സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



പരിണാമ കഴുതകള്‍

July 04, 2010 ബിജുകുമാര്‍ alakode

മുഖക്കുറി: പ്രതിഷേധങ്ങളും പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിക്കപ്പെട്ട് ഷണ്ഡത്വത്തിലേയ്ക്ക് നയിയ്ക്കപ്പെടുന്ന സമകാലിക കേരളീയ സമൂഹത്തിനായി ഈ കഥ സമര്‍പ്പിയ്ക്കുന്നു.

തൊരു  ചെറിയ രാജ്യം. ധാരാളം പുഴകള്‍ , മലകള്‍ , കാടുകള്‍ എന്നു വേണ്ട പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ദൈവത്തിന്റെ സ്വന്തം രാജ്യം. എങ്ങും സമ്പല്‍ സമൃദ്ധി.  അതി സുന്ദരന്മാരും സുന്ദരികളുമായ പ്രജകള്‍ . അവര്‍ക്കെപ്പോഴും സന്തോഷം മാത്രം. ആട്ടവും പാട്ടുമായി തിന്നും കുടിച്ചും അവര്‍ അര്‍മാദിച്ചു ജീവിച്ചു വന്നു..

ആ രാജ്യത്തിന്റെ ആകാശത്ത് ഒട്ടേറെ ഗന്ധര്‍വന്മാര്‍ പാര്‍ത്തിരുന്നു. അവര്‍ കാലം തെറ്റാതെ മഴ പെയ്യിച്ചു. മഞ്ഞു പൊഴിച്ചു. വല്ലപ്പോഴൊക്കെ ഇടിമിന്നല്‍ പായിച്ചും വലിയ കാറ്റുകള്‍ അഴിച്ചുവിട്ടും അവരെ പേടിപ്പിച്ചു. 
ചില രാത്രികളില്‍ അവര്‍ അവിടത്തുകാര്‍ക്കു വേണ്ടി സ്വര്‍ണനാണ്യങ്ങള്‍ പൊഴിച്ചു കൊടുക്കും. നേരം പുലരുമ്പോള്‍ മുറ്റത്തു നിന്നും വഴിവക്കില്‍ നിന്നുമൊക്കെ അവര്‍ സ്വര്‍ണം പെറുക്കിയെടുത്തിരുന്നു.
അങ്ങനെയാണ് ആ രാജ്യത്തെ ജനങ്ങള്‍ തൊഴിലൊന്നും ചെയ്യാതെ  സുഖിച്ചു ജീവിച്ചത്.

ചാന്ദ്രസംക്രമണത്തിലെ വെളുത്ത പക്ഷങ്ങളില്‍ ഗന്ധവര്‍ മണ്ണിലേയ്ക്കിറങ്ങി വരും. പുരുഷന്മാരുള്ളിടത്ത് അവര്‍ക്ക് നേരിട്ട് കയറിക്കൂടാ എന്നൊരു ശാപമുണ്ട്. അതുകൊണ്ടവര്‍ ഇളം കാറ്റായി പൂനിലാവിലൂടെ പറന്നു നടക്കും. എന്നിട്ട് തുറന്ന ജാലക പഴുതിലൂടെ കിടപ്പറകളിലേയ്ക്കെത്തി നോക്കും. അപ്പോള്‍ നറും മുല്ലപ്പൂക്കളുടെ സുഗന്ധം അവിടെയാകെ നിറഞ്ഞു നില്‍ക്കും. അങ്ങനെ അവര്‍ അവിടുത്തെ സുന്ദരിമാരെ വശീകരിയ്ക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.  ഏതെങ്കിലും പെണ്ണ് മനസ്സുകൊണ്ട് ആഗ്രഹിച്ചാല്‍ പിന്നെ അവളെ ഗന്ധര്‍വന് പ്രാപിയ്ക്കാം.എന്നാല്‍ എത്ര ശ്രമിച്ചിട്ടും അവിടുത്തെ ഒരു സുന്ദരിയെപ്പോലും പാട്ടിലാക്കാന്‍ ഗന്ധര്‍വന്മാര്‍ക്ക് കഴിഞ്ഞില്ല. കാരണം അവിടുത്തെ പുരുഷന്മാര്‍ നല്ല കരുത്തന്മാരും ഉത്തേജിതരുമായിരുന്നു. അതുകൊണ്ടു തന്നെ അവിടുത്തെ  സ്ത്രീകള്‍ സംതൃപ്തരായിരുന്നു. പിന്നെങ്ങിനെ വശീകരണം ഏല്‍ക്കും?

എന്നാല്‍  ചില പ്രശ്നങ്ങള്‍ ഇല്ലെന്നു പറയാനും പറ്റില്ല. കാരണം പല പുരുഷന്മാര്‍ക്കും അമിതോത്തേജനം കൂടി ഉണ്ടായിരുന്നു. അതിന്റെ കുഴപ്പങ്ങള്‍ അറിയാമല്ലോ?  ചിലര്‍ സ്ത്രീകളെ കണ്ടാല്‍ ആര്‍ത്തിയോടെ തുറിച്ചു നോക്കും.  അവസരം കിട്ടിയാല്‍ തലോടാനും മടിയ്ക്കില്ല. ഇതൊക്കെ ചില സ്ത്രീകള്‍ ഇഷ്ടപെട്ടെന്നിരിയ്ക്കും, ചിലര്‍ മിണ്ടാതെ സഹിച്ചെന്നുമിരിയ്ക്കും. എന്നു വച്ച് എല്ലാവരും അങ്ങനെയായിക്കൊള്ളണമെന്നില്ലല്ലോ?

ശീലാവതി ആ രാജ്യത്തെ അതിസുന്ദരിയായ ഒരു പ്രജയാണ്. അവിവാഹിത. അവളുടെ ഒരു കടാക്ഷം കൊതിയ്ക്കാത്ത പുരുഷന്‍ ആ രാജ്യത്തുണ്ടോ എന്നു ചോദിച്ചാല്‍ ഉത്തരം കണ്ടെത്താന്‍ ബുദ്ധിമുട്ടും. ശാലീനയായ ശീലാവതിയാകട്ടെ, ഒരാളുടെയും പ്രേമത്തിന് വഴങ്ങാന്‍ തയ്യാറല്ലായിരുന്നു. അവളുടെ ആരാധന ഒരേ ഒരാളോടു മാത്രം. ആ രാജ്യത്തെ ആരാധനാമൂര്‍ത്തിയായ ദേവേന്ദ്രനോട്. ദേവേന്ദ്രന്റെ വലിയൊരു ക്ഷേത്രം അവിടെയുണ്ട്. അവിടവിടെ ചെറിയ ക്ഷേത്രങ്ങള്‍ ഉണ്ടെങ്കിലും ഏറ്റവും വലുതും പ്രധാനവും രാജധാനിയ്ക്കടുത്തുള്ളതാണ്.

