക്കയിലുകൾക്ക് പഠിക്കാൻ പറ്റണതല്ല, ഗീത. ചെരട്ടക്കയിലു കുത്താൻ അച്ഛനാശാരിയോട് പഠിപ്പിക്കാൻ പറ.‘

വരാന്തയിൽ നിന്നവരെല്ലാം ഉറക്കെ പൊട്ടിച്ചിരിച്ചു. അവരിലാരും തന്നെ ആശാരിമാരായിരുന്നില്ല.

കരഞ്ഞു കൊണ്ട് തിരികെ വീട്ടിലേക്ക് പോകുമ്പോൾ ചെരട്ടക്കയിൽ കുത്തുന്നതെങ്ങനെയാണെന്നറിയണമെന്നും ഗീത പഠിക്കണമെന്നും ഞങ്ങൾ തീരുമാനിച്ചു.

ചെരട്ടക്കയിൽ ആശാരി സ്ത്രീകളാണുണ്ടാക്കുകയെന്ന് അന്ന് ഞങ്ങൾക്ക് അറിയുമായിരുന്നില്ല. അവരെ അതുകൊണ്ട് ചെരട്ടക്കയിലുകളെന്ന് ആക്ഷേപിക്കാറുണ്ടെന്നും അന്നു ഞങ്ങൾക്ക് അറിയുമായിരുന്നില്ല.

മാലാഖമാര്‍

August 09, 2010 മുരളി I Murali Mudra

''കണ്ണുകള്‍ക്ക്‌ മീതെ ഒരു കറുത്ത ആവരണം വന്നാല്‍ എന്താവുമെന്ന് നിനക്ക് ഊഹിക്കാമോ...ഇതുവരെ കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചകളെല്ലാം പെട്ടന്ന് മാഞ്ഞുപോയാല്‍...?''

''അതിനല്ലേ അന്ധത എന്നു പറയുന്നത്...നീ കൂടുതല്‍ സംസാരിക്കരുത്...ഒരു പക്ഷേ ഈ ചിന്തകളാവും നിന്നെ വീണ്ടും ഉള്ളിലേക്ക് വലിക്കുന്നത്..''

''സാധാരണ ചിന്തകളില്‍ കടന്നു വരാത്ത എന്തോ ഒന്നു ഈയിടെ മനസ്സിനെ വിഷമിപ്പിക്കുന്നുണ്ട് ....ഇന്നലെ കണ്ട ഒരു സ്വപ്നം...ഒരു തുലാസ്..അതിന്റെ ഒരു തട്ട് എപ്പോഴും താഴ്ന്നിരിക്കുന്നു....അതില്‍ ഒരു ശവപ്പെട്ടി വച്ചിട്ടുണ്ട്..എന്റെ ശവശരീരം മറ്റേ തട്ടിലേക്ക് ആരോ എടുത്തിട്ടു..എന്നിട്ടും ആ തട്ട് താഴുന്നില്ല...കുറേ പേര്‍ ചുറ്റും ഇരുന്നു ലേലം വിളിക്കുന്നു...പക്ഷേ....''

''നിര്‍ത്തൂ....!!!''

അസഹ്യമായപ്പോള്‍ എലിസബത്തിന്റെ ശബ്ദം ഉയര്‍ന്നു...

''ലോകത്ത് എല്ലാ കൊലപാതകികളും കടന്നു പോകുന്ന ഒരു വഴി തന്നെയാണിത്...ഇതാണ് പോയിന്റ്‌.....ഇവിടെ വച്ചാണ്.................''

ഒരു നിമിഷം നിര്‍ത്തി എലിസബത്ത് ആനിയുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി....

''നിനക്ക് പേടി തോന്നുന്നു അല്ലേ അതോ കുറ്റബോധമോ.....''

ആനി നോട്ടം മാറ്റി...

''..... രണ്ട് കാര്യങ്ങള്‍ ഉണ്ട് .....ഒന്ന് മനസ്സിലെ തീ കെട്ടു പോയ്ക്കഴിഞ്ഞാല്‍ പ്രതികാര ചിന്ത മാഞ്ഞു പോവുമോ എന്ന്...പിന്നെ ഒരു വ്യക്തിയുടെ മരണം എന്ന് പറയുന്നത് അയാളുടെ മനസ്സിന്റെ മരണമല്ലേ...ശരീരം ഭൌതികമായ ഒരു അവസ്ഥ മാത്രം ..അവിടെ ഏല്‍ക്കുന്ന പോറലുകള്‍ മനസ്സ് എങ്ങനെ എടുക്കുന്നുവോ എന്നതിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു...ഈവന്‍ മരണം പോലും..ഇറ്റ്‌ ഈസ്‌ ജസ്റ്റ്‌ നാച്ചുറല്‍ ട്രുത്ത് ഓര്‍ സോ കോള്‍ഡ്‌ ഫേയ്റ്റ്......''

വീല്‍ ചെയറിന്റെ റിമ്മിനുള്ളില്‍ കുടുങ്ങിയ സ്ക്രൂ ഡ്രൈവര്‍ ആയാസപ്പെട്ട്‌ പുറത്തെടുക്കുന്നതിനിടെ എലിസബത്ത് ആനിയെ കഠിനമായി നോക്കി....

''....ഒരു പ്രോസ്റ്റിട്ട്യൂട്ട് ചിന്തിക്കുന്നത് പോലെ.. അല്ലേ....നീ പറയുന്ന ഡിമെന്‍ഷന്‍സ് എനിക്ക് അവിടെ വായിച്ചെടുക്കാം....അവരുടെ ശരീരത്തില്‍ ഏല്‍ക്കുന്ന പോറലുകള്‍ക്ക് പണത്തിന്റെ തലോടലുകളുണ്ട് നിന്റെയും എന്റെയും ദേഹത്തെ മുറിവുകള്‍ ഉണങ്ങിയത്‌ പകയുടെ ചൂടിലാണെന്ന് പറഞ്ഞത് നീ തന്നെയല്ലേ...അയാളുടെ കുടല്‍ മാല തെരുവുപട്ടികള്‍ കടിച്ചു വലിക്കുന്നത് മനസ്സില്‍ കണ്ടുകൊണ്ട് തന്നെയല്ലേ നീയന്ന് ഫുഡ്‌ കഴിച്ചത് പോലും...വെറും മുപ്പത്തിയേഴ് ദിവസങ്ങള്‍ കടന്നു പോകുമ്പോഴേക്കും നിന്റെ മനസ്സിലെ കനല്‍ കെട്ടു പോയി അല്ലേ.....''

"ഇല്ല.... യു ആര്‍ റോങ്ങ്‌...ആ കനല്‍ ഒരിക്കലും കെടില്ല....അയാളെ കൊന്നില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ഞാന്‍ മാനസിക നില തെറ്റിയവളായി ഏതെങ്കിലും മെന്റല്‍ ഹോസ്പിറ്റലില്‍ കിടക്കുന്നുണ്ടാവുമായിരുന്നു... നിന്നെ അയാള്‍ വീല്‍ ചെയറില്‍ നിന്നും വലിച്ചു കൊണ്ട് പോവുന്നത് മരിക്കുന്നത് വരെ എന്റെ മനസ്സിലുണ്ടാവും...ബട്ട്‌..അതിന്റെ ശമ്പളം അയാള്‍ക്കു കിട്ടിക്കഴിഞ്ഞു......ഇനിയൊരാള്‍ കൂടി ബാക്കി...... പക്ഷേ.......

"അറവുശാലയില്‍ തീയതി വിധിക്കപ്പെട്ടു കിടക്കുന്ന മാടുകള്‍ അറിയുന്നില്ല അവര്‍ തിന്നുന്ന പച്ചിലകള്‍ അയവിറക്കാന്‍ കഴിയാത്തതാണെന്ന്......"

മറ്റൊരു തീയതി കൂടി കുറിക്കപ്പെട്ടു കഴിഞ്ഞതാണ്..മൊബൈലില്‍ വന്ന അവസാന മെസ്സേജിലെ അക്കൗണ്ട്‌ നമ്പരിലേക്ക് മണി ട്രാന്‍സ്ഫര്‍ ചെയ്തു കഴിഞ്ഞു..ഇനി ഒരു ഫോണ്‍ കോളിന്റെ അകലത്തിനപ്പുറത്ത് ഒരു കൊലപാതകം കൂടി ചാനലുകളില്‍ വാര്‍ത്തയാകും...

"ഞാന്‍ കുറേ ആലോചിച്ചു നോക്കി...ഒരാളെ കൊല്ലുമ്പോള്‍ നമ്മള്‍ ആരെയാണ് സത്യത്തില്‍ വേദനിപ്പിക്കുന്നത്...അയാളെയോ അതോ അയാളെ ആശ്രയിക്കുന്ന മറ്റു ചിലരെയോ....ചിലപ്പോള്‍ നമ്മളെ പോലീസ് അറസ്റ്റ് ചെയ്തേക്കും..അപ്പോള്‍ ജയിലില്‍..ഒരാളെ പിടിച്ച് കുറേക്കാലം ഒരു മുറിയില്‍ പൂട്ടിയിടുമ്പോള്‍..??..എന്താണ് അതു കൊണ്ട് അര്‍ത്ഥമാക്കുന്നത്..??..പ്രതിയുടെ മനസ്താപം..അല്ലെങ്കില്‍ മനസ്സിന്റെ ശുദ്ധീകരണം അല്ലേ....മരണം കൊണ്ട് കുറ്റവാളിക്ക് ലഭിക്കുന്നത് മോചനമാണ് .......''

''നീയാണ് നിയമം പഠിച്ചത്...ഐ ആം ജസ്റ്റ്‌ ജസ്റ്റ്‌ എ ഫിസിക്സ്‌ ഗ്രാജ്വെറ്റ്....''

ആ സ്വരത്തിലെ പ്രകടമായ നീരസം ആനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു...ശുഷ്കിച്ച വലതുകാല്‍ വീല്‍ ചെയറിന്റെ കമ്പിയോട് ചേര്‍ത്തു വെക്കാന്‍ പാടുപെട്ടുകൊണ്ട്‌ എലിസബത്ത് മൊബൈല്‍ ഫോണ്‍ കയ്യിലെടുത്തു....

"നീ ഓര്‍ക്കുന്നുവോ എലിസബത്ത്...പണ്ടൊരിക്കല്‍ നമ്മുടെ ഓര്‍ഫനെജില്‍ വച്ച് ഒരു സമ്മാനദാനം നടന്നത്....പോളിയോ ബാധിച്ച കാലുകളുമായി വേദിയില്‍ പകച്ചിരുന്ന ഒരു കൊച്ചു കുട്ടിയെ ചൂണ്ടി ഏതോ വിശിഷ്ടാഥിതി ഇവളൊരു മാലാഖയാണെന്ന് പറഞ്ഞിരുന്നു...എന്തോ എനിക്കിപ്പോള്‍ അതെല്ലാം ഓര്‍മ വരുന്നു....."

"മദര്‍ പറയാറുള്ളതോര്‍മയില്ലേ.... ഭൂമിയില്‍ ഒരു പാട് ത്യാഗങ്ങള്‍ സഹിക്കുന്നവരാണത്രെ മരിച്ചു കഴിഞ്ഞ് മാലാഖമാരായിത്തീരുന്നത്.......!!"

"ഞാനോര്‍ക്കുന്നു ...നമ്മുടെ ആദ്യത്തെ ക്രിസ്മസ് നാടകം....മാലാഖയുടെ കഥ.. കുഞ്ഞിച്ചിറകുകളുള്ള തൂവെള്ള ഉടുപ്പിട്ട മാലാഖ....ഒരുപാടു ദുഖങ്ങളുള്ള കാലുവയ്യാത്ത ഒരു കൊച്ചു കുട്ടിയെ കര്‍ത്താവിന്റെ സ്നേഹത്തിലേക്കു കൂട്ടിക്കൊണ്ടു പോകാന്‍ വന്ന കുഞ്ഞ് മാലാഖയുടെ കഥ......"

എലിസബത്തിന്റെ മുഖത്തെ ചുവപ്പ് മാഞ്ഞു തുടങ്ങിയിരുന്നു..ആനി അടുത്തു ചെന്നിരുന്ന് ആ കണ്ണുകളിലേക്ക് നോക്കി....
ഉണങ്ങിയിട്ടും മാഞ്ഞുപോകാത്ത നഖക്ഷതങ്ങള്‍ നിറഞ്ഞ ആനിയുടെ മുഖത്ത് തലോടിക്കൊണ്ട് എലിസബത്ത് പതിയെ പറഞ്ഞു...

"നീയായിരുന്നു ആ മാലാഖ...."

"നാടകത്തില്‍ ഞാന്‍ മാലാഖയായിരുന്നു...പക്ഷേ ഓര്‍ഫനെജില്‍ എല്ലാവരും നിന്നെയായിരുന്നു എയ്ന്ജല്‍ എന്ന് വിളിക്കാറ്...."

"ആ നാടകത്തിലെ അവസാന ഡയലോഗ് നിനക്കോര്‍മയുണ്ടോ....."

".............എന്റെ പാവം അമ്മയെ കൊന്ന ദുഷ്ടനായ മനുഷ്യാ...എന്നെ കൊണ്ടുപോകാന്‍ വന്ന ഈ മാലാഖയുടെ സ്നേഹത്തിനു മുന്നില്‍ നിനക്ക് വേണ്ടി തയ്യാറാക്കി വച്ചിരുന്ന വിഷപാത്രം ഞാന്‍ ദൂരെക്കളയുകയാണ്............................................."

പുറത്തു മഞ്ഞു വീണു തുടങ്ങിയിരുന്നു....കുറേ നേരത്തേക്ക് ഇരുവരും നിശബ്ദരായി...
ഒടുക്കം കയ്യിലെ മൊബൈല്‍ ഫോണ്‍ ദൂരേക്ക്‌ വലിച്ചെറിയുമ്പോള്‍ എലിസബത്ത് വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു.....

