സുധേ! സുധേ!
ചിന്നമ്മയുടെ പതിവില്ലാത്ത വിളി കേട്ടാണ് സുധ രാവിലെ വാതില്‍ തുറന്നത്
എന്താ ചിന്നേച്ചീ!?
മോളേ അജയനെന്തിയേ?
ചിന്നമ്മയുടെ മുഖഭാവത്തില്‍നിന്നും എന്തൊ പ്രശ്നമുണ്ടെന്ന് സുധക്ക് വ്യക്തമായ്
അജയേട്ടന്‍ കവലയിലേക്ക് പോയല്ലോ ചിന്നേച്ചീ !! എന്താ കാര്യം
മോളേ അവന്‍ ജയിലീന്നിറങീട്ടുണ്ട് ! ആ രാഘവന്‍.. രാവിലത്തെ ബസിലുണ്ടെന്നാ കേട്ടത്
നേരാണോ ചിന്നേച്ചീ? ദേവി എന്താ ചെയ്യ ആ നാശം ഇത്ര പെട്ടെന്ന് ഇറങ്ങിയോ, അജയേട്ടനെ കണ്ടാല്‍ ഈശ്വരാ ഓര്‍ക്കാന്‍ വയ്യ
സുധ തളര്‍ന്നിരുന്നു!!!!
മോളേ ഞാന്‍ കവലയിലോട്ട് ചെല്ലട്ടെ അജയനോട് ഇവിടുന്ന് മാറാന്‍ പറയണം, കുറച്ച് നാളത്തേക്ക് നിന്റെ വീട്ടിലോട്ടെങ്ങാനും പൊക്കോ അവന്‍ കൊല്ലാനുള്ളപകയുമായിട്ടാ ഇറങ്ങിയിട്ടുള്ളത് അതുറപ്പാ......
കവലയിലേക്ക് ഓടുന്നതിനിടയില്‍ ചിന്നമ്മ വിളിച്ചുപറഞ്ഞു....
റബര്‍ തോട്ടത്തിനിടയില്‍ കൂടി ബസ് വരുന്നത് കണ്ട് ചിന്നമ്മ കവലയില്‍ ദേവസ്യയെ നോക്കി ചോദിച്ചു
ദേവസ്യേ അജയനെന്തിയേ???
ചിന്നേച്ചീ അവനെ നമ്മള് മാറ്റിയിട്ടുണ്ട് !! നിങ്ങളാ പെണ്ണിനേം പിള്ളേരേം വിളിച്ചോണ്ട് വീട്ടിലോട്ട് പൊക്കോ
ദേവസ്യയുടെ സ്വരത്തില്‍ ആപത്ത് പ്രതീക്ഷിക്കുന്നതിന്റെ അടയാളവും ഭയവും മുഴങ്ങിക്കേട്ടു
ബസില്‍ നിന്നിറങ്ങിയ രാഘവനെ കണ്ട് നാട്ടുകാര്‍ ഒന്ന് സ്തംഭിച്ചു, ജയിലില്‍ കിടന്നതിന്റേതായ ഒരു മാറ്റവും അയാള്‍ക്കില്ല പഴയ ഉറച്ച ശരീരവും കൂര്‍ത്ത മുഖവും പേടിപ്പിക്കുന്ന കണ്ണുകളും അതുപോലെ . ആ കണ്ണുകളിലും നോട്ടത്തിലും അയാള്‍ക്കുള്ളില്‍ തനിക്കെതിരെ സാക്ഷി പറഞ്ഞവനെതിരെയുള്ള പകയാണെന്ന് നാട്ടുകാര്‍ വായിച്ചെടുത്തു.
രാഘവന്‍ ചുറ്റും നോക്കി തന്നെ നാട്ടുകാര്‍ ഇപ്പൊഴും ഭയപ്പെടുന്നുവെന്ന് അയാള്‍ക്ക് വ്യക്തമായി, അതിന്റെ അടയാളമായ് ചിലര്‍ എഴുന്നേറ്റ് നില്‍ക്കുന്നതും അയാള്‍ കണ്ടു. പണത്തിനു വേണ്ടി എന്തും ചെയ്തിരുന്ന പഴയ രാഘവനല്ല താനെന്ന് വിളിച്ചുപറയാന്‍ അയാള്‍ക്ക് തോന്നി പക്ഷെ അതിനു മുതിരാതെ തല താഴ്ത്തി നടക്കാനേ രാഘവന് കഴിഞ്ഞുള്ളു. ദേവസ്യയുടെ കടയുടെ പുറകില്‍ നിന്നും ആ നടപ്പ് ചിന്നമ്മ നോക്കി നിന്നു. ആ നടപ്പിലെ നല്ല സൂചനകള്‍ കണ്ടുനിന്നവര്‍ മനസ്സിലാക്കും മുമ്പേ ചിന്നമ്മ ദേവസ്യയോടു പറഞ്ഞു
നിങ്ങള്‍ അജയനെ മാറ്റിയിട്ടുണ്ടെന്ന് അവനറിയാം അത് തന്ന ഒരക്ഷരം മിണ്ടാതെ നടക്കണത്, ആ നടപ്പ് കണ്ടാല്‍ അറിഞ്ഞൂടേ ദേഷ്യം കടിച്ചുപിടിച്ചാ പോണതെന്ന് !!
ഭാഗ്യം അജയനെ കാണാത്തത് കണ്ടിരുന്നേല്‍ ഇന്ന് തന്നെ അവന്റെ കാര്യം തീര്‍ന്നേനേ
ദേവസ്യയുടെ കടയില്‍ ഇരുന്നവരില്‍ ഒരാള്‍ പറഞ്ഞു.
സുധേ ! വാതില്‍ തുറക്ക് മോളേ
ചിന്നേച്ചീ അങ്ങേരെത്തിയോ എന്തായീ???
സൂക്ഷിക്കണം മോളേ അജയനെ മാറ്റിയിട്ടുണ്ട്, പക്ഷെ അവന്‍ കവലയില്‍ നിന്നൊരു പ്രകടനം നടത്തിയിട്ടാ പോയേക്കണത് ജയിലില്‍ കിടന്നിട്ടും ഒരു മാറ്റവുമില്ല പക ഇരട്ടിച്ചിരിക്കണന്നാ പറയേണ്ടത്....
അജയേട്ടനെപറ്റി എന്തേലും ??
കൊലവിളി നടത്തിയിട്ടാ പോയത് , കാണാഞ്ഞത് ഭാഗ്യം ! മോള്‍ടെ ഭാഗ്യന്ന് പറഞ്ഞാല്‍ മതീല്ലൊ!!!!
ചിന്നേച്ചി ഉള്ളതാ എനിക്കൊരു ധൈര്യം !!
അതെനിക്കറിയാം മോളെ! ഞാന്‍ ഉള്ളിടത്തോളം കാലം അവനീ മുറ്റത്ത് കേറത്തില്ല അത് ഞാന്‍ നോക്കികോളാം!!!
ഇതാ ചിന്നേച്ചി ഇതു വച്ചോ!!!
സുധ ചിന്നമ്മയുടെ കയ്യിലേക്ക് രണ്ട് നൂറിന്റെ നോട്ട് വച്ചുകൊടുത്തു!
ചിന്നമ്മ തന്റെ ജോലി പൂര്‍ത്തിയാക്കി കൂലിയും വാങ്ങിയ സന്തോഷത്തില്‍ നടന്നു, സുധ വാതിലും പൂട്ടി പൂജാമുറിയിലേക്ക് പോയി. ആ പകല് മുഴുവനും രാഘവിന്റെ വരവായിരുന്നു ഏവരുടേയും സംസാരവിഷയം. പഴയ കഥകള്‍ കുഴിതോണ്ടിയെടുത്തും രാഘവന്റെ പകയെ പറ്റി വാചലരായും സുധയേയും അജയനെയുംക്കുറിച്ച് സഹതപിച്ചുമൊക്കെ നാട്ടുകാര്‍ രാഘവന്റെ വരവ് ഒരു സംഭവമാക്കി
ചുവപ്പണിഞ്ഞ ആകാശത്തിലൂടെ പക്ഷികള്‍ കൂടണയാന്‍ യാത്രയാവുന്നു, റബര്‍മരങ്ങള്‍ തങ്ങളറിഞ്ഞ രഹസ്യം പരസ്പരം കൈമാറി ചര്‍ച്ചയിലേര്‍പ്പെടുന്നതുപോലെ ശിഖരങ്ങള്‍ തമ്മിലുരസി പിറുപിറുക്കുന്നു. അവയെ തൊട്ടുതലോടി ഒരു കുളിര്‍കാറ്റ് ചൂടുപിടിച്ച ഭൂമിയെ തഴുകി ശാന്തമാക്കനുള്ള ശ്രമത്തിലേര്‍പ്പെട്ടു.
കുഞ്ഞൂട്ടന്‍ ഓടുകയായിരുന്നു ചെരുവിലെ മാധുവിന്റെ വീട്ടിലേക്ക്!!
മാധുവേച്ചിയേ !! കതക് തുറക്ക് കുഞ്ഞൂട്ടനാ
കുറച്ച് കഴിഞ്ഞിട്ടും അനക്കമൊന്നും കേള്‍ക്കാത്തതിനാല്‍ കുഞ്ഞൂട്ടന്‍ കതകില്‍ തട്ടി പിന്നെയും വിളിച്ചു
അകത്തൊണ്ടെന്നെനിക്കറിയാം കതക് തുറക്കെന്നേ.....
അഴിഞ്ഞുകിടന്ന മുടിയൊതുക്കി മാറിലേക്കൊരു തോര്‍ത്തും വലിച്ചിട്ട് മാധു കതക് തുറന്നു.!
എന്താടാ ചെറുക്കാ വിളിച്ചു കൂവുന്നത് ഉറങ്ങാനും സമ്മതിക്കേലേ?
മാധുവേച്ചി ഉറങ്ങിക്കോ പക്ഷെ ആശാനെ ഇങ്ങോട്ട് ഇറക്കിവിട്!!
ആശാനോ? ഏതാശന്‍ ? ഇവിടൊരാശനും ഇല്ല.
വേലയിറക്കല്ലേ മാധുവേച്ചി , ആശാനിവിടുണ്ടെന്നെനിക്കുറപ്പാ. പിന്നെ ആകെ വിയര്‍ത്തിരിക്കുന്നു പൊയ് കുളി ആ നേരമെങ്കിലും ഞാന്‍ ആശാനെയൊന്നു കണ്ടോട്ടെ...ഹാ വിളി മാധുവേച്ചി!!!
കിടന്ന് കൂവാതട ചെറുക്കാ രാഘവേട്ടന്‍ ഉറക്കവാ
മ്മ്മ്മ്...രാഘവേട്ടന്‍!!! തളര്‍ന്നുറങ്ങിയതായിരിക്കും!!
ഈ ചെറുക്കനങ്ങോട്ട് വളരണില്ലല്ലോ മാധൂ!!!
ചെറിയ ചിരിയുമായ് രാഘവന്‍ വെളിയിലോട്ടെറങ്ങി വന്നു.
ആശാനേ! ഒരു മാറ്റവുമില്ലല്ലോ...കലക്കി ആശാനെ ജയിലില്‍ കിടന്ന് നശിക്കുമെന്ന് പറഞ്ഞവന്മാരൊക്കെ ഇനി പേടിച്ചു മുള്ളും!
അതെ ഇങ്ങനെ ഇവിടെ കേറി അടയിരുന്നാല്‍ മതിയോ പണി തൊടങ്ങണ്ടേ??
തിരിച്ച് രാഘവന്‍ മറുപടി ഒന്നും പറയുന്നില്ല എന്നു മനസ്സിലാക്കി കുഞ്ഞൂട്ടന്‍ തുടര്‍ന്നു
ഞാന്‍ റെഡിയാ, ആശാനൊന്നു മൂളിയാല്‍ മതി.
എന്തു പണിയാ കുഞ്ഞൂട്ടാ????
ഹ! ഇതു നല്ല ചോദ്യം ആ അജയന്‍ പന്നിടേം പിന്നെ അവന് വക്കാലത്ത് ചെയ്ത് കൊടുക്കുന്ന കുറേ പന്നന്മാരുടേയും കച്ചവടം തീര്‍ക്കണം !. ഇനി ഒരുത്തനും ആശാനെതിരെ സാക്ഷിയെന്ന് പോട്ടേ കൈ പൊക്കാന്‍ പോലും ധൈര്യം കാണിക്കരുത്!
അതോ? മ്മ്...രാഘവന്‍ ഒന്നു മൂളുക മാത്രം ചെയ്തു.
ആശാന് ഞാനൊരു ടൂള്‍ കൊണ്ടുവന്നിട്ടുണ്ട്, ടൗണീന്നു പൊക്കിയതാ...അത് പറഞ്ഞ് കുഞ്ഞൂട്ടന്‍ തന്റെ അരയില്‍ തിരുകിയിരുന്ന തോക്കെടുത്ത് രാഘവനു നേരെ നീട്ടി.
ഇതുകൊണ്ട് അവന്റെ പള്ളേല് തൊളയിടണം!!!
രാഘവന്‍ തോക്ക് മേടിച്ചതിനുശേഷം ഒന്നും മിണ്ടാതെ കുറച്ച് നേരം ആലോചിചിരുന്നു
കുഞ്ഞൂട്ടാ തോക്ക് ഭീരുവിന്റെ ആയുധമാണ്!. ഒരു വെടി കൊണ്ട് എന്റെ ശത്രുവിനെ എനിക്കു നശിപ്പിക്കാമെങ്കില്‍ ആ യുദ്ധത്തിലെന്താ ഒരു ത്രില്‍ ഹേ??
അപ്പോ ആശാന്റെ പ്ലാന്‍ എന്തുവാ?
പ്ലാന്‍ ഇന്നു രാത്രി നമ്മളിവിടം വിടുവാ ഒരിക്കലും തിരിച്ചു വരാത്ത ഒരു യാത്ര ദൂരേക്ക്...
ഹ ! അപ്പൊ ആ പന്നനോ ആശാനേ ! അവനൊരു പണി കൊടുക്കാതെ ഞാനെങ്ങോട്ടും ഇല്ല, ആശാനെ അങ്ങനെ പേടിച്ചോടാന്‍ വിടത്തുമില്ല
പേടിച്ചോട്ടം ഒന്നുമല്ല കുഞ്ഞൂട്ടാ അവന് നമ്മക്ക് പണി കൊടുക്കാം , അതിനിപ്പൊ ഇവിടെ നിക്കണോന്നുണ്ടോ?ടൗണില്‍ ഇതിലും മികച്ച ഒരു പണി കണ്ടുവച്ചിട്ടാ നിന്നെ വിളിക്കണത്....
ഞാന്‍ വരാം പക്ഷെ ആശാന്‍ ഉറപ്പായിട്ടും ആ പന്നന്‍ അജയനും അവന്റെ കൂടെ നടക്കണ കുറേ പേപ്പട്ടികള്‍ക്കും നാക്ക് പൊക്കാന്‍ പറ്റാത്ത പണി കൊടുക്കുമെന്നെനിക്ക് ഉറപ്പ് തരണം!!
അത് ഞാന്‍ ഏറ്റ് കുഞ്ഞൂട്ടാ..
