സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!കള്ള്

March 30, 2010 Renjith


ചില്ലുഗ്ലാസിലെ സ്വര്‍ണനിറം വാറ്റിയ വിസ്കിയില്‍ ഐസ് ക്യൂബുകള്‍ ഭാരമില്ലാതെ ശൂന്യകാശത്തിലെന്നപോലെ ഒഴുകിനടന്നു ... പശ്ചാത്തലത്തില്‍ ജഗജിത് സിംഗിന്‍റെ നേര്‍ത്ത ഗസലുകള്‍ വിസ്ക്കിക്കൊപ്പം മത്സരിച് ഞരബിലൂടെ തലച്ചോറിലെക്കിഴഞ്ഞു പതിയെ ചൂട് പകരുന്നുടായിരുന്നു ....മുന്നിലിരിക്കുന്ന ഐസക്‌ ജോണ്‍ ഗസലാസ്വദിച്ചു ഇടതു കൈ കൊണ്ട് മേശയുടെ പുറത്ത് താളം പിടിച്ചുകൊണ്ടിരുന്നു ..
ഐസക്‌ ജോണ്‍ എപ്പോഴും പറയാറുണ്ട്
"ഒരു ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉണ്ടെങ്കില്‍ ഈ മഹാ നഗരത്തില്‍ എവിടെയും പിഴച്ചു പോകാം ....ബാറിലോ പെട്രോള്‍ ങ്കിലോ എവിടെ വേണമെങ്കിലും" ......
കൊടുക്കല്‍ വാങ്ങലുകളുടെ മുഖം നഷ്ട്ടപെട്ട ഒരു വ്യവഹാരം !.
ഐസക് ജോണ്‍ ഇവിടെ എന്‍റെ ഓഫീസില്‍ എത്തിയിട്ട് ആറു മാസം പോലുമായില്ല എങ്കിലും എനിക്കിതേവരെ, മൂന്നു വര്‍ഷത്തിനുള്ളില്‍ കണ്ടുപിടിക്കാനാവാത്ത ഒരു പബ്‌ അതും ഗസലോട് കൂടി മദ്യം വിളമ്പുന്ന ഒരു സ്ഥലം അവന്‍ കണ്ടുപിടിച്ചതില്‍ അനിക്കവനോട് അസൂയ തോന്നി.
അല്ലെങ്കിലും നിന്ന നില്പില്‍ രണ്ടെണ്ണം വലിച്ചുകേറ്റി തിരിച്ചു പോരുന്നതില്‍ എനക്കും തീരെ താല്പര്യമില്ല ..മദ്യത്തിന്‍റെ ഒരു ആദ്യത്മികതയെ തൊട്ടറിയണം ...പതിയെ ....പതിയെ....
വീട്ടിലെത്തി കിടന്നപ്പോഴേക്കും വിസ്കി അതിന്‍റെ ശിങ്കാരി മേളം തുടങ്ങിയിരുന്നു .....അമര്‍ന്നിരുന്നും, ശരീരം വളച്ചും ..... താമൊപ്പിക്കുന്ന മേളം കൊട്ടുകാരെ പോലെ.... തലയിലുടനീളം ... വിസ്കി രൂപാന്തരം പ്രാപിച്ച് വെളുത്ത് നുരഞ്ഞ് ഓര്‍മകളിലൂടെ ....
ഞാന്‍ ആദ്യമായി കള്ള് കുടിച്ചത് താട്യോട്ട് മടപ്പുരയില്‍ നിന്നായിരുന്നു. മുത്തപ്പന് പൈങ്കുറ്റി വെച്ചപ്പോള്‍ ഇത്തിരി കള്ള് ചിരട്ടയില്‍ ഒഴിച്ച് തന്നത് മാമേട്ടനായിരുന്നു. ഇത്തരം കാര്യങ്ങളില്‍ മുത്തപ്പന്‍റെ അടുത്തയാളായിരുന്നു മാമേട്ടന്‍. അങ്ങിനെ കള്ളും ഞാനുമായുള്ള ബന്ധം വളരെ ചെറുപ്പത്തിലെ തുടങ്ങിയതാണ്‌ .......സ്കൂള്‍ ഇല്ലാത്ത എല്ലാ വൈകുന്നേരങ്ങളിലും അമ്മ പറയുന്നത് കേള്‍ക്കാം...
"മോനെ ,... മണി മൂന്നരയായി ആനന്ദന്‍ അതാ തെങ്ങില്‍ കയറി അടിക്കാന്‍ തുടങ്ങി" ....
ആനന്ദന്‍ തെങ്ങ് ചെത്തുകാരനാണ് ....കറുത്ത ശരീരത്തില്‍ ഒട്ടി നില്‍ക്കുന്ന കള്ളിന്‍റെ നിറമുള്ള വെളുത്ത തോര്‍ത്ത് . കള്ളരിയാന്‍ ഉപയോഗിക്കുന്ന വളഞ്ഞ വീതി കൂടിയ കത്തി ..കത്തി വെക്കാന്‍ മരം കൊണ്ട് കുഴിച്ചിറക്കിയ വീതി കൂടിയ കനം കുറഞ്ഞ ഒരു പലക, അത് ഒരു ചരടുമായി അരയില്‍ ബന്ധിച്ചിരിക്കും ...
പാനിയില്‍ നിന്നും കള്ള്ഒഴിച്ചെടുക്കാന്‍ കറുത്ത കൂജ പോലുള ഒരു പാത്രം. അതും അരയില്‍ കെട്ടിഞാത്തിയിരിക്കും. ചവിട്ടു പടിയായി തെങ്ങില്‍ കെട്ടിയിട്ട ചികരി മടലിലൂടെ ആനന്ദന്‍ ഒരുഉടുമ്പിനെ പോലെ വലിഞ്ഞ് കയറുന്നത് ഞാന്‍ നോക്കി നില്‍ക്കാറുണ്ട്. ആനന്ദന്‍റെ കൈ മുട്ടിലും കാലിനു പുറത്തും നിറയെ തഴംബുകളാണ് ആനന്ദന്‍ തെങ്ങിന്‍റെ കൂമ്പ് അടിച്ച് പതം വരുത്തുന്നതിന്‍റെ ഒച്ചയാണ്‌ അമ്മയുടെ മൂന്നരയുടെ അലാറം. അതൊരിക്കലും തെറ്റാറില്ല .... കുട്ടിക്കാലത്ത് ആനന്ദനെ പോലെ തെങ്ങില്‍ വലിഞ്ഞ് കയറാന്‍ നോക്കിയതിനു നെഞ്ചിലെ തൊലി കുറേ കളഞ്ഞിട്ടുണ്ട് .
പൈങ്കുറ്റിയുടെ കള്ള് കുടിച്ചു വന്നപ്പോള്‍ വീട്ടില്‍ ഞാന്‍ പരസ്യമായി പ്രഖ്യാപിച്ചു
" ഞാനിന്ന് കള്ള് കുടിച്ചു "

