സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!പുനര്‍ജ്ജന്മം

December 18, 2011 മഴനിലാവ്

ഉദയസൂര്യന്റെ കിരണങ്ങള്‍ ക്ഷേത്ര മുറ്റത്തെ ആല്‍മരത്തിന്റെ ശാഖകള്‍ക്കിടയിലൂടെ ധന്യയുടെ മുഖത്തേക്ക് ഒളിഞ്ഞും തെളിഞ്ഞും പതിച്ചുകൊണ്ടിരുന്നു ..കുടുംബ ക്ഷേത്രത്തില്‍ തൊഴുതു അവള്‍ ധൃതിയില്‍ വീട്ടിലേക്കു നടന്നു ..സമയം 7 മണി ആയി, എട്ടു മണിയുടെ ബസിനു പോകേണ്ടതാണ് .


വീട്ടിലെത്തിയതും അമ്മ ലക്ഷ്മിയുടെ പരാതി '' നിന്നോട് എപ്പോഴും പറയണോ മനുവിനെ കൂട്ടികൊണ്ട് പോകണം തൊഴാന്‍ പോകുമ്പോള്‍ എന്ന് ''

''ഓ അതിനു മനുവേട്ടന്‍ എഴുന്നേറ്റിട്ട് വേണ്ടേ ''

''ദെ പെണ്ണെ ..നീ എന്റെ കൈയ്യീന്ന് വാങ്ങിക്കും ..,ഞാന്‍ ഒരുങ്ങി വന്നപോഴേക്കും നീ മിണ്ടാതെ പോയ്കളഞ്ഞില്ലേ..'' ധന്യയുടെ ചേട്ടന്‍ മനുവിന്റെ വാക്കുകളില്‍ തെല്ലു നീരസം .

''എന്തായാലും ഞാന്‍ റെഡിയാ.,നീ വേഗം വല്ലോം കഴിച്ചിട്ട് വാ ..എക്സാം എഴുതാന്‍ പോകുവല്ലേ ..ബസിനു പോകണ്ട ..ഞാന്‍ കൊണ്ടുവിടാം ''

''അത് വേണ്ട ഏട്ടാ..ഞാന്‍ ബസിനു പോയ്കൊള്ലാം..,കാഞ്ഞിരത്തു നിന്നു ശീനയും ഉണ്ട് കൂട്ടിനു ..ഞങ്ങള്‍ ഒരുമിച്ചു പൊയ്കോളാം''

''എന്റെ കുട്ടീ ..അങ്ങ് പാലക്കാട്‌ വരെ പോകേണ്ടതാ .. മനു കൊണ്ട് വിടും നിന്നെ ..തിരിച്ചു നീയും ഷീനേം കൂടെ പോന്നോളൂ ..നിങ്ങടെ അച്ഛന്‍ ഉണ്ടായിരുന്നപ്പോള്‍ എവിടേലും നീ തനിച്ചു പോയിട്ടുണ്ടോ ..?അതിനു അച്ഛന്‍ സമ്മതിക്കാരുന്നോ? ഇവിടിപ്പോ എന്റെ വാക്കിനു എന്ത് വിലയാ ഉള്ളത് ..,അടുത്ത മാസം കല്യാണം കഴിച്ചു പോകേണ്ട കുട്ടിയല്ലേ നീയ് ..,ഒരു പി എസ് സി പരീക്ഷ എഴുതിയില്ലെങ്കില്‍ നിനക്ക് എന്താ പോണേ ..?പോകുന്നുണ്ടെങ്കില്‍ മനൂന്റെ കൂടെ ഇറങ്ങിയാ മതി ..അല്ലെങ്കില്‍ തന്നെ തിരിച്ചു വരുന്നോടം വരെ ന്റെ മനസ്സില്‍ തീയാ ..''

ലക്ഷ്മിയമ്മ പരാതികളുടെ കെട്ടുകള്‍ നിരത്തി .

''ഏട്ടാ ..എന്നാ പെട്ടെന്ന് വാ ..തിരിച്ചു ഞാന്‍ ഷീനെടെ കൂടെയേ വരുള്ളൂ ട്ടോ ''

''ഞാന്‍ എപ്പോഴേ റെഡി ..,നിനക്കല്ലേ എന്റെ കൂടെ വരാന്‍ മടി ..അവിടെ എക്സാം എഴുതാന്‍ വരുന്ന പെണ്‍കുട്ടികളെ ഒന്ന് വായ്‌ നോക്കാന്‍ കിട്ടുന്ന അവസരം ഞാന്‍ കളയൂല മോളെ.. ''

മനുവിന്റെ വാക്കുകളില്‍ സന്തോഷം തിരതല്ലി.

എരിഞ്ഞുകൊണ്ടിരിക്കുന്ന വിളക്കിന് മുകളില്‍ പുഞ്ചിരിയോടെ നിശ്ചലമായിരിക്കുന്ന  അച്ഛന്റെ പ്രതിരൂപത്തെ തൊഴുതു അമ്മയോട് അനുഗ്രഹം വാങ്ങി ഇറങ്ങിയപ്പോള്‍ ധന്യയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി .

''അവള്‍ടെ ഒരു പൂക്കണീരു ..വന്നു ബൈക്കില്‍ കേറ് നീ..''
മനു തിരക്ക് കൂട്ടി .

സിനിമ സ്റ്റൈലില്‍ വളച്ചും തിരിച്ചും മനു അതിവേഗതയില്‍ ബൈക്ക് ഓടിച്ചുകൊണ്ടിരുന്നു ..
ധന്യയുടെ മൊബൈല്‍ ശബ്ദിച്ചു.
ജെറോം ആണ് .. മൊബൈല്‍ സൈലെന്സില്‍ ആക്കി ..പിന്നെയും നിര്‍ത്താതെ മൊബൈല്‍ അടിച്ചുകൊണ്ടിരുന്നു ..,അവള്‍
റിജെക്റ്റ് ബട്ടണ്‍ അമര്‍ത്തികൊണ്ടിരുന്നു .

ധന്യയെ പരീക്ഷസേന്റെരില്‍ കൊണ്ടെത്തിച്ചു മനു തിരിച്ചു പോന്നു ..,

''എക്സാം കഴിഞ്ഞു ഷീനെടെ കൂടെ അവിടേം ഇവിടേം കറങ്ങി തിരിഞ്ഞു നിക്കാതെ വേഗം വീട്ടില്‍ എത്തികോണം ''
എന്ന് മുന്നറിയിപ്പും കൊടുത്തു .

മനു പോയെന്നു ഉറപ്പായപ്പോള്‍ അവള്‍
ജെറോമിനെ വിളിച്ചു
''നീ എവിടെയാ ...,ഞാന്‍ വിക്ടോറിയ കോളേജിന്റെ ഗ്രൗണ്ടില്‍ ഉണ്ട് ..ഏട്ടനാ കൊണ്ടേ വിട്ടത് അതുകൊണ്ട് ബസ്‌ സ്ടാണ്ടില്‍ ഇറങ്ങാന്‍ പറ്റിയില്ല ''

''ധന്യ ..നീ അവിടെ തന്നെ നില്‍ക്ക്..,റിയാസും ദിനേശും ഒക്കെ വണ്ടി കൊണ്ട് വരും ..,ഞാന്‍ അവരോടു വിളിച്ചു പറയാം ..,അപ്പോയെക്കും ഞാനും സനലും കൂടെ രെജിസ്ടര്‍ ഓഫീസിലേക്ക് പോകാം ..അവിടെ കുറച്ചു കാര്യങ്ങള്‍ അറേഞ്ച് ചെയ്യാന്‍ ഉണ്ട് ..നീ അവരുടെ കൂടെ രെജിസ്ടര്‍ ഓഫീസിലേക്ക് വന്നാല്‍ മതി ..,പത്തര ആകുംപോയെക്കും എത്തണം വൈകരുത് ..''

''ശരീ ..പക്ഷെ എനിക്ക് പേടിയാകുന്നു ..കുഴപ്പമാകുമോ ..നിന്നെ വിശ്വസിച്ചാ ഞാന്‍ വന്നിരിക്കുന്നത് ..എന്റെ അമ്മേം മനുഎട്ടനേം ഓര്‍ക്കുമ്പോള്‍ എന്റെ മനസ്സ് പതറുന്നു ..''

''ഇതൊന്നു കഴിഞ്ഞോട്ടെ..നമുക്ക് അവരെ സാവധാനത്തില്‍ പറഞ്ഞു മനസിലാക്കാം ..,അവര്‍ സമ്മതിക്കും ..പിന്നെ നമുക്ക് ആചാരപ്രകാരം നീ പറയുന്നയിടത്തു കല്യാണം നടത്താം ..നീ ഇങ്ങനെ വിഷമിച്ചാല്‍ ഞാന്‍ തളര്‍ന്നുപോകും ...''

''ഓക്കേ ..,ഞാന്‍ അവരുടെ കൂടെ വന്നോളാം ..നീ പൊയ്ക്കോ...''

പരീക്ഷ എഴുതാന്‍ വേണ്ടി കോളേജിലേക്ക് തള്ളികയറൂന്നവരുടെ തിരക്ക് ..,അവള്‍ ആ തിരക്കില്‍ നിന്നൊഴിഞ്ഞു ഒരു കോണിലേക്ക്
മാറി നിന്നു .

കലാലയ ജീവിതത്തിന്റെ ഓര്‍മകളിലേക്ക് അവള്‍ വഴുതി വീണു .
കളിചിരികളുടെ കൂട്ടത്തില്‍ വീണു കിട്ടിയ ഒരു സുഹൃത്തായിരുന്നു ജെറോം .
കോളേജ് മുറ്റത്തെ ആല്‍മരത്തിന്റെ ചുവടുകളില്‍ ധന്യയുടെ
ഗ്യാന്ഗ് കുശലം പറഞ്ഞു
നേരമ്പോക്കിയപ്പോള്‍ അവളറിയാതെ പിന്തുടര്‍ന്നെത്തി ജെറോം ..സൌഹൃദത്തിനുമപ്പുറം അവള്‍ക്കുവേണ്ടി വികാരങ്ങള്‍ സൂക്ഷിച്ചിരുന്ന അവന്റെ പ്രണയ വലയത്തിനുള്ളിലാവാന്‍
ധന്യക്ക്‌ അതികനാള്‍ വേണ്ടി വന്നില്ല ..

വര്‍ഷങ്ങള്‍ ദിവസങ്ങള്‍ പോലെ കൊഴിഞ്ഞുപോയ്ക്കൊണ്ടിരുന്നു ..മധുര സ്വപ്നങ്ങളുടെ രാവുകള്‍ ..,കോളേജിലെ ഇടവേളകളുടെ ദൈര്‍ഗ്യം കൂടിയിരുന്നെങ്കില്‍ എന്ന് ആശിച്ചു പോയ ദിനങ്ങള്‍ ..
പ്രണയത്തിന്റെ മാസ്മരിക ശക്തി അവരെ വീണ്ടും വീണ്ടും അടുപ്പിച്ചു ...

കലാലയജീവിതം എന്നേക്കുമായി പടിയിറങ്ങേണ്ട ദിവസം
വന്നപ്പോള്‍ അവര്‍ തിരിച്ചറിഞ്ഞു പിരിയുവാന്‍ കഴിയാതെ വണ്ണം അടുത്തുകഴിഞ്ഞിരിക്കുന്നു എന്ന് ..

ഈ ബന്ധത്തെ കുറിച്ചു അറിഞ്ഞ ലക്ഷ്മിയമ്മ ശക്തമായി എതിര്‍ത്തു .., പെങ്ങളെ ഒരു നായര്‍ പയ്യന് മാത്രമേ വിവാഹം ചെയ്തുകൊടുക്കുകയുള്ളൂ എന്ന് മനുവും .
എല്ലാം അറിഞ്ഞു സ്വീകരിക്കാന്‍ തയ്യാറായി മുറ ചെറുക്കനും..
ധന്യയുടെ കണ്ണ് നീര്‍ വിലപോയില്ല ..
കവടി നിരത്തി..തടസ്സങ്ങള്‍ ഒന്നുമില്ല.
ജാതക പൊരുത്തം കെങ്കേമം ..തീയതിയും നിശ്ചയിച്ചു.

