ജൈവവിളികള്‍
വൈദ്യുതി വിളക്ക് എട്ടുകാലിയെപ്പോലെ ഞാന്നുകിടന് പ്രകാശം പരത്തുന്ന മേശയിലക്ക് ശരീരം അനുവദിക്കുന്നതിലുമേറെ മുമ്പോട്ടു വളഞ്ഞ്,അതിലുമേറെ ആയാസപ്പെട്ട്,വര്‍മ്മാജി നിക്ഷേപിച്ച ഫോട്ടോയിലേക്ക് നോക്കിയിരുന്നു ശേഖേര്‍ ഏറെനേരം.അതിന്റെ കോശങ്ങളിലോരോന്നിലും കയറിയിറങ്ങി ഒടുവില്‍ തിരിച്ചുവന്ന് വര്‍മ്മാജിയുടെ മുഖത്തേക്ക് നോക്കിക്കനപ്പിച്ചൊന്നടിവരയിട്ടു..
" ഭൂമിമുരുകന്‍ "
അതെ എന്നര്‍ത്ഥംവരുന്ന ചെറിയ പുഞ്ചിരിക്കുശേഷം,അയാള്‍ തന്നിലേൽപ്പിച്ചിരിക്കുന്ന കര്‍ത്തവ്യത്തെക്കുറിച്ച് ബോധവാനാകയാല്‍ അതീവ ഗൗരവം പൂണ്ടിരുന്നു.ശേഖേര്‍ തന്‍റെ ഡയറിതുറന്നു പേന ഊരിപ്പിടിച്ചു,ഭൂമി മുരുകനെപ്പറ്റി ഇതേവരെ കണ്ടെത്തപ്പെട്ട കാര്യങ്ങള്‍ ആരാഞ്ഞു.അയാളുടെ ജീവിതമാകട്ടെ അത്രയധികം സുതാര്യമാല്ലത്തതിനാല്‍ ചില അര്‍ധോക്തികളില്‍ തട്ടി വര്‍മ്മാജി വല്ലാതെ വിഷമിച്ചു.
വര്‍മ്മാജി പറഞ്ഞു "ശേഖേര്‍ ഇന്നത്തെ അവസ്ഥയില്‍ എനിക്ക്,നിങ്ങള്‍ക്കായി അനുവദിക്കാവുന്ന പരമാവധി സമയം രണ്ടുദിവസം കൂടി മാത്രമാണ്.കാര്യത്തിന്റെ ഗൗരവം നിങ്ങള്‍ക്കും അറിയാവുന്നതാണല്ലോ?"
"നോക്കൂ വര്‍മ്മാജി എന്നില്‍ നിക്ഷിപ്ത്തമായിരിക്കുന്ന ജോലി ഭൂമിമുരുകനെ പിടിച്ചുതരിക എന്നതല്ല, കണ്ടെത്തലുമല്ല!,അയാള്‍ ഉപയോഗിക്കാനിടയുള്ള ചില രൂപങ്ങള്‍ ഡിസൈന്‍ ചെയ്യുക എന്നത് മാത്രമാണ്!"
"അയാള്‍ ഉപയോഗിക്കാനിടയുള്ള ചില രൂപങ്ങള്‍" എന്ന പ്രയോഗം വര്‍മ്മാജിക്ക് അത്രയൊന്നും സ്വീകാര്യമായില്ലെങ്കിലും ഇതുവരെ ഈ പ്രക്രീയക്ക് അയാള്‍ ലളിതമായി സ്വയം പറഞ്ഞു കൊണ്ടിരുന്നത് " അയാള്‍ മാറി നടക്കാനിടയുള്ള ചില വേഷങ്ങള്‍"എന്നായിരുന്നു.യാത്രപറഞ്ഞു പിരിഞ്ഞ് ഏറെ നേരമായിട്ടും ശേഖേറിന്റെ ആ പ്രയോഗം വര്‍മ്മയുടെ മനസ്സില്‍ വീണുകിടന്നു.
അന്ന് രാത്രി തന്നെയാണ് അപ്രതീക്ഷിതമായി വര്‍മ്മാജിക്ക് ശേഖേറിന്റെ ഫോണ്‍ വന്നതും പോലിസ് ക്ലബ്ബില്‍ സന്ധിക്കാം എന്ന ധാരണയിലെത്തിയതും.രാത്രി അത്രയൊന്നുമാകുന്നതിനു മുന്‍പ് പറഞ്ഞ സമയത്ത്,പറഞ്ഞ മേശക്കു പിറകില്‍ ഇത്തിരി മദ്യവും ശേഖേറും,വര്‍മ്മാജിയെ കാത്തിരുന്നു.
മുഖവുരയില്ലാതെ നേരെ വിഷയത്തിലേക്കാണ്,ശേഖേര്‍ ഗ്ലാസില്‍ മദ്യം പകരുന്നതിനിടയില്‍ പോയത്.വര്‍മ്മ എത്തുന്നതിനുമുമ്പേ അകത്താക്കിയ ഇത്തിരി മദ്യത്തിന്റെ വീര്യവും അയാള്‍ക്ക് കൂട്ടിനുണ്ടായിരുന്നു.ഒരേ മേശക്കിരുപുറവും അഭിമുഖമായിരുന്ന് മദ്യഗ്ലാസ്സുകള്‍ കൂട്ടിമുട്ടിക്കുന്നതിനിടയില്‍ ശേഖേര്‍ പറഞ്ഞു "ഈ പകലറുതിയില്‍ നമ്മളെയിങ്ങനെ മുഖത്തോടുമുഖം നോക്കിയിരുത്തിയ ഭൂമിമുരുകന്റെ ആയുസ്സിന് "
തമാശകള്‍ തിരിച്ചറിയാനാവാത്തവിധം അയാളില്‍ ഭൂമിമുരുകന്‍ ഏല്‍പ്പിച്ച ഭാരം കൊണ്ട് വര്‍മ്മാജി ചിരിച്ചെന്നു മാത്രം വരുത്തിത്തീര്‍ത്തു.
"താങ്കള്‍ വിചാരിക്കുന്നത് പോലെ ഇതൊരു ചെറിയ കേസ്സല്ല വര്‍മ്മാജീ,ഭൂമി മുരുകനെപ്പറ്റി താങ്കള്‍ പറഞ്ഞ കഥകള്‍,അയാള്‍ ജീവിച്ചു തീര്‍ത്ത ജീവിതം,ഇപ്പോള്‍ ജീവിച്ചുകൊണ്ടിരിക്കാവുന്ന ജീവിതത്തെപ്പറ്റിയുള്ള ഊഹങ്ങള്‍,പത്രങ്ങള്‍ അയാളെ ആഘോഷിക്കുന്ന വിധങ്ങള്‍,ഒക്കെ ഒത്തുവായിക്കുമ്പോള്‍ നിസ്സാരമായി പെയ്തു തീരാവുന്നൊരു മഴയല്ലിത്!നമ്മളോരോരുത്തരും ഉത്തരം പറഞ്ഞേമതിയാവു എന്ന രീതിയില്‍ ചില ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നുണ്ട് അയാള്‍,ഇപ്പോഴും!അതിന്റെ ഉത്തരം അയാളെ പിടികൂടുക എന്നതല്ല, ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുക,എന്നത് തന്നെയാണ്!
വര്‍മ്മാജി ശേഖേറിനോടു പറയാത്തതും,ഭൂമിമുരുകനെ പിടികൂടുക എന്ന പ്രക്രീയക്ക് ഒരുതരത്തിലും സഹായകവുമാല്ലാത്തതുമായ,അയാളുടെ ജീവചരിത്രം വിവിധ പത്രക്കട്ടിങ്ങുകളുടെ ഒരു കൊളാഷിലൂടെ ശേഖേര്‍ വര്‍മ്മക്ക് മുമ്പില്‍ നിരത്തിവച്ചു.
"ഭൂമിമുരുകന്‍ പാരമ്പര്യമായി കര്‍ഷകുടുമ്പത്തിലെ ഇങ്ങേഅറ്റത്തെ കണ്ണിയായിരുന്നു.ഭാര്യ മലര്‍വിരിയും,മകന്‍ മണ്ണഴകനും,മകള്‍ പൂവിളിയും,വിതച്ചും,കിളച്ചും,ചന്തയിലെത്തിക്കുന്ന ഉരുളക്കിഴങ്ങും,ചോളവും,പരിപ്പുമാണ് വര്‍മ്മാജീ നാമൊക്കെ ഒന്ന് ക്യുനില്ക്കാന്‍ പോലും ക്ഷമകാണിക്കാതെ വാങ്ങിക്കൊണ്ട് വരുന്നത്. ഇവവാങ്ങിക്കൊണ്ടുവരികയും, വേവിക്കുകയും, ഭക്ഷിക്കുകയും ചെയ്യുക എന്നതില്‍ കവിഞ്ഞ് ഇതേ ഭക്ഷണത്തിന്റെ രണ്ടറ്റങ്ങളില്‍ നില്‍ക്കുന്ന നമ്മളും അയാളും തമ്മില്‍ ഒരു ബന്ധവും ഇല്ലേ?നിങ്ങളുടെ അര്‍ത്ഥത്തില്‍ നിങ്ങള്‍ക്ക് ഭക്ഷന്നം ഉണ്ടാക്കിത്തരുന്നത് നിങ്ങളുടെ ഭാര്യയോ,വേലക്കാരനോ ആയിരിക്കാം!പക്ഷെ ആ പ്രക്രീയക്ക് ഭക്ഷണം ഉണ്ടാക്കിത്തരിക എന്നല്ല ഭക്ഷണം വേവിച്ചുതരിക എന്നേ പറയേണ്ടതുള്ളൂ! ഭക്ഷണം ഉണ്ടാക്കിത്തരുന്നത് തീര്‍ച്ചയായും ഭൂമിമുരുകന്മാരാണ്.അതെ സമയം ഭൂമിമുരുകനെ കണ്ടെത്തുക എന്ന ചുമതല നിങ്ങള്‍ക്ക് വന്നു ചേര്‍ന്നുമിരിക്കുന്നു,ഒരുജോലിയുടെ ഭാഗമായെങ്കിലും!വര്‍മ്മാജീ,ഒരു തമാശക്കായെങ്കിലും ഞാനൊന്ന് പറഞ്ഞോട്ടെ,നിങ്ങളുടെ മുമ്പിലെ ഭക്ഷണത്തിലൂടെ, പിറകോട്ടു, പിറകോട്ടു സഞ്ചരിച്ചു അവസാനം നിങ്ങള്‍ക്കയാളെ പിടികൂടാവുന്നതല്ലേയുള്ളൂ! "
"ശേഖേര്‍,ഞാന്‍ നിങ്ങളെ സമീപിച്ചത് ഭൂമിമുരുകനെ നിങ്ങള്‍ക്ക് എങ്ങിനെയൊക്കെ അണിയിച്ചോരുക്കാം എന്നറിയാനാണ്.നിങ്ങള്‍ എന്‍റെ സുഹൃത്തെന്നതിലുപരി ഈ കലയില്‍ അങ്ങേയറ്റം വിധഗ്ദ്ധനുമാണെന്നറിയാം.
അയാള്‍ ഒളിച്ചിരിക്കാനിടയുള്ള രൂപങ്ങളെക്കുറിച്ചാണ് നാം സംസാരിക്കേണ്ടത്,ഒളിച്ചിരിക്കാനിടയുള്ള സ്ഥലങ്ങളെക്കുറിച്ചല്ല, പിടികൂടേണ്ടതെങ്ങിനെ എന്നതിനെക്കുറിച്ചുമല്ല.നിങ്ങള്‍ ഒരു നിയമപാല കനല്ലാത്തിടത്തോളം ."
"വര്‍മ്മാജീ, നിങ്ങളുടെ തലയില്‍ വന്നുവീണ ഉത്തരവാദിത്വമാണ്,അയാളുടെ തലയ്ക്കു കല്‍പ്പിക്കപ്പെട്ട വിലയല്ല നിങ്ങളെ ഇത്രയധികം കഠിനാധ്വാനം ചെയ്യിക്കുന്നതെന്നെനിക്കറിയാം, നിങ്ങള്‍ സത്യസന്ധനായ ഒരു പോലീസ് ഓഫീസറാകയാല്‍.എന്നാല്‍ നിങ്ങള്‍ വസ്തുതകളെ, വസ്തുതകളായിത്തന്നെ കാണണം"
"ശേഖേര്‍ പറഞ്ഞുവരുന്നതെന്താണ്?"
ശേഖേര്‍ ഗ്ലാസുമായഴുന്നേറ്റു,പിറകിലൂടെവന്നു വര്‍മ്മാജിയുടെ ചുമലില്‍ പിടിച്ചു.എന്നിട്ട് അയാളുടെ കണ്ണുകള്‍ക്ക് മുമ്പിലേക്ക് കുനിഞ്ഞു വന്ന് അതിലേക്കു തുറിച്ചു നോക്കി.എന്നിട്ട് ചോദിച്ചു ."വര്‍മ്മാജീ,താങ്കളെന്നെങ്കിലും കൃഷി ചെയ്തിട്ടുണ്ടോ? ഒരു പച്ചമുളക് തൈയെങ്കിലും നട്ടുനനച്ചിട്ടുണ്ടോ? പക്ഷെ നിങ്ങളുടെ ഭക്ഷണത്തില്‍ എരിവു വേണ്ടത്രയില്ലെങ്കില്‍ നിങ്ങള്‍ ക്ഷോഭിക്കുന്നു!എന്നിട്ടും നിങ്ങള്‍ ധരിച്ചിരിക്കുന്നത് കൃഷിചെയ്യുക എന്നത് കര്‍ഷകരുടെ മാത്രം ജോലിയാണെന്നാണ്! "
"ശേഖേര്‍,നമുക്കുമുമ്പില്‍ ചെറിയ സമയമേയുള്ളൂ.നാംപാഴാക്കുന്ന ഓരോ സെക്കെന്റിലും ഭൂമിമുരുകന്‍ നമ്മളില്‍ നിന്നുമേറെ അകലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്.ഫിലോസഫി പറയാനാണെങ്കില്‍ നമുക്ക് പിന്നൊരിക്കല്‍ കൂടിയിരിക്കാം.ഭൂമിമുരുകനെ പിടികൂടിയതിനു ശേഷം!രാജ്യത്തിന് ഇപ്പോള്‍ അയാളെ വേണ്ടത് കൃഷിക്കാരനായല്ല, തടവുകാരനായാണ്.നിങ്ങള്‍ക്കറിയാമോ മൂല്യം നിശ്ചയിക്കാനവാത്തത്ത്ര പ്രചീനങ്ങളായ ശേഖരങ്ങളുമായാണ് അയാള്‍ കടന്നുകളഞ്ഞിരിക്കുന്നത് .ശിലായുഗത്തിലേതെന്നുറപ്പുണ്ടായിട്ടും, അവയിലെ ലോഹാഭാരണങ്ങള്‍ ലോകത്തെയാകമാനം അത്ഭുതപ്പെടുത്തിയവയാണ്.ഒരു പക്ഷെ ചരിത്രത്തെ തന്നെ മാറ്റിയെഴുതാന്‍ കരുത്തുള്ളവ!
ശേഖേര്‍ പൊട്ടിച്ചിരിച്ചു.മദ്യം ഇത്തിരി തലയ്ക്കു പിടിച്ചവനെപോലെത്തന്നെ.അയാള്‍ ബാഗുതുറന്നു ലാപ്ടോപ് എടുത്തു മേശമേല്‍ വച്ചു.എന്നിട്ട് വര്‍മ്മ പറഞ്ഞതില്‍ നിന്നും ഗൗരവം സ്വീകരിച്ചിട്ടെന്നപോലെ ഘനമുള്ള ശബ്ദത്തില്‍ പറഞ്ഞു.
"വര്‍മ്മാജീ,ഭൂമിമുരുകന്റെ ചിത്രത്തിലൂടെയല്ല,അയാളുടെ ജീവിതത്തിലൂടെ തന്നെ ഞാന്‍ കടന്നുപോയി. ഒരു ഡിസൈനര്‍ അങ്ങനെത്തന്നെയാവണം എന്ന് ഞാന്‍ കരുതുന്നു."
ശേഖേര്‍ ലാപ്ടോപ് തുറന്നു.വര്‍മ്മാജീ ഏല്‍പ്പിച്ച അതെ ഫോട്ടോ സ്ക്രീനില്‍ തെളിഞ്ഞു.
"നോക്കൂ, വര്‍മ്മാജീ ഏറ്റവും കുറഞ്ഞ ധാതുക്കളാലാണയാളുടെ നിര്‍മ്മിതി.അതായത് എടുത്തു മാറ്റാന്‍ ഒന്നുമില്ലാത്തോരവസ്ഥയില്‍.ആകയാല്‍ ഈ മുഖത്തുനിന്നും എന്തെങ്കിലും എടുത്തുമാറ്റി അയാള്‍ ഒളിച്ചിരിക്കാനിടയില്ല.ഇനി കൂട്ടിചെര്‍ക്കലുകളെ കുറിച്ചാലോച്ചിക്കാം.കീ ബോര്‍ഡിലെ ചില ചില്ലറ വിരല്‍വിന്യാസങ്ങളിലൂടെ ശേഖേര്‍ മറ്റൊരു മുഖത്തിലേക്ക് ചാടിപ്പോയി.മോണിറ്ററില്‍ ഇപ്പോള്‍ ഭൂമിമുരുകന് താടിയും മീശയും തലപ്പാവും ഉണ്ട്. ഒരു സര്‍ദാര്‍ജീ ഭാവം.
"സര്‍ദാര്‍ ഭൂമിമുരുക്" ശേഖേര്‍ ഒച്ചയില്ലാതെ ചിരിച്ചു കൊണ്ട് അടുത്ത ചിത്രത്തിലേക്ക് കടന്നു. താടിയും, മീശയുമില്ലാത്ത ഒരു ഖൂര്‍ഖാവേഷത്തില്‍,പിന്നെ മൊട്ടയടിച്ച്,കൊള്ളക്കാരന്‍ മീശവച്ച് .അങ്ങിനെ അങ്ങിനെ....
വര്‍മ്മാജി പോലിസ് ബുദ്ധിയോടെ അവസൂഷ്മം വിലയിരുത്തി.
"പക്ഷെ വര്‍മ്മാജി,ഈ വേഷങ്ങളൊക്കെ അയാളെ എളുപ്പത്തില്‍ ഒറ്റിക്കൊടുത്തേക്കാം.ഒരുപക്ഷെ അയാളുടെ യഥാര്‍ത്ഥ വേഷത്തെക്കാളും"
അത് ശരിതന്നെ എന്ന് വര്‍മ്മാജിക്കും തോന്നി.ശേഖേര്‍ ഇതേവരെ ചെയ്തിട്ടുള്ള ഡിസൈനുകളില്‍ നിന്നും വിഭിന്നമായി ഒരുതരം വെച്ചുകെട്ടല്‍ ഇതിലൊക്കെ അയാള്‍ക്കും തോന്നിയിരുന്നു.
'ശേഖേര്‍,ഇനിയെന്ത് ചെയ്യും? അയാളുടെ വിവിധവേഷങ്ങള്‍ വച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പതിക്കാനാണ് നിര്‍ദേശം.പൊതുജന സഹായമില്ലാതെ നമുക്കിയാളെ കിട്ടാനുള്ള സാധ്യത കുറവാണ്. "
വര്‍മ്മാജീ,നിങ്ങള്‍ മുക്കിനു,മുക്കിനു പോസ്റ്റര്‍ ഒട്ടിച്ചു വെച്ചാല്‍ ജനങ്ങള്‍ അയാളെ ഒറ്റിത്തരുമെന്നുണ്ടോ? ശേഖേര്‍ വര്‍മ്മാജിയുടെ കണ്ണുകളില്‍ തന്നെ സൂക്ഷിച്ചു നോക്കി,എന്നിട്ട് പറഞ്ഞു.
"താങ്കള്‍ ക്ഷോഭിക്കില്ലെങ്കില്‍ ഞാനൊരു ചിത്രം കാണിച്ചു തരാം"
പിന്നീട് വര്‍മ്മാജി കൊടുത്ത ഭൂമിമുരുകന്റെ യഥാര്‍ത്ഥ ഫോട്ടോയില്‍ കീ ബോര്‍ഡിലെ ചില ചെറിയ പ്രയോഗങ്ങള്‍ കൊണ്ട് അത് വര്‍മ്മാജിയാക്കി കാണിച്ചു കൊടുത്തു.എന്നിട്ട് ലാപ്ടോപ് മേശമേല്‍ വിട്ട് വര്‍മ്മാജിയുടെ മുഖത്തേക്ക് കുനിഞ്ഞു കണ്ണുകളില്‍ തന്നെ തുറിച്ചു നോക്കി,ഒരിടനേരത്തെ മൗനത്തിനുശേഷം പറഞ്ഞു
"ഈ കണ്ണുകള്‍ നിങ്ങളുടെതാണെന്ന് നിങ്ങള്‍ക്ക് പറയാനാവുമോ,ഒരേ സമയം അത് നിങ്ങളുടെത് മാത്രമാണെന്നും,ഈ അര്‍ത്ഥത്തിലാണ് ഞാന്‍ നേരത്തെ ചോദിച്ചത്.നിങ്ങള്‍ എന്നെങ്കിലും കൃഷി ചെയ്തിട്ടുണ്ടോ എന്ന്,ഒരു പച്ചമുളകെങ്കിലും!
വര്‍മ്മാജി നിശബ്ദനായി തലകുനിച്ചിരുന്നു.ശേഖേര്‍ വീണ്ടും ലാപ്ടോപില്‍ കയറി.മോണിറ്ററില്‍ ഇപ്പോള്‍ ഭൂമിമുരുകന്റെ യഥാര്‍ത്ഥ ഫോട്ടോ,കീ ബോര്‍ഡിലെ ചില തട്ടലുകള്‍ കൊണ്ട് ശേഖേര്‍ അയാളെ സ്വന്തം രൂപത്തിലെത്തിച്ചു.പിന്നെ മുരുകനിലേക്ക് തിരികെപോയി ചിലകളികള്‍ കൊണ്ട് അയാളെ വര്‍മ്മയുടെ മേലധികാരിയാക്കി മാറ്റി.
"നോക്കൂ വര്‍മ്മാജീ,ഇതു നിങ്ങളുടെ പോലിസ് മന്ത്രി.നിങ്ങള്‍ക്കും,എനിക്കും,ഇദ്ദേഹത്തിനും,മുരുകനിലേക്ക് ഒരേ ദൂരമാണ് എന്‍റെ കീബോര്‍ഡില്‍. ആര്,ആരെ പിടികൂടാന്‍ ആജ്ഞാപിക്കുന്നു വര്‍മാജീ!ഈ എലിയും,പൂച്ചയും കളിക്കാണോ നിങ്ങള്‍ ക്രമസമാധാനം എന്നും, ജനാധിപത്യം എന്നും,പറയുന്നത്."
അന്നുരാത്രി അത്താഴത്തിനുശേഷം ഭാര്യയും,മക്കളും കിടപ്പുമുറിയിലെത്തും മുമ്പേ ഒരു കവിള്‍ മദ്യത്തിന്റെ പിന്‍ബലത്തില്‍ വര്‍മ്മാജി സ്വന്തം കണ്ണുകളെ വിശകലനം ചെയ്തു.സ്വന്തം മുഖത്തിരുന്നു മറ്റൊരാള്‍ അയാളെ തുറിച്ചുനോക്കി.വര്‍മ്മാജി കൈകളില്‍ നെഞ്ചോടുചേര്‍ത്തു പിടിച്ചിരുന്ന മദ്യഗ്ലാസ് മേശമേല്‍ വെക്കാന്‍ കൊതിച്ചെങ്കിലും അതിന് കഴിഞ്ഞില്ല! ഭൂമിമുരുകന്‍ അയാളെ മോചിപ്പിക്കും വരെ ഒരു പ്രതിമ പോലെനിന്നു വര്‍മ്മാജി ഏറെ നേരം!.ഇതേ സമയം ഭൂമിമുരുകനും,ഭാര്യ മലര്‍വിരിയും,മകള്‍ പൂവിളിയും,ചതുപ്പുപോലൊരു പ്രദേശത്തുകൂടി ഇരുളിന്റെ മറവില്‍ നടക്കുകയായിരുന്നു.അവരുടെ മുതുകിലെ ചാക്കുകളിലെ പൊങ്ങാഭാരങ്ങളില്‍നിന്നും പിതൃക്കള്‍ നിലവിളിച്ചുകൊണ്ടേയിരുന്നു.
