അര്‍ദ്ധരാത്രിയിലായിരുന്നു അതു സംഭവിച്ചത്. ഞാന്‍ സഞ്ചരിച്ചിരുന്ന കപ്പല്‍ പെട്ടെന്ന് നിശ്ചലമാകുകയും, അതിന്റെ ആണികള്‍ ഓരോന്നായി ഊരിപ്പോകുകയും ചെയ്തു. അടിത്തട്ടില്‍ നിന്നും പെട്ടെന്നൊരു ഗോഡ്സില്ല അലറിക്കൊണ്ട് ഉയര്‍ന്നുവന്നാലെന്ന പോലെ കടല്‍ പ്രക്ഷുബ്ധം. കപ്പലിന്റെ പുറം പാളി നിര്‍മ്മിച്ചിരുന്ന പലകകള്‍ വേര്‍പെട്ടു കടലിലേയ്ക്കു വീണുകൊണ്ടിരുന്നു. വിളക്കുകളെല്ലാം അണഞ്ഞു പോയി. ആര്‍ത്തലച്ച നിലവിളികള്‍ മാത്രം. ആഞ്ഞടിയ്ക്കുന്ന തിരമാലയിരമ്പത്തില്‍ അതൊക്കെ അലിഞ്ഞില്ലാതായി. പെട്ടെന്നു ഉപ്പുവെള്ളം ഇരച്ചുകയറുകയും കപ്പല്‍ താഴ്ന്നു പോകുകയും ചെയ്തു. പിന്നൊന്നും എനിയ്ക്ക് ഓര്‍മ്മയില്ല...
കണ്ണു തുറക്കുമ്പോള്‍ ഞാനൊരു മണ്‍തിട്ടയില്‍ കമഴ്ന്നു കിടക്കുകയായിരുന്നു. ജീവനോടെയുണ്ടെന്ന് ഒട്ടുമേ വിശ്വസിയ്ക്കാന്‍ പറ്റുന്നില്ല. എന്റെ കപ്പലിന്റെ ഒരു പൊടിപോലും കാണാനില്ല. എങ്ങനെയിവിടെ എത്തിയെന്നും അറിയില്ല. ആയുസ്സിന്റെ അക്കൌണ്ടില്‍ ഇനിയും കുറേ ബാലന്‍സുണ്ടെന്നു തോന്നുന്നു. അമ്പരപ്പോടെയും ആശ്വാസത്തോടെയും ചുറ്റും നോക്കി. എമ്പാടും കടല്‍ വെള്ളവും അതിനിടയ്ക്ക് ഇത്തിരി പച്ചപ്പും. ഞാനൊരു ദ്വീപിലാണല്ലോ..!
ഹോ എത്രമനോഹരമാണിവിടം..! എങ്ങും പൂക്കളും പൂമ്പാറ്റകളും.. പഴങ്ങള്‍ തൊങ്ങലിട്ട പലയിനം മരങ്ങള്‍. കുളിര്‍മ്മയുള്ള വള്ളിക്കാടുകള്‍. കിളികളുടെ ശബ്ദങ്ങള്‍. ആമസോണ്‍ വനാന്തരങ്ങള്‍ പോലെ..!
വിശന്നപ്പോള്‍ ഞാന്‍ ധാരാളം പഴങ്ങള്‍ തിന്നു. ദാഹിച്ചപ്പോള്‍, കുലച്ചുമറിഞ്ഞുകിടക്കുന്ന ചെന്തെങ്ങുകളില്‍ നിന്നു കരിക്കു പറിച്ചു പൊട്ടിച്ചു കുടിച്ചു. ആദ്യത്തെ അമ്പരപ്പും ക്ഷീണവും മാറിയപ്പോള്‍ എന്തെന്നില്ലാത്ത ഒരുത്സാഹം. കടലോരത്തെ തരിമണലില്‍ കിടന്നു കുത്തിമറിഞ്ഞും നെടുനീളം ഓടിയും കൂവിയും അട്ടഹസിച്ചും ഞാനെന്റെ കുട്ടിക്കാലത്തേയ്ക്ക് തിരിച്ചു പോയി.
