കൊച്ചൂട്ടിയുടെ പലചരക്ക് കടക്ക് മുൻപിൽ ബസ്സ് കാത്തു നിൽക്കുകയായിരുന്നു വെച്ചൂരെ ശ്രീദേവി.
രാവിലെ ഏഴരമണിക്കുള്ള ബസ്സ് പിടിച്ച് വേണം ശ്രീദേവിക്ക് നഗരത്തിലുള്ള പാരലൽ കോളേജിലെത്താൻ. അവൾ അവിടെ ബി.എ ക്ക് പഠിക്കുകയാണ്. പഠിക്കാനത്ര ആഗ്രഹമൊന്നും ഉണ്ടായിട്ടല്ല. പക്ഷെ വെറുതെ വീട്ടിലിരിക്കുന്ന ബോറടി ഒഴിവാക്കാമല്ലോ, കാലത്തെ യൂണിഫോം ധരിച്ച് പോവുകയുമാവാം.
കന്യാസ്ത്രീകൾ നടത്തുന്ന കോളേജിൽ ഒരേയൊരു കാര്യമേ അവൾക്കിഷ്ടപ്പെടാതെയുള്ളൂ , അതവരുടെ യൂണിഫോം ധരിപ്പിക്കലാണ്. ഇത്ര നല്ല പ്രായത്തിൽ ഇങ്ങനെ പ്ലെയിൻ നിറങ്ങളിലുള്ള പാവാടയും ബ്ലൌസും ഇട്ട്, ഒരു മേക്കപ്പും ചെയ്യാതെ , നിരാഭരണരായി പിള്ളേരെ കോളേജിൽ വരാൻ നിർബന്ധിക്കണത് അവരുടെ തനിക്കുശുമ്പാണെന്നാണ് അവൾക്ക് തോന്നീട്ടുള്ളത്.
ശ്രീദേവിക്കങ്ങനെയൊക്കെ തോന്നാം, വെളുത്ത നിറവും ചുരുണ്ട തലമുടിയും അവയവ ഭംഗി തികഞ്ഞ ദേഹവുമുള്ള അവളെപ്പോലെയാണോ കരിഞ്ഞുണങ്ങിയ ദേഹവും എലിവാലു പോലത്തെ തലമുടിയുമുള്ള ഭൂരിഭാഗം കുട്ടികൾ?
നല്ല കുപ്പായോം ആഭരണോം ഒന്നും ചാർത്തീല്ലെങ്കിലും ശ്രീദേവിയെപ്പോലെയുള്ളവരെ കാണുമ്പോൾ ആ കുട്ടികൾക്ക് നന്നെ വിഷമം തോന്നും. കന്യാസ്ത്രീകൾക്ക് എല്ലാവരെയും പഠിപ്പിക്കേണ്ടേ?
പിന്നെ വെച്ചൂരെ വീട്ടിലെ പെണ്ണ്, അതും ഒരു വലിയ കേമത്തം തന്നെ. പണ്ട് ധനസ്ഥിതി കുറച്ച് മോശമായിരുന്നെങ്കിലും ശ്രീദേവിയുടെ അച്ഛന്റെ പ്രയത്നം കൊണ്ട് ഇപ്പോൾ ഒക്കെ ഒരുവിധം ഭംഗിയായിട്ട് കഴിഞ്ഞു പോകുന്നുണ്ട്.
ഗോപാലൻ നായർക്ക് ശ്രീദേവിയെ കേമമായി പഠിപ്പിക്കണമെന്ന് ആശയുണ്ടായിരുന്നു. അതിനു ശ്രീദേവിക്ക് വായിക്കണതു വല്ലതും തലയിൽ കേറേണ്ടേ? സത്യം പറയാലോ , ഗോപാലൻ നായരെ പേടിച്ചിട്ടും ബസ്സിലൊക്കെ കയറി പട്ടണത്തിൽ പോകാനുള്ള ആഗ്രഹം കൊണ്ടും മാത്രമാണ് ശ്രീദേവി കോളേജിൽ പോകുന്നത്.
അവൾ പഠിച്ച് ജോലിക്ക് പോയി സമ്പാദിച്ചിട്ട് വേണ്ട തറവാട് കഴിയാൻ എന്ന് ഗോപാലൻ നായർ ഇടക്കിടക്ക് വീമ്പ് പറയാറുണ്ട്, ഈയിടെയായി പറച്ചിലിന് ഊക്ക് കൂടിവരികയുമാണ്.