ആ നടത്തത്തിലും ഭൂമിമുരുകന്‍ അത്യാഹിതങ്ങള്‍ വന്നുകയറിയ നാള്‍വഴികള്‍ ഓര്‍ത്തു.ഒരു നട്ടുച്ചവെയിലിലാണ് ഉരുളക്കിഴങ്ങുകള്‍ കിളച്ചുകൊണ്ടിരിക്കെ തൂമ്പയില്‍ തട്ടി ചെറിയൊരു മണിമുഴക്കമുണ്ടായത്.വെറുതെ മണ്ണില്‍ ചികഞ്ഞു നോക്കിയ അയാളുടെ കൈകളില്‍ ഹസ്തദാനം ചെയ്യുമ്പോലെ വന്നുകയറിയത് ഉടഞ്ഞൊരു കരിങ്കല്‍ കൈയ്യായിരുന്നു!അതിന്റെ വല്ലാത്ത ഭാരത്തില്‍ അയാള്‍ക്ക് കൈകഴച്ചു.ചെറിയ കൌതുകങ്ങള്‍ക്ക് ശേഷം കിളച്ച ഉരുള ക്കിഴങ്ങുക ള്‍ക്കൊപ്പം അയാള്‍ ആ കൈകൂടി എടുത്തുകൊണ്ടുപോയി.മകള്‍ പൂവിളിക്ക് കളിക്കാനെങ്കിലും ...
ഉരുളക്കിഴങ്ങും,ചപ്പാത്തിയും തിന്നു കിടന്നുറങ്ങിയ അയാള്‍ ഭൂമിക്കടിയില്‍നിന്നും എന്തൊക്കെയോ നിലവിളികള്‍ കേട്ടുണര്‍ന്നു.കണ്ണടക്കുമ്പോളൊക്കെ ഏതൊക്കെയോ ഒറ്റകൈയ്യന്‍ രൂപങ്ങള്‍ അയാളെ നിലവിളിച്ചു ഭയപ്പെടുത്തി. അത് തന്റെമാത്രം സ്വപ്നമല്ലെന്ന് മലര്‍വിരിയും,മണ്ണഴകനും,പൂവിളിയും,സാക്ഷ്യപ്പെടുത്തി.രാത്രി അപ്പാടെ അവരെ വിവിധതരം നിലവിളികളാല്‍ ഭയപ്പെടുത്തിക്കൊണ്ടിരുന്നു.
മുറ്റത്തെ തുളസ്സിത്തറക്കുതാഴെ വച്ച കൊമ്പ്മാത്രമല്ല,തുമ്പിയും,അടര്‍ന്നുപോയ ഉണ്ണിഗണപതിക്കു മുമ്പില്‍ അയാള്‍ അറിയാവുന്ന പരിഹാര ക്രീയകളൊക്കെ ചെയ്തു കഴിഞ്ഞിട്ടും നിലവിളികളില്‍ ഒന്നുപോലും അടങ്ങിയില്ല. അങ്ങിനെയാണ് അയാള്‍ പുറത്തെ മന്ത്രവിധികള്‍ തേടി പോയതും, അയാള്‍ കിളച്ചെടുത്ത ഉടഞ്ഞ കൈയുടെ വിവരം പുറത്തറിയുന്നതും.പിന്നെ, ആരൊക്കെയോവന്നു അതെടുത്തുകൊണ്ടുപോയി.അതില്‍ പിന്നെ സംഭവിച്ചത് ഭൂമിമുരുകന്റെ അറസ്റ്റാണ്, ഈ കാര്യം ഒളിച്ചുവെച്ചു എന്ന കാരണത്താല്‍!ഭൂമിമുരുകനില്ലാതെ ആദ്യമായി നിലവിളികള്‍ക്കുമേല്‍ മലര്‍വിരിയും, മണ്ണഴകനും,പൂവിളിയും,ഭയത്താല്‍ കെട്ടിപ്പിടിച്ചു കിടന്നുറങ്ങി.ഇത്തിരി ദിവസങ്ങള്‍ക്ക് ശേഷം മോചിപ്പിക്കപ്പെട്ടു തിരിച്ചെത്തിയ ഭൂമിമുരുകന്‍ കാണുന്നത്,നിരവധി യന്ത്രങ്ങള്‍ തന്‍റെ കൃഷിയിടംകുഴിച്ചു ഭൂമിക്കടിയിലേക്ക് പോകുന്നതാണ്!അവ പൊക്കിയെടുത്ത്കൊണ്ടുവന്ന പ്രാചീന രൂപങ്ങള്‍ പിതൃക്കളായി അയാളോട് നിലവിളിച്ചു.അവയ്ക്കും,മുരുകനുമിടയില്‍ മണ്ണടരുകളില്ലാത്ത തിനാല്‍ ഇപ്പോള്‍ അവയുടെ നിലവിളി പരമാവധി ഉച്ചത്തിലായിരുന്നു.വിളവ് മാത്രമല്ല, കൃഷിയിടം തന്നെ നഷടപ്പെട്ടുപോയ വേവലാതി മുരുകനെ വല്ലാതെ ഉലച്ചുകളഞ്ഞു. നിലവിളിക്കുന്ന പിതൃക്ക ളോടയാള്‍ ചോദിച്ചില്ല "ഒരുനാള്‍ തന്‍റെ തലമുറയിലെ എതെങ്കിലുമൊരുകണ്ണി ഭൂമിയാല്‍ സമ്പന്ന മാകുമെന്ന വിശ്വാസം തലമുറകളായി കൈമാറിയിരുന്നത് ഇതിനായിരുന്നോ എന്ന്,തലമുറയിലെ ആ കണ്ണി താനാണോ എന്ന്? "
ഖനനം ചെയ്തെടുത്ത പിതൃക്കളെയത്രയും തുടച്ചുവൃത്തിയാക്കി പെട്ടിയിലടച്ചു എങ്ങോ കൊണ്ടു പോയി.അയാള്‍ക്കിപ്പോള്‍ അവശേഷിക്കുന്നത് സ്വന്തം കുടിലും,പിതൃക്കളുറങ്ങിക്കിടന്ന വലിയ ഗര്‍ത്തവും മാത്രമാണ്. മലര്‍വിരിയേയും,മണ്ണഴകനേയും,പൂവിളിയെയും,അല്ല അയാള്‍ക്ക് സ്വയം തന്നെ ആശ്വസിപ്പിക്കാന്‍ കാരണങ്ങളില്ലായിരുന്നു.
ചെറിയ ഒരിടവേളക്ക് ശേഷം അയാളുടെ കുടിലിനു മുമ്പില്‍ "സര്‍ക്കാര്‍" എന്ന് മുദ്രകുത്തിയ ഒരു വണ്ടിവന്നു നില്‍ക്കുകയും എല്ലാവരോടും അതില്‍ കയറാന്‍ ആവശ്യപ്പെടുകയും ചെയ്യപ്പെട്ടു. പഴയതു പോലെ ഏതൊക്കെയോ കുറ്റങ്ങളാല്‍ ഇത്തവണ എല്ലാവരും പിടിക്കപ്പെടുകയാണെന്നാണ് അയാള്‍ കരുതിയതെങ്കിലും സംഭവിച്ചത് മറ്റൊന്നായിരുന്നു!
ദീര്‍ഘയാത്രക്കുശേഷംഅവര്‍ എത്തിപ്പെട്ടത് വലിയൊരു കെട്ടിടത്തിനു മുമ്പിലാണ്. മരത്തിലേക്ക് നോക്കുന്നതുപോലെ അയാളുടെ കുട്ടികള്‍ തലയുയര്‍ത്തി കെട്ടിടത്തിന്റെ ഉയരത്തിലേക്കുനോക്കി അവിടെ ആരൊക്കെയോ അയാളെ കാത്തു നിന്നിരുന്നു. അതില്‍ പ്രധാനിയെന്നുതോന്നിക്കുന്ന ആള്‍ മുരുകനെയും കുടുംബ ത്തേയും തൊഴുതു.പിന്നീട് മുരുകന്റെ കൈ സ്വന്തം കൈകളില്‍ വാങ്ങി അതി ലേക്കൊരു താക്കോല്‍ വച്ചുകൊടുത്തു കൊണ്ട് പറഞ്ഞു.
" മുരുകന് ഇനിമുതല്‍ ഇവിടെയാണ് ജോലി. എല്ലാവര്‍ക്കും താമസിക്കാന്‍ ഇതിനു പിന്നിലൊരു മുറിയും ഒരുക്കിയിട്ടുണ്ട്.നിങ്ങളുടെ ഭൂമി ഇനി കൃഷിക്ക് വിട്ടുതരാന്‍ കഴിയാത്തതിനാല്‍ സര്‍ക്കാര്‍ വക പാരിതോഷികം... നോക്കൂ,ഈ സര്‍ക്കാര്‍ എന്നും ഭൂമിമുരുകന്മാരുടെ കൂടെയേ നിന്നിട്ടുള്ളൂ."
അതില്‍ മുരുകന് മനസ്സിലാകാതിരുന്നത് ഒന്ന് മാത്രമായിരുന്നു.ആരാണീ "സര്‍ക്കാര്‍" എന്നത്. ഒടുവില്‍ താക്കോല്‍ കൈയില്‍ വച്ചുതന്നആള്‍ തന്നെയായിരിക്കാം എന്നയാള്‍ ഊഹിച്ചു മുരുകനാകട്ടെ താക്കോല്‍ എന്ന ഉപകരണം കാണുന്നത് തന്നെ ആദ്യമായായിരുന്നു.പൂട്ടിവെക്കാന്‍ ഒന്നുമില്ലായ്കയാല്‍ അയാളുടെ സമ്പാദ്യങ്ങള്‍ ഉരുളക്കിഴങ്ങായും,ഉള്ളിയായും,ചോളമായും,പുറത്തെ മണ്ണില്‍ സ്വതന്ത്രമായിയിക്കിടന്നു!എല്ലാവരും കൂടി മുരുകനെയും,കുടുംബത്തെയും,കെട്ടിടത്തിന്റെ വാതില്‍ക്കല്‍വരെ ആനയിച്ചു. മുരുകനോടു താക്കോലിട്ടു വാതില്‍ തുറക്കാനാവശ്യപ്പെട്ടെങ്കിലും അയാള്‍ക്കത് അതറിയാതെ ദയനീയമായി "സര്‍ക്കാരിന്റെ" മുഖത്തേക്കുനോക്കി. സര്‍ക്കാരാകട്ടെ സന്തോഷത്തോടെ ആ ചടങ്ങ് നടത്തിക്കൊടുത്തു.
മടിച്ച്,മടിച്ച് അകത്തേക്ക് കയറിയ മലര്‍വിരിയും, മണ്ണഴകനു,പൂവിളിയും, മാത്രമല്ല,ഭൂമിമുരുകനും, ഭയന്ന് ഒരടി പിറകോട്ടുവച്ചു.തന്‍റെ ഭൂമിടില്‍ നിന്നും കുഴിച്ചെടുക്കപ്പെട്ട പിതൃക്കളോരോന്നും ചില്ലല മാരയില്‍ അടുക്കിവെക്കപ്പെട്ടിരിക്കുന്നു!പ്രാചീനമായ ഒരുതരം ഗന്ധം അവിടെ നിറഞ്ഞുപെയ്തു.
സര്‍ക്കാര്‍ എന്ന് മുരുകന്‍ കരുതിയ ആള്‍ അയാളോട് പറഞ്ഞു " ഇതിന്റെ അവകാശി മരുകനാണ് മുമ്പും, ഇന്നും. ഇത് വെടിപ്പായി സൂക്ഷിക്കുകയും,സന്ദര്‍ശകര്‍ക്ക് തുറന്നു കടുക്കുകയുമാണ് ഇനിമുതല്‍ നിങ്ങളുടെ ജോലി. അതിനുള്ള ശമ്പളം സര്‍ക്കാര്‍ തന്നുകൊളും.ഇനിയും എന്ത് വേണമെങ്കിലും സര്‍ക്കാരിനോട് ചോദിക്കാന്‍ മടിക്കേണ്ട"
മുരുകനാവട്ടെ തൊണ്ടവരണ്ട്,സര്‍ക്കാരെന്ന് അയാള്‍ കരുതിയ മനുഷ്യനോടു ചോദിച്ചത് ഇത്തിരി വെള്ളത്തിനായിരുന്നു!അതാകട്ടെ അപ്പോള്‍ അവിടെ ഉണ്ടായിരുന്നുമില്ല...പുതിയവീട്, പുതിയ മേച്ചില്‍സ്ഥലം,മുരുകനും കുടുംബവും,ഇപ്പോള്‍ എവിടെയാണെന്ന് അവര്‍ക്കുതന്നെ നിശ്ചയ മില്ലായിരുന്നു.ആരും അവരോടതുപറഞ്ഞു കൊടുക്കാത്തതിനാല്‍.മലര്‍വിരിയിലും,പൂവിളിയിലും, മണ്ണഴകനിലും,മുരുകന്‍ കണ്ടത് സന്തോഷമായിരുന്നില്ല,മ്ലാനതയായിരുന്നു.രാത്രി നാലുപേരും ഭയത്തിന്റെ പുതപ്പിനടിയില്‍ ഒരു ചങ്ങലപോലെ കോര്‍ത്ത് കിടന്നുറങ്ങാന്‍നേരത്ത്,പൂവിളി എന്തുകൊണ്ടോ,തുളസിത്തറയുടെ കീഴെമറന്നുപോയ തുമ്പിയും, കൊമ്പുമൊടിഞ്ഞുപോയ ഉണ്ണിഗണപതിയെക്കുറിച്ച് മുരുകനോട് ചോദിച്ചു.
അയാളുടെ ഉറക്കത്തെ വീണ്ടും അസ്വസ്ഥമാക്കിയത് അതേ നിലവിളികളാണ്!അവ ഭൂമിയില്‍ നിന്നല്ല അയല്‍പക്കങ്ങളില്‍ നിന്നെന്നപോലെ അയാളെ ഭയപ്പെടുത്തി.മലര്‍വിരിയും, മണ്ണഴകനും, പൂവിളിയും,ഭയത്തില്‍ അയാള്‍ക്കൊപ്പം ചേര്‍ന്നു.
ഒരുള്‍പ്രേരണയാല്‍ അയാള്‍ മുറിവിട്ട് "പിതൃസ്ഥലി" എന്ന് പേര് കൊത്തിവച്ച വാതിലിലൂടെ അകത്തേക്ക് കടന്നു.അവിടെ ഇരുളില്‍ പന്തങ്ങള്‍പോലെ കത്തുന്നമിഴികള്‍ തുറന്നു ഭൂമിമുരുകന്റെ പിതൃക്കള്‍,അവരെ മോചിപ്പിക്കാന്‍ അയാളോട് യാചിച്ചു!അയാള്‍ തങ്ങളുടെ ആവശ്യം ചെവിക്കൊ ള്ളൂന്നില്ലെന്ന് കണ്ടതിനാലാവണം ക്രമേണ കൈകാലുകള്‍ ചലിപ്പിച്ച് അവ വായുവില്‍നീന്തി മുരുകന്ചുറ്റും സംഘനൃത്തം പോലെ ആടിത്തിമിര്‍ത്തു! ഭയന്ന്,വിയര്‍ത്തു,ബോധാമറ്റുവീണ മുരുകന്‍ ഉണരുമ്പോള്‍ മലര്‍വിരിയുടെ മടിയില്‍ കിടക്കുകയായിരുന്നു.മണ്ണഴകനും,പൂവിളിയും,അയാളുടെ കണ്ണുകളിലേക്ക് ആഴത്തിലേക്കെന്നപോലെ ഉറ്റുനോക്കുകയായിരുന്നു.
പിന്നീട് അയാള്‍ പിതൃക്കളെ ഒന്നോന്നായി ചാക്കുകളിലെടുത്തുവെച്ച്,സര്‍ക്കാര്‍തന്ന താക്കോല്‍, താകോല്‍ പഴുതില്‍ തന്നെ ഉപേക്ഷിച്ച്,ഇരുളില്‍ മാഞ്ഞുപോയി.പരസ്പരവും,സ്വയം,തന്നെയും കാണാനാവാത്ത ഇരുട്ടില്‍ ഭയം കൊണ്ടാവണം പൂവിളിയുടെ വിറയാര്‍ന്ന തേങ്ങല്‍ ഭൂമിമുരുകന്‍ കേട്ടു.
"അപ്പാ, നമ്മുടെ ഉണ്ണിഗണപതി..."
ഏറെ വിശകലനങ്ങള്‍ക്കും,വിലയിരുത്തലുകള്‍ക്കും,ശേഷം ശേഖേറും,വര്‍മ്മാജിയും പോസ്റ്ററില്‍ ഉപയോഗിക്കാന്‍ തീരുമാനിച്ച രൂപങ്ങളിലായിരുന്നില്ല ഭൂമിമുരുകനും,കുടുംബവും ഒടുവില്‍ പിടി തരുമ്പോള്‍!
ചതുപ്പിന്റെ അറ്റത്തുനിന്നും തുടങ്ങുന്ന പുഴയില്‍,ചളിയില്‍ പുതഞ്ഞ് പരസ്പരം കെട്ടുപിണഞ്ഞ്, ഭൂമിമുരുകനും കുടുംബവും പിതൃക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്നു അപ്പോള്‍...തൊപ്പിയൂരി നെഞ്ചോടു ചേര്‍ത്തു പിടിച്ച്,വര്‍മ്മാജി അവരുടെ സമീപത്ത് നില്‍ക്കുമ്പോള്‍ അയാള്‍ക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഒരാള്‍ ഹൃദയത്തില്‍ മുട്ടിവിളിച്ച് ഇങ്ങനെ ചോദിച്ചു!
"വര്‍മാജീ,താങ്കളെന്നെങ്കിലും കൃഷി ചെയ്തിട്ടുണ്ടോ? ഒരു പച്ചമുളകെങ്കിലും!"
Labels: 'കഥ'
അത്യന്താപേക്ഷിതമായ മൗനം.
Labels: കഥ
ലവ് ജിഹാദ്
“ ഇന്ദു നീയിപ്പൊഴും കരയുകയാണോ? എത്ര നേരമായി. ഇനിയെങ്കിലും ഒന്നു സന്തോഷമായിരിയ്ക്ക്.“
അവള്‍ മുഖമുയര്‍ത്തുകയോ ഒരക്ഷരം മിണ്ടുകയോ ചെയ്തില്ല. റഫീക്കിനറിയാം അവളുടെ വിഷമം. വളര്‍ന്ന വീടും വളര്‍ത്തിയ അച്ഛനെയും അമ്മയെയും വിട്ട് തന്നോടൊപ്പം വന്നതാണവള്‍ . സാമാന്യം നല്ല വീട്ടില്‍ വളര്‍ന്നവള്‍ .ഇപ്പോള്‍ ഇവിടെ ഈ പഴയ, പാറ്റയും പഴുതാരയുമിഴയുന്ന വാടകവീട്ടില്‍ ഇങ്ങനെ ഒറ്റയ്ക്കിരിയ്ക്കേണ്ടി വരുന്നതില്‍ സങ്കടമില്ലാതിരിയ്ക്കില്ല. തന്റെയും സ്ഥിതി അതു തന്നെയാണല്ലോ?
ഇന്ദുവിനെക്കാള്‍ കാശുള്ള തറവാട്ടിലെ മൂന്നാണ്മക്കളില്‍ ഇളയവന്‍ .ഒന്നിനും ഒരു കുറവുമറിയാതെ വളര്‍ന്നു. മൂന്നുവര്‍ഷത്തെ കോളേജ് ജീവിതം, കണ്ട പലമുഖങ്ങളില്‍ മനസ്സിലുടക്കിയ ഇന്ദുവിന്റെ മുഖം, രണ്ടു വര്‍ഷത്തെ പ്രണയം, ഒന്നിച്ചു ജീവിയ്ക്കാനുള്ള തീരുമാനം, വീട്ടുകാര്‍ എതിര്‍ക്കുമെന്നറിയുന്നതു കൊണ്ട് തന്നെ അവരറിയാതെ രജിസ്റ്റര്‍ വിവാഹം, കൂട്ടുകാരുടെ സഹായം, ഇപ്പോള്‍ ഒരു വാടക വീട്ടില്‍ ആദ്യത്തെ ഒന്നിച്ചുള്ള ദിനം. ശരിയ്ക്കും ഒരു കൊമേഴ്സ്യല്‍ കുടുംബചിത്രത്തിന്റെ തിരക്കഥയുടെ ആദ്യഭാഗം.
“നീ വിഷമിയ്ക്കാതിരി നമ്മുടെ വീട്ടുകാര്‍ കാര്യമറിയുമ്പോള്‍ ആദ്യമൊന്നു പൊട്ടിത്തെറിയ്ക്കും. പിന്നെ അതൊക്കെ അടങ്ങിക്കോളും. സാവകാശം എല്ലാം മറന്ന് നമ്മളെ അംഗീകരിക്കും. ഇതൊക്കെ എത്രയെത്ര സ്ഥലത്തു കണ്ടിരിയ്ക്കുന്നു. ദേ..ഇനി ഇങ്ങോട്ടു നോക്കിയേ..ഞാനൊന്നു വൃത്തിയായി കാണട്ടെ”.
റഫീക്ക് അവളുടെ സുന്ദരമായ മുഖം പിടിച്ച് തന്റെ നേരെ ഉയര്‍ത്തി. ഇന്ദുവിന്റെ കണ്ണുകള്‍ പാതിയടഞ്ഞിരുന്നു. അവന്‍ വാതിക്കലേയ്ക്ക് നോക്കി കതക് അടച്ചിട്ടുണ്ടെന്നു ഉറപ്പു വരുത്തി. പിന്നെ മൃദുവായ ആ കവിളില്‍ പതുക്കെ തലോടി. നേരിയ മിനുത്ത രോമങ്ങളുള്ള ആ മേല്‍ചുണ്ടും നനവാര്‍ന്ന കീഴ്ചുണ്ടും വിറയ്ക്കുന്ന വിരലാല്‍ സ്പര്‍ശിച്ചു. പിന്നെ ആ മുഖത്തോടു മുഖം ചേര്‍ത്തു..
ഒരാഴ്ച കഴിഞ്ഞിട്ടും യാതൊന്നുമുണ്ടായില്ല. കൂട്ടുകാര്‍ വഴി കാര്യങ്ങളറിഞ്ഞ ഇന്ദുവിന്റെ വീട്ടുകാര്‍ “ഞങ്ങള്‍ക്കങ്ങനെ ഒരു മകളില്ല, അവളായി അവളുടെ പാടായി“ എന്നു പറഞ്ഞ് കൈയൊഴിഞ്ഞത്രേ!
വിദ്യാഭ്യാസവും വിവേകവും അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍കൊണ്ടിരുന്നവരാണ് റഫീക്കും ഇന്ദുവും. എല്ലായ്പ്പോഴും രണ്ടുപേരുംപരസ്പരം അംഗീകരിയ്ക്കും എന്നൊരു സമ്മതം വിവാഹത്തിനുമുന്‍പേ കൈമാറിയിരുന്നു. അതായത് ഇന്ദുവിന് ഇന്ദുവായി തന്നെ തുടരാം. തീര്‍ച്ചയായും അതാണല്ലോ യഥാര്‍ത്ഥ സ്നേഹം.
അവിടുത്തെ ആദ്യവെള്ളിയാഴ്ച തന്നെ റഫീക്ക് അടുത്തുള്ള പള്ളിയില്‍ ജുമാ നിസ്കാരത്തിനു പോയി. ചെറുപ്പത്തിലേ ഉള്ള ശീലാമാണ്. പിന്നെ, മറ്റൊരു നാട്ടില്‍ താമസിയ്ക്കുമ്പോള്‍ നാട്ടുകാരുമായി ബന്ധങ്ങള്‍ ആവശ്യമാണല്ലോ. ധാരാളം പേരെ കാണാനും ചിലരെയൊക്കെ പരിചയപ്പെടാനും പറ്റി. ഖത്തീബിനെ വീട്ടിലേയ്ക്കു ക്ഷണിയ്ക്കുകയും ചെയ്തു. ഇങ്ങനെയൊക്കെയാണല്ലോ ബന്ധങ്ങള്‍ ഉണ്ടാക്കുന്നത്.
കുറച്ച് കാശും സ്വര്‍ണ്ണവും കരുതിയത് ഉണ്ട്. തല്‍ക്കാലത്തേയ്ക്ക് പിടിച്ചു നില്‍ക്കാന്‍ അതു മതിയാകും. ഒരു ജോലി സംഘടിപ്പിയ്ക്കണം. കുറെ നാളത്തേയ്ക്ക് എങ്ങനെയെങ്കിലും പിടിച്ചു നില്‍ക്കണം. എന്നിട്ടു വേണം ബാപ്പയുടെ മുന്‍പിലെത്താന്‍ .ഇന്ദുവും നല്ല കഴിവുള്ള കുട്ടിയാണ്. എന്തെങ്കിലും ജോലി അവള്‍ക്കും കിട്ടാതിരിയ്ക്കില്ല. എന്തായാലും ഉടനെ ഒരു കുട്ടി വേണ്ടാ. അതൊക്കെ കാര്യങ്ങളെല്ലാം ഒരു കരയ്ക്കെത്തിയിട്ട്.
