സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



ഹംസക്കായും ഒരു ദുബായ്‌ക്കാരനാണ്...

March 24, 2010 മുരളി I Murali Mudra

ഇന്നു മുഴുവന്‍ ഹംസക്ക മാത്രമായിരുന്നു മനസ്സില്‍...
കിടന്നിട്ടു ഉറക്കം വരുന്നില്ല. ടി വിയുടെ ശബ്‌ദം അല്‍പ്പം കൂടി കൂട്ടി. ഓര്‍മ്മകളാണ്‌ ഏകാന്തതയുടെ കൂട്ടുകാര്‍..‍. ഈ മുറിയില്‍ ഇപ്പോള്‍ ഒരുപാട്‌ പേര്‍ ഉണ്ടായിരുന്നെങ്കിലെന്ന്‌ ആശിച്ചുപോകുകയാണ്‌....
ചാനലിലെ റിയാലിറ്റിഷോയില്‍ നന്നായി പാടിയില്ലെന്നു പറഞ്ഞു കോടതിമുറിയിലെന്ന പോലെ ഒരു കൊച്ചുകുട്ടിയെ ചോദ്യം ചെയ്യുന്ന ജഡ്‌ജസ്‌... റിയാലിറ്റിയുടെ ശരിയായ അര്‍ത്ഥം എത്ര പേര്‍ക്ക്‌ അറിയാം.??

തികച്ചും യാദൃശ്ചികമായാണ്‌ ഇന്നു ഹംസക്കായെ കണ്ടത്‌. ഷാര്‍ജ-റോളയിലെ വരണ്ട തെരുവോരത്ത്‌ ഒരു പറ്റം പാക്കിസ്ഥാനികളുടെ കൂടെ...

ഹംസക്ക വല്ലാതെ മാറിയിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ഗള്‍ഫ്‌ ജീവിതത്തിന്റെ നീക്കിയിരിപ്പുകള്‍ ആ മുഖത്ത്‌ നിന്നു വായിച്ചെടുക്കാമായിരുന്നു. തിമിരം ബാധിച്ചിട്ടും ശസ്‌ത്രക്രിയ ചെയ്യാത്ത കണ്ണുകളില്‍ അപരിചിതത്വത്തിന്റെ അമ്പരപ്പ്‌ മാത്രം...
ഹംസക്കയോടെ എന്തൊക്കെയോ ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷേ അപ്രതീക്ഷിതമായ ഈ കണ്ടുമുട്ടലില്‍ ഞാന്‍ നിസ്സഹായനാകുന്നു.
ഹംസക്ക പതിയെ എന്നെ തിരിച്ചറിഞ്ഞുവെന്ന്‌ ആ കണ്ണുകള്‍ പറഞ്ഞു.
"അല്ല, ഇതു നമ്മുടെ അനിയല്ലേ..അന്നേ ഞമ്മക്ക്‌ പെട്ടന്ന്‌ പിടികിട്ടീവ്യ കുട്ട്യേ...'' ആ ചിരിയില്‍ കടലോളം സ്‌നേഹമുണ്ടായിരുന്നു.
ഹംസക്ക ഓരോ കാര്യങ്ങള്‍ ചോദിച്ചു. നാട്ടിലെ വീശേഷങ്ങളായിരുന്നു കൂടുതലും. നാടിനെ കുറിച്ചു പറയുമ്പോള്‍ ഹംസക്കയുടെ കണ്ണുകളില്‍ ഇപ്പോഴും ആ പഴയ തിളക്കമുണ്ട്‌. ചിലപ്പോ ഹംസക്ക നാട്ടില്‍ പോയിട്ട്‌ വര്‍ഷങ്ങളായി കാണും. ചോദിക്കാന്‍ മനസ്സ്‌ വന്നില്ല.
ഹംസാക്കയുടെ കൂടെയുള്ള പാക്കിസ്ഥാനികള്‍ ഉറുദുവില്‍ എന്തൊക്കെയോ കലപില പറയുന്നുണ്ടായിരുന്നു. ചെറുപ്പത്തില്‍ രാജ്യസ്‌നേഹം സിരകളില്‍ പടര്‍ന്നുനിന്നിരുന്ന കാലത്ത്‌, ജീവിതത്തില്‍ എപ്പോഴെങ്കിലും ഒരു പാക്കിസ്ഥാനിയെ നേരിട്ടു കണ്ടാല്‍ അയാളോട്‌ കുറേ ചോദ്യങ്ങള്‍ ചോദിക്കണമെന്നുണ്ടായിരുന്നു, കാശ്മീരിനെ പറ്റി..
പക്ഷേ എന്റെ മുന്നില്‍ ഇപ്പോള്‍ കാണുന്ന ഈ പാക്കിസ്ഥാനികള്‍ക്ക്‌ കാശ്‌മീര്‍ ഒരു വിഷയമേയല്ല... അവരുടെ മുന്നില്‍ വിശക്കുന്ന കുറച്ചു വയറുകള്‍ മാത്രമെയുള്ളു.
കല്ലുവല്ലികള്‍ എന്ന്‌ വിളിക്കപ്പെടുന്നവര്‍ (തര്‍ജ്ജമ-ഒന്നിനും കൊള്ളാത്തവന്‍)
ജീവിതമാണ്‌ ഇന്നിന്റെ റിയാലിറ്റി. യുദ്ധങ്ങള്‍ നടക്കുന്നത്‌ മനസ്സിലും.
ഇവിടെ അതിര്‍ത്തികള്‍ അലിഞ്ഞലിഞ്ഞില്ലാതാവുന്നത്‌ ഞാനറിയുന്നു.