മാധുവിന്റെ കൂരയുടെ കതകില്‍ ഒരെഴുത്ത് മാത്രം ബാക്കിവച്ച് രാഘവനും കുഞ്ഞൂട്ടനും മാധുവും ആ രാത്രി ആ നാട് വിട്ട് പോയി!. പുതിയൊരു ജീവിതസ്വപ്നമാണയാളെ മാറ്റിയെടുത്തത് കൂടെ എടുത്ത് ചാടി ജീവിതം നശിപ്പിക്കാതെ കുഞ്ഞൂട്ടനേയും അയാള്‍ കൂടെക്കൂട്ടി.
ആ കത്ത് കിട്ടിയത് ചിന്നമ്മക്കായിരുന്നു, ഇനി തിരിച്ചുവരില്ലെന്നും അജയനോട് ഒരു പകയുമില്ലെന്നുമൊക്കെയുള്ള കത്ത് കണ്ട് ചിന്നമ്മ അന്തിച്ചു!.പക്ഷെ ആ കത്ത് ചിന്നമ്മയല്ലാതെ മറ്റാരും കണ്ടില്ല. പകരം നാട്ടുകാര്‍ കണ്ടത് ചിന്നമ്മ എഴുതിയ കത്തായിരുന്നു, അതില്‍ അജയനോട് കരുതിയിരിക്കാനുള്ള മുന്നറിയുപ്പുണ്ടായിരുന്നു അജയനെ ഒളിപ്പിക്കുന്ന നാട്ടുകാരോടുള്ള പകയുണ്ടായിരുന്നു.
സുധേ!സുധേ ഇത് ചിന്നേച്ചിയാ...
എന്താ ചിന്നേച്ചി?
മോളെ അജയനെന്തിയേ? ആ രാഘവന്‍ ചന്തയില്‍ ആളെ പറഞ്ഞുവിട്ടിരിക്കുന്നു, അജയന്‍ ഇവിടുണ്ടോന്നറിയാന്‍
സുധ പിന്നെയും ദേവിയെ വിളിച്ചു കരഞ്ഞു, ദേവസ്യ അജയനെ ഒളിപ്പിച്ചു, അവസാനം ചിന്നമ്മ സുധയുടെ കയ്യില്‍ നിന്നും നൂറു രൂപയുടെ നോട്ടുകളുമായ് നടന്നു!
ആ പോക്കില്‍ അവര്‍ വിളിച്ചുപറഞ്ഞു
പേടിക്കണ്ട മോളേ ഞാനുള്ളടത്തോളം കാലം അവനീ മുറ്റത്ത് കാല് കുത്തുകേല!!
സുധയും അജയനും ദേവസ്യയും നാട്ടുകാരും രാഘവന്റെ വരവ് പ്രതീക്ഷിച്ചു പേടിച്ചു ജീവിച്ചു . ആ പേടി ചിന്നമ്മ മരിക്കുന്നതു വരെയും നിലനിന്നു.
ചിന്നമ്മ എന്ന കാവല്‍ക്കാരി
Labels: കഥ
യുക്തിവാദി !
അപ്പുണ്ണി മാഷിന്റെ വീട് ലക്ഷ്യമാക്കി നടക്കുമ്പോള്‍ ഗൌതമന്‍ ലക്ഷ്മിയെക്കുറിച്ചാണ് ചിന്തിച്ചത് .മീനമാസത്തിലെ സൂര്യന്‍ തലയ്ക്കു മുകളില്‍ കനല്‍ കൂട്ടിയിടുന്നതൊന്നും അയാള്‍ അറിയുന്നതേ ഉണ്ടായിരുന്നില്ല . ഒരു പക്ഷേ അതിനെ വെല്ലുന്ന പൊള്ളുന്ന ചിന്തകള്‍ ഉള്ളിലുണ്ടായിരുന്നത് കൊണ്ടാകാം . സ്ഥിരചിത്തനല്ലാത്ത ഒരുവന്റെ തോക്കില്‍ നിന്നു ലക്ഷ്യമില്ലാതെ തെറിക്കുന്ന വെടിയുണ്ടകള്‍ പോലെ തലങ്ങും വിലങ്ങും കണ്ണഞ്ചിപ്പിക്കുന്ന വേഗതയില്‍ കുതിക്കുന്ന വാഹനങ്ങള്‍ ..ഈ നട്ടുച്ചയ്ക്കും ആളുകള്‍ പരക്കം പായുന്നതില്‍ അയാള്‍ക്കല്‍ഭുതം തോന്നിയില്ല , മറിച്ച് കഴിഞ്ഞ കുറേ ദിവസങ്ങളായി താന്‍ ഓഫീസില്‍ പോകാറെയില്ലെന്ന ചിന്തയിലേക്ക് അത് വഴി തുറന്നപ്പോള്‍ അസ്വസ്ഥത തോന്നുകയും ചെയ്തു .
അപ്പുണ്ണി മാഷിന്റെ വീടിന്റെ കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തുമ്പോള്‍ മാഷുണ്ടാകുമോ എന്നൊരാശങ്ക തോന്നാതിരുന്നില്ല. ചിന്തിച്ചു നില്‍ക്കുമ്പോള്‍ തന്നെ ഡോര്‍ തുറന്നു..ചോറ് കുഴച്ച വലത്തേ കൈ മടക്കിപ്പിടിച്ചു കൊണ്ട് മാഷ് വാതില്‍ മലക്കെ തുറന്നു ..
"ആഹാ ..ഗൌതമനോ ? വാ.. കേറി വന്നാട്ടെ .താന്‍ വന്നത് നല്ല സമയത്ത് തന്നെ ..കൈ നനച്ചിട്ടിരുന്നോ.ഞാന്‍ പ്ലേറ്റെടുക്കാം.."
"വേണ്ട മാഷേ ..ഇപ്പോള്‍ വേണ്ട ......."
അയാള്‍ തിടുക്കത്തില്‍ പറഞ്ഞു ..
"എന്താ..താന്‍ ഊണ് കഴിഞ്ഞിട്ടാ വരുന്നേ ?"
"അതല്ലാ.......ഇ..പ്പൊ ..."
ഊണ് കഴിച്ചതാണ് എന്നൊരു കള്ളം പറയാത്തതില്‍ അയാള്‍ നാവിനെ പഴിച്ചു.
"ആഹാ ..ഇതാപ്പോ നന്നായെ ..കൈ കഴുകി ഇരുന്നോളൂ ..ഇനീപ്പോ എന്തു വലിയ കാര്യമായാലും ഊണ് സമയത്ത് അത് തന്നെ മുഖ്യം ."
ഊണ് കഴിക്കുന്നതിനിടയില്‍ മാഷിന്റെ സംസാരം മുഴുവനും തന്റെ നള പാചകത്തിലെ പൊടിക്കൈകളെക്കുറിച്ചായിരുന്നു .. വര്‍ഷങ്ങളായി ഒരേ വീട്ടില്‍ ഒറ്റയ്ക്ക് സ്വന്തം ഇഷ്ടത്തിനൊത്ത് വെച്ചുണ്ടാക്കി തിന്നും കുടിച്ചും ശരിക്കും ഒറ്റപ്പെട്ട തുരുത്തുപോലെ മാഷ് ജീവിച്ചു പോരുന്നു ..ഇഷ്ടങ്ങളും അനിഷ്ടങ്ങളും, വിശ്വാസങ്ങളും അവിശ്വാസങ്ങളും ഒന്നും തര്‍ക്കിച്ചിരമ്പാതിരിക്കാന്‍ ഇതിലും നല്ല പോം വഴി വേറെയില്ലെന്ന് ഗൌതമന് തോന്നി .
"താനെന്താ ഹെ! ..പരലോക ചിന്തയിലാണോ ? മതിയാക്കി എണീക്കാന്‍ നോക്ക് ..അതോ ഒന്നും വായ്ക്കു പിടിച്ചില്ലാന്നുണ്ടോ? "
മാഷിന്റെ ചോദ്യം അയാളെ ഉണര്‍ത്തി .
"ഹേയ് അങ്ങനൊന്നുമില്ല എല്ലാം നന്നായിട്ടുണ്ട് .."
പറഞ്ഞു കഴിഞ്ഞപ്പോള്‍ ഒട്ടും ആത്മാര്‍ഥതയില്ലാത്ത ഒരു മറുപടിയായിരുന്നു അതെന്നു അയാള്‍ക്ക് തോന്നി .അല്ലെങ്കില്‍ തന്നെ ഹോട്ടല്‍ ഭക്ഷണത്തിന്റെ പുളിച്ച രുചികള്‍, നല്ലതും ചീത്തയും തിരിച്ചറിയാനുള്ള നാവിന്റെ വിരുത് ക്രമേണ ഇല്ലാതാക്കിയിരുന്നു.
"ആട്ടെ ..താനെന്താ ഈ നേരത്ത് ..? വിശേഷി ച്ചെ ന്തെങ്കിലും ...?"
ഊണ് കഴിഞ്ഞ് ഒരു സിഗരറ്റിനു തീ കൊളുത്തി , പായ്ക്കറ്റ് അയാള്‍ക്ക് നേരേ നീട്ടുന്നതിനിടയില്‍ മാഷ് ചോദിച്ചു .
കുറച്ച് നേരത്തേയ്ക്ക് അയാള്‍ നാവനക്കിയില്ല .പിന്നെ നേര്‍ത്ത ശബ്ദത്തില്‍ മറുപടി പറഞ്ഞു ..
"ഞാന്‍ ഓഫീസില്‍ പോയിട്ട് കുറേ ദിവസങ്ങളായി ."
"എന്താ ലീവാണോ ? എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ..?"
"അല്ല മാഷേ ..ഒന്നിലും മനസ്സുറയ്ക്കുന്നില്ല ..ആകെ ഒരു തരം .....എന്താ പറയുക ..ഒറ്റയ്ക്കായീന്നൊക്കെ നമ്മള്‍ പറയില്ലേ .. വായില്‍ നിന്നു വെറുതേ പൊട്ടി വീഴുന്ന വാക്കുകള്‍ പോലും ശത്രുക്കളെ ഉണ്ടാക്കുന്നു. വയ്യ മാഷേ ..മുറിയില്‍ നിന്നു പുറത്തിറങ്ങുന്നത് തന്നെ വിരളമായിട്ടുണ്ട്..ആള്‍ക്കാരുടെ കണ്ണില്‍ ഞാനേതാണ്ടൊരു മനോരോഗിയെപ്പോലാണ് .അല്ലെങ്കില്‍ തന്നെ സ്വബോധമുള്ള ഒരു ഭര്‍ത്താവിനെ പ്രത്യേകിച്ചോരു കാരണവുമില്ലാതെ ഒരു ഭാര്യ ഉപേക്ഷിച്ചു പോകുമോ .."
ചൂണ്ടു വിരല്‍ ഉയര്‍ത്തി തട്ടി സിഗരറ്റ് ചാരം തെറിപ്പിച്ച് വീണ്ടും ചുണ്ടത് വെച്ചു പുകയൂതുന്ന തിനിടയില്‍ അയാള്‍ അപ്പുണ്ണി മാഷിനെ നോക്കി .
"അല്ലാ ..ഇപ്പൊ പെട്ടെന്നിങ്ങനെ ചിന്തിക്കാനൊക്കെ....ലക്ഷ്മി പോയിട്ട് കാലം കുറേ ആയില്ലേ..?ഞാന്‍ കഴിഞ്ഞ ആഴ്ച തന്റച്ഛനെ കണ്ടിരുന്നു ...തനിക്കൊരു പുതിയ ബന്ധത്തിന്റെ കാര്യം ഞാന്‍ അദ്ദേഹത്തോട് സൂചിപ്പിക്കുകയും ചെയ്തു...ഇനി നാട്ടുകാരുടെ തല്ലു കൂടി കൊള്ളണോ എന്നൊരു പൊട്ടിത്തെറി ആയിരുന്നു പ്രതികരണം .."
മാഷ് ചോദ്യ രൂപത്തില്‍ അയാളെ നോക്കി ..
"മ്ഹും .."
അയാള്‍ സിഗരറ്റ് കുറ്റി ആഷ് ട്രെയില്‍ കുത്തിക്കെടുത്തുന്നതിനിടയില്‍ അമര്‍ത്തി മൂളി ..
"ഒന്നോര്‍ത്താല്‍ എല്ലാം താന്‍ വരുത്തി വെച്ചതാണന്നേ ഞാന്‍ പറയൂ ... തന്റെ യുക്തിവാദവും പുരോഗമന ചിന്തേം എല്ലാം നല്ലത് തന്നെ ..ഞാനതിനോടെല്ലാം പൂര്‍ണമായും യോജിക്കുന്നു താനും ..പക്ഷേ സ്വന്തം ജീവിതത്തിന്റെ താളം തെറ്റുന്ന രീതിയില്‍ അതിനെ വഴി തെറ്റിച്ചു വിടരുതായിരുന്നു ...താനൊരാള്‍ വിചാരിച്ചാലൊന്നും നാട് നന്നാവില്ല ..അത്ര എളുപ്പമൊന്നും സമൂഹത്തില്‍ ഒരു മാറ്റമൊന്നും ഇത്തരം ചിന്തകള്‍ വരുത്തുകയുമില്ല ..അത്രത്തോളം ആഴ്ന്നിറങ്ങി വേര് പടര്‍ന്നിട്ടുണ്ട് ആചാരങ്ങളും അനുഷ്ടാനങ്ങളും സാധാരണക്കാരുടെ മനസ്സില്‍ ..."
"സമ്മതിച്ചു മാഷേ ...പക്ഷേ സ്വന്തം ഭാര്യയെങ്കിലും എന്നെ മനസ്സിലാക്കിയില്ലെങ്കില്‍ ......അവള്‍ എന്റെ ചിന്തകള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ പിന്നെ നാട്ടുകാര്‍ എങ്ങനെ വില വെയ്ക്കും ..
കല്യാണം കഴിഞ്ഞപ്പോഴേ ഞാന്‍ പറഞ്ഞു ...ഞാനൊരവിശ്വാസിയാണ്... അമ്പലങ്ങളിലും പൂജകളിലും എനിക്ക് വിശ്വാസമില്ലന്നും ....മാത്രമല്ല യുക്തിവാദസംഘവുമായി ചേര്‍ന്ന് പ്രവര്ത്തിക്കുകയാണെന്നും ...ആദ്യമൊക്കെ അവളെന്നെ തിരുത്താന്‍ നോക്കി ...നടക്കില്ലാന്ന് കണ്ടപ്പോള്‍ അവളെ അവള്‍ടെ വഴിക്ക് വിട്ടേക്കാന്‍ പറഞ്ഞു ..ഒന്നോര്‍ത്തു നോക്കിക്കേ... ഞാന്‍ ഇരുപത്തിനാല് മണിക്കൂറും യുക്തിവാദി പ്രസ്ഥാനവുമായി നടക്കുമ്പോള്‍ എന്റെ ഭാര്യ എന്ന് പറയുന്നവള്‍ പൂജേം മന്ത്രവാദവുമായി മറുവശത്ത് ..പ്രവര്‍ത്തകര്‍ക്കിടയില്‍ ഞാന്‍ ശരിക്കും നാണം കെട്ടു..അവരെ കുറ്റം പറയാന്‍ കഴിയുമോ ? സ്വന്തം ഭാര്യയെ തിരുത്താന്‍ കഴിയാത്തവന്‍ നാട്ടുകാരെ നന്നാക്കാന്‍ ഇറങ്ങിയാല്‍
എങ്ങനിരിക്കും..?"
