സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



വംശാവലിയില്‍ നിന്നു മാഞ്ഞുപോയ പുഞ്ചിരി......

March 11, 2010 jayanEvoor

മുത്തശ്ശി മരിച്ചു.

രണ്ടാഴ്ചയായി സുഖമില്ലായിരുന്നു.

വീട്ടില്‍ നിന്ന് പോകാന്‍ ഞാന്‍ മാത്രമേ ഉള്ളൂ..... അമ്മയാണെങ്കില്‍ ഒരു സര്‍ജറി കഴിഞ്ഞ് വിശ്രമത്തിലാണ്‌. യാത്ര ചെയ്യാനാവില്ല.എത്രയും പെട്ടെന്നു പോകണം.

മലപ്പുറത്തേക്കാണ്‌ എന്നു പറഞ്ഞപ്പോള്‍ അളിയനും കൂടെ വരാം എന്നു പറഞ്ഞു. ഓരൊ തവണ പെരിന്തല്‍മണ്ണയ്ക്കു യാത്രചെയ്യുമ്പോഴും ആലോചിക്കും അച്ഛന്‍ കാണിച്ച സാഹസത്തെ കുറിച്ച്! വര്‍ഷത്തിലൊരിക്കല്‍ ഒരു പകല്‍ മുഴുവന്‍ നീളുന്ന യാത്രകള്‍... എത്ര വര്‍ഷം.....
ഇപ്പോള്‍ യാത്രകള്‍ കുറഞ്ഞു.... ബന്ധുക്കള്‍ പല വഴിക്കായി... ചിലര്‍ വിദേശത്ത്, മറ്റു ചിലര്‍ അന്യ സംസ്ഥാനങ്ങളില്‍....


ബന്ധങ്ങള്‍ എത്ര വേഗമാണ്‌ കാലം മായ്ച്ചു കളയുന്നത്.

കൊല്ലത്ത് താമസിക്കുന്ന തന്റെ കുട്ടികള്‍ക്ക് ഇവരിലൊരാളെ പോലും അറിയില്ല.

അമ്മയുടെ വീട് ഒരു അല്‍ഭുതമായിരുന്നു കുട്ടിക്കാലത്ത്. അതിന്‌ ഒരു കിലോമീറ്റര്‍ തെക്കോ,വടക്കോ,കിഴക്കോ,പടിഞ്ഞാറോ ഒരു ഹിന്ദു വീടു പോലുമില്ല ഇന്നും, അമ്മാവന്‍ പുതുതായി വച്ച വീടൊഴികെ! അമ്മയുടെ കുട്ടിക്കാലം മുതല്‍ക്കേ അങ്ങനെ തന്നെയായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്. തൊട്ടടുത്ത വീട്ടിലെ ആയിശുമ്മയുടെ മകള്‍ ഇയ്യാത്തു ആയിരുന്നു അമ്മയുടെ കൂട്ടുകാരി !

തറവാടിനെ കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ ഓടിവരുന്നത് ഓടു മേഞ്ഞ കൂരയ്ക്കു കീഴില്‍ ഭിത്തിയില്‍ പതിപ്പിച്ചു വച്ചിരിക്കുന്ന പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകളാണ്‌.

മുത്തച്ഛന്റെ കുട്ടിക്കാലം മുതല്‍ അമ്മയുടെ കല്യാണം വരെയുള്ള ഫോട്ടോകള്‍....

ഡിഗ്രി സര്‍ട്ടിഫിക്കറ്റും പിടിച്ച് വക്കീലന്മാരുടെ പോലത്തെ കോട്ടുമിട്ട് നേര്‍ത്തൊരു പുഞ്ചിരിയുമായി അമ്മ നില്‍ക്കുന്ന ഒരു ഫോട്ടോയുമുണ്ടായിരുന്നു കൂട്ടത്തില്‍.

എങ്കിലും എനിക്കേറ്റവും ഇഷ്ടം മുത്തച്ഛന്റെ കുട്ടിക്കാലത്തെ ഒരു ഫോട്ടോ ആയിരുന്നു. വിടര്‍ന്ന ചിരിയോടെയുള്ള ഒരു പത്തു വയസ്സുകാരന്റെ മുഖം....!

എന്തേ ആ ചിരി തനിക്കോ മറ്റേതെങ്കിലും കൊച്ചുമക്കള്‍ക്കോ കിട്ടിയില്ല എന്ന് അദ്ഭുതപ്പെട്ടിട്ടുണ്ട് പലപ്പോഴും.

കഴിഞ്ഞ തവണ പെരിന്തല്‍മണ്ണയ്ക്കു പോയപ്പോള്‍ മുത്തശ്ശിയോട് ചോദിച്ചിരുന്നു ആ ഫോട്ടോകള്‍ ഒക്കെ താന്‍ എടുത്തോട്ടേ എന്നു . അതില്‍ തൊടാന്‍ കൂടി മുത്തശ്ശി സമ്മതിച്ചില്ല!

മുത്തശ്ശന്റെയുള്‍പ്പടെ ഒരു കാലഘട്ടത്തിന്റെ ചിത്രങ്ങള്‍. പലപ്പൊഴും തോന്നിയിട്ടുണ്ട് ഇതിലൊന്നും മുത്തശ്ശിയല്ലാതെ ആര്‍ക്കും ഒരു താല്‍പ്പര്യവുമില്ലല്ലോ എന്ന്....!