അത് കേട്ട മൂത്ത പെങ്ങള്‍ എന്നെ വിളിച്ചു അമ്മയുടെ അടുത്ത് പരാതിപെട്ടു ...
മെല്ലെ തലയ്ക്കു തടവി അമ്മ പറഞ്ഞു
"സാരല്ലിയാ മോനെ .. മുത്തപ്പന്‍റെ പ്രസാദല്ലേ... പക്ഷെ ഷാപ്പിലെ കള്ള് വെഷാണ്... അത് കുടിക്കാമ്പാടില്ല"...
പക്ഷെ അപ്പോഴും എനിക്കൊരു സംശയം ബാക്കിയുണ്ടായിരുന്നു ....മാമേട്ടന്‍ പൈങ്കുറ്റി വെക്കാന്‍ ഷാപ്പില്‍ നിന്നും കള്ള് വരുത്തിക്കുന്നത് ഞാന്‍ കണ്ടതായിരുന്നു .....ചിലപ്പോള്‍ ദൈവത്തിനു കൊടുത്ത് കഴിയുമ്പോള്‍ പ്രസാദമാകുമായിരിക്കും..., അങ്ങിനെ ഞാന്‍ സമാധാനിച്ചു.
ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വയലിനക്കരെ ഉള്ള ഷാജനാണ്...എന്നോടത് പറഞ്ഞത് ....മുത്തപ്പന്‍ സോഷ്യലിസ്റ്റ്‌ ആണത്രേ !
അതിന്‍റെ കാരണവും ഷാജന്‍ പറഞ്ഞിട്ടുണ്ട് . മുത്തപ്പന്‍റെ ഏറ്റവും വലിയ ക്ഷേത്രം പറശിനി കടവിലാണ് ഏത് മതക്കാര്‍ക്കും ഉച്ചഭക്ഷണം കൊടുക്കുന്ന മുത്തപ്പന്‍ സാക്ഷാല്‍ സോഷ്യലിസ്റ്റ് അല്ലാതെ മറ്റാരാണ്‌ ?
അങ്ങിനെ ചെറുപ്പത്തില്‍ ഞാനും ഒരു സോഷ്യലിസ്റ്റ്കാരനായി ....അന്ന് തുടങ്ങിയതാണ്‌ തട്ട്യോട്ടു മടപ്പുരയോടും മുത്തപ്പനോടും ഉള്ള സ്നേഹം.
പശു ഒരുദിവസം ചാണകമിടാഞ്ഞാല്‍ ഉടനടി അമ്മ ഒരു പൈങ്കുറ്റി നേരും!. നേര്‍ച്ച മിക്കവാറും കൊടുക്കുന്നത് ...... ശനിയാഴ്ചയോ ഞായറാഴ്ചയോ ആയിരിക്കും.
നേര്‍ച്ചയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം മാമേട്ടനായിരിക്കും. കാശ് കൈയോടെ കൊടുത്താല്‍ മതി. കള്ളും തീയില്‍ ചുട്ടെടുത്ത ഉണക്ക മീനും വേവിച്ച പയറും അവിലുമാണ് പ്രധാന നിവേദ്യം. മുത്തപ്പന്‍ നായാടിയായിരുന്നുപോലും ! പിന്നീടു ദൈവമായി രൂപാന്തരം പ്രാപിച്ച മുത്തപ്പന്‍! സോഷ്യലിസ്റ്റുകാരനായ മുത്തപ്പന്‍ ! ഒരു ദൈവത്തിനോടും എനിക്കതിനു മുമ്പോ ശേഷമോ ഇത്ര കണ്ട് ആരാധന തോന്നിയിട്ടില്ല. കന്നുപൂട്ടലാണ് മാമേട്ടന്‍റെ ജോലി കണ്ണെത്താ ദൂരത്തോളം കിടക്കുന്ന പാടങ്ങള്‍ വിതക്കാനൊരുക്കുന്നത് മാമേട്ടനും കാളകളുമാണ് ....
വൈകുന്നേരങ്ങളില്‍ മറ്റുള്ളവര്‍ ക്രിക്കറ്റ്‌ കളിക്കാനിറങ്ങുമ്പോള്‍ ഞാന്‍ മാമേട്ടനെ ചുറ്റിപറ്റി നില്‍ക്കും. ശര്‍ക്കരയും കൊപ്രാ പിണ്ണാക്കും കൂടി അരച്ച് വലിയ ഉരുളകളാക്കി മാമേട്ടന്‍ കാളകളുടെ വായില്‍ വച്ച് കൊടുക്കും. കാളകള്‍ അതങ്ങിനെ തലയാട്ടി ആസ്വദിച്ച് കഴിക്കുന്നതും നോക്കി ഞാനിങ്ങനെ നില്‍ക്കും ....
കല്യാണത്തിനു പോകുന്ന സമയത്തൊഴിച്ച് ബാക്കി എല്ലയ്പ്പോഴും മാമേട്ടനെ ഒരു തോര്‍ത്ത് മുണ്ടും മുറിക്കയ്യന്‍ കുപ്പായവും ധരിച്ചു കാണാം .. രണ്ടിലും കാലാകാലങ്ങളായി അടിഞ്ഞു കൂടിയ ചെളി നിറം പടര്‍ന്നു കിടക്കുന്നുണ്ടാകും. അലക്കിയാലും പോകാത്ത മണ്ണിന്‍റെ ഹൃദയത്തഴമ്പ്!. നാട്ടിലെ ഏതെങ്കിലും കല്യാണത്തിനു മാത്രം ഒരു നീലക്കുപ്പയവും വെള്ള മുണ്ടും ധരിച്ച് മാമേട്ടനെ കാണാം അതും വളരെ വിരളമായി .വീടിനു മുന്നില്‍ പരന്ന് കിടക്കുന്ന നെല്പ്പാടമാണ്‌. ഞങ്ങളുടെ വീടിന്‍റെ ഉമ്മറത്തിരുന്നാല്‍, വയലിനപ്പുറത്തുനിന്നും വരമ്പിലൂടെ ഒരാള്‍ നടന്നു വരുന്നത് മുമ്പൊക്കെ വെയക്തമായി കാണാമായിരുന്നു. പാടത്ത് നിന്നും വരുന്ന കാറ്റെറ്റ് അമ്മാവനൊക്കെ ഒരുച്ച മയക്കമുണ്ട് .
ഇന്ന് പാടം തട്ട് തട്ടായി തിരിച്ചു വാഴയും മരച്ചീനിയും കൃഷി ചെയ്യുന്നു .. ഇന്നാവഴിയിലൂടെ നടന്നു പോകുമ്പോള്‍ വാഴത്തോട്ടങ്ങളുടെ നിഗൂഡമായ ഒരിരുള്‍ നമ്മളെ പൊതിയാന്‍ തുടങ്ങും....കാറ്റിന്‍റെ ഒരു ഏങ്ങലടി പോലും അവിടെ ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല .......... മുമ്പൊക്കെ കൊയ്ത്തിന്‍റെ ഈറ്റ് നോവേറ്റ പാടം കണ്ണെത്താദൂരത്തോളം മലര്‍ന്നു കിടക്കും. മാമേട്ടന്‍ കാളകളെ തെളിക്കുന്ന ശബ്ദവും വായുവില്‍ വെറുതെ പുളയുന്ന പാണല്‍ വടിയുടെ ശബ്ദവും അവിടെങ്ങും ഉയര്‍ന്നു കേള്‍ക്കാം .മമേട്ടന്‍ കാളകളെ തല്ലുന്നത് ഞാന്‍ ഇതേവരെ കണ്ടിട്ടില്ല .