അടുത്ത ദിവസം വൈകുന്നേരം തന്നെ ഖത്തീബ് വാക്കു പാലിച്ചു. ആ ചെറിയ വീടിന്റെ മതില്‍ കടന്ന് കയറി വന്നു.
“അസ്സലാമു അലൈക്കും”. ഖത്തീബിനൊപ്പം മൂന്നാലു പേരുമുണ്ട്.
“വ അലൈക്കുമുസലാം.. വരു. ദാ ഇവിടെ ഇരിയ്ക്കാം. സൌകര്യങ്ങളൊന്നുമില്ല..” റഫീക്ക് ഉള്ള സൌകര്യത്തില്‍ എല്ലാവരെയും ഇരുത്തി.
“അല്ലാ റഫീക്കെ, ഞാന്‍ നിന്നെക്കുറിച്ച് കുറെ അറിഞ്ഞിരിയ്ക്കുന്നു. നീ ടൌണിലെ അഹമ്മാദാജിയുടെ മകനാല്ലേ..?“ ഖത്തീബിന്റെ ചോദ്യം.
“അതേ..”
“എന്നിട്ടാ നീയീ പരിപാടി കാട്ടിയെ ? നിനക്ക് നെലേം വെലയുമുള്ള ഒരു കുടുംബത്തീന്ന് പെണ്ണു കിട്ടില്ലായിരുന്നോ? അന്യമതത്തീന്നു തന്നെ വേണമായിരുന്നൊ?”
“അതു പിന്നെ...” റഫീക്കിന് എന്താണു പറയേണ്ടതെന്ന് വായില്‍ വന്നില്ല.
“ഏതായാലും കഴിഞ്ഞതു കഴിഞ്ഞു..എനീപ്പോ പറഞ്ഞിട്ടു കാര്യല്ല. ഓളെങ്ങനെ ? നല്ല തരക്കാരിയാണൊ ?”
“ഇന്ദൂ.. ചായ കൊണ്ടു വരൂ..” റഫീക്ക് വാതില്‍ക്കല്‍ നിന്ന് ശബ്ദം താഴ്ത്തി പറഞ്ഞു.
അല്പസമയത്തിനകം ഒരു ട്രേയില്‍ എല്ലാവര്‍ക്കുമുള്ള ചായയുമായി ഇന്ദു അങ്ങോട്ടേക്കു വന്നു. റഫീക്ക് ട്രേ കൈയില്‍ വാങ്ങി. ഇന്ദുവിന്റെ മുഖത്തേക്കു നോക്കിയതും വന്നുകയറിയവരുടെ മുഖം മഴക്കാര്‍ പോലെ ഇരുണ്ടു. റഫീക്ക് ട്രേയില്‍ നിന്നും ചായ ഓരോരുത്തര്‍ക്കായി എടുത്തു കൊടുത്തു. വീര്‍ത്തുകെട്ടിയ മുഖത്തോടെയാണ് എല്ലാവരും അതു മേടിച്ചത്. അവനൊന്നും മനസ്സിലായില്ല. എന്തു പറ്റി, വന്നവര്‍ക്ക് ഇഷ്ടക്കേടുണ്ടാകാന്‍ ..?
ആരും അധികമൊന്നും സംസാരിച്ചില്ല. ചായ കുടിച്ചെന്നു വരുത്തി എല്ലാവരുമെഴുനേറ്റു.
“റഫീക്ക് നീയിങ്ങോട്ടു വന്നേ..”
ഖത്തീബ് റഫീക്കിനെ ഒരു ഭാഗത്തേയ്ക്കു മാറ്റി നിര്‍ത്തി കുറെ സംസാരിച്ചു. എന്നിട്ട് എല്ലാവരും പോകുകയും ചെയ്തു.ഇന്ദുവിനും എന്തോ പന്തികേട് മണത്തു. വന്നവര്‍ പോയിട്ടും റഫീക്കിന്റെ മുഖത്തെ ഭാരമൊഴിഞ്ഞിട്ടില്ല. അവനാകെ വിമ്മിഷ്ടപ്പെടുന്നതു പോലെ തോന്നി.
“എന്താ റഫീക്ക്? എന്തു പറ്റി? അവരെന്താ പറഞ്ഞത്?”
“അതു പിന്നെ..വിവരമില്ലാത്തവന്മാര്..ഇതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യങ്ങളല്ലേ..”
“എന്താ കാര്യമെന്നുവെച്ചാല്‍ പറയൂ റഫീക്ക്..”
“അല്ലാ നിന്റെ നെറ്റിയിലെ പൊട്ട് കണ്ടപ്പോള്‍ അവര്‍ക്കെന്തോ ഒരിതു പോലെ..ഞങ്ങടെ പെണ്ണുങ്ങള്‍ പൊട്ടു തൊടില്ലല്ലോ..”
“ഓ..അതാണൊ കാര്യം. നെറുകയിലെ ഈ പൊട്ട് എന്റെ വലിയ ആഗ്രഹമാ. വീട്ടില്‍ അമ്മയെപ്പോഴും ഇതു ചാര്‍ത്തും. സുമംഗലികളുടെ അവകാശമാണിത്. ഞാന്‍ പണ്ടേ തീരുമാനിച്ചതാ എന്റെ കല്യാണശേഷം എന്നും ഇതണിഞ്ഞു നടക്കണമെന്ന്..”
“അതിനെന്താ..നീ പൂശിക്കോ..അവരുടെ കാര്യം നമ്മളെന്തിനാ നോക്കുന്നേ..?”
ദിവസങ്ങള്‍ മുന്നോട്ടു നീങ്ങുംതോറും ആ ഗ്രാമം അവരെ കൂടുതല്‍ മനസ്സിലാക്കി. അവര്‍ ഗ്രാമത്തെയും. അവിടുത്തെ ശിവക്ഷേത്രം ഗ്രാമത്തിന്റെ ഐശ്വര്യമായിരുന്നു. ആ ഞായറാഴ്ച ഇന്ദുവിന് അവിടെ തൊഴുവാന്‍ വലിയ ആശ. ആവട്ടെ, റഫീക്ക് എതിര്‍ത്തില്ല. എന്നാല്‍ അവന്‍ വരില്ല. ഇന്ദുവിന് വേണമെങ്കില്‍ തനിയെ പോയ്ക്കോളു.
ക്ഷേത്ര മതില്‍കെട്ടിലേയ്ക്ക് കാലെടുത്തു വെച്ചതും പിന്നിലൊരു ശബ്ദം.
“അതേയ് ഒന്നവിടെ നില്‍ക്കൂ..കയറാന്‍ വരട്ടെ..”
ഇന്ദു ഞെട്ടലോടെ മുഖം തിരിച്ചു. പിന്നില്‍ അഞ്ചെട്ടു ചെറുപ്പക്കാര്‍ . കാവിമുണ്ടുടുത്ത, നെറ്റിയില്‍ കുങ്കുമകുറി വരച്ച കൈയില്‍ രക്ഷ കെട്ടിയ കരുത്തന്മാര്‍ . അവര്‍ അടുത്തേയ്ക്കു വന്നു.
“എവിടേയ്ക്കാ ഇത്ര തിരക്കിട്ടു പോണത്? അവിടെ ബോര്‍ഡു കണ്ടില്ലെ? അഹിന്ദുക്കള്‍ക്കു പ്രവേശനമില്ല..!”
“അതിനു..ഞാന്‍ ..ഹിന്ദു.....”
“പ്ഭ!..നീ ഹിന്ദുവോ..കണ്ട തുലുക്കനെ കെട്ടിയ നീയെങ്ങനെയാടീ ഹിന്ദുവാകുന്നത്..?”
നില്‍ക്കുന്നിടം താണുപോകുന്ന പോലെ ഇന്ദുവിനു തോന്നി. ജീവിതത്തിലിതേ വരെ ഇങ്ങനെയൊരു അധിക്ഷേപം അനുഭവിച്ചിട്ടില്ല. അവള്‍ ജീവച്ഛവം പോലെ നിന്നു.
“ഈ നാട്ടിലൊന്നും ഹിന്ദുക്കളില്ലാഞ്ഞല്ലേ.. നീ തുലുക്കന്റെ പുറകേ പോയത്?.. ഒന്നു കാണണം നീയവനേം കൊണ്ടിവിടെ പൊറുക്കുന്നത്..”
കൂടുതല്‍ കേള്‍ക്കാന്‍ നില്‍കാതെ അവളോടി.
കാര്യങ്ങളറിഞ്ഞപ്പോള്‍ റഫീക്കവളെ സമാധാനിപ്പിച്ചു.
“സാരമില്ല..ഇന്ദു. അതു വിവരമില്ലാത്ത മറ്റൊരു കൂട്ടര്.. നീ വിഷമിയ്ക്കാതെ“.
ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും ഒരു നേരിയ ഭയം റഫീക്കിന്റെ ഉള്ളില്‍ വലകെട്ടി. പ്രതീക്ഷിയ്ക്കാത്ത എന്തൊക്കെയോ വരാന്‍ പോകുന്ന പോലെ.വെള്ളിയാഴ്ച ജുമാ നമസ്കാരത്തിനു പള്ളിയിലെത്തിയ റഫീക്കിനെ നാലഞ്ചു ചെറുപ്പക്കാര്‍ വളഞ്ഞു.
“വരൂ ഒരു കാര്യം പറയാനുണ്ട്. നിങ്ങള്‍ ആരെ വേണമെങ്കിലും കെട്ടിയ്ക്കോ..കെട്ടിക്കഴിഞ്ഞാല്‍ അവള്‍ ദീനിയായിരിയ്ക്കണം. മനസ്സിലാകുന്നുണ്ടോ?”
“അല്ല..സുഹൃത്തുക്കളേ..എന്തായിത്? ഞാനൊരു മുസ്ലീം ആണ്. ഞാന്‍ നിസ്കരിയ്ക്കുന്നു, പള്ളിയില്‍ വരുന്നു. എന്റെ ഭാര്യ ഹിന്ദു മതത്തില്‍ ജനിച്ചവളാണ്. അവള്‍ക്കിഷ്ടമുണ്ടെങ്കില്‍ മുസ്ലീമാവട്ടെ. ഞാനായിട്ട് നിര്‍ബന്ധിയ്ക്കില്ല. ഇത് നിങ്ങളെന്തിനാണ് പ്രശ്നമാക്കുന്നത്?”
“ആഹാ..ഒരു മുസ്ലീമായ നിങ്ങള്‍ തന്നെ ഇങ്ങനെ പറയണം. മുസ്ലീമിന് ഒരു കാഫിറിനെ ഭാര്യയായി വച്ചുകൊണ്ടിരിയ്ക്കാന്‍ പാടില്ലാന്ന് നിങ്ങള്‍ക്കറിയില്ലേ..ചെറുപ്പത്തില്‍ മദ്രസയില്‍ പോയിട്ടില്ലേ..?”
“അതൊക്കെ എനിക്കറിയാം. പക്ഷേ ഇതൊക്കെ ഇവിടെ സംസാരിയ്ക്കുന്നതെന്തിനാ?”
“പിന്നെവിടാടാ സംസാരിയ്ക്കേണ്ടത്? നീ ഞങ്ങളെ പഠിപ്പിയ്ക്കാനാ ഭാവം? കുറീം തൊട്ടോണ്ട് നിന്റെ ഭാര്യ ഇതിലെ നടക്കില്ല. മനസ്സിലായോ?”
അവരുടെ സംസാരത്തില്‍ വന്ന മാറ്റം കണ്ട് റഫീക്ക് ഞെട്ടിപ്പോയി. ഒന്നും മിണ്ടാനാവാതെ അവന്‍ നിന്നു. അപ്പോള്‍ ആ ബഹളം കേട്ട് ഖത്തീബ് അങ്ങോട്ടു വന്നു.
“എന്താ പ്രശ്നം? ആഹാ നീയോ..എന്താടോ റഫീക്കെ?”
റഫീക്ക് ദയനീയമായി ഖത്തീബിനെ നോക്കി. ഖത്തീബ് അവനെ ഒരു ഭാഗത്തേയ്ക്ക് മാറ്റി നിര്‍ത്തി. എന്നിട്ടു മറ്റുള്ളവരോടായി പറഞ്ഞു:
“ഇവന്‍ ഇവിടെ നിസ്കരിയ്ക്കാന്‍ വന്നതാണ്. അവന്‍ മുസ്ലീമുമാണ്. മറ്റു കാര്യങ്ങളൊന്നും ഇവിടെ സംസാരിയ്ക്കണ്ട. മനസ്സിലായോ?”
“ഖത്തീബ് അവനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കോണം. ഒരു മുസ്ലീമിന്റെ ഭാര്യ അന്യമതക്കാരിയായി ഈ നാട്ടില്‍ നടക്കാന്‍ പറ്റില്ല”
“ങ്ങാ.. അതൊക്കെ ഞാന്‍ പറഞ്ഞോളാം.. നിങ്ങളു പോയാട്ടെ..” ഖത്തീബ് അവരെ പറഞ്ഞയച്ചു.
“മോനെ റഫീക്കെ, നീയായിട്ട്വ്ടെ കൊഴപ്പം ഉണ്ടാക്കല്ല്. പടച്ചോനും നബിയും പറഞ്ഞ കാര്യങ്ങളൊന്നുമല്ല ഇവിടെ നടക്കുന്നത്. എനിക്കിത്രയേ പറയാനുള്ളു..” ഖത്തീബ് പള്ളിയിലേയ്ക്ക് കയറിപ്പോയി.
അന്നു രാത്രി മുഖത്തോടു മുഖം നോക്കിയിരിയ്ക്കേ റഫീക്കിനും ഇന്ദുലേഖയ്ക്കും കാര്യങ്ങളുടെ പോക്ക് ഏറെക്കുറെ മനസ്സിലായി. അരണ്ട ബള്‍ബ് വെളിച്ചത്തില്‍ ഇന്ദുവിന്റെ മേല്‍നെറ്റിയിലെ ചുവന്ന കുങ്കുമപൊട്ട് തന്റെ കണ്ണുകളെ കുത്തി നോവിയ്ക്കുന്നതു പോലെ അവനു തോന്നി. ഇന്നലെ വരെ അത് അവിടുള്ള കാര്യം ശ്രദ്ധിച്ചതേയില്ല. കനത്ത നിശബ്ദത ചെവിയില്‍ ഒരു വണ്ടിനെപോലെ മൂളിക്കൊണ്ടിരുന്നു.
“ഇന്ദു..നിനക്ക് മുസ്ലീമായിക്കൂടെ..?” റഫീക്കറിയാതെ ആ വാക്കുകള്‍ വെളിയില്‍ ചാടി.
അവള്‍ തറച്ചു നോക്കി. അവന്റെ കണ്ണുകള്‍ താഴ്ന്നു.
“ഓഹോ..ഇതാണല്ലേ പരസ്പരം അംഗീകരിയ്ക്കുമെന്ന വാക്ക്? ഞാന്‍ നിങ്ങളെയാണ് ഇഷ്ടപ്പെട്ടത്, നിങ്ങളുടെ മതത്തെയല്ല..”
“എനിയ്ക്കറിയാം ഇന്ദു. നീ നോക്ക് എന്തെല്ലാം പ്രശ്നങ്ങളാ.. നമുക്കിവിടെ എങ്ങനെ സമാധാനത്തോടെ കഴിയാന്‍ പറ്റും? നീ പുറമേയ്ക്കെങ്കിലും അങ്ങനെയൊരു വേഷം കെട്ട്..മതം മാറുകയൊന്നും വേണ്ട..”
“എന്തിനാ? ആരെ പേടിച്ചിട്ടാ..? ഞാന്‍ മതം മാറിയാല്‍ കൊല്ലാന്‍ വേറൊരു കൂട്ടരില്ലേ.. അവരോടെന്തു പറയും? അല്ലെങ്കില്‍ റഫീക്ക് ഹിന്ദുവാകുമോ? ”
റഫീക്കിന് ഒന്നും പറയാനുണ്ടായിരുന്നില്ല. അവന്‍ ഒന്നും മിണ്ടാതെ കട്ടിലിലേയ്ക്ക് ചാഞ്ഞു കിടന്നു.
പിറ്റേന്നു രാവിലെ അവന്‍ പോലീസ് സ്റ്റേഷനിലേയ്ക്കു പോയി. വെള്ളക്കടലാസില്‍ എഴുതിയ പരാതി എസ്.ഐ. ഓടിച്ചു വായിച്ചിട്ട് റഫീക്കിന്റെ മുഖത്തേക്കു നോക്കി.
“സുഹൃത്തേ തന്റെ പ്രശ്നം എനിയ്ക്കു മനസ്സിലായി. ഇക്കാര്യത്തില്‍ എനിയ്ക്കെന്തു ചെയ്യാന്‍ പറ്റും? വേണമെങ്കില്‍ നിങ്ങളീപറഞ്ഞ ആള്‍ക്കാര്‍ക്കെതിരെ ഞാന്‍ കേസെടുക്കാം. പക്ഷെ അതുകൊണ്ടെന്തു കാര്യം? പിന്നെ നിങ്ങള്‍ക്കവിടെ താമസിയ്ക്കാന്‍ പറ്റുമോ? പോലീസിനെപ്പൊഴും നിങ്ങള്‍ക്കു കാവലിരിയ്ക്കാന്‍ പറ്റില്ല. അതുകൊണ്ട് എന്താ വേണ്ടതെന്നു ആലോചിയ്ക്ക്. അല്ല അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുവാ, നിനയ്ക്ക് സ്വന്തം സമുദായത്തില്‍ നിന്നും കൊള്ളാവുന്ന ബന്ധമൊന്നും കിട്ടിയില്ലേ?”
റഫീക്ക് നിശ്ശബ്ദനായി താഴേയ്ക്ക് നോക്കി നിന്നു.
“സുഹൃത്തേ നിന്നെ വിഷമിപ്പിയ്ക്കാന്‍ പറഞ്ഞതല്ല. ഇതാണ് ഇവിടുത്തെ സാഹചര്യം. ആദര്‍ശങ്ങള്‍ പറയാനെളുപ്പമാണ്. നടപ്പാക്കാനാണ് വിഷമം. ഞാനെന്താ ചെയ്യേണ്ടത്? കേസെടുക്കണോ വേണ്ടയോ?”
ഒന്നും മിണ്ടാതെ പരാതിക്കടലാസ് തിരികെ മേടിച്ച് റഫീക്ക് ഇറങ്ങിപ്പോന്നു.
പിറ്റേന്ന് പല ചുവരുകളിലും പോസ്റ്ററുകള്‍ പതിഞ്ഞു:
“ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റാനുള്ള ഗൂഡതന്ത്രം. ലവ് ജിഹാദ്. “
“ലവ് ജിഹാദികളെ ഒറ്റപ്പെടുത്തുക”.
റഫീക്കിന് ഭയം കൊണ്ട് പുറത്തിറങ്ങാനായില്ല. ഇന്ദുവിനുമതേ.എന്തൊക്കെയാണ് തങ്ങള്‍ക്കു ചുറ്റും സംഭവിയ്ക്കുന്നതെന്നവര്‍ക്ക് മനസ്സിലായില്ല. പുറത്ത് റോഡില്‍ അപരിചിത മുഖങ്ങള്‍ തെളിഞ്ഞുവരാന്‍ തുടങ്ങി. ആരൊക്കെയോ ആ കൊച്ചു വീട്ടിലേയ്ക്ക് തുറിച്ചു നോക്കിക്കൊണ്ട് അടക്കം പറഞ്ഞു. മരണത്തിന്റെ കറുത്ത ഗന്ധം വായുവിലെങ്ങും തങ്ങിനില്‍ക്കുന്നതു പോലെ അവര്‍ക്കു തോന്നി. മുന്നിലെ അഗാധ ഗര്‍ത്തത്തിലേയ്ക്ക്
നോക്കിയപ്പോള്‍ കാല്‍ചുവട്ടില്‍ നിന്നും ഒരു പെരുപ്പ് ഉച്ചിയിലേയ്ക്ക് പ്രവഹിച്ചു. ചുറ്റുനിന്നും മുറുകി വരുന്ന കെണി. അതു തങ്ങളെ ഞെരിച്ചമര്‍ത്താന്‍ തുടങ്ങിയിരിയ്ക്കുന്നു. കട്ടിലില്‍ കുനിഞ്ഞിരുന്ന് നിശബ്ദം അവര്‍ തേങ്ങി.
"റഫീക്ക്..എനിയ്ക്കിതു താങ്ങാന്‍ പറ്റുന്നില്ല.. എന്താണ് നമ്മള്‍ ചെയ്യുക? നമുക്ക് മറ്റെവിടേയ്ക്കെങ്കിലും പോകാം..”
ഇന്ദു അവന്റെ തോളില്‍ കൈ വച്ചു.
“ഒരു കാര്യവുമില്ല ഇന്ദു. നാമെവിടെ പോയാലും ഇതു നമ്മളെ പിന്തുടരും..ഇനി മുതല്‍ അവരുടെ കണ്ണുകള്‍ നമ്മെ പിന്തുടര്‍ന്നു കൊണ്ടേയിരിയ്ക്കും. നിനക്ക് ഇന്ദുവായിരുന്നുകൊണ്ട് എന്റെ ഭാര്യയായി തുടരാനാവില്ല. നമ്മള്‍ പ്രണയിച്ചപ്പോഴൊന്നും നമ്മുടെ മതത്തെക്കുറിച്ച് ചിന്തിച്ചില്ല. അതൊരു വലിയ മണ്ടത്തരമായിപ്പോയോ?”
അവള്‍ അവന്റെ കണ്ണുകളിലേയ്ക്കുറ്റു നോക്കി.
“പറയൂ ഞാനെന്തു ചെയ്യണം? മതം മാറണമോ?”
“അതുകൊണ്ടു കാര്യമില്ല ഇന്ദു..അവിടെയും പ്രശ്നങ്ങള്‍ അവസാനിയ്ക്കില്ല. കൂടുതല്‍ സങ്കീര്‍ണമാവുകയേ ഒള്ളു. നമുക്കൊരു കുഞ്ഞുണ്ടായാല്‍ അത് ഹിന്ദുവായിരിയ്ക്കുമോ മുസ്ലീമായിരിയ്ക്കുമോ? ഇതിലൊന്നില്‍ പെടാതെ അതെങ്ങനെ ജീവിയ്ക്കും?“
“പിന്നെ നമ്മളെന്തു ചെയ്യും റഫീക്ക് ? നമ്മുടെ വീട്ടുകാര്‍ക്ക് നമ്മളെ വേണ്ടല്ലോ? ”
റഫീക്ക് ശബ്ദമില്ലാതെ ചിരിച്ചു: “ഇന്ദുവിന് തിരിച്ചു പോകാന്‍ തോന്നുന്നുണ്ടോ?”
“ഇല്ല റഫീക്ക്. എന്നെ വേണ്ടാത്തിടത്തേയ്ക്ക് ഞാനില്ല. റഫീക്കിനു പോകണമെങ്കില്‍ പൊയ്ക്കൊള്ളു..”
റഫീക്ക് അവളുടെ കൈയില്‍ പതിയെ തലോടി.
“ഇല്ല ഇന്ദു, നിന്നെ പാതി വഴിയില്‍ തനിച്ചാക്കി ഞാനെങ്ങും പോകുന്നില്ല. നിനക്ക് ധൈര്യമുണ്ടോ എന്നോടൊപ്പം നില്‍ക്കാന്‍ ?”
“എന്തു ചോദ്യമാണിത് റഫീക്ക്? ഞാന്‍ പിന്നെ ആരോടൊപ്പമാണ് നില്‍ക്കേണ്ടത്?”
“എന്നാല്‍ വരൂ..നമ്മള്‍ ഒന്നിച്ച് കൈപിടിച്ച് ഇതിലെയെല്ലാം നടക്കും. എല്ലാവരും കാണട്ടെ.നീയാ കുങ്കുമം നെറ്റിയില്‍ ചാര്‍ത്തൂ..നെറുകയിലും ചാര്‍ത്തിക്കൊള്ളു..“
അനന്തരം അവര്‍ കൈകള്‍ ചേര്‍ത്തുപിടിച്ചു കൊണ്ട് വെളിയിലേയ്ക്കിറങ്ങി. റോഡിലൂടെ തലയുയര്‍ത്തി നടന്നു.അവന്‍ നിസ്കാരത്തൊപ്പി തലയിലണിഞ്ഞിരുന്നു. മുണ്ട് ഇടത്തോട്ടുടുത്തിരുന്നു. അവളുടെ നെറ്റിയിലും നെറുകയിലും കുങ്കുമം തിളങ്ങി നിന്നു. നേരിയ ഇരുട്ട് എല്ലായിടത്തും പരന്നിട്ടുണ്ട്. ഒരു കരിമൂര്‍ഖന്‍ അവരുടെ മുന്‍പില്‍ കൂടി ഇഴഞ്ഞു പോയി. കൂമന്മാര്‍ തലയ്ക്കു ചുറ്റും ചിറകടിച്ചു.
