സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



നടപ്പാതയിൽ വീണുടയുന്ന സ്വപ്നങ്ങൾ

April 28, 2010 Manoraj

സമയം നട്ടുച്ച. നഗരത്തിലെ തിരക്കേറിയ റോഡിലൂടെ അലക്ഷ്യമായുള്ള ഒരു അലച്ചിലിലായിരുന്നു ഞാൻ. നാളേ വിഷുവായതിനാൽ നിരത്തുകൾ മുഴുവൻ വഴിവാണിഭക്കാർ കൈയടക്കിയിരിക്കുകയാണ്. എങ്ങും തിരക്ക്‌ പിടിച്ച്‌ പായുന്ന മനുഷ്യർ. തിരക്ക്‌ പൊതുവെ ഇഷ്ടമല്ല. എന്നും തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ്‌ മാറി നടക്കുകയാണ് പതിവുരീതിയും. അതുകൊണ്ട്‌ തന്നെ എല്ലാവരും എപ്പോഴും ഒറ്റപ്പെടുത്താറുമുണ്ട്‌. ഇന്ന് പക്ഷെ തിരക്കിൽ പെട്ട്‌പോയതാണ്. പതിവില്ലാത്ത വിധം ഇന്ന് ഓഫീസിനു അവധി പ്രഖ്യാപിച്ചു. പ്രൈവറ്റ്‌ മാനേജ്‌മന്റിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാൻ കഴിയാത്ത ഒരു കാര്യം. എവിടെയോ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഇന്ന് മുഴുവൻ കറന്റ്‌ ഉണ്ടാവില്ല എന്ന് അറിയിപ്പ്‌ വന്നതിന് തൊട്ടുപിന്നാലെ ഫാക്ടറിക്ക്‌ അവധിനൽക്കികൊണ്ട്‌ ഡയറക്ടർ സർക്കുലർ ഇറക്കി. തീരെ താൽപര്യം തോന്നിയില്ല.. മുടിഞ്ഞ ചൂടിൽ ഓഫീസിലെ എയർ കണ്ടീഷനറുടെ ശീതളിമ തരുന്ന ഒരു സുഖം നഷ്ടപ്പെടും എന്നതിനേക്കാൾ ഒരു പകുതി ദിവസം കൊണ്ട്‌ ഒന്നും ചെയ്യാനില്ല എന്നതായിരുന്നു.

എന്തൊ പെട്ടെന്ന് ശ്രദ്ധ ഒരു കുട്ട നിറയെ ശ്രീകൃഷ്ണ വിഗ്രഹവുമായി ഇരിക്കുന്ന ഒരു പെൺകുട്ടിയിലേക്ക്‌ തിരിഞ്ഞു. എന്ത്‌ ഭംഗിയാണു ശ്രീകൃഷ്ണ പ്രതിമകൾ കാണാൻ.. പീലിത്തിരുമുടിയും ഓടക്കുഴലും എല്ലാമായി.. അതിനടുത്തിരിക്കുന്ന അവളുടെ നിറവും കൃഷ്ണയുടെ തന്നെ.. ശ്യാമവർണ്ണം. മെല്ലെ അവളുടെ അടുത്തേക്ക്‌ ചെന്നു..

"സാർ.. നല്ല പ്രതിമകളാണു സാർ.. കണികണ്ടുണരാൻ പറ്റിയ വിഗ്രഹങ്ങൾ..." അവളുടെ മുഖത്ത്‌ പ്രതീക്ഷയുടെ സ്ഫുലിംഗങ്ങൾ. കണ്ണൂകളിൽ യാചനാ ഭാവം..

അച്ഛന്റെ മരണം കാരണം വർഷം ആഘോഷങ്ങൾക്കെല്ലാം അവധിയാണ്.. ജീവിച്ചിരുന്നപ്പോൾ കാട്ടാത്ത ആദരവ്‌ മരിച്ച്‌ കഴിയുമ്പോളാണല്ലോ മനസ്സിൽ മുളപൊട്ടുന്നത്‌.. ആഘോഷങ്ങൾക്ക്‌ അവധിയായതിനാൽ തന്നെ ഇന്ന് പ്രത്യേകിച്ച്‌ ഒരു പർച്ചേസ്‌ ആവശ്യമില്ല.. അല്ലെങ്കിൽ വിഷുവും ഓണവുമെല്ലാം മാസവരുമാനക്കാരനായ എന്റെ കീശ കാലിയാക്കാൻ വേണ്ടി മാത്രം ഉള്ളതായേ തോന്നിയിട്ടുള്ളൂ...

കുട്ടിയുടേ മുഖത്തെ പ്രതീക്ഷ കണ്ട്‌ സങ്കടം തോന്നി..

"എത്രയാ വില.." ആവശ്യമില്ലെങ്കിലും വെറുതെ ചോദിച്ചു..

"സാർ, വലിയ പ്രതിമക്ക്‌ 200 രൂപയേ ഉള്ളൂ സാർ.. ഒരെണ്ണം എടുക്കട്ടെ.." കൂട്ടത്തിൽ ഏറ്റവും വലിപ്പമുള്ള ഒരെണ്ണം ചൂണ്ടി കാട്ടി തിളങ്ങുന്ന കണ്ണുകളോടെ അവൾ പറഞ്ഞു.

200 രൂപ.. ദൈവത്തിനു വിലനിശ്ചയിക്കപ്പെട്ടിരിക്കുന്നു..!!! അത്‌ തീരുമാനിച്ചത്‌ ഒരു ചെറിയ പെൺകുട്ടി.. ആകാംഷയോടെ എന്റെ പ്രതികരണം ശ്രദ്ധിച്ച്‌ ഇരിക്കുകയാണവൾ. "സാർ, വില കൂടുതലാണെന്ന് തോന്നുന്നെങ്കിൽ..."

"അതുകൊണ്ടല്ല കുട്ടി.. എനിക്ക്‌ വിഗ്രഹം വേണ്ട.." സത്യത്തിൽ ചിരി വന്നു. ദൈവത്തിന്റെ വില കൂടുതലാണേൽ കുറക്കാമെന്ന്.. അപ്പോൾ കുറച്ച്‌ സമയത്തേക്കെങ്കിലും നമുക്ക്‌ ദൈവത്തിന്റെ വില തീരുമാനിക്കാം.. ദൈവത്തിന്റെ വില നിശ്ചയിക്കാൻ കെൽപ്പുള്ളവൻ!!! ഓർത്തപ്പോൾ മനസ്സാകെ ഒന്ന് കുളിർത്തു.. പക്ഷെ, അവളുടെ മുഖം മ്ലാനമായി..

നിരാശ പുറത്ത്‌ കാണിക്കാതെ അവൾ വീണ്ടും പ്രതിമകളുടെ ഗുണനിലവാരത്തെകുറിച്ചും അതിന്റെ നിർമ്മാണപ്രക്രിയയെ കുറിച്ചും ഒരു തികഞ്ഞ ബിസിനസ്സുകാരിയെ പോലെ സംസാരിച്ചു കൊണ്ടിരുന്നു..

"ഇതൊക്കെ ആരാ ഉണ്ടാക്കുന്നേ?"

"ഞാൻ തന്നെയാ സാർ.. അച്ഛൻ പഠിപ്പിച്ചതാ.. ചെറുപ്പത്തിൽ.."

"നിന്റെ അച്ഛൻ?.." സംശയിച്ചാണു ചോദിച്ചത്‌...

"അച്ഛൻ ഇപ്പോൾ കിടപ്പിലാ സാർ.. മണ്ണിന്റെ അലർജിയാന്നാ ഡോക്കിട്ടറേമാൻ പറഞ്ഞേ.." - ശരിക്ക്‌ കഷ്ടം തോന്നി..

"സാർ.. ഒരു പ്രതിമ വാങ്ങു സാർ.." അവൾ ദയനീയമായി എന്നെ നോക്കി..

കുട്ടീ എന്റെ വീട്ടിൽ കൃഷ്ണവിഗ്രഹം ഉണ്ട്‌.. ഇത്ര വലിപ്പമില്ല എന്നേ ഉള്ളു.. അവളുടെ മുഖം നിരാശയിലാഴുന്നത്‌ ഞാൻ കണ്ടു.. നാളെ വിഷുവായിട്ട്‌ എന്ത്‌ ചെയ്യും എന്ന ഭാവമാണ് മുഖത്ത്‌.. സ്ഥിരം കള്ള കണ്ണനെ കണികണ്ടിട്ടും തന്റെ ദിവസങ്ങൾക്ക്‌ ഒരു മാറ്റവുമില്ലല്ലോ എന്നോർത്ത്‌ വിഷണ്ണയായി അവൾ നിന്നു.

അവൾക്ക്‌ വേണ്ടി ഒരു കൊച്ച്‌ കൃഷ്ണവിഗ്രഹം ഞാൻ വാങ്ങി.

നഗരത്തിലെ തിരക്കിലൂടെയുള്ള നടത്തം അവസാനിപ്പിച്ച്‌ വൈകുന്നേരം തിരികെ വീട്ടിലേക്ക്‌ ഒരു കടലാസ്‌ പൊതിയിൽ കൊച്ച്‌ വിഗ്രഹവുമായി തിരിച്ച ഞാൻ ബസ്സ്‌ അവളെ കണ്ടുമുട്ടിയ സ്ഥലമെത്തിയപ്പോൾ വെറുതെ പുറത്തേക്ക്‌ നോക്കി. അവിടേ വലിയൊരു ആൾക്കൂട്ടം.. എന്തോ അരുതാത്തത്‌ സംഭവിച്ചെന്നൊരു തോന്നൽ.. ഓടിതുടങ്ങിയ ബസ്സിൽ നിന്നും ഒരു വിധം ഞാൻ ചാടിയിറങ്ങി. എന്റെ മനസ്സ്‌ പിടക്കുകയായിരുന്നു.. അവിടെയെത്തിയപ്പോൾ കണ്ട കാഴ്ച..

പൊട്ടിയ കൃഷ്ണവിഗ്രഹങ്ങൾ അവിടവിടെയായി ചിതറി കിടക്കുന്നു.. പലതിലും ചോര പുരണ്ടിട്ടുണ്ട്‌.. മുത്തുകൾ പോലെ ചിതറിതെറിച്ച തലച്ചോറിന്റെ അരികൾ.. അത്‌.. കുട്ടിയുടെതാണോ? അതോ, വിഗ്രഹങ്ങളുടെ തന്നെയോ? ഏതോ സമനിലതെറ്റിയ വണ്ടി ഇടിച്ച്‌ തെറിപ്പിച്ചത്‌ ഒരു കൊച്ച്‌ കുടുംബത്തിന്റെ ജീവിതമായിരുന്നു.. പൊലിഞ്ഞത്‌ ഒരു അച്ഛന്റെ താങ്ങായിരുന്നു..

എന്റെ കൈയിലെ കടലാസിനു ഒരു നനവ്‌ പോലെ.. ചോരയാണോ? അതോ കണ്ണീരോ? എന്റെ കൈയിൽ നിന്നും കൊച്ച്‌ കൃഷ്ണൻ താഴെ അവന്റെ അമ്മയുടെ അരികിലേക്ക്‌ അലമുറയിട്ട്‌ കൊണ്ട്‌ ഊർന്നിറങ്ങി.



© മനോരാജ്

രവിയുടെ തുടര്‍ച്ചകള്‍..!

April 26, 2010 JIGISH









രവി

കാലവര്‍ഷത്തിന്റെ വെളുത്ത മഴ ശമിച്ചു. ജലം മാത്രം ഒഴുകി. ചെതലിയുടെ ചെരിവില്‍ നിന്ന്, അനേകം ധമനികളിലൂടെ മന്ദതാളത്തില്‍ അത് യാത്ര തുടര്‍ന്നു...വൈകുന്നേരത്തെ മന:ശ്ശാന്തിക്കുള്ള പഴുതു തേടിയിറങ്ങിയ കുപ്പുവച്ചനാണ് ആദ്യം കണ്ടത്. ബസ്റ്റോപ്പിലെ മണ്‍തിട്ടയ്ക്കരികെ, ഉടഞ്ഞ ശംഖു പോലെ ജല സമാധിയായി, ഒരാള്‍....നീണ്ട മുടിയാല്‍ മുഖം മറഞ്ഞിട്ടുണ്ട്....അതു രവിയാണെന്ന ബോധ്യം കുപ്പുവച്ചനെ കരയിച്ചു.! “എന്റെ ദെയ്‌വത്തുങ്ങളേ, നുമ്മടെ മേഷ് ക്കെന്താ പറ്റീത്..?” അയാള്‍ ആര്‍ത്തുവിളിച്ചു.! ആധിപൂണ്ട ഖസാക്കിലെ മനുഷ്യര്‍ ഒന്നൊന്നായി വെട്ടുവഴികളിലൂടെ അവിടേ ക്കൊഴുകിയെത്തി. അവരുടെ നിരുപാധിക സ്നേഹം പ്രാചീനമായ ഒരൊറ്റ നിലവിളിയായി രവിയെ ചൂഴ്ന്നു.! ആദിമമായ തണുപ്പില്‍ ലയിച്ച് അയാള്‍ സുഖനിദ്രയിലാണ്ടുകിടന്നു. നിരാസക്തിയുടെ ഒരു ചിരി ആ ചുണ്ടില്‍ അപ്പോഴും മായാതെ നിന്നു.!

എല്ലാ ശബ്ദവും നിലച്ച സ്കൂള്‍ വരാന്തയില്‍, രവിയെ കിടത്തി. മാധവന്‍ നായര്‍ കരഞ്ഞില്ല. രവിയുടെ തലയ്ക്കല്‍ കുന്തിച്ചിരുന്ന് അയാള്‍ ആ മുടിയിഴകളെ മാടിയൊതുക്കി. “യാ അള്ളാ..!” ഖാലിയാര്‍ രവിയുടെ ശാന്തിയ്ക്കായി മനസ്സലിഞ്ഞു പ്രാര്‍ത്ഥിച്ചു. കുഞ്ഞാമിനയുടെയും അപ്പുക്കിളിയുടെയും കണ്ണുകള്‍ നിര്‍ത്താതെ പെയ്തുകൊണ്ടിരുന്നു.! സന്ധ്യയായി; രാത്രിയായി.. പതിയെപ്പതിയെ, ചെതലിയ്ക്കുമപ്പുറം പ്രഭാതം ചുവന്നു വെളുത്തു. പത്തുമണിയോടെ, കൂമന്‍ കാവിലെ തപാലാഫീസില്‍ നിന്ന് ചുരുങ്ങിയ വാക്കുകളില്‍ ഒരു ചരമസന്ദേശം രവിയുടെ വീട്ടിലേക്കു പുറപ്പെട്ടു. പിന്നീട്, നിരാലംബമായ ഒരു വിലാപമായി ഖസാക്ക് രവിക്കു വിട ചൊല്ലി. ആംബുലന്‍സിലെ ഇരുമ്പുതല്പത്തില്‍ നിത്യശാന്തമായ മനസ്സും ശരീരവുമായി രവി നീണ്ടുനിവര്‍ന്നു കിടന്നു.!

അച്ഛന്‍

തറവാടിന്റെ കിഴക്കേമുറ്റത്ത്, പുഷ്പചക്രങ്ങളുടെ മധ്യത്തില്‍ രവി അവസാനമായി ചമഞ്ഞുകിടക്കവേ, മകനെ അടുത്തുകാണാന്‍ അച്ഛന്‍ ആഗ്രഹിച്ചില്ല. ദുര്‍ബ്ബലമായ ആ ദേഹത്തെ ആരോ താങ്ങി, ഇറയത്തെ സോഫയില്‍ ചാരിയിരുത്തിയെങ്കിലും ആ കണ്ണുകള്‍ ദൂരെ, പാടത്തിനും പുഴയ്ക്കുമക്കരെ ശൂന്യതയിലെവിടെയോ നഷ്ടപ്പെട്ടു. തീവ്രവിഷാദത്തിന്റെ ഒരല ഉള്ളില്‍ നിറഞ്ഞുവന്നെങ്കിലും അയാള്‍ ഒന്നും കാണുന്നുണ്ടായിരുന്നില്ല.! വിദൂരമായ ഏതോ മലഞ്ചരിവിലൂടെ അച്ഛനും കൌമാരം വിടാത്ത രവിയും സായാഹ്നയാത്രയിലായിരുന്നു.! കുട്ടിത്തം നിറഞ്ഞ കുസൃതിയോടെ, തന്നെ തോല്‍പ്പിച്ചുകൊണ്ട് മലമുകളിലേയ്ക്ക് ഓടിക്കയറുന്ന രവിയെ ഇടയ്ക്കിടെ, മൂടല്‍മഞ്ഞിന്റെ വെള്ളത്തിര വന്നു മൂടി. അപ്പോഴെല്ലാം ഭയം നിറഞ്ഞ കരുതലോടെ അയാള്‍ വിളിച്ചു പറഞ്ഞു: “രവീ, അവിടെ നില്‍ക്ക്, ഞാനും കൂടി വരട്ടെ..!”

ചടങ്ങുകള്‍ അവസാനിച്ചപ്പോള്‍, സന്ധ്യയുടെ ചുവപ്പു മുഴുവന്‍ അലിഞ്ഞു തീര്‍ന്നിരുന്നു..! ചെറിയ ശബ്ദങ്ങളും പിറുപിറുക്കലുകളും അകന്നകന്നു പോയി. തെക്കേമുറിയുടെ ജനാലയിലൂടെ കത്തിയമരുന്ന ചിതയിലേക്ക് നോക്കിയിരിക്കെ പത്മയ്ക്കു തന്റെ ബോധം മറയുന്ന പോലെ തോന്നി.

പത്മ

പത്മയ്ക്ക് സ്വന്തം മുറി ഒരു തടവറയായി അനുഭവപ്പെട്ടു. ഇവിടെയെത്തി, കാലം നിശ്ചലമായ പോലെ..! ഓര്‍മ്മകള്‍ മനസ്സിന്റെ വെളിമ്പുറങ്ങളില്‍ കാരുണ്യമില്ലാതെ മേഞ്ഞുനടന്ന്, അവളെ കുത്തി മുറിവേല്‍പ്പിച്ചു.. രവിയില്‍ തുടങ്ങി രവിയിലവസാനിക്കുന്ന ഓര്‍മ്മകള്‍..! അവള്‍ക്കു രവിയോടു ദേഷ്യം തോന്നി. ‘നീ ശരിക്കും എന്നെ ഒറ്റയ്ക്കാക്കി. നീയില്ലാതെ എനിക്കൊന്നുമാവില്ലെന്നും എന്റെ ഭാഷ മനസ്സിലാവുന്ന മറ്റാരും ഈ ഭൂമിയിലില്ലെന്നും നീ ഓര്‍ക്കാതിരുന്നതെന്ത്.? എന്റെ പഠനവും ഗവേ ഷണവുമെല്ലാം നിന്നെ മനസ്സിലാക്കാന്‍ വേണ്ടി മാത്രമായിരുന്നു..അഴിയുന്തോറും കെട്ടുപിണയുന്ന കുരുക്കുകളായി മാറിയ എന്റെ പരീക്ഷണങ്ങള്‍..! എല്ലാം വെറുതെയായി...”അവള്‍ പരിഭവിച്ചു. "മനസ്സ് ഒരു കല്ലായി മാറിയിരിക്കുന്നു.! ഒന്നുറങ്ങാന്‍ കഴിഞ്ഞെങ്കില്‍..?"

കിടക്കയില്‍ നിന്നെണീറ്റ്, അവള്‍ ജനാല തുറന്നു. പുറത്ത്, നല്ല നിലാവ്..! നേര്‍ത്ത ജലതരംഗമായി ഒരു മഴ തുടരുന്നുണ്ട്..! ഏതോ വിസ്മൃതിയില്‍, അവള്‍ അലമാരിയുടെ വാതില്‍ തുറന്ന് ഉറക്കഗുളികയുടെ കുപ്പി കൈയിലെടുത്തു. ഗുളികകള്‍ ഒന്നൊന്നായി വിഴുങ്ങവെ, അവളുടെ ചുണ്ടില്‍ ഒരു വരണ്ട പുഞ്ചിരി പടര്‍ന്നു. കൂജയില്‍ നിന്ന് ഒരു ഗ്ലാസ് വെള്ളമെടുത്തു കുടിച്ചു..നല്ല സുഖം..! ഒന്നു മുറ്റത്തിറങ്ങിയാലോ..? മഴ നനഞ്ഞ് പതിയെ നടക്കവെ, അവള്‍ക്കു രവിയുടെ ഗന്ധം അനുഭവപ്പെട്ടു.! ചേരും ചതുരമുല്ലയും ഇഞ്ചയും പടര്‍ന്ന കാവിലെ നാഗദൈവങ്ങള്‍ക്കരികിലൂടെ അവള്‍ കുളക്കരയിലേക്കു നടന്നു. തല നേരെ നില്‍ക്കുന്നില്ല. നല്ല മയക്കം.! അവള്‍ പടവിലിരുന്നു. പിന്നെ, സ്വസ്ഥതയോടെ കിടന്നു. പിറ്റേന്നു പുലര്‍ച്ചെ, വീട്ടുകാര്‍ അവളെ കണ്ടെത്തുമ്പോള്‍ ആ ദേഹം തണുത്തു വിറങ്ങലിച്ചിരുന്നു..!

കഥാന്തരം

അനസൂയയുടെ ഇരുപതാം പിറന്നാളായിരുന്നു അന്ന്. അനുമോളെന്ന് സ്നേഹത്തോടെ വിളിക്കുന്ന അമ്മമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി, രാവിലെ തന്നെ കുളിച്ചൊരുങ്ങി അവള്‍ അമ്പലത്തിലേക്കു പുറപ്പെട്ടു. ശ്രീകോവിലിനു മുന്നില്‍ ഇന്നു തിരക്കു കുറവാണ്.... ഓടക്കുഴലൂതുന്ന കൃഷ്ണവിഗ്രഹത്തിനു മുന്നില്‍ ഏകാഗ്രയായി അവള്‍ കണ്ണടച്ചുനിന്നു. പ്രസാദം വാങ്ങി, പ്രദക്ഷിണവഴിയിലൂടെ ചുറ്റമ്പലത്തിനു വലം വെയ്ക്കവെ, വടക്കുപടിഞ്ഞാറെ മൂലയില്‍ പടര്‍ന്നു പന്തലിച്ചു നിന്ന അരയാല്‍ ഒരു ചിരിയാല്‍ അവളെ മാടിവിളിച്ചു. അവള്‍ അടുത്തുചെന്നു. വിണ്ടുകീറിയ തറയില്‍ വളര്‍ന്നു പടര്‍ന്ന വേരുകള്‍.! ഏതോ ഓര്‍മ്മയില്‍, അവള്‍ ആ വേരുപടലത്തില്‍ കൈ തൊട്ട് നിറുകയില്‍ വെച്ചു. ചെറിയൊരു കാറ്റ് അവളെ തഴുകി കടന്നുപോയി. അടര്‍ന്നു വീണ ഒരില അവളുടെ തുടുകവിളില്‍ സ്പര്‍ശിച്ച് താഴേയ്ക്കു പതിച്ചു. ഒരു കാറ്റു കൂടി വീശി. ഇത്തവണ, ആലിലകള്‍ തുറന്നുചിരിച്ചു. ജന്മാന്തരങ്ങള്‍ക്കപ്പുറത്തു നിന്ന് ആരോ അവളുടെ ചെവിയില്‍ പതിയെ മന്ത്രിച്ചു..”എന്റെ പെണ്‍കുട്ടീ, നീയെന്നെ മറന്നല്ലോ..?”