വൈയ്കുന്നേരം കാളകളെ കുളിപ്പിക്കുംബോഴാണ് മാമേട്ടന്‍റെ കാലില്‍ ഒരു പാട്‌ കണ്ടത്. മുറിവിന്‍റെ നീണ്ട ഒരു വടു .
"ഐ കെ ജിനെ കാണാന്‍ പോയതാ .... ഇന്ദിരാ ഗാന്ധീടെ ആ നായിന്‍റെ മക്കള് പോലീസ് കാരിണ്ടല്ലോ .. ഓടിച്ചു ലാത്തി കൊണ്ടടിച്ചതാ .....ഒരുമാസം ഞമ്മള് കെടപ്പിലായിപ്പോയി.... പക്കേങ്കില് ഞമ്മള് പിന്നേം പോയി കേട്ടാ"....
മറയാന്‍ തുടങ്ങുന്ന സൂര്യന്‍ മാമേട്ടന്‍റെ മുഖത്ത് ഒരു ചെങ്കൊടി നിവര്‍ത്തി ....
"മ്മളെ മൂത്ത ചെക്കന്‍ ഗംഗന് ഇത്തിരി തണ്ടും തടീം എള്ള കൊണ്ട് ഞാള് മൊത്തം കഞ്ഞി കുടിച്ചു പോയി".
അപ്പൊ ഇന്ദിരാ ഗാന്ധീടെ പോലീസ് അത്ര ബെടക്കാ ?
" പിന്നല്ലാതെ ? ..... കണാരന്‍ തീയ്യന്‍റെ ബീട്ടില് രാത്രി രണ്ടുമണിക്കല്ലേ ബന്നു മുട്ടീത്" .........
ഞീ ആരെയാടാ ഇബിടെ ഒളിപ്പിച്ച്ചെക്കുന്നെ ? എന്നും ചോയ്ചായിരുന്നു അടി.
ചോറടക്കം ബീട്ടിലെ ചട്ടീം കലോം മീങ്കറീം എല്ലാം ബെലിചെറിഞ്ഞല്ലേ അബര് പോയത് .... കണാരന്‍ തീയ്യന്‍റെ ഊരക്ക് ബൂട്ട് കൊണ്ടാ അന്ന് ചവിട്ടിയെ...... ഇപ്പയും അബന് കുന്തിച്ചിരുന്നു എയ്ന്നെക്കുംബം ഒരു പിട്ത്തല്ലേ ഊരക്ക്.
മാമേട്ടന്‍റെ ഭാര്യ ചിരുതമ്മ വളരെ നല്ല ഒരു സ്ത്രീ ആയിരുന്നു. കൊയ്യാനും മെതിക്കാനുമൊക്കെ സമര്‍ത്ഥ. ഞാറു നടുമ്പോള്‍ ചിരുതമ്മ പാടുന്ന ഞാറ്റുപാട്ടിനു എന്തോരീണമാണെന്നോ ....
തച്ചോളി ഒതേനന്‍റെ പട പാട്ടൊക്കെ ഞാന്‍ കേട്ട് പഠിച്ചത് ഇങ്ങനെയായിരുന്നു. പലപ്പോഴും ആരും അറിയാതെ ഒരുപാട്‌ അരിയുണ്ട ഞാന്‍ അവരുടെ കൈയില്‍ നിന്നും വാങ്ങി കഴിച്ചിട്ടുണ്ട്. അറിഞ്ഞാല്‍ അമ്മമ്മ വഴക്ക് പറയും, അമ്മയൊന്നും പറയില്ല. പക്ഷെ ഞാനാരോടും പറയാറില്ല .
"നെല്യാട്ടെ അച്ചു നായര് മ്മളെ ബീട്ടില് മങ്ങലത്തിനു ബന്നാ ചോറ് ബൈയിക്കില്ല .... പക്കേങ്കില് ഷാപ്പില് ഒരുകുപ്പി കള്ള് ഞമ്മള് രണ്ടാക്കും ഒരേ പാത്രതീന്നു മീങ്കറി തൊട്ടു നക്കും."
മാമേട്ടന്‍ ചിരിച്ചു കൊണ്ട് പറയും.
വൈകുന്നേരങ്ങളില്‍ കള്ള് കുടിച്ചുവരുന്ന മാമേട്ടനെ കണ്ടാല്‍ പെട്ടന്ന് തിരിച്ചറിയാം ..... ഷോകേസില്‍ വെക്കുന്ന വയറന്‍ പട്ടരുടെ പ്രതിമപോലെ ഇപ്പോഴും തലയാട്ടികൊണ്ടിരിക്കും ... ഒരു കയ്യില്‍ മീനിന്‍റെ ഒരു സഞ്ചിയും, മറുകയ്യില്‍ തോര്‍ത്ത് മുണ്ടില്‍ കെട്ടിപൊതിഞ്ഞ സാധനങ്ങള്‍ ചുമലിലൂടെ തൂക്കിയിട്ടിരിക്കും.....വഴിയില്‍ വെച്ച് കണ്ടാല്‍ ഇത്തിരി വളഞ്ഞു മുഖം മുന്നോട്ടടുപ്പിച്ചു ചോദിക്കും
"മേനോങ്കുട്ടി എങ്ങട്ടാ"?
ഉത്തരം തൃപ്തികരമാണെങ്കില്‍ പറയും "മേനോങ്കുട്ടി സൂച്ചിച്ചു പോണം കേട്ടാ"
വൈകുന്നേരം ചിരുതമ്മക്ക് പിടിപ്പത് പണിയുണ്ടാകും. ഉള്ള മീനൊക്കെ മുറിച്ച് പാചകം ചെയ്യുമ്പോഴേക്കും രാത്രിയാകും. ചിരുതമ്മ എന്‍റെ അമ്മയോട് പറയുന്നത് കേട്ടിട്ടുണ്ട്.
"ന്‍റെ തീയ്യന്‍ കുടിക്കാണ്ട് ബന്നാല്‍ നക്കൊരു സമാധനോടാവില്ല .. കുടിച്ചിട്ട് ബരുമ്പോ എല്ലാം കെട്ടി പൊതിഞ്ഞു കൊണ്ടെരും"
വൈകുന്നേരങ്ങളില്‍ വീടിന്‍റെ ഉമ്മറത്തിരുന്നു മാമേട്ടന്‍റെ പട്ടു കച്ചേരി ഉണ്ടാകും .
"കാത്തും ബാലെ കാഞ്ചന ബാലെ
കശ്യാ പുത്രി കനകലതായെ "
മാമേട്ടന്‍ നീട്ടി പാടും. ഇന്നും ആ പാട്ടിന്‍റെ അര്‍ഥം എന്താണെന്നെനിക്കറിയില്ല, ഏത് ഭാഷയാണെന്നും!
കന്നുപൂട്ടലിന്‍റെ എല്ലാ കരാറുകളും ഒപ്പിടുന്നത് കള്ളുഷാപ്പിലോ അതിന്‍റെ പരിസരത്തോ വെച്ചാണ്. ഒരുകുപ്പി കള്ളിന്‍റെ പുറത്ത് കരാറുരപ്പിച്ചാല്‍ പിറ്റേന്ന് കാലത്ത് മാമേട്ടനും കാളകളും വയലിലെത്തിയിരിക്കും. വയിലിന് ചൂട് പിടിക്കുന്നത്‌ വരെ കാള പൂട്ടും. കരാര്‍ കള്ളിന്‍റെ പുറത്താണെങ്കിലും കൂലി കൃത്യമായി കയില്‍ കൊടുക്കണം കള്ള് കരാര്‍ വേറെ കൂലി വേറെ അതാണ് മാമേട്ടന്‍റെ പോളിസി.
ഓരോ പാടവും മാമേട്ടന്‍റെ കലപ്പയുടെ സുരതത്തില്‍ തളര്‍ന്നു കിടന്നു.ആ മണ്ണില്‍ ഒരിയ്ക്കല്‍ പോലും ഒരു പടുമുള പൊട്ടിയിട്ടില്ല!
മാമേട്ടന്‍റെ കലപ്പ രേതസ്സ് നല്‍കിയ വളക്കൂറുള്ള മണ്ണ് ........

വരമ്പുകളുടെ നീണ്ട ചതുര വടിവുകളുമായി പരന്ന് കിടക്കുന്ന കൊയ്ത്ത് കഴിഞ്ഞ പാടം. രാവിലെ പറന്നിറങ്ങുന്ന കൊറ്റികളുടെ വെളുത്ത പുതപ്പുകള്‍ പാടത്ത് അങ്ങിങ്ങ് ചിതറിക്കിടക്കുന്നു. കാലത്താണ് ആ അത്ഭുതം പാടത്തിറങ്ങിയത് ..... പിന്നില്‍ രണ്ടു വലിയ ടയറുകളും മുന്നില്‍ രണ്ടു ചെറിയ ടയറുകലുമുള്ള ഒരു വണ്ടി. അതിന്‍റെ ഡ്രൈവര്‍ മനോഹരന്‍ അതിനെ ട്രാക്ടര്‍ ഇന്ന് വിളിക്കുന്നത്‌ കേട്ടു. മുന്‍വശത്ത് ചുരുട്ട് കത്തിച്ചു വച്ചപോലെ സാദാ പുകവിടുന്ന ഒരു കുഴല്‍. പിന്‍വശത്ത് മണ്ണ് കിളച്ചിടാനുള്ള ഒരു മണ്ണ് മാന്തി ഘടിപ്പിച്ചിരിക്കുന്നു. അതിന്‍റെ ഘറ .. ഘറ ശബ്ദം പാടത്ത് മുഴുവന്‍ മാറ്റൊലി കൊണ്ടു. അന്നുവരെ ഞങ്ങളുടെ നാട്ടുകാര്‍ പാടത്ത് കാണാത്ത ഒരു വാഹനം. മാമേട്ടന്‍റെ കാളകളുടെ കുതിപ്പും കിതപ്പും കണ്ട ഞങ്ങള്‍ക്ക് അതിന്‍റെ ശബ്ദം പോലും അത്ഭുതമായി.......
.ട്രാക്ടര്‍ നിര്‍ത്തി സിഗരറ്റുമായി മനോഹരന്‍ ചാടിയിറങ്ങി. അയാളുടെ ലതെറിന്‍റെ ചെരിപ്പില്‍ ചെളിയുടെ ഒരു പാട്‌ പോലും ഉണ്ടായിരുന്നില്ല. മനോഹരന്‍ ഞങ്ങളുടെ നാട്ടുകാരനാണെങ്കിലും പയ്യന്നുരിലാണ് ജോലി. ട്രാക്ടര്‍ ഓടിക്കാന്‍ പഠിച്ചതും അവിടെ വച്ചാണ്.
ട്രാക്ടറിന്‍റെ ശബ്ദം കേട്ടു പാഞ്ഞു വന്ന ഞങ്ങള്‍ കുട്ടികളതിനെ തൊട്ടുനോക്കി.
"മാറി നിക്കിന്‍ കുട്ട്യോളെ"- മനോഹരന്‍ ചീറി.
"അല്ല മനോരാ ഇതിപ്പോ എബ്ടുന്നു കൊണ്ടന്നു "?- കേളപ്പേട്ടന്‍ തിരക്കി.
"ഇത് പയ്യന്നൂരിന്നാ ..... ഞമ്മളെ മൊതലാളിയോടു ഒരു മാസത്തെ ബാടകക്ക് മേടിച്ചതാ" .... ഷര്‍ട്ട്‌ന്‍റെ കോളര്‍ പിന്നോട്ടാക്കി പുകവിട്ട്‌ മനോഹരന്‍ പറഞ്ഞു.
"ഇങ്ങക്കെല്ലാര്‍ക്കും കൂടി ദാന്നു പറയുമ്പോഴേക്കും നെലം റെഡ്യാക്കിത്തരാ കേളപ്പേട്ടാ ........
"പക്ഷെ മ്മക്ക് മണിക്കൂറിനാ കൂലി" .....
പറഞ്ഞത് പോലെ മനോഹരന്‍ അഞ്ച് മിനുട്ട് കൊണ്ടു ചതുരത്തില്‍ അഞ്ചാറാവര്‍ത്തി ഓട്ട പ്രദക്ഷിണം നടത്തി. പാടത്തിന്‍റെ നനഞ്ഞ മണ്ണിലൂടെ അതിന്‍റെ മുള്ളുകള്‍ തലങ്ങും വിലങ്ങും പാഞ്ഞു.നിമിഷ നേരം കൊണ്ട് പാടം റെഡി!
വൈകുന്നേരം കള്ള് ഷാപ്പില്‍ വെച്ച് മീന്‍കറി വിരലുകൊണ്ട് തൊട്ടു വായിലാക്കി ശ്ശ്....... ശ്ശ് എന്നൊരു ശബ്ദത്തോടെ കുമാരേട്ടന്‍ പറഞ്ഞു,
" ശശിയെ ........ ഞീ കണ്ടാ ഓന്‍റെയാ വണ്ടി ..... എദാന്നു പറയുംപ്ളക്കല്ലേ മൂന്ന് നെലം റെഡ്യാക്കിയെ ........ഇനി മ്മക്ക് മാമന്‍ തീയ്യന്‍റെ കാല് പിടിക്കണ്ടി ബരില്ല.