പെട്ടെന്ന് റോഡിന്റെ ഇരു വശത്തുമുള്ള കുറ്റിക്കാട്ടില്‍ നിന്നും ഒരു കൂട്ടം ചെന്നായ്ക്കള്‍ അവരുടെ മേലെ ചാടി വീണു. രൂപവ്യത്യാസം ഉണ്ടെങ്കിലും അവയെല്ലാം ഒരേയിനത്തില്‍ പെട്ടവയാണ്. അവറ്റകള്‍ റഫീക്കിന്റെയും ഇന്ദുലേഖയുടേയും ശരീരമാകെ കടിച്ചുകീറി. വേദനയിലും അവര്‍ കെട്ടിപ്പുണര്‍ന്നു കിടന്നു. ആ ചെന്നായ്ക്കള്‍ അവരുടെ ഇളം മാംസം സ്വാദോടെ കടിച്ചു പറിച്ചു തിന്നു. ചെറുചൂടുള്ള ചോര ആവോളം നക്കിക്കുടിച്ചു.
അവസാനം രണ്ടസ്ഥിപഞ്ജരങ്ങള്‍ മാത്രം അവശേഷിച്ചു. ചുണ്ടില്‍ പറ്റിയിരുന്ന അവസാന തുള്ളി ചോരയും നാവു നീട്ടി നക്കിയെടുത്തുകൊണ്ടവ കുറ്റിക്കാട്ടിലേയ്ക്കു തിരികെ പോയി.
തെറിച്ചു വീണ ഏതാനും ചോരത്തുള്ളികള്‍ അവിടവിടെ വീണുകിടന്നു, ആ പ്രണയത്തിന്റെ ബാക്കി പത്രമായി.
44 Comments, Post your comment
Labels: 'കഥ'
എനിക്കെന്താ ഒരു കൊറവ് ?.........
കൊച്ചൂട്ടിയുടെ പലചരക്ക് കടക്ക് മുൻപിൽ ബസ്സ് കാത്തു നിൽക്കുകയായിരുന്നു വെച്ചൂരെ ശ്രീദേവി.
രാവിലെ ഏഴരമണിക്കുള്ള ബസ്സ് പിടിച്ച് വേണം ശ്രീദേവിക്ക് നഗരത്തിലുള്ള പാരലൽ കോളേജിലെത്താൻ. അവൾ അവിടെ ബി.എ ക്ക് പഠിക്കുകയാണ്. പഠിക്കാനത്ര ആഗ്രഹമൊന്നും ഉണ്ടായിട്ടല്ല. പക്ഷെ വെറുതെ വീട്ടിലിരിക്കുന്ന ബോറടി ഒഴിവാക്കാമല്ലോ, കാലത്തെ യൂണിഫോം ധരിച്ച് പോവുകയുമാവാം.
കന്യാസ്ത്രീകൾ നടത്തുന്ന കോളേജിൽ ഒരേയൊരു കാര്യമേ അവൾക്കിഷ്ടപ്പെടാതെയുള്ളൂ , അതവരുടെ യൂണിഫോം ധരിപ്പിക്കലാണ്. ഇത്ര നല്ല പ്രായത്തിൽ ഇങ്ങനെ പ്ലെയിൻ നിറങ്ങളിലുള്ള പാവാടയും ബ്ലൌസും ഇട്ട്, ഒരു മേക്കപ്പും ചെയ്യാതെ , നിരാഭരണരായി പിള്ളേരെ കോളേജിൽ വരാൻ നിർബന്ധിക്കണത് അവരുടെ തനിക്കുശുമ്പാണെന്നാണ് അവൾക്ക് തോന്നീട്ടുള്ളത്.
ശ്രീദേവിക്കങ്ങനെയൊക്കെ തോന്നാം, വെളുത്ത നിറവും ചുരുണ്ട തലമുടിയും അവയവ ഭംഗി തികഞ്ഞ ദേഹവുമുള്ള അവളെപ്പോലെയാണോ കരിഞ്ഞുണങ്ങിയ ദേഹവും എലിവാലു പോലത്തെ തലമുടിയുമുള്ള ഭൂരിഭാഗം കുട്ടികൾ?
നല്ല കുപ്പായോം ആഭരണോം ഒന്നും ചാർത്തീല്ലെങ്കിലും ശ്രീദേവിയെപ്പോലെയുള്ളവരെ കാണുമ്പോൾ ആ കുട്ടികൾക്ക് നന്നെ വിഷമം തോന്നും. കന്യാസ്ത്രീകൾക്ക് എല്ലാവരെയും പഠിപ്പിക്കേണ്ടേ?
പിന്നെ വെച്ചൂരെ വീട്ടിലെ പെണ്ണ്, അതും ഒരു വലിയ കേമത്തം തന്നെ. പണ്ട് ധനസ്ഥിതി കുറച്ച് മോശമായിരുന്നെങ്കിലും ശ്രീദേവിയുടെ അച്ഛന്റെ പ്രയത്നം കൊണ്ട് ഇപ്പോൾ ഒക്കെ ഒരുവിധം ഭംഗിയായിട്ട് കഴിഞ്ഞു പോകുന്നുണ്ട്.
ഗോപാലൻ നായർക്ക് ശ്രീദേവിയെ കേമമായി പഠിപ്പിക്കണമെന്ന് ആശയുണ്ടായിരുന്നു. അതിനു ശ്രീദേവിക്ക് വായിക്കണതു വല്ലതും തലയിൽ കേറേണ്ടേ? സത്യം പറയാലോ , ഗോപാലൻ നായരെ പേടിച്ചിട്ടും ബസ്സിലൊക്കെ കയറി പട്ടണത്തിൽ പോകാനുള്ള ആഗ്രഹം കൊണ്ടും മാത്രമാണ് ശ്രീദേവി കോളേജിൽ പോകുന്നത്.
അവൾ പഠിച്ച് ജോലിക്ക് പോയി സമ്പാദിച്ചിട്ട് വേണ്ട തറവാട് കഴിയാൻ എന്ന് ഗോപാലൻ നായർ ഇടക്കിടക്ക് വീമ്പ് പറയാറുണ്ട്, ഈയിടെയായി പറച്ചിലിന് ഊക്ക് കൂടിവരികയുമാണ്.
ശ്രീദേവിയെ വേഗം തന്നെ കല്യാണം കഴിപ്പിച്ചേക്കുമെന്ന് വിശാലുവമ്മയും – ശ്രീദേവിയുടെ അമ്മ – പറയാൻ തുടങ്ങിയതോടെ നല്ലൊരു കല്യാണസദ്യയും കാത്തിരുപ്പായി നാട്ടുകാരുമെന്നു പറഞ്ഞാൽ മതിയല്ലോ. അതുകൊണ്ടാണ് ഞായറാഴ്ച ശ്രീദേവിയെ പെണ്ണ് കാണാൻ ഒരു ചെക്കൻ വന്ന വിവരം നാട്ടിലെല്ലാവരും വേഗം അറിഞ്ഞത്.കേട്ടവർ കേൾക്കാത്തവരോടും കണ്ടവർ കാണാത്തവരോടും മണത്തവർ മണക്കാത്തവരോടും പറഞ്ഞു.
അപ്പോഴതാ, തിങ്കളാഴ്ച രാവിലെ, ശ്രീദേവി ഒന്നും സംഭവിക്കാത്തതു പോലെ കോളേജിൽ പോവാൻ ബസ്സ് കാത്ത് നിൽക്കുന്നു.
കൊച്ചൂട്ടിക്ക് വിവരങ്ങളറിയാതെ ശ്വാസം മുട്ടുകയായിരുന്നു. അതുകൊണ്ട് ചുറ്റിവളക്കാനൊന്നും നിൽക്കാതെ നേരെയങ്ങോട്ട് കാര്യമന്വേഷിച്ചു.
“കുട്യേ കാണാൻ ന്നലെ ആളോള് വന്നിരുന്നൂന്ന് ആരോ പറഞ്ഞേയ്, ഞായീ പീടികേലിരിക്കണ കാരണം ഇങ്ങനെ ഓരോരുത്തരോരോന്ന് പറേണത് കേക്കും, അതോണ്ട് ചോയിക്യേ,“
“ഉവ്വെന്റെ കൊച്ചൂട്യേമേ, ചെക്കനും അച്ഛനും അമ്മേം അമ്മാമനും അമ്മായീം ഒക്കെയായിട്ട് നല്ല ആളുണ്ടായിരുന്നു. ഉഴുന്നു വടേം മിച്ചറും ഉപ്പുമാവും പഴംനുറുക്കും ഒക്കെ നല്ലോണം ചെലുത്തേം ചെയ്തു, പിന്നെ ചായേം അസ്സലായിട്ട് കുടിച്ചു.“
ശ്രീദേവിയുടെ സ്വരത്തിൽ പരിഹാസമാണോ അതോ വെറും കൌതുകമാണോ എന്ന് കൊച്ചൂട്ടിക്ക് മനസ്സിലായില്ല.
“അതിപ്പോ വെച്ചൂരേ വീട്ട്ല് വന്നാ തിന്നാനെന്താ കൊറവ് എന്റെ മോളേ, വിശാലു അമ്മേടേ കൈപ്പുണ്യം നിക്കറീയില്ലേ, എന്നിട്ട് ചെക്കൻ എങ്ങനെണ്ട്? കുട്ടി നല്ലോണം പോലെ നോക്കിയോ?“
‘അത്ര അധികൊന്നും നോക്കീല്യ,‘ ശ്രീദേവി ഒരു സുഖവുമില്ലാത്ത ഒച്ചയിൽ മെല്ലെ പറഞ്ഞു.
“അതിപ്പോ നല്ല തറവാട്ടീപ്പെറന്ന പെൺകുട്യോള് അങ്ങനെ ആണങ്ങള്ടെ മോത്തോക്കി ഇരിക്ക് ല്യാ. ഞീം ധാരാളം സമേണ്ടല്ലോ. അപ്പോ വയറ് നെറച്ചും കാണ്ണാം. ചെക്കൻ എന്താ പറഞ്ഞേ, എന്നത്തേക്ക്ണ്ടാവും പൊടമുറി?“
‘പൊടമുറീം കൊടമുറീം ഒന്നൂല്യാ, അയാൾക്ക് എന്നെ പിടിച്ച്ല്യാത്രേ‘ ശ്രീദേവി താഴോട്ട് നോക്കിക്കൊണ്ട് പിറുപിറുത്തു. എത്ര ശ്രമിച്ചിട്ടും അത് പറയുമ്പോൾ അവളുടെ ശബ്ദം ചിലമ്പിച്ചു.
കൊച്ചൂട്ടിക്കത് അവിശ്വസനീയമായിരുന്നു. ശ്രീദേവിയെ വേണ്ടെ ചെക്കന്? പിന്നെ ഏത് സുന്ദരിക്കോതയെ ആണവനു വേണ്ടത്?
ഈ ആണുങ്ങളുടെ ഒരു കാര്യം, പെണ്ണിന് എന്തൊക്കെയുണ്ടായാലും അതൊന്നുമല്ലാത്ത വേറേ എന്തോ ഒരു സാധനമാണവർക്ക് വേണ്ടത്. എന്നിട്ട് ജീവിതകാലം മുഴുവൻ കിട്ടാത്ത ആ സാധനം തേടിനടന്നിട്ട് കൈയിൽ കിട്ടിയ നൂറ് സാധനവും അവരു കാണാണ്ട് പോകും, അങ്ങനെ കിട്ടിയതെല്ലാം തട്ടിക്കളയും. ഒടുവിലൊന്നും ബാക്കിയുണ്ടാവില്ല. അപ്പോ പെണ്ണിനെ കരേപ്പിച്ചും പിള്ളേരെ വെഷമിപ്പിച്ചും ഇടക്ക് സ്വയം കരഞ്ഞും ജന്മങ്ങ്ട് ഒടുങ്ങും.
“അതിപ്പൊ, എന്തായാള് അങ്ങനെ പറയാൻ? അയാള് നിന്നെ ശരിക്ക് കണ്ടില്ലേ?“
‘എനിക്ക് എങ്ങനെയാ അറിയ്യാ ന്റെ കൊച്ചുട്യേമേ? ചെലപ്പൊ അയാൾടെ കണ്ണില് മത്ത കുത്തീട്ട്ണ്ടാവും. അല്ലാണ്ട് എനിക്കെന്താ ഒരു കൊറവ്? തലമുടീല്ല്യേ, വെളുത്ത നെറല്ല്യേ, പഠിപ്പ്ല്ല്യേ, പിന്നെ കാശ് എത്ര വേണച്ചാലും അച്ഛൻ കൊടുക്കൂലോ.‘ ശ്രീദേവി തന്റെ അഴകാർന്ന മുടിപ്പിന്നൽ അരുമയോടെ എടുത്ത് മാറത്തേക്കിട്ടു കൊണ്ട് ഒന്ന് ഞെളിഞ്ഞു.
കൊച്ചൂട്ടിക്ക് വലിയ വിഷമം തോന്നി, എന്നാലും ആ ചെക്കൻ അങ്ങനെ പറഞ്ഞു കളഞ്ഞല്ലോ. വെച്ചൂരെ വീട്ടിനു തന്നെ ഒരു നാണക്കേടായി.
“ഒരു നാണക്കേടായീലോ മോളെ, പോട്ടെ സാരല്യാ. ഗോപാലൻ നായര് വേറെ നല്ല ചെക്കനെ കൊണ്ടരും. ഈ നാണക്കേട് മോളങ്ങട്ട് മറന്ന് കള.“
എന്തുകൊണ്ടോ ശ്രീദേവിയുടെ മറുപടി വളരെ ശാന്തമായിരുന്നു.
“എനിക്കെന്ത് നാണക്കേടാ ന്റെ കൊച്ചൂട്ട്യേമേ, അയാൾക്കല്ലേ നാണക്കേട് ? പരിചയൊന്നൂല്യാത്ത ഒരു വീട്ടിൽ വരാ, നല്ലോണം ചായേം പലഹാരോം തട്ടാ, എന്ന്ട്ട് അവടത്തെ പെൺകുട്യേ പിടിച്ച്ല്യാന്ന് പറഞ്ഞ് പൂവ്വാ. നാണള്ളോര് ഇങ്ങനെ കാണീക്കോ?“
കൊച്ചൂട്ടിക്ക് ഒന്നും പറയാൻ സമയം കിട്ടിയില്ല. അപ്പോഴേക്കും ബസ്സ് വന്നു.
26 Comments, Post your comment
Labels: 'കഥ'
വിടരാതെ പോയ പ്രണയം
മനസ് ഓര്‍മകളിലേക്ക് ഊളിയിട്ടു സഞ്ചരിക്കുകയാണ് .
തീ പാറുന്ന ഉഷ്ണത്തിലും തന്നിലേക്ക് കുളിര്‍മയുള്ള കാറ്റായി വിരുന്നു വരാറുണ്ട് ലിജോയും അവന്റെ ഓര്‍മകളും .
തുടക്കം ബാല്യത്തില്‍ തന്നെ . കവുങ്ങിന്റെ ഇടയില്‍ കമ്പുകള്‍ വെച്ചുകെട്ടി അത് ഓലയും തണുങ്ങും കൊണ്ട് മേഞ്ഞു ,ആ മേല്ക്കൂരക്കടിയില്‍ ഉണ്ടാക്കിയ ചെറിയ അടുക്കളയില്‍ ചോറും കറിയും വെച്ച് കളിക്കുമായിരുന്നു താനും ലിജോയും തന്റെ ചേച്ചിയും പിന്നെ കുറെ കൂട്ടുകാരും.
ലിജോയോടു ഭയങ്കര ഇഷ്ടമായിരുന്നു തനിക്കു .,എല്ലാ കളിയിലും ലിജോയുടെ ഗ്രൂപ്പില്‍ വരാന്‍ വേണ്ടി എന്തെല്ലാം കള്ളത്തരങ്ങള്‍ കാണിച്ചിരിക്കുന്നു .,അവന്റെ ഗ്രൂപ്പ് ജയിക്കും എന്നുള്ള മാന്യമായ ലാഭേച്ചക്ക് പുറമേ അവനോടുള്ള ഇഷ്ടവും കൂടെ ആയിരുന്നു അന്ന് ആ കള്ളത്തരങ്ങള്‍ക്ക് പ്രേരണ നല്‍കിയിരുന്നത്
പിണങ്ങിയും ഇണങ്ങിയും ഞങ്ങള്‍ ബാല്യത്തില്‍ നിന്നും പതുക്കെ കൌമാരത്തിലേക്കു കയറി .
കണ്ടുമുട്ടലുകളുടെ എണ്ണവും ദൈര്‍ഗ്യവും ക്രമേണ കുറഞ്ഞുവന്നു .
പാടവരമ്പും കടന്നു ചെമ്മണ്‍റോഡിലൂടെ സ്കൂളിലേക്കുള്ള തന്റെ യാത്രയില്‍ ആണ് പിന്നീട് ലിജോയെ താന്‍ കണ്ടു മുട്ടാറു.
ഞങ്ങള്‍ അഞ്ചാറു പെണ്സന്ഘത്തെ അഭിമുകീകരിക്കാനുള്ള ഒരു ജാല്ല്യത ആയിരുന്നു ആപ്പോള്‍ അവനില്‍ കൂടുതലും പ്രകടമായിരുന്നത് ,എങ്കിലും ഗൌരവം നിറഞ്ഞ ആ മുഖത്തു തന്റെ ചിരി ഒരു ഭാവമാറ്റം വരുത്തിയിരുന്നു ,ഗൌരവം വിടാതെ തന്നെ അവനും ചിരിച്ചിരുന്നു .
അങ്ങനെ ഒരു യാത്രയില്‍ അവനെ കണ്ടുമുട്ടിയപ്പോള്‍ ഞെട്ടിപ്പോയി ,അവന്‍ വല്യ ഗമയില്‍ 'ഹീറോ ജെറ്റ് 'സൈക്കിള്‍ ഓടിച്ചുകൊണ്ടുപോകുന്നു ,ധൈര്യത്തിന് ഒരു കൂട്ടുകാരനെയും പുറകില്‍ ഇരുത്തിയിട്ടുണ്ട് .
അന്ന് അവന്‍ തന്നെ ഒന്ന് നോക്കിയത് പോലുമില്ല ,ഒരു നിമിഷം അവനോടു ദേഷ്യവും പിണക്കവും ഒക്കെ തോന്നി,എന്നാല്‍ അത് അപ്പോള്‍ തന്നെ മാറി ,കാരണം സിനിമ സ്റ്റൈലില്‍ മുന്‍പോട്ടു പോയ അവന്‍ 'യു ടേണ്‍ ' എടുത്തു തിരിച്ചു വന്നു ,'പപ്പാ വാങ്ങിച്ചു തന്നതാ ' എന്നൊരു വിശദീകരണവും.
അറുപിശുക്കനായ പാപ്പിച്ചായന്‍ മോന് എന്തിനു സൈക്കിള്‍ വാങ്ങിച്ചു കൊടുത്തു എന്നുള്ളതായിരുന്നു അന്നത്തെ എന്റെ പഠന വിഷയം .
വീട്ടില്‍ വന്നതേ അപ്പച്ചന്റെ പുറകെ കൂടി 'പാപ്പിച്ചായന്‍ ലിജോക്ക് പുതിയ സൈക്കിള്‍ വാങ്ങി കൊടുത്തു,അപ്പച്ചന്‍ എനിക്കും ചേച്ചിക്കും എന്താ വാങ്ങിതന്നിടുള്ളത് ?'
അപ്പച്ചന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു 'ലിജോ ആള് മിടുക്കനാ ,അവന്റെ സ്കൂളില്‍ പഠിച്ചിട്ടും നീ അറിഞ്ഞില്ലേ ,അവനാ ഇപ്രാവശ്യത്തെ സ്പോര്‍ട്സ് മത്സരത്തില്‍ 'ബെസ്റ്റ് അതലെറ്റ്',പണ്ടത്തെ കായിക താരമായിരുന്ന പാപ്പിക്ക്
മകനെ പ്രോല്സാഹിപ്പിക്കാതിരിക്കാന്‍ പറ്റുമോ ?'
അപ്പച്ചന്റെ വാക്കുകള്‍ കുറെ ദിവസത്തേക്ക് കാതുകളില്‍ അങ്ങനെ ധ്വനിച്ചുകൊണ്ടേയിരുന്നു ,അവനോടുള്ള ഇഷ്ടം ആരാധനയായി മാറിയത് പോലെ തോന്നി .
പൊരിവെയിലത്ത് സ്കൂളിന്റെ 'പ്ലേ ഗ്രൗണ്ടില്‍ ' നടക്കുന്ന എല്ലാ കായിക മത്സരങ്ങളുടെയും കാഴ്ചക്കാരില്‍ ഒരാളായി തനിക്കു മാറാന്‍ അധിക നാള്‍ വേണ്ടി വന്നില്ല .,
ആദ്യമായി കായിക കലയോട് എന്തെന്നില്ലാത്ത ഒരു ബഹുമാനം തോന്നി.
ഒരിക്കല്‍ അത് ലിജോയോടു പറയുകയും ചെയ്തു ,അപ്പോള്‍ അവന്‍ കളിയാക്കി
'നിനക്ക് എന്ന് തൊട്ടാ സ്പോര്‍ട്സ് ഭ്രാന്തു കേറിയത് 'എന്നും ചോദിച്ചു ,
താന്‍ മറുപടി പറഞ്ഞു , മനസ്സില്‍ .
പത്താം ക്ലാസ് കഴിഞ്ഞതോടെ ഞങ്ങടെ വീട്ടില്‍ ലിജോ വരുന്നത് അമ്മക്ക് അനിഷ്ടമായി,
ഒരിക്കല്‍ അത് അവനോടു പറയുകയും ചെയ്തു .വളര്‍ന്നുവരുന്ന രണ്ടു പെണ്മക്കളുള്ള അമ്മയുടെ
ആധി അവനും മനസിലായെന്നു തോന്നുന്നു .
അങ്ങനെ ആ ദിവസം എത്തി ,മെയ് 27 .ഭയത്തോടെയുള്ള കാത്തിരിപ്പിന് വിരാമം .
പത്താം ക്ലാസ്സിന്റെ പരീക്ഷ ഫലം പത്രത്തില്‍ വരുന്ന ദിവസം ,
ഒരു വിധത്തില്‍ സെക്കന്റ് ക്ലാസ്സോടെ താന്‍ രക്ഷപെട്ടു .
പിറ്റേ ദിവസം ആയിരുന്നു ലിജോയുടെ പ്ലസ് ടു റിസള്‍ട്ട് വന്നത് അവനു ഫസ്റ്റ് ക്ലാസ്സ് ഉണ്ട് .
അവനെ കന്ഗ്രജുലറ്റ് ചെയ്യാന്‍ താന്‍ അവന്റെ വീട്ടില്‍ പോയി ,
തൊട്ടു അയല്‍വക്കം എന്ന് പറയാന്‍ പറ്റില്ലെങ്കിലും മൂന്നു മിനിറ്റ് ദൂരം മാത്രമേ ലിജോയുടെ വീട്ടിലെക്കുള്ളൂ ..,പഞ്ചായത്ത് ടാങ്കിന്റെ അടുത്തായി വഴിയുടെ മുകള്‍ വശത്തായി ഓടു മേഞ്ഞ വലിയ വീട് .
കല്ല് കൊണ്ട് കെട്ടിയ പടികള്‍ കയറി അടുക്കള വശത്ത് കൂടിയാണ് എപ്പോഴും താന്‍ അകത്തേക്ക് കയറാര് ,ഇത്തവണയും പതിവ് തെറ്റിച്ചില്ല .
എന്നാല്‍ പതിവിനു വിപരീതമായി ജോളി ആന്റിയെ അടുക്കളയില്‍ കണ്ടില്ല ,
താന്‍ പതിയെ അകത്തെ മുറിയിലേക്ക് ചെന്നു,
ലിജോ കണ്ണാടിയുടെ മുന്‍പില്‍ നിന്ന് അവന്റെ കോലന്‍ മുടി ഒതുക്കി വെയ്ക്കാന്‍ പാടുപെടുകയാണ് ,
തൊട്ടപ്പുറത്ത് കട്ടിലില്‍ ഇരുന്നു പെട്ടിയില്‍ തുണി അടുക്കി വെയ്ക്കുന്ന തിരക്കില്‍ ആണ് ജോളിയാന്റി.