മുത്തശ്ശനെ ഞാന്‍ കണ്ടിട്ടില്ല. കണ്ടതായി ഓര്‍മ്മയില്ല എന്നു പറയുന്നതാവും ശരി. എനിക്ക് ഒന്നര വയസ്സുള്ളപ്പോളായിരുന്നു അദ്ദേഹം മരിച്ചത്.

മരിക്കുന്നതിന്‌ ഏതാനും വര്‍ഷം മുന്‍പെടുത്ത ഒരു ഫോട്ടോയും പിന്നെ കുട്ടിക്കാലത്തെ ആ പുഞ്ചിരി ഫോട്ടോയും മാത്രമേ കണ്ടിട്ടുള്ളൂ....

അന്ന് ഒരു ദിവസം ഒറ്റയ്ക്കിരിക്കുമ്പോള്‍ മുത്തശ്ശിയെ പിടികൂടി. ധാന്വന്തരം കുഴമ്പും, കസ്തൂര്യാദി ഗുളികയും, രാസ്നാദിപ്പൊടിയും കാഴ്ച വച്ചു. സോപ്പിടാനൊന്നുമല്ല. അതൊരു ശീലമായിരുന്നു കുറെക്കാലമായി.

" ഉം... മുത്തശ്ശിയ്ക്ക് മുത്തച്ഛനോടുള്ള സെന്റിമെന്റ്സ് ഇതു വരെ മാറീല്യ, ല്ലേ..?"

ഞാന്‍ ചോദിച്ചു.

മുത്തശ്ശി ചിരിച്ചു.

"മുത്തച്ഛന്റെ ഈ കുട്ടിക്കാലത്തെ ഫോട്ടോ എങ്കിലും ഞാനെടുത്തോട്ടേ?" ഞാന്‍ വീണ്ടും ശ്രമം തുടങ്ങി.

"അതിന്‌ അത് നെന്റെ മുത്തശ്ശന്റെ ഫോട്ടോ, അല്ലല്ലോ..." മുത്തശ്ശിയുടെ മറുപടി എന്നെ അമ്പരപ്പിച്ചു.

"പിന്നെ... പിന്നാരുടെയാ?" മുത്തച്ഛനും മുത്തശ്ശിയ്ക്കും ഞാനറിയാതെ ഒരു മകനോ..... എന്റെ ചിന്ത കാടു കയറി.

മുത്തശ്ശി ഒന്നും മിണ്ടുന്നില്ല. കുഴമ്പും ഗുളികയുമൊക്കെ അലമാരയ്ക്കുള്ളില്‍ ഭദ്രമാക്കി വച്ചു. എന്റെ മുന്നിലുള്ള കസാലയില്‍ ഇരുന്നു.

" പിന്നെ....? പറ മുത്തശ്ശീ.." ഞാന്‍ കെഞ്ചി.

"എന്റെ മക്കള്‍ക്കു കൂടി അറീല്യ ഇക്കാര്യം. മുത്തച്ഛന്റെ കുട്ടിക്കാലത്തെ ഫോട്ടോ തന്ന്യാ അദെന്നാ നെന്റെ അമ്മ ഉള്‍പ്പടെ കരുതീട്ടുള്ളത്..."

" അപ്പോ... ഇത്...?" എനിക്ക് ഉദ്വേഗം വര്‍ദ്ധിച്ചു.

"മുത്തച്ഛന്‌ ഒരു അനിയനുണ്ടായിരുന്നു...... കൃഷ്ണന്‍.... അത് അദ്ദേഹത്തിന്റെ ഫോട്ടോയാ..."

മുത്തശ്ശി നിശ്ശബദതയിലാണ്ടു.

മുത്തശ്ശന്റെ അനിയന്‍ ചെറുപ്പത്തിലേ മരിച്ചു പോയിരിക്കും എന്നു ഞാനൂഹിച്ചു. പാവം..... ആ ചിരി എത്ര സുന്ദരമാണ്‌.... മുത്തശ്ശനു വളരെ പ്രിയപ്പെട്ട അനിയനായിരുന്നിരിക്കും....

മുത്തശ്ശി ഒന്നും പറയുന്നില്ല എന്നു കണ്ടപ്പോള്‍ ഞാന്‍ മെല്ലെ ചോദിച്ചു " മുത്തശ്ശന്റെ അനിയന്‍ കുട്ടിക്കാലത്തേ മരിച്ചു പോയി, അല്ലേ?"

മുത്തശ്ശി പെട്ടെന്നു ചോദിച്ചു "മരിക്ക്യേ..? എന്താ കുട്ടീ ഈ പറയണെ? മരിച്ചിട്ടൊന്നൂണ്ടാവില്യ...."

"പിന്നെ?" ഞാന്‍ മുള്‍മുനയിലായി.

പഴങ്കഥകളും കുടുംബപുരാണവും ഒക്കെ കേള്‍ക്കാന്‍ താല്‍പ്പര്യമുള്ള ഏക കൊച്ചുമകന്‍ ആയിരുന്നതുകൊണ്ട് മുത്തശ്ശി എന്നോട് എല്ലാ കഥകളും പറഞ്ഞിരുന്നു. ഇതൊഴികെ!