എത്ര സുഖസമൃദ്ധിയായാലും ഏതു രാജ്യത്തും ചില അലോസരങ്ങളൊക്കെ ഉണ്ടാകുമല്ലോ? ഉദാഹരണത്തിന് ആ രാജ്യത്തെ ഭരണം തന്നെ. അവിടുത്തെ മഹാരാജാവിന് ഇരട്ട ആണ്‍ മക്കളാണ്. മഹാരാജാവ് നാടു നീങ്ങിയതോടെ ആരു കിരീടാവകാശിയാകുമെന്ന തര്‍ക്കമുണ്ടായി. അവസാനം രാജഗുരുവിന്റെ തീര്‍പ്പനുസരിച്ച്, ഓരോ വര്‍ഷവും മാറി മാറി രണ്ടുപേരും സിംഹാസനത്തിലിരിയ്ക്കട്ടെ എന്നു തീരുമാനിച്ചു. സഹോദരന്മാരെങ്കിലും രണ്ടിനും തമ്മില്‍ കണ്ടുകൂടാ. ഒരാളുടെ ഉത്തരവുകള്‍ അടുത്തയാളുടെ ഊഴം വരുമ്പോള്‍ റദ്ദാക്കും. ആദ്യത്തെ ആളിന്റെ ശിങ്കിടികളെ മറ്റേയാള്‍ വരുമ്പോള്‍ പുറത്താക്കും.
ഇങ്ങനെ പല പ്രശ്നങ്ങളും ജനങ്ങള്‍ക്ക് അലോസരമുണ്ടാക്കിയിരുന്നു. ഇത്തരം ഘട്ടങ്ങളില്‍ ജനങ്ങള്‍ കൂട്ടത്തോടെ ദേവേന്ദ്രനെ പ്രാര്‍ത്ഥിച്ചാണ് സങ്കടനിവൃത്തി നേടുക.

 ദേവേന്ദ്ര ക്ഷേത്രത്തിലെ നിത്യസന്ദര്‍ശകയാണ് ശീലാവതി. എന്നും രാവിലെ അര്‍ച്ചനാപുഷ്പങ്ങളുമായി അവള്‍ ശ്രീകോവിലിലെത്തും. പിന്നെ ആ സന്നിധിയില്‍ നൃത്തം ചെയ്യും, പാട്ടുപാടും. അങ്ങനെ ദേവപ്രീതിയ്ക്കായി അവള്‍ തന്നെ സ്വയം അര്‍പ്പിച്ചു.
അര്‍ച്ചന കഴിഞ്ഞ് പുറത്തിറങ്ങിയാല്‍  പിന്നെ യുവാക്കള്‍ മുതല്‍ വൃദ്ധര്‍ വരെ അവള്‍ക്കു പിന്നാലെ കൂടും. ചില ആള്‍ക്കൂട്ടത്തിലെങ്ങാനും പെട്ടാല്‍ തലോടലായി, തോണ്ടലായി അങ്ങനെ ആകെ ശല്യമായി.സഹികെട്ട അവള്‍ ദേവെന്ദ്രനോട് മനസ്സുരുകി പ്രാര്‍ത്ഥിച്ചു. തന്നെ ഈ ബുദ്ധിമുട്ടില്‍ നിന്നെങ്ങനെയെങ്കിലും കരകയറ്റണമേ..!

നെടുനാളത്തെ പ്രാര്‍ത്ഥനയ്ക്കൊടുവില്‍ ദേവേന്ദ്രന്‍ അവള്‍ക്കു പ്രത്യക്ഷനായി. അവളാകെ വിസ്മയിച്ചു പോയി. ഇന്നോളം ദേവന്‍ ആരെയും നേരില്‍ പ്രത്യക്ഷപെട്ട് അനുഗ്രഹിച്ചതായി കേട്ടിട്ടില്ല.
“ശീലാവതി, എന്താണു നിന്റെ പ്രശ്നം?”
“പ്രഭോ പുരുഷന്മാരുടെ ശല്യംകൊണ്ടെനിയ്ക്ക് വഴിനടക്കാന്‍ പറ്റുന്നില്ല. എവിടെ കണ്ടാലും തുറിച്ചു നോട്ടവും തലോടലും പ്രലോഭനങ്ങളുമാണ്” ശീലാവതി കരഞ്ഞുകൊണ്ട് പറഞ്ഞു.
“അതു നിന്റെ സൌന്ദര്യം കൊണ്ടല്ലേ? അതില്‍ സന്തോഷിയ്ക്കുകയല്ലേ വേണ്ടത്?”
“വേണ്ട പ്രഭോ. എന്നെ ഈ ശല്യത്തില്‍ നിന്നും രക്ഷിച്ചാല്‍ മതി.”
ദേവേന്ദ്രന്‍ തെല്ലിട ആലോചിച്ചു നിന്നു. എന്നിട്ടു പറഞ്ഞു:
 “ഉം.. ഗന്ധര്‍വന്മാരുടെ അനുഗ്രഹമുള്ളതിനാല്‍ അധ്വാനമില്ലാത്ത സുഖജീവിതം ഇവിടുത്തെ പുരുഷന്മാരുടെ കാമവും ഉത്തേജനവും അധികരിപ്പിച്ചിരിയ്ക്കുന്നു. അതാണ് ഈ ശല്യത്തിനു കാരണം. പക്ഷെ മറ്റ് സ്ത്രീകളാരും ഈ പരാതി പറയുന്നില്ലല്ലോ?”
“അവര്‍ക്കൊക്കെ ഈ ശല്യം ഇഷ്ടമായിരിയ്ക്കും. എന്നാല്‍ എനിയ്ക്കതിഷ്ടമില്ല പ്രഭോ. എന്നെ കൈവിടരുത് ദേവാ”
“ശീലാവതീ, എനിയ്ക്ക് പുതുതായി ഒന്നും ഉണ്ടാക്കാനുള്ള കഴിവില്ല. എന്നാല്‍ ഉള്ളതിനെ ഇല്ലാതാക്കാന്‍ പറ്റും. അതുകൊണ്ട് നിനക്ക് വേണ്ടി ഞാനൊരു ശാപവരം നല്‍കാം. അതോടെ നിന്റെ ഈ പ്രശ്നം പരിഹരിയ്ക്കപ്പെടും.”
“ശരി ദേവാ”. ശീലാവതി പ്രാര്‍ത്ഥനയോടെ കണ്ണുകളടച്ചുകൊണ്ട് പറഞ്ഞു.
“ ഇന്നുമുതല്‍ ഈ രാജ്യത്തെ പുരുഷന്മാരുടെ ഉത്തേജനശേഷി ഇല്ലാതാവട്ടെ!”
ഇങ്ങനെ ശപിച്ച് ദേവേന്ദ്രന്‍ ഒരു പിടി അണുക്കളെ അന്തരീക്ഷത്തിലേയ്ക്ക് വാരിയെറിഞ്ഞിട്ട് അപ്രത്യക്ഷനായി.

ആ അണുക്കള്‍ അന്തരീക്ഷത്തില്‍ കിടന്ന് പെരുകാന്‍ തുടങ്ങി. എന്നിട്ട് അദൃശ്യരായി പുരുഷജാതികളെ തേടി പാറി നടന്നു. കാണുന്ന പുരുഷന്മാരുടെയെല്ലാം സിരകളിലേയ്ക്കവ തുളച്ചു കയറി. അവര്‍ക്കപ്പോള്‍ എന്തോ ഒരിക്കിളി തോന്നി. സിരകളില്‍ കടന്ന അണുക്കള്‍ രക്തത്തിലൂടെ സഞ്ചരിച്ച് അവരുടെ വൃഷണങ്ങളിലെത്തി. എന്നിട്ട് അവയെ പതുക്കെ നശിപ്പിയ്ക്കാനാരംഭിച്ചു.
ആദ്യ ആഴ്ചകളിലൊന്നും ശല്യത്തില്‍ വലിയ വ്യത്യാസം  കാണാനുണ്ടായിരുന്നില്ല. ശീലാവതിയ്ക്ക് ദേവേന്ദ്രന്റെ ശക്തിയില്‍ അല്പാല്പം അവിശ്വാസം തോന്നിത്തുടങ്ങി. തന്നെ അദ്ദേഹം പറ്റിച്ചതാണോ?