ആരോ യാത്രയാവുക ആണെന്ന് മനസിലായി ,ആ ഉത്കന്ട വിടാതെ തന്നെ ചോദിച്ചു
'നിങ്ങള്‍ എവിടെ പോകുവാ ആന്റി? '
'ആ പോകും വഴി നിങ്ങടെ വീട്ടില്‍ ഇറങ്ങി പറയാം എന്ന് കരുതി ,
ഞാന്‍ കോയമ്പത്തൂര് പോകുവാ ,അവിടെ അമ്മയുടെ അനിയത്തിയും ഫാമിലിയും ഉണ്ട് ,
അവരുടെ വീടിന്റെ അടുത്തു തന്നെ നല്ല ഒരു എഞ്ചിനീയറിംഗ് കോളേജ് ഉണ്ട് ,അവിടെ അഡ്മിഷന്‍ നോക്കണം ,ഇപോഴേ പോയാല്‍ എല്ലാം ആയി ഒന്ന് 'അഡ്ജസ്റ്റ് ' ആവാം അല്ലോ '
ലിജോയുടെ ആയിരുന്നു മറുപടി.
വാക്കുകള്‍ ശബ്ധങ്ങളില്ലാതെ തൊണ്ടയില്‍ കുരുങ്ങി .
ആ കുരുക്കില്‍ നിന്നും രക്ഷപെട്ടു വന്നു മൂന്നു ആംഗലേയ വാക്കുകള്‍ 'ബെസ്റ്റ് ഓഫ് ലക്ക് '.
താന്‍ തിരിച്ചു വീട്ടിലേക്കു നടന്നു ,കാലുകള്‍ കുഴയുന്നത് പോലെ ,
ലിജോയുടെ മുഖം മനസ്സില്‍ മിന്നി മറയുന്നു ,ആ മുഖം ഇനീം
വിദൂരതയിലേക്ക് അകലുക ആണല്ലോ എന്ന യാഥാര്‍ത്ഥ്യം
കണ്ണുകളെ നനയിപ്പിച്ചു .
അവന്‍ യാത്രയാവുന്നത് കാണാന്‍ കഴിയാത്തത് കൊണ്ട് തന്നെ അമ്മയോട് ഒരു കള്ളം പറഞ്ഞു
കൂടുകാരിയുടെ വീട്ടിലേക്കെന്ന വ്യാജേന വീടിന്റെ താഴെ ഉള്ള റബ്ബര്‍ തോട്ടത്തില്‍ പോയി ഇരുന്നു കുറെ നേരം ,ലിജോ പോയി എന്ന് ഉറപ്പായപ്പോള്‍ തിരിച്ചു വന്നു .
ഹൈസ്കൂളിന് പഠിച്ച അതെ സ്കൂളില്‍ തന്നെ തനിക്കു പ്ലസ് ടൂ അഡ്മിഷന്‍ കിട്ടി.
എങ്ങനെ ഒക്കെയോ രണ്ടു വര്ഷം തള്ളി നീക്കി ,
സ്കൂളിന്റെ ഓരോ കോണിലും ലിജോ നിറഞ്ഞു നിക്കുന്നത് പോലെ ,വെറുതെ പ്ലേ ഗ്രൌണ്ടിലും പോയി ഇരിക്കുമായിരുന്നു ,അവിടെ ഇരിക്കുമ്പോള്‍ ലിജോ ശരിക്കും അടുത്തുള്ളത് പോലെ ഒരു തോന്നല്‍ ആയിരുന്നു ,
ലിജോക്ക് വേണ്ടി തന്നില്‍ നിറഞ്ഞു നിന്നിരുന്ന വികാരം പ്രണയമായിരുന്നു
എന്ന സത്യം ആണ് ആ രണ്ടു വര്ഷം കൊണ്ട് പഠിച്ചത് .
തന്റെ സ്വപ്നങ്ങളില്‍ എന്നും ലിജോ വിരുന്നു വന്നത് കുതിര പുറത്തായിരുന്നു ,
ഒരു രാജകുമാരനെ പോലെ .
ഇക്കാലത്തിനിടയില്‍ രണ്ടോ മൂന്നോ പ്രാവശ്യം ആണ് താന്‍ ലിജോയെ കണ്ടത് ,ഞങ്ങടെ സംഭാഷണങ്ങള്‍ വിശേഷം തിരക്കില്‍ ഒതുങ്ങി ,എങ്കിലും ആരും കാണാതെ അവനോടുള്ള പ്രണയം മനസ്സില്‍ സൂക്ഷിച്ചു .
അങ്ങനെ താനും യാത്രയായി ഉപരി പഠനത്തിനായി തിരുവനന്തപുരത്തേക്ക് .,
അവധികാലം ചിലവഴിക്കാന്‍ നാട്ടില്‍ എത്തുമ്പോള്‍ ലിജോയുടെ വീട്ടില്‍ പോകുന്ന പതിവ് മുടക്കിയിരുന്നില്ല ,
ജോളിയാന്റിയുടെ കൈ കൊണ്ട് ഉണ്ടാക്കി തരുന്ന കട്ടന്‍ കാപ്പിയുടെ
ഗുണഗണങ്ങളില്‍ തുടങ്ങുന്ന ഞങ്ങടെ സംഭാഷണം അവസാനിച്ചിരുന്നത് ലിജോയുടെ വിശേഷങ്ങളില്‍ ആയിരുന്നു.,
നിര്‍ഭാഗ്യവശാല്‍ അവന്റെ അവധിയും തന്റെ ലീവും വേറെ സമയത്തായിരുന്നു ,
അങ്ങനെ ഞങ്ങള്‍ പിന്നീട് കണ്ടുമുട്ടിയിട്ട് തന്നെ ഇല്ല എന്ന് പറയാം .
വീട്ടില്‍ നിന്നും വരാറുള്ള ചേച്ചിയുടെ കത്തിലൂടെ ആണ് ലിജോ ഗള്‍ഫിന് പോയ വിവരം അറിയുന്നത് ,
ഇപ്പോള്‍ അവന്‍ കടലുകള്‍ക്കും അപ്പുറത്ത് ,
എങ്കിലും തന്റെ മനസ്സില്‍ നിന്നും അവനിലേക്കുള്ള ദൂരം കൂടിയില്ല .
മഴ പെയ്യുന്ന രാവുകളില്‍ ഹോസ്റ്റല്‍ മുറിയുടെ ജനാലക്കരികില്‍ ഇരുന്നു അവനോടുള്ള പ്രണയത്തെ മതിവരുവോളം തന്റെ പേനയെ ആയുധമാക്കി ഡയറിയില്‍ കുത്തികുറിച്ചു .
വര്‍ഷങ്ങള്‍ കൊഴിഞ്ഞു പോയ്ക്കൊണ്ടെയിരുന്നു,
ഡയറികളുടെ എണ്ണം കൂടി കൂടി വന്നു .,
നാട്ടില്‍ പോകുമ്പോള്‍ അവയെ ഭദ്രമായി ഹോസ്റ്റല്‍ മുറിയിലെ അലമാരയില്‍ വെച്ച് പൂട്ടി താക്കൊലുമായാണ് പോകാറു ,വീട്ടില്‍ ചെന്നു എവിടെ പോയാലും ആ താക്കോലും തന്റെ കൂടെയുണ്ടാകും സന്തത സഹചാരിയായി.
അപ്പച്ചനും അമ്മയ്ക്കും പ്രായമേറി വരുന്നു ,
അതുകൊണ്ടുതന്നെ തനിക്കും ചേച്ചിക്കും വേണ്ടിയുള്ള വിവാഹ ആലോചനകളും തകൃതി ആയി നടക്കുന്നു ,ചേച്ചിയെ പെണ്ണ് കാണാന്‍ ചെറുക്കന്മാരും വന്നു,
ചേച്ചിക്ക് ജോലി ഒന്നും ഇല്ലാത്തതുകൊണ്ട് എത്രയും പെട്ടെന്ന്
ആരെയെങ്കിലും ഏല്‍പ്പിക്കണം എന്ന ആവലാതി ആയിരുന്നു അപ്പച്ചന് .
എന്നാല്‍ താന്‍ ജോലിയുടെയും ലീവിന്റെയും കാര്യം പറഞ്ഞു വരുന്ന ആലോചനകളില്‍ നിന്നൊക്കെ വിദഗ്ദ്ധമായി തടി തപ്പി .നാട്ടില്‍ പോകുന്നതിനോടുള്ള താല്പര്യം തന്നെ കുറഞ്ഞു കൊണ്ടിരുന്നു ,എങ്കിലും പോണം ,കാരണം അമ്മയ്ക്ക് വയ്യ.
വീട്ടിലെത്തിയപ്പോള്‍ സന്ധ്യയോടടുത്തു .., വീടിലേക്കുള്ള വഴിയുടെ ഇരുവശത്തുമുള്ള വീടുകളില്‍ ലൈറ്റുകള്‍ കത്തിച്ചുതുടങ്ങിയിരിക്കുന്നു ,സന്ധ്യ കണ്ണുകളിലൂടെ നോക്കുമ്പോള്‍ തന്റെ നാടിന്റെ ഭംഗി കൂടിയത് പോലെ .
വീടിന്റെ മുന്‍പില്‍ എത്തിയപ്പോള്‍ ആദ്യം കണ്ടത് നിര്‍ത്തി ഇട്ടിരിക്കുന്ന
റെഡ് കളര്‍ ഉള്ള ഒരു ബൈക്ക് ആണ് .
അപ്പച്ചന്‍ ഈ വയസാംകാലത്ത് ബൈക്ക് വാങ്ങിച്ചോ തന്നോട് പറയാതെ ,
ചോദ്യത്തിനുള്ള ഉത്തരവും തേടി വീടിലെക്കിറങ്ങി ചെന്നു .
അവിടെ സിറ്റ് ഔട്ടില്‍ ചോദ്യത്തിനുള്ള മറുപടി ഇരിപ്പുണ്ടായിരുന്നു -ലിജോ.
തന്റെ കണ്ണ് ഒരു നിമിഷം അവനില്‍ ഉടക്കി ,അവന്‍ ആകെ മാറിപോയിരിക്കുന്നു,
പൊക്കം കൂടിയിട്ടില്ല പക്ഷെ ഒന്നുകൂടെ മിനുങ്ങി ഇരിക്കുന്നു ,
മീശയുടെ കൂടെ വൃത്തിയായി വെട്ടി ഒതുക്കിയ ഫ്രഞ്ച് താടിയും ,
പിന്നെ ഫ്രെയിം ലെസ്സ് സ്പെക്ട്സ് ,
മൊത്തത്തില്‍ ഒരു ജെന്റില്‍മാന്‍ ലുക്ക് ,കൊള്ളാം .
അവനും ഞാനും എന്തോ ചോദിക്കാന്‍ തുനിഞ്ഞു ,
അത് തടഞ്ഞുകൊണ്ട് അപ്പച്ചന്റെ എക്സ്പ്ലനേഷന്‍ 'മോളെ ലിജോ ഇന്നലെ ഗള്‍ഫില്‍ നിന്നും വന്നു ,നീ ഇപ്പോള്‍ വരും എന്ന് ഞാന്‍ അവനോടു പറഞ്ഞുകൊണ്ടിരിക്കുവാരുന്നു '
'ജോലി ഒക്കെ എങ്ങനെ ?' ലിജോയുടെ ഫോര്‍മല്‍ ആയുള്ള ചോദ്യം .
'കുഴപ്പമില്ല ,നീ എന്ന് മടങ്ങും?' അവനുള്ള ഉത്തരവും ചോദ്യവും ആയിരുന്നു തന്റെ മറുപടി.
'നെക്സ്റ്റ് ഫോര്ടീന്തിനു ' അവന്റെ മറുപടി .
താന്‍ കണക്കു കൂട്ടി ഒരു മാസം ഉണ്ട് ,ഇന്ന് ഫെബ്രുവരി 14 -വലെന്റിനെസ് ഡേ -
തന്റെ പ്രണയം ഇതാ വര്‍ഷങ്ങള്‍ക്കു ശേഷം കണ്മുന്നില്‍ കൈ എത്തും ദൂരത്ത് ,
വല്ലാത്ത സന്തോഷം തോന്നി ,
എങ്കിലും അത് പ്രകടിപ്പിക്കാതെ അകത്തേക്ക് വലിഞ്ഞു .
താന്‍ ഫ്രഷ് ആകുന്നതിനിടയില്‍ ലിജോ യാത്ര പറഞ്ഞു ഇറങ്ങിയിരുന്നു .
വല്ലാത്ത ഒരു ഉത്സാഹം തന്നില്‍ പടര്‍ന്നുകയറി ,
അമ്മക്ക് വയ്യാതെ ഇരിക്കുന്നത് കൊണ്ട് ആ ഉത്സാഹം അമ്മയെ ശ്രുശൂഷിക്കുന്നതില്‍ വിനിയോഗിച്ചു ,അമ്മയ്ക്കും സന്തോഷമായി .
രാത്രി മൊത്തം 'ആസ് യുഷ്യല്‍', ചേച്ചി തന്റെ ചെവി തിന്നു,
നാട്ടിലെ ഓരോരുത്തരുടെയും വിശേഷങ്ങള്‍ പറഞ്ഞ് തുടങ്ങി,
അവസാനിച്ചത്' ലിജോ പള്‍സറിന്റെ ബൈക്ക് എടുത്തു എന്ന 'ലേറ്റസ്റ്റ് നുസില്‍ '.ചേച്ചിയുടെ വര്‍ത്തമാനം കേള്‍ക്കാന്‍ നല്ല രസമാണ് ,അതിനിടയില്‍ എപ്പോഴോ താന്‍ ഉറങ്ങിപോകും.
ഇത്തവണ ലിജോടെ വീട്ടില്‍ പോയില്ല ,നാളെ വില്ലജ് ഓഫീസില്‍ ചില പേപ്പര്‍ വര്‍ക്സിനു പോണം ,തിരിച്ചുവരുന്ന വഴി അവിടെ കയറണം .
ലിജോ അവിടെ ഉണ്ടാവുമോ , തന്റെ മനസിലെ പോലെ അവന്റെ മനസിലും ഉണ്ടാവുമോ തന്നോട് പ്രണയം ?
തന്റെ ഇഷ്ടം അവനോടു തുറന്നു പറഞ്ഞാലോ ? വേണ്ട .
ചോദ്യവും ഉത്തരവും എല്ലാം താന്‍ തന്നെ പറഞ്ഞൂ
പിറ്റേന്ന് വില്ലജ് ഓഫീസില്‍ നിന്ന് മടങ്ങുമ്പോള്‍ പതിവ് തെറ്റിച്ചു ഒരു മഴ ,
വെയിലില്‍ നിന്ന് അഭയം തേടാന്‍ കുട കരുതിയത് ഭാഗ്യം .
ടാറിട്ട റോഡില്‍ നിന്നും ബസ്സിറങ്ങി ചെറിയ നടപ്പാതയിലൂടെ
ലിജോയുടെ വീടിനെ ലക്ഷ്യമാക്കി നടന്നു ,
മഴ കനത്തു പെയ്യുന്നു ,ചുരിധാറിന്റെ ഷാള്‍ ഏതാണ്ട് മുഴുവനും നനഞ്ഞിരിക്കുന്നു ,
മഴയോട് ചെറിയ ഒരു ദേഷ്യം ഒക്കെ തോന്നി ..,
പാടവരമ്പത്തെ മാടത്തിന്‍ ചോട്ടില്‍ ആരോ നില്‍ക്കുന്നത് പോലെ ,
പുറം തിരിഞ്ഞാണ് നില്‍ക്കുന്നത് ,അടുക്കുംതോറും ആരാണെന്ന് അറിയാനുള്ള ഒരു ആകാംഷ ,മഴയെ പേടിക്കുന്ന ആരോ ആണ് ,
താനോര്‍ത്തു ,ലിജോക്ക് മഴ നനയാന്‍ ഒട്ടും ഇഷ്ടമില്ല.
അതെ അത് ലിജോ ആണ് ,തന്നെ കണ്ടപ്പോള്‍ ആരെയോ കാത്തു നില്‍ക്കുന്നത് പോലെ നിന്നു.
'മഴ നനയാന്‍ വയ്യ അല്ലെ ' എന്ന ചോദ്യത്തിന് ഒരു ചിരി ആയിരുന്നു മറുപടി .
കുറച്ചു ദൂരമേ ഉള്ളു ഇനീ ലിജോടെ വീട്ടിലേക്കു ,തന്റെ കൂടെ കുടകീഴില്‍ കേറാന്‍ പറഞ്ഞാലോ ,
വേണ്ട ലിജോ എന്ത് കരുതും ?
മനസ്സില്‍ നൂറു തവണ ആഗ്രഹമുണ്ട് ,പക്ഷെ വേണ്ട.
താന്‍ മുന്‍പോട്ടു നടന്നു ,പുറകെ ആരോ ഓടിവരുന്ന ശബ്ദം ,തിരിഞ്ഞു നോക്കി ,ലിജോ ആണ് .
ഉള്ള ധൈര്യം സംഭരിച്ചു ഞാന്‍ പറഞ്ഞൂ 'പോന്നോളൂ ,മഴ നനയണ്ട '
'വേണ്ട ,കുറച്ചല്ലേ ഉള്ളു ,ഞാന്‍ ഓടി പോയ്കൊള്ലാം' നിഷ്കളങ്കമായ മറുപടി.
തന്റെ നിര്‍ബന്ധത്തിനു ഒടുവില്‍ ലിജോ വന്നു ,അങ്ങനെ ആദ്യമായി
ഞങ്ങള്‍ ഒരുമിച്ചു ഒരു കുടകീഴില്‍ ,ഒരു സ്വപ്നത്തിലെന്നപോലെ താന്‍ നടന്നു.
സ്നേഹത്തിന്റെ സംരക്ഷണ വലയത്തില്‍ ആയതു പോലെ ,ഞങ്ങളുടെ കൈകള്‍ ഞങ്ങളറിയാതെ എപോഴോക്കെയോ കൂട്ടിമുട്ടി ,
കൂട്ടിമുട്ടാതിരിക്കാന്‍ അവന്‍ പാടുപെടുന്നത് താന്‍ അറിഞ്ഞു ,
എങ്കിലും അതൊന്നും അറിയാത്തത് പോലെ താന്‍ നടന്നു ,
മഴയോടുള്ള തന്റെ ദേഷ്യമെല്ലാം അലിഞ്ഞില്ലാതെയായി ,
അവന്റെ സാമീപ്യം തന്നില്‍ ഒരു കറന്റ് പോലെ അതിവേഗത്തില്‍ ചലിച്ചു കൊണ്ടേയിരുന്നു .
'വീട്ടില്‍ കേറുന്നില്ലേ?' ലിജോയുടെ ചോദ്യം എന്നെ നിശ്ചലയാക്കി .
ലിജോടെ വീട്ടു പടിക്കല്‍ എത്തിയിരിക്കുന്നു ,സമയം പോയതറിഞ്ഞില്ല .
'ആ വരുന്നു '
ഒരുമിച്ചു അവരുടെ വീട്ടിലേക്കുള്ള പടികള്‍ കയറുമ്പോള്‍
തന്റെ സ്വപ്നം പൂവണിയുന്നത് പോലെ തോന്നി .
അന്നാദ്യമായി അവരുടെ വീടിന്റെ മുന്‍ വശത്ത് കൂടെ താന്‍ അകത്തേക്ക് പ്രവേശിച്ചു ,
കുട മടക്കി ഒതുക്കി വെയ്ക്കുന്നതിനിടയില്‍ ജോളിയാന്റിയുടെ ചോദ്യം ,
ലിജോയോടാണ് ' എന്ന് നീ ഇങ്ങനെ ഒരു പെണ്ണിനെ വിളിച്ചുകൊണ്ടുവരുമെടാ?
താന്‍ ഒന്ന് ഞെട്ടിപ്പോയി ,ജോളിയാന്റി പരാതിക്കെട്ടു അഴിച്ചു
'എന്റെ മോളെ എത്ര നാളായി ഞാന്‍ ഇവനോട് പറയുവാ ,പെണ്ണ് കെട്ടാന്‍ ,
ഇപ്പ്രാവശ്യം ഇവനെ പെണ്ണ് കെട്ടാതെ ഞാന്‍ തിരിച്ചുവിടില്ല
അല്ല മോള് പറ ഞാന്‍ പറയുന്നത് തെറ്റാണോ? ആണോ ?'
മറുപടി കൊണ്ടേ ജോളിയാന്റി അടങ്ങു തനിക്കറിയാം 'അല്ല ' താന്‍ ചിരിച്ചു കൊണ്ട് പറഞ്ഞൂ
ലിജോ തന്റെ മുഖത്തേക്ക് പാളി നോക്കി ,ആ മുഖത്തെ വികാരം തനിക്കു വായിക്കാന്‍ കഴിഞ്ഞില്ല .
പിന്നെ ജോളിയാന്റി മോന്‍ ഗള്‍ഫില്‍ നിന്നും കൊണ്ടുവന്ന സാധനങ്ങള്‍
ഓരോന്നും വാചാലതയോടെ കാണിച്ചു,കട്ടന്‍ കാപ്പി ഊറികുടിക്കുന്നതിനിടയില്‍
താന്‍ എല്ലാം ആസ്വതിച്ചു കണ്ടു .
ജോളിയാന്റിയോടും ലിജോയോടും യാത്ര പറഞ്ഞ് ഇറങ്ങുന്നതിനിടയില്‍ പാപ്പിചായനും വന്നു
'ബൈക്ക് മഴ നനയുന്നത് നീ കണ്ടില്ലേ ലിജോ 'എന്ന ചോദ്യത്തോടെ ആണ് പുള്ളിയുടെ വരവ് .
മോന്‍ ഗള്‍ഫ് കാരന്‍ ആയെങ്കിലും പാപ്പിചായന്റെ പിശുക്കിന് ഒരു കുറവും ഇല്ലെന്നാണ് കേട്ട് കേള്‍വി. താന്‍ വീണ്ടും യാത്ര പറഞ്ഞിറങ്ങി .
വീട്ടില്‍ വന്നു അമ്മയോടും ചേച്ചിയോടും എല്ലാ വിശേഷങ്ങളും പറഞ്ഞൂ താനും ലിജോയും ഒരു കുടകീഴില്‍ വന്നത് മാത്രം പറഞ്ഞില്ല .
നേരം പുലര്‍ന്നു ,കിഴക്ക് സൂര്യന്‍ അങ്ങനെ പതുക്കെ തല ഉയര്‍ത്തി തുടങ്ങി ,
അമ്മ ആരോഗ്യവതി ആയി വരുന്നു ,അടുക്കളയില്‍ കയറിതുടങ്ങിയിരിക്കുന്നു,
ചേച്ചി പാത്രവുമായി മല്ലിട്ട് കൊണ്ടിരിക്കുവാണ്.
മുറ്റം അടിക്കുന്ന ജോലി ആണ് തനിക്കു ഇഷ്ടം ,
താന്‍ വീട്ടില്‍ ഉള്ളപ്പോള്‍ ആ അവകാശം ആര്‍ക്കും വിട്ടു കൊടുക്കാറില്ല .
അപ്പച്ചന്‍ സിറ്റ് ഔട്ടില്‍ പത്രം വായിക്കുന്നു .
മുറ്റം അടിച്ചു കൈയും കാലും കഴുകി അകത്തേക്ക് കയറുന്നതിനിടയിലാണ്
ഒരു ബൈക്ക് വന്നു വീടിന്റെ പടിക്കല്‍ നിര്‍ത്തുന്ന ശബ്ദം കേട്ടത് .
താന്‍ തല വെളിയിലെക്കിടു നോക്കി പാപ്പിചായനും ലിജോയും ആണ് .
എന്താണാവോ പതിവില്ലാതെ രണ്ടു പേരും കൂടെ തന്റെ തല പുകഞ്ഞു.
അപ്പച്ചന്‍ പത്രം വായന നിര്‍ത്തി അവരെ സ്വാഗതം ചെയ്തു.
'എന്ത് പറ്റി രണ്ടുപേരും കൂടെ' തന്നില്‍ ഉണര്‍ന്ന സംശയം തന്നെ ആയിരുന്നു അപ്പച്ചന്റെ ചോദ്യം
പാപ്പിചായന്‍ പറഞ്ഞൂ 'നമുക്ക് അകത്തോട്ടിരുന്നു സംസാരിക്കാം '
ആ മറുപടി തന്റെ മനസ്സില്‍ ആയിരം സംശയങ്ങള്‍ക്ക് ജന്മം നല്‍കി.
അപ്പച്ചന്‍ അവരെ സ്വീകരണ മുറിയിലേക്ക് ആനയിച്ചു .
'എടീ എലിയാമ്മേ രണ്ടു ഗ്ലാസ് ചായ എടുക്കു ' അപ്പച്ചന്‍ വിളിച്ചു പറഞ്ഞൂ
താന്‍ സ്വീകരണ മുറിയുടെ അടുത്തുള്ള മുറിയുടെ വാതില്കലായി നിന്നു,
അവരുടെ സംഭാഷണം വല്യ കുഴപ്പമില്ലാതെ കേള്‍ക്കാം .
