സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



തുടക്കം

March 12, 2010 Manoraj


അകലെ പാടത്തിന്റെ വരമ്പിലൂടെ പോസ്റ്റ്മാൻ വരുന്നത്‌ കണ്ട്‌ ഞാൻ ഓടിച്ചെന്നു. എന്റെ ജീവിതത്തിന്റെ കടിഞ്ഞാണായേക്കാവുന്ന എന്തെങ്കിലും കടലാസ്‌ അയാളുടെ കൈവശം ഉണ്ടോ എന്നാണു എനിക്കറിയേണ്ടത്‌. കിതചുകൊണ്ട്‌ ഞാൻ അയാളുടെ മുന്നിൽ നിന്നു. "ഇയാൾക്ക്‌ ഒരു കവറുണ്ട്‌"- പുഞ്ചിരിയോടെ ആ മനുഷ്യൻ പറഞ്ഞു. മനസ്സിൽ വളരെയധികം സന്തോഷത്തോടെ ആ കവറുമായി തിരിച്ചുനടക്കുമ്പോഴും നെഞ്ചിടിപ്പായിരുന്നു ഏറെയും..

ദൈവമേ, ഇതെങ്കിലും ജോലിക്കുള്ള ഒർഡർ ആകണേ. ടെസ്റ്റും , ഇന്റർവ്യുവും എഴുതി മടുത്തു. വീട്ടിലാണെങ്കിൽ ദാരിദ്യത്തിന്റെ നെല്ലിപ്പലക കണ്ടു തുടങ്ങി. അച്ഛൻ കിടപ്പിലാണ്. അമ്മ അടുത്ത വീടുകളിൽ പോയി പണിയെടുത്ത്‌ കൊണ്ടുവരുന്നതാണ് ഏക ആശ്രയം. വിദ്യാസമ്പന്നനായ എനിക്ക്‌ നാട്ടിൽ കൂലിപ്പണിപോലും ആരും തരില്ലല്ലോ?


വീട്ടിലെത്തുന്നതുവരെ കവർ പൊട്ടിച്ചില്ല. ഇറയത്ത്‌ ചാണകം മെഴുകിയ നിലത്ത്‌ അമർന്ന് കൊണ്ട്‌ മെല്ലെ വിറക്കുന്ന കൈകളോടെ കവർ പൊട്ടിച്ചു. ഒരു നിമിഷം അതിലൂടെ കണ്ണോടിച്ച ഞാൻ അറിയാതെ എഴുന്നേറ്റുപോയി.

"എനിക്ക്‌ ജോലി കിട്ടി...എനിക്ക്‌ ജോലി കിട്ടി.." ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു. പരിസരബോധം തിരികെ കിട്ടിയപ്പോൾ അകത്തെ മുറിയിൽ ചെന്ന് അച്ഛനെ വിവരമറിയിച്ചു.

അപ്പോൾ മാത്രമാണു ആ കാര്യം ചിന്തിച്ചത്‌. ഓർഡറിലൂടെ ഒരിക്കൽ കൂടി കണ്ണോടിച്ചു. വയനാട്ടിലെ ഏതോ ഗ്രാമപ്രദേശത്താണു. മനസ്സിൽ അൽപം വിഷമം തോന്നി. എങ്കിലും ഈ പട്ടിണിയില്ലാതാകുമല്ലോ എന്നോർത്തപ്പോൾ സമാധാനം തോന്നി.

"എവിടെയാടാ-" അച്ഛൻ

"വയനാട്ടിലാണച്ഛാ"

"ദുരിതമാകും അല്ലേ?"