ശ്രീദേവിയെ വേഗം തന്നെ കല്യാണം കഴിപ്പിച്ചേക്കുമെന്ന് വിശാലുവമ്മയും – ശ്രീദേവിയുടെ അമ്മ – പറയാൻ തുടങ്ങിയതോടെ നല്ലൊരു കല്യാണസദ്യയും കാത്തിരുപ്പായി നാട്ടുകാരുമെന്നു പറഞ്ഞാൽ മതിയല്ലോ. അതുകൊണ്ടാണ് ഞായറാഴ്ച ശ്രീദേവിയെ പെണ്ണ് കാണാൻ ഒരു ചെക്കൻ വന്ന വിവരം നാട്ടിലെല്ലാവരും വേഗം അറിഞ്ഞത്.കേട്ടവർ കേൾക്കാത്തവരോടും കണ്ടവർ കാണാത്തവരോടും മണത്തവർ മണക്കാത്തവരോടും പറഞ്ഞു.
അപ്പോഴതാ, തിങ്കളാഴ്ച രാവിലെ, ശ്രീദേവി ഒന്നും സംഭവിക്കാത്തതു പോലെ കോളേജിൽ പോവാൻ ബസ്സ് കാത്ത് നിൽക്കുന്നു.
കൊച്ചൂട്ടിക്ക് വിവരങ്ങളറിയാതെ ശ്വാസം മുട്ടുകയായിരുന്നു. അതുകൊണ്ട് ചുറ്റിവളക്കാനൊന്നും നിൽക്കാതെ നേരെയങ്ങോട്ട് കാര്യമന്വേഷിച്ചു.
“കുട്യേ കാണാൻ ന്നലെ ആളോള് വന്നിരുന്നൂന്ന് ആരോ പറഞ്ഞേയ്, ഞായീ പീടികേലിരിക്കണ കാരണം ഇങ്ങനെ ഓരോരുത്തരോരോന്ന് പറേണത് കേക്കും, അതോണ്ട് ചോയിക്യേ,“
“ഉവ്വെന്റെ കൊച്ചൂട്യേമേ, ചെക്കനും അച്ഛനും അമ്മേം അമ്മാമനും അമ്മായീം ഒക്കെയായിട്ട് നല്ല ആളുണ്ടായിരുന്നു. ഉഴുന്നു വടേം മിച്ചറും ഉപ്പുമാവും പഴംനുറുക്കും ഒക്കെ നല്ലോണം ചെലുത്തേം ചെയ്തു, പിന്നെ ചായേം അസ്സലായിട്ട് കുടിച്ചു.“
ശ്രീദേവിയുടെ സ്വരത്തിൽ പരിഹാസമാണോ അതോ വെറും കൌതുകമാണോ എന്ന് കൊച്ചൂട്ടിക്ക് മനസ്സിലായില്ല.
“അതിപ്പോ വെച്ചൂരേ വീട്ട്ല് വന്നാ തിന്നാനെന്താ കൊറവ് എന്റെ മോളേ, വിശാലു അമ്മേടേ കൈപ്പുണ്യം നിക്കറീയില്ലേ, എന്നിട്ട് ചെക്കൻ എങ്ങനെണ്ട്? കുട്ടി നല്ലോണം പോലെ നോക്കിയോ?“
‘അത്ര അധികൊന്നും നോക്കീല്യ,‘ ശ്രീദേവി ഒരു സുഖവുമില്ലാത്ത ഒച്ചയിൽ മെല്ലെ പറഞ്ഞു.
“അതിപ്പോ നല്ല തറവാട്ടീപ്പെറന്ന പെൺകുട്യോള് അങ്ങനെ ആണങ്ങള്ടെ മോത്തോക്കി ഇരിക്ക് ല്യാ. ഞീം ധാരാളം സമേണ്ടല്ലോ. അപ്പോ വയറ് നെറച്ചും കാണ്ണാം. ചെക്കൻ എന്താ പറഞ്ഞേ, എന്നത്തേക്ക്ണ്ടാവും പൊടമുറി?“
‘പൊടമുറീം കൊടമുറീം ഒന്നൂല്യാ, അയാൾക്ക് എന്നെ പിടിച്ച്ല്യാത്രേ‘ ശ്രീദേവി താഴോട്ട് നോക്കിക്കൊണ്ട് പിറുപിറുത്തു. എത്ര ശ്രമിച്ചിട്ടും അത് പറയുമ്പോൾ അവളുടെ ശബ്ദം ചിലമ്പിച്ചു.
