തിരക്കേറിയ നഗരത്തിലൂടെ കഴിവതും വേഗത്തില്‍ നടന്നു നീങ്ങുമ്പോള്‍ ഗോപന്‍ നന്നേ കിതയ്ക്കുന്നുണ്ടായിരുന്നു . നാവ് മരുഭൂമിപോലെ വരണ്ടുണങ്ങിയിരുന്നു . എന്നിട്ടും ഇരു വശങ്ങളിലും കണ്ട കൂള്‍ബാറുകളിലോ, കഫ്ടീരിയകളിലോ കണ്ണുടക്കാതിരിക്കാന്‍ അയാള്‍ മനപ്പൂര്‍വം ശ്രദ്ധിച്ചു . തൊണ്ട നനയ്ക്കാനെടുക്കുന്ന എണ്ണപ്പെട്ട നിമിഷങ്ങള്‍ പോലും ചിലപ്പോള്‍ .......? പാതി വഴിയില്‍ ഇടറി വീണ ചിന്തയുടെ പ്രതിഫലനം അയാളുടെ മുഖത്ത് ഭീതിയുടെ നിഴലനക്കങ്ങള്‍ തീര്‍ത്തു .
വര്‍ഗീസിന്റെ ഫോണ്‍ കോള്‍ വന്നപ്പോള്‍ തന്നെ ഓഫീസില്‍ നിന്ന് ചാടിയിറങ്ങിയതാണ് . വര്‍മ്മ സാറിന്റെ എക്സ്റ്റന്ഷനിലേയ്ക്ക് വിളിച്ചു വിവരം പറയുമ്പോള്‍ മേലാസകലം നന്നേ വിറയ്ക്കുന്നുണ്ടായിരുന്നു ..
"സാര്‍ ഞാനിറങ്ങുന്നു ..എം.ഡി യോട് എമര്‍ജന്‍സിയെന്ന് പറഞ്ഞാല്‍ മതി .."
അതും പറഞ്ഞു മറുപടി കാക്കാതെ റിസീവര്‍ വയ്ക്കുമ്പോള്‍ എം.ഡി രാജശേഖര റാവു ക്യാബിനിലുണ്ടോ, അതോ പുറത്താണോ എന്നു കൂടി തിരക്കാന്‍ അയാള്‍ മറന്നിരുന്നു . പുറത്തിറങ്ങി അഞ്ച് മിനിട്ടിനുള്ളില്‍ തന്നെ രണ്ട് ടാക്സികള്‍ നിര്‍ത്താതെ പോയപ്പോഴേ അടക്കാനാകാത്ത പിരിമുറുക്കത്തില്‍ മനസ്സ് അസ്വസ്ഥമായിത്തുടങ്ങിയിരുന്നു.'നീ ഇതു വരെ പുറപ്പെട്ടില്ലേ'? എന്ന വര്‍ഗീസിന്റെ ചോദ്യവുമായി മൊബൈല്‍ പാതി വഴിയില്‍ നിലവിളിച്ചു ചത്തതോടെ കാത്തുനില്‍പ്പിനുള്ള അവശേഷിച്ച മനസ്സുറപ്പും ഇല്ലാതായി .ചാര്‍ജില്ലാത്ത മൊബൈല്‍ പാന്റ്സിന്റെ പോക്കറ്റിലേയ്ക്ക് തിരുകി കയറ്റി ആയത്തില്‍ നടക്കുമ്പോള്‍ ആരോടെന്നില്ലാതെ കയര്‍ത്തു പിറുപിറുക്കുന്നുണ്ടായിരുന്നു.
സിറ്റി ഹോസ്പിറ്റല്‍ എന്ന വലിയ ബോര്‍ഡില്‍ കണ്ണുടക്കിയപ്പോള്‍ അയാള്‍ ബ്രേക്കിട്ട പോലെ നിന്നു. ഇത്ര വേഗം താനിവിടം വരെ നടന്നെത്തിയോ എന്ന ചിന്ത അയാളെ തെല്ലമ്പരപ്പിക്കാതിരുന്നില്ല. റിസപ്ഷനില്‍ നിന്നും മൂന്നാം നിലയിലെ ഐ.സി.യു. ലഷ്യമാക്കി സ്റ്റെപ്പുകള്‍ ഓടിക്കയറുമ്പോള്‍ അയാള്‍ ലിഫ്റ്റിനു മുന്നില്‍ കാത്തുനില്‍ക്കുന്നവരെ ശ്രദ്ധിച്ചിരുന്നില്ല.അല്ലെങ്കില്‍ അങ്ങനൊരു കുറുക്ക് വഴി ആ സമയം മനസ്സില്‍ തെളിഞ്ഞില്ല എന്നു തന്നെ പറയാം. കോറിഡോറിലെ തൂക്കിയിട്ടിരിക്കുന്ന ബോര്‍ഡുകളിലൂടെ കണ്ണുകള്‍ ഓട്ടപ്രദക്ഷിണം നടത്തുമ്പോള്‍ തന്നെ പിറകില്‍ നിന്നും വര്‍ഗീസിന്റെ തണുത്ത കൈകള്‍ ചുമലില്‍ സ്ഥാനം പിടിച്ചിരുന്നു .
"അവിടെ ആ കോര്‍ണറിലാ, സ്ട്രയിറ്റു പോയിട്ട് ലഫ്റ്റിലേയ്ക്ക്.."
വര്‍ഗീസ് വിരല്‍ ചൂണ്ടിക്കോണ്ട് പറഞ്ഞു.
"ഇപ്പോള്‍ എങ്ങനുണ്ട്? ഡോക്ട്ടേറ്സ് എന്തെങ്കിലും പറഞ്ഞോ ?"
ഗോപന്‍റെ മുഖം ഉല്‍കണ്ഠയുടെ വിവിധമാനങ്ങള്‍ തേടിനടന്നു.
"ബ്ലഡഡു വേണ്ടി വരുമെന്ന് പറഞ്ഞിട്ട് ?"
"തല്‍ക്കാലം അതിന്റെ ആവിശ്യമില്ലെന്നു പറഞ്ഞു ..മാത്രമല്ലാ ഇവിടുത്തെ ബ്ലഡഡ് ബാങ്കില്‍ ഇന്ഫോം ചെയ്തിട്ടുമുണ്ട് ."
"മം.."
ഗോപന്‍ എന്തോ ആലോചിച്ചു മൂളുക മാത്രം ചെയ്തു .
"ഇവിടെയിപ്പോള്‍ ആരൊക്കെയുണ്ട് ?"
അയാള്‍ വീണ്ടും ചോദിച്ചു
"വിജയന്‍റെ ഭാര്യ മാത്രമേയുള്ളൂ ...കുട്ടികള്‍ സ്കൂളിലാണ് അറിഞ്ഞ ട്ടുണ്ടാവാന്‍ വഴിയില്ല "
വര്‍ഗീസ് നെറ്റി ചുളിച്ചുകൊണ്ട് പറഞ്ഞു .
"റിലേറ്റീവ്സ് ആരും വന്നിട്ടില്ലേ ?"
"ഇല്ല ..ആദ്യം അറിയിച്ചതെന്നെയാണെന്നു തോന്നുന്നു ..മാത്രമല്ല സരിതയുടെ ബന്ധുക്കള്‍ വിജയനുമായി അത്ര സുഖത്തിലുമല്ലല്ലോ?
വിജയന്‍റെ ചേട്ടന്‍ അറിഞ്ഞിട്ടുണ്ടെന്നു തോന്നുന്നു ..ചിലപ്പോള്‍ ഉടനെ എത്തിയേക്കും ."
വര്‍ഗീസ് പറഞ്ഞു നിര്‍ത്തി .
ലഫ്റ്റിലേയ്ക്ക് തിരിഞ്ഞപ്പോഴേ കണ്ടു ഐ സി യു വിനു മുന്നില്‍ അക്ഷമയായി സരിത നില്‍ക്കുന്നു .അവര്‍ അടുത്ത് വന്നപ്പോള്‍ സരിത ആയാസപ്പെട്ട് ചുണ്ടുകളുടെ സ്ഥാനം തെറ്റിച്ചു.
"എപ്പോഴാരുന്നു ....സംഭവം ?"
ഗോപന്‍ മടിച്ച് മടിച്ച് ചോദിച്ചു .
