ആറുമാസം മുന്‍പ് ഈ മലഞ്ചെരുവിലെ ചെറിയ വാടകവീട്ടില്‍ വന്നു താമസം തുടങ്ങിയ ആദ്യനാളുകളില്‍ ആ കുഗ്രാമത്തിലെ നാട്ടുകാര്‍ അപരിചിതയായ ആ സ്ത്രീയെക്കുറിച്ച് ഏറെ ചര്‍ച്ച ചെയ്തിരുന്നു.വെളുത്തു തുടുത്തു കാണാന്‍ നല്ല ഭംഗിയുള്ള, നല്ല രീതിയില്‍ വസ്ത്രധാരണം ചെയ്തിരുന്ന ആ സ്ത്രീ ഒരു വേശ്യയായിരിക്കുമെന്നായിരുന്നു പൊതുവെയുള്ള അഭിപ്രായം.അല്ലെങ്കില്‍ അവര്‍ വല്ല പത്രപ്രവര്‍ത്തകയോ എഴുത്തുകാരിയോ ആവണം.അതല്ലാതെ ഈ മലഞ്ചെരുവില്‍ അവരെന്തിന് ഒറ്റയ്ക്ക് താമസിക്കണം??.
പക്ഷെ പിന്നീടാണ് നാട്ടുകാര്‍ വിവരമറിഞ്ഞത് .അവരൊരു ഡോക്ടറാണ്.ഇവിടെ ഒരു ചെറിയ ആശുപത്രി തുടങ്ങി രോഗികളെയെല്ലാം പരിശോധിക്കും...
അതോടെ ആദ്യത്തെ അപരിചിതത്വം ബഹുമാനത്തിനു വഴിമാറി.താന്‍ ഡോക്ടറാണെന്ന് നാട്ടുകാര്‍ അറിഞ്ഞ ആദ്യ ദിവസം തന്നെ,തന്നെ കാണാനായി ഓടിക്കിതച്ചെത്തിയ രോഗിയെ ഡോക്ടര്‍ കമല ഒരിക്കലും മറക്കില്ല.
പത്തിരുപതു വയസ്സ് തോന്നിക്കുന്ന അയാള്‍ നന്നായി മെലിഞ്ഞിട്ടായിരുന്നു.പുറത്തു പെയ്യുന്ന മഴ മുഴുവന്‍ നനഞ്ഞു വന്ന അയാള്‍ നന്നായി തണുത്തു വിറയ്ക്കുന്നുണ്ടായിരുന്നു.ഇറയത്ത് നിന്ന് വസ്ത്രങ്ങളിലെ വെള്ളം പിഴിഞ്ഞ് കളയുന്നതിനിടെ അയാള്‍ അന്വേഷിച്ചു.
"ഇങ്ങള് ഡോക്ടറാ ??"
ഉവ്വെന്നു തലയാട്ടിയപ്പോഴാണ് അയാള്‍ ഒറ്റശ്വാസത്തില്‍ എല്ലാം പറഞ്ഞത്.
"അനിയന് ദീനമാണ് ..പനിച്ചു വിറക്കുന്നുണ്ട്..ഇങ്ങോട്ട് കൊണ്ട് വന്നൂടാ..എന്തേലും മരുന്ന് തരണം."
വിവരണവും ലക്ഷണങ്ങളും കേട്ട് അന്ന് മരുന്ന് കൊടുക്കുന്നതിനിടെ അയാളുടെ പേര് ചോദിച്ചു.രാജുവെന്നാണ് പേര്. പാടത്തിനപ്പുറം താമസിക്കുന്നു. മരുന്നിനെഴുതുന്നതിനിടെ ആ ചെറുപ്പക്കാരന്‍ എന്തോ പറയാനായി നിന്ന് പരുങ്ങുന്നത് ശ്രദ്ധിച്ചു.ചോദിച്ചപ്പോള്‍ മുഖത്ത് നോക്കാതെയാണ് അയാള്‍ മറുപടി പറഞ്ഞത്.
"അവന് എയിഡ്‌സാ..."
പെട്ടന്നതു കേട്ടപ്പോള്‍ തന്റെ മനസ്സില്‍ എന്തായിരുന്നു എന്ന് പിന്നീട് ആലോചിച്ചപ്പോഴൊന്നും ഡോക്ടര്‍ കമലയ്ക്ക് പിടികിട്ടിയിരുന്നില്ല.എങ്കിലും ചെറുതായി ഒന്ന് ഞെട്ടിയിരുന്നു എന്ന് തന്നെയാണ് ഓര്‍മ.
അന്ന് ഏറെ നേരം രാജുവുമായി സംസാരിച്ചു.മെഡിക്കല്‍ കോളേജിലെ പരിശോധനയില്‍ നിന്നുമാണ് രോഗവിവരം അറിഞ്ഞത്.അച്ഛന്‍ ചെറുപ്പത്തില്‍ നാടുവിട്ടു പോയതാണ്. അമ്മ നാലഞ്ചു വര്‍ഷം മുന്‍പ് രോഗം വന്നു മരിച്ചു.ഇപ്പോള്‍ വീട്ടില്‍ താനും അനിയനും മാത്രമേയുള്ളൂ.
തെല്ല് മടിയോടെയാണ് ഡോക്ടര്‍ അന്ന് രാജുവിനോട് അയാള്‍ക്ക് രോഗമുണ്ടോ എന്ന് ചോദിച്ചത്.
"അപ്പോള്‍ രാജുവിന്..?? "
"ഇല്ല.."
തന്റെ മുന്‍പില്‍ തലതാഴ്ത്തി കുറ്റവാളിയെപ്പോലെ ഇരിക്കുന്ന ചെറുപ്പക്കാരനെ കണ്ടപ്പോള്‍ ഡോക്ടര്‍ക്ക് സങ്കടം തോന്നി.
"എനിക്ക് നാലഞ്ചു വയസ്സുള്ളപ്പോഴാ അമ്മയ്ക്ക് ദീനം...................."
മുഴുമിപ്പിക്കാന്‍ നില്‍ക്കാതെ മരുന്നിനെഴുതിയ കുറിപ്പടിയും വാങ്ങി അയാള്‍ വേഗത്തില്‍ പടിയിറങ്ങി നടന്നു പോയി..
അവന്റെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടായിരിക്കുമെന്നു ഡോക്ടര്‍ക്ക് ഉറപ്പായിരുന്നു.അന്നവര്‍ ഏറെ നേരം ആ ഇരിപ്പിരുന്നു.
കുറച്ചു ദിവസങ്ങള്‍ കൊണ്ട് തന്നെ ഡോക്ടര്‍ നാട്ടുകാര്‍ക്ക് പ്രിയ്യപ്പെട്ടവളായി.ഇതിനിടയില്‍ത്തന്നെ ഡോക്ടറുടെ കഥ നാട്ടില്‍ പരന്നിരുന്നു.സിറ്റിയിലെ,സ്വന്തം ഭര്‍ത്താവിന്റെ ആശുപത്രിയില്‍ നിന്നും ഇറങ്ങിപ്പോന്നതാണ്.ഭര്‍ത്താവുമായി പിണക്കത്തിലാണ്.എങ്കിലും രോഗികളോടൊക്കെ നല്ല സ്നേഹത്തോടെയുള്ള പെരുമാറ്റമാണ്. വാടകവീടിന്റെ ഒരു ഭാഗത്ത് സജ്ജീകരിച്ച ക്ലിനിക്കില്‍ വന്നു പോയ എല്ലാവരും ഡോക്ടറെക്കുറിച്ചു നല്ല അഭിപ്രായം പറഞ്ഞു.എങ്കിലും,ആരുമായും വ്യക്തിപരമായി അടുക്കാതെ ഒറ്റയ്ക്ക് കഴിയുന്ന സുന്ദരിയായ ഡോക്ടറെ ചുരുക്കം ചിലയാളുകള്‍ സദാചാരത്തിന്റെ കണ്ണടയിലൂടെ നോക്കാനും മടിച്ചില്ല.
ചില രാത്രികളില്‍ വീട്ടുമുറ്റത്തെ ചൂരല്‍ കസേരയില്‍ ഒറ്റക്കിരുന്നു ആകാശത്തെ നക്ഷത്രങ്ങളെ നോക്കിയിരിക്കുന്ന ഡോക്ടറെയും നാട്ടുകാര്‍ കണ്ടു.
ഡോക്ടര്‍ ചിലപ്പോഴൊക്കെ ഭൂതകാലം ഓര്‍ക്കാറുണ്ടായിരുന്നു .പക്ഷെ, അത് പലപ്പോഴും ഒരു ചെറിയ ഇന്‍ജെക്ഷനില്‍ അവസാനിപ്പിക്കുവാന്‍ കൊതിപ്പിക്കുന്ന സ്വജീവിതം ഈ ഭൂമിയില്‍ തനിക്കിനിയുമൊരുപാട് ചെയ്തു തീര്‍ക്കാനുണ്ട് എന്നോര്‍മ്മിപ്പിക്കുമ്പോള്‍ മാത്രമാണ്.
