സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



സ്നേഹം കൊണ്ടൊരു നുള്ളിന്റെ നൊമ്പരം

March 06, 2010 KS Binu

ഓരോ വലത്ത്‌ വയ്ക്കുമ്പോഴും അവള്‍ ഇങ്ങോട്ട്‌ നോക്കുന്നുണ്ട്‌. "ഒരിത്തിരി നേരം കൂടി" എന്ന ഒരു അപേക്ഷാഭാവവും കാത്തുനിര്‍ത്തുന്നതിന്റെ കുസൃതിയും മുഖത്ത്‌. "ഈ മീനാക്ഷി എന്തെടുക്കുവാണ്‌.? അമ്മയോ അങ്ങനെയായി. അവള്‍ക്കിങ്ങ്‌ പോന്നൂടേ.? അവളും ചില നേരത്ത്‌ അമ്മേടെ ബാക്കിയാണ്‌. ഞാന്‍ തൊഴുതിട്ട്‌ ഇറങ്ങാന്‍ നേരത്ത്‌ "വടക്കേനടയില്‌ നിന്നോളൂ.. ഒരു അഞ്ച്‌ മിനിട്ട്‌, ഇപ്പോ വരാം" എന്ന് പറഞ്ഞതാണ്‌. ഇപ്പോ അരമണിക്കൂറാവുന്നു. എന്തൊരു വെയിലാണിത്‌.!"


"എന്താടാ രാജീവേ.. ഇന്ന് നിനക്കോഫീസില്‍ പോവണ്ടേ..? അതോ അവധിയാണോ..?"

നോക്കുമ്പോളുണ്ട്‌ അജിത്താണ്‌. നേഴ്സറിസ്കൂളുമുതല്‍ എന്റെ ബെഞ്ചില്‍ എന്റെ അടുത്തിരുന്ന് പഠിച്ചവന്‍. അതിനും മുന്നേ മുട്ടിലിഴഞ്ഞ്‌ നടക്കുന്ന പ്രായത്തില്‍ എന്റെ കൂട്ടുകക്ഷി. എനിക്കൊപ്പം ജനിച്ചവന്‍. പണ്ട്‌ ഞാനും അവനും കൂടി എന്റെ വല്യമ്മച്ചി ഉണ്ടാക്കി വയ്ക്കുന്ന നാരങ്ങാ അച്ചാര്‍ രാത്രിയുടെ മറവില്‍ കുപ്പിയോടെ അടിച്ച്‌ മാറ്റി വെറുതെ തിന്ന് തീര്‍ത്തിട്ടുണ്ട്‌.

"ഓ.. ഒന്നും പറയണ്ടെടാ.. ലീവൊന്നുമല്ല. വ്യാഴാഴ്ചയല്ലേ.. എന്നാപ്പിന്നെ സുമിയേം കൊച്ചിനേം കൂട്ടി ഒന്ന് തൊഴുതേക്കാമെന്ന് വെച്ച്‌ ഇറങ്ങിയതാ. അവള്‌ കൊച്ചിനേം കൊണ്ട്‌ അകത്തോട്ട്‌ കേറിയിട്ട്‌ മണിക്കൂറൊന്നായി. ഉള്ള വഴിപാടുകളെല്ലാം കഴിച്ചിട്ട്‌ നടേം അടപ്പിച്ചിട്ടേ വരൂ. ഭക്തമീര കഴിഞ്ഞാല്‍ അടുത്തത്‌ അവളാണ്‌. ഭഗവാനുമായി നേരിട്ടിടപാടുള്ള കക്ഷിയാ.."

"അതേതായാലും നന്നായി. നിനക്കറിഞ്ഞോണ്ട്‌ കിട്ടിയതാ സുമിയെ. നിനക്കോ ഈശ്വരവിശ്വാസമില്ല. അവളെങ്കിലും നന്നാവട്ടെ. നിന്റെ കൂടെ കൂടി അവള്‍ക്കും കൂടി വട്ട്‌ പിടിക്കാതിരുന്നാല്‍ മതിയായിരുന്നു."

"ആരാ പറഞ്ഞത്‌ എനിക്ക്‌ വിശ്വാസമില്ലെന്ന്.? അങ്ങനാണേല്‍ പിന്നെ ഞാന്‍ ഈ കൊച്ചുവെളുപ്പാന്‍ കാലത്ത്‌ തൊഴാന്‍ വരുമോ.?"

"ഓ പിന്നേ..! എന്തൊരു ഭക്തി..! നീ പെണ്ണുകെട്ടിക്കഴിഞ്ഞല്ലേടാ ഇതിനകത്ത്‌ കാല്‌ കുത്തുന്നത്‌.? അതുവരെ ഇല്ലാതിരുന്ന ഭക്തി ഒരു സുപ്രഭാതത്തില്‍ എങ്ങനെയാ ഉണ്ടായത്‌.?"

"പെണ്ണും പെടക്കോഴിയുമില്ലാതെ നടക്കുന്ന നിനക്കതൊക്കെ പറഞ്ഞാല്‍ മനസ്സിലാവുമോ.? എടാ അതൊക്കെ ഒരു സുഖമാണ്‌. പെണ്ണുമ്പിള്ളേം കൊച്ചുമൊക്കെയായി വെളുപ്പാന്‍ കാലത്ത്‌ അമ്പലത്തിലൊക്കെ പോകുന്നതേ.. നീയൊരു പെണ്ണ്‍ കെട്ടി നോക്ക്‌. അപ്പോഴേ നിനക്കിതൊക്കെ മനസ്സിലാവൂ."

"നിന്നേപ്പോലാണെന്ന് വിചാരിച്ചോ ഞാന്‍.? എടാ എനിക്ക്‌ അമ്പലത്തില്‍ വരണമെങ്കില്‍ പെണ്ണുമ്പിള്ള കൂടെ വേണമെന്നൊന്നുമില്ല. ഭഗവാനെ കാണാന്‍ എന്തിനാടാ കൂട്ട്‌.?"

"ഉം..ഉം.. നീ ആദ്യമൊരു പെണ്ണ്‍ കെട്ട്‌. അപ്പോ കാണാം കളി."

"ഞാന്‍ മനസമാധാനത്തോടെ ജീവിക്കുന്നത്‌ നിനക്ക്‌ പിടിക്കുന്നില്ലല്ലേ..?"

"ഇപ്പോ അങ്ങനായോ..? എന്താ നിന്റെ പ്ലാന്‍.? ഉടനെയെങ്ങും പെണ്ണ്‍ കെട്ടാന്‍ ഉദ്ദേശമില്ലേ.? കഴിഞ്ഞ ആഴ്ച തിരുവഞ്ചൂര്‌ പെണ്ണ്‍ കാണാന്‍ പോയിട്ടെന്തായി.?"

"എന്റെ അളിയാ.! അതൊരു ഭയങ്കര സംഭവമായിരുന്നു. അവിടെ ചെന്നപ്പോ പെണ്ണിന്റെ ചേച്ചിയെ കണ്ട്‌ ഞാന്‍ ഞെട്ടിപ്പോയി. അവള്‌ പണ്ട്‌ ഞാന്‍ എന്‍ എസ്‌ എസില്‍ പഠിക്കുമ്പോ അവിടെ പഠിച്ചിരുന്നതാ. അന്ന് മൂന്ന് കൊല്ലം ഞാന്‍ അവള്‍ടെ പുറകേ നടന്നിട്ടുണ്ട്‌. ചായ പകുതി കുടിച്ചിട്ട്‌ ഒരു വിധത്തില്‍ ഓടി രക്ഷപെടുവായിരുന്നു.!!"

