സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



പായുടെ അടിയില്‍ നാ കിടന്നാല്‍

February 04, 2011 Renjishcs

മണി നാല് കഴിഞ്ഞിട്ടുണ്ടാവും. വല്ലാത്ത ക്ഷീണം.
“ഹൊ പുല്ല്ല് ഉറക്കം വന്നിട്ട് വയ്യ. നിന്റെ നിർബദ്ധം കൊണ്ടാ ഇല്ലെങ്കിൽ ഞാ‍ൻ വരില്ലായിരുന്നു. പാതിരാത്രിക്ക് അവന്റെ ഒരു നൃത്ത ബാ‍ലെ.” നല്ലൊരു കോട്ടുവായും ചേർത്ത് ഞാൻ അത് പറയുമ്പോൾ രാജേഷിന്റെ മുഖത്ത് “ഹൊ കലാ ബോധമില്ലാത്തവൻ“ എന്ന ഭാവം.
വളവിനടുത്തെത്തിയപ്പോൾ അവൻ യാത്ര പറഞ്ഞു “ശരി അളിയാ അപ്പോ നാളെ രാവിലെ കാണാം.”
“ശരീടാ” ഞാൻ തിരിഞ്ഞൊന്ന് നോക്കി ആ നീളൻ വഴിയുടെ അങ്ങേ അറ്റത്ത് തുമ്പറയമ്മയുടെ തിരുനട ദീപാലങ്കാരത്തിൽ കുളിച്ചു നിൽക്കുകയാണ്. കൈവിരലുകൾ ഞാൻ പോലുമറിയാതെ നെഞ്ചിനെ സ്പർശിച്ചു.. “ദേവി....”