'ഞങ്ങടെ ലിജോയെ കൊണ്ട് ഒരു പെണ്ണ് കെട്ടിക്കണം ,കുറെ നാളായി പറയുന്നു '
പാപ്പിചായനാണ് തുടക്കമിട്ടത്
'അത് നല്ല കാര്യമാണല്ലോ ' അപ്പച്ചന്‍ പിന്താങ്ങി
'ഇപ്പോഴാണ് ഇവന്‍ ഒന്ന് സമ്മതിക്കുന്നത് ,അതില്‍ എനിക്ക് സന്തോഷം ,
പിന്നെ പെണ്ണ് ഇവിടുത്തെ മോളും കൂടെ ആണെന്ന് അറിഞ്ഞപ്പോള്‍ ബഹുസന്തോഷം '
സന്തോഷത്താല്‍ തന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി ,
എന്നാലും ലിജോ ഇത് തന്നെ പോലെ തന്നെ മനസ്സില്‍ കൊണ്ട് നടന്നല്ലോ,
എന്തുകൊണ്ട് തനിക്കു ഒരു സൂചന പോലും തന്നില്ല ,താന്‍ വികാരാതീധയായി.
'മോളെ നാന്‍സി ,ഈ ചായ അങ്ങ് കൊണ്ട് കൊടുത്തെ ' അടുക്കളയില്‍ നിന്നും അമ്മയുടെ വിളി.
താന്‍ കണ്ണുകള്‍ തുടച്ച് അടുകളയിലെക്കോടി.
'മോളെ പതുക്കെ ' അമ്മയുടെ മുന്നറിയിപ്പ്.
ചായക്കപ്പുകള്‍ നിരത്തിവെച്ച ട്രേയുമായി താന്‍ സാവധാനം സ്വീകരണ മുറിയെ ലക്ഷ്യമാക്കി നടന്നു ,
മനസിലെ സന്തോഷം പുറത്തേക്ക് തള്ളി ഇറങ്ങിവരുന്നത് പോലെ 'കണ്ട്രോള്‍ ' ചെയ്യാന്‍ പറ്റുന്നില്ല ,
എങ്കിലും ഒരു വിധത്തില്‍ സ്വീകരണമുറിയുടെ വാതിലോളം എത്തി.
അപ്പച്ചനാണ് സംസാരിക്കുന്നത് 'അവള്‍ക്കു ജോലി ഒന്നും ഇല്ല ,നിങ്ങള്‍ക്കറിയാമല്ലോ?'
ഈ അപ്പച്ചന്‍ എന്താ ഈ പറയുന്നേ തനിക്കു ജോലി ഇല്ലെന്നോ , ആകെ ടെന്‍ഷന്‍ ആയി.
അപ്പോള്‍ പാപ്പിചായന്റെ മറുപടി 'ലിജോക്ക് ആന്‍സി മോളെ ഇഷ്ടമാണ് ,അതിലും അപ്പുറം വേറെ ഒന്നും ഞങ്ങള്‍ക്ക് വേണ്ട ,വര്‍ക്കിച്ചായന്‍ ഒന്ന് സമ്മതിച്ചാല്‍ മാത്രം മതി '
തന്റെ കൈകള്‍ വിറച്ചു ,ലോകം കീഴ്മേല്‍ മറിയുന്നത് പോലെ ,കൈയുടെ വിറയല്‍ കൊണ്ട്
കപ്പില്‍ നിന്നും ചായ തുളുമ്പി ട്രയിലേക്ക് വീണു കൊണ്ടേയിരുന്നു ,
കാലുകള്‍ വെച്ചുപോകുന്നത് പോലെ .
ഞെട്ടലോടെ ആ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു ,
ലിജോ ഇഷ്ടപെടുന്നത് തന്റെ ചേച്ചി ആന്‍സിയെ ആണ് .
ലിജോയെയും തന്നെയും മാത്രം ശ്രദ്ധിച്ചിരുന്ന താന്‍ ഇതൊന്നും അറിഞ്ഞതേയില്ല ,
അതെ ചേച്ചി ഉള്ള ഇടതെല്ലാം ലിജോ ഉണ്ടായിരുന്നു ,
പണ്ട് കളിവീട് കളിച്ചപ്പോഴും ഒക്കെ ..
പാടവരമ്പത്തൂടെ സൈക്കിളില്‍ അഭ്യാസം കാണിച്ചു പോയിരുന്നത് തന്നെ കാണിക്കാന്‍ അല്ലായിരുന്നു തന്റെ
കൂടെ നിഴലായി ഉണ്ടായിരുന്ന തന്റെ ചേച്ചിയെ കാണിക്കാന്‍ ആയിരുന്നു ,
അമ്മ തടയുവോളം ഞങ്ങടെ വീട്ടില്‍ വന്നിരുന്നതും ചേച്ചിയെ കാണാന്‍ തന്നെ .
സ്വപ്ന ലോകം തീര്‍ത്ത് അതില്‍ കഴിഞ്ഞിരുന്ന ഈ പൊട്ടി പെണ്ണിന് ഒന്നും മനസിലായില്ല .
'എലിയാമ്മേ ചായ ഇതുവരെ ആയില്ലേ' അപ്പച്ചന്റെ ശബ്ദം
താന്‍ അടുക്കള യിലേക്ക് തിരിച്ചു നടന്നു
'നീ ചായ കൊണ്ട് കൊടുത്തില്ലേ' അമ്മയുടെ ചോദ്യം
'അത് മൊത്തം തുളുമ്പി പോയി,അമ്മ തന്നെ അങ്ങ് കൊണ്ടേ കൊടുത്താല്‍ മതി ' തന്റെ മറുപടി
'ഈ പെണ്ണിന്റെ ഒരു കാര്യം ,മോളെ ആന്‍സി ഇങ്ങു വന്നെ ,ഈ ചായ കൊണ്ട് കൊടുത്തെ '
അമ്മ ചേച്ചിയെ വിളിച്ചു
പുറത്തു പൈപ്പിന്‍ ചോട്ടില്‍ പാത്രം കഴുകി കൊണ്ടിരുന്ന ചേച്ചി കയറി വന്നു .
ചേച്ചിയും അമ്മയും കേള്‍ക്കത്തക്ക വിധത്തില്‍ താന്‍ പറഞ്ഞൂ
'അമ്മെ അവര്‍ ചേച്ചിയെ കല്യാണം ആലോചിക്കാന്‍ വന്നതാ '
ചേച്ചിയുടെ മുഖത്ത് നാണവും സന്തോഷവും കലര്‍ന്ന ഒരു വികാരം മിന്നി മറയുന്നത് കണ്ടു.
അത് തന്നില്‍ ഉണര്‍ത്തിയ വികാരം എന്താണ് ദുഖമോ ?
സന്തോഷമോ? അറിയില്ല .
താന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല ,ഇവിടെ താന്‍ ആണ് കുറ്റവാളി.
ടാറിട്ട റോഡില്‍ ബ്രേക്കിട്ടു നിറുത്തിയ സ്കൂള്‍ വാനിന്റെ ഹോണടി
തന്നെ ഓര്‍മകളുടെ ലോകത്ത് നിന്നും തിരിച്ചു വിളിച്ചു ,
അകത്തെ മുറിയില്‍ നിന്നും അപ്പച്ചന്റെ വിറയല്‍ പൂണ്ട ശബ്ദം
'മോളെ നാന്‍സി ,അലന്‍ മോന്‍ വന്നെന്നു തോന്നുന്നു ,നീ അങ്ങോട്ട് ഇറങ്ങി ചെല്ല് '
താന്‍ ഗേറ്റ് തുറന്നു പുറത്തേക്ക് ഇറങ്ങി ,
തന്നെ കണ്ടതും അവന്‍ സ്കൂള്‍ വാനിന്‍ നിന്നും ചാടിയിറങ്ങി
തന്നെ കെട്ടി പിടിച്ചു രണ്ടു കവിളിലും മാറി മാറി ഉമ്മ വെച്ചു പതിവുപോലെ .
'മമ്മി എന്താ എനിക്ക് ഉമ്മ തരാത്തെ ഇന്ന് ' എട്ടു വയസുകാരന്റെ ചോദ്യം.
താനൊരു അമ്മയാണെന്ന സത്യം ആ ചോദ്യം വിളിച്ചു പറഞ്ഞൂ
'എന്റെ അലന്‍ കുട്ടന് മമ്മി ഉമ്മ തരാതെ ഇരിക്കുമോ ?ഇമ്പോസ്സിബിള്‍ '
താന്‍ മോനെ മാറി മാറിരണ്ടു കവിളിലും തെരു തെരാ ഉമ്മ വെച്ചു.
വളപ്പൊട്ടുകള്‍ നിലത്തു വീണ പോലെ അവന്‍ കില് കില ചിരിച്ചു .
'മോന് മമ്മിയോടു ഒരു കാര്യം ചോതിക്കാനുണ്ട് ,
ഇന്ന് എന്റെ കൂട്ടുകാരന്‍ ജിത്തു അവന്റെ പപ്പയുടേയും മമ്മിയുടെയും ഫോട്ടോ കൊണ്ട് വന്നു ,
നാളെ എന്നോടും പറഞ്ഞ് കൊണ്ട് ചെല്ലാന്‍ എന്റെ പപ്പയെ അവര്‍ കണ്ടിട്ടില്ല
അതുകൊണ്ട് മമ്മി എനിക്ക് എന്റെ പപ്പാടെ ഫോട്ടോ കാണിച്ചു തരണം ,
മമ്മി എന്നെ ഇതുവരെ കാണിച്ചിട്ടില്ലല്ലോ'
'മോന്റെ പപ്പാ ഗള്‍ഫിലാ ,വരുമ്പോള്‍ നേരിട്ട് കാണാം ,അതല്ലേ നല്ലത് '
'വേണ്ട ,ഇന്ന് എന്റെ ബര്ത്ഡേ ആണ് ,മമ്മി നോ പറയരുത് ' അലന്‍ മോന്‍ ശാട്യം പിടിക്കുകയാണ് .
അലന്‍ ജനിച്ച ദിവസം ..,അത് പോലെ ഹാപ്പി ആയി ലിജോയെ കണ്ടിട്ടേ ഇല്ല .
മനസ് വീണ്ടും പഴയ വഴികളിലേക്ക് സഞ്ചരിച്ചു .
എല്ലാവരും സന്തോഷിച്ചു ,ആ സന്തോഷം അധിക നാള്‍ നീണ്ടു നിന്നില്ല
അവനുണ്ടായി മൂന്നു മാസം കഴിഞ്ഞപ്പോള്‍ ലിജോടെ അമ്മ ജോളിയാന്റി മരിച്ചു
ലുകീമിയ ആയിരുന്നു ,വൈകി ആണ് അറിഞ്ഞത്.
അലന് ആറു മാസം പ്രായം ഉള്ളപ്പോള് മഞ്ഞപ്പിത്തം വന്നു ,ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആക്കി,
മോന്റെ അടുത്തു തന്നെ ആക്കി വീട്ടിലേക്കു കുറച്ചു അത്യാവശ്യ സാധനങ്ങള്‍ എടുക്കാന്‍
ബൈക്കില്‍ പോകും വഴി ആണ് ,ലിജോയും തന്റെ ചേച്ചി ആന്‍സിയും അപകടത്തില്‍ മരണപ്പെടുന്നത് .
അത് തനിക്കൊരു ഷോക്ക് ആയിരുന്നു .
അങ്ങനെ തനിക്കു കിട്ടിയതാണ് അലന്‍ മോനെ ,
വീട്ടില്‍ അമ്മക്ക് വയ്യാത്തത് കൊണ്ട് താന്‍ തന്നെ ആയിരുന്നു
മോന്റെ കാര്യങ്ങള്‍ ഒക്കെ നോക്കിയത് .
അവന്‍ തന്നെ മമ്മി എന്ന് വിളിച്ചുതുടങ്ങിയപ്പോള്‍ തടുത്തില്ല,
താന്‍ പ്രണയിച്ചിരുന്ന ലിജോയുടെ മകന്‍ തന്നെ മമ്മി എന്ന് വിളിക്കും
എന്ന് ഒരിക്കല്‍ സ്വപ്നം കണ്ടിരുന്നു .
അത് അനുവതിച്ചു കൊടുത്തത് തെറ്റാണോ എന്ന് ഇന്നും അറിയില്ല.
ചിലപ്പോള്‍ തോന്നും താനല്ല അവന്റെ അമ്മയെന്ന് അവനോടു പറയാം എന്ന് ,
പലപ്പോഴും തുനിഞ്ഞതുമാണ് ,അന്നൊക്കെ തന്നെ തടഞ്ഞത് അമ്മയാണ്.
ഇന്ന് അമ്മയും ഇല്ല ,അമ്മ മരിച്ചിട്ട് രണ്ടു വര്ഷം കഴിയുന്നു.
അതിനു ശേഷം താന്‍ അപ്പച്ചനെയും കൂട്ടി തിരുവനന്തപുരത്തെക്കു പോന്നു .
ജോലിക്കും പോകാം ,അലനെ പഠിപ്പിക്കണം ,
അവനെ തന്നെ എല്പ്പിചിട്ടാണ് ലിജോയും ചേച്ചിയും പോയത് .
ചേച്ചിയോട് തനിക്കു ഒരു ദേഷ്യവും തോന്നിയിരുന്നില്ല ,
ഒരു പക്ഷെ തന്റെ പ്രണയം ചേച്ചി അറിഞ്ഞിരുന്നു എങ്കില്‍
ആ കല്യാണത്തിനു ചേച്ചി സമതിക്കില്ലായിരുന്നു ,
പക്ഷെ ലിജോയുടെ സന്തോഷമായിരുന്നു തനിക്ക് പ്രധാനം ,
കാരണം ലിജോ സ്നേഹിച്ചിരുന്നത് ചേച്ചിയെ ആണ് .,
എന്നാല്‍ ദൈവം ആയുസ്സ് മാത്രം കൊടുത്തില്ല .
'മമ്മീ ഞാന്‍ പറഞ്ഞത് ,പപ്പയെ കാണിച്ചുതാ മമ്മീ ' അലന്റെ ചോദ്യം വീണ്ടും ..
ദൈവമേ എന്ത് ചെയ്യും?
എല്ലാ രഹസ്യങ്ങളും മനസ്സില്‍ സൂക്ഷിച്ചു നടക്കുന്ന തന്റെ വിഷമം ആരു കാണാന്‍?
താന്‍ രണ്ടും കല്‍പ്പിച്ചു റൂമില്‍ ചെന്നു പൂട്ടി ഭദ്രമാക്കി വെച്ചിരുന്ന അലമാരയുടെ ലോക്കെര്‍ തുറന്നു,
ഡയറികള്‍ അടുക്കി വെച്ചിരിക്കുന്നു ,
അതില്‍ നാലാമത്തെ ഡയറിയില്‍
ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന ഫോട്ടോ ലിജോയുടെയും ചേച്ചിയുടെയും ഒരുമിച്ചുള്ളത് .
വിറയലോടെ അത് എടുത്തു ,കണ്ണുകള്‍ വീണ്ടും ഉടക്കി ലിജോയില്‍ .
ഈ ഫോട്ടോ അലന്‍ മോനെ കാണിച്ചാല്‍ ഒരു സത്യം അവനറിയും
-അവന്റെ അച്ഛന്‍ ആരാണെന്ന് - അതോടൊപ്പം ഒരു കള്ളവും- താന്‍ അവന്റെ മമ്മി അല്ലെന്നു .
താന്‍ വീണ്ടും ആശങ്കയിലായി ..,അമ്മയുടെ ശബ്ദം കാതുകളില്‍ മന്ത്രിക്കുന്നു
'നീ അവന്റെ അമ്മയല്ലെന്നു അലന്‍ മോന്‍ ഒരിക്കലും അറിയരുത് ,
അവന്‍ നിന്നെ സ്നേഹിക്കട്ടെ അമ്മയായിത്തന്നെ ,
എനിക്കറിയാം നിനക്ക് അവനെ സ്നേഹിക്കാതിരിക്കാന്‍ കഴിയില്ല എന്ന് '
ഭദ്രമായി സൂക്ഷിച്ചിരുന്ന ഡയറി കള്‍ അമ്മ വായിച്ചിരിക്കുന്നു എന്ന് അന്ന് താനറിഞ്ഞു ,
പക്ഷെ മരിക്കുവോളം അമ്മ തന്നോട് ഒന്നും ചോദിച്ചില്ല ,താന്‍ ഒന്നും പറഞ്ഞുമില്ല .
തന്റെ കൈകള്‍ നീണ്ടു മേശ പുറത്തേക്ക് ,പിന്നെ അതിന്‍ മുകളില്‍ ഇരുന്ന കത്രികയിലെക്കും ,
കത്രിക കൈയില്‍ എടുത്തു ,ആ ഫോട്ടോ നടുവേ മുറിക്കുവാനുള്ള തത്രപാടിലായിരുന്നു താന്‍ ,
പക്ഷെ കൈയും കാലും ഒക്കെ വിറക്കുന്നു
-വര്‍ഷങ്ങള്‍ക്കു മുന്‍പ് പാപ്പിചായനും ലിജോയും വീട്ടില്‍ വന്നപ്പോള്‍ ഉണ്ടായത് പോലെ -
കത്രിക കൈയില്‍ നിന്നും താഴെ വീണു.
ഇല്ല ,തനിക്കത് ചെയ്യാന്‍ കഴിയില്ല ,ചേച്ചിയെ മാറ്റി തന്നെ അവിടെ പ്രതിഷ്ടിക്കാന്‍ കഴിയില്ല .,ചേച്ചിയുടെയും ലിജോയുടെയും ആത്മാവ് തന്നോട് പൊറുക്കില്ല.
ധൈര്യം സംഭരിച്ചു ഡൈനിങ്ങ് റൂമിലേക്ക് വന്നു
അവിടെ അപ്പച്ചന്റെ മടിയില്‍ ഇരിക്കുന്നു അലന്‍ മോന്‍ .
'മോന്‍ വന്നെ,പപ്പയുടേയും മംമീടെയും ഫോട്ടോ കാണാന്‍ടെ?'
'വേണ്ട ഞാന്‍ പിണക്കമാ,എനിക്ക് മുത്തശന്‍ കാണിച്ചു തന്നല്ലോ
പപ്പയുടേയും മമ്മിടെയും ഫോട്ടോ'
പിണങ്ങിയ സ്വരത്തിലായിരുന്നു അവന്റെ മറുപടി .
കാലുകള്‍ കുഴഞ്ഞു ,തൊണ്ട ഇടറി ,അവന്‍ എല്ലാം അറിഞ്ഞിരിക്കുന്നു ..,
ആദ്യമായി ഉരുകി ഇല്ലാതെ ആകുന്നതു പോലെ തോന്നി തനിക്കു ,
തന്റെതെന്നു പറഞ്ഞ് ഇനീ അവനെ ചേര്‍ത്തുപിടിക്കാന്‍ കഴിയില്ലല്ലോ എന്ന ദുഖം ,
ഹൃദയം കീറിമുറിയുന്ന വേദന .
താന്‍ അപ്പച്ചനെ നോക്കി ,അപ്പച്ചന്‍ തന്നെയും..,
ഒരു കുറ്റവാളിയെ പോലെ താന്‍ മുഖം താഴ്ത്തി നിന്നു
പുറകില്‍ നിന്നും രണ്ടു കുഞ്ഞു കൈകള്‍ തന്നെ കെട്ടിപിടിച്ചു ,
അലന്‍ മോന്‍ .തിരിഞ്ഞു അവനെ കോരിയെടുക്കണം എന്നുണ്ട് പക്ഷെ...
അവന്‍ മുന്‍പിലേക്ക് വന്നു
'അലന്‍ മോന്റെ പപ്പാ നല്ല സ്മാര്‍ട്ട് ആണല്ലോ ,മമ്മിയെക്കാള്‍ കുറച്ചുകൂടുതല്‍'
നീട്ടിപിടിച്ച അവന്റെ കൈയിലെ ഫോട്ടോയിലേക്ക് താന്‍ പാളി നോക്കി ..,
തന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി .
ലിജോയുടെ ഇടതുവശത്ത് നില്‍ക്കുന്ന ആളെ താന്‍ വീണ്ടും വീണ്ടും നോക്കി ,
അതെ അത് താന്‍ ആണ് .,
പിന്നെ അപ്പച്ചനെയും ..,അപ്പച്ചന്‍ തന്നെ നോക്കി കണ്ണടച്ച് കാണിക്കുന്നു ..,
മുഖത്തെ പരിഭ്രമം മനസിലാക്കിയിട്ടാവും
അപ്പച്ചന്‍ പറഞ്ഞൂ 'അതെ മോളെ ഇതാ അതിന്റെ ശരി '.
ഫോട്ടോയും നെഞ്ചോടു ചേര്‍ത്ത്
സ്കൂള്‍ ബാഗില്‍ അത് വെയ്ക്കാനായി അലന്‍ സ്റ്റഡി റൂമിലേക്കോടി .
അപ്പോള്‍ മറ്റൊരു ഫോട്ടോ തന്റെ കൈകളില്‍ ഞെരിഞ്ഞമര്‍ന്നു .
പുറത്തു മഴ പെയ്തു തുടങ്ങിയിരിക്കുന്നു ..,
അന്ന് ഫെബ്രുവരി മാസത്തില്‍ പെയ്ത അതെ മഴ ..
21 Comments, Post your comment
Labels: കഥ
മക്കൾമാഹാത്മ്യം
12 Comments, Post your comment
Labels: 'കഥ', mini//മിനി
കാലന്‍
ആ കാലൊച്ചകേട്ടാണ് ഞാന്‍ മയങ്ങിയത് . സത്യം.
അയാള്‍ വരുന്നുണ്ടെന്നറിഞ്ഞ് ഞാന്‍ കണ്ണടയ്‌ക്കുകയായിരുന്നു അങ്ങനെ ഒരു ഭാഗ്യമുണ്ടെനിക്ക്,അരികില്‍ ഇരുട്ടുനിറഞ്ഞാല്‍ ഒന്നു കണ്ണടച്ചാല്‍ മാത്രം മതി എനിക്കുറങ്ങാന്‍.
അതുകൊണ്ടുതന്നെ ആ കാലൊച്ചകള്‍ എനിക്കരികിലെത്തും മുന്‍പേ ഞാന്‍ ഉറങ്ങികഴിഞ്ഞിരുന്നു.
“വിഡ്ഡിയാണ് നീ .എന്നെ , ഈ കാലനുവേണ്ടി എന്നെന്നേക്കുമായി ഉറങ്ങാന്‍ മാത്രം വിധി നിന്നോട് കരുണ കാട്ടിയിട്ടില്ല”.
ജീവിതത്തിലാദ്യമായി ഉറക്കം പാതിവഴിക്കുപേക്ഷിച്ച് ഞാന്‍ കണ്ണുതുറന്നിരിക്കുന്നു!
"തുമ്പി നക്ഷത്രം"
മഴയൊന്നൊഴിഞ്ഞ സമയം ആണ്. വെള്ളം പിടിക്കാന്‍ വെച്ച ബക്കറ്റിലേക്ക് അവസനത്തെ തുള്ളിയും വീണു.മാറി മാറി വരുന്ന ഓളങ്ങള്‍ എണ്ണി മടുത്തു ഉണ്ണിക്ക്.ബക്കറ്റും നിറഞ്ഞു തുളുമ്പാന്‍ തുടങ്ങി.
അവിടെയിവിടെയായി കാലം തെറ്റി പൂത്ത തുമ്പപ്പൂവിലും മുക്കുറ്റിയിലും ഒരു തുമ്പി പാറികളിക്കുന്നുണ്ടല്ലൊ!
പതിയെ,നനഞ്ഞ മണ്ണില്‍ കുഞ്ഞിക്കാല്‍ പതിച്ച് ഉണ്ണി തുമ്പിയെ പിടിക്കാന്‍ നോക്കുമ്പോള്‍, "അരുതുണ്ണീ,പാവം ണ്ട്.." ,അമ്മ പറഞ്ഞു.ഉണ്ണിയുണ്ടൊ കേള്‍ക്കുന്നു. പമ്മി പമ്മി ചിറകു പിടിച്ച് കല്ലെടുപ്പിക്കാ ഉണ്ണി.
വലിയ കരിങ്കല്ലില്‍ അള്ളിപിടിച്ച് തുമ്പി കഷ്ടപെടുകയാണ്.പാവം അതിനു പൊക്കാന്‍ പറ്റുന്നില്ല.ഉണ്ണിക്കു ദേഷ്യം വന്നു.
"ഈ തുമ്പിയെന്താ കല്ലെടുക്കാത്തെ-"
അവന്‍ അതിന്റെ ചിറകുപിടിച്ചു ഞെരിച്ചു. ചിറകറ്റ തുമ്പി പിടഞ്ഞു വീണു.