"നിന്റെ മുത്തശ്ശന്റെ അനിയനെ കാണാതായതാ.......... പത്തു വയസ്സുള്ളപ്പോള്‍......... മുത്തശ്ശനെക്കാള്‍ എട്ടു വയസ്സിനിളപ്പം....... രണ്ടാളും കൂടി കോട്ടയ്ക്കല്‍ പോയതായിരുന്നു, എന്തൊക്കെയോ മരുന്നുകള്‍ വാങ്ങാന്‍......ചന്ത ദിവസമായിരുന്നു. അപ്പളാ.....തിരൂരങ്ങാടീല്‍ പട്ടാളമിറങ്ങീന്നു വാര്‍ത്ത കേട്ടതും കോട്ടക്കല്‍ ലഹള തുടങ്ങീതും ആകെ ബഹളമായതും. മറ്റേതോ കടയില്‍ പോയ മുത്തശ്ശന്‍ അങ്ങാടി മരുന്നു കടയില്‍ നിര്‍ത്തിയിരുന്ന അനിയനെ തേടി വന്നപ്പഴേയ്ക്കും ആ കട പൂട്ടിപ്പോയിരുന്നു. ബഹളത്തിനിടയില്‍ അവിടൊക്കെ ഓടി നടന്നന്വേഷിച്ചെങ്കിലും കണ്ടു കിട്ടീല..... ഇന്നോടിതു പറഞ്ഞ് പല തവണ കണ്ണീര്‍ വാര്‍ത്തിട്ടുണ്ട്, നെന്റെ മുത്തശ്ശന്‍....

ലഹളക്കാലമൊക്കെ കഴിഞ്ഞ് കോട്ടക്കലും പരിസരത്തും പല സ്ഥലത്തും അന്വേഷിച്ചു. ആളെ കണ്‍ടു കിട്ടിയില്ല.മുത്തശ്ശന്റെ അച്ഛന്‍ നെരത്തെ തന്നെ മരിച്ചുപോയിരുന്നതു കൊണ്‍ട് അനിയനെ സ്വന്തം മകനെപ്പോലെയായിരുന്നു മുത്തശ്ശന്‍ കണ്ടിരുന്നത്.

"ചിലപ്പോള്‍ ലഹളയില്‍ പെട്ടു മരിച്ചു കാണും, അല്ലേ..?" ഞാന്‍ പറഞ്ഞുപോയി.

"ഇല്യ..... പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം ഒരിക്കല്‍ അങ്ങാടിപ്പുറത്തുനിന്നു വന്ന ഒരു രോഗി പറഞ്ഞതനുസരിച്ച് മുത്തച്ഛന്‍ അന്വേഷിച്ചു പോയി.

കയ്യോടിഞ്ഞാല്‍ കെട്ടുന്ന ഒരു പ്രത്യേകതരം കെട്ടുണ്‍ട്. മുത്തച്ഛന്‍ അദ്ദേഹത്തിന്റെ അച്ഛനില്‍ നിന്നു പഠിച്ചതാണത്. ചെറിയ കുട്ടിയാവുംപ്പോഴേ ഇതിലൊക്കെ താൽ‌പ്പര്യം കാട്ടിയിരുന്നതുകൊണ്ട് അനിയനും പറഞ്ഞു കൊടുത്തിരുന്നു. അങ്ങാടിപ്പുറത്തു നിന്നു വന്നയാളുടെ കയ്യില്‍ ആ കെട്ടു കണ്‍ടാണ്‌ മുത്തശ്ശന്‍ ഇത് ആരു കെട്ടി എന്നു ചോദിച്ചത്. മറ്റാരും അത്തരം കെട്ട് കെട്ടാന്‍ വഴിയില്ല എന്നു തോന്നി. അങ്ങനെയാണ്‌ അന്വേഷിച്ചു പൊയത്.

അധികം കഷ്ടപ്പെടാതെ തന്നെ ആളേ കണ്ടെത്തി. അങ്ങാടിപ്പുറത്തു തന്നെയായിരുന്നു താമസം.പക്ഷെ അപ്പോഴേക്കും ആള്‍ മാര്‍ക്കം കൂടി മുസ്ലീമായിക്കഴിഞ്ഞിരുന്നു. മാത്രവുമല്ല ഭാര്യയും ഒരു കുട്ടീം കൂടി ഉണ്ടായിരുന്നു, 22- വയസ്സില്‍.

ഭാര്യയെയും മകനേയും ഉപേക്ഷിച്ചു തിരികെ വരാന്‍ അനിയന്‍ തയ്യാറായിരുന്നില്ല. ലഹളക്കാലത്ത് കരഞ്ഞുകൊണ്‍ടു നിന്ന ആ പത്തു വയസ്സുകാരനെ കൈപിടിച്ചു കൂട്ടിക്കൊണ്ടു പോയ ആളുടെ മകളായിരുന്നു ഭാര്യ.

മതം മാറിയതും അന്യമതത്തിലെ പെണ്ണിനെ കെട്ടിയതും ഒന്നും ആ നിമിഷംമുത്തച്ഛനു സഹിക്കാനായില്ല. അപ്പോള്‍ തന്നെ അവിടുന്നിറങ്ങിപ്പോന്നു. പിന്നീടൊരിക്കലും അവര്‍ തമ്മില്‍ കണ്ടിട്ടില്ല.

എങ്കിലും ഉള്ളിലെ സ്നേഹം ഒരിക്കലും കുറഞ്ഞിരുന്നില്ല. ഈ ഫോട്ടോ ഇവിടെ തന്നെ നിലനില്‍ക്കാനും കാരണം അതാണ്‌. അനിയനെ കണ്ടെത്തിയ ശേഷമാണ്‌ നെന്റെ മുത്തശ്ശന്‍ എന്നെ കല്യാണം കഴിച്ചത്.

മുത്തച്ഛന്റെ അവസാനകാലത്ത് അനിയനെ കാണണം എന്നുണ്ടായിരുന്നു. പറഞ്ഞു തന്ന വിവരം അനുസരിച്ച് ഞാന്‍ ആളെ വിട്ടു. പക്ഷെ അപ്പോള്‍ ആള്‍ കുടകില്‍ പോയിരിക്കുകയായിരുന്നു.

