പോലീസ് സ്റെഷന്റെ തണുത്ത തറയില്‍ നിറം മങ്ങിയ ചുവരില്‍ ചാരി ഇരുന്ന വൃന്ദയുടെ ശരീരം ചെറുതായ് വിറക്കുന്നുണ്ടായിരുന്നു. തിരക്കിട്ട് എഴുതുന്നതിനിടയില്‍ തന്നെ പാളി നോക്കുന്ന വനിതാ പോലീസിന്റെ മുഖത്തെ വികാരം അതിശയമോ അതോ പരിഹാസമോ?
വൃന്ദക്കു തിരിച്ചറിയാനായില്ല.
കുറുക്കന്‍ കണ്ണുകളുള്ള ഒരു പോലീസുകാരന്‍ തറപ്പിച്ചു നോക്കിയപ്പോള്‍ വൃന്ദ ചുരിദാറിന്റെ ഷാള്‍ വലിച്ചു നേരെയിട്ടു. അയാളുടെ ടൈ തേച്ചു കറുപ്പിച്ച തല ചുളിവുള്ള മുഖത്തോട് യോജിക്കുന്നിലെന്നു അവള്‍ക്ക് തോന്നി.
കസേരയിലിരുന്ന സ്ത്രീയുടെ മടിയില്‍ നിന്നും പൊടി പിടിച്ച ഫയലുകള്‍ അടുക്കി വച്ചിരുന്ന മേശപ്പുറത്തേക്ക് വലിഞ്ഞു കേറാന്‍ ശ്രമിച്ചു കൊണ്ട് വൃന്ദയെ നോക്കി ചിരിച്ച ഗാതുവിനെ അവര്‍ വലിച്ചു മടിയിലേക്കിട്ടു.ഗാതു ചിണുങ്ങാന്‍ തുടങ്ങിയപ്പോള്‍ ആ സ്ത്രീ അവളുടെ തുടയില്‍ നുള്ളി. ആ വേദന അനുഭവപ്പെട്ടത് തന്റെ ഹൃദയതിലാണെന്ന് വൃന്ദക്കു തോന്നി.
ഊര്ജസ്വലതയോടെ പടിക്കെട്ടുകള്‍ ഓടി കയറി വന്ന കറുത്ത മെലിഞ്ഞസ്ത്രീ എസ് ഐ ആണെന്ന് അവരുടെ തോളിലെ നക്ഷത്രങ്ങള്‍ സൂചിപ്പിച്ചു. പക്ഷേ എന്ത് കൊണ്ടോ വൃന്ദക്കു എഴുന്നേല്‍ക്കാന്‍ തോന്നിയില്ല. എങ്കിലും അവരുടെ മുഖത്ത് ദയയുടെ നേര്‍ത്ത പ്രകാശം മിന്നി മറയുന്നുണ്ടായിരുന്നു.
കണ്ടാല്‍ കുടുംബത്തില്‍ പിറന്നതാണെന്ന് തോന്നും കൈലിരിപ്പ് കണ്ടില്ലേ മാഡം , എന്നാരോ ഈര്‍ഷ്യയോടെ പറഞ്ഞപ്പോളും അവരുടെ മിഴികള്‍ ശ്രദ്ധാപൂര്‍വ്വം തന്നിലാണെന്നു അവ്യെക്തമായ് വൃന്ദ കണ്ടു.
എസ് ഐ മേശക്കരികില്‍ എത്തിയപ്പോള്‍ മടിയിലിരുന്ന കുഞ്ഞുമായ് ആ സ്ത്രീ ഭവ്യതയോടെ തട്ടിപിടഞ്ഞു എഴുന്നേറ്റു
ആ സ്ത്രീയുടെ മൊഴി ഒരു പോലീസുകാരി ഉറക്കെ വായിച്ചപ്പോള്‍ ആണ് തനിക്ക് ചാര്‍ത്തി കിട്ടിയ വിശേഷണങ്ങളുടെയും കുറ്റങ്ങളുടെയും തീവ്രത വൃന്ദക്കു മനസിലായത്.
'പൊതുസ്ഥലത്ത് വച്ചു കുഞ്ഞിനെ തട്ടി എടുക്കാന്‍ ശ്രമിച്ചവള്‍'
മള്‍ട്ടിപ്പിള്‍ ചോയിസ് ഉത്തരങ്ങളെ നോക്കി പകച്ചു നില്‍ക്കുന്ന കുട്ടിയെ പോലെ വൃന്ദ ഇരുന്നു.