സംഗതിയെല്ലാം രസകരം തന്നെ, പക്ഷെ ആദ്യത്തെ ദിവസം കഴിഞ്ഞതോടെ എനിയ്ക്കെല്ലാം മടുത്തു. ഞാനല്ലാതെ ഒരു ജീവിയും അവിടെയില്ല, ശലഭങ്ങളും പക്ഷികളുമല്ലാതെ. പെട്ടെന്നാണ് ഓര്‍മ്മകളെല്ലാം കൂടി എന്നിലേയ്ക്ക് തിക്കിതിരക്കി വന്നത്. ദൈവമേ, ഞാനിപ്പോള്‍ എവിടെ ഇരിയ്ക്കേണ്ട ആളാണ്..! എന്റെ കുടുംബം , ഓഫീസ്, കാറ്, കമ്പ്യൂട്ടര്‍, മൊബൈല്‍....അയ്യോ..! ഞാനിവിടെ ഏകാന്തനും നിസ്സഹായനുമാണെന്ന ആ തിരിച്ചറിവില്‍ ഒരു നിലവിളിയും കരച്ചിലും എന്നെ പൊതിഞ്ഞു. ദൂരേയ്ക്ക് പ്രതീക്ഷയോടെ നോക്കി, ഒരു കപ്പലോ വഞ്ചിയോ എന്തെങ്കിലും..? ഇല്ല ഒന്നുമില്ല...:-(
അടുത്ത ഒരു ദിവസം മുഴുവന്‍ ഞാന്‍ നിരാശയിലും കരച്ചിലിലും ധ്യാനത്തിലുമായിരുന്നു. എന്റെ ഭാര്യ, എന്റെ കുഞ്ഞുങ്ങള്‍, അച്ഛന്‍ അമ്മ, സുഹൃത്തുക്കള്‍, നാട്, വീട് ഇതെല്ലാം വിട്ടെറിഞ്ഞ് എന്തിനീ ജീവിതം..? അവരെല്ലാം ഭൂമിയുടെ മറ്റേതോ ഭാഗത്ത്. ഞാനോ, ആരാലും അറിയപ്പെടാത്ത ഏതോ വിജനദ്വീപില്‍.
അങ്ങനെ ഞാന്‍ മരിയ്ക്കാന്‍ തീരുമാനമെടുത്തു. ദ്വീപിന്റെ ഒരു വശത്ത് ഉയര്‍ന്ന ഒരു തിട്ടയുണ്ട്. അവിടെ നിന്നു കടലിലേയ്ക്ക് ചാടിയാല്‍ മരണം ഉറപ്പ്. ആ തിട്ടയുടെ തുമ്പത്തുനിന്ന്, ചാടാനായി കുതിയ്ക്കാനൊരുങ്ങവേ എന്റെ മുന്നില്‍ ഒരു രൂപം പ്രത്യക്ഷപെട്ടു. അതീവ തേജോമയമായ ആ രൂപം ദൈവത്തെ പറ്റിയുള്ള എന്റെ ബാല്യസങ്കല്‍പ്പങ്ങളോട് എല്ലാ രീതിയിലും യോജിയ്ക്കുമായിരുന്നു. ആ പ്രഭാപൂരത്തില്‍ കഞ്ഞുമിഴിച്ച് നില്‍ക്കവേ ആര്‍ദ്രതയോടെ ഒരു ശബ്ദം..