"അവിടെയാണ് ഗൌതമാ നിനക്ക് തെറ്റിയത് ...ഒന്നുകില്‍ നീ കല്യാണത്തിന് മുന്നേ തന്നെ അവളോട് എല്ലാം തുറന്ന് പറയണമായിരുന്നു.അത് ചെയ്തില്ലെന്ന് മാത്രമല്ല ,നാട്ടുകാരുടെ മുന്നിലെ നിന്റെ ഇമേജ് നിലനിര്‍ത്താന്‍ നീ പാട് പെട്ടപ്പോള്‍ മറന്നത് നിന്റെ ജീവിതമാണ് ..അവളെ നിനക്ക് തിരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അവളെ അവളുടെ വഴിക്ക് വിടണമായിരുന്നു..എല്ലാ വിശ്വാസങ്ങള്‍ക്കും മീതെയാണ് പരസ്പരം അഗീകരിക്കുക എന്നത് ..അപ്പോള്‍ പിന്നെ വിശ്വാസങ്ങളുടെ നിഴല്‍ യുദ്ധത്തിന് അര്‍ത്ഥമില്ലാതായിക്കോളും..വ്യക്തികള്‍ സമരസപ്പെടുകയും ചെയ്യും ..അത് ഭാര്യയും ഭര്‍ത്താവുമായാലും വ്യക്തിയും സമൂഹവുമായാലും അങ്ങനെ തന്നെ .."
"ഓഹോ ..അത് ശരി .മാഷ് തന്നെ ഇതു പറയണം ....വര്‍ഷങ്ങള്‍ക്കു മുന്‍പ് മാഷിന്റെ പ്രസംഗ വേദികളില്‍ രക്തം തിളച്ച് എന്നെപ്പോലെ കുറേ ചെറുപ്പക്കാര്‍ ഇതിലേക്ക് എടുത്ത് ചാടിയിട്ടുണ്ട് ..ഇപ്പോള്‍ നിങ്ങളെപ്പോലുള്ളവര്‍ വേദി മാറിയപ്പോള്‍ ഞങ്ങള്‍ മുഖ്യധാരയ്ക്ക് വെറുക്കപ്പെട്ടവരായി മാറി .. അപ്പോള്‍ കാലത്തിനൊത്ത് കോലം മാറുമ്പോള്‍ ആദര്‍ശങ്ങളെ കടലിലെറിയണമെന്നു സാരം ..
അല്ലെങ്കില്‍ എന്നെപ്പോലെ കുറേ കോമാളികള്‍ ആള്‍ക്കാര്‍ക്ക് നേരമ്പോക്കായി നരകിച്ചു തീരും ..അത്ര തന്നെ. "
അയാള്‍ ഒരു ദീര്‍ഘ നിശ്വാസത്തോടെ പറഞ്ഞു നിര്‍ത്തി ..
"ഞാന്‍ നേരത്തേ തന്നെ പറഞ്ഞല്ലോ ഗൌതമാ ഞാനിപ്പോഴും എന്റെ വിശ്വാസങ്ങളില്‍ അടിയുറച്ചു നില്‍ക്കുന്നുവെന്ന്...പക്ഷേ നമ്മുടെ ബന്ധുക്കള്‍ ഉള്‍പ്പടെ എല്ലാവരും ഒറ്റയടിക്ക് നമ്മുടെ പാതയില്‍ നില കൊള്ളണമെന്ന വാശി ഗുണത്തെക്കാളേറെ ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് വഴി തെളിക്കുമെന്നേ ഞാനുദ്ദേശിച്ചുള്ളൂ ..ലക്ഷ്മി നിന്റെ ജീവിതത്തില്‍ നിന്നകന്നത് തന്നെ ഏറ്റവും വലിയ ഉദാഹരണം ..അത് നിന്നെപ്പോലെ എനിക്കും വളരെ വിഷമമുണ്ടാക്കിയ കാര്യം തന്നെ ....."
"ഞാനതത്ര കാര്യമാക്കിയിട്ടില്ലെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ട്... വിവാഹമെന്നാല്‍ ഒരു കുരിശെന്ന നിലയില്‍ അവസാനം വരെ ചുമക്കണ്ടതാണെന്നു കരുതുന്നുമില്ല ..അതവള്‍ തന്നെ തുറന്ന് സമ്മതിച്ചിട്ടുമുണ്ട് ..ഒരിക്കല്‍ അവള്‍ പറഞ്ഞു എനിക്ക് വീട്ടുകാര്‍ അറിഞ്ഞു പേരിട്ടതാണെന്ന് ...ഗൌതമ ബുദ്ധനെപ്പോലെ ഞാനും അവളെ ഉപേക്ഷിച്ചു പോകുമെന്ന് ..പറഞ്ഞത് സത്യമായി ..പക്ഷേ പോയതവളാണെന്ന് മാത്രം ......"
കുറച്ച് നേരത്തേയ്ക്ക് ഇരുവരും ഒന്നും മിണ്ടിയില്ല ..ഒടുവില്‍ ഗൌതമന്‍ തന്നെ മൌനത്തെ വാക്കുകള്‍ കൊണ്ട് പൂരിപ്പിച്ചു ..
"ഞാനിറങ്ങുന്നു മാഷേ... വെറുതേ ഇരുന്ന് മുഷിഞ്ഞപ്പോള്‍ മാഷിനെ കാണണമെന്ന് തോന്നി...വരണ്ടായിരുന്നൂന്നു ഇപ്പോള്‍ തോന്നാതെയില്ല ...."
അതും പറഞ്ഞു അയാള്‍ എഴുന്നേറ്റപ്പോള്‍ മാഷ് തടയാന്‍ ശ്രമിച്ചു ..
"ഇരിക്ക് ഗൌതമാ വെയിലാറട്ടേ ...അല്‍പ നേരം കഴിഞ്ഞ് പോകാം ...."
അയാള്‍ അതിന് പ്രത്യേകിച്ച് മറുപടിയൊന്നും പറയാതെ പുറത്തേക്കിറങ്ങി നടന്നു കഴിഞ്ഞിരുന്നു ...
പിറ്റേന്നു രാവിലെ ഗൌതമന്റെ കൂട്ടുകാരന്‍ മഹേഷിന്റെ ഫോണ്‍ കോളിലൂടെയാണ് അപ്പുണ്ണി മാഷ് ആ വിവരം അറിഞ്ഞത് ..ഗൌതമന്‍ ടൌണിലെ ഹോസ്പ്പിറ്റലില്‍ അഡ്മിറ്റാ ണ് . രാത്രി ഏതോ വണ്ടി തട്ടിയതാണത്രെ...ബന്ധുക്കളെല്ലാരും ആശുപത്രിയില്‍ എത്തിയിട്ടുണ്ട് ....താനുടനേ എത്തിക്കോളാമെന്ന് പറഞ്ഞ് കൂടുതല്‍ വിശദീകരണം കാക്കാതെ മാഷ് ഫോണ്‍ വെയ്ക്കുകയായിരുന്നു ..
മാഷ് റിസപ്ഷനില്‍ എത്തിയപ്പോള്‍ തന്നെ ഗൌതമന്റെ അച്ഛനെയും ഒന്നുരണ്ട് അടുത്ത ബന്ധുക്കളെയും പുറത്ത് കണ്ടു ..
"എന്താ ഉണ്ടായത് ?"
മാഷ് തിടുക്കത്തില്‍ അച്ഛനോട് തിരക്കി ..
"വ്യകതമായൊന്നുമറിയില്ല....ഇന്നലെ രാത്രി ആരൊക്കെയോ ചേര്‍ന്നിവിടെ എത്തിക്കുകയായിരുന്നു .. ഏതോ വണ്ടി ഇടിച്ചു വീഴ്തീന്നാ അവര്‍ പറഞ്ഞത് ..വണ്ടി നിര്‍ത്താതെ പോയത്രേ ..."
"ഇപ്പോഴെങ്ങനുണ്ട് ...എന്തെങ്കിലും സീരിയസായി .........??"
മാഷ് പകുതിയില്‍ നിര്‍ത്തി ..
"ഇന്നലെ രാത്രി ബോധമുണ്ടായിരുന്നില്ല ...തലയില്‍ ആഴത്തിലൊരു മുറിവുണ്ട് രക്തം കുറേ പോയിട്ടുണ്ടെന്ന് പറഞ്ഞു..ഇപ്പോള്‍ റൂമിലേയ്ക്ക് മാറ്റിയിട്ടുണ്ട് .."
"ഞാനൊന്ന് കണ്ടിട്ട് വരാം ..ഏതാ റൂം ?"
"ബീ ബ്ലോക്കില്‍ ഏഴാമത്തെ റൂം .."
മാഷ് ചെല്ലുമ്പോള്‍ അടുത്ത് മഹേഷും മറ്റ് ചില സംഘം പ്രവര്‍ത്തകരും മാത്രമേ ഉണ്ടായിരുന്നുള്ളൂ ..
"കുറച്ച് മുന്നേ ഒന്നു മയങ്ങി ...ഇനി പേടിക്കാനില്ലെന്നാ ഡോക്ടര്‍ പറഞ്ഞെ ..ബ്ലഡു കൊടുക്കുന്നുണ്ട് .."
മഹേഷ് അപ്പുണ്ണി മാഷിന്റെ അടുത്തേയ്ക്ക് വന്ന് പറഞ്ഞു ..
"ഗൌതമന്റെ അമ്മ വന്നില്ലേ ?"
മാഷ് പെട്ടെന്ന് ചോദിച്ചു ..
"ഇപ്പോള്‍ വീട്ടിലേക്ക് കൊണ്ട് പോയതേയുള്ളൂ..ഇന്നലെ രാത്രി മുഴുവന്‍ കരഞ്ഞ് വിളിച്ചും ,ഉറങ്ങാതെയും ആകെ വല്ലാണ്ടായി ...ഗൌതമന്റെ ചേച്ചീം ഭര്‍ത്താവും വളരെ നിര്‍ബന്ധിച്ചാ കൂട്ടിക്കോണ്ടു പോയത് .."
"മം .."
മാഷ് വെറുതേ മൂളി ..
"നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നെന്നാ ഡോക്ടര്‍ പറഞ്ഞത് ...ഒരു പക്ഷേ അങ്ങനെ എന്തേലും ആകാനെ തരമുള്ളൂ ........."
"മ്ഹൂം ... "
മഹേഷിന്റെ ആ മറുപടിക്കും മാഷ് വെറുതേ മൂളുക മാത്രം ചെയ്തു ..
ഉച്ച കഴിഞ്ഞാണ് തികച്ചും അവിചാരിതമായി ലക്ഷ്മിയും ഭര്‍ത്താവും ഗൌതമനെ കാണാനെത്തിയത് ..
അച്ഛനും മഹേഷും അയാള്‍ക്കരുകില്‍ തന്നെയുണ്ടായിരുന്നു ..
ലക്ഷ്മി ഗൌതമന്റെ അച്ഛനെ നോക്കി വളരെ പാടുപെട്ട് ചിരിച്ചെന്നു വരുത്തി..
എന്തെങ്കിലും മറുപടി പറയാതെ അദ്ദേഹം പുറത്തേയ്ക്ക് നടന്നു ..
ഗൌതമന്‍ ലക്ഷ്മിയെ വെറുതേ ഒന്നു നോക്കി ..പിന്നെ മുഖം ചരിച്ച് മിണ്ടാതെ കിടന്നു..
"ഇപ്പോള്‍ എങ്ങനുണ്ട് ഗൌതമാ? പെയിന്‍ തോന്നുന്നുണ്ടോ ?"
ലക്ഷ്മിയുടെ ഭര്‍ത്താവിന്റെ വകയായിരുന്നു ചോദ്യം ..
"ഇല്ലാ .."
ഗൌതമന്‍ അയാളെ സൂക്ഷിച്ചു നോക്കിക്കൊണ്ട് പറഞ്ഞു..
"എന്റെ ഹസ്ബന്റാണ് .."
ആ നോട്ടം കണ്ടിട്ടെന്നോണം ലക്ഷ്മി അയാളോടായി പറഞ്ഞു ..
"അറിയാം .."
ഗൌതമന്‍ ഒറ്റ വാക്കില്‍ പ്രതിവചിച്ചു ..
"ഞങ്ങള്‍ മണ്ണാറശാലയില്‍ തൊഴുതു വരുന്ന വഴിയാ അറിഞ്ഞത് ... അപ്പോള്‍ തന്നെ ഇങ്ങോട്ട് തിരിക്കുകയായിരുന്നു .."
ഇപ്പോഴും സംസാരിച്ചത് ലക്ഷ്മിയുടെ ഭര്‍ത്താവായിരുന്നു ..
"അമ്പലത്തില്‍ വിശേഷിച്ചെന്തെങ്കിലും ..........."
മഹേഷാണ് ചോദിച്ചത് ..
"രണ്ട് വര്‍ഷം കഴിഞ്ഞിട്ടും കുട്ടികളാകാത്തത്തില്‍ ഇവള്‍ക്ക് ലേശം പരിഭ്രമം ... അപ്പോഴാണ് അവിടുത്തെ ഉരുളി കമഴ്ത്തല്‍ വഴിപാടിനെക്കുറിച്ച് ഇവളുടെ അമ്മ പറഞ്ഞത് .. അപ്പോള്‍ പിന്നെ എല്ലാരുടെയും ഒരു സമാധാനത്തിന് അത് നടത്തിയേക്കാമെന്ന് വിചാരിച്ചു .."
അയാള്‍ പറഞ്ഞു നിര്‍ത്തി ..
തന്നെ മനപ്പൂര്‍വ്വം ഒന്നിരുത്താന്‍ വേണ്ടി ലക്ഷ്മി അതയാളെ കൊണ്ട് പറയിച്ചതാണെന്ന് ഗൌതമന് തോന്നി ...ഒരു ഭര്‍ത്താവിന്റെ കടമ കണ്ട് പഠിച്ചോളൂ എന്ന് പറയും പോലെ ..
പിന്നെയും കുറച്ച് നേരം എന്തൊക്കെയോ പറഞ്ഞ് അവര്‍ തിരിച്ചു പോയി ..ഗൌതമന്‍ അവരുടെ സംസാരം ശ്രദ്ധിക്കുന്നുപോലുമില്ലായിരുന്നു എന്നതായിരുന്നു സത്യം ..
അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് ഒരു വീര്‍പ്പുമുട്ടല്‍ ഒഴിഞ്ഞ പോലെയായി ..
"എന്നാലും അവള്‍ക്കതിന്റെ ആവിശ്യമില്ലായിരുന്നു...."
ഗൌതമന്‍ ആരോടെന്നില്ലാതെ പറഞ്ഞു..
"അതിപ്പോ പറഞ്ഞിട്ടെന്താ കാര്യം ഗൌതമാ ..നിനക്ക് നല്ല വിഷമമായീന്നറിയാം ..അന്ന് നീയൊന്നു മനസ്സ് വച്ചിരുന്നെങ്കില്‍ ലക്ഷ്മി ഇപ്പോളും നിന്റെ കൂടെ കണ്ടേനെ ..ഇനീപ്പോ .........."
മഹേഷ് പാതിയില്‍ നിര്‍ത്തി ...
"അതല്ലാ ഞാനുദ്ദേശിച്ചത് ...അവരുടെ കല്യാണം കഴിഞ്ഞിട്ട് വര്‍ഷം രണ്ടല്ലേ ആയിട്ടുള്ളൂ ...അതിലിത്ര ആധി പിടിക്കേണ്ട എന്തു കാര്യമാ ഉള്ളെ ...അത് മനസ്സിലാക്കാതെ ഉരുളീം, ചെമ്പും കമഴ്ത്താന്‍ പോയിരിക്കുന്നു ...കഷ്ടം !!"