ദിവസങ്ങള്‍ നീങ്ങികൊണ്ടിരുന്നു ..എല്ലാ വിവരങ്ങളും ജെറോം
അറിഞ്ഞുകൊണ്ടുമിരുന്നു ..രണ്ടു മതങ്ങള്‍ ആണ് എന്ന
ഒറ്റ കാരണത്താല്‍ ധന്യയെ വിട്ടുകളയാന്‍ അവന്‍ തയ്യാറല്ലായിരുന്നു ..,ജെറോമിന്റെ നിര്‍ബന്ധത്തിനോടുവില്‍ അവന്റെ വീട്ടുകാര്‍ പിന്തുണ നല്‍കി ..ഒരു സുരക്ഷയ്ക്ക് വേണ്ടി ആദ്യം
വിവാഹം രേജിസ്റെര്‍ ചെയ്യുക ..
പിന്നീട് മതാചാരപ്രകാരം കല്യാണം .

പി എസ് സി എക്സാമെന്നും പറഞ്ഞു വീട്ടില്‍ നിന്നു ഒരു ഒളിച്ചോടല്‍ ..
ആരൊക്കെ ക്ഷമിച്ചാലും തന്നെ വിട്ടുപോയ അച്ഛന്‍ ക്ഷമിക്കുമോ ..
അമ്മ ഇതറിയുമ്പോള്‍ എങ്ങനെ സഹിക്കും ..മനുവേട്ടനെ തനിക്കു എന്നെന്നേക്കുമായി നഷ്ട്ടപെടില്ലേ ..കുറെ ദിവസങ്ങള്‍ മനസ്സില്‍
കൊണ്ട് നടന്ന ചോദ്യങ്ങള്‍ പിന്നെയും ഉയര്‍ന്നുവന്നു ..

എന്നാല്‍ ജെറോം ഇല്ലാത്ത
ജീവിതത്തെ കുറിച്ച് ചിന്തിക്കുവാന്‍ പോലും അവള്‍ക്കു കഴിയുന്നില്ല..ഹൃദയം കൊളുത്തിവലിക്കുന്ന വേദന ആണ് അങ്ങനെ ഓര്‍ക്കുമ്പോള്‍ പോലും ..

ധന്യയുടെ കണ്ണുകള്‍ നിറഞ്ഞോഴുയുകയാണ് ..കണ്ണുനീര്‍ മുന്നിലുള്ള ദൃശ്യങ്ങളെ അവ്യക്തമാക്കി കൊണ്ടിരുന്നു ..ജെറോമിന്റെ സുഹൃത്തുക്കളുടെ വാഹനവും പ്രതീക്ഷിച്ചു അവള്‍ ഗ്രൌണ്ടിന്റെ ഒരു ഭാഗത്തായി നിന്നു ..

ജെറോംപറഞ്ഞത് പോലെ വൈറ്റ് സാന്റ്രോ കാര്‍ വന്നു നിന്നു ..

ധന്യയുടെ കാലുകള്‍ വിറയ്ക്കാന്‍ തുടങ്ങി..,അവള്‍ ചുറ്റും നോക്കി ..,ആരും ശ്രദ്ധിക്കുന്നില്ല എന്ന് തോന്നുന്നു ..
അവള്‍ ആകെ വിയര്‍ത്തുകുളിച്ചിരുന്നു ..
ധന്യയേം കൊണ്ട് കാര്‍ ചീറിപാഞ്ഞു..

രെജിസ്ടര്‍ ഓഫീസില്‍ അക്ഷമനായി കാത്തുനില്‍ക്കുകയാണ് ജെറോമും സുഹൃത്ത് സനലും ..അവന്‍ വാച്ചിലേക്ക് നോക്കി സമയം പത്തര ..
മൊബൈല്‍ ശബ്ദിച്ചു ..

''ഡാ ഇത് ഞാന്‍ ആണ് റിയാസ് ..,ഞങ്ങള്‍ അവളെ പിക് ചെയ്യാന്‍ ഇവിടെ വന്നു ..പക്ഷെ ധന്യയെ കാണുന്നില്ല ..,അവളുടെ മൊബൈല്‍ നമ്പറും തന്നില്ലല്ലോ നീ ..,അവള്‍ അവിടെ വന്നോ ..?

''ഇല്ലെട നിങ്ങള്‍ നന്നായി നോക്ക് അവള്‍ അവിടെ എവിടെയെങ്കിലും നില്‍പ്പുണ്ടാവും ..,കുറച്ചുമുന്പേ കൂടി ഞാന്‍ അവളെ വിളിച്ചതാണല്ലോ''

ഇത് പറഞ്ഞു വെച്ച് ഉടനെ ജെറോം ധന്യയെ മൊബൈലില്‍ വിളിച്ചു ..,

പക്ഷെ നോട്ട് റീചബിള്‍ ആണ് ..

ഹൃദയമിടിപ്പ്‌ കൂടി കൂടി വന്നു ..അവന്‍ ആകെ പരവശനായി ..
ഈശോയെ ഇവള്‍ എവിടെ പോയി..ആരോട് ചെന്ന് ചോദിക്കും ..
അവന്റെ മുഖത്തു ഭീതി നിഴലിട്ടു.

സനല്‍ തുരുതുരാ ഫോണ്‍ ചെയ്തു കൊണ്ടിരുന്നു ..പക്ഷെ നിരാശ ആയിരുന്നു ഫലം ..

സമയം നീങ്ങികൊണ്ടിരുന്നു ..,രേജിസ്ട്രാര്‍ ഊണ് കഴിക്കാനായി
ഓഫീസ് പൂട്ടിപോയി.
ജെറോം ആകെ കുഴങ്ങി കസേരയിലിരുന്നു ..,
അവന്റെ ചിന്തകള്‍ കാട് കയറി ..ഇനീ അവള്‍ക്കു എന്തെങ്കിലും ആപത്തു ..ദൈവമേ ..ശ്വാസം നിലക്കുന്നതുപോലെ ..

റിയാസും ദിനേശും സനലും ധന്യക്കായുള്ള തിരച്ചില്‍ തുടര്‍ന്നു..
അവരുടെ കൂടെ ജെറോമും ..

കോളേജ് പരിസരം..,ബസ്‌ സ്റ്റാന്റ് ..,റെയില്‍വേ സ്റ്റേഷന്‍, അങ്ങനെ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളും അവര്‍ അരിച്ചുപെറുക്കി .
അവള്‍ വീട്ടില്‍ എത്തിയിട്ടില്ല എന്ന് ഉറപ്പുവരുത്താന്‍ ജെറോമിന്റെ പെങ്ങളെകൊണ്ട് ധന്യയുടെ വീട്ടിലും വിളിപ്പിച്ചു .
ഇല്ല അവള്‍ അവിടെയും എത്തിയിട്ടില്ല ..

ജെരോമും സുഹൃത്തുക്കളും ഭയവിഹ്വലരായി ..

അവസാനം റിയാസ് ആണ് പറഞ്ഞത്.

''എടാ നമുക്ക് പോലീസില്‍ അറിയിച്ചാലോ ..,പക്ഷെ ചിലപ്പോള്‍
നമ്മള്‍ എല്ലാവരും കുടുങ്ങും ..വാദി പ്രതി ആകും ''

ഏവരും ജെറോമിനെ ദയനീയമായി നോക്കി.

''അതെ ..നമുക്ക് പോലിസ് സ്ടഷനിലേക്ക് പോകാം ''
ജെറോമിന്റെ വാക്കുകളില്‍ ഒരു അസ്വാഭാവിക ധൈര്യം കലര്ന്നു.

അവന്റെ കണ്ണുകള്‍ ചുവന്നു കലങ്ങിയിരുന്നു .

ജെറോമിന്റെ മൊബൈല്‍ ശബ്ദിച്ചു
''ധന്യ കോളിംഗ് '' മൊബൈല്‍ സ്ക്രീനില്‍ തെളിഞ്ഞുവന്ന അക്ഷരങ്ങളിലേക്ക് അവന്‍ വീണ്ടും വീണ്ടും നോക്കി.

ആകാംഷക്ക്‌ വിരാമമിട്ടുകൊണ്ട് അവന്‍
കാള്‍ അറ്റന്‍ഡ് ചെയ്തു .
''ധന്യാ ..നീ എവിടെയാ..നിനക്കെന്തു പറ്റീ..,എത്ര നേരമായി ഞങ്ങള്‍ നിന്നെ തിരക്കി നടക്കുവാ ..''
ജെറോമിന്റെ വാക്കുകളില്‍ സങ്കടവും പരിഭവവും .

''സിറ്റി ഹോസ്പിറ്റലില്‍ നിന്നാണ് വിളിക്കുന്നത്‌ ..,നിങ്ങള്‍ എത്രയും പെട്ടെന്ന്ഇവിടെ വരണം ''
മറുതലക്കല്‍ ഒരു പരുക്കന്‍ സ്വരം .

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ശ്മശാന മൂകത അവരുടെ
ഇടയില്‍ തളം കെട്ടി . ജെറോമിന്റെ കണ്ണുകള്‍ നിറഞൊഴുകുകയായിരുന്നു..,റിയാസും കൂട്ടരും ആശ്വസിപ്പിക്കുവാന്‍ വാക്കുകളില്ലാതെ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു.

ആശുപത്രി മുറ്റത്തു കാര്‍ നിര്‍ത്തി അകത്തേക്ക് നടക്കുമ്പോള്‍ ജെറോമിന്റെ കാലുകള്‍ വിറക്കുന്നുണ്ടായിരുന്നു.
ഡോക്ടറുമായി സംസാരിച്ചു പുറത്തേക്കിറങ്ങിയ ജെറോമിന്റെ കണ്ണുകള്‍ ചുവന്നു കലങ്ങിയിരുന്നു .

റൂം നമ്പര്‍ ഏഴു ലക്ഷ്യമാക്കി അവന്‍ വേഗത്തില്‍ ഓടി..,
റിയാസിനും കൂട്ടര്‍ക്കും ഒന്നും മനസിലായില്ല ..,
അവരും ജെറോമിന്റെ പിന്നാലെ ഓടി .

കിടക്കയില്‍ പാതിമയക്കത്തില്‍ ധന്യ.
''മോളെ..എന്നാലും എനിക്ക് നിന്നെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ ..എന്നെ വിശ്വസിച്ചു ഇറങ്ങി വന്നിട്ട് ...''
അവളുടെ കിടക്കയിലേക്ക് വീണു കരയുകയാണ് ജെറോം.

അര്‍ദ്ധനിദ്രയില്‍ നിന്നും അവള്‍ മെല്ലെ കണ്ണുകള്‍ തുറന്നു ..
സുന്ദരമായ ആ കവില്തടങ്ങളും ചുണ്ടുകളും
കാമാര്‍ത്തി പൂണ്ട മനുഷ്യ മൃഗങ്ങള്‍ വികൃതമാക്കി കളഞ്ഞിരിക്കുന്നു.
ജെറോം അവളുടെ വിരലുകളില്‍ വിരലോടിച്ചുകൊണ്ട് അവളെ ദയനീയമായി നോക്കി ..
കണ്ണുകള്‍ കോര്‍ത്തിണക്കാന്‍ അവര്‍ ഏറെ പാടുപെട്ടു..
ആരോടൊക്കെയോ ഉള്ള പകയുടെ അഗ്നി അവളുടെ കണ്ണുകളില്‍ ആളികത്തുന്നത് അവന്‍ കണ്ടു ..

വിജനമായ ഉള്ക്കാടിന്റെ ഭയാനകമായ നിശബ്ദതയില്‍ ഒരു കാട്ടുചെന്നായയെക്കാളും ക്രൂരമായി തന്റെ ശരീരത്തെ കടിച്ചു കീറിയ ഭ്രാന്തന്മാരോടുള്ള തീര്‍ത്താല്‍ തീരാത്ത പക..
നിമിഷങ്ങള്‍ക്കകം ആ പക കണ്ണുനീരിനു വഴിമാറി ..
ജീവനുതുല്യം സ്നേഹിച്ച അമ്മയെയും ഏട്ടനേയും കബളിപ്പിച്ച കുറ്റബോധം .
തന്റെ എല്ലാമായിരുന്ന ജെറോമിന് വേണ്ടി കാത്തു
സൂക്ഷിച്ചതൊക്കെയും അപഹരിക്കപെട്ടുപോയല്ലോ എന്ന നഷ്ട്ട ബോധം .

ഇവിടെ ആരാണ് തെറ്റ് ചെയ്തത് ?
താനോ..?സമൂഹമോ ? അതോ പ്രണയമോ?

ധന്യയുടെ മനസ്സ് നുറുങ്ങുകയാണ്..പെറുക്കി കൂട്ടുവാന്‍ പോലും കഴിയാത്ത വിധം ചെറു കഷണങ്ങളായി ..

ജെറോം അവളുടെ നെറുകയില്‍ ചുംബിച്ചു ..
സകല ശക്തിയും സംഭരിച്ചു അവള്‍ അവനെ തട്ടി മാറ്റി ..