പറഞ്ഞ്‌ നിര്‍ത്തിയതും അജിത്ത്‌ പൊട്ടിച്ചിരിച്ചു. ഞാനും അവന്റെ ചിരിയില്‍ പങ്ക്‌ ചേര്‍ന്നു.

"ദേ സുമീം മീനുക്കുട്ടീം വരുന്നുണ്ട്‌" അവന്‍ ചിരി നിര്‍ത്തിയിട്ട്‌ പറഞ്ഞു.

ഞാന്‍ വാച്ചില്‍ നോക്കി. സമയം ഒന്‍പത്‌ മണിയാവുന്നു.

അമ്മേം മോളും കൂടി ചിരിച്ച്‌ കളിച്ച്‌ വരുവാണ്‌. എനിക്കങ്ങ്‌ കലിച്ച്‌ വന്നു. "രണ്ടും കൂടി അമ്പലത്തില്‌ കേറി അടയിരുന്നിട്ട്‌ ബാക്കിയുള്ളോരെപ്പറ്റി വല്ല വിചാരോമുണ്ടോന്ന് നോക്കിക്കേ..!"

"നീയും അമ്മേപ്പോലെ വല്യ ഭക്തയാണോടീ മീനൂട്ടീ..?" അജിത്ത്‌ മീനാക്ഷിയുടെ കവിളില്‍ പിടിച്ച്‌ വലിച്ചു.

"അജിത്തങ്കിളിനോട്‌ ഞാം പിണക്കാ.. നിക്ക്‌ കാഡ്ബറീസും വാങ്ങിച്ചോണ്ട്‌ വരാന്ന് പറഞ്ഞ്‌ പോയിട്ട്‌ അങ്കിള്‌ പിന്നെ വന്നില്ലല്ലോ." മീനാക്ഷിയുടെ കുഞ്ഞുമുഖത്ത്‌ കൊഞ്ചലും പരിഭവവും തമ്മില്‍കലര്‍ന്നു.

"അയ്യോടാ.." അജിത്ത്‌ മീനാക്ഷിയെ വാരിയെടുത്തുമ്മ വെച്ചു. " അങ്കിളിന്‌ ഒരുപാട്‌ ജോലിയുണ്ടായിരുന്നതോണ്ടല്ലേ.. ഈ ഞായറാഴ്ച വരുമ്പോ ഉറപ്പായും വാങ്ങിച്ചോണ്ട്‌ വരാല്ലോ."

"അവളും അമ്മേടെ ബാക്കി തന്നെ.! ആളുകളെ പറഞ്ഞ്‌ മയക്കി കയ്യിലെടുക്കാന്‍ എന്താ ഒരു വിരുത്‌.!" ഞാന്‍ മനസ്സിലോര്‍ത്തെങ്കിലും പറഞ്ഞില്ല.

"എന്തൊക്കെയുണ്ടജിത്തേട്ടാ വിശേഷം.? കഴിഞ്ഞ ആഴ്ച കണ്ടില്ലല്ലോ അങ്ങോട്ട്‌.?" അജിത്തിനോട്‌ സുമിയുടെ കുശലം. ഭയങ്കര സന്തോഷത്തിലാണ്‌. എന്നാല്‍ ഇങ്ങനെ ഒരാള്‍ ഇവിടെ കാത്ത്‌ നില്‍ക്കുന്നു എന്ന ഭാവമേയില്ല.

"സമയം കിട്ടണ്ടേ സുമീ.. കഴിഞ്ഞ ആഴ്ച കടേല്‌ ഭയങ്കര തിരക്കായിരുന്നു. അതാ അങ്ങോട്ടൊന്നും ഇറങ്ങാഞ്ഞത്‌. ദേ.. നിങ്ങളെ കണ്ടില്ലെന്നും പറഞ്ഞ്‌ ഇവന്‍ ഇവിടെ വയലന്റായി നിക്കുവായിരുന്നു ഞാന്‍ വരുമ്പോ.."

കൂര്‍ത്തൊരു നോട്ടം എന്റെ നേരെ. പിന്നെ എനിക്ക്‌ മാത്രം മനസ്സിലാവുന്നൊരു കൊഞ്ചലിന്റെ നിഴലാട്ടവും.

"ഓ..! അത്രയ്ക്കൊന്നും താമസിച്ചില്ല. കൂടിപ്പോയാല്‍ അരമണിക്കൂറെടുത്തുകാണും. പിന്നെ അര്‍ച്ചനേം നാരങ്ങാവിളക്കുമൊക്കെ കഴിയാതെങ്ങനാ.?" എന്റെ കണ്ണിലേക്ക്‌ തന്നെ ദൃഷ്ടി കൂര്‍ത്ത്‌ നില്‍ക്കുന്നു.

"അവള്‍ടെയൊരു നാരങ്ങാവിളക്ക്‌..!!" എനിക്ക്‌ വിറഞ്ഞ്‌ വന്നു.

"രാജീവേട്ടന്‌ ഭയങ്കരകഷ്ടകാലസമയമാണെന്നേ.. ഏഴരശ്ശനിയാ. അതിന്റെ ദോഷം മാറാനുള്ള വഴിപാടൊക്കെ ചെയ്യണ്ടേ.? വേണ്ടേ അജിത്തേട്ടാ.." അജിത്തിനോടാണ്‌. ഞാനൊന്നും മിണ്ടിയില്ല. മിണ്ടിയാല്‍ ഞാന്‍ വല്ലതും പറഞ്ഞ്‌ പോവും.

"പിന്നെ ഇത്തിരിനേരം അമ്പലമുറ്റത്ത്‌ നിന്നത്‌ കൊണ്ട്‌ ആകാശമൊന്നും ഇടിഞ്ഞ്‌ വീഴില്ല. നല്ലതേ വരൂ." പറഞ്ഞുകൊണ്ട്‌ അവള്‍ മുന്നോട്ടാഞ്ഞു. ചന്ദനം മോതിരവിരലിലെടുത്ത്‌ നെറ്റിയില്‍ തൊടുവിക്കാനുള്ള വരവാണ്‌.

"ദേ..ഒരൊറ്റ വീക്ക്‌ വെച്ചുതരും ഞാന്‍..!!" ഞാന്‍ കൈക്കിട്ട്‌ ആഞ്ഞ്‌ തട്ടി. ശബ്ദം കുറച്ച്‌ ഉയര്‍ന്ന് പോയോ.? സാരമില്ല. അവള്‍ക്കതിന്റെ ആവശ്യമുണ്ട്‌.

"ചൂടാവാതെടോ മാഷേ.." കണ്ണിലേക്ക്‌ തന്നെയാണ്‌ നോട്ടം. എന്തൊരു ശാന്തത.!

"എടീ..!" ശബ്ദം നന്നായങ്ങ്‌ ഉയര്‍ന്ന് പോയെന്ന് മനസ്സിലായത്‌ അടുത്തുകൂടിപ്പോയ വല്യമ്മ ഞെട്ടിത്തിരിഞ്ഞ്‌ നോക്കിയപ്പോഴാണ്‌. ശബ്ദം താഴ്ത്തി, പല്ലിറുമ്മിക്കൊണ്ട്‌ ഞാന്‍ വീണ്ടും വിളിച്ചു. "എടീ.. നിനക്ക്‌ വല്ല വിചാരോമുണ്ടോ എന്നെപ്പറ്റി.? എത്ര നേരമായി ഞാനിവിടെ കുറ്റിയടിച്ച്‌ നില്‍ക്കുന്നെന്ന് അറിയ്‌വോ.? നീയെന്തോന്നാ അതിന്റകത്ത്‌ പോയി അടയിരിക്കുവായിരുന്നോ.?"

അതേറ്റു. മുഖം മാറിയിട്ടുണ്ട്‌. കണ്ണ്‍ ചെറുതായിട്ട്‌ നിറഞ്ഞോ.?

"അതിന്‌ ഞാനൊത്തിരിയൊന്നും താമസിച്ചില്ലല്ലോ. പിന്നെന്താ.?" വളരെ പതിഞ്ഞ ശബ്ദം. അല്ലെങ്കിലും എനിക്ക്‌ ദേഷ്യം വന്നാല്‍ വലിയ പേടിയാണവള്‍ക്ക്‌. കല്യാണം കഴിഞ്ഞിട്ട്‌ കൊല്ലം നാലായെങ്കിലും ഇപ്പോഴും എന്റെ ഒച്ച പൊങ്ങിയാല്‍ പൂച്ചയെക്കണ്ട എലിയേപ്പോലെയാണവള്‍.

"താമസിച്ചില്ലേ.? സമയമെത്രയായെന്നറിയാമോ നിനക്ക്‌.? ഇന്നും നീ കാരണം ആ മാനേജരുടെ വായിലിരിക്കുന്ന ചീത്ത മുഴുവന്‍ ഞാന്‍ കേള്‍ക്കണം. നിനക്കത്‌ വല്ലതുമറിയുമോ.? അവളു നാരങ്ങാവിളക്കൊണ്ടാക്കാന്‍ പോയിരിക്കുന്നു.!"

"അതിന്‌ ഞാന്‍..." അവളെന്തോ പറയാന്‍ വന്നു.

"മിണ്ടരുത്‌..!!! ഞാന്‍ ഇടയ്ക്ക്‌ കയറി വെടിപൊട്ടിച്ചു.

"നിനക്ക്‌ എന്ത്‌ വേണേല്‍ ആയിക്കോ. അതിന്‌ എന്റെ കൊച്ചിനേം കൂടിയെന്തിനാ മിനക്കെടുത്തുന്നേ.? അവള്‍ക്ക്‌ സ്കൂളില്‍ പോവണ്ടേ.? അവളെ ഇങ്ങ്‌ തന്നിരുന്നേല്‍ ഞാനും എന്റെ കൊച്ചുംകൂടെ എങ്ങനാണെന്ന് വെച്ചാല്‍ ഒരുങ്ങിപ്പൊയ്ക്കൊണ്ടേനെ.. ഇതിപ്പോ ഞങ്ങടെ രണ്ട്‌ പേരുടെ സമയവും നീ കളഞ്ഞു." ഒച്ചപ്പാട്‌ കേട്ട്‌ അതുവഴി പോയവരെല്ലാം തിരിഞ്ഞ്‌ നിന്നു.

"ഡാ.. നിര്‍ത്തെടാ.. മതി ഭാര്യേം ഭര്‍ത്താവും കൂടി പബ്ലിക്കായി അടിയുണ്ടാക്കിയത്‌. രണ്ടും കൂടി വീട്ടിച്ചെന്ന് എന്താണെന്ന് വെച്ചാല്‍ ആയ്ക്കോ." അജിത്ത്‌ ഇടയില്‍ കയറി.

"എടി മീനാച്ചീ.. മോളിതൊന്നും കണ്ട്‌ പേടിക്കണ്ടാട്ടോ." ഞങ്ങളെത്തന്നെ ഉറ്റുനോക്കി നിന്ന മീനാക്ഷിയെ കുനിഞ്ഞ്‌ ഉമ്മ വെച്ചുകൊണ്ട്‌ അജിത്‌ പറഞ്ഞു.

സുമിയുടെ മുഖത്ത്‌ നിര്‍വികാരത പോലെ തോന്നിപ്പിക്കുന്ന വിഷാദം കനത്ത്‌ നില്‍ക്കുന്നു.. ഇമയനങ്ങാത്ത വലിയ കണ്ണുകള്‍ നിറഞ്ഞ്‌ നില്‍ക്കുന്നു. ആകെച്ചമ്മി നില്‍ക്കുവാണ്‌. നിലത്തേക്കാണ്‌ ദൃഷ്ടി. അല്‍പ്പം പാവം തോന്നി. എന്നാലും ഗൗരവം വിട്ടില്ല. "അവള്‍ടെ അഹങ്കാരം അത്രയ്ക്കല്ലല്ലോ..!"

"ഞാനന്നാ പോവാണ്‌. രാവിലെ കട തുറക്കണം. ഇപ്പോ തന്നെ താമസിച്ചു." അജിത്ത്‌ മീനാക്ഷിയുടെ കവിളില്‍ തലോടിയിട്ട്‌ അമ്പലത്തിലേക്ക്‌ നടന്നു.

“ഞായറാഴ്ച കാണാം." ഞാന്‍ കനപ്പെട്ട ശബ്ദത്തില്‍ ഗൗരവം വിടാതെ പറഞ്ഞു.

"കാണണം." അവന്‍ തിരിഞ്ഞ്‌ ഒരു വല്ലാത്ത ചിരി ചിരിച്ചിട്ട്‌ നടന്നു. എനിക്കും ചെറിയ ചിരി വന്നു. ഞായറാഴ്ചകളില്‍ അല്‍പ്പസ്വല്‍പ്പം മദ്യപാനമൊക്കെയുണ്ട്‌. അതിനാണ്‌.

"നമുക്ക്‌ പോവാച്ഛാ..?" മീനാക്ഷി മുണ്ടില്‍ പിടിച്ച്‌ വലിച്ചു. ഞാന്‍ തിരിഞ്ഞ്‌ നോക്കി. അതേ നില്‍പ്പാണ്‌ സുമി. തൊണ്ട വിങ്ങി വേദനയെടുത്തിട്ട്‌ ഉമിനീരിറക്കുന്നു.

"ഇനി മൈക്ക്‌ വെച്ച്‌ അനൗണ്‍സ്‌ ചെയ്താലേ വരികയുള്ളോ..? എന്ത്‌ കാണാന്‍ നില്‍ക്കുവാണ്‌ ഇനിയിവിടെ.? വാ ഇങ്ങോട്ട്‌.!" ഞാന്‍ മോള്‍ടെ കൈ പിടിച്ച്‌ നടന്നു.

"ഇത്രേം അനൗണ്‍സ്‌ ചെയ്തതൊന്നും പോരായിരിക്കും.!" അവള്‍ പിറുപിറുത്തു.

"എന്താ.?"

"ഒന്നൂല്യ..!" അല്‍പ്പം ഉച്ചത്തിലാണ്‌ അവള്‍ പറഞ്ഞത്‌.

കാറിന്റെ ഡോര്‍ തുറന്ന് കേറിയിരുന്നപ്പോള്‍ അവള്‍ പുറകിലെ ഡോര്‍ തുറന്നു.

"എങ്ങോട്ടാ.?" ഞാന്‍ ചോദിച്ചു.

"ഉം.?" ചോദ്യരൂപത്തില്‍ ഒരു നോട്ടം.

"നീയെന്താ എന്റെ മുതലാളിയാണോ.? മുന്നിലോട്ട്‌ കേറെടീ."