ആ മറുപടി മഹേഷിന്റെ മേല്ച്ചുണ്ടിനും കീഴ്ചുണ്ടിനുമിടയില്‍ ഒരു വിടവ് തീര്‍ക്കുമ്പോഴും ഗൌതമന്‍ പുച്ഛത്തില്‍ മുഖം വക്രിച്ച് ബ്ലഡ് ബാഗില്‍ നിന്നും തന്റെ ജീവ കോശങ്ങളിലേക്ക് ഒഴുകിയിറങ്ങുന്ന രക്ത തുള്ളികളില്‍ കണ്ണുറപ്പിച്ചു കിടന്നു ...
Labels: katha
ലാസ്റ്റ് ഷോ
വൈകിട്ടെന്താ പരിപാടി? എന്ന അരുണിന്റെ ചോദ്യത്തിനു ചെവികൊടുക്കാതെ, ഉണക്കച്ചപ്പാത്തിയും കടലക്കറിയും തിന്ന്, ഞാന്‍ മെസ്സ്ഹാളില്‍ നിന്നു പതിയെ കിടപ്പുമുറിയിലേക്ക് ചേക്കേറിയെങ്കിലും അവന്‍ പിന്നെയും പിറകേകൂടുമെന്നു കരുതിയില്ല.! പത്തു മിനിറ്റു കഴിഞ്ഞ്‍, പൊളിറ്റിക്സ്സിലെ ഉണ്ണിയെയും കൂട്ടി അവന്‍ വീണ്ടും വാതിലില്‍ മുട്ടിയപ്പോഴാണ് സംഗതി സീരിയസ്സാണെന്നു മനസ്സിലായത്.! ‘ടാ ലവള്‍ടെ പടം ഇന്നു ലാസ്റ്റ് ഷോയാ. പ്രണയപരവശനായ ഈ സഹോദരന് അവളെയൊന്നു കാണാതെ ഉറക്കം വരില്ല. അതല്ലേ..? നീയൊന്നു വാതില്‍ തൊറക്ക്..’. ഉണ്ണി അവന്റെ ഗിരിപ്രഭാഷണം തുടങ്ങി..! ഇനി രക്ഷയില്ല; മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു, വേഷം മാറി. വാർഡന്റെ കണ്ണില്‍പ്പെടാതെ ചുറ്റുമതിലിന്റെ തെക്കേയറ്റത്തുള്ള ഇരുട്ടിന്റെ മറയിലൂടെ മതിൽ ചാടി, ഞങ്ങള്‍ പുറത്തുകടന്നു.!
അരുണ്‍ സിനിമാപ്രാന്തനാണ്.! എല്ലാ ശനിയാഴ്ചയും ഒരു സെക്കന്റ് ഷോ കാണാതെ അവനുറക്കം വരില്ല.! ആരായാലും മതി; ഒരു കൂട്ടുവേണമെന്ന നിര്‍ബന്ധം മാത്രമേയുള്ളു. ടിക്കറ്റടക്കമുള്ള ചെലവുകളെല്ലാം ഉദാരമനസ്സോടെ ഏറ്റെടുക്കുന്ന അവന്റെ ദാനധര്‍മ്മങ്ങള്‍ കാണുമ്പോള്‍ ഇവന്‍ ഒരു സന്യാസിയിത്തീരുമോ എന്ന് ന്യായമായും എനിക്കു തോന്നാറുണ്ട്.!
ബസ്സില്‍ ഒട്ടും തിരക്കില്ലായിരുന്നു. ഉണ്ണി സംസാരിച്ചുകൊണ്ടേയിരുന്നു. പഠിക്കുന്നതു രാഷ്ട്രീയമെങ്കിലും തത്വചിന്തയും മന: ശ്ശാസ്ത്രവുമൊക്കെയേ അവന്റെ നാവില്‍ വരൂ.. യുവമനസ്സില്‍ ഒരു ഇത്തിക്കണ്ണിയായി വളര്‍ന്ന്, അതിന്റെ നന്മ മുഴുവന്‍ വലിച്ചുകുടിക്കുന്ന അക്രമവാസനയായിരുന്നു പ്രഭാഷണവിഷയം.! ഇടവേളകളില്‍, ഒന്നു മൂളുന്ന ജോലി മാത്രമേ നമുക്കുള്ളു.!!
സിനിമ തുടങ്ങിയത് ആശ്വാസം ! ഉണ്ണി നിശ്ശബ്ദനായി. അരുണ്‍ അവന്റെ നായികയുടെ മുഗ് ദ്ധസൌന്ദര്യത്തില്‍ ഒഴുകി പ്പോയി. അവളോടുള്ള അവന്റെ വിശുദ്ധപ്രണയത്തിന് ഏറെ വര്‍ഷത്തെ പഴക്കമുണ്ട്.! നദികള്‍ കടലിലേക്കെന്ന പോലെ, അവന്റെ എല്ലാ സംഭാഷണങ്ങളും ചെന്നുചേരുന്നത് അവളുടെ തിളക്കമുള്ള വലിയ കണ്ണുകളുടെ വര്‍ണ്ണനയിലാണ്.!
സിനിമ തീര്‍ന്നപ്പോള്‍ കൃത്യം 12 മണിയായി. പതിവുപോലെ, കുറുക്കുവഴിയിലുടെ നടന്നാണ് മടക്കയാത്ര..! ബാനര്‍ജി റോഡില്‍ നിന്നു മാര്‍ക്കറ്റ് റോഡു വഴി നടന്ന്, നഗരത്തിലെ ഏറ്റവും വീതികുറഞ്ഞ ബ്രോഡ് വേയും കഴിഞ്ഞാൽ ഹോസ്റ്റലായി.! തിരക്കൊഴിഞ്ഞ വിജനമായ നഗരത്തെരുവിലൂടെ ഇരുകൈയും വീശിയങ്ങനെ നടക്കുക ഒരു സുഖമാണ്.! ഒരു പകലിന്റെ മടുപ്പിക്കുന്ന ശബ്ദഘോഷങ്ങള്‍ മുഴുവന്‍ ഉള്ളിലൊതുക്കി, നഗരം ഉറങ്ങുന്നത് ഒരു കാഴ്ച തന്നെയാണ്. അതിന്റെ നിശ്ശബ്ദതയ്ക്കടിയില്‍ നിരവധി വിഷസര്‍പ്പങ്ങള്‍ പതിയിരിക്കുന്നുണ്ടെന്നു തോന്നും.!
കായലില്‍ നിന്ന് ഒരു തണുത്ത കാറ്റ് വീശുന്നുണ്ട്.! ഉണ്ണിയുടെ പ്രസംഗം ഒരു പശ്ചാത്തല സംഗീതമായി തുടരുകയാണ്..! ഇഷ്ടനായികയെ അധികനേരം കണ്ടിരിക്കാനനുവദി യ്ക്കാത്ത താരരാജാവിന്റെ അഹങ്കാരമാണിപ്പോള്‍ വിഷയം.! അരുണ്‍ അനുസരണ യോടെ, കൃത്യമായി മൂളുന്നുണ്ട്.! എന്റെ മനസ്സില്‍, ഒരു പഴയ സിനിമാഗാനത്തിന്റെ വരികള്‍ താളമിട്ടു :
“നഗരം നഗരം മഹാസാഗരം, മഹാസാഗരം കളിയും ചിരിയും മേലേ, ചളിയും ചുഴിയും താഴേ...
പുറമേ പുഞ്ചിരി ചൊരിയും സുന്ദരി, പിരിയാന്‍ വിടാത്ത കാമുകി....”പാതിരാവിന്റെ മുഴങ്ങുന്ന നിശ്ശബ്ദതയില്‍, ആ വരികള്‍ക്ക് മായികമായ ഒരു സൌന്ദര്യം കൈവരുന്നതായി തോന്നി.
ജ്യൂസ് സ്ട്രീറ്റിലേക്കുള്ള ഇടവഴിയുടെ അടുത്തെത്തിയപ്പോള്‍, കയ്യില്‍ ഒരു ബ്രീഫ് കെയ് സുമായി സുമുഖനായ ഒരു യുവാവ് ഞങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. “ ഇവിടെ, അഡ്വക്കേറ്റ് ബാലഗോപാലന്റെ വീടറിയുമോ.? ഞങ്ങള്‍ സംശയത്തോടെ പരസ്പരം നോക്കുന്നതു കണ്ട് അയാള്‍ വിശദീകരിച്ചു : “നേരത്തേ എത്തേണ്ടതായിരുന്നു. മലബാര്‍ എക്സ്പ്രസ്സ് എത്താന്‍ വൈകി. ഈ ഇടവഴിയുടെ അറ്റത്താണെന്നാണു പറഞ്ഞത്. ഈ സ്ഥലം ഒട്ടും പരിചയമില്ല. സ് ട്രീറ്റ് ലൈറ്റില്ല.! ഫോണും എടുക്കുന്നില്ല; ദാ അവിടെ വരെ എന്റെ കൂടെ ഒന്നു വരുമോ..?”
കണ്ടിട്ട് ഒരു പാവത്താന്റെ മട്ടൊക്കെയുണ്ട്.! എന്നാലും ഈ മെട്രോനഗരത്തില്‍, അതും ഈ പാതിരാത്രിയില്‍ എങ്ങനെയാണ് ഒരു അപരിചിതനെ വിശ്വസിക്കുക? വല്ല അധോലോകമോ മറ്റോ ആയിരിക്കുമോ? ഉറക്കം കണ്‍പോളകളില്‍ മുട്ടിവിളിക്കുന്ന ഈ നേരത്ത് എന്തായാലും ഒരു റിസ്ക്ക് എടുക്കാന്‍ വയ്യ. “സോറി..! അറിയില്ല കേട്ടോ?.”...ഞങ്ങള്‍, സൌകര്യപൂര്‍വം ഒഴിഞ്ഞുമാറി..!! കൂടുതലൊന്നും അയാള്‍ ചോദിച്ചില്ല; ചുറ്റുമൊന്നു നോക്കി, പതിയെ ആ ഇരുട്ടിലേക്കു നടക്കാന്‍ തുടങ്ങി. ഞങ്ങളും നടന്നു. ഒഴുക്കു മുറിഞ്ഞതിന്റെ പരിഭവത്തില്‍, ഉണ്ണി തന്റെ പ്രഭാഷണം തുടര്‍ന്നു.
റൂമിലെത്തിയതും ബോധം കെട്ടുറങ്ങിപ്പോയി. മൊബൈല്‍കിളി ചിലയ്ക്കുന്നതു കേട്ടാണുണര്‍ന്നത്. ബിന്ദുവിന്റെ ശബ്ദം : “ടാ ചെറുക്കാ, ഫ്ലവര്‍ഷോയുടെ കാര്യമൊക്കെ മറന്നോ” ഇന്നു ലാസ്റ്റ് ഡേയാ..വേഗം ഇങ്ങോട്ടെറങ്ങ്...സുഭാഷ് പാര്‍ക്കിന്റെ ഗേറ്റിനറ്റുത്ത്...എല്ലാരുമൊണ്ട്.... അതോ ഞങ്ങളങ്ങോട്ടു വരണോ..?”.എന്റെ ദൈവമേ, ഒമ്പതു മണി..! ഈ കടന്നല്‍ക്കൂട്ടം വരുന്ന കാര്യം ഓര്‍ത്തില്ലല്ലോ..? ഇന്നത്തെ കാര്യം തീരുമാനമായി..!! വേഗം കുളിച്ചൊരുങ്ങി പാര്‍ക്കിലെത്തി. പനിനീര്‍ പുഷ്പങ്ങളുടെയും ഓര്‍ക്കിഡുകളുടെയും നഗരതരുണികളുടെയും വര്‍ണ്ണപ്രപഞ്ചത്തില്‍ മുങ്ങി അങ്ങനെ നടന്നു.!
തിരിച്ചു ഹോസ്റ്റലിലെത്തുമ്പോള്‍, നാലുമണി. വിശദമായി ഒന്നു കുളിച്ച്, മുറിയിലേക്കു മടങ്ങുമ്പോഴാണ്, റീഡിംഗ് റൂമില്‍ കിടന്ന സായാഹ്നപ്പത്രത്തിലെ ചൂടുവാര്‍ത്തയില്‍ കണ്ണുകളുടക്കിയത്. ‘നഗരത്തില്‍ യുവാവിന്റെ അജ്ഞാത ജഡം.! കൊലയെന്നു സംശയം.’ വാര്‍ത്തയ്ക്കൊപ്പം ചേര്‍ത്ത ഫോട്ടോയിലെ മുഖത്തേയ്ക്ക് ഒന്നേ നോക്കിയുള്ളു.! എന്റെ കയ്യിലിരുന്ന് പത്രം വിറയ്ക്കാന്‍ തുടങ്ങി.!!
Labels: കഥ
ഞാനും ഒരു അമ്മയാണ്
എന്റെ പേര് നിമ്മി ,
ബിസിനെസ്സില്‍ തകര്‍ന്നു ആത്മഹത്യ ചെയ്ത ഡാഡി, ഭാര്യക്കും മക്കള്‍ക്കും വേണ്ടി ഒന്നും കരുതിവെച്ചിരുന്നില്ല.ഡാഡിയുടെ തണലില്‍ ജീവിച്ചുവന്ന മമ്മക്ക് ആ വിയോഗം താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു.
'കണ്ച്ചനൈടല്‍ ഹാര്‍ട്ട് ഡിസീസ്' ആയിരുന്നു എന്റെ കുഞ്ഞനുജന് ..,
അത് ശരിയാക്കുവാന്‍ നാലോ അഞ്ചോ ശസ്ത്രക്രിയകള്‍ ചെയ്യേണം ,ഓരോ സര്‍ജറിയും ഓരോ പ്രായത്തില്‍.ഡാഡി മരിക്കുമ്പോള്‍ അവനു എട്ടു വയസ്സ് .അതുവരെ നാല് ശസ്ത്രക്രിയ ചെയ്തു .
ഫൈനല്‍ സര്‍ജരിക്കുവേണ്ടിയുള്ള പണം ഉണ്ടാക്കാന്‍ ബുദ്ധി മുട്ടുന്നതിനിടയ്ക്കആണ്
ഡാഡിയുടെ ബിസിനസ് തകര്‍ന്നത് ..,അപ്പോള്‍ ഡാഡി മരണത്തിന്റെ വഴി തിരഞ്ഞെടുത്തു.
എനിക്ക് വളരെ വൈകി കിട്ടിയ അനിയനാണ് ടോം .ഈ അവസാന സര്‍ജറിയും വിജയിക്കും എന്ന ശുഭ വിശ്വാസത്തില്‍ ആണ് എല്ലാവരും .പക്ഷെ ...എങ്ങനെ ?
ഡിഗ്രിയും ടി ടി സി യും മാത്രം പഠിച്ച ഞാന്‍ എത്ര സ്ഥലത്ത് ജോലിക്ക് ശ്രമിച്ചു .
ഒടുവില്‍ തുച്ചമായ ശമ്പളത്തില്‍ ജോലി ലഭിച്ചു ,,പക്ഷെ അതുകൊണ്ട് ടോമിന്റെ സര്‍ജറി നടത്താന്‍ കഴിയില്ല എന്ന് മനസ്സിലായി.