ഒരു പക്ഷെ അന്ന്,..മാസങ്ങള്‍ക്ക് മുന്‍പ്, ആ മഹാനഗരത്തിലെ, സ്വന്തം ഭര്‍ത്താവിന്റെ പേരിലുള്ള ആശുപത്രിയില്‍ നിന്നും ഇറങ്ങിപ്പോരുമ്പോള്‍ ഡോക്ടര്‍ കമലയ്ക്ക് ഉറപ്പായിരുന്നിരിക്കണം താന്‍ ഇറങ്ങിപ്പോകുന്നത് തന്റെ ജീവിതത്തില്‍ നിന്ന് കൂടിയാണെന്ന്. അല്ലെങ്കില്‍ അന്ന് തന്റെ നേര്‍ക്ക് വച്ച് നീട്ടിയ സെറ്റില്‍മെന്റ് പേപ്പറുകള്‍ എല്ലാം വലിച്ചെറിഞെങ്കിലും , ദിവസങ്ങളായി തന്റെ മേശപ്പുറത്ത് വിശ്രമിച്ചു കൊണ്ടിരുന്ന ആ ഡിവോഴ്സ് ഫോം മാത്രം അവര്‍ സൈന്‍ ചെയ്തു റിസപ്ഷനില്‍ എല്പ്പിക്കുമായിരുന്നില്ലല്ലോ.
എന്നിട്ടും സ്വന്തം ജീവിതം ഒരു ദിവസമെങ്കിലും പഴകിപ്പോയെന്ന് ഇതുവരെ തോന്നിയിട്ടില്ല...
ഇതിനിടയില്‍ ഒന്ന് രണ്ടു തവണ അനിയനുമായി രാജു ക്ലിനിക്കില്‍ വന്നു.ലോകത്ത് മറ്റാര്‍ക്കും അവനെ വിട്ടു കൊടുക്കില്ല എന്ന മട്ടില്‍ വിനുവിനെയും ചേര്‍ത്തുപിടിച്ചു കൊണ്ടാണ് അവന്‍ വന്നത്. പലപ്പോഴും അവന്‍ അനിയന്റെ കാര്യത്തില്‍ വല്ലാതെ ആകുലനാനെന്നു തോന്നി.ചിലപ്പോള്‍ ഈ ഭൂമിയില്‍ അവന്റെ സ്വന്തമെന്നു പറയാന്‍ ഈ കുട്ടി മാത്രമേ ഉണ്ടാവുള്ളൂവായിരിക്കും.
രാജുവിന്റെ കുടുംബചരിത്രം അപ്പോഴേക്കും ഡോക്ടര്‍ മനസ്സിലാക്കിയിരുന്നു. ക്ലിനിക്കില്‍ സഹായത്തിനു വന്നിരുന്ന കൃഷ്ണനാണ് കാര്യങ്ങള്‍ പറഞ്ഞത്.
രാജുവിന്റെ അമ്മ നാട്ടിലെ അറിയപ്പെടുന്ന ഒരു വേശ്യ ആയിരുന്നത്രേ..!!!
അവന്റെ അമ്മ എയിഡ്സ് ബാധിതയായാണ് മരിച്ചതെന്ന് പറഞ്ഞപ്പോള്‍ ഭര്‍ത്താവില്‍ നിന്ന് കിട്ടിയതായിരിക്കുമെന്നാണ് ഡോക്ടര്‍ കരുതിയത്..പക്ഷെ....അവരൊരു വേശ്യയായിരുന്നു എന്നറിയുമ്പോള്‍ ഒരു വല്ലായ്മ തോന്നുന്നു. . .
വേശ്യയുടെ മകന്‍..!!
സ്വന്തം ദേഹം ഓരോ ഇഞ്ച് വളരുമ്പോഴും വെറുപ്പോടെ അവന്‍ സ്വയം വിളിക്കുന്ന പേര്...
ഡോക്ടര്‍ കമല തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച് ഓര്‍ക്കാന്‍ മടിക്കാറുണ്ട് എന്നതും സത്യമാണ്. അതു പ്രത്യേകിച്ചും, മറക്കാന്‍ ശ്രമിക്കുന്ന ചില ഓര്‍മ്മകളുടെ തിരിച്ചു വരവാവുമ്പോള്‍ ദേഹം തളരുന്നത് പോലെ തോന്നും...ആ ദിവസം രാവിലെ, അബോര്‍ഷന്‍ ചെയ്തു തരുമോ എന്ന് ചോദിച്ചു കൊണ്ട് തന്റെ മുന്നിലെത്തിയ ദമ്പതികളെ വഴക്ക് പറഞ്ഞോടിക്കുമ്പോള്‍ ശരീരത്തിനുള്ളില്‍ എവിടെയോ ഒരു മാതൃഭാവം തേങ്ങുന്നത് കേട്ടു...
അന്ന് രാത്രി പിന്നെയും ഭൂതകാലം വേട്ടയാടി.
ഗര്‍ഭനിരോധന ഉറകളില്‍ വരിഞ്ഞു കെട്ടപ്പെട്ട ജീവ ബീജങ്ങളെ നിര്‍ദയം ഫ്ലുഷ് ചെയ്തു കളയുന്ന ഒരാള്‍ ..
അയാള്‍ തന്റെ ഭര്‍ത്താവാണ്...!!
ഉറ പൊട്ടിച്ച്, കയ്യിലൂടെ ഒലിച്ചിറങ്ങിയ ശുക്ലത്തില്‍ നോക്കി അന്നും അയാള്‍ ക്രൂരമായി ചിരിച്ചു.
"ഐ ഹേറ്റ് യു....."
തലയിണയില്‍ മുഖമമര്‍ത്തി കരയുമ്പോള്‍ കുട്ടിക്കാലം ഓര്‍മവന്നു.
നാലുകെട്ടിന്റെ പടിവാതിലിനപ്പുറം പുഞ്ചകൃഷിയെ ഗര്‍ഭം ധരിക്കാനായി നിലമൊരുങ്ങിക്കഴിഞ്ഞു ...എങ്ങും മോഹിപ്പിക്കുന്ന വയലിന്റെ ഗന്ധം..കൈത പൂത്തുനിന്ന അമ്പലക്കുളത്തിനരികെ വലിയൊരു ഇലഞ്ഞി മരമുണ്ട്..അവിടെ നാണത്തോടെ തലകുനിച്ചു നില്‍ക്കുന്ന ഋതുമതിയായ കൊച്ചു കമല...
ഒരു കൂട നിറയെ ചുവന്ന പൂക്കളുമായി അവള്‍ കാത്തിരുന്നതാരെയാണ്??
രാജുവിനെ ചില നാട്ടുകാര്‍ "ബലൂണ്‍ " എന്നു വിളിച്ചു കളിയാക്കുന്നത് ഡോക്ടര്‍ കേട്ടിരുന്നു.അതിനു പിന്നിലെ കഥ അറ്റെന്‍ഡര്‍ കൃഷ്ണനോട് ചോദിച്ചപ്പോള്‍ അയാള്‍ ചിരിച്ചു കൊണ്ട് ഒഴിഞ്ഞുമാറി.
"ഹഹ..അത് വല്ലാത്ത ഒരു കഥ്യാ ഡോക്ടറെ...പുറത്തു പറയാന്‍ കൊള്ളൂല...."
അയാളന്ന് പിന്നെയും എന്തൊക്കെയോ ഓര്‍ത്തോര്‍ത്തു ചിരിച്ചു.
പിന്നെയും കുറേ ദിവസങ്ങള്‍ കഴിഞ്ഞപ്പോഴൊരു ദിനം മുറ്റമടിക്കാന്‍ വരുന്ന ശാരദയാണ് ഡോക്ടറോട് വിവരം പറഞ്ഞത്.
"മ്മടെ രാജൂന് പനിയാ...ഒരേ കെടപ്പാ.."
"ശാരദ പോയിരുന്നോ അവിടെ??"
"അമ്മോ ആ വിനൂന് എയിട്സാ ഞമ്മളാ വഴിക്കില്ലേ........"
ആ നാട് മുഴുവനും രാജുവിനെയും അനിയനെയും ഒറ്റപ്പെടുത്തിയിരിക്കുകയാണെന്ന് കുറേ നാളുകള്‍ക്കു മുന്‍പേ അറിയാവുന്നത് കൊണ്ടാണ് രാജുവിന്റെ വീട്ടിലേക്ക് ഒറ്റയ്ക്ക് പോകാന്‍ തന്നെ തീരുമാനിച്ചത്.