''മോളെ ഞാന്‍ ..''
അവന്‍ അര്ധോക്തിയില്‍ നിര്‍ത്തി .

''ജെറോം ഒരു ഉപകാരം ചെയ്യുമോ ..?''
അവളുടെ മുഖത്തു അപേക്ഷാഭാവം.

''നിനക്ക് വേണ്ടി ഞാന്‍ എന്തും ചെയ്യും..''
ജെറോമിലെ കാമുകന്‍ സട കുടഞ്ഞെഴുന്നേറ്റു.

''എന്നെ ഒന്ന് കൊന്നു തരുമോ ..''
ധന്യ വിതുമ്പി .

ഒരു നിമിഷത്തേക്ക് മൂകത .
പിന്നെ പൊട്ടി കരച്ചില്‍ ..
കണ്ണുനീര്‍ പ്രളയം .

**********************
രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം.

''ധന്യാ ദേ അമ്മയുടെ ഫോണ്‍ ..,നീ ഇങ്ങു വന്നെ ..,അല്ലേല്‍ വേണ്ട.., ഞാന്‍ അങ്ങോട്ട്‌ വരാം ..''
ജെറോം മുറിയില്‍ നിന്ന് അവളുടെ അടുത്തേക്കോടി .

''ആരാ ..അമ്മയാണോ??''
അവളുടെ കണ്ണുകള്‍ വിടര്‍ന്നു ..മുഖത്തു ചിരി തെളിഞ്ഞു വന്നു .

''എനിക്ക് സുഖാണമ്മേ..ഇല്ല അമ്മെ വോമിടിംഗ് ഒക്കെ കുറവുണ്ട് ..ഇപ്പോള്‍ ആറു മാസം ആയില്ലേ ..അടുത്ത മാസം
 അങ്ങോട്ട്‌ വരാല്ലോ ..അമ്മയുടെം മനുഎട്ടന്റെം അടുത്തേക്ക്‌ ..''
അവള്‍ വാചാലയായി .

ജെറോം അവളെ കണ്കുളിര്‍ക്കെ നോക്കി നിന്നു.
''നമ്മുടെ മോള്‍ക്ക്‌ എന്ത് പേരാണ് ഇടേണ്ടത് ''
ഫോണ്‍ സംസാരം കഴിഞ്ഞ ധന്യയോടു ജെറോമിന്റെ ചോദ്യം.

''ഇചായനോട് ആരാ പറഞ്ഞെ ഇത് മോള്‍ ആയിരിക്കുമെന്ന് ..,
എന്റെ മനസ്സ് പറയുന്നു മോന്‍ ആയിരിക്കുമെന്ന് ..''
അവളുടെ മുഖം നാണം കൊണ്ട് ചുവന്നു.

ജെറോം അവളെ ചേര്‍ത്തു നിര്‍ത്തി ചെവിയില്‍ എന്തോ മന്ത്രിച്ചു ..
അവള്‍ നിര്‍ത്താതെ കിലുകിലെ ചിരിച്ചുകൊണ്ടിരുന്നു .

അപ്പോള്‍ അങ്ങ് ദൂരെ ആകാശത്തു ഉരുണ്ടുകൂടിയ
കാര്‍മേഘങ്ങള്‍ മഴയായി പെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ..

മഴയെ ഏറ്റുവാങ്ങാന്‍ കാത്തിരിക്കുന്ന
വൃക്ഷങ്ങള്‍ സന്തോഷ നൃത്തമാടി ..
ഒരു ഇളംതെന്നലായി അത് അവരെ തഴുകികൊണ്ടിരുന്നു ..സ്നേഹപൂര്‍വ്വം,
ലിയ ആന്‍.
http://www.mazhanilaavu-lee.blogspot.com/

ഒരു തീവണ്ടി ഉദ്ഘാടനം ചെയ്യാന്‍ പോയ കഥ

December 16, 2011 ദീപുപ്രദീപ്‌07:50
ഏഴേമുക്കാലിന്‍റെ ലോക്കലിനു വേണ്ടി വീട്ടീന്നെറങ്ങിയപ്പഴത്തെ ടൈമാണ് (എങ്ങനണ്ട് ?). ഇന്‍സൈഡൊക്കെ സ്റ്റോപ്പിലേക്ക് ഓടുന്ന വഴിക്ക് ചെയ്തു (നമുക്ക് ലുക്സ് വേണ്ടേ ?), പക്ഷെ കീര്‍ത്തി എന്നെ കാത്തുനിക്കാതെ പോയി (ആയിട്ടില്ല, ഇതല്ല മ്മടെ നായിക, ഇത് കീര്‍ത്തി ബസ്സ്‌). യാത്ര ക്യാന്‍സല്‍ ചെയ്തു ഞാന്‍ തിരിച്ചു വീട്ടിലേക്കു നടന്നു.
"അല്ലാ, എവിടുന്നാപ്പ ഇത്ര രാവിലെ ?"
ആ പസ്റ്റ്, ബസ്സ്‌ പോയി നിക്കുന്നവനോട് ചോദിക്കാന്‍ പറ്റിയ ചോദ്യം. കീര്‍ത്തി പോയ വിഷമം ഞാന്‍ അവിടെ തീര്‍ത്തു .
"രാത്രി കാക്കാന്‍ പോയി വര്യാ, കൊറച്ച് ലേറ്റ് ആയി ". പിന്നെ ചോദ്യങ്ങളുണ്ടായില്ല.

07:55
വീടിന്‍റെ പടിക്കലെത്തിയപ്പോഴുണ്ട് ഫ്രീക്കുസ്മാന്‍ പള്‍സറില്‍ പെടപ്പിച്ചു വരുന്നു. എന്‍റെ മുന്നില്‍ വെച്ച് അവന്‍ അതിന്‍റെ ഡിസ്ക് ബ്രേക്ക് ടെസ്റ്റിംഗ് നടത്തി. എന്നിട്ട കൂളിംഗ് ഗ്ലാസ്സൂരാതെ ഒറ്റ ചോദ്യം, " കുറ്റിപ്പുറത്തിക്ക്ണ്ട്രാ ?"
'അല്ലങ്കെ,  കൈകൊട്ടി വിളിച്ചാലും നിര്‍ത്താതെ പോണ മൊതലാ, ഇന്നെന്താണാവോ ഇങ്ങനെ ?'
ഞാന്‍ ചാടികേറി അള്ളി പിടിച്ചിരുന്നു. അവന്റെ 'സ്മാരക' ഡ്രൈവിങ്ങ് എന്നെകൊണ്ട്‌ കുറ്റിപ്പുറത്തെത്തും വരെ ശരണം വിളിപ്പിച്ചു (ശബരിമല കേറുമ്പോപോലും ഞാന്‍ ഇത്രേം ശരണം വിളിച്ചിട്ടില്ല )

08:00
ആരോടെയോ ഗുരുത്വം കൊണ്ട് കുറ്റിപ്പുറത്തെത്തി. എടപ്പാള്‍ ഹോസ്പിറ്റലില്‍ എത്തേണ്ടതായിരുന്നു (വഴിയില്‍ രണ്ടു മൂന്നു 'ടര്‍ണിങ്ങ് പോയന്റു'ണ്ടായിരുന്നു, പക്ഷെ എതിരെ വന്ന വണ്ടിയുടെ ഡ്രൈവര്‍മാര്‍ക്ക് പണിയറിയാവുന്നത് കൊണ്ട് കഴിച്ചിലായി).
ഉസ്മാനെ ഞാന്‍ കെട്ടിപിടിച്ചു നന്ദി പറഞ്ഞു.
ലോക്കല് അന്നാദ്യമായി പതിവ് തെറ്റിച്ച് കൃത്യസമയത്തിന് പോയി.
"പുത്യേ ഇന്‍റര്‍സിറ്റി ഇന്ന് ഓട്ടം തൊടങ്ങാ, അതാ ലോക്കല് ഇന്ന നേരത്തെ പോയത്". ട്രെയിന്‍ പോയി കഷ്ടം വെച്ചിരിക്കുന്ന ഒരു സീസണ്‍ ടിക്കറ്റുകാരന്റെ വ്യസനം കേട്ടു.

പെട്ടന്നെന്‍റെ തലയില്‍ ഒരു ബള്‍ബ് കത്തി. ബസ്സില്‍ കോഴിക്കോട്ടെത്താന്‍ പത്തരയാവും, അമ്പതുപ്പ്യേം പോയി കിട്ടും. കുറ്റിപ്പുറത്ത് സ്റ്റോപ്പില്ലാത്ത പുത്യേ ഇന്‍റര്‍സിറ്റിക്ക് തിരൂരില്‍ നിന്ന 8.55ന് കേറിയാല്‍ 9.40ന് കോഴിക്കോടെത്താം. അതുമാത്രമല്ല ഒരു ചുറ്റിക്കളി വേറെ കെടക്കണ്ട്. ഒരു ട്രെയിനിന്റെ കന്നിയാത്രയില്‍ ഹാജര്‍ പറയാന്‍ പറ്റാന്നു പറഞ്ഞാ അതൊരു വെയിറ്റാണ്. കുംബമേള വരണ പോലെയാണ് കേരളത്തിന്‌ പുത്യേ ട്രെയിന്‍ അനുവദിച്ചുകിട്ടാറ്‌, അതോണ്ട് അതികാര്‍ക്കും ഈയൊരു ക്രെഡിറ്റുണ്ടാവില്ല. ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ഇട്ടാല്‍ മിനിമം പത്തു ലൈക്കെങ്കിലും കിട്ടും.

08:05
അങ്ങനെ ഞാന്‍ പാലക്കാട് - മംഗലാപുരം ഇന്‍റര്‍സിറ്റി ഉദ്ഘാടനം ചെയ്യാനായി തിരൂരിലേക്ക് ബസ്സ് കയറി. അവടെത്താനെടുത്ത 45 മിനുട്ടും ഞാന്‍  ഫേസ്ബുക്കിലും ട്വിറ്റെറിലും ഇടേണ്ട സ്റ്റാറ്റസിനെ കുറിച്ചാലോചനയിലായിരുന്നു. ഇംഗ്ലീഷല്ലേ ? ഗ്രാമര്‍ തെറ്റിയാല്‍ ക്ഷീണാണ്. പറ്റുമെങ്കില്‍ തീവണ്ടിടെ മുന്നില്‍ നിന്നൊരു ഫോട്ടോയുമെടുക്കണം ( 3.1 മെഗാ പിക്സല്‍ )

08:50
തിരൂര്‍ സ്റ്റേഷന്‍. ബസ്സിറങ്ങി ഓടിപെടഞ്ഞ് സ്റ്റേഷന്‍റെ ഉള്ളില്‍ ചെന്നപ്പോഴേക്കും, അലങ്കരിച്ചു വൃത്തികേടാക്കിയ തീവണ്ടി എത്തിയിരുന്നു. അവിടെ അടുത്ത വാഗണ്‍ ട്രാജഡി സൃഷ്ടിക്കാനുള്ള ആള്‍ക്കാരുണ്ട്. ഭാഗ്യത്തിന് ഒക്കെ തീവണ്ടി കാണാന്‍ വന്നവരായിരുന്നു. അല്ല , ഇതുപോലുള്ള ദിവസം യാത്ര ചെയ്യാനും വേണം ഒരു യോഗം (ജാഡ ജാഡ).

ഞാന്‍ മുന്നില്‍ കണ്ട കമ്പാര്‍ട്ട്മെന്റിലേക്കു ചാടികയറി.
തെന്താത്.... ലേഡീസ് ഹോസ്റ്റലില്‍ കേറിയ പോലുണ്ടല്ലോ !!  മനസ്സില്‍ ലഡ്ഡു ഭരണിയോടക്കനെ പൊട്ടുകയായിരുന്നു, അമ്മാതിരി കളക്ഷനാ ഉള്ളില്‍ !! ഇതുഗ്രന്‍ സ്കീമാണല്ലോ ,ഇനി എന്നും ഇങ്ങനെതന്നെ വരണം .
"ഇത് ലേഡീസ് കമ്പാര്‍ട്ട്മെന്ടാ...."
പോയി, സകലതും പോയി. അക്കൂട്ടത്തിലെ ഏറ്റവും ഗ്ലാമറുള്ള പെണ്‍കുട്ടിയാണ് അത് പറഞ്ഞത്, അതാ കൂടുതല്‍ സങ്കടം.
പുറത്തെക്കിറങ്ങുമ്പോള്‍ ഞാന്‍ ഒന്നൂടെ തിരിഞ്ഞു നോക്കി, സങ്കടം കൂടി. അടുത്ത കമ്പാര്‍ട്ട്മെന്റിലേക്ക്......