ഉണ്ണി ഇപ്പൊ ശരിക്കും പേടിച്ചു. മച്ചിന്റെ മുന്‍പില്‍ നാമം ചൊല്ലി ഇരിക്കുന്ന മുത്തശ്ശിയോട് അവന്‍ ചൊദിച്ചു:
"മരിച്ചാ മുത്തശ്ശീ എല്ലം നക്ഷത്രങ്ങള്‍ ആവ്വോ ?"
"ഉവ്വല്ലോ, രാത്രി നമുക്ക് കാണാലോ..."
പിന്നെയും മുത്തശ്ശി എന്തൊക്കെയോ പറയുന്നുണ്ട് .അവന്‍ എണീറ്റു പോന്നു.
അന്നു രാത്രി, ആ ഇടനാഴിയിലെ കിളിവാതിലിനപ്പുറം കറുത്ത ആകാശവും മിന്നുന്ന മിന്നാമിന്നികളേയും നോക്കി തൂണും ചാരി ഇരിക്കുമ്പോള്‍ അവന്‍ മെല്ലെ ചോദിച്ചു: "അതിലേതാ തുമ്പി നക്ഷത്രം ..?
അങ്ങനെ ഒരു അബദ്ധകാലത്ത്
പണ്ടു പണ്ടു നമ്മുടെ യുധിഷ്ധിരനും ബ്രദേസ്സും കാട്ടില്‍ ഒളിച്ചു താമസിച്ചിരുന്ന കാലം. കാടെന്നു പറഞ്ഞാല്‍ മതികെട്ടാന്‍ മലയോ മുത്തങ്ങയൊ പോലെയുള്ള കാടല്ല. നല്ല ഗംഭീകരന്‍ നിബിഡവനം. അവിടെയാണെങ്കില്‍ ഫുഡ് സപ്ലേ വളരെ കുറവ്. ഫുഡ് അടിക്കേണ്ട നേരമായാല്‍ ഭീമസേനനടക്കുമുള്ളവര്‍ മേല്‍പ്പോട്ടു നോക്കി നില്‍ക്കും. കാട്ടിലെ പഴങ്ങളെ എങ്ങനെ നമ്പാന്‍ പറ്റും? തീരെ ഹൈജീനിക്ക് അല്ലല്ലൊ. ഇനി വല്ല വിഷക്കായയും പൊട്ടിച്ചു തിന്നാല്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്യേണ്ടി വരും.
അങ്ങനെ ആകെ ഗുലുമാലില്‍പെട്ടിരിക്കുന്ന കാലത്താണു മേല്‍പറഞ്ഞ അന്യായക്കാരുടെ കോമണ്‍ വൈഫായാ മിസ്സിസ് പഞ്ചാലി സൂര്യഭഗവാനു ഒരു നിവേദനമയച്ചത്.
"അല്ലയൊ കര്‍മ്മസാക്ഷി, ഞങ്ങളുടെ സ്ഥിതി ദിവസം തോറും വഷളാവുന്നതു കണ്ട് നിങ്ങളും കേരളമുഖ്യനെ പോലെ നില്‍ക്കുകയാണൊ? പാവം ഭീമേട്ടനെ കാണാന്‍ വയ്യ. മെലിഞ്ഞു ഇപ്പോള്‍ നടരാജ് പെന്‍സില്‍ പോലെയായി.എന്തെകിലും ഡൊഡേഷന്‍ തന്നില്ലെങ്കില്‍ നാളെ ഞാന്‍ ഇന്ദ്രപ്രസ്ഥത്തില്‍ കുടില്‍ കെട്ടി സമരം ചെയ്യും. സി.കെ. ജാനുവാണേ, നിങ്ങളുടെ ഒരു മകനെ പ്രസവിച്ച കുന്തി അമ്മായിഅമ്മയാണെ സത്യം!"
ഇതൊക്കെ കേട്ടു സൂര്യന്‍ ആകെ ഞെട്ടി. പെണ്ണൊരുമ്പെട്ടാല്‍ തരൂരും തടുക്കില്ല എന്നാണല്ലോ. മാത്രമല്ല തന്‍റെ എക്സ് ഡാര്‍ലിംഗ് കുന്തി ആകെ ക്ഷീണിച്ചു പോയിരിക്കുന്നു. മൂപ്പരുടനെ ഒരു അലുമിനിയം ചെമ്പെടുത്തു പാഞ്ചാലിക്കു കൊടുത്തു.
" ആഹാ, പിച്ചച്ചട്ടി തന്നു ഞങ്ങളെ അപമാനിക്കുകയാണല്ലെ? ഞാന്‍ വനിതാ കമ്മീഷണില്‍ കേസുകൊടുക്കും" ദ്രൗപദി സൂര്യനൊടു കയര്‍ത്തു."
സൂര്യന്‍ ശബ്ദത്തിന്‍റെ 'ബാസ്' കൂട്ടിപ്പറഞ്ഞു.
" മ , മ അതു വേണ്ട, മരുമകളെ, ഇതാണ് അക്ഷയപാത്രം. ഇതില്‍ നിങ്ങള്‍ക്കു ആവശ്യമുള്ള ഭക്ഷണം കിട്ടും. പക്ഷെ നിന്‍റെ ഭക്ഷണശേഷം പാത്രം കൗണ്ടര്‍ ക്ലോസ് ചെയ്യും. പിന്നെ പച്ച വെള്ളം കിട്ടണമെങ്കില്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ പോവണം"
നീട്ടിയൊരു താങ്ക്സ് പറഞ്ഞു പാഞ്ചാലി തിരിച്ചു പോന്നു. കലണ്ടറിന്റെ പേജുകള്‍ മറിഞ്ഞു കൊണ്ടിരുന്നു.
പാണ്ഡവര്‍ അക്ഷയപാത്രം വഴി ബാലന്‍സ്ഡ് ഫുഡ് അടിക്കുന്ന വിവരം കൗരവര്‍ ഒരു ബ്രേക്കിംഗ് ന്യുസ്സായി അറിഞ്ഞു. ഭീമനൊക്കെ ഷ്വാസിനെഗറെപോലെ കാടു കുലുക്കി വിടുന്ന ന്യൂസ് കേട്ടു ദുര്യോധനന്‍ കത്തി വേഷം കെട്ടി. മൂപ്പര്‍ നേരെ ശകുനി അങ്കിളിന്റെ അടുത്തു ചെന്നു ചൂടായി.
" ഇങ്ങളെന്ത് മനുഷ്യനാ? കാട്ടില്‍ പാണ്ഡവര്‍ ഹോളിഡെ ട്രിപ്പു പോലെ അടിച്ചു പൊളിക്കുന്നു. ഞാനാണെങ്കില്‍ ഈ 'മൃഗീയവും പൈശാചികവും' ആയ ഈ അധികാരത്തിന്റെ മുള്‍കിരീടം തലയില്‍ വെച്ചു ടെന്‍ഷന്‍ എടുത്തു ആകെ ഷുഗറും പ്രഷരും വരെ ആയി.അവന്മാര്‍ക്കിട്ടൊരു പണി കൊടുക്കാനുള്ള വഴി പറഞ്ഞുതാ ശകുമാമാ"
ശകുനി മരുമകന്റെ ചെവിയില്‍ ഒരു രഹസ്യം പറഞ്ഞു. ദുര്യോധനന്‍ ഉടന്‍ പറഞ്ഞു." സന്തോഷം കൊണ്ടെനിനിക്കിരിക്കാന്‍ വയ്യേ" . അതിനു ശേഷം ആള്‍ ശാപത്തിന്റെ ഹോല്‍സെയില്‍ ഡീലര്‍ ആയ ദുര്‍വാസാവു മഹര്‍ഷിയെ വിളിച്ചു.
"അറിഞ്ഞില്ലേ, യുധിഷ്ഠിരന്‍ എല്ലവര്‍ക്കും നല്ല സദ്യ കൊടുക്കുന്നുണ്ട്. ഉപ്പുമാങ്ങേം പപ്പടൊം പായസും കൂട്ടി ഒരു ഊണങ്ങട് കഴിച്ചിട്ടു ഒരു ഉറക്കവും തരാക്കിയാല്‍ എന്താ രസം. ഇങ്ങനീം ഉണ്ടൊ ഒരു രസം?"
ഇതു മൂപ്പര്‍ക്കു ഇക്ഷ പിടിച്ചു. മൂപ്പര്‍ ഉടന്‍ തന്നെ എല്ല മുനിയാണ്ടികളെയും കൂട്ടി കാട്ടിലെക്കു മാര്‍ച്ചു ചെയ്തു.
യുധിഷ്ടിരന്‍ ദുര്‍വാസാവിനെ കണ്ടപ്പൊഴെക്കും എ ഇ ഒ യെ കണ്ട ഹെഡ് മാസ്റ്റരെ പോലെ വിരണ്ടു. പിന്നെ കാല്‍തൊട്ടു വന്ദിച്ചു " ഹൗ ആര്‍ യു ? വി ആര്‍ ഫൈന്‍! ഞങ്ങളെ അനുഗ്രഹിക്കണേ"
"ശരി, പക്ഷെ ഇപ്പൊള്‍ ഞങ്ങള്‍ വല്ലാതെ വിശന്നാണ് വന്നിരിക്കുന്നത്. വല്ലതും അകത്താക്കിയാല്‍ അനുഗ്രഹത്തിന് ഒരു ആവേശം തോന്നും. ഏതായാലും നീ ഫൂഡിനുള്ള അറെഞ്ച്‌മെന്റ് ചെയുമ്പൊഴെക്കും ഞങ്ങള്‍ ഒരു ചാക്കൊളാസ് കുളി നടത്തിയിട്ടു വരാം."
ഇതു കേട്ടു യുധിഷ്ടിരന്‍ നേരെ അടുക്കളഭാഗത്തേക്കു നോക്കി എന്നിട്ടു പറഞ്ഞു.
"പഞ്ചാല്യേ, ഒരു നൂറാള്‍ക്ക് വെജിറ്റേറിയന്‍ ഫൂഡ് വെണം. നല്ല ഭംഗിയായി ഡെക്കറേറ്റ് ചെയ്തു ലക്ഷ്മി നായര്‍ സ്റ്റയിലില്‍ വേണം ."
ഇതും പറഞ്ഞു യുധിഷ്ഠിരന്‍ ചെസ്സു കളിക്കാന്‍ പൊയി. സംഗതി കേട്ടപ്പൊള്‍ പാഞ്ചാലി ഒന്നു ഞെട്ടി. "മൈ ഗോഡ് ഞാനാണെങ്കില്‍ ഇന്നു ലഞ്ച് കഴിച്ചു പാത്രം കമിഴിത്തി ഒരു വറ്റു പോലും ഇനി അതില്‍ നിന്നും കിട്ടില്ല. ക്യാ കരേഗ?"
ഉടന്‍ തന്നെ പാഞ്ചാലി ശ്രീകൃഷണനു ഇ-മെയില്‍ അയച്ചു. " ഭഗവാനെ, ഞാന്‍ ആകെ ബേജാറിലാണ് അറിയാലൊ, ദുര്‍വ്വാസാവു ദേഷ്യപ്പെട്ടാല്‍ അങ്ങേര്‍ ശപിച്ചു നമ്മെ എതെങ്കിലും ജനാധിപത്യ രാജ്യത്തെ പ്രജകള്‍ ആക്കും. പിന്നെ തീര്‍ന്നില്ലേ...എന്തെകിലും ഒരു സൊലുഷന്‍ ? "
ഇതു കേട്ടതും കൃഷ്ണന്‍ പ്രത്യക്ഷനായി. " പാഞ്ചാലി, ഞാനും ഹംഗ്രിയാണ്. എന്തെങ്കിലും തരൂ. അല്ലെങ്കില്‍ ആ പത്രമൊന്നു കാണിച്ചു തരൂ. അതില്‍ എന്തെങ്കിലും കാണും."
"ഗൂഗിള്‍ സെര്‍ച്ചാണു സത്യം, അതില്‍ ഒന്നും ഇല്ല" പാഞ്ചാലി പറഞ്ഞു. പക്ഷെ കൃഷ്ണന്‍ പരിശൊധിച്ചപ്പോള്‍ അതില്‍ ഒരു ഇല. മൂപ്പര്‍ അതു തിന്നു നേരെ സ്ഥലം വിട്ടു
പാഞ്ചാലിക്കു ടെന്‍ഷന്‍ ആയി. ഇയാള്‍ എന്ത് പരിപാടിയാ ഈ കാണിച്ചത് എന്നു ആലോചിച്ചു തലപുകച്ചിരുന്നു. ഈ സമയം സ്വിംസൂട്ടില്‍ നിന്തിക്കളിക്കുകയായിരുന്നു ദുര്‍വ്വാസാവും അദര്‍ മുനിമാരും. പെട്ടെന്ന് അവരുടെ വയര്‍ ഭരണക്ഷി മന്ത്രിമാരുടേതു പോലെ വീര്‍ത്തു.
ദുര്‍വാസാവ് ഞെട്ടി. "ആണുങ്ങള്‍ പ്രഗ്നന്റാവേ? ഇതു ത്രേതായുഗമൊ, അതൊ കലിയുഗമോ?. ഇനി നാട്ടുകാര്‍ അറിഞ്ഞാല്‍ നാണം കെടുമല്ലൊ"
എന്നിട്ടു മൂപ്പര്‍ കൂട്ടുകാരെ നോക്കി. അവര്‍ക്കെല്ലാവര്‍ക്കും ഇതേ പ്രോബ്ലം. ഇതു സി ഐ ഐയുടെ പണി തന്നെ. നാളെ ഭാരത ബന്ദു പ്രഖ്യാപിച്ചാലോ?
വയര്‍ വരിക്കച്ചക്കപോലെ അങ്ങനെ വീര്‍ത്തു നില്‍ക്കുന്നു. സദ്യപോയിട്ട് ഒരു തുള്ളി കോള പോലും ഉള്ളില്‍ ചെല്ലില്ല.
ഇനി ഫുഡ് എന്നാല്‍ ഇമ്പൊസ്സിബിള്‍ . യുധിഷ്ഠിരനാണെങ്കില് ഊണും റെഡിയാക്കി ഇരിക്കുകയും ചെയ്യും.ആകെ ഹലാക്കിന്റെ അവിലും കഞ്ഞി ആയി.
ഒടുവില്‍ ദുര്‍വുവേട്ടന്‍ പറഞ്ഞു.
" നമുക്കു മുങ്ങാം, ബിന്‍ ലാദനേ പൊലെ, ഭോപ്പാല്‍ ആന്‍ഡേഴസണെ പോലെ......."
അപ്പോള്‍ എല്ലാം ലൈവായി കണ്ടു കൊണ്ടിരുന്ന വേദവ്യാസന്‍ പൊട്ടിച്ചിരിക്കുകയായിരിന്നു !
എപിലോഗ്ഗ് 1 : ഇതു പോസ്റ്റ് ചെയ്യുന്നതു വളരെ പേടിച്ചാണ്. കാരണം എന്‍റെ കോളെജ് മാഗസിനില്‍ മറ്റൊരാളുടെ പേരില്‍ വന്ന എന്‍റെ കഥയാണ്. മൂന്നു കഥകള്‍ ആണു ഞാന്‍ കൊടുത്തതു മാഗസിനു വേണ്ടി. ഒന്നു ആനന്ദ് ലൈനില്‍ അല്‍പം ബുജിയായി. ഒന്നു ഇതു. പിന്നെ മറ്റൊന്നു ഒരു കൂട്ടുകാരനുമായി ചേര്‍ന്നെഴുതിയ ഇംഗ്ലിഷ് കഥ.മൂന്നില്‍ ഒന്നു നിന്റെ പേരില്‍ പ്രസിദ്ധികരിക്കാം എന്നു പറഞ്ഞപ്പോള്‍ ഞാന്‍ ആന്ദിനു ഒകെ കൊടുത്തു. ഈ കഥ മറ്റൊരു സഖാവിന്റെ പേരില്‍ കൊടുക്കാട്ടെ എന്നു ചൊദിച്ചപ്പോള്‍ വിപ്ലവം മനസ്സില്‍ സൂക്ഷിക്കുന്നതു കൊണ്ടു ഞാന്‍ സമ്മതിച്ചു. മാഗ്ഗസിന്‍ ഇറങ്ങിയപ്പോള്‍ ആനന്ദ് കഥയെ ഒരു --- പോലും വായിച്ചില്ല എന്നു മാത്രമല്ല എന്‍റെ മുന്നില്‍ വെച്ചു ഈ കഥ എഴുതിയ ആളെ( നോട്ട് മീ ബട്ട് അപരന്‍ ) അഭിനന്ദിക്കുന്നതിനു സാക്ഷിയാവേണ്ടി വരുകയും ചെയ്തു .
ഇനി ആ ആള്‍ അവനാണു ഇതു എഴുതിയതു എന്നു പറഞ്ഞു മാഗസിനും പൊക്കിപ്പിടിച്ചു വന്നാല്‍? ഒരു കാര്യം കൂടി, ആ ആള്‍ അതിനുശെഷം പേന തൊടാനോ ബ്ലോഗ് വായിക്കാനോ യാതൊരു ചാന്‍സും ഇല്ലാത്തതുകൊണ്ട് ഞാന്‍ ഒരു റിസ്ക് എടുക്കുന്നു എന്നു മാത്രം. (കോപ്പി റൈറ്റ് വയലേഷന്‍ ആണ് എന്ന് തോന്നിയാല്‍ അഡ്മിന് ഇത് ഡിലീറ്റ് ചെയ്യാം )
എപിലോഗ് 2 : എന്‍റെ ബ്ലോഗില്‍ ( രവത്തില്‍ ) ഇത് ഞാന്‍ പോസ്റ്റ് ചെയതപ്പോള്‍ പുതിയ മാറിയ സാഹചര്യത്തില്‍ കൈപ്പത്തി വെട്ടും എന്നോ വേറെ വിലപ്പെട്ട ചില ഭാഗങ്ങള്‍ മുറിച്ചു മാറ്റുമെന്നോ മറ്റോ നട്ടപ്രാന്തനും മറ്റും ഭിഷണികള്‍ മുഴക്കിയിരുന്നു. ഇനി അങ്ങനെ വല്ലതും പറ്റുമോ? ദൈവമേ നീ തന്നെ തുണ !
(C) ഞാനും ആ അപരനും
വേട്ടയുടെ രീതി.
“ഠേ..”
ഇതേറു പടക്കമാണ്. പൊട്ടിയാല്‍ നല്ല ഒച്ചയും പുകയും. ബോംബാണെന്നു കരുതി ഒറ്റയൊരുത്തനും അടുക്കില്ല്ല്ല്ല.
പുറകില്‍ നിന്നോടിച്ചവരുടേയും സൈഡില്‍ ഓടിയവരുടെയും കാത്തു നിന്നവന്റേയും ഇടയിലായി കഴിഞ്ഞു “ടാര്‍ജറ്റ്”.
കാര്യങ്ങള്‍ അവനു ബോധ്യമായെന്നു തോന്നുന്നു. കൈകള്‍ ഉയര്‍ത്തി കരഞ്ഞപേക്ഷിയ്ക്കുന്നു;
“അയ്യോ..എന്നെ കൊല്ലല്ലേ.എന്റമ്മേ..”
ആദ്യത്തെ വെട്ട് കൈയ്ക്കു തന്നെയിരിയ്ക്കട്ടെ.
ശരിയ്ക്കേറ്റില്ല.
പുറകില്‍ നിന്നൊരെണ്ണം കാലു നോക്കി കൊടുത്തു.
അതു നന്നായിട്ടുണ്ട്. ഒരലര്‍ച്ചയോടെ വീണു കഴിഞ്ഞു. രണ്ടു പേര്‍ ചേര്‍ന്ന് കൈകള്‍ ചവിട്ടിപ്പിടിച്ചു. ഒരുത്തന്‍ കാലുകള്‍ ബലമായി തറയോട് ചേര്‍ത്തമര്‍ത്തി.
ഞാനവന്റെ മുഖത്തേയ്ക്കൊന്നു നോക്കി. പേടിയാണോ? യാചനയാണോ? അതോ വിധിയെ അംഗീകരിച്ചവന്റെ നിസ്സംഗതയോ?എന്തുമാവട്ടെ, ഇവന്‍ ശത്രുവാണ്..ശത്രു! ശിക്ഷയര്‍ഹിയ്ക്കുന്നവന്‍ .
ആ ശിക്ഷ നടപ്പാക്കാന്‍ എനിയ്ക്കാണവസരം..
അവന്റെ മുടിയില്‍ കുത്തിപ്പിടിച്ച് അല്പം ഉയര്‍ത്തി. ഇപ്പോള്‍ കഴുത്തു വ്യക്തമായി കാണാം. വരണ്ട പുകപിടിച്ച കണ്ണുകൊണ്ടവനൊന്നു നോക്കി. ഇനി സമയം കളയാനില്ല.
ഒറ്റവെട്ട്!
പച്ചച്ചോരയുടെ ഗന്ധം. പൂക്കുറ്റി പോലെയാണ് രക്തം ചീറ്റുന്നത്! കശാപ്പുശാലയിലെ മാടിന്റെ പിടച്ചില്‍ . തൊണ്ടയില്‍ കുരുങ്ങിയ നിലവിളിയുടെ സമ്മര്‍ദ്ദത്തില്‍ കണ്ണുകള്‍ തുറിച്ചു നിന്നു.
ശത്രുവാണ് നീ..!
പുകയടങ്ങുന്നു. വേഗം സ്ഥലം വിടണം..
വാഹനം ഇരമ്പലോടെ വന്നു നിന്നു. ചോര തുടയ്ക്കാന്‍ നില്‍ക്കാതെ ചാടിക്കേറി.
“ഹലോ..ഓപ്പറേഷന്‍ സക്സസ്. പുറപ്പെട്ടു കഴിഞ്ഞു. വണ്ടി റെഡിയാണല്ലോ അല്ലേ?”
മൊബൈലില്ലായിരുന്നെങ്കില്‍ വിഷമിച്ചു പോയേനെ. കാര്യങ്ങളൊക്കെ അപ്പപ്പോള്‍ കാതിലെത്തുന്നതു കൊണ്ട് എല്ലാം പ്ലാന്‍ ചെയ്തപോലെ കൃത്യം .
കുറ്റവാളികള്‍ക്ക് ശിക്ഷ അപ്പപ്പോള്‍ കൊടുക്കണം. കാലം തെറ്റി കൊടുത്തിട്ട് കാര്യമില്ല. ഓരോ ശിക്ഷയ്ക്കും ഓരോ സന്ദേശമുണ്ട്. അതെത്തേണ്ടിടങ്ങളില്‍ കൊള്ളുമ്പോള്‍ പതിന്മടങ്ങായി പ്രതിഫലിയ്ക്കും.
വിതയ്ക്കാന്‍ ഏറ്റവും എളുപ്പമുള്ള സന്ദേശം ഭയമാണ്. അതൊരു ചെയിന്‍ റിയാക്ഷന്‍ പോലെയാണ്. തുടങ്ങിവച്ചാല്‍ മതി. ബാക്കി, അതു ചെന്നു കൊള്ളുന്നവര്‍ ചെയ്തു കൊള്ളും. എല്ലായിടത്തുമെത്തിക്കഴിഞ്ഞാല്‍ പിന്നെ ഒരു സ്ഫോടനം..!
വാഹനം കാത്തുനില്പുണ്ടായിരുന്നു. മാറ്റാന്‍ വസ്ത്രങ്ങള്‍ ,പണം. എല്ലാം റെഡി.
ഇപ്പോള്‍ സ്പോട്ടിലെല്ലാം പോലീസായിരിയ്ക്കും. ചത്തവന്റെ ശരീരം വെട്ടിക്കൂട്ടിയ വാഴപ്പിണ്ടിപ്പോലെ കിടപ്പുണ്ടാവും.മണിയനീച്ചകള്‍ ആര്‍ത്തു തുടങ്ങിയിരിയ്ക്കും. ചോര കട്ടപിടിച്ചു തുടങ്ങിയാല്‍ ഉറുമ്പുകളുമെത്തും.
ശത്രുവിന്റെ ശവമാണത്!
ഞങ്ങളുടെ വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ അവനാര്?
അവന്റെ നാവും അവന്റെ കൈകളും ഇനി ഞങ്ങള്‍ക്കെതിരെ ചലിയ്ക്കില്ല.
ഞങ്ങളാണ് ശരി.
ഞങ്ങള്‍ മാത്രമാണ് ശരി.
കനത്ത ഇരുട്ട്. എവിടെയൊക്കെയോ ചാവാലിപ്പട്ടികളുടെ ഓലിയിടല്‍ . ദ്രവിച്ച പലകകളുടെ പഴയ ഗന്ധം. ഞാനിവിടെ ഒറ്റയ്ക്കാണ്, ഒളിവിലാണ്, അടുത്ത നിര്‍ദേശം കിട്ടുന്ന വരെ.
