സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



ലാസ്റ്റ് ഷോ

June 12, 2011 JIGISH











വൈകിട്ടെന്താ പരിപാടി? എന്ന അരുണിന്റെ ചോദ്യത്തിനു ചെവികൊടുക്കാതെ, ഉണക്കച്ചപ്പാത്തിയും കടലക്കറിയും തിന്ന്, ഞാന്‍ മെസ്സ്ഹാളില്‍ നിന്നു പതിയെ കിടപ്പുമുറിയിലേക്ക് ചേക്കേറിയെങ്കിലും അവന്‍ പിന്നെയും പിറകേകൂടുമെന്നു കരുതിയില്ല.! പത്തു മിനിറ്റു കഴിഞ്ഞ്‍, പൊളിറ്റിക്സ്സിലെ ഉണ്ണിയെയും കൂട്ടി അവന്‍ വീണ്ടും വാതിലില്‍ മുട്ടിയപ്പോഴാണ് സംഗതി സീരിയസ്സാണെന്നു മനസ്സിലായത്.! ‘ടാ ലവള്‍ടെ പടം ഇന്നു ലാ‍സ്റ്റ് ഷോയാ. പ്രണയപരവശനായ ഈ സഹോദരന് അവളെയൊന്നു കാണാതെ ഉറക്കം വരില്ല. അതല്ലേ..? നീയൊന്നു വാതില്‍ തൊറക്ക്..’. ഉണ്ണി അവന്റെ ഗിരിപ്രഭാഷണം തുടങ്ങി..! ഇനി രക്ഷയില്ല; മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു, വേഷം മാറി. വാർഡന്റെ കണ്ണില്‍പ്പെടാതെ ചുറ്റുമതിലിന്റെ തെക്കേയറ്റത്തുള്ള ഇരുട്ടിന്റെ മറയിലൂടെ മതിൽ ചാടി‍, ഞങ്ങള്‍ പുറത്തുകടന്നു.!

അരുണ്‍ സിനിമാപ്രാന്തനാണ്.! എല്ലാ ശനിയാഴ്ചയും ഒരു സെക്കന്റ് ഷോ കാണാതെ അവനുറക്കം വരില്ല.! ആരായാലും മതി; ഒരു കൂട്ടുവേണമെന്ന നിര്‍ബന്ധം മാത്രമേയുള്ളു. ടിക്കറ്റടക്കമുള്ള ചെലവുകളെല്ലാം ഉദാരമനസ്സോടെ ഏറ്റെടുക്കുന്ന അവന്റെ ദാനധര്‍മ്മങ്ങള്‍ കാണുമ്പോള്‍‍ ഇവന്‍ ഒരു സന്യാസിയിത്തീരുമോ എന്ന് ന്യായമായും എനിക്കു തോന്നാറുണ്ട്.!

ബസ്സില്‍‍ ഒട്ടും തിരക്കില്ലായിരുന്നു. ഉണ്ണി സംസാരിച്ചുകൊണ്ടേയിരുന്നു. പഠിക്കുന്നതു രാഷ്ട്രീയമെങ്കിലും തത്വചിന്തയും മന: ശ്ശാസ്ത്രവുമൊക്കെയേ അവന്റെ നാവില്‍ വരൂ.. യുവമനസ്സില്‍ ഒരു ഇത്തിക്കണ്ണിയായി വളര്‍ന്ന്, അതിന്റെ നന്മ മുഴുവന്‍ വലിച്ചുകുടിക്കുന്ന അക്രമവാസനയായിരുന്നു പ്രഭാഷണവിഷയം.! ഇടവേളകളില്‍, ഒന്നു മൂളുന്ന ജോലി മാത്രമേ നമുക്കുള്ളു.!!
സിനിമ തുടങ്ങിയത് ആശ്വാസം ! ഉണ്ണി നിശ്ശബ്ദനായി. അരുണ്‍ അവന്റെ നായികയുടെ മുഗ് ദ്ധസൌന്ദര്യത്തില്‍ ഒഴുകി പ്പോയി. അവളോടുള്ള അവന്റെ വിശുദ്ധപ്രണയത്തിന് ഏറെ വര്‍ഷത്തെ പഴക്കമുണ്ട്.! നദികള്‍ കടലിലേക്കെന്ന പോലെ, അവന്റെ എല്ലാ സംഭാഷണങ്ങളും ചെന്നുചേരുന്നത് അവളുടെ തിളക്കമുള്ള വലിയ കണ്ണുകളുടെ വര്‍ണ്ണനയിലാണ്.!