പുതിയ  വണ്ടിയാണെന്ന് പറഞ്ഞിട്ടെന്താ ? ഇന്ത്യന്‍ റെയില്‍വേടെ ട്രേഡ്മാര്‍ക്ക് നാറ്റം അതേപോലുണ്ട്. ഫോണ്‍ നമ്പരുകൊണ്ട് ചുമര്‍ ചിത്രകല തുടങ്ങിയിട്ടില്ല , ആശ്വാസം.
പെട്ടന്ന്‍ ആ കാഴ്ച ഞാന്‍ കണ്ടു , വെള്ള ചുരിദാറിട്ട ഒരു പെണ്‍കുട്ടി ഇരിക്കുന്നു , ഓപ്പോസിറ്റ് ഒരു കാലി സീറ്റും ! എന്‍റെ ടൈം !! ഒറ്റ കാഴ്ച്ചയില്‍ തന്നെ പ്രേമം തൊടങ്ങി.  ഇരുന്നൂ.....

08:55
ഡ്രൈവര്‍ തീവണ്ടിയുടെ കിക്കറടിച്ചു, ഫസ്റ്റിട്ടു, ആക്സിലേട്ടറില്‍ ചവിട്ടി, വണ്ടി നീങ്ങി തുടങ്ങി. കന്നിയാത്രക്ക് പച്ചക്കൊടി വീശാന്‍ കൊണ്ഗ്രസ്സുകാരും മാര്‍ക്കിസ്റ്റുകാരുമൊക്കെയുണ്ടായിരുന്നു. ലീഗുകാര് ഇത് കണ്ട് ഉള്ളില്‍ ചിരിക്കുന്നുണ്ടാവും, ടീംസ് പച്ച കൊടിയല്ലേ വീശുന്നത് !!
ഞാന്‍ ബാഗില്‍നിന്നും 'ദ ഹിന്ദു' എടുത്തു, കുട്ടി നോക്കി. ആണ്ട്രോയിഡ് ഫോണെടുത്തു പാട്ടുവെച്ചു, കുട്ടി ചിരിച്ചു.

കുട്ടി മാതൃഭൂമി ആഴ്ച പതിപ്പ് വായിക്കാണ്. ശിവനെ ....എന്റെ കയ്യിലുമുണ്ടല്ലോ അതുപോലൊരു കോപ്പി ! താനൂര് സ്റ്റേഷനെത്തുമ്പോ പുറത്തെടുത്ത്, കുട്ടീടെ മുഖത്ത് നോക്കി ലൈറ്റായിറ്റൊന്നു ചിരിക്കണം, കുട്ടി വീണു !

09:05
മൊബൈലില്‍ ഒരു പ്രേമ ഗാനം, ♪♪ മറന്നോ നീ നിലാവില്‍ നമ്മളാദ്യം....♪♪   അത് കേട്ടപ്പോഴാണ് മറന്നത് ഓര്‍മ്മ വന്നത്. സീസണ്‍ ടിക്കറ്റിന്റെ ഡേറ്റ് ഇന്നലെ തീര്‍ന്നിരിക്കുന്നു !
ട്വിസ്റ്റ്
.
.
.
.
.
.
ഉദ്ഘാടന ദിവസം തന്നെ ടി.ടി.ഇ ക്ക് പണിയുണ്ടാക്കാനാണോ ഞാന്‍ മെനകെട്ടു വന്നത് ?
'ന്നാലും ന്റെ അഹമ്മദിക്കാ.....ഇങ്ങനൊരു ദുല്‍മ് ഇങ്ങള് നീല പെയിന്റടിച്ച് ന്റെ അടുത്തിക്കെന്നെ വിട്ടല്ലോ ??'.
ഫ്രീക്കുസ്മാന്‍ ഇന്ന് മുന്നില്‍ കൊണ്ട് വന്നു ബൈക്ക് നിര്‍ത്തി വിളിച്ചു കേറ്റിയപ്പോഴേ ഞാന്‍ അപകടം മണക്കേ ണ്ടതായിരുന്നു.

സീറ്റില്‍ നിന്നൊഴിയാന്‍ ഞാന്‍ തീരുമാനിച്ചു. ഇനി കഷ്ടകാലത്തിനു ടി.ടി.ഇ വന്നു പോക്കിയാലും (എന്റെ ഇന്നത്തെ സ്ഥിതി വെച്ച് നോക്കിയാല്‍ അത് സംഭവിച്ചിരിക്കും) കുട്ടി അതറിയരുത്, ഇമേജ് പോവും. ഞാന്‍ സീറ്റില്‍ നിന്നും നീക്കേണ്ട താമസം ഒരു യുവകോമളന്‍ അവിടേക്ക് ചാടി വീണു. പട്ടി, തെണ്ടി. ഓന്റെ കയ്യില്‍ ഐ ഫോണാ അതാ പേടി !
കുട്ടി അടുത്ത സ്റ്റോപ്പിലിറങ്ങണേന്നു പ്രാര്‍ഥിചിട്ടും കാര്യമില്ല, ഇനി കോഴിക്കോടെ സ്റ്റോപ്പുള്ളൂ. വേദന കടിച്ചമര്‍ത്തി ഞാന്‍ വാതിലിനടുത്തേക്ക് നടന്നു. കാലാകാലങ്ങളായി, ടിക്കറ്റെടുക്കാത്ത മഹാന്‍മാര്‍ക്കായി റിസേര്‍വ് ചെയ്തു വെച്ച സ്ഥലമാണല്ലോ അവിടം.

ഞാന്‍ അവിടെ നിക്കുന്നവരുടെയെല്ലാം മുഖത്തേക്ക് നോക്കി. എല്ലാത്തിന്റെയും മുഖത്ത് ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ പോണ പോലുള്ള കോണ്‍ഫിഡന്‍സുണ്ട്. അതോടെ കമ്പനിക്കാളെ കിട്ടില്ലെന്നുറപ്പായി.
അവിടെ നിന്ന് ഞാന്‍ മിനുട്ടുകളെണ്ണി.

09:40
കല്ലായി സ്റ്റേഷന്‍. നോക്കിയാ കാണുന്ന ദൂരത്ത് കോഴിക്കോട് സ്റ്റേഷന്‍.വണ്ടി സ്ലോ ആവുന്നു. ഞാന്‍ രക്ഷപെടാന്‍ ഇനി ഏതാനും മിനുട്ടുകള്‍ മാത്രം ബാക്കി.
അല്ലെങ്കിലും നല്ല കാര്യങ്ങള്‍ നടക്കാനാണല്ലോ മണിക്കൂറുകളും വര്‍ഷങ്ങളും വേണ്ടി വര്യാ. ഇതുപോലുള്ള പണി വരാന്‍ സെക്കണ്ടുകള്‍ തന്നെ ധാരാളമാണ്. കോട്ടിട്ട ആ രൂപം എന്‍റെ തൊട്ടടുത്ത്! ഒന്നര മാസമായി ഞാന്‍ കോഴിക്കോട്ടേക്ക് ഡെയിലി പോണു, ഇതിനിടയില്‍ ദൂരത്തു നിന്ന് പോലും ഈ സാധനത്തിനെ എനിക്ക് കാണാന്‍ കിട്ടിയിട്ടില്ല. ടുഡേ ഈസ് മൈ ഡേ!!

ഞാന്‍ കാലാവധി കഴിഞ്ഞ ടിക്കറ്റെടുത്ത് നീട്ടി. വില്ലന്റെ മുഖത്ത് ചിരി, ഹലാക്കിലെ ചിരി. വളരെ മയത്തിലാണ് തുടങ്ങിയത് .
"മോനെ, ഡേറ്റ് കഴിഞ്ഞതാണല്ലോ. ഉദ്ഘാടന ദിവസം തന്നെ ഓസിനു യാത്ര ചെയ്യാന്‍ നാണമില്ലേ ?"
അയാള്‍ക്ക് പതുക്കെ സംസാരിക്കാന്‍ അറിയില്ലായിരുന്നു. വളരെ പെട്ടന്ന് തന്നെ ഞാന്‍ കമ്പാര്‍ട്ട്മെന്റിലെ താരമായി മാറി. എല്ലാവരും ശ്രദ്ധിക്കുന്നു, കുട്ടി കൂടുതല്‍ ശ്രദ്ധിക്കുന്നു .
"ഒറ്റ ദിവസമല്ലേ, തെറ്റിയിട്ടുള്ളൂ ? ഇന്നാദ്യത്തെ ഓട്ടമല്ലേ , പ്ലീസ് സാര്‍ ...."
ഞാന്‍ അടവുകളോരോന്നായി പുറത്തെടുക്കാന്‍ തുടങ്ങി.
"ഫൈന്‍ അടക്കണം, 307 രൂപ." കോട്ടിട്ട കാലന്‍ കട്ട സ്പിരിറ്റിലാ.
ഞാന്‍ കുട്ടിയെ നോക്കി, എല്ലാം കുട്ടി കേള്‍ക്കുന്നുണ്ട്. കേള്‍ക്കാത്തത് ഐഫോണുകാരന്‍ ഡബ്ബ് ചെയ്ത് പറഞ്ഞു കൊടുക്കുന്നു.
'ഇന്ന്‍ ഈ കമ്പാര്‍ട്ട്മെന്റില്‍ രണ്ടു കൊലപാതകവും, ഒരു ആത്മഹത്യയും നടക്കും.'

09:45
വണ്ടി കോഴിക്കോടെത്തി.
'ഇറങ്ങി ഓടിയാലോ ?' എന്‍റെ ഉള്ളിലെ കുരുട്ടു ബുദ്ധിക്കാരന്‍ സജഷന്‍ വെച്ചു. പക്ഷെ ഉള്ളിലെ കാമുകന്‍ ആ സജഷന്‍ സ്പോട്ടില് തള്ളി, 'കുട്ടി കണ്ടാല്‍ മോശാണ്'.
യാത്രക്കാര്‍ ഓരോരുത്തരായി  ഇറങ്ങാന്‍ തുടങ്ങി. ഞങ്ങളുടെ കലാപരിപാടി കഴിഞ്ഞിട്ടില്ലായിരുന്നു.
"50,100,150....." ഞാന്‍ ഒരറ്റത്ത് നിന്ന്‍ പിടിച്ചു തുടങ്ങി . പക്ഷെ ചങ്ങായി അടുക്കണില്ല.
അപ്പോഴാണ്‌ അതുണ്ടായത്‌, അവളുണ്ട് എന്‍റെ മുഖത്തേക്ക് നോക്കി ആക്കിയൊരു ചിരിയും ചിരിച്ച് ആ  ഐഫോണ്‍ ചുള്ളന്റെ ഒപ്പം ഇറങ്ങി പോണു! ഹിന്ദുവും ആഴ്ചപതിപ്പും ഇല്ലാതെ അവന്‍ പണി പറ്റിച്ചിരിക്കുന്നു!! അതാണ്‌ അവസാനം.

പോക്കറ്റില്‍ നിന്നും മുന്നൂറ്റി പത്തു ഉറപ്പ്യ എടുത്ത് നീട്ടി, ഞാന്‍ ഏന്‍ഡ് ഡയലോഗടിച്ചു,
"ഇന്നാ, പൈസ കൊണ്ടോയി പെട്ടീലിട്ടോ. ഇങ്ങള് ഇതൊണ്ട് കല്ലത്താക്കീത് ഒരു പ്രേമാണ്, ഇങ്ങളോട് ദൈവം ചോയിച്ചോളും "
ബാക്കി വാങ്ങാതെ ഞാന്‍ പുറത്തേക്കു നടക്കുമ്പോഴും ഇഷ്ടന്‍ ആലോചിക്കുകയായിരുന്നു ഫൈനും പ്രേമവും തമ്മിലുള്ള ബന്ധം ഇന്ത്യന്‍ റെയില്‍വേയുടെ ഇതു നിയമത്തിലാണ് പറഞ്ഞിട്ടുള്ളത് എന്ന്.

ദീപു പ്രദീപ്‌ 
www.deepupradeep.blogspot.com

വൈഖരി

December 14, 2011 അനില്‍കുമാര്‍ . സി. പി.