"ഹംസക്ക ഇവരോടൊപ്പം?''
"ഒരുപാട്‌ സ്ഥലങ്ങില്‍ മാറി മാറി പണി ചെയ്‌തു മോനേ...ഒരിടത്തും രക്ഷയില്ല. പഴയ സ്‌പോണ്‍സര്‍ പറ്റിച്ചതാ. ഇപ്പോ ഞമ്മക്ക്‌ വിസേം പാസ്‌പോര്‍ട്ടും ഒന്നും ഇല്ല. എല്ലാം അയാളുടെ കയ്യിലാ. ഇപ്പോ ഞാന്‍ ഇബരുടെ കൂടെ കൂടി. എല്ലാ ദിവസവും രാവിലെ ഇവിടെ വരും. ചിലപ്പോ ആരെങ്കിലും ഒക്കെ പണിക്കു വിളിക്കും. ബല്യ കൂലി ഒന്നും കിട്ടില്ല്യ. ഞമ്മള്‍ കല്ലുവല്ലികള്‍ അല്ലെ. പിന്നെ പോലീസ്‌ കണ്ടാല്‍ പ്രശ്‌നമാ. അതുകൊണ്ട്‌ ഒളിച്ചും പതുങ്ങിയുമാ നടപ്പ്‌. ഞമ്മക്ക്‌ മടുത്തു മോനേ...''
ഹംസക്ക പറഞ്ഞുകൊണ്ടേയിരുന്നു.
എപ്പോഴായിരുന്നു ഹംസക്കയെ ആദ്യം കണ്ടത്‌.?

എട്ടുവര്‍ഷങ്ങള്‍ക്കു മുമ്പ്‌ ദുബായി നഗരത്തില്‍ എത്തുമ്പോള്‍ മനസ്സിലെ ചിത്രം വേറെയായിരുന്നു. അംബരചുംബികളും ആറുവരിപാതകളും. ആഡംബര മേല്‍പ്പാലങ്ങളും...സ്വപ്‌നങ്ങള്‍ കുഴിച്ചുമൂടി ജീവിക്കണമെന്ന്‌ വൈകാതെ തന്നെ മനസ്സിലാക്കി. ഇന്‍ഡസ്‌ട്രിയല്‍ ഏരിയയിലെ കറുത്ത പൊടിയില്‍ ജീവിതം കെട്ടിപ്പടുക്കുന്നതിനിടെ ഒരുനാള്‍ യാദൃശ്ചികമായാണ്‌ ഹംസക്കയെ പരിചയപ്പെടുന്നത്‌. അന്ന്‌ ഹംസക്ക ഒരു ലോണ്ട്രിയില്‍ ജോലി ചെയ്യുകയായിരുന്നു. മുഷിഞ്ഞ വസ്‌ത്രങ്ങള്‍ റൂമുകളില്‍ വന്നു കളക്‌ട്‌ ചെയ്യുന്ന പണി.... ഇരു തോളുകളിലും ഭാണ്ഡക്കെട്ടുമായി ഹംസക്ക ഒന്നിടവിട്ട ദിവസങ്ങളില്‍ റൂമില്‍ വരും. കോഴിക്കോട്ടുകാരന്‍ എന്ന സ്‌നേഹമായിരുന്നു ആദ്യം. പിന്നെ പതിയെ ഒരു മകനോടുള്ള പോലെയായി.
ഒരിക്കല്‍ ഹംസക്ക പറഞ്ഞു.