എന്നും രാവിലെ പാടത്തുനിന്നും മനോഹരന്‍റെ ട്രാക്ടറിന്‍റെ ശബ്ദം ഉയര്‍ന്നു കേള്‍ക്കാം. രാവിലെ തന്നെ മാമേട്ടന്‍ ഉമ്മറത്തിന്‍റെ കോണില്‍ ചാരുകസേരയില്‍ മലര്‍ന്നു കിടക്കും. മുറ്റത്തിന്‍റെ കോണിലേക്ക് തുടരെ തുടരെ മുറുക്കി തുപ്പും.ഉച്ച വെയിലിലും മനോഹരന്‍റെ ട്രാക്ടര്‍ നിര്‍ത്താതെ ഓടിക്കൊണ്ടിരുന്നു. കൊറ്റികളുടെ വെളുത്ത പറ്റങ്ങള്‍ ട്രാക്ടറിന്‍റെ ശബ്ദം കേട്ട് പറന്നകന്നു. ഞങ്ങള്‍ കുട്ടികള്‍ മാത്രം മനോഹരനെയും ട്രക്ടറിനെയും ചുറ്റിപറ്റി നിന്നു. പാടത്തെ പടര്‍ന്നു കിടക്കുന്ന ഓയിലില്‍ സൂര്യന്‍ മഴവില്ല് തീര്‍ത്തു. വൈകുന്നേരങ്ങളില്‍ തലയാട്ടാതെ മാമെടന്‍ മുറ്റത്ത് കൂടി ഉലാത്തി. അടുക്കളയില്‍ നിന്ന് ചിരുതമ്മയുടെ അവ്യക്തമായ പ്രാകല്‍ ഉയര്‍ന്നു കേള്‍ക്കാം. എല്ലാ വൈകുന്നേരങ്ങളിലും അവര്‍ ചക്കക്കുരു തൊലികളഞ്ഞ് കൂട്ടാനുണ്ടാക്കി.

അതിരാവിലെ മാമേട്ടന്‍ പാടത്തേക്കു നടന്നു. പതിവുപോലെ മനോഹരന്‍ ട്രാക്ടറുമായി വലം വെക്കുകയാണ് ......മാമേട്ടനെ കണ്ടതും അയാള്‍ ചാടിയിറങ്ങി
"ന്താ മാമേട്ടാ ഇങ്ങള് അതിരാവിലെ "........?
ഏയ്‌ .... ഒന്നൂല്ല ... ഞമ്മള് ബെറുതെ .. അന്‍റെ ബണ്ടി കാണാന്‍ ബന്നതാ ... കുട്യോള് പറഞ്ഞു ....
ന്‍റെ മാമേട്ടാ...... സത്യായിട്ടും ഇങ്ങളെ കഞ്ഞീ പാറ്റയിടണം എന്ന് ബിജാരിച്ചല്ല..... മ്മക്ക് ചെറിയ ബാടകക്ക് ബണ്ടി കിട്ടിയപ്പം .......
ഹൃദയത്തെ ഉഴുതു മറിച്ച് ഏതാനും വാക്കുകളുമായി ഒരു തേഞ്ഞ കലപ്പ മാമേട്ടന്‍റെ തൊണ്ടയിലൂടെ പുറത്തേക്ക് പാഞ്ഞു
പോയി ......
മനോരാ...... ഞ്ഞീ......
അതും പറഞ്ഞു മാമേട്ടന്‍ തിരിഞ്ഞു നടന്നു.......
തുടര്‍ന്നുള്ള ദിവസങ്ങളില്‍ മഴ പാടത്തിനു മുകളില്‍ ചെറുതായി പെയ്തു കൊണ്ടിരുന്നു . മനോഹരന്‍ പണി എല്ലാം തീര്‍ത്ത് പയ്യന്നുരിലേക്ക് മടങ്ങിപോയി.
മാമേട്ടന്‍ അപ്പോഴും തലകുനിച്ച മൂങ്ങയെ പോലെ കസേരയില്‍ ഉറക്കം തൂങ്ങി കിടന്നു. മഴ പാടത്തിനു മേല്‍ ശക്തിയാര്‍ജ്ജിച്ചു ......നനഞ്ഞ പാടം ഒരുപിടി വിത്തിനായി കാത്തുകിടന്നു .
അതിരാവിലെ ബണ്ട് തുറക്കാന്‍ പോയ കേളപ്പേട്ടനാണ് അത് കണ്ടത് ...വിത്തിട്ട് നനഞ്ഞു കിടക്കുന്ന പാടത്ത് ചെളിയില്‍ കമഴ്ന്നു കിടക്കുന്ന മാമേട്ടന്‍!. മുഖം പകുതി ചെളിയില്‍ പൂണ്ടിരുന്നു. അള്ളി പിടിച്ച ഇടതു കൈയില്‍ ചെളിയോടു കൂടി മുളക്കാത്ത നെല്‍വിത്തുകളുമുന്ടായിരുന്നു. മാമേട്ടനെ കുളിപ്പിച്ച് കിടത്തിയപ്പോള്‍ കല്യാണത്തിന് പോകുമ്പോള്‍ ഇടാറുള്ള നീല കുപ്പായമായിരുന്നു.......ചിതയിലേക്ക് എടുക്കുന്നതിനു മുമ്പ് കള്ളിന്‍റെ പാട പോലെയുള്ള വെളുത്ത തോര്‍ത്ത്‌ ആരോ മുഖം മറച്ച് വലിച്ചിട്ടു. വിറകുകളെ തീനാമ്പുകള്‍ എടുക്കുന്നതിനു മുന്നേ ചാറ്റല്‍ മഴയിലുടെ ഞാന്‍ വീട്ടിലേക്കു നടന്നു.
ഒരു ദിവസം ജോലിക്കിറങ്ങുമ്പോള്‍ ഗംഗന്‍ ചിരുതമ്മയോട് വിളിച്ചു പറഞ്ഞു
" അമ്മേ ഞാന്‍ ആ ബീരനിക്കയോട് വരാന്‍ പറഞ്ഞിട്ടുണ്ട് .ചുമരിന്റെ അരികില്‍ ചാരിവെച്ച ആ കലപ്പ അയാള്‍ക്ക്‌ കൊടുത്തേക്ക്.. ഇനി വെച്ചാല്‍ തുരുംബെടുത്ത് പോകും "... അതും പറഞ്ഞ് ബാഗുമായി ഗംഗന്‍ ഇറങ്ങി നടന്നു.......

എനിക്കും ഓര്‍മ്മകള്‍ക്കും നടുവില്‍ കള്ള് അയ്യപ്പന്‍ തോട്ടിലൂടെ പതഞ്ഞ് ഒഴുകാന്‍ തുടങ്ങി .....
ഏതൊക്കെയോ സ്വപ്നത്തിന്റെ വെളുത്ത നുരകളില്‍ കൂടി ഞാനും പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു

രഞ്ജിത്വേതാളം പറഞ്ഞ കഥ - ഉത്തരാധുനികം ..

March 27, 2010 സുരേഷ് ബാബു

വേതാളത്തെയും ചുമന്നുള്ള വിക്രമാദിത്യ മഹാരാജാവിന്‍റെ യാത്ര കുന്നും മലയും, കല്ലും മുള്ളും താണ്ടി ഏറെ ദൂരം പിന്നിട്ടിരുന്നു .അവസാനത്തെ കഥ പറഞ്ഞു തീര്‍ന്നിടത്ത് നിന്ന് തുടങ്ങിയ യാത്രയാണ്..ദാഹം തീര്‍ക്കാന്‍ കൂടി എങ്ങും നിന്നിട്ടില്ല.

" രാജാവേ.., അങ്ങു ക്ഷീണിതനായെന്കില്‍ ഇനി അല്‍പ നേരം വിശ്രമിച്ച്‌ ക്ഷീണം തീര്‍ത്തിട്ടാകം മുന്നോട്ടുള്ള യാത്ര ...യാത്രാ മദ്ധ്യേ ഞാനൊരു പുതിയ കഥ പറയുകയും ആവാം..."

"വേണ്ട വേതാളമേ ...നമുക്ക് പുതിയ കഥ കേള്‍ക്കാന്‍ തിടുക്കമായി ...അതിനു ശേഷമാവാം വിശ്രമം ..അങ്ങു കഥ തുടങ്ങിക്കോളൂ. "

" എല്ലാ കഥയുടെയും അവസാനം തന്നെ കുരുക്കുന്ന ചോദ്യമാണെന്നറിഞ്ഞിട്ടും താങ്കളുടെ ഈ ആവേശം എന്നെ അദ്ഭുദപ്പെടുത്തുന്നു ."