(ദുബായ്‌ ഭാവന ആര്‍ട്സ്‌ സൊസൈറ്റി പുരസ്കാരം നേടിയ കഥ)

പ്രേതനഗരത്തിലേക്കുള്ള മൂന്നാംനമ്പര്‍ ബസ്സിന്‍റെ സൈഡ് സീറ്റിൽ ഇരുന്ന് പാര്‍വതി പുറത്തേക്കു നോക്കി. എത്ര വര്‍ഷങ്ങൾ കഴിഞ്ഞിരിക്കുന്നു ഈ ചൂള മരങ്ങൾ കണ്ടിട്ട്. കാലം തളര്‍ത്താത്ത  കരുത്തോടെ ഓര്‍മ്മകളുടെ തിരകൾ മനസ്സിലേക്ക് അടിച്ചു കയറി. അവള്‍ കണ്ണുകള്‍ ഇറുകെ അടച്ചു. പക്ഷെ താളം തെറ്റിയ ഹൃദയത്തിന്‍റെ മിടിപ്പുകൾ ഇടിമുഴക്കം പോലെ കാതിൽ മുഴങ്ങിക്കൊണ്ടേയിരുന്നു.

ലഗ്ഗേജ് റാക്കിലെ പെട്ടിയില്‍ നിന്നും ക്യാമറ എടുത്തു വൈഖരി തിരിഞ്ഞു  നോക്കിയപ്പോൾ കണ്ടത് വിയര്‍ത്തു കുളിച്ച പാര്‍വതിയുടെ മുഖം ആണ്.

അമ്മേ..എന്താ ഇത് ... വിഷമിക്കില്ല എന്നെനിക്ക് വാക്ക് തന്നത് കൊണ്ടല്ലേ നമ്മള്‍ ഈ യാത്രയ്കൊരുങ്ങിയത്?’

അതിനു ഞാന്‍ വിഷമിച്ചില്ലല്ലോ ... ഭയങ്കര ചൂട്അതാ ഇങ്ങനെ വിയര്‍ക്കുന്നെ.

വിയര്‍പ്പിനോപ്പം ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചു പാര്‍വതി ചിരിച്ചു. ആ ചിരിയില്‍ ഒളിപ്പിച്ച വേദനയുടെ കടലാഴം കാണാനാവാതെ വൈഖരി അമ്മയെ ചേര്‍ത്ത് പിടിച്ചു അടുത്തിരുന്നു. സഞ്ചാരികളുടെയും തീര്‍ത്ഥാടകരുടെയും ദേവഭൂമി ആയിരുന്ന തകര്‍ന്ന പട്ടണത്തിന്‍റെ അവശേഷിപ്പുകള്‍ക്കിടയിലൂടെ ബസ്സ്‌ അതിവേഗം ഓടിക്കൊണ്ടിരുന്നു.

ഉയർന്നു പൊങ്ങുന്ന പൊടിക്കപ്പുറം വെയിൽ ഉരുകി വീഴുന്നു. അതിനുമപ്പുറം തിരയില്ലാത്ത കടൽ രഹസ്യങ്ങളുടെ കാവൽ‌ക്കാരിയേപ്പോലെ മയങ്ങിക്കിടന്നു.

വൈഖരിയുടെ തോളിൽ ചാരി മെല്ലെ കണ്ണടച്ചു. മനസ്സില്‍ കാലത്തിന്റെ താളുകള്‍ ഒരോന്നായി മറിഞ്ഞു.

എം. ഏ. മലയാളം ക്ലാസ്സിന്‍റെ ആദ്യദിവസം. ജനാലക്കരികിൽകോളേജ് ഗ്രൌണ്ടിൽ പൂത്തുലഞ്ഞ വാകമരങ്ങളും നോക്കി നിൽക്കുകയായിരുന്നു അനന്തൻ.

ഈ വാകപ്പൂവുകൾക്ക് കത്തുന്ന സൌന്ദര്യമാണല്ലേ?’
ഞെട്ടിത്തിരിഞ്ഞ അനന്തൻ തന്റെ കണ്ണുകളിലേക്ക് നോക്കി മെല്ലെ തലകുലുക്കി.

പിന്നെ എപ്പോഴോ വാകമരത്തണലിൽ കവിത ചൊല്ലിയിരുന്ന ഒരു പകലിലാണ് അവൻ എന്നോട് പറഞ്ഞത്,

പാറൂനിന്നെ ആദ്യം കണ്ട ദിവസം ഞാൻ ഇപ്പോഴും ഓർക്കുന്നുചിരിക്കുമ്പോൾ മിന്നിമറയുന്നൊരു  നുണക്കുഴി. ആത്മവിശ്വാസം ജ്വലിക്കുന്ന കണ്ണുകൾ.

ലൈബ്രറിയിലെ തടിച്ച പുസ്തകങ്ങൾക്കിടയിൽ, കട്ടിക്കണ്ണടക്കുള്ളിൽ അവന്റെ കണ്ണുകൾ പലപ്പോഴും തിളങ്ങുന്നത് അറിഞ്ഞു. ക്ലാസ്സിലെ ചർച്ചകൾക്കിടയിൽ സ്വകാര്യമായി പങ്കു വെക്കുന്ന പുഞ്ചിരികൾ...റന്നു.

ഡിബേറ്റുകളിൽ തന്‍റെ  വാദമുഖങ്ങൾ ശക്തിയുക്തം വാദിച്ചു ജയിക്കുമ്പോൾ അവന്റെ നിശ്ശബ്ദ സാന്നിധ്യം എന്നും തന്റെ കരുത്തായിരുന്നു. നോട്ടുബുക്കിന്റെ താളുകളിൽ താൻ കുറിച്ചുവെക്കുന്ന കവിതകളെ നിശിതമായി വിമർശിക്കുമ്പോൾ വാടിപ്പോകുന്ന മുഖത്തു നോക്കി അവൻ പറയും,

'പാറൂഇങ്ങനെ എന്തെങ്കിലും എഴുതി നിന്റെ കഴിവുകൾ പാഴാക്കരുത്.’ 

പിന്നെ എന്റെ കവിതകൾ തിരുത്തി അവൻ ഈണത്തിൽ ചൊല്ലും.

അവസാന വർഷ പരീക്ഷ കഴിഞ്ഞ് പടിയിറങ്ങുമ്പോൾ നിശ്ശബ്ദരായിരുന്നു.  പൂത്തുലഞ്ഞ കൊന്നമരത്തിനു ചുവട്ടിൽ മൌനത്തിനു കനം കൂടിയപ്പോൾ പാർവ്വതി മെല്ലെ ചോദിച്ചു,

ഇനി ഞാൻ പൊക്കോട്ടേ?’

അനന്തൻ അന്നാദ്യമായി അവളുടെ കയ്യിൽ മെല്ലെ പിടിച്ചു ...

പാർവ്വതീ ... ഇനിയുള്ള കാലവും നമുക്ക് ഒന്നിച്ച് തന്നെ കഴിഞ്ഞുകൂടേ?’

നോട്ടുബുക്കിൽ നിന്നു ചീന്തിയെടുത്ത ഒരു കടലാസ്സിൽ വീട്ടിലേക്കുള്ള വഴി  കുറിച്ചു  കൊടുത്ത് യാത്ര പറഞ്ഞ് നടക്കുമ്പോഴും അനന്തൻ തന്നെയും നോക്കി നിൽക്കുന്നുണ്ടായിരുന്നു.

മാർച്ചിന്റെ വേനൽ‌പ്പൂവുകൾ നെറുകയിൽ കൊഴിഞ്ഞു വീണു.

നല്ല ആളാണല്ലോആദ്യരാത്രിയായിട്ട് ഞാൻ വരുന്നതിനു മുമ്പെ ഉറക്കമായോ?’

'
വായിച്ചു കിടന്ന് മയങ്ങിപ്പോയതറിഞ്ഞില്ല’ അനന്തൻ നിഷ്കളങ്കമായി ചിരിച്ചു.

വായിച്ചു കൊണ്ടിരുന്ന പുസ്തകം നെഞ്ചിൽ നിന്നെടുത്ത്കണ്ണട ഊരി മേശപ്പുറത്ത് വെച്ച് ജനാല തുറന്നു..

അനന്താനല്ല നിലാവ്... നമുക്ക് അല്പനേരം പുറത്തിരുന്നാലോ?’

വരാന്തയുടെ അരികില്‍ മച്ചിലേക്ക് പിടിച്ചു കെട്ടിയ മുല്ലവള്ളികളിൽ പൂവിരിയുന്ന സുഗന്ധം.

 
ചേർത്തു പിടിക്കാൻ തുടങ്ങിയ അനന്തന്റെ കൈ തന്‍റെ കയ്യിലെടുത്തു.

അനന്താഈ രാവിൽ നിനക്കു ഞാൻ ഒന്നും തരില്ല. നാളെ നമുക്കൊരു സ്ഥലത്ത് പോകണം. കടലും മലയും കൈ കോർക്കുന്ന ഒരു ദേവഭൂമിയിൽ. അവിടെ കടലിന്‍റെ സംഗീതം കേട്ട് കിടക്കുമ്പോൾകടൽക്കാറ്റ് താരാട്ടിനെത്തുമ്പോൾ നിനക്ക് ഞാനെന്നെ തരും.
'അമ്മേ .....'

വൈഖരിയുടെ വിളികേട്ട് പാര്‍വതി ഓര്‍മയിൽ നിന്നും ഉണര്‍ന്നു ...

'അതാ നോക്ക് അമ്മെ ...ഒരു റെയില്‍വേ സ്റ്റേഷന്റെ അവശിഷ്ടങ്ങള്‍.. ബോര്‍‍ഡ്‌ ഇപ്പോഴും ഉണ്ട് .. ധനുഷ്ക്കൊടി...'


'ഉം.....ഇതിപോള്‍ ധനുഷ്കോടി അല്ല.. ഒരു പ്രേത നഗരം..' പാര്‍വതി പിന്നെയും ഓര്‍മ്മയുടെ തിരകളിൽ വീണൊഴുകി..

കടകട ശബ്ദം മുഴക്കി ഓടുന്ന 653 നമ്പര്‍ പാസ്സഞ്ചര്‍ ട്രെയിന്‍. അതിലിരുന്നു  അനന്തന്‍ തന്നോടു  ജീവിതത്തെപറ്റിയും സ്നേഹത്തെപറ്റിയും ഒരുപാടു സംസാരിച്ചു അന്ന് .. പിന്നെ ഖലില്‍ ജിബ്രാന്‍റെ പ്രവാചകൻ എന്ന പുസ്തകം തുറന്നു അതില്‍ സ്നേഹത്തെപറ്റി പറഞ്ഞിരിക്കുന്നത് വായിച്ചു കേള്‍പ്പിച്ചു...

സ്നേഹത്തിന്‍റെപാത കടുത്തതും ദുര്‍ഘടവും ആണെങ്കിലും സ്നേഹം വിളിക്കുമ്പോള്‍ അതിന്റെ പാതയിലൂടെ നിങ്ങൾ പോവുക തന്നെ വേണം സ്നേഹത്ത്തിന്റെ ഗതിയെ നിയന്ത്രിക്കാൻ ശ്രമിക്കരുത്..  നിങ്ങള്‍ അര്‍ഹാരാനെന്കിൽ നിങ്ങളുടെ ഗതി സ്നേഹം നിയന്ത്രിച്ചു കൊള്ളും.
   
ട്രെയിനിനു വേഗം കുറഞ്ഞു തുടങ്ങിയിരിക്കുന്നു. അല്പസമയത്തിനകം ഒരു കൊച്ചു സ്റ്റേഷനിൽ കിതച്ചു കിതച്ചു വണ്ടി നിന്നു.

പാറൂസ്റ്റേഷനെത്തി... ഇറങ്ങണ്ടേ?’

കണ്ണു തിരുമ്മി പാർവ്വതി പുറത്തേക്ക് നോക്കി. ഒച്ചയും ബഹളവും ഒന്നുമില്ലാത്ത ഒരു സ്റ്റേഷൻ. കൊളോണിയൽ രീതിയിലുള്ള ഒരു കൊച്ചു കെട്ടിടം.ബോർഡിൽ നോക്കിയ പാർവ്വതിയുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

സ്റ്റേഷനു പുറത്ത് വല്ലപ്പോഴും വീണു കിട്ടുന്ന യാത്രക്കാരേയും കാത്തു കിടക്കുന്ന സൈക്കിൾ റിക്ഷകളുംകുതിരവണ്ടികളും.

അനന്താനമുക്കൊരു കുതിരവണ്ടിയിൽ പോയാലോ?’


കടൽക്കരയോട് ചേർന്ന് മണൽ‌പ്പരപ്പിലൂടെയുള്ള റോഡ്.  റോഡിന്റെ മറുവശത്ത് ചൂളമരങ്ങൾ. ഓർത്തിരിക്കാത്ത നേരത്ത് അലറിപ്പാഞ്ഞ് റോഡരികിലോളം എത്തുന്ന തിരകൾ.

