രാഖി സാവന്ത് എങ്ങനെ ഒരു കുടുംബം നടത്തികൊണ്ടു പോകുന്നു എന്നു കാണിക്കുന്ന റിയാലിറ്റി ഷോ കാണുന്നതിനിടെയാണ് ഫാത്തിമ വന്നത്.ലിപ് സ്റ്റിക്കും തിളക്കമുള്ള മുടിപ്പിന്നുമൊക്കെയായി.
‘മൈലി?’
മൈഥിലി എന്നാണെന്റെ പേരെന്നു തിരുത്താതെ തന്നെ ഞാനവളെ അകത്തേക്കു വിളിച്ചു.
മൈഥിലി എന്നാണെന്റെ പേരെന്നു തിരുത്താതെ തന്നെ ഞാനവളെ അകത്തേക്കു വിളിച്ചു.
മുൻപ് അവളുടെ അബ്ബാജിയോടായിരുന്നു,ഞാന്റെ പേരുപറഞ്ഞത്.
ലിഫ്റ്റിൽവെച്ച് മീനാക്ഷിയോട് അയാൾ വർത്തമാനം പറയാറുണ്ട്.എനിക്ക് ഹിന്ദി കുറേയൊക്കെ അറിയാമെന്നു മനസ്സിലായപ്പോൾ വീട്ടിൽ തനിച്ചിരുന്ന് ബോറടിക്കുന്ന മകന്റെ ഭാര്യയെ എന്റെയടുത്തയക്കാമെന്നു അയാൾ പറഞ്ഞിരുന്നു.
പാകിസ്ഥാൻ പഞ്ചാബിലാണ് അവരുടെ വീട്.പതിനഞ്ച് വയസ്സ്.ഉറുദു വായിക്കാനറിയാം.ഹിന്ദി സംസാരിക്കാനും.
പുതിയ രാമായണം ടിവി സീരിയലിൽ രാമനായി അഭിനയിച്ച ഗുർപ്രീതിനെ റിയാലിറ്റി ഷോയ്ക്കിടെ ‘പണ്ഡിറ്റ്’ എന്നുപറഞ്ഞ് തിരിച്ചറിഞ്ഞപ്പോൾ എനിക്കു കൗതുകം തോന്നി.
പിന്നിട് പലപ്പോഴായി ഫാത്തിമ എന്റെ വീട്ടിൽ വന്നു.
‘എല്ലാവർക്കും വിദ്യാഭ്യാസം കിട്ടുന്ന, സമാധാനമുള്ള ഇന്ത്യ’യെക്കുറിച്ച് അവൾ വളരെ താല്പര്യത്തോടെ സംസാരിച്ചു.
ചിലരുടെ അറിവില്ലായ്മയും വിദ്വേഷവും കൊണ്ട് സമാധാനം നഷ്ടപ്പെട്ട സ്വന്തം നാടിനെക്കുറിച്ച് ഭയപ്പെട്ടു.
വിഷമിച്ചു.
എനിക്കുമറിയാമായിരുന്നു.
കാരണം മുൻപു താമസിച്ചിരിരുന്നിടത്തും ഒരു പാകിസ്ഥാനി കുടുംബമുണ്ടായിരുന്നു..
ഇന്ത്യക്കാരോടുള്ള വെറുപ്പ് ഓരോ ചെറിയ കാര്യത്തിലും അവർ കാണിച്ചു കൊണ്ടേയിരുന്നു.
അന്ന് നടക്കാൻ പഠിച്ചു തുടങ്ങിയ മീനാക്ഷിയെ ഉപദ്രവിക്കാൻ കൂടി തുടങ്ങിയപ്പോഴാണ് 'എലിയെ പേടിച്ച് ഇല്ലം ചുടുക' എന്ന യുദ്ധതന്ത്രം സ്വീകരിച്ച് ,കൂടുതൽ വാടക കൊടുത്താണെങ്കിലും, ഇങ്ങോട്ട് താമസം മാറ്റിയത്.
അപ്പോഴൊക്കെ ഒരു രാജ്യത്തെ തന്നെ വെറുത്തു പോയിരുന്നു.
ആ വെറുപ്പാണ് പഠിപ്പില്ലാത്ത ഈ പെൺകുട്ടി മാറ്റിയെടുത്തിരിക്കുന്നത്.
ബുദ്ധിയും വിവരവും ഉള്ള പെൺകുട്ടി.
ഹിന്ദി സിനിമയെക്കുറിച്ച് സംസാരിക്കാനായിരുന്നു അവൾ ഏറെ ഇഷ്ടപ്പെട്ടത് ഏറ്റവും പുതിയ ഗോസിപ്പുകകൾ അവളെനിക്ക് എത്തിച്ചു തന്നു.