പാടവരമ്പിലെ ചെളിയില്‍ കാല്‍ തെന്നാതെ നടക്കുമ്പോള്‍ കുറേ നാളുകള്‍ക്കു ശേഷം പിന്നെയും കുട്ടിക്കാലമോര്‍ത്തുപോയി. ഏക്കറുകള്‍ വരുന്ന നെല്‍പ്പാടത്തു തോര്‍ത്തുകൊണ്ട് തലയില്‍ വട്ടം കെട്ടി രാജാവിനെപ്പോലെ അച്ഛന്‍.കാക്കപ്പൂവും അതിരാണിയും നിറഞ്ഞ കൂടയില്‍ പിന്നെയും പിന്നെയും പൂക്കള്‍ പറിച്ചിടുന്ന കുഞ്ഞു കമല. പിന്നെയും ചിന്തകള്‍ അനുവാദമില്ലാതെ കടന്നു വന്നു....പാടവരമ്പിന്റെ അങ്ങേയറ്റത്തെത്തുമ്പോഴേക്കും, കണ്ണെത്താദൂരം പരന്നു കിടക്കുന്ന നെല്‍വയലുകളും തെങ്ങിന്‍ തോപ്പുകളും ഒരു മോര്‍ഫിങ്ങിലെന്ന രൂപാന്തരം പ്രാപിച്ചു പത്തോളം നിലകളുള്ള ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലാകുന്നു.ആ ചുഴിയില്‍ പെട്ട് അച്ഛനും വീടുമെല്ലാം കറങ്ങുന്നു.....സൂക്ഷിച്ചു നോക്കി.
പിറകില്‍ നിഴലായി കണ്ട ആ കറുത്ത രൂപം തന്റെ ഭര്‍ത്താവാണ്..
രാജുവിന്റെ ചെറ്റക്കുടിലിലേക്ക് കടക്കുന്നതിനിടെ പുറത്തു നിന്നാരോ വിളിക്കുന്നത് കേട്ടു.
ആകെ മൂടിപ്പുതച്ചു ആ വലിയ മരത്തിന്റെ ചുവട്ടില്‍ നിന്നും എഴുന്നേറ്റു വരുന്നത് രാജുവാണ്.!!തൊട്ടു നോക്കി പൊള്ളുന്ന പനി..!!
"എന്താ രാജൂ..നീ ഈ മഴയത്ത് ഈ നിലയില്‍ പുറത്ത്..??!!!!"
അവനെ ആ നിലയില്‍ പുറത്ത് കണ്ടതിനേക്കാള്‍ ഡോക്ടറെ അത്ഭുതപ്പെടുത്തിയത് അവന്റെ മറുപടിയായിരുന്നു.
"ഇപ്പോള്‍ ഭേദമുണ്ട് സാറേ...പണ്ട് മെഡിക്കല്‍ കോളേജിലെ ഡോക്ടര് പറഞ്ഞിരുന്നു വിനൂന് സൂക്കേട് വരാന്‍ എളുപ്പാണ് അതുകൊണ്ട് പനിയോ ജലദോഷമോ ഒക്കെ പിടിച്ചവര്‍ അവന്റെ അടുത്തു പോകരുതെന്ന്..എനിക്ക് കഴിഞ്ഞ ദിവസം ജലദോഷം പിടിച്ചതാ.. ... അതോണ്ട് ഞാനിന്നലെ ആ മരച്ചോട്ടില്‍ കിടന്നു..."
അന്നാദ്യമായി തന്റെ ഒരു രോഗിയോട് ഡോക്ടര്‍ക്ക് വല്ലാത്ത ബഹുമാനം തോന്നി.
"ഈ അവസ്ഥയില്‍ മഴയും കൊണ്ട് രാത്രി മുഴുവനും രാജു പുറത്തിരിക്കുകയായിരുന്നോ??"
"എനിക്ക് പനി പിടിച്ചാല്‍ മാറും പക്ഷെ വിനൂന്..."
ആ സ്വരത്തില്‍ അലിഞ്ഞു ചേര്‍ന്ന ഭാവത്തിന്റെ തീവ്രതയില്‍ ഡോക്ടര്‍ വിഷയം മാറ്റി .
"രാജു എത്ര വരെ പഠിച്ചു??
"അഞ്ചാം ക്ലാസ്സില്‍ പഠിപ്പു നിര്‍ത്തി സാറേ.."
"അതെന്തേ?"
"അമ്മ....."
അമ്മ എന്ന പദത്തിന്റെ പരിചിതമല്ലാത്ത അര്‍ത്ഥങ്ങളില്‍ ശരീരം വിയര്‍ത്ത് ഡോക്ടര്‍ ഏറെ നേരം അവന്റെ ക്ഷീണിച്ച കണ്ണുകളിലേക്ക് നോക്കിയിരുന്നു.എയിഡ്സ് വന്നു മരിച്ച ഒരു വേശ്യയുടെ മകന്റെ ജീവിതം... കടുത്ത വൈകാരികത തുളുമ്പി നില്‍ക്കുന്ന നില്‍ക്കുന്ന റിയല്‍ ലൈഫ് സിനിമകളില്‍ പോലും അന്യമായ ചില ഭാവങ്ങള്‍, ജീവിതം മാത്രം അഭിനയിക്കാന്‍ വിധിക്കപ്പെട്ട ഒരു നടന്റെ മുഖത്ത് അന്നാദ്യമായി ഡോക്ടര്‍ കണ്ടു...
ആകാശം മുട്ടുന്ന ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ നിലകള്‍ ഒന്നൊന്നായി തകര്‍ന്നു വീഴുകയാണ്...പൊടിയാണ് ചുറ്റും.തമ്മില്‍ തമ്മില്‍ കാണാന്‍ കഴിയാത്ത അത്രയും പൊടി....അതിലൂടെ നോക്കിയാല്‍ മുഖം പോലും കാണാന്‍ കഴിയില്ല..
പിന്നല്ലേ മനസ്സ്.!!
അതിനപ്പുറം???
ബന്ധങ്ങളുടെ ചോദ്യോത്തരങ്ങള്‍ കൂട്ടിമുട്ടി മനസ്സിന്റെ ഉള്‍ത്തടം കരിഞ്ഞു കൊണ്ടിരുന്നു.കയ്യിലെ മരുന്നുകള്‍ കൊടുത്തു തിരിച്ചു വരാന്‍ നേരം കണ്ണുകളില്‍ ദൈന്യത നിറച്ച് വീണ്ടുമെന്തോ ചോദിക്കാനാഞ്ഞ രാജുവിന്റെ മുന്നില്‍ വീണ്ടും ഡോക്ടര്‍ക്ക് കാലു തളര്‍ന്നു.
"സാറേ..എന്റെ വിനൂന് ഇനി.........അവനെത്രകാലം ??"
പണ്ട് കുട്ടിക്കാലത്ത് വിടര്‍ന്ന കണ്ണുകളോടെ കുഞ്ഞു കമല വായിച്ചു തീര്‍ത്ത നാടോടിക്കഥയിലെ മന്ത്രവാദിനി ആയുസ്സ് വലിച്ചു നീട്ടാന്‍ കഴിവുള്ള മാന്ത്രികവടി കൈമോശം വന്ന് കണ്മുന്നില്‍ വന്നു നിന്നു കരയുന്ന പോലെ തോന്നി..
അന്ന് മുതലാണ് രാജുവിന് ഡോക്ടര്‍ ക്ലിനിക്കില്‍ ഒരു സ്ഥിരം ജോലി കൊടുത്തത്. തന്റെ വീടിന്റെ ഒരു മുറി അവര്‍ രാജുവിനും വിനുവിനും വേണ്ടി മാറ്റിവെക്കുകയും ചെയ്തു.
പലരും അവനെ ബലൂണെന്നു വിളിച്ചു കളിയാക്കി..അപ്പോഴവന്റെ മുഖം ദേഷ്യവും സങ്കടവും കൊണ്ട് ചുവക്കുന്നത് ഡോക്ടര്‍ പലപ്പോഴും കണ്ടിട്ടുണ്ട്..ഒരിക്കല്‍ അവനോടു നേരിട്ട് ചോദിച്ചപ്പോള്‍ അവനൊന്നും മിണ്ടാതെ ഒഴിഞ്ഞുമാറുകയാണുണ്ടായത്..പിന്നീടൊരു ദിവസം ഡോക്ടറെ കാണാന്‍ വന്ന, രാജുവിന്റെ അയല്‍ക്കാരനും പഴയ പഞ്ചായത്ത് പ്രസിഡന്റുമായ മോഹനന്‍ മാസ്റ്റരാണ് അവന്‍ കേള്‍ക്കാതെ ആ കഥ ഡോക്ടരോടു പറഞ്ഞത്..