ഡോറിന്റെ ഹാന്‍ഡിലില്‍ പിടിച്ചുകൊണ്ട്‌ അവള്‍ ഒരു നിമിഷം എന്റെ മുഖത്തേക്ക്‌ തന്നെ ഉറ്റുനോക്കി. ചുണ്ടും കണ്ണും ദേഷ്യം കൊണ്ട്‌ കൂര്‍ത്തിരിക്കുന്നു.എന്നോടുള്ള ദേഷ്യം തീര്‍ക്കാനെന്ന പോലെ ഡോര്‍ ആഞ്ഞടച്ചിട്ട്‌ അവള്‍ മുന്നിലെ ഡോര്‍ വലിച്ച്‌ തുറന്ന് മോളെ മടിയിലെടുത്ത്‌ വെച്ചിരുന്നു. മുഖത്ത്‌ ഗൗരവം കനത്ത്‌ കിടക്കുന്നു. എന്റെ നേരെ നോക്കുന്നേയില്ല. മുന്നിലെ വഴിയിലേക്കാണ്‌ നോട്ടമത്രയും. എനിക്ക്‌ ചെറിയ ചിരി വന്നു. ഞാന്‍ മോളെ നോക്കി. അവള്‍ എന്റെ മുഖത്തേക്ക്‌ തന്നെ നോക്കിയിരിപ്പാണ്‌. അവളും ഗൗരവം തന്നെ. ഞാന്‍ ഒന്നു ചിരിച്ചു. എന്നിട്ട്‌ കണ്ണിറുക്കിക്കാണിച്ചു. മോളുടെ മുഖത്ത്‌ ചെറിയ ചിരി പടര്‍ന്നു. ചിരിച്ച്‌ കൊണ്ട്‌ അവള്‍ അമ്മയുടെ മുഖത്തേക്ക്‌ നോക്കി. അമ്മയുടെ ഗൗരവം കണ്ടപ്പോള്‍ അവളുടെ ചിരി നിന്നു. അവള്‍ എന്റെ നേരെ വീണ്ടും നോക്കി. "സാരമില്ല" എന്ന് ഞാന്‍ കണ്ണടച്ചു കാണിച്ചു.

"നീ ഈ വഴിപാടാണെന്നും പറഞ്ഞ്‌ കൊടുക്കുന്ന കാശുകൊണ്ട്‌ തിരുമേനിമാരേതായാലും പുരോഗമിക്കുന്നുണ്ട്‌. മിക്കവാറും എന്റെ ഏഴരശനി തീരുമ്പോഴേക്കും തിരുമേനി ഏഴ്‌ നിലയുള്ള വീട്‌ വെക്കുമെന്നാ തോന്നുന്നേ." രംഗം അയയാന്‍ വേണ്ടി തമാശ പോലെയാണ്‌ ഞാന്‍ പറഞ്ഞത്‌. പറഞ്ഞിട്ട്‌ ഞാന്‍ വീണ്ടും നോക്കി. ഇല്ല. ഒരു മാറ്റവുമില്ല. അതുപോലെ തന്നെയിരിക്കുന്നു ആള്‍. വിടര്‍ന്ന കണ്ണുകളില്‍ എന്താ ഒരു ഗൗരവം.?

"ഈ നമ്പൂരിമാര്‍ക്ക്‌ വെറുതേ കൊടുക്കുന്ന കാശ്‌ നീ വല്ല പാവങ്ങള്‍ക്കും കൊടുത്തിരുന്നേല്‍ അത്രേമെങ്കിലും പുണ്യം കിട്ടും. അറിയ്‌വോ.? ഇത്‌ വെറുതെ പാഴായിപ്പോവാണ്‌. നീ ഈ കൊടുക്കുന്നതെല്ലാം ഭഗവാന്‍ എന്ത്‌ ചെയ്യാനാണ്‌.? എടീ അങ്ങേര്‍ക്ക്‌ നിന്റെ പ്രാര്‍ഥന മാത്രം മതി. അല്ലാണ്ട്‌ കാശൊന്നും വേണ്ട. ഇനി പ്രാര്‍ഥിച്ചില്ലേലും എല്ലാരുടേം കാര്യങ്ങള്‌ അങ്ങേര്‌ നോക്കിക്കൊള്ളും. ഇത്‌ വല്ലതും നിനക്കറിയാമോ.?"

ഇല്ല. ഇപ്പോഴും അങ്ങനെ തന്നെ. കല്ലിന്‌ കാറ്റ്‌ പിടിച്ചത്‌ പോലെ. "പറഞ്ഞതല്‍പ്പം കടന്ന് പോയോ.? അവള്‍ക്കറിയാവുന്നതല്ലേ എന്റെ കഷ്ടപ്പാടുകള്‍.? ഓഫീസില്‍ താമസിച്ച്‌ ചെന്നാലുള്ള കുഴപ്പങ്ങളും അവള്‍ക്കറിയില്ലേ.? അപ്പോ പിന്നെ അവള്‍ അത്ര താമസിക്കാമോ.? എന്നിട്ട്‌ പറയുന്നതാണോ കുഴപ്പം.? അവിടെ വെച്ച്‌ അത്രയും പറയേണ്ടായിരുന്നു. ശരിയാണ്‌. അല്‍പ്പം ഒച്ചയും കൂടുതലായിരുന്നു. എന്നാലും കാര്യമല്ലേ പറഞ്ഞത്‌.? പിന്നെന്തിനാ അവളിങ്ങനെ.?"

വീട്ടില്‍ ചെന്ന് കേറുന്നത്‌ വരെയും ഒരക്ഷരം ഉരിയാടിയില്ല സുമി. നൂല്‌ പിടിച്ച്‌ ഒറ്റ ഇരിപ്പായിരുന്നു. വീട്ടിലെത്തിയപ്പോഴോ.? കാറില്‍ നിന്നിറങ്ങിയിട്ട്‌ ഡോര്‍ വലിച്ചടച്ച്‌ ചവിട്ടിത്തുള്ളി കയറിപ്പോയി.

സമയം പോയി. ഇപ്പോ തന്നെ ഒന്‍പതേകാലായി. ഓഫീസില്‍ ചെല്ലുമ്പോള്‍ എന്തായാലും പത്തരയാവും. അതിനിടയില്‍ മോളെ സ്കൂളില്‍ വിടണം. എല്‍ കെ ജി ക്ലാസ്സിലാണെങ്കിലും കോളേജില്‍ പോവുന്ന പത്രാസാണവള്‍ക്ക്‌. അച്ഛന്‍ കാറില്‍ കൊണ്ട്‌ വിടുക തന്നെ വേണം.

ഞാന്‍ ഓടി ചെന്ന് മുണ്ട്‌ പറിച്ചെറിഞ്ഞ്‌ ബെഡില്‍ തേച്ച്‌ മടക്കിവെച്ചിരുന്ന പാന്റ്സ്‌ എടുത്തിട്ടു.

"എന്റെ ഷര്‍ട്ടെവിടെ..?? ഉറക്കെ വിളിച്ച്‌ ചോദിച്ചു. സാധാരണ ഞാന്‍ പാന്റ്സ്‌ ഇടുമ്പോഴേക്കും അലമാരയില്‍ നിന്ന് തേച്ച ഷര്‍ട്ടുമെടുത്ത്‌ വരുന്നവളാണ്‌.

"ആ... അലമാരേലെങ്ങാനും കാണും." ഡൈനിംഗ്‌ റൂമില്‍ നിന്ന് ഒരു അശരീരി.

ഒരു നിമിഷം വാതില്‍ക്കലേക്ക്‌ നോക്കി നിന്നു. "എന്നെപറഞ്ഞാല്‍ മതിയല്ലോ..!" ഓടിച്ചെന്ന് ഞാന്‍ അലമാര തുറന്ന് ഷര്‍ട്ടെടുത്തു. നല്ല വടിപോലെ തേച്ച്‌ വെച്ചിരിക്കുന്നു. വാതില്‍ക്കലേക്ക്‌ നോക്കി ചെറുതായൊന്നു ചിരിച്ചു ഞാന്‍.

ഞാന്‍ ഡ്രസ്‌ ചെയ്ത്‌ കഴിഞ്ഞിട്ടും ശ്രീമതിയെ മുറിയിലേക്ക്‌ കാണുന്നേയില്ല. ബ്രേക്ക്‌ ഫാസ്റ്റ്‌ സാധാരണ ഒരുങ്ങുന്ന സമയത്ത്‌ സുമി വായില്‍ വെച്ച്‌ തരാറാണ്‌ പതിവ്‌. എനിക്കും മോള്‍ക്കും ബ്രേക്ക്‌ ഫാസ്റ്റ്‌ ഒരേപോലാണ്‌. ഞാന്‍ വാതില്‍ക്കല്‍ നിന്ന് എത്തിനോക്കി. ഡൈനിംഗ്‌ ടേബിളിന്റെ വശത്ത്‌ കസേരയില്‍ ഇരിപ്പുണ്ട്‌ മീനാക്ഷി. സ്കൂള്‍ബാഗ്‌ മേശപ്പുറത്തിരിപ്പുണ്ട്‌. സുമി അടുത്ത്‌ നിന്ന് ദോശ മുറിച്ച്‌ വായില്‍ വെച്ച്‌ കൊടുക്കുന്നു. മേശപ്പുറത്ത്‌ ഒരു പ്ലേറ്റില്‍ ദോശയും അടുത്ത്‌ ചമ്മന്തിയുമിരിക്കുന്നു. "അമ്പടി കള്ളി.! എനിക്ക്‌ നേരിട്ട്‌ തരാന്‍ കഴിയുകേലാഞ്ഞിട്ട്‌ വിളമ്പിവെച്ചിരിക്കുകയാണ്‌."

ഞാന്‍ ഭാവവ്യത്യാസമൊന്നുമില്ലാതെ ധൃതിയില്‍ മേശയുടെ അടുത്ത്‌ ചെന്നിരുന്ന് ചട്ണിയെടുത്ത്‌ പ്ലേറ്റിലേക്കൊഴിച്ചിട്ട്‌ ദോശ മുറിച്ച്‌ വായില്‍ വെച്ചു. "നല്ല രുചി..! എന്തൊക്കെ പറഞ്ഞാലും നല്ല കൈപ്പുണ്യമുള്ള ഭാര്യയാണ്‌.!" ഞാന്‍ അവളുടെ നേരെ നോക്കി. മുഖം കടന്നല്‌ കുത്തിയത്‌ പോലെ തന്നെ. വളരെ ഗൗരവത്തില്‍ മോള്‍ക്ക്‌ ദോശ മുറിച്ച്‌ വായില്‍ വെച്ചുകൊടുക്കുന്നു. ചെറിയ ചിരി വന്നെങ്കിലും ഞാന്‍ ചിരിച്ചില്ല. "വെറുതെ എന്തിനാ രംഗം വഷളാക്കുന്നത്‌.."

"ചോറെടുത്ത്‌ വെച്ചോ..?" കൈകഴുകുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു.

'അടുക്കളേല്‍ കാണും." നിര്‍വികാരമായ മറുപടി. ഞാന്‍ പോകാനിറങ്ങുമ്പോഴേക്കും ബാഗില്‍ ചോറെടുത്ത്‌ വെച്ച്‌ തരുന്നവളാണ്‌. എന്തൊരു അഹങ്കാരം.!

അടുക്കളയില്‍ നോക്കുമ്പോള്‍ ടിഫിന്‍ ബോക്സില്‍ ചോറെടുത്ത്‌ വെച്ച്‌ ഭദ്രമായി പായ്ക്ക്‌ ചെയ്ത്‌ വെച്ചിട്ടുണ്ട്‌. എനിക്ക്‌ പിന്നെയും ചെറിയ ചിരി വന്നു.

"അച്ഛനൊന്നിങ്ങോട്ട് വരുന്നുണ്ടോ..?? ഞാന്‍ റെഡിയായി നിക്കാന്‍ തുടങ്ങീട്ടെത്ര നേരായീന്നറിയ്‌വോ..??” സ്വീകരണമുറിയില്‍ നിന്ന് മീനാക്ഷിയാണ്. ബ്രേക്ക്ഫാസ്റ്റ് വായില്‍ വെച്ച് കൊടുക്കാന്‍ ആളുള്ളവര്‍ക്ക് എന്തുമാവാമല്ലോ..! എന്റെ വിഷമം ആരറിയുന്നു..!

ചോറെടുത്ത്‌ ബാഗില്‍ വെച്ച്‌ ഫയലുകളുമെടുത്ത്‌ സ്വീകരണമുറിയിലേക്ക്‌ വരുമ്പോള്‍ മോള്‍ പുറത്തേക്കുള്ള വാതില്‍ക്കല്‍ ബാഗുമായി നില്‍പ്പുണ്ട്‌. ഞാന്‍ ഡൈനിംഗ്‌ റൂമിലേക്ക്‌ നോക്കി. എങ്ങും കാണാനില്ല ആളെ.

"അമ്മയെന്തിയേ മോളേ.?" ഞാന്‍ മീനാക്ഷിയോട്‌ ചോദിച്ചു.

"അമ്മ പിണക്കമാ.. അടുക്കളേല്‌ നിപ്പുണ്ട്‌. ഞാന്‍ വിളിച്ചിട്ട്‌ വന്നില്ല. ഇന്നെനിക്ക്‌ ഉമ്മ അവിടെ വെച്ചാ തന്നത്‌. ഗേറ്റിന്റവിടെ വരില്ലാന്ന് പറഞ്ഞു. അച്ഛനെന്തിനാ അമ്മേനെ വഴക്ക്‌ പറഞ്ഞേ.? അതോണ്ടല്ലേ അമ്മ പിണങ്ങിയേ."

"നീയും നിന്റമ്മയും..! വഴക്ക്‌ പറഞ്ഞതേ നിന്റെ അമ്മേടെ കയ്യിലിരിപ്പ്‌ കൊണ്ടാ." ഞാന്‍ മോളെ കയ്യിലെടുത്തു.

"അച്ഛന്‌ ഓഫീസില്‍ പോവാന്‍ താമസിക്കുമെന്ന് അമ്മയ്ക്കറിയില്ലേ. എന്നിട്ടും താമസിച്ചത്‌ കൊണ്ടല്ലേ അച്ഛന്‍ വഴക്ക്‌ പറഞ്ഞത്‌."

"അതിന്‌ ഇന്ന് മാത്രമല്ലല്ലോ അച്ഛന്‍ താമസിക്കുന്നേ. എന്നും അച്ഛന്‍ താമസിച്ചല്ലേ പോവുന്നേ. അച്ഛന്റെ താമസം കാരണം എന്നും ഞാനാ ഏറ്റവും അവസാനം സ്കൂളില്‍ ചെല്ലുന്നേ."

"എടീ ഭയങ്കരീ. തര്‍ക്കുത്തരം പറയുന്നോ.. നീ നിന്റെ അമ്മേടെ മോള്‌ തന്നെ..!" ഞാന്‍ അവളുടെ കവിളത്തൊരു ഉമ്മ കൊടുത്തു. ചെറുതായി ചമ്മാതിരുന്നില്ല. സംഭവം ശരിയാണ്‌. എന്നത്തേയും പോലെ തന്നെ ഇന്നും. സാധാരണ രാവിലെ ഓഫീസില്‍ പോവുന്ന സമയം ആവുന്നതേ ഉള്ളു. എത്ര നേരത്തെ പോവണമെന്ന് വിചാരിച്ചാലും എന്തെങ്കിലുമൊക്കെ ചെറിയ ചെറിയ ജോലികള്‍ ചെയ്ത്‌ സമയം കളഞ്ഞിട്ട്‌ ഒടുവില്‍ ധൃതി പിടിച്ച്‌ ഓടിപ്പോവുകയാണ്‌ പതിവ്‌.

മോളേയും ഒക്കത്തെടുത്ത്‌ ഞാന്‍ അടുക്കളയിലേക്ക്‌ നടന്നു. അവിടെ നില്‍പ്പുണ്ട്‌ ഭാര്യ. അടുപ്പത്തെന്തോ തിളയ്ക്കുന്നു. അതിലോട്ടാണ്‌ നോട്ടം. പക്ഷേ അടുക്കളയിലാണ്‌ കക്ഷിയെന്ന് തോന്നുന്നില്ല. ചുവന്ന കരയുള്ള സെറ്റുമുണ്ടിന്റെ തുമ്പ്‌ കൈവിരലില്‍ ചുറ്റുകയും അഴിക്കുകയും ചെയ്യുന്നു. വീണ്ടും ചുറ്റുകയും അഴിക്കുകയും ചെയ്യുന്നു. ചെവിയോര്‍ത്താണ്‌ നില്‍ക്കുന്നത്‌. എന്റെ കാലടിയുടെ ശബ്ദം കേട്ടിട്ടുണ്ടെന്നത്‌ തീര്‍ച്ച. സെറ്റുമുണ്ടിന്റെ തുമ്പ്‌ കൈയ്യില്‍ ചുറ്റുകയും അഴിക്കുകയും ചെയ്യുന്നതിന്റെ വേഗത കൂടുന്നു.

"എടീ അടുപ്പത്തിരിക്കുന്നത്‌ തിളച്ച്‌ തൂവുന്നു." ഞാന്‍ പറഞ്ഞു. അപ്പോഴാണ്‌ ആള്‍ ലോകത്തേക്ക്‌ ഇറങ്ങി വന്നത്‌. പെട്ടെന്ന് ഗ്യാസ്‌ ഓഫ്‌ ചെയ്തിട്ട്‌ പാത്രം വാങ്ങി വെച്ചു. ആവി കൈയ്യിലടിച്ച്‌ ചെറുതായി പൊള്ളിയെന്ന് തോന്നുന്നു. അവള്‍ വിരല്‌ തിരുമ്മുന്നു.

"ഞങ്ങള്‌ പോവാണ്‌."

"ഉം.."

"പിന്നെ നീയെന്താ ഇവിടെ നിക്കണേ.?"

"ഒന്നൂല്യ.."

മോളെ താഴെ നിര്‍ത്തിയിട്ട്‌ ഞാന്‍ അവളുടെ തൊട്ട്‌ പുറകില്‍ ചെന്ന് നിന്നു. എന്റെ ശ്വാസം പുറത്ത്‌ തട്ടുന്നത്‌ അവള്‍ അറിയുന്നുണ്ട്‌. വിയര്‍പ്പ് പടര്‍ന്ന പുറത്ത് നേര്‍ത്ത രോമങ്ങള്‍ എഴുന്നുനില്‍ക്കുന്നു.

"ഞങ്ങള്‌ പോവാന്ന്.." ചെവിയില്‍ ചുണ്ട്‌ മുട്ടിച്ച്‌ കൊണ്ട്‌ ഞാന്‍ പറഞ്ഞു. വിരലില്‍ തുണിത്തുമ്പ്‌ ചുറ്റുന്നില്ല. വിരല്‍ തിരുമ്മുന്നില്ല. ആള്‍ അനങ്ങുന്നുപോലുമില്ല. ഇമയനങ്ങാത്ത കണ്ണുകള്‍ നിറഞ്ഞ്‌ നില്‍ക്കുന്നതെനിക്ക്‌ കണ്ടില്ലെങ്കിലും അറിയാം.

"പെണ്ണേ.."

ഒരു നിമിഷം. അവള്‍ എന്റെ നേരെ തിരിഞ്ഞു. വലിയ, വിടര്‍ന്ന കണ്ണുകള്‍ ഇപ്പോ തുളുമ്പെമെന്നാണ്‌. എന്റെ കണ്ണിലേക്ക്‌ തന്നെ ഉറ്റുനോക്കി നില്‍ക്കുന്നു.

"ക്ഷമിക്ക്‌ മാഷേ.. എനിക്ക്‌ ഭാര്യയെന്ന് പറയാന്‍ ഇത്‌ ഒന്നല്ലേയുള്ളു.." ഞാന്‍ പതിയെ പറഞ്ഞു.

പെട്ടെന്ന് തുളുമ്പിനിന്ന മിഴികളില്‍ നിന്ന് കണ്ണുനീരൊഴുകി.

ഒന്നും പറയാനില്ല. ഞാന്‍ വെറുതെ അവളുടെ കവിളിലെ കണ്ണുനീരിന്റെ ചാലില്‍ ചൂണ്ട്‌ വിരലിന്റെ പുറമുരസ്സി.

"എനിക്ക്‌ ഇതല്യേയുള്ളു ചിന്ത.. അറിയ്‌വോ..? ഇവിടുന്ന് പോയിട്ട്‌ തിരിച്ച്‌ വരുന്നത്‌ വരെ എനിക്കാധിയാണ്‌. കഷ്ടകാലസമയല്ലേ..? മാറാന്‍ എന്തൊക്കെയാണ്‌ ഞാന്‍ ചെയ്യുക.." ശബ്ദം ഗദ്ഗദം തിങ്ങി നേര്‍ത്തു പോവുന്നു. കണ്ണിലേക്ക്‌ തന്നെ നോക്കിയാണ്‌ പരിഭവം.

"എനിക്കറിയാം പെണ്ണേ. ഞാന്‍ പിന്നെ ആരോടാണൊന്ന് വഴക്കിടുക.? നിനക്കറിയുമോ.. ഒരു ആണിന്റെ ഏറ്റവും വലിയ ഭാഗ്യമെന്തെന്ന്.? അവന്‍ പോലുമറിയാതെ അവനുവേണ്ടി പ്രാര്‍ഥിക്കുന്ന പെണ്ണ്‍. അതൊരു അനുഗ്രഹമാണ്‌. നീ എന്നെ അനുഗ്രഹിക്കയല്ലേ ചെയ്യുന്നത്‌. ഞാന്‍ പ്രാര്‍ഥിക്കുന്നതിനേക്കാള്‍ കോടിപുണ്യമല്ലേ നീ എനിക്ക് വേണ്ടി പ്രാര്‍ഥിക്കുമ്പോള്‍.."

"പോ അവിട്ന്ന്.. എന്നിട്ടാണോ എന്നെ കരയിപ്പിച്ചത്‌.." നെഞ്ചില്‍ പിടിച്ചൊരു തള്ള്‌.! വേച്ചുപോവാതെ ഞാന്‍ അവളുടെ അരക്കെട്ടില്‍ ചുറ്റിപ്പിടിച്ചു.

"ഇങ്ങനെ വല്ലപ്പോഴും കുറച്ച്‌ വഴക്ക്‌ പിടിച്ചില്ലേല്‍ പിന്നെ എന്തോന്ന് ജീവിതമാണെടീ പെണ്ണുമ്പിള്ളേ.." ഞാന്‍ ആ ഇടുപ്പില്‍ കൈത്തലമമര്‍ത്തി.

"വഴക്ക്‌..! ഇങ്ങനാണോ വഴക്ക്‌ പിടിക്കുന്നേ.. ഞാനെന്ത്‌ വിഷമിച്ചൂന്നറിയുമോ.?" അവള്‍ എന്റെ വയറില്‍ ആഞ്ഞൊന്ന് നുള്ളി.

"ഔവ്‌....!!" ഞാന്‍ ഞെട്ടിപ്പിടഞ്ഞ്‌ പുറകിലേക്ക്‌ ചാടി. "എന്തോ വേദനയാടീ..!!" ഞാന്‍ നുള്ള്‌ കൊണ്ടിടം തിരുമ്മിക്കൊണ്ട്‌ വേദനയുടെ നീറ്റല്‍ മുഖത്ത്‌ വരുത്തി അവളെ നോക്കി.

"അങ്ങനിരിക്കും എന്നോട്‌ കളിച്ചാല്‍..! മര്യാദക്കല്ലേല്‍ ഇനീം കൊള്ളും ഇതുപോലെ.. എന്നെ അറിയാമല്ലോ..!" പെണ്ണിന്റെ മുഖത്ത്‌ കൊഞ്ചല്‍. പിന്നെ ഒരു വിജയീഭാവവും.

"ആഹാ.. അപ്പോ വഴക്കൊക്കെ തീര്‍ന്നോ.?" മോള്‍ ഇടയ്ക്ക്‌ കയറി നിന്നു.

"അതിനാരാപ്പോ വഴക്കിട്ടേ..?" ഞാനവളെ വാരിയെടുത്ത്‌ ഒരുമ്മകൊടുത്തു.

"നിന്റച്ഛന്‍.! അല്ലാണ്ടാരാ..?" സുമി സ്നേഹം കൊണ്ട്‌ മീനാച്ചീടെ കവിളില്‍ തോണ്ടിയിട്ട്‌ പുറത്തേക്ക്‌ നടന്നു. മോളെന്നെ നോക്കി "എന്താ സംഭവം,?" എന്ന ഒരു ആംഗ്യം കാണിച്ചു. ഞാന്‍ പിന്നെയും അവളെ കണ്ണടച്ച്‌ കാണിച്ച്‌ ഒരു കള്ളച്ചിരി ചിരിച്ചു. മീനാക്ഷി എന്റെ കവിളില്‍ അമര്‍ത്തിയൊരുമ്മ വെച്ചു. ഞാന്‍ അവളേയും കൊണ്ട്‌ പുറത്തേക്ക്‌ നടന്നു.

പുറത്ത്‌ സുമി ഇലച്ചീന്തിലെ ചന്ദനവുമായി നില്‍ക്കുന്നു. ഞാന്‍ കുനിഞ്ഞുനിന്നുകൊടുത്തു. നെറ്റിയില്‍ ചന്ദനത്തിന്റെ കുളിര്‌. ഞാന്‍ അവളുടെ കവിളില്‍ വിരലൊന്ന് അമര്‍ത്തിയിട്ട്‌ മോളെയും കൊണ്ട്‌ പുറത്തേക്ക്‌ നടന്നു. വാതില്‍ക്കലെത്തിയപ്പോള്‍ തിരിഞ്ഞ്‌ നിന്നിട്ട്‌ പുറകേയെത്തിയ ഭാര്യയോട്‌ രഹസ്യമായി പറഞ്ഞു. "ആ നുള്ള്‌ എനിക്ക്‌ വേദനിച്ചുകേട്ടോ.."

"അങ്ങനെതന്നെ വേണം.! എന്നോട്‌ വഴക്കിട്ടിട്ടല്ലേ.!" സ്നേഹം കൊണ്ട്‌ അവള്‍ കൊഞ്ഞനം കുത്തി.

"ഈ നുള്ളിന്റെ വേദന അടുത്ത വ്യാഴാഴ്ച വരെ നിന്നാല്‍ മതിയായിരുന്നു." പടിയിറങ്ങുമ്പോള്‍ ഞാന്‍ പറഞ്ഞു.

"ഉം.? എന്തേ..??"

"അല്ല.. അടുത്ത വ്യാഴാഴ്ചയല്ലേ ഇനി അമ്പലത്തില്‍ പോകുവൊള്ളു.." കാറിലേക്ക്‌ കയറിയിട്ട്‌ ഞാന്‍ പറഞ്ഞു.

"അയ്യട..! വഴക്ക്‌ പിടിക്കാനിനി ഇങ്ങോട്ട്‌ വന്നേക്ക്‌.. കാണിച്ച്‌ തരാം. ഞാന്‍..!" കവിളത്തൊരു നുള്ള്‌.

"അയ്യോ..!! ഇതെനിക്ക്‌ ശരിക്കും നൊന്തു. "വന്നിട്ട്‌ നിന്റെ നഖമെല്ലാം വെട്ടിക്കളയുന്നുണ്ട്‌ ഞാന്‍." കാര്‍ മുന്‍പോട്ടെടുക്കുമ്പോള്‍ ചുണ്ട്‌ കൂര്‍പ്പിച്ച്‌ ഞാന്‍ പറഞ്ഞു.

"ഇങ്ങ്‌ വന്നേച്ചാലും മതി..!" അവള്‍ ചുണ്ടുകോട്ടി കളിയാക്കുന്ന ഒരു ഭാവത്തോടെ ചിരിച്ചു.

"റ്റാറ്റാ.." മോളാണ്‌. സുമി ചിരിച്ചുകൊണ്ട്‌ തിരിച്ച്‌ ഒരു ഉമ്മ കൈവെള്ളയില്‍ വെച്ചിട്ട്‌ മീനാക്ഷിക്ക്‌ പറത്തിക്കൊടുത്തു.

കാര്‍ ഗേറ്റ്‌ കടക്കുമ്പോള്‍ ഞാന്‍ റിയര്‍ വ്യൂ മിററിലൂടെ വെറുതെ നോക്കി. ഗേറ്റിങ്കല്‍ അവളുണ്ട്‌. എന്റെ ഭാര്യ. ഞാന്‍ കൈ പുറത്തേക്കിട്ട്‌ വീശി. അതവള്‍ക്കറിയാം. അതിന്‌ വേണ്ടി നില്‍ക്കുന്നതാണ്‌. തിരിച്ചൊരു റ്റാറ്റാ റിയര്‍ വ്യൂ മിററില്‍ക്കൂടി വന്നു.

കവിളും വയറും നീറുന്നു. എന്തൊരു നീറ്റലാണ്‌.! ഇന്ന് തന്നെ അവള്‍ടെ നഖം വെട്ടണം.! വേണോ..?

"ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ.. ഒരു വേള നിന്‍ നേര്‍ക്ക്..." കാറോടിച്ച്‌ പോവുമ്പോള്‍ ഞാന്‍ അറിയാതെ ഒരു മൂളിപ്പാട്ട്‌ മൂളി.

13 Comments, Post your comment:

Manoraj said...

കഥ ഇഷ്ടപ്പെട്ടു. ഒരു അണുകുടുംബത്തിലെ കൊച്ച് കൊച്ച് സന്തോഷങ്ങളും പരിഭവങ്ങളും വളരെ മനോഹരമായി വരച്ചു കാട്ടിയിരിക്കുന്നു.. പ്രമേയത്തിൽ പുതുമയൊന്നും ഇല്ലെങ്കിലും പറഞ്ഞ് രീതി തീരെ ബോറടിപ്പിച്ചില്ല..

Anonymous said...
This comment has been removed by the author.
Anonymous said...

സ്നേഹം കൊണ്ടൊരു നുള്ളിന്റെ നൊമ്പരം ,ആ നൊംബരതിന്റെ സുഖമരിഞ്ഞു ഞാൻ ഈ കതയിൽ

വിനയന്‍ said...

എവിടെയൊക്കെയോ കേട്ട് മറന്നത് പോലെ... കഥയും കഥാപാത്രങ്ങളും എഴുത്തും എല്ലാം. തീരെ പുതുമയില്ല. എന്നാലും ബോറടിപ്പിക്കാണ്ടേ പറഞ്ഞൂട്ടോ.

റോസാപ്പൂക്കള്‍ said...

വീടുകളില്‍ നടക്കുന്ന കൊച്ചു പിണക്കങ്ങള്‍ അതേപടി എത്ര ഭഗിയായി പറഞ്ഞു.
ഇതു പൊലെ മിനിമം ഒന്നെങ്കിലും എന്റെ വീട്ടില്‍ ദിവസവും നടക്കാറുണ്ട്
ഒരു സംശയം ചന്ദ്രകാന്തന്‍ ബാച്ചിലര്‍ തന്നെയാണോ..?

മുരളി I Murali Mudra said...

ഒരു സാധാരണ മധ്യവര്‍ത്തി കുടുംബത്തിന്റെ ഒരു പ്രഭാതത്തിന്റെ ഒരേട്..വളരെ ആസ്വദിച്ചു വായിച്ചു.തൊട്ടാല്‍ പൊട്ടുന്ന പ്രമേയവും ആര്‍ക്കും വായിച്ചാല്‍ മനസ്സിലാകാത്ത ഭാഷയുമൊന്നുമല്ല..എത്ര കേട്ട് പഴകിയതാണെങ്കിലും..ഇതുപോലുള്ള ജീവിത ഖണ്ഡങ്ങള്‍ എന്നും വായിക്കാന്‍ താല്‍പ്പര്യമാണ്.

KS Binu said...

ഹഹഹ... റോസിലിച്ചേച്ചീ... എന്നെക്കൂടി കണ്‍ഫ്യൂഷനാക്കിയല്ലോ.. സത്യമായും ഞാന്‍ വള്ളിനിക്കറുമിട്ട് നടക്കുന്ന ഒരു ചെക്കനാണ്...പ്രായപൂ‍ൂര്‍ത്തി ആയിട്ടില്ല.. ഇതൊക്കെ വെറുതെ സ്വപ്നം കാണുന്നതല്ലേ.. നടക്കുമോന്നൊക്കെ ആര്‍ക്കറിയാം.. സ്വപ്നം കാണാന്‍ വാടകയൊന്നും കൊടുക്കേണ്ടല്ലോ..

KS Binu said...

എല്ലാവരോടുമായി...

വിവാഹശേഷമുള്ള പ്രണയം എങ്ങിനെയായിരിക്കും..?? പ്രണയത്തിന് അപ്പോള്‍ തീവ്രത കൂടില്ലേ..?? ഞാന്‍ കുറേ ആലോചിച്ചു.. ഒരു അവിവാഹിതന്‍ എന്ന നിലയില്‍ സങ്കല്‍പ്പിക്കാനല്ലേ പറ്റു.. അങ്ങനെ സങ്കല്‍പ്പിച്ചു സങ്കല്‍പ്പിച്ചു ഞാന്‍ കഥയിലേക്കെത്തി.. ഭാര്യാഭര്‍തൃബന്ധവും സ്നേഹവും ഒക്കെ പുതിയതായുണ്ടായ എസ്റ്റാബ്ലിഷ്മെന്റ്സ് അല്ലാത്തത്കൊണ്ട് പ്രമേയത്തില്‍ പുതുമ കാണില്ലെന്നെനിക്കറിയാമായിരുന്നു.. എങ്കിലും സ്നേഹം ഏത് നിമിഷത്തിലും സ്നേഹം തന്നെയല്ലേ.. അതൊരിക്കലും നമുക്ക് മടുക്കില്ലല്ലോ.. പിന്നെ എനിക്ക് ചെയ്യാനുണ്ടായിരുന്നത് മനസ്സില്‍ വന്നത് അതേപടി ലളിതമായി പകര്‍ത്തുക എന്നതു മാത്രമായിരുന്നു.. ഈ കഥയ്ക്ക് ലളിതമായ ആഖ്യാനമാണ് കൂടുതല്‍ ഇണങ്ങുക എന്നും തോന്നി.. ആകെക്കൂടി കടപ്പാടുള്ളത് സഹൃദയനായ എന്റെ അടുത്തൊരു സുഹൃത്തും പിന്നെ എന്റെ സ്വന്തം പ്രണയാനുഭവങ്ങളോടുമാണ്..

ഞാന്‍ പ്രതീക്ഷിച്ച മാതിരി തന്നെയാണ് പ്രതികരണങ്ങളും.. അല്‍പ്പം നീളം കൂടിയ ഈ കഥ സമയമെടുത്ത് വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന് എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.. ഞാന്‍ മനസ്സിലുദ്ദേശിച്ചത് നിങ്ങളിലേക്ക് അതേപടി എത്തിക്കാനായെന്നാണ് ഈ പ്രതികരണങ്ങള്‍ എന്നോട് പറയുന്നത്..

എല്ലാവര്‍ക്കും നന്ദി..

സ്നേഹപൂര്‍വ്വം
ചന്ദ്രകാന്തന്‍.

ദൃശ്യ- INTIMATE STRANGER said...

kochu kochu santhoshangal...aaswadhichu thanne vayichutto..

Unknown said...

oru sukhamulla novu...nannayi paranjirikkunnu.

പ്രൊമിത്യൂസ് said...

very simple but the truth...

all the best..

തേന്മൊഴി said...

nalla swapnangal....yaadhaarthyathode paranju....pinne story vaayichapol oru vivaahithananennu thonnipoyee....kadha valare nannayi paranjirikkunnu...bhavukangal...

Renjishcs said...

എന്റെ ചന്ത്രൂ........

നിങ്ങളെന്നെ കൊണ്ട് ഉടനെ ഒരു പെണ്ണ് കെട്ടിക്കും അല്ലേ.....!!!

ലളിതം, ഹൃദ്യം, മനോഹരം....... നീളം കൂടിപോയി എന്നല്ല ശരിക്കും പെട്ടന്ന് തീര്‍ന്നുപോയല്ലോ എന്ന് തോന്നിപോയി.
ഒരു പ്രണയ ചിത്രം കണ്ട പ്രതീതി........ ഗുഡ്