"ഞമ്മക്ക്‌ നാലു മക്കളാ..അതില്‍ രണ്ടാള്‍ക്ക്‌ കല്ല്യാണപ്രായമായി. എങ്ങിനെയാ ഒന്നിറക്കിവിടുകാന്ന്‌ ആലോചിക്കുമ്പോഴാ...''
അന്ന്‌ വിശേഷിച്ച്‌ ഒന്നും തോന്നിയില്ല. കാരണം പരിചയപ്പെടുന്ന ഒട്ടുമിക്ക മലയാളികളുടെയും പൊതുവായ ഒരു പ്രശ്‌നമാണത്‌. മൂത്ത മകളുടെ വിവാഹം ഉറപ്പിച്ചിരുന്നു എന്നു കേട്ടിരുന്നു. വലിയ സ്‌ത്രീധനം ഒക്കെയാണത്രെ ചോദിക്കുന്നത്‌. പാവം...
സഹതാപമാണ്‌ ഏറ്റവും വലിയ ശാപം.
പിന്നെ പെട്ടന്നൊരുനാള്‍ ഹംസക്ക അപ്രത്യക്ഷനായി. ഒരുപാട്‌ നാളുകള്‍ക്ക്‌ ശേഷം ദേരയിലെ ഒരു കഫ്റ്റീരിയയില്‍ വെച്ചാണ്‌ ഹംസക്കെയെ വീണ്ടും കാണുന്നത്‌. ജൂണ്‍മാസത്തിലെ അത്യുഷ്‌ണത്തിന്റെ വിയര്‍പ്പുചാലുകള്‍ കൈയ്യിലെ തോര്‍ത്തുമുണ്ടില്‍ ഒപ്പി ചിരിച്ചുകൊണ്ട്‌ ഹംസക്ക കുശലം പറഞ്ഞു. തൊട്ടടുത്ത കണ്ണാടിക്കൂടിനുളളില്‍ നിന്നും നേപ്പാളി കുക്ക്‌ എടുത്തുകൊടുക്കുന്ന ഷവര്‍മ എടുത്ത്‌ മേശകളിലേക്ക്‌ സപ്ലൈ ചെയ്യുമ്പോഴും ഹംസക്ക സംസാരിച്ചുകൊണ്ടിരുന്നു. അന്നും നാട്ടിലെ വിശേഷങ്ങളാണ്‌ കൂടുതലും ചോദിച്ചുകൊണ്ടിരുന്നത്‌. പിന്നീട്‌ പല സന്ധ്യകളില്‍ പാര്‍സല്‍ ബാഗുകളുമായി സൈക്കിളില്‍ റൂമുകള്‍ കയറിയിറങ്ങുന്ന ഹംസക്കയെ കാണുമ്പോള്‍ പറയാനൊന്നുമില്ലാത്തതിനാല്‍ പഴി മാറി പോകുകയായിരുന്നു പതിവ്‌.
കമ്പനികള്‍ മാറി മാറിയുള്ള യാത്രകളില്‍ ഹംസക്കയും മനസ്സില്‍ നിന്നും പതുക്കെ മാഞ്ഞുതുടങ്ങിയിരുന്നു.