"ഇത്ര ദുരിതമാകില്ലല്ലോ അച്ഛാ. എന്തായാലും ഞാൻ പോകാൻ തീരുമാനിച്ചു. ഇവിടത്തെ കാര്യങ്ങൾ നേരെ ചൊവ്വെ നടക്കണമല്ലോ..." പിന്നീടെല്ലാം പെട്ടന്നായിരുന്നു. വീട്ടുകാരോട്‌ യാത്രപറഞ്ഞ്‌ ഒരു കൂട്ടുകാരനോട്‌ കടം വാങ്ങിയ പൈസയുമായി ഞാൻ യാത്രയായി. ജീവിതത്തിന്റെ നല്ലോരു തുടക്കത്തിന്... മനസ്സിൽ സന്തോഷത്തോടെയുള്ള എന്റെ ആദ്യയാത്ര.

വളരെ വൈകിയാണു ഞാൻ എത്തേണ്ട സ്ഥലത്ത്‌ എത്തിചേർന്നത്‌. ഏകദേശം സായം സന്ധ്യയായിക്കാണും. ഞാൻ വണ്ടിയിറങ്ങുമ്പോൾ ഗ്രാമത്തെയാകെ ഒരു വിഷാദം പോലെ ഇരുട്ട്‌ അള്ളിപിടിച്ച്‌ തുടങ്ങിയിരുന്നു. ഈ ഇരുട്ടിൽ മുന്നോട്ടുള്ള പ്രയാണം ദുഷ്കരം തന്നെ. അടുത്ത്‌ കണ്ട ഒരു പൊളിഞ്ഞ പീടികയുടെ ചിതലരിച്ചനിലത്ത്‌ എന്റെ വിലയേറിയ സർട്ടിഫിക്കറ്റുകളടങ്ങിയ, എന്നാൽ വിലപിടിപ്പുള്ള മറ്റൊന്നുമില്ലാത്ത സഞ്ചിയും മടിയിൽ വച്ച്‌ ഞാൻ ഇരുന്നു. സമയം തീരെ സമയമില്ലാത്ത ഒരു പണിക്കാരനെപോലെ മുന്നോട്ടുപോയികൊണ്ടിരുന്നു. സമയമറിയാൻ എന്റെ കൈവശം വാച്ചില്ല. ചോദിച്ചറിയാമെന്നുവച്ചാൽ ഒരു മനുഷ്യജീവിയെയും കാണുന്നില്ല. ഒരു വഴിവിളക്കുപോലുമില്ല. ഞാൻ ആകെ വിഷണ്ണനായി.... ഉറക്കം വാത്സല്യത്തോടെ എന്റെ കണ്ണുകളെ തഴുകി തുടങ്ങിയിരുന്നു. ഞാൻ നിലത്ത്‌ തലവെച്ച്‌ കിടന്നു. കൈയിലുള്ള സഞ്ചി നിലത്ത്‌ വക്കുവാൻ എനിക്ക്‌ മടി തോന്നി. സർട്ടിഫിക്കറ്റുകൾ ചിതലരിച്ചാലോ... എന്റെ എല്ലുകൾ നുറുങ്ങുന്ന പോലെ...ശരീരം ആകെ കട്ടുകഴക്കുന്നു...മെല്ലെ മെല്ലെ ഞാൻ മയക്കത്തിലേക്ക്‌ വഴുതി വീണു.

പട്ടിയുടെ തുടർച്ചയായുള്ള കുര കേട്ടാണു ഞാൻ കണ്ണുതുറന്നത്‌. എന്റെ മുന്നിൽ നിൽക്കുന്ന തെണ്ടിപട്ടി എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. അതിന്റെ സ്ഥലം അതിക്രമിച്ചു കൈയേറിയവനോടുള്ള തീരാത്ത അമർഷത്തോടെ...പിന്നീട്‌ എന്തുകൊണ്ടോ - ഞാനും അവനെ പോലെ തന്നെ ഒരു തെണ്ടിയാണെന്ന തോന്നലാവാം - അവൻ എന്റെ കാൽക്കൽ ചുരുണ്ടുകൂടി. ഭയം മനസ്സിനെ മധിച്ചതിനാൽ ഉറങ്ങാൻ കഴിഞ്ഞില്ല. ഒരു വിധം നേരം വെളുപ്പിച്ചു. ഇനി...ഇനി എന്ത്‌? ഒരു എത്തും പിടിയും ഇല്ല. പ്രതീക്ഷ കൈവിടാതെ ഞാൻ നടന്നു. മുൻപിൽ കണ്ട വഴിയിലൂടെ...

