സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



കുമിളകള്‍...

January 05, 2011 abith francis

നദിയുടെ ശാന്തതയെ വെല്ലുവിളിച്ചുകൊണ്ട് ഒരു ബീയര്‍ കുപ്പികൂടി വെള്ളത്തിലേക്ക്‌ വീണു..അവസാനത്തെ ശ്വാസവും ഒരു കുമിളയായി പുറത്തേക്കു വിട്ടുകൊണ്ട് അത് നദിയുടെ ആഴങ്ങളിലേക്ക് പതിയെ താഴ്ന്നു...ഇനി ഒരിക്കലും തിരിച്ചു കിട്ടാന്‍ സാധ്യതയില്ലാത്ത ഒരു നഷ്ടപെടല്‍...

ആകാശത്തിന്റെ ചെരുവുകളിലെവിടെയോ നടന്ന ഒരു മഹായുദ്ധത്തിന്റെ ബാക്കിയെന്നോണം ചുവന്നു തുടുത്തിരുന്ന ആകാശത്ത് സൂര്യനെ ചവിട്ടി പുറത്താക്കികൊണ്ട് ചന്ദ്ര ബിംബം പ്രത്യക്ഷപ്പെട്ടു...കാലാകാലങ്ങളായി തുടരുന്ന യുദ്ധം...ഇന്നത്തെ സമരം അല്പം രൂക്ഷമായിരുന്നിരിക്കണം..ചന്ദ്രന്റെ ഒരു ഭാഗം നഷ്ടപ്പെട്ടിരിക്കുന്നു...ഭൂമിയുള്ളിടത്തോളം കാലം - അല്ല ഭൂമിയില്‍ മനുഷ്യന്‍ ഉള്ളിടത്തോളം കാലം ആ യുദ്ധവും പകലും രാവും ഇരുളും വെളിച്ചവും വര്‍ണ്ണിക്കാന്‍ ആളുകളുണ്ടാവും...പണ്ടെങ്ങോ വായിച്ചതോര്‍ക്കുന്നു...മനുഷ്യനോട് ബന്ധപ്പെടുത്തുന്നില്ലെങ്കില്‍ പിന്നെ വര്‍ഷങ്ങള്‍ക്കും മാസങ്ങള്‍ക്കും എന്തിനു ഭൂമിക്കും സമയത്തിനും വരെ എന്ത് പ്രസക്തി!!!!!!!!

ചുറ്റും നിശബ്ദത..സാധാരണ കേള്‍ക്കുന്ന ഒരു ശബ്ദവും, ട്രെയിനിന്റെയോ വാഹനങ്ങളുടെ പോലുമോ ഇന്ന് എന്‍റെ ചെവികള്‍ക്ക് അന്യമായിരിക്കുന്നു...ഈ നിശബ്ദത സമാധാനമോ അതോ നിസംഗതയോ??? നിസംഗത അപമാനമാനെങ്കില്‍ അപമാനം മരണമാണെങ്കില്‍ ഇല്ല എന്‍റെ തീരുമാനങ്ങളൊന്നും തെറ്റിയിട്ടില്ല..കാരണം സമാധാനം അത് എന്നും ഒരു സ്വപ്നം മാത്രമാണല്ലോ....

അകലെ കുട്ടനാടിന്‍റെ ഓളപ്പരപ്പുകളിലെവിടെയോ നാളെ മുഴങ്ങാന്‍ വഴിയുള്ള നാദസ്വരങ്ങള്‍ക്കും പക്കമേളങ്ങള്‍ക്കും മുന്‍പേ എനിക്ക് എന്‍റെ വഴി തിരഞ്ഞെടുക്കണം...

പുഴക്കരയില്‍ തെല്ലുമാറി നില്‍ക്കുന്ന - ഇന്ന് ഹോട്ടല്‍ ആയി മാറിയ, പഴയ ആ കൊട്ടാരത്തിന് മുന്‍പില്‍ ആയിരം സൂര്യന്മാര്‍ പ്രകാശം ചൊരിയുന്നു...ദശബ്ധങ്ങള്‍ക്ക് മുന്‍പ് ഇതുപോലൊരു ഒരു രാത്രിയിലാണ് ആ കൊട്ടാരത്തിന്റെ അന്തപ്പുരവാതിലുകള്‍ എരിച്ചടക്കപ്പെട്ടത്‌, നിലവിളികള്‍ ഉയര്‍ന്നത്, വെളുത്ത കരങ്ങളാല്‍ പിച്ചി ചീന്തപ്പെട്ട അല്പപ്രാണനുള്ളതും അല്ലാത്തതുമായ കുറെ ശരീരങ്ങള്‍ ഈ നദിയുടെ ആഴങ്ങളില്‍ അഭയം തേടിയത്...ഒരു പക്ഷെ എനിക്കായി ഈ ദിനം അന്നേ കുറിക്കപ്പെട്ടിരുന്നിരിക്കണം..ചിലപ്പോള്‍ അതിനും മുന്‍പേ...ഇന്ന് ഞാന്‍ നാളെ നീ ..