പിന്നീടൊരുനാള്‍ ബോങ്ങ്‌ യോസോരാസ്‌ എന്ന ഫിലിപ്പൈന്‍കാരനാണ്‌ ഹംസക്കയുടെ ഓര്‍മ്മകള്‍ വീണ്ടും എന്നില്‍ നിറച്ചത്‌. ഞാനപ്പോള്‍ ദുബായിലെ ഒരു വലിയ കമ്പനിയിലായിരുന്നു. ജനുവരിയിലെ തണുപ്പില്‍ കാന്റിനില്‍ ചുടുള്ള കപ്പുച്ചിനോയും നുണഞ്ഞു ഇരിക്കുമ്പോള്‍ ഒരുനാള്‍ ബോങ്ങ്‌ ഇന്ത്യയെ കുറിച്ചു ചോദിച്ചു. ആര്‍ഷഭാരത സംസ്‌ക്കാരത്തെ കുറിച്ചല്ല പകരം അന്ന്‌ രാവിലെ അയാള്‍ കണ്ട ഇന്ത്യക്കാരനെ കുറിച്ച്‌...വെറും ഒരു ദിര്‍ഹം വിലയുള്ള ചായ, പാര്‍സലായി സൈക്കിളില്‍ ഷോപ്പുകളില്‍ സപ്ലൈ ചെയ്യുന്ന കറുത്തുമെലിഞ്ഞ ഇന്ത്യന്‍സിനെ കുറിച്ച്‌....
വെറും ഒരു ദിര്‍ഹത്തിനു വേണ്ടിയാണോ അവര്‍ ഇത്ര നേരം സൈക്കിള്‍ ചവിട്ടുന്നത്‌... കാന്‍ഡ്‌ ബിലീവ്‌...
ഈ പറയുന്നവരുടെ രാജ്യത്തിന്റേയും അതിലുപരി സംസ്‌ക്കാരത്തിന്റേയും ശോചനീയാവസ്ഥ എനിക്കറിയാഞ്ഞിട്ടല്ല. പക്ഷേ വേണ്ട...
എനിക്ക്‌ ഒരുപാട്‌ പറയണം എന്നുണ്ടായിരുന്നു. ഈ കിട്ടുന്ന ഓരോ ദിര്‍ഹവും കൂട്ടിവെച്ച്‌ അവര്‍ അവരുടെ കുടുംബം സംരക്ഷിക്കുന്നു. അവരിവിടെ പട്ടിണിയായാലും അവര്‍ സ്‌നേഹിക്കുന്നവര്‍ സുഖമായി ജീവിക്കണമെന്ന്‌ അവര്‍ക്ക്‌ നിര്‍ബന്ധമാണ്‌. ഒരു മഹത്തായ പാരമ്പര്യത്തിന്റെ കണ്ണികള്‍ ആണവര്‍. അവിയല്‍ സംസ്‌ക്കാരത്തിന്റെ ചവറ്റുകുട്ടയില്‍ ജീവിക്കുന്ന നിങ്ങളുടെ നാട്ടുകാര്‍ക്ക്‌ അതു പറഞ്ഞാല്‍ മനസ്സിലാകില്ല.... പക്ഷേ ഒന്നും പറഞ്ഞില്ല.
കാരണം ഞാനപ്പോള്‍ ഹംസക്കെയെ കുറിച്ച്‌ ചിന്തിക്കുകയായിരുന്നു.
ആ കഫെടീരിയ പൂട്ടിയതിനു ശേഷം പിന്നെ ഹംസക്കയെ കണ്ടിട്ടില്ല. അജ്‌മാനില്‍ ഒരു സൈക്കിള്‍ റിപ്പയര്‍ ഷോപ്പില്‍ പണിയെടുത്തിരുന്നുവെന്ന്‌ ഹംസക്കെ അവിടെ വെച്ചു കണ്ട ആരോ പറഞ്ഞിരുന്നു.
പിന്നെ ഇപ്പോഴാണ്‌. വര്‍ഷങ്ങള്‍ക്ക്‌ ശേഷം...