അത് സാനിയ മിർസയുടെ വിവാഹ വാർത്ത ചൂടു പിടിച്ച സമയം. 'എന്റെ അനിയത്തികുട്ടി എതോ ഒരുത്തന്റെ കൂടെ പോകാൻ തീരുമാനിച്ചതു' പോലെയാണ് ഫാത്തിമ അതിനോട് പ്രതികരിച്ചത്.
ഞാൻ ചിരിച്ചു പോയി.അല്ലെങ്കിൽ അവളുടെ എല്ലാ കുട്ടിത്തങ്ങളും ബോളിവുഡ് സ്വപ്നങ്ങളും ഗൗരവത്തോടെ കേട്ടിരിക്കാറാണ് പതിവ്.
അങ്ങനെയാണ് കല്യാണത്തെക്കുറിച്ചും അലിയെക്കുറിച്ചും അവൾ സംസാരിച്ചു തുടങ്ങിയത്.
അലി, ഫാത്തിമയുടെ ഭർത്താവ്.
മീനാക്ഷിയെ സ്കൂൾ ബസ്സിൽ കയറ്റിതിരിച്ചു വരുമ്പോഴൊക്കെ ഞാനയാളെ കാണാറുണ്ട്.അയാളുടെ പുതിയ സീരീസ് ലെക്സ്സസിനെപ്പറ്റി ഞാനും റാമും കുശുകുശുക്കാറുമുണ്ട്.
പക്ഷെ അലിയെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയപ്പോഴേക്ക്
ഫാത്തിമയുടെ പ്രസന്നത നഷ്ടപ്പെടുന്നതുപോലെ തോന്നിയെനിക്ക്.
അലി ഫാത്തിമയുടെ സഹോദരന്റെ ഭാര്യാസഹോദരനാണ്.
പലപല തലമുറകളായി ,നാട്ടുനടപ്പനുസരിച്ച്,അവരെല്ലാവരും പരസ്പരം ഇങ്ങിനെ കെട്ടിയിട്ടവരാണെന്ന് എനിക്ക് മനസ്സിലായി.ആരെങ്കിലും ഒരാളുണ്ടാക്കുന്ന ചെറിയ അസ്വസ്ഥത പോലും എല്ലാവരിലും പ്രശ്നങ്ങളുണ്ടാക്കുമെന്നും.
‘എന്നാലും അലിക്ക് ഫാത്തിമയെ ഇഷ്ടമല്ലെ’എന്ന് ഞാൻ ചോദിച്ചു.
‘ഇഷ്ടമാണ്..പക്ഷെ എപ്പോഴും തിരക്കാണ്..പുറത്തുകൊണ്ടുപോകാനും സംസാരിക്കാൻ പോലും സമയമില്ലാത്തത്ര തിരക്ക്.’
അത് പെണ്ണുങ്ങളുടെ ഇടയിൽ പുതിയ കാരണമൊന്നുമല്ലല്ലൊ എന്ന ചിരി എന്റെയുള്ളിൽ നിറഞ്ഞു.
റാം പറയുന്നതുപോലെ ‘ഇതാണ് ചില പെണ്ണുങ്ങളുടെ സ്വഭാവം..ഒന്നു കൂടിക്കഴിഞ്ഞാൽ ഭർത്താക്കന്മാരെ കുറ്റം പറയാൻ തുടങ്ങും....’(‘ കണ്ണുകൊള്ളാതിരിക്കാനല്ലേ ’ എന്ന സ്നേഹമുള്ള മറുപടി അതിന് എന്റെ പക്കലുണ്ട്.)
'കല്യാണം കഴിഞ്ഞതല്ലെയുള്ളൂ.കുട്ടിയുണ്ടാകുമ്പോൾ ഈ മടുപ്പെല്ലാം തനിയെ മാറില്ലെ ' എന്നു ഞാൻ ഓർമ്മിപ്പിച്ചു.
അതിന് അവൾ മറുപടി പറയുകയില്ലെന്നാണ് ഞാൻ കരുതിയത്.
പക്ഷെ രാത്രി വൈകിവന്നു പുലരുവോളം ഉറങ്ങി എഴുന്നേറ്റ് പോകാറുള്ള അലിയെ കുറിച്ചാണവൾ പറഞ്ഞത്.
വായ തുറന്ന് പിടിച്ച് വൃത്തികെട്ട ഉറക്കം.
സംസാരം പതിവു തെറ്റുന്നെന്ന് ഞാനമ്പരന്നു.
അയാളവളെ തൊടുന്നതുപ്പോലും കണ്ണടച്ചുപിടിച്ച് തണുത്ത വിരലുകൾ കൊണ്ടാണത്രേ.
