ബാംഗ്ലൂർ ചർച്ച് റോഡിലെ ബ്ലോസ്സം ബുക്ക് സ്റ്റാളിന്റെ മുകൾ നില
പുസ്തകങ്ങളുടെ ഒരു കാടാണ്. ചില്ലിട്ട ചുവരലമാരകളിൽ പട്ടാള ചിട്ടയിൽ അടുക്കി
വച്ചിരിക്കുന്ന പുസ്തകങ്ങളുടെയല്ല. മറിച്ച്, അലമാരകളിൽ നിന്ന് എത്തി
നോക്കിയും, വെറും നിലത്ത് ചെരിഞ്ഞും മറിഞ്ഞും മൂക്ക് കുത്തിയും കിടന്ന്
സ്വാതന്ത്ര്യം ആഘോഷിക്കുന്ന വയസ്സൻ പുസ്തകങ്ങളുടെ ഒരു കാട്! മാർക്വേസം
കാഫ്കയും ഓർവെല്ലും ഗോർക്കിയുമടങ്ങിയ സാഹിത്യ സിംഹങ്ങൾ മേയുന്ന ആ കാട്ടിൽ
വച്ചാണ് L V ശ്രീനിവാസനെ ഞാൻ പരിചയപ്പെടുന്നത്.
"കാലമാടൻ വരുന്നുണ്ട്!"
തണുത്ത പ്രഭാതത്തിലെ വിളർത്ത വെളിച്ചം പരന്നപ്പോഴേയ്ക്കും തന്റെ ബ്രീഫ് കേസും ഹാൻഡിലിൽ തൂക്കി, സൈക്കിൾ ചവിട്ടി വരുന്ന മൂർത്തി സാറിനു മനോയുടെ പ്രഭാത വന്ദനമാണ്. "അനന്തനാരായണൻ രാമമൂർത്തി" എന്ന മൂർത്തി സാർ എന്റെ പി എച് ഡി ഗൈഡാണ്. "മനോ" എന്ന മനോജ് എന്റെ ലാബ് പാർട്ട്ണറും. ഡിസ്ക്രീറ്റ് മാത്തമാറ്റിക്സിൽ റിസേർച്ച് എന്ന ഓമനപ്പേരിൽ ഞാനും മനോയും മൂർത്തി സാറിനു കീഴിൽ അടിമപ്പണിയെടുക്കാൻ തുടങ്ങിയിട്ട് വർഷം നാലാകുന്നു. ഞങ്ങൾ കൊടുക്കുന്ന റിപ്പോർട്ടുകളും മറ്റും വായിച്ചു നോക്കാതെ മൂർത്തി സാർ വലിച്ചു കീറി കളയുന്നു എന്നാണു മനോയുടെ ബുദ്ധിപരമായ നിഗമനം. എന്നാൽ "കാലമാടൻ" എന്ന പ്രത്യേക പദവി സാറിന് ചാർത്തി കൊടുക്കാൻ മനോയ്ക്ക് ഒരു പുതിയ കാരണം കൂടിയുണ്ട്. ക്രിസ്മസ് വെക്കേഷനിൽ കൂട്ടുകാർക്കൊപ്പം രാജസ്ഥാനിൽ പോയി അടിച്ചു പൊളിക്കാനിരുന്ന മനോയെ "സ്പെഷ്യൽ അസൈൻമെന്റ്" എന്നൊരു കൂച്ചു വിലങ്ങിട്ട് നിറുത്തിയിരിക്കുകയാണ് മൂർത്തി സാർ.
രണ്ടു ദിവസം മുൻപ് സാർ ഞങ്ങളെ ഓഫീസിലേയ്ക്ക് വിളിപ്പിച്ചു. ഡിസ്ക്രീറ്റ്
മാത്തമാറ്റിക്സിലെ വളരെ കടുപ്പമേറിയ ഒരു ഹൈപ്പോതീസിസിന് തെളിവ് കണ്ടു
പിടിക്കുക എന്നതാണ് സ്പെഷ്യൽ അസൈൻമെന്റ്. മനോയുടെ ഭാഷയിൽ "പുതിയ പാര".
ക്രിസ്മസ് അവധി കഴിയുന്നതിന്റെ പിറ്റേ ദിവസം അസൈൻമെന്റ് തന്റെ മേശപ്പുറത്ത്
കാണണം എന്നാണു ഉഗ്രശാസന. ഇല്ലെങ്കിൽ പി എച് ഡി ക്കായി ഒരു വർഷം കൂടി
കാത്തിരിക്കേണ്ടി വരും എന്ന ഭീഷണിയും.