“അരുത് ആത്മഹത്യ പാടില്ല. നീയതിനു ശ്രമിച്ചാലും മരിയ്ക്കില്ല. കൈയുംകാലും ഒടിഞ്ഞ് പിന്നെയും നിസ്സഹായനായി ജീവിയ്ക്കേണ്ടിവരും. നിനക്ക് ആയുസ്സെത്തിയിട്ടില്ല. അതുകൊണ്ടാണല്ലോ കപ്പല്‍ ഛേദത്തില്‍ പെട്ടിട്ടും നീയിപ്പോഴും ജീവിച്ചിരിയ്ക്കുന്നത്.. ”
“അങ്ങ് ദൈവമാണെങ്കില്‍, ദൈവമേ..! എനിയ്ക്കെല്ലാം നഷ്ടപ്പെട്ടില്ലേ.. ഞാനെന്തിനു ജീവിച്ചിരിയ്ക്കണം..? അല്ലെങ്കില്‍ ഇവിടെ നിന്നെന്നെ രക്ഷിച്ച് എന്റെ കുടുംബത്തിലെത്തിയ്ക്കൂ.. ”
“നോക്കൂ, നിന്റെ ആയുര്‍ലിഖിതത്തില്‍ ഈ ദ്വീപിലെ ജീവിതം വിധിച്ചിട്ടുണ്ട്. അടുത്ത പത്തുവര്‍ഷം നീയിവിടെ കഴിഞ്ഞേ മതിയാകൂ. അതുമാറ്റാന്‍ ആര്‍ക്കും സാധ്യമല്ല...! ”
കാലില്‍ നിന്നു തലയിലേയ്ക്കു കയറി വന്ന പെരുപ്പ് എന്റെ ശബ്ദവും കാഴ്ചയും മായ്ചുകളഞ്ഞു. ആ നിമിഷങ്ങളില്‍ ഒരു സ്ഫോടനത്താലെന്നപോലെ ഞാന്‍ ചിതറി ധൂളികളായി. അപ്പോള്‍ ദൈവത്തിന്റെ ശബ്ദം വീണ്ടും കേട്ടു.
“ഇവിടെ ആഹാരത്തിനോ ആരോഗ്യത്തിനോ ഒരു കുറവും ഉണ്ടാകില്ല. നിനക്കായി ഞാന്‍ ഒരു ഔദാര്യം കൂടി തരാം. നിനക്കേറ്റവും വേണ്ടപ്പെട്ട ഒരാളെ, അല്ലെങ്കില്‍ നിനക്ക് സ്വന്തമായ ഒരു വസ്തുവിനെ ഞാനിവിടെ എത്തിച്ചുതരാം, അടുത്ത പത്തുവര്‍ഷം നിന്നോടൊപ്പം കഴിയാന്‍. പറയൂ, ആരെയാണ് അല്ലെങ്കില്‍ എന്താണു നിനക്കു വേണ്ടത്?”
അതൊരു വലിയ ചോദ്യമായിരുന്നു. വല്ലാതെ കുഴപ്പിയ്ക്കുന്ന ചോദ്യം.
“എന്റെ ഭാര്യയെയും മക്കളെയും കൂടി ഇവിടെത്തിയ്ക്കാമോ ദൈവമേ..?”
“ആരെയെങ്കിലും ഒരാളെ മാത്രം. ഒന്നുകില്‍ ഭാര്യയെ അല്ലെങ്കില്‍ മക്കളില്‍ ആരെയെങ്കിലും...”
വല്ലാത്ത പരീക്ഷണം തന്നെ !
“ദൈവമേ എനിക്കല്‍പ്പം ആലോചിയ്ക്കാന്‍ സമയം വേണം..”
“ആവട്ടെ, ഒരു മണിക്കൂര്‍ കഴിഞ്ഞ് ഞാന്‍ വരും..” ദൈവം മാഞ്ഞുപോയി.
ഭാര്യയെ കൂടി കൊണ്ടുവരാന്‍ പറഞ്ഞാലോ..? പെട്ടെന്ന്, നല്ല വസ്ത്രങ്ങള്‍ ധരിച്ച്, മോടിയായി നടക്കുന്ന അവളുടെ രൂപം മനസ്സില്‍ വന്നു. കൊള്ളാവുന്ന ജോലിയുണ്ടവള്‍ക്ക്. എല്ലാം ഇട്ടെറിഞ്ഞ് ഈ ഏകാന്ത ദ്വീപില്‍ എന്റെ കൂടെ അടുത്ത പത്തുവര്‍ഷം താമസിയ്ക്കാന്‍ അവള്‍ വരുമോ? വരുമെങ്കില്‍ പോലും അതു ശരിയാണോ? എന്റെ കുഞ്ഞുങ്ങള്‍, അവര്‍ക്ക് അച്ഛനും അമ്മയുമില്ലാതെ പത്തുവര്‍ഷം..! വേണ്ട. ഞാന്‍ ആ ആലോചന ഉപേക്ഷിച്ചു.