മാലാഖമാര്‍ ജന്മമെടുക്കുന്നതെങ്ങിയെന്ന് ഓര്‍ഫനെജിലെ കൊച്ചുകുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുകയായിരുന്നു മദര്‍ അപ്പോള്‍...
.

കാലിഡോസ്കോപ്പ് -റീ ലോഡഡ്

August 07, 2010 anju minesh

ഒരു നിയോണ്‍ ബള്‍ബിന്റെ വെളിച്ചത്തില്‍, വീണ ആ ബോര്‍ഡ്‌ ഒന്ന് കൂടി വായിച്ചു. "ബെര്‍ലിന്‍ .. ദൈവമേ വോഡ്ക തലയ്ക്കു പിടിച്ചോ എന്തോ ?"

ട്രെയിന്‍ ഇറങ്ങിയപ്പോള്‍ അവിടെ ഒരു മുണ്ടും നേര്യേതുമൊക്കെ ഉടുത്തൊരു കുഞ്ഞാത്തോല്‍ നിലക്കുന്നു. കഴിഞ്ഞ ആലുവ ശിവരാത്രിക്കാണോ അതോ നികേഷ് കുമാറിന്‍റെ വിട വാങ്ങല്‍ ചടങ്ങില്‍ ആണോ ഈയമ്മയെ കണ്ടത് എന്ന് ഫ്ലാഷ്ബാക്കില്‍ നോക്കുമ്പോളാണ് മനസിലായത് ആള്‍ നമ്മടെ ഹിറ്റ്ലര്‍ തിരുമേനിയുടെ ഇപ്പോഴത്തെ സംബന്ധക്കാരി ഈവ ആത്തെമ്മാര് ‍ആണെന്ന്.

ഈയമ്മയെ കണ്ടിട്ട് ഒന്നും മിണ്ടാതെ പോയാല്‍ കരപ്രമാണി ആയ ഹിറ്റ്ലര്‍ തിരുമേനിക്ക് മുഷിച്ചില്‍ ആവൂല്ലോ എന്ന് ആലോചിച്ചു ഒരു ലോഹ്യം ചോദിച്ചു. "എന്താ ഇങ്ങള് ഇവിടെ നില്‍ക്കണേ? വല്ല ബന്ധുക്കളും മലബാറിന് വരാനുണ്ടോ? മൂപ്പര്‍ക്ക് കൊഴപ്പോന്നുല്ല്യല്ലോ? "

"ഇല്ല്യ, വിശേഷിച്ചു കൊഴപ്പോന്നുല്യ. ദാ, ഇപ്പൊ നെന്മാറ പൂരത്തിന് വണ്ടി കയറ്റി വിട്ടതാ. അത് കഴിഞ്ഞു മുസോളിനി എമ്ബ്രാന്തിരിയെയും ഹിരോഹിതോ വാര്യരെയും കൂട്ടി പോളിഷ് ഇടനാഴിയില്‍ ഒരു നാമജപം നടത്തണം എന്ന് പറയണ് കേട്ടു. അവര് മൂന്നും ഇപ്പോള്‍ അടേം ചക്കരേം പോലല്ലേ "

നാല് കോളം വാര്‍ത്തക്കുള്ള വകയുണ്ടാവുമോ എന്ന ചിന്ത മനസിലേക്ക് കടന്നു വന്നപ്പോള്‍ മെല്ലെ ഈവക്കുഞാത്തോലിനെ ഒന്ന് ചൊറിഞാലോ എന്ന് വീണ നായര്‍ ആലോചിച്ചു.

പണ്ടേ കുഞ്ഞാത്തോലുമാരെ ഏഷണി കൂട്ടുന്നതില്‍ നായരിച്ചികള്‍ കേമത്തികള്‍ ആണല്ലോ.( നാരായണപണിക്കര്‍ കേള്‍ക്കാതിരുന്നാല്‍ മതി.കേട്ടാല്‍ മൂന്നു തലമുറയ്ക്ക് എന്‍. എസ്.എസ് കോളേജില്‍ അഡ്മിഷന്‍ കിട്ടില്ല്യ!)

"അല്ല ഇങ്ങള്‍ എങ്ങന്യ ഈ നാലരയടി ഉള്ള, വികലാംഗ പെന്‍ഷന്‍ വാങ്ങിക്കുന്ന തിരുമെന്യേ ഇഷ്ടപെട്ടത്? അങ്ങേര്‍ക്കു എന്തു കോളിഫിക്കേഷന്‍ ഉണ്ട്? ആള്‍ ഖസാക്കിന്‍റെ ഇതിഹാസം വായിക്കുമോ? സിറ്റി ബാങ്ക് ക്രെഡിറ്റ്‌ കാര്‍ഡ് ഉണ്ടോ? സ്വന്തമായി ബ്ലോഗോ ഓര്‍ക്കുട്ടോ, അങ്ങനെ വല്ലതും ഉണ്ടോ? പിന്നെ, എന്താ ഇതിനു പിന്നിലുള്ള ഇങ്ങളുടെ ചേതോവികാരം ?"

കുഞ്ഞാത്തോല്‍ നെടുവീര്‍പ്പിട്ടു " ഒക്കെ സംഭവിച്ചു പോയി. ഒരു കര്‍ക്കടകത്തില്‍ ബെര്‍ലിന്‍ ചന്തയില്‍ ദശപുഷ്പം വാങ്ങാന്‍ വന്നതാ. തിരുമേനി അവിടെ മൈതാനത്ത് നവ ബെര്‍ലിന്‍ യാത്ര നടത്തുന്നു. അറിയാതെ കണ്ണൊന്നു പാളി ഒന്ന് നോക്കിയപ്പോള്‍ അദേഹം വയലാറിന്‍റെ താടക ചൊല്ലുന്നു.

"സൂര്യ വംശത്തിന്നടിയറ വെക്കുമോ
ആര്യ വംശത്തിന്‍റെ സ്വര്‍ണ സിംഹാസനം "


അത് കേട്ടതും തോന്നി ഇയാള്‍ ആള് കേമാനാണല്ലോന്നു. നേരെ വീട്ടിലെ അഡ്രെസ്സ് എസ്. എം. എസ് അയച്ചു കാത്തിരുന്നു. തിരുമേനിക്ക് അസാരം ഈ വിഷയത്തില്‍ താല്പര്യം ഉള്ളത് കൊണ്ട് വൈകുന്നേരം റാന്തലുമായി ആള്‍ സമയത്തിന് തന്നെ എത്തി. അങ്ങനങ്ങട് അത് സ്ഥിരായി "

ഇത് കേട്ടതും വീണ നായര്‍ എണീറ്റു. ഇന്നത്തെ പത്രത്തില്‍ ഇടാന്‍ പറ്റിയ വാര്‍ത്തയായി. നളിനി ജമീല എന്നൊക്കെ പറയുന്നത് പോലെ ഈവകുഞ്ഞാത്തോല്‍ മനസ്സ് തുറക്കുന്നു എന്ന് പറഞ്ഞു ഒന്ന് കാച്ചാം.

"അപ്പൊ ശരി അയമ്മേ. നിക്ക് പോയിട്ട് ഒരു ബ്ലോഗ്‌ എഴുതാന്‍ ഉണ്ട്" എന്ന് പറഞ്ഞു വീണ എണീറ്റു.

"ഹ്മം നമ്മുടെ ആള് മടങ്ങി എത്താന്‍ നാലഞ്ചു ദിവസം പിടിക്കും. അത് വരെ നാരായണീയം ജപിച്ചിരിക്കാം" ഇതും പറഞ്ഞു ഇവാത്തോലും മെല്ലെ കഴിച്ചിലായി .....

മടങ്ങി വണ്ടി കയറുമ്പോള്‍ പ്രണയത്തിന്‍റെ കാലിഡോസ്കോപിന്‍റെ ആങ്കിളുകള്‍, അതിലൂടെ കാണുന്ന കാലിച്ചന്ത,നുര, പത എന്നൊക്കെ ചോദിക്കാന്‍ മറന്നല്ലോ എന്നാലോചിച്ചു വീണ ജേര്‍ണലിസം പുസ്തകങ്ങള്‍ പിന്നെയും പരതി!

മിനേഷ് ആര്‍ മേനോന്‍

അര്‍ഥമില്ലാതെ പെയ്യുന്ന മഴകള്‍

August 05, 2010 KS Binu

അമ്പലമുറ്റത്ത്‌ മഴ കനത്ത്‌ പെയ്യുന്നു. മൂടല്‍ മഞ്ഞ്‌ പോലെ മൂടിക്കെട്ടിപ്പെയ്യുന്ന മഴയില്‍ ആനക്കൊട്ടിലിനുമപ്പുറം ദൂരെ അമ്പലക്കുളവും അതിനുമപ്പുറം പരന്ന് കിടക്കുന്ന നെല്‍പാടവും പിന്നെ കറുത്ത ആകാശവും കണ്ണടയില്ലാത്ത വൃദ്ധന്റെ കാഴ്ച പോലെ അവ്യക്തമാണ്‌. പാടത്തിന്‌ നടുവിലൂടെയുള്ള തീവണ്ടിപ്പാളത്തില്‍ക്കൂടി മഴയില്‍ കുതിര്‍ന്ന് പാഞ്ഞുപോവുന്ന തീവണ്ടിയുടെ ചൂളം വിളി മഴയുടെ സംഗീതത്തില്‍ അലിഞ്ഞ്‌ ഇല്ലാതാവുന്നത്‌ ശ്രദ്ധിച്ച്‌ കണ്ണന്‍ ദേവസ്വം ഓഫീസിന്റെ തിണ്ണയിലുള്ള കസേരയിലിരുന്നു. ഒന്നും ചെയ്യാനില്ലാത്തപ്പോള്‍ മഴയിലേക്ക്‌ മനസ്സ്‌ നട്ട്‌ ഇങ്ങനെ ചാരി ഇരിക്കുന്നത്‌ എപ്പോഴായാലും ഒരു സുഖമുള്ള ഏര്‍പ്പാടാണ്‌; പ്രത്യേകിച്ചും ഒരുപാട്‌ ജോലികള്‍ ചെയ്ത്‌ ക്ഷീണിച്ചിരിക്കുമ്പോള്‍.

ഒരുമണിക്കൂറോളമാവുന്നു ഈ ഇരിപ്പ്‌ തുടങ്ങിയിട്ട്‌. എത്രമണി ആയിക്കാണും..?? മൂന്നോ അതോ മൂന്നരയോ..?? നാരകപ്പറമ്പിലെ രാജപ്പന്‍ നായര്‍ മഴ തുടങ്ങിയപ്പോള്‍ പോയതാണ്‌. ഏതായാലും മഴ വരുന്നതിന്‌ മുന്‍പേ കാര്യങ്ങളെല്ലാം ഭംഗിയായി നടന്നു എന്നും പറ‍ഞ്ഞ്‌ ആശ്വാസത്തിന്റെ ഒരു നെടിയ നിശ്വാസവുമായാണ്‌ അയാള്‍ പോയത്‌. രാജപ്പന്‍ നായരുടെ ഇളയ മകളുടെ കല്യാണമായിരുന്നു ഇന്ന്. ഇന്നലെ വരെ കുട്ടിപ്പാവാടയുമിട്ട്‌ ഒരു കൊച്ചുപെണ്‍കുട്ടിയായി നടന്നതാണ്‌ സൗമ്യ; കണ്ണന്‍ ഓര്‍ത്തു. എത്ര പെട്ടെന്നാണ്‌ പെണ്‍കുട്ടികള്‍ വളരുന്നത്‌. "സൗമ്യേടെ കല്യാണമാണ്‌ കണ്ണാ, നിന്നെ ഏല്‍പ്പിക്കുകയാണ് എല്ലാ കാര്യങ്ങളും.. നീ വേണം ഈ കല്യാണം നോക്കി നടത്താന്‍." എന്ന് രാജപ്പന്‍ നായര്‍ വന്ന് പറഞ്ഞപ്പോള്‍ യാഥാര്‍ഥ്യം പറഞ്ഞാല്‍ കണ്ണന്‍ ആശ്ചര്യപ്പെട്ട്‌ പോയി. ഒരു സ്ക്കൂള്‍കുട്ടിയെപ്പോലെ തോന്നിക്കുന്ന അവളെ ഒരു കല്യാണപ്പെണ്ണായി സങ്കല്‍പ്പിക്കുവാന്‍ തന്നെ കഴിഞ്ഞില്ല കണ്ണന്‌. കാലരഥത്തിന്റെ ചക്രങ്ങള്‍ക്ക്‌ ഇത്രയും വേഗത അനാവശ്യമാണെന്ന് അയാള്‍ക്ക്‌ തോന്നി. ജീവിതം ഒരു അന്തോം കുന്തോമില്ലാതെ പാഞ്ഞ്‌ പോവുന്നു. എന്തെങ്കിലും ഓര്‍ത്തുവെയ്ക്കാന്‍ പറ്റിയ സംഭവങ്ങളാവട്ടെ വിരളവും. ജീവിതം ശൂന്യമായി ഓടി തീരുന്ന ഒരു സിനിമാറീലുപോലെ.