കിന്നരിത്തൊപ്പി വെച്ച പാറാവുകാരൻ കാവൽ നിൽക്കുന്ന മനോഹരമായ ഒരു കെട്ടിടത്തിനു മുന്നിൽ കുതിരവണ്ടി നിന്നു. ഹോട്ടലിലെ റിസപ്ഷിനിസ്റ്റിനോട് കടലിലേക്ക് തുറക്കുന്ന ബാൽക്കണിയുള്ള മുറി തന്നെ ചോദിച്ചു വാങ്ങി.


ബാൽക്കണിയിൽ കടൽക്കാറ്റിന്‍റെ കുളിര്. പുതച്ചിരുന്ന ഷാൾ രണ്ടുപേരുടേയും തോളിലൂടെ പുതച്ച്ഒരു കൈ കൊണ്ട് അവനെ ചുറ്റിപ്പിടിച്ചു.

ഈ അസ്തമയവുംനാളത്തെ പുലരിയും എനിക്ക് നിന്നോടൊപ്പം തന്നെ കാണണം.

അനന്തൻ തന്നെ ചേർത്തു പിടിച്ചപ്പോൾ എന്തിനോ കണ്ണുകൾ നനഞ്ഞു.

തുറന്നിട്ട ജനാലയിലൂടെ കടൽക്കാറ്റിനൊപ്പം കടന്നു വന്ന നിലാവ് തന്റെ നഗ്നതയിൽ അലകളിളക്കി! മൂക്കിൻ‌തുമ്പിലെ വിയർപ്പൊപ്പിയ അനന്തന്റെ ചുണ്ടുകൾ പൊള്ളിച്ചു. ചരിഞ്ഞു കിടന്ന് അവനെന്റെ കണ്ണുകളിലേക്ക്  നോക്കി ... നാണം കൺപോളകളിൽ ചിത്രശലഭങ്ങളായി മുത്തമിട്ടു. നിറമാറുകളുടെ ചൂടിൽ മുഖം പൂഴ്ത്തി വീണ്ടും കുസൃതി കാട്ടാൻ തുടങ്ങിയ അവന്‍റെ കൈകൾ കയ്യിലെടുത്തു.

അനന്താഎനിക്കുറപ്പുണ്ട് ... ഈ രാവ് നമുക്കൊരു സമ്മാനം തരും...

ഉം?’

വൈഖരി .... നമ്മുടെ മോൾ...

മോളാണെന്ന് ഇത്ര ഉറപ്പാണോ?’ അവൻ ചിരിച്ചു.

അതേ ... എനിക്കുറപ്പുണ്ട്’  താൻ ശുണ്ഠിക്കാരിയായി!

പിന്നെ അവന്റെ ചുണ്ടുകളിൽ കനലെരിഞ്ഞത് ചുണ്ടുകൾ അറിഞ്ഞു.

രാവിലെ കൈകൾ കോർത്ത് പടികൾ ഓടിയിറങ്ങി വരുന്നതു കണ്ടപ്പോൾ റിസപ്ഷനിസ്റ്റ് പറഞ്ഞു,

സാർനല്ല കാറ്റുണ്ടായേക്കും എന്ന് പറയുന്നുകടൽതിരത്തേക്കൊന്നും  പോകാതിരിക്കുകയാവും നല്ലത്

കടപ്പുറത്ത് പുലരിയുടെ ഈറൻ‌കാറ്റ്. നീണ്ട്കിടക്കുന്ന പഞ്ചാരമണലിനെ തലോടി ശാന്തമായി കിടക്കുന്ന കടൽ. പുതയുന്ന മണലിൽ കാലടികൾ
ചിത്രങ്ങളുണ്ടാക്കുന്നതും നോക്കി കൈകൾ കോർത്ത് മെല്ലെ നടന്നു.  കാലടിശ്ബ്ദം കേട്ട് ചുവന്ന ഞണ്ടുകൾ മാളത്തിൽ ഓടിയൊളിച്ചു. 


ദൂരെ കടലിൽ ഉയർന്നു നിൽക്കുന്ന ഗന്ധമാദന പർവ്വതം. അവിടേക്ക് പാർവ്വതി കൈ ചൂണ്ടി.

അനന്താനീയെന്നേ അവിടെ കൊണ്ടു പോകുമോ?’

പിന്നേ ...

അല്പം വലിയൊരു തിര കാലടികളെ  നനച്ച് തിരിച്ചു പോയി. കടലിറങ്ങിയ കരയിൽ മനോഹരമായ ഒരു ശംഖ്. അനന്തൻ കണ്ണിലേക്ക് നോക്കിപിന്നെ അതെടുക്കാനായി മുന്നോട്ട് നടന്നു. പൊടുന്നനെയാണ് ഒരു ഹുങ്കാരവം കേട്ടത് ... കണ്ണടച്ചു തുറക്കുന്നതിനു മുൻപ് തൊട്ടു മുന്നിൽ അലറിപ്പാഞ്ഞു വരുന്നൊരു തിര.

പാറൂ ഓടിക്കോളൂ ...’ അലറിപ്പറഞ്ഞ് കൊണ്ട് അനന്തൻ തന്‍റെ നേർക്ക് ഓടി. കുറച്ച് മുന്നോട്ട് ഓടി തിരിഞ്ഞു നോക്കി... കടലിലേക്ക് തിരിച്ചു പോകുന്ന തിരയുടെ മുകളിൽ ഒരു നിമിഷം അനന്തന്‍റെ  കൈകൾ ഉയർന്നു താണു!

കണ്ണു തുറക്കുമ്പോൾ അലറിക്കരയുകയുംനെഞ്ചത്തടിക്കുകയും ഒക്കെ ചെയ്യുന്ന കുറെ മനുഷ്യരുടെ നടുവിലായിരുന്നു താൻ. ചുറ്റും തകർന്നടിഞ്ഞ കെട്ടിടങ്ങളും  പിഴുതെറിയപ്പെട്ട മരങ്ങളും ... ഹോട്ടൽ നിന്ന സ്ഥാനത്ത് തകർന്നടിഞ്ഞൊരു ഇഷ്ടിക കൂമ്പാരം ... ഒരു പ്രേതഭൂമി!

ഒരു കുലുക്കത്തോടെ ബസ് നിന്നു. ഒരു ചെറിയ ബസ് സ്റ്റഷൻ. ബസ്സിൽ ഉണ്ടായിരുന്ന ഏതാനം യാത്രക്കാർ ഇറങ്ങി കഴിഞ്ഞു.

ബസ് ഇവിടെ വരെയേ ഉള്ളു’ കണ്ടക്റ്റർ പറയുന്നത് കേട്ട് പുറത്തിറങ്ങി.

സ്റ്റേഷനു പുറത്ത് മുനമ്പിലേക്ക് പോകുന്ന ജീപ്പുകളുടെ നിര. കടൽതീരത്തുള്ള റോഡിലൂടെ ജീപ്പ് മുന്നോട്ട് പാഞ്ഞു. കടൽ വിഴുങ്ങിയ ട്രെയിൻ പോയ റെയിൽ‌പ്പാത മണൽമൂടി കിടക്കുന്നു.  കുറെ ദൂരെ തകർന്ന പള്ളിയുടെ പൊട്ടിപ്പൊളിഞ്ഞ മിനാരങ്ങൾ!

കടപ്പുറത്തെ വീതി കുറഞ്ഞ സ്ഥലത്തെത്തിയപ്പോൾ ഡ്രൈവറോട് വണ്ടി നിർത്താൻ പറഞ്ഞു.

വെളുത്ത മണലിലൂടെ മോളുടെ കൈ പിടിച്ച് മുന്നോട്ട് നടന്നു.  ദൂരെ കടലിൽ തപസ്സു ചെയ്യുന്ന പർവ്വതം കണ്ടപ്പോൾ നടപ്പ് നിർത്തി.

അനന്തതയിലേക്ക് നീളുന്ന മണല്‍ മുനമ്പ്‌. ഇരുവശത്തും കടലുകൾ. ഒന്ന് ശാന്തമായി ചെറിയ അലകളുമായി തീരത്തെ തഴുകുമ്പോള്‍ മറുവശത്ത് എല്ലാം തല്ലിതകര്‍ക്കാനുള്ള ആസുര ഭാവത്തോടെ അലറിയെത്തുന്ന തിരകൾ നിറഞ്ഞ മറ്റൊരു കടൽ. ജീവിതത്തിന്റെ രണ്ടു മുഖങ്ങൾക്കിടയിലാണ് താന്‍ നില്‍ക്കുന്നതെന്ന് പാര്‍വതിയ്ക്കു തോന്നി.

അവള്‍ ഓര്‍ത്തു.. തന്‍റെ ആഗ്രഹങ്ങൾ  എപ്പോഴും സഫലമായി.. അത്രയും തീഷ്ണമായി അവയ്ക്ക് വേണ്ടി ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തത്കൊണ്ടാവാം. തീരെ ചെറിയ കാര്യങ്ങൾ ആയാലും അതെങ്ങനെ ആയിത്തീരണം എന്ന് മനസ്സില്‍ ആദ്യം കാണുമായിരുന്നു .

അനന്തന്‍ പലപ്പോഴും കളിയാക്കി ... 

'എന്തിനാണ് പാറു ഇത്ര തയ്യാറെടുപ്പുകള്‍ .. എനിക്ക് ചിന്തകളുടെ ഭാരം ചുമന്ന് അതിനു പിറകെ അലയാന്‍ വയ്യ. .ഒരുപാടു കണക്കുകള്‍  കൂട്ടി വെച്ചാല്‍ പിഴയ്ക്കുമ്പോൾ താങ്ങാനാവില്ലകേട്ടോ.'

'
ഇല്ലപിഴയ്കുന്ന കണക്കുകള്‍ ഞാനൊരിക്കലും കൂട്ടാറില്ല അനന്താ. നിനക്ക് കുറച്ചു കൂടി പോസിറ്റീവ് ആയി ചിന്തിച്ചു കൂടേ?'

'
ഹേയ്… അതല്ല പാറു.. അര നിമിഷം വേണ്ട ചിലപ്പോള്‍ ജീവിതം ഉലച്ചു കളയാന്‍. അല്ലെങ്കിലും ആകസ്മികതകളുടെ ആകെത്തുകയല്ലേ ജീവിതം..'

ഇല്ല എന്ന് പറഞ്ഞു എതിരെ നടക്കുമ്പോള്‍ അന്ന് മനസ്സ് എന്തിനെന്നറിയാതെ അസ്വസ്ഥമായി.

പിന്നീട് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാൻ ആഗ്രഹിച്ചിരുന്നതുപോലെ നിന്‍റെ വിരല്‍ തുമ്പും പിടിച്ചു ഈ കടൽ കരയിൽ  കൂടി നടന്നപ്പോള്‍ ജീവിതം നാം ആഗ്രഹിക്കുന്നപോലെ ആണെന്ന് ചെറുതായെങ്കിലും അഹങ്കരിച്ചിരുന്നു.
പക്ഷെ ഒരുനിമിഷംപോലും വേണ്ടി വന്നില്ല ആ ചിന്തകളെ ചുഴറ്റി എറിയാന്‍ ..

കടലെടുത്ത മോഹങ്ങളും പേറിയുള്ള എന്‍റെയീ യാത്രയിൽ എനിക്ക് കൂട്ട് കണ്ണീരുണങ്ങാത്ത ഓർമ്മകളുടെ ഉപ്പുകാറ്റ്  മാത്രമായിരുന്നു എന്ന് നീയറിഞ്ഞിരുന്നൊ

അനന്താകടലാഴങ്ങളിലേക്ക് എന്നേയും തനിച്ചാക്കി പോയപ്പോൾ നീ കോണ്ടുപോയത് കണ്ടുതീരാത്ത നമ്മുടെ സ്വപ്നങ്ങളായിരുന്നില്ലേ
ഒരു ചെറുതിര വന്ന് കാലിൽ തലോടി തിരിച്ചു പോയി.

അമ്മേ.. ഇവിടെയാണോ .. ?’

ഉം...

മോളേ ചേർത്തു പിടിച്ചു.

അനന്താഇതാ നിന്‍റെ ... അല്ല നമ്മുടെ വൈഖരി.
പാറിപ്പറക്കുന്ന മുടിയിഴകളിൽ  തഴുകി ഒരു കൊച്ചു തെന്നല്‍ ഞങ്ങളെ കടന്നുപോയി.. ഏതോ നിര്‍വൃതിയിൽ അറിയാതെ കണ്ണുകൾ അടഞ്ഞു...

'മോളേ നോക്ക്.. നിന്‍റെ  അച്ഛന്‍ ... എന്‍റെ അനന്തൻഅതാ...'