വിളറിയ പൂച്ചയെപ്പോലെ അലിയുടെ മുഖം എനിക്ക് ഓർമ്മ വന്നു.
‘നമുക്ക് പിന്നെ സംസാരിക്കാ’മെന്ന് പറഞ്ഞ് ഞാൻ എഴുന്നേറ്റു.
പതിവുപോലെ‘ വീണ്ടും വരണേ’ എന്ന് പറയാൻ മറന്നുപോകുകയും ചെയ്തു.
അതുകൊണ്ടാണോ എന്നറിയില്ല ഫാത്തിമ പിന്നിട് എന്റെ വീട്ടിലേക്കു വന്നില്ല.
സിനിമാഗൊസിപ്പുകളുടെ പുതുമ കുറഞ്ഞ് തുടങ്ങിയപ്പോഴാണ് റാം അതിനെക്കുറിച്ച് ചോദിച്ചത്.
വരാറില്ലെന്ന് പറഞ്ഞു.
കാരണം പറഞ്ഞതുമില്ല.
പിന്നീട് റാമിനെ ധിക്കരിക്കാൻ വയ്യെന്നോർത്താണ് ഫാത്തിമയുടെ വീട്ടിലെക്കു പോകാമെന്നു വെച്ചത്.
എന്റെ ബാൽക്കണിയും അവളുടെ അടുക്കളയും അടുത്തടുത്താണെങ്കിലും മുൻവശത്തെ വാതിലുകൾ തമ്മിൽ ദൂരമുണ്ടായിരുന്നു.
ഞങ്ങളുടെ ബിൽഡിങ്ങിലെ ഏറ്റവും വലിയ ഫ്ലാറ്റുകളിലൊന്ന്.
ബോളിവുഡിലേക്കു പോകുന്നതിന്റെ തയ്യാറെടുപ്പുകൾ ഞാൻ നടത്തിയിരുന്നു.
വാതിൽ തുറന്നത് ഫാത്തിമ തന്നെ.
‘മൈലി ’
‘എന്റെ പേര് മൈഥിലി ‘ ഞാനാദ്യമായി അവളെ തിരുത്തി.
’മൈഥിലി നല്ല പേര് ‘
പരിചയപ്പെട്ടു തുടങ്ങുന്നവരുടെയിടയിൽ വിഴുങ്ങിപോകാറുള്ള വാക്കുകളിൽ നിന്ന് രക്ഷപ്പെടണമെനിക്കെന്നു തോന്നി.
’ചേച്ചിയാണോ?‘ അവിടെയിരുന്ന പഴകിയ പുസ്തകത്തിൽ വെച്ച ഫോട്ടോ നോക്കി ഞാൻ ചോദിച്ചു.
’ചേച്ചിയല്ല.അമ്മായി.ടീച്ചറാണ്.ഇത് അവർ തന്നപുസ്തകമാണ്.ഖുറാനെക്കുറിച്ച്...എനിക്ക് അമ്മായിയെപ്പോലെ ആകണമെന്നുണ്ടായിരുന്നു.‘
ഈ അടച്ചിട്ട വലിയ മുറിക്കുള്ളിൽ പകൽ മുഴുവനും ഒറ്റയ്ക്കിരിക്കുന്ന ചെറിയ പെൺകുട്ടിയുടെ ന്യായമായ സ്വപ്നം.
എന്റെ മനസ്സ് വല്ലാതാകുകയായിരുന്നു.
അതിനിടെയിലേക്കാണ് അയാൾ വന്നത്.
’ആലം..അലിയുടെ സഹോദരൻ‘
മുഖം നിറയെ രോമം നിറഞ്ഞ അയാൾ മുട്ടിലിഴയുകയായിരുന്നു.ബുദ്ധിസ്ഥിരതയില്ല അയാൾക്കെന്ന് എനിക്കു മനസ്സിലായി.
മാളത്തിൽ നിന്ന് ഓടിപോകാൻ വഴിയില്ലാതെ ഒരു എലി അവിടെയെവിടെയൊ ഉള്ളതായി എനിക്ക് തൊന്നി, വെള്ളം കുടിച്ച് വീർത്ത് ചാകാറായ വലിയ ഒരു പെരുച്ചാഴി.
പെട്ടന്ന് വെളിച്ചം ഇല്ലാതായതു പോലെ എനിക്ക് തോന്നി.
രതിമധ്യത്തിൽ എഴുന്നേറ്റു പോകുന്നവന്റെ സ്പർശനം കൊണ്ട് തണുത്തുപോയ അവളെ ഉപേക്ഷിച്ച് ഓടണമെന്നും.
ഫാത്തിമയുടെ മുഖത്ത് പക്ഷെ ഭയമൊന്നും കണ്ടില്ല.