കുറേ നാള്‍ കഴിഞ്ഞും തിരികെ വന്നില്ല എന്നു കേട്ടു. ഞാന്‍ പിന്നെ അന്വേഷിച്ചുമില്ല. ജീവിച്ചിരിപ്പുണ്ടാവും ഒരു പക്ഷേ ഇന്നും....

കഥ മുഴുവന്‍ കേട്ട് ഞാനാകെ അമ്പരന്നു........

എന്റെ മുത്തച്ഛന്റെ അനിയന്‍ മുസ്ലീമോ....!

" ഈ മലബാറില്‍ കാണുന്ന മാപ്ലാരൊക്കെ പിന്നെ അറേബ്യേന്നു വന്നോരാന്നാ ഇയ്യ് കര്‌തണേ? ഒക്കെ ഈ മണ്ണില്‍ പിറന്ന ആളോളന്നെ..."

മുത്തശ്ശി നിര്‍ത്തി.

ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തില്‍ സ്ഥിരം പങ്കെടുക്കുന്ന ചിറ്റപ്പന്‍ ഉള്‍പ്പടെയുള്ള കാര്‍ന്നോന്മാര്‍ കോലായില്‍ എന്തോ വല്യ ചര്‍ച്ചയിലാണ്‌.....

അവര്‍ക്കാര്‍ക്കും പറഞ്ഞുകൊടുക്കാഞ്ഞ ഒരു രഹസ്യമാണ്‌ മുത്തശ്ശി എനിക്കു പകര്‍ന്നു തന്നത്!

എനിക്ക് അഭിമാനം തോന്നി.

മുത്തശ്ശി കൂടുതല്‍ ഒന്നും പറഞ്ഞില്ല. നാരായണ നാമം ജപിച്ച് മുറിയിലേക്കു പോയി.

എനിക്കു പകര്‍ന്നു തന്ന രഹസ്യം ആരോടും വെളിപ്പെടുത്തിയില്ല.

അടുത്ത വരവിന്‌ കൂടുതല്‍ ചോദിക്കാം എന്നു കരുതി. നടന്നില്ല. ഇപ്പോള്‍ മുത്തശ്ശിയുമില്ല......

തറവാട്ടിലെത്തി. ചടങ്ങുകള്‍ ഒക്കെ കഴിഞ്ഞ് അളിയനും ഞാനും ഒരു മുറിയില്‍ കിടന്നു.
മുത്തശ്ശി പോയി എന്നത് ഒരു വലിയ പ്രഹരമായി എനിക്ക്. മുത്തച്ഛനെ ഓര്‍ക്കാന്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെ അനിയനേയും... ആ തലമുറയില്‍ ഇനി ആരുമില്ല.....

മുത്തച്ഛന്റെ അനിയന്‍ ജീവിച്ചിരിക്കുന്നുണ്ടാവുമോ? എവിടെയാവും അദ്ദേഹം ഉണ്ടാവുക....? അദ്ദേഹത്തിന്റെ മക്കള്‍ ? അവരുടെ കുട്ടികള്‍......ഈ നാട്ടില്‍ തനിക്കു ബന്ധുക്കളായി പേര് പോലും അറിയാത്ത എത്രയോ മനുഷ്യര്‍.......

ഓര്‍മ്മകള്‍ പുല്‍കി മയങ്ങിപ്പോയതറിഞ്ഞില്ല.....

പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഒരു വടവൃക്ഷത്തിന്‍ ചില്ലയിലിരുന്ന്‌ കളിക്കുകകയാണ്‌ ഞങ്ങള്‍ കുട്ടികള്‍.

പെട്ടെന്ന് ദിഗന്തങ്ങള്‍ നടുങ്ങുന്നൊരൊച്ച...!

ചുറ്റും നിലവിളിയൊച്ചകള്‍ ആര്‍ത്തലയ്ക്കുന്നു.....

തൊണ്ടയില്‍ കുരുങ്ങിയ ശബ്ദം പുറത്തുവരുത്താന്‍ കഷ്ടപ്പെട്ട് വിയര്‍ക്കുമ്പോള്‍ അതാ ആ മരം കടപുഴകി വേരുകള്‍ മുഴുവന്‍ മുകളിലേക്കും ശാഖകള്‍ താഴെക്കുമായി നില്‍ക്കുന്നു!

ഓരൊ വേരിലും ഓരോ മുഖങ്ങള്‍!

"അറിയില്ലേ എന്നെ? അറിയില്ലേ എന്നെ.....?" എന്നു ചോദിക്കുന്നു!

എണ്ണമറ്റ മുഖങ്ങള്‍....! ആരൊക്കെ...... ഒരു പിടിയുമില്ല....എന്റെ മുന്‍ ഗാമികള്‍!

വിയര്‍ത്തൊലിച്ചു ഞെട്ടിയെണീറ്റു. എന്റെ ഒച്ചകേട്ട് മുറിയിലുണ്ടായിരുന്ന അളിയനും ഞെട്ടി എണീറ്റു.സ്വന്തം വംശവൃക്ഷത്തിന്റെ വേരുകളുടെ അപാരതയോര്‍ത്ത് ഉറങ്ങാതെ കിടന്നു.

പിറ്റേന്ന് ബന്ധുക്കള്‍ മിക്കവരും പോയി. സഞ്ചയനം ഞായറാഴ്ചയാണ്‌. അഞ്ചു നാള്‍ നില്‍ക്കാന്‍ സമയമില്ല. വീട്ടില്‍ പോയി മടങ്ങി വരാം...