ഇന്നലെ മുതല്‍ ഉള്ള പാച്ചിലാണ്‌. അച്ഛന്റെ പെട്ടെന്നുള്ള മരണശേഷം അമ്പലത്തില്‍ അച്ഛന്റെ സ്ഥാനത്ത്‌ നിയമിക്കപ്പെടുമ്പോള്‍ കഷ്ടിച്ച്‌ ഇരുപത്‌ വയസ്സ്‌ പ്രായമേ ഉണ്ടായിരുന്നുള്ളു. കുതിരയെപ്പോലെ ലക്ഷ്യമില്ലാതെ ഉള്ള കുതിപ്പിനിടയില്‍ പെട്ടെന്ന് പിടിച്ച്‌ കെട്ടിയിടപ്പെട്ടു. അമ്പലത്തിന്റെ പരിസരത്തേയ്ക്ക്‌ മാത്രമായി ജീവിതം ചുരുങ്ങിയപ്പോള്‍ ആദ്യമാദ്യം വല്ലാത്ത വീര്‍പ്പുമുട്ടല്‍ ആയിരുന്നു. കൂട്ടുകാരൊക്കെ പഠിച്ചും കളിച്ചും നടക്കുന്നു. തന്റെ ചുമലിലാവട്ടെ പെട്ടെന്ന് ചുമത്തപ്പെട്ട കുടുംബഭാരവും. ഔദ്യോഗികജീവിതത്തിന്റെ ആദ്യദിവസങ്ങളില്‍ കല്യാണം എന്ന് കേള്‍ക്കുന്നത്‌ തന്നെ മരണതുല്യമായിരുന്നു. കാരണം അമ്പലത്തില്‍ ഒരു കല്യാണം വന്നാല്‍ സര്‍വ്വചുമതലയും കണ്ണനാണ്‌. ഓഡിറ്റോറിയം തുറന്ന് വൃത്തിയാക്കി നല്‍കണം, പാത്രങ്ങള്‍ കണക്കനുസരിച്ച്‌ നല്‍കണം, പാചകക്കാര്‍ക്ക്‌ വേണ്ടുന്ന സഹായം എല്ലാം ചെയ്ത്‌ നല്‍കണം, കല്യാണമണ്ഡപം ഒരുക്കണം, എന്ന് വേണ്ട ഒരു കല്യാണത്തിന്‌ വേണ്ടുന്ന എല്ലാ കാര്യങ്ങളും ചെയ്ത്‌ കൊടുക്കണം. നാട്ടുകാരുടെ അമ്പലവും ദേവസ്വവുമാണ്‌. അപ്പോള്‍ അമ്പലത്തിലെ കാര്യസ്ഥന്‍ എന്ന നിലയ്ക്ക്‌ നാട്ടുകാരുടെ കല്യാണമെന്നാല്‍ സ്വന്തം കല്യാണം പോലെയേ കരുതാനാവൂ. മാത്രമല്ല, നാട്ടിലുള്ള പകുതിയിലധികം ആളുകളും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ബന്ധുക്കാരും സ്വന്തക്കാരുമാണ്‌. അങ്ങനെയുള്ള സ്ഥിതിവിശേഷമിരിക്കെ ഒരു കല്യാണത്തിനും ഉപേക്ഷ വിചാരിക്കുവാന്‍ പറ്റില്ല.

ഇന്ന്, ഔദ്യോഗികജീവിതത്തിലെ നാലു വര്‍ഷങ്ങള്‍ക്കിപ്പുറം തിരക്കുകള്‍ ജീവിതചര്യയുടെ ഭാഗമായിരിക്കുന്നു. കല്യാണങ്ങളും ഉത്സവങ്ങളും ഇപ്പോള്‍ പുതുമ തീരെയില്ലാത്ത, തികച്ചും സാധാരണമായ സംഭവങ്ങള്‍ ആയി മാറിയിരിക്കുന്നു. നാലു വര്‍ഷങ്ങള്‍ക്കിടയില്‍ എത്രയോ താലികെട്ടുകള്‍ കണ്ടിരിക്കുന്നു. സദ്യ ഉണ്ണുവാനുള്ള ആര്‍ത്തി പിടിച്ച തിരക്കുകള്‍, യാത്രയാവുന്ന പെണ്ണിന്റെ കണ്ണീര്‍ത്തുള്ളികള്‍, അത്‌ കണ്ടുനില്‍ക്കുന്ന വരന്റെ നിസ്സംഗത, മകളെ സുരക്ഷിതമായ കൈകളില്‍ ഏല്‍പ്പിച്ച മാതാപിതാക്കളുടെ ആനന്ദനിശ്വാസങ്ങള്‍, അങ്ങനെ അങ്ങനെ എത്രയോ ഭാവങ്ങളുടെ ആവര്‍ത്തനങ്ങള്‍ കണ്മുന്നിലൂടെ കടന്ന് പോയിരിക്കുന്നു.

തിരക്കുകളെല്ലാം ഒതുക്കി, ദേഹണ്ഡക്കാരെ പണം കൊടുത്ത്‌ പിരിച്ച്‌ വിട്ട്‌, ദേവസ്വത്തിലെ സാധനസാമഗ്രികള്‍ എല്ലാം തിരിച്ചേല്‍പ്പിച്ച്‌, കണക്കുകള്‍ എല്ലാം തീര്‍ത്തിട്ടൊടുവില്‍ യാത്ര പറയുമ്പോള്‍ രാജപ്പന്‍ നായരുടെ കണ്ണുകളിലും ഉത്തരവാദിത്വങ്ങളെല്ലാം ഇറക്കിവെച്ച്‌ സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഒരു പിതാവിന്റെ ആനന്ദാതിരേകം ഉണ്ടായിരുന്നു. ആകെ ഉള്ള രണ്ട്‌ പെണ്‍കുട്ടികളുടെയും വിവാഹം അയാള്‍ ആഗ്രഹിച്ചതുപോലെ നല്ല നിലയില്‍ കഴിഞ്ഞിരിക്കുന്നു. രണ്ടുമക്കളും സുഖമായി നല്ല രണ്ട്‌ കുടുംബങ്ങളിലേക്ക്‌ യാത്രയായിരിക്കുന്നു. ഇനി സ്വസ്ഥം, സമാധാനം. അതിന്റെ എല്ലാ നിര്‍വൃതിയോടും കൂടിയാണ്‌ അയാള്‍ പോയത്‌. "മഴയ്ക്ക്‌ മുന്‍പ്‌ വീട്‌ പറ്റണം. എന്നിട്ട്‌ ഒന്നു സുഖമായി ഉറങ്ങണം" എന്ന് പറഞ്ഞുകൊണ്ട്‌ കല്ലും മണ്ണും ചുമന്ന് ശുഷ്കിച്ചുപോയ ശരീരവുമായി ആ മനുഷ്യന്‍ ദേവസ്വം ഓഫീസിന്റെ മുന്‍പില്‍ നിന്ന് നടന്ന് പോവുന്നത്‌ നോക്കി നിന്നപ്പോള്‍ ജീവിതത്തിന്‌ എന്തൊക്കെയോ അര്‍ഥങ്ങള്‍ ഉണ്ടാവുന്നു എന്ന് കണ്ണനു തോന്നി. ആ ചാരിതാര്‍ഥ്യത്തോടെ കസേരയിലേക്ക്‌ ചാരിയതാണ്‌. ചന്നം പിന്നം മഴ തൂവി തുടങ്ങിയിരുന്നു അപ്പോള്‍.

മഴ ഇപ്പോഴും തിമിര്‍ത്ത്‌ പെയ്യുകയാണ്‌. ഇന്നിനി മഴ തോരില്ലേ.? കണ്ണന്‍ അതിശയിച്ചു. കാലം തെറ്റിപ്പെയ്ത മഴയാണ്‌. എന്നിട്ടും തുള്ളിക്കൊരു കുടം പോലെ പെയ്യുവാന്‍ തുടങ്ങിയിട്ട്‌ മണിക്കൂര്‍ ഒന്ന് കഴിഞ്ഞിരിക്കുന്നു. ഒരു പക്ഷേ രാജപ്പന്‍ നായരെന്ന പിതാവിന്റെ ആത്മനിര്‍വൃതിയായിരിക്കാം നിര്‍ത്താതെ പെയ്യുന്ന ഈ മഴ എന്ന് കണ്ണനു തോന്നി. അമ്പലത്തിന്റെ കവാടത്തിലേക്ക്‌ അവസാനിക്കുന്ന റോഡിന്റെ അരികത്തുള്ള ശശിയമ്മാവന്റെ കടയുടെ തിണ്ണയിലെ ചെറിയ ബെഞ്ചില്‍ ആരോ രണ്ട്‌ പേര്‍ കൂനിക്കൂടിയിരിക്കുന്നത്‌ അവ്യക്തമായി അയാള്‍ കണ്ടു. ജോലിക്ക്‌ പോവാന്‍ കഴിയാത്ത ആരൊക്കെയോ സമയം കളയുവാന്‍ വന്നിരിക്കുകയാണ്‌. അമ്പലത്തിന്റെ സമീപത്ത്‌ അങ്ങിനെ ചിലര്‍ ഉണ്ട്‌. ഒരു ജോലിക്കും പോവാന്‍ താല്‍പര്യം ഇല്ലാത്തവര്‍. തങ്ങളുടെ ഭാര്യമാര്‍ ചെരുപ്പിന്റെ വള്ളി വെട്ടിയും ഫോട്ടോസ്റ്റാറ്റ്‌ കടയില്‍ ജോലിക്ക്‌ നിന്നും ഉണ്ടാക്കുന്ന തുഛമായ വരുമാനം കൊണ്ട്‌ കഴിയുന്നവര്‍. എന്താണ്‌ ഇവര്‍ ഇങ്ങനെ ആയിപ്പോയത്‌.? അങ്ങോട്ട്‌ തന്നെ നോക്കിക്കൊണ്ട്‌ കണ്ണന്‍ ആലോചിച്ചിരുന്നു. മഴ ശമിച്ചു തുടങ്ങിയിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ്‌ ടാറ്‌ പൊളിഞ്ഞ റോഡില്‍ക്കൂടി ഒരു ഓട്ടോറിക്ഷ ആടിയുലഞ്ഞ്‌ വന്ന് അമ്പലത്തിന്റെ കവാടത്തില്‍ നിര്‍ത്തിയത്‌. ഒരു നിമിഷം. ആരോ ഒരാള്‍ ഓട്ടോയില്‍ നിന്ന് മഴയുടെ ചാറ്റലിലേക്ക്‌ ഇറങ്ങി. ആരാണെന്ന് വ്യക്തമാവുന്നില്ല. "ആരാണ്‌ ഈ സമയത്ത്‌.? തൊഴുവാന്‍ വന്നതാണോ.? പക്ഷേ നട തുറക്കുവാന്‍ സമയം ആയിട്ടില്ലല്ലോ. അതിനിനിയുമുണ്ട്‌ രണ്ട്‌ മണിക്കൂറോളം. പിന്നെ ആരാണ്‌.? എന്തിനാണ്‌?" കണ്ണന്‌ ഒരു ഊഹവും കിട്ടിയില്ല.

ഓട്ടോയില്‍ വന്ന മനുഷ്യനു കുടയില്ലായിരുന്നു. അയാള്‍ മഴച്ചാറ്റലിനിടയിലൂടെ പയ്യെ, ഒട്ടും ധൃതിയില്ലാതെ അമ്പലത്തിലേക്ക്‌ നടന്നു വന്നു. തീര്‍ത്തും അപരിചിതനെപ്പോലെ അയാള്‍ ചുറ്റും നോക്കുന്നുണ്ടായിരുന്നു. പരിചയമുള്ള ആളല്ല. കണ്ണനോര്‍ത്തു. ഈ നാട്ടുകാരനല്ല. എവിടെയും കണ്ട്‌ പരിചയവുമില്ല. അമ്പലത്തിലെ ജോലി അയാള്‍ക്ക്‌ ഒന്നൊഴിയാതെ എല്ലാ നാട്ടുകാരെയും ചിരപരിചിതരാക്കിയിരുന്നു. ആരാണാവോ.? നനഞ്ഞ്‌ കയറിവരുന്ന മനുഷ്യനെ നോക്കിക്കൊണ്ട്‌ കണ്ണന്‍ സ്വയം ചോദിച്ചു.

വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച മെലിഞ്ഞ ആ മനുഷ്യന്‍ സന്ദേഹത്തോടെ ദേവസ്വം ഓഫീസിന്റെ തിണ്ണയിലേക്ക്‌ കയറി വന്നു. മഴയില്‍ നനഞ്ഞ കണ്ണട എടുത്ത്‌ മുണ്ടിന്റെ കോന്തലയില്‍ തുടയ്ക്കുന്ന അയാളെ കണ്ണന്‍ ചോദ്യരൂപേണ നോക്കി. ഏകദേശം അന്‍പത്‌ വയസ്സിനടുത്ത്‌ പ്രായമുണ്ടായിരുന്നു ആ മനുഷ്യന്‌.

"ഇളംകാവ്‌ ദേവസ്വം..??" അയാള്‍ ചോദ്യം പാതിവഴിയില്‍ നിര്‍ത്തി.

"അതെ."

പെട്ടെന്ന് ഒരു അസ്വസ്ഥത അയാളുടെ മുഖത്ത്‌ പടര്‍ന്നു. എന്തോ വലിയൊരു വിഷമത അയാളെ അലട്ടുന്നതായി അയാളുടെ കണ്ണുകളും പെരുമാറ്റരീതികളും കണ്ണനോട്‌ പറഞ്ഞു.

"എന്റെ പേര്‌ രാധാകൃഷ്ണന്‍. കൊല്ലത്തുനിന്ന് വരികയാണ്‌."

"ഇങ്ങോട്ടിരിക്കൂ." കസേര മുന്‍പിലേക്ക്‌ നീക്കിയിട്ട്‌ കണ്ണന്‍ പെട്ടെന്ന് ആതിഥ്യമര്യാദ കാട്ടി.