".വേതാളമേ ഓരോ കഥയും അറിവിന്‍റെ പുതിയ അദ്ധ്യായങ്ങളാണ് എനിക്ക് പകര്‍ന്നു തരുന്നത്..എന്‍റെ ബോധ മണ്ഡലത്തിന്‍റെ വെളിച്ചവും ഈ കഥകള്‍ തന്നെ ..അങ്ങു മടിക്കാതെ തുടങ്ങിക്കോളൂ .."
.
ഈ കഥ നടക്കുന്നത് കുറച്ചു തെക്കുള്ള വാമനപുരം എന്ന ഗ്രാമത്തിലാണ്...അവിടെയാണ് ബാങ്ക് ക്ലാര്‍ക്ക് ശശീന്ദ്രനും കുടുംബവും താമസിച്ചു പോന്നത് ...ശശീന്ദ്രന്റെ ഭാര്യ ശ്രീകല രണ്ടു വര്ഷം മുന്‍പ് കാന്‍സര്‍ പിടിപെട്ടു മരിച്ചിരുന്നു ...അതിനു ശേഷം അയാളും മൂത്ത മകള്‍ പതിനാലു വയസ്സുകാരി ശ്രീജയും ,അനിയന്‍ അഞ്ചാം തരംകാരന്‍ ശ്രീജിത്തും ആണ് അവിടെ താമസിച്ചു പോന്നത് ..ശ്രീകലയുടെ മരണ ശേഷം ശശീന്ദ്രന്‍ ജീവിക്കുന്നത് തന്നെ മക്കള്‍ക്ക്‌ വേണ്ടി മാത്രമാണെന്ന് നാട്ടില്‍ എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്....

അമ്മയുടെ മരണ ശേഷം വീട്ടു കാര്യങ്ങള്‍ നന്നായി നോക്കി നടത്തി ശ്രീജ അമ്മയ്ക്ക് പകരക്കാരിയായി . പാചകവും , തുണി അലക്കലും,ഇസ്തിരി ഇടലും ഒന്നിലും സമയക്കുറവു ഒരു കാരണമായി അവള്‍ക്കു തോന്നിയിട്ടില്ല ...സ്വന്തം പഠിപ്പ് മുടങ്ങുമെന്ന അവസ്ഥയിലും അവള്‍ അനിയന്റെ ഭാവിയില്‍ ഉത്കണ്ഠപ്പെട്ടു ..കളി പറഞ്ഞു പൊട്ടിച്ചിരിച്ചു തുള്ളിച്ചാടി നടക്കേണ്ട പ്രായത്തില്‍ കാലം അവളെ പക്വമതിയായ ഒരു കുടുംബിനിയുടെ കുപ്പായമണിയിച്ചു.

അവളുടെ വീട്ടു മുറ്റത്തു ഇന്ന് പതിവില്ലാത്ത ആള്‍ക്കൂട്ടം.. .മനസ്സില്‍ നന്മ മാത്രം കൊണ്ട് നടന്ന ആ മാലാഖയും കളങ്കിതയാക്കപ്പെട്ടിരിക്കുന്നു...ആ നിഷ്കളങ്കത കടിച്ചു കീറിയ കാട്ടാളന്‍ നാട്ടുകാരാല്‍ ബന്ധനസ്ഥനാക്കപ്പെട്ടിരിക്കുന്നു. അവര്‍ അവനെ നന്നായി ഭേദ്യം ചെയ്യുന്നുണ്ട് ...ചിലര്‍ കാതു പൊട്ടുന്ന തെറികള്‍ വിളിക്കുന്നു ...എല്ലാം കണ്ടും കേട്ടും നിസ്സംഗത സ്ഫുരിക്കുന്ന കണ്ണുകളുമായി ഒരു നരാധമന്‍ ബന്ധനത്തില്‍ !...

എവിടുന്നൊക്കെയോ പത്രക്കാരും , സത്യത്തിന്‍റെ നേര്‍ കാഴ്ചയ്ക്കായി ചാനല്‍ കണ്ണുകളും മഴപ്പാറ്റകളേപ്പോലെ അവിടെ കുതിച്ചെത്തി. മുറിയുടെ മൂലയില്‍ ചവ്ട്ടിയരയ്ക്കപ്പെട്ട്, വാടിക്കരിഞ്ഞു കിടന്ന ചെമ്പനീര്‍ പൂവിലെയ്ക്ക് ഒരുപാട് ഫ്ലാഷുകള്‍ മിന്നി മറഞ്ഞു ..

ഇതിനിടെ ചില നാട്ടു പ്രമാണിമാര്‍ വിഷയത്തിന്‍റെ ഗൌരവം ഉള്‍ക്കൊണ്ടു ചാനലുകളുമായി അഭിമുഖ സംഭാഷണത്തിലേര്‍പ്പെട്ടു..ആള്‍ക്കൂട്ടത്തില്‍ നിന്നും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നു പൊങ്ങി ..

'ഇവനെ പരസ്യമായി തൂക്കിലേറ്റണം...ഇനിയൊരിക്കലും ഇതാവര്ത്തിക്കപ്പെടരുത്' ..എന്നായി ചിലര്‍ ...

'ഇവന്‍റെ ലിംഗം മുറിക്കണം !... പാപികള്‍ക്കൊരു പാഠമാകണം ഇവന്‍..എന്ന് മറ്റു ചിലര്‍ ..

.ഒടുവില്‍ മണം പിടിച്ചു കാക്കിവേഷക്കാരുമെത്തി ...
"ജനങ്ങള്‍ നിയമം കൈയ്യിലെടുക്കരുത് ..ഇവനെ നിയമത്തിനു വിട്ടു തരിക " ...അവര്‍ അലറി വിളിച്ചു .....

"ഇല്ലാ..കോടതി മുറികളിലെ നീതിയുടെ തുലാസ്സില്‍ ഞങ്ങള്‍ക്കു വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു ...പൊതു ജനം മറു കൂവല്‍ കൂവി... ഇവന്‍റെ ശിക്ഷ ഇവിടെ തന്നെ നടപ്പാക്കപ്പെടും ...അപമാനിക്കപ്പെട്ടവള്‍ തന്നെ ഇവന്‍റെ തലയെടുക്കും ....അങ്ങനെ ഈ കപട ലോകത്തിനു ഇവള്‍ പഴുതില്ലാത്ത പുതിയ നിയമം കാട്ടിക്കൊടുക്കും "...

പെട്ടെന്ന് അവള്‍ അലമുറയിട്ടുകൊണ്ട് അവിടെയ്ക്കൊടി വന്നു പറഞ്ഞു ...
"അയ്യോ ! എന്നെക്കൊണ്ടാവില്ല ..നിങ്ങള്‍ അയാളെ ഉപദ്രവിക്കരുത് ...ദയവു ചെയ്തു അയാളെ അഴിച്ചു വിട്ടേക്കൂ.."

ഒരു നിമിഷം ആ മറുപടി എല്ലാവരെയും അന്ധാളിപ്പിച്ചു....പിന്നെ നാല് ചുറ്റും നിന്ന് ആക്രോശങ്ങള്‍ ഉയര്‍ന്നു .....'.രണ്ടിനേം ബാക്കി വെച്ചേക്കരുത്' !! ....നീതി ദേവതയുടെ മാനം കാക്കണം.. കൊല്ലവരെ !!....

ഹേ രാജാവേ ! ഞാന്‍ കഥയിവിടെ നിര്‍ത്തുകയാണ് ..ഇനി അങ്ങാണ് മറുപടി പറയേണ്ടത് ....ഇതില്‍ ആരാണ്‌ ശരി ...?

തെറ്റ്കാരനെ നിയമത്തിനു വിട്ടു തരണമെന്നു വാദിക്കുന്ന നിയമപാലകരോ ..?

അതോ പരസ്യമായി പൊതുജനമദ്ധ്യത്തില്‍ കടുത്ത ശിക്ഷ നടപ്പാക്കണം എന്ന് വാദിക്കുന്ന ജനങ്ങളോ?

അതുമല്ല..തന്‍റെ ജീവിതം നശിപ്പിച്ചവനെ വെറുതെ വിടണം എന്ന് യാചിക്കുന്ന പെണ്‍കുട്ടിയോ ?

'ശരിക്കും ആലോചിച്ചോളൂ ..ഉത്തരം ശരിയെങ്കില്‍ നമുക്ക് യാത്ര തുടരാം ...അതല്ല അങ്ങയ്ക്ക് തെറ്റുന്നുവെങ്കില്‍...........അതു ഞാന്‍ പറയേണ്ട കാര്യമില്ലല്ലോ ..ഹ ഹ '...വേതാളം ഉറക്കെ ചിരിച്ചു ..

തെല്ലും അമാന്തിക്കാതെ തന്നെ വിക്രമാദിത്യന്‍ ഉത്തരം പറഞ്ഞു തുടങ്ങി ..