അളിയനു തെരക്കുണ്‍ട്. മടങ്ങുകയല്ലാതെ മാര്‍ഗമില്ല.

അങ്ങാടിപ്പുറത്തുനിന്ന് ഷൊര്‍ണൂര്‍ക്കു ട്രെയിന്‍ കിട്ടും. അത് ഉച്ച കഴിഞ്ഞാണ്‌. അതു വരെ സമയമുണ്‍ട്....

ഒന്നു ശ്രമിച്ചാലോ...! ബന്ധുക്കള്‍ക്കു മുന്നില്‍ അളിയന്റെ തെരക്ക് മറയാക്കി പുറത്തിറങ്ങി. നേരെ അങ്ങാടിപ്പുറത്തേക്ക്....

പല ആളുകളും നൂറു വയസ്സിനു മേല്‍ ജീവിച്ചിരിക്കാറുണ്ടല്ലോ...... ഒരു പക്ഷെ.......
പക്ഷെ ..... ആരെന്നു വച്ചാണ്‌ അന്വേഷിക്കുക....

മുത്തച്ഛന്റെ അനിയന്റെ പേരെന്ത് എന്നു കൂടി അറിയില്ല. പെട്ടെന്നൊരു ബുദ്ധി തോന്നി. വൈദ്യം ചെയ്തിരുന്നയാളാനല്ലോ. ആ വഴി ഒന്നു നോക്കാം.

അടുത്തുകണ്ട അങ്ങാടി മരുന്നുകടയില്‍ പ്രായം തോന്നുന്ന ഒരാളാണ്‌ ഇരിക്കുന്നത്. ഒരു എഴുപതു വയസ്സിനു മുകളില്‍ പ്രായം വരും.

ഒടിവും ചതവും നേരെയാക്കുന്ന, പ്രത്യേക രീതിയില്‍മരുന്നുവച്ചുകെട്ടുന്ന ഏതെങ്കിലും മുസ്ലീം വൈദ്യനെ കുറിച്ച് കേട്ടിട്ടുണ്ടോ എന്നു ചോദിച്ചു.

"ഉവ്വ്... പക്ഷേ ആള്‍ ഇപ്പോ ജീവിച്ചിരിപ്പില്ലല്ലോ! "

"അദ്ദേഹത്തിന്റെ ബന്ധുക്കളാരെങ്കിലും....?

"മിക്കവരും കുടകിലാണിപ്പോള്‍. മമ്മദിക്കയും കുടകിലായിരുന്നു കുറേക്കാലം. മരിക്കുന്നതിന്‌ നാലഞ്ചു വര്‍ഷം മുന്‍പാണ്‌ മടങ്ങി വന്നത്. ഒരു മകനും കുടുംബവും ഇവിടുണ്ട്."

"മമ്മദിക്കാ? അദ്ദേഹത്തിന്റെ പേര്‌ മുഹമ്മദ് എന്നായിരുന്നോ? "

അയാള്‍ എന്നെ തറപ്പിച്ചൊന്നു നോക്കി.

" എന്താപ്പോ ഇങ്ങക്ക് ബേണ്ടെ...?"

"എനിക്ക് ആ വീടൊന്നു കാണണമെന്നുണ്ട്...."

" ഈ റോട്ടില്‍ വലതോറത്ത് നാലാമത്തെ ബീഡാ...."
നന്ദി പറഞ്ഞ് ഞാനും അളിയനും അവിടേയ്ക്കു നടന്നു. മനസ്സില്‍ എന്തെന്നില്ലാത്ത ഒരാഹ്ലാദം തോന്നിത്തുടങ്ങിയിരിക്കുന്നു. ഇത്ര അനായാസം വീടു കണ്‍ടു പിടിക്കാന്‍ കഴിയും എന്ന് ഞാന്‍ കരുതിയിരുന്നേ ഇല്ല.

നാലാമത്തെ വീടെത്തി. ഉമ്മറത്ത് ഒരാള്‍ ഇരിക്കുന്നുണ്ടായിരുന്നു. ഒരു അറുപത്തഞ്ചു വയസ്സുണ്ടാവും.

അളിയനും ഞാനും ഗെയ്റ്റ് തുറന്ന് അകത്തു കയറി.

അയാള്‍ എണീറ്റു.

എന്തു പറയണം എന്നൊരു ജാള്യത ഉണ്ടായിരുന്നു. തന്റെ പൂര്‍വ ചരിത്രം മുത്തഛന്റെ അനിയന്‍ മക്കളോടു പറഞ്ഞിട്ടുണ്ടാവുമോ എന്ന് ഒരുറപ്പും ഇല്ലല്ലോ...

" മമ്മദ് വൈദ്യര്‌ടെ.....?" ഞാന്‍ ചോദ്യഭാവത്തില്‍ നോക്കി.

"മകനാണ്‌" അയാള്‍ പറഞ്ഞു.

"ഞാന്‍ ആനമങ്ങാട് നിന്നാണ്‌. എന്റെ മുത്തച്ഛനും ഒരു വൈദ്യനായിരുന്നു....രാമന്‍ കുട്ടി വൈദ്യര്‍ എന്നായിരുന്നു പേര്‌....."

അയാള്‍ നെറ്റി ചുളിച്ചു നോക്കി.

"മമ്മദ് വൈദ്യര്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ ആവോ...?