ഇത്തിരികൂടി നടക്കണം വീട്ടിലേക്കെത്താൻ. പാതി ഉറക്കവുമായി മുന്നോട്ട്. പെട്ടന്നാണ് പിറകിൽ നിന്ന് ഒരു ഒച്ചയും ബഹളവും “ഓടിക്കോ.... ഓടിക്കോ....”
എനിക്കൊന്നും മനസ്സിലായില്ല തിരിഞ്ഞു നിന്നു നോക്കി അകലെ ആ വെളിച്ചത്തിനുള്ളിൽ നിന്ന് അവ്യക്തമായ കുറെ രൂപങ്ങൾ എന്റടുത്തേക്ക് ഓടി വരുന്നു. ബാലെ കഴിഞ്ഞു വരുന്ന കുറച്ചുപേർ എങ്ങോട്ടൊക്കെയോ ചിതറി ഓടുകയാണ്. കാര്യം മനസ്സിലായി വരുമ്പഴേക്കും തെക്കേലെ ഗോവിന്ദേട്ടന്റെ ആന ശങ്കരൻ‌കുട്ടി എനിക്കടുത്തെത്താറായി കഴിഞ്ഞിരുന്നു. ‘ഇനി ഓടുക തന്നെ’ എന്ന ചിന്ത തലച്ചോറിൽ നിന്ന് കാലുകളിലേക്ക് പ്രവഹിക്കുന്നതേയുള്ളൂ അവന്റെ നീണ്ടു കൂർത്ത കൊമ്പുകൾ എന്റെ കണ്ണുകളിൽ നിറഞ്ഞു. ഒപ്പം ഒരു അലർച്ചയും. പണ്ടെ എന്നോടിത്തിരി കലിപ്പുള്ളതാ അവന്. ഞാൻ കൈയ്യിലുണ്ടായിരുന്ന ക്ഷീണവും ഉറക്കവുമൊക്കെ വലിച്ചെറിഞ്ഞ് ഓട്ടം തുടങ്ങി. തിരിഞ്ഞു നോക്കേണ്ട കാര്യമില്ല ചങ്ങലകിലുക്കം ചിന്നം വിളിയിൽ ചേർന്നലിഞ്ഞ് എന്റെ കാതിൽ തറഞ്ഞു കയറുന്നുണ്ട്. വീടു തന്നെ ലക്ഷ്യം. ഓടിയോടി ഞാൻ തുറന്നു കിടന്ന കുട്ടി-ഗെയിറ്റിലൂടെ അകത്തേക്ക്. വാതിൽക്കലെത്തി തുറക്കാൻ ശ്രമിക്കുമ്പഴേക്കും അവൻ ഞങ്ങളുടെ ഗെയിറ്റ് തകർക്കുന്നതിന്റെ ശബ്ദം ഞാൻ വ്യക്തമായി കേട്ടു. നാശം പിടിക്കാൻ അകത്ത് നിന്ന് ചാവി തിരുകി വച്ചിരിക്കുകയാണ്. ഇനി അത് നോക്കി നിന്നാൽ ആന എന്റെ കഥ കഴിച്ചതു തന്നെ. എങ്ങനെയും മുകളിലത്തെ നിലയിലെത്തണം. അവൻ അടുത്തെത്തുന്നതിനു മുമ്പേ ഞാൻ എങ്ങനെയോ സൺ ഷെയിഡിൽ ചാടി കയറി. അവന് വാശിയായി, തലകുലുക്കി തുമ്പിക്കൈ ഉയർത്തി എന്റെ കാലിൽ ചുറ്റി പിടിക്കാനാഞ്ഞു. “അമ്മേ..” ഞാൻ അറിയാതെ വിളിച്ചു പോയി.
ഭാഗ്യത്തിന് ഒറ്റചാട്ടം കൊണ്ട് മുകളിലത്തെ നിലയിലെ സിറ്റൌട്ട് ഗ്രീല്ലിൽ പിടികിട്ടി. തുമ്പിക്കൈ പിന്നെയും നീണ്ടു. ഞാൻ പറ്റിപ്പിടിച്ച് ആവുന്നത്ര മുകളിലേക്ക് കയറി. തിരിഞ്ഞു നോക്കി ‘അവന്റെ ചുവന്ന തീക്കട്ട കണ്ണുകൾ തുറിച്ചു നിൽക്കുകയാണ്’ അത് എന്റെ ബാക്കിയുള്ള ധൈര്യം കൂടി ചോർത്തിക്കളഞ്ഞു. പേടികൊണ്ട് ഞാൻ ആലിലപോലെ വിറച്ചു. “അയ്യോ ആരെങ്കിലും എന്നെ ഒന്ന് രക്ഷിക്കണേ...”
എന്നെ വിടാൻ ഉദ്ദേശമില്ലാത്തതുപോലെ അലറികൊണ്ട് അടുത്തു നിന്ന പേരമരം ഒടിച്ച് അവനെന്നെ ആഞ്ഞടിച്ചു. ദൂരെ തെറിച്ചു വീണ എന്റെ അടുത്തേക്ക് വിജയീ ഭാവത്തോടെ അവൻ ഓടിയടുത്തു. പിടഞ്ഞെണീറ്റ് പ്രാണ വേദനയോടെ ഞാൻ ഓടി. തിരിഞ്ഞു നോക്കാൻ പോലും മിനക്കെടാതെയുള്ള എന്റെ ഓട്ടം. ഓടിയോടി വെളിച്ചം കണ്ട ഒരിടത്തേക്ക് ഞാൻ ഓടി കയറി. അടുത്തുകണ്ട കസേരയിലിരുന്ന് മേശയിലേക്ക് തല കുമ്പിട്ടു. ഓടിയതിന്റെ അണപ്പ് തീരുന്നത് വരെ അങ്ങനെയിരുന്നു പോയി.

‘‘എത്ര നേരമായെന്നറിയാമോ ഞാനിവിടെയിരിക്കുന്നു. പതിനൊന്നു മണിയെന്നു പറഞ്ഞിട്ട് സമയമിപ്പോ എത്രായി?” “എവിടെയായിരുന്നു ഇത്ര നേരം” പതിയെ മുഖമുയർത്തി നോക്കിമ്പോൾ “സോജയാണ്” ഉണ്ട കണ്ണുരുട്ടി ആകെ ചൂടിലാണ്. “സെക്കന്റ് അവർ പ്രാക്ടിക്കലുള്ളതായിരുന്നു അതും കട്ട് ചെയ്തിട്ടാ ഞാൻ ഇവിടെ വന്ന് കുത്തിപ്പിടിച്ചിരിക്കുന്നത് അറിയാമോ?”
ഹോ ഭാര്യയുടെ കോടതിയിൽ അപ്പീൽ കിട്ടിയാലും കാമുകിയുടെ കോടതിയിൽ അപ്പീൽ കിട്ടാൻ വലിയ പാടാണു ഭഗവാനെ!!! “രാഘവേട്ടാ രണ്ട് സ്പെഷ്യൽ ചായ” അതും പറഞ്ഞ് അവൾ മാത്രം കാണെ ആ വിരലിൽ ഒരു നുള്ളുകൊടുത്തു. “ഹ്മ്മ്!!” കൈ വലിക്കുന്നതിനേക്കാൾ വേഗത്തിൽ അവൾ മുഖം കൂടീ അങ്ങു തിരിച്ചു കളഞ്ഞു. “സോറി മോളെ നിനക്കറിയാലോ ഇലക്ഷൻ ക്യാമ്പെയിൻ നടക്കുകയല്ലേ. എനിക്കത് കളഞ്ഞിട്ട് വരാനൊക്കുമോ?” “ഈ തിരക്കൊന്ന് കഴിയട്ടെ ഒരു ഫുൾ ഡേ എന്റെ സോജാ രാജകുമാരിക്ക് വേണ്ടി മാത്രം..” ഞാൻ പെട്ടന്ന് റൊമാന്റിക്കായി.
“പോ അവിടുന്ന്” അതു പറഞ്ഞ് അവൾ ദേഷ്യത്തിന്റെ അടിയിൽ നിന്ന് നാണം നിറമിട്ട ചിരിയുടെ വിരിയെടുത്ത് എന്റെ മേലേക്കിട്ടു. ഈ ലോകത്ത് ഞങ്ങൾ രണ്ടും മതിയെന്ന് തോന്നിപോയി!