കുറച്ചു അകലെയായി രണ്ടു ചാക്കുകെട്ടുകള്‍ കുറെ കുമിളകള്‍ പൊട്ടിത്തെറിപ്പിച്ചുകൊണ്ട് നദിയിലേക്ക് വീണു..ഇരുളിന്‍റെ മറവില്‍ ചാക്ക് ചുമന്നു വന്ന ഇരുണ്ട രൂപങ്ങളെ ഞാന്‍ തിരിച്ചറിഞ്ഞത് അല്പം കൂടി സ്വബോധം എന്നില്‍ അവശേഷിക്കുന്നതുകൊണ്ടാവാം....ആഴങ്ങളില്‍ എവിടെയെങ്കിലും ഉണ്ടായേക്കാവുന്ന അടക്കം ചെയ്യപ്പെട്ട അസ്ഥികൂടങ്ങള്‍ക്കും, ഉണ്ടാകുമെന്ന് ഉറപ്പുള്ള എന്‍റെ സംഭാവനയായ ഏതാനും ബിയര്‍ കുപ്പികള്‍ക്കും കൂട്ടായി രണ്ടു ചാക്ക് നിറയെ ചീഞ്ഞ പച്ചക്കറികളും മുട്ടയും ബ്രോയിലര്‍ കോഴിയുടെ അവശിഷ്ട്ടങ്ങളും..

എന്‍റെ നിശബ്ദതയെ പരിഹസിച്ചുകൊണ്ട് ഒരു അനൌന്‍സ്മെന്റ് എന്നെ കടന്നുപോയി...നാളെ ടൌന്‍ ഹാളില്‍ വന്‍പിച്ച മത സൌഹാര്‍ദ സമ്മേളനം നടക്കാന്‍ പോകുന്നത്രേ...വിവിധ മതനേതാക്കള്‍ പങ്കെടുക്കുന്നുണ്ട്...പരിപാടി വന്‍ വിജയമാക്കാന്‍ എല്ലാവരും സഹകരിക്കണം പോലും...കേട്ടപ്പോള്‍ ചിരി വന്നു...മത സൌഹാര്‍ദം പോലും..ഹിന്ദുവിനെയും ക്രിസ്ത്യാനിയെയും മുസ്ലീമിനെയും മൂന്നു മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ തിരിച്ചു നിര്‍ത്തിയിട്ടു മതങ്ങളെ സ്നേഹിക്കാന്‍ പ്രസംഗിക്കുന്നതിന് പകരം ആ വേലിക്കെട്ടുകള്‍ പൊളിച്ചെരിഞ്ഞു എല്ലാവരെയും ഒന്നിച്ചു നിര്‍ത്തി അന്ന്യോന്ന്യം സ്നേഹിക്കാന്‍ , മനുഷ്യനെ സ്നേഹിക്കാന്‍ ആരെങ്കിലും പഠിപ്പിച്ചിരുന്നെങ്കില്‍...

കംസനെ നിഗ്രഹിച്ചു സമാധാനം തിരിച്ചു കൊണ്ടുവന്ന കൃഷ്ണനോ, മനുഷ്യകുലത്തിന്റെ രക്ഷക്കായി മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനോ, അറേബ്യയിലെ മണലാരണ്യങ്ങളില്‍ നന്മ പ്രചരിപ്പിച്ച പ്രവാചകനോ ഒരു നിമിഷാര്ധതിന്റെ ആയിരത്തിലൊന്ന് സമയം പോരെ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന ഈ ലോകക്രമത്തെ നേര്‍വഴിക്കു കൊണ്ടുവരാന്‍...

എന്നെ ചിന്തയില്‍ നന്നും ഉണര്‍ത്താനായി ഒരു ചാക്കുകൂടി വള്ളത്തിലേക്ക്‌ വീണു...ചുറ്റും നോക്കി..ഹോട്ടലിലെ സൂര്യന്മാരില്‍ പകുതിയും കണ്ണടച്ച് തുടങ്ങിയിരിക്കുന്നു...പുറകില്‍ വീണ്ടും നിശബ്ധത തന്നെ...കൈത്തണ്ടയിലെ മൂന്നു സൂചികള്‍ സമയത്തെക്കുറിച്ച് ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു..ആ വട്ടത്തിനും അതിലെ കറുത്ത വരകള്‍ക്കും മനുഷ്യന്‍ അര്‍ഹിക്കുന്നതിലും കൂടുതല്‍ പരിഗണന നല്‍കുന്നുണ്ടോ..