കുഞ്ഞിന്റെ പേരെന്തന്നു വാത്സല്യത്തോടെ ചോദിച്ച എസ് ഐയോട് ആ സ്ത്രീ സന്തോഷത്തോടെ പറഞ്ഞു,
'മിട്ടി ജോസഫ്'
അല്ല, അല്ല; വൃന്ദയുടെ മനസ് വിലപിച്ചു. ആ മോള്‍ക്ക് ആ പേര് ചേരില്ല ഒറ്റ നോട്ടത്തില്‍ തന്നെ തന്റെ മനസ്സില്‍ വന്നൊരു പേരുണ്ട്, 'ഗാതു ' അവള്‍ക്ക് അത് മതി.
അമ്മാവന്മാരോടൊപ്പം പടി കടന്നു വന്ന അമ്മയെ കണ്ടപ്പോള്‍ തെറ്റ് ചെയ്ത കുടിയേ പോലെ വൃന്ദ പരുങ്ങി. സൂര്യനും ചന്ദ്രനും പിന്നെ ഞാനും എന്ന് ഭാവമുള്ള കൊച്ചുമാമന്റെ മുഖം കടന്നല്‍ കുത്തിയത് പോലെ വീര്‍ത്തിരിക്കുന്നു. അവള്‍ ആര്‍ക്കും മുഖം കൊടുക്കാതെ കുനിഞ്ഞിരുന്നു.
താന്‍ ജനിച്ചത് മുതലുള്ള കാര്യങ്ങള്‍ എസ് ഐയോട് എണ്ണി പെറുക്കി അമ്മ കരയുന്നത് കേട്ടപ്പോള്‍ വൃന്ദക്കു ലോകത്തോട് മുഴുവന്‍ പക തോന്നി.
പത്തുവയസുകാരി പാവയെ ആവശ്യപ്പെടുന്ന ലാഘവത്തോടെ ഒരു കുഞ്ഞു വേണമെന്ന് മകള്‍ പറഞ്ഞുവെന്നു അമ്മ കരഞ്ഞു പറഞ്ഞപ്പോള്‍ എസ് ഐ വൃന്ദയെ അതിശയത്തില്‍ നോക്കി.
ഇടക്കെപ്പോഴോ കേട്ട 'ഇവള്‍ക്ക് മാനസികപ്രശ്നമുണ്ട്' എന്ന ശബ്ദം വല്യമാമന്റെ ആണെന്നവള്‍ തിരിച്ചറിഞ്ഞു. അവള്‍ മുഖമുയര്‍ത്തി നോക്കി. ദേഷ്യം വരുമ്പോള്‍ വല്യമാമന്റെ മീശ വിറക്കുന്നത് കാണാന്‍ നല്ല രസമാണ്.
ബലം പിടിച്ചിരുന്ന കൊച്ചുമാമനോട് അവളുടെ കുറ്റകൃത്യത്തിന്റെ തീവ്രത പോലീസുകാര്‍ വിനയപൂര്‍വ്വം ധരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ വൃന്ദക്കു ചിരി പൊട്ടി. ഇതൊക്കെ മാമന്റെ ജാടയല്ലേ ഒന്നും മനസിലായ് കാണിലെന്നു അവരോടു പറയണമെന്നു അവള്‍ക്ക് തോന്നി.
കല്യാണം എന്ന പ്രക്രിയയില്‍ ആകെ കാണുന്ന ലാഭം കുഞ്ഞാന്നെന്നും എന്നാല്‍ ആ ഒരു ലാഭത്തിനു വേണ്ടി ഒരു ലൈഫ് ലോങ്ങ് ബാധ്യത സ്വീകരിക്കാന്‍ തയാറല്ല എന്ന തന്റെ പോളിസി അമ്മ അനാവരണം ചെയ്തപ്പോള്‍ എസ് ഐ അസ്വസ്ഥതയോടെ നെറ്റി തടവുന്നത് വൃന്ദ കണ്ടു. അത് തന്റെ വൈരൂപ്യമുള്ള ശരീരത്തോടുള്ള കോമ്പ്ലെക്സ് കൊണ്ടാണെന്ന് ആര്‍ക്കും അറിയില്ല എന്നവള്‍ ആശ്വാസത്തോടെ ഓര്‍ത്തു.
അത് പോലെ ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ നടത്തിയ അന്വേക്ഷണങ്ങള്‍ അമ്മ പിന്നെയും അക്കമിട്ടു നിരത്തിയപ്പോള്‍ വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍ ആ കെട്ടിടമാകെ നിറഞ്ഞു നില്‍ക്കുന്നത് പോലെ വൃന്ദക്കു അനുഭവപ്പെട്ടു.