"തീര്‍ച്ചയായും ആ പെണ്‍കുട്ടി തന്നെയാണ് നൂറു ശതമാനം ശരി ..കാരണം പ്രായത്തില്‍ കവിഞ്ഞ അറിവും വിവേകവുമുള്ള അവള്‍ക്കു നന്നായി അറിയാം ...ഒരു മനുഷ്യ ജന്മത്തില്‍ ഏറ്റവും കൊടിയ പാപമാണ് പിതൃഹത്യയെന്ന്..".!!

"അല്ല രാജാവേ ..കഥയിലെ പ്രതി പിതാവാണെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞില്ല ..എന്നിട്ടും അങ്ങു ........?

"കഥകളെത്ര കേട്ടിരിക്കുന്നു വേതാളമേ .....ഇത് കേട്ടപ്പോഴേ മനസ്സിലായി ഉത്തരാധുനികമെന്ന് ...പിന്നെ ഉത്തരത്തിനായി അധികം തപ്പേണ്ടി വന്നില്ല...." !!

മറുപടി കേട്ട വേതാളം വിക്രമാദിത്യന്റെ കഴുത്തില്‍ നിന്ന് പിടി വിട്ടു മരക്കൊമ്പില്‍ തല കീഴായി കിടന്നു പൊട്ടിച്ചിരിച്ചു ......


***********************************************************************************

ഇന്നലത്തെ പേഷ്യന്റ്റ്!!

March 25, 2010 സുരേഷ് ബാബു

ഡോക്ടര്‍ സതീഷ്‌ ചന്ദ്രന്‍റെ കണ്‍സല്‍ടിങ് റൂമിന് പുറത്തു നിമിഷങ്ങളെണ്ണിയിരിക്കുമ്പോള്‍ അജയ്കൃഷ്ണന്‍ തികച്ചും അസ്വസ്ഥനായിരുന്നു ...
'കുറച്ചു കൂടി നേരത്തെ ഇറങ്ങന്ടതായിരുന്നു..ഇതിപ്പോ മുപ്പത്തി മൂന്നാമത്തെ ടോക്കണാ കിട്ടിയെക്കുന്നെ...ഇനീം എത്ര നേരമെടുക്കുവോ എന്തോ '?
അയാള്‍ കസേരയില്‍ നിന്നെണീറ്റ് ഗേറ്റു വരെ നടന്നു ..പിന്നെ തിരിച്ചു നടന്നു ....

"യമുനയെക്കൂടി കൊണ്ട് വരാമായിരുന്നു. പക്ഷേ അവളെ എന്ത് പറഞ്ഞു കൂട്ടിക്കൊണ്ടു വരും? ഒരു മെന്ടല്‍ ഹോസ്പിറ്റലിലേക്ക് എന്തിന് തന്നെ കൊണ്ട് വന്നു എന്നവള്‍ ചോദിച്ചാല്‍ ...എന്ത് മറുപടി പറയും"? .

ഒരു ചട്ടിയും ചില പാഠങ്ങളും

Minesh Ramanunni

കഴിഞ്ഞ ഓണക്കാലത്തെ ഒരു സുപ്രഭാതം . സുപ്രഭാതം എന്നതു ചുമ്മാ പറഞ്ഞതാ.നാട്ടില്‍ വെക്കേഷനു വന്നതു മുതല്‍ ഞാന്‍ റിയല്‍ സുപ്രഭാതം കണ്ടിട്ടില്ല. സമയം ഒന്‍പതുമണിയോടടുക്കുന്നു . ഒരു സുലൈമാനിയുമായി വീരഭൂമിയുടെ താളുകളില്‍ പരതികൊണ്ടിരിക്കുകയായിരുന്നു. പിണറായിയും വീരനും നേര്‍ക്കു നേര്‍ ആയിരുന്നതു കൊണ്ടു വീരഭൂമിയില്‍ എന്നും ചില കുഞ്ഞു വെടിയൊച്ചകള്‍ ഉണ്ടായിരുന്നു. ദിവസം ഉഷാറയിത്തന്നെ തുടങ്ങാം എന്നു കരുതിയിരിക്കുമ്പൊഴാണ്‌ ആ ശബ്ദം ചെവിയില്‍ എത്തുന്നതു. " ചട്ടി വേണോ, ചട്ടി ". 

ഹംസക്കായും ഒരു ദുബായ്‌ക്കാരനാണ്...

March 24, 2010 മുരളി I Murali Mudra

ഇന്നു മുഴുവന്‍ ഹംസക്ക മാത്രമായിരുന്നു മനസ്സില്‍...
കിടന്നിട്ടു ഉറക്കം വരുന്നില്ല. ടി വിയുടെ ശബ്‌ദം അല്‍പ്പം കൂടി കൂട്ടി. ഓര്‍മ്മകളാണ്‌ ഏകാന്തതയുടെ കൂട്ടുകാര്‍..‍. ഈ മുറിയില്‍ ഇപ്പോള്‍ ഒരുപാട്‌ പേര്‍ ഉണ്ടായിരുന്നെങ്കിലെന്ന്‌ ആശിച്ചുപോകുകയാണ്‌....
ചാനലിലെ റിയാലിറ്റിഷോയില്‍ നന്നായി പാടിയില്ലെന്നു പറഞ്ഞു കോടതിമുറിയിലെന്ന പോലെ ഒരു കൊച്ചുകുട്ടിയെ ചോദ്യം ചെയ്യുന്ന ജഡ്‌ജസ്‌... റിയാലിറ്റിയുടെ ശരിയായ അര്‍ത്ഥം എത്ര പേര്‍ക്ക്‌ അറിയാം.??

തികച്ചും യാദൃശ്ചികമായാണ്‌ ഇന്നു ഹംസക്കായെ കണ്ടത്‌. ഷാര്‍ജ-റോളയിലെ വരണ്ട തെരുവോരത്ത്‌ ഒരു പറ്റം പാക്കിസ്ഥാനികളുടെ കൂടെ...

മോർച്ചറിയിൽ സംഭവിച്ചത്…

March 20, 2010 Manoraj

"രാവിലെ തന്നെ ഇത് എന്നാ ഇരിപ്പാ ഇരിക്കുന്നേ? എന്തോ പറ്റി?" ഗോവിന്ദൻ കുട്ടിയുടെ ഇരുപ്പ് കണ്ട് ഭാനുമതി ചോദിച്ചു.

"നീ ഇന്നത്തെ പത്രം കണ്ടോ?"

"പിന്നെ രാവിലെ തന്നെ പത്രം തിന്നുന്ന സ്വഭാവം നിങ്ങൾക്കല്ലേ.. വെറുതേ ഇവിടത്തെ പൊറുതി ഇല്ലാതാക്കല്ലേ" ഭാനുമതി കെറുവിച്ചു.

"അതല്ലെടീ, ഇന്നലെ ഗവ: ഹോസ്പിറ്റലിലെ മോർച്ചറിയിൽ, ഒരു പെൺകൊച്ചിന്റെ ശവം വരുത്തിവെച്ച പുകിലു കണ്ടോ നീ"

താഴോട്ടു സഞ്ചരിക്കുന്ന ലിഫ്റ്റ്‌

March 18, 2010 Renjith


ശീലങ്ങളുടെ എന്‍റെ ഭാണ്ഡക്കെട്ടില്‍ നിന്നും എന്തെങ്കിലും കുടഞ്ഞിട്ടാല്‍ ചിലരെങ്കിലും നെറ്റി ചുളിച്ചെന്നു വരാം..... എന്‍റെ ശീലങ്ങളൊക്കെ അത്തരത്തിലുള്ളതാണ് .....ഇത്തരം വിചിത്രമായ ശീലങ്ങള്‍ കുട്ടിക്കാലത്തേ എന്നെ പിടികൂടിയിരുന്നു . അച്ഛന്‍ കേന്ദ്ര ഗവണ്മെന്റ് ജീവനക്കാരനായതിനാല്‍ പലപ്പോഴായുള്ള സ്ഥലംമാറ്റങ്ങളും , അതിനു ചുറ്റും പെട്ടെന്ന് മാറിമറിയുന്ന അന്തരീക്ഷങ്ങളും എന്‍റെ ഇത്തരം ശീലങ്ങളെ ഒന്നുകൂടി ശക്തിപ്പെടുത്തി. മുംബൈയിലുള്ള അച്ഛന്റെ ക്വാര്‍ട്ടേഴ്സിന്‍റെ അരമതിലില്‍ കയറിയിരുന്ന് എല്ലാ വൈകുന്നേരങ്ങളിലും പുറത്തെ കാഴ്ചകളില്‍ കൂടി സഞ്ചരിക്കുന്നത് എന്‍റെ ഇഷ്ടവിനോദങ്ങളിലൊന്നായിരുന്നു ...