ഈ ഏകാന്തത ഒരു വൃത്തികെട്ട ഏര്‍പ്പാടാണ്. ചുറ്റുപാടും മുഴുകാന്‍ ഒന്നുമില്ലെങ്കില്‍ വേണ്ടാത്തതൊക്കെ മനസ്സിലേയ്ക്കു കുത്തിക്കയറും, ഹൃദയത്തിന്മേലെ കൈതകുള്ളുകൊണ്ട് വലിയ്ക്കുന്ന പോലെ.
ആ തോടു കടയ്ക്കാന്‍ ഒറ്റത്തടി പാലമാണ്. ഞാനതിലൂടെ നടക്കുകയാണ്.
അക്കരെ, കണ്ടില്ലേ ധാരാളം പേരെ?എല്ലാം ഞങ്ങളുടെ ആള്‍ക്കാര്‍ . അവര്‍ ആവേശം കൊണ്ട് ആര്‍ത്തു വിളിയ്ക്കുന്നു. ആരവം ചെവികളെ പൊതിഞ്ഞു നില്‍ക്കുകയാണ്. അവര്‍ക്കു വേണ്ടി ഒരു ശത്രുവിനെ ഇല്ലാതാക്കിയവനാണ് ഞാന്‍ . എന്നു വെച്ചാല്‍ ധീരനായ പോരാളി.
താഴേയ്ക്കു നോക്കണ്ട. തലകറങ്ങും.
“മോനേ..”
താഴെ നിന്നൊരു വിളികേട്ടോ? ഇല്ല, ഞാന്‍ താഴേയ്ക്കു നോക്കില്ല.
അക്കരെയെത്തണം. അവിടെയെത്തിയാല്‍ എന്തെല്ലാമാണെന്നെ കാത്തിരിയ്ക്കുന്നത് ! ഞാനല്പം സ്പീഡു കൂട്ടി.
പെട്ടെന്നാണൊരു വഴുക്കല്‍ .. ആ നശിച്ച വിളി വീണ്ടും.
“മോനേ..”
കാലുതെറ്റിപ്പോയി. താഴേയ്ക്കു പതിച്ചു. വായുവിലെ ശൂന്യതയില്‍ നട്ടെല്ലില്‍ നിന്നും ഒരു ആളല്‍ മുകളിലേയ്ക്കു വന്നു. തലച്ചോറില്‍ നിന്നും എന്തോ ഘനമുള്ള വസ്തു എടുത്തുമാറ്റിയ പോലൊരു ലാഘവത്വം. ഒരു തൂവല്‍ പോലെ, താരാട്ടു തൊട്ടില്‍ ആടുന്ന പോലെ, മന്ദം മന്ദം ഞാന്‍ താഴേയ്ക്കു വന്നു. ഇറുക്കിപ്പിടിച്ച കണ്ണു തുറന്നപ്പോള്‍ മുന്നില്‍ അമ്മ!
അമ്മയുടെ വിളിയായിരുന്നോ നേരത്തെ കേട്ടത് ?
“അമ്മേ.. ഇതെന്താ ഇവിടെ?”
“ഞാന്‍ നിന്നെ കാത്തിരിയ്ക്കുകയല്ലായിരുന്നോ. വിളിച്ചതു കേട്ടില്ലേ ? “
നിമിഷ നേരത്തെ അന്ധാളിപ്പിനു ശേഷം ഞാനൊന്നും മിണ്ടാതെ ആ മടിയിലേയ്ക്കു തല വച്ചു. മെലിഞ്ഞു ചുളിഞ്ഞ കൈകള്‍ കൊണ്ട് അമ്മയെന്റെ ശരീരമാകെ തലോടാന്‍ തുടങ്ങി. അപ്പോള്‍ എന്റെ ശരീരത്തില്‍ നിന്നും ചെതുമ്പല്‍ പോലെ ഓരോരോ അടുക്കുകള്‍ പൊളിഞ്ഞു വീണു. വല്ലാത്ത ദുര്‍ഗന്ധമാണവയ്ക്ക്, പച്ചച്ചോരയുടെ മനം പിരട്ടുന്ന ഗന്ധം.
എനിയ്ക്കാകെ അറപ്പു തോന്നി. “അയ്യേ ഇതും ചുമന്നാണൊ ഞാന്‍ ഇത്ര നാളും നടന്നത്?“
ചെതുമ്പലെല്ലാം അഴിഞ്ഞു കഴിഞ്ഞപ്പോള്‍ എനിയ്ക്കാകെ ചെറിയ ശരീരമേ ബാക്കിയുണ്ടായിരുന്നുള്ളു. അഞ്ചുവയസ്സായ ഒരു കുഞ്ഞിന്റെ അത്രയും മാത്രം. അപ്പോള്‍ എന്റെ കണ്ണുകളിലേയ്ക്ക് കുസൃതിയുടെ കൌതുകം കയറി വന്നു.
ചുറ്റിലും പൂമ്പാറ്റകള്‍ .. സുഗന്ധപൂക്കള്‍ . ഒത്തിരികൂട്ടുകാര്‍ . പലതരം കളികള്‍ , പാട്ടുകള്‍ .
ആകാശത്തു നിന്നും മഞ്ഞുകണങ്ങള്‍ പോലെ സ്നേഹം പൊഴിഞ്ഞു കൊണ്ടിരുന്നു. ഓരോ ഇളംകാറ്റിലും പുഞ്ചിരികള്‍ വിരിഞ്ഞു. അമ്മയുടെ വാത്സല്യം പൂനിലാവു പോലെന്നെ പൊതിഞ്ഞു നിന്നു.
“അയ്യോ..എന്നെ കൊല്ലല്ലേ..എന്റമ്മേ !”
ഞെട്ടിയെഴുനേറ്റു പോയി! പ്രാണനു വേണ്ടിയുള്ള കരച്ചില്‍ ചെവിക്കുള്ളില്‍ കിടന്നു ഗോലികളെ പോലെ വട്ടം കറങ്ങുന്നു. ഇരു കണ്ണില്‍ നിന്നും കട്ടരക്തം ചീറ്റി പുറത്തേയ്ക്കു വന്നു. തറയില്‍ നിന്നാരംഭിച്ച വിറയല്‍ മേലാകെ പടര്‍ന്നു കയറി.
മുറിഞ്ഞു വീണ കൈകള്‍ ..
അമര്‍ത്തിപ്പിടിച്ചിട്ടും കുതറുന്ന, വെട്ടു കൊണ്ട കാലുകള്‍ ...
മുടിയ്ക്കു പിടിച്ചുയര്‍ത്തിയപ്പോല്‍ തെളിയുന്ന, കഴുത്തിലെ നീല ഞരമ്പുകള്‍ ...
ദൈന്യതകൊണ്ടിറുങ്ങിയ കണ്‍പോളകള്‍ക്കിടയിലൂടെ തള്ളിയ കണ്ണുകള്‍ ..
അലര്‍ച്ചയില്‍ തുറന്നുപോയ വായില്‍, പുറത്തേയ്ക്ക് നീണ്ട നാവ്..
ഞാനോടാനാരംഭിച്ചു..
പുറകില്‍ രണ്ടു പേര്‍ . ഇരു സൈഡിലും ഓരോ ആള്‍ . മറ്റൊരാള്‍ മുന്‍പില്‍ കാത്തു നില്‍ക്കുന്നുണ്ട്. എന്റെ ഓട്ടം അവിടം വരെ. അപ്പോഴേയ്ക്കും ചുറ്റപ്പെട്ടിരിയ്ക്കും. അതാണ് വേട്ടയുടെ രീതി.
18 Comments, Post your comment
Labels: 'കഥ'
ആകാശത്തിലെത്ര നക്ഷത്രങ്ങള്‍?
10 Comments, Post your comment
Labels: കഥ
സ്വപ്നങ്ങളില്‍ പെയ്തിറങ്ങിയ തീമഴ
‘എന്ത് പറ്റി നന്ദേട്ടാ?’
‘സാര്‍, എനിക്ക് ഇന്ന് തന്നെ നാട്ടിലേക്ക് പോകണം’
നന്ദേട്ടന്‍ ചുറ്റിലും നോക്കി. എന്തോ പറയാന്‍ വിഷമിക്കുന്നു എന്ന് തോന്നിയപ്പോള്‍ ഞാന്‍ കാബിന്റെ കതക് അടച്ചിട്ടു. പിന്നെ ഒരു ഗ്ലാസ്സില്‍ തണുത്ത വെള്ളം പകര്‍ന്ന് കൊടുത്തത് ആര്‍ത്തിയോടെ അദ്ദേഹം വലിച്ചു കുടിച്ചു.
‘എന്താണ് പറ്റിയത് നന്ദേട്ടാ, ആര്‍ക്കെങ്കിലും...എന്തെങ്കിലും പ്രശ്നങ്ങള്‍...?’
‘എന്റെ, എന്റെ മോള്‍ ഒരു കടുംകൈ ചെയ്തു സാര്‍’
പൊടുന്നനെ മേശപ്പുറത്ത് വച്ചിരുന്ന കയ്യിലേക്ക് നെറ്റി ചേര്‍ത്ത് നന്ദേട്ടന്‍ വിങ്ങിപ്പൊട്ടാന്‍ തുടങ്ങി.തോളില്‍ മെല്ലെ തടവിയ എന്റെ കൈ, രണ്ട് കൈകളും കൊണ്ട് കൂട്ടിപ്പിടിച്ച് നന്ദേട്ടന്‍ പറഞ്ഞു,
‘അതിനിപ്പോള്‍ എന്താ ഉണ്ടായത്?’
ഗ്ലാസ്സിലിരുന്ന വെള്ളം ഒറ്റവലിക്ക് നന്ദേട്ടന്‍ കുടിച്ചു തീര്‍ത്തു.
‘സാറിനോട് ഞാനിപ്പോ എന്താ പറയുക. മോള്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പത്താം ക്ലാസ്സ് പാസ്സായപ്പോഴാണ് പ്രശസ്തമായ ഒരു സ്കൂളില്‍ സയന്‍സ് ഗ്രൂപ്പ് എടുത്ത് പ്ലസ് വണില്‍ ചേര്‍ത്തത്. ഞങ്ങളുടെ പ്രതീക്ഷ പോലെ അവള്‍ പഠിക്കുകയും ആദ്യ വര്‍ഷം നല്ല മാര്‍ക്ക് വാങ്ങുകയും ചെയ്തതോടെ സ്വപ്നങ്ങള്‍ ഒക്കെ പൂവിടുന്ന സന്തോഷത്തിലായിരുന്നു സാര്‍ ഞങ്ങള്‍’.
‘പിന്നെ എന്ത് സംഭവിച്ചു?’
‘സയന്‍സിന് ട്യൂഷന്‍ വേണമെന്ന് പറഞ്ഞപ്പോഴാണ് അടുത്തുള്ള പോസ്റ്റ്ഗ്രാഡുവേഷനൊക്കെ കഴിഞ്ഞ ഒരു പെണ്‍കുട്ടിയെ തരപ്പെടുത്തിയത്. അവള്‍ വീട്ടില്‍ വന്ന് ക്ലാസ്സെടുക്കാം എന്ന് പറഞ്ഞപ്പോള്‍ ഏറെ സന്തോഷമായി.’
‘ആദ്യമൊക്കെ നല്ല രീതിയില്‍ തന്നെയായിരുന്നു ട്യൂഷന്‍. പിന്നെ പിന്നെ ട്യൂഷന്‍ സമയത്ത് അവര്‍ കതകൊക്കെ അടച്ചിടാന്‍ തുടങ്ങി. അതെന്തിനാണെന്ന ഭാര്യയുടെ ചോദ്യത്തിന് പഠിത്തത്തിന് ശല്യമുണ്ടാകാതിരിക്കാനാണെന്ന മറുപടിയാണ് മോള്‍ കൊടുത്തത്’‘.
നന്ദേട്ടന്റെ മനോവ്യഥ മുഴുവന്‍ ആ മുഖത്ത് പ്രതിഫലിക്കുന്നത് കണ്ടപ്പോള്‍ ഒന്നും ചോദിക്കന്‍ തോന്നിയില്ല. അദ്ദേഹം തുടര്‍ന്നു പറഞ്ഞുകൊണ്ടേയിരുന്നു.
‘പിന്നെ, അടച്ചിട്ട കതകിന് പിന്നിലെ കളിചിരികള്‍ കൂടി വന്നപ്പോഴാണ് ഒരു ദിവസം ഭാര്യ അതിനേക്കുറിച്ച് ചോദിച്ചത്. ഒരല്പം ദേഷ്യത്തിലായിരുന്നു മോള്‍ പ്രതികരിച്ചത് - “പിന്നെ എപ്പോഴും മിണ്ടാതിരുന്നു പഠിക്കാന്‍ പറ്റുമോ അമ്മെ“ എന്ന്.’
‘പിന്നെയാണ് സാറേ, ഒരു ദിവസം ആ മുറിയിലെ അടക്കിപ്പിടിച്ച സംസാരമൊക്കെ കേട്ട് അവള്‍ ചെന്ന് നോക്കുമ്പോള്‍ ലോകത്ത് ഒരമ്മയും കാണാന്‍ ആഗ്രഹിക്കാത്ത ഒരു കാഴ്ച കണ്ടത്. രണ്ട് പെണ്‍കുട്ടികളും കൂടി മോളുടെ ബെഡ്ഡില്‍ ... പരിസരബോധം മറന്ന് ഒന്നായി ...!‘
‘സഹിക്കാന്‍ കഴിയാതെ അവള്‍ മോളേ വഴക്ക് പറയുകയോ, അടിക്കുകയോ ഒക്കെ ചെയ്തു. ട്യൂഷനും നിര്‍ത്തി. ഞാനറിഞ്ഞാല്‍ ദേഷ്യപ്പെടുമോ, വിഷമിക്കുമോ എന്നൊക്കെ കരുതിയാവണം അവള്‍ ഇതൊന്നും എന്നെ അറിയിച്ചില്ല സാറേ’.
‘ഇപ്പോള്‍ രണ്ട് ദിവസം മുമ്പ് സ്ക്കൂളില്‍ നിന്നും പ്രിന്‍സിപ്പാള്‍ വിളിച്ച് പറഞ്ഞപ്പോഴാണ് അറിഞ്ഞത് മോള്‍ പല ദിവസവും സ്കൂളില്‍ ചെല്ലാറില്ലെന്ന്. പിന്നെ അന്വേഷിച്ചപ്പോഴറിഞ്ഞു അവള്‍ മിക്ക ദിവസവും നേരേ പോകുന്നത് ട്യൂഷന്‍ ടീച്ചറുടെ വീട്ടിലേക്കാണെന്ന്.‘
‘ഇന്നലെ ഭാര്യ ഇത് വിളിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ ആകെ തകര്‍ന്ന് പോയി സാറേ. ആറ്റ് നോറ്റ് വളര്‍ത്തിയ മോള്‍... എങ്ങനെ സഹിക്കും ഞാന്‍. ആ ദേഷ്യത്തിന് മോളേ ഫോണ്‍ വിളിച്ച് വായില്‍ വന്നതൊക്കെ പറഞ്ഞു. ഇങ്ങനെയായാല്‍ പഠിപ്പ് നിര്‍ത്തും എന്നൊക്കെ ഞാന്‍ പറഞ്ഞു സാറേ. ഇനി ആ ടീച്ചറേ കാണാന്‍ പോയാല്‍ വീട്ടില്‍ നിന്ന് പുറത്ത് വിടില്ല എന്നും ആ ദേഷ്യത്തില്‍ പറഞ്ഞ് പോയി...
നന്ദേട്ടന്‍ ഒരു നിമിഷം നിശ്ശബ്ദനായി.
‘എല്ലാം എന്റെ മോള്‍ കേട്ട് നിന്നതേയുള്ളു. എല്ലാം നേരെയാകും എന്ന് ആശ്വസിച്ചതായിരുന്നു. പക്ഷെ എന്റെ കുഞ്ഞ്, രാത്രി എല്ലാവരും കിടന്നപ്പോള്‍ ബ്ലേഡ് കൊണ്ട് കൈ മുറിച്ചു സാര്‍, സമയത്തിന് കണ്ടത് കൊണ്ട് എന്റെ മോള്‍ ...’
നന്ദേട്ടന്‍ വീണ്ടും പൊട്ടിക്കരയാന്‍ തുടങ്ങി. അടുത്ത് ചെന്ന് മെല്ലെ തോളില്‍ തട്ടി,
‘നന്ദേട്ടാ, ഇന്ന് തന്നെ നാട്ടില്‍ പൊക്കോളൂ. ടിക്കറ്റിനും മറ്റും വേണ്ട ഏര്‍പ്പാടുകള്‍ ഞാന്‍ ചെയ്തോളാം. പിന്നെ, നാട്ടില്‍ ചെന്നാല്‍ മോളോട് ദേഷ്യവും, പരിഭവവും ഒന്നും കാണിക്കരുത്. എല്ലാവരും പഴയ സ്നേഹത്തോടെ തന്നെ അവളോട് പെരുമാറണം. മുറിവ് ഒക്കെ കരിഞ്ഞ് കഴിയുമ്പോള്‍ ഒരു നല്ല കൌണ്‍സിലറെ കാണിക്കണം. എല്ലാം ശരിയാവും നന്ദേട്ടാ.’
ഒന്നും മിണ്ടാതെ തലയാട്ടിയതേയുള്ളു നന്ദേട്ടന്‍. പിന്നെ കാബിന്‍ ഡോര്‍ തുറന്ന്, തല താഴ്ത്തി എല്ലാം തകര്‍ന്നവനേപ്പോലെ ആ പാവം മനുഷ്യന്‍ നടന്ന് പോകുന്നത് വല്ലാത്തൊരു അസ്വസ്ഥതയോടെ നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ.
കാമുകി
“ഞാന്‍ പ്രണയിക്കുകയായിരുന്നു നിന്നെ, ഇത്രയും കാലം, സത്യം”
കാമുകനെ കാത്തിരിക്കുന്ന ഒരു പ്രണയലേഖനം, ഇരുപതു വര്‍ഷങ്ങള്‍ക്കിപ്പുറവും ആ പുസ്തകത്താളില്‍ അനക്കമില്ലാതിരിക്കുന്നു!
അത്ഭുതമായിരുന്നു എനിക്ക്, ഇത്രയും കാലം ആ പ്രണയലേഖനം ഈ പുസ്തകതാളില്‍ ഒരുവിരല്‍ സ്പര്‍ശം പോലുമേല്‍ക്കാതെ കിടന്നതില്‍.
ഞാന്‍ പുറംചട്ട ഒന്നു കൂടി മറിച്ചുനോക്കി, അതെ ,അതുതന്നെ ഞാന്‍ വായിക്കാനേറെ കൊതിച്ചിരുന്ന ‘ഖസാക്കിണ്റ്റെ ഇതിഹാസം’.
പിന്നെ എണ്റ്റെ ഉള്ളില്‍ ഒരു ചോദ്യമായിരുന്നു,
‘ഇരുപതു വര്‍ഷത്തിനിടയില്‍ ഈ ലൈബ്രറിയില്‍ വിശപ്പടക്കാന്‍ വന്നവരില്‍ ഒരാള്‍ പോലും ഈ പുസ്തകം മറിച്ചുനോക്കാതെ പടിയിറങ്ങിയതെന്തേ?’
തെറ്റാണ് ,മറ്റൊരാളുടെ പ്രണയലേഖനം വായിക്കുന്നത്.
പക്ഷെ , ഇന്നേവരെ ഒരു പ്രണയലേഖനം പൊലും എന്നെ അഭിസംഭോധന ചെയ്തിട്ട് ഇറങ്ങിയിട്ടില്ലാത്തതിനാല്‍ ഒരു കൌതുകം, ഞാന്‍ വായിച്ചുതുടങ്ങി.
“ഞാന്‍ പ്രണയിക്കുകയായിരുന്നു നിന്നെ, ഇത്രയും കാലം,സത്യം. നീ എനിക്ക് പിന്നില്‍ നിണ്റ്റെ പ്രണയം വെളിപെടുത്തിയ നിമിഷം മുതല്‍,ഞാന്‍ അതിലേറെ പ്രണയം എന്റെ മനസ്സിലൊളിച്ചുവെച്ചു.
നിണ്റ്റെ ഹൃദയം മിടിക്കുന്നത് എനിക്ക് വേണ്ടിയാണെന്ന് നീ പറഞ്ഞപ്പോഴും ,എണ്റ്റെ ഹൃദയസ്പന്ദനം നീ കേള്‍ക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു.
ഇന്ന്,കോളേജ് ജീവിതത്തിലെ ഈ അവസാന ദിനത്തില്‍ ,ഞാന്‍ നിന്നോട് ഈ പുസ്തകം വായിക്കാന്‍ പറഞ്ഞാലുടന്‍ നീയിതു തേടി വരുമെന്നെനിക്കറിയാം. നേരിട്ടു പറയാന്‍ വയ്യാത്തതുകൊണ്ടാണ്.
ഈ പ്രണയകാവ്വ്യത്തിലെ കോടാനുകോടി വാക്കുകളെ സാക്ഷിനിര്‍ത്തി, നീ കൊതിച്ച ആ വാക്ക് നിണ്റ്റെ കാമുകിയിതാ പറയുന്നു.
“എനിക്കിഷ്ടമാണ്”, വൈകുന്നേരം കോളേജിലെ ദേവദാരുവിന് കീഴില്‍ ഞാന്‍ കാത്തിരിക്കുന്നുണ്ടാവും” .
എന്ന് നിണ്റ്റെ സ്വന്തം കാമുകി.”
അവള്‍ ഒളിപ്പിച്ചുവെച്ച പ്രണയം ,അവനീ നിമിഷം വരെയും അറിഞ്ഞിട്ടില്ല. ഉണ്ടെങ്കില്‍ അതിവിടെ കാണുമായിരുനില്ല.
തിരിച്ചുകിട്ടാത്ത പ്രണയം സൂക്ഷിക്കുന്ന അവണ്റ്റെ ഹൃദയം പോലെ, അവസാന നിമിഷം വെളിപ്പെടുത്തിയ പ്രണയത്തിന് ഉത്തരം കിട്ടാതിരിക്കുന്ന അവളുടെ ഹൃദയം പൊലെ ,എണ്റ്റെ ഹൃദയവും വിങ്ങി.
“എന്താ?” ഒരു ചിരിയോടെ ലൈബ്രേറിയന്‍ ചോദിച്ചു.
“ഒരു കത്ത് ,ഈ പുസ്തകത്തിനുള്ളില്‍”.
“കത്തല്ല, പ്രണയലേഖനം അല്ലേ?”. ഞാന്‍ തലയാട്ടി.
“അതെടുക്കണ്ട,അവിടെയിരുന്നോട്ടെ ,വര്‍ഷങ്ങളായി അതവിടെയിരിക്കുകയാണ് .
“അപ്പോ, ഇതുവരെയാരും?”
ആ പുസ്തകത്തിണ്റ്റെ അവസാനം നോക്ക്”. ഇരുപതുവര്‍ഷങ്ങള്‍ക്കിടയില്‍, പലപ്പോഴായി ആശംസയെഴുതി തിരികെ വെച്ച മുന്നൂറ്റിയമ്പത്തിയെട്ടു പേരുകള്‍!
എണ്റ്റെ ചൊദ്യത്തിനുള്ള ഉത്തരം അക്കമിട്ട് നിരത്തിയിട്ടുണ്ടായിരുന്നു,358.
“നിന്നെ പോലെ ഈ പുസ്തകം വായിക്കാന്‍ കൊതിച്ച് വന്ന ഇവരാരും തന്നെ ഈ പുസ്തകമെടുത്തിട്ടില്ല. വിങ്ങുന്ന മനസ്സും ,വിറക്കുന്ന വിരലുകളുമായി ആശംസ എഴുതി തിരികെ വെച്ചു, ഞാനടക്കം, മുന്നൂറ്റിയമ്പത്തിയെട്ട് വ്യക്തികള്‍! വര്‍ഷങ്ങളായി ആ പ്രണയലേഖനം കാത്തിരിക്കുകയാണ്,അവളുടെ കാമുകനെ”. ലൈബ്രേറിയന്‍ തിരിഞ്ഞുനടന്നു.
ഞാന്‍ ആ ഒരിക്കല്‍ കൂടി നോക്കി. എനിക്ക് കേള്‍ക്കാം, ആ പ്രണയലേഖനത്തിലെ ഓരോ വാക്കുകളിലുമുള്ള ആ കാമുകിയുടെ ഹൃദയമിടിപ്പുകള്‍.
“പ്രണയം ,നിശബ്ദയാണ് ,പങ്കുവെക്കാന്‍ വാക്കുകളോ ,സ്വപ്നങ്ങളോ ,നിമിഷങ്ങളോ ഇല്ലാതെ തന്നെ വാചാലമാകുന്ന നിശ്ബ്ദത”
പ്രണയ സാക്ഷാത്കാരം നേര്‍ന്നുകൊണ്ട്,
359. ദീപുപ്രദീപ്
20/09/2009