അച്ചുവാശാന്റെ പട്ടികള്‍

April 24, 2010 പട്ടേപ്പാടം റാംജി

അച്ചുവാശാനിപ്പോള്‍ നായാട്ടുകാരാനാണ്‌.

കവിടി നിരത്തലും ജാതകനോട്ടവും കൊണ്ട്‌ വലിയ ഗുണമില്ലാത്ത സമയത്തായിരുന്നുവിവാഹം. അഞ്ച്‌ പെണ്‍കുട്ടികളുടെ അച്ഛനായപ്പോള്‍ ഭാര്യയോട്‌വെറുപ്പ്‌ തോന്നി. ജീവിതം കൂട്ടിമുട്ടിക്കാന്‍ കഴിയാതായാപ്പോള്‍ ചെറിയ ചെറിയ കളവ്‌ തുടങ്ങി. അയല്‍വീടുകളിലെ ഓട്ടുപാത്രങ്ങളാണ്‌ മോഷ്ടിക്കുന്നതെങ്കിലും കയ്യോടെ പിടികൂടുക സാധാരണ സംഭവമാണ്‌. അങ്ങിനെ അച്ചുവാശാന്‍ കള്ളനാശാനായി.

രാത്രിയില്‍ തെങ്ങില്‍ കയറി കള്ള്‌ കട്ട്‌ കുടിക്കുന്നത്‌ പതിവ്‌ പരിപാടിയാണ്‌. സഹികെട്ട്‌ ചെത്തുകാര്‌ തെങ്ങില്‍ ബ്ളെയിഡ്‌ വെക്കുകയും കള്ളുങ്കുടത്തില്‍ എന്തൊക്കെയോ കലക്കാറുണ്ട് എങ്കിലും ആശാനെ അത്‌ ബാധിക്കാറില്ല. ആരാണ്‌ കള്ള്‌ ഊറ്റി കുടിക്കുന്നതെന്ന്‌ ചെത്തുകാര്‍ക്കറിയാം. പക്ഷെപിടിക്കാന്‍കഴിഞ്ഞിരുന്നില്ല. ഒരു നാള്‍ ഭാര്യയെ താഴെ നിര്‍ത്തി ആശാന്‍ തെങ്ങില്‍ കയറി. തെങ്ങിന്റെ മുകളിലെത്തിയ സമയം ഒളിച്ചിരുന്ന ചെത്തുകാര്‌ ഭാര്യയെ പിടിച്ച്‌ തെങ്ങില്‍ കെട്ടിയിട്ട്‌ വായില്‍ തുണി തിരുകി. ഒന്നുമറിയാതെ കള്ളുമായ്‌ ഇറങ്ങിവന്ന ആശാന്‌ നാലെണ്ണം പൊട്ടിച്ച്‌ ഉടുമുണ്ടഴിച്ച്‌ തെങ്ങില്‍ കെട്ടിയിട്ടു. ഭാര്യയും ഭര്‍ത്താവും മുഖത്തോടുമുഖം നോക്കി രണ്ട്‌ തെങ്ങില്‍. നടുവില്‍ കള്ളുങ്കുടം. നേരം വെളുത്ത്‌ നാട്ടുകാരുടെ സന്ദര്‍ശനത്തിനു ശേഷം പത്ത്‌ മണിയോടെ കെട്ടഴിച്ച്‌ വിട്ടു.

സുന്ദരികളായ അഞ്ച്‌ പെണ്‍മക്കള്‍ അയാള്‍ക്ക്‌ തലവേദനയായിരുന്നു.

പകലെന്നൊ രാത്രിയെന്നൊ ഭേദമില്ലാതെ റോഡിലൂടെ പോകുന്നവരുടെ കണ്ണുകള്‍ ആശാന്റെ വീട്ടുമുറ്റത്തേക്ക്‌. പലപ്പോഴും റോഡില്‍ സൈക്കിളൊ ബൈക്കൊ കൂട്ടിയിടിച്ച്‌ അപകടങ്ങളും പതിവായിരുന്നു. രാത്രിയിലെ ശല്യങ്ങളില്‍ നിന്ന്‌ ഒഴിവാകാനാണ്‌ തെണ്ടിത്തിരിഞ്ഞു നടന്ന ഒരു ചാവാലി പട്ടിയെ സംരക്ഷിച്ചു തുടങ്ങിയത്‌. ഭക്ഷണവും പരിലാളനവും നല്‍കിയപ്പോള്‍ കറുത്ത നിറമുള്ള പട്ടി ഈറ്റപ്പുലിയായി. ശല്യങ്ങള്‍ക്ക്‌ അറുതി വന്നു.

ഈ ചാവാലിപ്പട്ടി തന്നെയാണ്‌ ആശാന്റെ ജീവിതം മാറ്റി മറിച്ചതും. ആശാന്‍ നോക്കിയിരിക്കേ ഒരുനാളൊരു പ്രാവിനെ, പതിയിരുന്ന പട്ടി പിടികൂടിയതാണ്‌പുതിയ ചിന്തകള്‍ക്ക്‌ വഴി വെച്ചത്‌. പട്ടിയെ ഉപയോഗിച്ച്‌ മുയലിനെ പിടികൂടുക എന്നതായിരുന്നു ആശയം. ചെറിയ ചെറിയ കുറ്റിക്കാടുകള്‍ക്കിടയില്‍ മുയലുകള്‍ ഉണ്ടാകും. അതിനെ പുറത്തേക്ക്‌ ചാടിച്ച് പട്ടിയെക്കൊണ്ട്‌ പിടിപ്പിക്കുക. പിന്നീട്‌ അതൊരു ഹരമായി.


യജമാനന്‍ പറയുന്നതുപോലെ അനുസരിക്കാന്‍ പട്ടി പഠിച്ചു കഴിഞ്ഞിരുന്നു.
ചെത്തുകാരെ കാണുമ്പോള്‍ വര്‍ഗ്ഗ ശത്രുവിനെ കാണുന്നതുപോലെ പട്ടി കുരക്കും. നേരം വെളുത്താല്‍ പട്ടിയുമായി പുറത്തിറങ്ങുന്ന ആശാന്‍ ഒന്നൊ രണ്ടൊ മുയലുമായി തിരിച്ചെത്തും.

വെയിലത്ത്‌ ഓടിയോടി തളര്‍ന്നു തുടങ്ങുന്ന പട്ടി,വായില്‍ നിന്ന്‌ വെള്ളമൊലിപ്പിച്ച്‌ വീട്ടിലെത്തുമ്പോള്‍ കഴിച്ച ഭക്ഷണത്തിന്റെ ബാക്കിയും എല്ലിന്‍ കഷ്ണങ്ങളും നല്‍കും. പട്ടിക്കത്‌ അമൃത് പോലെയായിരുന്നു.

അച്ചുവാശാന്‍ നായാട്ടു സംഘം വിപുലീകരിച്ചു. ഇപ്പോള്‍ ആറേഴു പട്ടികളും പണിയില്ലാതെ
നടക്കുന്ന മൂന്നനുയായികളുമായി. പട്ടികള്‍ക്ക്‌ എല്ലിന്‍ കഷ്ണങ്ങളും അനുയായികള്‍ക്ക്‌
കള്ളും കഞ്ചാവും. ലഹരി മൂത്ത്‌ നടക്കുന്ന അനുയായികള്‍ ആശാന്റെ ആജ്ഞ അനുസരിക്കാന്‍ സദാസമയവും തയ്യാര്‍. എണ്ണം കൂടിയപ്പോള്‍ പട്ടികള്‍ തമ്മില്‍ കടിപിടി കൂടുന്നത്‌ നിത്യ സഭവം. അനുയായികള്‍ തമ്മതമ്മില്‍ വാക്കേറ്റവും വഴക്കും.

ഇരകളെ കൂടുതല്‍ കിട്ടിത്തുടങ്ങിയപ്പോള്‍ സന്തോഷം ഏറി. ആശാന്‍ യജമാനന്‍ ചമഞ്ഞരിക്കുകയും അനുയായികളും പട്ടികളും നായാട്ട്‌ നടത്തുകയും പതിവ്‌. ലഹരി പിടിച്ച അനുയായികളെ വെട്ടിച്ച്‌ കിട്ടിയ ഇരകളില്‍ നല്ലൊരു പങ്ക്‌ കുറ്റിക്കാട്ടിലിരുന്ന് പട്ടികള്‍ ഭക്ഷിക്കും. വഴിക്കുവെച്ച്‌, ബാക്കിയുള്ളവയില്‍ നിന്ന് ചിലതിനെ അനുയായികള്‍ വിറ്റ്‌ കാശാക്കും.

ഒരിരയെ ഓടിച്ചിട്ട്‌ പിടിക്കുന്ന വേട്ടപ്പട്ടി അതിനെ കൊന്നതിനു ശേഷമെ താഴെ വെക്കു. കൊല്ലാതെ ലഭിക്കണമെന്നുണ്ടെങ്കില്‍ ഇരയെ പിടിച്ച ഉടനെ നായാട്ടുകാര്‍ പട്ടികളില്‍ നിന്ന്‌ വാങ്ങിയെടുക്കുകയാണ്‌ പതിവ്‌.

നായാട്ടുസംഘത്തിന്റെ വളര്‍ച്ച തുടര്‍ന്നുകൊണ്ടേയിരുന്നു. ചെറിയ കുറ്റിക്കാട്ടില്‍ നിന്ന് വനത്തിലേക്ക്‌ കയറി. സംഘബലം കൂടി. നായാട്ടിടം വികസിച്ചു. കൊച്ചുകൊച്ചു സംഘങ്ങള്‍ ചേര്‍ത്ത്‌ സംഘടന ഉണ്ടാക്കി ആശാന്‍ മുന്തിയവനായി. ചെത്തുകാരേയും നാട്ടുകാരേയും കാണുമ്പോള്‍ പട്ടികള്‍ കുരച്ചുകൊണ്ടിരുന്നു. അനുയായികള്‍ മുഷ്ക്ക്‌ കാട്ടി. ആശാന്‍ നെഞ്ച്‌ വിരിച്ച്‌ നടന്നു. പെണ്മക്കള്‍അനുയായികളൊത്ത്‌ ഉല്ലസിച്ചു നടന്നു. കണ്ടത്‌ കാണാതെയും കാണാത്തത്‌ അന്വേഷിച്ചും അയാള്‍ വീര്‍പ്പ്‌ മുട്ടി.

ഭക്ഷണമായി നല്‍കിയിരുന്ന എല്ലിന്‍ കഷ്ണങ്ങളിലെ ചതി തിരിച്ചറിഞ്ഞ പട്ടികള്‍ മോങ്ങാന്‍ തുടങ്ങി. ചിലവ മുരണ്ടും കാലുകള്‍ കൊണ്ട്‌ തട്ടിമാറ്റിയും പ്രതിഷേധിച്ചപ്പോള്‍ ചിലര്‍ ഒരു കാലുയര്‍ത്തി ‍തെങ്ങിന്റെ താഴെ മുള്ളിയാണ്‌ രോഷം കാണിച്ചത്‌. തല്ല് കിട്ടിയപ്പോള്‍ അടക്കിപ്പിടിച്ച ഓളിയിടലോടെ അവ ചുരുണ്ടു കൂടി. പട്ടികളുടെ തിരിച്ചറിവ്‌ സംഘബലം കുറച്ചെങ്കിലും ആശാന്‌ കൂശലുണ്ടായില്ല. പക്ഷെ ചെത്തുകാരെ കാണുമ്പോഴുണ്ടായ കുരയുടെ ശക്തി നേര്‍ത്തത്‌ മനസ്സിനെ മുറിപ്പെടുത്തിക്കൊണ്ടിരുന്നു.

ഒരിക്കല്‍ നായാട്ട്‌ കഴിഞ്ഞ്‌ തിരിച്ചു വരുന്ന സംഘത്തില്‍ കറുത്ത നിറമുള്ള പട്ടി ഏറ്റവും പുറകിലായി ഞൊണ്ടി ഞൊണ്ടിവന്നു. നായാട്ടിനിടയില്‍ കാലോടിഞ്ഞതാണെന്ന് മറുപടി കിട്ടി. ആശാന്‌ ഒന്നും ആലോചിക്കാനില്ലായിരുന്നു. അകത്തുപോയി തോക്കുമായി പുറത്തു വന്നു. നിഷ്ക്കരുണം വെടിവെച്ചിട്ടു. ദയനീയമായ ശബ്ദത്തോടെ അത്‌ നിലത്ത്‌ കിടന്ന് പിടഞ്ഞു. താഴെ ചിതറിയ ചോരയില്‍ മണത്തു നോക്കി ചിലവ ഒറ്റക്കുതിപ്പിന് ആശാന്റെ മേലെ ചാടി വീണു. ബാക്കിയുള്ളവയും ഒത്തുകൂടി ഒരു കാട്ടുമൃഗത്തെ കടിച്ചു കീറുന്നതു പോലെ.....

കഞ്ചാവിന്റെ ലഹരി വിട്ടുമാറിയിട്ടില്ലാത്ത അനുയായികള്‍വേട്ടക്കിരയാകുന്ന ഒരു മൃ‍ഗത്തിന്റെ ചേഷ്ടകള്‍ കണ്ട്‌ രസിച്ചു.

ആജ്ഞകള്‍ കിട്ടാതെ...

എന്തു ചെയ്യണമെന്നറിയാതെ........!

ഉത്സവക്കാഴ്ചകള്‍

April 20, 2010 Unknown


വെയിലിന് ചൂടേറിവരുന്നു... എന്തൊരു തീഷ്ണതയാണ് ഇന്ന് വെയിലിന്.. ചൂട് സഹിക്കാന്‍ പറ്റുന്നില്ല. രാവിലെ മുതല്‍ നില്‍ക്കാന് തുടങ്ങിയതാണ്‌.., കാലുകള്‍ കഴയ്ക്കുന്നു.. ശരീരഭാരം കാലുകളില്‍ ഇടവിട്ട് ക്രമീകരിച്ച് ആശ്വാസം കാണാന്‍ ശ്രമിക്കുകയായിരുന്നു ഇതുവരെ. താല്‍ക്കാലികമായി ഒരല്‍പം ആശ്വാസം കിട്ടും, വീണ്ടും പഴയതുപോലെ തന്നെ.

വേദന കൂടുന്നു, കാലിലെ വൃണം പഴുത്തിരിക്കുന്നു.. ഉണങ്ങുമ്പോഴേക്കും ചങ്ങല ഉരഞ്ഞു പിന്നെയും പഴുക്കും. ഇപ്പോള്‍ ചലവും ചോരയും കലര്‍ന്ന ഒരു ദ്രാവകം പുരത്തേക്കൊഴുകുന്നുണ്ട് .. പോരാത്തതിന് ചാരിവച്ച ഈ വടിയും... എന്തൊരു വേദന... ഇനി എത്രനേരം ഇങ്ങനെ നില്‍ക്കണമാവോ..?

നേരം ഉച്ചയായി.. കൊടും ചൂടിനാല്‍ പുറവും മേനിയും പൊള്ളുന്നു.. സഹിക്കാന്‍ പറ്റുന്നില്ല. ഉത്സവം കൊഴുക്കുകയാണ്, എന്തുമാത്രം ജനങ്ങളാണ് ഇവിടെ കൂടിയിരിക്കുന്നത്...?! എവിടുന്നാണാവോ ഇത്രയും ആളുകള്‍ എത്തിയത്.. ?!

മൈതാനം നിറഞ്ഞു കവിഞ്ഞിരിക്കുന്നു, ആഹ്ലാദഭരിതരായ ജനങ്ങള്‍ ഉത്സവക്കാഴ്ച്ചയില്‍ മുഴുകിയിരിക്കുന്നു. വിവിധതരം കളിപ്പാട്ടങ്ങളിലും വര്‍ണക്കാഴ്ച്ചകളിലും കുഞ്ഞുങ്ങളുടെ കണ്ണുകള്‍ ഉടക്കി. കൊച്ചുകുഞുങളില്‍ വല്ലാത്തൊരു കൌതുകവും ആഹ്ലാദവും കാണാം. ഉത്സവപ്പറമ്പിലെ വളക്കടകളില്‍ പെണ്ണുങ്ങളുടെ തിരക്കാണ്. അവര്‍ സ്നേഹപൂര്‍വ്വം തങ്ങളുടെ പ്രിയപ്പെട്ടവരോട് ഇഷ്ടസാധനങ്ങള്‍ക്കായി കൊഞ്ചുന്നു. കുറച്ച് ഉയര്‍ന്ന പ്രതലത്തില്‍ നില്‍ക്കുന്നതുകൊണ്ട് എല്ലാം കാണാം ഇവിടുന്നു.

കുറുമ്പിയും അങ്ങിനെയായിരുന്നു. ഇഷ്ട സാധ്യത്തിനായി അവള്‍ മുട്ടിയുരുമ്മും, ശിരസ്സ്‌ എന്ടെ മേനിയില്‍ ഉരസ്സി തന്നെ പ്രേമപൂര്‍വ്വം നിര്‍ബന്ധിക്കും. അവളുടെ ഓരോ ആഗ്രഹവും സധിപ്പിച്ചുകൊടുക്കുവാന്‍ തനിക്കെന്നും സന്തോഷമായിരുന്നു. എത്രയോ പട്ടയും കരിമ്പും അങ്ങനെ അവള്‍ക്കായി ഒടിച്ചു കൊടുത്തിട്ടുണ്ട്..

എത്ര സുന്ദരമായിരുന്നു ആ ദിനങ്ങള്‍.. ശാന്തസുന്ദരമായ അന്തരീക്ഷം ..പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന മരങ്ങളുടെ ശീതളിമയില്‍ വേനലിന്റെ കാഠിന്യം ഒട്ടും അറിഞിരുന്നില്ല. .. ചുറ്റും പുരുഷാരമില്ല.. കാലില്‍ വിലങ്ങുകളില്ലാതെ സ്വച്ചന്ദ സഞ്ചാരം നടത്താം..ആകുലതകളില്ലാത്ത സ്വൈര വിഹാരം. ചിന്തകള്‍ കണ്ണ് നനയിച്ചു..

ശരീരത്തില്‍ പതിച്ച തണുത്തവെള്ളം പരസരബോധം ഉണര്‍ത്തി. വേനല്‍ ചൂടില്‍നിന്നും രക്ഷനേടാന്‍ പാപ്പാന്‍ വെള്ളം തളിച്ചതാണ്.. പൊള്ളുന്ന ചൂടില്‍നിന്നും ഒരിടക്കാലാശ്വാസം..പക്ഷേ അവ വളരെ പെട്ടന്ന് മരുഭുമിയില്‍ പതിച്ച മഴത്തുള്ളിപോലെ അപ്രത്യക്ഷമായി.

മുന്‍പില്‍ വാടിയ പട്ടയുണ്ട്. തനിക്ക് കഴിക്കാനായി കൊണ്ടിട്ടതാണ്. കഴിക്കാന്‍ തോന്നുന്നില്ല, അവയുടെ പുതുമ നഷ്ടപെട്ടിരിക്കുന്നു. താനിങ്ങനെയായിരുന്നില്ല, മരത്തില്‍ നിന്നും പൊട്ടിച്ചെടുത്തവ പുതുമയോടെ ഭക്ഷിച്ചിരുന്നപ്പോള്‍ കിട്ടിയിരുന്ന ആ സ്വാദ്‌ പിന്നീടൊരിക്കലും കിട്ടിയിട്ടില്ല.

അമ്മയുടെ സ്നേഹശാസനകള്‍ അനുസരിക്കാത്ത ഒരു ദിവസം കുസൃതികാട്ടി കൂട്ടം തെറ്റിയപ്പോള്‍.. പിന്നീട് മനുഷ്യനൊരുക്കിയ ചതിക്കുഴിയില്‍ വീണു സ്വന്തബന്ധങ്ങളില്‍ നിന്നു അകത്തപ്പെട്ടപ്പോള്‍ ...എല്ലാ സൌഭാഗ്യങ്ങളും അവസാനിച്ചു.

മേളം കൊഴുത്തു, തിങ്ങി നിറഞ്ഞ ജനങ്ങള്‍ ആഹ്ലാദാരവങ്ങള്‍ മുഴക്കുന്നു. ആലോസരമുളവാക്കുന്ന വല്ലാത്ത ശബ്ദം. ശക്തമായ കാറ്റില്‍ ഈറ്റകള്‍ കൂട്ടിയിടിച്ചുണ്ടാകുന്ന ശബ്ദം പോലെ. അതെ അതുതന്നെ.. കാട് പ്രക്ശുബ്ദമായിരിക്കുന്നു.. വല്ലാത്ത ശബ്ദങ്ങള്‍. ഈറ്റക്കാട്ടിനടുത്ത് അരുവിക്കരയില്‍ നില്‍ക്കുന്നത് കുറുമ്പിയല്ലേ..?! അവള്‍ തന്നെ തലയാട്ടി വിളിക്കുന്നുവോ..?!

ദേഹത്ത് വീണ്ടും തണുത്ത ജലം പതിക്കുന്നു... അത് കുറുമ്പിതന്നെയാണ്, തന്‍റെ മനോഹരമായ തുമ്പിയില്‍ വെള്ളം നിറച്ച് അവള്‍ തന്‍റെ നേരെ ചീറ്റുകയാണ്.

അവളുടെ കുസൃതി ഇന്നോടെ തീര്‍ക്കണം..അടുത്തേക്ക് ചെല്ലുകതന്നെ.. കാലുകള്‍ പതുക്കെ മുന്നോട്ടുവച്ചു നീങ്ങി... കാലില്‍ ചാരിനിര്‍ത്തിയിരുന്ന തോട്ടി താഴെ വീണു.... തന്‍റെ ചുറ്റിലും നിറയെ കുറ്റിച്ചെടികളും പൊന്തയും നിറഞ്ഞിരിക്കുന്നു. അവയെ മുന്‍കാലുകള്കൊണ്ടും തുമ്പിക്കൈ കൊണ്ടും വകഞ്ഞ് മാറ്റി മുന്നോട്ടു നീങ്ങി.. അവ കരയുന്നുവോ..?!

'ആന വിരണ്ടു' അവ നിലവിളിക്കുന്നതുപോലെ തോന്നി ഒരുനിമിഷം. ഇല്ല മുന്നോട്ടു പോകണം.. കുറുമ്പി അരുവിക്കരയില്‍ നിന്നും തടിച്ച ആഞ്ഞിലിമരത്തിന്റെ മറവുപറ്റി കാട്ടിനകത്തേക്ക് അതിവേഗം നടക്കുന്നു...
അവള്‍ തന്നെ കൊതിപ്പിക്കുകയാണ്, അവളെ പിടിക്കണം.. അവിടെ അമ്മയുടെ മറവില്‍ ഒളിച്ചിരിക്കുന്ന അവളെ വാലില്‍ പിടിച്ചു വലിക്കണം.. തുമ്പിക്കയ്യാല്‍ ചേര്‍ത്ത് മുട്ടിയുരുമ്മി നടക്കണം.

നടത്തം ഒന്നുകൂടി വേഗത്തിലാക്കി... പിന്നെ പതുക്കെ ഓടാന്‍ തുടങ്ങി.. ഉത്സവപ്പറമ്പിലെ ജനം പ്രാണഭയത്തല്‍ ഭയചിതരായി ചിതറിയോടി.


തെച്ചിക്കോടന്‍

കവര്‍ന്നെടുക്കുന്ന നഗ്നത

April 17, 2010 പട്ടേപ്പാടം റാംജി

വിശ്വാസം നഷ്ടപ്പെടുമ്പോള്‍ മനസ്സിന്‍റെ കടിഞ്ഞാണ്‍ സ്വന്തം കയ്യില്‍ നിന്ന് ഏതൊക്കെയോ ലോകത്തേക്ക്‌ പറന്നകലുന്നു. ആ ലോകം നിയന്ത്രണമില്ലാത്ത പ്രവൃത്തികള്‍ക്ക്‌ നമ്മെ പ്രാപ്തരാക്കുന്നു എന്ന് തോന്നാറുണ്ട്‌.