അഞ്ചുവയസ്സുകാരന്‍ മോനെ കൊണ്ടുവരാം. അവന്റെ കളിയും ചിരിയും ഉണ്ടെങ്കില്‍ ഏതു സങ്കടവും അലിഞ്ഞുപോകും. എന്നാല്‍ അതും ശരിയാണോ? പാവം ആ കുഞ്ഞിനെ ഈ കാട്ടില്‍ ഒപ്പം താമസിപ്പിയ്ക്കുക..! വിദ്യാഭ്യാസമോ കൂട്ടുകാരോ ഇല്ലാതെ. അതും വേണ്ട. കൈക്കുഞ്ഞായ മോളെ കൊണ്ടുവരുന്നതു ആലോചിയ്ക്കാനും ആവില്ല.
അമ്മ. സ്നേഹത്തിന്റെ നിറകുടം. എക്കാലത്തും താങ്ങും തണലും. വേണമെങ്കില്‍ പ്രായമായ ഈ അവസ്ഥയിലും എന്തു ത്യാഗം സഹിയ്ക്കാനും സന്നദ്ധ ആയേയ്ക്കും. പക്ഷേ അതും പ്രായോഗികമല്ലല്ലോ. വൃദ്ധയായ അമ്മ പത്തുവര്‍ഷം ഈ കാട്ടില്‍ തന്നോടൊപ്പം എങ്ങനെ കഴിയും?. അതുമാത്രമല്ല, അമ്മയ്ക്കും മകനും സംസാരിയ്ക്കാന്‍ ചില പരിമിതികളുണ്ട്. ആവശ്യമല്ലാത്ത ഘട്ടങ്ങളില്‍ മൌനമാണ് മിക്കപ്പോഴും ഞങ്ങള്‍ക്കിടയില്‍ ഉണ്ടാകാറ്. അച്ഛന്റെ കാര്യത്തിലും ഇതു തന്നെ അവസ്ഥ.
ആയൊരു നിമിഷത്തിലാണു മറ്റൊരു ചിന്ത കയറി വന്നത്. അലീന..! ആദ്യമായി പ്രണയിച്ച പെണ്ണ്. ഇന്നും പ്രണയം സൂക്ഷിയ്ക്കുന്നവള്‍. സ്വന്തമാക്കാന്‍ ഒട്ടേറെ ആഗ്രഹിച്ചിട്ടും കൈവിട്ടുപോയി. ഈ ഏകാന്തദ്വീപില്‍ അവളുണ്ടെങ്കില്‍ എല്ലാം മറന്നു പ്രണയിയ്ക്കാം..! ഇത്രകാലം കാത്തുവെച്ചതൊക്കെ ചൊരിയാം. പക്ഷേ...
അവളിന്നൊരു ഭാര്യയാണ്, കുഞ്ഞിന്റെ അമ്മയാണ്. വരത്തിന്റെ ശക്തിയാല്‍ ഇവിടെ എത്തിച്ചാല്‍ തന്നെ, അവളുടെ ഭര്‍ത്താവ്, കുഞ്ഞ് അവരെയെല്ലാം വിട്ടെറിഞ്ഞ് അവള്‍ എന്നെ പ്രണയിയ്ക്കുമോ? സാധ്യതയില്ല. പ്രണയം ഉള്ളിലുണ്ടാവാം, എങ്കിലും ബന്ധങ്ങള്‍ പൊട്ടിച്ചെറിയാനായെന്നു വരില്ല. അതു ശരിയുമല്ല. എല്ലാം അറിഞ്ഞ് സ്വയം ബോധ്യപ്പെട്ട് വരുമ്പോഴാണ് അതിനു സ്നേഹത്തിന്റെ സൌരഭ്യമുണ്ടാവുക.