സിനിമ തീര്‍ന്നപ്പോള്‍ കൃത്യം 12 മണിയായി. പതിവുപോലെ, കുറുക്കുവഴിയിലുടെ നടന്നാണ് മടക്കയാത്ര..! ബാനര്‍ജി റോഡില്‍ നിന്നു മാര്‍ക്കറ്റ് റോഡു വഴി നടന്ന്, നഗരത്തിലെ ഏറ്റവും വീതികുറഞ്ഞ ബ്രോഡ് വേയും കഴിഞ്ഞാൽ ഹോസ്റ്റലായി.! തിരക്കൊഴിഞ്ഞ വിജനമായ നഗരത്തെരുവിലൂടെ ഇരുകൈയും വീശിയങ്ങനെ നടക്കുക ഒരു സുഖമാണ്.! ഒരു പകലിന്റെ മടുപ്പിക്കുന്ന ശബ്ദഘോഷങ്ങള്‍‍ മുഴുവന്‍ ഉള്ളിലൊതുക്കി, നഗരം ഉറങ്ങുന്നത് ഒരു കാഴ്ച തന്നെയാണ്. അതിന്റെ നിശ്ശബ്ദതയ്ക്കടിയില്‍ നിരവധി വിഷസര്‍പ്പങ്ങള്‍ പതിയിരിക്കുന്നുണ്ടെന്നു തോന്നും.!

കായലില്‍ നിന്ന് ഒരു തണുത്ത കാറ്റ് വീശുന്നുണ്ട്.! ഉണ്ണിയുടെ പ്രസംഗം ഒരു പശ്ചാത്തല സംഗീതമായി തുടരുകയാണ്..! ഇഷ്ടനായികയെ അധികനേരം കണ്ടിരിക്കാനനുവദി യ്ക്കാത്ത താരരാജാവിന്റെ അഹങ്കാരമാണിപ്പോള്‍ വിഷയം.! അരുണ്‍ അനുസരണ യോടെ, കൃത്യമായി മൂളുന്നുണ്ട്.! എന്റെ മനസ്സില്‍, ഒരു പഴയ സിനിമാഗാനത്തിന്റെ വരികള്‍ താളമിട്ടു :
“നഗരം നഗരം മഹാസാഗരം, മഹാസാഗരം കളിയും ചിരിയും മേലേ, ചളിയും ചുഴിയും താഴേ...
പുറമേ പുഞ്ചിരി ചൊരിയും സുന്ദരി, പിരിയാന്‍ വിടാത്ത കാമുകി....”പാതിരാവിന്റെ മുഴങ്ങുന്ന നിശ്ശബ്ദതയില്‍, ആ വരികള്‍ക്ക് മായികമായ ഒരു സൌന്ദര്യം കൈവരുന്നതായി തോന്നി.

ജ്യൂസ് സ്ട്രീറ്റിലേക്കുള്ള ഇടവഴിയുടെ അടുത്തെത്തിയപ്പോള്‍‍, കയ്യില്‍ ഒരു ബ്രീഫ് കെയ് സുമായി സുമുഖനായ ഒരു യുവാവ് ഞങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. “ ഇവിടെ, അഡ്വക്കേറ്റ് ബാലഗോപാലന്റെ വീടറിയുമോ.? ഞങ്ങള്‍ സംശയത്തോടെ പരസ്പരം നോക്കുന്നതു കണ്ട് അയാള്‍ വിശദീകരിച്ചു : “നേരത്തേ എത്തേണ്ടതായിരുന്നു. മലബാര്‍ എക്സ്പ്രസ്സ് എത്താന്‍ വൈകി. ഈ ഇടവഴിയുടെ അറ്റത്താണെന്നാണു പറഞ്ഞത്. ഈ സ്ഥലം ഒട്ടും പരിചയമില്ല. സ് ട്രീറ്റ് ലൈറ്റില്ല.! ഫോണും‍ എടുക്കുന്നില്ല; ദാ അവിടെ വരെ എന്റെ കൂടെ ഒന്നു വരുമോ..?”

കണ്ടിട്ട് ഒരു പാവത്താന്റെ മട്ടൊക്കെയുണ്ട്.! എന്നാലും ഈ മെട്രോനഗരത്തില്‍‍, അതും ഈ പാതിരാത്രിയില്‍ എങ്ങനെയാണ് ഒരു അപരിചിതനെ വിശ്വസിക്കുക? വല്ല അധോലോകമോ മറ്റോ ആയിരിക്കുമോ? ഉറക്കം കണ്‍പോളകളില്‍ മുട്ടിവിളിക്കുന്ന ഈ നേരത്ത് എന്തായാലും ഒരു റിസ്ക്ക് എടുക്കാന്‍ വയ്യ. “സോറി..! അറിയില്ല കേട്ടോ?.”...ഞങ്ങള്‍, സൌകര്യപൂര്‍വം ഒഴിഞ്ഞുമാറി..!! കൂടുതലൊന്നും അയാള്‍ ചോദിച്ചില്ല; ചുറ്റുമൊന്നു നോക്കി, പതിയെ ആ ഇരുട്ടിലേക്കു നടക്കാന്‍ തുടങ്ങി. ഞങ്ങളും നടന്നു. ഒഴുക്കു മുറിഞ്ഞതിന്റെ പരിഭവത്തില്‍, ഉണ്ണി തന്റെ പ്രഭാഷണം തുടര്‍ന്നു.