അനില അത്തരം ഒരവസ്ഥയിലാണ്‌. വികാരം വിവേകത്തിനു മുകളില്‍ ആധിപത്യം
പുലര്‍ത്തിയിരുന്ന കൌമാരനാളുകളില്‍ പോലും സ്വപ്നങ്ങള്‍ക്ക്‌ കൂടുതല്‍ നിറം ചാര്‍ത്തി പറന്നു നടക്കാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. എന്നിട്ടും ഇന്നിപ്പോള്‍ സഹിക്കാനാവാത്ത വേദനയും വിങ്ങലും മാത്രം ബാക്കി.

അനിലക്ക് സ്വന്തം നാട്ടിലെ ഉയര്‍ന്ന ഹോട്ടലില്‍ റിസപ്ഷനിസ്റ്റായി ജോലി തരപ്പെട്ടപ്പോള്‍ വൈശാഖിന് അതൊരിക്കലും ഉള്‍ക്കൊള്ളാനായില്ല. നല്ല ശമ്പളത്തോടെ ലഭിച്ച ആ ജോലി അന്നു കാലത്ത്‌ കുടുംബത്തില്‍ പിറന്ന പെണ്ണുങ്ങള്‍ ചെയ്യുന്നതായിരുന്നില്ല എന്നാണ്‌ വാദം.
വൈശാഖിന്റെ ആശങ്കകള്‍ അംഗീകരിച്ച്‌ കൊടുത്തെങ്കിലും തന്നിലെ ബാഹ്യ സൌന്ദര്യം അദേഹത്തിന്‍റെ മനസ്സില്‍ ഉണ്ടാക്കിയിരുന്ന ഭയം തന്നെയാണ്‌ മറ്റു കാരണങ്ങളായി പുറത്ത്‌ വരുന്നതെന്ന് കഴിഞ്ഞ കുറേ വര്‍ഷത്തെ ഒരുമിച്ചുള്ള സഹവാസത്തിനിടയില്‍ വ്യക്തമായതാണ്‌. കലാലയജീവിതത്തിന്‍റെ നല്ല നാളുകളില്‍ പ്രണയത്തിന്‍റെ ഒരു നേരിയ ചലനം പോലും മനസ്സിനെ തൊട്ടുതീണ്ടിയിട്ടില്ലെന്നതില്‍ ഇപ്പോള്‍ അതിശയമെങ്കിലും വൈശാഖിന് അതൊന്നും വിശ്വസിക്കാനേ കഴിയുന്നില്ല. അതിലദ്ദേഹത്തെ കുറ്റം പറയുന്നതില്‍ ന്യായീകരണമില്ലാത്തതിനാലാണ്‌ കൂടെ കൂടെ പറഞ്ഞ്‌ എന്‍റെ ഭാഗം ന്യായമാണെന്ന് സമര്‍ത്ഥിക്കാന്‍ മിനക്കെടാതിരുന്നത്‌. അതൊരുപക്ഷെ ആ മനസ്സിനെ കൂടുതല്‍ കലുഷിതമാക്കാനെ ഉപകരിക്കു എന്ന് അനില ഭയപ്പെട്ടിരുന്നു.

കഴിഞ്ഞ എട്ട്‌ വര്‍ഷത്തിനിടയില്‍ വര്‍ഷത്തില്‍ ഈരണ്ട്‌ മാസം മാത്രമാണ്‌ ജീവിക്കാനായത്‌. സ്വന്തം നാടിന്റെ മനോഹാരിത കൈവിട്ട്‌ മണലാര്യണ്യത്തിലേക്ക്‌ ചേക്കേറാന്‍ അദേഹം നിര്‍ബന്ധിച്ചപ്പോഴൊക്കെ ദാമ്പത്യ ജീവിതത്തിന്റെ മധുരങ്ങള്‍ നുണയുന്നതിനേക്കാള്‍ പിറന്ന നാടിന്റെ ആത്മാവില്‍ മനസ്സ്‌ കുരുങ്ങിക്കിടന്നു. വൈശാഖ്‍ ഓരോ തവണ ലീവ്‌ കഴിഞ്ഞ്‌ തിരിച്ച്‌ പോകുമ്പോഴും വേദനയുടെ വിമ്മിട്ടം നെഞ്ചിനകത്ത്‌ നെരിപ്പോടായ്‌ വിങ്ങിനിന്നു. വരാനിരിക്കുന്ന ലീവിനെ സ്വപ്നം കണ്ട്‌ ബാക്കിയുള്ള ദിനങ്ങള്‍ തള്ളി നീക്കുമ്പോള്‍ ഹോട്ടലിലെ തിരക്ക്‌ വിരസതയ്ക്ക്‌ അയവ്‌ വരുത്തിയിരുന്നു.

"അനില....ഞാന്‍ കുറച്ച്‌ ചിത്രങ്ങള്‍ എടുത്തോട്ടെ.." ഒരു കറുത്ത രാത്രിയില്‍ തെങ്ങിന്‍ പട്ട ചീഞ്ഞ ചൂര് നിറഞ്ഞു നിന്ന കിടക്കറയില്‍ വെച്ച്‌ ഒരു ശീല്‍ക്കാരം പോലെ, അരുതാത്തത്‌ ആവശ്യപ്പെടുന്ന പകപ്പ്‌ നിറഞ്ഞ വാക്കുകള്‍ ചിതറി വീണു.

"പതിനഞ്ച്‌ വര്‍ഷം ഒന്നിച്ച്‌ ജീവിച്ചിട്ടും ഏട്ടനിനിയും എന്നെ മനസ്സിലായില്ലെന്നോ.. ഏട്ടനധികാരമില്ലാത്ത എന്തുണ്ടെന്നില്‍.?"

കൈവിരല്‍ തുമ്പില്‍ കാലഗതി നിര്‍ണ്ണയിച്ച്‌ കുത്തിയൊഴുകുന്ന തിരക്കില്‍ പഴമയുടെ പവിത്രമായ മൂല്യങ്ങള്‍ വലിച്ചെറിയുന്ന ഈ യുഗത്തില്‍ എത്രമാത്രം മനസ്സിലാക്കി എന്നവകാശപ്പെടുന്നവരോടുപോലും എന്തെങ്കിലും ചോദിക്കണമെങ്കില്‍ ഒരു ഭയം പിടികൂടുക എന്നത്‌ സ്വാഭാവികമായിരിക്കുന്നു. മനസ്സിലാക്കലുകളിലെ അര്‍ത്ഥമില്ലായ്മ വൈശാഖിനെയും ബാധിച്ചു കഴിഞ്ഞു. പരസ്പരമുള്ള വിശ്വാസത്തില്‍ പോലും അവിശ്വസനീയത നിഴല്‍ പോലെ പിന്തുടരുന്നു. രാത്രിയുടെ ഇരുട്ടില്‍ മുഖഭാവങ്ങള്‍ കാണാനാകുന്നില്ലെങ്കിലും വാക്കുകളുടെ താളക്രമം എല്ലാം വിളിച്ചു പറയുന്നു.

"ഞാനാലോചിക്കുകയാണ്‌ അനില...രണ്ട്‌ മാസം കഴിഞ്ഞ്‌ വീണ്ടും പത്ത്‌ മാസം....ഒന്നിക്കുന്ന സുഖം ലഭിക്കുന്നില്ലെങ്കിലും ഒരു നേര്‍ചിത്രത്തിലൂടെ ഓര്‍മ്മകളെ താലോലിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു അനില.. "

"എന്തിനീ സാഹിത്യഭാഷ. കാര്യങ്ങള്‍ നേരെ പറഞ്ഞാല്‍ പോരെ."

"ഞാന്‍ മൊബൈലില്‍ നമ്മുടെ കുറച്ച്‌ ചിത്രങ്ങള്‍ പിടിച്ച്‌ കയ്യില്‍ വെച്ചാലൊ എന്ന് ചിന്തിക്കുകയാണ്‌."

അനില മറുത്തൊന്നും പറഞ്ഞില്ല. പരസ്പരം അകന്ന് കഴിയാന്‍ വിധിക്കപ്പെട്ട മനസ്സുകള്‍ക്ക്‌ അതൊരാശ്വാസമാകുമെങ്കില്‍ എതിര്‍പ്പിന്‌ പ്രസക്തി ഇല്ലല്ലൊ...വിവരസാങ്കേതികവിദ്യ മുന്നേറുന്നതിന്‌ സമാന്തരമായി മനുഷ്യന്‍റെ ആഗ്രഹങ്ങളും അതിനോടൊത്തുചേര്‍ന്ന് പോകുന്നതില്‍ തെറ്റ്‌ കണ്ടെത്താനായില്ല. ഒരു കൈപ്പിഴ ജീവിതത്തിന്‍റെ താളം തെറ്റിക്കും എന്ന ധാരണ ചെറുതായ്‌ അലട്ടിയെങ്കിലും വൈശാഖ്‌ എന്ന വ്യക്തിയെ അവിശ്വസിക്കേണ്ടതായ സന്ദര്‍ഭങ്ങളൊന്നും ജീവിതത്തില്‍ ഉണ്ടായിട്ടില്ല.

ഭര്‍ത്താവിന്‍റെ ഇംഗിതം സാധിച്ച്‌ കൊടുക്കുന്ന ഉത്തമയായ ഭാര്യ അല്‍പം ജാളൃതയോടെയെങ്കിലും കിടപ്പറ രംഗങ്ങള്‍ പകര്‍ത്താന്‍ സമ്മതം മൂളി. പകര്‍ത്തിയവ ഒരുമിച്ചിരുന്ന് കണ്ടാസ്വദിച്ചപ്പോള്‍ ജാളൃതക്ക്‌ പകരം നാണവും സ്വന്തം ശരീരത്തിന്‍റെ ഭംഗിയും ഇട കലര്‍ന്ന വികാരം മനസിലോടിയെത്തി എന്നത്‌ നേരാണ്‌.

ദാമ്പത്യത്തിലെ പുതിയൊരു ഘട്ടമായിരുന്നു പതിനഞ്ച്‌ വര്‍ഷം പിന്നിടുമ്പോള്‍ അനില അഭിമുഖീകരിച്ചുകൊണ്ടിരുന്നത്‌. പുത്തന്‍ രീതികളെ മനസ്സിലേക്ക്‌ ആവാഹിച്ച്‌ കുടിയിരുത്തുമ്പോള്‍ അതുമായി ഇഴുകിച്ചേരാനും അതില്‍ ലയിക്കാനും സാധിച്ച മനസികാവസ്ഥ, അനുഭവിക്കാത്ത ഒരു തരം അനുഭൂതികളിലേക്കുള്ള പ്രയാണമായി. അത്തരം ഒരവസ്ഥയിലാണ്‌ താന്‍ ജോലി ചെയ്യുന്ന ഹോട്ടലില്‍ ഒരു ദിവസമെങ്കിലും താമസിക്കണമെന്ന മോഹം ഉടലെടുത്തത്‌. കള്ളത്തരവും വഞ്ചനയും ഏതു സാഹചര്യത്തിലും കണ്ടെത്താനാകുമെന്ന അമിതവിശ്വാസം അനിലയില്‍ അന്തര്‍ലീനമായിരുന്നു.

ലീവ്‌ അവസാനിക്കാറായ സന്ദര്‍ഭത്തില്‍ ഒരു ദിവസം ഹോട്ടലില്‍ മുറിയെടുത്ത്‌ അനിലയുടെ മോഹം വൈശാഖ്‌ നിറവേറ്റി.

ഒരു സ്വര്‍ഗ്ഗത്തിലേക്ക്‌ കയറിച്ചെന്ന പ്രതീതി. കണ്ണിനേയും കാതിനേയും ഒപ്പം മനസിനേയും ആഹ്ളാദത്തിന്‍റെ ഉന്നതങ്ങളിലെത്തിക്കുന്ന സംവിധാനം തെല്ലൊന്നുമല്ല ആശ്ളേഷിപ്പിച്ചത്‌. ചുറ്റും കണ്ണാടി പതിപ്പിച്ച്‌ മനോഹരമാക്കിയ വിശാലമായ ബാത്ത്‌ റൂം. മുന്‍പൊന്നും ഇതിനകം കാണണമെന്നൊ അകത്ത്‌ കയറണമെന്നൊ നേരിയ ചിന്ത പോലും അനിലക്കില്ലായിരുന്നു.

വൈശാഖ്‌ പോയി ഒരു മാസം കഴിഞ്ഞപ്പോഴാണ്‌ സ്റ്റെയ്‌റ്റ്സിലുള്ള കൂട്ടുകാരി ശാലിനിയുടെ മെയില്‍ അനിലക്ക്‌ ലഭിക്കുന്നത്‌. ഏറെ പ്രയാസത്തോടെയാണ്‌ ഞാനിത്തവണ അനിലക്ക്‌ മെയില്‍ ചെയ്യുന്നത്‌. സമചിത്തതയോടെ ശാന്തമായി വിവേകത്തോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്‌ വിഷയം. ഞാനറിഞ്ഞിരുന്ന അനിലയില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സംഭവം..! അധികം വര്‍ണ്ണിക്കുന്നില്ല. താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പോയി നോക്കുക.

ആകാംക്ഷയും ഭയവും പടര്‍ന്നിറങ്ങിയ കൈവിരലുകള്‍ മൌസില്‍ പതിഞ്ഞു. മോണിറ്ററില്‍ ഒരു വീഡിയോ ഫയല്‍.
ഓപ്പണ്‍ ചെയ്തു.

കണ്ണുകളെ വിശ്വസിക്കാനാവുന്നില്ല. മരവിച്ച മസ്തിഷ്ക്കത്തില്‍ കടന്നലുകള്‍ ആഞ്ഞാഞ്ഞ്‌ കുത്തുന്നു. കാലിന്റെ പെരുവിരലില്‍ നിന്ന് അരിച്ചുകയറിയ പെരുപ്പ് ശരീരമാകെ കെട്ടിവരിഞ്ഞ് തലയ്ക്കകത്ത് കയറി താണ്ഡവമാടിയപ്പോള്‍ താങ്ങാനാവാത്ത ഭാരം മൂലം തല താഴ്ന്നു. ബുദ്ധിഭ്രമത്തിന്റെ സ്ഥായീഭാവം ഹൃദയത്തിന്‍റെ ചലനത്തെ ത്വരിതപ്പെടുത്തിയ, ഇടിമുഴക്കം താങ്ങാനാവാതെ മദയാന കൊലക്കളമാക്കിയ പൂരപ്പറമ്പുപോലെ മനസ്സ്‌ വികൃതമായി. ഇറുക്കിയടച്ച കണ്ണുകള്‍ക്കുള്ളിലേക്ക് ഒരു ശരം പോലെ തുളഞ്ഞു കയറുന്ന ചിത്രങ്ങള്‍. സഹിക്കാനാകാതെ തൊണ്ട കിടുകിടുത്തു. പൊട്ടിക്കരച്ചിലിനെ നിയന്ത്രിക്കാന്‍ വായ്‌ പൊത്തിയപ്പോള്‍ മൂക്കിലൂടെ ചാടിയ വികൃത സ്വരം പരിചയമില്ലാത്തവയായിരുന്നു. നിറഞ്ഞ കണ്ണുകളില്‍ മഞ്ഞപ്പ്‌ പടര്‍ന്നു. താന്‍ സ്വകാര്യമായി സൂക്ഷിച്ചിരുന്ന സ്വകാര്യതകള്‍ ഇതാ സ്വന്തം കണ്‍മുന്നില്‍ കിടന്ന്‌ കൊഞ്ഞനം കുത്തുന്നു. ലോകമാകെ തന്‍റെ സ്വകാര്യതകള്‍ നഗ്നമാക്കപ്പെട്ടിരിക്കുന്നു. മൂടിവെച്ചിരുന്നതെല്ലാം ഒറ്റ നിമിഷംകൊണ്ട്‌ പുറം ലോകം ആഘോഷിക്കുന്നു.
ഇനി ഞാനെന്ന അനിലക്കെന്ത്‌ പ്രസക്തി? വിശ്വാസം ചിറകൊടിഞ്ഞ്‌ വീഴുമ്പോള്‍ അതിരുകടന്ന ആത്മവിശ്വാസത്തിന്‍റെ അഹങ്കാരം മനസില്‍ തീപ്പൊരിയായ്‌ മാറി.

" ഈ അമ്മക്കിതെന്ത്‌ പറ്റി..?" കപടലോകത്തിന്‍റെ കാപട്യങ്ങള്‍ തിരിച്ചറിയാനാകാത്ത നിഷ്ക്കളങ്കയായ പതിമൂന്ന്‌ വയസുകാരി മകള്‍ അമ്മയെ തട്ടിവിളിച്ചപ്പോഴാണ്‌ കണ്ണീരുണങ്ങിയ കവിള്‍ത്തടങ്ങള്‍ ഉയര്‍ത്തി ഇരുന്നിടത്തുനിന്ന്‌ എഴുന്നേറ്റത്‌.

"മോള്‌ പോയി പഠിക്ക്‌... അച്ഛന്റെ ഫോണ്‍ വന്നില്ലല്ലൊ എന്ന്‌ ആലോചിച്ചിരുന്നതാ..."ഒഴിഞ്ഞ്‌ മാറാന്‍ ഒന്നുരണ്ട്‌ വാക്ക്‌.
അവള്‍ അകത്തേക്ക്‌ പോയി.

സംഭവിക്കാന്‍ പാടില്ലാത്ത കൈപ്പിഴയൊ അറിഞ്ഞുകൊണ്ട്‌ ചെയ്ത മണ്ടത്തരമൊ എന്നേ ഇനി അറിയേണ്ടതുള്ളു. ഒരു ദിവസം പോലും ഒഴിവാക്കാതെ ഫോണ്‍ ചെയ്യാറുള്ള വൈശാഖ്‌ സ്വന്തം ഭാര്യയൊന്നിച്ചുള്ള രതിക്രീഡകള്‍ കൂട്ടുകാരൊത്ത്‌ ആഘോഷിക്കുമ്പോഴും ഒരിക്കലെങ്കിലും ഒരു വാക്കെങ്കിലും സൂചിപ്പിച്ചിരുന്നില്ലല്ലൊ എന്ന വേദന അനിലയെ തളര്‍ത്തി. സ്വന്തം ജീവനേക്കാളുപരി സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത മനുഷ്യനെ ഇനിയും വെറുക്കാന്‍ കഴിയാത്ത മനസ്സിന്‍റെ മായാജാലം പിടി കിട്ടുന്നില്ല. വിശ്വാസം മുതലെടുത്ത്‌ കൂട്ടുകാര്‍ വഞ്ചിച്ചതായിരിക്കണെ എന്ന്‌ സമാധാനിക്കാന്‍ ശ്രമിക്കുമ്പോഴും കണ്‍മുന്നില്‍ തെളിയുന്നത്‌ സ്വന്തം നഗ്നത.

മൊബൈല്‍ ശബ്ദിച്ചപ്പോള്‍ അതില്‍ കണ്ട വൈശാഖിന്റെ ചിത്രത്തിന്‌ ചതിയന്‍റെ മുഖം. ക്രൂരന്‍റെ ചേഷ്ടകളടങ്ങിയ മനോരോഗിയുടെ ഭാവം. അനിലയുടെ നെഞ്ചിടിപ്പ്‌ വര്‍ദ്ധിച്ചു. സങ്കടവും കരച്ചിലും പകയും വെറുപ്പും അറപ്പും ഇടകലര്‍ന്ന ക്ഷോഭത്തോടെ മൊബൈല്‍ ചെവിയോട്‌ ചേര്‍ത്ത്‌ വെച്ചപ്പോള്‍ ശക്തിയോടെയുള്ള പൊട്ടിക്കരച്ചില്‍ കാതിലലച്ചു. സകല വികാരങ്ങളും വേരറ്റ്‌ വീഴുമ്പോള്‍ പറയാന്‍ വാക്കുകള്‍ക്കായ്‌ അനില തപ്പിത്തടഞ്ഞു.

ഞാന്‍ പറഞ്ഞ്‌ കഴിഞ്ഞതിന്‌ ശേഷം ഇങ്ങോട്ട്‌ പറഞ്ഞാല്‍ മതി എന്ന മുഖവുരയോടെ നിരാശ നിഴലിച്ച വാക്കുകള്‍ അര മണിക്കൂറിന്‌ ശേഷമാണ്‌ നിലച്ചത്‌.

മൊബൈല്‍ ഓഫായപ്പോള്‍ അഗ്നിസ്പുലിംഗങ്ങള്‍ സമന്വയിച്ച ഭദ്രകാളിയായി അനില. കിടക്കറ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ആ ഒരൊറ്റ സംഭവം മാത്രമായിരുന്നു കൂട്ടിവായിക്കാന്‍ അനിലക്കുണ്ടായിരുന്നത്‌. മറിച്ചൊന്ന്‌ ചിന്തിക്കാനൊ നെറ്റില്‍ കണ്ട ചിത്രങ്ങള്‍ വേര്‍തിരിച്ചെടുക്കാനൊ കഴിയാത്ത അവസ്ഥയിലായിരുന്നു അപ്പോള്‍.
ഒരു പ്രൊഫഷണല്‍ ജോലിക്കാരന്‍റെ തന്‍മയത്വത്തോടെ എഡിറ്റ്‌ ചെയ്ത്‌ വൃ‍ത്തിയാക്കിയ ചിത്രവും ഹോട്ടല്‍മുറിയുടെ ഉള്‍ഭാഗവും അനില ശ്രദ്ധിച്ചില്ലെ എന്ന വൈശാഖിന്റെ ഓര്‍മ്മപ്പെടുത്തലായിരുന്നു എല്ലാം മനസ്സിലാക്കിയവള്‍ എന്ന അഹന്തയുടെ മുനയൊടിച്ചത്‌. വെറുതെ സംശയിച്ചു എന്ന കുറ്റബോധത്തേക്കാളേറെ നിര്‍ദോഷമായ ഒരു പുതുമ പുല്‍കാന്‍ കൊതിച്ച തന്‍റെ കാഴ്ചപ്പാട്‌ തന്നെ എല്ലാത്തിനും വിനയായി.

വര്‍ഷങ്ങളായി ജോലി നോക്കുന്ന ഹോട്ടലില്‍ നിന്നും അനുഭവിക്കേണ്ടിവന്ന നീറ്റല്‍ സ്വന്തം നാടിന്‍റെ മനോഹാരിതയുടെ ആത്മാവില്‍ കത്തിപ്പടര്‍ന്നു.

സദാചാര മൂല്യങ്ങള്‍ക്ക്‌ വില കല്‍പിക്കാത്ത ഏതെങ്കിലും നാട്ടിലേക്ക്‌ ഓടി മറയാന്‍ അനിലയുടെ മനസ്സ്‌ തിടുക്കം കൂട്ടി.
              (സൂക്ഷമായി നിരീക്ഷിച്ചാല്‍ പോലും കണ്ടത്താനാകാത്ത ചില ക്യമറക്കണ്ണുകള്‍...)

                                    ഈ ചിതങ്ങളൊട്‌ കടപ്പെട്ടിരിക്കുന്നത്‌
                              ഒളി കാമറകൾ: നാം അറിയേണ്ട ചില കാര്യങ്ങൾ
                        എന്ന പോസ്റ്റ്‌ പ്രസിദ്ധീകരിച്ച മരുപ്പച്ച എന്ന ബ്ളോഗിനൊട്‌.

പട്ടേപ്പാടം റാംജി

പവർ....... ‘കട്ട്’ !!