വൃദ്ധന്‌ ഞാന്‍ പറയുന്നതിന്റെ സാംഗത്യം പിടികിട്ടുന്നില്ല എന്നു വ്യക്തമായിരുന്നു. അയാള്‍ പറഞ്ഞു....

" ഇയ്ക്ക് അറീല്യ.... ബാപ്പ ഒന്നും പറഞ്ഞിട്ടൂല്യ...."

സംസാരം എങ്ങനെ തുടരും എന്നാശങ്കപ്പെട്ടു നില്ക്കേ അയാള്‍ പറഞ്ഞു "കേറിരിക്കീന്‍...."

ഞാന്‍ കോലായിലേക്കു കയറാനൊരുങ്ങി. അളിയന്‍ ശങ്കിച്ചു നിന്നു.. ട്രെയിന്‍ മിസ്സാവുമോ എന്ന ആശങ്ക അളിയന്റെ മുഖത്തുണ്ട്.

" മുത്തച്ഛന്റെ കുട്ടിക്കാലത്തെ സുഹൃത്തായിരുന്നു വൈദ്യര്‍.... മുത്തശ്ശി പറയുമായിരുന്നു......"

ഞാന്‍ വീണ്ടും പറഞ്ഞു തുടങ്ങി.

പക്ഷെ എന്നെ സഹായിക്കാനാവുന്ന ഒന്നും അദ്ദേഹത്തിന്റെ പക്കല്‍ ഉണ്‍ടെന്നു തോന്നുന്നില്ല!

താന്‍ എന്തു ചെയ്യണം എന്ന ചോദ്യം ആ ഗൃഹനാഥന്റെ മുഖത്ത് എഴുതി വച്ച പൊലെയുണ്‍ട്.

ചരിത്രം മുഴുവന്‍ പറയാനുള്ള സമയം ഇല്ലതാനും.

" ഇതു വഴി വന്നപ്പോള്‍ ഒന്നു കേറി എന്നേ ഉള്ളു........ ഒരു പക്ഷേ എന്റെ മുത്തച്ഛനെ അറിയും എന്നു കരുതി..... എന്നാല്‍ ഇറങ്ങട്ടെ....."

അളിയന്‍ ഇറങ്ങിക്കഴിഞ്ഞു. ട്രെയിന്‍ സമയം ആയി വരുന്നു.

പെട്ടെന്ന്‌ ഉള്ളില്‍ നിന്ന് ഒരാണ്‍കുട്ടി മുറ്റത്തേക്കിറങ്ങിയോടി വന്നു. പിന്നാലേ അവന്റെ ഉമ്മ എന്നു തോന്നിക്കുന്ന ഒരു സ്ത്രീയും......

പെട്ടെന്നോടി വന്ന കുട്ടിക്കു വഴിമാറി ഞാന്‍.

"മകന്റെ കുട്ട്യാണ്‌..." ഗൃഹനാഥന്‍ പറഞ്ഞു.

അവന്‍ എന്റെ പിന്നില്‍ ഒളിച്ചു. ഉമ്മ അകത്തു കയറിപ്പോയി.

ഞാന്‍ കുട്ടിയെ പിന്നില്‍ നിന്നു പിടിച്ചു. മുഖത്തേക്കു നോക്കി.

ദൈവമേ! കണ്ണുകളെ വിശ്വസിക്കാനാവുന്നില്ല....

അതേ ചിരി..... കുസൃതി നിറഞ്ഞ നിലാവുപൊഴിക്കുന്ന ആ ചിരി!

എന്റെ ഹൃദയം തുടി കൊട്ടി...! രക്തം രക്തത്തെ തിരിച്ചറിഞ്ഞു....

"ഇങ്ങളാരാ...." കുട്ടി ചോദിച്ചു.

വെടിയുണ്ട പോലുള്ള ചോദ്യം കേട്ട് ഒന്നന്ധാളിച്ചു....

പെട്ടെന്ന് ഞാന്‍ പറഞ്ഞു "അന്റെ മൂത്താപ്പ !!"

അവനെ വാരിയെടുത്ത് കവിളില്‍ ചുംബിച്ചു.

കുട്ടി ചിരിച്ചു കൊണ്ടേയിരുന്നു..... അവന്റെ ഉപ്പൂപ്പ കൈനീട്ടി!

ഒരു തമാശ കേട്ട സന്തോഷത്തില്‍ അയാളും ചിരിച്ചു.

ദൂരെ ട്രെയിനിന്റെ ചൂളം വിളി.

"പിന്നെ വരാം, ട്ടോ...!" വംശാവലിയില്‍ നിന്നു മാഞ്ഞുപോയ ആ പുഞ്ചിരി തിരികെ പിടിച്ച സന്തോഷത്തില്‍ ഞാന്‍ പറഞ്ഞു.

അതെ.....മുത്തച്ഛന്റെ അനിയനെ കുറിച്ച്, അവരുടെ മുഹമ്മദ് അഥവാ മുത്തച്ഛന്റെ കൃഷ്ണനെ കുറിച്ച് ‍പറയാന്‍ ഞാന്‍ വരും....! തിരിഞ്ഞു നടക്കുമ്പോൾ മനസ്സു മന്ത്രിച്ചു.

@ജയൻ ദാമോദരൻ

25 Comments, Post your comment:

mazhamekhangal said...

angane maanjupoya ethra ethra punjirikal!!!!

മുരളി I Murali Mudra said...

