സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



പെയ്തൊഴിയുമ്പോള്‍

March 02, 2010 ശിവകാമി


"വേഗം വരൂ.. അഞ്ചുമണി വരെയേ ഉള്ളൂ വിസിറ്റിംഗ് ടൈം"
"രാകേഷ് പോയിവരൂ.. ഞാനിവിടെയിരിക്കാം"
"ഏയ്‌... താനല്ലേ കാണണമെന്ന് നിര്‍ബന്ധം പിടിച്ചത്? തനിക്കൊരു കൂട്ടായി വന്നിട്ടിപ്പോ..."
"എനിക്ക്... എനിക്ക് വയ്യ.. "

സീതയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഉള്ളിലേക്ക് നടക്കുമ്പോള്‍ അയാള്‍ ഇടയ്ക്കിടെ പിന്തിരിഞ്ഞു നോക്കി.‌

നിരത്തിയിട്ട കസേരകളിലൊന്നില്‍ ചാരിയിരുന്നു തളര്‍ച്ചയോടെ കണ്ണുകള്‍ മൂടവേ മുന്നില്‍ അവള്‍... മറ്റുള്ളവര്‍ക്ക് അവള്‍ ജയയും ജയശ്രീയും ഒക്കെ ആയപ്പോള്‍ സീതയ്ക്കവള്‍ കുഞ്ഞുന്നാളില്‍ തന്നെ തനിച്ചാക്കി പുഴയിലൊഴുകിയ ശ്രീക്കുട്ടിയായി... മെസ്സ്ഹാളിലെ തീന്മേശ മുതല്‍ ചേച്ചിമാരുടെ കളിതമാശകളില്‍ വരെ ശ്രീക്കുട്ടിയുടെ രക്ഷകയായി..

ആശുപത്രിലോണിലെ വിയര്‍പ്പിക്കുന്ന ഉഷ്ണം. സീത കണ്ണ് തുറന്നു. മനസ് പോലെ മൂടിക്കെട്ടിയിരുന്ന ആകാശം പെയ്തുതുടങ്ങിയിരുന്നു. ആശുപത്രിമുറ്റത്തെ ഭംഗിയുള്ള പൂന്തോട്ടത്തിലെ ചെടികളെല്ലാം മഴയെ ആഘോഷിക്കുമ്പോള്‍ പഴയൊരു രാത്രി സീതയുടെ ഉള്ളില്‍ ഭീതിയുടെ കനല്‍മഴയായി.

കാതടപ്പിക്കുന്ന ഇടിയുടെ പിന്നാലെയെത്തിയ കരച്ചില്‍ തൊട്ടരുകില്‍ കേട്ടപ്പോള്‍ അരികത്തണച്ചു സ്വന്തം കിടക്കയില്‍ അവള്‍ക്കും കൂടി ഇടമുണ്ടാക്കി. പാതിമയക്കത്തില്‍ തന്നെ ചുറ്റിയിരുന്ന കൈകള്‍ വല്ലാതെ വലിഞ്ഞുമുറുകിയപ്പോള്‍ മിന്നല്‍വെളിച്ചത്തില്‍ കണ്ടമുഖം അവളുടെതല്ലെന്നു തോന്നി. വല്ലാത്തൊരു ശക്തിയോടെ എന്തിനൊക്കെയോ വേണ്ടിയുള്ള തിരച്ചില്‍... കുതറിമാറാന്‍ ശ്രമിക്കുമ്പോള്‍ അവളുടെ മുഖത്തെ ഭാവം തിരിച്ചറിയാനായില്ല..