April 15, 2010 Renjishcs


പതിവുപോലെ അന്നും ഇന്റർനെറ്റ് കഫേയിലെ ഇടുങ്ങിയ ക്യൂബിക്കിളിൽ നനഞ്ഞൊട്ടാൻ തുടങ്ങുന്ന തന്റെ ചുരിദാറിലെ ചുളുക്കുകൾ കൂടിക്കൂടി വന്നപ്പോൾ ഒരു ഞരക്കത്തോടെ അവൾ പറഞ്ഞു:
“ഹോ നിന്റെ പ്രണയത്തിന്റെ നോവ്, ഇന്നിത്തിരി കൂടുതലാ......!”

“അല്ലെങ്കിലും ഈ സുവോളജി പൊതുവെ ഇത്തിരി ടഫാ മോളൂ“ മുഖമുയർത്താതെ അവൻ.

കീ ബോർഡിലെ “എ“ യും “ബി”യും “സി”യുമൊക്കെ അവളുടെ വിയർപ്പിന്റെ രുചി നൊട്ടി നുണഞ്ഞു രസിച്ചു...ഇടയ്ക്കവന്റെയും... മൌസ്സിന് അതൊരു ആഘോഷമായിരുന്നു. മോണിറ്റർ പക്ഷെ സ്ക്രീൻ സേവറിട്ട് മുഖം പൊത്തിക്കളഞ്ഞു.

ഒക്കെ കണ്ട് കൊതി തീർന്നിട്ടോ വെറുത്തിട്ടോ മടുത്തിട്ടോ എന്തോ യു.പി.എസ്സ്. പോലുമറിയാതെ ആ സിസ്റ്റം ഒരിക്കൽ ഷട്ട്‌ഡൌൺ ആയി. ട്രിപ്പായതാവും എന്നാണ് ആദ്യം കരുതിയത്, പക്ഷെ സത്യത്തിൽ കറണ്ട് അടുത്ത ട്രാ‍ൻസ്സ്‌ഫോർമറിൽ പോലും ഉണ്ടായിരുന്നില്ല.

മുഖപടങ്ങളുടെ കാണാച്ചരടുകള്‍

April 13, 2010 രാജേഷ്‌ ചിത്തിര



മുറിയിലെ എയര്‍ കണ്‍ഡീഷണറിന്‍റെ നിശ്വാസം ശരീരത്തെ വല്ലാതെ തണുപ്പിച്ചപ്പോഴാണ് രവി കണ്ണു തുറന്നത്.തണുപ്പിന്റെ സൂചിമുനകുത്തല്‍ കാലുകളെ നോവിക്കാന്‍ തുടങ്ങിയിരുന്നു. കണ്ണുകള്‍ പതിയെ തുറക്കുന്നതിനിടയില്‍ അകലെ റെയില്‍വേ സ്റ്റേഷനില്‍ ഏതോ ട്രെയിന്‍ ചൂളംകുത്തി പാഞ്ഞു തുടങ്ങിയത് കേള്‍വിയില്‍ നിന്നുമകന്നു. തലയടക്കം മൂടി വച്ചിരുന്ന കനം കുറഞ്ഞ തുണി മെല്ലെ വകഞ്ഞു മാറ്റി,തന്റെ കാലുകള്‍ക്ക് മേല്‍ വെച്ചിരുന്ന വിദ്യയുടെ കാലുകളില്‍ നിന്നു സ്വന്തം ശരീരത്തെ അവളറിയാതെ ഊരിയെടുത്തു .ഏസിയുടെ താപനിയന്ത്രണത്തില്‍ മെല്ലെ വിരലമര്‍ത്തി. തിരിച്ചു വന്നു വിദ്യയെ മറികടന്നു കട്ടിലിന്റെ അങ്ങേതലക്കലേക്ക് കയറുമ്പോള്‍ അറിയാതെ അവളുടെ മുഖത്തേക്ക് പാളി നോക്കി.വല്ലാത്തൊരു ക്ഷീണം ആ മുഖത്തുണ്ട്‌ .ഒപ്പം ഈ തളര്‍ച്ചയിലും തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന ഒരു ആകര്ഷണീയത അവളുടെ മുഖത്ത് മിന്നി തെളിയുന്നു.

കാതുകളില്‍ പെരുമഴയുടെ കാഹളം മുഴങ്ങവേ രവി വര്‍ഷങ്ങള്‍ പിന്നിലേക്ക്‌ ചെന്ന് ഒരു പതിനാറുകാരനായ ശ്രീനിയായി .ശക്തമായോരിടിയില്‍ കണ്ണടച്ചു പോയ വൈദ്യുത വിളക്കിനു താഴത്തെ ഇരുട്ടില്‍ ശ്രീനി സീതയോട് മല്ലിട്ടു.തള്ളി മാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ സീതയുടെ കണ്ണില്‍ നീര്‍ച്ചാലുകള്‍ ഉറവ പൊട്ടി ."ശ്രീനിയേട്ട ,നമ്മള്‍ സഹോദരങ്ങളല്ലേ ...." അവളുടെ ശബ്ദം കരച്ചിലിലും പുറത്തെ മിന്നലിലും അവന്‍റെ കാതോരത്ത് നിന്നു അകന്നു നിന്നു.ഇടവപ്പാതിയുടെ കുത്തൊഴുക്കിലും വിയര്‍ത്ത് അവളില്‍ നിന്നെഴുനെല്‍ക്കുമ്പോള്‍ ശ്രീനി ആദ്യമായി കുമാറിന് മനസ്സു കൊണ്ട്‌ മാപ്പ് കൊടുത്തു.


രാസ്പുട്ടിന്റെ മാന്ത്രികശക്തിയില്‍ ആടിത്തളര്‍ന്ന് കസേരയിലേക്ക് വീണ ഒരു പതിമൂന്നുകാരന്റെ അനുഭവങ്ങളിലേക്ക്‌ പുതിയൊരു അധ്യായം കുറിച്ചു ചേര്‍ത്തത് കുമാറാണ് .അടുത്ത വീട്ടിലെ കോളേജില്‍ പഠിക്കുന്ന ഇരുപതുകാരന്‍.ശ്രീനി കുമാറിനെക്കുറിച്ചോര്‍ത്തു.സ്നേഹമായിരുന്നു കുമാറിന് ശ്രീനിയോട് .മറ്റാരോടും ഇല്ലാത്തൊരു സ്നേഹം .കേട്ടിപ്പിടിക്കാനും ,മടിയില്‍ വക്കാനും കൂടെ ഉറക്കാനുമുള്ള സ്നേഹം .അതു അനിയന്മാരില്ലാതെ ഒരു ജ്യേഷ്ടന്റെ സ്നേഹത്തിനപ്പുറം എന്തോ ആണെന്ന് തിരിച്ചറിഞ്ഞത് ആ ദിവസമാണ് .മടിയിലിരുത്തി ....കുമാര്‍ കഴുകിക്കളഞ്ഞ രവിയുടെ ട്രൌസരിലെ പാട് , ശ്രീനിയുടെ മനസ്സില്‍ കുമാറിനോട് ഉള്ള കറയായി;ഒരുപാട് കാലം .കുമാറിന്റെ പട്ടണത്തിലേക്കുള്ള പോക്ക് വരെ ആരുമില്ലാതെ ഇടവേളകള്‍ സ്നേഹം നിര്‍ബന്ധപൂര്‍വം പടര്‍ന്നോഴുകി.ശ്രീനി കുമാറിന്റെ സഹോദരിമാരുടെ വസ്ത്രങ്ങളില്‍ സ്ത്രൈണഭാവങ്ങളുടെ പുതിയ ചിത്രങ്ങള്‍ വരച്ചെടുത്തു.ഒടുവില്‍ കുമാറിന്റെ അസാന്നിധ്യതതില്‍ തന്റെ സഹപ്രായക്കാര്‍ക്ക് ശ്രീനി താന്‍ പഠിച്ച പാഠങ്ങള്‍ പഠിപ്പിച്ചു കൊടുത്തു .ഇരുള്‍ വീണ കാവിലെ വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ പരസ്പരം വള്ളികളായി പടര്‍ന്നും ,തിരക്കേറിയ തെരുവിന്റെ ഹൃദയത്തില്‍ തങ്ങളുടേതായ ലോകം തീര്‍ത്തും ,വെളിച്ചം കുറഞ്ഞ സിനിമ കൊട്ടകയുടെ കീറിത്തുടങ്ങയില്‍ സീറ്റില്‍ ഒന്നിന് മേല്‍ ഒന്നായും...

ഒടുവില്‍ തന്‍റെ സ്നേഹത്തിനു ഒരു നിറം മാത്രയുള്ളൂവെന്ന സംശയം ദൂരികരിക്കാനാണ് തറവാട്ടമ്പലത്തിലെ ചിറപ്പിനുവന്ന ചിറ്റയുടെ മകള്‍ സീതയെ ......അവള്‍ മഴ പെയ്ത ആ രാത്രിയെ ചെറുത്തു നിന്നുള്ളൂ .പിന്നിടുള്ള അഞ്ചു വര്‍ഷത്തോളം അവള്‍ ശ്രീനിയുടെ സ്നേഹം അനുഭവിക്കുകയായിരുന്നു.‍ മറ്റൊരാളുടെ കൈ പിടിച്ചു പടിയിറങ്ങും വരെ. ഏറെക്കാലത്തിനു ശേഷം രവി സീതയെക്കുറി ച്ചോര്‍ത്തു.മൂത്ത മകളുടെ മരണത്തിനു ശേഷം എല്ലാം അവള്‍ ചെയ്ത പാപത്തിന്റെ ഫലമെന്ന് പറഞ്ഞു പൊട്ടിക്കരയുന്ന അവളുടെ മുഖം മനസ്സില്‍ തെളിഞ്ഞു.ഒരിക്കലും ചെയ്തതൊന്നും പാപമായി തനിക്കു തോന്നാത്തതില്‍ പതിയെ പുഞ്ചിരിച്ചു.

സീത തനിക്കു മുമ്പില്‍ വാതില്‍ വലിച്ചടച്ച ആ തിരിച്ചു വരവിനിടയിലാണ് ആ തമിഴത്തിയെ കണ്ടത്.തോളില്‍ ഒരു പ്ലാസ്റ്റിക്‌ സഞ്ചിയുമായി അവള്‍ കാവിനുള്ളില്‍ ചുറ്റിത്തിരിയുകയായിരുന്നു.കറുത്തിരുണ്ട വടിവൊത്ത ശരീരവും തിളങ്ങുന്ന കണ്ണുകളും രവിക്കുമുന്നില്‍ ഒരു കരിവീട്ടി പ്രതിമ പോലെ തെളിഞ്ഞു വന്നു.ശ്രീനിയുടെ പുഞ്ചിരിക്കു മുറുക്കാന്‍ ചുവപ്പുള്ള പല്ലുകളാല്‍ അവളും പത്തരമാറ്റുള്ള ചിരി തിരിച്ചു കൊടുത്തു .ശ്രീനിയുടെ കണ്ണുകള്‍ കാട്ടിക്കൊടുത്ത വഴിയെ അവള്‍ കാവിനുള്ളിലേക്ക് നടന്ന്‌ കയറി.ഏത് നിമിഷത്തിലാണ് അവള്‍ക്കു തന്‍റെ ഇഷ്ടങ്ങള്‍ അനിഷ്ടങ്ങളായത്? ശ്രീനി ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു .അവളുടെ കൈനഖപ്പാടുകളില്‍ നിന്നു രക്തം പൊടിച്ചെന്നോണം മെല്ലെ നെഞ്ചു തടവി .എന്തൊരു ശക്തിയായിരുന്നു അവള്‍ക്ക്..തന്നെ തള്ളി മാറ്റുമ്പോള്‍ ...തന്നിലെ വാശി ഉണര്‍ത്തും പോലെ.അവളെ അടക്കി കിടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ താഴെ നിലത്തു നിന്നു കയ്യില്‍ തടഞ്ഞത് ഒരു ചെറു കല്ലാണ്.തലയില്‍ ,പലവട്ടം ...മണ്ണിന്റെ തവിട്ടു കാന്‍വാസില്‍ ചുവന്ന ചായത്തിന് നടുവില്‍ മുടി വിടര്‍ത്തി അവളങ്ങനെ കണ്ണില്‍ തെളിയവെ ശ്രീനി കണ്ണുകള്‍ ഇറുക്കിയടക്കാന്‍ ശ്രമിച്ചു.സ്റ്റേഷനില്‍ നിന്നു ചൂളം കുത്തി ത്തുടങ്ങിയ ട്രെയിലേക്കു ഓടിക്കയറിയ സന്ധ്യയോര്‍ത്തു രവി വല്ലാതെ കിതച്ചു.
വിദ്യ എന്തോ ഓര്‍ത്തിട്ടെന്നോണം രവിക്ക് നേരെ തിരിഞ്ഞു.പാതിയുറക്കത്തില്‍ അവളുടെ കൈകള്‍ രവിയുടെ നെഞ്ചില്‍ തിരഞ്ഞു.രവി അവളെ തന്നോട് ചേര്‍ത്ത് പിടിച്ചു അവളുടെ മുഖം തന്‍റെ നെഞ്ചോട്‌ ചേര്‍ത്ത്, അവളുടെ ചുമലില്‍ തന്‍റെ വിരലുകളോടിച്ചു .ഓര്‍മ്മകളുടെ ആലസ്യത്തില്‍ നിന്നുണര്‍ന്നു കഴിഞ്ഞ കുറെ മണിക്കൂറുകള്‍ അവര്‍ പരസ്പരം പോരടിച്ചു ,കീഴടങ്ങിയ രതിയുടെ യുദ്ധമുഖത്തേക്ക് പതിയെ നടന്നടുത്തു.ആസക്തിയുടെ ഹെയര്‍ പിന്‍ വളവുകളില്‍ വിദ്യ രവിക്കൊരു ചേരുന്ന സഹയാത്രികയായി .പരസ്പരം കിതച്ചു തളര്‍ന്നു അവര്‍ കണ്ണുകളില്‍ നോക്കി ചിരിച്ചു .രവി മച്ചിലെ ചലിക്കാത്ത ഫാനിലേക്ക് നോക്കി കിടന്നു.വിദ്യ തളര്‍ച്ചയില്‍ കണ്ണുകള്‍ ഇറുക്കിയടച്ച്‌ വശം ചരിഞ്ഞു കമിഴ്ന്നു കിടന്നു.അവളുടെ നഗ്നമായ ചുമലിലൂടെ വിയര്‍പ്പിന്റെ ചാലുകള്‍ തെളിഞ്ഞു നിന്നു.

മൂന്നു മാസം മുന്‍പ് ഒരു സായാഹ്നത്തില്‍ മലയാളികളുടെ ഒരു സൌഹൃദ കൂട്ടായ്മയില്‍ വെറുമൊരു "ഹായ്‌ " പറഞ്ഞു തുടങ്ങുമ്പോള്‍ അവളുടെ മുഖം റാണി മുഖര്‍ജിയുടെതായിരുന്നു .പിന്നെ അവിടെ ദീപികാ പദുക്കോണും ,റീമയും സ്ഥാനം പിടിച്ചു.റാണി മുഖര്‍ജിയോടു സംസാരിച്ചു തുടങ്ങിയ ഹൃതിക് റോഷന്‍ പിന്നീട് ഷാഹിദും പ്രിഥ്വിരാജുമായി.ഹാള്‍ദിയയിലെ ഉഷാ ബാനര്‍ജിയെന്ന ഇരുപതുകാരിയോട് മൂന്നു മാസം നീണ്ട പ്രണയത്തിനും രണ്ടു ദിവസം ഹൌറയിലെ ഒരു ഹോട്ടലിലെ തണുപ്പില്‍ പരസ്പരം ചൂടുപകര്‍ന്ന ദിനരാത്രങ്ങള്‍ക്കുമൊടുവില്‍ സുദേവ് എന്ന ഒറീസ്സക്കാരനില്‍ രവിയിലേക്ക് വേഷം മാറിയതിന്റെ കൃത്യം രണ്ടാം നാളിലാണ് വിദ്യയെ കാണുന്നത് .മൂന്നു മാസം അവള്‍ക്കു കൊടുത്ത സമയപ്പട്ടികക്കനുസരിച്ചു വൈകുന്നേരം ഏഴു മണിമുതല്‍ ഒന്‍പതു വരെ അവള്‍ക്കിഷ്ടമുള്ളത് പറഞ്ഞു.അവള്‍ക്കിഷ്ടമുള്ള താരങ്ങള്‍ രവിയുടെയും പ്രിയപ്പെട്ടവരായി .അവള്‍ക്കിഷ്ടമുള്ള നിറങ്ങളില്‍ വെബ് കാമിന്റെ ചെറുകണ്ണിനു മുന്നില്‍ തപസ്സിരുന്നു.

ഒടുവില്‍ പഹാഡ് ഗന്ജിലെ ഈ ഇടത്തരം ഹോട്ടലില്‍ എന്നോടൊപ്പം ....സൗത്ത് എക്സിലെ അവള്‍ പറഞ്ഞ സ്റ്റോപ്പില്‍ രവിയെത്തുമ്പോള്‍ വിദ്യ തോളില്‍ ഒരു ബാഗുമായി രണ്ടു ദിവസത്തേക്കുള്ള ഔദ്യോഗികയാത്രക്ക് തയ്യാറായി നിന്നിരുന്നു.ഡല്‍ഹിയുടെ അതിര്‍ത്തി പട്ടണമായ ഗുര്‍ഗാവില്‍ നിന്നും ഒരു ദിവസം മുന്‍പ് ഹോട്ടലില്‍ മുറിയെടുക്കുമ്പോള്‍ വിവരപുസ്തകത്തില്‍ രവി ഭോപ്പാലില്‍ നിന്നും ഭാര്യയെ കാണാന്‍ രണ്ടു ദിവസത്തേക്ക് വന്ന ഭര്‍ത്താവായി.

ആലസ്യം അവളെ ഉറക്കത്തിലേക്കു കൈപിടിച്ച് കയറ്റവേ റെയില്‍വേ സ്റ്റേഷനില്‍ നിന്നും മറ്റേതോ ട്രെയിന്‍ പുറപ്പെടുന്ന ശബ്ദത്തിലെ രവി വീണ്ടും ഓര്‍മ്മകളുടെ മറ്റൊരു സ്റേഷനിലേക്ക് യാത്ര പുറപ്പെട്ടു.എപ്പോഴുമുണ്ട് മനസിനെ കീറി മുറിച്ച് ഒരു ട്രെയിന്‍ ....ലഹരിയുടെ കുടക്കീഴില്‍ ബോധത്തെ അകറ്റി വികാരം ശമിപ്പിക്കാനൊരു ശരീരം തേടി അലഞ്ഞ ഒരു രാത്രി. നര്‍മ്മദക്ക് കുറുകെ വെള്ളക്കാരന്‍ കെട്ടിയ ലോഹപ്പാലത്തിന്റെ ഇങ്ങെ തലക്കല്‍ ബറൂച്ചിലെ സ്ഥിരം വീടുകളും നപുംസക തെരുവും തിരഞ്ഞു തളര്‍ന്നു വരുമ്പോഴാണ് പെണ്‍മുഖമുള്ള ആ നേപ്പാളി ചെക്കനെ കണ്ടത് .കയ്യിലെ മദ്യത്തില്‍ നിന്നൊരു പങ്കും കൊടുത്തു അവനുമായി അബോധത്തിനെ ഇടനാഴിയില്‍....റെയില്‍വേ ട്രാക്കില്‍ അവനെ കുറുകെ വച്ചു ,റോഡു മുറിച്ചു കടക്കുമ്പോള്‍ പിന്നില്‍ കേട്ട ഇരമ്പം ക്ഷണിക്കാത്ത അതിഥിയെ പോലെ ട്രെയിന്‍ ഒച്ച പോലെ ഇരമ്പിക്കയറും ഇതു പോലെ ബോധം ബാക്കിയുള്ള നേരങ്ങളില്‍ .മെല്ലെ കണ്ണടച്ചു കിടന്നു.

എവിടെനിന്നോ കേട്ട അഞ്ചു മണിയുടെ സൈറെന്‍ ആണ് ഉറക്കത്തില്‍ നിന്നുണര്ത്തിയത്.വിദ്യയുടെ തളര്‍ന്ന കൂര്‍ക്കം വലി തുടരവേ രവി മെല്ലെ എണീറ്റു.അവളുടെ നെറ്റിയില്‍ പതിയെ ചുംബിച്ചു.അവളുടെ നഗ്നത ആസ്വദിക്കാനെന്നോണം അകന്നു മാറി കിടന്നിരുന്ന പുതപ്പെടുത്തു അവളെ പുതപ്പിച്ചു.പിന്നെ തന്‍റെ നഗ്നതയ്ക്ക് മേലേ വസ്ത്രങ്ങളുടെ ആവരണം അണിയിച്ചു.മുടി ചീകിയൊതുക്കി ഷോള്‍ഡര്‍ ബാഗില്‍ നിന്നും പേര്‍സ് എടുത്ത് കയ്യില്‍ പെട്ട പണം മുഴുവന്‍ മേശമേല്‍ വച്ചു.വാതില്‍ പതിയെ ചാരി തെളിഞ്ഞു തുടങ്ങിയ വഴിയിലൂടെ അയാള്‍ തന്നെ കാത്തിരിക്കുന്ന പുതിയ പേരുകളിലേക്കും,രാത്രികളിലേക്കും മെല്ലെ ചുവടുകള്‍ വച്ചു.

പുളിമരവും കിണറും

April 10, 2010 വിപിൻ. എസ്സ്


പുളിമരവും കിണറും അവക്കിടയിലൂടെ ദൂരെ ഒരു സർവ്വെകല്ലിൽ അവസാനിക്കുന്ന അതിരും. രണ്ടും രണ്ടുപേരുടെ വസ്തുവിൽ ആണ്. ഇതിൽ കിണറാണ് ഞങ്ങളുടെത്. കിണറിനടുത്തായി അതിരിനപ്പുറത്ത് വളർന്ന് പടർന്ന് പന്തലിച്ചു നിൽക്കുകയാണ് പുളിമരം. പുളിമരം നിൽക്കുന്ന പുരയിടം ഒരു എക്സർവ്വീസ് മിലിട്ടറി അങ്കിളിന്റെതാണ്. ഞങ്ങളുടെ വീടിന് കുറച്ചകലെ ആയാണ് പുള്ളിക്കാരന്റെ താമസം.

ഞാനദ്യമായി കാക്കയെ കാണുന്നത് ആ പുളിമരത്തിൽ ആണ്. ഇത് തികച്ചും ശരിയായി കൊള്ളണമെന്നില്ല. എങ്കിലും എന്റെ ഓർമ്മയിൽ അങ്ങിനെയാണ്. പണ്ട് ബാലരമ, പൂമ്പാറ്റ, ആദിയായ സാധനങ്ങൾ വായിച്ചുതീർക്കുന്നത് ആ പുളിമരത്തിന്റെ കോമ്പിൽ കയറി യിരുന്നാണ്. പലജാതികിളികൾ ഇടക്കിടെ വിരുന്നു വരുന്ന ആ മരവും അതിന്റെ ചില്ലകളും തണലും ഒക്കെ കുട്ടിക്കാലത്ത് ഇഷ്ടമുള്ളകോണുകളിൽ ഒന്നായിരുന്നു.