കൊച്ചൂട്ടിക്കത് അവിശ്വസനീയമായിരുന്നു. ശ്രീദേവിയെ വേണ്ടെ ചെക്കന്? പിന്നെ ഏത് സുന്ദരിക്കോതയെ ആണവനു വേണ്ടത്?
ഈ ആണുങ്ങളുടെ ഒരു കാര്യം, പെണ്ണിന് എന്തൊക്കെയുണ്ടായാലും അതൊന്നുമല്ലാത്ത വേറേ എന്തോ ഒരു സാധനമാണവർക്ക് വേണ്ടത്. എന്നിട്ട് ജീവിതകാലം മുഴുവൻ കിട്ടാത്ത ആ സാധനം തേടിനടന്നിട്ട് കൈയിൽ കിട്ടിയ നൂറ് സാധനവും അവരു കാണാണ്ട് പോകും, അങ്ങനെ കിട്ടിയതെല്ലാം തട്ടിക്കളയും. ഒടുവിലൊന്നും ബാക്കിയുണ്ടാവില്ല. അപ്പോ പെണ്ണിനെ കരേപ്പിച്ചും പിള്ളേരെ വെഷമിപ്പിച്ചും ഇടക്ക് സ്വയം കരഞ്ഞും ജന്മങ്ങ്ട് ഒടുങ്ങും.
“അതിപ്പൊ, എന്തായാള് അങ്ങനെ പറയാൻ? അയാള് നിന്നെ ശരിക്ക് കണ്ടില്ലേ?“
‘എനിക്ക് എങ്ങനെയാ അറിയ്യാ ന്റെ കൊച്ചുട്യേമേ? ചെലപ്പൊ അയാൾടെ കണ്ണില് മത്ത കുത്തീട്ട്ണ്ടാവും. അല്ലാണ്ട് എനിക്കെന്താ ഒരു കൊറവ്? തലമുടീല്ല്യേ, വെളുത്ത നെറല്ല്യേ, പഠിപ്പ്ല്ല്യേ, പിന്നെ കാശ് എത്ര വേണച്ചാലും അച്ഛൻ കൊടുക്കൂലോ.‘ ശ്രീദേവി തന്റെ അഴകാർന്ന മുടിപ്പിന്നൽ അരുമയോടെ എടുത്ത് മാറത്തേക്കിട്ടു കൊണ്ട് ഒന്ന് ഞെളിഞ്ഞു.
കൊച്ചൂട്ടിക്ക് വലിയ വിഷമം തോന്നി, എന്നാലും ആ ചെക്കൻ അങ്ങനെ പറഞ്ഞു കളഞ്ഞല്ലോ. വെച്ചൂരെ വീട്ടിനു തന്നെ ഒരു നാണക്കേടായി.
“ഒരു നാണക്കേടായീലോ മോളെ, പോട്ടെ സാരല്യാ. ഗോപാലൻ നായര് വേറെ നല്ല ചെക്കനെ കൊണ്ടരും. ഈ നാണക്കേട് മോളങ്ങട്ട് മറന്ന് കള.“
എന്തുകൊണ്ടോ ശ്രീദേവിയുടെ മറുപടി വളരെ ശാന്തമായിരുന്നു.
“എനിക്കെന്ത് നാണക്കേടാ ന്റെ കൊച്ചൂട്ട്യേമേ, അയാൾക്കല്ലേ നാണക്കേട് ? പരിചയൊന്നൂല്യാത്ത ഒരു വീട്ടിൽ വരാ, നല്ലോണം ചായേം പലഹാരോം തട്ടാ, എന്ന്ട്ട് അവടത്തെ പെൺകുട്യേ പിടിച്ച്ല്യാന്ന് പറഞ്ഞ് പൂവ്വാ. നാണള്ളോര് ഇങ്ങനെ കാണീക്കോ?“
കൊച്ചൂട്ടിക്ക് ഒന്നും പറയാൻ സമയം കിട്ടിയില്ല. അപ്പോഴേക്കും ബസ്സ് വന്നു.
എനിക്കെന്താ ഒരു കൊറവ് ?.........