എതാണ്ട് രണ്ടുമാസമായതോടെ അറുപതു വയസ്സിനു മുകളിലുള്ളവരുടെ ഉത്തേജന ശേഷി പൂര്‍ണമായും നശിച്ചു. അതോടെ അവരില്‍ നിന്നുള്ള ശല്യത്തില്‍ നിന്നും അവള്‍ മോചിതയായി. അറുപതിനു മുകളിലുള്ള പുരുഷന്മാരെല്ലാം പെട്ടെന്ന് പടു വൃദ്ധരെപ്പോലെ ആയിപ്പോയി. തൊലിയെല്ലാം വല്ലാതെ ചുക്കിച്ചുളിഞ്ഞു. വല്ലപ്പോഴും ഭാര്യമാരുമായുണ്ടായിരുന്ന കിടപ്പറ സമ്പര്‍ക്കം ഇല്ലാതായി. എന്നു മാത്രമല്ല സ്ത്രീകളെ കാണുന്നതു പോലും അസഹ്യമായി.
പെട്ടെന്നുള്ള ഈ മാറ്റം പല സ്ത്രീകള്‍ക്കും ഉള്‍കൊള്ളാനായില്ല. അവരുടെ വീടുകളില്‍ കലഹം തലപൊക്കി. ചിലര്‍ കരുതിയത് ഭര്‍ത്താവിന് മറ്റെന്തോ ബന്ധങ്ങള്‍ കിട്ടിയതു കൊണ്ട് തങ്ങളെ അവഗണിയ്ക്കുകയാണെന്നാണ്.
ആ രാജ്യത്തെ വേശ്യകളുടെ വരുമാനത്തില്‍ കാര്യമായ കുറവു വന്നു. അവരുടെ ഇടപാടുകാരില്‍ നല്ലൊരു പങ്കുപേര്‍ മധ്യവയസ്കരായിരുന്നല്ലോ!

രണ്ടു മാസം കൂടി കഴിഞ്ഞതോടെ അന്‍പതുകളിലുള്ള പുരുഷന്മാരെയാണ് രോഗം കീഴ്പ്പെടുത്തിയത്. ഇത്തവണ ആദ്യത്തേതിലും രൂക്ഷമായി പ്രശ്നങ്ങള്‍ . പല ഭാര്യമാരുടേയും പ്രതിഷേധം കിടപ്പറയില്‍ നിന്നും സ്വീകരണം മുറിയിലേയ്ക്കിറങ്ങി. ഭര്‍ത്താക്കന്മാര്‍ തങ്ങളെ ശ്രദ്ധിയ്ക്കുന്നു പോലുമില്ലല്ലോ! പുരുഷന്മാരാകട്ടെ, നിസംഗതയോടെ വെളിയിലേയ്ക്ക് നോക്കിയിരുന്നതേയുള്ളു.

രാജ്യത്തെ ക്രൈം റിക്കാര്‍ഡില്‍ സ്ത്രീപീഡനകേസുകളുടെ ഗ്രാഫ് കുറയാന്‍ തുടങ്ങി. ആള്‍ക്കൂട്ടങ്ങള്‍ ,വാഹനങ്ങള്‍ ,എന്നിവിടങ്ങളില്‍ നിന്നും കാര്യമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. അതോടെ നിയമപാലകരുടെ കാര്യക്ഷമതയെ പറ്റി രാജാവ്  ഒരു പ്രസ്താവന തന്നെ പുറപ്പെടുവിച്ചു.

അടുത്ത രണ്ടുമാസം കഴിഞ്ഞതോടെയാണ് പുരുഷന്മാരെ എന്തോ ഒരു രോഗം ബാധിച്ചിരിയ്ക്കുന്നുവോ എന്ന് വൈദ്യന്മാര്‍ സംശയിയ്ക്കാന്‍ തുടങ്ങിയത്. കാരണം അപ്പോഴേയ്ക്കുംനാല്പതുകളിലുള്ളവരെ രോഗം ആക്രമിച്ചു കഴിഞ്ഞിരുന്നു. പലരും ഈ പ്രശ്നവുമായി വൈദ്യന്മാരെ സമീപിയ്ക്കാനാരംഭിച്ചു. എന്നു തന്നെയല്ല  പല പുരുഷവൈദ്യന്മാര്‍ക്കും  ഇക്കാര്യം സ്വയം അനുഭവപ്പെട്ടു തുടങ്ങുകയും ചെയ്തു.
അതിനിടെ കൊട്ടാരത്തില്‍ നിന്നും മുഖ്യവൈദ്യനെ തേടി ആളെത്തി.  രാജാവിന് നാല്പത്തഞ്ചു വയസ്സാണല്ലോ.
അതേ വരെ തന്റെ നാലു റാണിമാരെയും ഒരേ പോലെ സന്തോഷിപ്പിച്ചിരുന്ന രാജാവിന് പെട്ടെന്നാണ് ആരേയും തൃപ്തരാക്കാന്‍ കഴിയാതായത്. അതോടെ റാണിമാര്‍ തെറ്റി. ഓരോ റാണിയും കരുതിയത്, തന്നോടുള്ള സ്നേഹം രാജാവിനില്ലാതായി, മറ്റുള്ളവരോടാണ് താല്പര്യം എന്നാണ്. അന്ത:പുരത്തില്‍ കലാപക്കൊടി ഉയരാന്‍ താമസമുണ്ടായില്ല.

രണ്ടു  രാജാക്കന്മാരേയും ഒരേപോലെ രോഗം ബാധിച്ചതിനാല്‍ വൈരം മറന്ന് അവരൊന്നിച്ച് കൂടിയിരുന്ന് ആലോചിച്ചു. അതിന്‍‌പടി രാജാവ് അടിയന്തിരമായി വൈദ്യസഭ കൂടാന്‍ കല്പനയിറക്കി. വൈദ്യന്മാര്‍ രാജ്യത്തെ സ്ഥിതി വിവരക്കണക്കുകള്‍ പരിശോധിച്ചപ്പോഴാണ് കാര്യത്തിന്റെ ഗൌരവം  ബോധ്യപ്പെട്ടത്. നാല്പതു വയസ്സിനു മുകളിലെയ്ക്കുള്ളവരുടെ ഉത്തേജനശേഷി ഇല്ലാതായിരിയ്ക്കുന്നു!

പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണാന്‍ രാജാവ് ഉത്തരവിട്ടു.
 ലാബോറട്ടറികളില്‍ വൈദ്യന്മാരുടെ തലപുകഞ്ഞു. പഴയ താളിയോല ഗ്രന്ഥങ്ങള്‍ അരിച്ചു പെറുക്കി.
അവസാനം ഒരു ഫോര്‍മുല കണ്ടെത്തുന്നതില്‍ അവര്‍ വിജയിയ്ക്കുക തന്നെ ചെയ്തു. അങ്ങനെ ലാബില്‍ നിന്നും  ഔഷധം പുറത്തിറങ്ങി.
 “അസ്സലി പവര്‍ എക്സ്ട്രാ!”
രോഗം ബാധിച്ചവരെല്ലാം ക്യൂ നിന്ന് കുപ്പിക്കണക്കിന് ഔഷധം വാങ്ങിക്കൂട്ടി.
 കഴിച്ചവര്‍ക്കെല്ലാം  നല്ല ഉത്തേജനം ലഭിച്ചു. ഭാര്യമാര്‍ തങ്ങളുടെ നല്ലകാലം തിരിച്ചു വന്നതായി സന്തോഷിച്ചു. വേശ്യകള്‍ പഴയ ഇടപാടുകാര്‍ വീണ്ടും വാതിക്കല്‍ മുട്ടാനാരംഭിച്ചത്  കണ്ട് ആശ്വാസത്തോടെ നന്നായി അണിഞ്ഞൊരുങ്ങി.
ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും വാഹനത്തിരക്കിനിടയില്‍ നിന്നും  തങ്ങളുടെ ശരീരം തേടി വീണ്ടും കൈകള്‍ വരാന്‍ തുടങ്ങിയതില്‍ ചില സ്ത്രീകളെങ്കിലും സന്തോഷം പൂണ്ടു.

എല്ലാം രണ്ടുമാസത്തേയ്ക്കു മാത്രം! രോഗാണുക്കള്‍ ഔഷധത്തെ അതിജീവിച്ചു കഴിഞ്ഞിരുന്നു. കാര്യങ്ങള്‍ വീണ്ടും പഴയ പടിയിലേയ്ക്കു മടങ്ങി.

അടുത്ത ആറുമാസത്തോടെ കാര്യങ്ങള്‍ പൂര്‍ത്തിയായി.  പ്രായപൂര്‍ത്തിയായ എല്ലാ പുരുഷന്മാരുടേയും ഉത്തേജനശേഷി ഇല്ലാതായി. നശീകരണ രോഗം എല്ലാവരെയും കീഴ്പ്പെടുത്തിക്കളഞ്ഞു.
ഒറ്റ പുരുഷനും ഒരു സ്ത്രീയെപ്പോലും ശ്രദ്ധിച്ചില്ല. നിര്‍വികാരരായി നിസംഗരായി അവര്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു.
രാജ്യത്തെ യുവതികള്‍ ആകെ നിരാശരായി. എങ്ങനെയെല്ലാം അണിഞ്ഞൊരുങ്ങിയിട്ടെന്തു കാര്യം? ആരെങ്കിലും ഒന്നു നോക്കണ്ടെ?
വിദ്യാലയങ്ങള്‍ നിശബ്ദം. ആണ്‍കുട്ടികള്‍ പതിവുപോലെ ക്ലാസില്‍ വരുന്നു, പോകുന്നു. പെണ്‍കുട്ടികള്‍ അവിടെ ഉള്ളതായിപ്പോലും ഗൌനിച്ചില്ല.വിദ്യാലയ വളപ്പിലെ  വലിയ തണല്‍ വൃക്ഷങ്ങള്‍ നിരാശയോടെ ഇലകള്‍ താഴ്ത്തി നിന്നു. ഒറ്റ കാമുകന്‍ പോലും ഇപ്പോള്‍ അതിന്റെ ചുവട്ടില്‍ കാമുകിയെ കാത്തു നില്‍ക്കുന്നില്ല. ആരുടെയും പ്രേമസല്ലാപം കേള്‍ക്കാനില്ല.

ചില യുവസുന്ദരിമാര്‍ കൂടി ഒരു തീരുമാനമെടുത്തു. അന്നു രാത്രി രാജധാനിയിലെ തെരുവില്‍ കൂടി അവര്‍ അല്പ വസ്ത്രധാരിണികളായി നടന്നു. എന്തെങ്കിലും പ്രതികരണം....?
കഷ്ടം! ഒറ്റ പുരുഷന്‍ പോലും അവരെ ശ്രദ്ധിച്ചില്ല! ഈ അവഗണനയില്‍ മനം നൊന്ത് സുന്ദരികള്‍ തങ്ങളുടെ വസ്ത്രങ്ങള്‍ പൂര്‍ണമായും ഊരിയെറിഞ്ഞു. എന്നിട്ട് അവിടെ കണ്ട പുരുഷന്മാരുടെ മുന്നില്‍ ചെന്ന് ഗോഷ്ഠികള്‍ കാണിയ്ക്കാന്‍ തുടങ്ങി. ആണുങ്ങള്‍ മുഖം തിരിച്ചു കളഞ്ഞു.
പിറ്റേന്ന് പകല്‍ വെളിച്ചത്തിലും ആ സുന്ദരികള്‍ ഇതേ പരിപാടി നടത്തി. ആള്‍ക്കൂട്ടത്തിനിടയിലും തെരുവിലും ചന്തയിലും  പോയി തുണിയുരിഞ്ഞെറിഞ്ഞ് നൃത്തം ചവിട്ടി. എന്തു ഫലം? പുരുഷന്മാര്‍ തന്നെ ആ തുണി എടുത്തുകൊണ്ടു വന്ന് അവരെ നിര്‍ബന്ധപൂര്‍വം ധരിപ്പിച്ച് പറഞ്ഞു വിട്ടു.

രോഗത്തിന്റെ ഭീകരാവസ്ഥ സ്ത്രീകള്‍ക്ക് ബോധ്യമായി. പുതുതായി ഒറ്റ വിവാഹം പോലും നടക്കുന്നില്ല. തുണിക്കടകള്‍ , സ്വര്‍ണാഭരണശാലകള്‍ , ബ്യൂട്ടിപാര്‍ലറുകള്‍ , മാര്യേജ് ബ്യൂറോകള്‍ ,വീഡിയോ ലൈബ്രറികള്‍ ,മൊബൈല്‍ ഷോപ്പുകള്‍ , വേശ്യാലയങ്ങള്‍ ഇവയെല്ലാം ഏറെക്കുറെ അടച്ചുപൂട്ടലിലെത്തി. ഒരാള്‍ പോലും അങ്ങോട്ടു തിരിഞ്ഞു നോക്കുന്നില്ലല്ലോ!
പത്രങ്ങളിലെ ക്ലാസ്സിഫൈഡ് കോളങ്ങള്‍ ഒഴിഞ്ഞു കിടന്നു. വിവാഹ പരസ്യങ്ങളേ ഇല്ലാതായി. പുറത്തു പറയാന്‍ പറ്റാത്ത രഹസ്യ രോഗങ്ങള്‍ , നീളവും ബലവും വര്‍ദ്ധിപ്പിയ്ക്കാനുള്ള ഔഷധങ്ങള്‍ , വശീകരണ യന്ത്രങ്ങള്‍ , തകിടുകള്‍ ഇവയുടെയെല്ലാം പരസ്യങ്ങള്‍ നിലച്ചു. പല പത്രങ്ങളുടെയും വരുമാനം കുത്തനെ ഇടിഞ്ഞു. മൊബൈല്‍ കമ്പനികള്‍ പല വിധ ഇളവുകളും കൊടുത്തിട്ടും കാളുകളുടെ ഗ്രാഫ് നിലം പൊത്തി.
ഗന്ധര്‍വന്മാരിപ്പൊഴും സ്വര്‍ണം പൊഴിക്കുന്നുണ്ടെങ്കിലും ആര്‍ക്കും അതു വേണ്ടാതായി. സ്വര്‍ണം കൊടുത്ത് പകരം എന്തു നേടാന്‍ ?
രാജ്യത്തെ നിയമപാലകരെയെല്ലാം രാജാവ് പിരിച്ചു വിട്ടു.  അവര്‍ക്ക്  ജോലിയൊന്നുമില്ലല്ലോ. പീഡനങ്ങളില്ല, മാനഭംഗമില്ല, ബലാത്സംഗമില്ല. പ്രജകള്‍ക്കാര്‍ക്കും ഒരു  പരാതിയുമില്ല.