അയാള്‍ സാവധാനം കസേരയിലേക്ക്‌ അമര്‍ന്നു. ജോലിക്കു വേണ്ടി ഇന്റര്‍വ്യൂ ബോര്‍ഡിന്റെ മുന്‍പില്‍ ഇരിക്കുന്ന ഉദ്യോഗാര്‍ഥിയുടേത്‌ പോലുള്ള ഒരു വിമ്മിട്ടം അയാളുടെ ശരീരഭാഷയില്‍ നിന്ന് വ്യക്തമായിരുന്നു. അയാളുടെ പരിഭ്രമവും ആ അപരിചിതമായ സാഹചര്യവും തന്റെ മനസ്സില്‍ അകാരണമായ ഒരു അസ്വസ്ഥത പടര്‍ത്തുന്നത്‌ കണ്ണനറിഞ്ഞു. "എന്തിനാണ്‌ ഇയാള്‍ ഇത്ര ദൂരത്ത്‌ നിന്ന് ഇവിടെ വന്നത്‌.? എന്ത്‌ പറയുവാനാണ്‌ ഇയാള്‍ ഇത്രയധികം ബുദ്ധിമുട്ടുന്നത്‌.?" കണ്ണന്‍ അയാളെ തന്നെ നോക്കിക്കൊണ്ട്‌ തന്റെ കസേരയിലേക്ക്‌ ഇരുന്നു. മഴ അപ്പോഴേക്കും ഏതാണ്ട്‌ പൂര്‍ണ്ണമായി ശമിച്ചിരുന്നു.

"ഞാന്‍ വന്നത്‌....
എന്റെ മകളുടെ വിവാഹം.. ഈ അമ്പലത്തില്‍ വെച്ച്‌ മൂന്നു മാസങ്ങള്‍ക്ക്‌ മുന്‍പ്‌ നടന്നു എന്ന് ഞാനറിഞ്ഞു..." അയാള്‍ ഒരു നിമിഷം നിര്‍ത്തി.

"അത്‌ സത്യമാണോ എന്ന് അറിയാനാണ്‌.." അയാളുടെ ശബ്ദത്തിന്‌ നേര്‍ത്ത വിറയല്‍ ഉള്ളതായി കണ്ണന്‌ തോന്നി.

കണ്ണന്‍ മിഴിച്ചിരുന്നു. അയാള്‍ക്ക്‌ ആദ്യം ഒന്നും മനസ്സിലായില്ല. "എന്താണ്‌ ഇയാള്‍ പറയുന്നത്‌.? സ്വന്തം മകളുടെ കല്യാണം സത്യമാണോ എന്ന് ഒരാള്‍ അന്യനൊരാളോട്‌ അന്വേഷിക്കുന്നു. എന്താണ്‌ യഥാര്‍ത്ഥത്തില്‍ നടക്കുന്നത്‌.?" കണ്ണന്‍ ബുദ്ധിമാന്ദ്യം സംഭവിച്ചവനെ പോലെ ഇരുന്നു.

"കഴിഞ്ഞ ഡിസംബര്‍ ഇരുപത്തിയെട്ടിന്‌ നടന്നു എന്നാണ്‌ എനിക്ക്‌ ലഭിച്ച വിവരം. അത്‌ സത്യമാണോ അല്ലയോ എന്ന് ഒന്ന് ഉറപ്പ്‌ വരുത്തുവാനാണ്‌." പറഞ്ഞ്‌ നിര്‍ത്തുമ്പോള്‍ അയാള്‍ ഒരു ആസ്ത്മാ രോഗിയേപ്പോലെ കിതയ്ക്കുന്നുണ്ടായിരുന്നു.

കണ്ണന്‍ ഒന്നും മിണ്ടിയില്ല. എന്ത്‌ പറയണം എന്ന് അയാള്‍ക്ക്‌ ഒരു ഊഹവും ഉണ്ടായിരുന്നില്ല എന്ന് പറയുന്നതാവും ശരി. കാരണം എന്താണ്‌ തന്റെ മുന്‍പില്‍ ഇരിക്കുന്ന മനുഷ്യന്‍ പറഞ്ഞ്‌ വരുന്നതെന്ന് അയാള്‍ക്ക്‌ അപ്പോഴും പൂര്‍ണ്ണമായി മനസ്സിലായിരുന്നില്ല.

"ഒറ്റ മോളാണ്‌. ബാംഗ്ലൂര്‌ നേഴ്സിംഗിന്‌ പഠിക്കുകയാണ്‌. ഇവിടെ ചങ്ങനാശേരിയില്‍ ഉള്ള ഒരു പയ്യനുമായി ഇഷ്ടത്തിലായിരുന്നു. കഴിഞ്ഞ തവണ ക്രിസ്മസിന്റെ അവധിക്ക്‌ വന്ന് തിരിച്ച്‌ പോവുന്ന വഴി അവള്‍ ഇവിടെ ഇറങ്ങി, ആ പയ്യനുമായി ഈ അമ്പലത്തില്‍ വന്ന് താലി കെട്ടി എന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌." അയാള്‍ നിര്‍ത്തിയിട്ട്‌ ശ്വാസമെടുത്തു. ആ തണുപ്പത്തും അയാളെ വിയര്‍ക്കുന്നതുപോലെ തോന്നി.

പെട്ടെന്ന് കണ്ണന്‌ ഒരു അപകടം മണത്തു. "ദേവീ, ഇതൊരു തൊല്ലയാവുന്ന ലക്ഷണമാണല്ലോ..!" അയാള്‍ മനസ്സില്‍ പറഞ്ഞു. "കെട്ടിക്കൊണ്ട്‌ പോയിട്ട്‌ അവന്‍ ഇനി അവളെ അപകടപ്പെടുത്തുകയോ മറ്റോ ചെയ്തിട്ടുണ്ടെങ്കില്‍..!!" കണ്ണന്‍ ഉള്ളില്‍ ഞെട്ടി. "നമുക്ക്‌ സമാധാനക്കേടുണ്ടാക്കാന്‍ ഓരോ മാരണങ്ങള്‌ വലിഞ്ഞ്‌ കേറി വന്നോളും. പ്രേമം മൂത്ത്‌ മുന്‍പിന്‍ നോക്കാതെ ഓരോ പെണ്‍പിള്ളേര്‍ എടുത്തുചാടും. വല്ലോം സംഭവിച്ചാല്‍ പിന്നെ നമുക്കാണ്‌ കിടക്കപ്പൊറുതിയില്ലത്തത്‌. ഇതുങ്ങളെയൊക്കെ വളര്‍ത്തി വിടുന്ന തന്തയേം തള്ളയേം പറഞ്ഞാല്‍ മതിയല്ലോ." കണ്ണന്‌ പെട്ടെന്ന് മുന്‍പിലിരിക്കുന്ന മനുഷ്യനോട്‌ ഈര്‍ഷ്യ തോന്നി.

"അതിപ്പോ..." എങ്ങനെ തുടങ്ങണം എന്ന് കണ്ണന്‌ ആശയക്കുഴപ്പം തോന്നി.

"ഇവിടെ ഒരു പാട്‌ കല്യാണങ്ങള്‌ നടക്കുന്നതാണ്‌. സാധാരണ കല്യാണങ്ങളും പ്രേമവിവാഹങ്ങളുമൊക്കെ. പ്രായപൂര്‍ത്തിയായതിന്റെ രേഖകള്‍ ഉണ്ടെങ്കില്‍ കല്യാണം നടത്തിക്കൊടുക്കാന്‍ ദേവസ്വം ബാദ്ധ്യസ്ഥരാണ്‌. പക്ഷേ അത്‌ നിയമപരമാവണമെങ്കില്‍ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യണം. എങ്കിലേ കല്യാണം സാധുവാകൂ. പഞ്ചായത്തില്‍ ചെന്ന് ഒന്ന് അന്വേഷിക്കുന്നതാവും നല്ലത്‌." കണ്ണന്‍ അയാളെ എത്രയും വേഗം ഒഴിവാക്കുവാന്‍ ആഗ്രഹിച്ചു.

"ഞാന്‍ പഞ്ചായത്തില്‍ പോയിരുന്നു. അവിടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌ ഇവിടെ വെച്ച്‌ താലികെട്ടി എന്നാണ്‌." രാധാകൃഷ്ണന്‍ പറഞ്ഞു.

അയാളെ ഒഴിവാക്കാന്‍ ഒരു പിടിവള്ളി കിട്ടിയതിന്റെ സന്തോഷം തോന്നി കണ്ണന്‌. " അവിടെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ പിന്നെ പറഞ്ഞിട്ടു കാര്യമില്ല. അമ്പലത്തിലെ ചടങ്ങ്‌ പേരിനുമാത്രമാണ്‌. എന്തെങ്കിലും ബോധിപ്പിക്കുവാനുണ്ടെങ്കില്‍ പഞ്ചായത്തില്‍ ബോധിപ്പിച്ചാല്‍ മതി."

"അതല്ല. കല്യാണം നടന്നു എന്ന് അവരു പറഞ്ഞു. താലികെട്ടിയത്‌ ഇവിടെ വെച്ചാണെന്നും അവരു പറഞ്ഞു. എന്റെ ഒരു മനസ്സമാധാനത്തിന്‌, അവസാനമായൊരു തീര്‍ച്ചപ്പെടുത്തലിന്‌, വന്നതാണ്‌. അതിന്റെ രേഖകള്‍ എനിക്കൊന്ന് കണ്ടാല്‍ കൊള്ളാമെന്നുണ്ട്‌." ദയനീയമായ ഒരു ഭാവം അയാളുടെ മുഖത്ത്‌ ഉണ്ടായിരുന്നു. അത്‌ കണ്ണനെ കൂടുതല്‍ കൂടുതല്‍ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു.

മനസ്സില്‍ തികട്ടി വന്ന ഈര്‍ഷ്യ ഉള്ളില്‍ ഒതുക്കുവാന്‍ കണ്ണന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആ വെറുപ്പ് ഒരു കള്ളമായാണ് പുറത്ത് വന്നത്; "അങ്ങനെ ചോദിച്ചാല്‍... ഡിസംബറിലെ രജിസ്റ്ററൊന്നും ഇവിടെ ഇല്ല. പഴയ റെക്കോഡുകളെല്ലാം ദേവസ്വം സെക്രട്ടറിയുടെ കൈയ്യിലാണ്‌. സെക്രട്ടറി ഇവിടെ ഇല്ലല്ലോ."

ഒതുക്കി വെച്ച അനിഷ്ടം കണ്ണന്റെ അലക്ഷ്യമായ മറുപടിയില്‍ നിന്ന് രാധാകൃഷ്ണന്‌ വ്യക്തമായിരുന്നു. എങ്കിലും അയാള്‍ ഒരു പതിതനായ ആത്മാവിനേപ്പോലെ വീണ്ടും കേണു.

"സാരമില്ല. ഞാന്‍ വെയിറ്റ്‌ ചെയ്യാം. എപ്പോഴാണ്‌ സെക്രട്ടറി വരിക.?" അയാള്‍ ചോദിച്ചു,

"സന്ധ്യയാവും." കണ്ണന്‍ വര്‍ദ്ധിച്ച അനിഷ്ടത്തോടെ പറഞ്ഞു. "കൃത്യസമയം പറയാന്‍ പറ്റില്ല."

"ആയ്ക്കോട്ടെ. സെക്രട്ടറി വരുന്നതുവരെ ഇവിടെ ഇരിക്കാമല്ലോ അല്ലേ..?" രധാകൃഷ്ണന്‍ ആ ചോദ്യത്തിന്‌ മറുപടി ആഗ്രഹിച്ചില്ല. അയാള്‍ കസേരയിലേക്ക്‌ ചാഞ്ഞു.

കണ്ണന്‍ ഒന്നും പറഞ്ഞില്ല. വെറുതെ കുറെ നിമിഷങ്ങള്‍ രാധാകൃഷ്ണനെ നോക്കിയിരുന്നു. പെട്ടെന്ന് അയാളുടെ മനസ്സിലേക്ക്‌ ഒരു നനവ്‌ പടര്‍ന്നു. സ്വപ്നങ്ങള്‍ തകര്‍ന്നൊരു മനുഷ്യാത്മാവ്‌. ദുഖിതനും നിരാശനുമാണയാള്‍. വളരെയധികം ക്ഷീണിതനും. കണ്ണുകള്‍ അടച്ചിരിക്കുന്നെങ്കിലും ആ മുഖത്ത്‌ അതിയായ വേദന പ്രകടമായിരുന്നു. കണ്ണന്‌ ഉള്ളില്‍ ആരോ കത്തികൊണ്ട്‌ വരയുന്നത്‌ പോലെ തോന്നി. അയാള്‍ നോട്ടം വെളിയിലേക്ക്‌ മാറ്റി. മഴ പൂര്‍ണ്ണമായും മാറിയിരിക്കുന്നു. പക്ഷേ ആകാശം ഇപ്പോഴും മൂടിക്കെട്ടി നില്‍ക്കുകയാണ്‌. അമ്പലമുറ്റത്ത്‌ നിറയെ വെള്ളം തളം കെട്ടിക്കിടക്കുന്നു. അമ്പലമുറ്റത്ത്‌ തന്നെയുള്ള സ്ക്കൂളില്‍ നിന്ന് കൊച്ചുകുട്ടികള്‍ മഴവെള്ളം തെറിപ്പിച്ച്‌ നടന്നുപോവുന്നു. കൊച്ചുകുട്ടിയായിരുന്ന കാലത്തേക്കുറിച്ച്‌ അയാള്‍ പെട്ടെന്ന് ഓര്‍ത്തു. നിഷ്കളങ്കമായ ബാല്യം. വലിയ മനുഷ്യരുടെ വേദനകള്‍, ദുഖങ്ങള്‍. ഒന്നുമറിയണ്ട. വെറുതെ കളിച്ച്‌ ചിരിച്ച്‌ ജീവിക്കുക. അപ്പോള്‍ കണ്ണന്‌ വീണ്ടും പഴയ ആ നാലാം ക്ലാസ്സുകാരനായി അച്ഛന്റെ കൈ പിടിച്ച്‌ മഴയിലൂടെ നടക്കുവാന്‍ തോന്നി.

കുട്ടികളെല്ലാം പോയിക്കഴിഞ്ഞിരിക്കുന്നു. സ്ക്കൂള്‍ അടയ്ക്കണം. കണ്ണന്‍ എഴുന്നേറ്റു. രാധാകൃഷ്ണനെ ഒന്ന് പാളിനോക്കി. അയാള്‍ കണ്ണടച്ചിരിക്കുകയാണ്‌. തന്നെ അയാള്‍ നോക്കുന്നില്ലല്ലോ എന്ന ആശ്വാസത്തോടെ കണ്ണന്‍ ഓഫീസിന്റെ തിണ്ണയില്‍ നിന്നിറങ്ങി സ്ക്കൂളിന്റെ നേരെ നടന്നു.

സമയം കടന്നുപോവുന്നു. ഓരോ ജോലി ചെയ്ത്‌ നടക്കുമ്പോഴും കണ്ണന്‍ ദേവസ്വം തിണ്ണയിലേക്ക്‌ ഇടയ്ക്കിടെ നോക്കിക്കൊണ്ടിരുന്നു. ആ മനുഷ്യന്‍ അവിടെ തന്നെയുണ്ട്‌. തന്റെ നേര്‍ക്കാണ്‌ അയാളുടെ നോട്ടമത്രയും എന്നത്‌ കണ്ണനെ അസ്വസ്ഥനാക്കി. അയാളുടെ സാമീപ്യം ഒഴിവാക്കുവാന്‍ വേണ്ടി മാത്രം ഇല്ലാത്ത ജോലിത്തിരക്കുകള്‍ അഭിനയിച്ച്‌ കണ്ണന്‍ അമ്പലപ്പറമ്പിലൂടെ അങ്ങോട്ടുമിങ്ങോട്ടും വെറുതെ ചുറ്റിത്തിരിഞ്ഞു. പക്ഷേ അയാളുടെ ശ്രദ്ധ മുഴുവന്‍ ഓഫീസിന്റെ തിണ്ണയില്‍ ഇരിക്കുന്ന മനുഷ്യനിലേക്കായിരുന്നു. ആ ദൈന്യമാര്‍ന്ന കണ്ണുകള്‍ തന്റെ പുറകെ നടന്ന് തന്നെ കൊത്തിവലിക്കുന്നതായി കണ്ണന്‌ തോന്നി. സമയം കഴിയുന്തോറും അയാളുടെ മനസ്സ്‌ കൂടുതല്‍ കൂടുതല്‍ അസ്വസ്ഥമായിക്കൊണ്ടിരുന്നു. ആ മനുഷ്യനോടു തന്റെയുള്ളില്‍ ആദ്യം തോന്നിയ വെറുപ്പ്‌ അലിഞ്ഞ്‌ ഇല്ലാതായിരിക്കുന്നതായി കണ്ണന്‍ തിരിച്ചറിഞ്ഞു. പകരം അയാളോട്‌ വല്ലാത്തൊരു അനുകമ്പ തന്റെയുള്ളില്‍ വളര്‍ന്ന് വരുന്നു. അതില്‍ പക്ഷേ കണ്ണന്‍ ആശ്ചര്യപ്പെട്ടില്ല. ആ മനുഷ്യനെ കുറിച്ചുള്ള ചിന്ത അത്രമേല്‍ കണ്ണനെ മഥിച്ചിരുന്നു. അയാളോടുള്ള സഹതാപം തന്റെയുള്ളില്‍ ഒരു നീറ്റലായി പടരുന്നത് അയാളറിഞ്ഞു. മക്കളെപ്പറ്റി അച്ഛനമ്മമാര്‍ നെയ്തുകൂട്ടുന്ന സ്വപ്നങ്ങളെപ്പറ്റിയും അവരുടെ വേവലാതികളെപറ്റിയുമൊക്കെ അയാള്‍ ഗാഢമായി ചിന്തിച്ചു. പെട്ടെന്ന് അയാള്‍ക്ക്‌ സ്വന്തം അച്ഛന്റെ ഓര്‍മ്മ വീണ്ടും മനസ്സിലേക്ക്‌ കടന്നു വന്നു. ആനക്കൊട്ടിലിലെ തടിമേശമേല്‍ ചാരി അയാള്‍ കുറെ നിമിഷങ്ങള്‍ ദേവസ്വം ഓഫീസിലേക്ക്‌ തന്നെ നോക്കി നിന്നു. നിമിഷങ്ങള്‍ കടന്നുപോകുംതോറും താന്‍ കീഴടങ്ങുകയാണെന്ന് കണ്ണന്‌ ബോദ്ധ്യപ്പെട്ടു. അയാള്‍ ഓഫീസിന്റെ തിണ്ണയിലേക്ക്‌ നടന്നു.

"ഞാനൊന്ന് നോക്കട്ടെ. ഇനി പുതിയ രെജിസ്റ്ററിലെങ്ങാനും ഉണ്ടോ എന്ന്. തീര്‍ച്ച പറയുവാനൊന്നും പറ്റില്ല. എങ്കിലും നമുക്ക്‌ നോക്കാം." ആദ്യത്തെ അനിഷ്ടത്തിന്‌ പകരം കണ്ണന്റെ ശബ്ദത്തില്‍ അലിവ്‌ പടര്‍ന്നിരുന്നു. അത്‌ ആ അവസ്ഥയില്‍ രാധാകൃഷ്ണന്‍ അര്‍ഹിക്കുകയും ചെയ്തിരുന്നു.

കണ്ണന്‍ അയാളെയും കൂട്ടി ഓഫീസിന്റെ അകത്തേക്ക്‌ നടന്നു.

"കല്യാണം കഴിഞ്ഞിട്ട്‌ മൂന്ന് മാസമായല്ലോ. ഇത്ര നാളും അറിഞ്ഞില്ലേ..??" രജിസ്റ്ററുകള്‍ വെച്ചിരുന്ന ഷെല്‍ഫ്‌ തുറക്കുമ്പോള്‍ കണ്ണന്‍ ചോദിച്ചു.

"താലികെട്ട്‌ കഴിഞ്ഞിട്ട്‌ അവള്‍ ബാംഗ്ലൂര്‍ക്ക്‌ പോയി. ആ പയ്യന്‌ ഇവിടെ ചങ്ങനാശേരി ടൗണില്‍ എന്തോ കടയിലാണ്‌ ജോലിയെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌. ഇപ്പോള്‍ മോള്‍ക്ക്‌ നല്ലൊരു കല്യാണാലോചന വന്നു. അപ്പോഴാണ്‌ അവള്‍ കാര്യം പറയുന്നത്‌. ഞങ്ങള്‍ പറഞ്ഞ്‌ ഒരു വിധം അവളുടെ മനസ്സ്‌ മാറ്റിയെടുത്തു. പക്ഷേ കല്യാണം രെജിസ്റ്റര്‍ ചെയ്തത്‌ കൊണ്ട്‌ ഒന്നും മേലാത്ത അവസ്ഥയിലാണ്‌. അവള്‍ക്കിപ്പോള്‍ ആ ചെക്കനേ വേണ്ട. പക്ഷേ അവന്‍ ഒഴിഞ്ഞ്‌ പോവുന്നുമില്ല. എന്ത്‌ ചെയ്യണമെന്ന് ഒരു രൂപവുമില്ല." ഇനി ഒരു വാക്കുകൂടി പറയേണ്ടി വന്നാല്‍ ആ മനുഷ്യന്‍ കരഞ്ഞ്‌ പോവുമെന്ന് കണ്ണന്‌ തോന്നി. അയാള്‍ക്ക്‌ അതിയായ വിഷമം തോന്നി.

ഡിസംബര്‍ മാസത്തിലെ രജിസ്റ്റര്‍ കയ്യില്‍ എടുക്കുമ്പോള്‍ തന്റെ ഹൃദയത്തില്‍ ഒരു കാട്ടുതീ പെട്ടെന്ന് ആളിപ്പിടിച്ചതുപോലെ കണ്ണന്‌ തോന്നി.

"എന്താ മോളുടെ പേര്‌.?" രജിസ്റ്റര്‍ ബുക്ക്‌ തുറക്കുമ്പോള്‍ അയാള്‍ പരിഭ്രമത്തോടെ ചോദിച്ചു.

"ശാലിനി."
"പയ്യന്റെ പേര്‌ രാജേഷ്‌." പറയുമ്പോള്‍ രാധാകൃഷ്ണന്‍ വല്ലാതെ വികാരാധീനനായിരുന്നു.

താളുകള്‍ മറിക്കുന്തോറും കണ്ണന്‌ തന്റെ ഹൃദയം പെരുമ്പറ കൊട്ടുന്നതുപോലെ തോന്നി. ഇരുപത്തിയെട്ടാം തീയതിയുടെ പേജ്‌ അടുത്തുവരുമ്പോള്‍ അയാളുടെ കൈകള്‍ക്ക്‌ വിറയല്‍ അനുഭവപ്പെട്ടു. ഉള്ളം കൈ വിയര്‍ത്തു. ആ പേരുകള്‍ രജിസ്റ്ററില്‍ ഉണ്ടാവരുതേ എന്ന് അയാള്‍ ആത്മാര്‍ഥമായും ആഗ്രഹിച്ചു.

പേജ്‌ നമ്പര്‍ ഇരുപത്തിയെട്ട്‌.

കണ്ണന്‌ തന്റെ ഹൃദയം ഏത്‌ നിമിഷവും ശരീരത്തിനു പുറത്ത്‌ ചാടും എന്ന് തോന്നി. ആ മനുഷ്യനേക്കാള്‍ ഇപ്പോള്‍ ആകാംക്ഷയും വേദനയും അനുഭവിക്കുന്നത്‌ താനാണോ എന്ന് അയാള്‍ അല്‍ഭുതപ്പെട്ടു. വിറയ്ക്കുന്ന വിരലുകളോടെ അയാള്‍ പേജിലൂടെ കണ്ണോടിച്ചു.


രാജേഷ്‌ ചന്ദ്രന്‍
മൂത്തേടത്ത്‌
വാഴപ്പള്ളി പി ഓ
ചങ്ങനാശേരി.

ശാലിനി ആര്‍
പുത്തന്‍പുരയ്ക്കല്‍
ആദിച്ചനല്ലൂര്‍ പി ഓ
കൊല്ലം.

കണ്ണന്‌ ശ്വാസം നിലച്ചതുപോലെ തോന്നി. അയാള്‍ ഉറപ്പു വരുത്താനായി ഒന്നു കൂടി കണ്ണോടിച്ചു. തീവ്രമായ ഒരു വേദന അയാളുടെ മനസ്സില്‍ മുളക്‌ പുരണ്ട മുറിവ്‌ പോലെ വിങ്ങി.

അയാള്‍ മുഖമുയര്‍ത്തി രാധാകൃഷ്ണന്റെ മുഖത്തേക്ക്‌ നോക്കി. ഹൃദയസ്തംഭനം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ഹൃദ്രോഗിയേപ്പോലെ തോന്നിച്ചു ആ മനുഷ്യന്‍. ആകാംക്ഷ അടക്കുവാനാവാതെ അയാളുടെ മുഖം പോലും ഇപ്പോള്‍ പലപല കഷ്ണങ്ങളായി പൊട്ടിത്തെറിച്ചേക്കും എന്ന് കണ്ണന്‌ തോന്നി. കണ്ണന്റെ നിരാശമായ മുഖത്തേക്ക്‌ നോക്കിയ മാത്രയില്‍ അയാള്‍ക്ക്‌ നേരത്തെ തന്നെ ഉറപ്പായിരുന്ന ആ സത്യം അന്ത്യവിധി പോലെ ഒന്ന് കൂടി ബോധ്യമായി.

കണ്ണന്‍ ഒന്നും മിണ്ടാതെ ആ രജിസ്റ്റര്‍ ഉയര്‍ത്തി രാധാകൃഷ്ണനെ കാണിച്ചു. രാധാകൃഷ്ണന്‍ ആ പേജിലേക്ക്‌ തന്നെ ഒരു നിമിഷം നോക്കി നിന്നു. അപ്പോള്‍ ഒരു പ്രതിമയാണയാളെന്ന് കണ്ണന്‌ തോന്നി. പെട്ടെന്ന് അയാളുടെ മുഖത്ത്‌ മുറുകി നിന്നിരുന്ന പേശികള്‍ അയഞ്ഞു. പകരം ഏതൊരു മനുഷ്യനെയും ആത്മഹത്യയ്ക്ക്‌ പ്രേരിപ്പിക്കുവാന്‍ പര്യാപ്തമായ, കൊടിയ ഒരു നിരാശ ആ മുഖത്ത്‌ പടര്‍ന്നു. കണ്ണന്‌ അയാളെ ആ ഭാവത്തോടെ കാണുവാനുള്ള ഉള്‍ക്കരുത്ത്‌ ഉണ്ടായിരുന്നില്ല. അയാള്‍ തന്റെ ദൃഷ്ടി ജനലില്‍ കൂടി വെളിയിലേക്ക്‌ പായിച്ചു.

രാധാകൃഷ്ണന്‍ തന്റെ കണ്ണട മുഖത്തുനിന്ന് എടുത്ത്‌ മുണ്ടിന്റെ കോന്തല കൊണ്ട്‌ കണ്ണ്‌ തുടച്ചിട്ട്‌ തിരിഞ്ഞ്‌ നടന്നു. കണ്ണന്‍ പെട്ടെന്ന് രജിസ്റ്റര്‍ മേശപ്പുറത്തേക്ക്‌ ഇട്ടിട്ട്‌ അയാളുടെ പുറകെ ചെന്നു. ആ മനുഷ്യന്റെ തോളില്‍ വെറുതെ ഒന്ന് തൊടാന്‍ കണ്ണന്‍ ഉല്‍ക്കടമായി ആഗ്രഹിച്ചു. എന്തുകൊണ്ടോ പക്ഷേ അയാള്‍ അതിന്‌ ധൈര്യപ്പെട്ടില്ല. ഓഫീസിന്റെ തിണ്ണയില്‍ എത്തിയ രാധാകൃഷ്ണന്‍ നിശബ്ദനായിരുന്നു. കണ്ണന്റെ ഹൃദയത്തിന്റെ അടിത്തട്ട്‌ ഇളക്കാന്‍ പോന്ന ഒരു ശൂന്യമായ നോട്ടത്തില്‍ യാത്രപറച്ചില്‍ ഒതുക്കി അയാള്‍ നടന്നകന്നു.

രാധാകൃഷ്ണന്‍ ദൂരെ വളവില്‍ നടന്ന് മറയുമ്പോള്‍ വീണ്ടും മഴ ചാറാന്‍ തുടങ്ങിയിരുന്നു. പക്ഷേ ഇത്തവണ ആ മഴയുടെ അര്‍ഥമെന്തെന്ന് കണ്ണന്‌ മനസ്സിലായില്ല.

കാലിഡോസ്കോപ്

Minesh Ramanunni

തൃക്കരിപ്പൂര്‍ റെയില്‍വേ സ്റെഷനില്‍ എത്തുമ്പോള്‍ വീണയ്ക്ക്‌ ലേശം പരിഭ്രമം തോന്നാതിരുന്നില്ല. .. ഇരുട്ട് നിറഞ്ഞ സ്റെഷനിലെ സിമന്റ് ബെഞ്ചില്‍ തിരുവനന്തപുരത്തേക്ക് പോകാന്‍ മലബാര്‍ എക്സ്പ്രസ്സും കാത്തിരിക്കുമ്പോള്‍ താന്‍ കാലഘട്ടങ്ങള്‍ക്കു പുറകിലാണെന്ന് വീണയ്ക്ക്‌ തോന്നി . കാട്ടിന്നുള്ളില്‍ മഞ്ഞ ചുമരുള്ള ഒറ്റമുറി സ്റെഷനും ട്രെയിനിന്റെ വരവറിയിച്ചു കൊണ്ടുള്ള മണി ശബ്ദവും അവള്‍ക്ക് അപരിചിതമായിരുന്നു. . സമയം കഴിയുംതോറും വീണയ്ക്ക്‌ ആശങ്ക വര്‍ദ്ധിച്ചു. ബാഗില്‍ നിന്നും ഐ ഡി കാര്‍ഡ് എടുത്തു അവള്‍ കഴുത്തില്‍ തൂക്കി. അതിലെ 'പ്രസ്‌' എന്ന നാലക്ഷരം അവള്‍ക്ക് ധൈര്യം നല്‍കി, കൂടെ ആരോ ഉണ്ടെന്ന ധൈര്യം.

തോളിലെ സഞ്ചിയില്‍ കുറെ കാലിഡോസ്കോപ്പുകളുമായി ഒരു പയ്യന്‍ പ്ലാറ്റ്ഫോമിലൂടെ നടന്നു വരുന്നത് അവള്‍ കണ്ടു. അതിലൊരെണ്ണം വാങ്ങി കാശു കൊടുക്കുമ്പോള്‍ ആ പയ്യന്റെ മുഖത്ത് ഒരു ചിരി വിടര്‍ന്നു, അപ്പോള്‍ അവള്‍ക്ക് ശ്രീകൃഷ്ണന്റെ വേഷമിട്ട നിതീഷ് ഭരദ്വാജിനെ ഓര്‍മ വന്നു. കൈയിലിരുന്ന കാലിഡോസ്കോപ്പിലൂടെ വര്‍ണ്ണക്കൂട്ടുകള്‍ നോക്കിയിരിക്കുമ്പോള്‍, അമ്മ ഇപ്പോള്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ അതിന്റെ ഫിസിക്സ് പറഞ്ഞു ബോറടിപ്പിചേനെ എന്നവള്‍ ഓര്‍ത്തു. രണ്ടക്ക സംഖ്യ പോലും കൂട്ടാനറിയാത്ത വീണയെ കണക്കിലെ ഇന്ദ്രജാലം കൊണ്ടു അമ്പരിപ്പിക്കാന്‍ അമ്മ ശ്രമിക്കുമ്പോള്‍ അവള്‍ക്ക് പലപ്പോഴും സഹതാപം തോന്നാറുണ്ട്. ക്ലാസ്സില്‍ സയന്‍സിനും കണക്കിനും എന്നും ഒന്നാമതായിരുന്ന അമ്മയെ പഠനം പൂര്‍ത്തിയാക്കുന്നതിനു മുന്പ് കല്യാണം കഴിപ്പിച്ചു വിട്ടതിന്റെ അസ്കിത അമ്മയില്‍ പ്രകടമായിരുന്നു. .

ഇരുട്ടിന്റെ നിശബ്ദതയെ മെല്ലെ നോവിച്ചു കൊണ്ടു ഏറനാടിന്റെ ഗാംഭീര്യം വിളിച്ചോതി മലബാര്‍ എക്സ്പ്രെസ്സ് അവള്‍ക്ക് മുന്നില്‍ വന്നു കിതച്ചു. നിന്നു. ധൃതിയില്‍ കയറി സീറ്റ്‌ കണ്ടു പിടിച്ച് ഇരുന്നപ്പോള്‍ അവള്‍ക്ക് ആശ്വാസം തോന്നി. എതിരെ ഇരുന്ന സ്ത്രി അവളെ നോക്കി പുഞ്ചിരിച്ചു. അവര്‍ക്ക് എം ടി കഥകളിലെ അമ്മയുടെ മുഖമാണെന്ന് അവള്‍ക്ക് തോന്നി. പുഞ്ചിരി മടക്കി നല്‍കിയിട്ട് അവള്‍ ജനലിലൂടെ പുറത്തേക്കു നോക്കിയിരുന്നു, മലബാറിന്റെ സൌന്ദര്യം ആസ്വദിക്കാന്‍.....

ഇരുട്ടിനെ കീറി മുറിച്ചു ട്രെയിന്‍ ഒരു സ്റെഷനില്‍ നിര്‍ത്തി. നിയോണ്‍ വിളക്കുകളുടെ പ്രകാശത്തില്‍ അവള്‍ ആ സ്റെഷന്റെ പേര് വായിച്ചു, 'ബെര്‍ലിന്‍'. ഒരു ഉള്‍വിളി എന്ന പോലെ അവള്‍ ട്രെയിനില്‍ നിന്നും പെട്ടെന്ന് ഇറങ്ങി.

പ്ലാറ്റ്ഫോമിലെ കല്‍ബെഞ്ചില്‍ ഇരിക്കുന്ന, പാദം വരെ എത്തുന്ന കറുത്ത ഗൌണും തലയില്‍ കറുത്ത തൊപ്പിയും അണിഞ്ഞ വെളുത്തു മെലിഞ്ഞ സുന്ദരിയെ വീണ കണ്ടു. ആ മുഖം എവിടെയാണ് കണ്ടിട്ടുള്ളതെന്നു ഓര്‍ത്തെടുക്കാന്‍ അവള്‍ ശ്രമിച്ചു. പെട്ടെന്ന് തന്നെ അവള്‍ തിരിച്ചറിഞ്ഞു, എന്നോ ഗൂഗിള്‍ ഇമേജില്‍ കണ്ട മുഖം, ഈവ ബ്രൌണ്‍! ഒരിക്കല്‍ ലോകം വിറപ്പിച്ച ഹിറ്റ്ലറുടെ മനസ് വിറപ്പിച്ച ഈവ. വീണയുടെ മനസ്സില്‍ ഒരു തീപൊരി വീണു, 'എക്സ്ക്ലൂസീവ് ഇന്റര്‍വ്യൂ'. വീണ അവരുടെ അടുത്ത് ചെന്നിരുന്നു. ഈവ അവളെ ശ്രദ്ധിക്കാതെ നിലത്തു നോക്കിയിരുന്നു. ഒരുപാടു പേരെ ചോദ്യശരങ്ങള്‍ കൊണ്ടു വീര്‍പ്പുമുട്ടിച്ച അവള്‍ക്ക് ആദ്യമായി അസ്വസ്ഥത തോന്നി . വിറയ്ക്കുന്ന വിരലുകള്‍ കൊണ്ട് വീണ ഈവയുടെ കൈയില്‍ തൊട്ടു . ഈവ അവളുടെ നേരെ നോക്കി , തണുത്ത ശബ്ദത്തില്‍ ചോദിച്ചു ; "എന്താ വീണാ ? "

വീണ അമ്പരന്നു .... അല്പസമയത്തെ ഞെട്ടലില്‍ നിന്നു മോചിതയായി വീണ ചോദിച്ചു , "എന്റെ പേര് എങ്ങനെ അറിയാം ?"

കുപ്പിവളകള്‍ കിലുങ്ങുംപോലെ ഈവ പൊട്ടിച്ചിരിച്ചു

"ഹിറ്റ്ലറുടെ അപകര്‍ഷതാബോധത്തെ കുറിച്ച് റിസര്‍ച് ചെയുന്ന നിന്നെ ഞാന്‍ അറിയണ്ടേ ? "

ജോലിത്തിരക്കുകള്‍ക്കിടയില്‍പ്പെട്ട് പലപ്പോഴും താന്‍  മറന്നു പോകുന്ന ഒരു കാര്യമാണ് ഈവ ഓര്‍മ്മിപ്പിച്ചതെന്നു വീണക്ക് തോന്നി .

വഴിയോരകച്ചവടക്കാരില്‍ നിന്ന് ഒരു പൊതി പോപ്പ്കോണ്‍ . വാങ്ങി കൊറിച്ചു കൊണ്ട് ഈവയും വീണയും ബെര്‍ലിന്‍ വീഥിയിലുടെ നടന്നു .

ഈവയോട് എങ്ങനെ സംസാരിച്ചു തുടങ്ങണം എന്ന്‌ വീണ ആലോചിച്ചു . നികേഷ് കുമാറിന്റെയും ജോണി ലുക്കൊസിന്റെയും ജോണ്‍ ബ്രിട്ടസിന്റെയും എന്തിനധികം കരന്‍ താപറിന്റെ പോലും ഇന്റര്‍വ്യൂ രീതികള്‍ അവളുടെ മനസ്സിലുടെ പാഞ്ഞു പോയി . വീണയെ അധികം ചിന്തിപ്പിച്ചു ബുദ്ധിമുട്ടിക്കാതെ ഈവ സംസാരിച്ചു തുടങ്ങി .

" എങ്ങനെയുണ്ട് ബെര്‍ലിന്‍ ?"

" കേട്ടതിനെക്കാള്‍ മനോഹരം "

വീണ ഉത്സാഹത്തോടെ പറഞ്ഞു

"കണ്ടോ , ബെര്‍ലിന്‍ എന്ത് സുന്ദരിയാണ് .അവള്‍ എപ്പോഴും സന്തോഷവതിയാണ് .എത്ര വലിയ ദുഖത്തെയും സന്തോഷം കൊണ്ടു നേരിടാന്‍ അവള്‍ക്ക് അറിയാം .സന്തോഷം നിറഞ്ഞു നിന്നാല്‍ സൌന്ദര്യം വര്‍ദ്ധിക്കും . നിനക്ക് മാതാഹരിയെ അറിയില്ലേ? "

ഈവയുടെ വാക്കുകളില്‍ ലയിച്ചിരുന്ന വീണ പറഞ്ഞു .

"അറിയാം രണ്ടാം ലോകമഹായുദ്ധക്കാലത്ത് യുദ്ധരഹസ്യങ്ങള്‍ ചോര്‍ത്താന്‍ നിയോഗിക്കപ്പെട്ട ചാരവനിത" .

"ആ മാതാഹരി നൃത്തം ചെയ്തു നിറഞ്ഞ സന്തോഷത്തോടെയാണ് മരണത്തിലേക്ക് നടന്നു പോയത് . എത്ര പേരുടെ സിരകളില്‍ അഗ്നിയായി ജ്വലിച്ചവളാണ് അവള്‍ . ആ മാതാഹരിയുടെ മനസ്സാണ് ബെര്‍ലിന്‍ മണ്ണിനും .ആര് വന്നാലും സന്തോഷത്തോടെ സ്വീകരിക്കും എത്ര വലിയ ദുരന്തവും സന്തോഷത്തോടെ ഏറ്റുവാങ്ങും "

പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഈവയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു .

" അതെ ഞാന്‍ ഒന്ന് ചോദിച്ചോട്ടെ , "

വീണ സംശയത്തോടെ പാതി വഴിയില്‍ നിര്‍ത്തി .

നടത്തത്തിന്റെ വേഗം കുറച്ചു അവളുടെ കണ്ണുകളില്‍ നോക്കി ഈവ പറഞ്ഞു .

"കുട്ടി ചോദിച്ചോളു"

"അല്ല, ഈവക്ക് എങ്ങനെയാണ് . ഹിറ്റ്ലരോട് ഇഷ്ടം തോന്നിയത് ?"

അങ്ങനെയുള്ള ഒരു മനുഷ്യനോടു ഏതെങ്കിലും പെണ്ണിന് ഇഷ്ടം തോന്നുമോ?"

വീണ്ടും കുപ്പിവളകള്‍ കിലുങ്ങി . ഈവ ചിരിക്കുകയാണ് എന്ന്‌ വീണക്ക് മനസ്സിലായി .വീണയുടെ കൈയിലിരുന്ന കാലിഡോസ്കോപ്പില്‍ തൊട്ടു കൊണ്ടു ഈവ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു .

"കുട്ടി പ്രണയം ഒരു "കാലിഡോസ്കോപ്പ് " പോലെയാണ് . ഏത് ആങ്കിളില്‍ നിന്ന് നോക്കിയാലും വര്‍ണ്ണക്കുട്ടുകള്‍ മാത്രമേ കാണാന്‍  കഴിയു ".

വീണയുടെ കവിളില്‍ ചെറുതായി തട്ടി നിയോണ്‍ വിളക്കുകളുടെ വെളിച്ചം നിറഞ്ഞ വീഥിയിലുടെ ഈവ ബ്രൌണ്‍ ധൃതിയില്‍  ഓടിയകന്നു ..ആലിസിന്റെ അല്ഭുതലോകത്തിലെ മുയലിനെപ്പോലെ ...

വീണ കണ്ണുകള്‍ തുറന്നു ചുറ്റുപാടും പകച്ചു നോക്കി .എതിരെയിരുന്ന എം. ടി കഥയിലെ അമ്മയുടെ മുഖമുള്ള സ്ത്രി അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു .

"എന്താ ഉറങ്ങിപ്പോയോ ?"

"അതെ , എന്നര്‍ത്ഥത്തില്‍ തലയാട്ടുമ്പോഴും വീണയുടെ ഉള്ളിലെ സംശയം വിട്ടു മാറിയില്ല..

ട്രെയിനിലെ ജനലിലുടെ വീണ പുറത്തേക്ക് നോക്കി, അപ്പോള്‍ ട്രെയിന്‍ പേരറിയാത്ത ഏതോ ഒരു പുഴയുടെ മുകളിലുടെ പായുകയായിരുന്നു .
 
 
അഞ്ജു നായര്‍

നഷ്ടപ്പെട്ട അവസാനപുറം

August 03, 2010 Salini Vineeth

പുറത്ത് വർണ്ണങ്ങൾ ചോർന്നു പോയ പൂക്കളാണ്. കാർഡ് തുറന്നാൽ അകത്ത് നിറമുള്ള പൂക്കളും. മനോഹരമായ ഒരു ബർത്ത്ഡേ കാർഡ്. കാർഡിൽ അഭിയുടെ കൈയ്യക്ഷരം. പെൻസിൽ കൊണ്ടെഴുതിയ വലിയ അക്ഷരങ്ങൾ.

“ഏട്ടാ, ഹാപ്പി ബർത്തഡേ…“

സ്കൂൾ ഹോസ്റ്റലിന്റെ അഡ്രസ്സും പേറി, പതിനാറാം പിറന്നാളിന്റെ തലേന്നു ആ കാർഡ് വന്നു. മറക്കാനാവില്ല, അത് കൈയ്യില്‍ കിട്ടിയ നിമിഷം...കണ്ണുകൾ നിറഞ്ഞൊഴുകി. അഭിയും, അച്ഛനും അമ്മയും ഇല്ലാത്ത ആദ്യത്തെ പിറന്നാൾ. അമ്മയുടെ ചൂടു ചോറും സാമ്പാറും ഇല്ലാത്ത, അഛന്റെ അമർത്തി മൂളലുകളും “പഠിക്കുന്നുണ്ടോ?” എന്ന ചോദ്യവും ഇല്ലാത്ത ദിനങ്ങൾ. പക്ഷേ ഹൃദയം വിങ്ങിയത്, അഭിക്കു വേണ്ടി മാത്രമായിരുന്നു.

ആ വർഷം ഓണത്തിനു അമ്മയെഴുതിയ കത്ത്. ആഘോഷിക്കാൻ കഴിയാതെ പോയ ഒരുപാട് ഓണങ്ങളുടെ തുടക്കം. കണ്ണുനീർത്തുള്ളികൾ വീണു പരന്ന അക്ഷരങ്ങൾ. എഴുതുമ്പോൾ അമ്മ കരഞ്ഞിരിക്കണം. വായിച്ചപ്പോൾ ഞാനും. കത്തിന്റെ അവസാന പുറത്ത്, അഭിയുടെ പെൻസിൽ അക്ഷരത്തെറ്റോടെ കോറിയിട്ടു.
“ചേട്ടാനില്ലാത്തകൊണ്ട് കളിക്കാൻ രസല്ല. മുറ്റത്തെ പുളിയിൽ ഊഞ്ഞാലു കെട്ടി.എത്ര പറഞ്ഞാലും അച്ഛൻ ആട്ടിത്തരില്ല. സമയല്ലാത്രെ!നമ്മടെ തെച്ചിപ്പൂവൊക്കെ മാലു കൊണ്ടോയി. അമ്മാമ എനിക്ക് അഞ്ഞൂറു രൂപ….”

തേൻ കുടിക്കുന്ന പൂമ്പാറ്റയുടെ ചിത്രമുള്ള മഞ്ഞ കാർഡ്. വലിയ അക്ഷരങ്ങളിൽ അഭിയെഴുതി.
”All the best ഏട്ടാ…”

അവന്റെ അക്ഷരങ്ങൾക്കു പെനിസിലിൽ നിന്നു പേനയിലേയ്ക്കു സ്ഥാനക്കയറ്റം കിട്ടിയിരുന്നു. എൻട്രൻസ് പരീക്ഷയ്ക്കുള്ള തിരക്കിട്ട പഠിത്തത്തിടയിൽ വന്ന കാർഡ്.അതും നെഞ്ചോടടുക്കിപ്പിടിച്ച് ഏറെ നേരം ഇരുന്നതോർക്കുന്നു.

എൻജിനീയറിങ്ങിനായി അടുത്ത ഹോസ്റ്റലിലേയ്ക്കു കൂടുമാറി. അമ്മയുടെ കത്തുകൾ മുടക്കമില്ലാതെ വന്നു കൊണ്ടിരുന്നു. കത്തുകളുടെ അവസാന പുറം അഭിക്കവകാശപ്പെട്ടതായിരുന്നു.ഞാൻ വായിച്ചു തുടങ്ങിയിരുന്നതും അവസാന പുറത്തു നിന്നാണ്. അഭി എല്ലാ വിശേഷങ്ങളും വിസ്തരിച്ചെഴുതി.പുതിയ സൈക്കിൾ വാങ്ങിയെങ്കിലും പഠിപ്പിക്കാൻ ആളില്ലാത്തതിന്റെ ദുഖവും, സ്കൂൾ വിട്ടു വരുമ്പോൾ കൃഷ്ണേട്ടന്റെ കടത്തിണ്ണയിൽ കിടക്കുന്ന പട്ടി കടിക്കുമോയെന്ന ഭയവും അങ്ങനെയങ്ങനെ… അവസാന വരി മിക്കപ്പോഴും ഒന്നായിരുന്നു.”ഏട്ടൻ എന്നാ വര്വാ?“

ഞാനില്ലാതെ അവൻ വളർന്നു. സൈക്കിൾ ഓടിക്കാനും പഠിച്ചു.

അസ്തമയ സൂര്യനെ ആവാഹിച്ച മനോഹരമായ ഈ കാർഡ് എൻജിനീയറിങ്ങ് നാലാം വർഷം എന്റെ കയ്യിലെത്തി. കൂട്ടുകാരുടെ പലരുടെയും കൈകളിൽ കയറിയിറങ്ങിയാണ് അതെത്തിയത്. അനിയനാണതയച്ചതെന്ന് ആരും വിശ്വസിച്ചില്ല. അന്ന് അഭി ഒൻപതാം ക്ലാസ്സിലായിരിക്കണം.
“missing you,
Like mist in the mornings,
And shade in the noons.
Missing you,
Like fragrance in the dusk,
And like twinkles in the night.
എന്റെ അഭിയെങ്ങനെ ഇത്രയും തെറ്റു കൂടാതെയെഴുതിയെന്നു ഞാൻ അത്ഭുതപ്പെട്ടു. മനസ്സ് എന്തിനോ വിങ്ങി. പക്ഷേ കൂട്ടുകാരുടെ ചിരിയിൽ അതു മുങ്ങിപ്പോയി.

ഓരോ തവണയും വീട്ടിൽ പോകുമ്പോൾ, അഭിക്കു ഉയരം കൂടിവരുന്നതായും, നനുത്ത മീശ മുളച്ചതായും, സൈക്കിളിനു പകരം അച്ചന്റെ ബൈക്ക് ഓടിക്കാൻ തുടങ്ങിയതായും കണ്ടു ഞാൻ അമ്പരന്നു. കൌമാരത്തിന്റെ വർണ്ണപ്പകിട്ടിലായിരുന്നു അഭിയന്ന്. ഞാൻ യൌവനത്തിന്റെ തീവ്രതയിലും. അവനു ഒരുപാടു പുതിയ കൂട്ടുകാരുണ്ടായി, നദിയുടെ രണ്ടു കൈവഴികൾ പോലെ ഞങ്ങളുടെ ജീവിതം ഒഴുകിത്തുടങ്ങി.

അമ്മയെഴുതിയ കത്തുകൾ, പിന്നീടു പല വർഷങ്ങളിലായി വന്നത്. മിക്കതിന്റേയും ഉള്ളടക്കം ഒന്നു തന്നെ.പക്ഷേ, കത്തുകൾക്ക് അവസാന പുറം ഉണ്ടായിരുന്നില്ല. അഭി ഹോസ്റ്റൽ ജീവിതം തുടങ്ങിയിരുന്നു. സൌഹൃദത്തിന്റെയും പ്രണയത്തിന്റെയും മിഴിവാർന്ന ആ ദിനങ്ങളിൽ, ശൂന്യമായ അവസാന പുറം എന്നെ അലോസരപ്പെടുത്തിയതേയില്ല.

അഭിയുടെ കൈയ്യക്ഷരമുള്ള ഒരു കാർഡും ഇനി ഈ കൂട്ടത്തിലില്ല. എവിടെയോ ഒരു നേർത്ത പട്ടുനൂൽ മുറിയുന്ന വേദന. ഒരുപാടു വൈകിപ്പോയി..ഒരു തിരിച്ചു വരവിന് കഴിയാത്ത വിധം ഞാനും അഭിയും വളർന്നും പോയി.

അമ്മ

August 01, 2010 അനില്‍കുമാര്‍ . സി. പി.


അമ്മയെ ആശുപത്രിയില്‍ അഡ്മിറ്റു ചെയ്ത് തിരിച്ചു വീട്ടിലേക്ക് പോരുമ്പോള്‍ മനസ്സാകെ അസ്വസ്ഥമായിരുന്നു.

എന്റെ ഓര്‍മയില്‍ ആദ്യമായാണ് അമ്മയെ ഒരു ആശുപത്രിയില്‍ കിടത്തി ചികിത്സിപ്പിക്കേണ്ടി വരുന്നത്. അല്പം ഗുരുതരമായ അവസ്ഥയായിരുന്നതിനാല്‍, പരിശോധനാമുറിയില്‍ സ്കാനിങ്ങ് റിപ്പോര്‍ട്ടും ഫിലിമുകളും ഡോക്ടര്‍ തിരിച്ചും മറിച്ചും നോക്കുന്നതും, അദ്ദേഹത്തിന്റെ മുഖത്ത് വിവിധ ഭാവങ്ങള്‍ മാറിമാറി വരുന്നതും വല്ലാത്തൊരു ആകാംക്ഷ ഉണ്ടാക്കി. അവസാനം പിരിമുറുക്കത്തിനു അയവു വരുത്തി അദ്ദേഹം പറഞ്ഞു,

‘വിഷമിക്കാനൊന്നുമില്ല, എങ്കിലും കുറച്ചു ദിവസം ഇവിടെ കിടക്കട്ടെ’

വീല്‍ചെയറിലിരുത്തി അമ്മയെ മുറിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ആ മുഖം വല്ലാതെ വാടിയിരുന്നു. പ്രായത്തിനു തളര്‍ത്താന്‍ കഴിയാത്ത സജീവതയുമായി ഓടിച്ചാടി നടന്നിരുന്ന അമ്മക്ക് പെട്ടെന്ന് പത്തു വയസ്സ് കൂടിയത് പോലെ! എന്റെ കയ്യില്‍ പിടിച്ചിരുന്ന അമ്മയുടെ വിരലുകളുടെ വിറയല്‍ ഒരു നോവായി എന്നിലും അരിച്ചു കയറാന്‍ തുടങ്ങി.

പെട്ടെന്ന് ബ്രേക്കിട്ടതിന്റെ കുലുക്കവും, റോഡില്‍ ഉച്ചത്തില്‍ ടയറുരഞ്ഞതിന്റെ ശബ്ദവും പിന്നെ ഡ്രൈവറുടെ ആരോടോ ഉള്ള ഉച്ചത്തിലുള്ള ശകാരവും കേട്ടാണ് ചിന്തകളില്‍ നിന്നുണര്‍ന്നത്.

‘ചാവാനായി ഓരോന്നിറങ്ങിക്കോളും മനുഷ്യനെ മിനക്കെടുത്താനായി!’

‘എന്തു പറ്റി?’

‘ഏതോ ഒരു തള്ള കാണുന്ന വണ്ടിക്കൊക്കെ കൈ കാണിക്കുന്നു. ഇപ്പോള്‍ നമ്മുടെ വണ്ടിയുടെ മുന്നില്‍ ചാടിയേനേ, എന്തായാലും രക്ഷപ്പെട്ടു’

അപ്പോഴാണ് ഞാന്‍ കാറിനടുത്ത് നില്‍ക്കുന്ന പ്രായമായ സ്ത്രീയെ ശ്രദ്ധിച്ചത്. ഒരല്പം മുഷിഞ്ഞ വസ്ത്രങ്ങള്‍, വെള്ളി കെട്ടിയ തലമുടി, കുഴിഞ്ഞു താണ ക്ഷീണിച്ച കണ്ണുകളില്‍ വല്ലാത്തൊരു ദയനീയത. കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീര്‍ പുറംകൈ കൊണ്ടു തുടച്ച്, ചുണ്ടുകടിച്ചുപിടിച്ച് വിതുമ്പലൊതുക്കാന്‍ പാടുപാടുന്ന ഒരു സ്ത്രീ. ആ ക്ഷീണിച്ച മുഖത്ത് അപ്പോഴും എന്തോ ഒരൈശ്വര്യം ബാക്കി നില്‍ക്കുന്നത് പോലെ.