"രാജുവിന്റെ അമ്മ ഒരു മോശം സ്ത്രീ ആയിരുന്നു എന്ന് ഡോക്ടര്‍ക്ക് അറിയാമല്ലോ.."
"അതെ.."
"അന്നവന് നാലോ അഞ്ചോ വയസ്സ് പ്രായം കാണും..." അയാള്‍ തുടര്‍ന്നു..
"ഒരു ദിവസം തന്‍റെ അമ്മയുടെ പേഴ്സില്‍ നിന്നും അവനു കുറെ ഗര്‍ഭനിരോധന ഉറകള്‍ കിട്ടി....കുട്ടിയായിരുന്ന അവന്‍ അതെന്തെന്നറിയാതെ................."
"മതി..."
ആ രംഗം ഭാവനയില്‍ കണ്ട ഡോക്ടര്‍ക്ക് കൂടതല്‍ കേള്‍ക്കണമെന്ന് തോന്നിയില്ല....കൂടുതല്‍ സംസാരിക്കാന്‍ നില്‍ക്കാതെ അവരാ സംഭാഷണം അവസാനിപ്പിച്ചു..
ചുറ്റിലും ബലൂണുകളാണ്..പല നിറത്തിലുള്ളവ..അതു കയ്യിലേന്തി പരിഭ്രമിച്ചു നോക്കുന്ന ഒരഞ്ചു വയസ്സുകാരന്‍.....അവനു പിന്നാലെ കൂര്‍ത്ത മുള്ളുകളുമായി ഓടി വരുന്ന കുറേ പേര്‍ ..അവര്‍ കുത്തിപ്പൊട്ടിക്കാന്‍ ശ്രമിക്കുന്നത് ആ ബലൂണുകളല്ല...ചോരപൊടിയുന്ന മനസ്സുമായി ആ അഞ്ചുവയസ്സുകാരന്‍ ഓടുകയാണ്...പിന്നാലെ അവരും..അകലെ നിന്നും കാതടപ്പിക്കുന്ന ശബ്ദത്തില്‍ ബലൂണുകള്‍ പൊട്ടിച്ചിതറുന്നുണ്ട് ...
ഒരിക്കലുമുണങ്ങാത്ത തിരിച്ചറിവിന്റെ മുറിവുകളില്‍ കടുത്ത അനുഭവങ്ങളുടെ ലേപനം പുരട്ടി ആ മെലിഞ്ഞ രൂപം ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നു....
ഒരു രോഗിയുടെ മരണം നേരില്‍ കാണുന്നത് ഡോക്ടര്‍ക്ക് ആദ്യത്തെ അനുഭവമൊന്നുമല്ല. എങ്കിലും നാട്ടുകാര്‍ മുഴുവനും പറഞ്ഞത് തന്റെ അടുത്ത ആരുടെയോ വിയോഗം പോലെ ആ മരണം ഡോക്ടറെ വിഷമിപ്പിച്ചു എന്നാണ്. പിന്നീടുള്ള ദിവസങ്ങളില്‍ ഡോക്ടറും ആലോചിച്ചത് അതായിരുന്നു. പിടിച്ചു കെട്ടാന്‍ വിഷമകരമായ ഒരു നീണ്ട മൌനത്തിലേക്ക് രാജുവിനെ തള്ളിയിട്ട ആ മരണം, അക്കാരണം കൊണ്ടുതന്നെയാവണം ഒരുപക്ഷെ ഡോക്ടറെയും വല്ലാതെ വേദനിപ്പിച്ചത്.
വിനുവിന്റെ മരണത്തിനു ശേഷം രാജു ഒന്നും സംസാരിച്ചിട്ടില്ല.
സൈക്കോളജിയില്‍ തനിക്ക് ഒരു അധിക ബിരുദം ഉള്ളത് ഡോക്ടര്‍ മറന്നു തുടങ്ങിയത്,താളം തെറ്റിയ സ്വന്തം ജീവിതത്തെ രക്ഷിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടപ്പോഴാണോ എന്നറിയില്ല. എങ്കിലും പലപ്പോഴും തന്റെ മനസ്സിലേക്ക് അനുവാദമില്ലാതെ കടന്നു വരാന്‍ ശ്രമിച്ച ഡിപ്രഷന്റെ പ്രച്ഛന്നവേഷങ്ങള്‍ രാജുവിലേക്ക് നീണ്ടു ചെല്ലുന്നത് അവര്‍ തിരിച്ചറിയുക തന്നെ ചെയ്തു..എങ്കിലും, അനിയന്റെ ഓര്‍മകളും പേറി മാസങ്ങളോളം ക്ലിനിക്കിന്റെ മൂലയില്‍ ചടഞ്ഞിരുന്ന നീണ്ട മൌനം ഒടുവില്‍ സംസാരിച്ചു തുടങ്ങിയപ്പോഴേക്കും ഡോക്ടറുടെ ക്ലിനിക്കില്‍ രോഗികള്‍ വളരെ കുറഞ്ഞിരുന്നു.
അവനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാനായിരുന്നു ഡോക്ടറുടെ ശ്രമം.പക്ഷേ ഏറെ നാള്‍ കഴിയും മുന്‍പേ ആ ക്ലിനിക്കിന്റെ പടിയിറങ്ങി രാജു എങ്ങോ പോയി മറഞ്ഞു..
പിന്നെ ഡോക്ടര്‍ രാജുവിനെ കാണുന്നത് ഒരുപാടു വര്‍ഷങ്ങള്‍ക്കു ശേഷമാണ്.
അങ്ങ് ദൂരെ മഹാനഗരത്തില്‍ , ലൈംഗിക തൊഴിലാളികളുടെ പുനരധിവാസത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ ബോധവല്‍ക്കരണ ക്യാമ്പില്‍ ക്ലാസെടുക്കാന്‍ പോയതായിരുന്നു അവര്‍ .ക്യാമ്പിന്റെ ഇടവേളയില്‍ ഭക്ഷണം കഴിക്കുന്നതിനിടെ തന്റെ മുന്നില്‍ വന്നു നിന്ന ആ മെല്ലിച്ച ചെറുപ്പക്കാരനെ വര്‍ഷങ്ങള്‍ക്കു ശേഷവും ഡോക്ടര്‍ തിരിച്ചറിഞ്ഞു.
അവന്റെ സംസാരത്തിലെയും പെരുമാറ്റത്തിലെയും മാറ്റമാണ് അവരെ വല്ലാതെ അത്ഭുതപ്പെടുത്തിയത്..
അവനിപ്പോള്‍ വലിയ വലിയ കാര്യങ്ങള്‍ സംസാരിക്കുന്നു..ചെയ്യുന്നു..ഈ സംഘടനയുടെ ഒരു വളണ്ടിയറായി..
പഴയ രാജുവിന്റെ സ്വരത്തിലല്ല അയാള്‍ സംസാരിച്ചു തുടങ്ങിയത്..
"പതിനഞ്ചു കൊല്ലം മുന്‍പ് അന്നാ ക്ലിനിക്കില്‍ നിന്നും ഇറങ്ങിപ്പോന്ന ഞാന്‍ എത്തിപ്പെട്ടത് ഈ നഗരത്തിലാണ്..മരിക്കണം എന്ന് കരുതിയാണ് ഇങ്ങോട്ട് വന്നത്..ഇവിടെയാവുമ്പോള്‍ ആരും അറിയില്ലല്ലോ..അങ്ങനെ ഒരു റെയില്‍ പാളത്തില്‍ തല ചേര്‍ത്തു തീവണ്ടി വരുന്നതും കാത്തിരുന്നപ്പോഴാണ് ആരോ എന്‍റെ ദേഹത്ത് വന്ന് വീണത്..ഞാന്‍ നോക്കിയപ്പോള്‍ അതൊരു സ്ത്രീ ആയിരുന്നു...എന്‍റെ അമ്മയെ പോലെ..."
അയാളുടെ വാക്കുകള്‍ അല്‍പ്പമൊന്നു പതറിയെങ്കിലും പിന്നെയും തുടര്‍ന്നു..
"അവരൊരു വേശ്യയായിരുന്നെങ്കിലും അതിനെ ആരോക്കയോ ചേര്‍ന്ന് ബലാല്‍സംഘം ചെയ്തു കൊണ്ടിട്ടതായിരുന്നു..എനിക്കെന്താണ് അവരെ രക്ഷിക്കാന്‍ തോന്നിയതെന്നറിയില്ല..അന്നവരുടെ കൂടെ ഞാനും രക്ഷപ്പെട്ടു..ഈ സംഘടനയിലെ നല്ല മനുഷ്യരുടെ സഹായത്തോടെ....ഇവരെന്‍റെ മനസ്സിനെ മാറ്റിയെടുത്തു..എന്‍റെ കഥമുഴുവന്‍ ചോദിച്ചറിഞ്ഞ ഇവര്‍ എന്നെ ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാക്കി..എനിക്ക് നല്ല വിജ്ഞാനം പകര്‍ന്നു തന്നു..എനിക്കൊരുപാട് അറിവുകള്‍ കിട്ടി ഞാനങ്ങനെ പുതിയൊരു മനുഷ്യനായി...ലൈംഗിക തൊഴിലാളികളുടെ ഉന്നമനത്തിനും എയിഡ്സ് ബോധവല്‍ക്കരണത്തിനുമായി ഇവരുടെ കൂടെ ഇന്ന് ഞാനും സഞ്ചരിക്കുന്നു..."