സാമ്പത്തികമാന്ദ്യത്തില്‍ പെട്ടുഴലുന്ന കമ്പനിയെ രക്ഷിക്കാന്‍ മാനേജ്‌മെന്റ്‌ എടുത്ത തീരുമാനമായിരുന്നു. കമ്പനി തൊഴിലാളികളെ പിരിച്ചുവിട്ടു പകരം ലേബര്‍ സപ്ലൈയില്‍ നിന്നും കുറഞ്ഞ ശമ്പളത്തിന്‌ ലേബര്‍മാരെ എടുക്കാന്‍. കമ്പനി ഡ്രൈവറുടെ ബുദ്ധിയായിരുന്നു ഷാര്‍ജയില്‍ തുച്ഛമായ തുകക്ക്‌്‌ ലേബര്‍മാരെ കിട്ടുമെന്ന്‌...റിസ്‌ക്ക്‌ ആണത്രെ. ചെക്കിംഗ്‌ ഉണ്ടായാല്‍ വലിയ പ്രശ്‌നമാകും. പക്ഷേ സാമ്പത്തികമാന്ദ്യം എന്ന വാള്‍ തലക്കുമുകളില്‍ തൂങ്ങുന്നു എന്ന്‌ എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട്‌ എല്ലാവരും റിസ്‌ക്ക്‌ എടുക്കുന്നു.
നാട്ടിലേക്ക്‌ ഒരു പാര്‍സല്‍ അയക്കാന്‍ വേണ്ടിയാണ്‌ ഈ കമ്പനി വാനില്‍ കയറിയത്‌.
വരണ്ടായിരുന്നു. ഈ മനുഷ്യനെ ഇങ്ങനെ കാണാന്‍ എനിക്കുവയ്യ.
കായ്‌ച്ചുനില്‍ക്കുന്ന ഈന്തപ്പനക്കു ചുവട്ടില്‍ ഡ്രൈവറും പാക്കിസ്ഥാനികളും തമ്മില്‍ വില പേശല്‍ നടക്കുന്നു. ഒരു മണിക്കൂര്‍ അധ്വാനത്തിന്റെ കൂലിക്ക്‌ വേണ്ടിയാണ്‌.

ഹംസക്ക‌ ഇപ്പോള്‍ മൂകനാണ്‌.
എനിക്ക്‌ ചോദിക്കണം എന്നുണ്ടായിരുന്നു.
"നാട്ടില്‍ പോയിട്ട്‌ ഇപ്പോ...''
എന്റെ മനസ്സ്‌ വായിച്ചിട്ട്‌ എന്ന പോലെ ഹംസക്ക പറഞ്ഞു.
"നാട്ടില്‍ പോയിട്ട്‌ കൊല്ലങ്ങളായി മോനേ...''നരച്ച താടി ഉഴിഞ്ഞു ചിരിച്ചുകൊണ്ടാണ്‌ ഹംസക്ക പറഞ്ഞത്‌.
"ഞമ്മക്ക്‌ നാട്ടില്‍ പോകാന്‍ എളുപ്പാ. നിങ്ങളെപ്പോലെ വിമാനടിക്കറ്റും വിസേം പാസ്‌പോര്‍ട്ടും ഒന്നും വേണ്ട. ദേ നേരേ പോയി ആ പോലീസുകാരനില്ലേ, അയാളുടെ മുന്നില്‍ പോയി നിന്നുകൊടുത്താല്‍ മതി. ആദ്യം അവരു പിടിച്ചു ജയിലിലിടും. പിന്നെ ജയിലൊക്കെ നിറയുമ്പോ അവരു പൊതുമാപ്പ്‌ പ്രഖ്യാപിക്കും. എന്നിട്ട്‌ വിമാനത്തില്‍ കയറ്റി നാട്ടിലേക്ക്‌ വിടും. അല്ലെങ്കിലും ഈ കല്ലുവലികളെ ജയിലില്‍ നിറച്ചിട്ട്‌ അവര്‍ക്കെന്തു കിട്ടാനാ...''അതു പറഞ്ഞപ്പോള്‍ ഹംസക്കയുടെ ശബ്‌ദം അല്‍പ്പം ഇടറിയിരുന്നു.
എന്റെ മുന്നിലുള്ള ശുഷ്‌ക്കിച്ച ഈ മനുഷ്യനും ഒരു ഗൃഹനാഥന്‍ ആണ്‌.
പക്ഷേ ചുള്ളിക്കമ്പുകള്‍ ചേര്‍ത്തുവെച്ചുണ്ടാക്കിയ കുഞ്ഞുകൂടും അയാള്‍ക്ക്‌ അന്യമാണ്‌.
ഇല്ല
ദേശാടനക്കിളികള്‍ കരയാറില്ലല്ലോ...