ശീലാവതി പതിവു പോലെ ക്ഷേത്രത്തില്‍ പോകും, വരും. അവള്‍ക്കും ആ പഴയ രസം നഷ്ടമായതുപോലെ തോന്നി. എത്രയൊക്കെ ശല്യമായിരുന്നാലും അതിനൊരു സുഖവുമുണ്ടായിരുന്നില്ലേ? ഇപ്പോള്‍ ഒരാളു പോലും തന്നെ ശ്രദ്ധിയ്ക്കുന്നേയില്ല. ഒരു പുരുഷന്റെ നോട്ടത്തിന്, സ്പര്‍ശനത്തിന് അവളുടെ ഉള്ളം തുടിച്ചു തുടങ്ങി.
രാജ്യത്തെ ഈ കുഴപ്പത്തിനു കാരണക്കാരി താനാണെന്ന് ശീലാവതിയ്ക്കു നല്ല നിശ്ചയമുണ്ടായിരുന്നു.
അവള്‍ വീണ്ടും ദേവേന്ദ്രനെ കാണാനുറച്ചു. തുടര്‍ന്ന് ദിവസങ്ങളോളം പ്രാര്‍ത്ഥന. വഴിപാടുകള്‍ ...
അവസാനം ദേവേന്ദ്രന്‍ പ്രത്യക്ഷനായി.
“ദേവാ.. ഇവിടെയുണ്ടായ കുഴപ്പങ്ങള്‍ കണ്ടില്ലേ. ദയവായി എല്ലാം പഴയതുപോലാക്കണെ..”
“ഹ..ഹ.. ശീലാവതീ, നിന്നോട് ഞാനന്നേ പറഞ്ഞതല്ലേ, എനിയ്ക്കു പുതിയതൊന്നും നല്‍കാനാവില്ല, ഇല്ലാതാക്കാനേ പറ്റൂ. ഞാന്‍ നിസ്സഹായനാണ്”.
ഇതും പറഞ്ഞ് ദേവന്‍ അപ്രത്യക്ഷനായി.
ശീലാവതി നിരാശയോടെ പുറത്തിറങ്ങി. വെളിയില്‍ കണ്ട പുരുഷന്മാരെ നോക്കി കൈവീശി, ചിരിച്ചു. ചിലരെ പോയി കെട്ടിപ്പിടിച്ചു. ചുംബിച്ചു. തന്റെ മാറിടം അവരുടെ ശരീരത്തിലുരച്ചു. എന്നിട്ടും ആരിലും ഒരു മാറ്റവുമില്ലെന്നു കണ്ട് അവള്‍ പൊട്ടിക്കരഞ്ഞു.

ദിനേന അവിടുത്തെ പുരുഷന്മാരുടെ രൂപത്തില്‍ ചില മാറ്റങ്ങള്‍ വന്നു തുടങ്ങി. ചെവികള്‍ നീണ്ടു വന്നു. താടിയെല്ലും മൂക്കും മുന്നോട്ടു തള്ളി. പുറകില്‍ പൃഷ്ഠത്തില്‍ ഒരു വാല്‍ താഴേയ്ക്ക് കിളിര്‍ക്കാന്‍ തുടങ്ങി. അതോടെ കൈകള്‍ രണ്ടും മുന്നോട്ട് കുത്തി നാലുകാലിലായി നടപ്പ്.  ഒപ്പം കൈയിലും കാലിലും കുളമ്പുകള്‍ ഉണ്ടായി.
ഒരു ദിവസം  നേരം പുലരുമ്പോള്‍ പുരുഷന്മാരുടെ രൂപപരിണാമം പൂര്‍ത്തിയായിരുന്നു. 
“ബ്രേ...!”
കോവര്‍ കഴുതകളുടെ പതിഞ്ഞ അമറിച്ച മാത്രം എല്ലായിടത്തും മുഴങ്ങി.
പുരുഷന്മാരില്ലാതായ രാജ്യത്തേയ്ക്ക് അന്നു രാത്രി ഗന്ധര്‍വന്മാര്‍ പറന്നിറങ്ങി. വശീകരണ ഗന്ധവുമായി...

“ഋതു”വില്‍ പ്രസിദ്ധീകരിച്ച മറ്റു കഥകള്‍
പാപത്തിന്റെ ശമ്പളം.

31 Comments, Post your comment:

ചിത്രഭാനു Chithrabhanu said...

അപ്പോൾ പുരുഷന്റെ ഉദ്ധാരണ ശേഷിയാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണമെല്ലേ....!!!!!

ആളവന്‍താന്‍ said...

ഹ ഹ ഹ ... ഇത് തകര്‍പ്പന്‍..... ആകെ മൊത്തം ഒരു വ്യത്യസ്തത....കൊള്ളാം മച്ചൂ....
പിന്നെ എനിക്ക് ഇപ്പൊ ഒരു കാര്യം മനസ്സിലായി. ഇവിടെ 'എയ്ഡ്സ്'കൊണ്ട് വന്നതും ഈ ദേവേന്ദ്രന്‍ തന്നെയായിരിക്കും. തീര്‍ച്ച.

ഹംസ said...

ആ ഹാ... വിത്യസ്ഥമായ രീതിയില്‍ അവതരിപ്പിച്ച കഥ...... !!
എന്നാലും പാവം പെണ്ണുങ്ങള്‍ , കഷ്ടം തന്നെ അവരുടെ കാര്യം .. “അസ്സലി പവര്‍ എക്സ്ട്രാ!” കൊണ്ട് കാര്യമുണ്ടായില്ല അല്ലെ. ആ ജാക്കിഷിറോഫ് അപ്പോള്‍ പരസ്യത്തില്‍ നുണ പറയുകയാ അല്ലെ....
“വയാഗ്ര“ ഉണ്ടായിരുന്നു എങ്കില്‍ രക്ഷപെട്ടെനെ അല്ലെ .. ഹ ഹ ഹ

ബിജുകുമാര്‍ alakode said...

ചിത്രഭാനു, ആളവന്താന്‍, ഹംസ : അഭിപ്രായങ്ങള്‍ക്കു നന്ദി. എങ്കിലും ഈ കഥ വേണ്ട വിധത്തിലല്ല വായിയ്ക്കപ്പെട്ടത് എന്നൊരു തോന്നല്‍.
പ്രതികരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഷണ്ഡത്വത്തിലേയ്ക്കു നയിയ്ക്കുന്ന സമീപകാല കേരളീയ സമൂഹത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പുനര്‍വായന നടത്താന്‍ അപേക്ഷിയ്ക്കുന്നു.

ആചാര്യന്‍ said...

എല്ലാം നിര്‍ത്തലാക്കാനെ "ശുംഭന്മാര്‍ക്ക്' കഴിയൂ....ഇത് വരെ ഒന്നും നേടിത്തരാന്‍ കഴിഞ്ഞില്ലല്ലോ അല്ലെ ? ഗുഡ് ബിജു ഭായ് വെരി ഗുഡ് ..
--

Unknown said...

