സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!ഭൂതം വര്‍ത്തമാനം ഭാവി !!

February 28, 2011 സുരേഷ് ബാബു
വിമന്‍സ് ക്ലബിന്റെ പടികളിറങ്ങുമ്പോള്‍ ആരതീ വര്‍മ്മ പല തവണ വേച്ചു വീഴാന്‍ പോയീ ..നേരം അപ്പോള്‍ രാവിന്റെ പകുതിയും കൊഴിഞ്ഞ് വീഴാറായിരുന്നു..മഞ്ഞു മാസത്തിന്റെ വരവറിയിച്ചു കൊണ്ട് ഭൂമിക്കു മേല്‍ തണുത്ത രാത്രി കട്ട പിടിച്ച് കിടന്നു..മദ്യത്തിന്റെ ലഹരിയ്ക്കൊപ്പം ഹൈ ഹീല്‍ട് ചെരുപ്പും കൂടിയായപ്പോള്‍ ആരതിയുടെ ഇടറിയ പ്രയാണം പല മാനങ്ങള്‍ തേടി ..ഒരു വിധം ഒഴുകിയൊഴുകി അവര്‍ കാറിന്റെയടുത്തെത്തി ..ഡ്രൈവര്‍ സീറ്റിന്റെ ഗ്ലാസ്സില്‍ തട്ടി അവര്‍ എന്തോ പറയാന്‍ ശ്രമിച്ചു ..ശബ്ദം കേട്ട് സതീശന്‍ ഞെട്ടിയുണര്‍ന്നു തിടുക്കത്തില്‍ പുറത്തിറങ്ങി ..
"നമുക്ക്.... പോണ്ടേ......"?
"അതേ മാഡം .."
കുഴഞ്ഞ നാവിന്റെ പതറിയ ശബ്ദത്തിനു മറുപടിയെന്നോണം ബാക്ക് ഡോര്‍ തുറന്ന് കൊണ്ട് സതീശന്‍ പറഞ്ഞു ..
ആരതി കാറിനുള്ളിലേക്ക് ഇരിക്കുകയായിരുന്നില്ല, മറിച്ച് ഇരുത്തപ്പെടുകയായിരുന്നു ...ഒരു തവണ സീറ്റിലേക്ക് മറിഞ്ഞു വീണ അവരെ അയാള്‍ ആയാസപ്പെട്ട്‌ നേരെയിരുത്തി.
വീട്ടിലെ കാര്‍പോര്‍ച്ചിലെത്തുമ്പോള്‍ ആരതി ബാക്ക് സീറ്റില്‍ വീണ് കിടക്കുകയായിരുന്നു ..
ഡോര്‍ തുറന്ന് പലതവണ വിളിച്ചതിനു ശേഷമാണ് അവര്‍ വിറച്ച്‌ വിറച്ച്‌ ‌ കണ്ണുതുറന്നത് ..
അവരെ തോളില്‍ താങ്ങി അകത്തേയ്ക്ക് നടത്തുന്നതിനിടയില്‍ സതീശന്റെ കണ്ണുകള്‍ ‌ സിറ്റൌട്ടിലേക്ക് പാളി നോക്കി..
കാലിന്മേല്‍ കാലു വെച്ച്‌ നീണ്ട ചൂരല്‍ കസേരയില്‍ ഏതോ ഇംഗ്ലീഷ് മാഗസിന്‍ വായിച്ചു നിവര്‍ന്നു കിടക്കുകയായിരുന്ന മോഹന വര്‍മ്മ തല ചരിച്ച് ചിറി കോട്ടി പുച്ഛത്തില്‍ ചിരിച്ചു.. പിന്നെ ഇടത്തേ കയ്യിലെ വിസ്കി ഗ്ലാസ്സ് പതുക്കെ ചുണ്ടോടടുപ്പിച്ചു ...

ആരതീ വര്‍മ്മയെ ബെഡ് റൂമിലാക്കി പുറത്തിറങ്ങിയ സതീശന്‍ മോഹന വര്‍മ്മയെ നോക്കി ഒരു നിമിഷം നിന്നു ..അയാള്‍ അപ്പോഴും അതേ മട്ടില്‍ തന്നെ ..നേരത്തേ പാതി നിറഞ്ഞിരുന്ന ഗ്ലാസ്‌ ഇപ്പോള്‍ കാലിയായിരുന്നു ..
"സാ..ര്‍... ഞാന്‍ അങ്ങോട്ട്‌ ..."
സതീശന്‍ മുഴുവന്‍ പറഞ്ഞപോലെ പാതിയില്‍ നിര്‍ത്തി ....
"മം.........."
മദ്യക്കുപ്പിയുടെ തല തിരിച്ചു തുറക്കുന്നതിനിടയില്‍ അയാള്‍ അമര്‍ത്തി മൂളി..
"നാളെ നേരത്തേ വരണോ? രജിസ്ട്രാരെ കാണാന്‍ അയാളുടെ വീട്ടില്‍ പോകുന്ന കാര്യം പറഞ്ഞിരുന്നു ..."
സതീശന്‍ ഇറങ്ങുന്നതിനിടയില്‍ ഓര്‍മ്മപ്പെടുത്തല്‍ പോലെ പറഞ്ഞു .
"നീ നിന്റെ കൊച്ചമ്മയുടെ കാര്യങ്ങള്‍ നേരം തെറ്റാതെ നോക്കിയാല്‍ മതി .എനിക്കാവിശ്യമുള്ളപ്പോള്‍ ഞാന്‍ പറയാം ."
അപ്പോഴും അയാള്‍ സതീശന്റെ മുഖത്ത് നോക്കുന്നുണ്ടായിരുന്നില്ല ..നിറഞ്ഞ ഗ്ലാസിലെ കനത്ത നോട്ടം ഒരു വാശിപോലെ തുടര്‍ന്നു . സതീശന്‍ കൂടുതലൊന്നും പറയാതെ വണ്ടി ലോക്ക് ചെയ്ത് ചാവി അകത്തെ ടീപ്പോയില്‍ വെച്ച്‌ നടന്നകന്നു ..

മോഹന വര്‍മ്മ കാലുകള്‍ താഴ്‌ത്തി അടുത്ത ചെയറില്‍ കിടന്ന സിഗരറ്റ് പായ്ക്കറ്റു കയ്യെത്തിയെടുത്തു. ഒരു സിഗരറ്റ് ചുണ്ടില്‍ വെച്ച്‌ കത്തിച്ചുകൊണ്ട് കാലു നീട്ടി വീണ്ടും ഇരിപ്പ് തുടര്‍ന്നു . അപ്പോള്‍ അയാള്‍ ആലോചിച്ചത് മുഴുവന്‍ ഭാര്യ ആരതിയെക്കുറിച്ചായിരുന്നു..ഇരുപതു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനിടയില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒന്നായിരുന്നു അത് എന്ന് പറഞ്ഞാല്‍ അതില്‍ തെറ്റൊന്നുമില്ലായിരുന്നു .പലപ്പോഴും മദ്യം തലയ്ക്കു പിടിക്കുന്ന ചില രാത്രികളില്‍ മനസ്സ് അസ്വസ്ഥമാകുമ്പോള്‍ മാത്രമാണ് അയാള്‍ ഭാര്യയെ ഓര്‍ത്തിരുന്നത് ..ആ സമയങ്ങളില്‍ വിദൂര സ്വപ്നങ്ങളില്‍ പോലും ഭര്‍ത്താവെന്ന കത്തി വേഷത്തെ അകറ്റി നിര്‍ത്തി ആരതി സുഖസുഷുപ്തിയുടെ തീരങ്ങള്‍ താണ്ടിയിരുന്നു ..

സത്യത്തില്‍ ഒരു ഭാര്യയ്ക്കും ഭര്‍ത്താവിനും ഇടയില്‍ മനസ് കൊണ്ടോ ശരീരം കൊണ്ടോ വേര് പിടിച്ച് പടരേണ്ട ഒരു ബന്ധവും തങ്ങള്‍ക്കിടയില്‍ ഇതേ വരെ ഉണ്ടായിട്ടില്ലെന്ന് ഒരു പുക വലിച്ചൂതുന്നതിനിടയില്‍ അയാളോര്‍ത്തു.എന്നിട്ടും പ്രകൃതി നിയമം തെറ്റിക്കാനാവില്ലയെന്ന പോലെ ഒരു കുട്ടിയുണ്ടായി ..അവള്‍ വളര്‍ന്നപ്പോള്‍ ബോര്‍ഡിങ്ങിലേക്കൊരു പറിച്ചുനടലിനു വാശി പിടിച്ചതും ആരതി തന്നെയായിരുന്നു . ഒരു പക്ഷേ അച്ഛനും അമ്മയ്ക്കും ഇടയിലെ അകല്‍ച്ചയുടെ നിഴല്‍ക്കുത്ത് മകളിലേക്ക് നീളരുത് എന്ന് കരുതിയിരിക്കണം. ചിന്തകള്‍ ഒന്നില്‍ നിന്നു മറ്റൊന്നിലേക്കു തെന്നിയകന്നു കൊണ്ടിരുന്നു .. കുപ്പിയിലെ കത്തുന്ന വീര്യം ബോധത്തെ തഴുകി മയക്കുവോളം അയാള്‍ അതേ ഇരിപ്പ് തുടര്‍ന്നു ....

രാവിലെ വേലക്കാരി വിളിച്ചുണര്‍ത്തി കൊടുത്ത ചായക്കപ്പുമായി ആരതീ വര്‍മ പുറത്ത് വന്നപ്പോഴും മോഹനവര്‍മ്മ സിറ്റൌട്ടിലെ കസേരയില്‍ അതേ കിടപ്പില്‍ തന്നെയായിരുന്നു ..വാതില്‍ക്കല്‍ കിടന്ന ദിനപ്പത്രം കുനിഞ്ഞെടുക്കുന്നതിനിടയില്‍ അവര്‍ സാമാന്യം ഉച്ചത്തില്‍ മുരടനക്കി..പാതി മുറിഞ്ഞ ഉറക്കത്തിന്റെ അസ്വസ്ഥതയില്‍ അയാള്‍ നെറ്റി ചുളിച്ച് ഈര്‍ഷ്യയോടെ ഭാര്യയെ നോക്കി ..

"ബാറും വീടും ഒരുപോലെ കൊണ്ട് നടക്കാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്‍മാര്‍ തന്നെ ..ചിലവും കുറയും സമയോം ലാഭിക്കാം .ഹും .."
അകത്തേയ്ക്ക് നടക്കുന്നതിനിടയില്‍ അവര്‍ ആരോടെന്നില്ലാതെ പറഞ്ഞു .
കേട്ട പാതി കേള്‍ക്കാത്ത പാതി അയാള്‍ കസേര ചവുട്ടിത്തെറിപ്പിച്ചു ചാടിയെഴുന്നേറ്റു ..

"നിന്നെപ്പോലെ നാടു മുഴുവന്‍ കുടിച്ച് മറിഞ്ഞു വല്ലവന്റേം തോളേല്‍ കേറി പാതിരായ്ക്ക് വീട്ടില്‍ കേറി വരുന്ന സ്വഭാവം എനിക്കില്ല .."
അയാള്‍ ശരിക്കും അലറുകയായിരുന്നു ..

"അതേ വരാറില്ല ..പലപ്പോഴും വരേണ്ടി വരുന്നില്ല എന്നത് തന്നെ ....കുടിപ്പിച്ചു കിടത്തി ആനന്ദസാഗരത്തില്‍ ആറാടിക്കാന്‍ ഒരുപാടവളുമാരുള്ളപ്പോള്‍..അന്തിയുറങ്ങാന്‍ സ്വന്തം വീട്ടിലേക്ക്‌ തന്നെ വരണമെന്നുമില്ല .വെറുതേ രാവിലെ തന്നെ എന്നെക്കൊണ്ട് പറഞ്ഞു നാറ്റിക്കണ്ടാ .."
അവര്‍ നന്നായി കിതച്ചു കൊണ്ട് ചീറി ..

"ഞാന്‍ ആറാടി നടക്കുന്നെങ്കില്‍ അതെന്റെ കഴിവ് ..അല്ലെങ്കില്‍ നിന്റെ കഴിവുകേട് ...സ്വന്തം വീട്ടില്‍ കിട്ടാത്തത് തേടി പോകുന്ന ഏത് പുരുഷന്റെം പരിമിതികള്‍ തന്നെ .."
അയാള്‍ തിരിച്ചടിച്ചു .
"ഹ ഹ ..കൊള്ളാം ..നിങ്ങള്‍ക്കു നാണമില്ലേ ഇത് പറയാന്‍ ..നാല്പത്തെട്ടാം വയസ്സിലും സ്വന്തം മകളുടെ പ്രായമുള്ള കുട്ടികളുടെ കൂടെ .......ഛെ.."
അവര്‍ നീട്ടി കാറി ..
"അതേ ..എന്റെ വീട്ടില്‍ എന്റെ ചെലവില്‍ കുടിച്ച് മദിച്ച് എന്റെ നേരെ കുരയ്ക്കുന്ന ഒരു പട്ടിയെപ്പോലെ ഇനി നീ വേണ്ട ..എല്ലാത്തിനും ഒരു പരിധിയുണ്ട് ...ഇനി മതി .."
അയാള്‍ അവരെ രൂക്ഷമായി നോക്കി.
"ഓഹോ സാര്‍ ഉദ്ദേശിച്ചത് ഒരു ഡിവോഴ്സ് ആണെങ്കില്‍ എനിക്കിന്നലേ സമ്മതം ..പക്ഷേ കുറച്ചു മുന്‍പ് പറഞ്ഞല്ലോ ഞാന്‍ നിങ്ങടെ ചെലവില്‍ കുടിച്ച് മദിച്ച് കഴിയുന്ന കാര്യം ..അതോര്‍ക്കാതെ പറഞ്ഞതോ അതോ കുടിച്ച് മുടിഞ്ഞു മണ്ട ചീഞ്ഞതോ ? സാറിന്റെ കമ്പനിയും, റിയല്‍ എസ്റ്റെറ്റും അടക്കം എല്ലാത്തിലും ഞാന്‍ മുടക്കിയ ഷെയര്‍ ലാഭവിഹിതമടക്കം മടക്കി തന്നു അന്തസ്സായി നമുക്ക് കൈ കൊടുത്തു പിരിയാം ..പേടിക്കേണ്ട രേഖകളിലുള്ളത് മാത്രം മതി ...അല്ലാതെ ഭാര്യയുടെ അവകാശമെന്ന പേരില്‍ ജീവനാംശം ചോദിച്ചു ഈ പടി കേറി ..............അയ്യേ അതോര്‍ക്കുമ്പോള്‍ തന്നെ എനിക്ക് ച്ഛര്‍ദ്ദിക്കാന്‍ വരുന്നു ......."
അവര്‍ പുച്ഛത്തില്‍ അയാളെ നോക്കി.

"അതേ നിന്റെ ഒടുക്കത്തെ അവകാശോം പൊതിഞ്ഞു കെട്ടി ഇവിടുന്നിറങ്ങാന്‍ ഒരുങ്ങിക്കോ ..
അഞ്ജലിയും ഞാനും മാത്രം മതി ഇനിയിവിടെ .."
"ആഹാ ..അങ്ങയ്ക്ക് മോളേപ്പറ്റിയൊക്കെ കാര്യ വിചാരമുണ്ടോ ?
ഇനീപ്പോ അവകാശം സ്ഥാപിക്കാന്‍ ഓര്‍ക്കാതെ പറ്റില്ലല്ലോ
അഞ്ജലീ വര്‍മ്മ എന്ന് ചേര്‍ത്ത് പറഞ്ഞാല്‍ കുറച്ചു കൂടി ഉറപ്പ് കിട്ടും ..ഹും ഒരച്ഛന്‍..
അവള്‍ക്കു വയസ്സ് പതിനെട്ടു കഴിഞ്ഞു ..ആരേ വേണമെന്ന് അവള്‍ തീരുമാനിച്ചു കൊള്ളും..എന്നിട്ട് മതി അവകാശത്തിന്റെ പേരിലുള്ള ഊറ്റം കൊള്ളല്‍.."
അവര്‍ കയ്യിലെ ന്യൂസ്‌ പേപ്പര്‍ ടീപ്പോയിലേക്ക് വലിച്ചെറിഞ്ഞ് കൊണ്ട് പറഞ്ഞു ..

അതിന് മറുപടി പറയാതെ വെട്ടിത്തിരിഞ്ഞ് ചവിട്ടി കുലുക്കി മോഹന വര്‍മ അകത്തേയ്ക്ക് പോയി ..

അന്ന് പകല്‍ മുഴുവന്‍ അയാള്‍ പലയിടങ്ങളില്‍ അലഞ്ഞു നടന്നു..ഓഫീസില്‍ ഉള്ളതിനും ഇല്ലാത്തതിനും കണ്ണില്‍ കണ്ടവരെയൊക്കെ തെറി വിളിച്ച് മടുത്തപ്പോള്‍ ഉച്ചയ്ക്ക് ശേഷം ബാറിലെ മങ്ങിയ വെളിച്ചത്തില്‍ മനസ്സ് തണുപ്പിച്ചിരുന്നു..രാത്രി റീത്തയുമൊരുമിച്ചു ഹോട്ടലില്‍ മുറിയെടുക്കുമ്പോഴും മോഹന വര്‍മയുടെ നെഞ്ചില്‍ പെരുമ്പറ കൊട്ടിയത് വാശിയുടെ വന്യതാളമായിരുന്നു.