തിരിച്ചു റൂമിലേക്ക്‌ പോയത്‌ ഒരു ടാക്‌സിയിലാണ്.
ഹംസക്കായുടെ കൂടെ ആ വാനില്‍ കമ്പനിയിലേക്ക്‌ പോകാന്‍ എനിക്ക്‌ കഴിയുമായിരുന്നില്ല. അമ്പത്തെട്ടു വയസ്സിന്റെ വയ്യായ്‌കകള്‍ക്കു ചുമക്കേണ്ട വിഴുപ്പുഭാണ്ഡങ്ങള്‍ക്ക്‌ അവിടെ ഭാരം കൂടുതലാണ്‌.
ടി വിയില്‍ എസ്‌ എം എസിന്‌ വേണ്ടി യാചിക്കുന്ന പെണ്‍കുട്ടി....
കെട്ടുകാഴ്‌ചകള്‍ ഇല്ലാത്ത ഈ റിയാലിറ്റി ഷോയില്‍ ഞാന്‍ ആര്‍ക്ക്‌ എസ്‌ എം എസ്‌ അയക്കും.???
.

17 Comments, Post your comment:

മുരളി I Murali Mudra said...

അല്‍പ്പം പഴയ ഒരു കഥയാണ്‌..എങ്കിലും മനസ്സിനെ പലപ്പോഴും നീറ്റുന്നത്..

b Studio said...
This comment has been removed by the author.
b Studio said...

പഴയ ഗൾഫ് സങ്കല്പ്പങ്ങൾ ഒക്കെ
മാറിയിരിക്കുന്നു എന്ന് പലരും അഭിപ്രായപെടുന്നുണ്ട് മരുഭൂമിയിലെ ദുരിത കഥകൾ ഒക്കെ out of date ആയി പോയെന്ന്.. പക്ഷെ... ഇപ്പോഴും.. അതെ . ഹംസക്കയും ഒരു ദുബായ്കാരനാണു...

വിനയന്‍ said...

ജീവിതം എന്ന ഈ റിയാലിറ്റി ഷോ...ഇപ്പോഴും ഗള്‍ഫ്‌ നാടുകളില്‍ ഇങ്ങനെ കുറെ ഹസാക്കമാരുണ്ടല്ലേ. മനസ്സിനെ സ്പര്‍ശിക്കുന്ന കഥ. നന്നായിട്ടുണ്ട്.

Unknown said...

നാം കണ്ടു മറഞ്ഞ പല ജീവിതങ്ങളില്‍ ഒന്ന്.
എടുത്തുപറയാവുന്ന ഒന്നുള്ളത് അറബികളില്‍ നിന്നോ മറ്റു രാജ്യക്കാരില്‍ നിന്നോ ഒരു പ്രശ്നം നേരിടുമ്പോള്‍ ഇന്ത്യനും പാകിസ്ഥാനിയും ബന്ഗാളിയുമെല്ലാം ഒരേ മനസ്സോടെയാണ് നേരിടുന്നത്. 'നമ്മുടെ ആള്‍' എന്ന നിലയില്‍ ഐക്യധാര്‍ഡ്യത്തോടെ.
അതിര്‍ത്തികള്‍ മുറിച്ചുമാറ്റി വേര്‍തിരിഞ്ഞെന്കിലും വെട്ടിമുറിക്കാന്‍ പറ്റാത്ത എന്തോ ഒന്ന് മനസ്സുകളില്‍ ഇപ്പോഴും അവശേഷിക്കുന്നു.

യുദ്ധം അതിര്‍ത്തികളില്‍ മാത്രം തുടരുന്നു..

സുമേഷ് | Sumesh Menon said...

അല്ലെങ്കില്‍ തന്നെ ഓരോന്നോര്‍ത്തു വിഷമിചിരിക്കുമ്പോഴാ മുരളിയുടെ വക ഈയൊരു വേദന കൂടി.. വേറൊന്നും കിട്ടീലേ എഴുതാനായിട്ട്..
:(

ഞാനും ഒരു പ്രവാസി...

ചിരവ said...

manssine neettuunnu....chila kaaryngal athu mayaathe nilkkunnu

കുഞ്ഞൂസ് (Kunjuss) said...