റൂമിലെത്തിയതും ബോധം കെട്ടുറങ്ങിപ്പോയി. മൊബൈല്‍കിളി ചിലയ്ക്കുന്നതു കേട്ടാണുണര്‍ന്നത്. ബിന്ദുവിന്റെ ശബ്ദം : “ടാ ചെറുക്കാ, ഫ്ലവര്‍ഷോയുടെ കാര്യമൊക്കെ മറന്നോ” ഇന്നു ലാസ്റ്റ് ഡേയാ..വേഗം ഇങ്ങോട്ടെറങ്ങ്...സുഭാഷ് പാര്‍ക്കിന്റെ ഗേറ്റിനറ്റുത്ത്...എല്ലാരുമൊണ്ട്.... അതോ ഞങ്ങളങ്ങോട്ടു വരണോ..?”.എന്റെ ദൈവമേ, ഒമ്പതു മണി..! ഈ കടന്നല്‍ക്കൂട്ടം വരുന്ന കാര്യം ഓര്‍ത്തില്ലല്ലോ..? ഇന്നത്തെ കാര്യം തീരുമാനമായി..!! വേഗം കുളിച്ചൊരുങ്ങി പാര്‍ക്കിലെത്തി. പനിനീര്‍ പുഷ്പങ്ങളുടെയും ഓര്‍ക്കിഡുകളുടെയും ‍നഗരതരുണികളുടെയും വര്‍ണ്ണപ്രപഞ്ചത്തില്‍ മുങ്ങി അങ്ങനെ നടന്നു.!

തിരിച്ചു ഹോസ്റ്റലിലെത്തുമ്പോള്‍,‍ നാലുമണി. വിശദമാ‍യി ഒന്നു കുളിച്ച്, മുറിയിലേക്കു മടങ്ങുമ്പോഴാണ്, റീഡിംഗ് റൂമില്‍ കിടന്ന സായാഹ്നപ്പത്രത്തിലെ ചൂടുവാര്‍ത്തയില്‍ കണ്ണുകളുടക്കിയത്. ‘നഗരത്തില്‍ യുവാവിന്റെ അജ്ഞാത ജഡം.! കൊലയെന്നു സംശയം.’ വാര്‍ത്തയ്ക്കൊപ്പം ചേര്‍ത്ത ഫോട്ടോയിലെ മുഖത്തേയ്ക്ക് ഒന്നേ നോക്കിയുള്ളു.! എന്റെ കയ്യിലിരുന്ന് പത്രം വിറയ്ക്കാന്‍ തുടങ്ങി.!!

6 Comments, Post your comment:

സങ്കൽ‌പ്പങ്ങൾ said...

പറഞ്ഞുതുടങ്ങിയതും അവസാനിപ്പിച്ചതും തമ്മില്‍ യാതൊരു ബന്ധവും ഇല്ലാതെ പോയി .എന്താണ് പറയാന്‍ ഉദ്ദേശിച്ചതെന്ന് വ്യക്തമായില്ല.

Salini Vineeth said...

കഥ പറഞ്ഞു തുടങ്ങിയ രീതി നന്നായിരുന്നു. ഭാഷയും ശൈലിയും ഒക്കെ ഇഷ്ട്ടപ്പെട്ടു..
പക്ഷെ അവസാനം ഒരു ക്ലീഷേ ആയി മാറി..ആര്‍ക്കും പ്രവചിക്കാവുന്ന ഒരു ക്ലൈമാക്സ്‌..

പാണന്‍ said...

നന്നായിരിക്കുന്നു. ബ്ലോഗുകളുടെ തനിയാവര്ത്തന തമാശകളില്‍ നിന്ന് മാറി പുതിയ കാലത്തെ അനുഭവങ്ങളെ പരിചയപ്പെടുത്തുന്ന കഥ. നഗരങ്ങളുടെ അഭിനിവേശങ്ങളും മനുഷ്യരുടെ നിസ്സഹായതയും തനിമയോടെ പറഞ്ഹിരിക്കുന്നു.

എഴുത്ത് തുടരുക.
ആശംസകള്‍

പാണന്‍ said...

പാണന്‍ said...
നന്നായിരിക്കുന്നു. ബ്ലോഗുകളുടെ തനിയാവര്ത്തന തമാശകളില്‍ നിന്ന് മാറി പുതിയ കാലത്തെ അനുഭവങ്ങളെ പരിചയപ്പെടുത്തുന്ന കഥ. നഗരങ്ങളുടെ അഭിനിവേശങ്ങളും മനുഷ്യരുടെ നിസ്സഹായതയും തനിമയോടെ പറഞ്ഹിരിക്കുന്നു.

എഴുത്ത് തുടരുക.
ആശംസകള്‍

Anonymous said...

തുടക്കം നന്നായി പക്ഷെ അവസ്സാനം നിരാശപെടുത്തി.. ഒരു സമയം ചോദിച്ചോട്ടെ "യുവാവിന്റെ അജ്ഞാത ജടമോ ? അജ്ഞാത യുവാവിന്റെ ജടമോ? "
ഹി ഹി ..ചുമ്മാ ചോദിച്ചതാ ട്ടോ...

rajeesh said...

ithineyoke kadha ennnu vilikkunavare thallanm!!!