തൊടിയിലെ ഇലഞ്ഞിമരത്തിന്റെ ചോട്ടില്‍ കൈകള്‍ മാറത്തു പിണഞ്ഞു കണ്ണുകളെ നാലുപാടും അലയാന്‍ വിട്ടു വെറുതേ നില്‍ക്കുമ്പോള്‍ അനിത പ്രത്യേകിച്ചോന്നിനെയുംപറ്റി ചിന്തിക്കുന്നുണ്ടായിരുന്നില്ല .. ഇലത്തുമ്പുകളില്‍ നിന്നിറ്റുവീഴാന്‍ വെമ്പി നില്‍ക്കുന്ന മഞ്ഞു തുള്ളികളെ തട്ടിത്തെറിപ്പിച്ച് ഓടിയകലുന്ന കാറ്റിന്‍റെ വികൃതി അവളില്‍ ഒരു പുഞ്ചിരി ഉണര്‍ത്തി.
'പുലരിയിലെ ആദ്യകിരണങ്ങള്‍ക്കായി ഇലച്ചാര്‍ത്തുകളില്‍ വിരുന്നൊരുക്കി കാത്തുനില്‍ക്കുന്ന ചെടികളോട് കാറ്റിനസൂയ തോന്നാതിരിക്കുമോ'... ?
"അനിതേ ......"
അമ്മയുടെ നീട്ടിയുള്ള വിളി അവളെ ചിന്തകളില്‍ നിന്നുണര്‍ത്തി ..
"നിനക്ക് രാവിലെ ചായയൊന്നും വേണ്ടേ ? എന്തെടുക്കുകയാ അവിടെ ഒറ്റയ്ക്ക് നിന്ന് "..?
"ഒന്നുമില്ലമ്മേ ഞാന്‍ വെറുതേ...........ദാ വരുന്നു" .
തിരിച്ചു നടക്കുന്നതിനിടയില്‍ അവള്‍ വിളിച്ചു പറഞ്ഞു.
അടുക്കളയിലേക്കു ചെല്ലുമ്പോള്‍ സുനിതേച്ചി കയ്യിലെ ചായക്കപ്പുമായി അമ്മയുടെ അടുത്ത് തന്നെയുണ്ടായിരുന്നു .
"ഇത് ശരിക്ക് പുളിച്ചിട്ടില്ലാന്നു തോന്നുന്നു ..നിന്നോട് ഞാന്‍ പറഞ്ഞതാ നേരത്തേ അരച്ചു വെയ്ക്കണോന്ന്."
പാത്രത്തിലെ ദോശമാവ് നാവില്‍ തൊട്ടു രുചിക്കുന്നതിനിടയില്‍ അവര്‍ പറഞ്ഞു.
"പിന്നേ ഇന്ന് രാവിലെ ദോശ ചുടാന്‍ ഒരാഴ്ച മുന്നേ അരി അരച്ചു വെയ്ക്കാന്‍ പോവല്ലേ ! അത്ര പുളിയൊക്കെ മതി. ഒരുപാട് പുളിച്ചാലും കഴിക്കാനൊരു സുഖവില്ലാ .."
ചായക്കപ്പു കഴുകാനായി തിരിഞ്ഞപ്പോഴാണ് സുനിത പിന്നില്‍ നിന്നിരുന്ന അനിയത്തിയെ കണ്ടത് .
"ങാഹാ...ഇവിടെ നില്‍പ്പുണ്ടായിരുന്നോ സ്വപ്നാടക ..ഇന്ന് പ്രത്യേകിച്ച് ദിവാസ്വപ്നം ഒന്നും കണ്ടില്ലാന്നു തോന്നുന്നു ...നേരത്തേ തന്നെ നിദ്രയോട് വിട പറഞ്ഞെണീറ്റല്ലോ...അതോ ഞായറാഴ്ച ആണെന്ന കാര്യം മറന്നു പോയോ?"
"നിനക്കൊന്നു വെറുതേയിരുന്നൂടെ സുനിതേ.... രാവിലെ തന്നെ അവടെ മേലോട്ട് മെക്കിട്ടു കേറിക്കോ?"
"അയ്യോ പുന്നാര മോളോട് എന്താ ഒരു സ്നേഹം .. ഞാനൊന്നും പറഞ്ഞില്ലേ ..ഇരുപത്തിനാല് മണിക്കൂറും കുറേ പുസ്തകം വായനേം ...പൊട്ടത്തരം കുത്തിക്കുറിക്കലും ..അതും പോരാഞ്ഞു വെളിവില്ലാത്ത കുറേ സ്വപ്നങ്ങളും ...വെറുതെയാണോ മെലിഞ്ഞുണങ്ങി പെന്‍സില് പോലിരിക്കുന്നത് .."