“ചായ........!!” ഹോ ഈ സ്വർഗ്ഗത്തിൽ ആർക്കാടാ ഇത്ര കഠോരമായ ഒരു ശബ്ദം?. ആരത്? നോക്കുമ്പോൾ അതാ വീണ്ടും. “എന്തുവാടാ നീ ഈ ലോകത്തൊന്നുമല്ലേ?” “തൃസന്ധ്യക്കിരുന്നു സ്വപ്നം കാണാതെ ചായ കുടിച്ചട്ട് പോയി കുളിക്കാൻ നോക്കടാ......” അയ്യോ അമ്മ!!
ഞാൻ ശരിക്കും ഒന്നു ചമ്മി.

മൊബൈൽ അടിക്കുന്നുണ്ട്. അബിയാണ് വൈകിട്ട് ചീട്ടുകളിക്കാൻ ചെല്ലാമെന്ന് പറഞ്ഞതാ. ഇനി കുളി കഴിഞ്ഞ് അങ്ങ് ചെല്ലുമ്പഴേക്കും സമയം കുറെയാവും.
എന്റെ ഒരുക്കമല്ലേ അതുപോലെ തന്നെ സംഭവിച്ചു, രാത്രിയായി. അവന്റെ വീട്ടിൽ ചെന്ന് കതവിൽ മുട്ടിയതും കറണ്ട് പോയതും ഒരുമിച്ച്. ഞാൻ നീട്ടി വിളിച്ചു “എടാ അബീ....” എവിടെ ഒരനക്കവുമില്ല. വാതിൽ തുറന്ന് കിടപ്പുണ്ട്. ചെറിയ നിലാവുണ്ടെങ്കിലും പെട്ടന്ന് വെളിച്ചം പോയതു കാരണം ഒന്നും വ്യക്തമല്ല. മൊബൈലിന്റെ വെളിച്ചത്തിൽ വാതിൽ തുറന്ന് ഉള്ളിൽ കയറി വീണ്ടും വിളിച്ചു നോക്കി ഒരനക്കവുമില്ല. അവന്റെ അമ്മയെ വിളിച്ചിട്ട് കാര്യമില്ല, അപ്പുറത്ത് സീരിയൽ കാണാൻ പോയി കാണും. ‘ഇവനു എവിടേലും പോകുമ്പോ കതക് അടച്ചിട്ടു പൊയ്ക്കൂടെ വല്ല കള്ളന്മരും കയറിയാലോ?‘ ഓരോ മുറിയും കയറിയിറങ്ങി നോക്കി. എങ്ങുമില്ല... അടുക്കളയിൽ എന്തോ വീഴുന്ന ശബ്ദം. “ഹോ തീറ്റ പ്രാന്തൻ ഇരുട്ടത്തിരുന്നു വെട്ടി വിഴുങ്ങുകയായിരിക്കും.” ഒന്ന് പേടിപ്പിച്ചു കളയാം.
ഒറ്റച്ചാട്ടത്തിന് അടുക്കളയുടെ വാതിൽ ഞാൻ തള്ളിത്തുറന്ന് അകത്തു കടന്നു. “അയ്യോ....” എന്തിലോ തട്ടി ഞാനും മൊബൈലും രണ്ടുവഴിക്ക് തെറിച്ചു വീണു. ആ വീഴ്ചയിൽ വീണ്ടും എവിടെയൊ ഒന്നുകൂടി തട്ടി മലന്നർടിച്ച് നിലത്തേക്ക്. കിടന്ന കിടപ്പിൽ മുകളിലേക്ക് നോക്കിയ ഞാൻ കിടുങ്ങി പോയി. ഓടിളക്കി മാറ്റിയ വിടവിലൂടെ ഒരു മെല്ലിച്ച ശരീരം ഊർന്ന് താഴേക്ക് വരുന്നു. “അയ്യോ കള്ളൻ....... കള്ളൻ.....” എന്റെ ഒച്ചകേട്ട് ആ രൂപവും ഒന്ന് പരിഭ്രമിച്ചു എന്ന് തോന്നുന്നു. ഒരു വടിയെടുത്ത് അവനൊന്ന് കൊടുക്കാൻ തോന്നി. പക്ഷെ എഴുന്നേൽക്കാൻ പറ്റുന്നില്ല നടുതല്ലി വീണതിന്റെയാവും തലക്കൊരു പെരുപ്പ്.