അങ്ങനെ ഇരിക്കുമ്പോള്‍ ഒരു ഇംഗ്ലീഷ് ന്യൂസ് പേപ്പറില്‍ കണ്ട പരസ്യം മൂലം എനിക്ക് ലണ്ടനില്‍ പോകാന്‍ വഴി ഒരുങ്ങി.ഉറങ്ങികിടന്നിരുന്ന വീട് മെല്ലെ ശബ്ദിച്ചു തുടങ്ങി .
മമ്മയുടെ മുഖത്തു എപ്പോഴൊക്കെയോ ചിരി മിന്നി മറഞ്ഞു ..,അയല്പക്കംകാരും മമ്മയുടെ ബന്ധുക്കളും സുഹൃത്തുക്കളും വാര്‍ത്ത അറിഞ്ഞു ഫോണ്‍ വിളിക്കാനും വീട്ടിലേക്കു വരാനും തുടങ്ങി.
വീട് ഒഴിഞ്ഞു കൊടുക്കണം എന്ന് പറഞ്ഞു ശല്യപ്പെടുത്തി കൊണ്ടിരുന്ന ഹൌസ് ഓണരിനെ കൊണ്ട് യാതൊരു ബുദ്ധി മുട്ടും ഇല്ലാതായി .
എങ്കിലും ഈ ജോലി എങ്ങനെ ശരിയായി എന്ന് പലര്‍ക്കും സംശയമില്ലാതില്ല ..,
ചിലരൊക്കെ അത് ചോദിക്കുകയും ചെയ്തു .
അവരോടൊക്കെ മമ്മ പറഞ്ഞു 'എല്ലാം എന്റെ നിമ്മി മോള്‍ടെ ഭാഗ്യം,പുണ്യാളന്മാര്‍ തുണച്ചു '.
അങ്ങനെ ഒരു ജനുവരി നാലാം തീയതി ഞാന്‍ യാത്രയായി ..,അന്നാണ് ആദ്യമായി വിമാനത്തില്‍ കയറിയത് .ലണ്ടനില്‍ ചെന്ന് പത്തു മാസത്തിനകം ടോമിന്റെ സര്‍ജരിക്കുള്ള മുഴുവന്‍ തുകയും നാട്ടിലേക്ക് അയച്ചു കൊടുത്തു.ഞാന്‍ നാട്ടില്ചെന്നിട്ടു മതി സര്‍ജറി എന്ന് ടോം വാശി പിടിച്ചു ..,ഡോക്ടര്‍ പറഞ്ഞു താമസിപ്പിക്കാന്‍ പാടില്ല എന്ന് .പക്ഷെ തനിക്കു അവധി എടുത്തു നാട്ടില്‍ ചെല്ലുവാന്‍ കഴിയാത്ത അവസ്ഥ ആയിരുന്നു .
അങ്ങനെ നവംബര്‍ ഇരുപതാം തീയതി ടോം മോന്റെ സര്‍ജറി അല്ല മരണം .
ഞാന്‍ ഏറ്റവും ദുഖിച്ച ദിവസം ..,അവനെ അവസാനമായി ഒരു നോക്ക് കാണുവാന്‍ പോലും കഴിഞ്ഞില്ല തനിക്കു .എന്റെ ജീവിതത്തില്‍ എന്നോട് തന്നെ പുച്ഛം
തോന്നിയ ദിനം ആയിരുന്നു അന്ന് .സ്വന്തം ചോരയെ രക്ഷിക്കുവാന്‍ വേണ്ടി ഞാന്‍ എന്തെല്ലാം സഹിച്ചു ,,, അഞ്ചു ലക്ഷം രൂപക്കുവേണ്ടി ഞാന്‍ എന്റെ ശരീരം ആണ് വിറ്റത്.
അന്ന് പത്രത്തില്‍ കണ്ട പരസ്യം ഇന്നും കണ്മുന്‍പില്‍ മായാതെ നില്‍ക്കുന്നു .
വാണ്ട് സരോഗൈറ്റ് മദര്‍ . നാട്ടില്‍ ആര്‍ക്കും അറിയാത്ത രഹസ്യം .ജോലിക്കെന്നു പറഞ്ഞു താന് പോയത് സ്വന്തം ഗര്‍ഭപാത്രം വാടകയ്ക്ക് കൊടുക്കാന്‍ ആയിരുന്നു.വിവാഹം കഴിഞ്ഞു അഞ്ചു വര്‍ഷങ്ങളായി കുട്ടികള്‍ ഇല്ലാതിരുന്ന മലയാളി ദമ്പതികള്‍ക്ക് വേണ്ടി .ജോണ്‍ - ലീന .
നല്ല ആള്‍ക്കാര്‍ ..,കടലോളം ഇരമ്പുന്ന എന്റെ ആവലാതികള്‍ എല്ലാം അവരുടെ സ്നേഹത്തിന്റെ മുന്‍പില്‍ ഇല്ലാതായി .ലീനക്ക് കുട്ടികള്‍ ഉണ്ടാകില്ല എന്ന് നൂറു ശതമാനവും ഡോക്ടര്സ് ഉറപ്പിച്ചു പറഞ്ഞപ്പോള്‍ ആണ് ഇങ്ങനെ ഒരു സാഹസത്തിനു അവര്‍ മുതിര്‍ന്നത് .
എന്നെയും കൊണ്ട് അവരുടെ ഫാമിലി ഡോക്ടറിന്റെ അടുക്കല്‍ പോയി ക്ലിനികല്‍
ഡീടയിലസ് എന്നെ ബോധ്യപ്പെടുത്തി.
ലീനയുടെ എഗ്ഗ്സ് അഥവാ ഒവം ഫെര്ടിലിസെഷന് കേപബില്‍ അല്ല ,,
അത് മാത്രമല്ല അവരുടെ യുടെറിന്‍ മസില്സ് വീക്ക് ആണ് അതുകൊണ്ട് ഒരു ഭ്രൂണത്തെ താങ്ങുവാനുള്ള ശക്തി ഗര്‍ഭ പാത്രത്തിനു ഇല്ല ..,അതിനാല്‍ എന്റെ ഒവംസും ജോണിന്റെ സ്പെര്‍മ്സും ഇന്‍ വിട്രോ ഫെര്ടിലിസശന്‍ എന്ന പ്രക്രിയയിലൂടെ സംയോജിപ്പിച്ച് എന്റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നു .അങ്ങനെ നീണ്ടു പോയി ഡോക്ടറിന്റെ വിശധീകരണങ്ങള്‍ .
അവയില്‍ പകുതിയും തനിക്കു അന്ന് മനസിലായില്ല .അവിടെ വെച്ച് തന്നെ ലീഗല്‍ ഡോകുമെന്റ്സ് ഒപ്പിട്ടു . ഈ ഗര്‍ഭാവ സ്ഥയില്‍ തന്റെ എല്ലാവിധ ചിലവുകളും (പ്രസവം അടക്കം ) അവര്‍ വഹിക്കുമെന്നും അത് കൂടാതെ ഇന്ത്യന്‍ റുപ്പീസ് അഞ്ചു ലക്ഷം പേ ചെയ്യും എന്നൊക്കെ ആയിരുന്നു അതില്‍ എഴുതിയത് .ടോം മോന്റെ മുഖം ആയിരുന്നു തനിക്കു ശക്തി പകര്‍ന്നത് .ടോം മരിച്ച അതെ ദിവസം ആണ് എനിക്ക് മോള്‍ പിറന്നത് ..പക്ഷെ ഒരു തരി പോലും താന്‍ സന്തോഷിച്ചില്ല ..,എല്ലാ വേദനയും സഹിച്ചിട്ടും ഒന്നും തനിക്കു സ്വന്തമല്ലല്ലോ എന്നോര്‍ത്തപ്പോള്‍ വിങ്ങികരഞ്ഞുപോയി .പിറ്റേ ദിവസം ആണ് ലീന എന്നോട് ടോമിനെ കുറിച്ച് പറഞ്ഞത് .കടല്‍തീരത്തു പടുത്തുയര്‍ത്തിയ മണല്കൊട്ടാരം പോലെ എന്റെ സ്വപ്‌നങ്ങള്‍ എല്ലാം തകര്‍ന്നുവീനു .പ്രസവിച്ച ചോരകുഞ്ഞുമായി എങ്ങോട്ടെങ്കിലും ഓടി രക്ഷപെട്ടാലോ എന്ന് തോന്നി ..പക്ഷെ ..മനസാക്ഷി അനുവദിച്ചില്ല.
പിന്നീടുള് മൂന്നുമാസങ്ങള്‍ ..,വിഷമം കടിച്ചമര്‍ത്തി കടന്നുപോയി .
എന്റെ കുഞ്ഞിനെ അവര്‍ ലാളിക്കുന്നതു കണ്ടുനില്‍ക്കാനുള്ള മനോധൈര്യം ഇല്ലായിരുന്നു .
രാത്രികളില്‍ ആരുമറിയാതെ ഞാന്‍ ഏറെ കരഞ്ഞു .
അതിവേഗം ഓടികൊണ്ടിരിക്കുന്ന ആ പട്ടണത്തില്‍ ഞാന്‍ ഒറ്റപ്പെട്ടതുപോലെ ..,
ചുറ്റും ഉള്ളവര്‍ പരിഹസിച്ചു ചിരിക്കുന്നതുപോലെ,,എനിക്ക് എന്നോട് വെറുപ്പ് തോന്നി .
കോന്റ്രാക്ടിന്റെ കാലാവധി കഴിഞ്ഞു .
ചിറകറ്റു വീണ പക്ഷിയെ പോലെ ഞാന്‍ ആ പട്ടണത്തോടു യാത്ര പറഞ്ഞു .
അപ്പോഴും എന്റെ മാത്രം സ്വന്തമായ എന്തോ ഒന്ന് എന്നെ പിറകോട്ടു കൊളുത്തിവലിച്ചുകൊണ്ടിരുന്നു.രക്ത ബന്ധം നിയമത്തിന്റെ കുരുക്കുകളില്‍ മുറുകി ശ്വാസം മുട്ടിമരിച്ചുകഴിഞ്ഞിരുന്നു.,എന്നില്‍ നിന്നും അടര്‍ത്തി എടുത്ത ആ കുരുന്നിന് അവര്‍-അവളുടെ മാതാപിതാക്കള്‍- പേരിട്ടു 'ഏയ്‌ന്ചല്‍ ' .
നാട്ടിലെത്തിയപ്പോള്‍ മമ്മയോട് എല്ലാം തുറന്നു പറഞ്ഞാലോ എന്ന് തോന്നി ,,പക്ഷെ കഴിഞ്ഞില്ല .മമ്മ തന്നെ അവിശ്വസിക്കില്ലായിരിക്കാം ,,പക്ഷെ പിന്നീട് തോന്നി വേണ്ട ..,
ഡാഡിക്ക് പിറകെ ടോം ..എന്റെ കാര്യം കൂടെ അറിഞ്ഞാല്‍ മമ്മക്ക് താങ്ങാനുള്ള കരുത്തു കാണില്ല .
ലീന ഒരിക്കല്‍ ഫോണ്‍ വിളിച്ചിരുന്നു .പിന്നീട് വിളിച്ചിട്ടേ ഇല്ല .
എന്റെ സ്വപ്നങ്ങളില്‍ എയ്ന്ചല്‍ മോള്‍ വിരുന്നു വന്നുകൊണ്ടേയിരുന്നു .
പുത്തന്‍ ഉടുപ്പുകള്‍ ഇട്ടു കുസൃതികുട്ടി ആയി ..ഓര്‍മകളില്‍ നിന്നും മായ്ക്കാന്‍ ശ്രമിച്ചാലും
അവള്‍ സ്വപ്നങ്ങളിലൂടെ എന്നെ പിന്തുടര്‍ന്ന് കൊണ്ടേയിരുന്നു ..,കവിളില്‍ നനുത്ത
സ്പര്‍ശമായി അവളുടെ കുഞ്ഞു ചുണ്ടുകള്‍ ..,എത്രയോ രാത്രികളില്‍ മോളെ എന്ന് വിളിച്ചുകൊണ്ടുഞെട്ടി ഉണര്‍ന്നു .
മമ്മ എന്നും ചോദിക്കും നീ ഇന്നലെ എന്ത് സ്വപ്നമാ കണ്ടത് എന്ന്..
'ആ .. ഓര്‍മയില്ല 'എന്ന് പറയും ..,
ചിലപ്പോള്‍ തോന്നും പറഞ്ഞാലോ ഞാനും ഒരു അമ്മയാണെന്ന് .
അല്ല എന്തിനു പറയാന്‍..??
അങ്ങനെയിരിക്കെ രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ വീണ്ടും ആ പട്ടണത്തിലേക്ക് യാത്ര തിരിച്ചു ,ലീന വിളിച്ചിരുന്നു ..അത്യാവശ്യമായി ഞാന്‍ അങ്ങോട്ട് ചെല്ലണം പോലും.
ടിക്കെറ്റും മറ്റും ഒരാള്‍ കൊണ്ടുതന്നു.മമ്മയോടു പല കള്ളങ്ങള്‍ പറഞ്ഞു.മോള്‍ക്ക് എന്തെങ്കിലും ആപത്തു..?ആ ചിന്തയാണ് മനസ്സില്‍ മുഴുവനും ..
എയര്‍പോര്‍ട്ടില്‍ ഡ്രൈവര്‍ വന്നിരുന്നു
അയാള്‍ എന്നെ നേരെ ഒരു ഹോസ്പിടലിലേക്ക് ആണ് കൊണ്ടുപോയത് ..,തനിക്കു ഒന്നും മനസിലായില്ല .ഇന്റെന്സിവ് കെയര്‍ യുനിടിന്റെ മുന്‍പില്‍ ചെന്ന് നിന്നു,അവിടെ ജോണ്‍ നില്‍ക്കുന്നു ..,എപ്പോഴും നല്ല ടിപ് ടോപ് ആയി വേഷം ധരിക്കാറുള്ള ജോണ്‍ ആകെ കോലം കെട്ടു കുറ്റി താടി ഒക്കെ വളര്‍ത്തി ,,എന്റെ കണ്ണുകള്‍ ചുറ്റും പരതി, മോള്‍ക്ക് വേണ്ടി .
എന്റെ മോള്‍ ..?
'ഇല്ല അവള്‍ക്കൊന്നും പറ്റിയിട്ടില്ല ..,പക്ഷെ ലീന ..'
രക്താര്ബുധത്തിന്റെ അവസാന സ്റെജില്‍ ആയിരുന്നു ലീന..,അവരുടെ ആഗ്രഹാപ്രകാരമാണ് എന്നെ വിളിപ്പിച്ചത് ..,മോളെ എന്നെ ഏല്‍പ്പിക്കാന്‍ . അവര്‍ക്കറിയാം ഞാന്‍ മാത്രമേ അവളെ പൊന്നുപോലെ നോക്കുകയുള്ളൂ എന്ന് . .ലീനയുടെ കൈയില്‍ നിന്നു എന്റെ പൊന്നു
മോളെ വാങ്ങുമ്പോള്‍ എന്റെ കൈകള്‍ വിറച്ചു ..,കണ്ണുനീരില്‍ കുതിര്‍ന്ന ചുംബനങ്ങളാല്‍
അവളെ ഞാന്‍ വാരിപ്പൊത്തി.വീര്‍പ്പുമുട്ടിയിട്ടെന്നോണം അവള്‍ കരഞ്ഞു എന്റെ കൈയ്യില്‍ നിന്നും കുതറി ലീനയുടെ ദേഹത്തേക്ക് വീഴാന്‍ തുടങ്ങി.ആ രണ്ടു വയസ്സുകാരിക്ക് അറിയില്ലെല്ലോ താനാണ് അമ്മ എന്ന് .