അടങ്ങിയ പേമാരിയുടെ ആശ്വാസത്തില്‍ എല്ലാവരും സുഖമായുറങ്ങവേ അവളുടെ ബാല്യവും കൌമാരവും കഥകളായി സീതയുടെ മുന്നില്‍ അവതരിക്കപ്പെട്ടു. അതെല്ലാം നിസ്സഹായയായ കൊച്ചുകുട്ടിയുടെ അനുഭവങ്ങളായിരുന്നു എന്ന് വിശ്വസിക്കാന്‍ പാടുപെട്ടു. വാര്‍ധക്യത്തിലെത്തിയ ശരീരത്തിന്റെ ഒടുങ്ങാത്ത വിശപ്പടക്കാന്‍ സുഹൃത്തിന്റെ പത്തുവയസ്സുകാരിമകളെ ഉപയോഗിച്ച ബ്രിഗേഡിയര്‍ അങ്കിളിനെ പിന്നീടുള്ള തന്‍റെ ദുസ്വപ്നങ്ങളില്‍ പലതവണ സീത കൊല്ലാന്‍ ശ്രമിച്ചു.

ഭയം മൂലം ആവര്‍ത്തിക്കപ്പെട്ട പലതും പിന്നീട് ആസ്വദിച്ചുതുടങ്ങിയതും ഏറ്റവുമടുത്ത കൂട്ടുകാരില്‍ പരീക്ഷിച്ചുതുടങ്ങിയതുമെല്ലാം ശ്രീക്കുട്ടി പറയുമ്പോള്‍ അമ്പരപ്പ് മാത്രമായിരുന്നു ഉള്ളില്‍. കോളേജില്‍ അവളെ വിമര്‍ശിച്ചവരെ പൊരുളറിയാതെ എതിര്‍ത്തിരുന്നപ്പോള്‍ അവര്‍ തന്നെയും കളിയാക്കി ചിരിച്ചിരിക്കും.

"ഇപ്പോള്‍ എങ്ങനെയുണ്ട്? "
തിരിച്ചെത്തിയ രാകേഷിന്റെ വിവര്‍ണ്ണമായ മുഖത്തു നോക്കാതെ സീത എഴുനേറ്റു.
"മഴ തോര്‍ന്നു... നമുക്ക് പോവാം"

സീതയുടെ മുഖഭാവം എന്തുകൊണ്ടോ തുടര്‍ന്നെന്തെങ്കിലും ചോദിക്കാനുള്ള ധൈര്യമാണ് അയാളില്‍നിന്നും ഇല്ലാതാക്കിയത്. പാര്‍ക്കിംഗ് ഏരിയയിലെ കെട്ടിനിന്ന വെള്ളവും ചെളിയുമേല്‍ക്കാതിരിക്കാന്‍ സാരി ഉയര്‍ത്തി ശ്രദ്ധയോടെനടക്കുന്ന അവളെ ഉറ്റുനോക്കിക്കൊണ്ട്‌ രാകേഷ് പിന്നാലെ നടന്നു.

"അവള്‍ ഒരുപാട് ക്ഷീണിച്ചുപോയി. എന്നെ തിരിച്ചറിഞ്ഞോ എന്നറിയില്ല.. പരിചയഭാവം കാട്ടിയില്ല.."

അവള്‍ക്കു മുഖം കൊടുക്കാതെ രാകേഷ് ധൃതിയില്‍ നടന്നു കാറില്‍ കയറി. ആത്മസുഹൃത്തായ പഴയ സഹപാഠിയുടെ അഭ്യര്‍ത്ഥന തള്ളാനാവാത്തതുകൊണ്ടുമാത്രമായിരുന്നു മുന്‍കോപക്കാരന്‍ ബോസ്സിന്‍റെ കാലുപിടിച്ചു പകുതിദിവസത്തെ അവധിയുമായി ഇറങ്ങിയത്‌. ഒരിക്കല്‍പ്പോലും ജയശ്രിയെ വീണ്ടും കാണണമെന്ന് തോന്നിയിരുന്നില്ല. അത്രയ്ക്ക് വെറുപ്പായിരുന്നു. അതിലുമേറെ സ്നേഹിച്ചിരുന്നു, ഒരിക്കല്‍... കൂട്ടുകാര്‍ പലതവണ വിലക്കിയിട്ടും, ജോഷിയുടെ മൊബൈലില്‍നിന്നും പടര്‍ന്ന സന്ദേശത്തിലെ നായിക അവള്‍ തന്നെയാണെന്ന് പലരും പറഞ്ഞിട്ടും അതൊന്നു കാണാന്‍പോലും കൂട്ടാക്കിയില്ല.. അവളോട്‌ ചോദിച്ചില്ല. വിശ്വാസമായിരുന്നു അത്രയ്ക്ക്.

"കോഴ്സ് കഴിഞ്ഞു പോവുമ്പോഴും രാകേഷ് ഈ സിറ്റിയില്‍ തന്നെയുണ്ടെന്ന ആശ്വാസമായിരുന്നു എനിക്ക്. നിങ്ങള്‍ തമ്മില്‍ പിരിഞ്ഞത് എന്നെ ഏറെ വിഷമിപ്പിച്ചു. അതും കൂടിയാണ് അവളുടെ ഇപ്പോഴത്തെ അവസ്ഥക്ക്...."

പെട്ടെന്നെന്തോ ഓര്‍ത്തിട്ടെന്നപോലെ സീത നിശബ്ദയായി.

രാകേഷ് ആ പഴയ പകല്‍ ഓര്‍മ്മയില്‍നിന്നും കുടഞ്ഞുകളയാന്‍ ശ്രമിച്ചു. ഉത്സവം കൂടി ഫ്ലാറ്റില്‍ തിരിച്ചെത്തിയ ദിവസം... മുന്‍വാതിലിന്‍റെ കരച്ചിലിനൊപ്പം രണ്ടായി മാറുന്ന നിഴലുകള്‍... രസച്ചരട് പൊട്ടിച്ചവനോടുള്ള അവജ്ഞ മാത്രമായിരുന്നു അവളുടെ മുഖത്ത്. അവളുടെ നിര്‍ബന്ധമായിരുന്നുവെന്ന ജോഷിയുടെ ക്ഷമാപണവും കൂടിയായപ്പോള്‍ തലേന്നത്തെ തായമ്പകയുടെ തനിയാവര്‍ത്തനങ്ങള്‍ തലയ്ക്കുള്ളില്‍ മുഴങ്ങി. അലര്‍ച്ചയോടെ അവളെ പുറത്തേക്ക് തള്ളിയിട്ട് വാതില്‍ വലിച്ചടക്കുമ്പോള്‍ ഓര്‍ത്തതല്ല ആ വീഴ്ചയില്‍ വേര്‍പെട്ട മനസിനെ ശരീരത്തോട് ചേര്‍ക്കാന്‍ അവള്‍ക്കിവിടംവരെ എത്തപ്പെടെണ്ടിവരുമെന്ന്.

"അതിനുശേഷം ഇന്നാണ് ഞങ്ങള്‍ കാണുന്നത്.. " ഒറ്റപ്പെട്ട മുറികളിലൊന്നില്‍ തടവുകാരിയെപോലെ... കാണേണ്ടിയിരുന്നില്ല.

"അവളെ കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് പേടിയാണ് തോന്നുന്നത്.."
ഹോസ്റ്റല്‍മുറിയില്‍ വെച്ച് അവളുടെ കയ്യിലെ കത്തി തട്ടിപ്പറിച്ചു വലിച്ചെറിഞ്ഞ ദിവസത്തിന്റെ ഓര്‍മ്മ സീതയുടെയുള്ളില്‍ ഭയത്തിന്റെ ചിലന്തിവലകള്‍ നെയ്തു. സീത കണ്ണുകള്‍ ഇറുക്കിയടച്ചു സീറ്റില്‍ ചാരിക്കിടന്നു. പണിക്കര്‍ സര്‍ പറഞ്ഞതു പോലെ ഇതൊരു മാനസികാവസ്ഥയാണ്.. പൂര്‍ണ്ണമായി വിട്ടുമാറാത്ത ഒരു അവസ്ഥ. ഒരു പെണ്‍കുട്ടി ഇങ്ങനെ എത്രനാള്‍... അതും... എന്‍റെ ശ്രീക്കുട്ടി.. ചീത്തക്കുട്ടിയായി... പരിഹാസപാത്രമായി.... ഹോ.. വയ്യ! സീതയുടെ ഉള്ളില്‍ വല്ലാത്തൊരു നോവ്‌ കുറുകി.

"രാകേഷ്... എനിക്ക്.. അവളുടെ അടുത്തുപോകണം.. ഇപ്പൊ... ഇപ്പൊത്തന്നെ.. പ്ലീസ്... "

സീതയെ അവിശ്വസനീയതയോടെ നോക്കിയും അവള്‍ക്കായി സാന്ത്വനവാക്കുകള്‍ തിരഞ്ഞും അയാള്‍ കാര്‍ തിരിച്ചു. കാവല്‍ഭടന്മാര്‍ക്കുള്ള ഉത്തരം തേടി രാകേഷ് വലയുമ്പോള്‍ സീത അവളുടെ മുറിയിലെത്തിയിരുന്നു.

"ശ്രീക്കുട്ടീ.... വേഗം എഴുന്നേല്‍ക്ക് മോളെ.. "

പാതികൂമ്പിയ കണ്ണുകളും തളര്‍ന്ന ദേഹവുമായി അവള്‍ സീതയുടെ വിരല്‍ത്തുമ്പില്‍ തൂങ്ങി.. പിന്‍വിളികള്‍ കാറ്റില്‍ അലിഞ്ഞില്ലാതായി...

ബസ്സിറങ്ങി പുഴക്കരയിലേക്ക് നടക്കുമ്പോഴും ശ്രീക്കുട്ടിയുടെ കൈ സീത മുറുകെ പിടിച്ചിരുന്നു. ഒരു കൊച്ചുകുഞ്ഞിനെ നടത്തുംപോലെ പുഴയുടെ മാറിലേക്ക്‌ പതിയെ ഇറങ്ങി. തണുപ്പിലേക്ക് ആഴ്ന്നിറങ്ങുമ്പോള്‍ അവളുടെ ശരീരം വിറച്ചു തുടങ്ങി. കുളിര് മുകളിലേക്ക് പടരുമ്പോള്‍ സീത പിടി വിട്ടു. പെട്ടെന്ന് ശ്രീക്കുട്ടി അവളെ ആഞ്ഞുപുണര്‍ന്നു. ചുറ്റിവരിയുന്ന കൈകളും വിറയാര്‍ന്ന മുഖവും ഒരു പഴയരാത്രിയുടെ ഓര്‍മ്മ സീതയിലേക്ക് മഴയായി പെയ്തു. ആ മഴയില്‍നിന്നും ഓടിയകലാന്‍ ശ്രമിക്കുന്തോറും ശ്രീക്കുട്ടിയുടെ ആവേശം പെരുമഴയായി. മല്‍പ്പിടുത്തത്തിനിടയില്‍ പലതവണ ഇരുവരും മുങ്ങിപ്പൊങ്ങി. സീതയുടെ ശരീരത്തെ പൊതിഞ്ഞിരുന്ന ശ്രീക്കുട്ടിയുടെ കൈകള്‍ തളര്‍ന്നുതുടങ്ങിയിരുന്നു. തനിക്കുനേരെ താഴ്ന്നുവരുന്ന ശ്രീക്കുട്ടിയുടെ മുഖം വല്ലാത്തൊരാവേശത്തോടെ സീത ആഞ്ഞുതള്ളി. തളര്‍ച്ചയോടെ ദേഹത്തേക്ക് ചാഞ്ഞ അവളെ തള്ളിമാറ്റി കരയിലേക്ക് പൊങ്ങുതടിപോലെ ഒഴുകിനീങ്ങി.‍ പിന്നില്‍ കേട്ട ശ്രീക്കുട്ടിയുടെ നിലവിളി പുഴയുടെ കരച്ചിലില്‍ ഇല്ലാതായി...

"നമ്മുടെ ശ്രീക്കുട്ടി പോയമ്മേ...."

പടവുകളിലൊന്നില്‍ നനഞ്ഞിരുന്നു കൊച്ചുസീത ശബ്ദമില്ലാതെ കരഞ്ഞു.

10 Comments, Post your comment:

anoopkothanalloor said...

പെയ്തൊഴിയുമ്പോൾ മനസ്സിൽ ഒരു നനുത്ത നൊമ്പരമായി മാറുന്നു.
നല്ല എഴുത്ത് ആശംസകൾ ചേച്ചി

മുരളി I Murali Mudra said...

സാധാരണ പറയപ്പെടുന്ന പ്രമേയ വഴികളില്‍ നിന്ന് ശിവകാമി മാറി ചിന്തിച്ചിരിക്കുന്നു.ബാല്യകാലത്തെ മോശം അനുഭവങ്ങളില്‍ നിന്ന് വിരക്തിയിലെക്കെത്തിയ ഒരുപാട് കഥാപാത്രങ്ങളെ നാം വായിച്ചതാണ്.പക്ഷെ ഈ കഥയിലെ ശ്രീക്കുട്ടിയെന്ന ജയശ്രീ തന്റെ അനുഭവങ്ങളില്‍ നിന്ന് നുകര്‍ന്ന ലഹരിയുമായി വേറെ വഴികളിലൂടെ സഞ്ചരിക്കുന്നു.അവിടെ സീതയ്ക്ക് ഒരു രക്ഷകയുടെ പരിവേഷമാണോ??
എല്ലാ ശ്രീക്കുട്ടിമാരുടെ കഥകളുടെയും തുടക്കവും അടുക്കവും ഒന്ന് തന്നെയാവും.
നല്ല പ്രമേയം,നല്ല ആഖ്യാനം.

റോസാപ്പൂക്കള്‍ said...

ശിവാ..തികച്ചും വ്യത്യസ്ഥമായി എഴുതി....
പക്ഷെ സീതക്ക് ശ്രീക്കുട്ടിയെ രക്ഷിക്കാനായില്ലല്ലോ എന്ന ദുഖം മാത്രം

Manoraj said...

ഒത്തിരി ശ്രീക്കുട്ടിമാർ ഇങ്ങിനെ.. പ്രമേയം കൊള്ളാം.. അതിനേക്കാളേറെ എഴുത്തിൽ കൊണ്ടുവന്ന ശൈലി ആകർഷിച്ചു..

Appu Adyakshari said...

ആദ്യമായാണ് ഈ ബ്ലോഗ് കാണുന്നത്. ഇഷ്ടപ്പെട്ടു. ഈ കഥയും.

JIGISH said...

മികച്ച രചന.വ്യത്യസ്തമായ അനുഭവം.. ഇത്തരം തുറന്നെഴുത്തുകളാണല്ലോ നമ്മുടെ ആവശ്യം..!

ചിലയിടങ്ങളിൽ അല്പം അവ്യക്തതയുണ്ട്..

രാജേഷ്‌ ചിത്തിര said...
This comment has been removed by the author.
Renjishcs said...

സങ്കീര്‍ണ്ണമായ ചില ജീവിതനിമിഷങ്ങള്‍ തന്മയത്വത്തോടെ അവതരിപ്പിക്കാനുള്ള ഈ ശ്രമം അഭിനന്ദനാര്‍ഹം.

Goood keep writing.........

Anonymous said...

സങ്കീര്‍ണ്ണമായ ജീവിതം പറയാന്‍
സങ്കീര്‍ണമായ എഴുത്ത്.... :-)
എഴുത്തിഷ്ടായി ട്ടോ...കഥയും...

വിനയന്‍ said...

ഇത്തരം കഥാപാത്രങ്ങള്‍ കേട്ടും കണ്ടും നമ്മളെല്ലാവരും അറിഞ്ഞത് തന്നെയാണ്. പക്ഷെ അതിന്റെ അവതരണം ഇവിടെ വ്യത്യസ്തമാകുമ്പോള്‍ കഥയുടെ അവസാനം മനസ്സില്‍ ദുഖമുണ്ടാക്കുന്നു. എല്ലാ ആശംസകളും.