July 20, 2010
Echmukutty
Labels: 'കഥ'
Subscribe to:
Post Comments (Atom)
26 Comments, Post your comment:
"പെണ്ണുകാണല്‍" എന്ന പ്രാകൃത സമ്പ്രദായത്തിന്റെ മുഖമൂടി വലിച്ചു കീറിയ എച്ചുമുവിന് എന്റെ അഭിനന്ദങ്ങള്‍.
പെണ്ണ് കാണല്‍ ചടങ്ങ് ഇല്ലാതെ എങ്ങനയാ arranged marriage നടത്തുന്നത് എന്ന് ഒന്ന് പറഞ്ഞു തരുമോ വായാടി???
ശ്രീദേവിയുടെ കല്യാണം കഴിഞ്ഞോ :)
gr8!
മനോഹരം.. ചുരുങ്ങിയ വാക്കുകളില്‍ പലതിനെയും പലരെയും ഒന്ന് കൊട്ടി :)
എച്ചുമു.. എന്താ പറയാ.. നല്ല നർമ്മം. നർമ്മം എന്നതിനേക്കാൾ വേദനിപ്പിക്കുന്ന നർമ്മം എന്ന് പറയട്ടെ..
കഴിഞ്ഞ ആഴ്ച ഇങ്ങനെ ഒന്ന് രണ്ടു തവണ നാണം കേട്ടതാ ഞാന്‍.അപ്പോഴേ അച്ഛനോട് പറഞ്ഞതാ ഇനി പെണ്ണിനോട് ഇങ്ങോട്ട് വന്നു കണ്ടോളാന്‍ പറയാന്‍.ഇപ്പൊ ഈ കഥ കൂടി വായിച്ചതോട് കൂടി തീര്‍ച്ചയാക്കി.
:) :)
ദൈവമേ..ആ വെള്ളക്കാരുടെ കൂടെ കഴിഞ്ഞാല്‍ മതിയായിരുന്നു..നാട്ടിലേക്ക് വരണ്ടായിരുന്നു.(ആത്മഗതം)
നല്ല കഥ ട്ടോ..
നല്ല കഥ....നര്‍മം പ്രതിഫലിക്കുന്നു....
ആശംസകള്‍!!
നല്ല സറ്റയര്‍...
“എനിക്കെന്ത് നാണക്കേടാ ന്റെ കൊച്ചൂട്ട്യേമേ, അയാൾക്കല്ലേ നാണക്കേട് ? പരിചയൊന്നൂല്യാത്ത ഒരു വീട്ടിൽ വരാ, നല്ലോണം ചായേം പലഹാരോം തട്ടാ, എന്ന്ട്ട് അവടത്തെ പെൺകുട്യേ പിടിച്ച്ല്യാന്ന് പറഞ്ഞ് പൂവ്വാ. നാണള്ളോര് ഇങ്ങനെ കാണീക്കോ?“
ദേ ഇത്, ഈ എന്‍ഡ് പഞ്ച് ആണ് ഏറെ ഇഷ്ട്ടപ്പെട്ടത്. ഹ ഹ ഹ കലക്കി.
അത് എന്താ ഒരു കുറവ് !!
കൊള്ളാം എച്ചുമു.
athu kollaam..
ishtaayi
കാര്ക്കിച്ചൊരു തുപ്പ്....
നന്നായി.
kollaam..nannaayirikkunnu..
“എനിക്കെന്ത് നാണക്കേടാ ന്റെ കൊച്ചൂട്ട്യേമേ, അയാൾക്കല്ലേ നാണക്കേട് ? പരിചയൊന്നൂല്യാത്ത ഒരു വീട്ടിൽ വരാ, നല്ലോണം ചായേം പലഹാരോം തട്ടാ, എന്ന്ട്ട് അവടത്തെ പെൺകുട്യേ പിടിച്ച്ല്യാന്ന് പറഞ്ഞ് പൂവ്വാ. നാണള്ളോര് ഇങ്ങനെ കാണീക്കോ?“
athu kalakkitto....best wishes...
അവതരണം അസ്സലായിരിക്കുന്നു ..
ഭാവുകങ്ങള്‍ .