ലീന യാത്ര ആയി ..,പോകുന്നതിനു മുന്‍പ് എന്റെ കൈ ജോണിന്റെ കൈയ്യില്‍ വെച്ചിട്ട് പറഞ്ഞതാണ് എയ്ന്ചല്‍ മോളുടെ പപ്പയെ ഒറ്റയ്ക്ക് ആക്കരുത് എന്ന് ..ഞാന്‍ ഒന്നും മറുപടി പറഞ്ഞില്ല .എത്രയോ പ്രാവശ്യം ചിന്തിച്ചതാണ് പണ്ട് താന്‍ വാങ്ങിച്ച പൈസ തിരിച്ചു കൊടുത്ത് ജോണിന്റെ കൈയ്യില്‍ നിന്നും കുഞ്ഞിനെ അങ്ങ് കൊണ്ട് പോയാലോ എന്ന് ..പക്ഷെ ..കഴിഞ്ഞില്ല ..കാരണം ഒരിക്കല്‍ ഞാന്‍ അനുഭവിച്ചതാണ് ..,
സ്വന്തം ചോരയില്‍ പിറന്ന കുഞ്ഞിനെ പിരിയുമ്പോള്‍ ഉണ്ടാകുന്ന വേദന .
ആ വേദനയിലേക്ക് ഒരു തെറ്റും ചെയ്യാത്ത അയാളെ എങ്ങനെ ..?
ലീന മരിച്ചിട്ട് മൂന്നു വര്‍ഷങ്ങള്‍ പിന്നിട്ടു .
ഞാനും ജോണും മോളും ഒരു വീട്ടില്‍ ഇന്നുവരെയും ,
കാരണം ഞങ്ങള്‍ അവളുടെ മാതാപിതാക്കള്‍ ആണ് .
ഞാനും ജോണും തമ്മിലുള്ള സംഭാഷണങ്ങള്‍ മോളെ കുറിച്ച് മാത്രം
അല്ലെങ്കില്‍ മോള്‍ക്ക് വേണ്ടി മാത്രം.
ലണ്ടനില്‍ നിന്നും കേരളത്തിന്റെ ഒരു കൊച്ചു കോണിലേക്ക്
ഞങ്ങള്‍ താമസം മാറ്റി ..,ചോദ്യശരങ്ങള്‍ ആയി വന്നവരെ ഒക്കെ ജോണ് ഒറ്റയ്ക്ക് നേരിട്ടു.
സ്നേഹത്തിന്റെ ഒരു തുള്ളി പോലും കൊടുക്കാത്ത എന്നെ എന്തിനു അയാള്‍ കരുതുന്നു ???
അയാളുടെ ആദ്യഭാര്യക്കുവേണ്ടിയോ അതോ അയാളുടെ മോള്‍ക്ക് അല്ല നമ്മുടെ മോള്‍ക്ക് വേണ്ടിയോ ..?
മമ്മക്ക് ഇന്ന് എല്ലാം അറിയാം .,സ്വന്തം അമ്മയെപോലെ ആണ് അയാള്‍ക്ക് എന്റെ മമ്മ .
'മോളെ നീ ഒരു അമ്മ മാത്രം അല്ല ഭാര്യയും കൂടെ ആണ് 'മമ്മ എന്നും ഓര്‍മിപ്പിക്കും .
പക്ഷെ തനിക്കു അതിനു കഴിയുന്നില്ല ..
അഞ്ചുവയസ്സുകാരിയുടെ ശബ്ദം എന്നെ ഓര്‍മകളില്‍ നിന്നും തിരിച്ചുവിളിച്ചു .
'പപ്പാ ..ഇന്ന് ഞാന്‍ മമ്മീടെ കൂടെ കിടന്നോട്ടെ ..? നാളെ ഞാന്‍ ഉറപ്പായും പപ്പാടെ കൂടെ കിടക്കാമേ ...'
എന്റെ കണ്ണുകള്‍ അവളില്‍ നിന്നും തെന്നി മാറി ജോണിന്റെ കണ്ണുകളില്‍ ഉടക്കി ..
പരാതികള്‍ ഒന്നും ഇല്ലാതെ അയാള്‍ തലയാട്ടി .
എന്റെ മനസ്സ് എന്നോട് എന്നും ചോദിക്കുന്ന ആ ചോദ്യം ആവര്‍ത്തിച്ചു .
'ഞാന്‍ ഒരു അമ്മ ആണ് ..പക്ഷെ ഒരു ഭാര്യ ആണോ..?
Lee
Labels: 'കഥ'
സഞ്ജുവിശ്വം; ഒരു ദുരന്തകഥ
ഒന്ന്
സഞ്ജുവിശ്വം എന്ന കുരുന്നുജീവനിൽ അതിബുദ്ധിയുടെ ജീനുകൾ നിറയ്ക്കുമ്പോൾ അത് ദൈവത്തിന്റെ നിഷ്കളങ്കമായ ഒരു അധികാരപ്രയോഗം മാത്രമായിരുന്നു..! വ്യത്യസ്തനായ ഒരു മനുഷ്യനു ഭൂമിയിൽ നേരിടേണ്ടിവരാവുന്ന പ്രശ്നങ്ങളെപ്പറ്റി അപ്പോൾ ദൈവം ചിന്തിച്ചിരുന്നില്ല. അധികാരമെന്ന ദുരൂഹസമസ്യയെപ്പറ്റി പ്രജയായ സഞ്ജുവിശ്വത്തിനും അറിവുണ്ടായിരുന്നില്ല.! അങ്ങനെയുള്ള ഒരാൾ, തികച്ചും നിരുപാധികമായി ജീവിതത്തെ നേരിടുമ്പോൾ എന്തൊക്കെയാവാം സംഭവിക്കുക..?
ബാലനായ സഞ്ചുവിന്റെ വ്യത്യസ്തതകൾ, ചെറുപ്രായത്തിൽത്തന്നെ അവനെ കളിക്കൂട്ടുകാരിൽ നിന്നകറ്റി.! ഇടവേളകളിൽ നിഴലും വെളിച്ചവും ചിത്രം വരയ്ക്കുന്ന സ്ക്കൂൾമുറ്റത്ത്, അരങ്ങേറുന്ന കള്ളനും പോലീസും കളിയിലെ അധികാരം അവനിഷ്ടമായിരുന്നില്ല. ആളൊഴിഞ്ഞ ക്ലാസ്സ് മുറിയിലെ ജനൽപ്പടിയിൽ ഏകനായിരുന്ന് അവൻ പുറംലോകത്തെ ചടുലതകൾ വീക്ഷിച്ചു. എല്ലാ വിഷയത്തിനും ഉയർന്ന മാർക്കു വാങ്ങുന്ന അവനെ സഹവിദ്യാർത്ഥികൾ അസൂയയോടെ മാത്രം നോക്കി.. ഏഴാം ക്ലാസ്സിലെത്തുമ്പോഴേയ്ക്കും ബാലരമയും പൂമ്പാറ്റയും കളിക്കുടുക്കയുമടങ്ങുന്ന ബാലസാഹിത്യം മടുത്തിരുന്നു. നഗരസഭാ ലൈബ്രറിയിലെ ഷെൽഫിൽ നിരന്നിരുന്ന നോവലുകൾ അവന്റെ അവധിദിനങ്ങൾ അപഹരിച്ചു. സഞ്ജുവിന്റെ പകലുകൾ മിക്കവാറും കിടപ്പുമുറിയ്ക്കുള്ളിൽ തുടങ്ങി, അവിടെത്തന്നെ അവസാനിച്ചു. എങ്കിലും അവൻ ദു:ഖിതനായിരുന്നു. ഒരു ആത്മസുഹൃത്തിന്റെ സാമീപ്യത്തിനായി പലപ്പോഴും ഹൃദയം കൊതിച്ചു. തൊട്ടടുത്ത അമ്പലത്തിൽ ഒമ്പതാമുത്സവം പൊടിപൊടിയ്ക്കുമ്പോൾ, തനിക്കു കൂട്ടായി ഒപ്പം നടക്കാൻ ഒരാളെപ്പോലും കിട്ടാതെ, ഏകനായി അവൻ ആൾത്തിരക്കിലലഞ്ഞു. ഇടയ്ക്കിടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ ആരും കാണാതെ തുടച്ചു..!
വീട്ടിൽ, അമ്മയായിരുന്നു അധികാരകേന്ദ്രം. ഒരിക്കലും അവസാനിക്കാത്ത അവരുടെ ശകാരവാക്കുകൾ അവനെ നിരന്തരം പിൻതുടർന്നു. യാഥാർത്ഥ്യം പ്രതികൂലമാണെന്നു മനസ്സിലാക്കിയ സഞ്ചുവിശ്വം ഭാവനയുടെ ലോകത്ത് യഥേഷ്ടം വിഹരിച്ചു. തന്റെ ഇഷ്ടനോവലുകളിലെ സ്നേഹവും സ്വാതന്ത്ര്യവും വേണ്ടുവോളം അനുഭവിക്കുന്ന കഥാപാത്രങ്ങൾക്കൊപ്പം അവരിലൊരാളായി അവൻ മാറി.
രണ്ട്
നഗരത്തിലെ പ്രമുഖകലാലയം അവനു മുന്നിൽ പുതിയൊരു ലോകംതുറന്നിട്ടു. ജീവിതത്തിലാദ്യമായി അമ്മയുടെ ശകാരത്തിൽ നിന്നും ഏട്ടന്റെയും ചേച്ചിമാരുടെയും കുത്തുവാക്കുകളിൽ നിന്നും അവൻ രക്ഷപ്പെട്ടു. എന്നാൽ, പ്രായത്തിൽ കവിഞ്ഞ പക്വതയുമായി, ചിന്തയിൽ മുഴുകി നടന്ന അവന് ‘പാവം’ എന്ന ബഹുമതിയാണ് സുഹൃത്തുക്കൾ കനിഞ്ഞുനൽകിയത്..! ഹോസ്റ്റലിലെ ആദ്യരാത്രിയിൽ, റാഗിംഗ് എന്ന പേരിൽ വീണ്ടും അധികാരം അവനു മുൻപിലെത്തിയെങ്കിലും നിഷ്കളങ്കമായ പുഞ്ചിരിയാൽ, ഒരു പരിധിവരെ അതിനെ നേരിടാൻ അവനു സാധിച്ചു.
കാമ്പസ്സ് ഒരു സ്വപ്നസാമ്രാജ്യം തന്നെയായിരുന്നു.! മാലാഖമാർ മാത്രമുള്ള ആ സ്വപ്നജീവിതത്തിൽ അവർക്കൊപ്പം അവനും പാറിനടന്നു. ആകാശത്തോളം വളർന്ന അവന്റെ ചിന്തകൾ, ഭാവനകൾ അക്ഷരങ്ങളായി കോളേജ് മാഗസിനിലെ മുൻപേജുകളിൽ സ്ഥാനം പിടിച്ചു. പതിയെപ്പതിയെ, സഞ്ജുവിശ്വം കാമ്പസ്സിൽ പ്രശസ്തനായി. കഥാമത്സരത്തിൽ ഒന്നാം സമ്മാനാർഹമായ അവന്റെ സൃഷ്ടി പ്രമുഖസാഹിത്യമാസികയിൽ പ്രസിദ്ധീകരിച്ചുവന്നതോടെ സഞ്ചുവിശ്വം ഒരു എഴുത്തുകാരന്റെ മേലങ്കി അണിയുകയായിരുന്നു.!
പ്രണയമായിരുന്നു കാമ്പസ്സിന്റെ ജീവൻ.! നഗരസന്തതികളായ പല പെൺകുട്ടികളും സഞ്ജുവിന്റെ പ്രണയത്തിനായി ദാഹിച്ചുവെങ്കിലും അവർക്കൊന്നും ആ ഹൃദയത്തിൽ കയറിപ്പറ്റാനായില്ല്ല. കാമ്പസ്സ്-ബുദ്ധിജീവിയും കവിയുമായ ചാരുലതയ്ക്കു മാത്രമാണ് അതിനു കഴിഞ്ഞത്. നീണ്ടുനീണ്ടുപോകുന്ന ബൌദ്ധികസംവാദങ്ങൾ അവരുടെ പകലുകളെ സജീവമാക്കി. എല്ലാ സംവാദങ്ങൾക്കുമപ്പുറം,ചാരുവിന്റെ സാമീപ്യം അവന് സ്വപ്നതുല്യമായ അനുഭവമായിരുന്നു. ക്രമേണ, ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ കഴിയാത്തവിധം അവരുടെ മനസ്സുകൾ പരസ്പരം കെട്ടപ്പെട്ടു. ഉറക്കത്തിലും ഉണർവിലും, അവൻ നോക്കുന്നിടത്തെല്ലാം അവളുണ്ടായിരുന്നു. ഉറക്കം വരാത്ത രാത്രികളിൽ, അസ്ഥിയിൽ തുളച്ചുകയറുന്ന വിരഹവുമായി മല്ലിടവേ, പ്രണയത്തിന് തന്റെ മേൽ ചെലുത്താൻ കഴിയുന്ന സ്വാധീനമോർത്ത് അവൻ പരിതപിച്ചു. വായിക്കുന്ന പുസ്തകങ്ങളിലൊന്നും, ഈ പൊള്ളുന്ന ചൂടിനെ തണുപ്പിക്കാനുള്ള ഉപായം കണ്ടെത്താനാവാതെ അവൻ കുഴങ്ങി. കൊല്ലുന്ന ഈ പാവനാടകത്തിൽ, തന്നെ നിയന്ത്രിക്കുന്ന ചരടുകൾ ചാരുലതയുടെ കൈയിലാണെന്ന സത്യം വേദനയോടെ അവൻ മനസ്സിലാക്കി.
മൂന്ന്
തറവാട്ടിൽ, പിതൃസ്വത്തിന്റെ വിഭജനം സംബന്ധിച്ച അധികാരത്തർക്കം മൂർദ്ധന്യത്തിലെത്തിയ കാലമായിരുന്നു. അനുസരണയില്ലാത്ത ഇളയപ്രജയുടെ രജിസ്റ്റർ-വിവാഹത്തിന്റെ വാർത്ത ഗൃഹസദസ്സിൽ, എരിതീയിലെ എണ്ണയായി. പുറത്താക്കപ്പെടുന്നതിനു മുൻപേ, വീട്ടിൽ നിന്ന് സ്വയം ഇറങ്ങാൻ തീരുമാനിച്ച സഞ്ചു തന്റെ മറുപാതിയായ ചാരുവിൽ മാത്രം വിശ്വാസമർപ്പിച്ച് നഗരത്തിലെ വാടകവീട്ടിൽ, പുതിയ ജീവിതം തുടങ്ങി.