ഒരു യഥാര്‍ത്ഥ മനുഷ്യനെ കണ്ടു മുട്ടിയ സന്തോഷത്തില്‍ തന്റെ കണ്ണ് നിറയുന്നുവോ എന്ന് പോലും ഡോക്ടര്‍ ഭയപ്പെട്ടു..
"ഞങ്ങള്‍ ഒരിപാടിടങ്ങളില്‍ സഞ്ചരിച്ചു..ഒരുപാടു ലൈംഗിക തൊഴിലാളികളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു..പേരുകള്‍ പലതാണെങ്കിലും പലരുടെയും കഥകള്‍ ഏതാണ്ടോരുപോലെയായിരുന്നു..പല സാഹചര്യങ്ങളിലും പെട്ട് വഴിതെറ്റി പോയവര്‍ .... .എയിഡ്സ് രോഗം വന്ന് ഒറ്റപ്പെട്ടുപോയ പലരെയും ഞങ്ങള്‍ കണ്ടു..പലര്‍ക്കും ആശ്വാസമേകി..ഈ പ്രവര്‍ത്തനങ്ങള്‍ ..ഇതാണ് ഇന്നെന്നെ ജീവിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്...."
അയാളുടെ ശബ്ദം നേര്‍ത്തു വന്നു..
"എങ്കിലും എന്നെ ഇന്നും വേട്ടയാടുന്ന ഒരു കാര്യമുണ്ട് ഡോക്ടര്‍ ...അയാള്‍ ഒരു നിമിഷം നിര്‍ത്തിയാണ് ചോദിച്ചത്..
"എന്‍റെ അമ്മയ്ക്ക് എയിഡ്സ് വരാന്‍ ഞാനും ഒരു കാരണമല്ലേ.."....
ഡോക്ടര്‍ ചോദ്യ ഭാവത്തില്‍ രാജുവിനെ നോക്കി.
"അന്ന് അമ്മയുടെ കയ്യിലെ ഗര്‍ഭനിരോധന ഉറകള്‍ ഞാന്‍ കാണാതിരുന്നെങ്കില്‍ ഒരു പക്ഷേ അമ്മ കുറേ കാലം കൂടി സുരക്ഷിതയായി ജീവിച്ചിരുന്നേനെ..അല്ലെ ഡോക്ടര്‍ ??
ഒരു മകന്‍ ഒരിക്കലും ചോദിക്കാനാഗ്രഹിക്കാത്ത ആ ചോദ്യത്തിന്‍റെ തീവ്രതയ്ക്ക് മുന്നില്‍ ഉത്തരം പറയാനാവാതെ ഡോക്ടര്‍ ഏറെ നേരം പകച്ചു നിന്നു...
അന്ന് ഉച്ചയ്ക്കുശേഷം ആ സദസ്സില്‍ സംസാരിക്കവേ രാജുവിന്‍റെ കഥ പറഞ്ഞ്,അയാളെ ചൂണ്ടിക്കാണിച്ച് ഡോക്ടര്‍ വികാരാധീനയായി പറഞ്ഞു..
"ഇതാ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നു..ഈ ഭൂമിയില്‍ ഞാന്‍ കണ്ട ഏറ്റവും പച്ചയായ മനുഷ്യന്‍..."
അന്ന് വൈകീട്ട് തിരിച്ചു പോകുമ്പോഴും ഡോക്ടറുടെ മനസ്സിനെ പിടിച്ചുലച്ചുകൊണ്ടിരുന്നത് യാത്ര പറയാന്‍ നേരം രാജു ചോദിച്ച ആ കൊല്ലുന്ന ചോദ്യമായിരുന്നു..
"എന്നെ ബലൂണ്‍ രാജുവെന്നു വിളിച്ചു കളിയാക്കിയ സമൂഹത്തോട് എനിക്കൊന്നേ ചോദിക്കാനുള്ളൂ ഡോക്ടര്‍ ..."
"സ്വന്തം കുഞ്ഞുങ്ങള്‍ക്ക് ഒരു നേരത്തെ ആഹാരത്തിനായി ശരീരം വില്‍ക്കാന്‍ നിര്‍ബന്ധിതരാവുന്നവരോട് നിങ്ങള്‍ എന്ത് പറയും??...അവരെ പട്ടിണിക്കിടാനോ അതോ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിച്ച് സ്വയം സുരക്ഷിതരായി തൊഴിലില്‍ തുടരാനോ????..........
.
മുരളി I Murali Nair
http://www.peythozhiyathe-pravasi.blogspot.com/
.
53 Comments, Post your comment:
"സ്വന്തം കുഞ്ഞുങ്ങള്‍ക്ക് ഒരു നേരത്തെ ആഹാരത്തിനായി ശരീരം വില്‍ക്കാന്‍ നിര്‍ബന്ധിതരാവുന്നവരോട് നിങ്ങള്‍ എന്ത് പറയും??അവരെ പട്ടിണിക്കിടാനോ അതോ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിച്ച് സ്വയം സുരക്ഷിതരായി തൊഴിലില്‍ തുടരാനോ??
ഈ ഭൂമിയില്‍ ഞാന്‍ കണ്ട ഏറ്റവും പച്ചയായ മനുഷ്യന്‍...
:(
:-(
പച്ചയായ കഥ....മനസ്സില്‍ കുത്തി നോവിക്കുന്നു..
നല്ല അവതരണം. സമൂഹ മനസാക്ഷിയിലെക്കൊരു എത്തിനോട്ടം,..നന്നായി ചിത്രീകരിച്ചു,..ഇഷ്ടപ്പെട്ടു
:-|
കഥ നന്നായിരിക്കുന്നു ഭായ്...
മുരളി,
നല്ല പ്രമേയം. ചില സ്ഥലങ്ങളില്‍ അക്ഷരപിശാച് കടന്നു കൂടിയിട്ടുണ്ട്. എനിക്ക് പണിവന്നാല്‍ മാറും എന്നത് ഉദാഹരണം. പിന്നെ കഥയുടെ പേര് ഇതിലും മനോഹരമാക്കാമായിരുന്നോ എന്നൊരു തോന്നല്‍. ജീവിതം കൊണ്ട് ഊതിവീര്‍പ്പിച്ച ബലൂണ്‍.. എന്റെ മനസ്സില്‍ തോന്നിയ ഒരു പേരാണ്.. ഇത് കഥയുടെ ഉള്‍ക്കാമ്പിനോട് ആ പേരിന് നീതിപുലര്‍ത്താന്‍ കഴിയാത്ത പോലെ..
(പെയ്തൊഴിയാതെയില്‍ പോസ്റ്റ് ചെയ്തതാണ് ഈ കമന്റ്. ഇവിടെയും കിടക്കട്ടെ!!)
: )
"സ്വന്തം കുഞ്ഞുങ്ങള്‍ക്ക് ഒരു നേരത്തെ ആഹാരത്തിനായി ശരീരം
വില്‍ക്കാന്‍ നിര്‍ബന്ധിതരാവുന്നവരോട് നിങ്ങള്‍ എന്ത് പറയും???
മനസിനെ നോവിച്ചു ......
ഈ കഥയ്ക്ക് കമന്റിട്ടില്ലെങ്കില്‍ പിന്നെ എന്തിനാ ഈ കമന്റ് ബോക്സ് ?? കഥ ഒത്തിരി ഇഷ്ട്ടമായ് !!!! പിന്നെ തലക്കെട്ടിനൊരു ഭംഗി കുറവില്ലേ എന്ന്‍ എനിക്കും ഒരു സംശയം
വായിച്ചു
>>>"ഇതാ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നു..ഈ ഭൂമിയില്‍ ഞാന്‍ കണ്ട ഏറ്റവും പച്ചയായ മനുഷ്യന്‍..."<<<
ഈ വരികള്‍ വായിച്ചപ്പോ അറിയാതെ കൈയടിക്കണമെന്ന് തോന്നി.
അത്രക്ക് മുഴുകി ഞാനീ കഥയില്‍.
ഇഷ്ട്ടായി കഥ
പ്രിയ മുരളി,
കഥ വായിച്ചു.. വിഷയം വളരെ നന്നായിരിക്കുന്നു.