ഉറക്കമില്ലാത്ത രാത്രികളും പകലുകളുമായി ഒരാഴ്ച കടന്നു പോയി. സ്വയം
ശ്രമിച്ചിട്ടോ ഗൂഗിളിൽ തപ്പിയിട്ടോ യാതൊരു ഫലവുമില്ലെന്നു ഞങ്ങൾക്ക്
ബോധ്യമായി. ഒരു അവസാന ശ്രമമെന്ന നിലയ്ക്കാണ് ഡിസംബറിലെ ആ രണ്ടാം
ശനിയാഴ്ച ഞങ്ങൾ ബ്ലോസ്സം ബുക്ക് സ്റ്റാളിന്റെ മുകൾ നിലയിൽ എത്തിയത്.
പഴഞ്ചൻ പുസ്തകങ്ങൾക്കിടയിൽ ഒരുപാട് അരിച്ച് പെറുക്കിയതിനു ശേഷമാണ് ഹാർഡ്
ബൈൻഡ് ചെയ്ത ആ പുസ്തകം കയ്യിൽ തടഞ്ഞത്. അല്പം ബലത്തിൽ മറിച്ചാൽ പൊടിഞ്ഞു
പോകും എന്ന് തോന്നിക്കുന്ന മഞ്ഞ നിറമുള്ള താളുകൾ. ഡിസ്ക്രീറ്റ്
മാത്തമാറ്റിക്സിലെ ഒരുപാട് തിയറികളും ഹൈപ്പോതീസീസുകളും - ഞങ്ങളുടെ
അസൈൻമെന്റ് അടക്കം - ആ പുസ്തകത്തിൽ ഉണ്ടായിരുന്നു. എന്നാൽ ചോദ്യങ്ങൾ
മാത്രമേ ഉള്ളൂ. ഉത്തരങ്ങളില്ല! നിരാശയോടെ മനോ വെറും നിലത്ത് തളർന്നിരുന്നു.
അപ്പോഴാണ്, പടർന്നു തുടങ്ങിയ കടും വയലറ്റു മഷിയിൽ ചില കുത്തിക്കുറിപ്പുകൾ
ഞാൻ കാണുന്നത്. വളരെ പ്രയാസപ്പെട്ട് നന്നേ ചെറിയ ആ അക്ഷരങ്ങൾ വായിച്ചപ്പോൾ
സന്തോഷം കൊണ്ട് എനിക്ക് ബോധം നശിക്കുന്നതുപോലെ തോന്നി. "L S " എന്ന്
ഇനിഷ്യൽ ചെയ്ത ആ കുറിപ്പുകൾ ഓരോന്നും ഉത്തരങ്ങളായിരുന്നു. പുസ്തകത്തിന്റെ
ആദ്യ താളിൽ "L V ശ്രീനിവാസൻ M Sc മാത്തമാറ്റിക്സ് , മദ്രാസ് ക്രിസ്ത്യൻ
കോളേജ് - 1964" എന്നെഴുതിയിരുന്നു.
പിന്നീടുള്ള ഒരാഴ്ച ഞാനും മനോയും ഒരു കയ്യിൽ ഭൂതക്കണ്ണാടിയും മറുകൈയ്യിൽ L
V ശ്രീനിവാസനെയും പിടിച്ചാണ് ജീവിച്ചത്. താഴെ വച്ചാൽ പുസ്തകത്തിലെ ആ
ദുർബലമായ കുറിപ്പുകൾ മാഞ്ഞു പോകുമോ എന്ന് പോലും മനോ പേടിച്ചു.
പറഞ്ഞതിലും ഒരാഴ്ച മുൻപേ റിപ്പോർട്ട് കൊടുത്തപ്പോൾ മൂർത്തി സാർ നന്നായി
ഒന്ന് ഞെട്ടി. അല്പം സംശയത്തോടെയും അതിലേറെ ആശ്ചര്യത്തോടെയും സാർ "ഗുഡ്"
എന്ന് പറഞ്ഞപ്പോൾ മനോ സന്തോഷം കൊണ്ട് കരഞ്ഞു പോയി. റിപ്പോർട്ട് കൊടുത്ത്
തിരിച്ചു പോയി ഞങ്ങൾ ആദ്യം ചെയ്തത് "L V ശ്രീനിവാസൻ" എന്ന് ഗൂഗിളിൽ ടൈപ്പ്
ചെയ്യുകയാണ്. "L V ശ്രീനിവാസൻ" എന്ന ജീനിയസ്സിനെ കണ്ടു പിടിക്കാൻ ഒരു
ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നാണ് ഞങ്ങൾ കരുതിയത്. എന്നാൽ ഞങ്ങൾക്ക്
നിരാശപ്പെടേണ്ടി വന്നു.
"ഈ ശ്രീനിവാസൻ ഇപ്പൊ എവിടെയായിരിക്കും? വല്ല വൻ കോളേജിലും പ്രോഫെസ്സർ
ആയിരിക്കും. മൂർത്തി സാറിനെ പോലെ നെറ്റ് അലർജി ആണെന്നാ തോന്നുന്നത്."
മനോയുടെ ആത്മഗതമാണ്.