"രാവിലെ, കുട്ടികളെ സ്കൂളില്‍ വിട്ടിട്ടു ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് വാഷ് ചെയ്യുന്നതിനിടെ ഒമിറ്റ് ചെയ്യുന്ന ശബ്ദം കേട്ടാണ് ഞാന്‍ ഓടി ചെന്നത് .നോക്കുമ്പോള്‍ വാഷ് ബേസിന്‍ നിറയെ രക്തം ..വിജയുടെ ചുണ്ടിലും ദേഹത്തുമാകെ ചോര പടര്‍ന്നിരുന്നു.....ഈശ്വരാ എനിക്കിപ്പോഴും തല കറങ്ങുന്നു ..ഇതു മുന്‍പത്തെപ്പോലല്ല ഗോപാ നന്നായി ബ്ലഡ് പോയിട്ടുണ്ട് ."
അവരുടെ മുഖം ഭയന്ന് വിളറിയിരുന്നു.
വീണ്ടും ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടാണ് സരിതയ്ക്ക് മാത്രം അകത്തു കയറി കാണാന്‍ അനുമതി കിട്ടിയത് .പുറത്ത് വരുമ്പോള്‍ സരിതയുടെ മുഖം കരഞ്ഞ് വീങ്ങിയിരുന്നു .
ഇത്തവണ അകത്തെ വിവരം തിരക്കാനുള്ള നാവിന്റെ വികടതയെ ഗോപന്‍ പണി പ്പെട്ടു നിയന്ത്രിച്ചു .ഉച്ചയോടെ വിജയിന്‍റെ ചേട്ടനും അടുത്ത ചില ബന്ധുക്കളും വന്നതോടെ വര്‍ഗീസും ഗോപനും അവിടെ നിന്നു മടങ്ങി .
രണ്ട് ദിവസത്തിന് ശേഷം ഗോപന്‍ ചെല്ലുമ്പോള്‍ വിജയനെ റൂമിലേയ്ക്ക് മാറ്റിയിരുന്നു .
"ഇപ്പോള്‍ എങ്ങനുണ്ട് ?"
അയാള്‍ വിജയ്നോടായി ചോദിച്ചു.
"രണ്ട് ദിവസത്തിനകം പോകാമെന്ന് പറഞ്ഞു .മെഡിസിന്‍ കുറച്ച് നാള്‍ കൂടി കണ്ടിന്യൂ ചെയ്യണം ..നതിംഗ് സീരിയസ് .അത്ര തന്നെ."
"വേറൊന്നു കൂടി ഡോക്ടര്‍ പറഞ്ഞു. ഇനി ലിക്കര്‍ വെണമെന്ന തോന്നല്‍ പോലും ഒരു പക്ഷേ ഇവിടെവരെ എത്തിക്കില്ലെന്ന്.."
അത് പറയുമ്പോള്‍ സരിത ഗൌരവത്തോടെ വിജയ്‌യുടെ മുഖത്തേയ്ക്കു തറപ്പിച്ചു നോക്കുന്നുണ്ടായിരുന്നു .
"ശരിയാണ് വിജയ് ..കുട്ടികള്‍ രണ്ടും നന്നേ ചെറുപ്പ മാണെന്നോര്‍ക്കണം. ഇതൊരു ത്രട്ടനിംഗ് കോള്‍ പോലെ കണ്ടാല്‍ മതി .സൊ യു മസ്റ്റ് ബി ടേക്ക് ഗുഡ് കെയര്‍."
ഗോപന്‍ ഒരുപദേശം പോലെ പറഞ്ഞു.
വിജയ് മേനോന്‍ അതിന് പ്രത്യേകിച്ചൊരു മറുപടിയും പറയാതെ ചുവരിലെയ്ക്ക് നോക്കി വെറുതേ കിടന്നു.
"സരിതയുടെ റിലെട്ടീവ്സ് ആരും വന്നില്ലേ ?"
"അറിയിച്ചിരുന്നു ..പക്ഷേ വന്നില്ല .."
അവര്‍ ഒറ്റവാക്കില്‍ മറുപടി അവസാനിപ്പിച്ചു .
"ഗോപന്‍ ചായ കുടിക്കുന്നോ ..ഫ്ലാസ്ക്കില്‍ ചായയുണ്ട് "?
"ഇല്ല ഞാന്‍ വരുന്ന വഴിക്ക് കുടിച്ചു . ഇറങ്ങട്ടെ ..ഡിസ്ചാര്‍ജായിട്ടു ഞാന്‍ വീട്ടിലേയ്ക്ക് വരാം ."
അയാള്‍ യാത്ര പറഞ്ഞിറങ്ങി .
ഇത്തവണ സരിത കൂടുതല്‍ മനസ്സുറപ്പോടെ പെരുമാറുന്നൂന്നു ഗോപനു തോന്നി . കഴിഞ്ഞതവണ അവര്‍ നന്നേ തളര്‍ന്നു പോയിരുന്നു ..വിജയ് യെ എങ്ങനെങ്കിലും ഉപദേശിച്ച് ഇതില്‍ നിന്നു രക്ഷപെടുത്തണമെന്ന് പല തവണ തന്നോട് പറഞ്ഞിരുന്നു ..
രണ്ടാഴ്ചയ്ക്കു ശേഷം യാദൃശ്ചികമായിട്ടാണ് വര്‍ഗീസ് വിജയ്‌യുടെ കാര്യം പറഞ്ഞത് ..അയാള്‍ ആകെ മാറിയിരിക്കുന്നത്രേ! മദ്യപാനം പൂര്‍ണ്ണമായും ഒഴിവാക്കി. ഇന്നലെ മുതല്‍ ഓഫീസിലും പോയി തുടങ്ങിയിരിക്കുന്നു .
അയാളെ വീട്ടില്‍ പോയി കാണുന്ന കാര്യം മറന്നുവെന്നു അപ്പോളാണോര്‍ത്തത്. ഒരു ഞായറാഴ്ച കിട്ടുന്നത് ഒന്നിനും തികയാതെ വന്നിരിക്കുന്നു .
"വര്‍ഗീസേ ഈ സണ്ടേ നമുക്കവിടം വരെയൊന്നു പോകണം .വിജയ് യിനെ ഡിസ്ചാര്‍ജു ചെയ്തിട്ട് ഇതുവരെയൊന്നു പോകാന്‍ സമയം കിട്ടിയില്ല .."
"അതിനെന്താ പോയ്ക്കളയാം .."
വര്‍ഗീസ് ബൈക്ക് സ്റ്റാര്‍ട്ടു ചെയ്യുന്നതിനിടയില്‍ പറഞ്ഞു.
പിറ്റെന്നുച്ചയോടെയാണ് ഞെട്ടിപ്പിക്കുന്ന ആ വര്‍ത്ത അറിഞ്ഞത് .സരിതയും രണ്ട് കുട്ടികളും സിറ്റിയില്‍ വെച്ചു കാര്‍ ആക്സിടന്റില്‍ കൊല്ലപ്പെട്ടിരിക്കുന്നു .ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല .സരിതയ്ക്ക് ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയിട്ട് രണ്ട് വര്‍ഷത്തിലധികം ആയിക്കാണും ..മാത്രമല്ല അവര്‍ തരക്കേടില്ലാതെ വണ്ടിയോടിക്കുകയും ചെയ്യും .ഒന്നു രണ്ട് തവണ വിജയനും സരിതയ്ക്കുമൊപ്പം യാത്ര ചെയ്തപ്പോള്‍ അത് നേരിട്ടറിഞ്ഞതുമാണ് ..പക്ഷേ പതിയിരിക്കുന്ന ഒരപകടത്തില്‍ നിന്നും മാറി സഞ്ചരിക്കാന്‍ വര്‍ഷങ്ങളുടെ പരിചയസമ്പത്ത് ഒരു മുതല്‍ക്കൂട്ടേയല്ലെന്നത് പച്ചയായ യാഥാര്‍ത്ഥ്യം മാത്രം .
സരിതയുടെയും കുട്ടികളുടെം അടക്കം കഴിഞ്ഞ് പിറ്റേ ദിവസം വൈകുന്നേരം വരെയും ഗോപനും വര്‍ഗീസും വിജയനോടൊപ്പം തന്നെയുണ്ടായിരുന്നു . കഴിഞ്ഞ രണ്ട് ദിവസവും വിജയ് മേനോന്‍ ഒരു വാക്ക് ഉരിയടുകയോ ജലപാനം നടത്തുകയോ ചെയ്തിട്ടില്ലെന്ന് ഗോപന്‍ ഓര്‍ത്തു. ഒരിക്കല്‍ പോലും അയാളുടെ കണ്ണു നിറഞ്ഞിട്ടുമില്ല. ഒരു പക്ഷേ ഭാര്യയുടെയും കുട്ടികളുടെയും മരണം എന്ന യാഥാര്‍ത്യത്തോട് അയാളുടെ മനസ്സ് ഇതുവരെ പൊരുത്ത പ്പെട്ടിട്ടുണ്ടാവില്ല. അങ്ങനെയെങ്കില്‍ ഇനിയുള്ള ദിവസങ്ങളെ അയാള്‍ എങ്ങനെ അതിജീവിക്കും എന്ന ചിന്ത ഗോപനില്‍ അസ്വസ്ഥത പടര്‍ത്തി.
കുറച്ച് ദിവസങ്ങള്‍ക്കു ശേഷം ഒരു വൈകുന്നേരം ഓഫീസില്‍ നിന്നു തിരിച്ച് പോകും വഴി ഗോപന്‍ വീണ്ടും വിജയ് മേനോനെ സന്ദര്‍ശിച്ചു ..അയാളും വേലക്കാരനും തനിച്ചായിരുന്നു വീട്ടില്‍ .
"വിജയന്‍റെ ബന്ധുക്കളെല്ലാം തിരിച്ച് പോയോ ?"
ഗോപന്‍ രണ്ടുപേരോടുമായി ചോദിച്ചു .
"സാറിന്‍റെ ചേട്ടനും അമ്മാവനും അടുത്താഴ്ച വരാമെന്ന് പറഞ്ഞാ പോയത് ..അപ്പോഴേക്കും അടിയന്ത്രത്തിന്‍റെ ചടങ്ങുകളും ആകുമല്ലോ.."
ജോലിക്കാരനാണ് മറുപടി പറഞ്ഞത് ..
"ഗോപനു ചായ കൊടുക്കൂ രാഘവാ "
വിജയന്‍ സംസാരിച്ചു കേട്ടതില്‍ ഗോപന് ആശ്വാസം തോന്നി .
"വിജയന്‍ പുറത്തേക്കൊക്കെ ഇറങ്ങണം ..ഇതിനകത്ത് തന്നെ ഇങ്ങനെ ഒതുങ്ങിക്കൂടിയാല്‍ മനസ്സ് കൂടുതല്‍ അസ്വസ്തമാകുകേയുള്ളൂ ..ലീവ് കൂടുതല്‍ നീട്ടെണ്ടെന്നു തന്നെയാ എന്‍റെ അഭിപ്രായം ..എന്തിലെങ്കിലും എന്ഗേജിടായാല്‍ തന്നെ പകുതി റിലീഫ് കിട്ടും ."
"ഊം .."
അയാള്‍ മറുപടിയായി വെറുതേ നീട്ടി മൂളുക മാത്രം ചെയ്തു .
"ഇടയ്ക്ക് ഞങ്ങളുടെ ഫ്ലാറ്റിലേയ്ക്കു ഇറങ്ങണം .അടുത്ത ആഴ്ച ഞാന്‍ വര്‍ഗീസിനെയും കൂടെ കൂട്ടാം ..അയാളും ഇങ്ങോട്ട് വരണമെന്നു പറയുന്നുണ്ടായിരുന്നു .."
ഇത്തവണ വിജയ് മേനോന്‍ മറുപടിയൊന്നും പറഞ്ഞില്ല ..വെറുതേ ഗോപന്‍റെ മുഖത്തേയ്ക്കു നോക്കുക മാത്രം ചെയ്തു .
രണ്ടുപേര്‍ക്കുമിടയില്‍ കുറേ നിമിഷങ്ങള്‍ ശബ്ദമില്ലാതെ കടന്നു പോയി..കൂടുതല്‍ ഇരുന്നാല്‍ സംസാരിക്കാന്‍ വിഷയങ്ങള്‍ കണ്ടുപിടിക്കാന്‍ താന്‍ നന്നേ പാടുപെടുമെന്നു മനസ്സിലാക്കിയ ഗോപന്‍ ചായക്കപ്പ് ടീപോയില്‍ വെച്ച് യാത്ര പറഞ്ഞിറങ്ങി .
ഫ്ലാറ്റില്‍ തിരിച്ചെത്തിയിട്ടും ഗോപന്‍റെ മനസ്സ് അസ്വസ്ഥമായിരുന്നു. അവിവാഹിതനായ തന്‍റെ മനസ്സിനെ ഇത് ഇത്രത്തോളം അലട്ടുന്നുവെങ്കില്‍ ഒരു നിമിഷം കൊണ്ട് കുടുംബം വേരോടെ നഷ്ടപ്പെട്ട അയാളുടെ അവസ്ഥ എത്ര ഭീകരമാകും..ഹൊ! ഗോപന്‍ അറിയാതെ തലകുടഞ്ഞു.
അലമാര തുറന്ന് കഴിഞ്ഞയാഴ്ച ബാക്കി വെച്ചിരുന്ന മദ്യക്കുപ്പി പുറത്തെടുത്ത് ഗ്ലാസ്സ് നിറച്ചു .അതും സിപ് ചെയ്തു ചൂരല്‍ കസേരയില്‍ കണ്ണുകളടച്ചു ചാരിക്കിടന്നു. നിറഞ്ഞ ഗ്ലാസ്സുമായി കൈയ്യുകള്‍ ഊഴം മാറി ചുണ്ട് തേടി പൊയ്ക്കൊണ്ടിരുന്നു . ഇടയ്ക്കെപ്പോഴോ അയാള്‍ കണ്ണു തുറന്ന് ചാടിയെണീറ്റു . അയാളുടെ മുഖഭാവം എന്തോ ഓര്‍ത്ത് പേടിച്ചിട്ടെന്നപോലെ വിളറിയിരുന്നു .
"ഒരു പക്ഷേ ..വിജയന്‍ വീണ്ടും കുടി തുടങ്ങിയിരിക്കുമോ ?
എല്ലാം നഷ്ടപ്പെട്ടു എന്ന തോന്നലില്‍..............??"
ആകുല ചിന്തകള്‍ അയാളില്‍ നിന്നു പിറുപിറുക്കലുകളായി രൂപാന്തരം പ്രാപിച്ചു കൊണ്ടിരുന്നു .
"ഇനി ലിക്കര്‍ വേണമെന്ന ചിന്ത പോലും ഒരു പക്ഷേ................!?"
ഓര്‍മ്മയില്‍ സരിതയുടെ വാക്കുകള്‍ അയാളെ കൂടുതല്‍ അസ്വസ്ഥനാക്കി.
'ഛെ! താനെന്തൊരു വിഡ്ഢിത്തമാണ് ചെയ്തത് ..ഒരു ദിവസമെങ്കിലും അവിടെ തങ്ങി അയാളെ സമാശ്വസിപ്പിക്കേണ്ടതിനു പകരം തിരിഞ്ഞു നോക്കാതെ വന്നിരുന്നു കുടിച്ച് മറിയുന്നു . അയാള്‍ക്ക് തന്നോട് തന്നെ പുച്ഛം തോന്നി.ഒന്നു വിളിച്ചു നോക്കിയാലോ ? അല്ലെങ്കില്‍ അവിടം വരെ ഒന്നു പോയി നോക്കാന്‍................പക്ഷേ നേരം കുറേ വൈകിയിരിക്കുന്നു .....'
അയാള്‍ ബാല്‍കണിയില്‍ ചെന്നു പുറത്തേയ്ക്ക് നോക്കി നിന്നു ..ആകാശത്ത് നക്ഷത്രങ്ങള്‍ കൂട്ടം തെറ്റി നില്‍ക്കുന്നു ..ഇടയ്ക്ക് കൂടിച്ചേര്‍ന്നു മൂന്ന് നക്ഷത്രങ്ങള്‍. അവ ഒരു പോലെ ചിരി തൂകുന്നപോലെ അയാള്‍ക്ക് തോന്നി.സരിതയും കുട്ടികളും ചിരിക്കുന്ന പോലെ ..
"ഗോപന്‍, വിജയ്‌യെ ശ്രദ്ധിച്ചോണേ ... ഞങ്ങള്‍ പിരിഞ്ഞെന്ന വിഷമത്തില്‍ ചിലപ്പോള്‍ അദ്ദേഹം വീണ്ടും കുടി തുടങ്ങിയേക്കും ..വിജയ്ക്ക് വേറെയാരുമില്ലെന്നറിയാല്ലോ.."
"അങ്കിള്‍ ..ഞങ്ങള്‍ടെ പപ്പെയേ നോക്കിക്കോണേ..പ്ലീസ് അങ്കിള്‍ .."
രണ്ട് കുരുന്നു നക്ഷത്രങ്ങളും ഒരേ സ്വരത്തില്‍ കൊഞ്ചിച്ചിലമ്പുന്നു ...
അയാളുടെ നെഞ്ചിടിപ്പ് ക്രമാതീതമായിത്തുടങ്ങിയിരുന്നു .
ഇപ്പോള്‍ എല്ലാ നക്ഷത്രങ്ങള്‍ക്കും ചുവപ്പ് നിറമാണെന്നയാള്‍ക്ക് തോന്നി ..
അകലെ മാറി മറ്റൊരു ചുവന്ന താരം കൂടി തെളിഞ്ഞിരിക്കുന്നു...മറ്റുള്ളവയെക്കാള്‍ കടുത്ത നിറമാ ണതിനെന്നയാള്‍ക്ക് തോന്നി ...ഇപ്പോള്‍ വിടര്‍ന്ന ചുടു ചോരയുടെ കടും ചുവപ്പ് ..
"നോക്ക് ഗോപാ ചോര തുപ്പി പൊലിഞ്ഞ എത്ര നക്ഷത്രങ്ങളെ നിനക്ക് കാണാം ..ശരിക്ക് നോക്ക് വിരലിലെണ്ണാന്‍ പോലും നിനക്ക് തികയില്ല ..അപ്പോള്‍ പിന്നെ ചോര തുപ്പാതെ അകാലത്തില്‍ പൊലിഞ്ഞവയോടു നീ എന്തു കാരണം പറയും ....പുണ്യ മെന്നോ പാപമെന്നോ? ..അതോ രണ്ടും കൂടിച്ചേര്‍ന്ന വിധിയെന്നോ ? എന്റെ കുരുന്നു ചോരപ്പൂക്കള്‍ നിന്നോട് ചോദിച്ചില്ലേ അവരുടച്ഛനെക്കുറിച്ച് ??"
"ഹൊ ! "
വല്ലാത്തൊരു ശബ്ദത്തോടെ ഗോപന്‍ പിന്നിലേയ്ക്ക് പിടഞ്ഞു മാറി ..വാതിപ്പടിയില്‍ നിന്നു നിലതെറ്റി അയാള്‍ മുറിയ്ക്കുള്ളിലെയ്ക്ക് തെന്നി വീണു . മദ്യക്കുപ്പിയിരുന്ന ടേബിളിനടുത്തെയ്ക്ക് അയാള്‍ ഇഴഞ്ഞു നീങ്ങി . മൂടി തുറന്ന് കുപ്പിയുടെ കഴുത്തപ്പാടെ വായ്ക്കുള്ളിലെയ്ക്ക് തള്ളി ..തന്റെയുള്ളിലേയ്ക്ക് കത്തിയിറങ്ങുന്ന കൊഴുത്ത ദ്രാവകത്തിനു ചുടു രക്തത്തിന്റെ രൂക്ഷ ഗന്ധവും രുചിയുമാണെന്നയാളറിഞ്ഞു. മുറിയിലെമ്പാടും ചുവന്ന നക്ഷത്രങ്ങള്‍ മിന്നാമിനുങ്ങുകളെപ്പോലെ പറന്നു നിറയുന്നു ..അവയുടെ കണ്ണുകളില്‍ നിന്നു ചുടു നിണം പൊഴിഞ്ഞു വീണ് മുറിയാകെ നിറഞ്ഞ് തന്നെ മൂടുന്നു...ഇറുകിയടഞ്ഞ കണ്ണുകളുമായി തുടര്‍ച്ചയില്ലാത്ത ഒരു ഞരക്കത്തോടെ അയാള്‍ ടേബിളിനു മുകളിലേയ്ക്ക് തല കുത്തി .
....................
അകാലത്തില്‍ പൊലിഞ്ഞ ചുവന്ന നക്ഷത്രങ്ങള്‍
Labels: katha
വരുവാനില്ലിനിയൊരു വിപ്ലവം
പിന്നെ ഏതു കഥ പറയണമെന്ന ചോദ്യത്തോടെ ഞാന്‍ അവന്റെ മുഖത്തേക്ക് കണ്ണു മിഴിക്കവേ, അവന്‍ പറയാന്‍ തുടങ്ങി ' അച്ഛാ ..അച്ഛാ .. ഈ സ്ത്രീപീഡനമെന്നു പറഞ്ഞാലെന്താ ? ഈ ടീവി ചാനലിലൊക്കെ കാണിക്കുന്ന പെന്‍വാണിഭമെന്നുമൊക്കെ പറഞ്ഞാല്‍ എന്താ ?' അങ്ങനെയുള്ളത് പറഞ്ഞുകൊടുക്കാന്‍ അവന്‍ ശാട്യംപിടിക്കാന്‍ തുടങ്ങി.
അവര്‍ക്കെല്ലാം ഒരേ മുഖമായിരുന്നു ...
ഇനി ഒന്നും തിരിച്ചു വരില്ലെന്നറിയാമായിരുന്നിട്ടും
ഏതോ മധുരസ്വപ്നത്തിന്റെ പുഞ്ചിരിയില്‍ നിഷ്കളങ്കമായി അടുത്തു കിടന്ന് ഉറങ്ങുന്നു മകന്‍ പക്ഷേ നാളയുടെ പ്രഭാതങ്ങളില്‍ അവര്‍ക്ക് നല്ല്കുവാന്‍ പ്രകൃതി എന്താണ് ഒളിപ്പിച്ചുവെച്ചതെന്ന് അറിയാതെ ആശങ്കയോടെ ഞാന്‍ കിടക്കുബോഴും പുറത്തെ വന്യമായഇരുട്ടില്‍ നിഗൂഡമായ ഒരു ചിരി കനത്തു വരുന്നത് ഞാന്‍ അറിയുന്നണ്ടായിരുന്നു.
http://www.pookaalam.blogspot.com/
പിതൃതര്‍പ്പണം (കഥ )
അച്ഛനെ ചുമലിലേറ്റിക്കൊണ്ട് പോകുന്നത് കൊണ്ടോ അതോ ഇത്ര കാലമായിട്ടും ഈ വാര്‍ദ്ധക്യത്തെ ചുമക്കുന്നുവല്ലോ എന്നൊക്കെയുള്ള, പുച്ഛഭാവത്തിലുള്ള സഹതാപ കണ്ണുകളെ അവഗണിച്ചു അയാള്‍ വളരെ പതുക്കെപ്പതുക്കെ എന്നാല്‍ , ദൃഡനിശ്ചയത്തോടെ ലക്ഷ്യസ്ഥാനത്തേക്ക് നടന്നടുത്തു.
അച്ഛനെയും ചുമന്നു കൊണ്ട് അയാള്‍ ആളുകള്‍ തിങ്ങി പാര്‍ക്കുന്ന തെരുവും കടന്നു വിജനമായ ഒരു കടല്‍ത്തീരത്തേക്കാണ് പോയത്.എന്തുകൊണ്ടോ എന്നും പ്രക്ഷുബ്ധമായിരുന്ന തിരമാലകള്‍ വളരെ ശാന്തമായാണ് അന്ന് തീരങ്ങളെ തഴുകിയത് .അയാള്‍ അച്ഛനെ ചുമലില്‍ നിന്ന് താഴെ ഇറക്കി അടുത്തു കണ്ട ഒരു മണല്‍ത്തിട്ടയില്‍ മെല്ലെ ചാരി കിടത്തി.
ഇത്ര സമയം അച്ഛനെ ചുമന്നു കൊണ്ട് നടന്നതിനാല്‍ അയാളും ക്ഷീണിച്ചു പോയിരുന്നു .അച്ഛനെ കിടത്തിയതിന്റെ തൊട്ടടുത്തു തന്നെയിരുന്നു അയാളും കുറച്ചു സമയം വിശ്രമിച്ചു.ഇടയ്ക്കു അയാള്‍ അച്ഛനെ പാളി നോക്കിയപ്പോള്‍ വാര്‍ധക്യത്തിന്റെ അവശതയാല്‍ കുഴിഞ്ഞു പോയ കണ്ണുകള്‍ അങ്ങ് വിദൂരതയില്‍ നട്ടു നിര്‍വികാരതയോടെ ചലനമറ്റു കിടക്കുന്നതാണ് കണ്ടത്.ഇടയിലെപ്പോഴോ അച്ഛന്റെ കണ്ണുകളും അയാളുടെ കണ്ണുകളും തമ്മിലുടക്കിയപ്പോള്‍ , അച്ഛന്റെ കണ്ണുകളിലെ ദയനീയത താങ്ങാനുള്ള ത്രാണിയില്ലാത്തത് കൊണ്ടോ എന്തോ അയാള്‍ കണ്ണുകള്‍ വളരെ വേഗം പിന്‍വലിച്ചു .
സൂര്യന്‍ അതിന്റെ ഊര്‍ജപ്രഭാവം കെടുത്തി വെച്ച് മെല്ലെ ആ കടലില്‍ താഴ്ന്നമരുമ്പോള്‍ അവര്‍ക്കിടയില്‍ ഇരുട്ട് ബാധിച്ചു തുടങ്ങിയിരുന്നു. മനസ്സില്‍ ബാക്കിയുള്ള നേരിയ പ്രകാശത്തിലാണ് അയാള്‍ , തന്റെ ഭൂതകാലത്തിലേക്ക് ഒന്ന് ചികഞ്ഞു നോക്കിയത്.
അച്ഛനും അമ്മയ്ക്കും ഒറ്റ മകനായതുകൊണ്ട് വളരെ ലാളിച്ചും ഏറെ വാത്സല്യത്തോടും കൂടിയാണ് അയാളെ അവര്‍ വളര്‍ത്തിയത് . മകന്റെ ഒരാവശ്യവും എതിര്‍ക്കാതെ അവന്റെ സന്തോഷം അവരുടെ സന്തോഷമായി കണ്ടു നടത്തിക്കൊടുത്തിരുന്നു. അവര്‍ക്ക് കിട്ടാതെ പോയ ഉന്നത വിദ്യാഭ്യാസം, വളരെ കഷ്ടപ്പെട്ടിട്ടായാലും അവനു നല്‍കിപ്പോന്നു. അവരുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും കാത്തു സൂക്ഷിച്ചു കൊണ്ട് ആ മകന്‍ എല്ലാത്തിലും ഉന്നത വിജയങ്ങള്‍ തന്നെ നേടിയെടുത്തു. അവന്റെ വളര്‍ച്ചയില്‍ അവര്‍ രണ്ടു പേരും അഭിമാനം കൊണ്ടു .ആ വിജയങ്ങള്‍ ഉയര്‍ന്ന ഉദ്യോഗവും നേടിയെടുക്കാന്‍ അവനെ സഹായിച്ചു.
ദേ നോക്കു, .... ഇവിടെയാണ്,ഈ തിരകളിലാണ് ഞാന്‍ എന്റെ അച്ഛനെ തള്ളിയിട്ടു തിരിഞ്ഞു നടന്നത്. പക്ഷേ എന്നെ ഇവിടെ തന്നെ ഉപേക്ഷിക്കരുത് അങ്ങ് ദൂരെ വളരെ ആഴം കൂടുതല്‍ ഉള്ളയിടത്തേക്കു വലിച്ചെറിയൂ " എന്ന് പറഞ്ഞു അയാളുടെ കൈയില്‍ മുറുകെ പിടിച്ചു. അപ്പോഴും ഒരു പുഞ്ചിരി അച്ഛന്റെ മുഖത്ത് ബാക്കി ഉണ്ടായിരുന്നു
അപ്പോള്‍ ചുറ്റിനും അന്ധകാരം പരത്തിക്കൊണ്ട് സൂര്യന്‍ പൂര്‍ണമായും കടലില്‍ താഴ്ന്നിരുന്നു.... അതു വരെ ശാന്തമായി ഒഴുകിയിരുന്ന തിരമാലകള്‍ രൌദ്രത്തോടെ കടല്‍ത്തീരത്തേക്ക് ആഞ്ഞടിച്ചുകൊണ്ടിരുന്നു....
ദീപക് ജോസഫിന്റെ തിരോധാനം
പ്രിയപ്പെട്ട വായനക്കാരാ, ഒരു പ്രവാസിയുടെ വൈകുന്നേരങ്ങൾ, എത്രയനാഥമാണെന്ന് നിങ്ങൾക്കറിയുമോ.? വേരുകളെല്ലാം പിഴുതെടുത്ത്, മരുഭൂമിയിലുപേക്ഷിക്കപ്പെട്ട ഒരു കിളുന്തുചെടിയെപ്പോലെ എന്റെ ആത്മാവ് തേങ്ങുന്ന സമയമാണത്. നിനച്ചിരിക്കാതെ, ഇന്റർനെറ്റിന്റെ കിളിവാതിലുകൾ കൂടി കൊട്ടിയടക്കപ്പെടുന്ന ചില ദിവസങ്ങളിൽ, എന്തുചെയ്യണമെന്നറിയാതെ ഞാൻ ആകെ അസ്വസ്ഥനാകും. ആർക്കും വേണ്ടാത്തവനായിപ്പോയല്ലോ എന്നോർത്ത് മനസ്സ് കാടു കയറും. അല്ലാത്ത ദിനങ്ങളിൽ, ജി ടോക്കിന്റെയും ഫേസ് ബുക്കിന്റെയും ഓർക്കൂട്ടിന്റെയും വാതിലുകൾ തുറന്നിട്ട് എന്റെ ജീവൻ നിലനിർത്തിപ്പോരുന്ന സൌഹൃദങ്ങൾക്കായി ഞാൻ കാത്തിരിക്കും. അതോടൊപ്പം, എന്റെ ഇഷ്ടചാനൽ തുറന്നുവെച്ച്, ശബ്ദം താഴ്ത്തി ലോകത്തിന്റെ സ്പന്ദനങ്ങൾക്കായി കാതോർക്കും.!
അന്നൊരു വ്യാഴാഴ്ചയായിരുന്നു. കൃത്യമായിപ്പറഞ്ഞാൽ, വി.എസ്.അച്യുതാനന്ദൻ ബെർലിൻ കുഞ്ഞനന്തൻ നായരെ കാണാൻ പോയതിന്റെ പിറ്റേദിവസം. ഡ്യൂട്ടി കഴിഞ്ഞു റൂമിലെത്തിയതേയുള്ളു. ഒരു ചായയിട്ടു കുടിച്ചുകൊണ്ട്, പതിയെ സോഫയിലേയ്ക്കു ചാഞ്ഞു. കോമഡിസിനിമകളിലെ നിലവാരമില്ലാത്ത പതിവുതമാശകളിൽ മനംമടുത്ത്, കുറെക്കൂടി മികച്ച തമാശകൾക്കായി ഞാൻ വാർത്താചാനലുകളിലേക്കു തിരിഞ്ഞിരുന്നു. റിമോട്ട് അമർത്തിയതും കണ്ടത് കുഞ്ഞനന്തൻ നായരുടെ മുഖമാണ്. കഴുകൻകണ്ണുകളുള്ള ഒരു മനുഷ്യന്റെ ആർത്തിപൂണ്ട ചോദ്യങ്ങൾക്കു മുന്നിൽ അയാൾ സംഘടനയ്ക്കുള്ളിലെ പഴയ വിഴുപ്പുകൾ അലക്കുകയായിരുന്നു. ഒരിക്കൽ എന്റെയും ജീവനായിരുന്ന പ്രസ്ഥാനത്തിനുള്ളിലെ ചരിത്രപരമായ തമാശകൾ കേട്ട് ഞാനങ്ങനെയിരുന്നു.
അപ്പോഴാണ്, നെഞ്ചിൽ തീ കോരിയിട്ടുകൊണ്ട്, ഫ്ലാഷ് ന്യൂസായി ആ വാർത്ത സ്ക്രീനിലൂടെ മിന്നിമറഞ്ഞത്: “പ്രമുഖ ചാനൽ റിപ്പോർട്ടർ ദീപക് ജോസഫിനെ കാണാനില്ല.” ഇതു കണ്ടു കൊണ്ടിരിക്കുമ്പോൾ തന്നെ ഞാൻ ദീപുവിന്റെ മൊബൈലിലേയ്ക്ക് ഡയൽ ചെയ്തു. സ്വിച്ചോഫ് ചെയ്തിരിക്കുകയാണെന്ന സന്ദേശം കിട്ടി. ഉടൻതന്നെ, അവന്റെ ഭാര്യ ജെസ്സിയെ വിളിച്ചു. അവളുടെ അച്ഛനാണ് ഫോണെടുത്തത്.
‘എന്തുപറ്റി.? എന്താണച്ഛാ സംഭവിച്ചത്?
‘അരുണേ, നിനക്കറിയാമല്ലോ.? ഫെസ്റ്റിവൽ റിപ്പോർട്ട് ചെയ്യാൻ അവൻ ഗോവയിലായിരുന്നു. നല്ല സുഖമില്ലെന്നറിയിച്ച് ഫോൺ വന്നപ്പോൾ ഞാൻ അങ്ങോട്ടുപോയതാ. ചാനലിൽ വിളിച്ച് പകരം സംവിധാനമുണ്ടാക്കി, ഞാനവനെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. നല്ല ടെൻഷനുണ്ടെന്നു തോന്നി. ഒന്നും സംസാരിച്ചില്ല. അവർ അവിടെ കിടത്തി എന്തോ മരുന്നു കൊടുത്തു. ഒന്നുറങ്ങിയെണീറ്റപ്പോൾ എല്ലാം ശരിയായെന്നുതോന്നി. വേഗം നാട്ടിൽ പോകണമെന്നു പറഞ്ഞു. ഇന്നലെ രാത്രി, ട്രെയിനിൽ ഇങ്ങോട്ടു വരികയായിരുന്നു ഇടയ്ക്കെപ്പോഴോ ടോയ് ലറ്റിൽ പോവുകയാണെന്നു പറഞ്ഞ് അവൻ സീറ്റിൽ നിന്നെണീറ്റുപോയി. 10-15 മിനിറ്റ് കഴിഞ്ഞിട്ടും കാണാത്തപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. അവനെ കണ്ടില്ല. അടുത്ത സ്റ്റേഷനിൽ വണ്ടി നിർത്തിയപ്പോൾ, ഞാൻ എല്ലായിടത്തും പോയി നോക്കി. ഒരിടത്തുമുണ്ടായിരുന്നില്ല. വിളിച്ചുനോക്കി. ഫോൺ സ്വിച്ചോഫ് ആയിരുന്നു..“
‘അതേ, ഞാനും ഇപ്പോൾ വിളിച്ചുനോക്കിയച്ഛാ.. സ്വിച്ചോഫ് ആണ്.”
“എന്തെങ്കിലും വിവരം ലഭിച്ചാൽ പറയണേ മോനേ. ഞാൻ പിന്നെ വിളിക്കാം.”
എല്ലാ സമാധാനവും നഷ്ടപ്പെട്ടു. പ്രിയചങ്ങാതീ, എല്ലാവരെയും കബളിപ്പിച്ച് നീ എങ്ങോട്ടാണ് പോയത്.? ഇപ്പോൾ 24 മണിക്കൂർ പിന്നിടുന്നു. ഇതിനിടയിൽ, നിന്റെ മന:സ്സാക്ഷിസൂക്ഷിപ്പുകാരനായ എന്നെപ്പോലും നീയൊന്നു വിളിച്ചില്ലല്ലോ.? ചാനലിലിപ്പോൾ മറ്റേതോ വാർത്തയാണ് ഫ്ലാഷ് ചെയ്യുന്നത്. ഞാൻ ടീവിയും കമ്പ്യൂട്ടറുമെല്ലാം ഓഫ് ചെയ്ത്, കട്ടിലിൽ കയറി വെറുതെ കണ്ണടച്ചുകിടന്നു.
* * * *
ഓർമ്മകൾ തുടങ്ങുന്നത് എട്ടുവർഷം മുൻപ്, പ്രസ്സ് അക്കാദമിയിലെ ജേർണലിസം ക്ലാസ്സിലാണ്. അവിടെവെച്ചാണ് ആദ്യമായി അവനെ പരിചയപ്പെടുന്നത്. ദീപക് ജോസഫ്-പരുക്കൻ ജീൻസും ഷർട്ടും ബുൾഗാൻ താടിയുമായി എല്ലാവരെയും അകറ്റി നിർത്തിയിരുന്ന ഒരു റിബൽ കഥാപാത്രം. വളരെ പെട്ടെന്നാണ്, കൂട്ടുകാരൻ എന്നതിനപ്പുറം എന്നെ പൂരിപ്പിക്കുന്ന എന്റെതന്നെ മറുപുറമായി അവൻ മാറിയത്. അരാജകമായ ആ പുറംമോടി അതിലോലമായ അവന്റെ മനസ്സിനെ മറയ്ക്കുന്ന ജാട മാത്രമായിരുന്നു. ബുദ്ധിമാനായ അവന് എല്ലാ ജീവിത സമസ്യകൾക്കും അവന്റേതായ ഉത്തരമുണ്ടായിരുന്നു. ലളിതസുന്ദരമായ പരിഹാരങ്ങളുണ്ടായിരുന്നു. ഏതു പരീക്ഷയിലും ഒന്നാമനായി. കഥ, കവിത, ചിത്രകല, സംഗീതം... തൊട്ടതെല്ലാം പൊന്നാക്കുന്ന ഒരു മാന്ത്രികവിദ്യ അവനു വശമായിരുന്നു.. കോഴ്സ് പൂർത്തിയാക്കും മുൻപേ പ്രമുഖചാനലിൽ സബ് എഡിറ്റർ ജോലി സമ്പാദിച്ച് മറ്റു വിദ്യാർത്ഥികളുടെ മുന്നിൽ താരമായി. പിന്നീട് നാലുവർഷം ജോലിതെണ്ടി നടന്ന എന്നെ, ദുബായിലെ ഒരു കമ്പനിയിലെത്തിച്ച് എന്റെ രക്ഷകനുമായി.! പക്ഷേ...ജീവിതത്തിന്റെ ദിക്കുകൾ ആരറിയുന്നു.!
വിദേശത്തെത്തി, ഒരു മാസത്തിനു ശേഷം ജി ടോക്കിന്റെ സ്വകാര്യതയിൽ ഞങ്ങൾ വീണ്ടും കണ്ടുമുട്ടി.
“ഡാ, നായിന്റെ മോനേ...നീ എവിടെയാ..? കാണുന്നില്ലല്ലോ.?”
“തിരക്കായിപ്പോയെടാ...കഴിഞ്ഞാഴ്
“ഉം..ഒന്നും പറയണ്ട..ഇപ്പോൾ സിറ്റി റിപ്പോർട്ടറാ..എനിക്കീ ജോലി ശരിയാകുമെന്നു തോന്നുന്നില്ല. മിക്കവാറും ഞാനിവരുമായി തല്ലിപ്പിരിയും...വല്ലാത്ത ടെൻഷൻ.. ലോകത്തെന്തു നടന്നാലും നമ്മളറിയണം..അല്ലെങ്കി മൊതലാളി നമ്മളെ വെച്ചേക്കില്ല..നമുക്കു കിട്ടാത്ത ഒരു വാർത്ത മറ്റേ ചാനലിൽ വന്നാപ്പിന്നെ പറയുകയും വേണ്ട.! മര്യാദയ്ക്കൊന്നൊറങ്ങീട്ട് എത്ര ദിവസായെന്നറിയാമോ.? മിക്കവാറും, ഞാൻ ഇതുപേക്ഷിക്കും...!”
“എടാ, ദീപൂ, നീ പെട്ടെന്നൊരു തീരുമാനമെടുക്കല്ലേ...ക്ഷമിക്ക്
“എന്റേടാ, വല്ലാത്ത മടുപ്പ്.. വാർത്ത അയയ്ക്കാൻ നേരമായി..ഞാൻ പിന്നെ വരാം.”
ഞാൻ ദുബായിലെത്തി, ഒരു വർഷത്തിനു ശേഷമായിരുന്നു അവന്റെ വിവാഹം. അതിൽ പങ്കെടുക്കാനാണ് ആദ്യമായി ലീവെടുത്ത് നാട്ടിൽ പോകുന്നതും. ടീവിയിൽ, അവന്റെ ചലനാത്മകമായ വ്യക്തിത്വം കണ്ട് ഇഷ്ടമായ ജെസ്സിയെന്ന പെൺകുട്ടി പ്രണയാഭ്യർത്ഥനയ്ക്കൊന്നും മുതിരാതെ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ബാങ്കുദ്യോഗസ്ഥയായ അവളെ ഒരിക്കൽ ജോലിസ്ഥലത്തു ചെന്ന് കണ്ടുസംസാരിച്ച കാര്യം ഇടയ്ക്കെന്നോടു പറഞ്ഞിരുന്നു. ചാനൽ സുഹൃത്തുക്കളെല്ലാം വിവാഹത്തിൽ പങ്കെടുത്തു. ചിലരെയൊക്കെ എനിക്കു പരിചയപ്പെടുത്തി. മടങ്ങിപ്പോരുന്നതിനു മുൻപ് വീട്ടിൽപ്പോയി ഞാനവനെ കണ്ടു. പിരിയാൻ നേരം എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു: “എടാ, പെണ്ണുകെട്ടിയെന്നു കരുതി വിളിക്കാതിരിക്കല്ലേ..അറിയാമല്ലോ.? എനിക്കു നീയൊക്കെയേ ഒള്ളു.!”
പിന്നീട്, ഫേസ് ബുക്കിലും ജി ടോക്കിലുമായി വല്ലപ്പൊഴുമൊക്കെ ഞങ്ങൾ കണ്ടുമുട്ടി. ഓൺലൈനിൽ കാണാത്തപ്പോൾ നഗരത്തിലെ ഏതെങ്കിലും തെരുവിൽ നിന്നോ, അമ്പലപ്പറമ്പിൽ നിന്നോ, ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിന്നോ സമ്മേളനവേദിയിൽ നിന്നോ ഒക്കെ അവൻ ഊർജ്ജസ്വലമായി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതുകണ്ട് ഞാൻ സന്തോഷിച്ചു. അങ്ങനെയിരിക്കെ, ഒരു ദിവസം, ഫേസ് ബുക്കിലെ ചാറ്റ് റൂമിൽ പച്ചവെളിച്ചം കണ്ട് ഞാനവനെ വിളിച്ചു.
“എടാ, ദീപൂ..”
“എടാ, ഞാൻ നിന്നെ നോക്കിയിരിക്കുവായിരുന്നു.”
“എന്തുപറ്റിയെടാ.?”
“എടാ, എനിക്കു വയ്യ..തീരെ സുഖമില്ല. ഇപ്പോൾ, വീണ്ടും ഡെസ്കിലെത്തി. പക്ഷേ, ഇവിടെയും ടെൻഷനു കുറവൊന്നുമില്ല. പലപ്പോഴും താങ്ങാൻ പറ്റുന്നില്ല തലയ്ക്ക് വല്ലാത്ത ഭാരം..നല്ല തലവേദനയും.. ഉള്ളിലെന്തോ പെരുത്തുവരുന്നതുപോലെ തോന്നുന്നു.“
“സാരമില്ലെടാ, ഹെവി വർക്കിന്റെയാ. നീ പേടിക്കാതെ..വല്ലാതെ അസ്വസ്ഥതയുണ്ടെങ്കിൽ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ കണ്ടു സംസാരിക്ക്. എല്ലാം ശരിയാവും, നീ സമാധാനമായിരിക്ക്. എനിക്കൊരാളെ നേരിട്ടറിയാം. ഞാൻ വിളിച്ച് ടൈം ഫിക്സ് ചെയ്തു തരട്ടെ.?”
“വേണ്ട വേണ്ട നീയുള്ളപ്പോൾ പിന്നെന്തിനാ വേറെ സൈക്കോളജിസ്റ്റ്..?” അവനും ഒപ്പം ഞാനും ചിരിച്ചു. “ഇപ്പം, വലിയ കുഴപ്പമൊന്നുമില്ല. ഞാൻ മാനേജ് ചെയ്തോളാം.”
നാട്ടിലായിരുന്നെങ്കിൽ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു. സ്വകാര്യദു:ഖങ്ങൾ അവൻ എന്നോടുമാത്രമേ പറയൂ. അതാണിപ്പോൾ, എന്നെ കൂടുതൽ ദു:ഖിതനാക്കിയത്. പുറംലോകത്തിന് ഒരു പത്രപ്രവർത്തകൻ മാത്രമായ ആ പാവത്തിന്റെ മനസ്സ് താളം തെറ്റുമോയെന്നു ഞാൻ ഭയന്നു. കുറേ നാളത്തേയ്ക്ക് ഓൺലൈനിൽ കണ്ടതേയില്ല. തിരക്കാവുമെന്നു കരുതി. ഞാനും ജോലിത്തിരക്കിലായിരുന്നു. രണ്ടുമൂന്നുവട്ടം വിളിച്ചിട്ടും ഫോൺ എടുത്തതുമില്ല. പിന്നീടൊരു ദിവസം എന്റെ ഫോൺ റിംഗ് ചെയ്തു. അവനായിരുന്നു:
“എടാ, അരുണേ, എനിക്കറിയില്ലടാ..ന്യൂസ്റൂമിൽ റസിയയുമായി സംസാരിച്ചിരിക്കുകയായിരുന്നു. രാത്രി 8-നുള്ള മെയിൻ സ്റ്റോറിയുടെ ‘ലീഡി’നെക്കുറിച്ചാ പറഞ്ഞോണ്ടി രുന്നത്. പെട്ടെന്ന് എന്റെ സമനില തെറ്റിയതുപോലെ എനിക്കു തോന്നി. അവളെന്നോട് എന്തൊക്കെയോ ചോദിച്ചു. എനിക്കൊന്നും വ്യക്തമായില്ല. പിന്നീട്, തളർന്നുവീഴുക യായിരുന്നത്രേ.! ഉണരുമ്പോൾ ഹോസ്പിറ്റലിലായിരുന്നു. എന്റെ ലൈഫ് തീർന്നെടാ.. എനിക്കിനി ഒന്നുമാവില്ല. സത്യത്തിൽ, എന്റെ വിഷമം അസുഖത്തെക്കുറിച്ചല്ല ; ഓഫീസിലാകെ ഞാനൊരു ചർച്ചാവിഷയമായി. എനിക്കു മതിയായെടാ. എന്റെ കരിയർ ഇതോടെ അവസാനിച്ചു.”
അവനെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. സത്യത്തിൽ സംഗതിയുടെ ഗൌരവം അപ്പോളാണ് എനിക്കും വ്യക്തമായത്. അന്നുവൈകിട്ട് ഓൺലൈനിൽ, ഞങ്ങൾ വിശദമായി സംസാരിച്ചു. എന്റെ സുഹൃത്തായ സൈക്കോളജിസ്റ്റുമായി ഫോണിൽ സംസാരിപ്പിച്ചു. ഒടുവിൽ, ജോലി രാജിവെയ്ക്കാനും പുതുതായി തുടങ്ങിയ മറ്റൊരു ചാനലിൽ ജോയിൻ ചെയ്യാനും തീരുമാനമായി. ഒരുപക്ഷേ, മറ്റൊരു സ്ഥാപനത്തിന്റെ സമീപനം അല്പം കൂടി സൌമനസ്യമുള്ളതാണെങ്കിൽ അവന് ആരോഗ്യം വീണ്ടെടുക്കാനാവുമെന്നും ഞാൻ പ്രതീക്ഷിച്ചു. കൃത്യം രണ്ടാഴ്ചകൾക്കു ശേഷം, പുതിയ ചാനലിന്റെ പ്രൈംടൈം ന്യൂസ് അവതരിപ്പിക്കുന്ന അവനെക്കണ്ട് ഞാൻ അളവില്ലാതെ സന്തോഷിച്ചു. എന്നാൽ, ടീവി സ്ക്രീനിലെ ചിരിക്കുന്ന മുഖങ്ങൾക്ക് യഥാർത്ഥമുഖവുമായുള്ള അന്തരമെന്തെന്ന് അപ്പോൾ എനിക്കറിയാമായിരുന്നു. യാഥാർത്ഥ്യവും ഇമേജും തമ്മിലുള്ള വ്യത്യാസം ദീപക് ജോസഫ് എന്ന പത്രപ്രവർത്തകനിലൂടെത്തന്നെ ഞാൻ മനസ്സിലാക്കിയിരുന്നു.!
ഗോവയിൽ ഫിലിം ഫെസ്റ്റിവൽ കവർ ചെയ്യാൻ പോകുന്നതിന്റെ തലേന്നുരാത്രിയാണ് പിന്നീട് അവനെന്നെ വിളിക്കുന്നത്. വിഷാദമെല്ലാം മാറി, വളരെ ഹാപ്പിയായിരുന്നു.
“ഡാ, നായിന്റെ മോനേ..ഞാൻ ഗോവയ്ക്കു പോകുവാ, നാളെ കാലത്ത്. നീ വരുന്നോ പടം കാണാൻ.?
“ഇല്ലടാ, തൽക്കാലം നിന്റെ റിപ്പോർട്ട് കാണാം.”
ഇനി ഒരാഴ്ച അവിടാ..എന്നെ കാണണമെന്നു തോന്നുമ്പം ടീവീ ഓൺ ചെയ്തോണം കേട്ടാ.. ഫെസ്റ്റിവൽ ലൈവായിട്ടങ്ങോട്ടു തന്നേക്കാം എന്താ.?”
“ഇന്നേതാ ബ്രാന്റ്..? കൊള്ളാമെന്നു തോന്നുന്നല്ലോ.?” ഞാൻ ചിരിച്ചു.
“അതു പിന്നെ മോശം വരുമോ, മിലിറ്ററി വോഡ്ക്ക ഒരെണ്ണം കിട്ടി...കൂട്ടുകാരന്റെ സംഭാവനയാ..തൊടങ്ങീട്ടേ ഒള്ളു..! ആരുമില്ലടാ..ഒറ്റയ്ക്കാ..അവളിന്നലെ വീട്ടിൽ പോയി.! “
“ദീപൂ..ഒരുപാടു കഴിക്കണ്ട. നാളെ യാത്രയുള്ളതല്ലേ..?”
“ഒന്നു പോടാ ചെറുക്കാ..നമ്മളിതൊക്കെ എത്ര കണ്ടതാ...നാളെ എന്റെ റിപ്പോർട്ട് കണ്ടിട്ട് വിവരം പറ. നീയാണല്ലോ ഇപ്പം നമ്മടെ ജൂറി..?”
ഇതായിരുന്നു, ഞങ്ങളുടെ ഒടുവിലത്തെ സംഭാഷണം. പിറ്റേന്ന് വൈകിട്ട് ഫെസ്റ്റിവലിന്റെ ആദ്യദിനം അവൻ മനോഹരമായി റിപ്പോർട്ട് ചെയ്യുന്നതുകണ്ട്, ഞാൻ അതിശയിച്ചു. ഉദ്ഘാടനചിത്രത്തിന്റെ സവിശേഷതകൾ എണ്ണിയെണ്ണിപ്പറഞ്ഞ അവൻ സംവിധായകന്റെ അഭിമുഖവും നൽകി, ആരെയുമാകർഷിക്കുന്ന പുഞ്ചിരിയോടെയാണ് അവസാനിപ്പിച്ചത്. ആഴ്ചകൾക്കു മുൻപ്, മനസ്സു തകർന്നനിലയിൽ എന്നോടു സംസാരിച്ച എന്റെ സുഹൃത്ത് തന്നെയോ ഇതെന്ന് ഞാൻ അമ്പരന്നു. ഒന്നു വിളിച്ച് അഭിനന്ദിക്കാമെന്നു കരുതിയെങ്കിലും തിരക്കിലായിരിക്കുമെന്നു കരുതി, ഞാൻ അതൊഴിവാക്കി…
* * * *
ഓർമ്മകളിലമർന്നുകിടന്ന് ഒന്നു മയങ്ങിപ്പോയി. ഉണർന്നപ്പോൾ സമയം 12. പത്തു തവണയെങ്കിലും അവന്റെ മൊബൈലിലേക്കു വിളിച്ചുനോക്കി. നമ്പർ നിലവിലില്ല എന്നാണിപ്പോൾ പറയുന്നത്. സിം കാർഡ് മാറ്റിയിട്ടുണ്ടാവുമോ.? ഒന്നും കഴിക്കാൻ തോന്നിയില്ല. മനസ്സാകെ അസ്വസ്ഥമാണ്. അവനിപ്പോൾ എവിടെയായിരിക്കും.? എന്തെങ്കിലും സാഹസം കാണിക്കുമോ..? എപ്പോഴോ ഉറങ്ങി, വൈകിയാണുണർന്നത്. ഉടനെ, ജെസ്സിയുടെ അച്ഛനെ വിളിച്ചു. അവർക്കും യാതൊരു വിവരവുമില്ല. ഫോൺ നമ്പർ ഉപയോഗിച്ച് സ്ഥലം ട്രെയ് സ് ചെയ്യാനുള്ള ശ്രമം നടക്കുന്നുണ്ട്. പക്ഷേ, എത്രത്തോളം വിജയിക്കുമെന്നറിയില്ല. ഇടയ്ക്കിടെ അവന്റെ നമ്പർ ഡയൽ ചെയ്തുകൊണ്ട് ദിവസം മുഴുവൻ റൂമിൽ ചെലവഴിച്ചു. ഒരു ഫലവുമുണ്ടായില്ല. വെറുതെയിരുന്ന് മുഷിഞ്ഞതിനാൽ വൈകിട്ട്, സിറ്റിയിൽ പോയി, കറങ്ങിനടന്ന് തിരിച്ചെത്തി. രാത്രി, പതിനൊന്നര വരെ ഓൺലൈനിൽ എല്ലാ വാതിലുകളും തുറന്നിട്ട് ഞാൻ കാത്തിരുന്നു. ഒരു കള്ളച്ചിരിയുമായി അവൻ എവിടെയെങ്കിലും പ്രത്യക്ഷപ്പെടുമെന്നു കരുതി. വന്നില്ല. ഒരു പ്രവാസിയുടെ നിസ്സഹായതയെന്തെന്ന് പൂർണ്ണമായി ബോധ്യപ്പെട്ട നിമിഷങ്ങൾ.!
വളരെ വൈകിയാണ് ഉറങ്ങാൻ കിടന്നത്. രാത്രിയെപ്പോഴോ ഒരു ഫോൺ മെസ്സേജിന്റെ ശബ്ദം എന്നെ ഉണർത്തി. വിറയ്ക്കുന്ന കരങ്ങളോടെയാണ് ഞാൻ മൊബൈലെടുത്ത് ആ സന്ദേശം തുറന്നുവായിച്ചത്. അതിങ്ങനെയായിരുന്നു: “ഡാ, നായിന്റെ മോനേ..നിന്നോടുമാത്രമേ പറയുന്നുള്ളു. പോട്ടേടാ..?“ എന്റെ കയ്യിലിരുന്ന് മൊബൈൽഫോൺ വിറച്ചു. വിദൂരമായ ഏതോ ദേശത്ത്, മനസ്സിന്റെ ഭാരം താങ്ങാനാവാതെ എന്റെ ആത്മസുഹൃത്ത്...എന്റെ നിസ്സഹായത എനിക്കു താങ്ങാവുന്നതിനു മപ്പുറത്തായിരുന്നു. ഇതുവരെ വിശ്വാസിയല്ലാതിരുന്ന ഞാൻ, പേരറിയാവുന്ന എല്ലാ ദൈവങ്ങളെയും വിളിച്ച് അവനുവേണ്ടി പ്രാർത്ഥിച്ചു. പിന്നെ, ഒന്നും ചെയ്യാനില്ലാതെ പാതിരാത്രിയുടെ നിശ്ശബ്ദതയിലേയ്ക്കു നോക്കിയിരുന്നു. ഞാനറിയാതെ, എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.
16 Comments, Post your comment
Labels: കഥ