പല ചോദ്യങ്ങളും വായനക്കാര്‍ക്ക് നേരെ എറിയാന്‍ കഴിഞ്ഞു.. ആ നിലയ്ക്ക് ഈ കഥ വളരെ നന്നായി..
ഇനി കഥയുടെ ഭാഷയെ പറ്റി കുറച്ചു പറയട്ടെ... എന്റെ നിരീക്ഷണങ്ങള്‍ മാത്രമാണ് ... ശരിയാവണമെന്നില്ല..
ഒരു ചെറിയ നോവല്‍ ആക്കാനുള്ളത്ര കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു.. അതൊരു കഥയില്‍ ആയപ്പോള്‍ ഇത്തിരി ശോഭ കുറഞ്ഞോ എന്നൊരു സംശയം..
വായിച്ചപ്പോള്‍ ഒരു ഒഴുക്ക് ഫീല്‍ ചെയ്തില്ല. പല വാക്യങ്ങളും രണ്ട് തവണ വായിക്കേണ്ടി വന്നു.
ഉദാഹരണത്തിന്..
"തെല്ല് മടിയോടെയാണ് ഡോക്ടര്‍ അന്ന് രാജുവിനോട് അയാള്‍ക്ക് രോഗമുണ്ടോ എന്ന് ചോദിച്ചത്." ഈ വാക്യം കുറച്ചു ഒതുക്കാമായിരുന്നു..
വാക്യങ്ങളുടെ നീളം അല്പം കുറച്ചാല്‍ മേല്പറഞ്ഞ പ്രശ്നം പരിഹരിക്കാം എന്നാണ് എനിക്ക് തോന്നുന്നത്..
കാമ്പുള്ള കഥകള്‍ ഇനിയും എഴുതുക.. ആശംസകള്‍..
zephyr zia
nikukechery
IndianSatan
ratheesh
മാഡ്
kARNOr(കാര്‍ന്നോര്)
റിയാസ് (മിഴിനീര്‍ത്തുള്ളി)
Manoraj
~ex-pravasini
Lipi Ranju
binoj joseph
കൂതറHashimܓ
ശാലിനി
കഥ വായിച്ച് അഭിപ്രായമെഴുതിയതില്‍ വളരെ നന്ദി.
@മനോരാജ് :
അക്ഷരത്തെറ്റ് കാണിച്ചു തന്നതിന് നന്ദി.ശരിയാക്കിയിട്ടുണ്ട്.പിന്നെ കഥയുടെ പേര് അത്ര നന്നായില്ല എന്നെനിക്കും തോന്നിയിരുന്നു.പോസ്റ്റ് ചെയ്തു പോയത് കൊണ്ട് ഇനി മാറ്റുന്നില്ല..അടുത്ത പോസ്റ്റ് മുതല്‍ ശ്രദ്ധിക്കാം.വളരെ നന്ദി.
@ശാലിനി : നല്ല അഭിപ്രായത്തിന് നന്ദി.
പിന്നെ എന്റെ മിക്ക കഥകളിലും പ്ലോട്ട് ഒരുപാട് വലുതാണ് അത് പറഞ്ഞു വരുമ്പോള്‍ കഥയും വലുതാവുന്നു.വലിയ പ്ലോട്ട് തിരഞ്ഞെടുക്കുമ്പോഴുള്ള പരിമിതിയാണിത്.പിന്നെ വാക്യങ്ങളുടെ ഘടന എന്‍റെതായ രീതിയിലുള്ള ഒരു എഴുത്തിന്‍റെ ഭാഗമാണ്.തികച്ചും സാധാരണമായ വാക്യങ്ങളും സംഭാഷണങ്ങളും എഴുതുന്നതിനു പകരം മനപൂര്‍വം ആ ഘടനയില്‍ മാറ്റം വരുത്തിയതാണ്.ഒരു ശൈലി എഴുത്തില്‍ കൊണ്ടു വരാനുള്ള ശ്രമം.എങ്കിലും ഒഴുക്കുള്ള വായനയ്ക്ക് അതു തടസ്സമാവുന്നുവെങ്കില്‍ അടുത്ത കഥ മുതല്‍ മാറ്റം വരുത്താന്‍ ശ്രമിക്കാം
നല്ല നിര്‍ദേശത്തിന് നന്ദി.
നല്ല കഥയാണ്..എനിക്ക് അനുഭവപെട്ടത്
ഞാന്‍ പറഞ്ഞോട്ടെ.
കുറച്ചുകൂടി നന്നായി പറയാമായിരുന്നു.
വായനാ സുഖം ഇല്ല..
കഥയ്ക്ക് ഒഴുക്ക് അനുഭവപെടീല്ല....
ഇനിയും നല്ല കഥകള്‍ പിറക്കട്ടെ
കഥാവായനയിൽ, എന്നെ ഏറ്റവുമാകർഷിച്ച ഘടകം, സമൂഹത്തിന്റെ ഉയർന്ന ശ്രേണിയിൽ ജീവിക്കുന്ന ഒരു ഡോക്ടറുടെയും താഴേത്തട്ടിലെ രാജുവിന്റെയും ജീവിതങ്ങൾ തമ്മിൽ സ്വാഭാവികമായും സംഭവിക്കുന്ന ഒരു താരത മ്യമാണ്. ഭിന്നമായ കാരണങ്ങളാൽ രണ്ടുപേരും ജീവിതപരാജയം ഏറ്റുവാങ്ങിയവരാണ്.! ഈ പരാജയം തന്നെയാണ് ഒരുപക്ഷേ, വേറിട്ട രീതിയിൽ ജീവിതത്തെ നോക്കിക്കാണാനുള്ള ഒരു ധൈര്യം അവർക്കു പകർന്നു നൽകുന്നത്.! ഒരു സാമൂഹ്യദൌത്യം ഏറ്റെടുക്കാൻ പോലും അവർ തയ്യാറാകുന്നതിന്റെ പശ്ചാത്തലവും ഒരുപക്ഷേ, ഈ പരാജയം തന്നെയാണ്. ഈ രണ്ടു ജീവിതങ്ങൾ തമ്മിലുള്ള പാരസ്പര്യം കഥയിലുണ്ട്. എന്നാൽ അത് ഇണക്കിച്ചേർത്തതിലെ ശില്പം അല്പം കൂടി നന്നായിരുന്നെങ്കിൽ, കഥയുടെ മാനം ഇനിയും ഉയരുമായിരുന്നു.!!
kurachu koode othukki ozhukkil parayamayirunnu enthayalum nannayi
katha ishtaayi
ആശംസകള്‍. കഥ നന്നായിട്ടുണ്ട്.
നല്ല കഥ..
BUT, IT COULD HAVE BEEN BETTER..
കഥയുടെ അവസാനം മുരളി ചോദിച്ച ചോദ്യത്തിന് ഉത്തരം തരാൻ കഴിഞ്ഞാൽ സ്വന്തം കുഞ്ഞുങ്ങള്‍ക്ക് ഒരു നേരത്തെ ആഹാരത്തിനായി ശരീരം വില്‍ക്കാന്‍ നിര്‍ബന്ധിതരാവുന്നവരുടെ എണ്ണം നമുക്ക് കുറയ്ക്കാം.വേദനയോട് കൂടി ആ സത്യം പറയട്ടെ ‘ഉത്തരം എനിക്കറിയില്ല‘.ഒന്നെനിക്കറിയാം എനിക്കും എന്തൊക്കെയൊ ചെയ്യാനുണ്ട് ഈ സമൂഹത്തിൽ.. കഥ നന്നായിരിക്കുന്നു.ആശംസകൾ..
മുരളി,
നല്ലൊരു വിഷയം പ്രമേയമാക്കിയതിൽ സന്തോഷം. ചിലയിടങ്ങളിൽ സ്വയമറിയാതെ വീർപ്പുമുട്ടൽ അനുഭവപ്പെടുന്നുണ്ടായിരുന്നു. കഥാന്ത്യത്തിൽ സാമൂഹ്യപ്രവർത്തകനായി മാറിയ രാജു ഡോക്ടറോട് ചോദിയ്ക്കുന്ന ചോദ്യം സമൂഹത്തിനെതിരെയുള്ള ഒളിയമ്പായിരുന്നില്ലെ? അനുവാചകമനസ്സിൽ പ്രകമ്പനം ചെയ്യുന്ന ആ ചോദ്യത്തോടെ കഥ അവസാനിയ്ക്കുമ്പോൾ, കഥാകാരനിലെ പ്രത്യശാസ്ത്രം ഒളിഞ്ഞുകിടക്കുന്നതായി തോന്നുന്നു. എങ്കിലും സാമൂഹ്യപ്രതിബദ്ധതയെ മാനിയ്ക്കുന്നതിൽ അഭിനന്ദനങ്ങൾ!
നല്ല കാമ്പുള്ള കഥ. നറേഷനിൽ ഇടയ്ക്കിടെ അല്പം ധൃതി കൂടിപ്പോയോന്നൊരു സംശയം. ഒരു ഒഴുക്ക് ഫീലുചെയ്യുന്നതിനു പകരം അവിടവിടെ ചാടിച്ചാടിപ്പോകുന്നതായി...
എന്തായാലും എഴുതി ശരിയാകും. ഇനിയും എഴുതുക. ആശംസകൾ മുരളി.
വിശദമായി കഥ പറഞ്ഞു. ഡോക്ടറെയും രാജുവിനെയും അവരുടെ ചിത്രവും നന്നായി പറഞ്ഞപ്പോഴും രാജുവിനെ ഒന്നുകൂടി ആഴത്തില്‍ അവതരിപ്പിക്കുന്നത് കൂടുതല്‍ മിഴിവ് നല്‍കിയേനെ എന്നെനിക്ക് തോന്നി.വളരെ വിശദമായി അവതരിപ്പിച്ഛപ്പോളും രാജുവിനെ നന്നായി ഫോക്കസ് ചെയ്യാന്‍ വായനയില്‍ കഴിയാതെ വരുന്നു എന്നും തോന്നി.എന്റെ വായനയിലെ തോന്നലാണ് ഞാന്‍ സൂചിപ്പിച്ചത്. ശരിയാകണം എന്നില്ല.
ഇനിയും നല്ല കഥകള്‍ക്കായ്...
ആശംസകള്‍.
ബ്ലോഗിലൂടെ വായിച്ച ആദ്യ കഥ... ആവിഷ്കാരത്തിലെ ആ പച്ചപ്പിനു കുറച്ചു കടുപ്പമുണ്ട്..
നന്നായി..
Idakk alpam virasatha anubhavappettenkilum prameyathinte prasakthi kondum,pachayaya avatharanam kondum, manassine sparsichu.keep it up
പച്ചയായതോ നീലയായതോ എന്നൊന്നും എനിക്കറിയില്ല ......... സത്യങ്ങളാണ് മുഴുവന്‍
ആക്യാന രീതി ഒന്നുകൂടി നന്നായിരുന്നെന്കില്‍ എന്ന് മോഹിച്ചു ... എന്നാലും മനോഹരം തന്നെ
ആ വകയില്‍ കുറെ അഭിനന്നനങ്ങള്‍ അയക്കുന്നു സ്വീകരിച്ചാലും
പിന്നെ മറ്റൊരു കാര്യം
ഗള്ഫി ലെ ജീവിതം പ്രതിപാദിക്കുന്ന സാമൂഹിക പ്രശക്തിയുള്ള വിഷയങ്ങള്‍
ചെറു സിനിമകളാക്കാന്‍ ഉദ്ധേശിക്കുന്നു. എയ്ഡ്സ് ,ശൈശവ പീഡനം , മയക്കുമരുന്ന്
തുടങ്ങിയ ഗള്‍ഫില്‍ ചിത്രീകരിക്കാന്‍ കഴിയുന്ന സൃഷ്ടികളാണ് കൂടുതല്‍ താല്പര്യം
മറ്റു വിഷയങ്ങളും പരിഗണിക്കപെടും.
താങ്കളുടെ ആത്മാര്ഥങമായ സഹകരണം പ്രതീക്ഷിക്കുന്നു
kadardimbright@gmail.com mob:00971 505416954,abu dhabi
നല്ല കഥ, നല്ല അവതരണം. മനസ്സിന്നെ പിടിച്ചുലക്കുന്നു...അഭിനന്ദനങ്ങള്‍...
സദാചാരത്തിന്റെ വക്താക്കള്‍ ആരും ഈ കഥയിലേക്ക് എതിനോക്കിയില്ലേ?
നല്ല വിവരണം.
കഥയാണെങ്കിലും ചോദ്യത്തിന് ചിലത്;
പട്ടിണിക്കിടാൻ ശരീരം വിൽക്കതെയുള്ള മാർഗങ്ങളിലേക്ക് തിരിയണം. വേശ്യകളെ സൃഷ്ടിക്കുന്നത് ചുറ്റുപാടുള്ള സമൂഹമാണ്. മനുഷ്യർ സ്വർത്ഥന്മാരായി പോകുന്നു. അയല്പക്കത്തെ പട്ടിണി പ്രശ്നമില്ല. ഭരണതലത്തിലും രക്ഷയില്ല. വേശ്യാവൃത്തിയിലൂടെ പാവപെട്ട ചെറ്റകുടിലുകളിൽ കഴിയുന്നവർക്ക് എത്ര സമ്പാതിക്കാൻ കഴിയും? മനുഷിക മൂല്ല്യങ്ങളിൽ നിന്നാവട്ടെ മനുഷ്യർ ജീവിക്കേണ്ടത്. വേശ്യവൃത്തിയിലൂടെ സ്വയം നശിക്കുകയല്ല, തലമുറതന്നെ നശിപ്പിക്കുകയല്ലെ..?
ഉം.
കഥ വായിച്ചു.
ഒന്നു രണ്ടുപേര്‍ വളരെ നല്ല രീതിയില്‍ തന്നെ അതിന്‍റെ കുറവുകള്‍ ചൂണ്ടികാണിച്ചിട്ടുണ്ട്.
കഥയില്‍ ഒഴുക്കിന് വളരെ പ്രസക്തിയുണ്ട്.
നല്ല കഥ തന്നെയണിത്. സംശയമില്ല..
അവതരണത്തില്‍ ചെറിയ അശ്രദ്ധ കടന്നിട്ടുണ്ട്..
ഉദാഹരണത്തിനു. ശാലിനിയുടെയും, ജിഗിയുടെയും കമന്‍റ് വായിച്ച് അടുത്ത സൃഷ്ടിയില്‍ ഒരു മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു.!
അഭിനന്ദനങ്ങള്‍ മുരളി..!!
നല്ല സന്ദേശം ഉള്ള കഥ.
ഒരു ഇടവേളയ്ക്കു ശേഷമായതുകൊണ്ട് മുരളി തനതു ഫോമില്‍ എത്തിയില്ല.
എങ്കിലും എഴുത്ത് തുടരാന്‍ ഉള്ള എല്ലാ ശ്രമങ്ങള്‍ക്കും അഭിവാദനങ്ങള്‍!
നല്ല ക്രാഫ്റ്റ്. മനോഹരമായി പറഞ്ഞിരിക്കുന്നു. ഒരു നീറ്റല്‍ മനസ്സില്‍ ബാക്കിയാവുന്നു.
പലരും പറയാന്‍ മടിക്കുന്ന ജീവിത സത്യങ്ങള്‍ വിളിച്ചുപറഞ്ഞ കഥ ..അഭിനന്ദനങ്ങള്‍.
അവസാന ഭാഗത്തിലെ ചോദ്യത്തിന് മറുപടി :
ഗര്‍ഭ നിരോധന ഉറകള്‍ നല്‍കി വേശ്യാവൃത്തി പ്രോത്സാഹിപ്പിക്കുന്നതിനു പകരം ഇനിയും വേശ്യകള്‍ സൃഷ്ട്ടിക്കപ്പെടാതിരിക്കുവാന്‍
സമൂഹത്തിനു എന്ത് പങ്കു വഹിക്കുവാന്‍ കഴിയും എന്നതിനാണ് കൂടുതല്‍ പ്രസക്തി.
ബെഞ്ചാലി പറഞ്ഞതുപോലെ പട്ടിണി മാറ്റാന്‍ നേര്‍വഴികള്‍ തെടുന്നതല്ലേ യുക്തി .
a common story but you said it with a different style, realy title is matching expecting more stories in this line up
ഇത് പോലെ ഒന്നു ഈ അടുത്തൊന്നും വായിച്ചിട്ടില്ല.. നന്നായി മുരളി
ഹൃദയസ്പർശിയായ ഒരു നല്ല കഥയാണ് പക്ഷേ നിങ്ങൾക്കതു വലിച്ച് നീട്ടാതെ പറയാമായിരുന്നു .
വളരെ കാലിക പ്രസക്തിയുള്ള ഒരു വിഷയം പറഞ്ഞത് കൊണ്ട് തന്നെ ഇത് ശ്രദ്ധിക്കപ്പെടെണ്ട ഒരു വിഷയമാണ്. ഈ പ്ലോട്ട് പ്രേസേന്റ്റ് ചെയ്ത രീതി ചെറുകഥയുടെ പരിധിയില്‍ നിന്നും കടന്നു പോയി എന്ന് തോന്നി. കുറച്ചു കൂടി കോംപാക്റ്റ് ആക്കാമായിരുന്നു. ഷാര്‍പ് ആയ ഒരു പ്ലോട്ട് പരത്തി പറഞ്ഞു എന്ന് തോന്നി. എന്നാലും മുരളി തിരിച്ചു വന്നു എന്നത് ഓര്‍ക്കുമ്പോള്‍ വലിയ സന്തോഷം. (ഞാന്‍ കരുതി കല്യാണതോടെ പേന വെച്ച് കീഴടങ്ങി എന്ന്:) ).വീണ്ടും എഴുത്തില്‍ സജീവമാവുമല്ലോ
കഥ നന്നായി. ശരിക്കും ഫീല്‍ ചെയ്തു.