കിടന്ന കിടപ്പിൽ എന്റെ കൈ അവിടെമാകെ പരതി. പിടികിട്ടിയത് ഒരു ജഗ്ഗിലാണെന്നു തോന്നുന്നു. നിറയെ വെള്ളമുണ്ട് അതാവണം നല്ല ഭാരം. അറിയാതെ പെട്ടന്ന് ചാടിയെണീറ്റുപോയി. ഒന്നുകൂടി മുകളിലേക്ക് നോക്കി.

“അല്ല കള്ളൻ........ആ കള്ളനെവിടെ....” ഞാൻ ചുറ്റുപാടും നോക്കി.

“ഹൊ എന്താ നിങ്ങൾക്കീ പാതിരാത്രിക്ക് മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ?” അഴിഞ്ഞു കിടന്ന മുടി മടക്കി കെട്ടികൊണ്ട് ലതിക എഴുന്നേറ്റിരുന്നു.
അല്പനേരത്തേക്ക് എനിക്ക് ഒന്നും പിടികിട്ടിയില്ല. അപരിചിതമായ ഏതോ സ്ഥലത്തെത്തിപെട്ട അവസ്ഥയായിരുന്നു.

“എന്താ അമ്മേ..... എന്തിനാ അച്ഛൻ നിലവിളിച്ചേ....?”

“നിന്റെ അച്ഛന്റെ ഓരോ വട്ട്. എവിടുന്നേലും കൊറെ കള്ളും കോരി കുടിച്ചോണ്ട് വരും വെറുതെ പാതിരാത്രിക്ക് മനുഷ്യനെ പേടിപ്പിക്കാൻ.” “നീ കെടന്നുറങ്ങ് രാവിലെ സ്കൂളിൽ പോകേണ്ടതല്ലേ.”

ആ ജഗ്ഗിലെ വെള്ളം പകുതിയോളം വയറ്റിലാക്കി തിരിഞ്ഞു നോക്കുമ്പോഴും രാത്രി ഉറക്കം മുടക്കിയതിന്റെ അരിശം അടങ്ങാതെ ലതിക എന്നെ എന്തൊക്കെയോ പിന്നെയും പറയുന്നുണ്ടായിരുന്നു.

5 Comments, Post your comment:

ആളവന്‍താന്‍ said...

പയുടെ അടിയിലല്ലല്ലോ മുകളിലല്ലേ നാ കിടക്കുന്നത്.!
കഥ ഇഷ്ട്ടമായില്ല.

സുരേഷ് ബാബു said...

എവിടുന്നേലും കൊറെ കള്ളും കോരി കുടിച്ചോണ്ട് വരും വെറുതെ പാതിരാത്രിക്ക് മനുഷ്യനെ പേടിപ്പിക്കാൻ


ha ha ..katha kollaam.

കൂതറHashimܓ said...

മുമ്പ് വായിച കഥയാണല്ലോ...
എവിടെ ആണെന്ന് ഓര്‍ക്കുന്നില്ലാ

(ഇപ്പോ മുഴുവന്‍ വായിച്ചില്ലാ, ആന കുത്താന്‍ വന്നപ്പോ സണ്‍ഷേഡിക് കയറിയത് വരെ വയിച്ചപ്പളേ കത്തി... മുമ്പ് വായിച്ചതാണെന്ന്)

African Mallu said...

:-0

നികു കേച്ചേരി said...

സ്വപ്നങ്ങളുടെ ഘോഷയാത്രയാണല്ലോ..മാഷേ..