ഈ കഥ മുന്‍പ് വായിച്ചിരുന്നു..
താങ്കളുടെ കഥകളില്‍ എനിക്കേറെ ഇഷ്ടമായതും ഇത് തന്നെ..വല്ലാതെ ഹൃദയത്തെ സ്പര്‍ശിച്ച ഒരു കഥ..
കഥയുടെ പേര് വളരെ നന്നായി..
ആശംസകള്‍.

sm sadique said...

കഥയുടെ അവസാനം; മനസ്സില്‍ നേരിയ ഒരു മുറിവ പോലെ . നല്ല കഥ !

Manoraj said...

ജയൻ , വളരെ നന്നായിട്ടുണ്ട്‌.. മികച്ചൊരു വായനാനുഭവം.. ആശംസകള്‍.

വിനയന്‍ said...

എവിടെയൊക്കെയോ ഒരു നോസ്ടാല്‍ജിക് ഫീലിംഗ്. ഒരു നല്ല വായനാനുഭവം. വളരെ ലളിതമായ അവതരണവും. ഈ മലാപ്പുറതുകാരന്റെ വക ഒരു വലിയ ആശംസ.

റോസാപ്പൂക്കള്‍ said...

എനിക്കും താങ്കള്‍ എഴുതിയതില്‍ എറ്റം ഇഷ്ടപ്പെട്ടതാണിത്.
‘അന്റെ മൂത്താപ്പ“ എന്ന വാചകം എത്ര മനോഹരമായി ഈ കഥയില്‍ ഇണങ്ങുന്നു

jayanEvoor said...

മഴമേഘങ്ങൾ

മുരളി

സാദിഖ്

മനോരാജ്

വിനയൻ

റോസാപ്പൂക്കൾ....

വായനയ്ക്കും നല്ല വാക്കുകൾക്കും നിറഞ്ഞ നന്ദി!

കൂതറHashimܓ said...

നല്ല കഥ
ഒത്തിരി ഇഷ്ട്ടായി

പ്രൊമിത്യൂസ് said...

good one doctor...
ishtaayi...
this story has different dimensions...

sneham..

thalayambalath said...

നല്ല ശ്രോതാവിനെ നല്ല കഥയെഴുതാന്‍ പറ്റൂ എന്നു മനസ്സിലായി..... അസ്സലായിട്ടുണ്ട്....... അഭിനന്ദനങ്ങള്‍

ഒരു നുറുങ്ങ് said...

വായന മുഴുമിച്ചപ്പോള്‍ എന്‍റെ മനസ്സിന്‍റെ
ഉള്ളറകളില്‍ നിന്നും ഒരു പൂപുഞ്ചിരി ഉയര്‍ന്ന് വന്നു...ഇതു വല്ലാത്തൊരു അനുഭൂതി പകര്‍ന്നു
തന്നിരിക്കുന്നല്ലോ,ജയന്‍ സാര്‍! മുത്തശ്ശിയുടെ
മുത്തുമണിമൊഴികള്‍ പരസ്പരം വൈരപ്പെടുന്ന
മനുഷ്യര്‍ക്ക് ഒരു തെളിനീരാണ്‍ :

" ഈ മലബാറില്‍ കാണുന്ന മാപ്ലാരൊക്കെ പിന്നെ അറേബ്യേന്നു വന്നോരാന്നാ ഇയ്യ് കര്‌തണേ? ഒക്കെ ഈ മണ്ണില്‍ പിറന്ന ആളോളന്നെ..."
മുത്തശ്ശി രഹസ്യമായി മൊഴിഞ്ഞത്,നന്മുക്ക്
സമൂഹത്തോട് ഉറക്കെ പ്രഖ്യാപിക്കണം...
ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കന്നവര്
സമൂഹത്തില്‍ ഇന്ന് കുറഞ്ഞുവരുന്നു...
പരസ്പര സഹകരണത്തിന്‍റേതായ ഒരു
മഹത്തായ സമീപനം ആ മൊഴികളില്‍
തിളങ്ങി വിളങ്ങി കിടപ്പുണ്ട് !!

ഞങ്ങള്‍ കുടുംബ സമേതം ആശംസിക്കുന്നു!!

അഭി said...

കഥ വളരെ ഇഷ്ടമായി

ആശംസകള്‍

Santosh Wilson said...

sharikkum kannukal niranju :)

jayanEvoor said...

ഹാഷിം
നല്ല വാകുകൾക്കു നന്ദി!

പ്രോമിത്യൂസ്
അതെ. പല തലങ്ങൾ ഉണ്ട്.
അതു കണ്ടതിൽ സന്തൊഷം.

തലയമ്പലത്ത്
നല്ല ശ്രോതാവ്....ആണോ! ഇനിയും ശ്രവിക്കാൻ ശ്രമിക്കാം!

ഒരു നുറുങ്ങ്
കുടുംബസമേതം ഉള്ള ആശംസ ഹൃദയപൂർവം സ്വീകരിക്കുന്നു!

അഭി
നന്ദി സുഹൃത്തേ!

സാന്റി വില്ലെ
നന്ദി. വീണ്ടും വരിക!

സൂര്യ said...