കുട്ടിക്കാലത്തെ ഇഷ്ടം വളർന്നപ്പോൾ എന്തുകോണ്ടോ ആ മരത്തോട് ഇല്ലാതായി. കേവലം അയല്പക്കകാരന്റെ വസ്തുവിൽ ഉള്ള ഒരു വലിയ മരം എന്നതു മാത്രം ആയി. ഒരു വഴിതർക്കത്തെ തുടർന്ന് പുളിമരത്തിന്റെ ഉടമസ്തനായ എക്സർവ്വീസ് മിലിട്ടറി അങ്കിളിനോട് ഉണ്ടായ നീരസം, വീട്ടിലെല്ലാവർക്കും പുളിമരത്തോട് അതുവരെ ഉണ്ടായിരുന്ന സമീപനത്തിൽ നിന്ന് കാര്യമായ ഒരു മാറ്റമുണ്ടാകാൻ കാരണം ആയി.വഴിതർക്കം ഞങ്ങളുമായിട്ട് ആയിരുന്നില്ല. അച്ഛൻ അതിൽ മധ്യസ്ഥത വഹിക്കാൻ ചെന്നതായിരുന്നു. ന്യായം പക്ഷത്തില്ലെങ്കിലും വഴികോടുക്കാൻ തയ്യാറാകാത്ത എക്സർവ്വീസ് അങ്കിൾ അങ്ങനെ വെറുക്കപ്പെട്ടവനായി.

അപ്പോൾ മുതൽ പുളിമരത്തിന്റെ ഇല കാറ്റത്ത് തോഴിഞ്ഞ് കിണറ്റിൽ വീഴുന്നതും അത് അവിടെ കിടന്ന് അഴുകുന്നതും അങ്ങനെ കുടിക്കാനുള്ളവെള്ളം മലിന മാകുന്നതും ഞങ്ങൾ ശ്രദ്ധിച്ചുതുടങ്ങി. വലവാങ്ങി കിണർപോതിഞ്ഞാലും പുളിയില വലക്കണ്ണിക്ക് ഇടയിലൂടെ കിണറ്റിലെക്ക് വീഴുമെന്ന് മുൻകൂട്ടി ഒരു നിരീക്ഷണം നടത്തി. കടുത്ത വേനലിലും വറ്റാത്ത ഞങ്ങളുടെ കിണർ ആണ് വേനൽക്കാലത്ത് അയല്പക്കത്തുകാർക്കും ആശ്രയം. അപ്പോൾ പുളിയില വീണ് വെള്ളം മലിനപ്പെടുന്നത് ഞങ്ങളുടെ മാത്രമല്ല, നാട്ടുകാരുടെ ആകെ പ്രശ്നമാണ് എന്നരീതിയിൽ ഞങ്ങൾ ഉയർത്തിക്കോണ്ടുവന്നു.

ആദ്യപടിയായി പ്രശ്നം മരത്തിന്റെ ഉടമസ്തനെ അറിയിച്ചു. ഞങ്ങളുടെ പുരയിടത്തിലേക്ക്, കിണറ്റിന് മുക്കളിലേക്ക് വളർന്നുനിൽക്കുന്ന കൊമ്പുകൾ മുറിച്ചു മാറ്റിത്തരണം എന്നതാണ് ആവശ്യം. പൂത്തുതുടങ്ങിയ കൊമ്പുകൾ തൽകാലം മുറിക്കാൻ പറ്റില്ലെന്നായി എക്സർവ്വീസ് അങ്കിൾ. അടുത്തപടി പഞ്ചായത്താഫീസിൽ പരാതി കോടുക്കുക എന്നതായിരുന്നു. കൂടിക്കുവാനുള്ള വെള്ളം മലിനപ്പെടുന്നതും തുടർന്നുണ്ടാകാനിടയുള്ള ആരോഗ്യപ്രശ്നങ്ങളും ഹൈലൈറ്റ് ചെയ്യിച്ച് പരാതി തയ്യാറാക്കി പഞ്ചയത്ത് ആഫീസിൽ കോടുത്തു. പക്ഷെ വർഗ്ഗശത്രുക്കൾക്ക് ഭൂരിപക്ഷം ഉണ്ടായിരുന്ന പഞ്ചായത്ത് കമ്മിറ്റി എടുത്തതീരുമാനം ഞങ്ങൾക്ക് എതിരായി. വിഘടന വാദികളും പ്രതിക്രിയാ വാദികളും പ്രദമദ്രഷട്യാ അകൽച്ചയിലായിരുന്നെങ്കിലും അവർക്കിടയിലുള്ള അന്തർധാര സജീവമായിരുന്നു എന്ന് അച്ഛന് മനസ്സിലായി. വൈരുദ്ധ്യധിഷ്ടിത ഭൌതികവാദികളുടെ ബ്രാഞ്ച് സെക്രട്ടറിആയിരുന്ന അച്ഛൻ ബ്രഞ്ച് കമ്മിറ്റിയിലും ഉപരികമ്മിറ്റികളിലും ഞങ്ങളുടെ പുളിമര-കുടിവെള്ള പ്രശ്നം അവതരിപ്പിച്ചു.

പ്രശ്നങ്ങൾ ഇങ്ങനെ പുകയുമ്പോൾ പുളിമരത്തെ തട്ടാനുള്ള ഒരു മാസ്റ്റർപ്ലാൻ മുതിർന്നവരുടെ മൌനാനുവാദത്തോടെ ഞാൻ തയ്യാറാക്കി.എല്ലാം വളരെ ശാസ്ത്രീയമായിട്ടായിരുന്നു. വേര് മണ്ണിൽനിന്നും വലിച്ചെടുക്കുന്ന ജലവും ലവണവും സൂര്യപ്രകാശത്തിന്റെ സാനിധ്യത്തിൽ ഇലകളിൽ വച്ച് സസ്യത്തിന്റെ ആഹാരമായി മാറുന്നു. ക്സൈലവും ഫ്ലോയവും കാണാതെ പഠിച്ചത് ഓർത്തെടുത്തു. ജലവും ലവണവും ഇലകളിലെക്ക് എത്തുന്നതിനിടയിൽ അതിൽ വിഷം കലർത്തുക. മരത്തെ കോല്ലാൻ പറ്റുന്ന വിഷം വേണം. ഒരു തെർമോമീറ്റർ സംഘടിപ്പിക്കുച്ചു. അതു പോട്ടിച്ചു അതിലെ മെർക്കുറി എടുത്തു. വലിയോരു ആണികോണ്ട് മരത്തിന്റെ കാതലിലേക്ക് ഒരു വലിയ ദ്വാരം ഉണ്ടാക്കി അതിലെക്ക് മെർക്കുറി ഒഴിച്ചു.വളരെ സൈലന്റായ കില്ലിംങ്ങാണ്.

ഇനി ഓരോ ഇലകളായി വാടും, കരിയും, അങ്ങനെ ദിവസങ്ങൾക്കുള്ളിൽ മരം പടും.ഇലകൾ വാടി, ചില്ലകൾ കരിഞ്ഞു, മരം പട്ടു. ആർക്കും ഒരു സംശയവും ഉണ്ടായില്ല. പട്ട് അപകടാവസ്ഥയിലായ മരം ഉടനടി മുറിച്ചു മാറ്റണം എന്ന് ആവശ്യപ്പെട്ട് മരത്തിന്റെ ഉടമസ്തന് അപേക്ഷനൽകി. പട്ടു പോയ ആ വലിയ പുളിമരം ദിവസങ്ങൾക്കുള്ളിൽ മുറിച്ചു മാറ്റി.

ഞങ്ങൾ കിണർ ഇറച്ചു വ്രത്തിയാക്കി. ഇനി ഒരിക്കലും പുളിയില വീണ് കണറ്റിലെ വെള്ളം മലിനമാകില്ല.പക്ഷേ പിറ്റെ ദിവസം കിണർ ഇടിഞ്ഞു താഴ്ന്ന് അപ്രത്യക്ഷമായി. ചില പുതിയ പ്രക്രതി പ്രതിഭാസങ്ങൾ

താജ് മഹല്‍

April 08, 2010 റോസാപ്പൂക്കള്‍


ഇരുളിന്റെ കറുത്ത കരിമ്പടം പുതച്ച് തെരുവുകളെല്ലാം വിജനമായിക്കിടന്നു. പ്രധാന തെരുവുകളിലെ വിളക്കുകാലുകളില്‍ കത്തിച്ചു വെച്ചിരുന്ന തെരുവു വിളക്കുകള്‍ എണ്ണ തീര്‍ന്നു കരിന്തിരി കത്തി അണഞ്ഞു. പ്രഭാതമാകാറായി എന്നറിയിച്ചു കൊണ്ട് ആകാശത്തില്‍ പെരുമീന്‍ പ്രത്യക്ഷപ്പെട്ടു. സുള്‍ഫിക്കരുടെ കൊച്ചു കുടിലിനുള്ളില്‍ മാത്രം വിളക്കെരിയുന്നുണ്ട്.

കണ്ണിലേക്ക് വെളിച്ചം അടിച്ചപ്പോള്‍ ഹസീന പെട്ടെന്നു കണ്ണു തുറന്നു. നേരം പുലര്‍ന്നോ..? സുള്‍ഫിക്കര്‍ ഇന്ന് നേരത്തെ ഉണര്‍ന്നിരിക്കുന്നു. മുറിയുടെ മൂലയില്‍ കത്തിച്ചു വെച്ച മണ്‍ ചിരാതിനു മുന്‍പിലിരുന്ന് മഹാറാണിക്കു വേണ്ടി നെയ്തെടുത്ത പട്ടുവസ്ത്രം ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുകയാണ്

ഇന്നലെ രാത്രി ഉറങ്ങുന്നതിനു മുന്‍പേ അതിന്റെ മിനുക്കു പണിയെല്ലാം തീര്‍ത്ത് ഭംഗിയായി മടക്കി സഞ്ചിയിലാക്കിയിരുന്നതാ ണ് ‍‍‍. ഇന്ന് അതു കൊട്ടാരത്തിലേക്ക് കൊണ്ടു പോകുന്നതിനു
മുന്‍പ് ഒരിക്കല്‍ കൂടി അതിന്റെ ഭംഗി ഉറപ്പു വരുത്തുവാന്‍ എടുത്തു നോക്കിയതാണെന്ന്
അവള്‍ക്കു മനസ്സിലായി.

കൊട്ടാരം നെയ്ത്തുകാരില്‍ പ്രധാനിയാണ് സുള്‍ഫിക്കര്‍. മഹാറാണി മുംതാസിനു ജന്മദിന സമ്മാനമായി നല്‍കുവാനുള്ള വസ്ത്രം നെയ്യുവാന്‍ ചക്രവര്‍ത്തി ഷാജഹാന്‍ ഏല്‍പ്പിച്ചത് അയാളെയാണ് ‍. പറഞ്ഞ ദിവസങ്ങള്‍ക്കും എത്രയോ മുന്‍പ് സുള്‍ഫിക്കറതു നെയ്തു കഴിഞ്ഞു. ഇളം നീല നിറത്തിലുള്ള പട്ടു തുണിയില്‍ സ്വര്‍ണ്ണ ഹംസങ്ങള്‍ ചിറകടിച്ചു പറക്കുന്ന ആ ഉടയാട അതിമനോഹരമായിരുന്നു.

ഹസീന സാവധാനം എഴുന്നേറ്റു സുള്‍ഫിക്കറുടെ അടുത്തു വന്നു ചോദിച്ചു.

“എന്താ..ഇത് കണ്ടിട്ടും കണ്ടിട്ടും കൊതി തീരുന്നില്ലേ..?”

“കണ്ടിട്ടും കണ്ടിട്ടും കൊതി തീരാതിരുക്കുവാന്‍ ഇത് എന്റെ ബീവില്ലല്ലോ” സുള്‍ഫിക്കര്‍ അവളെ അശ്ലേഷിച്ചു കൊണ്ടു പറഞ്ഞു.

“കൊട്ടാരത്തില്‍ എത്തിയാല്‍ പിന്നെ ഇത് റാണിയുടേതാകും. ഓരോ വസ്ത്രവും സ്വന്തമെന്നോണമാണ് ഞാന്‍ നെയ്യുന്നത്. അതു തീര്‍ത്ത് ഉടമക്കു കൈമാറുമ്പോള്‍ മനസ്സിനുള്ളില്‍ പറയാനാവാത്ത ഒരു നൊമ്പരം ഉണ്ടാകും. എത്ര പ്രതിഫലത്തിനും ആ നൊമ്പരത്തെ മറികടക്കാനാവുകയില്ല.”

“ഇതിന് ചക്രവര്‍ത്തി ധാരാളം പണം തരുമായിരിക്കും അല്ലേ..?”ഹസീന പ്രതീക്ഷയോടെ ആരാഞ്ഞു.

“ആയിരിക്കും. അത്രമേല്‍ ശ്രദ്ധിച്ചാണ് ഇതിന്റെ ഓരോ നൂലും ഞാന്‍ പാകിയിട്ടുള്ളത്. ഇതിനു സംസാരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ പറഞ്ഞേനെ ഈ സുള്‍ഫിക്കര്‍ എത്രമേല്‍ അവന്റെ കൈയ്യും മനസ്സും ഇതിനായി അര്‍പ്പിച്ചു എന്ന്. ഇതിനു കിട്ടുന്ന പ്രതിഫലം കൊണ്ടു വേണം എന്റെ ബീവിക്ക് ഒരു സമ്മാനം വാങ്ങുവാന്‍.”

സുള്‍ഫിക്കര്‍ ഹസീനയെ നോക്കി സ്നേഹത്തോടെ പറഞ്ഞു.

“ഒന്നും വേണ്ട എന്റെ പൊന്നേ...കിട്ടുന്ന പണം സൂക്ഷിച്ചു വെച്ചുവേണം നമ്മുടെ ഈ കുടിലിനു പകരം ഒരു കൊച്ചു വീടുണ്ടാക്കുവാന്‍.” ഹസീന അയാളുടെ തോളില്‍ തല ചായ്ച്ചു. .പിന്നെ പതുക്കെ ചെവിയില്‍ മന്ത്രിച്ചു.

“ആ വീട്ടിലുവേണം നമ്മുടെ കുഞ്ഞുങ്ങള്‍ പിറക്കുവാന്‍.“

“സംസാരിച്ചു നില്‍ക്കുവാന്‍ സമയമില്ല. നേരം പുലര്‍ന്നാലുടന്‍ ഞാന്‍ പുറപ്പെടുകയാണ് ‍. മഹാരാജാവ് ദര്‍ബാറിന് പോകുന്നതിനു മുന്‍പ് എനിക്ക് ഇതു കാഴ്ച വെക്കണം. നിനക്കും കൊട്ടാരത്തിലേക്ക് പോകുവാനുള്ളതല്ലേ..?”

“അതേ പുലര്‍ന്നാലുടന്‍ എനിക്ക് പൂക്കള്‍ ശേഖരിക്കുവാന്‍ പോകണം.പിന്നീടവ കെട്ടിയെടുത്തശേഷം വേണം അന്തപ്പുരത്തില്‍ കൊണ്ടു കൊടുക്കുവാന്‍.“

അവര്‍ സംസാരിച്ചു കൊണ്ടിരിക്കേ കൊട്ടരത്തില്‍ നിന്നും പ്രഭാത മണി മുഴങ്ങി. ഉടനെ തന്നെ സുള്‍ഫിക്കര്‍ കൊട്ടാരത്തിലേക്ക് യാത്രയായി.

പൂക്കള്‍ അന്തപ്പുരത്തിലെ ദ്വാരകപാലകനെ ഏല്‍പ്പിച്ച് വീട്ടിലേക്ക് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഹസീനക്ക് തന്റെ നടത്തത്തിന് വേഗത പോരെന്നു തോന്നി.. മുകളില്‍ തിളക്കുന്ന സൂര്യന്‍. പക്ഷേ അതൊന്നും അവളെ തളര്‍ത്തിയില്ല. അവള്‍ കാലിയായ പൂക്കുട തലയില്‍ വെച്ച് സൂര്യതാപത്തെ തടഞ്ഞു. സുള്‍ഫി ഇപ്പോള്‍ വീട്ടിലെത്തിക്കാണും. എത്രയും പെട്ടെന്ന് സുള്‍ഫിക്കറുടെ അടുത്തെത്താനുള്ള വെമ്പലായിരുന്നു അവള്‍ക്ക്. എന്തു വിലപ്പെട്ട സമ്മാനമായിരിക്കും അദ്ദേഹത്തിനു ലഭിച്ചിരികുക…? സുള്‍ഫി ഇന്നേ വരെ നെയ്തിട്ടുള്ളതില്‍ ഏറ്റവും മനോഹരമായിരുന്നല്ലോ ആരും കൊതിച്ചു പോകുന്ന ആ ഉടയാട. മഹാരാജാവിന്റെ സമ്മാനം കാണുവാനുള്ള ആകാംഷയില്‍ അവള്‍ ഓടിയും നടന്നും വീട്ടിലേക്കു പാഞ്ഞു. വീടിനുള്ളിലേക്കു ഉത്സാഹത്തോടെ കയറവേ ഹസീന വിളിച്ചു ചോദിച്ചു.

“എന്തു പറഞ്ഞു ചക്രവര്‍ത്തി തിരുമനസ്സ്..? എന്തു സമ്മാനമാണ് കിട്ടിയത്..”?

ഒരു മറുപടിയും അവള്‍ക്കു ലഭിച്ചില്ല. വീടിനുള്ളില്‍ നിശ്ശബ്ദത. ആ നിശ്ശബ്ദത അവളുടെ ഉത്സാഹമെല്ലാം ചോര്‍ത്തിക്കളഞ്ഞു. കുടിലിനുള്ളിലെങ്ങും സുള്‍ഫിയെ കണ്ടില്ല. അവള്‍ വീടിനോടു ചേര്‍ന്നുള്ള നെയ്ത്തു പുരയിലും അയാളെ തേടി. അയാള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ലെന്ന് അവള്‍ക്ക് മനസ്സിലായി. അവള്‍ തിരിച്ചെത്തും മുന്‍പേ തിരിച്ചെത്തേണ്ട ആളാണ് ‍. രണ്ടു പേരും കൊട്ടാരത്തിലേക്കാണ് പോയതെങ്കിലും അന്തപ്പുരത്തിലേക്കുള്ള കവാടം വേറെയായതു കൊണ്ട് തമ്മില്‍ കാണുവാന്‍ കഴിയുമായിരുന്നില്ല. .ഇനിയിപ്പോള്‍ കൊട്ടാരത്തില്‍ നിന്നും കിട്ടിയ പ്രതിഫലം കൊണ്ട് തനിക്ക് സമ്മാനമെന്തെങ്കിലും വാങ്ങുവാന്‍ പോയിരിക്കുമോ..? വന്ന് വിശേഷങ്ങള്‍ പറയാതെ അങ്ങനെ എങ്ങും പോകാറില്ലല്ലോ..?. ഇന്നിപ്പോള്‍ എന്താണാവോ....? ഹസീന ആകെ വിഷമത്തിലായി.

സുള്‍ഫിക്കറെ കാത്ത് അവള്‍ കുടിലിനുള്ളില്‍ അക്ഷമയായി സമയം പോക്കി. പകല്‍ സ്ന്ധ്യക്കു വഴിമാറുവാന്‍ തുടങ്ങിയപ്പോള്‍ ഹസീന തെരുവിലെക്കിറങ്ങി. ജോലി കഴിഞ്ഞു വരുന്ന മണ്പാത്രക്കാരന്‍ ഹുസൈനോടും പാല്‍ക്കാരന്‍ മഹേന്ദ്രനോടും അവള്‍ സുല്‍ഫിക്കറെക്കുറിച്ച് അന്വേഷിച്ചു. അവരാരും ഇന്ന് അവനെ കണ്ടിട്ടില്ല.

പാണ്ടികശാലയില്‍ നിന്നും വില്‍പ്പന കഴിഞ്ഞ് പോകുന്ന കച്ചവടക്കാരുടെ ഒട്ടക വണ്ടികള്‍ നിരയായി അവളെ കടന്നു പോയി. തെരുവു വിജനമാകുവാന്‍ തുടങ്ങി. പടിഞ്ഞാറേക്കു ചാഞ്ഞ സൂര്യന്‍ ചക്രവാളത്തില്‍ മറഞ്ഞു കഴിഞ്ഞു. ഇനി എന്തു ചെയ്യണമെന്നറിയാതെ അവള്‍ വഴിയോരത്തെ ഇരുളില്‍ പകച്ചു നിന്നു.

ഇനിയിപ്പോള്‍ കൊട്ടാരത്തില്‍ നിന്നും തിരിച്ചു വന്നില്ലായിരിക്കുമോ...? ചക്രവര്‍ത്തി വിശേഷാല്‍ എന്തെങ്കിലും ജോലി കൊടുത്തിരിക്കും. ജോലി തീര്‍ത്ത് നാളെ അദ്ദേഹം എത്തുമായിരിക്കും എന്ന് സ്വയം സമാധാനിച്ച് അവള്‍ വീട്ടിലേക്കു പോയി. നാളെ അതീവ സന്തോഷത്തില്‍ വീട്ടില്‍ വന്നു കയറുന്ന സുള്‍ഫിയുടെ മുഖം അവള്‍ സങ്കല്‍പ്പിച്ചു. എങ്കിലും സുള്‍ഫിക്കറുടെ അഭാവം അവളെ അതീവ ദുഖിതയാക്കി. രാത്രി ഉറക്കം വരാതെ അവള്‍ കനത്ത ഇരുളിലേക്ക് നോക്കി കിടന്നു.ആദ്യമായിട്ടാണ് സുള്‍ഫിയില്ലാതെ ആ വീട്ടില്‍ ഒരു രാവ് അവള്‍ തള്ളി നീക്കുന്നത്. എന്തെന്നില്ലാത്ത ഒരു വ്യഥയുടെ ഇരുള്‍ അവളുടെ മനസ്സില്‍ നിറഞ്ഞു നിന്നു.

പിറ്റെ ദിവസം അതിരാവിലെ തന്നെ പൂക്കള്‍ ശേഖരിച്ച് ഹസീന കൊട്ടാരത്തിലേക്ക് പുറപ്പെട്ടു. പതിവുപോലെ അന്തപ്പുരത്തിലെ ദ്വാരകപാലകനെ പൂക്കള്‍ ഏല്‍പ്പിച്ചു. പണം കിട്ടിയിട്ടും തിരികെപ്പോകാതെ നിന്ന ഹസീനയോട് അയാള്‍ ആരാഞ്ഞു.

“എന്താ..ഹസീനാ ഇന്നു നിനക്ക് പണം കുറഞ്ഞു പോയോ..?”

“അതല്ല..“അവള്‍ പതുക്കെ പറഞ്ഞു. “എന്റെ ഭര്‍ത്താവ് ഇന്നലെ മഹാറാണിക്കുള്ള ഉടയാട നെയ്തു കൊണ്ടു വന്നിരുന്നു. ഇതുവരെ അദ്ദേഹം തിരികെ എത്തിയിട്ടില്ല. അദ്ദേഹം എവിടെയുണ്ടെന്ന് എങ്ങനെയാണ് അറിയുവാന്‍ കഴിയുക..?”

“ഓ..ആ നെയ്ത്തുകാരന്‍ സുള്‍ഫിക്കറിന്റെ ബീവിയാണോ..നീ..?” അയാള്‍ സഹതാപത്തോടെ ചോദിച്ചു

“അതേ...“ അവളുടെ തൊണ്ടയിടറി.

“അപ്പോള്‍ നീ വിവരമൊന്നും അറിഞ്ഞില്ലേ..? അവനെ ചക്രവര്‍ത്തി തുറുങ്കിലടച്ചു. പറഞ്ഞപോലെയല്ലത്രേ അവനതു നെയ്തത്. വെറുതെ സ്വര്‍ണ്‍ന നൂലും പട്ടും പാഴാക്കി കളഞ്ഞില്ലേ...? അവന്റെ ശിഷ്ട ജീവിതം ഇനി കാരഗ്രഹത്തില്‍. ജോലി അടിമകള്‍ക്കൊപ്പം. നീ ഇനി അവനെ കാക്കേണ്ട. ചക്രവര്‍ത്തി തിരുമനസ്സിന്റെ തീരുമാനമല്ലേ. ഇനി ആര്ക്കും ഒന്നും ചെയ്യാനാവില്ല.”

അയാള്‍ പറഞ്ഞ അവസാന വാക്കുകള്‍ ഹസീന കേട്ടില്ല. പൂക്കൂടയുമായി അവള്‍ ആ കവാടത്തിനു മുന്നില്‍ കുഴഞ്ഞു വീണു.

അന്നും ഹസീന പൂക്കള്‍ നിറച്ച പൂക്കൂടയുമായി വില്‍പ്പനക്കിറങ്ങി. വര്‍ഷങ്ങളെത്രയായി അവള്‍ ഏകാന്ത ജീവിതം നയിക്കുന്നു. എന്നും കൊട്ടാരത്തിലേക്ക് പൂക്കളുമായി പോകുമ്പോള്‍ അവനെ അവസാനമായി കണ്ട ദിവസം അവള്‍ ഓര്‍ക്കും. എങ്കിലും കൊട്ടരത്തിന്റെ പ്രവേശന കവാടം കാണുമ്പോള്‍ അവള്‍ ആശ്വസിക്കും.എന്റെ സുള്‍ഫി ഇവിടെ ജീവനോടെ ഉണ്ടല്ലോ. എന്നെങ്കിലും പരമകാരുണ്യവാനായ ദൈവം സുള്‍ഫിയെ എന്റെ മുന്‍പില്‍ കൊണ്ടുവരില്ലേ..?വരും എന്നു തന്നെ അവള്‍ ഉറച്ചു വിശ്വസിച്ചു.

അവന്റെ ആളനക്കമില്ലാത്ത നെയ്ത്തു പുര കാണുമ്പോള്‍ അവളുടെ ഹൃദയം നുറുങ്ങും. അവള്‍ എന്നും നെയ്ത്തുപുരയില്‍ പോയി അവന്റെ പ്രിയപ്പെട്ട നെയ്ത്തുതറി തുടച്ചു വൃത്തിയാക്കും. നെയ്ത്തുതറിക്കടുത്ത് നെയ്ത്തു സാമഗ്രികളും നൂലുകളും അവനെയും കാത്ത് അവിടെത്തന്നെയിരുന്നു. സുള്‍ഫി മടങ്ങിവന്ന് ഈ നെയ്ത്തുപുര സജീവമാകുന്ന നാളുകള്‍ അവള്‍ സ്വപ്നം കണ്ടു.

ഹസീനയുടെ കാത്തിരിപ്പില്‍ കാലം പതുക്കെ നീങ്ങിക്കൊണ്ടിരുന്നു. ഇതിനിടെ ദേശത്ത് എന്തെല്ലാം സംഭവിച്ചു !!!! മഹാറാണി മുംതാസിന്റെ പെട്ടെന്നുള്ള മരണം. ആ അഘാതത്തില്‍ നിന്നും കൊട്ടാരം ഇപ്പോഴും ഉണര്‍ന്നിട്ടില്ല. വര്‍ഷമൊന്നു കഴിഞ്ഞിട്ടും ചക്രവര്‍ത്തി ഷാജഹാന്‍ അതീവ ദുഖിതനാണ് .

പൂക്കള്‍ വിറ്റ് ഒഴിഞ്ഞ പൂക്കൂടയുമായി രജവീഥിയിലൂടെ സാവധാനം നട്ക്കവേ പെട്ടെന്ന് നിരത്തില്‍ പൊടി പടലങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് നിരനിരയായി കുതിര വണ്ടികള്‍ അവളെ കടന്നു പോയി. എല്ലാ വണ്ടികളിലും ആളുകള്‍ തിങ്ങി നിറഞ്ഞിരിക്കുന്നു. ഇവരെല്ലാം ഇതെവിടെപ്പോകുന്നു....? അവള്‍ ഒരു വഴി പോക്കനോട് തിരക്കി.

“അറിഞ്ഞില്ലേ.. ചക്രവര്‍ത്തി ഷാജഹാന്‍മുംതാസ് റാണിക്ക് സ്മാരകം നിര്‍മ്മിക്കുവാന്‍ പോകുന്നു. അതിന്റെ പണിക്കു യമുനാതീരത്തേക്കു പോകുന്ന അടിമകളാണ് ആ വണ്ടികള്‍ക്കുള്ളില്‍”

“നേരോ..ഞാനിതറിഞ്ഞതേ ഇല്ല..” പാഞ്ഞു പോകുന്ന വണ്ടികള്‍ക്കു നേരെ നോക്കിക്കൊണ്ട് അവള്‍ പറഞ്ഞു.

പെട്ടന്ന് ഹസീനയുടെ മനസ്സിലേക്ക് ഒരു കുളിര്‍ കാറ്റു പരന്നു. . സൂള്‍ഫിക്കറും കാണുമായിരിക്കും ആ പണിക്കാരുടെ കൂടെ. ഓടിപ്പോകുന്ന ഓരോ കുതിര വണ്ടികളിലേക്കും അവള്‍ ആകാംഷയോടെ നോക്കി. അതിവേഗം പായുന്ന വണ്ടിയില്‍ തിങ്ങിനിറഞ്ഞിരിക്കുന്ന ആളുകള്‍ക്കിടിയില്‍ അവള്‍ക്ക് അവനെ കണ്ടുപിടിക്കാനായില്ല. ഒടുവില്‍ അവളെ നിരാശയാക്കി അവസാനത്തെ വണ്ടിയും കടന്നു പോയി. സുള്‍ഫിക്കറെ കണ്ടുപിടിക്കാനാവാതെ
അവള്‍ ആ വണ്ടികള്‍ക്കു പിന്നാലെ സമനില തെറ്റിയവളെപ്പോലെ ഓടി. ഒടുവില്‍ കുതിര
വണ്ടികളുയര്‍ത്തിയ ധൂളികള്‍ മാത്രം അവളുടെ ധൃഷ്ടി പഥത്തില്‍ നിന്നു. പിന്നെ അതും മറഞ്ഞു.

കൊട്ടാരത്തിലെ പൂക്കാരി ഹസീന ഇപ്പോള്‍ യമുനാതീരത്തെ പൂക്കാരിയാണ്. എന്നെങ്കിലും സൂഫിക്കറെ കാണ്ടുമുട്ടാം എന്ന പ്രതീക്ഷയില്‍ എന്നും പൂ വില്‍പ്പന കഴിഞ്ഞ് അവള്‍ പണി നടക്കുന്ന മന്ദിരത്തിന്റെ പരിസരത്ത് പോയി നിലക്കും. അവിടെ പല ദേശത്തുനിന്നുമുള്ള അനേകായിരം ജോലിക്കാര്‍. അപരിചിതമായ വസ്ത്ര രീതികളും ഭാഷയും ഉള്ളവര്‍. അവള്‍ ഇന്നേ വരെ കണ്ടിട്ടില്ലാത്ത തികച്ചും വ്യത്യസ്ഥമായ ഒരു ലോകം. പണി നടക്കുനതിനടുത്തേക്ക് അന്യര്‍ക്കു പ്രവേശനമില്ല. ആയിരങ്ങള്‍ പണിയുന്നിടത്തു സുള്‍ഫി ഉണ്ടെങ്കില്‍ത്തന്നെ എങ്ങനെ കണ്ടുപിടിക്കാനാണ്..?

പണിക്കാവശ്യമായ വെള്ളം അടിമകള്‍ യമുനാ നദിയില്‍ വന്നാണ് എടുക്കുന്നത്. പ്രതീക്ഷ കൈവെടിയാതെ അവര്‍ക്കിടയിലും അവള്‍ എന്നും അവനെ അന്വേഷിച്ചു കൊണ്ടിരുന്നു. പക്ഷേ അവള്‍ പറഞ്ഞ ലക്ഷണങ്ങളുള്ള സുള്‍ഫിക്കറെ ആര്‍ക്കും അറിയില്ല. അവളുടെ മുന്നില്‍ സംവത്സരങ്ങള്‍ നീങ്ങിക്കൊണ്ടിരുന്നു.

ഇപ്പോള്‍ സ്മാരക മന്ദിരത്തിന്റെ പണി മിക്കവാറും കഴിയാറായിരിക്കുന്നു. കാലം അവളില്‍ വളരെയേറെ മാറ്റം വരുത്തിയിരിക്കുന്നു നീണ്ട കാത്തിരിപ്പിനിടെ . അവളുടെ യൌവ്വനം വാര്‍ധക്യത്തിനു വഴി മാറി. നീണ്ടു ചുരുണ്ട സമൃദ്ധമായ മുടി വെള്ളി കെട്ടി ശുഷ്കമായി. കാഴചക്കും മങ്ങലേറ്റിരിക്കുന്നു. എങ്കിലും ആ നയനങ്ങള്‍ പ്രതീക്ഷാ നിര്‍ഭരമായിരുന്നു.

ഒരിക്കല്‍ യമുനാതീരത്തു കണ്ടുമുട്ടിയ യൂസഫ് എന്ന അടിമ തനിക്ക് ഒരു സുള്‍ഫിക്കറെ അറിയാം എന്നവളോട് പറഞ്ഞു. അത് അവളില്‍ വലിയ പ്രതീക്ഷയുണ്ടാക്കി. കോമളനായ തന്റെ സുള്‍ഫിയെപ്പറ്റി അവള്‍ അവനെ വര്‍ണ്ണിച്ചു കേള്‍പ്പിച്ചു.

“അല്ല. നീ പറഞ്ഞതു പോലെയല്ല ഈ സുള്‍ഫിക്കര്‍. ഇതു വേറെയാരോ… ”യൂസഫ് പറഞ്ഞു.

“എന്റെ സുള്‍ഫി നെയ്ത്തുകാരനായിരുന്നു. അലങ്കാര വേലകളിലും കേമനായിരുന്നു.” ഹസീന അഭിമാനത്തോടെ പറഞ്ഞു.

“ഓ….ഇപ്പൊള്‍ എനിക്ക് മനസ്സിലായി. അയാള്‍ തന്നെ നിന്റെ സുള്‍ഫി..“

“ഉവ്വോ…?”

തന്റെ കാത്തിരിപ്പിന്റെ അവസാനമായതിന്റെ സന്തോഷത്തില്‍ ഹസീനക്ക് ശ്വാസം നിലച്ചുപോകും എന്നു തോന്നി.

“പക്ഷേ നീ വിചാരിക്കുന്നതു പോലല്ല അവനിപ്പോള്‍. വൃദ്ധനായിരിക്കുന്നു. വര്‍ഷങ്ങളായി പൊരി വെയിലിലെ പണി അവന്റെ അരോഗ്യമെല്ലാം നശിപ്പിച്ചിരിക്കുന്നു.”

അത് കേട്ട് അവളുടെ മനസ്സു നിശ്ശബ്ദം നിലവിളിച്ചു. പക്ഷേ സുള്‍ഫി ഇവിടെയുണ്ടെന്ന് ഇപ്പോഴെങ്കിലും അറിയാന്‍ സാധിച്ചല്ലോ. അതവളെ അഹ്ലാദ പുളകിതയാക്കി.

“നിനക്ക് സുള്‍ഫിക്കറെ കാണണമെന്ന് ആഗ്രഹമുണ്ടോ ..?”

“ഉണ്ടെന്നോ..? ഇത്രയും കാലം ഈ ഹസീന ജീവിച്ചിരുന്നതു സുള്‍ഫിയെ ഒരു നോക്കു കാണുന്നതിനു വേണ്ടിയാണ്‍ സഹോദരാ..“.

“അലങ്കാരവേലയില്‍ വിദഗ്ദനായതു കൊണ്ട് സുള്‍ഫിക്കറിനു ഞങ്ങളെപ്പോലെ കല്ലും വെള്ളമൊന്നും ചുമക്കേണ്ട. അവന്‍ എപ്പോഴും രണ്ടു മൂന്നു സഹായികളും കാണും. ഇപ്പോള്‍
യമുനയുടെ വശത്തെ മിനാരത്തിലാണ് പണി ചെയ്യുന്നത്. വെളിയില്‍ നിന്ന് നോക്കിയാല്‍ അവനെ കാണുവാന്‍ സാധിക്കും. അവിടെ ഇപ്പോള്‍ അധികം പണിക്കാരില്ല. “

“ഈ മനുഷ്യരുടെ ഇടയില്‍ നിന്ന് ഞാന്‍ എങ്ങനെ സുള്‍ഫിയെ കണ്ടുപിടിക്കും….?എത്രയോ വര്‍ഷങ്ങളായി ഞാന്‍ അതിനു ശ്രമിക്കുന്നു.”

“അതിനെന്താ പ്രയാസം…? അവന്‍ എപ്പോഴും ചുവന്ന തലപ്പാവാണ് ധരിക്കുന്നത്.“

“അതെയോ…? പണ്ടേ ചുവന്ന തലപ്പാവായിരുന്നു സുല്‍ഫിക്ക് പ്രിയം” അവള്‍ സന്തോഷത്തോടെ പറഞ്ഞു.

“ഇനി കാണുമ്പോള്‍ നിന്നെ കണ്ട കാര്യം അവനോടു പറയാം.”

“ജീവനുണ്ടെങ്കില്‍ ഞാന്‍ കാത്തിരിക്കും എന്ന് അദ്ദേഹത്തിനറിയാം. ഞാന്‍ ഈ യമുനയുടെ തീരത്തു തന്നെ ജീവിച്ചിരിപ്പുണ്ട്. എന്നു പറഞ്ഞാല്‍ മതി.” ഹസീന നന്ദിയോടെ അയാളെ അറിയിച്ചു.“

“പണി തീരുമ്പോള്‍ ഞങ്ങളെയെല്ലാം മോചിപ്പിക്കുമായിരിക്കും. എന്നാണെല്ലാവരും പറയുന്നത്.”

അയാള്‍ പ്രതീക്ഷയോയ്ടെ അവളോടു പറഞ്ഞു. ആ വാര്‍ത്ത അവളിലും ശുഭ പ്രതീക്ഷ യുണ്ടാക്കി.

അടുത്ത ദിവസം യമുനയുടെ വശത്തെ മിനാരത്തില്‍ പണി ചെയ്യുന്ന ചുവന്ന തലപ്പാവു ധാരിയെ ഹസീന കണ്ടു പിടിച്ചു. അതേ...അതു തന്റെ സുള്‍ഫി തന്നെ. അവളുടെ ഹൃദയമിടിപ്പ് ശക്തിയായി . നിരന്തരമായ കഠിന ജോലി മൂലം അയാളുടെ ശരീരം കൂനിപ്പോയിരുന്നു. എങ്കിലും ഹസീനക്ക് അവളുടെ സുള്‍ഫി തിരിച്ചറിയാതിരിക്കാനാവുമോ..? ഇത്രയും വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം അദ്ദേഹത്തെ ദൈവം അവളുടെ കണ്മുന്നില്‍ എത്തിച്ചല്ലോ. തന്റെ കാത്തിരിപ്പിന് ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണെങ്കിലും ഫലമുണ്ടായല്ലോ. അവള്‍ മുകളിലേക്കു കണ്ണുകള്‍ ഉയര്‍ത്തി സൃഷ്ടാവിന് നന്ദി പറഞ്ഞു.

പിന്നീടുള്ള അവളുടെ ജീവിതം ആ ചുവന്ന തലപ്പാവു രൂപത്തെ ചുറ്റിപ്പറ്റിയായി. യമുനയുടെ തീരത്തെ ആ പൂക്കാരി വൃദ്ധ എപ്പോഴും തലയുയര്‍ത്തി മിനാരത്തെ നോക്കിക്കൊണ്ടിരുന്നു. ആ ചുവന്ന തലപ്പാവ് ചലിക്കുമ്പോള്‍ അവളുടെ നരച്ചു തുടങ്ങിയ മിഴിയിണകള്‍ തുടിക്കും. ഇടക്കിടക്ക് ആ ചുവന്ന തലപ്പാവു രൂപം തല ഉയര്‍ത്തി ദൂരെക്കു നോക്കുന്നത് അവള്‍ കാണും. താനിവിടെയുണ്ടെന്ന് അദ്ദേഹത്തിന് അറിയാമായിരിക്കുമോ..? തന്നെ അദ്ദേഹത്തിന് കാണുവാന്‍ സാധിക്കുന്നുണ്ടാകുമോ..? ശബ്ദവീചികള്‍ക്ക് എത്താനാവാത്ത ദൂരെ നില്‍ക്കുന്ന സുള്‍ഫിയെ നോക്കി ഹസീനയുടെ മനസ്സ് ഉച്ചസ്ഥായിയില്‍ വിളിച്ചു കൂവും.
“സുല്‍ഫീ…ഇവിടെ നോക്കു …ഇവിടെ….ഞാനിവിടെയുണ്ട്….“

തന്റെ വസന്തകാലം തിരിച്ചു വന്നതായി ഹസീനക്ക് അനുഭവപ്പെട്ടു.

നാളുകള്‍ നീങ്ങവേ പെട്ടൊന്നൊരു ദിവസം ആ ചുവന്ന തലപ്പാവ് മിനാരത്തില്‍ മുകളില്‍ കാണാതായി. സുള്‍ഫിയുടെ ജോലി വേറെയിടത്തേക്ക് മാറിയിരിക്കും. ഹസീന വിചാരിച്ചു. ഇനി എവിടെ നോക്കിയാലാണ് തനിക്ക് സുള്‍ഫിയെ കാണുവാന്‍ സാധിക്കുക..? അവനെ കാണാതെ ഒരു നാഴിക പോലും തള്ളി നീക്കാനാവാതെ അവള്‍ വിഷമിച്ചു. ഇത്രയും വര്‍ഷങ്ങള്‍ അദ്ദേഹത്തെ കാണാതെ താന്‍ എങ്ങനെ ജീവിച്ചു എന്നത് അവളെത്തന്നെ അതിശയിപ്പിച്ചു. അവള്‍ യമുനാതീരത്ത് വെള്ളമെടുക്കുവാന്‍ വരുന്ന യൂസഫിനെ കാത്തിരുന്നു.

“എന്റെ സുള്‍ഫി എങ്ങോട്ടു മാറിപ്പോയി എന്നു പറയൂ….സഹോദരാ…അദ്ദേഹത്തെ കാണാതെ എനിക്കു ജീവിക്കാനാവുന്നില്ല.“

യൂസഫ് അവളെ സഹതാപത്തോടെ നോക്കി.മറുപടി പറയാനാവാതെ കുഴങ്ങി

“എന്താ…നിങ്ങള്‍ ഒന്നും പറയാത്തത്..? എന്റെ സുള്‍ഫി എവിടെ…? അദ്ദേഹത്തിന്റെ രൂപം ദൂരെ നിന്നു കണുമ്പോഴെല്ലാം എന്റെ കൂടെത്തന്നെയുണ്ടെന്നു കരുതിയാണ് ഞാന്‍ ഇപ്പോള്‍ ജീവിക്കുന്നത്.

യൂസഫ് ദുഖത്തോടെ പറഞ്ഞു.

“അക്കാര്യം നീ അറിഞ്ഞെന്നാണ് ഞാന്‍ കരുതിയത്. കഴിഞ്ഞ ദിവസം മിനാരത്തിനു മുകളില്‍ കയറുമ്പോള്‍ സുള്‍ഫിക്കര്‍ കാല്‍ വഴുതി വീണു.”

“എന്നിട്ട്..?” ഒരു ഞെട്ടലോടെ ഹസീന ചോദിച്ചു.

യൂസഫിനു മറുപടിയുണ്ടായില്ല. അയാള്‍ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.

ഹസീന വര്‍ഷങ്ങളായി മനസ്സില്‍ മനോഹരമായി കെട്ടിപ്പൊക്കി സൂക്ഷിച്ചിരുന്ന സ്നേഹ സൌധം തകര്‍ന്നടിഞ്ഞു. അവള്‍ ഒരു തളര്‍ച്ചയോടെ യമുനാതീരത്തെ പൂഴി മണ്ണിലേക്കിരുന്നു. മുന്നില്‍ ഒന്നുമറിയാതെ ഒഴുകുന്ന യമുന. അതിലെ ഓളങ്ങള്‍ക്ക് അവളെ ആശ്വസിപ്പിക്കാനാവുമോ..?

സുള്‍ഫിയുടെ മാന്ത്രിക വിരലുകള്‍ മനോഹരമാക്കിയ സ്മാരക സൌധത്തെ അവള്‍ തല ഉയര്‍ത്തി നോക്കി. ഇല്ല സുള്‍ഫി മരിച്ചിട്ടില്ല….എന്റെ മനസ്സില്‍ സുള്‍ഫിക്കു മരണമില്ല...നമ്മുടെ സ്നേഹത്തിനു മരണമില്ല…. അവള്‍ ഒരു സ്വപ്നാടകയെപ്പോലെ ആ സ്മാരക സൌധത്തിനടുത്തേക്ക് നടന്നു.

പണിപൂര്‍ത്തിയായ താജ്മഹല്‍ എന്ന വെണ്ണക്കല്‍ സൌധം പൌര്‍ണ്ണമി ദിനങ്ങളിലെ ചന്ദ്രികയില്‍ വെട്ടിത്തിളങ്ങി. അത്രയും മനോഹരമായ ഒരു സൌധം ലോകത്തെങ്ങുമുണ്ടായിരുന്നില്ല. അതിന്റെ കീര്‍ത്തി ലോകമെങ്ങും പരന്നു. വിദൂര ദേശങ്ങളില്‍ നിന്നും സഞ്ചാരികള്‍ ആ മനോഹര സൌധം കാണുവാനെത്തിക്കൊണ്ടിരുന്നു. അതിനുള്ളില്‍ മുംതാസ് മഹാറാണി അന്ത്യ നിദ്രയില്‍ കിടന്നു. അവളെ ജീവനു തുല്യം സ്നേഹിച്ച ഖുറം രാജകുമാരന്‍ എന്ന ഷാജഹാന്‍ യമുനയുടെ മറുതീരത്തെ തന്റെ തടവറയില്‍ കിടന്ന് ആ സ്നേഹ സൌധത്തെ നോക്കി തന്റെ ശിഷ്ട കാലം കഴിച്ചു.

താജ്മഹലിനു മുന്നിലെ തെരുവോരത്ത് ഹസീന എന്ന വൃദ്ധ ആരോരുമില്ലാതെ മൃത പ്രായായി കിടന്നു. മരണം ആസന്നമായിരുന്നിട്ടും അവളുടെ പ്രഞ്ജ മറഞ്ഞിരുന്നില്ല. കാഴ്ച തീരെ മങ്ങിയെങ്കിലും അവള്‍ മനോഹരമായ താജ്മഹലിനെ നോക്കി കിടന്നു. അതു ജീവനുതുല്യം സ്നേഹിച്ചിരുന്ന ഹസീന എന്ന ഭാര്യയുടെയും സൂള്‍ഫിക്കര്‍ എന്ന ഭര്‍ത്താവിന്റെയും സ്നേഹ സ്മാരകമാണെന്ന് മരണ സമയത്തും അവള്‍ വിശ്വസിച്ചു.