@sivaprasad-
arranged marriage തന്നെ പ്രാകൃതമായൊരു സമ്പ്രദായമാണ്. അതിന്റെ ഒരു ചടങ്ങായ പെണ്ണുകാണലും പ്രാകൃതം തന്നെ. ചിലപ്പോള്‍ കുറെ നാള്‍ കഴിയുമ്പോള്‍ arranged marriage എന്ന സമ്പ്രദായം തന്നെ നമ്മുടെ കേരളത്തില്‍ ഉണ്ടാകില്ല. ഇപ്പോള്‍ വേറെ വഴിയൊന്നും ഇല്ലാത്ത സ്ഥിതിക്ക് വല്ല കോഫിഷോപ്പിലോ, അമ്പലത്തിലോ/പള്ളിയിലോ വെച്ച് കണ്ടുമുട്ടാനുള്ള എര്‍പ്പാട് ചെയ്യുന്നതായിരിക്കും നല്ലത്. ഈ പറയുന്ന ഞാനും പെണ്ണുകാണല്‍ ചടങ്ങിന് ഇരയായിട്ടുണ്ട്. അന്നേ എനിക്കീ ഏര്‍പ്പാട് ഇഷ്ടമല്ലായിരുന്നു. എന്തു ചെയ്യാം?
@ഒഴാക്കന്‍ ചോദിച്ചു "ശ്രീദേവിയുടെ കല്യാണം കഴിഞ്ഞോ"
ഒഴാക്കാ..ഇതെന്താത്? ഓണത്തിനിടയില്‍ പുട്ടു കച്ചവടമോ! :)
echummuunum vayadikkum ente salute
ശരിക്കും ഒരു നാണം കേട്ട ഏര്‍പ്പാട് തന്നെയാണത് ...
എന്ത് ചെയ്യാം ..: ഒരു പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടൂന്നു പറഞ്ഞാല്‍, ജാതിയും പൈസയും നോക്കാതെ അവളെത്തന്നെ കെട്ടണമെന്ന് പറഞ്ഞാല്‍ എന്തോ വലിയ പാതകം ചെയ്തതു പോലെയാണ എല്ലാര്‍ക്കും.
കൊറെ പൈസാക്കനക്കും പറഞ്ഞു കൊറെ സ്വര്‍നോം മേടിച്ചു നടത്തുന്ന വെറും കച്ചവടം.
സത്യത്തില്‍ പണ്ടത്തെ സംബന്ധങ്ങള്‍ ഇതിനേക്കാള്‍ എത്രയോ നന്നായിരുന്നു.
വളരെ നന്നായിരിക്കുന്നു
അറേഞ്ചഡ് മാരേജ് “പ്രാകൃതമാണെന്നൊക്കെ” പറയുമ്പോൾ ഏത് സമൂഹത്തിനാണ് എന്നുംകൂടി പറയണമായിരുന്നു...
ഓരൊ സമൂഹത്തിനും അതിന്റേതായ രീതികളുണ്ട്, നമ്മുടെ നാട്ടിൽ കോഫിഷോപിലും പാടത്തും പണിസ്ഥലങ്ങളിലും പള്ളിപറമ്പിലും പാർക്കിലും പെണ്ണുകാണൽ ചടങ്ങ് നടക്കുന്നുണ്ട്... എന്റെ മകളെ കാണുവാൻ എന്റെ വീട്ടിലേക്ക് വരു എന്ന് പറയുന്ന മാതാപിതാക്കളോട്, ഇല്ലായെന്ന് പറയേണ്ട കാര്യമുണ്ടോ? അവരിൽ എത്ര പെൺകുട്ടികൾ കോഫിഷോപ്പിൽ വരും...
ശ്രീദേവിക്ക് നാണക്കേടിന്റെ ആവശ്യമൊന്നുമില്ല... ക്ഷണിച്ചിട്ട് വന്നതല്ലേ അതിനാൽ “ചെക്കനും” നാണക്കേടില്ല...
പുതുമയുള്ള വിഷയം!!! അവതരിപ്പിച്ചിരിക്കുന്ന രീതി കൊള്ളാം!!!! ആശംസകള്‍ നേരുന്നു !!!
ഹ ഹ ഹ...ആ അവസാനം കലക്കി...
എന്തു പഞ്ച് നന്നായി....ഇതിലപ്പുറം ഒരു പെണ്ണുകാണലിലെ നായിക എന്താ പറയുക .നായികയുടെ നിഷ്കളങ്കത ഇഷ്ട്ടപെട്ടു .
പക്ഷെ കേട്ട് പരിചയിച്ച വള്ളുവനാടന്‍ ഭാഷ.....
.
എല്ലാ കൂട്ടുകാർക്കും നന്ദി.
ഇനിയും വായിയ്ക്കുമല്ലോ.
Post a Comment