പെട്ടെന്നു ഞാന്‍ വല്ലാതെ ഒറ്റപ്പെട്ടതു പോലെ തോന്നി. കടലിരമ്പം എന്റെ ചെവിയില്‍ കറങ്ങിതിരിഞ്ഞു. കാറ്റിനു വല്ലാത്ത തണുപ്പ്. ആ നിമിഷം എന്റെ സന്തതസഹചാരികളായിരുന്ന ഉപകരണങ്ങളെക്കുറിച്ചോര്‍ത്തു. പ്രിയപ്പെട്ട ബ്ലാക്ക്ബെറി മൊബൈല്‍. എന്റെ ഒരവയവം പോലെ ആയിരുന്നു അത്. അതിന്റെ തരംഗ വീചികളില്‍ കൂടിയാണ് ലോകത്തോട് സംസാരിച്ചിരുന്നത്. പക്ഷെ അതിങ്ങോട്ടു കൊണ്ടുവന്നിട്ടെന്തുകാര്യം..! കവറേജിലാത്ത, കറണ്ടില്ലാത്ത ഈ ദ്വീപില്‍ നിന്ന് ഞാന്‍ ആരെ എങ്ങനെ വിളിയ്ക്കാന്‍?
എന്റെ ലാപ്ടോപ്പ്. ലോകത്തെ ഞാന്‍ കാണുന്നതും കേള്‍ക്കുന്നതും എല്ലാം അതില്‍ കൂടെയാണല്ലോ. രണ്ടായിരത്തിലധികം ഫേസ്ബുക്ക് സുഹൃത്തുക്കള്‍. ഇണങ്ങാനും പിണങ്ങാനും സല്ലപിയ്ക്കാനും പ്രണയിയ്ക്കാനും എല്ലാം എന്നോടൊപ്പം കൂടുന്നവര്‍. അവരെല്ലാം ഒരു നിമിഷം കൊണ്ട് എന്നില്‍ നിന്നൊഴിഞ്ഞു പോയില്ലേ. കണക്ഷനില്ലാത്ത, നെറ്റുവര്‍ക്കില്ലാത്ത, കറന്റില്ലാത്ത ഇവിടെ ലാപ്ടോപ് ഒരു കാഴ്ചവസ്തുമാത്രം.
പിന്നെയും ഞാന്‍ ഓരോന്നിനെക്കുറിച്ചും ആലോചിച്ചു. എന്റെ കാര്‍, ടിവി, ടാബ്ലെറ്റ് കമ്പ്യൂട്ടര്‍. എനിയ്ക്കൊരിയ്ക്കലും ഒഴിവാക്കാനാവില്ല എന്നു കരുതിയതിനൊന്നും ഇവിടെ യാതൊരു പ്രസക്തിയുമില്ല..! എന്റെ റോളക്സ് വാച്ച് കൊണ്ടുവന്നാല്‍ സമയം അറിയാം. എന്നാല്‍ ഈ ഏകാന്തതയില്‍ സമയം അറിഞ്ഞിട്ടൊന്നും ചെയ്യാനില്ല. ഘടികാരമില്ലെങ്കിലും സൂര്യനുദിയ്ക്കും, അസ്തമിയ്ക്കും, രാവും പകലും വരും. ഒന്നും ചെയ്യാനില്ലാത്തവനു സമയം നിശ്ചലമാണല്ലോ.ഞാന്‍ നഗ്നനായതു പോലെ തോന്നി. ഏകാന്തതയില്‍ എല്ലാ മനുഷ്യരും പിറന്ന പടി തന്നെ. മറ്റുള്ളവര്‍ ഉണ്ടെങ്കില്‍ മാത്രമേ നാണത്തിനു പ്രസക്തിയുള്ളു.
മണിക്കൂര്‍ ഒന്നായപ്പോഴേയ്ക്കും ദൈവം വീണ്ടുമെത്തി. ചുറ്റും നിശ്ചലമായതുപോലെ എനിയ്ക്കുതോന്നി. അടുത്ത പത്തുവര്‍ഷത്തേയ്ക്ക് ഒപ്പം കഴിയാന്‍ ഞാന്‍ ആരെയാണു തിരഞ്ഞെടുക്കുക? അല്ലെങ്കില്‍ എന്താണു തിരഞ്ഞെടുക്കുക? എനിയ്ക്കൊരെത്തും പിടിയും കിട്ടിയിട്ടില്ല.
“പറയൂ, നിനക്കാരെയാണു വേണ്ടത്? ഇനി ആലോചിയ്ക്കാന്‍ സമയമില്ല. ഇപ്പോഴല്ലെങ്കില്‍ ഇനിയൊരിയ്ക്കലും ഞാന്‍ വരില്ല...” ദൈവം തിരക്കു കൂട്ടി.