ചെറുകഥ എന്ന രൂപത്തില്‍ നിന്നും നീണ്ട കഥ എന്ന വിഭാഗത്തിലേക്ക് നീണ്ടു പോയെങ്കിലും മനുഷ്യര്‍ക്കിടയില്‍ മതങ്ങള്‍, മതിലുകള്‍ എങ്ങനെ രൂപപ്പെട്ടു എന്നും എല്ലാത്തിന്റെയും തുടക്കം ഒന്നുതന്നെയല്ലേ എന്നും വായനക്കാരനെ ചിന്തിപ്പിക്കുന്ന ഒരു വിശാലമായ ചിന്താതലം അവശേഷിപ്പിക്കുന്നുണ്ട്, ഈ കഥ. കഥാവസാനത്തിലെ വൈകാരിക തലത്തേക്കാള്‍ കഥാകാരന്‍ പറയാന്‍ ശ്രമിച്ച ഈ ഒരു ബിന്ദുവിലേക്ക് വായനക്കാര്‍ ശ്രദ്ധിക്കേണ്ടിയിരുന്നു എന്ന് തോന്നി. കേവലം കഥയ്ക്കും അപ്പുറത്തെ ആ വലിയ മനസ്സിന് എന്റെ ആശംസകള്‍.

Typist | എഴുത്തുകാരി said...

ഞാനും ഇതു മുന്‍പ് വായിച്ചിട്ടുണ്ടല്ലോ.

രഘുനാഥന്‍ said...

ഞാന്‍ ഈ കഥ ആദ്യം വായിക്കുകയാണ്..

മനുഷ്യ ബന്ധങ്ങള്‍ക്ക് മതം ഒരു മതിലായത് എന്നു മുതലാണ്‌.. ?

നല്ല കഥ ജയന്‍ സാര്‍..ആശംസകള്‍

താരകൻ said...

മുൻപ് വായിച്ചിട്ടുള്ളതു തന്നെ,വ്യത്യസ്തമാനങ്ങളുള്ള ഈ കഥ...worth reading once again

jayanEvoor said...

സൂര്യ

സൂക്ഷ്മമായ വായനയ്ക്കും വിശദമായ കമന്റിനും നന്ദി!
നല്ല നിരൂപണം. ആത്യന്തികമായി ആരാണ് അന്യനായിട്ടുള്ളത്? ഇത് എന്നും എന്നെ മഥിക്കുന്ന വിഷയമാണ്.

എഴുത്തുകാരിച്ചേച്ചി

വീണ്ടും വായിച്ചതിൽ ഏറെ സന്തോഷം!

രഘുനാഥൻ
എല്ലാ ബ്ലോഗ് പൊസ്റ്റുകളും എല്ലാവരും കാണാറില്ല. പലപ്പൊഴും തമാസബ്ലോഗുകൾ മാത്രമാണ് ആളുകൾ വായിക്കാറ്‌! ഇപ്പോഴെങ്കിലും ഇതു കണ്ടതിൽ വളരെ സന്തോഷം!

താരകൻ
നിറഞ്ഞ നന്ദി സുഹൃത്തേ!

ആര്‍ദ്ര ആസാദ് / Ardra Azad said...

എന്റെ ആദ്യവായനയാണിത്.

മുത്തശ്ശിയുടെ മരണത്തെകുറിച്ച് കൂടുതലൊന്നും പറയാതെ,അവരുടെ ഓര്‍മ്മകളിലൂടെ സഞ്ചരിക്കുന്നു കഥാകാരന്‍.മികച്ചൊരു വായാനാനുഭവം.

സ്വന്തം വേരുകള്‍ തേടിവന്ന ഒരു ശ്രീലങ്കകാരിയുടെ കഥയെഴുതിയിട്ടുണ്ട് സി.വി. ശ്രീരാമന്‍. പേരുമറന്നുപോയ ആ കഥയെ ഓര്‍മ്മിപ്പിച്ചു ഈ പോസ്റ്റിലെ അവസാന ഭാഗം.

KS Binu said...

ഇത് ഞാന്‍ കുറേ നാള്‍ മുന്‍പ് വായിച്ചിരുന്നു.. ഇത് രണ്ടാമത്തേയോ മൂന്നാമത്തേയോ വായനയാണ്.. ഡോക്ടറുടെ കഥകളില്‍ നമ്പര്‍ വണ്‍ ആയി എനിക്ക് തോന്നിയിട്ടുള്ളത് ഈ കഥ തന്നെ... ഒരു നീറ്റല്‍ അവശേഷിപ്പിക്കുന്ന കഥ...

Unknown said...

നല്ല കഥ, ശരിക്കും ഹൃദയത്തെ സ്പര്‍ശിച്ചു.
ഇതിലെ സന്ദേശം, നന്മ എക്കാലത്തും പ്രസക്തമാണ്.
അഭിനന്ദനങ്ങള്‍.

ramanika said...

രണ്ടാം വായന ആദ്യത്തെ വയനപ്പോലെ തന്നെ മനസ്സ് നിറച്ചു ........

Vayady said...

"മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചൂ..
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചൂ..
മനുഷ്യനും, മതങ്ങളും, ദൈവങ്ങളുംകൂടി മണ്ണ് പങ്കുവെച്ചു
മനസ്സു പങ്കുവെച്ചു.."
ഈ കഥ വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിലേയ്ക്ക് ഓടിവന്ന വരികള്‍ ആണിത്.

എഴുത്തിന്റെ ശൈലി നന്നായി. ലളിതമായ ഭാഷ..കൊള്ളാം.

jayanEvoor said...

ആർദ്ര ആസാദ്

ചന്ദ്രകാന്തൻ

തെച്ചിക്കോടൻ

രമണിക

വായാടി...

മുഖം പരിചിതമല്ലാത്ത ഒരോ ആളും നമ്മുടെ തന്നെ സഹോദരൻ/ സഹോദരി ആകാം...
രക്തബന്ധം പലപ്പൊഴും മതാന്ധ്യത്തിൽ തിരിച്ചറിയപ്പെടാതെ പോകുന്നു.


എല്ലാവരുടെയും നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി!