"രാവിലെ തന്നെ ഇത് എന്നാ ഇരിപ്പാ ഇരിക്കുന്നേ? എന്തോ പറ്റി?" ഗോവിന്ദൻ കുട്ടിയുടെ ഇരുപ്പ് കണ്ട് ഭാനുമതി ചോദിച്ചു.
"നീ ഇന്നത്തെ പത്രം കണ്ടോ?"
"പിന്നെ രാവിലെ തന്നെ പത്രം തിന്നുന്ന സ്വഭാവം നിങ്ങൾക്കല്ലേ.. വെറുതേ ഇവിടത്തെ പൊറുതി ഇല്ലാതാക്കല്ലേ" ഭാനുമതി കെറുവിച്ചു.
"അതല്ലെടീ, ഇന്നലെ ഗവ: ഹോസ്പിറ്റലിലെ മോർച്ചറിയിൽ, ഒരു പെൺകൊച്ചിന്റെ ശവം വരുത്തിവെച്ച പുകിലു കണ്ടോ നീ"
"ഓ. .ഞാനൊന്നും കണ്ടില്ല.. എന്താ ഉണ്ടായേ"
"സംഭവം അൽപം ക്രൂരമായി പോയി.. നിന്റെ മുടിഞ്ഞ പുത്രനില്ലേ.. ഭദ്രൻ.. അവനാ എല്ലാത്തിന്റെയും കാരണക്കാരൻ.. പാവം ഒരു പെൺകൊച്ച്.."
"ദേ.. വെറുതെ എല്ലാത്തിനും നമ്മുടെ മോനെ പഴിപറയുന്ന നിങ്ങളുടെ ശീലം മാറ്റിക്കോ? അല്ലേ, ഏതോ പെൺകൊച്ച് വിവരമില്ലാതെ തൂങ്ങിച്ചത്തതിനു എന്റെ കൊച്ചൻ എന്തൊ പിഴച്ചു." ഭാനുമതി അമ്മയായി.
"എടി, നീ താഴെ ഡോക്ടർ സാറും ഡോക്ടർ കൊച്ചമ്മേം കൂടെ പത്രത്തിൽ വായിക്കുന്നത് ഒന്ന് ശ്രദ്ധിച്ചേ? പാവം ഡോക്ടർ കൊച്ചമ്മ നിന്റെ മോന്റെ കൊണവതികാരം കൊണ്ട് അവർക്ക് ചിലപ്പോൾ ഒരു സസ്പെൻഷൻ കിട്ടാൻ സാധ്യതയുണ്ട്"
"നിങ്ങളിത് കുറേ നേരമായല്ലോ നിന്റെ മോൻ, നിന്റെ മോൻ എന്ന് പറഞ്ഞ് ചൊറിയുന്നേ. എന്നെ കൊണ്ടൊന്നും പറയിക്കേണ്ട.. ചുമ്മാ കാര്യം പറയാതെ.. ഹല്ല, പിന്നെ"
"എടീ, ഇന്നലെ ഹോസ്പിറ്റലിൽ പോസ്റ്റ് മോർട്ടം ചെയ്ത ബോഡി റേപ്പ് ചെയ്യപ്പെട്ടതാണെന്നും, മരണം സംഭവിച്ചത് ഒരു പക്ഷെ റേപ്പിന്റെ തുടർച്ചയായി ആവാം എന്നുമായിരുന്നു ഡോക്ടർമാരുടെ നിഗമനം. നമ്മുടെ ഡോക്ടർ കൊച്ചമ്മയായിരുന്നു പോസ്റ്റ് മോർട്ടം ചെയ്തത്."
" അതിൽ നമ്മുടെ മോൻ എന്തോ പെഴച്ചു?"
"അതാടീ പറഞ്ഞ് വരുന്നേ.. സത്യത്തിൽ ആ പെങ്കൊച്ച് ഒരു പാവമാ.. അതിന്റെ കെട്ടിയവൻ മരിച്ചതിന്റെ ആണ്ട് ദിവസം, മനസ്സ് മടുത്തിട്ടാ ആ പാവം ആത്മഹത്യ ചെയ്തത്. ഒരു പിഞ്ച് കുഞ്ഞിനെ അനാഥനാക്കിയിട്ട്..."
ഒരു കുഞ്ഞിനെ അനാഥനാക്കി മരണം വരിച്ച ആ പെങ്കൊച്ചിനോട് നിങ്ങൾക്കെന്താ ഇത്ര സഹതാപം.. പാവം കുഞ്ഞ്!! അതിന്റെ ഭാവി ഇനിയെന്താവും എന്ന് ആ പെങ്കൊച്ച് എന്തേ ചിന്തിച്ചില്ല? ക്രൂരതയല്ലേ അവൾ കാട്ടിയേ?"
"എടീ, മരിച്ചവരെ നിന്ദിക്കരുത്. ആ കൊച്ചിന്റെ നീറ്റൽ അറിയണൊങ്കിൽ..."
"ഹും.. അപ്പളേ, പറയാൻ വന്നത് പറയ്. എന്റെ മോൻ എന്തോ പുകിലൊപ്പിച്ചെന്നാ നിങ്ങൾ പറഞ്ഞ് വരുന്നേ?"
എടീ, ഭാനൂ.. സത്യത്തിൽ ആ കൊച്ച് റേപ്പ് ഒന്നും ചെയ്യപ്പെട്ടിട്ടുണ്ടായില്ല.. അത് പോലീസ് അവരുടെ ഫസ്റ്റ് ഇൻഫോർമേഷൻ റിപ്പോർട്ടിൽ പറഞ്ഞതാ.. പക്ഷെ, നമ്മുടെ ഡോക്ടർ കൊച്ചമ്മ സമ്മതിച്ചില്ല. അവർ ഉറപ്പായിട്ട് പറഞ്ഞു റേപ്പ് നടന്നു എന്ന്!! ആ കൊച്ചിന്റെ ശരീരം മുഴുവൻ കടിച്ചും മാന്തിയും വൃത്തികേടാക്കിയിരിക്കുകയായിരുന്നെടീ.. കഷ്ടം. കൊച്ചമ്മ റീ പോസ്റ്റ്മാർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് വിടുകയും ചെയ്തു. അവിടെ വച്ച് സീനിയർ ഡോക്ടറാ പറഞ്ഞേ റേപ്പ് ഒന്നും അല്ല.. എലിയോ മറ്റോ മാന്തിയതാണെന്ന്!!!"
"നിങ്ങൾക്കെന്താ വട്ടായോ? എലി മാന്തുകയോ? ഡോക്ടർ കൊച്ചമ്മക്ക് എന്താ വിവരമില്ലേ!! അവർ നാട്ടിലെ അറിയപ്പെടുന്ന ഗൈനക്കോളജിസ്റ്റല്ലേ!!! അല്ല, മോർച്ചറിയിൽ സുരക്ഷാ സംവിധാനങ്ങളില്ലേ? ചുമ്മാ എന്റെ മോനെ പഴിപറയാൻ ഓരോ കാരണങ്ങൾ കണ്ടുപിടിച്ച് വരും"
"ഹാ.. നീ അങ്ങിനെ സമാധാനിച്ചോ? ഇതിപ്പോ ആരോഗ്യമന്ത്രിയൊക്കെ ഇടപ്പെട്ടെന്നാ അറിയുന്നേ.. നിന്റെ സൽപുത്രനോട് ജീവൻ വേണേൽ എങ്ങോട്ടെങ്കിലും രക്ഷപെടാൻ പറ.. ജനങ്ങൾ അത്രക്ക് രോഷാകുലരാണെന്നാ പത്രത്തിൽ സാർ വായിച്ചത്. മോർച്ചറി ആളുകൾ ഇടിച്ച് പൊടിക്കാതിരുന്നത് അതിനകത്തുള്ള മറ്റു ശവങ്ങളോടുള്ള ബഹുമാനം കൊണ്ടാ... എന്നാലും ഈ മുടിഞ്ഞവൻ... ഒരു കാലത്തും ഗുണം പിടിക്കില്ല.."
"അതേ.. നിങ്ങളെന്റെ മോനെ പ്രാകാതെ.. അവനെ രക്ഷിക്കാൻ നോക്ക്.. അല്ലെങ്കിൽ സത്യം അറിയാൻ നോക്ക്.. അച്ഛനാണെന്നും പറഞ്ഞ് ഇരുന്നാൽ പോരാ.." ഭാനുവിന്റെ ശബ്ദം ഇടറുന്നത് ഗോവിന്ദൻ കുട്ടി അറിഞ്ഞു. അവളെ കൂടുതൽ സങ്കടപ്പെടുത്താൻ അവൻ ആഗ്രഹിച്ചില്ല.. അല്ലേലും അവൾ എന്തോ പിഴച്ചു. ഭദ്രൻ പണ്ടേ തന്നെ തന്നോട് തെറ്റി പിരിഞ്ഞ് പോയതാ.. അവന്റെ കൂട്ടുകെട്ട് വഴിപിഴച്ചതാണെന്ന് കണ്ട് ഉപദേശിച്ചതാ.. അവനത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.. മക്കൾ തന്നോളമായാൽ താൻ എന്ന് വിളിക്കണമെന്നാ... പാവം ഭാനു .. അവളുടെ സങ്കടം താങ്ങാൻ കഴിയില്ലല്ലോ തനിക്ക്..
"നീ കരയേണ്ട.. ഞാൻ ഏതായാലും നമ്മുടെ സരോജ അക്കയെ ഒന്ന് പോയി കാണട്ടെ.. ഞാൻ പറഞ്ഞാലൊന്നും അവൻ കേൾക്കില്ലല്ലോ! മാത്രമല്ല സരോജക്ക താമസിക്കുന്നതിനടുത്താ മരിച്ച പെങ്കൊച്ചിന്റെ വീട്. അവിടെ ചെന്ന് കഴിയുമെങ്കിൽ സത്യാവസ്ഥ അറിയുകയും ചെയ്യാം.. ഹാ, ജനിപ്പിച്ച് പോയില്ലേ.. കൊല്ലാൻ പറ്റില്ലല്ലോ?" ഗോവിന്ദൻ കുട്ടി നെടുവീർപ്പിട്ടു.
സരോജവും ഗോവിന്ദൻ കുട്ടിയും ചെല്ലുമ്പോൾ മരണവീട്ടിൽ ജനസാഗരം തന്നെയായിരുന്നു.. ഒരു വിധം ആരുടെയും കണ്ണിൽ പെടാതെ അവർ ബോഡിയുടെ അടുത്ത് എത്തപ്പെട്ടു. ഗോവിന്ദൻ കുട്ടി ഒന്നേ നോക്കിയുള്ളൂ.. ഹോ, മനുഷ്യന്മാർ പോലും ചെയ്യാൻ അറക്കുന്ന വിധമല്ലേ ഈ തങ്കകൊടം പോലുള്ള പെങ്കൊച്ചിനെ കടിച്ച് കീറിയിരിക്കുന്നേ.. സരോജത്തിന്റെ കണ്ണീൽ നോക്കിയ ഗോവിന്ദൻ കുട്ടിക്ക് എന്ത് പറയണമെന്നറിയില്ലായിരുന്നു.
"എന്നാലും ഈ കുഞ്ഞിനെ തനിച്ചാക്കി എന്തിനാ ഇവളിത് ചെയ്തത്" - അമ്മയുടെ കീറിമുറിച്ച ശവശരിരത്തിലേക്ക് നോക്കി നിൽക്കുന്ന ആ പിഞ്ചു ബാലനെയോർത്ത് അവിടെ നിന്നവർ നെടുവീർപ്പിടുന്നത് വേദനയോടെ ഗോവിന്ദൻ കുട്ടി കണ്ടു. കൂട്ടം തിരിഞ്ഞ് നിന്ന് ആളുകൾ പലതും പറയുന്നുണ്ട്… അതിനിടയിൽ ഡോക്ടറമ്മയെ കുറ്റം പറയുന്നതും കേട്ടു.. അവരുടെ പിടിപ്പുകേടാ കാര്യങ്ങൾ ഇത്രയും വഷളാക്കിയതെന്നും, ഒരു നിമിഷനേരത്തേക്ക് എന്തൊക്കെ മോശം ചിന്തകളാണ് മനസ്സിലുടെ പോയതെന്നുമൊക്കെ ചിലർ രോഷം കൊള്ളൂന്നുണ്ടായിരുന്നു.. സർക്കാരാശുപത്രിയിലെ മോർച്ചറിയിൽ ഇതും ഇതിനപ്പുറവും സംഭവിക്കുമെന്നും എല്ലാത്തിനെയും കഴുമരത്തിലേറ്റി അവിടം മൊത്തം തീയിടണമെന്നുമുള്ള ചെറുപ്പക്കാരുടെ ആവേശം കൂടി കണ്ടപ്പോൾ ഗോവിന്ദൻ കുട്ടിയിലെ അച്ഛൻ തളർന്നു. സരോജത്തിനും നല്ല ദ്വേഷ്യമുണ്ടായിരുന്നെന്ന് അവരുടെ മുഖഭാവം കണ്ടാൽ അറിയാം.. പക്ഷെ, തന്റെ അവസ്ഥ മനസ്സിലാക്കിയിട്ട് ഒന്നും പറയാത്തതാ..
ആശുപത്രി പരിസരമാകെ പോലീസ് വളഞ്ഞിട്ടുണ്ട്. ജനത്തെ അക്രമാസക്തരാകാതെ തടുത്ത് നിറുത്തിയിരിക്കുകയാണവർ. ഡോക്ടർ കൊച്ചമ്മയെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചെന്നാ കേട്ടത്. പ്രശ്നം ഒന്ന് ആറി തണുത്തിട്ട് മതി ഇനി ജോലിയെന്ന് മന്ത്രി പറഞ്ഞത്രെ!! പാവം കൊച്ചമ്മ!! സരോജക്ക എങ്ങിനെയൊക്കെയോ തിക്കി തിരക്കി തന്നെയും കൊണ്ട് അകത്ത് കടന്നു. മോർച്ചറി സൂക്ഷിപ്പുകാരനെ ജനം മോർച്ചറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്നാ കേട്ടത്.. ഗോവിന്ദൻ കുട്ടിക്ക് ശരീരം മുഴുവൻ കടഞ്ഞ് വരുന്നതായി തോന്നി.. ഒന്നിരിക്കണം.. വയ്യ!! ഒന്നിനുംവയ്യ... ഗോവിന്ദൻ കുട്ടിയെ അവിടെ ഒരിടത്ത് സുരക്ഷിതനാക്കിയിട്ട് സരോജക്ക പതുക്കെ മോർച്ചറിയെ ലക്ഷ്യമാക്കി നീങ്ങി..
ഓരോന്നാലോചിച്ച് ഇരിക്കുന്നതിനിടയിൽ ഗോവിന്ദൻ കുട്ടി പരിസരം മറന്നിരുന്നു. സരോജക്ക വിളിച്ചപ്പോളാണ് വീണ്ടും ബോധം വന്നത്. മുൻപിൽ ഭദ്രനേയും കൊണ്ട് സരോജക്ക!!.. അവരോട് ബഹുമാനം തോന്നി.. ഒപ്പം, തന്റെ മകനോട് പുച്ഛവും.. പെട്ടന്ന് കണ്ണുതിരിച്ചു. പക്ഷെ, അവന്റെ കണ്ണിലെ നനവ് അതിനിടയിൽ തന്നെ മനസ്സിലാക്കിയിരുന്നു.. ഭദ്രന്റെ കണ്ണു നനയുകയോ? ഇതു വരെ അവൻ ചെയ്ത എല്ലാ തോന്ന്യാസവും പൊറുക്കാം.. പക്ഷെ, ഇത്.. മാപ്പ് കൊടുക്കാൻ കഴിയുമോ തനിക്ക്.. ഒരു പാവം പെങ്കൊച്ചിനെ.. മനുഷ്യന്മാർ അറക്കുന്ന രീതിയിൽ.. പൈശാചികമായി...അതിന് കാരണക്കാരൻ ഇവനുമല്ലേ? എന്തോ പെട്ടന്ന് നിയന്ത്രണം വിട്ടു.. കൈ നിവർത്തി അവന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചത് മാത്രം ഓർമയുണ്ട്.. അവന്റെ കണ്ണിൽ നിന്നും പൊന്നീച്ച പറന്നു. പക്ഷെ, ഭദ്രൻ തിരിച്ച് പ്രതികരിച്ചില്ല.. അവന്റെ സ്വഭാവത്തിനു അവൻ തിരിച്ച് തല്ലേണ്ടതാണ്.. ചെയ്തിട്ടുമുണ്ട്.. ഇത്? ഇവൻ...!! അത്ഭുതം തോന്നി!!!
"ഹെയ് എന്താടാ ഇത്.. ഇതിനാണോ ഇവനെ രക്ഷിച്ച് കൊണ്ടുവരാൻ നീ എന്നോട് പറഞ്ഞേ?" സരോജക്ക എന്റെ നേരെ കയർത്തു. ഇവർക്കിതെന്ത് പറ്റി!!! ആദ്യം ഞാൻ ഈ കാര്യം പറഞ്ഞ് ചെന്നപ്പോൾ വളർത്തുദോഷമാണെന്നും ആ പെങ്കൊച്ചിനെ ഞങ്ങളൊക്കെ വളരെ ബഹുമാനിക്കുന്നു എന്നും , അവളെ ഈ രീതിയിൽ ആക്കാൻ കൂട്ടുനിന്നവനെ രക്ഷിക്കില്ലെന്നും പറഞ്ഞ് തന്നോട് കയർത്ത സരോജക്ക തന്നെയോ ഇത്? ഒന്നും മിണ്ടാതെ തിരികെ നടന്നു. തന്റെ ഭാനുവിന് വേണ്ടിയാ താൻ ഇത് ചെയ്യുന്നതെന്ന് മനസ്സിനെ പറഞ്ഞ് സമാധാനിപ്പിച്ചു.
ഡോക്ടറമ്മയുടെ വീട്ടിൽ ചാനൽ പ്രവർത്തകരും, മറ്റുമായി ഒരു പൂരത്തിനുള്ള ആളൂണ്ട്. .അവിടെയും എങ്ങിനെയൊക്കെയോ സരോജക്ക ആരുടെയും കണ്ണിൽ പെടാതെ ഞങ്ങളെ ഭാനുവിന്റെ അടുത്ത് എത്തിച്ചു. ആരുടെയെങ്കിലും കണ്ണിൽ പെട്ടാൽ തീർന്നത് തന്നെ.. ഭാനുവിന്റെ നിറഞ്ഞ മിഴികൾക്ക് മുൻപിൽ ഗോവിന്ദൻ കുട്ടി തളർന്നു. അവളുടെ കണ്ണിലെ അഗ്നി താങ്ങാനാകാതെ ഭദ്രൻ മുഖം കുനിച്ചു. അവൻ അമ്മയുടെ കാൽക്കൽ വീഴുന്നത് കണ്ടപ്പോൾ സത്യത്തിൽ ഗോവിന്ദൻ കുട്ടി കരഞ്ഞു പോയി.. തന്റെ മകൻ!!!
ഭാനുമതി അവനെ എഴുന്നേൽപ്പിച്ചു. അവന്റെ നെറുകയിൽ തലോടി.. "മോനെ നിനക്കെന്താടാ പറ്റിയേ?. നിനക്ക് നിന്റെ അമ്മയെ എങ്കിലും ഓർക്കായിരുന്നില്ലേ? ഒരു പെങ്കൊച്ച്.. അതും തങ്കം പോലുള്ള... " അവളുടെ വാക്കുകൾ തൊണ്ടയിൽ കുടുങ്ങിയത് ഭദ്രനും ഗോവിന്ദൻ കുട്ടിയും സരോജവും അറിഞ്ഞു..
"മോനെ, ഭദ്രാ.. കഴിഞ്ഞത് കഴിഞ്ഞു.. നീ ഇന്ന് തന്നെ നമ്മുടെ കോടതിയിൽ ഹാജറാകണം.. കുറ്റം മുഴുവൻ ഏറ്റുപറയണം.. അല്ലെങ്കിൽ ഒരു പക്ഷെ ഒരിക്കലും നിനക്ക് ഈ അമ്മ മാപ്പ് തരില്ലെടാ.. " ഭാനുവിന്റെ വാക്കുകൾ കേട്ട് ഏറ്റവും അധികം ഞെട്ടിയത് സരോജക്കയായിരുന്നു. പക്ഷെ, ഭദ്രൻ.. അവന്റെ പ്രതികരണത്തിൽ ഗോവിന്ദൻ കുട്ടി അത്ഭുതപ്പെട്ടു.
"അമ്മേ.. വഴിതെറ്റി ഒത്തിരി നടന്നിട്ടുണ്ട് അമ്മയുടെ ഈ മുടിഞ്ഞ പുത്രൻ!! പക്ഷെ, ഇത്... ഇല്ലമ്മേ, ന്യായീകരണങ്ങളില്ല.. അമ്മ പറഞ്ഞതാ ശരി.. ഞാൻ ഹാജറാവാം, കോടതിയിൽ... സരോജക്കാ… അതിനുള്ള ഏർപ്പാടും നിങ്ങൾ തന്നെ ചെയ്യണം. അച്ഛാ.. എന്നോട് പൊറുക്കണം എന്ന് പറയാൻ മാത്രം... വേണ്ട..അതിനുവേണ്ടി ഒരു നല്ല കാര്യവും ഞാൻ ചെയ്തിട്ടില്ലല്ലോ അല്ലേ? അമ്മ പറഞ്ഞതാ ശരി.. എനിക്കുള്ള ശിക്ഷ കോടതി വിധിക്കട്ടെ" - അവന്റെ നീരണിഞ്ഞ കണ്ണുകൾ ഭാനുവിന്റെയും എന്റെയും സരോജത്തിന്റെയും മൂടിയ കണ്ണുകൾക്ക് കാണാൻ കഴിഞ്ഞില്ല...
"ഈ കോടതിമുൻപാകെ സത്യം മാത്രമേ ഞാൻ ബോധിപ്പിക്കൂ എന്ന് അമ്മയെ സാക്ഷി നിറുത്തി പ്രതിജ്ഞ ചെയ്യുന്നു.. തെമ്മാടിയായി തന്നെയായിരുന്നു എന്റെ വളർച്ച. താന്തോന്നിയെ പോലെ, തന്നിഷ്ടത്തോടെ ജീവിച്ചു. എല്ലാവരും കേട്ടത് ശരിയാ.. മോർച്ചറിയിൽ കൊണ്ട് വരുമ്പോൾ പോലീസ് പറഞ്ഞ പോലെ ആ പെങ്കൊച്ചിന്റെ ശരീരത്തിൽ ഒരു മുറിപ്പാടുമുണ്ടായില്ല.. ആ പെങ്കൊച്ചിനെ അതുവരെ ആരും റേപ്പും ചെയ്തിരുന്നില്ല.. പക്ഷെ, ഡോക്ടർ പറഞ്ഞതും ഭാഗിഗമായി ശരി തന്നെയാണ്. പോസ്റ്റ് മോർട്ടം സമയത്ത് ആ കൊച്ചിന്റെ ഗുഹ്യഭാഗങ്ങളിൽ ഉൾപ്പെടെ കടിച്ച് പറിച്ചതും മാന്തിപൊളിച്ചതുമായ പാടുകൾ ഉണ്ടായിരുന്നു.. അതിന് ഞാനും കാരണക്കാരനാണ്. പക്ഷെ, മനപ്പൂർവ്വമല്ല എന്ന് മാത്രം ഇവിടെ ബോധിപ്പിക്കട്ടെ.. രക്ഷപെടാൻ പറയുകയല്ല.. എനിക്ക് രക്ഷപെടുകയും വേണ്ട..
രാത്രിയിൽ കുടിച്ച് ബോധം ഇല്ലാതെ വന്ന മോർച്ചറി സുക്ഷിപ്പുകാരൻ ആ പെങ്കൊച്ചിന്റെ ശരീരത്തിൽ കാമത്തോടെ നോക്കുന്നത് കണ്ടപ്പോൾ ഒരു നിമിഷം ഞാൻ എന്റെ അമ്മയെ ഓർത്തുപോയി.. അയാൾ കാമവെറിയൊടെ നടന്നടുക്കുന്നത് കണ്ടപ്പോൾ .. നഗ്നയായ ആ കൊച്ചിന്റെ ശരീരം അയാളുടെ കഴുകൻ കണ്ണൂകളിൽ നിന്ന് രക്ഷിക്കാനുള്ള വെമ്പലിലാ… സത്യത്തിൽ ഞങ്ങൾ ആ കൊച്ചിന്റെ ശരിരത്തിൽ കയറിയത്. ഞങ്ങൾ ഏകദേശം 20 പേരോളമുണ്ടായിരുന്നു.. ആ കൊച്ചിന്റെ ശരീരം അവന്റെ കാമവെറിക്ക് വിട്ടുകൊടുക്കാതിരിക്കാനുള്ള തിടുക്കത്തിൽ ആരുടെയൊക്കെയോ പല്ലുകൾ ആ കൊച്ചിന്റെ പല ഭാഗങ്ങളിലും ആഴ്ന്നിറങ്ങിയത് ഞങ്ങൾ അറിഞ്ഞില്ല.. എന്തോ ഞങ്ങളുടെ പല്ലുകൾ പതിഞ്ഞതിനാലോ.. അതോ, ആ ശരീരം മൊത്തം ഞങ്ങൾ പൊതിഞ്ഞതിനാലോ അയാൾ തെറിവിളിച്ച് കൊണ്ട് ഇറങ്ങി പോയി.. പക്ഷെ, അന്നേരമൊന്നും ഇത്രയും വലിയ ഒരു അത്യാഹിതമാണു ഞങ്ങൾ വിളിച്ച് വരുത്തിയതെന്ന് അറിയില്ലായിരുന്നു.. ഒരു മനുഷ്യനോളം തരം താഴാൻ ഒരിക്കലും ഒരെലിക്കാവില്ലാത്തത് കൊണ്ടും ഞാൻ ചെയ്തത് അതിലും ഹീനമായ പ്രവൃത്തി ആയതിനാലും നിങ്ങൾ തരുന്ന ഏത് ശിക്ഷയും ഏറ്റ് വാങ്ങാൻ ഞാൻ തയ്യാറാണ്. ഇതിന്റെ പേരിൽ എന്റെ വീട്ടുകാരെയും എന്നോടൊപ്പം ഉണ്ടായ സുഹൃത്തുക്കളേയും ഇനിയും വേദനിപ്പിക്കരുതെന്ന് മാത്രം അപേക്ഷക്കിന്നു.”
കോടതി മുറിയിൽ ഭദ്രന്റെ ഏറ്റുപറച്ചിൽ ഒരു കുമ്പസാരം പോലെ തന്നെയായിരുന്നു. അതു കേട്ട് ഭാനുമതി തളർന്ന് വീണു. ഗോവിന്ദൻ കുട്ടി നെഞ്ച് തിരുമ്മി ഇരുന്നുപോയി.. സരോജത്തിന്റെ കൺകോണിലൂടെ കണ്ണീർ ധാരയായി ഒഴുകി.. കോടതി മുറിയാകെ പ്രകമ്പനം കൊണ്ടു.. വക്കീലന്മാർ കരഞ്ഞു.. ജഡ്ജി ഒരു നിമിഷം നെറ്റി തടവി.. എന്തു വേണം..!!! ഇവനെ ശിക്ഷിക്കാൻ മാത്രം പാപം ചെയ്യാത്തവനാണോ ഞാൻ.. എല്ലാവരുടേയും തിരുമാനത്തിനു വിട്ട് ജഡ്ജി മൂകനായി..
“ഠപ്പ്...“ എല്ലാവരും ഞെട്ടി നോക്കി.. പ്രതികൂട്ടിൽ ഭദ്രനില്ല.. ആരുടെയും തിരുമാനത്തിനു കാത്തുനിൽക്കാതെ, അവനുവേണ്ടി തുറന്ന് വെച്ച ആ കൂട്ടിലേക്ക് അവൻ നടന്നു കയറി. ഒരു കെണിയിൽ എന്നപോലെ കിടന്ന് തൂങ്ങിയാടുന്ന ഭദ്രനെ കണ്ട് അവർ നെടുവിർപ്പിട്ടു!!!
ചിത്രങ്ങൾക്ക് കടപ്പാട് : ബ്ലോഗർ മനോജ് തലയമ്പലത്ത്
(© മനോരാജ്
മോർച്ചറിയിൽ സംഭവിച്ചത്…
March 20, 2010
Manoraj
Subscribe to:
Post Comments (Atom)
15 Comments, Post your comment:
ഇത് ഒരു കഥയല്ല.. ഒരു സംഭവകഥയാണ്. കഴിഞ്ഞ ഫെബ്രുവരി 8നു മരിച്ച് 9നു പോസ്റ്റ്മാർട്ടം ചെയ്യപ്പെട്ട എന്റെ ഒരു ബന്ധുവിനു സംഭവിച്ചത്.. ഇതിൽ കഥയെഴുതാൻ ഉപയോഗിച്ച രീതിയും ക്ലെമാക്സും പിന്നെ കുറച്ച് ഭാഗങ്ങളും മാത്രമേ എന്റെ ഭാവനയിൽ നിന്നുള്ളൂ എന്ന സത്യം വേദനയോടെ അറിയിക്കട്ടെ..
ഒപ്പം എനിക്ക് വേണ്ടി ചിത്രം വരച്ച് തന്ന ബ്ലോഗർ മനോജ് തലയമ്പലത്തിനുള്ള
നന്ദിയും..
manassil evideyokkeyo kondu,marichaalum rakshiyilla pennin ee lokhath
ഇങ്ങനോയൊക്കെ സംഭവിക്കാന്‍ മാത്രം നമ്മള്‍ അധപതിച്ചല്ലോ എന്നോര്‍ക്കുമ്പോഴാണ് നാണക്കേട് ...
നല്ല സ്റ്റൈലന്‍ എഴുത്ത്.
ശരിക്കും മനസ്സാക്ഷിയെ ഞാട്ടിപ്പിക്കുന്ന സംഭവം, നന്നായി അവതരിപ്പിച്ചു.
ഇവിടെ വന്നെത്തുവാന്‍ വൈകിയെന്നു തോന്നുന്നു....അഭിനന്ദനങ്ങള്‍...
ഇവിടെ ഇതും ഇതിലപ്പുറവും സംഭവിക്കും.കഥയിലുപരി ആ സംഭവം വല്ലാതെ മനസ്സിനെ ഉലയ്ക്കുന്നു.
ലോകം ഇങ്ങനെ തന്നെയാണ്.. വളരെ മുന്‍പ് ഞാനെഴുതിയ ഒരു കഥയുണ്ട്. ഈ കഥയോട് ചേര്‍ത്തുവായിക്കാം എന്നു തോന്നുന്നു. സമയമുള്ളപ്പോള്‍ ഒന്നു നോക്കണേ.
പേരിടാനാവാത്ത ഒരു കഥ..
http://kathavithakal.blogspot.com/2009/05/blog-post_8598.html
ഈ കഥ വായിച്ചപ്പോള്‍, വര്‍ഷങ്ങള്‍ക്കു മുന്‍പ് റോഡപകടത്തില്‍ മരിച്ച ഒരു ബന്ധുവിനെ ഓര്‍മ വന്നു. ഇതുപോലെ മോര്‍ച്ചറിയില്‍ എലി കടിച്ചു പറിച്ച മുഖവും മൂക്കും....അതേതുടര്‍ന്ന് അന്നുണ്ടായ പ്രശ്നങ്ങളും ....
ഇന്നും നമ്മുടെ നാടിനു ഒരു വ്യത്യാസവുമില്ല എന്നത് വളരെ വേദനയോടെ അന്ഗീകരിക്കേണ്ടി വരുന്നു.
entha parayka? valare dukham thonni ithu vayichappol! aa nagnamaya mrtitha shareerathinoppam nammude samoohathile itharam chila sathyangalum anavaranam cheyykayanu thangal theythatu!
നന്നായി. നല്ല എഴുത്ത്. കഥ ശരിക്കും മനസ്സിനെ വേദനിപ്പിച്ചു.
നല്ല കഥ.! എന്നാല്‍ ആദ്യഭാഗം അല്പം പരന്നു പോയെന്നു തോന്നി..!
കാന്താരി : മനസ്സിൽ തട്ടും വിധം പറയാൻ പറ്റിയെങ്കിൽ.. അത് മതി.. അതുതന്നെ വലിയ കാര്യം.
ഗിനി: സംഭവിക്കുന്നത് പലതും നമ്മൾ അറിയുന്നില്ല.. അല്ലെങ്കിൽ മനപ്പൂർവ്വം കണ്ടില്ലെന്ന് നടിക്കുന്നു.. നന്ദി സുഹൃത്തേ..
തെച്ചികോടൻ: ഇന്നും ഞെട്ടലോടെയാണ് ഒരു ഗ്രാമം ഈ സംഭവം ഓർക്കുന്നത്..
മഴക്കിളി : വൈകിയാണേലും വന്നല്ലോ? വരവിനു ഞാൻ നിമിത്തമായതിൽ സന്തോഷം..തുടർന്നും വരിക..
മുരളി: ഇത്തരം സംഭവങ്ങൾ ചർച്ചചെയ്യപ്പെടണമെന്ന ആഗ്രഹം മാത്രമായിരുന്നു എഴുതുമ്പോൾ
പ്രൊമിത്യൂസ് : “പേരിടാനാവാത്ത കഥ” കണ്ടു കൂട്ടുകാരാ.. അത് മറ്റൊരു തരം തരംതാണ മനുഷ്യർ.. എല്ലാം ഈ ലോകത്തിൽ തന്നെയെന്നത് വേദനയുളവാക്കുന്നു.
കുഞ്ഞൂസ് : ഇതോടൊപ്പം തന്നെ ഈ കഥ ഞാൻ എന്റെ ബ്ലോഗായ തേജസിലും പോസ്റ്റ് ചെയ്തിരുന്നു.. അവിടെ വന്ന ഒന്ന് രണ്ട് കമന്റുകളിൽ
ഇതിലും പൈശാചികമായ അവസ്ഥ കാണാൻ കഴിഞ്ഞു.. നാടിന് വ്യത്യാസമില്ല എന്നതിനേക്കാൾ അതിനെതിരെ ശബ്ദിക്കാൻ നമ്മുടെ നായകർക്ക് സമയമില്ല എന്നതാണ് പ്രധാനം.. അവരുടെ വിനോദം വിവാദങ്ങളിലൂടെ മാധ്യമ പ്രീതി മാത്രം..!!! അല്ലെങ്കിലും ഒരു ശവം അവർക്കെന്ത് നേട്ടം കൊടുക്കാൻ അല്ലേ?
സാന്റി : നന്ദി.. അതിനു എനിക്ക് കഴിഞ്ഞെങ്കിൽ ഒരു പരിധിവരെ ഞാൻ വിജയിച്ചു എന്ന് പറയാം.
വിനയൻ : സന്തോഷം. എഴുതിയ രീതിയെകൂടി താങ്കൾ വിലയിരുത്തിയല്ലോ..
ജിഗി: എന്റെ അനുഭവത്തിലെ സംഭവം(കഥ)ആയതിനാലാണ് ഇത് പറയാൻ ഇത്തരം ഒരു രീതി തിരഞ്ഞെടുത്തത്. ചിലപ്പോൾ അതിന്റെ അപാകതയാവാം..
“മോർച്ചറിയിൽ സംഭവിച്ചത്” അറിയാനായി ഇവിടെ വന്ന എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി..
കഥ പറയാന്‍ സ്വീകരിച്ച ആ വ്യാത്യസ്ഥമായ അവതരണശൈലിയാണ് ഈ കഥയുടെ തീവ്രത കൂട്ടാന്‍ സഹായിച്ചത്.
പ്രമേയത്തില്‍ കഥ മികച്ചു നില്‍ക്കുന്നു പക്ഷെ വായനയില്‍ എനിക്ക് തോന്നിയത് പി നരേദ്രനാഥിന്‍റെ ചില കുട്ടികളുടെ നോവലാണ്
വളരെ നന്നായി എഴുതിയിരിക്കുന്നു..
ഒപ്പം നമ്മുടെ ആശുപത്രികളുടെ കാര്യമോര്‍ക്കുമ്പോള്‍ നാണക്കേടും തോന്നുന്നു
Post a Comment