സുനിത മുഖം വക്രിച്ചു റൂമിലേക്ക് പോയി ..
"ഞാന്‍ മെലിഞ്ഞിരിക്കുന്നത് എന്റെ കുറ്റമാണോ അമ്മേ ?"
അനിത സങ്കടത്തോടെ അമ്മയെ നോക്കി ..
"നീയതൊന്നും കാര്യമാക്കണ്ട ..അവള്‍ക്കിത് പതിവുള്ളതല്ലേ ..നീ പോയി പഠിക്കാനുള്ളതെന്തെങ്കിലും എടുത്ത് വെച്ച് നോക്ക് ..എക്സാം അടുത്തില്ലേ..?"
മുറിയിലേക്ക് നടക്കുമ്പോള്‍ അനിതയുടെ ചിന്ത മുഴുവന്‍ തന്റെ ഉടലിനെക്കുറിച്ചായിരുന്നു ..വീട്ടില്‍ തനിക്കു മാത്രമേ ഇത്ര മെലിഞ്ഞ ശരീരപ്രകൃതമുള്ളൂ ..കുട്ടിക്കാലം മുതലേ ഇങ്ങനെ തന്നെ ..വളര്‍ന്നതിനു ശേഷം ആള്‍ക്കാരുടെ സഹതാപ പ്രകടനം വല്ലാത്തൊരു ഈര്‍ഷ്യ ഉളവാക്കാറുണ്ട് ..
കഴിഞ്ഞ ഓണത്തിന് ഡല്‍ഹീന്നു കമല കുഞ്ഞമ്മ വന്നപ്പോഴും അമ്മയോട് ഇത് തന്നെ ചോദിക്കുന്നെ കേട്ടിരുന്നു:
"എന്താ ദേവികേട്ടത്തീ അനിതയ്ക്ക് നിങ്ങള്‍ കഴിക്കാനൊന്നും കൊടുക്കുന്നില്ലേ ? എന്താ പെണ്ണിന്റെ ഒരു കോലം.ഉണങ്ങി ചുള്ളിക്കമ്പ് പോലെയായി ...പ്രായമേറി വരുകല്ലേ ..ഏതെങ്കിലും ഒരുത്തന്‍ വന്നു കണ്ടാലെന്തു പറയും .."
സുനിതേച്ചീടെ കളിയാക്കല്‍ സഹിക്കാതാകുമ്പോള്‍ അമ്മയോട് ചിലപ്പോള്‍ പരാതി പറയാറുണ്ട് :
"അമ്മേ എന്നെ കെട്ടാന്‍ ഒരുത്തനും വന്നില്ലേ ളും നിങ്ങള്‍ പേടിക്കണ്ടാ ...ഞാനിവിടെ തന്നെ കഴിഞ്ഞോളാം ..എനിക്കൊരു വിഷമവുമില്ല ..."
"എന്റെ കുട്ടിക്ക് നല്ലൊരു സുന്ദരക്കുട്ടനെ തന്നെ കിട്ടും ..നോക്കിക്കോ ?"
അമ്മയുടെ സ്ഥിരം പല്ലവി ഒട്ടും വിശ്വാസയോഗ്യ മല്ലെങ്കിലും അത് മുറിവിലിറ്റിക്കുന്ന തേന്‍ തന്നെയായിരുന്നു.
കണ്ണാടിക്കു മുന്നില്‍ നില്‍ക്കുമ്പോള്‍ പലപ്പോഴും സുനിതേച്ചിയോട് അസൂയ തോന്നിയിട്ടുണ്ട് ..തന്റെ അത്ര നിറമില്ലെങ്കിലും കൊഴുത്തുരുണ്ട ആകാരവടിവ് ചേച്ചിയെ ഒരു കൊച്ചു സുന്ദരിയാക്കിയിരുന്നു ..
'സുനിതേച്ചീടെ ഇന്നത്തെ വിലയിരുത്തല്‍ കണ്ടില്ലേ ... താന്‍ ഓരോന്ന് ചിന്തിച്ചു കൂട്ടുന്നത് കൊണ്ടാണത്രേ ഇങ്ങനെ മെലിഞ്ഞുണങ്ങുന്നത് ...ഒരു പേരുമിട്ടിരിക്കുന്നു സ്വപ്നാടക...ഇനി ഇങ്ങു വരട്ടെ സ്വപ്നത്തിലെ കാഴ്ചകള്‍ ശരിക്കും പറഞ്ഞു കൊടുക്കാം ... ..ലോകത്ത് താന്‍ മാത്രമല്ലേ ഉറക്കത്തില്‍ സ്വപ്നം കാണാറുള്ളൂ' ..
അവള്‍ക്കു ശരിക്കും അരിശം വരുന്നുണ്ടായിരുന്നു ..
അന്ന് രാത്രി അനിത ഒരു സ്വപ്നം കണ്ടു. പതിവ് കാഴ്ചകളില്‍ നിന്ന് തികച്ചും വ്യത്യസ്തം ...ഒരു വലിയ കുന്നിനു മുകളില്‍ അവളൊറ്റയ്ക്ക് നില്‍ക്കുന്നു. കുന്ന് മുഴുവന്‍ പല നിറത്തിലുള്ള പൂക്കള്‍ വിടര്‍ന്നു പരന്ന് കിടക്കുന്നു ..ഒക്കെയും മണ്ണില്‍ പറ്റി വളര്‍ന്നു കിടക്കുന്ന പൂച്ചെടികള്‍ ..മഞ്ഞിന്റെ ചെറിയ വലയങ്ങള്‍ കാറ്റിലൊഴുകി നടക്കുന്നു..അവ പുല്കിയകലുമ്പോള്‍ ശരിക്കും കുളിര് കോരുന്നു ..പെട്ടെന്ന് കുന്ന് കയറി ഒരു ചെറുപ്പക്കാരന്‍ അവിടേക്ക് വന്നു ..നീണ്ടുണങ്ങി ചെമ്പിച്ച ചുരുള്‍ മുടികള്‍ ഇരു ചുമലിലേക്കും വളര്‍ന്നിറങ്ങിയിരിക്കുന്നു ..ചുണ്ടിലെ വശ്യ സുന്ദരമായ പുഞ്ചിരിയുടെ പ്രതിഫലനം കടമെടുത്തു തിളങ്ങുന്ന പൂച്ചക്കണ്ണുകള്‍..വിരിഞ്ഞ മാറും കൈകളും ...ബലിഷ്ഠമായ ആകാരപ്രകൃതി ..അവള്‍ ആശ്ചര്യത്തോടെ നോക്കി നില്‍ക്കുമ്പോള്‍ അയാള്‍ അടുത്ത് വന്ന് അവളുടെ കൈതണ്ട് പിടിച്ചുയര്‍ത്തി
മൃദുവായി ചുംബിച്ചു ..വര്‍ദ്ധിച്ച ശ്വാസഗതിയില്‍ അവളുടെ മാറ് പലതവണ ഉയര്‍ന്നു താണു...
പൊടുന്നനെ മൂടല്‍ മഞ്ഞിന്റെ വെള്ളപ്പുതപ്പ് ഒഴുകിപ്പരന്ന് കാഴ്ച മറച്ചു ..ഇപ്പോള്‍ അവ്യക്തമായ ചില ചിത്രങ്ങള്‍ മാത്രം അയാളുടെ മാറില്‍ താന്‍ ഒട്ടി ചേര്‍ന്ന് നിക്കുന്നപോലെ അവള്‍ക്കു തോന്നി.....പക്ഷേ അതൊരു മെലിഞ്ഞ പെണ്ണിന്റെ രൂപമല്ലല്ലോ..അപ്പോള്‍ പിന്നെ ........ഇപ്പോള്‍ കാഴ്ച കുറച്ചു കൂടി വ്യക്തമാകുന്നുണ്ട്.....അവള്‍ ഞെട്ടിപ്പോയീ ..!
" അത് താനല്ല ......സുനിതേച്ചീ ......അവര്‍ രണ്ട് പേരും തോളുരുമ്മി മുന്നോട്ട് നടക്കുന്നു ..അയാളുടെ കൈകള്‍ ചേച്ചിയുടെ തോളിലൂടെ വളഞ്ഞുപിടിച്ചിരിക്കുന്നു ".
പൊടുന്നനെ അനിത ഞെട്ടിയുണര്‍ന്നു ...അവള്‍ കിടക്കയില്‍ എണീറ്റിരുന്നു നന്നായി കിതച്ചു. പിന്നെ വേഗത്തില്‍ എണീറ്റ് ഡോര്‍ തുറന്ന് സുനിതയുടെ മുറിയുടെ വാതില്‍ ലക്‌ഷ്യം വെച്ച് നടന്നു. വാതിലിനു മുന്നില്‍ ഒരു നിമിഷം അറച്ചു നിന്നു.പിന്നെ പതുക്കെ ഹാന്‍ഡില്‍ താഴേക്ക് വലിച്ചു..അത് പൂട്ടിയിരുന്നില്ല ..അകത്തെ അരണ്ട വെളിച്ചത്തില്‍ സുനിതേച്ചിയുടെ കിടക്ക ശൂന്യം ..അവള്‍ വിറയ്ക്കുന്ന കൈകളോടെ വാതില്‍ ചാരി സ്വന്തം മുറിയിലേക്ക് തിരിച്ചു നടന്നു ..വാതില്‍ കുറ്റിയിട്ട് യാന്ത്രികമായി കിടക്കയിലീക്ക് വീണു..പുതപ്പെടുത്തു തല വഴി മൂടി .....കണ്ണുകള്‍ ഇറുക്കിയടച്ചു ......കണ്‍ മുന്നില്‍ ഇപ്പോഴും അവര്‍ രണ്ട് പേരും ..അവര്‍ ഇപ്പോഴും അതേ നടപ്പ് തുടരുകയാണ്..അയാള്‍ ഇടയ്ക്ക് ചേച്ചിയുടെ കവിളില്‍ മൃദുവായി നുള്ളുന്നു...
അവളെ നന്നായി വിറയ്ക്കാന്‍ തുടങ്ങിയിരുന്നു ...
അടഞ്ഞ കണ്ണുകള്‍ തുറക്കാന്‍ അവള്‍ ഒരു വിഫലശ്രമം നടത്തി നോക്കി....അവ കൂടുതല്‍ വലിഞ്ഞു മുറുകി ഇറുകിയടയുന്ന പോലെ ...അവള്‍ക്കിപ്പോള്‍ ശരിക്കും സംഭ്രമമായി..
'താനിപ്പോഴും അതേ സ്വപ്നത്തില്‍ തന്നാണോ ...അപ്പോള്‍ ഇടയ്ക്ക് ചേച്ചിയെ തിരക്കി എണീറ്റ് പോയത് ..............?
അതോ ഇടയ്ക്ക് വെച്ച് ഇഴ മുറിഞ്ഞ് ഇപ്പോള്‍ വീണ്ടും .....ഹേയ് അങ്ങനെയെങ്കില്‍ ഇങ്ങനെ ചിന്തിക്കാന്‍ കഴിയുന്നത് .........?'
സംശയങ്ങളുടെ കിനാവള്ളി അനിതയെ ചുറ്റി വരിയാന്‍ തുടങ്ങിയിരുന്നു .....
അപ്പോഴും മെയ്യോടു മെയ്യുരുമ്മി മഞ്ഞുമാസത്തിലെ ദേശാടന പക്ഷികളേപ്പോലെ ഒരാണും പെണ്ണും പൂക്കള്‍ പട്ടു വിരിച്ച കുന്നിറങ്ങി താഴ്വാരത്തിലേക്ക് ഒഴുകി നീങ്ങുന്നുണ്ടായിരുന്നു ......
സ്വപ്‌നങ്ങള്‍ തീരം കടക്കുമ്പോള്‍ !
January 25, 2011
സുരേഷ് ബാബു
Subscribe to:
Post Comments (Atom)
11 Comments, Post your comment:
നന്നായിരിക്കുന്നു.
OK,SREEKUTTAN!
ലാളിത്യമുള്ള ആഖ്യാനം.നന്നായിട്ടുണ്ട്.
വളരെ നന്നായിട്ടുണ്ട് .....
kolllaam
അവള്‍ സ്വപ്നങ്ങളിലൂടെ ഒഴുകിനടക്കുകയായിരുന്നു, താന്‍ ഒരു യാഥാര്‍ഥ്യത്തിനു സാക്ഷിയാവുകയാണെന്ന് അറിയാതെ...
മനോഹരമായ അവതരണം.
ആശംസകള്‍
enthaavo aaranyakam cinema aduthu kandathu kondaakum kure saamyam... avasaanam maathram oru maatavum..?
നന്നായി എഴുതി .....
അക്ഷരങ്ങളെ ഭിംബവല്‍ക്കരിക്കുന്ന അവതരണം മനോഹര്‍മായിരിക്കുന്നു.
Very nice..,i enjoyed reading through out.
Best wishes..
നന്നായിട്ടുണ്ട്.
Post a Comment