പ്രണയം മാത്രം ഭക്ഷിച്ച് ജീവിക്കാനാവില്ലെന്ന അറിവ് താമസിയാതെ, അവരുടെ പുഷ്പതല്പത്തിൽ ആദ്യത്തെ മുള്ളായി.! ഒരു സായാഹ്നപ്പത്രത്തിൽ സബ് എഡിറ്റർ ജോലി തരപ്പെടുത്തി, ചാരുലത അന്നന്നത്തെ അത്താഴത്തിനുള്ള വക കണ്ടെത്തിയപ്പോൾ, അയാൾ ആത്മനിന്ദയുടെ തീയും പുകയുമായി നഗരങ്ങളിൽ തൊഴിൽ തേടിയലഞ്ഞു. ഉള്ളിൽ രൂപമെടുത്ത നിരവധി കഥാബീജങ്ങൾ പിറവിയെടുക്കും മുൻപേ, ചത്തുമലച്ചു. കലയും ജീവിതവും തമ്മിൽ നടന്ന രൂക്ഷമായ ശീതസമരത്തിൽ, ജീവിതം വിജയം വരിച്ചു. ഒടുവിൽ, സുഹൃത്തിന്റെ ശുപാർശയിൽ മന്ത്രിയുടെ പേഴ് സണൽ സ്റ്റാഫിൽ അയാൾ ഒരു താൽക്കാലികജോലി സമ്പാദിച്ചു.
എപ്പോഴാണ് പ്രണയാരാമത്തിൽ വെറുപ്പിന്റെ കള്ളിച്ചെടികൾ വളരാൻ തുടങ്ങിയതെന്നറിയില്ല. എന്തായിരുന്നു ആദ്യപ്രകോപനമെന്നും..കലഹങ്ങൾ, നിത്യസംഭവമായി മാറിക്കഴിഞ്ഞിരുന്നു..സ്വന്തം വിജയം സ്ഥാപിച്ചുകിട്ടാനുള്ള ശ്രമത്തിൽ അന്തിമമായി ഇരുവരും പരാജയപ്പെട്ടു.! പാതിരാവിന്റെ നിശ്ശബ്ദതയിൽ, ഒരു പാഴ് വാക്കിന്റെ വിനിമയം പോലും നഷ്ടപ്പെട്ട് മുഖംതിരിഞ്ഞുകിടക്കവേ, കാൽക്കീഴിൽ നിന്നു വഴുതിപ്പോകുന്ന തന്റെ ജീവിതത്തെപ്പറ്റി അയാൾ ഖേദിച്ചു. ഒരു ദൈവത്തിന്റെയും വാഹനമല്ലാത്ത സഞ്ചുവിശ്വത്തിന്റെ ആത്മാവിന് അഭയം നഷ്ടപ്പെട്ടിരുന്നു. ജീവിതത്തിന്റെ വഴികൾ താൻ കരുതിയതിനേക്കാളേറെ സങ്കീർണ്ണമാണെന്ന് അയാൾക്കു തോന്നി. ഉള്ളിൽ വളർന്നുമുറ്റിയ നിസ്സംഗത, നെഞ്ചിനെ നീറ്റുന്ന തീവ്രവിഷാദമായി മാറുന്നത് അയാളറിഞ്ഞു.
നാല്
കക്ഷിരാഷ്ട്രീയം ഒരിക്കലും സഞ്ജുവിനെ ആകർഷിച്ചിരുന്നില്ല. കാമ്പസ്സിൽ വെച്ച്, പുറത്തുനിന്നെത്തിയ ഭരണകക്ഷിയുടെ കൂലിപ്പടയാളികൾ ആത്മസുഹൃത്തിനെ കൺമുന്നിലിട്ട് തല്ലിച്ചതയ്ക്കുന്നതു കണ്ടതു മുതൽ അധികാരത്തോടു വിരക്തി തോന്നിയിരുന്നു.! എവിടെനിന്നോ ഇറക്കുമതി ചെയ്ത വിപ്ലവത്തിൽ വിശ്വാസം നഷ്ടപ്പെട്ടിരുന്നു. എന്നാൽ, ഉപജാപങ്ങളും ചതിയും വഞ്ചനയും കൂട്ടിക്കൊടുപ്പും നിറഞ്ഞ ആ ചതുപ്പുനിലത്തിൽത്തന്നെയാണ് ഒടുവിൽ എത്തിപ്പെട്ടത്. മന്ത്രിമന്ദിരത്തിലെ ദിനചര്യയിൽ അനിവാര്യമായ അഴിമതിയുമായി ഒട്ടും പൊരുത്തപ്പെടാൻ അയാൾക്കു കഴിഞ്ഞില്ല. ജീർണ്ണതയുടെ വിഴുപ്പുകൾ ചുമന്ന് അയാൾ തളർന്നു. അങ്ങനെയിരിക്കെ, ഒരു നാൾ, പ്രൈവറ്റ് സെക്രട്ടറി വിളിപ്പിച്ചതനുസരിച്ച് അയാൾ ഗസ്റ്റ് ഹൌസിലെത്തി. അധികാരരതിയുടെ ഉന്മാദം ബാധിച്ച ഫ്യൂഡൽപ്രഭുവിന്റെ മുഖത്തോടെ മന്ത്രി അയാളെ എതിരേറ്റു. വിശാലമായ കിടക്കയിൽ, കട്ടിയുള്ള തലയിണയിൽ ചാരിക്കിടന്ന് അയാൾ മൊഴിഞ്ഞു: “നിങ്ങൾ ഒന്നും സംസാരിക്കണമെന്നില്ല. പറയുന്നതു കേട്ടാൽ മതി. ഓഫീസിൽ നടക്കുന്ന കാര്യങ്ങൾ പുറത്തേക്കു ചോർത്തിക്കൊടുക്കുന്നതായി എനിക്കു വിവരം കിട്ടിയിട്ടുണ്ട്. ഇനി ക്ഷമിക്കാനാവില്ല; തൽക്കാലം, നിങ്ങളെ പിരിച്ചുവിടുകയാണ്.. കൂടുതലൊന്നും പറയാനില്ല. നിങ്ങൾക്കു പോകാം..”
അഞ്ച്
ഓഫീസിൽ നിന്നിറങ്ങി ജനത്തിരക്കിലൂടെ നടക്കവേ, അന്നുവരെ ചിരപരിചിതമായിരുന്ന നഗരം അയാൾക്ക് തീർത്തും അന്യമായിത്തോന്നി. അടുത്തുകണ്ട ബാറിൽക്കയറി, കൌണ്ടറിൽ നിന്നുതന്നെ രണ്ടു പെഗ്ഗ് അകത്താക്കി. മാർക്കറ്റിൽ നിന്ന് ചില അവശ്യവസ്തുക്കൾ വാങ്ങി, സ്റ്റാൻഡിലേയ്ക്കു നടന്നു. പതിവിൽനിന്നു ഭിന്നമായി മൂന്നാർ എന്നെഴുതിയ സൂപ്പർ ഫാസ്റ്റിലാണ് അയാൾ കയറിയത്. ആളൊഴിഞ്ഞ സൈഡ് സീറ്റിൽ സ്ഥാനം പിടിച്ച് സ്വസ്ഥമായി ചാരിക്കിടന്നു. കുന്നിൻ മുകളിലെ റിസോർട്ടിനു മുന്നിൽ ബസ്സിറങ്ങുമ്പോൾ, രാത്രി 11 മണി കഴിഞ്ഞിരുന്നു.
ഓഫ് സീസൺ ആയതിനാൽ, ടൂറിസ്റ്റുകൾ കുറവായിരുന്നു. കീ വാങ്ങി, മൂന്നാം നിലയിലെ ഡബിൾ റൂമിലെത്തി. റൂം ബോയിയോട് ഗ്ലാസ്സും ഒരു ബോട്ടിൽ വെള്ളവും ആവശ്യപ്പെട്ട് അയാൾ ബാൽക്കണിയിലേയ്ക്കു നടന്നു. അവിടെ, രാത്രിയുടെ അലൌകിക സൌന്ദര്യത്തിലേക്കു നോക്കിനിൽക്കെ, മലമുകളിൽ നിന്ന് മഞ്ഞുപാളികൾ അയാളെ വന്നുപൊതിഞ്ഞു. അവളിപ്പോൾ എന്തു ചെയ്യുകയാവും.? അയാൾ വെറുതെ ആലോചിച്ചു.
റെസ്റ്റോറന്റിൽ തിരക്കൊഴിഞ്ഞിരുന്നു. രണ്ടു ചപ്പാത്തി മാത്രം കഴിച്ച്, റൂമിലെത്തി അല്പനേരം കിടന്നു. പിന്നീട്, ബാഗ് തുറന്ന് മദ്യക്കുപ്പിയും ഒരു ചെറുപൊതിയുമെടുത്തു. പൊതിയിൽ നിന്ന് കടും നീലനിറത്തിലുള്ള തരികൾ ഗ്ലാസിലിട്ട് അതിൽ മദ്യമൊഴിച്ച് അലിയുന്നതുവരെ ഇളക്കി. പിന്നീട്, മൊബൈൽ ഫോണെടുത്ത് അതിൽ ഒരു സന്ദേശം കുറിച്ചു: “പ്രിയപ്പെട്ട ചാരൂ..ഞാൻ നിന്നോട് തെറ്റു ചെയ്തു...ഇതാദ്യമായി, എന്റെമേൽ എനിക്കുള്ള അധികാരത്തെ ഞാൻ ഉപയോഗിക്കുകയാണ്..എന്നോടു ക്ഷമിക്കൂ...നിനക്ക് എല്ലാ നന്മയും നേരുന്നു..ശുഭരാത്രി..!!” സെൻഡ് ബട്ടൺ അമർത്തിയശേഷം മൊബൈലിൽ നിന്ന് സിം കാർഡ് എടുത്തു മാറ്റി മേശമേൽ വെച്ചു. കിടക്കയിലിരുന്ന്, ഗ്ലാസ്സിലെ പാനീയം ഒറ്റവലിക്കു കുടിച്ചു. പിന്നെ വെളിച്ചമണച്ച്, ഫാൻ ഓൺ ചെയ്തശേഷം അയാൾ ഉറങ്ങാൻ കിടന്നു.!!
*************************
Labels: 'കഥ'
eenamvaikom
eenamvaikom
ഋതുവില്‍ എഴുത്തുകാര്‍ കൂടിയതിനാല്‍ എല്ലാവര്‍ക്കും അവസരം ലഭിക്കാനായി ഒരാള്‍ക്ക് ഒരു മാസം ഒരു കഥ എന്ന രീതിയില്‍ പരിമിതപ്പെടുത്തിയിരിക്കുന്നു. ഒരു കഥ പോസ്റ്റ് ചെയ്തതിനുശേഷം കുറഞ്ഞത് രണ്ടു ദിവസം കഴിഞ്ഞുവേണം(48Hrs)അടുത്ത രചന പോസ്റ്റ് ചെയ്യുവാന്‍ എന്ന നിബന്ധന നിര്‍ബന്ധമായും പാലിക്കുവാന്‍ എല്ലാ എഴുത്തുകാരോടും അഭ്യര്‍ത്ഥിക്കുന്നു.! ഈ രണ്ടു നിബന്ധനകളും പാലിക്കാത്ത കഥകള്‍ ഉടന്‍ തന്നെ ഋതുവില്‍ നിന്നും നീക്കം ചെയ്യുന്നതായിരിക്കും.തൊട്ടു മുന്‍പത്തെ കഥയ്ക്ക് 48Hrs കഴിഞ്ഞ് താങ്കള്‍ക്കു കഥ ഷെഡ്യൂള്‍ ചെയ്യാം.ഷെഡ്യൂള്‍ ചെയ്യാന്‍ അറിയാത്തവര്‍ ദയവായി കഥ ഡ്രാഫ്റ്റ് ആയി സേവ് ചെയ്യുക..താങ്കളുടെ പേരില്‍ തന്നെ കഥകള്‍ യഥാസമയത്ത് പബ്ലിഷ് ചെയ്യപ്പെടുന്നതായിരിക്കും.യാതൊരു കാരണവശാലും പോസ്റ്റുകളുടെ ഫോർമാറ്റ് വ്യത്യാസപ്പെടുത്തരുത്. ഒരേ ഫോണ്ട്, ഒരേ വലിപ്പം തുടങ്ങിയ പൊതുഘടകങ്ങളിൽ മാറ്റം വരുത്തരുത്. കോപ്പിറൈറ്റ് പ്രശ്നങ്ങളില്ലാത്ത ചിത്രങ്ങൾ ചേർക്കാവുന്നതാണ്. ഒപ്പം എഴുത്തുകാരന്റെ ഫോട്ടോയും. പ്രസിദ്ധീകരിക്കുന്ന ഓരോ രചനയുടെയും പൂര്‍ണ്ണമായ ഉത്തരവാദിത്തം എഴുത്തുകാരിൽ നിക്ഷിപ്തമായിരിക്കും.തികച്ചും നിഷ്പക്ഷമായി ഓരോ രചനകൾക്കും അഭിപ്രായം രേഖപ്പെടുത്തുക. അംഗങ്ങൾ സ്വന്തം ബ്ലോഗുകളിൽ ‘ഋതു’വിന്റെ കോഡോ ലിങ്കോ ചേർത്ത് കൂടുതൽ ഉഷാറാക്കുക. രചനയുടെ താഴെ (© രചയിതാവ് )എഴുത്തുകാരന്റെ പേര് കൂടി ചേർക്കുക.ലേബല്‍ ആയി 'കഥ' എന്ന് ചേര്‍ക്കാന്‍ ശ്രദ്ധിക്കുമല്ലോ..എല്ലാവർക്കും നന്ദി.. ശുഭദിനം!ഇനി ഇത് ഡിലിറ്റ് ചെയ്ത ശേഷം കഥ സേവ് ചെയ്തോളു..
പഞ്ചചാമരം
ജടകടാഹസംഭ്രമഭ്രമനിലംബനിര്‍ഝരീ
വിലോലവീചിവല്ലരീവിരാജമാനമൂര്ദ്
സരയൂ നദിയുടെ കൊടും തണുപ്പില്‍ മുങ്ങിനിവരുമ്പോഴും അംഗദന്റെ ചുണ്ടില്‍ ശിവസ്തുതി നിറഞ്ഞു നിന്നിരുന്നു. രോമകൂപങ്ങള്‍ക്കിടയിലൂടെ തണുപ്പ് ഉള്ളിലേക്ക് അരി ച്ചിറങ്ങുമ്പോഴും അംഗദന്റെ മനസിലെ താപം അടങ്ങിയിരുന്നില്ല. ആ താപം പെട്ടന്നൊന്നും തീരുന്നതല്ലെന്ന് അംഗദന് അറിയാമായിരുന്നു.
തെറ്റ് കൂടാതെ ശിവതാണ്ഡവ സ്‌തോത്രം നാവിന്‍ത്തുമ്പില്‍ വഴങ്ങിയപ്പോള്‍ അംഗദന് അതിശയമാണ് തോന്നിയത്. കുട്ടിക്കാലത്ത് നാരായണ നമ എന്നു ജപിച്ചു പഠിച്ച നാവില്‍ പഞ്ചചാമരം വഴങ്ങില്ലായിരുന്നു. ശിവസ്തുതിയുടെ ഘോരശബ്ദം ശൈവരുടെ സ്വന്തമാണെന്നും നമ്മള്‍ വൈഷ്ണവരാണെന്നും അമ്മ ഏത്രയോ വട്ടം ആശ്വസിപ്പിച്ചിരിക്കുന്നു.