"എന്താണ് സര്‍ അകെ ഒരു അസ്വസ്ഥത പോലെ "
റീത്ത അയാളുടെ മാറില്‍ കൈ വെച്ച്‌ കൊണ്ട് ചോദിച്ചു ..
"ഒന്നുമില്ല വെറുതേ ..നീ കിടക്ക്‌.."
"അല്ല ..ഇന്ന് കിടന്നിട്ടു കാര്യമുണ്ടെന്നു തോന്നുന്നില്ല .."
അവള്‍ ചിരിക്കാന്‍ ശ്രമിച്ചു കൊണ്ട് പറഞ്ഞു ..
"അത് നീയാണോ തീരുമാനിക്കുന്നത് ..പിന്നെന്തിനാ നിന്നെ കെട്ടിയെടുത്തത് ? "
പൊടുന്നനെ അയാള്‍ പൊട്ടിത്തെറിച്ചു..
"ഞാന്‍ ചോദിക്കുന്നതില്‍ സര്‍ തെറ്റിദ്ധരിക്കരുത് ..വൈഫുമായി ..? അല്ല ...ഒരു സെക്രട്ടറി പെണ്ണിന്റെ അല്ലെങ്കില്‍ രഹസ്യമായി ശരീരം പകുത്തു തരുന്നവളുടെ സ്വാതന്ത്ര്യത്തിനു പുറത്താണ് മറുപടി എന്നറിഞ്ഞു കൊണ്ട് തന്നെയാണ് ചോദിച്ചത് .."
"അവിടെയും വിദഗ്ധമായി സ്വയം ന്യായീകരിച്ചൊരു വര്‍ണ്ണന ..എല്ലാ പെണ്ണും ഒരുപോലെ തന്നെ .."
അയാള്‍ അലോസരത്തോടെ മുഖം വക്രിച്ചു പറഞ്ഞു ..
"ഹ ഹ അത് തെറ്റിധാരണ മാത്രമാണ് സര്‍ ..എല്ലാ ആണുങ്ങളുടെയും വിചാരം അവിഹിതങ്ങളിലെ രഹസ്യ സുഖങ്ങള്‍ അവര്‍ക്ക് മാത്രം വൈദഗ്ധ്യമുള്ള കണ്ണുകെട്ടി കളിയെന്നാണ് .. അവരെ വെല്ലുന്ന സ്ത്രീകളെ എനിക്കറിയാം ..അതില്‍ ഭൂരിഭാഗവും പേരിനൊരു ഭര്‍ത്താവ് സ്വന്തമായുള്ളവരും.......ഞാനുള്‍പ്പടെ

അല്‍പ നേരത്തേ നിശബ്ദതയ്ക്കു ശേഷം അവള്‍ തുടര്‍ന്നു............
"എന്തിന് സാറിന്റെ വൈഫ് പോലും ...............
"നീ കൂടുതല്‍ കാട് കയറണ്ടാ ... "
അവളെ മുഴുമിപ്പിക്കാന്‍ അനുവദിക്കാതെ അയാള്‍ അലറി .
"സാര്‍ ആരെ ബോദ്ധ്യപ്പെടുത്താനാണ് ഇങ്ങനെ അലറുന്നത് .നിങ്ങള്‍ക്കിത് എത്രയോ മുന്‍പേ അറിയാവുന്ന കാര്യ മാണെന്നെനിക്കറിയാം ..ഡ്രൈവര്‍ സതീശന്‍ ഇതു പോലെ ചില അവസരങ്ങളില്‍ എന്റടുത്തു മനസ് തുറന്നിട്ടുണ്ട് ...ഇവിടെയാണ്‌ ഞാന്‍ നേരത്തേ പറഞ്ഞ കണ്ണുകെട്ടി കളിക്ക് വേദിയൊരുങ്ങുന്നത് ..ആരും അവരവരുടെസുഖങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്ന വിളിച്ച് പറയല്‍ .അത്ര മാത്രം.."
മോഹന വര്‍മ്മ മറുപടിയൊന്നും പറയാതെ സിഗരറ്റ് വലിച്ചൂതി ചുമരിലേക്കു നോക്കിയിരുന്നു ..


ദൂരെ ഊട്ടിയിലെ കോടമഞ്ഞ്‌ വെള്ളപ്പുതപ്പ് വിരിച്ചലങ്കരിച്ച ടൂറിസ്റ്റ് ഹോമിലെ മുറിക്കുള്ളില്‍ കൂട്ടുകാരന്റെ മാറൊട്ടി കിടന്ന് അഞ്ജലി വര്‍മ്മ ശബ്ദമില്ലാതെ ചിരിച്ചു.
"അഞ്ജലീ നീ ഇന്ന് വരുമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും വിശ്വസിച്ചിരുന്നില്ല ".
അജയ് അവളുടെ മുടി തഴുകി കൊണ്ട് പറഞ്ഞു.
"അത് നിന്റെ കുഴപ്പം .."
അഞ്ജലി ഒറ്റ വാചകത്തില്‍ മറുപടി ഒതുക്കി .
"അപ്പോള്‍ ഇതും മാരേജിനു മുന്‍പുള്ള ഒരു പരീക്ഷണം മാത്രം .."
അവന്‍ വീണ്ടും ചോദിച്ചു .
"യെസ് ഒഫ്കോഴ്സു. സെക്സിനെന്താ ദാമ്പത്യത്തില്‍ വലിയ പങ്കില്ലേ ? എല്ലാ അര്‍ത്ഥത്തിലും ഒരു വിലയിരുത്തല്‍ .എനിക്ക് നീയും നിനക്ക് ഞാനും ഒരു രസം കൊല്ലിയാണെങ്കില്‍ ....ജസ്റ്റ്‌ വീ കാന്‍ സേ ഗുഡ് ബൈ. മീന്‍സ് നോ കോംപ്രമൈസ് അറ്റ്‌ ഓള്‍ ..."
അവള്‍ അവന്റെ മുഖത്ത് നോക്കി പറഞ്ഞു.
"ഒരു തരം പ്രാക്ടിക്കല്‍ എക്സാം ..അല്ലേ ..ഓക്കേ രണ്ട് പേരും വിജയിച്ചാല്‍ ..എന്നിട്ടും എനിക്കിത് തുടരാന്‍ താല്പര്യമില്ലെന്ന് പറഞ്ഞാല്‍ ..
അജയ് ഒരു കള്ളച്ചിരിയോടെ ചോദിച്ചു .
"ഐ ഡോണ്ട് മൈന്ട്. ഇതിലും ചുള്ളന്‍ ചെക്കന്മാര്‍ വേറെയുണ്ട് . ഒന്നു മിനക്കെട്ടിറങ്ങിയാല്‍ , ഐ കാന്‍ ക്യാച്ച് വണ്ണ്‍ ടു നൈറ്റ് ഇറ്റ്‌ സെല്‍ഫ് .. "
അതിന് മറുപടി പറയാതെ അജയ് അവളെ പൊടുന്നനെ മറിച്ചിട്ട് അവള്‍ക്കു മുകളില്‍ സ്ഥാനം പിടിച്ചു.
ആര്‍ത്തിയോടെ ചുണ്ട് താഴ്ത്തുമ്പോള്‍ അവള്‍ കൈ തട്ടിക്കൊണ്ടു ചോദിച്ചു ;
"ഹേയ് വെയര്‍ ഈസ്‌ യുവര്‍ കോണ്ടം" ?
"എന്തിനാ അഞ്ജലീ അതിന്റെയൊക്കെ ആവിശ്യം ?"
അജയ് വിരസമായ് ചോദിച്ചു .
"അതിനുത്തരം ഞാന്‍ നേരത്തേ പറഞ്ഞതല്ലേ ?"
"എങ്കില്‍ പിന്നെ ടാബ് ലറ്റ്സ് പോരേ അതല്ലേ കൂടുതല്‍ സേഫ് ?"
അജയ് അവളെ പിന്തിരിപ്പിക്കാന്‍ ഒരു ശ്രമം കൂടി നടത്തി നോക്കി .
"അത് സേഫ് തന്നെ .പക്ഷേ ഇതില്‍ സേഫ് അല്ലാത്ത മറ്റ് പലതും ഉണ്ട് ."
അവള്‍ പിടി കൊടുക്കാന്‍ ഭാവമില്ലാത്ത മട്ടില്‍ പറഞ്ഞു.
"എന്ന് വെച്ചാല്‍.... എനിക്ക് എയിഡ്സ് ഒന്നുമില്ല .ഇനി അതിന് സര്‍ട്ടിഫിക്കേ റ്റ് ചോദിച്ചാല്‍ ഈ രാത്രി വളരെ ബുദ്ധിമുട്ടാണ് .എന്തായാലും ഞാന്‍ കോണ്ടം ഒന്നും കരുതിയിട്ടില്ല .."
അജയ് നീരസത്തോടെ പറഞ്ഞു ..
അഞ്ജലി കയ്യെത്തി ബാഗിന്റെ ഉറയില്‍ നിന്ന് ഒരു കോണ്ടം പായ്ക്കറ്റ് അവനു നേരെ നീട്ടി .
അജയ് ചോദ്യ ഭാവത്തില്‍ അവളെ നോക്കി
അഞ്ജലി ചിരിച്ചു കൊണ്ട് അവനെ തന്നിലേക്ക് വലിച്ചടുപ്പിച്ചു .
അവളുടെ പിന്‍ കഴുത്തിന്‌ കുറുകെ ചുറ്റിയ കൈകളിലെ കോണ്ടം പായ്ക്കറ്റിലെ കറുത്ത അക്ഷരങ്ങളില്‍ അജയ് യുടെ കണ്ണുകളുടക്കി ;
"ക്രോസ് ദി ബാരിയേഴ്സ് സേഫ്‌ലി " !!

വിവാഹം സ്വര്‍ഗത്തില്‍..!!

February 25, 2011 Anonymous


നിറഞ്ഞു കത്തുന്ന ആ നിലവിളക്കിനു മുന്‍പില്‍ ഇരിക്കുമ്പോള്‍,
ആ തിരിയെക്കാള്‍ വേഗത്തില്‍ ഉരുകുകയായിരുന്നു അവള്‍...

നീണ്ട നാളത്തെ അവളുടെ നിലവിളികള്‍ക്കൊടുവില്‍; അച്ഛന്‍ അവളോട്‌ അന്നൊന്നു സംസാരിച്ചു...
രണ്ടു വാക്കുകളില്‍ ഒതുങ്ങിയ ആ സംസാരത്തില്‍, നാളെ അവര്‍ വരും എന്ന് മാത്രം അവള്‍ക്ക് മനസ്സിലായി...
ബാക്കിയെല്ലാം,ആ രാത്രിയിലെ ഒരുപാട് നീണ്ട മണിക്കൂറുകള്‍ക്കും...

രാത്രി മുഴുവന്‍ ഉറങ്ങാതെ കരഞ്ഞു കലങ്ങിയ കണ്ണുകളെ,
മനോഹരം എന്നവന്‍ നീട്ടി പറഞ്ഞപ്പോള്‍
മുഖമടച്ചൊന്നാട്ടാന്‍ ആണ് അവള്‍ക്ക് തോന്നിയത്..

അഞ്ചു വര്‍ഷത്തെ പ്രണയം ഒരു നോട്ടിസ് പോലുമില്ലാതെ,
ഒരു ദിവസത്തെ പരാക്രമത്തില്‍ തകര്‍ത്തെറിഞ്ഞ അച്ഛനെ.....
അഞ്ചു വര്‍ഷത്തെ പ്രണയം, ഒരു ദിവസം കൊണ്ട് കൈയ്യെത്താ ദൂരത്തേക്ക് തട്ടി മാറ്റുന്നത്
നിസ്സഹായതയോടെ കണ്ട നിന്ന അവനെ....
...വെറുത്തു തുടങ്ങിയിരുന്നു അവള്‍.....
എങ്കിലും മനസ്സിന്റെ രണ്ടു കോണുകളില്‍ നിന്ന് അവര്‍ പിടിവലി തുടര്‍ന്ന് കൊണ്ടേയിരുന്നു..........

രാഹുല്‍, വിനീതിന്റെ ബെസ്റ്റ് ഫ്രണ്ട്.......
കല്യാണം കഴിഞ്ഞു അവള്ടെയും വിനീതിന്റെയും അടുത്തേക്ക് ആദ്യം ഓടി വന്നതും അവനാ......
"അളിയാ, മൈഡ് ഫോര്‍ ഈച്ച് അദര്‍, ഓര്‍ഡര്‍ എടുത്ത് ചെയ്യിപ്പിച്ച പോലെ ഉണ്ട്.."

പൊരുത്തങ്ങള്‍ പൊരുത്തക്കേടിലെക്ക് നടന്നുതുടങ്ങിയപ്പോള്‍....
രസക്കൂട്ടുകള്‍, രസംകൊല്ലികള്‍ ആയപ്പോള്‍....
സന്തോഷം സങ്കടത്തിന്റെ സ്പെല്ലിംഗ് തേടി തുടങ്ങിയപ്പോള്‍....
ഒടുവില്‍,
ഈ നീണ്ട കോടതി വരാന്തയില്‍ നിന്ന്‍ തിരക്കൊഴിഞ്ഞിറങ്ങുമ്പോള്‍,
അച്ഛന്‍ വിജയിച്ച വാശിയില്‍ മകള്‍ തോറ്റിറങ്ങുന്നത് കാണാന്‍ അവിടെ ആ അച്ഛനും ഉണ്ടായില്ല......

ഇളവെയില്‍ വീണു നരച്ച തുടങ്ങിയ ആകാത്ത് കൂട്ടം തെറ്റി പോയ ഒരു കിളി,
തന്റെ കൂടെ പറന്നവരെ കാണാഞ്ഞിട്ട് വട്ടം ചുറ്റിക്കൊണ്ടേയിരുന്നു.........
ഒടുവില്‍ നറുംവെളിച്ചം തേടി ദിശ മാറി, അകലേക്ക്....അകലേക്ക് ....


അവന്‍റെ കഥ,അല്ലെങ്കില്‍ ഒരു വേശ്യയുടെ മകന്റെ കഥ.

February 21, 2011 മുരളി I Murali Mudra


ആറുമാസം മുന്‍പ്‌ ഈ മലഞ്ചെരുവിലെ ചെറിയ വാടകവീട്ടില്‍ വന്നു താമസം തുടങ്ങിയ ആദ്യനാളുകളില്‍ ആ കുഗ്രാമത്തിലെ നാട്ടുകാര്‍ അപരിചിതയായ ആ സ്ത്രീയെക്കുറിച്ച് ഏറെ ചര്‍ച്ച ചെയ്തിരുന്നു.വെളുത്തു തുടുത്തു കാണാന്‍ നല്ല ഭംഗിയുള്ള, നല്ല രീതിയില്‍ വസ്ത്രധാരണം ചെയ്തിരുന്ന ആ സ്ത്രീ ഒരു വേശ്യയായിരിക്കുമെന്നായിരുന്നു പൊതുവെയുള്ള അഭിപ്രായം.അല്ലെങ്കില്‍ അവര്‍ വല്ല പത്രപ്രവര്‍ത്തകയോ എഴുത്തുകാരിയോ  ആവണം.അതല്ലാതെ ഈ മലഞ്ചെരുവില്‍ അവരെന്തിന് ഒറ്റയ്ക്ക് താമസിക്കണം??.
പക്ഷെ പിന്നീടാണ് നാട്ടുകാര്‍ വിവരമറിഞ്ഞത് .അവരൊരു ഡോക്ടറാണ്.ഇവിടെ ഒരു ചെറിയ ആശുപത്രി തുടങ്ങി രോഗികളെയെല്ലാം പരിശോധിക്കും...
അതോടെ ആദ്യത്തെ അപരിചിതത്വം ബഹുമാനത്തിനു വഴിമാറി.താന്‍ ഡോക്ടറാണെന്ന് നാട്ടുകാര്‍ അറിഞ്ഞ ആദ്യ ദിവസം തന്നെ,തന്നെ കാണാനായി ഓടിക്കിതച്ചെത്തിയ രോഗിയെ ഡോക്ടര്‍ കമല ഒരിക്കലും മറക്കില്ല.
പത്തിരുപതു വയസ്സ് തോന്നിക്കുന്ന അയാള്‍ നന്നായി മെലിഞ്ഞിട്ടായിരുന്നു.പുറത്തു പെയ്യുന്ന മഴ മുഴുവന്‍ നനഞ്ഞു വന്ന അയാള്‍ നന്നായി തണുത്തു വിറയ്ക്കുന്നുണ്ടായിരുന്നു.ഇറയത്ത് നിന്ന് വസ്ത്രങ്ങളിലെ വെള്ളം പിഴിഞ്ഞ് കളയുന്നതിനിടെ അയാള്‍ അന്വേഷിച്ചു.
"ഇങ്ങള് ഡോക്ടറാ ??"
ഉവ്വെന്നു തലയാട്ടിയപ്പോഴാണ് അയാള്‍ ഒറ്റശ്വാസത്തില്‍ എല്ലാം പറഞ്ഞത്.

"അനിയന് ദീനമാണ് ..പനിച്ചു വിറക്കുന്നുണ്ട്..ഇങ്ങോട്ട് കൊണ്ട് വന്നൂടാ..എന്തേലും മരുന്ന് തരണം."
വിവരണവും ലക്ഷണങ്ങളും കേട്ട് അന്ന് മരുന്ന് കൊടുക്കുന്നതിനിടെ അയാളുടെ പേര് ചോദിച്ചു.രാജുവെന്നാണ് പേര്. പാടത്തിനപ്പുറം താമസിക്കുന്നു. മരുന്നിനെഴുതുന്നതിനിടെ ആ ചെറുപ്പക്കാരന്‍ എന്തോ പറയാനായി നിന്ന് പരുങ്ങുന്നത് ശ്രദ്ധിച്ചു.ചോദിച്ചപ്പോള്‍ മുഖത്ത് നോക്കാതെയാണ് അയാള്‍ മറുപടി പറഞ്ഞത്.
"അവന് എയിഡ്‌സാ..."
പെട്ടന്നതു കേട്ടപ്പോള്‍ തന്റെ മനസ്സില്‍ എന്തായിരുന്നു എന്ന് പിന്നീട് ആലോചിച്ചപ്പോഴൊന്നും ഡോക്ടര്‍ കമലയ്ക്ക് പിടികിട്ടിയിരുന്നില്ല.എങ്കിലും ചെറുതായി ഒന്ന് ഞെട്ടിയിരുന്നു എന്ന് തന്നെയാണ് ഓര്‍മ.
അന്ന് ഏറെ നേരം രാജുവുമായി സംസാരിച്ചു.മെഡിക്കല്‍ കോളേജിലെ പരിശോധനയില്‍ നിന്നുമാണ് രോഗവിവരം അറിഞ്ഞത്.അച്ഛന്‍ ചെറുപ്പത്തില്‍ നാടുവിട്ടു പോയതാണ്. അമ്മ നാലഞ്ചു വര്‍ഷം മുന്‍പ് രോഗം വന്നു മരിച്ചു.ഇപ്പോള്‍ വീട്ടില്‍ താനും അനിയനും മാത്രമേയുള്ളൂ.
തെല്ല് മടിയോടെയാണ് ഡോക്ടര്‍ അന്ന് രാജുവിനോട് അയാള്‍ക്ക്‌ രോഗമുണ്ടോ എന്ന് ചോദിച്ചത്.
"അപ്പോള്‍ രാജുവിന്..?? "
"ഇല്ല.."
തന്റെ മുന്‍പില്‍ തലതാഴ്ത്തി കുറ്റവാളിയെപ്പോലെ ഇരിക്കുന്ന ചെറുപ്പക്കാരനെ കണ്ടപ്പോള്‍ ഡോക്ടര്‍ക്ക് സങ്കടം തോന്നി.
"എനിക്ക് നാലഞ്ചു വയസ്സുള്ളപ്പോഴാ അമ്മയ്ക്ക് ദീനം...................."
മുഴുമിപ്പിക്കാന്‍ നില്‍ക്കാതെ മരുന്നിനെഴുതിയ കുറിപ്പടിയും വാങ്ങി അയാള്‍ വേഗത്തില്‍ പടിയിറങ്ങി നടന്നു പോയി..
അവന്റെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടായിരിക്കുമെന്നു ഡോക്ടര്‍ക്ക്‌ ഉറപ്പായിരുന്നു.അന്നവര്‍ ഏറെ നേരം ആ ഇരിപ്പിരുന്നു.

കുറച്ചു ദിവസങ്ങള്‍ കൊണ്ട് തന്നെ ഡോക്ടര്‍ നാട്ടുകാര്‍ക്ക് പ്രിയ്യപ്പെട്ടവളായി.ഇതിനിടയില്‍ത്തന്നെ ഡോക്ടറുടെ കഥ നാട്ടില്‍ പരന്നിരുന്നു.സിറ്റിയിലെ,സ്വന്തം ഭര്‍ത്താവിന്റെ ആശുപത്രിയില്‍ നിന്നും ഇറങ്ങിപ്പോന്നതാണ്.ഭര്‍ത്താവുമായി പിണക്കത്തിലാണ്.എങ്കിലും രോഗികളോടൊക്കെ നല്ല  സ്നേഹത്തോടെയുള്ള പെരുമാറ്റമാണ്. വാടകവീടിന്റെ ഒരു ഭാഗത്ത് സജ്ജീകരിച്ച  ക്ലിനിക്കില്‍ വന്നു പോയ എല്ലാവരും ഡോക്ടറെക്കുറിച്ചു നല്ല അഭിപ്രായം പറഞ്ഞു.എങ്കിലും,ആരുമായും വ്യക്തിപരമായി അടുക്കാതെ ഒറ്റയ്ക്ക് കഴിയുന്ന സുന്ദരിയായ ഡോക്ടറെ ചുരുക്കം ചിലയാളുകള്‍ സദാചാരത്തിന്റെ കണ്ണടയിലൂടെ നോക്കാനും മടിച്ചില്ല.
ചില രാത്രികളില്‍ വീട്ടുമുറ്റത്തെ ചൂരല്‍ കസേരയില്‍ ഒറ്റക്കിരുന്നു ആകാശത്തെ നക്ഷത്രങ്ങളെ നോക്കിയിരിക്കുന്ന ഡോക്ടറെയും നാട്ടുകാര്‍ കണ്ടു.

ഡോക്ടര്‍ ചിലപ്പോഴൊക്കെ ഭൂതകാലം ഓര്‍ക്കാറുണ്ടായിരുന്നു .പക്ഷെ, അത് പലപ്പോഴും ഒരു ചെറിയ ഇന്‍ജെക്ഷനില്‍ അവസാനിപ്പിക്കുവാന്‍ കൊതിപ്പിക്കുന്ന സ്വജീവിതം ഈ ഭൂമിയില്‍ തനിക്കിനിയുമൊരുപാട് ചെയ്തു തീര്‍ക്കാനുണ്ട് എന്നോര്‍മ്മിപ്പിക്കുമ്പോള്‍ മാത്രമാണ്.
ഒരു പക്ഷെ അന്ന്,..മാസങ്ങള്‍ക്ക് മുന്‍പ്‌, ആ മഹാനഗരത്തിലെ, സ്വന്തം ഭര്‍ത്താവിന്റെ പേരിലുള്ള ആശുപത്രിയില്‍ നിന്നും ഇറങ്ങിപ്പോരുമ്പോള്‍ ഡോക്ടര്‍ കമലയ്ക്ക് ഉറപ്പായിരുന്നിരിക്കണം താന്‍ ഇറങ്ങിപ്പോകുന്നത് തന്റെ ജീവിതത്തില്‍ നിന്ന് കൂടിയാണെന്ന്. അല്ലെങ്കില്‍ അന്ന് തന്റെ നേര്‍ക്ക്‌ വച്ച് നീട്ടിയ സെറ്റില്‍മെന്റ്  പേപ്പറുകള്‍ എല്ലാം വലിച്ചെറിഞെങ്കിലും , ദിവസങ്ങളായി തന്റെ മേശപ്പുറത്ത് വിശ്രമിച്ചു കൊണ്ടിരുന്ന ആ ഡിവോഴ്സ് ഫോം മാത്രം അവര്‍ സൈന്‍ ചെയ്തു റിസപ്ഷനില്‍ എല്പ്പിക്കുമായിരുന്നില്ലല്ലോ.
എന്നിട്ടും സ്വന്തം ജീവിതം ഒരു ദിവസമെങ്കിലും പഴകിപ്പോയെന്ന് ഇതുവരെ തോന്നിയിട്ടില്ല...

ഇതിനിടയില്‍ ഒന്ന് രണ്ടു തവണ അനിയനുമായി രാജു ക്ലിനിക്കില്‍ വന്നു.ലോകത്ത് മറ്റാര്‍ക്കും അവനെ വിട്ടു കൊടുക്കില്ല എന്ന മട്ടില്‍ വിനുവിനെയും ചേര്‍ത്തുപിടിച്ചു കൊണ്ടാണ് അവന്‍ വന്നത്. പലപ്പോഴും അവന്‍ അനിയന്റെ കാര്യത്തില്‍ വല്ലാതെ ആകുലനാനെന്നു തോന്നി.ചിലപ്പോള്‍ ഈ ഭൂമിയില്‍ അവന്റെ സ്വന്തമെന്നു പറയാന്‍ ഈ കുട്ടി മാത്രമേ ഉണ്ടാവുള്ളൂവായിരിക്കും.
രാജുവിന്റെ കുടുംബചരിത്രം അപ്പോഴേക്കും ഡോക്ടര്‍ മനസ്സിലാക്കിയിരുന്നു. ക്ലിനിക്കില്‍ സഹായത്തിനു വന്നിരുന്ന കൃഷ്ണനാണ് കാര്യങ്ങള്‍ പറഞ്ഞത്.
രാജുവിന്റെ അമ്മ നാട്ടിലെ അറിയപ്പെടുന്ന ഒരു വേശ്യ ആയിരുന്നത്രേ..!!!
അവന്റെ അമ്മ എയിഡ്സ് ബാധിതയായാണ് മരിച്ചതെന്ന് പറഞ്ഞപ്പോള്‍ ഭര്‍ത്താവില്‍ നിന്ന് കിട്ടിയതായിരിക്കുമെന്നാണ് ഡോക്ടര്‍ കരുതിയത്‌..പക്ഷെ....അവരൊരു വേശ്യയായിരുന്നു എന്നറിയുമ്പോള്‍ ഒരു വല്ലായ്മ തോന്നുന്നു. ‍. .
വേശ്യയുടെ മകന്‍..!!
സ്വന്തം ദേഹം ഓരോ ഇഞ്ച് വളരുമ്പോഴും വെറുപ്പോടെ അവന്‍ സ്വയം വിളിക്കുന്ന പേര്...

ഡോക്ടര്‍ കമല തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച് ഓര്‍ക്കാന്‍ മടിക്കാറുണ്ട് എന്നതും സത്യമാണ്. അതു പ്രത്യേകിച്ചും, മറക്കാന്‍ ശ്രമിക്കുന്ന ചില ഓര്‍മ്മകളുടെ തിരിച്ചു വരവാവുമ്പോള്‍ ദേഹം തളരുന്നത് പോലെ തോന്നും...ആ ദിവസം രാവിലെ, അബോര്‍ഷന്‍ ചെയ്തു തരുമോ എന്ന് ചോദിച്ചു കൊണ്ട് തന്റെ മുന്നിലെത്തിയ ദമ്പതികളെ വഴക്ക് പറഞ്ഞോടിക്കുമ്പോള്‍ ശരീരത്തിനുള്ളില്‍ എവിടെയോ ഒരു മാതൃഭാവം തേങ്ങുന്നത് കേട്ടു...

അന്ന് രാത്രി പിന്നെയും ഭൂതകാലം വേട്ടയാടി.
ഗര്‍ഭനിരോധന ഉറകളില്‍ വരിഞ്ഞു കെട്ടപ്പെട്ട ജീവ ബീജങ്ങളെ നിര്‍ദയം ഫ്ലുഷ്‌ ചെയ്തു കളയുന്ന ഒരാള്‍ ..
അയാള്‍ തന്റെ ഭര്‍ത്താവാണ്...!!
ഉറ പൊട്ടിച്ച്, കയ്യിലൂടെ ഒലിച്ചിറങ്ങിയ ശുക്ലത്തില്‍ നോക്കി അന്നും അയാള്‍ ക്രൂരമായി ചിരിച്ചു.
"ഐ ഹേറ്റ് യു....."
തലയിണയില്‍ മുഖമമര്‍ത്തി കരയുമ്പോള്‍ കുട്ടിക്കാലം ഓര്‍മവന്നു.
നാലുകെട്ടിന്റെ പടിവാതിലിനപ്പുറം പുഞ്ചകൃഷിയെ ഗര്‍ഭം ധരിക്കാനായി നിലമൊരുങ്ങിക്കഴിഞ്ഞു ...എങ്ങും മോഹിപ്പിക്കുന്ന വയലിന്റെ ഗന്ധം..കൈത പൂത്തുനിന്ന അമ്പലക്കുളത്തിനരികെ വലിയൊരു ഇലഞ്ഞി മരമുണ്ട്..അവിടെ നാണത്തോടെ തലകുനിച്ചു നില്‍ക്കുന്ന  ഋതുമതിയായ കൊച്ചു കമല...
ഒരു കൂട നിറയെ ചുവന്ന പൂക്കളുമായി അവള്‍ കാത്തിരുന്നതാരെയാണ്??

രാജുവിനെ ചില നാട്ടുകാര്‍ "ബലൂണ്‍ ‍" എന്നു വിളിച്ചു കളിയാക്കുന്നത് ഡോക്ടര്‍ കേട്ടിരുന്നു‌.അതിനു പിന്നിലെ കഥ അറ്റെന്‍ഡര്‍ കൃഷ്ണനോട് ചോദിച്ചപ്പോള്‍ അയാള്‍ ചിരിച്ചു കൊണ്ട് ഒഴിഞ്ഞുമാറി.
"ഹഹ..അത് വല്ലാത്ത ഒരു കഥ്യാ ഡോക്ടറെ...പുറത്തു പറയാന്‍ കൊള്ളൂല...."
അയാളന്ന് പിന്നെയും എന്തൊക്കെയോ ഓര്‍ത്തോര്‍ത്തു ചിരിച്ചു.
പിന്നെയും കുറേ ദിവസങ്ങള്‍ കഴിഞ്ഞപ്പോഴൊരു ദിനം മുറ്റമടിക്കാന്‍ വരുന്ന ശാരദയാണ് ഡോക്ടറോട് വിവരം പറഞ്ഞത്.
"മ്മടെ രാജൂന് പനിയാ...ഒരേ കെടപ്പാ.."
"ശാരദ പോയിരുന്നോ അവിടെ??"
"അമ്മോ ആ വിനൂന് എയിട്സാ ഞമ്മളാ വഴിക്കില്ലേ........"
ആ നാട് മുഴുവനും രാജുവിനെയും അനിയനെയും ഒറ്റപ്പെടുത്തിയിരിക്കുകയാണെന്ന്  കുറേ നാളുകള്‍ക്കു മുന്‍പേ അറിയാവുന്നത് കൊണ്ടാണ് രാജുവിന്റെ വീട്ടിലേക്ക് ഒറ്റയ്ക്ക് പോകാന്‍ തന്നെ തീരുമാനിച്ചത്.
പാടവരമ്പിലെ ചെളിയില്‍ കാല്‍ തെന്നാതെ നടക്കുമ്പോള്‍ കുറേ നാളുകള്‍ക്കു ശേഷം പിന്നെയും കുട്ടിക്കാലമോര്‍ത്തുപോയി. ഏക്കറുകള്‍ വരുന്ന നെല്‍പ്പാടത്തു തോര്‍ത്തുകൊണ്ട് തലയില്‍ വട്ടം കെട്ടി രാജാവിനെപ്പോലെ അച്ഛന്‍.കാക്കപ്പൂവും അതിരാണിയും നിറഞ്ഞ കൂടയില്‍ പിന്നെയും പിന്നെയും പൂക്കള്‍ പറിച്ചിടുന്ന കുഞ്ഞു കമല. പിന്നെയും ചിന്തകള്‍ അനുവാദമില്ലാതെ കടന്നു വന്നു....പാടവരമ്പിന്റെ അങ്ങേയറ്റത്തെത്തുമ്പോഴേക്കും, കണ്ണെത്താദൂരം പരന്നു കിടക്കുന്ന നെല്‍വയലുകളും തെങ്ങിന്‍ തോപ്പുകളും ഒരു മോര്‍ഫിങ്ങിലെന്ന രൂപാന്തരം പ്രാപിച്ചു പത്തോളം നിലകളുള്ള ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലാകുന്നു.ആ ചുഴിയില്‍ പെട്ട് അച്ഛനും വീടുമെല്ലാം കറങ്ങുന്നു.....സൂക്ഷിച്ചു നോക്കി.
പിറകില്‍ നിഴലായി കണ്ട ആ കറുത്ത രൂപം തന്റെ ഭര്‍ത്താവാണ്..

രാജുവിന്റെ ചെറ്റക്കുടിലിലേക്ക് കടക്കുന്നതിനിടെ പുറത്തു നിന്നാരോ വിളിക്കുന്നത്‌ കേട്ടു.
ആകെ മൂടിപ്പുതച്ചു ആ വലിയ മരത്തിന്റെ ചുവട്ടില്‍ നിന്നും എഴുന്നേറ്റു വരുന്നത് രാജുവാണ്.!!തൊട്ടു നോക്കി പൊള്ളുന്ന പനി..!!
"എന്താ രാജൂ..നീ  ഈ മഴയത്ത് ഈ നിലയില്‍ പുറത്ത്..??!!!!"
അവനെ ആ നിലയില്‍ പുറത്ത് കണ്ടതിനേക്കാള്‍ ഡോക്ടറെ അത്ഭുതപ്പെടുത്തിയത് അവന്റെ മറുപടിയായിരുന്നു.
"ഇപ്പോള്‍ ഭേദമുണ്ട് സാറേ...പണ്ട് മെഡിക്കല്‍ കോളേജിലെ ഡോക്ടര് പറഞ്ഞിരുന്നു വിനൂന് സൂക്കേട് വരാന്‍ എളുപ്പാണ് അതുകൊണ്ട് പനിയോ ജലദോഷമോ ഒക്കെ പിടിച്ചവര്‍ അവന്റെ അടുത്തു പോകരുതെന്ന്..എനിക്ക് കഴിഞ്ഞ ദിവസം ജലദോഷം പിടിച്ചതാ.. ...  അതോണ്ട് ഞാനിന്നലെ ആ മരച്ചോട്ടില്‍ കിടന്നു..."
അന്നാദ്യമായി തന്റെ ഒരു രോഗിയോട് ഡോക്ടര്‍ക്ക് വല്ലാത്ത ബഹുമാനം തോന്നി.
"ഈ അവസ്ഥയില്‍  മഴയും കൊണ്ട് രാത്രി മുഴുവനും രാജു പുറത്തിരിക്കുകയായിരുന്നോ??"
"എനിക്ക് പനി പിടിച്ചാല്‍ മാറും പക്ഷെ വിനൂന്..."
ആ സ്വരത്തില്‍ അലിഞ്ഞു ചേര്‍ന്ന ഭാവത്തിന്റെ തീവ്രതയില്‍ ഡോക്ടര്‍ വിഷയം മാറ്റി .
"രാജു എത്ര വരെ പഠിച്ചു??
"അഞ്ചാം ക്ലാസ്സില്‍ പഠിപ്പു നിര്‍ത്തി സാറേ.."
"അതെന്തേ?"
"അമ്മ....."
അമ്മ എന്ന പദത്തിന്റെ പരിചിതമല്ലാത്ത അര്‍ത്ഥങ്ങളില്‍ ശരീരം വിയര്‍ത്ത് ഡോക്ടര്‍ ഏറെ നേരം അവന്റെ ക്ഷീണിച്ച കണ്ണുകളിലേക്ക് നോക്കിയിരുന്നു.എയിഡ്സ് വന്നു മരിച്ച ഒരു വേശ്യയുടെ മകന്റെ ജീവിതം...  കടുത്ത വൈകാരികത തുളുമ്പി നില്‍ക്കുന്ന നില്‍ക്കുന്ന റിയല്‍ ലൈഫ്‌ സിനിമകളില്‍ പോലും അന്യമായ ചില ഭാവങ്ങള്‍, ജീവിതം മാത്രം അഭിനയിക്കാന്‍ വിധിക്കപ്പെട്ട ഒരു നടന്റെ മുഖത്ത് അന്നാദ്യമായി ഡോക്ടര്‍ കണ്ടു...
ആകാശം മുട്ടുന്ന ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ നിലകള്‍ ഒന്നൊന്നായി തകര്‍ന്നു വീഴുകയാണ്...പൊടിയാണ് ചുറ്റും.തമ്മില്‍ തമ്മില്‍ കാണാന്‍ കഴിയാത്ത അത്രയും പൊടി....അതിലൂടെ നോക്കിയാല്‍ മുഖം പോലും കാണാന്‍ കഴിയില്ല..
പിന്നല്ലേ മനസ്സ്.!!
അതിനപ്പുറം???
ബന്ധങ്ങളുടെ ചോദ്യോത്തരങ്ങള്‍ കൂട്ടിമുട്ടി മനസ്സിന്റെ ഉള്‍ത്തടം കരിഞ്ഞു കൊണ്ടിരുന്നു.കയ്യിലെ മരുന്നുകള്‍ കൊടുത്തു തിരിച്ചു വരാന്‍ നേരം കണ്ണുകളില്‍ ദൈന്യത നിറച്ച് വീണ്ടുമെന്തോ ചോദിക്കാനാഞ്ഞ രാജുവിന്റെ മുന്നില്‍ വീണ്ടും ഡോക്ടര്‍ക്ക് കാലു തളര്‍ന്നു.
"സാറേ..എന്റെ വിനൂന് ഇനി.........അവനെത്രകാലം ??"
പണ്ട് കുട്ടിക്കാലത്ത് വിടര്‍ന്ന കണ്ണുകളോടെ കുഞ്ഞു കമല വായിച്ചു തീര്‍ത്ത നാടോടിക്കഥയിലെ മന്ത്രവാദിനി ആയുസ്സ്‌ വലിച്ചു നീട്ടാന്‍ കഴിവുള്ള മാന്ത്രികവടി കൈമോശം വന്ന് കണ്മുന്നില്‍ വന്നു നിന്നു കരയുന്ന പോലെ തോന്നി..

അന്ന് മുതലാണ്‌ രാജുവിന് ഡോക്ടര്‍ ക്ലിനിക്കില്‍ ഒരു സ്ഥിരം ജോലി കൊടുത്തത്. തന്റെ വീടിന്റെ ഒരു മുറി അവര്‍ രാജുവിനും വിനുവിനും വേണ്ടി മാറ്റിവെക്കുകയും ചെയ്തു.
പലരും അവനെ ബലൂണെന്നു വിളിച്ചു കളിയാക്കി..അപ്പോഴവന്റെ മുഖം ദേഷ്യവും സങ്കടവും കൊണ്ട് ചുവക്കുന്നത് ഡോക്ടര്‍ പലപ്പോഴും കണ്ടിട്ടുണ്ട്..ഒരിക്കല്‍ അവനോടു നേരിട്ട് ചോദിച്ചപ്പോള്‍ അവനൊന്നും മിണ്ടാതെ ഒഴിഞ്ഞുമാറുകയാണുണ്ടായത്..പിന്നീടൊരു ദിവസം ഡോക്ടറെ കാണാന്‍ വന്ന, രാജുവിന്റെ അയല്‍ക്കാരനും പഴയ പഞ്ചായത്ത് പ്രസിഡന്റുമായ മോഹനന്‍ മാസ്റ്റരാണ് അവന്‍ കേള്‍ക്കാതെ ആ കഥ ഡോക്ടരോടു പറഞ്ഞത്..
"രാജുവിന്റെ അമ്മ ഒരു മോശം സ്ത്രീ ആയിരുന്നു എന്ന് ഡോക്ടര്‍ക്ക് അറിയാമല്ലോ.."
"അതെ.."
"അന്നവന് നാലോ അഞ്ചോ വയസ്സ് പ്രായം കാണും..." അയാള്‍ തുടര്‍ന്നു..
"ഒരു ദിവസം തന്‍റെ അമ്മയുടെ പേഴ്സില്‍ നിന്നും അവനു കുറെ ഗര്‍ഭനിരോധന ഉറകള്‍ കിട്ടി....കുട്ടിയായിരുന്ന അവന്‍ അതെന്തെന്നറിയാതെ................."
"മതി..."
ആ രംഗം ഭാവനയില്‍ കണ്ട ഡോക്ടര്‍ക്ക് കൂടതല്‍ കേള്‍ക്കണമെന്ന് തോന്നിയില്ല....കൂടുതല്‍ സംസാരിക്കാന്‍ നില്‍ക്കാതെ അവരാ സംഭാഷണം അവസാനിപ്പിച്ചു..
ചുറ്റിലും ബലൂണുകളാണ്..പല നിറത്തിലുള്ളവ..അതു കയ്യിലേന്തി പരിഭ്രമിച്ചു നോക്കുന്ന ഒരഞ്ചു വയസ്സുകാരന്‍.....അവനു പിന്നാലെ കൂര്‍ത്ത മുള്ളുകളുമായി ഓടി വരുന്ന കുറേ പേര്‍ ..അവര്‍ കുത്തിപ്പൊട്ടിക്കാന്‍ ശ്രമിക്കുന്നത് ആ ബലൂണുകളല്ല...ചോരപൊടിയുന്ന മനസ്സുമായി ആ അഞ്ചുവയസ്സുകാരന്‍ ഓടുകയാണ്...പിന്നാലെ അവരും..അകലെ നിന്നും കാതടപ്പിക്കുന്ന ശബ്ദത്തില്‍ ബലൂണുകള്‍ പൊട്ടിച്ചിതറുന്നുണ്ട് ...
ഒരിക്കലുമുണങ്ങാത്ത തിരിച്ചറിവിന്റെ മുറിവുകളില്‍ കടുത്ത അനുഭവങ്ങളുടെ ലേപനം പുരട്ടി ആ മെലിഞ്ഞ രൂപം ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നു....

ഒരു രോഗിയുടെ മരണം നേരില്‍ കാണുന്നത് ഡോക്ടര്‍ക്ക് ആദ്യത്തെ അനുഭവമൊന്നുമല്ല. എങ്കിലും നാട്ടുകാര്‍ മുഴുവനും പറഞ്ഞത് തന്റെ അടുത്ത ആരുടെയോ വിയോഗം പോലെ ആ മരണം ഡോക്ടറെ വിഷമിപ്പിച്ചു എന്നാണ്. പിന്നീടുള്ള ദിവസങ്ങളില്‍ ഡോക്ടറും ആലോചിച്ചത് അതായിരുന്നു. പിടിച്ചു കെട്ടാന്‍ വിഷമകരമായ ഒരു നീണ്ട മൌനത്തിലേക്ക് രാജുവിനെ തള്ളിയിട്ട ആ മരണം, അക്കാരണം കൊണ്ടുതന്നെയാവണം ഒരുപക്ഷെ ഡോക്ടറെയും വല്ലാതെ വേദനിപ്പിച്ചത്.
വിനുവിന്റെ മരണത്തിനു ശേഷം രാജു ഒന്നും സംസാരിച്ചിട്ടില്ല.
സൈക്കോളജിയില്‍ തനിക്ക് ഒരു അധിക ബിരുദം ഉള്ളത് ഡോക്ടര്‍ മറന്നു തുടങ്ങിയത്,താളം തെറ്റിയ സ്വന്തം ജീവിതത്തെ രക്ഷിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടപ്പോഴാണോ എന്നറിയില്ല. എങ്കിലും പലപ്പോഴും തന്റെ മനസ്സിലേക്ക് അനുവാദമില്ലാതെ കടന്നു വരാന്‍ ശ്രമിച്ച ഡിപ്രഷന്റെ പ്രച്ഛന്നവേഷങ്ങള്‍ രാജുവിലേക്ക് നീണ്ടു ചെല്ലുന്നത് അവര്‍ തിരിച്ചറിയുക തന്നെ ചെയ്തു..എങ്കിലും, അനിയന്റെ ഓര്‍മകളും പേറി മാസങ്ങളോളം ക്ലിനിക്കിന്റെ മൂലയില്‍ ചടഞ്ഞിരുന്ന നീണ്ട മൌനം ഒടുവില്‍ സംസാരിച്ചു തുടങ്ങിയപ്പോഴേക്കും ഡോക്ടറുടെ ക്ലിനിക്കില്‍ രോഗികള്‍ വളരെ കുറഞ്ഞിരുന്നു.
അവനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാനായിരുന്നു ഡോക്ടറുടെ ശ്രമം.പക്ഷേ ഏറെ നാള്‍ കഴിയും മുന്‍പേ ആ ക്ലിനിക്കിന്റെ പടിയിറങ്ങി രാജു എങ്ങോ പോയി മറഞ്ഞു..

പിന്നെ ഡോക്ടര്‍ രാജുവിനെ കാണുന്നത് ഒരുപാടു വര്‍ഷങ്ങള്‍ക്കു ശേഷമാണ്.
അങ്ങ് ദൂരെ മഹാനഗരത്തില്‍ , ലൈംഗിക തൊഴിലാളികളുടെ പുനരധിവാസത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ ബോധവല്‍ക്കരണ ക്യാമ്പില്‍ ക്ലാസെടുക്കാന്‍ പോയതായിരുന്നു അവര്‍ .ക്യാമ്പിന്റെ ഇടവേളയില്‍ ഭക്ഷണം കഴിക്കുന്നതിനിടെ തന്റെ മുന്നില്‍ വന്നു നിന്ന ആ മെല്ലിച്ച ചെറുപ്പക്കാരനെ വര്‍ഷങ്ങള്‍ക്കു ശേഷവും ഡോക്ടര്‍ തിരിച്ചറിഞ്ഞു.
അവന്റെ സംസാരത്തിലെയും പെരുമാറ്റത്തിലെയും മാറ്റമാണ് അവരെ വല്ലാതെ അത്ഭുതപ്പെടുത്തിയത്..
അവനിപ്പോള്‍ വലിയ വലിയ കാര്യങ്ങള്‍ സംസാരിക്കുന്നു..ചെയ്യുന്നു..ഈ സംഘടനയുടെ ഒരു വളണ്ടിയറായി..
പഴയ രാജുവിന്റെ സ്വരത്തിലല്ല അയാള്‍ സംസാരിച്ചു തുടങ്ങിയത്..
"പതിനഞ്ചു കൊല്ലം മുന്‍പ് അന്നാ ക്ലിനിക്കില്‍ നിന്നും ഇറങ്ങിപ്പോന്ന ഞാന്‍ എത്തിപ്പെട്ടത് ഈ നഗരത്തിലാണ്..മരിക്കണം എന്ന് കരുതിയാണ് ഇങ്ങോട്ട് വന്നത്..ഇവിടെയാവുമ്പോള്‍ ആരും അറിയില്ലല്ലോ..അങ്ങനെ ഒരു റെയില്‍ പാളത്തില്‍ തല ചേര്‍ത്തു തീവണ്ടി വരുന്നതും കാത്തിരുന്നപ്പോഴാണ് ആരോ എന്‍റെ ദേഹത്ത് വന്ന് വീണത്‌..ഞാന്‍ നോക്കിയപ്പോള്‍ അതൊരു സ്ത്രീ ആയിരുന്നു...എന്‍റെ അമ്മയെ പോലെ..."
അയാളുടെ വാക്കുകള്‍ അല്‍പ്പമൊന്നു പതറിയെങ്കിലും പിന്നെയും തുടര്‍ന്നു..

"അവരൊരു വേശ്യയായിരുന്നെങ്കിലും അതിനെ ആരോക്കയോ ചേര്‍ന്ന് ബലാല്‍സംഘം ചെയ്തു കൊണ്ടിട്ടതായിരുന്നു..എനിക്കെന്താണ് അവരെ രക്ഷിക്കാന്‍ തോന്നിയതെന്നറിയില്ല..അന്നവരുടെ കൂടെ ഞാനും രക്ഷപ്പെട്ടു..ഈ സംഘടനയിലെ നല്ല മനുഷ്യരുടെ സഹായത്തോടെ....ഇവരെന്‍റെ മനസ്സിനെ മാറ്റിയെടുത്തു..എന്‍റെ കഥമുഴുവന്‍ ചോദിച്ചറിഞ്ഞ ഇവര്‍ എന്നെ ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാക്കി..എനിക്ക് നല്ല വിജ്ഞാനം പകര്‍ന്നു തന്നു..എനിക്കൊരുപാട് അറിവുകള്‍ കിട്ടി ഞാനങ്ങനെ പുതിയൊരു മനുഷ്യനായി...ലൈംഗിക തൊഴിലാളികളുടെ ഉന്നമനത്തിനും എയിഡ്സ് ബോധവല്‍ക്കരണത്തിനുമായി ഇവരുടെ കൂടെ ഇന്ന് ഞാനും സഞ്ചരിക്കുന്നു..."
ഒരു യഥാര്‍ത്ഥ മനുഷ്യനെ കണ്ടു മുട്ടിയ സന്തോഷത്തില്‍ തന്റെ കണ്ണ് നിറയുന്നുവോ എന്ന് പോലും ഡോക്ടര്‍ ഭയപ്പെട്ടു..
"ഞങ്ങള്‍ ഒരിപാടിടങ്ങളില്‍ സഞ്ചരിച്ചു..ഒരുപാടു ലൈംഗിക തൊഴിലാളികളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു..പേരുകള്‍ പലതാണെങ്കിലും പലരുടെയും കഥകള്‍ ഏതാണ്ടോരുപോലെയായിരുന്നു..പല സാഹചര്യങ്ങളിലും പെട്ട് വഴിതെറ്റി പോയവര്‍ .... .എയിഡ്സ് രോഗം വന്ന് ഒറ്റപ്പെട്ടുപോയ പലരെയും ഞങ്ങള്‍ കണ്ടു..പലര്‍ക്കും ആശ്വാസമേകി..ഈ പ്രവര്‍ത്തനങ്ങള്‍ ..ഇതാണ് ഇന്നെന്നെ ജീവിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്...."
അയാളുടെ ശബ്ദം നേര്‍ത്തു വന്നു..
"എങ്കിലും എന്നെ ഇന്നും വേട്ടയാടുന്ന ഒരു കാര്യമുണ്ട് ഡോക്ടര്‍ ...അയാള്‍ ഒരു നിമിഷം നിര്‍ത്തിയാണ് ചോദിച്ചത്..
"എന്‍റെ അമ്മയ്ക്ക് എയിഡ്സ് വരാന്‍ ഞാനും ഒരു കാരണമല്ലേ.."....
ഡോക്ടര്‍ ചോദ്യ ഭാവത്തില്‍ രാജുവിനെ നോക്കി.
"അന്ന് അമ്മയുടെ കയ്യിലെ ഗര്‍ഭനിരോധന ഉറകള്‍ ഞാന്‍ കാണാതിരുന്നെങ്കില്‍ ഒരു പക്ഷേ അമ്മ കുറേ കാലം കൂടി സുരക്ഷിതയായി ജീവിച്ചിരുന്നേനെ..അല്ലെ ഡോക്ടര്‍ ??
ഒരു മകന്‍ ഒരിക്കലും ചോദിക്കാനാഗ്രഹിക്കാത്ത ആ ചോദ്യത്തിന്‍റെ തീവ്രതയ്ക്ക് മുന്നില്‍ ഉത്തരം പറയാനാവാതെ ഡോക്ടര്‍ ഏറെ നേരം പകച്ചു നിന്നു...

അന്ന് ഉച്ചയ്ക്കുശേഷം ആ സദസ്സില്‍ സംസാരിക്കവേ രാജുവിന്‍റെ കഥ പറഞ്ഞ്,അയാളെ ചൂണ്ടിക്കാണിച്ച് ഡോക്ടര്‍ വികാരാധീനയായി പറഞ്ഞു..
"ഇതാ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നു..ഈ ഭൂമിയില്‍ ഞാന്‍ കണ്ട ഏറ്റവും പച്ചയായ മനുഷ്യന്‍..."

അന്ന് വൈകീട്ട് തിരിച്ചു പോകുമ്പോഴും ഡോക്ടറുടെ മനസ്സിനെ പിടിച്ചുലച്ചുകൊണ്ടിരുന്നത് യാത്ര പറയാന്‍ നേരം രാജു ചോദിച്ച ആ കൊല്ലുന്ന ചോദ്യമായിരുന്നു..
"എന്നെ ബലൂണ്‍ രാജുവെന്നു വിളിച്ചു കളിയാക്കിയ സമൂഹത്തോട് എനിക്കൊന്നേ ചോദിക്കാനുള്ളൂ ഡോക്ടര്‍ ..."
"സ്വന്തം കുഞ്ഞുങ്ങള്‍ക്ക്‌ ഒരു നേരത്തെ ആഹാരത്തിനായി ശരീരം വില്‍ക്കാന്‍ നിര്‍ബന്ധിതരാവുന്നവരോട് നിങ്ങള്‍ എന്ത് പറയും??...അവരെ പട്ടിണിക്കിടാനോ അതോ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിച്ച് സ്വയം സുരക്ഷിതരായി തൊഴിലില്‍ തുടരാനോ????..........
.
മുരളി I Murali Nair
http://www.peythozhiyathe-pravasi.blogspot.com/
.

സീമന്തരേഖയില്‍ ചുവപ്പ് കൊതിച്ചവള്‍ !

February 16, 2011 സുരേഷ് ബാബു


"ശാലിനീ നീ കിടക്കുന്നില്ലേ "?
അയനയുടെ ചോദ്യം ശാലിനിയുടെ പുസ്തക വായന മുറിച്ചു .
"ഇല്ല കുറച്ചു കൂടി വായിച്ചിട്ട് ......"
"അപ്പോള്‍ ഇന്ന് വൈകിട്ട് പോകണ്ടേ" ?
"അറിയില്ല ..മുന്‍കൂട്ടി അറിയിക്കുന്ന ജോലിയാണോ നമ്മുടേത്‌ ? അല്ലെങ്കില്‍ തന്നെ എന്തറിയാന്‍ ..ആളും സ്ഥലവും മാറുന്നൂന്നു മാത്രം..മാറ്റമില്ലാത്തത് നമുക്ക് മാത്രം .."
സംസാരം പകുതിക്ക് നിര്‍ത്തി ശാലിനി കട്ടില്‍ പടികളില്‍ മിഴിയൂന്നി എന്തോ ആലോചിച്ചെന്ന പോലെ ഇരുന്നു..
"ഒരു കണക്കിന് നീ പറേന്നതാ ശരി ..നമ്മളെന്തിനു ആളും തരോം നോക്കണം..പോകാന്‍ പറയുന്നു .പോണു ..അത്ര മാത്രം" .
അയന ശാലിനി പറഞ്ഞത് ശരി വെച്ചു.
"എന്റെ ശാലിനീ ഇന്നലെ ഒരു ഹിന്ദിക്കാരനായിരുന്നു കൂട്ട് . ഹൊ! അവന്റെ നാറിയ മണം ..പല തവണ എനിക്ക് ഛര്‍ദ്ദിക്കാന്‍ വന്നു.അവനാണെങ്കില്‍ ഒടുക്കത്തെ പരാക്രമോം..പെണ്ണിനെ കാണാത്ത പോലെ ..വൃത്തികെട്ട പന്നി ..ഒന്നു കുളിച്ചിട്ടും എനിക്കറപ്പു മാറിയിട്ടില്ല ".
അയനയുടെ മുഖത്ത് ഇപ്പോഴും വിട്ടു മാറാത്ത അറപ്പു തെളിഞ്ഞു നില്‍ക്കുന്ന പോലെ .

"നിനക്ക് ലീലാമ്മയോട്‌ അനുഭവിച്ചതിന്റെ കണക്ക് പറഞ്ഞു കാശ് വാങ്ങിച്ചൂടാരുന്നോ?"
ശാലിനി നീരസത്തോടെ ചോദിച്ചു.
"ഹും ..നല്ല ചേലായി മുഖമടച്ചോരാട്ടും, പുളിച്ച തെറീം , പിന്നെയീ സുഖവാസത്തിന്റെ കണക്കും എണ്ണം പറഞ്ഞു ബോധിപ്പിച്ചു തരും .നീയൊക്കെ വെറും തേവിടിശ്ശികളാണെന്ന കാര്യം മറക്കണ്ടാന്നൊരുപദേശവും കിട്ടും .കേട്ട് മടുത്തത് കൊണ്ട് അതിന് മെനക്കെട്ടില്ല.."
ശാലിനി അതിന് മറുപടി ഒന്നും പറഞ്ഞില്ല ..അവള്‍ വീണ്ടും പുസ്തക താളുകളിലേക്ക് മുഖം തിരിച്ചു.
അയന സീലിംഗ് ഫാനിന്റെ കറക്കത്തിനൊപ്പം കണ്ണുകളെ വട്ടം ചുറ്റിച്ചു വെറുതേ കിടന്നു ..

"നീ ഇന്നലെ എവിടെയായിരുന്നു ?"
അയന വീണ്ടും ശാലിനിയുടെ നേര്‍ക്ക്‌ തിരിഞ്ഞു ചോദിച്ചു .
"ഇവിടെ.... സിറ്റിയില്‍ തന്നെ .."
ശാലിനി ഒഴുക്കന്‍ മട്ടില്‍ മറുപടി നല്‍കി ..
"ഹോട്ടലിലോ" ?
"ഹേയ് അല്ല ..കൊട്ടാരം പോലെ എന്ന് പറയാവുന്ന ഒരു വീട്ടില്‍ "..
അവള്‍ ബുക്ക് മടക്കി പിടിച്ച് കൊണ്ട് പറഞ്ഞു ..
"അത് പറഞ്ഞാല്‍ വളരെ രസമാണ് . ആ വലിയ വീട്ടില്‍ അയാള്‍ മാത്രം .തടിച്ചു കുടവയറു ചാടി ഉണ്ട കണ്ണുകളുള്ള കുംഭകര്‍ണ്ണനെപ്പോലെ ഒരു തടിമാടന്‍ .അന്‍പതിനു മുകളില്‍ പ്രായം തോന്നിക്കും .എല്ലാം കഴിഞ്ഞപ്പോള്‍ അയാള്‍ എന്നോട് പറഞ്ഞു..അവിടെ നിന്നോളാന്‍ ..അയാളുടെ ഭാര്യയും മകളും മരിച്ചതാണത്രെ.. എന്നെ മകളെപ്പോലെ നിര്‍ത്തിക്കോളാമെന്ന്.....എനിക്ക് പെട്ടെന്ന് 'ലോത്തിന്റെ' പെണ്മക്കളെ ഓര്‍മ്മ വന്നു.."
"ലോത്തോ..അതാരാ ?"
അയന ഇടയ്ക്ക് കയറി ചോദിച്ചു ..
"ഹേയ് ..അതൊരു കഥയാ ..അച്ഛനെ പ്രാപിച്ച പെണ്മക്കളുടെ കഥ .."
"ഓ.! അങ്ങനെ" ..
അയന നിസ്സാരമട്ടില്‍ പറഞ്ഞു..
"എന്നിട്ട് നീയെന്തു പറഞ്ഞു?"
"ഇന്നനുഭവിച്ച പുരുഷന്റെ മണം നാളെ എനിക്കലര്‍ജ്ജിയാണെന്നു പറഞ്ഞു ..മാത്രമല്ല ഇതുവരെയുള്ള എന്റെ അനുഭവ സമ്പത്ത് വെച്ചു നോക്കുമ്പോള്‍ രണ്ടാമതൊന്നു കൂടി ആസ്വദിച്ചു രമിക്കാനുള്ള സംഗതികളൊന്നും നിങ്ങള്‍ക്കുണ്ടെന്നു തോന്നുന്നില്ലാന്നും ..."
"ങ്ങാ ഹാ ....എന്നിട്ട് "!
അയന ഉത്സാഹത്തോടെ കൈകുത്തി കിടന്നു ചോദിച്ചു ..
"എന്നിട്ടെന്താ ഉടന്‍ തന്നെ പുള്ളി പരിപാടി അവസാനിപ്പിച്ചു ..പുറത്ത് വണ്ടിയുണ്ട് പൊയ്ക്കൊള്ളാന്‍ പറഞ്ഞു.."
"നന്നായി ..മോളാക്കിക്കോളാന്ന് ..... അവന്റെ കുടില ബുദ്ധിയേ ! ചെറ്റ .."
അയന ശബ്ദത്തില്‍ പല്ല് കടിച്ച് നിവര്‍ന്നു കിടന്നു ..

"അയനേ...നീ എന്നെങ്കിലും ഒരു കല്യാണ മണ്ഡപം സ്വപ്നം കണ്ടിട്ടുണ്ടോ ?"
തികച്ചും അവിചാരിതമായ ശാലിനിയുടെ ചോദ്യം അയനയെ തെല്ലോന്നമ്പരപ്പിച്ചു.അവള്‍ ചോദ്യഭാവത്തില്‍ കൂട്ടുകാരിയെ നോക്കി .
ഒരു നിമിഷത്തെ ഇടവേളയ്ക്കു ശേഷം ശാലിനി അയനയുടെ മറു പടി കാക്കാതെ തുടര്‍ന്നു..
"ഞാന്‍ ഒരുപാട് തവണ ആ സ്വപ്നം കണ്ടിട്ടുണ്ട് .. അമ്പല മുറ്റത്ത്‌ ഒരു വലിയ കതിര്‍ മണ്ഡപം ..ഒരു മണവാട്ടി പെണ്ണിന്റെ എല്ലാ അലങ്കാരങ്ങളിലും മുങ്ങിക്കുളിച്ച് ഞാന്‍ ..ചുറ്റിനും അഛന്‍, അമ്മ , മറ്റ് ബന്ധുക്കള്‍ ,നാട്ടുകാര്‍...
പിന്നെ ..പിന്നെ...കല്യാണ കച്ചേരിയുടെ
അരോഹണ .... അവരോഹണത്തില്‍ ഒരു താലി കെട്ട്...."

"ഹ ഹ ...കേമമായിട്ടുണ്ട് ..വെറുതയല്ല ലീലാമ്മ ഇടയ്ക്ക് ഓര്‍മ്മിപ്പിക്കുന്നത് .. 'നീയൊക്കെ വെറും തേവിടിശ്ശികളാണെന്ന കാര്യം മറക്കണ്ടാന്ന്‍.."
അയന പരിസരം മറന്നു പൊട്ടിച്ചിരിച്ചു..
"ആട്ടെ ആരാണ് വരന്‍ ...ആ കോമളരൂപനെ വര്‍ണ്ണിച്ച് കേട്ടില്ലല്ലോ ?"
"ഓ ..അവനെ പ്പറ്റി ഞാന്‍ പറഞ്ഞില്ല അല്ലേ.. വെളുത്ത് മെലിഞ്ഞു ഒത്ത നീളമുള്ള ഒരു സുന്ദരക്കുട്ടന്‍ ..ഇന്നലെക്കൂടി ഞാന്‍ കണ്ടു ...ഒരു ചുവന്ന സിന്ദൂര ഡബ്ബയില്‍ വിരല്‍ തൊട്ട് അവനെന്റെ സീമന്ത രേഖയില്‍ സിന്ദൂരം ചാര്‍ത്തുന്നു ..."
"നിനക്ക് ശരിക്കും ഭ്രാന്താണ് "...
അയന പതിഞ്ഞ ശബ്ദത്തില്‍ തുടര്‍ന്നു ..
"തെരുവു വേശ്യകള്‍ക്ക് എന്നോ നഷ്ടപ്പെട്ട കന്യകാത്വത്തിന്റെ അടയാളം പോലെയാണ് ചുവപ്പ് അനാഥമായ സീമന്തരേഖ ..
ഓ ഹ് ..എന്റെ കൂടെക്കൂടി പെണ്ണിന് ലേശം സാഹിത്യ പൊടി മണം ഏറ്റിട്ടുണ്ട്..ഭാഗ്യം .."
ശാലിനി ചിരിച്ച് കൊണ്ട് പറഞ്ഞു ..
"സ്വപ്നങ്ങളില്‍ ശരീരം നഷ്ടമാകത്ത ഒരു പാവം പെണ്ണിന്റെ നിറക്കൂട്ടുകളില്‍ ഇത്രയെങ്കിലും പാടുള്ളതല്ലേ.... വര്‍ണ്ണ തുമ്പികളായ് പാറിപ്പറന്ന്‍ , ശിശിരങ്ങളില്‍ ഇല പൊഴിക്കുന്ന മരങ്ങളെ പുല്‍കി ..ആര്‍ത്തു പെയ്യുന്ന മഴത്തുള്ളികളില്‍ ഉടലൊട്ടി....മഞ്ഞു മൂടിയ കൂടാരങ്ങളില്‍ മെയ്യോടു മെയ്യ്‌ പുണര്‍ന്നുരാവുറങ്ങി ........................"
ശാലിനി പാതിയടഞ്ഞ മിഴികളോടെ അവ്യക്തമായ്‌ പുലമ്പിക്കൊണ്ടേയിരുന്നു ...കുശിനിക്കാരന്‍ പയ്യന്‍ ജനലിലൂടെ ഒരു കുറിപ്പ് അയനയ്ക്ക് നീട്ടി ...
അവള്‍ യാതൊരു ഭാവഭേദവുമില്ലാതെ അത് നിവര്‍ത്തി നോക്കി ..വൈകിട്ട് രണ്ട് പേര്‍ക്കും പറന്നിറങ്ങേണ്ട തീരവും, നേരവും അതില്‍ കൃത്യമായി കുറിച്ചിരുന്നു ...
അവള്‍ തല ചരിച്ച് ശാലിനിയെ നോക്കി ..
അവളുടെ പിറുപിറുക്കല്‍ നേര്‍ത്തു തുടങ്ങിയിരുന്നു ....വെളുത്ത് സുന്ദരനായ ഒരു യുവാവിന്റെ അടക്കിപ്പിടിച്ചുള്ള ചുടുചുംബനത്തില്‍ സിന്ധൂരരേഖയില്‍ പൊടിഞ്ഞ വിയര്‍പ്പു തുള്ളികള്‍ ചുവപ്പാര്‍ന്നു ചാലുകീറി നാസിക തുമ്പിലൂടെ ഒഴുകിയിറങ്ങിയപ്പോള്‍ ആകെ കുളിരുകോരി ശാലിനിയുടെ ചെഞ്ചുണ്ടില്‍ ഒരു മൃദു പുഞ്ചിരി പൊട്ടി വിടര്‍ന്നു .........

February 13, 2011 binoj joseph

സ്വപ്നമോ സത്യമോ
ചിന്തകളില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ സമയമായ് എന്നറിയിച്ചുകൊണ്ട് അലാറം ചിലക്കാന്‍ തുടങ്ങിയിരിക്കുന്നു. ദാസന്‍ ഉറക്കമുണര്‍ന്നു നിര്‍വികാരനായ് മൊബൈല്‍ വിടര്‍ത്തി സമയം നോക്കി. പതിവുകര്‍മ്മങളില്‍ പെടുന്ന വ്യായാമത്തിനും സൗന്ദര്യപരിപാലനത്തിനുമുള്ള സമയം കൂട്ടികിഴിച്ചുനോക്കി ഉറപ്പ് വരുത്തിയശേഷം കട്ടിലിനോടു മനസ്സില്ലാമനസ്സോടെ വിടചൊല്ലി. വ്യായാമനേരത്തും മേക്കപ്പ് നേരത്തും ചിന്തകളില്‍ നിന്നും ഒഴിവാകാന്‍ തന്റെ പതിവു പ്ലെലിസ്റ്റില്‍ അഭയം തേടാന്‍ തീരുമാനിച്ചു.
എഴുപതുകളുടെ സംഗീതം മുറിയിലാകെ നിറഞ്ഞു. വ്യായാമത്തിനുശേഷം മുഖസൗന്ദര്യത്തില്‍ മുഴുകുകയാണു ദാസന്‍. ആവിയിലെ ശയനത്തിനുശേഷം ഫേഷ്യല്‍ പേസ്റ്റിംങും കഴിഞ്ഞ് ക്രീമും തേച്ച് ഷവര്‍സ്റ്റൂളില്‍ ഭാവരഹിതമായ മുഖം മുകളിലേക്കു ഉയര്‍ത്തികിടന്നു. പ്ലെലിസ്റ്റില്‍ എണ്‍പതുകളിലെ മധുരമായ പ്രണയഗീതങള്‍ കേട്ടുകൊണ്ടിരുന്നു. ഗാനഗന്ധര്‍വ്വന്റെ ശബ്ദം വായുവില്‍ ഒഴുകിനടക്കുകയാണ് , ഇടക്കു താഴെ എമര്‍ജന്‍സി വണ്ടിയുടെ കൂകല്‍ അരോചകമായ് കടന്നുവരുന്നു. എണ്‍പതുകളുടെ സംഗീതം തൊണ്ണൂറുകളിലേക്ക് എത്തിയപ്പോള്‍ ദാസന്‍ ജോലിക്കു പോകാന്‍ ഒരുങി കഴിഞ്ഞിരുന്നു. മേശയിലിരുന്ന മൊബൈല്‍ എടുത്തു വിടര്‍ത്തി സമയം നോക്കി, ഇന്നു പതിനഞ്ജ് മിനുറ്റ് നേരത്തെയാണ്. ആറരയായതേയുള്ളൂ പത്തു മിനുറ്റെങ്കിലും ഇരിക്കാന്‍ സമയം ഉണ്ടെന്നു കരുതി ദാസന്‍ സംഗീതത്തിന്റെ പൂജ്ജിറകില്‍ തന്നോമലാള്‍ തന്‍ കണ്ണീരോ എന്നോര്‍ത്തു ചിരിച്ചുകൊണ്ട് സ്വയം പറഞ്ഞു "അല്ല!".
സ്റ്റോക്ക് റൂമില്‍ നിന്നും വാക്സിന്‍ നിറക്കാനുള്ള ബോക്സുകള്‍ എടുത്തുവച്ചതിനുശേഷം ദാസന്‍ മൊബൈല്‍ വിടര്‍ത്തി സമയം നോക്കി. ഇനിയും മുക്കാല്‍ മണിക്കൂര്‍ കൂടി, പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തിതിനാല്‍ അയാള്‍ എല്ലാം ഒന്നുകൂടി നോക്കി ഉറപ്പുവരുത്തി. " നീ വേണമെങ്കില്‍ നേരത്തെ പൊക്കോളൂ ", ദാസനെ നോക്കി ആമിര്‍ പറഞ്ഞു. ദാസന്‍ ചിരിച്ചുകൊണ്ടു നന്ദി പറഞ്ഞു. കുറച്ചുകൂടി നിന്നതിനുശേഷം ദാസന്‍ പുറത്തിറങ്ങി കൈവരിയില്‍ ചാരിനിന്നു പോക്കറ്റില്‍നിന്നും മാര്‍ബറോയുടെ റഗുലര്‍ എടുത്തു പുകച്ചു. പുകഞ്ഞു തീരുന്നതുവരെ ആളൊഴിഞ്ഞ പാര്‍ക്കിങ് സ്പേസ് നോക്കിനിന്നു. ഒഴിഞ്ഞ മദ്യക്കുപ്പികളും ഫാസ്റ്റ്ഫുഡ് റെസ്റ്റൊറന്റില്‍ നിന്നുള്ള കവറുകളും അവിടവിടെയായ് ചിതറികിടന്നിരുന്നു. ദാസന്‍ തന്റെ കാറിനെ ലക്ഷ്യമാക്കി നടന്നു. കാറെടുത്ത് മെയ്ന്‍ റോഡിലേക്ക് ഇറങ്ങുമ്പോള്‍ റിയര്‍ വ്യു മിററില്‍ക്കൂടി ലാബിനെ ഒന്ന് തിരിഞ്ഞു നോക്കി ദാസന്‍ യാത്ര തുടങ്ങി.
വഴിയിലൊന്നും ഒറ്റ വാഹനങ്ങള്‍ ഇല്ല, മരങ്ങള്‍ തിങ്ങിനിറഞ്ഞ വഴിയരികില്‍ ഇടക്ക് ഇടക്ക് തലപൊക്കിനില്‍ക്കുന്ന വെളിച്ചമില്ലാത്ത വീടുകള്‍ പ്രേതാലയങ്ങളെ ഓര്‍മ്മിപ്പിച്ചു. അഞ്ജാമത്തെ എക്സിറ്റാണ് ദാസനെടുക്കേണ്ടത് പക്ഷെ ഒരു നിമിഷം അലോചിച്ചയാള്‍ നേരേ ഓടിച്ചുപോയി. കുറേദൂരം ആ യാത്ര തുടര്‍ന്നു, സമയം നാലരയാകാന്‍ പോകുന്നു. എക്സിറ്റ് ബോര്‍ഡില്‍ ദാസന്‍ ട്രെയ്ന്‍ സ്റ്റേഷന്റെ ബോര്‍ഡ് കണ്ടു. ആ എക്സിറ്റ് എടുത്ത് അയാള്‍ ട്രെയ്ന്‍ സ്റ്റേഷനിലേക്ക് കയറി. പാര്‍ക്കിങ് സ്പേസില്‍ ആരുമില്ല, നാലരക്കുള്ള ട്രെയിനുനുവേണ്ടി ആളുകള്‍ എത്തിതുടങ്ങുന്നതേയുള്ളൂ. എക്സ്പ്രസ്സാണ് ഇത് മൂന്നാമത്തെ സ്റ്റോപ്പാണെന്നു തോന്നുന്നു. കുറേ മുമ്പോട്ട് നടന്ന് ഇരുണ്ടവെളിച്ചത്തില്‍ വേലിചാടി റെയില്‍ പാളത്തിലൂടെ നടന്നു, ഏകദേശം ഇരുന്നൂറ് മീറ്ററെങ്കിലും ആയെന്നുതോന്നിയപ്പോള്‍ ദാസന്‍ പാളത്തില്‍ കിടന്നു. തല ഉയര്‍ത്തി സ്റ്റോപ്പിലേക്കൊന്നു നോക്കി ഒന്നും കാണുന്നില്ല
"ഇന്നു നല്ല വെട്ടമില്ല" അയാള്‍ മനസ്സില്‍ പറഞ്ഞു. ഓവര്‍ക്കോട്ടെടുത്ത് മടക്കി പാളത്തിനുവെളിയില്‍ വച്ച് പോക്കറ്റില്‍ ബാക്കിയുണ്ടായിരുന്ന അവസാനത്തെ മാര്‍ബറോയും പുകച്ച് ദാസന്‍ വാച്ചില്‍ സമയം നോക്കി "നാലര". ട്രെയിനിന്റെ പ്രകമ്പനം അയാള്‍ അറിഞ്ഞു ഗന്ധര്‍വ്വസംഗീതത്തിന്റെ രണ്ടായിരമാണ്ടു പോലെ തോന്നി. സിഗരറ്റ് കളഞ്ഞിട്ട് ദാസന്‍ തനിക്ക് പ്രിയപ്പെട്ട പാട്ട് മൂളി "സംഗീതമേ നിന്‍ പൂഞ്ജിറകില്‍ എന്നോമലാള്‍ തന്‍ കണ്ണീരോ........" ട്രെയിനിന്റെ സംഗീതവും ദാസന്റെ സംഗീതവും ഒരുമിച്ചുചേര്‍ന്നു.
ദാസന്‍ ഉറക്കമുണര്‍ന്ന് ചുറ്റും നോക്കി, താന്‍ വെള്ളപാറക്കൂട്ടങ്ങള്‍ക്ക് നടുവിലാണെന്നു തോന്നി. ഒത്തിരി ഉറങ്ങിയതുപോലെ ദാസന്‍ വാച്ചിലേക്ക് നോക്കി സൂചികള്‍ ഒന്നും കാണുന്നില്ല എന്തോ എഴുതിയിരിക്കുന്നു, എന്താണെന്ന് മനസ്സിലായില്ല. തന്റെ മൊബൈലിനായ് ദാസന്‍ ഓവര്‍ക്കോട്ട് തിരഞ്ഞു കാണുന്നില്ല, അടുത്ത് പോക്കറ്റില്‍ മാര്‍ബറൊ തിരഞ്ഞു .....
"ഇന്നലെ അവസാനത്തേതും കഴിഞ്ഞിരുന്നല്ലോ" ദാസന്‍ തിരിഞ്ഞുനോക്കി ഒരു സ്ത്രീയെ കണ്ടു. അവള്‍ വസ്ത്രം ധരിച്ചിരുന്നതായ് ദാസന് തോന്നിയില്ല. അവളുടെ മുഖം പ്രകാശിച്ചിരുന്നു.
"നിങ്ങളാരാണ് ?" ദാസന്‍ ചോദിച്ചു. അവള്‍ ഒന്നും പറയാതെ പാറക്കൂട്ടങ്ങള്‍ കടന്ന് വെളിയിലേക്ക് പോയ് . ദാസന്‍ അവരെ പിന്തുടര്‍ന്ന് ചോദ്യം ആവര്‍ത്തിച്ചു. "നിങ്ങളാരാണ്? നിങ്ങള്‍ മാലാഖയാണോ? "
മുഖം തിരിച്ച് അവള്‍ പറഞ്ഞു "അതെ!".
അപ്പൊഴാണ് ദാസന്‍ നോക്കിയത് അവള്‍ സംസാരിച്ചപ്പോള്‍ ചുണ്ട് അനങ്ങിയില്ല. അവള്‍ അങ്ങനെ പറഞ്ഞതായ് ദാസന് തോന്നിയതാണ്.അവളുടെ കണ്ണിലെ പ്രകാശത്താല്‍ ദാസന്റെ കണ്ണുകള്‍ അടഞ്ഞു. ദാസന്‍ വീണ്ടും ഉറക്കത്തിലേക്ക് വീണു.
ദാസന്‍ കണ്ണ് തുറന്നപ്പോള്‍ കുറച്ചകലെ ഒരു കവാടം കണ്ടു. അവിടെ ആളുകള്‍ വരിവരിയായ് നില്‍ക്കുന്നുണ്ടായിരുന്നു. മനുഷ്യരെ കണ്ട സന്തോഷത്തില്‍ ദാസന്‍ അങ്ങോട്ട് ചെന്നു. കവാടത്തിനകത്ത് എന്താണെന്ന് കാണാന്‍ ദാസന് സാധിച്ചില്ല. അവിടെ കൂടിനിന്നവര്‍ പല തരത്തിലുള്ളവരായിരുന്നു. എന്നാല്‍ അവരെന്താണ് പറയുന്നതെന്ന് ദാസന് മനസ്സിലായില്ല. കവാടത്തില്‍ ഒരു മനുഷ്യന്‍ അവരോട് ചൊദ്യങ്ങള്‍ ചോദിക്കുകയും കൈ നോക്കുകയും ഒക്കെ ചെയ്തുകൊണ്ടിരിന്നു. തന്റെ കൂടെയുള്ളവര്‍ പല ദേശത്തില്‍ നിന്നുള്ളവരാണെന്ന് ദാസന് തോന്നി, അവര്‍ പല ഭാഷകളാണ് സംസാരിച്ചിരുന്നത്. ചിലര്‍ താടി വളര്‍ത്തിയിരുന്നു അവര്‍ പൊക്കം കൂടീയവരായിരുന്നു, മറ്റു ചിലര്‍ മിണ്ടാതെ കൈ കൂപ്പി നില്‍ക്കുന്നു,ചിലര്‍ മാലകളും ഒട്ടനവധി അലങ്കാരങ്ങളും അണിഞ്ഞിരുന്നു,ചിലര്‍ നഗ്നരായിരുന്നു, ചിലര്‍ രണ്ട് കൈയ്യും പൊക്കി പാട്ട് പാടുന്നു. താന്‍ ചിലപ്പോള്‍ സ്വര്‍ഗത്തിലാകാം ചിലപ്പോള്‍ നരകത്തിലും പക്ഷെ നരകത്തില്‍ കവാടമുണ്ടാകാന്‍ വഴിയില്ല, ഇല്ല താന്‍ സ്വര്‍ഗത്തില്‍ തന്നെയാണ് കവാടത്തില്‍ നില്‍ക്കുന്നത് തന്നെ ഈശ്വരന്റെ മുന്നിലെത്തിക്കുന്ന ദൈവപുരുഷനും ദാസന്‍ ഉറപ്പിച്ചു. കവാടത്തില്‍ നിന്നും നിലവിളിയും കരച്ചിലും കേട്ടു, ദാസന്‍ നോക്കിയപ്പോള്‍ കുറേ ഭടന്മാര്‍ വന്ന് ഒരു മനുഷ്യനെ എങ്ങോട്ടോ വലിച്ചെറിഞ്ഞു അയാളുടെ നിലവിളി അപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നു.
അടുത്തത് താനാണ്!, ദാസന്‍ സന്തോഷവാനായ് താനിതാ സ്വര്‍ഗത്തിലെത്താന്‍ പോകുന്നു. ദാസന്‍ കൈകെട്ടി മുമ്പോട്ട് ചെന്ന് കവാടത്തിലെ ദൈവപുരുഷനെ നോക്കി ചിരിച്ചു. അയാള്‍ ദാസന്റെ നെറ്റിയിലേക്ക് നോക്കിയതിനുശേഷം കൈ എടുത്ത് മുഖത്ത് വച്ചു. ആ മ്രുദുലമായ കൈകള്‍ ദാസന്റെ കണ്ണുകളെ മൂടി. കണ്ണു തുറന്നപ്പോള്‍ അയാള്‍ അരികിലെ കിണറില്‍ നോക്കി ഇരിക്കുന്നു, അപ്പോഴാണ് അവിടെ കിണറുള്ളതായ് ദാസന്‍ കണ്ടത്. അയാള്‍ തിരിഞ്ഞ് ദാസന്റെ കൈപാദം നോക്കി എന്തോ പിറുപിറുത്തു. ഇയാള്‍ എന്താണീ കാണിക്കുന്നത് ദാസന്‍ തന്റെ വലതുകരം അയാള്‍ക്കു നേരേ നീട്ടി. അയാള്‍ പേടിച്ചുപിന്നോട്ടുമാറുകയും ഭ്രാന്തമായ് അലറുകയും ചെയ്തു. ഉടനെ ആരൊക്കൊയോ ചേര്‍ന്ന് ദാസനെ പിടിച്ചുകെട്ടി. ദാസന്‍ സംസാരിക്കാന്‍ കഴിയാതെ വീര്‍പ്പുമുട്ടി, അവരുടെ ഭാശ ദാസനു മനസ്സിലായില്ല. കണ്ണുകള്‍ അടഞ്ഞ് ദാസന്‍ വീണ്ടും ഉറക്കത്തിലേക്ക്കടന്നു.
ദാസന്‍ ഒരു സ്വപ്നത്തിലേക്ക് പ്രവേശിച്ചു. താന്‍ ഒരു മരച്ചുവട്ടില്‍ കിടക്കുന്നതായ് തോന്നി ദാസന്. മരച്ചുവട്ടില്‍ ഒരു വ്രുദ്ധനെ ദാസന്‍ കണ്ടു അയാള്‍ തന്റെ മുഖത്തേക്ക് നോക്കിയിരിക്കുകയാണ്. അയാളുടെ മുഖം പ്രകാശിച്ചിരുന്നു. ആ വ്രുദ്ധന്‍ ശ്രീ ബുദ്ധനാകാം ദാസന്‍ ചോദിച്ചു "അങ്ങാരാണ്?"മറുപടി വ്രുദ്ധന്‍ ഒന്നും മിണ്ടിയില്ല. ദാസന്‍ പിന്നെയും ചോദിച്ചു താങ്കള്‍ ശ്രീബുദ്ധനാണോ?
"എനിക്കു നാമമില്ല ദാസ നീ എന്തു വിളിക്കുന്നുവോ അതാണെന്റെ നാമം"
"താങ്കള്‍ക്കെങ്ങനെ എന്റെ പേരറിയാം" ദാസന്‍ ചോദിച്ചു
"നിന്റെ നാമം മാത്രമല്ല നിന്നെക്കുറിച്ചെല്ലാമറിയാം കുഞ്ഞേ" വ്രുദ്ധന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു
ദാസന്‍ ചോദിച്ചു " നോക്കു എനിക്കൊന്നും ഗ്രഹിക്കുന്നില്ല. ഞാനെവിടെയാണ്, എന്നെ എന്തിന് അവര്‍ പിടിച്ചുകെട്ടി ഇവിടെ കൊണ്ടുവന്നു? ആരും എന്നോടൊന്നും പറയുന്നില്ല. താങ്കളെങ്കിലും എന്റെ മനസ്സിലെ ചോദ്യങ്ങള്‍ക്കുത്തരം നല്‍കണം".
"ദാസാ നീ ഇപ്പോള്‍ ഒരു സ്വപ്നത്തിലാണ്. സംശയങ്ങള്‍ നിന്റെ മനസ്സിലല്ല ദേഹത്തിലാണുള്ളത് ദേഹം ഭൂമിയുടെ ഭാഗവും. നീ നിന്റെ ദേഹം ഭൂമിയില്‍ ഉപേക്ഷിച്ചു അതോടുകൂടി നിന്റെ സംശയങ്ങളും ഉപേക്ഷിക്കപ്പെട്ടു. നിന്റെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം കണ്ടത്തേണ്ടത് നിന്റെ ബാധ്യതയായിരുന്നു.. പക്ഷെ നീ അത് ചെയ്തില്ല പകരം നീ അവയെ ഉപേക്ഷിച്ചു, അത് നിന്റെ തെറ്റാണ്. ദാസാ അതിന് എനിക്കുത്തരം തരാന്‍ സാധ്യമല്ല".
"എങ്കില്‍ പറയൂ എന്നെ എന്തിനാണവര്‍ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കാതെ അങ്ങയുടെ മുമ്പില്‍ കൊണ്ടൂവന്നത്?".
"നീ കണ്ടത് സ്വര്‍ഗമല്ല! അത് ആത്മാക്കളുടെ ലോകമാണ്. അവിടേക്കാണ് നീ പ്രവേശനം കാത്ത് നിന്നത്".
"പക്ഷെ ഞാന്‍ എങ്ങനെ തിരസ്ക്കരിക്കപ്പെട്ടു? ഞാന്‍ അത്രയേറെ പാപിയാണോ?"
"ദാസാ നിന്റെ പാപത്തിന്റെ കണക്കുകള്‍ എനിക്കറിയില്ല.മനുഷ്യര്‍ പാപത്തിന് നല്‍കിയ വ്യാഖ്യാനങ്ങള്‍ പലതും ഉത്തമമല്ല. അത് കൊണ്ടു തന്നെ നീ പാപിയും അല്ല".
"പിന്നെ എന്തുകൊണ്ട് എനിക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു?"
"നോക്കൂ ദാസാ നിന്റെ ആത്മാവ് ശരീരത്തില്‍നിന്നും മുക്തമല്ല. നിന്റെ മാനസീകവികാരങ്ങള്‍ ഭൂമിയിലെ നിന്റെ ജീവിതവുമായ് ബന്ധിക്കപ്പെട്ടിരിക്കുന്നു.നീ നിന്റെ ശരീരത്തെമാത്രമാണ് ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചത്. നീ അതെന്തിനുചെയ്തുവോ അതിനുത്തരം തേടേണ്ടത് ഭൂമിയിലാണ്".
"എന്റെ ഭ്രാന്തമായ ചിന്തകളില്‍ വീണ് നീറിയപ്പോള്‍, ചിന്തകളില്‍ മാത്രം കുരുങ്ങി കിടക്കുന്ന എന്റെ ജീവിതത്തിന് ഒരിക്കലും
സംത്രുപ്തി നേടാന്‍ കഴിയില്ലെന്ന് ബോന്ധ്യമായപ്പോളാണ് ഞാനെന്റെ ശരീരത്തെ ഉപേക്ഷിച്ചത്. എനിക്ക് ഈശ്വരനെ കാണണം അതിന് അങ്ങേക്കെന്നെ സഹായിക്കാന്‍ കഴിയില്ലേ?"
"ദാസാ ഇനിയും നീ സത്യത്തെ തിരിച്ചറിയേണ്ടിയിരിക്കുന്നു. കാണുന്നതും,കേള്‍ക്കുന്നതും,വായിക്കുന്നതും,പറയുന്നതും വിഷ്വസിക്കുന്ന വികാരങ്ങള്‍ക്കടിമപ്പെട്ട വെറും ഒരു വിഡ്ഡിയായ മനുഷ്യനാണു നീ. ഉണര്‍ന്ന് പുറംലോകത്തിലേക്കെറങ്ങി ചെല്ലേണ്ട സമയം അതിക്രമിച്ചിരിക്കുന്നു".
"അങ്ങ് ഇപ്പോള്‍ ഒരു മനുഷ്യനെ പോലെ സംസാരിക്കുന്നു.ഈ ഉപദേഷം ഭൂമിയിലെ പല പണ്‍ഡിതരും എന്നിക്കു നല്‍കിയതാണ്. ഇവിടേയും അതില്‍ നിന്നെനിക്ക് മോചനമില്ലേ?".

ദാസന്‍ ഉണര്‍ന്നു. ആദ്യം സ്വപ്നത്തില്‍നിന്നും പിന്നെ ജീവിതത്തിലേക്കും. സ്വപ്നങ്ങള്‍ക്കര്‍ത്ഥമുണ്ടെന്ന്
കേട്ടിട്ടുണ്ട്. താന്‍ സ്വപ്നത്തില്‍ ആത്മാക്കളുടെ ലോകത്ത് അന്വേഷിച്ചത് ഈശ്വരനെയാവാം, പക്ഷെ തനിക്ക് കിട്ടിയത് ജീവിതവും. എന്തായിരിക്കാം ഈ സ്വപ്നത്തിന്റെ വ്യാഖ്യാനം? സംശയമില്ല ഈശ്വരന്‍ ആത്മാക്കളുടെ ലോകത്തിലല്ലാ ഇവിടെയാണ് ഈ മരത്തണലില്‍.
ദാസന്‍.

ആദ്യ രാത്രി

February 09, 2011 മഴനിലാവ്

പുറത്തു കട്ട പിടിച്ച ഇരുട്ടാണെങ്കിലും ജോസുകുട്ടിയുടെ (ജോസൂട്ടി)
മനസ്സില്‍ ഒരായിരം ദീപശിഖകള്‍
അങ്ങനെ പ്രകാശം പരത്തി നില്‍ക്കുകയാണ് ,
അങ്ങനെ എപ്പോഴും ഒന്നുമില്ല കേട്ടോ ,ഇന്ന് മാത്രം ,
കാരണം ഇന്ന് അയാളുടെ ആദ്യരാത്രി ആണ് .
പല സ്വപ്‌നങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ഒന്നും നിലവില്‍ വന്നിട്ടില്ല ,
എന്നാല്‍ എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചു ആദ്യരാത്രി
എന്ന സ്വപ്നം പൂവണിയാന്‍ പോകുകയാണ് .
'ജീന'- ഒറ്റവാക്കില്‍ പറഞ്ഞാല്‍ ജോസൂട്ടിയുടെ 'സ്വപ്ന സുന്ദരി '.
ആകാര വടിവൊത്ത ശരീരം,പൊക്കം ഏതാണ്ട് അയാളുടെ ഒപ്പത്തിനൊപ്പം വരും ,
തിളങ്ങുന്ന കണ്ണുകള്‍ ,
നീണ്ടു ഇടതൂര്‍ന്ന മിനുസമുള്ള (സില്‍ക്കി ) കേശം ,
അവള്‍ സംസാരിച്ചു തുടങ്ങിയാല്‍ ആര്‍ക്കും ശ്രദ്ധിക്കാതിരിക്കാന്‍ കഴിയില്ല ,
ചുരുക്കി പറഞ്ഞാല്‍ 'ബോള്‍ഡ് ആന്‍ഡ്‌ ബ്യൂട്ടിഫുള്‍ '.
അല്‍പ്പം കറുത്തതാണെങ്കിലും ജോസൂട്ടിയും ആള് ചുള്ളനാണ്,

ഫ്രെണ്ട്സിന്റെ കമന്റ്‌ 'ദേ ആര്‍ മയ്ട് ഫോര്‍ ഈച് അദര്‍ ' എന്നാണു .
ജോസൂട്ടിയുടെ കണ്ണുകള്‍ വീണ്ടും വീണ്ടും ഭിത്തിയില്‍ തൂക്കിയിരിക്കുന്ന ഘടികാരത്തിലേക്ക്  പതിഞ്ഞു  .
സമയം രാത്രി പതിനൊന്നു മണി .

ചാരിയിട്ടിരിക്കുന്ന വാതിലിനിടയിലൂടെ പുറത്തേക്ക് അയാള്‍ ഒളിഞ്ഞു നോക്കി ,
ആരോ നടന്നു വരുന്ന കാലൊച്ച കേള്‍ക്കുന്നു ,ഇത് ജീന തന്നെ ,ഉറപ്പിച്ചു .

ഊഹം തെറ്റിയില്ല,അയ്യാളുടെ സ്വപ്നസുന്ദരി മുറിയിലേക്ക് പതുക്കെ പ്രവേശിച്ചു ,
ഇളം നീല നിറമുള്ള  മാക്സിയാണ് അവള്‍ ധരിച്ചിരിക്കുന്നത്‌ ,
മുടി കുളി പിന്നല്‍ കെട്ടി വൃത്തിയായി ഒതുക്കി വെച്ചിരിക്കുന്നു ,
നാണം കൊണ്ടാവാം അവളുടെ കണ്ണുകള്‍ അയാളിലെക്കുയരുന്നില്ല .

ജോസൂട്ടി മെല്ലെ കട്ടിലില്‍ നിന്നും എഴുന്നേറ്റു അവളുടെ അരികിലേക്ക് ചെന്നു ,
അവളുടെ താടിയില്‍ പിടിച്ചു മുഖം അയാളുടെ നേര്‍ക്ക്‌ ഉയര്‍ത്തി
അവള്‍ നാണത്തോടെ ചിരിച്ചു ,പിന്നെ കൈയ്യില്‍ ഇരുന്ന
പാല്‍ നിറച്ച ഗ്ലാസ്‌ ജോസൂട്ടിക്ക് നേരെ നീട്ടി ,
അയാള്‍ അത് സ്നേഹപൂര്‍വ്വം വാങ്ങി കുടിക്കാന്‍ തുടങ്ങി .
പെട്ടെന്ന് ഒരു പൂച്ച കരയുന്ന സ്വരം ,അയാള്‍ പരിഭ്രാന്തനായി ചുറ്റും നോക്കി .

'പേടിക്കണ്ട ,ഇതാ ഇവിടെ എന്റെ കൈയ്യില്‍ ആണ് പൂച്ച ' ജീനയുടെ സ്വരം .
അവള്‍ ഒരു പൂച്ചകുട്ടിയെ മാറോടു ചേര്‍ത്തു പിടിച്ചിരിക്കുന്നു .
ആദ്യരാത്രിയില്‍ എന്തിനാണാവോ ഇവള്‍ ഈ പൂച്ചകുട്ടിയെയും
കൊണ്ട് വന്നിരികുന്നത് .
'ഇവള്‍ എന്റെ ജീവന്‍ ആണ്,സ്നേഹത്തോടെ പുസ്സി എന്ന് വിളിക്കും ,
ഊണിലും ഉറക്കത്തിലും എല്ലാം  എന്റെ കൂടെയുണ്ടാവും ,
അതുകൊണ്ട് അവളെ ഉപേക്ഷിച്ചു വരാന്‍ എനിക്ക് കഴിഞ്ഞില്ല '
ജീനയുടെ എക്സ്പ്ലനഷന്‍.


'എന്റെ കര്‍ത്താവേ ഇത് എന്തൊരു തൊന്തരം?' അയാള്‍ മനസില്‍ ചോദിച്ചു .
'ഓക്കേ,അതിനെ താഴേക്കു നിറുത്ത് ,എന്നിട്ട് ജീന വാ ,ഇങ്ങോട്ടിരിക്ക് '
'അയ്യോ അത് പറ്റില്ല താഴെ നിര്‍ത്തിയാല്‍ പുസ്സി കരയും ' ജീനയുടെ മറുപടി .
സ്വര്‍ഗത്തില്‍ കട്ടുറുമ്പ് എന്ന് കേട്ടിട്ടുണ്ട് ,പക്ഷെ ഇത് ...

ജീന വന്നു കട്ടിലില്‍ ഇരുന്നു ,പുസ്സിയെ മടിയില്‍ ഇരുത്തിയിട്ടുണ്ട്‌ .
ജോസൂട്ടിയുടെ ക്ഷമ നശിച്ചു തുടങ്ങി.
നാല് വര്‍ത്തമാനം പറഞ്ഞ് ഇവളെ കൊണ്ട് ഇപ്പോള്‍ തന്നെ
പൂച്ചയെ വെളിയില്‍ ഇറക്കി വിടാന്‍ അയാള്‍ക്ക്‌ പറ്റും,
പക്ഷെ ആദ്യ രാത്രി അല്ലെ ,എങ്ങനെ ദേഷ്യപ്പെടും ?
അത് തന്നെ അല്ല ജീന തന്നെ കുറിച്ച് എന്ത് കരുതും ,
താന്‍ ആളൊരു മുഷടന്‍ ആണെന്ന് അവള്‍ കരുതില്ലേ .
അയാള്‍ ധര്‍മ സങ്കടത്തിലായി .

എന്തായാലും വേണ്ടില്ല ,പൂച്ചയെ 'ഇഗ്നോര്‍' ചെയ്തു ,ആദ്യ രാത്രി ആഘോഷിക്കാം .
ജോസൂട്ടി മെല്ലെ ജീനയെ കട്ടിലിലേക്ക് പിടിച്ചു കിടത്തി ,
അനുസരണയുള്ള കുട്ടിയെപോലെ അവള്‍ കിടന്നു ,എന്നിട്ട് പതുക്കെ പുസ്സിയെ
അവളുടെ കൈയ്യില്‍ നിന്നും വാങ്ങിച്ചു  തലോടി , കട്ടിലിനു അടിയിലേക്ക് കിടത്തി .
രണ്ടിനെയും കൂടെ എങ്ങനെ മാനേജ് ചെയ്യും എന്റെ ഗിവര്‍ഗീസ് പുന്യാള..?
അയാള്‍ ദീര്ഗ ശ്വാസം വിട്ടു ,
ശല്യം ഒഴിവാക്കിയ സന്തോഷത്തില്‍ ജോസ്സൂട്ടി ജീനയെ
തന്റെ അരികിലേക്ക് ചേര്‍ത്തു കിടത്തി ,നെറ്റിയില്‍ ചുംബിച്ചു .

'അതാ പുസ്സി കരയുന്നു ' അവള്‍ പരിഭവത്തോടെ പറഞ്ഞു.
പറഞ്ഞു തീര്‍ന്നില്ല ,പൂച്ചക്കുട്ടി ഉറക്കെ കരഞ്ഞും കൊണ്ട്
അവളുടെയും അയാളുടെം ഇടയിലേക്ക് എടുത്തു ചാടി .
'പുസ്സിക്ക് ഒറ്റയ്ക്ക് കിടന്നു ശീലമില്ല ,എന്റെയും അനിയത്തിയുടെയും
ഇടയില്‍ കിടന്ന അവള്‍ ഉറങ്ങാറ് ,പ്ലീസ്  ഇവള്‍ ഇവിടെ കിടന്നു ഉറങ്ങിക്കോട്ടെ '
ജോസ്സൂട്ടിയുടെ സിരകളില്‍ രോഷം പടര്‍ന്നു കയറുകയായിരുന്നു,
എങ്കിലും അത് അല്പം പോലും പ്രകടിപ്പിക്കാതെ അയാള്‍ ചോദിച്ചു
'രണ്ടു ദിവസം കഴിഞ്ഞു നമ്മള്‍ എന്റെ വീട്ടിലേക്കു പോവില്ലേ ,അപ്പോഴോ ?'
'നമുക്ക് പുസ്സിയെയും കൊണ്ടുപോവാം ,എന്നെ പിരിഞ്ഞു അവള്‍ നില്‍ക്കില്ല '
തെല്ലു വിഷാദത്തോടെ ആണ് ജീനയുടെ മറുപടി.

'ഇത് ഒരു നടക്കു പോകും എന്ന് തോന്നുന്നില്ല ,പുസ്സി മോളെ നിന്റെ അന്ത്യം
എന്റെ കൈ കൊണ്ട് തന്നെ ' അയാള്‍ മനസ്സില്‍ പറഞ്ഞു.
എന്ഗജെമെന്റ്റ് കഴിഞ്ഞു ഒരു മാസം ഇടവേള ഉണ്ടായിരുന്നു കല്യാണത്തിനു ,
എന്നും സെല്‍ ഫോണില്‍  സൊള്ളുമായിരുന്നു,
അന്നൊന്നും പുസ്സിയെ കുറിച്ച് പറഞ്ഞിട്ടേ ഇല്ല .
എന്റെ ദൈവമേ നാളെ ഫ്രെണ്ട്സിനോട് എന്ത് പറയും ,
ആദ്യരാത്രിയെ കുറിച്ച് എല്ലാം പറയും എന്ന് ഉറപ്പു തന്നാല്‍ മാത്രമേ
 കല്യാണത്തിനു വരൂ എന്ന് പറഞ്ഞ വിരുതന്മാരും ആ കൂട്ടത്തിലുണ്ട് .
അവരോടു എങ്ങനെ ഈ ആദ്യ (പൂച്ച )രാത്രിയെ കുറിച്ച് പറയും .
ദേഷ്യവും സങ്കടവും എല്ലാം കൊണ്ട് അയാള്‍ വിയര്‍ത്തു പോയി .

'അതേയ് ,കാപ്പി ' മൃദുലമായ സ്വരം ,ജോസൂട്ടി കണ്ണ് തുറന്നു.
ജീന കുളിച്ചു സുന്ദരിയായി  കാപ്പിയുമായി നില്‍ക്കുന്നു .
കണ്ണ് വീണ്ടും വീണ്ടും അടച്ചു തുറന്നു നോക്കി ,നേരം പുലര്‍ന്നിരിക്കുന്നു .
ജോസൂട്ടി കണ്ണ് തിരുമ്മി പിന്നെയും ചുറ്റും നോക്കി ,ജീനയെയും .

'എവിടെ പുസ്സി..?' ചോദ്യം ജീനയോടാണ് .
'പുസ്സിയോ..? ആരാ അത് ..? ജീനയുടെ കണ്ണുകളില്‍ ആകാംഷ .
'അത് ..പിന്നെ ..പൂച്ചകുട്ടി ..'
അയാള്‍ വാക്കുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ പാട് പെട്ടു.
'എന്തോ സ്വപ്നം കണ്ടു ,അല്ലെ ?'
അവള്‍ ചിരിച്ചു.
'അപ്പൊ ഇന്നലെ രാത്രി..?' ജോസൂട്ടിക്ക് ഒന്നും ഓര്മ കിട്ടുന്നില്ല .

'ഞാന്‍ കുറെ നേരം കാത്തിരുന്നു ,ജോസച്ചായന്‍
 ലേറ്റ് ആയി ആണ് മുറിയിലേക്ക്  വന്നത് തന്നെ ,കുടിച്ചിട്ടുണ്ടായിരുന്നു അല്ലെ..?,
വന്നതേ കിടന്നു ഉറങ്ങി ,
അത് കണ്ടോ ടേബിളില്‍ പാല്‍ ഇരിക്കുന്നത് ,ഉണരും എന്ന് കരുതി 
കുറെ നേരം കാത്തിരുന്നു ,പിന്നെ ഞാനും ഉറങ്ങിപോയി '
പറഞ്ഞു നിര്‍ത്തിയപ്പോഴേക്കും അവളുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകി തുടങ്ങി ഇരുന്നു .

എന്തെല്ലാം സ്വപ്‌നങ്ങള്‍ ആയിരുന്നു തനിക്കു ആദ്യ രാത്രിയെ കുറിച്ച് ,
എന്നിട്ട് അവസാനം അത് ഒരു സ്വപ്നത്തില്‍ മുങ്ങിപോയി .അയാള്‍ ഓര്‍ത്തു.
മദ്യം വിഷം ആണെന്ന് എല്ലാരും പറഞ്ഞപ്പോള്‍ താന്‍ കളി ആക്കി ചിരിച്ചു ,
പക്ഷെ ഇന്ന് ‍ ആ മദ്യം ആദ്യ രാത്രി എന്ന സ്വപ്നത്തെ കവര്‍ന്നെടുത്തു .

ജോസ്സൂട്ടിയുടെ ക്രോധം പുസ്സിപൂച്ചയില്‍ നിന്നും വഴിമാറി മദ്യത്തിലേക്കു ഒഴുകി .
സ്വപ്നത്തിലെ ഡയലോഗ് അയാള്‍ തിരുത്തി , കൊല്ലേണ്ടത് പുസ്സിയെ അല്ല ,
മദ്യപാനം എന്ന തന്റെ ശീലത്തെ ആണ് .

ജോസ്സൂട്ടി ജീനയുടെ കൈയ്യില്‍ നിന്നും കാപ്പി കപ്പ്‌ വാങ്ങി ,
പകുതി കുടിച്ചു അവളുടെ നേരെ നീട്ടി ,
അവള്‍ അത് വാങ്ങി കുടിക്കുമ്പോള്‍ ജോസൂട്ടി കണ്ടു സുന്ദരമായ
ആ കവില്തടങ്ങളിലൂടെ ഒഴുകി ഇറങ്ങുന്ന കണ്ണുനീര്‍ ചാലുകള്‍.

അയാള്‍ തന്റെ വിരലുകള്‍ കൊണ്ട് അവളുടെ കണ്ണുനീര്‍ തുടച്ചു ,
എന്നിട്ട് അവളെ അയാളിലേക്ക് വലിച്ചടുപ്പിച്ചു ,
ജോസൂട്ടിയുടെ കരങ്ങള്‍ അവളുടെ ശരീരത്തെ ചുറ്റി .
ജീനയുടെ നെറുകയിലും ,കവിളിലും ,ചുണ്ടിലും അയാള്‍ മാറി മാറി അമര്‍ത്തി ചുംബിച്ചു .
'അയാം സോറി ജീന ,ഇനീ ഒരിക്കലും ..'
മുഴുമിക്കുവാന്‍ സമ്മതിക്കാതെ അവള്‍ ജോസൂട്ടിയുടെ വായ് പൊത്തി.
'ഐ ലവ് യു എ ലോട്ട് ..' ജീന വിതുമ്പി.
അയാളുടെ ഹൃദയം പശ്ചാത്താപം കൊണ്ട് വിങ്ങി പൊട്ടി .
അവളുടെ സ്നേഹം കുളിരുള്ള മഞ്ഞിന്റെ ആവരണം പോലെ
ജോസൂട്ടിയെ പൊതിഞ്ഞു .
ആകാശത്തു കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി ,
അവ പെയ്യാന്‍ വെമ്പുകയാണ് ..
ഒരു മാറ്റത്തിന്റെ മഴയായി ..,
ജോസൂട്ടിയുടെയും ജീനയുടെയും സ്വര്‍ഗത്തിലേക്ക് ...

പായുടെ അടിയില്‍ നാ കിടന്നാല്‍

February 04, 2011 Renjishcs

മണി നാല് കഴിഞ്ഞിട്ടുണ്ടാവും. വല്ലാത്ത ക്ഷീണം.
“ഹൊ പുല്ല്ല് ഉറക്കം വന്നിട്ട് വയ്യ. നിന്റെ നിർബദ്ധം കൊണ്ടാ ഇല്ലെങ്കിൽ ഞാ‍ൻ വരില്ലായിരുന്നു. പാതിരാത്രിക്ക് അവന്റെ ഒരു നൃത്ത ബാ‍ലെ.” നല്ലൊരു കോട്ടുവായും ചേർത്ത് ഞാൻ അത് പറയുമ്പോൾ രാജേഷിന്റെ മുഖത്ത് “ഹൊ കലാ ബോധമില്ലാത്തവൻ“ എന്ന ഭാവം.
വളവിനടുത്തെത്തിയപ്പോൾ അവൻ യാത്ര പറഞ്ഞു “ശരി അളിയാ അപ്പോ നാളെ രാവിലെ കാണാം.”
“ശരീടാ” ഞാൻ തിരിഞ്ഞൊന്ന് നോക്കി ആ നീളൻ വഴിയുടെ അങ്ങേ അറ്റത്ത് തുമ്പറയമ്മയുടെ തിരുനട ദീപാലങ്കാരത്തിൽ കുളിച്ചു നിൽക്കുകയാണ്. കൈവിരലുകൾ ഞാൻ പോലുമറിയാതെ നെഞ്ചിനെ സ്പർശിച്ചു.. “ദേവി....”

ഇത്തിരികൂടി നടക്കണം വീട്ടിലേക്കെത്താൻ. പാതി ഉറക്കവുമായി മുന്നോട്ട്. പെട്ടന്നാണ് പിറകിൽ നിന്ന് ഒരു ഒച്ചയും ബഹളവും “ഓടിക്കോ.... ഓടിക്കോ....”
എനിക്കൊന്നും മനസ്സിലായില്ല തിരിഞ്ഞു നിന്നു നോക്കി അകലെ ആ വെളിച്ചത്തിനുള്ളിൽ നിന്ന് അവ്യക്തമായ കുറെ രൂപങ്ങൾ എന്റടുത്തേക്ക് ഓടി വരുന്നു. ബാലെ കഴിഞ്ഞു വരുന്ന കുറച്ചുപേർ എങ്ങോട്ടൊക്കെയോ ചിതറി ഓടുകയാണ്. കാര്യം മനസ്സിലായി വരുമ്പഴേക്കും തെക്കേലെ ഗോവിന്ദേട്ടന്റെ ആന ശങ്കരൻ‌കുട്ടി എനിക്കടുത്തെത്താറായി കഴിഞ്ഞിരുന്നു. ‘ഇനി ഓടുക തന്നെ’ എന്ന ചിന്ത തലച്ചോറിൽ നിന്ന് കാലുകളിലേക്ക് പ്രവഹിക്കുന്നതേയുള്ളൂ അവന്റെ നീണ്ടു കൂർത്ത കൊമ്പുകൾ എന്റെ കണ്ണുകളിൽ നിറഞ്ഞു. ഒപ്പം ഒരു അലർച്ചയും. പണ്ടെ എന്നോടിത്തിരി കലിപ്പുള്ളതാ അവന്. ഞാൻ കൈയ്യിലുണ്ടായിരുന്ന ക്ഷീണവും ഉറക്കവുമൊക്കെ വലിച്ചെറിഞ്ഞ് ഓട്ടം തുടങ്ങി. തിരിഞ്ഞു നോക്കേണ്ട കാര്യമില്ല ചങ്ങലകിലുക്കം ചിന്നം വിളിയിൽ ചേർന്നലിഞ്ഞ് എന്റെ കാതിൽ തറഞ്ഞു കയറുന്നുണ്ട്. വീടു തന്നെ ലക്ഷ്യം. ഓടിയോടി ഞാൻ തുറന്നു കിടന്ന കുട്ടി-ഗെയിറ്റിലൂടെ അകത്തേക്ക്. വാതിൽക്കലെത്തി തുറക്കാൻ ശ്രമിക്കുമ്പഴേക്കും അവൻ ഞങ്ങളുടെ ഗെയിറ്റ് തകർക്കുന്നതിന്റെ ശബ്ദം ഞാൻ വ്യക്തമായി കേട്ടു. നാശം പിടിക്കാൻ അകത്ത് നിന്ന് ചാവി തിരുകി വച്ചിരിക്കുകയാണ്. ഇനി അത് നോക്കി നിന്നാൽ ആന എന്റെ കഥ കഴിച്ചതു തന്നെ. എങ്ങനെയും മുകളിലത്തെ നിലയിലെത്തണം. അവൻ അടുത്തെത്തുന്നതിനു മുമ്പേ ഞാൻ എങ്ങനെയോ സൺ ഷെയിഡിൽ ചാടി കയറി. അവന് വാശിയായി, തലകുലുക്കി തുമ്പിക്കൈ ഉയർത്തി എന്റെ കാലിൽ ചുറ്റി പിടിക്കാനാഞ്ഞു. “അമ്മേ..” ഞാൻ അറിയാതെ വിളിച്ചു പോയി.
ഭാഗ്യത്തിന് ഒറ്റചാട്ടം കൊണ്ട് മുകളിലത്തെ നിലയിലെ സിറ്റൌട്ട് ഗ്രീല്ലിൽ പിടികിട്ടി. തുമ്പിക്കൈ പിന്നെയും നീണ്ടു. ഞാൻ പറ്റിപ്പിടിച്ച് ആവുന്നത്ര മുകളിലേക്ക് കയറി. തിരിഞ്ഞു നോക്കി ‘അവന്റെ ചുവന്ന തീക്കട്ട കണ്ണുകൾ തുറിച്ചു നിൽക്കുകയാണ്’ അത് എന്റെ ബാക്കിയുള്ള ധൈര്യം കൂടി ചോർത്തിക്കളഞ്ഞു. പേടികൊണ്ട് ഞാൻ ആലിലപോലെ വിറച്ചു. “അയ്യോ ആരെങ്കിലും എന്നെ ഒന്ന് രക്ഷിക്കണേ...”
എന്നെ വിടാൻ ഉദ്ദേശമില്ലാത്തതുപോലെ അലറികൊണ്ട് അടുത്തു നിന്ന പേരമരം ഒടിച്ച് അവനെന്നെ ആഞ്ഞടിച്ചു. ദൂരെ തെറിച്ചു വീണ എന്റെ അടുത്തേക്ക് വിജയീ ഭാവത്തോടെ അവൻ ഓടിയടുത്തു. പിടഞ്ഞെണീറ്റ് പ്രാണ വേദനയോടെ ഞാൻ ഓടി. തിരിഞ്ഞു നോക്കാൻ പോലും മിനക്കെടാതെയുള്ള എന്റെ ഓട്ടം. ഓടിയോടി വെളിച്ചം കണ്ട ഒരിടത്തേക്ക് ഞാൻ ഓടി കയറി. അടുത്തുകണ്ട കസേരയിലിരുന്ന് മേശയിലേക്ക് തല കുമ്പിട്ടു. ഓടിയതിന്റെ അണപ്പ് തീരുന്നത് വരെ അങ്ങനെയിരുന്നു പോയി.

‘‘എത്ര നേരമായെന്നറിയാമോ ഞാനിവിടെയിരിക്കുന്നു. പതിനൊന്നു മണിയെന്നു പറഞ്ഞിട്ട് സമയമിപ്പോ എത്രായി?” “എവിടെയായിരുന്നു ഇത്ര നേരം” പതിയെ മുഖമുയർത്തി നോക്കിമ്പോൾ “സോജയാണ്” ഉണ്ട കണ്ണുരുട്ടി ആകെ ചൂടിലാണ്. “സെക്കന്റ് അവർ പ്രാക്ടിക്കലുള്ളതായിരുന്നു അതും കട്ട് ചെയ്തിട്ടാ ഞാൻ ഇവിടെ വന്ന് കുത്തിപ്പിടിച്ചിരിക്കുന്നത് അറിയാമോ?”
ഹോ ഭാര്യയുടെ കോടതിയിൽ അപ്പീൽ കിട്ടിയാലും കാമുകിയുടെ കോടതിയിൽ അപ്പീൽ കിട്ടാൻ വലിയ പാടാണു ഭഗവാനെ!!! “രാഘവേട്ടാ രണ്ട് സ്പെഷ്യൽ ചായ” അതും പറഞ്ഞ് അവൾ മാത്രം കാണെ ആ വിരലിൽ ഒരു നുള്ളുകൊടുത്തു. “ഹ്മ്മ്!!” കൈ വലിക്കുന്നതിനേക്കാൾ വേഗത്തിൽ അവൾ മുഖം കൂടീ അങ്ങു തിരിച്ചു കളഞ്ഞു. “സോറി മോളെ നിനക്കറിയാലോ ഇലക്ഷൻ ക്യാമ്പെയിൻ നടക്കുകയല്ലേ. എനിക്കത് കളഞ്ഞിട്ട് വരാനൊക്കുമോ?” “ഈ തിരക്കൊന്ന് കഴിയട്ടെ ഒരു ഫുൾ ഡേ എന്റെ സോജാ രാജകുമാരിക്ക് വേണ്ടി മാത്രം..” ഞാൻ പെട്ടന്ന് റൊമാന്റിക്കായി.
“പോ അവിടുന്ന്” അതു പറഞ്ഞ് അവൾ ദേഷ്യത്തിന്റെ അടിയിൽ നിന്ന് നാണം നിറമിട്ട ചിരിയുടെ വിരിയെടുത്ത് എന്റെ മേലേക്കിട്ടു. ഈ ലോകത്ത് ഞങ്ങൾ രണ്ടും മതിയെന്ന് തോന്നിപോയി!

“ചായ........!!” ഹോ ഈ സ്വർഗ്ഗത്തിൽ ആർക്കാടാ ഇത്ര കഠോരമായ ഒരു ശബ്ദം?. ആരത്? നോക്കുമ്പോൾ അതാ വീണ്ടും. “എന്തുവാടാ നീ ഈ ലോകത്തൊന്നുമല്ലേ?” “തൃസന്ധ്യക്കിരുന്നു സ്വപ്നം കാണാതെ ചായ കുടിച്ചട്ട് പോയി കുളിക്കാൻ നോക്കടാ......” അയ്യോ അമ്മ!!
ഞാൻ ശരിക്കും ഒന്നു ചമ്മി.

മൊബൈൽ അടിക്കുന്നുണ്ട്. അബിയാണ് വൈകിട്ട് ചീട്ടുകളിക്കാൻ ചെല്ലാമെന്ന് പറഞ്ഞതാ. ഇനി കുളി കഴിഞ്ഞ് അങ്ങ് ചെല്ലുമ്പഴേക്കും സമയം കുറെയാവും.
എന്റെ ഒരുക്കമല്ലേ അതുപോലെ തന്നെ സംഭവിച്ചു, രാത്രിയായി. അവന്റെ വീട്ടിൽ ചെന്ന് കതവിൽ മുട്ടിയതും കറണ്ട് പോയതും ഒരുമിച്ച്. ഞാൻ നീട്ടി വിളിച്ചു “എടാ അബീ....” എവിടെ ഒരനക്കവുമില്ല. വാതിൽ തുറന്ന് കിടപ്പുണ്ട്. ചെറിയ നിലാവുണ്ടെങ്കിലും പെട്ടന്ന് വെളിച്ചം പോയതു കാരണം ഒന്നും വ്യക്തമല്ല. മൊബൈലിന്റെ വെളിച്ചത്തിൽ വാതിൽ തുറന്ന് ഉള്ളിൽ കയറി വീണ്ടും വിളിച്ചു നോക്കി ഒരനക്കവുമില്ല. അവന്റെ അമ്മയെ വിളിച്ചിട്ട് കാര്യമില്ല, അപ്പുറത്ത് സീരിയൽ കാണാൻ പോയി കാണും. ‘ഇവനു എവിടേലും പോകുമ്പോ കതക് അടച്ചിട്ടു പൊയ്ക്കൂടെ വല്ല കള്ളന്മരും കയറിയാലോ?‘ ഓരോ മുറിയും കയറിയിറങ്ങി നോക്കി. എങ്ങുമില്ല... അടുക്കളയിൽ എന്തോ വീഴുന്ന ശബ്ദം. “ഹോ തീറ്റ പ്രാന്തൻ ഇരുട്ടത്തിരുന്നു വെട്ടി വിഴുങ്ങുകയായിരിക്കും.” ഒന്ന് പേടിപ്പിച്ചു കളയാം.
ഒറ്റച്ചാട്ടത്തിന് അടുക്കളയുടെ വാതിൽ ഞാൻ തള്ളിത്തുറന്ന് അകത്തു കടന്നു. “അയ്യോ....” എന്തിലോ തട്ടി ഞാനും മൊബൈലും രണ്ടുവഴിക്ക് തെറിച്ചു വീണു. ആ വീഴ്ചയിൽ വീണ്ടും എവിടെയൊ ഒന്നുകൂടി തട്ടി മലന്നർടിച്ച് നിലത്തേക്ക്. കിടന്ന കിടപ്പിൽ മുകളിലേക്ക് നോക്കിയ ഞാൻ കിടുങ്ങി പോയി. ഓടിളക്കി മാറ്റിയ വിടവിലൂടെ ഒരു മെല്ലിച്ച ശരീരം ഊർന്ന് താഴേക്ക് വരുന്നു. “അയ്യോ കള്ളൻ....... കള്ളൻ.....” എന്റെ ഒച്ചകേട്ട് ആ രൂപവും ഒന്ന് പരിഭ്രമിച്ചു എന്ന് തോന്നുന്നു. ഒരു വടിയെടുത്ത് അവനൊന്ന് കൊടുക്കാൻ തോന്നി. പക്ഷെ എഴുന്നേൽക്കാൻ പറ്റുന്നില്ല നടുതല്ലി വീണതിന്റെയാവും തലക്കൊരു പെരുപ്പ്.

കിടന്ന കിടപ്പിൽ എന്റെ കൈ അവിടെമാകെ പരതി. പിടികിട്ടിയത് ഒരു ജഗ്ഗിലാണെന്നു തോന്നുന്നു. നിറയെ വെള്ളമുണ്ട് അതാവണം നല്ല ഭാരം. അറിയാതെ പെട്ടന്ന് ചാടിയെണീറ്റുപോയി. ഒന്നുകൂടി മുകളിലേക്ക് നോക്കി.

“അല്ല കള്ളൻ........ആ കള്ളനെവിടെ....” ഞാൻ ചുറ്റുപാടും നോക്കി.

“ഹൊ എന്താ നിങ്ങൾക്കീ പാതിരാത്രിക്ക് മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ?” അഴിഞ്ഞു കിടന്ന മുടി മടക്കി കെട്ടികൊണ്ട് ലതിക എഴുന്നേറ്റിരുന്നു.
അല്പനേരത്തേക്ക് എനിക്ക് ഒന്നും പിടികിട്ടിയില്ല. അപരിചിതമായ ഏതോ സ്ഥലത്തെത്തിപെട്ട അവസ്ഥയായിരുന്നു.

“എന്താ അമ്മേ..... എന്തിനാ അച്ഛൻ നിലവിളിച്ചേ....?”

“നിന്റെ അച്ഛന്റെ ഓരോ വട്ട്. എവിടുന്നേലും കൊറെ കള്ളും കോരി കുടിച്ചോണ്ട് വരും വെറുതെ പാതിരാത്രിക്ക് മനുഷ്യനെ പേടിപ്പിക്കാൻ.” “നീ കെടന്നുറങ്ങ് രാവിലെ സ്കൂളിൽ പോകേണ്ടതല്ലേ.”

ആ ജഗ്ഗിലെ വെള്ളം പകുതിയോളം വയറ്റിലാക്കി തിരിഞ്ഞു നോക്കുമ്പോഴും രാത്രി ഉറക്കം മുടക്കിയതിന്റെ അരിശം അടങ്ങാതെ ലതിക എന്നെ എന്തൊക്കെയോ പിന്നെയും പറയുന്നുണ്ടായിരുന്നു.