ശീലം കൊണ്ട് നേടിയ നിർവ്വികാരത തൊലിപോലെ അവളെ പൊതിഞ്ഞു സൂക്ഷിക്കുകയാണോ എന്ന് ഞാൻ മനസ്സിലോർത്തു.
ആലത്തിന്റെ ശബ്ദം കേൾക്കുകയോ അയാൾ മുട്ടിലിഴയുന്നത് കാണുകയോ ചെയ്യാതെ ഷാഹിദ് കപൂറിന്റെ ചിരിയെക്കുറിച്ചും നൃത്തത്തെക്കുറിച്ചും എന്തോ പറഞ്ഞു ചിരിച്ചു.അവളുടെ പുതിയ കാതിൽ നന്നായിട്ടില്ലേ എന്നന്വേഷിച്ചു.
ഒരു തരത്തിൽ നല്ലത് അതു തന്നെയാണ്: ഒരു ബോളിവുഡ് സിനിമയുടെ സെറ്റിലാണെന്നു കരുതി ഓരോ നിമിഷവും ജീവിയ്ക്കുക, എല്ലാം കുറച്ചു നേരത്തേക്കുള്ള അഭിനയം മാത്രമാണെന്ന് സ്വയം വിശ്വസിപ്പിച്ച് ശീലിക്കുക.
വെളിച്ചത്തിനും ഇരുട്ടിനും ഇടയിലുള്ള അഭിനയം.
വീണ്ടും അവളെനിക്കൊരു പാഠം പറഞ്ഞു തന്നിരിക്കുന്നു.
ഇരുട്ടിൽ നിന്ന് വെളിച്ചം കാണേണ്ടതെങ്ങനയെന്ന പാഠം.
July 04, 2010
ലിഥി

10 Comments, Post your comment:
ജീവിതം എനിക്ക് നല്‍കാത്തത്
സ്വപ്നങ്ങളിലൂടെ ഞാന്‍ നേടും
സ്വപ്നങ്ങള്‍ നഷ്ടമാവുന്ന അന്ന്
എനിന്നെന്നെ നഷ്ടമാകും
ഇഷ്ടപ്പെട്ടു...ശരിക്കും
ഇഷ്ടമായി, നല്ല കഥ.
പുതുമയുള്ള ഒരു സന്ദര്‍ഭം നന്നായി വരച്ചു കാട്ടിയിരിയ്ക്കുന്നു.
ആശംസകള്‍!
rewriting nannaayirikkunnu..
su
“വിളറിയ പൂച്ചയെപ്പോലെ അലിയുടെ മുഖം എനിക്ക് ഓർമ്മ വന്നു.“
ഇങ്ങനെ തന്നെയാണോ എഴുതാനുദ്ദേശിച്ചത്?
കഥയില്‍ വേറെ ചില വഴികള്‍ക്ക് ഇത് കാരണമാകുന്നുണ്ടോ?
“പൂച്ചയപ്പോലെയുള്ള” എന്നാണോ?
താങ്കള്‍ നല്ലൊരു കഥയാണെഴുതിയത്.
എഴുത്തും നന്നായി.അഭിനന്ദനങ്ങള്‍
മുന്‍പ് വായിച്ചിരുന്നു
അന്ന് അവസാന ചില വരികള്‍ ഇല്ലായിരുന്നു എന്നാണോര്‍മ്മ
nannaayi paranju..
nannaayi varacha oru chithram ... pakshe colourukal onnu koodi inakkaamayirunnu ennu thonni :)
keep t up
@മൈലാഞ്ചി,തെച്ചിക്കോടന്‍, ബിജുകുമാര്‍ ആലക്കോട് ,രാജേഷ് ചിത്തിര, സ്നേഹപൂര്‍വ്വം ശ്യാമ:
വായനയ്ക്ക് നന്ദി
@suchand,hashim bhai
rewriting thanne aayirunnu...
കൂട്ടിച്ചേർക്കലോടെയുള്ള പുനരെഴുത്ത്.രണ്ടാം വട്ട വായനയ്ക്ക് നന്ദി.
@സമാന്തരന്‍
തിരുത്തണമെന്നുണ്ടെങ്കിലും അതൊരു ജന്മവൈകല്യം പോലെ അവിടെത്തന്നെ കിടക്കട്ടെ എന്നു കരുതി.അടുത്ത തവണ കൂടുതൽ ശ്രദ്ധയോടുകൂടി വാക്കുകൾ ഉപയോഗിക്കാം.
വായനയ്ക്ക് നന്ദി.
കൂടുതല്‍ എഴുതാന്‍ സാധിക്കട്ടെ . ഭാവുകങ്ങള്‍ ...
Post a Comment