@ റോസാപ്പൂക്കള്‍

അമ്മമനസ്സ്

April 06, 2010 mini//മിനി


                     ഭർത്താവിന്റെയും ചേട്ടന്റെയും സഹായത്താൽ അമ്മയോടൊപ്പം ആശുപത്രിയിൽ‌നിന്ന് പുറത്തിറങ്ങിയ തന്നെ, അവർ രണ്ട്‌പേരും ചേർന്ന് കാറിലേക്ക് എടുത്ത്കയറ്റുമ്പോൾ മനസ്സിന്റെ തീവ്രമായ വേദനയാൽ കണ്ണിൽ ഇരുട്ട് കയറുന്നതായി തോന്നി. വിധിയുടെ ക്രൂരത തന്നെയൊരു കളിപ്പാട്ടമാക്കി മാറ്റിയിരിക്കയാണ്. ജീവിതത്തിലെ എന്തെല്ലാം പുത്തൻപ്രതീക്ഷകളാണ് ഒരു നിമിഷം‌കൊണ്ട് തകർന്നടിഞ്ഞത്? തന്റെ ശരീരത്തിൽ ജീവന്റെ ജീവനായി വളരുന്ന, സ്വന്തം കുഞ്ഞായി വളരേണ്ട, ആ ഭ്രൂണത്തെ മുറിച്ചുമാറ്റി, എല്ലാം തകർത്ത് ഇനിയെന്തിന് ഒരു ജീവച്ഛവമായി ജീവിക്കണം? എത്ര നിഷ്ഠൂരമായാണ്  കൊടുംപാതകിയായ ആ ഡോക്റ്റർ ഒരു ജീവനെ എടുത്ത് മാറ്റിയത്? അതിന് കൂട്ട് നിന്നതാവട്ടെ സ്വന്തം അമ്മയും!

                   ഏതാനും ദിവസം മുൻപ് ഭർത്താവിന്റെ സ്നേഹം കരകവിഞ്ഞൊഴുകിയ നേരത്ത് രൂപം‌കൊണ്ട ആ കുഞ്ഞ് എന്തെല്ലാം പ്രതീക്ഷിച്ചിരിക്കും? മാതാവിന്റെ ഗർഭപാത്രം നൽകുന്ന സുഖശീതളമായ പട്ടുമെത്തയിൽ വളർച്ചയുടെ പടവുകൾ പിന്നിടുന്ന ആ ‘ഭ്രൂണം’ വാരാനിടയുള്ള അപകടത്തെ ഒരിക്കലും അറിഞ്ഞിരിക്കില്ല. ഒരു മനുഷ്യന് ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ഏറ്റവും സുരക്ഷിതമായ സ്ഥാനത്ത് ഒളിച്ചിരുന്ന്, സ്വപ്നങ്ങൾ നെയ്യുന്ന ആ കുഞ്ഞിനെ പെട്ടെന്നൊരു ദിവസം, ഒരു കത്തിയാൽ ശരീരത്തിൽ നിന്നും അടർത്തിമാറ്റി കൊല്ലുമ്പോൾ എത്ര അലറിക്കരഞ്ഞിരിക്കും?
 
                    ചുറ്റുമുള്ള വാഹനവ്യൂഹങ്ങൾ ഒന്നും അവൾ കണ്ടില്ല,, കേട്ടില്ല; അവളുടെ കാതിൽ ഒരു കുഞ്ഞിന്റെ കരച്ചിലിന്റെ ശബ്ദം, തിരമാലകൾ കണക്കെ ഇരമ്പിമറിയുകയാണ്. ആ കുഞ്ഞിന്റെ ചോദ്യം കേട്ട് അവൾ തകർന്നു,
“അമ്മേ, എന്നെയെന്തിന് കൊന്നു? ജനിക്കും‌മുൻപെ, ഈ ഭൂമിയുടെ ചൂടും വെളിച്ചവും അറിയുന്നതിനു മുൻപെ എന്നെയെന്തിന് ഇല്ലാതാക്കി? ഇത്തിരി മുലപ്പാൽ കുടിച്ച് കൊതിതീർക്കും മുൻപെ എന്നോടെന്തിനീ പാതകം ചെയ്തു?”
                   ഭർത്താവിന്റെയും അമ്മയുടെയും ഇടയിൽ, അവർ തീർത്ത സുരക്ഷാവലയത്തിൽ അവൾ ഇരിക്കുകയാണ്. കരഞ്ഞ് കണ്ണുനീർ വറ്റിയതിനാൽ ഒടുവിൽ നിശബ്ദമായി പൊട്ടിക്കരഞ്ഞു.

                  കല്ല്യാണം കഴിഞ്ഞ് നീണ്ട നാല് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട്കൊണ്ട് തന്റെയുള്ളിൽ ഒരു കുരുന്ന് ജീവൻ അവതരിക്കാൻ തുടങ്ങിയത് എത്ര ആവേശത്തോടെയാണ് അദ്ദേഹത്തോട് പറഞ്ഞത്! അത് കേട്ട അദ്ദേഹം തന്നെയെടുത്ത് ആനന്ദനൃത്തം ചെയ്തത് ഇന്നലെയെന്ന പോലെ ഓർക്കാൻ കഴിയുന്നു. പിന്നെയുള്ള നാളുകൾ; തനിക്കിഷ്ടപ്പെട്ടതെല്ലാം വാങ്ങിത്തരാൻ അദ്ദേഹത്തിന് എന്തൊരു തിരക്കായിരുന്നു! ഓരോ ദിവസവും അനേകം തവണ പറയും,
“മോളേ നീയെന്റെ ജീവനാണ്, ആ ജീവന്റെയുള്ളിലെ ഞാൻ പുറത്ത് വരുന്ന നിമിഷം എണ്ണിത്തീർക്കുകയാണ്”
എന്നിട്ടും ഒടുവിൽ തന്റെ അമ്മയുടെ മുന്നിൽ തൊറ്റു പിന്മാറിയപ്പോൾ ആരും കാണാത്ത ഇരുണ്ട മൂലയിൽ പോയി അദ്ദേഹം പൊട്ടിക്കരഞ്ഞു.

                  ജനിച്ച നാൾ‌തൊട്ട് അവൾക്ക് വായിൽ വെള്ളിക്കരണ്ടിയും കളിക്കാൻ സ്വർണ്ണപ്പാവയും സുലഭമായിരുന്നു. ആങ്ങളമാർക്ക് പൊന്നനുജത്തിയായി അമ്മക്കും അച്ഛനും കണ്മണിയായി; സ്വർണ്ണകാന്തി വിതറി ആ അനിയത്തിപ്രാവ് അവർക്കിടയിൽ പറന്ന് നടന്നു. പക്ഷെ വിധി ഒരുക്കിയ കെണിയിൽ അവളുടെ ചിറകുകൾ നിശ്ചലമായി.

                   കാലുകൾ തളർന്ന നടക്കാൻ പറ്റാത്ത മകൾക്ക് കിട്ടാവുന്നതിൽ ഏറ്റവും മികച്ച ചികിത്സചെയ്തിട്ടും ഫലമൊന്നും കണ്ടില്ല. ഒടുവിൽ ഊന്നു വടിക്കും ചക്രക്കസേരക്കും ഒപ്പം അച്ഛനും അമ്മയും സഹോദരങ്ങളും അവൾക്ക് താങ്ങായി മാറി. സ്നേഹമയനായ മറുവാക്ക് പറയാനറിയാത്ത ഒരു ഭർത്താവിനെയും അമ്മ തനിക്ക്‌വേണ്ടി വിലകൊടുത്ത് വാങ്ങിത്തന്നു. അംഗവൈകല്യമുള്ള ഒരു പെൺകുട്ടിക്ക് വീട്ടുകാർ ഇതിൽ കൂടുതൽ എന്ത് നലകാനാണ്?

                     എന്നാൽ ഒരു അമ്മയാവാനുള്ള പ്രതീക്ഷകൾക്ക് മുന്നിൽ അവൾ ആകെ തകർന്നു. പരിശോധനകൾക്കൊടുവിൽ ഡോക്റ്റർമാർ അവസാന വിധിയെഴുതി, ‘തന്റെ ഗർഭപാത്രത്തിൽ ഒരു കുഞ്ഞ് വളരുന്നത് അമ്മയുടെ ജീവന് അപകടമാണ്’.
അപ്പോൾ,
അതെ,അത് സംഭവിക്കും. തന്റെയുള്ളിൽ രൂപം‌കൊണ്ട, വളർന്നുകൊണ്ടിരിക്കുന്ന ആ കുഞ്ഞ് ജനിക്കുന്നതിനുമുൻപ്‌തന്നെ തന്റെ മരണം ഉറപ്പ്.

കാര്യം അറിഞ്ഞ ഉടനെ അമ്മ അഭിപ്രായം പറഞ്ഞു,
“എന്നാൽ ഇനി വെച്ച് താമസിപ്പിക്കേണ്ട, പെട്ടെന്ന്‌തന്നെ എടുത്തുകളയണം”
“എന്റെ അമ്മയാണോ പറയുന്നത്? ഇങ്ങനെ പറയാൻ അമ്മക്കെങ്ങിനെ തോന്നി?”
“പിന്നെ നിനക്ക് അപകടം പറ്റിയിട്ട് ഒരു കുഞ്ഞുണ്ടാവാൻ ഇവിടെയാരും അനുവദിക്കില്ല”
അമ്മയുടെ തീരുമാനത്തിനു മാറ്റമില്ലെന്നറിയാം. എങ്കിലും മകൾ വിട്ടുകൊടുത്തില്ല. വിളിച്ചു പറയുകതന്നെ ചെയ്തു,
“എനിക്കൊരു കുട്ടിയുണ്ടാവുന്നതിനെ ഇല്ലാതാക്കാൻ ഞാൻ ഒരിക്കലും സമ്മതിക്കില്ല”
“ഇത് നിന്റെ ഇഷ്ടത്തിനു വിടുന്ന പ്രശ്നമില്ല”
അമ്മ ദേഷ്യപ്പെട്ട് പുറത്തുപോകുമ്പോൾ അദ്ദേഹത്തെയും ചേട്ടനെയും വിളിച്ചു.

                  അകത്ത് അഭ്യന്തര ചർച്ച നടക്കുന്നുണ്ടാവണം. അമ്മ അങ്ങനെയാണ് മറ്റുള്ളവരുമായി കാര്യങ്ങൾ ചർച്ചചെയ്യും; ഒടുവിൽ അമ്മയുടെ തീരുമാനം മാത്രം നടപ്പിലാക്കും. എന്നാൽ ഇത് തന്റെ സ്വന്തം കാര്യമാണ്, വിട്ടുകൊടുത്താൽ പിന്നെയെന്തിന് ജീവിക്കണം?
കരഞ്ഞ് തളർന്ന തന്നെ സമാധാനിപ്പിക്കാനെന്നപോലെ മൂത്ത ചേട്ടൻ അരികിൽ വന്നു. തലയിൽ പതുക്കെ  തലോടിക്കൊണ്ട് അദ്ദേഹം പറഞ്ഞു,
“മോളേ, നിന്റെ സുഖത്തിനു വേണ്ടതെല്ലാം ഞങ്ങൾ ചെയ്തുതന്നിട്ടില്ലെ? ഇതുവരെ നിനക്കെതിരായി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?”
“ഇല്ല”
“അങ്ങനെയുള്ള നീയില്ലാതെ ഞങ്ങൾക്കാർക്കും ജീവിക്കാനാവില്ല. അതുകൊണ്ട്,,,”
“അതുകൊണ്ട് എനിക്ക് പിറക്കാനിരിക്കുന്ന കുഞ്ഞിനെ കൊല്ലാനോ? അതാവില്ല”
“വേണ്ട, നിന്റെ ഇഷ്ടം അതാണെങ്കിൽ ആ കുഞ്ഞ് ജനിച്ചോട്ടെ; പക്ഷെ നിന്റെ കാര്യം ആലോചിച്ചിട്ടുണ്ടോ?”
“എനിക്ക് ഒരു കുട്ടി ഉണ്ടാവാൻ‌വേണ്ടി മരിക്കാൻ‌പോലും ഞാൻ തയ്യാറാണ്. എനിക്ക് എന്റെ ജീവനെക്കാൾ വലുത് എന്റെ കുഞ്ഞാണ്”
               ഒരു കുഞ്ഞിന്റെ അമ്മയായി മാറാനുള്ള ആവേശം‌കൊണ്ട് മകൾ വിളിച്ചുപറയുന്നത് കേട്ടാണ് ആ സമയത്ത് അമ്മ അകത്തേക്ക വന്നത്. അമ്മ ശബ്ദം താഴ്ത്തി ചോദിച്ചു,
“പ്രസവിക്കുന്നസമയത്ത് നിനക്ക് അപകടം പറ്റിയാൽ കുട്ടിയെ ആര് നോക്കും?”
“അത് കുട്ടിയുടെ അച്ഛനും നിങ്ങളും ഒക്കെയുള്ളപ്പോൾ പൊന്നുപോലെ നോക്കൂല്ലെ?”
മകളിൽ നിന്നും അങ്ങനെയൊരു മറുപടി കേട്ടപ്പോൾ അവളുടെ അമ്മ ശരിക്കും ഒരു അമ്മയുടെ തനിരൂപം പ്രകടമാക്കി,
“നീയില്ലാതെ നിന്റെ സന്തോഷം കാണാതെ ഇവിടെയാർക്കും നിന്റെ കുഞ്ഞിനെ വേണ്ട. ഒരു കുഞ്ഞ് ജനിക്കാൻ വേണ്ടി നീ മരിക്കുകയാണെങ്കിൽ ആ കുഞ്ഞിനെ ഞങ്ങൾ ഒരിക്കലും വളർത്തുകയില്ല”
അത്രയും പറഞ്ഞ് ഒരു കോടുങ്കാറ്റ്‌പോലെ അമ്മ പുറത്തേക്ക് പോയപ്പോൾ ലോകം മുഴുവൻ തനിക്ക് ചുറ്റും കറങ്ങുന്നതായി അവൾക്ക് തോന്നി. ഒന്നും മിണ്ടാതെ വെറും പ്രേക്ഷകനായി നിന്ന ഭർത്താവിന്റെ മടിയിൽ തലചായ്ച്ച് ഏറെനേരം പൊട്ടികരഞ്ഞു.

                ഓടിക്കൊണ്ടിരുന്ന വാഹനം പെട്ടെന്ന് നിശ്ചലമായി; മുന്നിലും പിന്നിലും വാഹനവ്യൂഹം, ട്രാഫിക്ക് ബ്ലോക്ക്. ഡ്രൈവിങ്ങ് സീറ്റിലുള്ള ചേട്ടൻ മ്യൂസിക്ക് സിസ്റ്റം ഓൺ ചെയ്തപ്പോൾ ഭക്തിഗാനം പതുക്കെ ഒഴുകിയെത്തി.
“അമ്മാ വല്ലതും തരണേ,,,”
ശബ്ദത്തോടൊപ്പം ഉണങ്ങിമെലിഞ്ഞ ഒരു കൈ കാറിനകത്തേക്ക് നീണ്ടു,
“പോ, പോ, കാറിനകത്ത് കൈനീട്ടുന്നോ?” അമ്മ ആ കൈ തട്ടിമാറ്റി.
                 വണ്ടി മുന്നോട്ടെടുത്തപ്പോൾ അവൾ ആ മനുഷ്യരൂപത്തെ ഒന്ന് നോക്കി. വെറും എല്ലും തോലും മാത്രമായി മാറി മുഷിഞ്ഞുകീറിയ വസ്ത്രം ധരിച്ച ആ സ്ത്രീയുടെ കൈയിലുള്ള കുഞ്ഞിനെ കണ്ടപ്പോൾ കാറിനകത്തെ തണുപ്പിലും അവൾ വിയർത്ത്കുളിച്ചു. പെട്ടെന്ന് അവൾ ഒരു കാര്യം ഓർത്തു; വരാൻ‌നേരത്ത് ഡോക്റ്റർ പറഞ്ഞ പ്രതീക്ഷയുണ്ടാക്കുന്ന കാര്യങ്ങൾ. തനിക്കു വേണ്ടി തന്റെ കുഞ്ഞ് മറ്റൊരാളുടെ ശരീരത്തിൽ വളരുക, ടെസ്റ്റ്‌ട്യൂബ് ശിശു. പണം ചെലവാക്കിയാൽ തനിക്ക് അപകടമില്ലാതെ ഒരു കുഞ്ഞിനെ നേടാനുള്ള എളുപ്പമാർഗം. അല്ലെങ്കിൽ ജനിച്ച ഉടനെയുള്ള ഒരു കുഞ്ഞിനെ ദത്തെടുക്കണം.
.. അത് വേണ്ട ദത്തെടുത്ത് അന്യന്റെ കുഞ്ഞിനെ വളർത്തേണ്ട.
..
                  ഗെയ്റ്റ് കടന്ന് സ്വന്തം വീട്ടിന്റെ മുറ്റത്ത് എത്തുയപ്പോഴാണ് പരിസരബോധം വന്നത്. കാറിന്റെ ഡോർ തുറന്നയുടനെ ചേട്ടന്മാരുടെ കുട്ടികൾ ഓടിവന്നു, അഞ്ചുപേരുണ്ട്, അവർ വിളിച്ചു കൂവി,
“ആന്റി വന്നേ,,,”
                    ചേട്ടന്മാരും നാത്തൂന്മാരും കുട്ടികളും അവളെ പൊതിഞ്ഞു. സഹോദരന്മാർ ചേർന്ന് അവളെ നിലം തൊടീക്കാതെ അകത്ത് കിടക്കയിൽ എടുത്തിരുത്തി. കുട്ടികൾ എല്ലാവരും അവൾക്ക് ചുറ്റുംനിന്ന് വിശേഷങ്ങൾ തിരക്കുകയാണ്,
“ആന്റി എവിടെയാ പോയത്? നമുക്ക് എന്തെല്ലാം പറയാനുണ്ട്?”
അവർ നിർത്താതെ സംസാരിക്കുകയാണ്. ഏറ്റവും ചെറിയവൾക്ക് രണ്ട് വയസ്സ്; മുതിർന്നവൾക്ക് പതിനാല്. എല്ലാവരും ഒത്തുചേർന്നാൽ വീട്ടിലെന്നും ആഘോഷം തന്നെ. അവരുടെ ചിരിയിലും കളിയിലും പങ്കാളിയായപ്പോൾ ഒരു നിമിഷം, അവൾ എല്ലാം മറന്നു.

                     പെട്ടെന്ന് അവൾ ഒരു പുതിയ തീരുമാനം എടുത്തു; ‘ഈ സ്നേഹത്തിന്റെ, തന്നെ സ്നേഹിക്കുന്നവരുടെ, ഇടയിൽ ഒരു കളിപ്പാവയെപോലെ വളരെക്കാലം ജീവിക്കണം. ഈ കുഞ്ഞുങ്ങളുടെ ഇടയിൽ ജീവിക്കുമ്പോൾ, ഒരു ജീവന്മരണ പരീക്ഷണം നടത്തിയിട്ട് തനിക്കിനി എന്തിനാണ്, സ്വന്തമാ‍യി ഒരു കുഞ്ഞ്,,,?’

എഴുതാപ്പുറങ്ങള്‍ !

April 04, 2010 സുരേഷ് ബാബു

ജയില്‍ വരാന്തയിലെ തൂണില്‍ തല ചാരി അയാള്‍ വെറുതെ പുറത്തേയ്ക്ക് നോക്കി നില്‍ക്കുകയായിരുന്നു. വെട്ടം പരന്നിട്ട് അധികനേര മായിട്ടുണ്ടായിരുന്നില്ല ...സെല്ലിന് മുന്നിലെ ഒട്ടു മാവിന്‍റെ ഇലകള്‍ക്കിടയിലൂടെ അരിച്ചു വന്ന സൂര്യ വെളിച്ചം അയാളുടെവലത്തേ കവിളിലേക്കു അനുവാദം കാക്കാതെ എത്തിനോട്ടം നടത്തി .

അയാള്‍ തല നിവര്‍ത്തി ചുറ്റും നോക്കി. ഇന്നത്തെ പുലരിക്ക് ഒര് പ്രത്യേക ഉണര്‍വ് തോന്നുന്നുണ്ടോ?
എന്ത് പ്രത്യേകത ...തനിക്കു വെറുതെ തോന്നുന്നതാവും ....അല്ലെങ്കിലം തടവറയിലെ പ്രഭാതങ്ങള്‍ക്ക് എന്ത് വ്യതിയാനങ്ങള്‍ ....
നാല് ചുമരുകള്‍ക്കിടയിലെ വരണ്ട നിശ്വാസങ്ങള്‍ക്ക് കൂട്ടായി നിമിഷ സൂചികളുടെ ചലനങ്ങള്‍ക്കൊപ്പം കൃത്യമായ ഇടവേളകളില്‍ മുറ തെറ്റാതെ രാവും പകലും കാലത്തിന്റെ പ്രയാണത്തിന് സാകഷ്യം വഹിക്കുന്നു . അതിനപ്പുറം ദിവസ കാഴ്ചകളുടെ വേഷപ്പകര്‍ച്ചകള്‍ അഴികള്‍ക്കു പിന്നിലെ ചുമരുകള്‍ക്കന്യം തന്നെ. ഋതു ഭേദങ്ങളുടെ പകര്‍ന്നാട്ടം ഒരു വലിയ മതില്‍ക്കെട്ടിനു പുറത്തു മടിച്ചു നില്‍ക്കുന്നു . ഒന്നോര്‍ത്താല്‍ അദ്ഭുതം തോന്നും ..നിഴലുകള്‍ക്ക് ചലനമറ്റ ഈ കറുത്ത തീരത്തിന് പുറത്തു ഭ്രാന്ത വേഗതയില്‍ സദാ ചലിക്കുന്ന ഒരു വലിയ ലോകം. പിടി തരാതെ കുതറിയോടുന്ന സമയ രഥത്തെ പിന്തുടര്‍ന്ന് തളര്‍ന്നു വീഴുന്നവരുടെ തീരം.

"എന്താ വാസൂ രാവിലെ തന്നെ ചിന്താവിഷ്ടനായ ശ്യാമളനെപ്പോലെ "...
വെളുക്കെ ചിരിച്ചു കൊണ്ടു ഹെഡ് കോണ്‍സ്‌റ്റബിള്‍ ശേഖരന്‍ നായര്‍ അയാളുടെ അടുത്തേക്ക് വന്ന്ചോദിച്ചു.
വികാരങ്ങള്‍ തണ്ത്തു ഘനീഭവിച്ചു കിടക്കുന്ന ഇത് പോലോരിടത്ത് അപൂര്‍വമായി മാത്രം സംഭവിക്കുന്ന ചില മാനുഷിക സംവേദനങ്ങള്‍ ... ഉള്ളു തുറന്നൊരു ചിരിയും, വെറുതെയുള്ളോരു കുശലാന്വേഷണവും.

"ഒന്നുമില്ല സാര്‍ ....വെറുതെ ഓരോന്നാലോചിച്ച് അങ്ങനെ" ....
"ആ,... ഇന്നൂടെ മതിയല്ലോ ഈ ആലോചന......
നാളെ മുതല് ശുദ്ധ വായൂ ശ്വസിച്ചു തുടങ്ങാല്ലോ..
എല്ലാരും ഫീല്‍ഡിലേക്ക് പോയല്ലോ...നീ പോരുന്നില്ലേ ....?"
"ഇല്ല സര്‍ ...ഇന്നിറങ്ങണ്ടാന്നു വാര്‍ഡന്‍ സാറ് പറഞ്ഞിരുന്നു"....
"ഓഹോ കരിം ഭൂതം അങ്ങനൊരു സൗജന്യം കനിഞ്ഞു നല്‍കിയോ ...
അതിശയം തന്നെ ..ഇന്ന് കാക്ക മലന്നു പറന്നേക്കും"..