കഴിഞ്ഞ ഒരാഴ്ചയായി എന്റെ മനസ്സിനെയും അലട്ടിക്കൊണ്ടിരുന്ന ഒരു
ചോദ്യമായിരുന്നു അത്. കണക്കിലെ മാന്ത്രികനായ L V ശ്രീനിവാസനെയല്ല മറിച്ച്
കണക്കു പുസ്തകത്തിന്റെ അവസാന താളിൽ ഭാരതിദാസന്റെ കവിത കുറിച്ചിട്ട
ശ്രീനിവാസനെയാണ് ഞാൻ ആഗ്രഹിച്ചത്. മറ്റു കുറിപ്പുകൾ പോലെ ഇതും "L S"
എന്ന് ഇനിഷ്യൽ ചെയ്തിരുന്നു. അതിനു താഴെ 27th ജനുവരി 1965 എന്ന തീയതിയും.
"തമിഴുക്കും അമുദെന്നു പേർ,
അന്ത തമിഴ് ഇമ്പ തമിഴ് എങ്കൾ ഉയിരുക്കു നേർ,
തമിഴുക്കും നിലവെന്നു പേർ,
ഇമ്പ തമിഴ് എങ്കൾ സമൂഹത്തിൻ വിളയ് വിക്ക് നീർ..."
"എനിക്ക് ഈ ശ്രീനിവാസനെ കണ്ടു പിടിക്കണം മനോ. അവസാന താളിലെ ആ കവിത, അതിനു പുറകിൽ ഒരു കഥയുണ്ടെന്നു തോന്നുന്നു."
"നിന്റെ വട്ടു പിന്നേം തുടങ്ങിയോ? പത്തു നാല്പതു വർഷം പഴക്കമുള്ള ഈ ബുക്കും
വച്ച് നീയെങ്ങനെ ശ്രീനിവാസനെ കണ്ടു പിടിക്കും? ഗൂഗിളിനു പോലും കണ്ടു
പിടിക്കാൻ പറ്റിയില്ല. പിന്നയല്ലേ?" ബാക്ക് പാക്കും കെട്ടിപ്പെറുക്കി
രാജസ്ഥാനു വണ്ടി കയറുന്നതിനു മുൻപ് മനോ എന്നെ പ്രോത്സാഹിപ്പിച്ചു.
"മദ്രാസ് ക്രിസ്ത്യൻ കോളേജ് -1964" ഇതായിരുന്നു എന്റെ പിടിവള്ളി. കോളേജ്
റെക്കോർഡുകളിൽ നിന്ന് എന്തെങ്കിലും വിവരം കിട്ടിയേക്കാം. അല്ലെങ്കിലും
ഇത്രയും മിടുക്കനായ ഒരു വിദ്യാർഥിയെക്കുറിച്ച് ആർക്കെങ്കിലും പറഞ്ഞു കേട്ട
അറിവെങ്കിലും ഉണ്ടാകും.
"നേരിട്ട് വന്നാൽ പഴയ റെക്കോർഡുകൾ തപ്പി നോക്കാം" എന്ന് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും മറുപടി കിട്ടി.
"നേരിട്ട് വന്നാൽ പഴയ റെക്കോർഡുകൾ തപ്പി നോക്കാം" എന്ന് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും മറുപടി കിട്ടി.
അദൃശ്യമായ കൊളുത്തുകളിൽ ആകാശത്ത് നിന്നും തൂങ്ങിക്കിടക്കുന്ന മേഘങ്ങൾ കടലിൽ
നിഴൽ വീഴ്ത്തുന്നതും നോക്കി ബാംഗ്ലൂർ-ചെന്നൈ ഫ്ലൈറ്റിന്റെ വിൻഡോ സീറ്റിൽ
ഞാനിരുന്നു. ഒരു ധ്യാനത്തിലെന്ന പോലെ. മനോ പറഞ്ഞത് പോലെ, ഇതൊരു വട്ടു
തന്നെയായിരിക്കും.
മദ്രാസ് ക്രിസ്ത്യൻ കോളേജിലെ പഴയ റെക്കോർഡുകളിൽ നിന്ന് 1964 M. Sc
ബാച്ചിലെ ഒരു L V ശ്രീനിവാസന്റെ അഡ്രസ് കിട്ടി. എന്നാൽ ഞാൻ
പ്രതീക്ഷിച്ചതു പോലെ ഒരു വീട്ടഡ്രസ് ആയിരുന്നില്ല അത്. എഗ്മോറിലെ
പോന്നൈയമ്മൻ കോവിൽ സ്ട്രീറ്റിലെ "വിനോളിയ വൈറ്റ് സോപ്പ്" കമ്പനിയുടെ ഓഫീസ്
അഡ്രസ്സാണ് എനിക്ക് കിട്ടിയത്.