നിവേദിതയുടെ സ്വപ്നങ്ങള്‍

March 16, 2010 റോസാപ്പൂക്കള്‍

അങ്ങു ദൂരെ മീന്‍ പിടുത്തക്കാരുടെ തോണികള്‍ തിരകളിലൂടെ നീങ്ങുന്നതു നോക്കി ഗിരീന്ദ്രന്‍ ഇരുന്നു. തൊട്ടരികില്‍ വാതോരാതെ സംസാരിച്ചു കൊണ്ട് നിവേദിത. ഗിരീന്ദ്രന്‍ മിക്കാവറും അവളുടെ കേള്‍വിക്കാരനാണ്. ശനിയാഴ്ചയായതുകൊണ്ട് കുടുംബത്തോടെ സായാഹ്നം പോക്കാന്‍ ബീച്ചില്‍ വന്നിരിക്കുന്നവര്‍ ധാരാളം. കടലക്കാരന്‍ കാദര്‍ക്കാ പതിവുപോലെ അവരുടെ അടുത്തു വന്ന് കടല കൊടുത്തിട്ടു ധൃതിയില്‍ നടന്നു പോയി. എന്നും ഒരേ സ്ഥലത്തു വന്നിരിക്കാറുള്ള അവരെ നാളുകളായി അയാള്‍ക്കറിയാം. നിവേദിത സംസാരിച്ചു സംസാരിച്ച് പതിവുപോലെ അവള്‍ കണ്ട സ്വപ്നങ്ങളില്‍ എത്തിച്ചേര്‍ന്നു.

ബര്‍മ്മുഡ ട്രയാങ്കിള്

March 14, 2010 രാജേഷ്‌ ചിത്തിരരു കടല്‍യാത്രയില്‍ എപ്പോഴും അപ്രതീക്ഷിതങ്ങളെ നേരിടാനുള്ള ശാരീരിരിക, മാനസികാവസ്ഥയിലായിരിക്കണം 
ഒരു യാത്രികന്‍ എന്ന പാഠം ഉള്‍ക്കൊണ്ടാണ് തന്റേതായ പണികള്‍ ഒന്നുമല്ലെങ്കിലും ഈ ശുചീകരണജോലികളില്‍ ‍ഏര്‍പ്പെടുന്നത്.രാവിലെ ഏഴിന് പ്രഭാതഭക്ഷണം കഴിഞ്ഞാല്‍ എന്തെങ്കിലുമൊക്കെ പണികള്‍, പലതും മറ്റുള്ളവര്‍ക്ക് പ്രത്യക്ഷത്തില്‍ ചെയ്തുവെന്ന് തോന്നിപ്പിക്കാതതതുമാണ്. പക്ഷെ തന്‍റെ നേതാവ് ലീഡര്‍ ബ്രൂസ് പറയുന്നത് അക്ഷരം പ്രതി കേള്‍ക്കുകയാണ് ഷഫിക് ചെയ്യാറ്.പണ്ടില്ലാതിരുന്ന ഒരു പതിവ്.അതോര്‍ത്തപ്പോള്‍ ചിരിപൊട്ടി.തങ്കശ്ശേരിയില്‍ പള്ളിക്കൂടത്തില്‍ വിട്ടാല്‍ പോകാതെ ,അധ്യാപകരെ കൊഞ്ഞനം കാട്ടി നടന്ന്‌ ഇപ്പോള്‍ സായിപ്പിന്റെ വാക്കുകള്‍ക്ക് മുന്നില്‍ പഞ്ചപുശ്ചമടക്കി ഇങ്ങനെ .....

തുടക്കം

March 12, 2010 Manoraj


അകലെ പാടത്തിന്റെ വരമ്പിലൂടെ പോസ്റ്റ്മാൻ വരുന്നത്‌ കണ്ട്‌ ഞാൻ ഓടിച്ചെന്നു. എന്റെ ജീവിതത്തിന്റെ കടിഞ്ഞാണായേക്കാവുന്ന എന്തെങ്കിലും കടലാസ്‌ അയാളുടെ കൈവശം ഉണ്ടോ എന്നാണു എനിക്കറിയേണ്ടത്‌. കിതചുകൊണ്ട്‌ ഞാൻ അയാളുടെ മുന്നിൽ നിന്നു. "ഇയാൾക്ക്‌ ഒരു കവറുണ്ട്‌"- പുഞ്ചിരിയോടെ ആ മനുഷ്യൻ പറഞ്ഞു. മനസ്സിൽ വളരെയധികം സന്തോഷത്തോടെ ആ കവറുമായി തിരിച്ചുനടക്കുമ്പോഴും നെഞ്ചിടിപ്പായിരുന്നു ഏറെയും..

ദൈവമേ, ഇതെങ്കിലും ജോലിക്കുള്ള ഒർഡർ ആകണേ. ടെസ്റ്റും , ഇന്റർവ്യുവും എഴുതി മടുത്തു. വീട്ടിലാണെങ്കിൽ ദാരിദ്യത്തിന്റെ നെല്ലിപ്പലക കണ്ടു തുടങ്ങി. അച്ഛൻ കിടപ്പിലാണ്. അമ്മ അടുത്ത വീടുകളിൽ പോയി പണിയെടുത്ത്‌ കൊണ്ടുവരുന്നതാണ് ഏക ആശ്രയം. വിദ്യാസമ്പന്നനായ എനിക്ക്‌ നാട്ടിൽ കൂലിപ്പണിപോലും ആരും തരില്ലല്ലോ?

തലക്കെട്ടുകള്‍ കൊടുംങ്കാറ്റു സൃഷ്ടിക്കുമ്പോള്‍ ...

Renjith


എയ്യിഞ്ച്ല്‍ മേരിയുടെ കണ്ണുകള്‍ കഴിഞ്ഞ മൂന്നുമാസക്കലമായി തലകുത്തി മറയുന്നത് പത്രത്തിലെ പീഡന വാര്‍ത്തകളിലാണ്‌. മുമ്പൊന്നും അവളിങ്ങനെയയിരുന്നില്ല ....ഒരു ശരാശരി മലയാളിക്ക് പത്രത്തോടുള്ള ഒരടുപ്പം ... അതില്‍വിഞ്ഞു യതൊന്നുംമുണ്ടയിരുന്നില്ല .. തുടര്‍ന്നിങ്ങോട്ട്‌ മൂന്നു നാലുമാസമായി പത്രവാര്‍ത്തകളില്‍ എയ്യിഞ്ച്ല്‍ മേരി തിരക്കിട്ട് വായിക്കുന്നത് അല്ലെങ്കില്‍ പഠനവിധെയമാക്കുനത് ഇത്തരം വാര്‍ത്തകള്‍ മാത്രമാണ് അതെന്താണെന്ന് ചോദിച്ചാല്‍ എനിക്കുമറിയില്ല ....കാരണം അവളുടെ സ്വഭാവം പ്രവച്ചനതീതമാണ് !.

വംശാവലിയില്‍ നിന്നു മാഞ്ഞുപോയ പുഞ്ചിരി......

March 11, 2010 jayanEvoor

മുത്തശ്ശി മരിച്ചു.

രണ്ടാഴ്ചയായി സുഖമില്ലായിരുന്നു.

വീട്ടില്‍ നിന്ന് പോകാന്‍ ഞാന്‍ മാത്രമേ ഉള്ളൂ..... അമ്മയാണെങ്കില്‍ ഒരു സര്‍ജറി കഴിഞ്ഞ് വിശ്രമത്തിലാണ്‌. യാത്ര ചെയ്യാനാവില്ല.എത്രയും പെട്ടെന്നു പോകണം.

മലപ്പുറത്തേക്കാണ്‌ എന്നു പറഞ്ഞപ്പോള്‍ അളിയനും കൂടെ വരാം എന്നു പറഞ്ഞു. ഓരൊ തവണ പെരിന്തല്‍മണ്ണയ്ക്കു യാത്രചെയ്യുമ്പോഴും ആലോചിക്കും അച്ഛന്‍ കാണിച്ച സാഹസത്തെ കുറിച്ച്! വര്‍ഷത്തിലൊരിക്കല്‍ ഒരു പകല്‍ മുഴുവന്‍ നീളുന്ന യാത്രകള്‍... എത്ര വര്‍ഷം.....
ഇപ്പോള്‍ യാത്രകള്‍ കുറഞ്ഞു.... ബന്ധുക്കള്‍ പല വഴിക്കായി... ചിലര്‍ വിദേശത്ത്, മറ്റു ചിലര്‍ അന്യ സംസ്ഥാനങ്ങളില്‍....