ഇത്തരം നിര്‍ണായക നിമിഷങ്ങളില്‍ ഞാന്‍ മുന്‍പും പതറിപ്പോയിട്ടുണ്ട്. ആലോചിച്ചുറപ്പിച്ച പല തീരുമാനങ്ങളും തൊണ്ടയില്‍ കുടുങ്ങിപ്പോകും. ചിലപ്പോള്‍ ഒരിയ്ക്കലും ചിന്തിയ്ക്കാത്തതു വല്ലതുമാവും അപ്പോള്‍ നാവില്‍ നിന്നു പുറത്തു ചാടുക.
“കാരുണ്യവാനായ ദൈവമേ, എനിയ്ക്കൊന്നും വേണ്ട, ആരെയും വേണ്ട. ഞാന്‍ ആരെ കൊണ്ടുവന്നാലും, ഒന്നുകില്‍ അവര്‍ക്ക് അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് അതു ദു:ഖം നല്‍കും. എന്റെ നിത്യജീവിതത്തില്‍ സുഖവും ആഡംബരവും നല്‍കിയിരുന്ന ഒരു വസ്തുവിനും ഈ ഏകാന്തതയില്‍ എന്നോടൊത്തു നിലനില്‍ക്കാനാവില്ല. മറ്റുള്ളവരുണ്ടെങ്കില്‍ മാത്രമേ ഇവയ്ക്കൊക്കെ പ്രസക്തിയുള്ളു എന്നെനിയ്ക്കു മനസ്സിലാകുന്നു. ഇതൊന്നുമില്ലെങ്കിലും എനിയ്ക്കു ജീവിയ്ക്കാം. തിന്നാനും കുടിയ്ക്കാനും ശ്വസിയ്ക്കാനും കിട്ടുന്നിടത്തോളം കാലം സുഖമായി ജീവിയ്ക്കാം. പത്തുവര്‍ഷത്തിനു ശേഷം കിട്ടുന്ന ആ മോചനം, അതിനെക്കുറിച്ചുള്ള പ്രതീക്ഷമാത്രം മതിയാകും എനിയ്ക്കു മുന്നോട്ടു പോകാന്‍.”
ദൈവം ഒന്നു പുഞ്ചിരിച്ചു. “എനിയ്ക്കറിയാമായിരുന്നു നീയിതേ പറയൂ എന്ന്. ജീവിതത്തെ ശ്രദ്ധിച്ചുനോക്കുന്ന ഏതൊരുവനും അറിയാം, എവിടെയും താന്‍ ഒറ്റയ്ക്കാണെന്ന്. ഏകാന്തതയുടെ വിവിധ വര്‍ണ്ണക്കൂട്ടുകള്‍ മാത്രമാണു ജീവിതം. താന്‍ ഒറ്റയ്ക്കാണെന്നു തിരിച്ചറിയുമ്പോള്‍ ചിലര്‍ പേടിയ്ക്കും, ചിലര്‍ ധൈര്യപ്പെടും. പേടിയ്ക്കുന്നവര്‍ നിരാശപ്പെട്ടും ശപിച്ചും ജീവിയ്ക്കുമ്പോള്‍ ധീരന്മാര്‍ ഓരോ നിമിഷവും ആസ്വദിച്ചു ജീവിയ്ക്കും. ഇവിടെ ഒന്നും തുണയാകില്ലെന്നറിയാമെങ്കിലും നിനക്കായി ഒരു സാധനം ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്. ഇതു ഉപകരിയ്ക്കാതിരിയ്ക്കില്ല...”
ദൈവം വലിയൊരു പെട്ടി എന്റെ നേരെ നീട്ടി. ഞാനതു സ്വീകരിച്ച നിമിഷം ആ പ്രഭാപൂരം അപ്രത്യക്ഷമാകുകയും അദ്ദേഹം എന്നെ വിട്ടു പോകുകയും ചെയ്തു. ഞാന്‍ ആകാംക്ഷയോടെ പെട്ടിതുറന്നു നോക്കി. മുഖം നോക്കുന്ന വലിയൊരു കണ്ണാടി മാത്രമാണ് അതിലുണ്ടായിരുന്നത്.