"ഈ L V ശ്രീനിവാസനു M. Sc ക്ക് റാങ്കുണ്ടായിരുന്നോ?" അറിയാനുള്ള ഒരു കൌതുകം കൊണ്ട് ഞാൻ ചോദിച്ചു പോയി.
"L V ശ്രീനിവാസനെ രണ്ടാം വർഷം പകുതിക്കു വച്ച് സസ്പെണ്ട് ചെയ്തതായാണ് പഴയ ഇന്റെർണൽ റിമാർക്കിൽ കാണുന്നത്!" ക്ലാർക്ക് പറഞ്ഞു.
മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് എഗ്മൂറിലെയ്ക്കുള്ള ടാക്സിയിൽ
ഇരിക്കുമ്പോൾ മനസ്സിൽ പല ചോദ്യങ്ങളും തിരമാലകളെന്ന പോലെ വന്നു
കൊണ്ടിരുന്നു. "L V ശ്രീനിവാസൻ കോളേജിൽ നിന്ന് പുറത്താക്കപ്പെടാൻ
എന്തായിരിക്കാം കാരണം? ഈ വിനോളിയ വൈറ്റ് സോപ്പ് കമ്പനിയും ശ്രീനിവാസനും
തമ്മിലുള്ള ബന്ധമെന്തായിരിക്കും?"
പ്രായം അറുപതിനോടടുത്ത ഒരു പൂജാരി മാത്രമാണ് അമ്പലത്തിൽ ഉണ്ടായിരുന്നത്. മനോഹരമായി ഇംഗ്ലീഷ് സംസാരിക്കുന്ന, ഉയർന്ന മൂക്കും വീതിയുള്ള നെറ്റിത്തടവുമുള്ള ഒരു സുബ്രമണ്യ സ്വാമി. "വിനോളിയ വൈറ്റ് സോപ്പ് കമ്പനി" എന്ന് കേട്ടപ്പോൾ അദ്ദേഹത്തിന്റെ മുഖത്തൊരു പരിചിത ഭാവം.
"എന്റെ അച്ഛൻ കമ്പനിയിലെ ഒരു ക്ലാർക്ക് ആയിരുന്നു. അച്ഛന് വയസ്സ് നൂരിനോടടുത്തു. കാഴ്ചയും കേൾവിയും ഓർമയും കുറവാണ്. ഒരു പക്ഷെ കുട്ടി അന്വേഷിക്കുന്ന ആളെ അച്ഛന് പരിചയം കാണും."
അദ്ദേഹം പ്രതീക്ഷയോടെ പറഞ്ഞു. മങ്ങി നിന്ന എന്റെ ഉത്സാഹം തിരിച്ചു വന്നു. ഇരു വശവും ഫ്ലാറ്റുകൾ തിങ്ങിയ ഇടുങ്ങിയ തെരുവുകളിലൂടെ ജിജ്ഞാസയോടെ ഞാൻ സുബ്രമണ്യ സ്വാമിയെ പിന്തുടർന്നു.
തിളങ്ങുന്ന കല്ലു വച്ച ഒരു മൂക്കുത്തിക്കാരിയാണ് സുബ്രമണ്യത്തിന്റെ വീട്ടിൽ എന്നെ സ്വീകരിച്ചത്. കടുപ്പമുള്ള ഒരൗൺസ് ഫിൽറ്റർ കോഫിക്കൊപ്പം സുബ്രമണ്യ സ്വാമി എന്റെ വരവിന്റെ ഉദ്ദേശം അവരോടു വിവരിച്ചു.
വിനോളിയ വൈറ്റ് സോപ്പ് കമ്പനിയുമായി ബന്ധമുള്ള ഒരു L V ശ്രീനിവാസനെ അറിയില്ല എന്ന് സുബ്രമണ്യ സ്വാമിയുടെ അച്ഛൻ തറപ്പിച്ചു പറഞ്ഞു. പക്ഷെ, ദശാബ്ദങ്ങൾക്ക് മുൻപ് അടച്ചു പോയ ഒരു കമ്പനിയിലെ ആളെ തേടി ഇന്ന് ഞാൻ വരാനുള്ള കാരണം അദ്ദേഹത്തിനു കൗതുകകരമായി തോന്നിയിരിക്കണം. വളരെ പ്രയാസപ്പെട്ട് എന്റെ കഥ ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എല്ലാത്തിന്റെയും തുടക്കമായ ആ പുസ്തകം കാണിച്ചു.
അതും മറിച്ച് നോക്കി അദ്ദേഹം അൽപനേരം നിശബ്ദനായി.
"ഇത് വെങ്കിട്ട സ്വാമിയുടെ മകൻ ശ്രീനിയുടെ പുസ്തകമായിരിക്കണം." എന്റെ ഹൃദയമിടിപ്പ് ഉച്ചത്തിലാകുന്നത് ഞാൻ അറിഞ്ഞു. ഇതാ, അവസാനം ശ്രീനിവാസനെ അറിയാവുന്ന ഒരാളെ ഞാൻ കണ്ടു മുട്ടിയിരിക്കുന്നു.
എന്റെ ആവേശം തിരിച്ചറിഞ്ഞു അദ്ദേഹം പെട്ടെന്ന് പറഞ്ഞു.
"വെങ്കിട്ടസ്വാമിയും കുടുംബവും എഗ്മൂറിൽ ഇല്ല. വിനോളിയ വൈറ്റ് സോപ്പ് കമ്പനിയുടെ മാനേജർ ആയിരുന്നു ശ്രീനിയുടെ അപ്പ വെങ്കിട്ടസ്വാമി. ശ്രീനിവസൻ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ പഠിക്കുക്കയാണെന്നും വലിയ ബുദ്ധിമാനായിരുന്നെന്നും ഒക്കെ കേട്ടിട്ടുണ്ട്. ഞാൻ നേരിൽ കണ്ടിട്ടില്ല. പക്ഷെ..." സംശയിച്ചിട്ടെന്ന പോലെ അദ്ദേഹം ഒന്നു നിറുത്തി.
"കാലം ഇത്ര കഴിഞ്ഞത് കൊണ്ടും, ശ്രീനിയെ അന്വേഷിച്ച് ഇത്രയും ദൂരം വന്നത് കൊണ്ടും മാത്രം പറയാം. ശ്രീനി ഏതോ പോലീസ് കേസിൽ പെട്ടപ്പോൾ വെങ്കിട്ട സ്വാമിയും കുടുംബവും രാത്രിക്ക് രാത്രി പോണ്ടിച്ചേരിയിലേയ്ക്കു ഒളിച്ചോടി എന്നാണ് ഞാൻ കേട്ടത്. അതിൽ എത്ര സത്യമുണ്ട് എന്നറിയില്ല. വെറുമൊരു ക്ലാർക്കായ എനിക്ക് അതിലധികം അറിയാൻ അവസരം ഉണ്ടായില്ല."
അതിൽ കൂടുതൽ ഒന്നും അദ്ദേഹത്തിനു അറിയില്ലായിരുന്നു. പക്ഷെ എനിക്ക് നിരാശ തോന്നിയില്ല. ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ എത്രയോ സംഭവബഹുലമാണ് ശ്രീനിവാസന്റെ ജീവിതമെന്നു ഞാൻ അറിഞ്ഞു തുടങ്ങുകയായിരുന്നു.
ഒരു വശത്ത് മനോഹരമായ കടൽത്തീരവും, മറുവശത്ത് കൊച്ചു മുക്കുവ ഗ്രാമങ്ങളുമുള്ള ഈസ്റ്റ് കോസ്റ്റ് റോഡിലൂടെ കാർ പാഞ്ഞു കൊണ്ടിരുന്നു. "മാഡം ഇവിടെയാണ് എലിയറ്റ് ബീച്ച്.. ഇവിടെയാണ് മഹാബലിപുരം.." എന്നൊക്കെ ഡ്രൈവർ പറയുന്നുണ്ടായിരുന്നു. എന്നാൽ അതിലൊന്നും മനസ്സിനെ ലയിപ്പിക്കാൻ അനുവദിക്കാതെ ശ്രീനിവാസന്റെ പകുതി മുറിഞ്ഞ ജീവിതകഥ എന്നെ അലട്ടിക്കൊണ്ടിരുന്നു.
പോണ്ടിച്ചേരി തമിഴ് ക്വാർട്ടറിൽ ഒരു ലൈബ്രറിയുടെ പേര് സുബ്രമണ്യ സ്വാമി പറഞ്ഞു തന്നിരുന്നു. അവിടുത്തെ ലൈബ്രേറിയൻ സുബ്രമണ്യ സ്വാമിയുടെ ഒരു സുഹൃത്താണ്. പോണ്ടിച്ചേരിയിലെ പഴയ തമിഴ് താസക്കാരെക്കുറിച്ച് അയാൾക്ക് അറിവുണ്ടാകുമെന്നും എന്ന് സുബ്രമണ്യ സ്വാമി പറഞ്ഞിരുന്നു.
"ഒറോ ശിഖ " എന്ന സുഗന്ധദ്രവ്യക്കടയുടെ അടുത്തുള്ള ഒറ്റ മുറിയിലാണ് ആ വൃദ്ധനായ ലൈബ്രേറിയൻ താമസിച്ചിരുന്നത്. തമിഴ്നാട്ടിലെ എഗ്മോറിൽ നിന്ന് വന്നു താമസമാക്കിയ വെങ്കടസ്വാമി എന്ന ആരെയും അദ്ദേഹത്തിനു അറിയില്ല. അവസാന പിടിവള്ളിയായി, കണക്കിൽ മിടുക്കനായ ഒരു L V ശ്രീനിവാസനെ പരിചയമുണ്ടോ എന്ന് ചോദിച്ചു. അദ്ദേഹം ആശയക്കുഴപ്പത്തിലായി. "കണക്കിൽ മിടുക്കനായ ഒരു L V ശ്രീനിവാസൻ ഉണ്ട്. പക്ഷെ അത് നിങ്ങൾ അന്വേഷിക്കുന്ന ആളാകാൻ ഒരു സാധ്യതയുമില്ല."
"അദ്ദേഹത്തെ ഒന്ന് കാണാൻ സാധിക്കുമോ?" പ്രതീക്ഷയും ഉദ്വേഗവും ഇടകലർന്ന ശബ്ദത്തിൽ ഞാൻ ചോദിച്ചു.
"തിരക്കുള്ള ആളാണ്. എന്നാലും, വരൂ, ഒന്ന് പോയി നോക്കാം." എന്ന് പറഞ്ഞു കൊണ്ട് നടന്നു തുടങ്ങിയ അദ്ദേഹത്തെ ഞാൻ പിന്തുടർന്നു.
മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉയരുന്നു. ശ്രീനിവാസൻ ഒരു പ്രൊഫസർ ആയിരിക്കുമോ? അല്ലെങ്കിൽ ഒരു ബാങ്ക് മാനേജർ? ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് ലൈബ്രേറിയൻ "സുഭദ്ര സിൽക്സ്" എന്ന ഭീമൻ തുണിക്കടയ്ക്ക് മുന്നിൽ നിന്നു. മനോഹരമായി അലങ്കരിച്ച, നാലോ അഞ്ചോ നിലകളുള്ള ആഡംബരപൂർണ്ണമായ ഒരു വലിയ ഷോറൂം. എന്നെ പുറത്ത് നിറുത്തി കാഷ്യറോട് എന്തോ സംസാരിക്കാനായി അദ്ദേഹം അകത്തേക്ക് പോയി.
"വരൂ അദ്ദേഹം കാണാമെന്നു പറയുന്നു" കാഷ്യറാണ് ഞങ്ങളെ അകത്തേക്കു നയിച്ചത്.
കൈവിരലുകളിൽ സ്വർണ്ണമോതിരങ്ങളും, തടിച്ച മാലയും, സിൽക്ക് ഷർട്ടും അണിഞ്ഞ ഒരു അറുപതുകാരനെയാണ് ഞാൻ ഓഫീസിൽ കണ്ടത്. കണ്ട മാത്രയിൽ ഇതെന്റെ ശ്രീനിവാസനല്ല എന്നാണെനിക്കു തോന്നിയത്.
അദ്ദേഹം എന്നോട് ഇരിക്കാൻ പറഞ്ഞു. അധികം സംസാരിക്കാതെ ഞാൻ ശ്രീനിവാസന്റെ പഴയ പുസ്തകം അദ്ദേഹത്തിനു നീട്ടി. പ്രത്യേക ഭാവഭേദമൊന്നുമില്ലാതെ ആ പുസ്തകത്തിന്റെ പേജുകൾ മറിക്കവേ അദ്ദേഹം നിസംഗനായി പറഞ്ഞു.
"എന്റെ M Sc യുടെ പുസ്തകമാണിത്." അത്രമാത്രം. കൂടുതൽ ചോദ്യങ്ങളോ ഉത്തരങ്ങളോ ഉണ്ടായില്ല. ഞാനാരാണെന്നോ ഈ പുസ്തകം എന്റെ കയ്യിൽ എങ്ങനെയെത്തിയെന്നോ ചോദ്യമുണ്ടായില്ല. അല്പം ഈർഷലോടെ ഞാൻ ഇതുവരെയുള്ള എന്റെ യാത്രയുടെ കഥ അദ്ദേഹത്തോട് പറഞ്ഞു. ആ കവിതയെക്കുറിച്ച് പറഞ്ഞപ്പോൾ മാത്രം മുഖത്ത് ഒരു ഇടർച്ച വന്നുവോ എന്നെനിക്കു തോന്നി.
"അപ്പോൾ എന്റെ കഥയറിയണം അല്ലേ? ഇവിടെ ആരും എന്റെ പഴയകാലത്തെ പറ്റി ചോദിച്ചിട്ടില്ല. ഞാൻ പറഞ്ഞിട്ടുമില്ല. പക്ഷെ കുട്ടി എന്നെ അന്വേഷിച്ച് ഇത്രയും എത്തിയ സ്ഥിതിക്ക് പറയാൻ ഞാൻ ബാധ്യസ്ഥനാണ്. ഇപ്പോൾ ഞാൻ കുറച്ച് തിരക്കിലാണ്. വൈകുന്നേരം അഞ്ചു മണിക്ക് പ്രൊമനേഡിലുള്ള ലെ കഫെയിൽ വച്ച് കാണാം. " അതും പറഞ്ഞു അദ്ദേഹം തന്റെ തിരക്കുകളിലേക്ക് തിരിഞ്ഞു.
പ്രത്യേകിച്ച് മറുപടിയൊന്നും പറയാതെ ഞാൻ മുറി വിട്ടിറങ്ങി. ഞാൻ അന്വേഷിക്കുന്ന ശ്രീനിവാസൻ ഇത് തന്നെയാണെന്ന് എനിക്കുറപ്പായി. വാക്കിലും നോക്കിലും ഒരു ഗണിതജ്ഞന്റെ കൃത്യതയും കണിശതയും ശ്രീനിവാസനിൽ പ്രകടമായിരുന്നു.
ശ്രീനിവാസൻ പോണ്ടിച്ചേരിയിലെ അറിയപ്പെടുന്ന ഒരു ബിസിനസ്സുകാരനാണെന്നും, തെക്കേ ഇന്ത്യയിലെ മിക്ക പട്ടണങ്ങളിലും തുണിക്കടകളും ജ്വല്ലറികളും അദ്ദേഹത്തിനുണ്ടെന്നും, അവിവാഹിതനാണെന്നും ഒക്കെ കടയിലെ കാഷ്യർ എന്നോട് പറഞ്ഞു. ധനികനും ആരാധ്യനുമായ അദ്ദേഹത്തിന് ഒരു ഇരുണ്ട ഭൂതകാലം ഉണ്ടായിരുന്നെന്ന് വിശ്വസിക്കാൻ എനിക്ക് പ്രയാസം തോന്നി.
വൈകുന്നേരം കൃത്യം അഞ്ചു മണിക്ക് ഞാൻ അദ്ദേഹത്തെ ലെ കഫെയിൽ വച്ച് കണ്ടു. വേഷത്തിലും ഭാവത്തിലും യാതൊരു വ്യത്യാസവുമില്ല. സപ്ലയേഴ്സ് അദ്ദേഹത്തെ ആദരവോടെ സലാം വയ്ക്കുന്നത് ഞാൻ കണ്ടു. കടൽ ഭിത്തിക്കരികിലുള്ള തുറന്ന സ്ഥലത്തെ മേശയിലിരുന്നു അദ്ദേഹം മനോഹരമായ ഇംഗ്ലീഷിൽ സംസാരിച്ചു തുടങ്ങി. പ്രത്യേക മുഖവുരയൊന്നും കൂടാതെ തന്നെ.
"1965- ഞാൻ MSc ക്ക് പഠിക്കുന്ന കാലം. മാറ്റങ്ങളുടെ കാലമായിരുന്നു അത്. അപകടകരമായ ആത്മാഭിമാനത്തിന്റെയും. സ്വാതന്ത്ര്യാനന്തര ഭാരതം സമത്വത്തിന്റെയും സമൃദ്ധിയുടെയും പറുദീസയായിരിക്കും എന്ന് സ്വപ്നം കണ്ട റൊമാന്റിക് വിപ്ലവകാരികൾക്ക് കിട്ടിയ ആദ്യത്തെ അടിയായിരുന്നു വിഭജനം. അതിനു ശേഷം, കൊടിയ ദാരിദ്ര്യമായിരുന്നു. ലോക രാജ്യങ്ങൾക്ക് മുന്നിൽ ഭക്ഷണത്തിനായി പോലും ഇരക്കേണ്ട ഗതികേട് ഇന്ത്യക്കുണ്ടായി. നെഹ്രുവിന്റെ മരണത്തിനു ശേഷം രാഷ്ട്രീയമായ ഒരു അരക്ഷിതാവസ്ഥ നിലനിന്നിരുന്നു. സംസ്ഥാനങ്ങൾക്ക് കേന്ദ്ര ഭരണത്തിലെ വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. ആയിടക്കാണ് തെക്കേ ഇന്ത്യയെ പ്രത്യേകിച്ച് തമിഴ്നാടിനെ പിടിച്ചുലച്ച ഒരു സംഭവം ഉണ്ടാകുന്നത്. 1965-ൽ, കൃത്യമായി പറഞ്ഞാൽ റിപ്പബ്ലിക് ഇന്ത്യ ജനിച്ച് കൃത്യം പതിനഞ്ച് വർഷത്തിനു ശേഷം, ഇന്ത്യ ഒട്ടാകെ ഹിന്ദി ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കണം എന്ന കേന്ദ്ര സർക്കാർ നയത്തെ കടുത്ത അമർഷത്തോടെയാണ് തമിഴ്നാട് വീക്ഷിച്ചത്. കോളേജിലെ രാഷ്ട്രീയ ചർച്ചകളിൽ അതൊരു ചൂട് പിടിച്ച വിഷയമായിരുന്നു. പല പ്രധിഷേധ പദ്ധതികളും ഞങ്ങൾ ആസൂത്രണം ചെയ്തു. ആത്മാവിൽ അലിഞ്ഞ ഭാഷയിൽ നിന്നും മറ്റൊന്നിലെയ്ക്കുള്ള കൂടുമാറ്റം ആത്മഹത്യക്ക് തുല്യമാണെന്ന് ഞങ്ങൾ വിശ്വസിച്ചു. സമരം കോളേജിൽ നിന്ന് തെരുവുകളിലെയ്ക്ക് വ്യാപിച്ചു. പോലീസും വിദ്യാർഥികളും ഏറ്റുമുട്ടി. എത്രയോ നിസ്സാരം എന്ന് പ്രത്യക്ഷത്തിൽ തോന്നാവുന്ന ഒരു വിഷയം നിയന്ത്രണാതീതമായ അക്രമത്തിലും അനേകം മരണങ്ങളിലും കലാശിച്ചു. തമിഴ്നാടിന്റെ രാഷ്ട്രീയ തലവര മാറ്റി മറിച്ച ഒരു സംഭവമായിരുന്നു അത്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹാദൂർ ശാസ്ത്രി ഹിന്ദി ഭാഷാ നയം പിൻ വലിക്കാൻ നിർബന്ധിതനായി. സമരം ആസൂത്രണം ചെയ്ത വിദ്യാർഥി നേതാക്കളെ പോലീസ് തിരയാൻ തുടങ്ങി. എന്നെ അറസ്റ്റ് ചെയ്തേക്കുമെന്ന് എന്റെ അപ്പ ഭയന്നു. അക്രമം നടന്നതിനു പിറ്റേന്ന് രാത്രി കൈയ്യിൽ കിട്ടിയതെല്ലാം എടുത്ത്, അപ്പ ഞങ്ങളെയും കൊണ്ട് നാട് വിട്ടു. അന്ന് വൈകുന്നേരം സുഭദ്ര എന്നെ കാണാൻ വന്നിരുന്നു. അവൾക്കു ഞാൻ കൊടുത്ത പുസ്തകമാണ് കുട്ടിയുടെ കൈയിലുള്ളത്."
സുഭദ്ര ആരാണെന്ന് ഞാൻ ചോദിച്ചില്ല. ആ ചോദ്യത്തിനു പ്രസക്തിയുണ്ടെന്ന് തോന്നിയില്ല.
"പഠിത്തം തുടർന്നില്ലേ പിന്നെ? ഒരു ഗണിത ശാസ്ത്രജ്ഞനെയും പ്രതീക്ഷിച്ചാണ് ഞാൻ യാത്ര തുടങ്ങിയത്..." ഞാൻ മുഴുമിപ്പിച്ചില്ല.
"കണ്ടു മുട്ടിയത് ഒരു ജൗളിക്കടക്കാരനെ അല്ലെ?" അദ്ദേഹം ഒരു ചെറു പുഞ്ചിരിയോടെ തുടർന്നു.
"അമുദ കണക്കിലെ ഒപ്റ്റിമൈസേഷൻ പഠിച്ചിട്ടില്ലേ? എന്റെ ജീവിതവും ഒരു
ഒപ്റ്റിമൈസേഷൻ പ്രശ്നമായിരുന്നു. ഒരു വശത്ത് പോലീസ്, മറു വശത്ത് എന്നെ
പോലീസിനു വിട്ടു കൊടുക്കാതിരിക്കാൻ എല്ലാ സൗഭാഗ്യങ്ങളും ഉപേക്ഷിച്ച്
അഭയാർഥികളായ അപ്പയും പെങ്ങന്മാരും, ഈ പരിമിധികൾക്കുള്ളിൽ നിന്ന് വീണ്ടും
ഒരു കോളേജിൽ ചേർന്ന് ഗവേഷണം തുടരുക എന്നത് അപ്രായോഗികമായിരുന്നു.
കുറേക്കാലം ഒളിവിൽ കഴിയുക, പിന്നെ അധികമാരുടെയും ശ്രദ്ധയാകർഷിക്കാതെ
എന്തെങ്കിലും ബിസിനസ് തുടങ്ങി ജീവിതത്തിനെ മുഖ്യധാരയിൽ ലയിക്കുക. ജീവിതം
എനിക്ക് തന്ന ഏറ്റവും ഒപ്റ്റിമമായ ഒരു സൊലൂഷൻ അതായിരുന്നു. അത് ഞാൻ
സ്വീകരിച്ചു. ജീവിതത്തിന്റെ പിരിഞ്ഞു പോയ കൈവഴികളിലേയ്ക്ക് കണ്ണ്
നട്ടിരുന്നു മനസ്സ് വിഷമിപ്പിക്കാൻ ഞാൻ തയ്യാറായിരുന്നില്ല."
അദ്ദേഹം ലാഘവത്തോടെ പറഞ്ഞു നിറുത്തി. പകുതിയാക്കി വച്ച കാപ്പി കുടിക്കാൻ തുടങ്ങി. അലകൾ അടങ്ങിയ മനസോടെ ഞാൻ കടലിനെ നോക്കിയിരുന്നു.