എങ്കിലും കേട്ടു വളര്‍ന്ന കഥകളില്‍ രാവണനോടു ആരാധന തോന്നിപ്പിച്ച ഘടകം പഞ്ചചാമരത്തിന്റെ തീവ്രതയായിരുന്നു. കൈലാസശൃംഗങ്ങളെ ഇളകിമറിയിച്ച ആ ശബ്ദഗാംഭീര്യമാണ് ചന്ദ്രഹാസ ലബ്ദിക്കു പിന്നിലെന്ന് അംഗദന് തോന്നിയിട്ടുണ്ട്. ഒരിക്കലെങ്കിലും നികുംഭിലയിലെ ഇരുള്‍ വീണ ഗുഹയിലിരുന്ന് നെയ്മണമേറ്റ പുകച്ചുരുളുകള്‍ ശ്വസിച്ച് പഞ്ചചാമരം കേള്‍ക്കണമെന്ന് എത്രയോവട്ടം ആശിച്ചിട്ടുണ്ട്.
എന്നാല്‍ ഒടുവില്‍ ആ ജന്മസാഫല്യം സ്വായത്തമായപ്പോള്‍ നഷ്ടപ്പെട്ട മനസമാധാനം ഇനിയൊരിക്കലും തിരിച്ചുകിട്ടില്ലെന്ന തിരിച്ചറിവ് സൃഷ്ടിച്ച അംഗദന്റെ കണ്ണുനീര്‍ത്തുള്ളികള്‍ സരയുവില്‍ വീണലിഞ്ഞു.
തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ണുനീര്‍ ചില്ലുകളിലൂടെ കണ്ട സ്ത്രീരൂപത്തിനു ആരുടെ മുഖമാണെന്നു തിരിച്ചറിയാന്‍ അംഗദനായില്ല. വെണ്ണച്ചോറിന്റെ തെളിമയുള്ള മുഖം തന്റെ അമ്മയ്ക്കു മാത്രമല്ല ഉള്ളതെന്നു അംഗദനിപ്പോള്‍ നല്ല ബോധ്യമുണ്ട്.
എങ്കിലും വെള്ളച്ചേല കൊണ്ട് പാതി മുഖം മറച്ച സ്ത്രീ അമ്മയാണെന്നു മനസ്സിലാക്കാന്‍ അംഗദനു അധികസമയം വേണ്ടി വന്നില്ല. 'താരയുടെ മകനു ഇങ്ങനെയൊക്കെ ആകാന്‍ കഴിയുമോ' എന്ന ശബ്ദം അംഗദന്റെ ഉള്ളില്‍ വീണുടഞ്ഞു. അമംഗലിയായ അമ്മ ചെറിയമ്മയോടൊപ്പം അയോദ്ധ്യയിലെത്തിയത് പട്ടാഭിഷേകം കാണാനായിരിക്കില്ല എന്നതു ഉറപ്പാണ്. ആ കണ്ണുകള്‍ കാണാന്‍ ആശിച്ചതാരെയായിരിക്കും. അതു സീതാദേവിയെയല്ലാതെ ആരെയാണ്? ഉത്തരവും അംഗദന്‍ തന്നെ കണ്ടെത്തി.
ഈറന്‍ ശരീരത്തോടെ നദിക്കരയില്‍ ചെന്നു കയറുമ്പോള്‍ അമ്മയുടെ മുഖത്തു പതിവില്ലാത്ത കാളിമ പടര്‍ന്നിരിക്കുന്നതു അംഗദന്‍ കണ്ടു. നനഞ്ഞ വിരലുകള്‍ അമ്മയുടെ കാലിലേക്കു നീണ്ടപ്പോള്‍ താര പുറകിലേക്കു മാറി. അമ്മയുടെ മനസ്സില്‍ നിന്നു തന്റെ സ്ഥാനം പൊയ്ക്കഴിഞ്ഞുവെന്നു അംഗദന്‍ ഞെട്ടലോടെ മനസ്സിലാക്കി.
അമ്മയെ നോക്കാതെ നടക്കാനാഞ്ഞപ്പോള്‍ താര ശബ്ദിച്ചു.
“കിഷ്‌കിന്ധയില്‍ നിന്ന് അയോദ്ധ്യയില്‍ എത്തിയത് പട്ടാഭിഷേകം കാണാനല്ല. മകന്റെ വീരപരാക്രമത്തിനു അഭിനന്ദനം അിറയിക്കാനാണ്.”
താരയുടെ ശബ്ദത്തിനു മൂര്‍ച്ചയുണ്ടായിരുന്നു. അമ്മ ഒരിക്കലും ഇങ്ങനെ സംസാരിച്ചിട്ടില്ലെന്നു അംഗദന്‍ ഓര്‍ത്തു
നദിക്കരയിലെ പൂഴിമണലില്‍ ഇരുന്ന് അംഗദന്‍ പൊട്ടിക്കരഞ്ഞു. എത്രയോ നാള്‍ മനസ്സിലിരുന്നു വിങ്ങിയ കുറ്റബോധം കണ്ണുനീരായി പെയ്തിറങ്ങി.
അംഗദന്റെ നനഞ്ഞ മുടിയിഴകളില്‍ താരയുടെ വിരലുകള്‍ പരതി നടന്നു.
“ എന്താ ഉണ്ണീ, ഇതാണോ അമ്മ നിനക്കു നല്കിയ പാഠങ്ങള്‍. അച്ഛനെ കൊന്ന രാമനൊപ്പം നില്ക്കാനാണ് ഞാന്‍ നിന്നോടു ആവശ്യപ്പെട്ടത്. അല്ലാതെ രാമന്റെ കണ്ഠത്തില്‍ ഖഡ്ഗമോങ്ങാനല്ല. എനിക്കറിയാമായിരുന്നു അതാണ് ധര്‍മ്മമെന്ന്. ഒളിപ്പോരില്‍ ആണ് രാമന്‍ ബാലിയെ വധിച്ചത്. അതൊരു യുദ്ധമുറയാണെന്നു നീയും പഠിച്ചതല്ലേ? എന്നാല്‍ ഉണ്ണീ നീയെന്താണു ചെയ്തതു വിജയിക്കാനുള്ള ലഹരി നിന്റെ സിരകളില്‍ ഇത്രത്തോളം ആവേശിച്ചോ? ”
മുടിയില്‍ പരതിയിരുന്ന താരയുടെ വിരലുകള്‍ക്കു മുറുക്കമേറുന്നതായി അംഗദനു തോന്നി.
ഒന്നും പറയാതെ താര നടന്നു നീങ്ങുന്നതു പുടവ ഉലയ്ക്കുന്ന കാറ്റിന്റെ മന്ത്രണത്തിലൂടെ അംഗദന്‍ അറിഞ്ഞു. താന്‍ ഈ ലോകത്ത് അനാഥനായെന്നു അംഗദനു മനസ്സിലായി. ബാലി മരിച്ചിട്ടും തോന്നാത്ത ഒരു തണുത്ത വികാരം അംഗദന്റെ ഹൃദയത്തെ കൊളുത്തിവലിച്ചു.
സരയുവിലെ തണുത്ത കാറ്റും ദേഹത്തു തങ്ങി നിന്ന ജലത്തുള്ളികളും രോമകൂപങ്ങള്‍ക്കിടയിലൂടെ അരിച്ചു കയറിയപ്പോള്‍ അംഗദന്റെ ശരീരം വിറച്ചുത്തുടങ്ങി.
അംഗദന്റെ ഓര്‍മ്മയിലൂടെ ജീവിതം ഒഴുകി നടന്നു. പഠിച്ച പാഠങ്ങള്‍, വൈഷ്ണവസ്‌തോത്രങ്ങള്‍, കാലം ലക്ഷ്യമില്ലാതെ വിട്ട അസ്ത്രം പോലെ എങ്ങോട്ടോ പായുന്നു.
അമ്മയാണ് ആദ്യമായി രാവണനെ പറ്റി പറയുന്നത്. അത്താഴമുണ്ണാന്‍ പിണങ്ങുമ്പോഴൊക്കെ അമ്മ പറഞ്ഞു തന്ന വീരന്മാരുടെ കഥകളില്‍ രാവണനും ഉണ്ടായിരുന്നു. കൈലാസത്തിന്റെ താഴ്‌വരയില്‍ ശിവസ്തുതി പാടി രാവണന്‍ നേടിയ ചന്ദ്രഹാസം ഒരിക്കലെങ്കിലും കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് അന്നൊക്കെ ആശിച്ചിട്ടുണ്ട്. താഴ്ന്ന ശബ്ദത്തില്‍ പെറുക്കി പെറുക്കി അമ്മ പറഞ്ഞു തന്ന അക്ഷരങ്ങളിലൂടെയാണ് പഞ്ചചാമരം പരിചയം.
എന്നാല്‍ ഒരിക്കല്‍ രാവണന്റെ ഘോരശബ്ദത്തില്‍ ഇടതടവില്ലാതെ അതു കേള്‍ക്കാനുള്ള ഭാഗ്യം തനിക്കുണ്ടായി. ആ രംഗം ഓര്‍മ്മ വന്നപ്പോള്‍ അംഗദന്റെ മിഴികള്‍ നിറഞ്ഞു.
ഹനുമാന്റെ വാല്‍ത്തുമ്പില്‍ തൂങ്ങിയാണ് രാമന്‍ യുദ്ധം ജയിച്ചതെന്നു പറയാതെ വയ്യ. എങ്കിലും സ്വന്തം ശക്തിയില്‍ അംഗദന്‍ എന്നും വിശ്വസ്തനായിരുന്നു. പതിനാലു വര്‍ഷത്തെ കഠിനം വ്രതത്തിന്റെ ബലത്തില്‍ ലക്ഷ്മണന്‍ നികുംഭിലയില്‍ കടന്നു ഇന്ദ്രജിത്തിനെ വധിച്ചപ്പോള്‍ ഗുഹാകവാടത്തില്‍ കാവലായി താനുണ്ടായിരുന്നു.
പിന്നീട് യുദ്ധവിജയത്തിനായി രാവണന്‍ നികുംഭിലയിലേക്കു ചെന്നതറിഞ്ഞ് ജാംബവാന്‍ തന്നെ തിരക്കി വന്നപ്പോള്‍ താന്‍ കടല്‍ത്തീരത്ത് അലകളെണ്ണി ഇരിക്കുകയായിരുന്നെന്നു അംഗദന്‍ ഓര്‍ത്തു.
യുദ്ധവിജയത്തിനായി രാവണന്‍ നടത്തുന്ന യാഗം മുടക്കാന്‍ നിനക്കേ കഴിയൂ എന്നദ്ദേഹം പറഞ്ഞപ്പോള്‍ അഹങ്കാരമാണ് തോന്നിയത്. ഹനുമാനു സാധിക്കാത്ത ഒന്ന് എന്ന നിലയില്‍ ആവേശത്തോടെയാണ് പുറപ്പെട്ടത്ത്. അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്നു തനിക്കു ഇന്നും അറിയില്ലെന്നു അംഗദന്‍ ഓര്‍ത്തു.
നികുംഭിലയുടെ കവാടത്തിലേക്കു പൂക്കള്‍ നിറച്ച തളികയുമായി നടന്നടുത്ത സ്ത്രീക്കു അമ്മയുടെ മുഖമായിരുന്നോ? പെട്ടെന്ന് അങ്ങനെയാണ് തോന്നിയത്. പിന്നില്‍ നിന്ന ജാംബവാന്‍ മന്ത്രിച്ചു,
“അതാണ് മണ്‌ഡോദരി, രാവണന്റെ പത്‌നി”
പെട്ടെന്നുണ്ടായ പ്രേരണയില്‍ അവരുടെ തിളങ്ങുന്ന ഉത്തരീയത്തില്‍ കടന്നു പിടിച്ചു, സ്വന്തം ശരീരത്തേക്കടുപ്പിച്ചു. പതിവ്രതകള്‍ക്കു അന്യപുരുഷ സ്പര്‍ശം മരണത്തിനു സമമാണെന്നു പറഞ്ഞതു അമ്മയായിരുന്നു. മണ്‌ഡോദരിയുടെ തകര്‍ന്ന മുഖം കണ്ടപ്പോള്‍ മനസ്സു കൊണ്ട് ക്ഷമ യാചിച്ചതു അമ്മയോടായിരുന്നെന്ന് അംഗദന്‍ ഓര്‍ത്തു.
അവരുടെ നിലവിളികളെയും തളികയില്‍ നിന്നു വീണു ചിതറിയ പൂക്കളെയും കുങ്കുമത്തെയും മറികടന്ന് നികുംഭിലയുടെ കവാടത്തിലെത്തിയപ്പോള്‍ കേട്ട പഞ്ചചാമരത്തിന്റെ തീവ്രതയ്ക്കു മുന്നില്‍ ഒരുമാത്ര തറഞ്ഞു നിന്നുപോയി. രാവണന്‍ വന്നാലും നേരിടാന്‍ ആകും എന്ന അഹങ്കാരമാണ് ആ നില്‍പ്പിനു പിന്നിലെന്നു കരുതി ജാംബവാന്‍ തന്നെ പാളയത്തിലേക്കു കൂട്ടിക്കൊണ്ടു പോയി.
എന്നിട്ടും മണ്‌ഡോദരിയുടെ കണ്ണിലെ ദയനീയത മായാതെ മനസ്സില്‍ നിന്നിരുന്നു. ആ ഒരു വേദനയുടെ ചൂളയില്‍ പിടയുമ്പോഴാണ് ഓടിക്കിതച്ചെത്തിയ ലക്ഷ്മണന്‍ സന്തോഷവാര്‍ത്ത പകരുന്ന ആവേശത്തില്‍ മണ്‌ഡോദരിയുടെ ആത്മഹത്യാവിവരവും രാവണന്റെ യാഗം മുടങ്ങിയ വാര്‍ത്തയും പങ്കുവച്ചപ്പോള്‍ അംഗദന്‍ തന്റെ പരാജയമാണറിഞ്ഞത്.
അന്നു മുതല്‍ കുറ്റബോധത്തിന്റെ ഉമിത്തീയില്‍ നീറാന്‍ തുടങ്ങിയതാണ്. തണുത്തു തുടങ്ങിയ സരയുവിലേക്കു അംഗദന്‍ നടന്നു. കിഷ്‌കിന്ധയിലെ യുവരാജാവിന്റെ കിരീടം യുദ്ധവിജയത്തിനുള്ള സമ്മാനമായി തന്നെ കാത്തു കിടപ്പുണ്ടെന്നു അംഗദന്‍ ഓര്‍ത്തു.
എങ്കിലും ഭ്രമിപ്പിക്കുന്ന അത്തരം യാഥാര്‍ത്ഥ്യങ്ങള്‍ക്കപ്പുറം മനസ്സിനു വേണ്ട നിതാന്ത ശാന്തിയിലേക്കു അംഗദന്‍ നടന്നു നീങ്ങി. അംഗദന്റെ കുറ്റബോധത്തിന്റെ ഓരോ തീപ്പൊരിയും സരയു ഏറ്റുവാങ്ങി.
ഇനിയും ഒരുപാട് മക്കളുടെ കണ്ണീരും വേദനയും ഏറ്റുവാങ്ങേണ്ടവളാണു താന്‍ എന്ന തിരിച്ചറിവ് സരയുവിനുമുണ്ടായിരുന്നു.
“ ഇതി രാവണകൃതം ശിവതാണ്ഡവ സ്‌തോത്രം സമ്പൂര്‍ണ്ണം”
Labels: 'കഥ'