ദിനേന അവിടുത്തെ പുരുഷന്മാരുടെ രൂപത്തില്‍ ചില മാറ്റങ്ങള്‍ വന്നു തുടങ്ങി. ചെവികള്‍ നീണ്ടു വന്നു. താടിയെല്ലും മൂക്കും മുന്നോട്ടു തള്ളി. പുറകില്‍ പൃഷ്ഠത്തില്‍ ഒരു വാല്‍ താഴേയ്ക്ക് കിളിര്‍ക്കാന്‍ തുടങ്ങി. അതോടെ കൈകള്‍ രണ്ടും മുന്നോട്ട് കുത്തി നാലുകാലിലായി നടപ്പ്. ഒപ്പം കൈയിലും കാലിലും കുളമ്പുകള്‍ ഉണ്ടായി.
ഒരു ദിവസം നേരം പുലരുമ്പോള്‍ പുരുഷന്മാരുടെ രൂപപരിണാമം പൂര്‍ത്തിയായിരുന്നു.
“ബ്രേ...!”
അതുകൊള്ളാം വളരെ വ്യത്യസ്തമായ ഒരു രചന.

കൂതറHashimܓ said...

നല്ല എഴുത്ത്
നഷ്ട്ടപെട്ടവയെ നേടി എടുക്കാന്‍ ശ്രമിക്കാതെ പരിണാമ ദിശയിലേക്ക് നടന്നടുക്കാന്‍ വെമ്പല്‍ കൊള്ളുന്ന ജനത
നശിപ്പിക്കലിന്റെ ഗൌരവം മനസ്സിലാക്കാതെ തന്റെ മാത്രം നല്ലതിന് വേണ്ടി എന്തും ചെയ്യുന്ന യുവത്വം

(എന്തായാലും എനിക്കും ഗന്ധര്‍വന്‍ ആവണം, ഹ അഹ ഹാ)

രാജേഷ്‌ ചിത്തിര said...

ചക്കിനു വെച്ചതു കൊക്കിനു കൊണ്ട ഒരു ഫീല്‍ ആണല്ലൊ ചങ്ങാതീ ഈ കഥ വായിച്ചപ്പോള്‍ കിട്ടിയത്.
കോടതി വിധിയെ പഠിക്കാതെ പുകമറ സൃഷ്ടിച്ചു നടത്തുന്ന രാഷ്ടീയ കോമരം തുള്ളല്‍ മനസ്സിലാക്കാം.
വെടക്കാക്കി തനിക്കാക്കുന്ന അവസ്ഥ.
റോഡും പൊതുസ്ഥലങ്ങളും സംഘടിതരായ , കയ്യൂക്കുള്ള, എന്നാല്‍ ന്യൂനപക്ഷമായി മാറിക്കൊണ്ടിരുക്കുന്ന
രാഷ്ട്രീയ (?) തിമിരങ്ങളുടെതു എന്നതാനു ശരി എന്നു പറയാനാണൊ ഉദ്ധേശിച്ചതു എന്നു മനസിലായി.

പെട്ടന്നു തോന്നിപ്പൊകുന്നത്, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ഒന്നുമില്ലാത്ത സംസ്കാരിക , സാമ്പത്തിക
രാഷ്ടീയ പ്രശ്നങ്ങള്‍ എന്തൊക്കെയൊ കേരളത്തില്‍ മാത്രമായുണ്ടെന്നാണ്.

പ്രത്യയശാസ്ത്ര വിദ്യാഭ്യാസമെന്ന വരം നേടി ഷണ്ട്ന്മാരായ ഒരു സമൂഹത്തെ ഉദ്ധേശിച്ചാണെങ്കില്‍ കഥ ചക്കില്‍ തന്നെ
കൊണ്ടു.

prandy said...

ഭരണകൂടത്തോടുള്ള ജനങ്ങളുടെ എത്രിര്‍പ്പ് പ്രകടിപ്പിക്കാന്‍ ഒരു ജനാധിപത്യ രാജ്യത്തില്‍ ജനങ്ങള്‍ ക്ക് അവകാശമില്ലേ?
വാ തുറക്കുന്നതും പ്രകടനം നടത്തുന്നതും നിയമം മൂലം നിരിധിക്കുന്നത് ജനാധിപത്യ രീതി ആണോ?

കഥ വളരെ നന്നായിട്ടുണ്ട് .... കഥാകൃത്തിന്റെ ഭാവനയും കാല്പനികതയും ഇനിയും ഇതുപോലെ
സമൂഹത്തിനു ആവശ്യമുള്ള മേഖലകളില്‍ ഉപയോഗിക്കും എന്ന് പ്രതീക്ഷിക്കുന്നു...
എഴുത്തുകളും നിയമം മൂലം നിരോധിക്കുന്നതിന് മുന്‍പേ

Naushu said...

കഥ വളരെ നന്നായിട്ടുണ്ട് ....

mini//മിനി said...

പുതിയ രീതിയിലുള്ള അവതരണം നന്നായി, ഇന്ന് ഇവിടെ ഹർത്താൽ ആയതിനാൽ ആഘോഷമാണ്. ആശംസകൾ അയക്കുന്നു. ഒപ്പം വായിച്ചുരസിക്കാൻ ക്ലാസ്സിൽ കയറി വന്ന ഒരു പാമ്പ് ചരിത്രവും.
http://mini-minilokam.blogspot.com/2010/07/blog-post.html

ശാന്ത കാവുമ്പായി said...

ഈ കോവര്‍ കഴുതകളെ എന്തു ചെയ്യും?

Unknown said...

കഥയുടെ തീമും അവതരണവും മനോഹരമായി.

ബിജുകുമാര്‍ alakode said...

അഭിപ്രായങ്ങള്‍ അറിയിച്ച ആചാര്യന്‍ , അനൂപ് കോതനല്ലൂര്‍ , കൂതറ ഹാഷിം, രാജേഷ് ചിത്തിര, പ്രാന്‍ഡി,നൌഷു, മിനി ടീച്ചര്‍ , ശാന്തേച്ചി, തെച്ചിക്കോടന്‍ : എല്ലാവര്‍ക്കും വളരെ നന്ദി. ഈ കഥയുടെ ആശയത്തോടുള്ള അനുകൂലനവും എതിര്‍പ്പും സസന്തോഷം സ്വാഗതം ചെയ്യുന്നു. രാജേഷിന്റെ വിമര്‍ശനത്തിന് പ്രാന്‍ഡി മറുപടി പറഞ്ഞു എന്നാണെന്റെ വിശ്വാസം.
ഏതൊരു ജനാധിപത്യരാജ്യത്തെയും ജനങ്ങള്‍ക്കു ലഭിയ്ക്കുക അവരര്‍ഹിയ്ക്കുന്ന ഭരണകൂടത്തെ ആയിരിയ്ക്കും; നല്ലതായാലും ചീത്തയായാലും. അതിനെ എതിര്‍ക്കാനും പ്രതികരിയ്ക്കാനുമുള്ള അവകാശം ജനാധിപത്യത്തിന്റെ ജീവവായുവാണ്. കേവലം ഒരു പേനത്തുമ്പിന്റെ ചലനത്താല്‍ നിരൊധിയ്ക്കപ്പെടേണ്ടതല്ല ആ അവകാശം എന്നാണ് വെറും സാധാരണക്കാരനായ എന്റെ വിചാരം.