ഒരു നിഴല്‍ നടന്നു മറയുന്നപോലെ... എനിക്ക് തോന്നിയതാണോ.. അറിയില്ല......

ആ പ്രേത നഗരത്തിലെ അവശിഷ്ടങ്ങള്‍ക്കിടയിൽ ഏതോ കാലത്തെ അവശേഷിപ്പുകള്‍ പോലെ അവർ പരസ്പരം നോക്കി നിന്നു..

(http://manimanthranam.blogspot.com)

ചുവരുകളുടെ ചുംബനങ്ങള്‍

November 14, 2011 അനില്‍കുമാര്‍ . സി. പി.

എനിക്കിനിയും നിന്നെ മനസ്സിലാകുന്നില്ലല്ലോ.. ഞാന്‍ അറിഞ്ഞ ആളല്ല നീ...'

മാളവികയുടെ  വയറിലെ കൊച്ചു സിന്ദൂരപ്പൊട്ടുപോലെ പടര്‍ന്ന ചുവന്ന മറുകിനു ചുറ്റും വൃത്തം വരച്ചു കൊണ്ടിരുന്ന അനിരുദ്ധന്‍റെ വിരല്‍ ഒരു നിമിഷം നിഛലമായി. അവന്‍ മുഖമുയര്‍ത്തി ചോദ്യ ഭാവത്തിൽ അവളെ നോക്കി... നിര്‍വ്വികാരത നിഴൽ വിരിക്കാൻ തുടങ്ങുന്ന മുഖത്തോടെ അവൾ പറഞ്ഞു..

ഞാന്‍ അറിഞ്ഞെന്നു കരുതിയ ആളേ അല്ല നീ... നിന്‍റെ ജീവിതത്തിൽ ഒരുപാടു സ്ത്രീകള്‍ഒരുപാടു ബന്ധങ്ങള്‍...
 
ഏതോ ആലയില്‍ ചുട്ടുപഴുത്ത ഇരുമ്പ് കഷണത്തിൽ നിന്നും ചിതറി തെറിച്ച തീപ്പൊരികള്‍ പോലെ അവളുടെ വാക്കുകള്‍ ഹൃദയത്തിൽ വന്നു വീണു. അയാള്‍ പെട്ടെന്ന് കൈ പിന്‍വലിച്ചു. പിന്നെ നിവര്‍ന്നു കിടന്നു കണ്ണുകൾ അടച്ചു. ഏതോ വ്യഥയില്‍ അടഞ്ഞ പോളകള്‍ക്കുള്ളിൽ കണ്ണുകൾ പിടഞ്ഞു. കണ്‍കോണിൽ ഉരുണ്ടുകൂടുന്നൊരു നീര്‍ത്തുള്ളിയുടെ നനവ്‌ പടര്‍ന്നു.

ഞാന്‍ നിന്നെ നോവിച്ചോ?‘

കഷണ്ടി കയറി തുടങ്ങിയ നെറ്റിയില്‍ മാളവികയുടെ വിരലുകൾ അലസമായി അലഞ്ഞു.

മാളൂനീ എന്നെ പൂര്‍ണ്ണമായും അറിയണം എന്നെനിക്ക് തോന്നി. അതുകൊണ്ടല്ലേ ഞാന്‍ എല്ലാം നിന്നോടു പറഞ്ഞത്... ഈ കാലത്തിനിടയില്‍ എന്റെ ജീവിതത്തില്‍ വന്നുപോയവരെ കുറിച്ചു എല്ലാം.. എല്ലാത്തരം ബന്ധങ്ങളും. അതെല്ലാം രസമുള്ള കഥകൾ പോലെ നീ കേട്ടിരുന്നതല്ലേ?’

'ശാന്തമായി കുഞ്ഞലകളുമായി ഒഴുകുന്ന അരുവിയെ പോലെ ആയിരുന്നു നീ എനിക്ക്. വെറുതെ അതിന്‍റെ ഓരത്തങ്ങനെ നോക്കിയിരിക്കാനെ ആദ്യം തോന്നിയുള്ളൂ... പിന്നെ പിന്നെ  അതില്‍ നിറയെ കണ്ണീരെന്നറിഞ്ഞപ്പോൾ, ആരൊക്കെയോ തീര്‍ത്ത മുറിപാടുകളുടെ അഗാധമായ തടങ്ങൾ കണ്ടപ്പോൾ, അതിനൊപ്പം ഒഴുകി ഒരു തെളിനീരുറവയാക്കാനാണ് ഞാൻ ശ്രമിച്ചത്..

'പക്ഷെ, ലോകത്തെ എല്ലാ പങ്കുവെയ്ക്കലിലും ഒരു ഭയം ഒളിഞ്ഞിരുപ്പുണ്ട്. എന്തിന്, സുഹൃത്തിനായി മദ്യം ഒഴിക്കുമ്പോഴും നമ്മള്‍ ഒത്തു നോക്കും ഒന്നിൽ കുറഞ്ഞുപോയോ എന്ന്. പ്രണയത്തിനും ആ ഭയം ഉണ്ട് ... എനിക്കത് താങ്ങാൻ വയ്യ.

'മാളൂ, എന്നില്‍ വന്നുപോയവര്‍ക്കൊക്കെ വേണ്ടിയിരുന്നത് പലതായിരുന്നു.. അവരിലൊക്കെ ഞാനും കണ്ടെത്തിയത് ഞാന്‍ ആഗ്രഹിച്ചവയിൽ ചിലതൊക്കെ മാത്രം. പക്ഷെ എന്‍റെ ഈ കുട്ടിമാളു, ഞാന്‍ ആഗ്രഹിച്ച എന്‍റെ പെണ്ണാണ് നീ... മൈ കമ്പ്ലീറ്റ്‌ വുമൺ. ബാല്യത്തിൽ പോലും അറിയാതെപോയ സ്നേഹവും വാത്സല്യവും ആയിരിക്കാം എല്ലാവരിലും ഞാൻ തിരഞ്ഞത്‌. അത് മാത്രം എനിക്ക് കിട്ടിയതുമില്ല. അതുകൊണ്ടാവാം അവരൊക്കെ നിന്നെപോലെ എന്നെ അറിയാതെ പോയത്... നിന്നില്‍ നിന്ന് എനിക്കത് അനുഭവിക്കാന്‍ കഴിയുന്നു ... എനിക്കെന്നെത്തന്നെ മനസ്സിലാക്കാൻ കഴിയുന്നു. ഞാന്‍ ഇപ്പോഴാണ്‌ പ്രണയം എന്തെന്നറിയുന്നത്.. എന്നോടൊത്തു നീയില്ലെങ്കില്‍ ഞാൻ ഒന്നുമല്ലാതായിപ്പോകും.'

മാളവികയുടെ ചുണ്ടുകള്‍ അവന്‍റെ കണ്ണുകളിൽ അമര്‍ന്നു.

അനീഎന്നേക്കാള്‍ നന്നായി നിന്നെ ആരാണ് അറിയുകമാതൃഭാവം കൂടി താൻ സ്നേഹിക്കുന്ന പെണ്ണിൽ നിന്ന് അറിയാനും അനുഭവിക്കാനും കഴിഞ്ഞാൽ മാത്രമേ പുരുഷന് അവള്‍ എല്ലമാവുകയുള്ളു. തിരിച്ചും അങ്ങനെയാണ്. അപ്പോള്‍ അവര്‍ക്കിടയിൽ പ്രണയത്തിന്‍റെ കടൽ ഉണ്ടാവും.'

'ഉം.... നീ കേട്ടിട്ടില്ലേ ലവ് തിയറി? ലസ്റ്റും, അട്രാക്ഷനും കടന്ന് ഇന്റിമേറ്റായ അറ്റാച്ച്മെന്‍റിൽ എത്തുന്നതാണ് യാഥാര്‍ത്ഥ പ്രണയം. ശാസ്ത്രം പറയുന്നത് പ്രണയിക്കുന്നവരില്‍ ഓക്സിടോസിൻ എന്ന ഹോർമോൺ ധാരാളം ഉണ്ടാകും എന്നാണു. ഇത് നല്ല വേദനസംഹാരി കൂടിയാണ്. അതുകൊണ്ടാണത്രെ പ്രായമായാലും തീവ്രമായി പ്രണയിക്കുന്ന സ്ത്രീകളെ ശാരീരിക വേദനകൾ അലട്ടാത്തത്.

'എനിയ്ക്ക് വയസ്സാകട്ടെ, അപ്പോള്‍ പറയാം തിയറി ശെരിയാണോ എന്ന്.'

'വേണ്ട ഇപ്പോള്‍ ഒന്ന് നോക്കട്ടെ' അയാള്‍ ചിരിച്ചുകൊണ്ട് അവളെ വലിച്ചടുപ്പിച്ചു.  

അവളുടെ മാറിലെ ചൂടില്‍ അവനൊരു കുഞ്ഞായി.

'നമ്മളിങ്ങോട്ട് വന്നത് എന്തിനാണെന്ന് നീ മറന്നോ?'

അവന്റെ കണ്ണുകളില്‍ ഒരു കുസൃതിച്ചിരി വിരിഞ്ഞു.

'എപ്പോഴും പെയ്യുന്ന ‘അകുംബയിലെ‘ മഴയിൽ കെട്ടിപ്പിടിച്ചു നടക്കാൻ അല്ലേ?'
 
'പോടാ ...ഇന്നലകളില്‍ മാത്രം ജീവിച്ച് നീ നിന്‍റെ കഴിവുകൾ എല്ലാം നശിപ്പിക്കും...'

എന്തോ പറയാന്‍ തുടങ്ങിയ അനിരുദ്ധന്‍റെ ചുണ്ടുകളിൽ അവൾ വിരൽ ചേര്‍ത്തു,

'വേണ്ടമനസ്സ് ശൂന്യമാണ്, ഒന്നും എഴുതാന്‍ കഴിയില്ലെന്ന പതിവ് പല്ലവിയല്ലേ?'
 
എത്രയോ നാളായി ഒന്നും എഴുതാതെ വിണ്ടുണങ്ങിയ മനസ്സുമായി തിരക്കുകളില്‍ അലയുകയായിരുന്നു. അപ്പോഴാണ് മാളവിക പറഞ്ഞത്,

നീ വരൂ... ഈ മഴക്കാടുകളിലേക്ക് ... എന്‍റെ സാമീപ്യം മഴപോലെ നിനക്ക് ഹൃദ്യമല്ലേ? തീര്‍ച്ചയായും ഈ യാത്രയിൽ നിന്‍റെ ഏറ്റവും പ്രിയപ്പെട്ട കഥ എഴുതാൻ കഴിയും. വരണം .... ഞാന്‍ കാത്തിരിക്കും...

വര്‍ഷം മുഴുവൻ മഴ പെയ്യുന്നഎപ്പോഴും ഇരുള്‍ പരത്തുന്ന വന്മരങ്ങള്‍ക്ക് താഴെ ഇണചേരുന്ന രാജവെമ്പാലകളുള്ള കാടുകളാല്‍ നിറഞ്ഞ കർണാടകയിലെ ഈ ഒറ്റപ്പെട്ട സ്ഥലം തിരഞ്ഞെടുത്തതു മാളവിക ആയിരുന്നു. ഹോംസ്റ്റേ ശരിയാക്കിയിട്ട് അവൾ പറഞ്ഞു,

'അവിടെ ചെന്ന് മഴയും കണ്ട് മടി പിടിച്ചു കിടക്കാം എന്ന് കരുതേണ്ട കേട്ടോ.'

ഹോംസ്റ്റേക്കായി കിട്ടിയ പഴയ വീടിന്‍റെ നിറം മങ്ങിയ ജനൽ ചില്ലുകളിൽ മഴത്തുള്ളികൾ വീണു ചിതറാൻ തുടങ്ങി.
 
'അനീ ...ഞാനൊരു കഥ പറയട്ടേ ... വീടന്‍റെ ഏകാന്തതയിൽ ഭിത്തികളോടു മാത്രം കാര്യം പറഞ്ഞുംസ്വപ്നങ്ങള്‍ പങ്കുവെച്ചും വീടിന്‍റെ ഒരു ഭാഗം മാത്രമായിപ്പോയചുവരുകള്‍ മാത്രം കൂട്ടുകാരായ ഒരു പെണ്ണിന്റെ കഥ?'

തല ചരിച്ച് അനിരുദ്ധൻ മാളവികയുടെ കണ്ണുകളിലേ വരണ്ട ശൂന്യതയിലേക്ക് നോക്കി, പിന്നെ അവളേ ചേര്‍ത്തു പിടിച്ചു. അവന്‍റെ നെഞ്ചിൽ ചാരിയിരുന്നു അവൾ പറഞ്ഞു തുടങ്ങി ...

ബാല്യം തൊട്ടേ അവളുടെ ജീവിതം പങ്കു വെച്ചെടുത്തത് ഒരുപാടു വീടുകള്‍ ആയിരുന്നു. എപ്പോഴും പുകയുന്ന അടുക്കളയുള്ള പുഴവക്കത്തെ വലിയ വീട്ടിലേക്കു വലതുകാല്‍ വെച്ച്  കയറി ചെന്നപ്പോള്‍ അതൊരാളിന്‍റെ ഹൃദയത്തിലെയ്ക്കും കൂടിയാണെന്ന് അവൾ വിചാരിച്ചു. സ്നേഹവാത്സല്യങ്ങളുടെ തണലില്‍ നിന്നും വന്നവളെ  കാത്തിരുന്നത് ഒറ്റപ്പെടലിന്‍റെ ഇരുട്ടുമുറികൾ ആയിരുന്നു.

പല നഗരങ്ങളില്‍ പഠിച്ചു വളര്‍ന്നവൾ ഏറെയിഷ്ടത്തോടെ തനി ഗ്രാമജീവിതത്തിന്‍റെ ഭാഗമായി.  തന്നെ കൂടുതല്‍ അറിയുമെന്നവൾ ഓരോ രാത്രി അവസാനിക്കുമ്പോഴും ആശ്വസിച്ചു. പക്ഷെ എന്തുകൊണ്ടോ ഓരോ ദിവസവും നാളത്തെക്കുള്ള ജീവിതത്തിന്‍റെ തയ്യാറെടുപ്പുകൾ മാത്രമായി. വല്ലപ്പോഴും ഉതിര്‍ന്നു വീഴുന്ന വാക്കുകളിലേയ്ക്ക് പിന്നെ ജീവിതവും ചുരുങ്ങി പോയത് അവൾ പോലും അറിഞ്ഞില്ല. നിര്‍വ്വികാരതയിൽ തളർന്നുറങ്ങിയ ഏതോ ദിവസത്തിലാണവൾ അറിഞ്ഞത് അവർക്കു സ്വന്തമായി ഒരു വീടുണ്ടാകാൻ പോകുന്നു!

പകല്‍സ്വപ്നങ്ങളിൽ അവൾ സ്വപ്നവീടിന്‍റെ ഓരോ മുറിയിലും കയറി ഇറങ്ങി... മുകളിലെ മുറിയിലെ ആട്ടുകട്ടിലിൽ പുസ്തകം വായിച്ചു കിടന്നു.. മുല്ലമൊട്ടുകൾ വിരിയുന്ന ജനാലയ്ക്കരികിലെ കട്ടിലിൽ ചിത്രതുന്നലുള്ള തലയിണകൾ അടുക്കി വെച്ചു... കുളികഴിഞ്ഞ് താൻ മാത്രമുള്ള അടുക്കളയിൽ ജോലിചെയ്യുമ്പോൾ പുറകിലൂടെ വന്നു ചേര്‍ത്ത് പിടിച്ചു കഴുത്തിൽ ഒഴുകിയിറങ്ങുന്ന വെള്ളത്തുള്ളികളിൽ അദ്ദേഹം മുഖം അമര്‍ത്തി ചുംബിക്കുന്നതോര്‍ത്തു ലജ്ജിച്ചു..  

പക്ഷെ പുതിയ വീട്ടില്‍ ജീവിതം പഴയതിന്‍റെ തുടര്‍ച്ച മാത്രമായി കടന്നുപോയി. അവള്‍ സ്വയം സംസാരിച്ചു ജീവനുണ്ടെന്നു ബോധ്യപ്പെട്ടു.
 
മഞ്ഞവെളിച്ചം നിറഞ്ഞ ഏതോ തുരങ്കത്തിലൂടെ ഒരുപാടു ദൂരം സഞ്ചരിച്ച ഉറക്കത്തിനും ഉണർവ്വിനും ഇടയിലെ ഒരു പകലിൽ ആണ് ആദ്യം ഉറക്കുമുറിയിലെ ചുവര്‍ അവളോടു സംസാരിച്ചത്..

എന്നെ വിട്ടു പോകാന്‍ തോന്നിയോ നിനക്ക്...?‘

ങേ.. ഞാനോ.. എവിടെപോയി..?‘

ഞാന്‍ അതിനെങ്ങും പോയില്ലല്ലോ.. നീയെന്തിനാ വെറുതെ മുഖം വീര്‍പ്പിക്കുന്നത്?‘ അവള്‍ പിറുപിറുത്തു.

ജനാലക്കപ്പുറത്ത് എങ്ങു നിന്നോ പറന്നു വന്ന രണ്ടു വണ്ണാത്തിക്കിളികള്‍ കൊത്തിപ്പെറുക്കി നടന്നു.

നോക്ക് നീ കണ്ടില്ലല്ലോ..അവരുടെ കൂട്..അതാ സിറ്റ്ഔട്ടില്‍ തൂങ്ങി കിടക്കുന്നു.

അയ്യോടാ..ഞാന്‍ കണ്ടില്ല കേട്ടോ..

അവള്‍ വേഗം എണീറ്റ്‌ പുറത്തേയ്ക്ക് നടന്നു. മുറ്റത്തെ മാവിന്‍ ചോട്ടിൽ നിന്ന് വീടിനെ നോക്കി. നല്ല പ്രകാശമുള്ള മുറ്റം ആയിരുന്നു... ഇന്ന് ആകെ മങ്ങിയിരിക്കുന്നു.. വീട് മൌനമായി കരയുന്നപോലെ.

സിറ്റൌട്ടിന്റെ കോണിൽ കാറ്റത്താടുന്ന കിളിക്കൂട്.

ഇതെന്താ.. മാളുചെച്ചി ഒറ്റയ്ക്ക് സംസാരിക്കുന്നത്? അടുത്ത വീട്ടിലെ സുമ വിളിച്ചു ചോദിച്ചത് അവൾ കേട്ടില്ല.

ഇരുള്‍ വീണു തുടങ്ങിയപ്പോൾ അവൾ യാന്ത്രികമായി അകത്തേക്ക് നടന്നു. 

'നിനക്ക് തണുക്കും എന്റടുത്തു വന്നിരിക്കു... എന്നോടു ചേര്‍ന്ന്.'
ചുവർ അവളോട് പറഞ്ഞു.
 
അവള്‍ ഉറക്കുമുറിയിലെ ചുവരിനോടു ചേര്‍ന്നിരുന്നു. നനുത്ത ചൂടു അവളുടെ ദേഹത്ത് പടര്‍ന്നു.. മണ്ണിന്റെ മണമുള്ള ശ്വാസം അവളെ തഴുകി..

പരുപരുത്ത കൈകള്‍ കൊണ്ട് ചുവർ അവളെ ചേര്‍ത്തുപിടിച്ച് ചോദിച്ചു,

'നിനക്ക് മരിക്കാന്‍ ഇപ്പോഴും തോന്നുന്നുണ്ടോ..?'

ഇല്ലെന്നവള്‍ മെല്ലെ തലയാട്ടി..
 
അവള്‍ വസ്ത്രങ്ങൾ ഓരോന്നായി ഊരി എറിഞ്ഞു. പിന്നെ തണുത്ത തറയില്‍ കമഴ്ന്നു കിടന്നു. അവളുടെ മേല്‍ കല്ച്ചുമരുകൾ ഒന്നൊന്നായി അമര്‍ന്നു...'

'എത്ര വര്‍ഷങ്ങൾ അങ്ങനെ പോയി എന്നെനിക്കറിയില്ല അനീ... ഇപ്പോള്‍ നിന്റടുത്തിങ്ങനെ കിടക്കുമ്പോൾ ഞാൻ ആ ദിവസങ്ങൾ ഓര്‍ത്തുപോകുന്നു.‘

നിരന്തരമായി നമ്മുടെ ശ്വാസനിശ്വാസങ്ങള്‍ ഏല്‍ക്കുന്ന എതൊന്നിനും നമ്മോടു അദമ്യമായ ഒരിഷ്ടം ഉണ്ടാകും അല്ലെവീടിനും ചുവരുകള്‍ക്കും എല്ലാം... ഒറ്റപ്പെടലില്‍ ചുരുണ്ട് കൂടുമ്പോൾ അവയും നമ്മോടൊപ്പം ദുഖിക്കുന്നുണ്ടാകും... പറയുവനാകാത്ത ആയിരം വാക്കുകള്‍ കൊണ്ട് നമ്മളെ തഴുകുന്നുണ്ടാകും.'
 
നേര്‍ത്ത് പെയ്തിരുന്ന മഴക്ക് താളം തെറ്റി. മുറ്റത്തെ മരങ്ങളിൾ മഴ നൃത്തം വെച്ചു. അകലെ ഇരുള്‍ നിറഞ്ഞ മാളങ്ങളിൽ നിന്നും രാജവെമ്പാലകൾ ഇണകളെതേടുന്ന സീല്‍ക്കാരങ്ങൾ കാറ്റിൽ  നിറഞ്ഞു. അനിരുദ്ധന്റെ കയ്ക്കുള്ളിലെ മാളവികയുടെ ശരീരം തണുത്തു വിറച്ചു. അവളെ ഒന്നുകൂടി തന്നിലേക്ക് ചേര്‍ത്ത് പിടിച്ചു അയാൾ പറഞ്ഞു,

'ഇനിയെന്നും ഞാനുണ്ടാകും... കാറ്റായ്കനവായ്നിന്നെ തഴുകിനിനക്ക് ചുറ്റും പ്രണയത്തിന്റെ കടലായ്‌, ഈ ശ്വാസം നില്യ്ക്കുവോളം നിന്നെയും നിന്‍റെ ഭ്രാന്തുകളെയും എനിക്കു വേണം...‘
അവള്‍ ഇരുകൈകൊണ്ടും അനിരുദ്ധന്റെ മുഖം മാറിൽ ചേര്‍ത്ത് പിടിച്ചു. പാല്‍നുരയില്ലാത്ത ചുണ്ടുകൾ അവളുടെ മാറിൽ അരിപ്പൂക്കൾ ഉതിര്‍ത്തു...  വിരല്‍ത്തുമ്പുകൾ ചുവന്ന മറുകിനെ തലോടി താഴ്വാരങ്ങളിലലഞ്ഞു... ദര്‍ഭപ്പുല്ലുകളിൽ അവ മോതിരവളയങ്ങൾ തീര്‍ത്തു ... ചെറു നനവുകള്‍ നീരുറവകളായി ... പ്രണയത്തിന്‍റെ ഉടലുകൾ തീര്‍ത്ത രണ്ടു മഴനൂലുകൾ പോലെ അവർ ഒന്നായി ഒഴുകി... നനഞ്ഞൊട്ടിയ ശരീരങ്ങളില്‍ നിന്നും വിയര്‍പ്പുമണികൾ ഉരുണ്ടു വീണു..

'മാളു എനിക്കിപ്പോള്‍ ഒരു കഥ എഴുതാൻ തോന്നുന്നു...'

മാളവിക അയാളുടെ ചുണ്ടില്‍ അമര്‍ത്തി ഉമ്മ വെച്ചു. റൈറ്റിങ് പാടുംപേനയും അനിരുദ്ധന്റെ മുന്നിലേക്ക്‌ നീക്കിവെച്ചു.

കമഴ്ന്നു കിടന്ന അനിരുദ്ധന്റെ കഴുത്തില്‍ മുഖം ചേര്‍ത്ത്‌നഗ്നമായ പുറത്ത്‌ മാറമര്‍ത്തി അവൾ കിടന്നു.
 
ചുവരുകളുടെ ചുംബനങ്ങള്‍‘. എന്നെഴുതിയ തലക്കെട്ടിനു താഴെ അയാളുടെ വിരലുകൾ മെല്ലെ ചലിച്ചു തുടങ്ങി. ഒഴുക്ക് നിലച്ച പുഴയ്ക്ക് പുതുമഴയിൽ ജീവൻ വെച്ചതു പോലെ അനിരുദ്ധന്റെ മനസ്സ് ഒഴുകി ... ഇനിയൊരിക്കലും നിലയ്ക്കാത്ത ആ ഊര്‍ജ്ജ പ്രവാഹത്തിൽ കാലദേശങ്ങള്‍ പിന്നിട്ടു കഥകൾ തളിര്‍ത്തു...


(@അനില്‍കുമാര്‍ സി. പി.)
http://manimanthranam.blogspot.com