കുത്തനെയുള്ള ആ ഇറക്കം ചെന്ന് നിന്നത്‌ വൈക്കോൽ മേഞ്ഞ ഒരു പുരക്കു മുമ്പിലാണ്. അവിടെനിന്നും ഒരു സ്ത്രീ ഇറങ്ങിവരുന്നത്‌ ഞാൻ കണ്ടു. ഏതാണ്ട്‌ അസ്തിപോലായ സ്ത്രീ. ഒക്കത്ത്‌ ഒരു കുഞ്ഞുണ്ട്‌. അവരുടെ ശരീരം വില്ലുപോലെ വളഞ്ഞിരിക്കുന്നു. അവൾ ഉദാസീനയായി എന്നെ നോക്കി. ആ കണ്ണുകൾ എന്നോട്‌ എന്തോ യാചിക്കും പോലെ എനിക്കു തോന്നി.

"ഈ ഗവർൺമന്റ്‌ സ്കൂളിലേക്കുള്ള വഴിയേതാ?" അവർ നിശബ്ദയായി എന്നെ നോക്കി നിന്നു. "
അമ്മച്ചീ,ഈ ഗവർൺമന്റ്‌ സ്കൂളിലേക്കുള്ള വഴിയേതാ?..." ഞാൻ വീണ്ടും ചോദിച്ചു.
അറിയില്ലെന്ന് അവർ കൈമലർത്തി. ഞാൻ നിരാശനായി. ആദ്യം കണ്ട മനുഷ്യജീവിയാണ്. അവർക്ക്‌ വഴിയറിയില്ല...ദൈവമേ, എന്റെ തുടക്കം പിഴക്കുകയാണോ? തൊണ്ട ആകെ വരളുന്നു. വീട്ടിൽ നിന്നിറങ്ങിയപ്പോൾ ഭക്ഷണം കഴിച്ചതാണ്. എന്തെങ്കിലും ഭക്ഷണം കഴിക്കണം. ഒന്നുമ്മില്ലെങ്കിലും ഒരു ചൂടൻ ചായയെങ്കിലും..."അമ്മച്ചീ, ഇവിടെ എവിടെയെങ്കിലും ചായക്കടയുണ്ടോ?"

"ഇതാണ് ഇവിടത്തെ ചായക്കട" കുട്ടിക്ക്‌ മുലകൊടുക്കുന്നതിനിടയിലും അൽപം പ്രതീക്ഷയോടെ, ആകംഷയോടെ അവർ പറഞ്ഞു.

ഞാനകെ ഒന്ന് നോക്കി. വൈക്കോൽ കൊണ്ടുമേഞ്ഞ , ഒന്നുരണ്ടു മുളന്തൂണുകൾ കൊണ്ട്‌ താങ്ങിനിർത്തിയിരിക്കുന്ന ഇതോ ചായക്കട. ഇവിടെ അതിന്റെ ഒരു മട്ടുമില്ലല്ലോ! എന്തിനു ഒരു അടുപ്പ്‌ പുകയുന്നതിന്റെ പുക പോലും കണുന്നില്ല. എന്റെ ഭാവം കണ്ടപ്പോൾ അവർ ആകെ സൂക്ഷിച്ചുനോക്കി. ഒത്തിരി പ്രതീക്ഷയോടെ...

"ചായകിട്ടുമോ?" മറ്റൊന്നും പ്രതീക്ഷിക്കാൻ ഇല്ലാത്തതിനാൽ ഞാൻ ചോദിച്ചു.

"കയറി ഇരിക്കൂ" അവർ ആഹ്ലാദത്തോടെ പറഞ്ഞു.

ഞാൻ അകത്ത്‌ കയറി. പക്ഷെ, എവിടെ ഇരിക്കും. ഞാൻ പരുങ്ങി നിന്നു. എന്റെ വിഷമം മനസ്സിലായ അവർ ഒരു മരത്തടി കൊണ്ടിട്ടുതന്നു. അതിൽ അമർന്നുകൊണ്ട്‌ ഞാനാ കടയാകെ കണ്ണോടിച്ചു. രണ്ട്‌ മുറികളാണു ആ കടക്കുള്ളത്‌. ഒന്ന് കീറിയ സാരികൊണ്ട്‌ മറച്ചിട്ടുണ്ടാക്കിയതാണ്. അതിലാവാം അവരുടെ താമസം. ഞാൻ ആകെ ഖിന്നനായി. ഇവരുടെ മുമ്പിൽ എന്റെ പ്രശ്നങ്ങൾ എത്ര നിസ്സാരം. ഞാൻ ചിന്തിച്ചു. ചിന്തിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല. ചായ ഇനിയും കിട്ടിയില്ല. ഞാനാകെ അക്ഷമനായി... അകത്തുനിന്നും ആ കുട്ടിയുടെ കരച്ചിൽ ഉയർന്ന് വന്നു.

"അശ്രീകരം.. കരയാതിരിക്ക്‌ എന്റെ കുട്ടാ" ദേഷ്യവും വാത്സല്യവും ഒരുമിച്ച്‌ അവരിൽ നുരഞ്ഞുപൊങ്ങിയത്‌ ഞാൻ അറിഞ്ഞു. എന്റെ ക്ഷമ നശിച്ചു കൊണ്ടിരുന്നു. ഞാൻ ആ കീറിയ സാരി മാറ്റി അകത്തേക്ക്‌ നോക്കി. അപ്പോൾ കണ്ട കാഴ്ച....

ആ സ്ത്രീ തന്റെ കുഞ്ഞിനെ മുലയിൽ നിന്നും അടർത്തിമാറ്റികൊണ്ട്‌ ഒരു ഗ്ലാസ്സിലേക്ക്‌ തന്റെ മുലപ്പാൽ പിഴിഞ്ഞൊഴിക്കുന്നു. തന്റെ ഭക്ഷണം നഷ്ടപ്പെട്ട കുട്ടി വാവിട്ട്‌ കരയുന്നു...അവർ എന്നെ കണ്ടു.. അവരുടെ മുഖം വിവർണ്ണമായി.

"പാൽ കിട്ടിയില്ല എങ്കിലും ചായ ഇപ്പോൾ തരാം. ഈ പാലൊന്നെടുക്കാൻ ഈ അശ്രീകരം സമ്മതിക്കണ്ടെ."

മുഴുവൻ കേൾക്കാതെ ഞാൻ ഓടി. കുത്തനെയുള്ള ആ വഴികൾ ഓടികയറിയപ്പോൾ ഞാൻ മറ്റൊന്നും അറിഞ്ഞില്ല. മുള്ളുകൾ തറഞ്ഞുകയറി എന്റെ കാലിൽ നിന്നും ചോര വന്നതു പോലും... എങ്ങിനെയും രക്ഷപ്പെട്ടാൽ മതിയെന്നായി. ഇവരുടെ ഈ അവസ്ഥക്ക്‌ മുമ്പിൽ തന്റെ വീട്‌ സ്വർഗ്ഗമാണ്. ഒരു നല്ല തുടക്കം പ്രതീക്ഷിച്ച്‌ വന്ന ഏനിക്ക്‌... വയ്യ...തിരിച്ചുപോണം...എന്റെ ആ സ്വർഗ്ഗത്തിലേക്ക്‌...