നേരത്തെ വായിച്ചിരുന്നു.. അഭിപ്രായവും പറഞ്ഞു. :) ഇഷ്ടപ്പെട്ടു ഈ കഥ. അഭിനന്ദനങ്ങള്‍.
സ്വന്തം കുഞ്ഞുങ്ങള്‍ക്ക് ഒരു നേരത്തെ ആഹാരത്തിനായി ശരീരം വില്‍ക്കാന്‍ നിര്‍ബന്ധിതരാവുന്നവരോട് നിങ്ങള്‍ എന്ത് പറയും??...അവരെ പട്ടിണിക്കിടാനോ അതോ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിച്ച് സ്വയം സുരക്ഷിതരായി തൊഴിലില്‍ തുടരാനോ?.........ശരിക്കും ഹ്രദയത്തെ പിടിച്ചുലക്കുന്ന ചോദ്യമാണിത്....എന്തായാലും നല്ലൊരു തീം തന്മയത്തത്തോടെ അവതരിപ്പിച്ചിരിക്കുന്നു,,,നന്ദി...വീണ്ടും എഴുതുക...എല്ല്ലാ ഭാവുകങ്ങളും നേരുന്നു,,,,
നല്ല വിഷയമായിരുന്നു. പക്ഷെ അവതരിപ്പിച്ച രീതി ശരിയായില്ല.
കഥ എനിക്ക് ഫീല്‍ ചെയ്തു, മൊത്തത്തില്‍ കൊള്ളാം, എങ്കിലും പോരായ്മകള്‍ ഉണ്ട്..
തുടക്കം ഒട്ടും ശരിയായില്ല എന്നാണു എന്റെ അഭിപ്രായം..
"വെളുത്തു തുടുത്തു കാണാന്‍ നല്ല ഭംഗിയുള്ള, നല്ല രീതിയില്‍ വസ്ത്രധാരണം ചെയ്തിരുന്ന ആ സ്ത്രീ ഒരു വേശ്യയായിരിക്കുമെന്നായിരുന്നു പൊതുവെയുള്ള അഭിപ്രായം."
തുടക്കത്തിലേ തന്നെ ഡോക്ട്ടറിനെ മറ്റൊരു രീതിയില്‍ ചിത്രീകരിക്കാന്‍ വ്യഗ്രത കാണിച്ചത് ശരിയായില്ല.. മാത്രവുമല്ല, 'പൊതുവേയുള്ള അഭിപ്രായം' എന്ന് എഴുതിയതും അത്ര സുഖകരമായി തോന്നിയില്ല. പകരം, അവര്‍ക്ക് ചുറ്റും ഒരു നീഗൂഡത നില നിന്നിരുന്നു എന്ന രീതിയില്‍ എഴുതിയിരുന്നെങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ടേനെ..
'വേശ്യ' എന്ന പദം ആറ് തവണ ആവര്‍ത്തിച്ചത് കഥയില്‍ വല്ലാണ്ട് മുഴച്ചു നിന്നു.
എഴുത്ത് തുടരുക.. ആശംസകള്‍..
മഹേഷ് വിജയന്റെ അഭിപ്രായത്തോട് യോജിക്കുന്നു. തുടക്കം നന്നായിട്ടില്ല.
പക്ഷെ നല്ലൊരു ത്രഡ്, ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ഡയലോഗുകള്‍ ചുരുക്കിയാല്‍ നന്നായിരുന്നേനെ.
രാജു എന്ന പേരിനോട് ഞാന്‍ വിയോജിക്കുന്നു.
കാരണം, കാലങ്ങളായി നമ്മള്‍ കേട്ടുമടുത്തതാണ് ആ പേര്.പുതുമയുള്ള കഥാപാത്രങ്ങളുടെ പേരുകള്‍ക്കും ഒരു കഥയില്‍ പലതും ചെയ്യാനാവും.
കഥ ഇഷ്ട്ടമായി പക്ഷെ എനിക്ക് കടല്‍ മീനുകള്‍ വായിക്കാന്‍ വേണം
കഥ വളരെ ഏറെ നന്നായിട്ടുണ്ട് ...നന്നായി ഫീല്‍ ചെയ്തു ..
അതുപോലെ നമുക്കൊരു കുറവുണ്ടെങ്കില്‍ മാത്രമേ നമ്മള്‍ അതിനെ കുറിച്ച് ആഴത്തില്‍ ചിന്തിക്കൂ .
അതായത് രാജുവിന്റെ അമ്മയ്ക്കും അനിയന് അസുഖമുള്ളത് കൊണ്ടാണ് അയാള്‍ കൂടുതലായി രോഗികളെയും ലൈംഗിക തൊഴിലാളികളെയും
പരിചരിക്കാനായി മുന്നോട്ടു വന്നത് ...അല്ലെങ്കില്‍ ഒരു പക്ഷെ മറ്റുള്ളവരെ പോലെ അയാളും മാറി നിന്നു പുച്ച്ചിചേക്കാം..
ലൈംഗിക തൊഴിലാളികളെയും വേശ്യകളെയും പുചിക്കുന്നവര്‍ക്ക് ഇതൊരു നേര്‍ക്കാഴ്ച ആകട്ടെ ..!!
കാരണം ഇവര്‍ ഉണ്ടായതു കൊണ്ടാണല്ലോ കുറെയൊക്കെ നമ്മുടെ അമ്മമാരും പെങ്ങന്മാരും
പേടിക്കാതെ ജീവിക്കുന്നത് ...
നല്ല കഥ..
പേരില്‍ എന്തിരിക്കുന്നു സുഹൃത്തുക്കളെ...ഉള്ളടക്കം അല്ലെ നന്നാവേണ്ടത്? പേര് നന്നായിട്ട് കഥ പിടിവിട്ടു പോകുന്നതിനെക്കാള്‍ നല്ലതല്ലേ നല്ലൊരു കഥ ആയിതീര്തിരിക്കുന്നത്.
അല്ലെങ്കില്‍ തന്നെ ഒരു പേരില്‍ എന്തിരിക്കുന്നു !
ആശംസകള്‍..മുരളി..വീണ്ടും വരാം..താങ്കളുടെ കഥകള്‍ക്കായി..
നല്ല ഒരു കഥ. നല്ല പ്ലോട്ട് . അവതരണവും കൊള്ളാം. എങ്ങനെ ഇത്രയും എഴുതുന്നു എന്ന് അതിശയിച്ചു. അഭിനന്ദനങ്ങള്‍
hurt me a lot......
നല്ല അവതരണം.
കഥ മനോഹരം... മനസിനെ വല്ലാതെ സ്പര്‍ശിക്കുന്നു..
എങ്കിലും പറയട്ടെ.. മുന്‍പ് ആരോ എഴുതിയ പോലെ
ഒരു ചാട്ടം പലയിടത്തും കാണുന്നു...
ആദ്യം ഡോക്ടറെ പറ്റി പറയുന്ന ഭാഗം... അവിടം വരെ
കഥാകൃത്ത് ആണ് കഥ പറയുന്നത്...
എന്നാല്‍ പെട്ടെന്ന് തന്നെ കഥാപാത്രം കഥ പറയുന്ന
രീതിയിലേക്ക് മാറി... അവിടെ ഒരു ചെരായ്മ തോന്നി...
പിന്നെ വിനുവിന്റെ മരണം വരെ മറ്റൊരു ഭാഗം..
അവിടുന്നു കഥ പെട്ടെന്ന് വേറെ എവിടേക്കോ പോയത്...
എന്തോ ധൃതിയില്‍ ആയിപ്പോയി...
ഒരുപാടു കാര്യങ്ങള്‍ ഒരുമിച്ച് എഴുതിയപ്പോള്‍
എച്ചുകൂട്ടല്‍ വന്നപോലെ...
കുറച്ചു ഭാഗങ്ങള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ എന്ന് തോന്നി പോയി...
ഇതൊക്കെ ആണെങ്കിലും കഥയുടെ മേന്മ ഇതിനെ ഒക്കെ മറികടക്കുന്നുണ്ട്...
ഇത്തിരി നേരം ചിന്തിക്കാന്‍ അവസരം തന്നതിന് നന്ദി.....
മനസിനെ നോവിച്ച കഥ ............
Post a Comment