ആത്മഹത്യ ചെയ്യുന്ന പക്ഷികളുടെ ഗ്രാമം

March 08, 2010 Renjithഅര്‍ദ്ധ നഗ്നനായ ശില്പത്തിന്‍റെ വയറില്‍ പതുക്കെ കൈ ഓടിക്കുമ്പോള്‍ മരിച്ചവരുടെ മാര്‍ബിള്‍ തണുപ്പ് അലീനയുടെ വിരലുകളിലൂടെ പെരുത്ത്‌ കയറി .... ക്രിസ്റ്റിയുടെ ഉളിതഴംബുകള്‍ തന്‍റെ വയറിനു മുകളിലൂടെ കടന്നു പോകുമ്പോള്‍ ഉണ്ടാകുന്ന അതെ തണുപ്പ്. നിന്‍റെ കണ്ണുകളില്‍ രണ്ടു സിംഹങ്ങള്‍ അലറുന്നുവെന്ന അവന്‍റെ കണ്ടെത്തലുകളും, അവനൊരിക്കലും ഒരു കാട്ടുകുതിരയാകാന്‍ കഴിയില്ലെന്ന എന്‍റെ കണ്ടെത്തലുകളും ഉറക്കത്തിലെ അര്‍ദ്ധ സ്വപ്നങ്ങളില്‍ കൂടി അലറിയും, ചിനച്ചും, മത്സരിച്ചു പാഞ്ഞുകൊണ്ടിരുന്നു... പക്ഷെ ഒന്ന് പറയാതെ വയ്യ .... തലയ്ക്കു പിന്നില്‍ കൈ ചേര്‍ത്ത് മലര്‍ന്നു കിടക്കുന്ന മത്സ്യകന്യകയുടെ ഉടലിന്‍റെ ഭംഗി, അവന്‍റെ കയ്യളവുകള്‍ക്ക് ഇതുവരെയും തന്നില്ലേക്ക് എത്തി പിടിക്കാനാവാത്ത എന്തോ ഒന്ന്....... എത്ര മനോഹരമായാണ് അവനവളുടെ ഉടലില്‍ കൊത്തിവച്ചിരിക്കുന്നത് .... അതിന്റെ കണ്ണുകളില്‍ കൂടുകൂട്ടിയ വികാരം ഒരു നിമിഷത്തേക്ക് പോലും തനിക്ക് പകര്‍ന്ന് തരാന്‍ ക്രിസ്റ്റിക്കിതെവരെ കഴിഞ്ഞിരുന്നില്ലെന്നു അലീന അസൂയയോടെ ഓര്‍ത്തു പോയി.

പുതിയ (ഗുരുത്വാകര്‍ഷണ)നിയമം - എല്‍ദോസ് വേഴ്സസ് കര്‍ത്താവ്..

പ്രൊമിത്യൂസ്

ഈ കളി സാക്ഷാല്‍ കര്‍ത്താവും കളത്തിങ്കല്‍ തങ്കച്ചന്‍ സാറിന്‍റെ സീമന്ത സന്തതി സാക്ഷാല്‍ ശ്രീമാന്‍ എല്‍ദോസ് തങ്കച്ചനും തമ്മിലാണ്. കൂനമ്മാക്കല്‍ അച്ചന്‍ പല തവണ പറഞ്ഞതാ കളി കര്‍ത്താവിനോടു വേണ്ടാന്ന്. പിന്നെ എല്‍ദോസിനോടാണോ കളി?
വളരെ കുറച്ചു നേരമുള്ള അഗാധമായ ഉറക്കം മൂന്നാമത്തെ ഗിയറിലേക്ക് വീണപ്പോള്‍ എല്ദോസിന്റെ തലയിണയുടെ അടിയില്‍ ഭദ്രമായി വെച്ച നോട്ടു പുസ്തകം കര്‍ത്താവ് അടിച്ചു മാറ്റി.

"എല്‍ദോസേ..."

"ന്തോ ..? ആരാ...??"

സ്നേഹം കൊണ്ടൊരു നുള്ളിന്റെ നൊമ്പരം

March 06, 2010 KS Binu

ഓരോ വലത്ത്‌ വയ്ക്കുമ്പോഴും അവള്‍ ഇങ്ങോട്ട്‌ നോക്കുന്നുണ്ട്‌. "ഒരിത്തിരി നേരം കൂടി" എന്ന ഒരു അപേക്ഷാഭാവവും കാത്തുനിര്‍ത്തുന്നതിന്റെ കുസൃതിയും മുഖത്ത്‌. "ഈ മീനാക്ഷി എന്തെടുക്കുവാണ്‌.? അമ്മയോ അങ്ങനെയായി. അവള്‍ക്കിങ്ങ്‌ പോന്നൂടേ.? അവളും ചില നേരത്ത്‌ അമ്മേടെ ബാക്കിയാണ്‌. ഞാന്‍ തൊഴുതിട്ട്‌ ഇറങ്ങാന്‍ നേരത്ത്‌ "വടക്കേനടയില്‌ നിന്നോളൂ.. ഒരു അഞ്ച്‌ മിനിട്ട്‌, ഇപ്പോ വരാം" എന്ന് പറഞ്ഞതാണ്‌. ഇപ്പോ അരമണിക്കൂറാവുന്നു. എന്തൊരു വെയിലാണിത്‌.!"

പച്ച നെറത്തില് ഒരു കാട്....

March 05, 2010 സൂര്യ
ഇയ്യെടബയീല് ഒറ്റയ്ക്ക് നടക്കരുത്ന്ന് അമ്മ പലവട്ടം പറഞ്ഞേക്കണ്.. പാമ്പ് ണ്ടാവൂന്ന്.. ന്നാലും ഇനിക്കി നടക്കാണ്ടിരിക്കാന് പറ്റൂലാല്ലോ.. കാരാപ്പൊയ നീന്തിക്കടന്ന് തെയ്യോന്‍, ന്റെ ചെക്കന്‍ ബെരും.. പനച്ചിപ്പാറേടെ പിന്നില് കാത്ത് കുത്തിരിക്കും.. ഈ കുന്നും കൂടി കേറി എറങ്ങണം.. ഇന്ന് ഇത്തിരി ബൈഗീക്ക്ണ്.. ഓന്‍ കൊറേ നേരായിട്ട് കാത്ത് നിക്കണണ്ടാവും... കരിമ്പച്ച നെറത്തില് കാട് കൂട്ടിരിക്കും..
"പറായിയേ.. ങ്ങ്യെന്താ ബരാന്‍ ബയ്ക്യേ? നിക്ക് തിരിച്ച് പോണംന്ന് അനക്കറിഞ്ഞൂടേ?"
"എല്ലാടത്തും പോലീസ്കാരല്ലേ... കണ്ണീപ്പെടാണ്ടെ പോരണ്ടേ.. ആരേലും കിട്ടാന് കാത്ത് നില്‍ക്കാ അവനുമ്മാര്..."
"അണക്കത് പറയാ തെയ്യോനേ.. ഇബടെ പ്പോ ഓരോ പെണ്ണിന്റേം ജീബിതം ഈ കാടിന്റെ പോലെ തന്നെ.. ഒറങ്ങാതെ പേടിച്ച് പേടിച്ച്... ന്റെ കണ്ണിന്റെ മുമ്പില് ബെച്ചല്ലേ അന്നെ ഓരൊക്കെ കൂടി ബെലിച്ചു കൊണ്ടോയത്.. മറക്കൂലാ ഒന്നും ഞാന്..."

പെയ്തൊഴിയുമ്പോള്‍

March 02, 2010 ശിവകാമി


"വേഗം വരൂ.. അഞ്ചുമണി വരെയേ ഉള്ളൂ വിസിറ്റിംഗ് ടൈം"
"രാകേഷ് പോയിവരൂ.. ഞാനിവിടെയിരിക്കാം"
"ഏയ്‌... താനല്ലേ കാണണമെന്ന് നിര്‍ബന്ധം പിടിച്ചത്? തനിക്കൊരു കൂട്ടായി വന്നിട്ടിപ്പോ..."
"എനിക്ക്... എനിക്ക് വയ്യ.. "

സീതയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഉള്ളിലേക്ക് നടക്കുമ്പോള്‍ അയാള്‍ ഇടയ്ക്കിടെ പിന്തിരിഞ്ഞു നോക്കി.‌

പ്രണയം വരുന്ന വഴികൾ

March 01, 2010 mini//മിനി             സന്ധ്യ കഴിഞ്ഞ്, ഇരുട്ടിന് കനം കൂടിയതോടെ സൻഷ ഗോപിനാഥൻ പേടിച്ച് വിറക്കാൻ തുടങ്ങി. അവളുടെ ചിന്തകൾ കാടും മലയും കയറിമറിഞ്ഞതിനു ശേഷം, ഇപ്പൊൾ പൊട്ടിച്ചിതറാൻ കാത്തിരിക്കുന്ന ഒരു അഗ്നിപർവ്വതം കണക്കെ തിളച്ച്‌മറിയുകയാണ്. മറ്റുള്ളവരുടെ മുന്നിൽ ധൈര്യശാലിയാണെങ്കിലും ഇപ്പോൾ അണകെട്ടി നിർത്തിയ ഭയം നെഞ്ചിനുള്ളിൽ ‘അതിക്രമിച്ച് കടന്ന’ ഒരു ചിലന്തിയെപൊലെ, അവളുടെ ഹൃദയപേശികൾ തകർക്കുകയാണ്. 


ആറ് മണിമുതൽ അവൾ ആ നാൽക്കവലയിലെ സ്ട്രീറ്റ്‌ലൈറ്റിനു സമീപം നിൽക്കാൻ തുടങ്ങിയതാണ്. ഇപ്പോൾ രാത്രി എട്ട് മണിയാവാറായി.