ജയില്‍ വാര്‍ഡന്‍ ഐസക് ചാക്കോയുടെ തടവ്‌ പുള്ളികള്‍ക്കിടയിലെ വട്ടപ്പേരാണ് കരിം ഭൂതം ...
രൂപം കൊണ്ടും ഏറെക്കുറെ പെരുമാറ്റ ഗുണം കൊണ്ടും അങ്ങോര്‍ക്ക് ആ പേര് നന്നായി ഇണങ്ങും
"ഞാനും വരട്ടെ സാര്‍ ..
ഇവിടെ ഇങ്ങനെ വെറുതെ ഇരുന്നാല്‍ ഓരോന്നാലോചിച്ച് കൂട്ടി ശ്വാസം മുട്ടും"..
"അത് വേണ്ട വാസൂ ..അയാള് വേണ്ടാന്നു പറഞ്ഞതല്ലേ ..വെറുതെ രാവിലെ തന്നെ ഭൂതത്തിന്റെ മൂഡു കളയണ്ട ...ചെലപ്പോ ഇങ്ങോട്ട് കെട്ടിയെടുത്തേക്കും ...ഞാന്‍ ഫീല്‍ഡിലൊന്നു കറങ്ങീട്ടു വരാം...
ശരി എന്നാല്‍ നീ അകത്തോട്ടു നടന്നോ" ....
അതും ഒരു കണക്കിനു ശരിയാണ് ...അയാള് എപ്പോ എങ്ങനാ പെരുമാറുന്നേന്നു ദൈവത്തിനേ അറിയൂ ...
വാസു പതുക്കെ തിരിഞ്ഞു സെല്ലിനുള്ളിലേക്ക് നടന്നു ....
ശേഖരന്‍ നായര്‍ സെല്ല് പൂട്ടി പുറത്തേയ്ക്കും.

അയാള്‍ രണ്ട് അതിര്‍ വരമ്പുകള്‍ക്കിടയില്‍ അങ്ങോട്ടും ഇങ്ങോട്ടും കുറെ നടന്നു ....ഒടുവില്‍ സെല്ലിന്‍റെ മദ്ധ്യത്തില്‍ ഭിത്തിയോട് ചേര്‍ന്ന് ഊര്‍ന്നിരുന്നു.ആ ഇരിപ്പില്‍ മുറിവുണങ്ങാത്ത ഓര്‍മകളില്‍ നീറി മനസ്സ് ഏഴു കൊല്ലം പുറകോട്ടു നടന്നു ...മനസ്സ് കൈ വിട്ട ഏതോ ഒരു നിമിഷം വിചാരം വികാരത്തിന് വഴി മാറിപ്പോയി ..ഒരു നിമിഷത്തിന്റെ എന്ന് പറയാന്‍ കഴിയുമോ ?..ഇല്ലാ ദിവസങ്ങളുടെ തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ ഞൊടിയിട തെറ്റാത്ത കരു നീക്കങ്ങളിലൂടെ തന്നെയാണ് അത് സംഭവിച്ചത്...ഇരുട്ടിന്റെ മറവില്‍ ഇട വഴിയിലെ കുറ്റിക്കാട്ടില്‍ നിന്നും ചാടി വീഴുകയായിരുന്നു ...വല്ലാത്തോരാവേശത്തില്‍ വലതു കൈ ഉയര്‍ന്നു താണു ...ചീവീടുകളുടെ നിലവിളികള്‍ക്കിടയില്‍ പള്ള തുരന്ന് പിച്ചാത്തിപ്പിടിയോളം ആഴം അളന്നപ്പോള്‍ ..ദിവാകരന്‍ ഒരു തവണ അലറി വിളിച്ചു ..പിന്നെ അതൊരു ഞരക്കത്തിനു വഴി മാറി ...
"എന്നേ കൊല്ലല്ലേ വാസൂ" ......
ഇര വേട്ടക്കാരനെ തിരിച്ചറിഞ്ഞ നിമിഷം ..വാക്കുകള്‍ക്കപ്പുറം പറഞ്ഞറിയിക്കാനാവാത്ത ഒരു നിര്‍വൃതിയില്‍ മനസ്സ് ഇളകി മറിഞ്ഞു .. ഇന്നും തെല്ലും കുറ്റ ബോധം അലട്ടുന്നില്ല. സ്വന്തം മകളെ ജീവന് തുല്യം സ്നേഹിച്ച ഒരച്ഛനും മറിച്ച് ചിന്തിക്കുമെന്ന് തോന്നാനാവുന്നുമില്ല ....


റേഷന്‍ കടക്കാരന്‍ ദിവാകരനും കുടുംബവും തങ്ങള്‍ക്കു അന്യരായിരുന്നില്ല ..അതിനപ്പുറം ഒരു വിളിപ്പാടകലെ എന്തിനും ഏതിനും നേരവും കാലവും നോക്കാതെ ആശ്രയിക്കാവുന്ന നല്ല അയല്‍ക്കാര്‍ ..തങ്ങള്‍ അവര്‍ക്ക് തിരിച്ചും അങ്ങനെ തന്നെയായിരുന്നു ..എന്നിട്ടും അവനതു ചെയ്തു ..ദൈവത്തിനു നിരക്കാത്ത കൊടും പാതകം .എന്‍റെ യമുന മോളെക്കാള്‍ രണ്ട് വയസ്സേ കുറവുണ്ടായിരുന്നുള്ളൂ അവന്‍റെ മോള്‍ക്കും ..എന്നിട്ടും അവനതിനു കഴിഞ്ഞൂന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല ആദ്യമൊന്നും. . ഇട വഴിയിലെ പൊന്തക്കാടിനുള്ളില്‍ തണുത്തു മരവിച്ച് പിച്ചി ചീന്തിയ കുഞ്ഞു ശരീരം ..ഒന്നേ നോക്കിയുള്ളൂ ..തളര്‍ന്നു വീണുപോയി ..... വലിയൊരു ദുരന്തത്തില്‍ നിന്ന് പഴയ ജീവിതത്തിലേക്ക് താനും , രമണിയും തിരിച്ചു വന്നത് മാസങ്ങള്‍ക്ക് ശേഷമാണ്.

ദിവാകരന്‍ ജാമ്യത്തിലിറങ്ങിയ നാള്‍ മുതല്‍ ദിവസങ്ങളെണ്ണി കഴിയുകയായിരുന്നു ...ദിവസം കഴിയും തോറും പകയുടെ കനലുകള്‍ തീനാളമായ് മനസ്സില്‍ പടര്‍ന്നു തുടങ്ങിയിരുന്നു . രമണി പോലും ചിന്തകളില്‍ നിന്ന് മാറി നിന്ന ദിവസങ്ങളിലൊന്നായിരുന്നു അത് നടന്നത് ...പേയ് പിടിച്ച നായെപ്പോലെയുള്ള പരക്കം പാച്ചിലിനു തല്‍ക്കാലത്തേക്കെങ്കിലും ഒരറുതി വന്നു.. കാണാത്തൊരു ലോകത്തിരുന്നു എന്‍റെ യമുന മോളുടെ ആത്മാവ് 'എനിക്ക് തൃപ്തിയായച്ഛാ' എന്ന് പറയുന്നുണ്ടായിരുന്നു........ അല്ലെങ്കില്‍ അങ്ങനെ മനസ്സിനെ വിശ്വസിപ്പിച്ചു ..വിലങ്ങണിഞ്ഞ കൈകളുമായി പോലീസ് ജീപ്പിലിരിക്കുമ്പോള്‍ വീണ്ടും രമണി തനിച്ചായി എന്ന ചിന്ത മനസ്സിനെ അലട്ടി തുടങ്ങിയിരുന്നു . എന്നാല്‍ ഇത്തവണ അവള്‍ അലറി വിളിച്ചില്ല ..തളര്‍ന്നു വീണുമില്ല....പൊടി പടര്‍ത്തി കണ്‍ മുന്നില്‍ നിന്നകലുന്ന വാഹനം നോക്കി വരണ്ട കണ്ണുകളുമായി മരവിച്ചു നിന്നു..

"വാസുവേട്ടോ ..പോകാനുള്ള സന്തോഷത്തില്‍ ഊണും വേണ്ടെന്നു വെച്ചോ "..

പുറത്തു നിന്നും കുട്ടന്റെ ഉച്ചത്തിലുള്ള വിളി കേട്ടാണ് ചിന്തകളില്‍ നിന്നുണര്‍ന്നത്‌ ....
അവനും ഒരു ജീവ പര്യന്തത്തിന്റെ പാതയില്‍ തന്നെ ...
മറ്റാരോ ചെയ്ത പാതകത്തിന്റെ പാപം പേറി ...ഇവിടെ എത്തപ്പെട്ടവന്‍ ..
ഇവിടെ ഉള്ളവരില്‍ ചിലരെങ്കിലും ഏതാണ്ടിത് പോലൊക്കെ തന്നെ ..
നീതി പീഠത്തിന്റെ തിമിരം ബാധിച്ച കണ്ണുകള്‍ ഒപ്പിയെടുത്ത നിഴല്‍ ചിത്രങ്ങളില്‍ ജീവിതം ഇരുമ്പഴികള്‍ക്ക് പിന്നിലേക്ക്‌ തളളിയിടപ്പെട്ടവര്‍ . വിധിയെ പഴിച്ച് ഇവിടെ കാലം കഴിക്കുന്നവര്‍..
ഇടയ്ക്ക് , "ഞാനത് ചെയ്തിട്ടില്ലാന്നു' വിളിച്ചു കൂവി ..പിന്നെ നിസ്സഹായതയുടെ നിശ്വാസങ്ങളില്‍ തളര്‍ന്നു വീഴുന്നവര്‍....

സെല്ലിന്‍റെ മൂലയില്‍ നിന്നും കഞ്ഞിപ്പാത്രവും എടുത്ത് അയാള്‍ മെസ്സിലേക്ക് നടന്നു....
രാത്രി തീരെ ഉറക്കം കിട്ടിയില്ല....പുറത്തിറങ്ങാനുള്ള സന്തോഷം കൊണ്ടായിരുന്നില്ല . മറിച്ച് ഒരു തരം വീര്‍പ്പു മുട്ടല്‍.
അതി രാവിലെ തന്നെ പല്ല് തേപ്പും കുളിയുമെല്ലാം കഴിച്ചു ..പിന്നെയും നീണ്ട കാത്തിരുപ്പ് ഒന്‍പതു വരെ നീണ്ടു. തടവ്‌ പുള്ളികളില്‍ പലരും ഫീല്‍ഡിലേക്ക് പോകും മുന്‍പ് കാണാന്‍ വന്നിരുന്നു.

"വാസൂവേട്ടാ.. .ഇനിയൊരു കണ്ട് മുട്ടല്‍ ഉണ്ടായെന്നു വരികില്ലാ...
എന്തായാലും ഇതിനുള്ളില്‍ വെച്ച്‌ വീണ്ടുമൊരു കൂടിക്കാഴ്ച ........;ദൈവം അതിനൊരിക്കലും ഇട വരുത്താതിരിക്കട്ടെ"..
അത് പറയുമ്പോള്‍ കുട്ടന്റെ ശബ്ദം ഇടറിയിരുന്നു ....
"നിന്റെ ചേട്ടനോട് അപ്പീലിന് പോകാന്‍ പറയണം ..
നീ ചെറുപ്പമാണ് ..ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ട്..എന്‍റെ കൂട്ടല്ല
ഒരു നീണ്ട ജീവിതം നിന്റെ മുന്നില് ബാക്കിയാണ് .....ഇപ്പൊ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ പിന്നെ".....
അയാളുടെ വാക്കുകള്‍ പാതി വഴിയില്‍ മുറിഞ്ഞു ......

മ് ..മം ..അവന്‍ വെറുതെ മൂളി ....

"എന്തെങ്കിലുമാകട്ടെ വാസുവേട്ടാ ....അല്ലെങ്കീ ..ഇപ്പൊ ഇവിടെന്താ ഒരു കുറവ് ..നേരം തെറ്റാണ്ട് കഴിക്കാന്‍ കിട്ടുന്നില്ലേ ...തല ചായ്ക്കാന്‍ ഇത്രയും സുരക്ഷിതമായ ഒരിടം വേറെ പുറത്തു കിട്ടുമോ ...ഒന്നോര്‍ത്തു നോക്കിക്കേ ...പിന്നെന്താ ....ഇന്നലകളെ മുഴുവന്‍ മനസ്സിന്റെ പുറമ്പോക്കില്‍ കുഴി കുത്തി മൂടി,...നാളെയെന്ന സ്വപ്നത്തിനു മീതെ ഒരു കറുത്ത പുതപ്പു വലിച്ചു വിരിച്ചിട്ടു .......അങ്ങനങ്ങനെ ............."
അവന്‍ തിരിഞ്ഞു നടന്നു തുടങ്ങിയിരുന്നു ..........
വാസുവിന്റെ മിഴികള്‍ നനഞ്ഞ്...കവിളിലേക്കു ചാല് കീറി.........

"വാസുവേ.... നിന്നെ വിളിക്കുന്നുണ്ട്"....
സെല്ല് തുറന്നു കൊണ്ടു കോന്‍സ്റ്റബിള്‍ ഗോപാലന്‍ പറഞ്ഞു ...
വാര്‍ഡന്റെ മുന്നില്‍ രജിസ്റ്റര്‍ ഒപ്പ് വെച്ച്‌ നിവര്‍ന്നു ...
അയാള്‍ അല്‍പ്പ നേരം വാസുവിന്റെ മുഖത്തേയ്ക്കു നോക്കി ....വികാരങ്ങളുടെ പ്രതിഫലനങ്ങള്‍ ഒന്നുമില്ലാത്ത പതിവ് നോട്ടം ...
"മ് മം ...ആരേലും വരുമോ കൂട്ടാന്‍ "?..
"ഇല്ല സാര്‍ .".
"ആരേം അറിയിച്ചിട്ടില്ല "........

"ശേഖരന്‍ നായരേ".....
അയാള്‍ നീട്ടി വിളിച്ചു ...
" സാര്‍ "..
അയാള്‍ അവിടേക്ക് വന്നു ചോദിച്ചു ..
"ഇനി പ്രത്യേകിച്ച് ഫോര്‍മാലിട്ടീസ്."........?
"ഒന്നു മില്ല സാര്‍ ..
എല്ലാം പതിവ് പോലെ.".
"എന്നാ പിന്നെ പൊയ്ക്കോട്ടേ "....
വാസു വാര്‍ഡനു നേര്‍ക്ക്‌ കൈ കൂപ്പി ..
അയാളില്‍ നിന്ന് അതിനു പ്രത്യേകിച്ചൊരു പ്രതികരണമുണ്ടായില്ല .....

അവിടുന്ന് പുറത്തിറങ്ങി നടക്കാന്‍ തുടങ്ങവേ ശേഖരന്‍ നായര്‍ പറഞ്ഞു..
"ഒന്നും മനസ്സില്‍ വെയ്ക്കണ്ട വാസ്വേ.....
ജീവിതത്തിലെ ഒരിരുണ്ട കാലം കഴിഞ്ഞൂന്ന് കരുതിയാ മതി ...
ഓരോരോ പരീക്ഷണങ്ങള്‍ .. അല്ലാണ്ടെന്താ."...
അയാള്‍ തല കുലുക്കി ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു ...

കവലയില്‍ ബസ്സിറങ്ങുമ്പോള്‍ കാലുകള്‍ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു..
വീട്ടിലേക്കുള്ള വഴിയെ തല കുനിച്ചു നടക്കുമ്പോള്‍ അയാള്‍ക്ക്‌ വല്ലാത്ത അസ്വസ്ഥത തോന്നി ..
ഒരു പാട് നടന്ന വഴികളില്‍ ഒരപരിചിതനെപ്പോലെ അയാള്‍ നടന്നു ....
"വാസ്വേ ".....
നീട്ടിയുള്ള വിളി കേട്ട് അയാള്‍ നിന്നു.
പുറകീന്ന് തോളില്‍ കൈ വെച്ച്‌ ചായക്കടക്കാരന്‍ നാരായണന്‍ ..
"നിന്നെ വിട്ടോ"?
"അതോ പരോളാണോ"?
"അല്ല നാരായണ ..ശിക്ഷ കഴിഞ്ഞു ".
"എന്നാലും വാസൂ ..നിന്റെ ഒരു വിധി "...........
അയാള്‍ മറുപടിക്ക് നില്‍ക്കാതെ നടന്നു തുടങ്ങിയിരുന്നു ...
പിന്നെയും ചില പഴയ മുഖങ്ങള്‍ പരിചയം പുതുക്കി..
എല്ലാര്‍ക്കും സഹതാപത്തിന്റെ ഒരേ മുഖം..
എല്ലാ വായില്‍ നിന്നും ഒരേ ചോദ്യവും ..
'വിട്ടതാണോ ..അതോ'?
ജയിലിനുള്ളിലെ ചില നിമിഷങ്ങളിലെ അതേ വീര്‍പ്പുമുട്ടലില്‍ വാസു പുളഞ്ഞു ...

വീട്ടിലേക്കുള്ള ഇടവഴിയില്‍ എത്തിയപ്പോഴേക്കും മഴ ചാറി തുടങ്ങിയിരുന്നു....
പതുക്കെ മഴയുടെ ശക്തി കൂടി വന്നു..
പിന്നെ വീണ്ടും ചെറു ചാറ്റലിലേക്ക് ഗതി മാറി .
മുറ്റത്തേയ്ക്ക് കയറുമ്പോഴേക്കും രമണി ഓടിയെത്തിയിരുന്നു ..
"എന്‍റെ ദൈവമേ .!...
വന്നോ..
കഴിഞ്ഞ മാസം കാണാന്‍ വന്നപ്പോഴും ഒന്നും പറഞ്ഞില്ലാല്ലോ" !.....
"മം ....അതിനു ശേഷമാ അറിഞ്ഞത് ".
"ന്നിട്ട് ..എന്നേ അറീച്ചില്ലല്ലോ."..
"നീ പിന്നെ അതുമോര്‍ത്തോണ്ടിരിക്കും."..
അതാ വേണ്ടാന്നു വെച്ചേ ..
"അല്ലേങ്കി...ഞാന്‍ ഓര്‍ക്കാണ്ടാ "..?
അവരുടെ കണ്ണു നിറഞ്ഞു തുടങ്ങിയിരുന്നു ...
"നിങ്ങളെന്തേലും കഴിച്ചോ ?
ഞാന്‍ ഇച്ചിരി ചായക്ക്‌ വെള്ളം വെക്കട്ടെ .."
രമണി അടുക്കളേലേക്ക് നടന്നു..

അയാള്‍ പുറത്തേയ്ക്കിറങ്ങി ...
കാലുകള്‍ അറിയാതെ തെക്കേ കുഴിമാടത്തിലേക്ക് നീങ്ങി ..........
അവിടെ നില്‍ക്കുമ്പോള്‍ നെഞ്ചിലൂടെ ഒരു തീ പടര്‍ന്നു താഴേക്കിറങ്ങുന്ന പോലെ....
"മോ ...ളേ "..
അയാളില്‍ നിന്നും ഒരു തേങ്ങല്‍ വിറകൊണ്ടു പുറത്തേയ്ക്ക് വന്നു ...
എത്ര നേരം ആ നില്‍പ്പ് തുടര്‍ന്നൂന്നു അറിയില്ലാ ....
"ചാറ്റ മഴയുണ്ട് ....നനയാന്‍ നില്ക്കണ്ടാ "......
രമണിയുടെ വിളി കേട്ടാണ് ഞെട്ടി തിരിഞ്ഞത് ...
അവര്‍ ചായ ഗ്ലാസ്സുമായി അയാള്‍ക്കരികിലേക്കു വന്നു ...
അപ്പോഴാണയാള്‍ ശ്രദ്ധിച്ചത് .....വരാന്തയില്‍ തൂണിനു പകുതി മറഞ്ഞ് ..ഒരു പാവാടക്കാരി ....
അയാള്‍ ചുളിഞ്ഞ മുഖത്തോടെ രമണിയെ നോക്കി..
"അറിയാമോ അവളേതാന്ന്.".?
അയാള്‍ വീണ്ടും ആ പെണ്‍കുട്ടിയെ നോക്കി ....
പിന്നെ ചോദ്യ ഭാവത്തില്‍ രമണിയേയും..?
ദിവാകരന്റെ മോളാ !..
ശാലിനി ..
അന്നത്തേനു ശേഷം മാലിനീം ഈ കൊച്ചും ഒരു പാട് കഷ്ടപ്പെട്ടു....
അവള്‍ക്കു വീട്ടുകാരെന്നു പറയാന്‍ പണ്ടേ ആരുമില്ലാരുന്നല്ലോ..
ദിവാകരന്റെ വീട്ടുകാരും പതിയെ തിരിഞ്ഞു നോക്കാണ്ടായി ....
ഇതിനെടേല് എന്തോ ദീനമായിട്ട് മാലിനി ആശുപത്രീലായി ....
ഡോക്ടറന്‍മാര് ചികിത്സിച്ച കൂട്ടത്തില് എന്തോ ചില സംശയം വന്ന് രക്തം പരിശോധിക്കണമെന്നോ മറ്റോ പറഞ്ഞു ....പിന്നെ നാട് മുഴുവന്‍ പരന്നത് അവള്‍ക്കു എയിഡ്സ്‌ ആന്നാ ....
ഭേദമായി തിരിച്ചു വന്നിട്ടും അവരെ ജീവിക്കാന്‍ അനുവദിച്ചില്ല ചില എമ്പോക്കികള്...
അത്രയ്ക്ക് മനസ്സാക്ഷിയുള്ളവരല്ലേ ഇവിടുത്തുകാര് ...
പിന്നീട് ഇതുങ്ങളനുഭവിച്ചത് നോക്കുമ്പോ .........
ചെലപ്പോ എനിക്ക് തോന്നും നമ്മളെക്കാളും നരകിച്ചത് ഇതുങ്ങളാന്നു..
തീരെ സഹിക്കാന്‍ വയ്യാഞ്ഞിട്ടാന്നു തോന്നു കഴിഞ്ഞാഴ്ച ഒരു കഷണം കയറില് അവള് എല്ലാം മതിയാക്കി പോയി ."..

"എല്ലാരും പല വഴിക്ക് പിരിഞ്ഞപ്പോ ഈ പെങ്കൊച്ചിനെ പെരുവഴീ കളഞ്ഞേച്ചു പോരാന്‍ എനിക്ക് കഴിഞ്ഞില്ല വാസുവേട്ടാ ........
എനിക്ക് നമ്മുടെ യമുന മോളേ ഓര്‍മ്മ വന്നു..
നിങ്ങളോട് അനുവാദം ചോദിക്കണമെന്ന് വെച്ചതാ ...
പിന്നെ മനസ്സ് പറഞ്ഞു ....
നിങ്ങളും ഇതല്ലാതെ മറിച്ച് പറയില്ലാന്നു" ...
അയാള്‍ ചായ ഗ്ലാസ്സ് അവരെ ഏല്‍പ്പിച്ച്‌ ആ പെങ്കുട്ടിക്കടുത്തേയ്ക്ക് നടന്നു .
അടുത്ത് ചെന്ന് അവളുടെ തലയില്‍ വിരലോടിച്ചു...
"അച്ഛാ "....
അവള്‍ പതിഞ്ഞ ശബ്ദത്തില്‍ വിളിച്ചു ..
കാതങ്ങള്‍ക്കപ്പുറത്തു നിന്നു യമുന വിളിക്കുന്ന പോലെ അയാള്‍ കേട്ടു..
"മോളേ .".....
വിളിക്കുകയായിരുന്നില്ല ...ഒരു തരം വിതുമ്പലോടെ അയാള്‍ അവളെ നെഞ്ചോട്‌ ചേര്‍ത്തു..

മഴയുടെ ആര്‍ത്തിരമ്പം അടുത്തടുത്ത്‌ വന്നു .....
തെക്കേ കുഴി മാടത്തെ ചുറ്റി ഒരു തണുത്ത കാറ്റ് അവരെ വലയം ചെയ്തു ....

*****************************************************