ജീവിതം എന്ന റിയാലിറ്റി ഷോ എന്നും വേദനിപ്പിച്ചു കൊണ്ടേയിരിക്കുന്നു.
ഭൂരിപക്ഷം വരുന്ന പ്രവാസികളുടെ ജീവിതത്തിന്റെ പച്ചയായ ആവിഷ്ക്കാരം, കണ്ണു നനയിക്കുന്നു.ഒപ്പം ഒന്നും ചെയ്യാനാവുന്നില്ലല്ലോ എന്ന നിസ്സഹായതയും!

Manoraj said...

ഈ റിയാലിറ്റി ഷോയിൽ ഒരിക്കലും സംഗതികൾ ശരിയാവാറില്ല.. ശ്രുതി ചേരാറില്ല.. അല്ലേ മുരളി. പ്രവാസിയുടെ ജീവിതം കേട്ടറിവേ ഉള്ളൂ.. പിന്നെ,ഹംസക്കായും ഒരു ദുബായ്ക്കാരനാണ് എന്നതിനേക്കാൾ കല്ലുവലികൾ എന്നോ അല്ലെങ്കിൽ ആ വാക്ക് ഉപയോഗിച്ചോ പേർ തുടങ്ങാമായിരുന്നില്ലേ.. ?

Anil cheleri kumaran said...

ദുബായ് ജീവിതത്തിന്റെ പതുക്കെ പുറത്ത് വന്നു കൊണ്ടിരിക്കുന്നൊരു മുഖം കൂടി.

Sulthan | സുൽത്താൻ said...

ഈ കിട്ടുന്ന ഓരോ ദിര്‍ഹവും കൂട്ടിവെച്ച്‌ അവര്‍ അവരുടെ കുടുംബം സംരക്ഷിക്കുന്നു. അവരിവിടെ പട്ടിണിയായാലും അവര്‍ സ്‌നേഹിക്കുന്നവര്‍ സുഖമായി ജീവിക്കണമെന്ന്‌ അവര്‍ക്ക്‌ നിര്‍ബന്ധമാണ്‌. ഒരു മഹത്തായ പാരമ്പര്യത്തിന്റെ കണ്ണികള്‍ ആണവര്‍.

മുരളി,

നേരിന്റെ നനവുള്ള ഒരു റിയാലിറ്റി കഥ.

ജിദ്ധയിലെ പാലത്തിനടിയിൽ, ഇത്തരം അനേകം ഹംസമാരെ ഞാൻ കണ്ടിട്ടുണ്ട്‌.

മുരളി പകർത്തിയതിനേക്കാൾ നോവുള്ള കഥപാത്രങ്ങളാണവരിൽ പലരും.

Sulthan | സുൽത്താൻ

Typist | എഴുത്തുകാരി said...

അതെ, മനസ്സിനെ നീറ്റുന്നതു തന്നെ.

JIGISH said...

രണ്ടു റിയാലിറ്റികൾ തമ്മിലുള്ള അന്തരം..
ചിന്തിപ്പിക്കുന്ന ഒരു ജീവിതചിത്രം..! മാനവികമൂല്യങ്ങൾ കെടാതെ സൂക്ഷിക്കാൻ
നമുക്കു കഴിയുമോ..?

വീകെ said...

ഇതു പോലെ എത്ര എത്ര ഹംസാക്കമാരുടെ ജീവിതം എരിഞ്ഞടങ്ങിയ മണ്ണാണീ ഗൾഫിൽ കാണുന്നതത്രയും....!!

ആശംസകൾ...

Jenshia said...

ഓരോ പ്രാവശ്യം വായിക്കുമ്പോഴും പ്രവാസിയുടെ ദുഖങ്ങളുടെ ചിത്രമാണ് തെളിഞ്ഞു വരുന്നത്...

ബ്ലോഗ്‌ നന്നായിട്ടുണ്ട് ട്ടോ...ആശംസകള്‍

സുരേഷ് ബാബു said...

pravasiyude durithangal orikkalum avasnikkunnilla muralai....
pachayaaya jeevitham kanmunnil...
mikacha rachana ...

റോസാപ്പൂക്കള്‍ said...

“ദേശാടനക്കിളികള്‍ കരയാറില്ലല്ലോ...“
തികച്ചും സങ്കടം തോന്നിച്ച ഒരു കഥ.