കാറിന്റെ വിന്‍ഡോ ഗ്ലാസ്‌ താഴ്ത്തി,

‘എന്തു പറ്റി, എവിടേക്കാണ് പോകേണ്ടത്?’

നിറഞ്ഞു തുളുമ്പുന്ന കണ്ണുകളുയര്‍ത്തി അവര്‍ എന്നെ നോക്കി, പിന്നെ യാചനയുടെ സ്വരത്തില്‍ ചോദിച്ചു,

‘മോനേ, എന്നേയും കൂടി കൊണ്ടുപോകാമോ?’

‘അതിപ്പോള്‍ എങ്ങോട്ടാണ് പോകേണ്ടതെന്ന് പറയാതെ ...?’

അതിനിടയില്‍ അപ്പോഴും കലിയടങ്ങിയിട്ടില്ലാത്ത ഡ്രൈവര്‍ ഇടപെട്ടു,

‘സാര്‍, ഏതാ എന്താ എന്നൊന്നുമറിയാതെ ആവശ്യമില്ലാത്ത കുരിശൊന്നും എടുത്തു തലയില്‍ വെക്കണ്ട’.


ആ സ്ത്രീയുടെ ദൈന്യത നിഴലിക്കുന്ന മുഖത്തേക്ക് നോക്കിയപ്പോള്‍ ഒന്നും പറയാന്‍ തോന്നിയില്ല. കാറിന്റെ വാതില്‍ തുറന്നു കൊടുത്തു. ഡ്രൈവറുടെ നീരസത്തോടെയുള്ള നോട്ടം കണ്ടില്ലെന്ന് വെച്ചു.

ഉടുത്തിരുന്ന സെറ്റ്മുണ്ടിന്റെ കോന്തല കടിച്ചു പിടിച്ച് കരച്ചിലടക്കാന്‍ പാടുപെട്ട് സീറ്റിന്റെ ഓരം ചേര്‍ന്ന് അവര്‍ ഇരുന്നു.

‘അമ്മക്ക് എവിടേക്കാണ് പോകേണ്ടത്?’

ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി! പിന്നെ മുറിഞ്ഞു വീണ വാക്കുകളിലൂടെ അവര്‍ പറഞ്ഞു,

‘എനിക്ക്... എനിക്ക് അറിയില്ല മോനേ’.

പകച്ചിരിക്കുന്നതിനിടയില്‍ ‘ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ’ എന്ന അര്‍ത്ഥത്തില്‍ ഡ്രൈവര്‍ എന്നെയൊന്നു നോക്കി!

‘അപ്പോള്‍ പിന്നെ ഇവിടെ എങ്ങനെയെത്തി, എവിടെയാണ് വീട്?'

‘ഉം..വീട്!'

അവര്‍ പുറത്തേക്ക് നോക്കി ഏറെനേരം നിശ്ശബ്ദയായി ഇരുന്നു.

പിന്നെ സെറ്റ്മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണുതുടച്ച് അവര്‍ പറഞ്ഞു തുടങ്ങി.


"എനിക്കുമുണ്ടായിരുന്നു മോനേ ഒരു വീടും, വീട്ടുകാരുമൊക്കെ..... ഭര്‍ത്താവു സ്നേഹമുള്ള ആളായിരുന്നു, ആകെയുള്ളൊരു മോന്‍ പഠിക്കാന്‍ നല്ല മിടുക്കനും. നാട്ടിന്‍പുറത്തെ ഒരു പെണ്ണിന് സന്തോഷിക്കാന്‍ ഇതൊക്കെ പോരെ? ഞാനും വളരെ സന്തോഷത്തിലാ കഴിഞ്ഞിരുന്നെ. പക്ഷെ, ആ സന്തോഷം അധികനാളുണ്ടായില്ല. ഭര്‍ത്താവിന്റെ പെട്ടന്നുള്ള മരണം... അതോടെ എന്റെ സന്തോഷമൊക്കെ തീര്‍ന്നു. എന്നാലും മകന് വേണ്ടി ജീവിച്ചു. ജീവിതത്തിന്റെ നല്ല പ്രായത്തില്‍ വിധവയാകേണ്ടി വന്നപ്പോള്‍ വീട്ടുകാരും, നാട്ടുകാരുമൊക്കെ മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിച്ചതായിരുന്നു...... പക്ഷെ, എല്ലാ കഷ്ടപ്പാടുകളും സഹിച്ച് മകനെ ഒരു കരയെത്തിച്ചപ്പോള്‍, വിജയിച്ചു എന്ന തോന്നലായിരുന്നു. സ്നേഹവും ബഹുമാനവുമൊക്കെ ആവശ്യത്തിലേറെ അവനും തിരിച്ചു തന്നിരുന്നു."


നിറയാന്‍ തുടങ്ങിയ കണ്ണുകള്‍ വീണ്ടും തുടച്ച് അവര്‍ തുടര്‍ന്നു.

‘മകന്റെ കല്യാണം കഴിഞ്ഞതോടെയാണ് അവന്‍ എന്നില്‍ നിന്നും കുറേശ്ശേയായി അകലാന്‍ തുടങ്ങിയത്.  ഓരോരോ  കാരണങ്ങള്‍ പറഞ്ഞു സ്വത്തുക്കള്‍ ഓരോന്നായി അവന്‍ എഴുതി വാങ്ങിയപ്പോഴെല്ലാം അവയെല്ലാം അവനു തന്നെയുള്ളതാണല്ലോ എന്ന ആശ്വാസമായിരുന്നു. അവസാനം ഏതോ ലോണിന്റെ ആവശ്യത്തിനെന്നു പറഞ്ഞ് വീട് കൂടി അവന്റെ പേരില്‍ എഴുതി വാങ്ങി. അതോടെ  വീട്ടിലെ എന്റെ സ്ഥാനം ഒരു ജോലിക്കാരിയുടേത്‌  മാത്രമായി. എന്നിട്ടും എല്ലാം സഹിച്ചത്,അവന്‍ എന്റെ മകനല്ലേ എന്നോര്‍ത്താണ്. പിന്നെ,  മനസ്സിന്റെ വേവലാതിയും പ്രായവും കൊണ്ടാകാം  ഓരോ രോഗങ്ങള്‍ എന്നെ പിടികൂടിയതോടെ ഞാന്‍ അവര്‍ക്ക് ഒരു ബാധ്യതയായി. കണ്ണിലെണ്ണയൊഴിച്ചു വളര്‍ത്തിയ എന്റെ മകന് എന്നേ കാണുന്നത് പോലും ചതുര്‍ത്ഥിയായി!'

ഏങ്ങലടികള്‍ ഒന്നൊതുങ്ങിയപ്പോള്‍ അവര്‍ തുടര്‍ന്നു.

‘ആത്മഹത്യ ചെയ്യാനുള്ള ധൈര്യം ഒന്നും എനിക്കില്ലാതെ പോയി!’

‘പിന്നെ ഇപ്പോള്‍, ഇവിടെ എങ്ങിനെയെത്തി?'

‘ഒരുപാടു നാളു കൂടിയാ, ഇന്നലെ മകന്‍ എന്നോട് സ്നേഹത്തോടെ സംസാരിച്ചത്, ‘നാളെ ഞാന്‍ ഗുരുവായൂരിനടുത്ത് ഒരാവശ്യത്തിന് പോകുന്നുണ്ട്, വേണമെങ്കില്‍ അമ്മയും പോന്നോളൂ, അവിടെ തൊഴാം’ എന്നു പറഞ്ഞപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. മരുമോള്  കൂടി നിര്‍ബന്ധിച്ചപ്പോള്‍, അവസാനം എന്റെ പ്രാര്‍ത്ഥനകളൊക്കെ ദൈവം കേട്ടല്ലോ എന്ന ആശ്വാസമായിരുന്നു. പിന്നെ, വെളുപ്പിനേ എപ്പോഴോ ആണ് ഇവിടെ എത്തിയത്.

തട്ടുകടയില്‍ നിന്നും കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ മകന്‍ പറഞ്ഞു, ‘അമ്മ ഇവിടിരിക്ക്, ഞാന്‍ മൊബൈല്‍ എടുക്കാന്‍ മറന്നു, കാപ്പി കുടിച്ചു കഴിയുമ്പോഴേക്കും അടുത്ത ബൂത്തില്‍ നിന്നും അത്യാവശ്യമായി ഒന്നു ഫോണ്‍ ചെയ്തിട്ട് വരാം’. എന്നും പറഞ്ഞു അവന്‍ അന്നേരം പോയതാണ്, പിന്നെ ഇപ്പോള്‍ ഈ സമയം വരെ ഞാന്‍ ഇവിടെ കാത്തിരുന്നു. ഇപ്പോഴാണ് മോനേ എനിക്ക് മനസ്സിലായത്, അവനെന്നെ ഇവിടെ ഉപേക്ഷിച്ചിട്ട് പോയതാണെന്ന്!’

ഇരു കൈകളിലും മുഖം പൊത്തി അവര്‍ പൊട്ടിപ്പൊട്ടി കരയാന്‍ തുടങ്ങി.

‘എങ്കില്‍ ഞാന്‍ അമ്മയെ വീട്ടില്‍ കൊണ്ട് വിടട്ടേ?’

‘ഇനി ആ വീട്ടിലേക്ക് ചെന്നാല്‍ എന്നെ അവര്‍ കൊന്നുകളയില്ല എന്നു ഞാന്‍ എങ്ങനെ വിശ്വസിക്കും മോനേ?'

അവരുടെ മെലിഞ്ഞ കൈവിരലുകള്‍ കയ്യിലെടുത്ത് ഞാന്‍ ചോദിച്ചു,

‘എങ്കില്‍ അമ്മയെ ഞാനെന്റെ വീട്ടിലേക്ക് കൊണ്ട്പോകട്ടേ, ജോലിക്കാരിയായല്ല, എന്റെ കുട്ടികളുടെ മുത്തശ്ശിയായി?’

അവരുടെ മുഖത്ത് ഒരു നിമിഷം കണ്ണുനീരില്‍ കുതിര്‍ന്ന ഒരു പുഞ്ചിരി വിടര്‍ന്നു.

‘വേണ്ട മോനേ, നാളെ ഒരു പക്ഷേ നിങ്ങള്‍ക്കും ഞാനൊരു ബാധ്യതയാകും. ഇനി മറ്റൊന്ന് കൂടി സഹിക്കാനുള്ള ത്രാണി എനിക്കില്ല! കഴിയുമെങ്കില്‍, ബുദ്ധിമുട്ടാവില്ലെങ്കില്‍... ഏതെങ്കിലുമൊരു അനാഥാലയത്തില്‍ എന്നെ ഒന്നെത്തിച്ചു തരുമോ കുട്ടി?’

ഒരു നിമിഷം എന്തു പറയണം എന്നറിയാതെ അമ്പരന്നു; എവിടെയാണിപ്പോള്‍ അനാഥാലയം അന്വേഷിച്ചു പോവുക! പൊടുന്നനെയാണ് ഒരു സുഹൃത്ത്, തനിക്ക് ഓഹരിയായി കിട്ടിയ തറവാട് ‘സ്നേഹാശ്രമം’ എന്ന പേരില്‍ അനാഥരായ വൃദ്ധര്‍ക്ക് താമസിക്കാനുള്ള ഒരു ഷെല്‍റ്റര്‍ പോലെ നടത്തുന്ന കാര്യം ഓര്‍മ്മ വന്നത്. പലപ്പോഴും അതിന്റെ നടത്തിപ്പിനായി ഞാനും സംഭാവന നല്‍കിയിട്ടുണ്ടായിരുന്നു. അപ്പോള്‍ തന്നെ അവനെ മൊബൈലില്‍ വിളിച്ചു, കാര്യങ്ങളൊക്കെ കേട്ടതോടെ ‘വന്നോളൂ, ഉള്ള സ്ഥലത്ത് ശരിയാക്കാം’ എന്നു പറഞ്ഞതോടെ ആശ്വാസമായി.

പിന്നെ ‘സ്നേഹാശ്രമത്തില്‍’ ആ അമ്മയെ ഏല്‍പ്പിച്ച്  മടങ്ങാനൊരുങ്ങുമ്പോള്‍ ഞാന്‍ പറഞ്ഞു,

‘അമ്മ വിഷമിക്കരുത്, ഇടയ്ക്കു ഞാന്‍ വരാം‘

യാത്ര പറയാന്‍ തുടങ്ങുമ്പോള്‍ എന്റെ ഇരുകൈകളും കൂട്ടിപ്പിടിച്ച് ആ അമ്മ പറഞ്ഞു,

‘അടുത്ത ജന്മത്തിലെങ്കിലും ഇങ്ങനെയൊരു മകന്റെ അമ്മയാകാനുള്ള ഭാഗ്യം ഈശ്വരന്‍ എനിക്ക് തരട്ടെ’

കാറില്‍ കയറിയിരുന്നു തിരിഞ്ഞു നോക്കുമ്പോള്‍ എന്നെത്തന്നെ നോക്കി നിറകണ്ണുകളോടെ ആ അമ്മ സ്നേഹാശ്രമത്തിന്റെ പൂമുഖത്ത് നില്‍ക്കുന്നുണ്ടായിരുന്നു.

പിന്നെ ഡ്രൈവറോട് പറഞ്ഞു,


'തിരിച്ച് ആശുപത്രിയിലേക്ക് തന്നെ വിട്ടോളൂ, എനിക്കെന്റെ അമ്മയെ ഒന്ന് കാണണം.'