അമ്മക്കരികിലായ് കസേരയിലിരിക്കുന്ന സ്ത്രീ ഗാതുവിനെ നെഞ്ചോടു ചേര്‍ത്തു പിടിച്ചു. എല്ലാ അമ്മമാര്‍ക്കും തങ്ങളുടെ മക്കള്‍ വെറുതെ കിട്ടിയ ദൈവങ്ങളാണെന്ന് വൃന്ദ ഓര്‍ത്തു.
ടെക്സ്റ്റില്‍ ഷോപിലെ നിലത്തു ഒറ്റക്കിരുന്നു കരഞ്ഞ കുഞ്ഞിന്റെ കരച്ചില്‍ ശിശു രോദനം ഈശ്വരവിലാപമാന്നെന്ന ഓര്‍മയില്‍ വാരിയെടുത്ത് തലോലിച്ചതും അത് കണ്ടു കൈയില്‍ സാരി പാക്കറ്റുമായി വന്ന സ്ത്രീ നിലവിളിച്ചതും ഓടി കൂടിയ ആളുകള്‍ക്കിടയില്‍ സംസാരിക്കനാകാതെ നിന്നതും കാക്കിയുടുപ്പിട്ട മാര്ധവമില്ലാത്ത കൈകളും തലച്ചോറിലൂടെ മിന്നി മാഞ്ഞു പോയ്.
ഇതിനിടയില്‍ വെറുതെ കിട്ടിയ കുഞ്ഞിനെ ഗാതു എന്ന് പേരിട്ടു എടുത്തു വീട്ടിലേക്കു കൊണ്ട് വരാന്‍ ആഗ്രഹിച്ച കാര്യം വൃന്ദ ബോധപൂര്‍വം മറക്കാന്‍ ശ്രമിച്ചു.
മാനസികരോഗി എന്ന ലേബല്‍ നല്‍കി പോലിസ് സ്റെഷനില്‍ നിന്നു രക്ഷപെടുത്തി അമ്മാവന്മാര്‍ വൃന്ദയെ പിടിച്ചെഴുന്നെല്‍പ്പിച്ചു .
ശാപവാക്കുകള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും ഇടയിലൂടെ നടന്നു നീങ്ങവേ വൃന്ദ ഒരു നിമിഷം തിരിഞ്ഞു നോക്കി. ആ സ്ത്രീയുടെ മടിയിലിരുന്നു ഗാതു അവളെ നോക്കി പുഞ്ചിരിച്ചു. ഒപ്പം മേശപ്പുറത്തെ ചിത്രത്തിലെ കൃഷ്ണനും.
അതേ, ദൈവങ്ങള്‍ക്ക് എപ്പോഴും ചിരിക്കാനല്ലേ അറിയൂ...
സമര്‍പ്പണം: എന്റെതായിരുന്നെങ്കില്‍ എന്ന് ഞാന്‍ മോഹിച്ച എല്ലാ കുഞ്ഞുങ്ങള്‍ക്കും.....വരുമെന്ന് എന്നെ മോഹിപ്പിക്കുന്ന ഞാന്‍ കാത്തിരിക്കുന്ന എന്‍റെ (അല്ല ഞങ്ങളുടെ ) മകള്‍ക്ക്.....
8 Comments, Post your comment:
Ningalkku Oru daivam Udane Janikkatte Ennu aasamsikkunnu...!
ഈ വട്ട് ഇപ്പൊഴത്തെ പെണ്‍കുട്ടികളില്‍ ഒരു പകരുന്നരോഗമായിട്ടുണ്ടെന്ന് തോന്നുന്നു............:)
നന്നായി എഴുതി ...ഇഷ്ട്ടപ്പെട്ടു ...
എത്രയും പെട്ടെന്ന് അഞ്ജുവിനും ഒരു കുഞ്ഞുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ....!!
നന്നായെഴുതി അഞ്ജു..
കാത്തിരിക്കുന്നവളെ എത്രയും വേഗം ദൈവം സമ്മാനിക്കട്ടെ..
nice thread... may god bless u soon,for wat u long for.. with prayers..
നല്ല കഥ,
സ്നേഹം പ്രാർത്ഥനകൾ
:-)
നോര്മലായി വായിച്ചു തീര്‍ത്ത നല്ലൊരു കഥയായിരുന്നു......
പക്ഷെ.... അത് വേണ്ടായിരുന്നു..... അവസാനത്തെയാ ചെമപ്പ്..!
:-)
Post a Comment