ഞാന്‍ എണീറ്റു..ഒരു ശങ്ക..പലതവണ ആലോചിച്ചു ഉറപ്പിച്ചതാണെങ്കിലും തീരുമാനങ്ങള്‍ക്ക് ഒരു ചാഞ്ചല്യം.. ഇനിയുള്ള യാത്ര മുന്‍പോട്ടോ അതോ പുറകോട്ടോ??? മുന്‍പില്‍ എന്നെ കാത്തിരിക്കുന്ന നിശബ്ധത...പുറകില്‍????

ഒരു കുപ്പി കൂടി നദിയുടെ ആഴങ്ങളിലേക്ക് ഊളിയിട്ടു..അവസാനത്തെ ശ്വാസവും പുറത്തേക്ക് വിട്ടുകൊണ്ട്...

10 Comments, Post your comment:

ആളവന്‍താന്‍ said...

ഭാഷയുടെ സൌന്ദര്യം പ്രശംസനീയമെങ്കിലും എന്തോ ഒരു അപൂര്‍ണ്ണത...

ശ്രീകുമാർ said...

മരണം പ്രതീക്ഷിക്കുന്നവന്റെ വികലമായ ചിന്തകൾ പോലെ തന്നെ കഥയിലെ വരികളും.. കൊള്ളാം..

ഉപാസന || Upasana said...

നന്നായി
:-)

SUJITH KAYYUR said...

നന്നായി

Salini Vineeth said...

കഥ നന്നായി. അഭിതിന്റെ കഥകള്‍ എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ടു വരുന്നു.
ഒരു സംശയം, ഈ കക്ഷി എന്തിനാ ആത്മഹത്യ ചെയ്യുന്നത്? വല്ല പ്രണയ നൈരാശ്യവും ആണോ?

"കംസനെ നിഗ്രഹിച്ചു സമാധാനം തിരിച്ചു കൊണ്ടുവന്ന കൃഷ്ണനോ, മനുഷ്യകുലത്തിന്റെ രക്ഷക്കായി മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനോ, അറേബ്യയിലെ മണലാരണ്യങ്ങളില്‍ നന്മ പ്രചരിപ്പിച്ച പ്രവാചകനോ ഒരു നിമിഷാര്ധതിന്റെ ആയിരത്തിലൊന്ന് സമയം പോരെ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന ഈ ലോകക്രമത്തെ നേര്‍വഴിക്കു കൊണ്ടുവരാന്‍..."

ഈ വരികള്‍ക്ക് colonial cousins ന്റെ "കൃഷ്ണ നീ ബേഗനെ ബാരോ" എന്ന ആല്‍ബത്തിന്റെ വരികളുമായി എന്തോ ഒരു സാമ്യം.

abith francis said...

@ആളവന്‍താന്‍
വളരെ നന്ദി അഭിപ്രായത്തിനു...തീര്‍ച്ചയായും ആ അപൂര്‍ണ്ണത മാറ്റാന്‍ ശ്രമിക്കാം...ഇനിയും തിരുത്തി തരണേ..

@ശ്രീകുമാർ
@ഉപാസന || Upasana
@സുജിത് കയ്യൂര്‍
എല്ലാവര്‍ക്കും ഒരുപാട് നന്ദി...

abith francis said...

@ശാലിനി
വളരെ സന്തോഷം മാഷെ... പ്രണയ നൈരാശ്യം ആണോ എന്ന് എനിക്കും മനസിലായില്ല സത്യത്തില്‍...ആയിരിക്കുമെന്നാണ് പ്രതീക്ഷ...

അഭിപ്രായം വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കും അങ്ങനെയൊരു സംശയം..ശെരിക്കും ഒരു colonial cousins സാമ്യം തോന്നുന്നുണ്ടല്ലേ...ചൂണ്ടി കാണിച്ചതിനു ഒരുപാട് നന്ദി...ഉറപ്പായും ഇനി ശ്രദ്ധിക്കുന്നതായിരിക്കും...

LiDi said...

ഇഷ്ടമായി,പക്ഷേ ഇനിയുമെന്തൊക്കെയോ പറയാനുണ്ടായിരുന്നതു പോലെ തോന്നുന്നു

abith francis said...

@ലിഡിയ
സത്യമാണ്....എന്തോക്കെയോകൂടി ഉണ്ടായിരുന്നു....

Renjishcs said...

ചില നല്ല നിരീക്ഷണങ്ങള്‍ കണ്ടു പക്ഷെ ടോട്ടാലിറ്റിയില്‍ ചില പന്തികേട് എനിക്കും തോന്നായ്കയില്ല.....

മറുപടി വേണ്ടാ......ഞാന്‍ ഊഹിച്ചു...!! :)