ഇറങ്ങിയ വഴികൾ ഓടിക്കയറി ഞാൻ ചെന്നപ്പോൾ പഴയ പട്ടി എന്നെ കണ്ട്‌ സൗഹൃദഭാവത്തിൽ കുരച്ചു. പക്ഷെ എന്റെ കാതിൽ മുഴങ്ങികേട്ടത്‌ ആ കുട്ടിയുടെ വിശന്നുള്ള കരച്ചിലായിരുന്നു. എന്റെ കണ്ണുകളിൽ ഞാൻ കണ്ടത്‌ ആ സ്ത്രീയുടെ നിസ്സഹാത ആയിരുന്നു. ...നിസ്സംഗതയായിരുന്നു.. ചായയുമായി ആ സ്ത്രീ എന്നെ പിൻ തുടരുന്നതായി എനിക്ക്‌ തോന്നി... ഞാൻ ഓടി... ആ സ്ത്രീയിൽ നിന്നും രക്ഷപെടുവാനായി.. .വിശപ്പില്ലതെ...ദാഹമില്ലാതെ... മനസ്സിലേറ്റുവങ്ങിയ ആ മുറിപ്പാടുകളുമായി ഞാൻ ഓടി... മറ്റൊരു നല്ല തുടക്കതിനായി....




© മനോരാജ്

18 Comments, Post your comment:

Manoraj said...

തേജസിൽകുറച്ച് നാൾ മുൻപ് പോസ്റ്റ് ചെയ്തതാണ് ഈ കഥ.. വായിക്കാത്തവർക്കായി ഇവിടെ പോസ്റ്റുചെയ്യുന്നു. തേജസിലെ പോസ്റ്റിലേക്ക് ഇതിലേ പോകാം.

thalayambalath said...

തന്റെ പ്രശ്‌നമാണെന്ന് ഏറ്റവും വലിയ പ്രശ്‌നമെന്ന് കരുതുന്നവര്‍ക്ക് ഒരു ഉത്തരമാവും ഈ കഥ........ അഭിനന്ദനങ്ങള്‍

സൂര്യ said...

ഒരു സൂഫിക്കഥ പോലെ. കഥകള്‍ പറയുന്ന രീതികളില്‍ മലയാള ചെറുകഥാ സാഹിത്യം ഒരുപാട് ദൂരം പോയിരിക്കുന്നു ചങ്ങാതീ.
പുതിയകാലത്തിന്റെ കഥകള്‍ കൂടുതല്‍ വായിക്കൂ.
ആശംസകള്‍.

റോസാപ്പൂക്കള്‍ said...

തീം വളരെ ഇഷ്ടപ്പെട്ടു.കഥയുടെ അവസാന ഭാഗം ശരിക്കു ഞെട്ടിച്ചു കളഞ്ഞു.കുറച്ചുകൂടെ നന്നാക്കാമായിരുന്നു എന്നു തോന്നുന്നു

വിനയന്‍ said...

കൊള്ളാം.

Typist | എഴുത്തുകാരി said...

ഞാന്‍ ഇതു് അവിടെ വായിച്ചിരുന്നൂട്ടോ.

sm sadique said...

പ്രിയ മനോരാജ് ,സ്വന്തം ദുഃഖം മാത്രം വലുതെന്നു ചിന്തിക്കുന്നവര്‍ക്കിടയില്‍ നിന്നും ഓടാം .നല്ലൊരു നാളയെ സ്വപ്നം കണ്ടു ...കണ്ടു ...

Nisha said...

അവസാനം വളരെ മനോഹരമായി പറഞ്ഞവസാനിപ്പിച്ചു. ഒരു ഷോക്ക്‌ ആയിരുന്നു ശരിക്കും ആ ക്ലൈമാക്സ്‌

രാജേഷ്‌ ചിത്തിര said...
This comment has been removed by the author.
രാജേഷ്‌ ചിത്തിര said...

:)

good

(off...ethe reethiyilallenkum inganeyoru spark tharaan pattiya oru kavitha nerathe vaayicha ormma varunnundu.,,,)

mazhamekhangal said...

reality.....the real reality...

മുരളി I Murali Mudra said...

വല്ലാത്ത ഒരു കഥ ..
ചില യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിനെ ഞെട്ടിക്കുന്നത് തന്നെ..
മനസ്സിനെ പൊള്ളിക്കുന്ന യാഥാര്‍ത്ഥ്യം.

Manoraj said...

തുടക്കം വായിക്കാൻ ഇവിടെ എത്തിച്ചേരുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്ത എല്ലാവർക്കും എന്റെ നന്ദി..
സൂര്യ : ഈ കഥ ഞാൻ വർഷങ്ങൾക്ക് മുൻപ് എഴുതിയതാണ്. കൃത്യമായി പറഞ്ഞാൽ 1998 കാലഘട്ടത്തിൽ, എന്റെ പോളിറ്റെക്നിക് മാഗസിനു വേണ്ടീ.. പിന്നെ വായനയുടെ അപര്യാപ്തത ഉണ്ട്.. ശ്രമിക്കാം കൂടുതൽ നന്നായി എഴുതുവാനായി ..
രാജേഷ് : ഈ സംഭവം പണ്ട് ഞാൻ എന്റെ കുട്ടിക്കാലത്ത് കേട്ടതാണ്. പരിഷത്തിന്റെ ക്ലാസ്സുകളിൽ വച്ച്, ഏതോ ഒരു അതിഥിയിൽ നിന്നും.. അന്ന് എന്റെ കുഞ്ഞു മനസ്സിനെ അത് ഇത്രത്തോളം സ്വാധീനിച്ചത് കൊണ്ടാവാം വർഷങ്ങൾക്ക് ശേഷവും എനിക്ക് അത് എങ്ങിനെയെങ്കിലും പ്രസന്റ് ചെയ്യാൻ കഴിഞ്ഞത്. സ്വാഭാവികമായും ഇത് പലരുടെയും അറിവിൽ പെട്ട ഒരു സംഭവകഥയാവാം.. ചിലപ്പോൾ ഇതേ സംഭവം തന്നെയാവാം താങ്കൾ വായിച്ചു എന്ന് പറയപ്പെടുന്ന കവിതയിലും ഉള്ളത്...

Rahul said...

nannayirunnu: especially the last part. Aa oru punch was there.

But, the hero has come there, for a job. Avidunnu odi pokunnathu sense undakkunilla.

I feel he must have been a person, who was planning to do something wrong, or was going to commit suicide because of this troubles.

Then the story would have made more sense.

KS Binu said...

ഇങ്ങനെയും ആളുകള്‍.... നല്ല പ്രമേയം.. അവതരണത്തില്‍ കുറച്ച് കൂടി ശ്രദ്ധിക്കാമായിരുന്നു എന്ന് തോന്നി...

എറക്കാടൻ / Erakkadan said...

നല്ല ഒരു കഥ എന്നതിലുപരി അതിലെ നായകൻ ഞാനാണോ എന്ന് തോന്നിപ്പോയി. കാരണം നൂറു കൂട്ടം പ്രശ്നങ്ങൾ തന്നെ. എന്തായാലും അതൊന്നും ഒരു പ്രശ്നമല്ല എന്ന് മനസ്സിലായി

ആര്‍ദ്ര ആസാദ് / Ardra Azad said...

മനസ്സിലേറ്റുവങ്ങിയ ആ മുറിപ്പാടുകളുമായി ഞാൻ ഓടി... മറ്റൊരു നല്ല തുടക്കതിനായി....



നല്ലൊരു തുടക്കം കിട്ടാന്‍ പ്രയാസമാണ്...വിശപ്പിന്റെ നിലവളികള്‍ നമ്മളെ പിന്തുടരുന്നോളം.....

സുരേഷ് ബാബു said...

kollaam mano nallla prameyam.....
avatharanathil kooduthal sradhikkuka...
iniyum nalla rachanakal pratheekshikkatte...