Unknown said...

പണ്ട് ഒരു നാടകം കണ്ടതോര്‍ക്കുന്നു. അതില്‍ ഒരു ഡയലോഗ് ..

ഉദ്ദരിച്ചൊട്ടെ ഉദ്ധരിച്ചൊട്ടെ ..
ഉദ്ധാരണമില്ലെങ്കില്‍ രാജ്യം നശിക്കും...

അന്ന്‍ അതിന്‍റെ അര്‍ഥം മനസ്സിലായില്ല ...

ഇപ്പോള്‍ എല്ലാം മനസ്സിലായി....

mukthaRionism said...

വ്യത്യസ്തമായ അവതരണം.
ശക്തമായ വിവരണം.

mukthaRionism said...
This comment has been removed by the author.
അനില്‍കുമാര്‍ . സി. പി. said...

വ്യത്യസ്ഥമായ അവതരണരീതി കൊള്ളാം. പക്ഷെ, വര്‍ത്തമാനകാല കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളേക്കുറിച്ച് പറയാനുദ്ദേശിച്ചത് വായനക്കാരനിലെത്തിക്കാന്‍ കഴിഞ്ഞോ എന്ന് സംശയം!

Anonymous said...

"പ്രതിഷേധങ്ങളും പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിക്കപ്പെട്ട് ഷണ്ഡത്വത്തിലേയ്ക്ക് നയിയ്ക്കപ്പെടുന്ന സമകാലിക കേരളീയ സമൂഹ" വുമായി താരതമ്യം ചെയ്തുകൊണ്ട് ഒരു മനോഹരമായ കഥ (നല്ല ഒരു സങ്കല്‍പ്പിക കഥ ) താങ്കള്‍ അവതരിപ്പിച്ചിരിക്കുന്നു .ഈ കഥ വായിച്ചപ്പോള്‍ എനിക്ക് തോന്നിയത് "ഏതൊരു കാര്യമായാലും അത് അതിര് വിട്ടാല്‍ പോലും നിരോധനം എന്നത് ശാശ്വത പരിഹാരമല്ല " എന്നൊരു സന്ദേശമാണ് ബിജു ഇതിലൂടെ നല്‍കിയത് എന്നാണ് . അക്രമമായാലും ലൈംഗീകത്വരയായാലും അതിര് കടന്നാല്‍ ആപത്താണ് . പക്ഷെ ഇവിടെ എനിക്കൊരു സംശയമുണ്ട് . നമ്മുടെ നാട്ടില്‍ നടക്കുന്ന പല പ്രതിഷേധ യോഗങ്ങളും പ്രകടനങ്ങളും പലപ്പോഴും ജനജീവിതത്തെ വളരെയധികം ബാധിച്ചിട്ടില്ലേ . അത് കണ്ടിട്ടാണല്ലോ ബഹു .കേരള ഹൈക്കോടതി അങ്ങനെയൊരു ഉത്തരവ് നല്‍കിയത് .
പൌരന്‍റെ പ്രതികരിക്കുവാനുള്ള സ്വാതന്ത്ര്യത്തിനു കൂച്ച് വിലങ്ങിടുവാന്‍ ഒരു നീതിന്യായവ്യവസ്ഥക്കും സാധിക്കുകയില്ല . അത് 'അടിയന്തരാവസ്ഥ'യെ അനുസ്മരിപ്പിക്കും .പ്രതികരിക്കുവാനുള്ള ഒരു പൌരന്‍റെ സ്വാതന്ത്ര്യം പോലെ തന്നെയില്ലേ അവര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യവും ?.
ശീലാവതിക്ക് ദേവേന്ദ്രനില്‍ നിന്നും കിട്ടിയ വരം പോലെയാകുമോ ഈ വിധിയും .
"നിരോധനം ഒന്നിനുമുള്ള ശാശ്വത പരിഹാരമല്ല " എന്ന സന്ദേശത്തോട് പൂര്‍ണമായും യോജിക്കുന്നു

ബിജു എന്ന കഥാകാരന്‍ വിജയിച്ചത് രണ്ടു കാര്യത്തിലാണ് .ഒന്ന് - താങ്കള്‍ ശരി എന്ന് വിശ്വസിക്കുന്ന ഒരു ആശയത്തിന് , വായനക്കാര്‍ക്ക്‌ മനസ്സിലാകാവുന്ന വിധത്തില്‍ ,പതിവ് പോലെ നര്‍മ്മവും അതിലൂടെ പ്രതിഷേധവും സൃഷ്ടിച്ചു കൊണ്ടു . രണ്ടാമതായി കഥ എന്ന നിലയിലെ ഇതിന്‍റെ പുതുമ , എഴുതിയ രീതി എല്ലാം നന്നായിട്ടുണ്ട് .

ആശംസകള്‍ ,അഭിനന്ദനങ്ങള്‍

ബിജുകുമാര്‍ alakode said...

@ പലയക്കോടന്‍സ്: അഭിപ്രായത്തിന് നന്ദി. വായനയിലൂടെ വായനക്കാരന് ഉചിതമായ അര്‍ത്ഥം വായിച്ചെടുക്കാന്‍ കഴിയുമെങ്കില്‍ എഴുത്തുകാരന്‍ കൃതാര്‍ത്ഥനായി.
@ മുഖ്താര്‍: അഭിപ്രായത്തിനു നന്ദി.
@ അനില്‍കുമാര്‍: നന്ദി.പലയക്കോടനോടു പറഞ്ഞതു താങ്കളോടും പറയുന്നു.
@ മിനി: വിശദമായ കമന്റിനു നന്ദി. ശീലാവതിയുടെ പ്രശ്നത്തിനു പരിഹാരമായി നാടുമുഴുവന്‍ ബാധിയ്ക്കുന്ന വരം കൊടുത്തതാണ് അവിടെ പ്രശ്നമായത്. ഒരു പ്രത്യേക പ്രദേശത്തെ പ്രശ്നത്തിന് സമൂഹത്തെ മൊത്തം ബാധിയ്ക്കുന്ന വിധികള്‍ ഉണ്ടാക്കുന്ന കുഴപ്പങ്ങള്‍ക്ക് ഒരുദാഹരണം ഈ കഥയുടെ മറുവായനയിലൂടെ ലഭിച്ചാല്‍ ഈ എഴുത്ത് സഫലമായി.

പാര്‍ത്ഥന്‍ said...

ഈ കോവര്‍ കഴുതകളെ എന്തു ചെയ്യും?

വോട്ടു ചെയ്യാൻ ഉപയോഗിക്കാലോ. അതല്ലെ ജനാധിപത്യത്തിനുവേണ്ടത്.

Kurian Thomas Puthedan said...

കഥയുടെ അവതരണം നന്നായിട്ടുണ്ട്. സമര്‍പ്പണം ഇല്ലായിരുന്നെങ്കില്‍ കഥാകാരന്‍ ഉദ്തെസിചിടത് വായനക്കാരന്‍ എത്തുമോ എന്നൊരു സംശയം ബാക്കിയാവുന്നു.

Anonymous said...

ഹഹഹ...
റോഡ് ഉത്തേജനം വന്നവന് പരിപാടി നടപ്പിലാക്കാനുള്ള സ്ഥലമല്ല അതിന് മറ്റുള്ളവ്രെ ശല്യപ്പെടുത്താതെ സ്വന്തവീട്ടില്‍ പോയി പരിപാടി നടത്തണം എന്ന സത്യത്തിനു മുന്നില്‍ ഈ കഥ കഥാകാരന്റെ ആവശ്യമില്ലാത്ത ഉത്തേജനത്തിനെയാണ് കാണിക്കുന്നത്.

എന്തായാലും കഥാകാരന്റെ ദൈവത്തെപ്പോലെ വിവരമില്ലാത്തവരല്ല കോടതികള്‍. പൊതുവഴിയെ നടക്കുംപ്പോല്‍ ഉത്തേജനം വേണ്ട എന്ന വരമാണ് അവര്‍ കൊടുത്തത്. അതിനു മറ്റു സ്ഥലങ്ങള്‍ നോക്കാനേ പറഞ്ഞുള്ളൂ...


"ഏതൊരു കാര്യമായാലും അത് അതിര് വിട്ടാല്‍ പോലും നിരോധനം എന്നത് ശാശ്വത പരിഹാരമല്ല."

ഹഹഹാ‍ാ‍ാ... കഞ്ചാവും കറുപ്പും ചരസ്സുമൊക്കെ തിരിച്ചു വരട്ടെ... രണ്ടെണ്ണം വലിച്ചിട്ടു വേണം ഇമ്മാതിരി കഥയൊക്കെ എഴുതാന്‍...

Naseem said...

ഹാ ഹാ കൊള്ളാം ബിജു.. ഭാവന അതി സുന്ദരം..
സമൂഹതിലെ മറ്റു പല പ്രശ്നങ്ങള്‍ പോലെ തന്നെ
ശെരി തെറ്റുകളുടെ കര്യവിചാരങ്ങള്‍ ഈ പ്രശ്നത്തിലും ഉണ്ട്...
അതി സുക്ഷ്മ വിശകലനത്തിനോ വിലയിരുതലുകള്‍ക്കോ
വിധേയമാക്കാതെ നിരോധനം കൊണ്ട് പ്രശ്നങ്ങളെ റദു ചെയ്യാനുള്ള
നിഷ്ക്രിയത്വം ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെ..

ബിജുകുമാര്‍ alakode said...

@ പാര്‍ത്ഥന്‍ : ഹ..ഹ. അഭിപ്രായത്തിനു നന്ദി.
@ കുര്യന്‍: കഥകളി നല്ല കലയാണെങ്കിലും കാണികള്‍ കുറയുന്നത് കഥ മനസ്സിലാവാത്തതു കൊണ്ടാണ്. കഥയറിഞ്ഞാലോ നല്ല ആസാദ്യവും.ഈ കഥയുടെ ആദ്യത്തെ മൂന്നു കമന്റു കണ്ടപ്പോഴാണ് മുഖക്കുറി ചാര്‍ത്തിയത്. സാധാരണ എഴുത്തുകാര്‍ ആരും ഇങ്ങനെ ചെയ്യാറില്ല. എങ്കിലും വിഷയം പ്രസക്തമായതു കൊണ്ടാണ് ആ കടുംകൈ ചെയ്തത്.
@ അനോണി: വ്യത്യസ്ത അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നു.
ഈ വിഷയത്തില്‍ പ്രസക്തമായ ഒരു ലേഖനം ബൂലോകത്തില്‍ കണ്ടത് ഇതാ
@ നസീം: താങ്കളുടെ അഭിപ്രായത്തിനു വളരെ നന്ദി.

Joker said...

എല്ലാം ഇതിലുണ്ട്. :))

Anonymous said...

നമ്മുടെ രാജ്യം എന്താണ്, ഏതാണ്, എന്നൊന്നു എനിക്ക് അറിയേണ്ട. എന്റെ കൈയില്‍ പൈസയുണ്ട്,പൈസയില്ലാത്ത നിങ്ങള്‍ തെരുവില്‍ കിടന്നു എന്റെ വഴി മുടക്കിയാല്‍ ഞാന്‍ കോടതിയില്‍ പോകും പിന്നെ കോടതി നിങ്ങളെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവിടും ജാഗ്രതൈ !!!!! gopal

ഗ്രീഷ്മയുടെ ലോകം said...

വൈകി വായിച്ചതാണെങ്കിലും, ഹാജര്‍ വയ്ക്കാതെ പോവുന്നതെങ്ങനെ?
കഥാസാരം അസ്സലായി.

Unknown said...

അമ്പിളിയമ്മാവനും..,.മലയാളം വാരികയും, ചേര്‍ത്തു വായിച്ച അനുഭവം .
നന്നായി. അഭിനന്ദനങ്ങള്‍ ..!

Anonymous said...

എഴുത്ത് നന്നായിട്ടുണ്ട്..ആശയത്തോട് പൂര്‍ണ്ണവിയോജിപ്പും . പണിമുടക്കാന്‍ ആദ്യം പണിയെടുക്കണം .ഇന്ന് പണിമുടക്കുന്നത് പൊതുമടിയന്മാര്‍ . അഴിമതി , ജാതി വ്യവസ്ഥിതി ,സ്ത്രീധനം ,അന്ധവിശ്വാസങ്ങള്‍ മുതലായവ കൊടുമ്പിരി കൊണ്ടിരിയ്ക്കുന്ന
നാട്ടില്‍ സമരങ്ങളും ഹര്‍ത്താലുകളും കൂടെ കൂനിന്മേല്‍ കുരുപോലെ പ്രത്യയശാസ്ത്രദുരാചാരങ്ങളായി നിലനില്‍ക്കുന്നു .രാഷ്ട്രീയക്കാര്‍ക്ക് ശമ്പളം കൂട്ടാന്‍ ഐക്യം .മറ്റുള്ള കാര്യങ്ങള്‍ക്കു പൊതുമുതല്‍ നശീകരണം . മുകളില്‍ ഒരാള്‍ പറഞ്ഞത് ശരിയാണ് ജനങ്ങള്‍ നന്നാകണം എന്നാലേ സമരങ്ങളും ഹര്‍ത്താലുകളും നടത്താത പാര്‍ട്ടികളും സര്‍ക്കാരുകളും ഇവടെ ഉണ്ടാകൂ .....

Sameer Thikkodi said...

ഇവിടെ വിമര്‍ശിക്കേണ്ടത്‌ കോടതിയേയോ അതോ കോടതി വിധി വിമര്‍ശകരെയോ ?? രാഷ്ട്രീയ - മത - മതേതര രീതിയില്‍ നിന്ന് മാറിക്കൊണ്ട് കേരള ജനതയ്ക്ക് ഒരു വ്യക്തിത്വം ഇല്ല എന്നത് അതിശയോക്തി അല്ല തന്നെ ... രാജാവും പ്രജയും ഒരേ പ്രയാസത്തില്‍ ... വ്യത്യാസം രാജാവിന്റെ ശൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ല എന്നതില്‍ മാത്രം .. പ്രജകള്‍ എന്തും ഏതും എന്നും സഹിക്കാന്‍ വിധിക്കപ്പെട്ടവര്‍ ...

ഗന്ധര്‍വന്മാരുടെ ഒരു പ്രകടനം തന്നെ പ്രതീക്ഷിക്കുക ...... ഈ നില തുടര്‍ന്നാല്‍ ...