പായലുപിടിച്ചു തുടങ്ങിയ ഒരു കല്ലിന്‍റെ മുകളില്‍ ഇരുന്നുകൊണ്ട് ഞാന്‍ ഒരു കഥ പറയാന്‍ ആരംഭിച്ചു... മുകളില്‍ മാവിന്‍റെ ചില്ലകള്‍ ഇളകിക്കൊണ്ടിരുന്നു... വര്‍ഷങ്ങളായുള്ള സൗഹൃദം...
പഴയ കഥയാണ്... പഴയതെന്നും വച്ച് നൂറ്റാണ്ടുകളുടെ പഴക്കം ഒന്നുമില്ല... കുറച്ച് വര്‍ഷങ്ങള്‍... കുറച്ച് അധികം വര്‍ഷങ്ങള്‍...
ദൂരദര്‍ശനിലെ 4 മണി സിനിമ ആളുകള്‍ ഒരുമിച്ച് ഇരുന്നു കണ്ടിരുന്ന കാലഘട്ടം...
കൈയില്‍ കെട്ടിയിരിക്കുന്ന ചരടിന്റെ നിറം നോക്കി ആളുകള്‍ ജാതിയും മതവും തിരിച്ചറിയാന്‍ തുടങ്ങുന്ന സമയം... നമ്മുടെ അമ്പലവും പള്ളിയുമൊക്കെ നിന്‍റെ അമ്പലവും എന്‍റെ പള്ളിയുമായി അറിയപ്പെടാന്‍ ആരംഭിക്കുന്ന സമയം.. .
മനുഷ്യനെ സോഷ്യല്‍ ആക്കാന്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും അയല്‍പക്കത്ത് താമസിക്കുന്നത് ആരാണെന്നെന്ന് ആളുകള്‍ക് തിരിച്ചറിയാമായിരുന്ന കാലം...
ജനങ്ങള്‍ എന്നാല്‍ വോട്ട് ചെയ്യുവാന്‍ ഉള്ള യന്ത്രങ്ങള്‍ മാത്രമാണെന്ന് എല്ലാ രാഷ്ട്രീയക്കാരും അന്ന് തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നില്ല... വിദ്യാഭ്യാസം എന്നാല്‍ കച്ചവടം ആണെന്നും കച്ചവടം ലാഭത്തിനു വേണ്ടി ഉള്ളതായിരിക്കണമെന്നുമുള്ള സത്യങ്ങള്‍ എല്ലാ കച്ചവടക്കാരും മനസിലാക്കിയിരുന്നില്ല അന്ന്...
പണം ഒരു അവശ്യ വസ്തു ആണെങ്കിലും അതായിരിക്കണം എല്ലാം എന്ന് ജനങ്ങള്‍ മനസിലാക്കിതുടങ്ങുന്നതെ ഉണ്ടായിരുന്നൊള്ളൂ അന്ന്... അധ്വാന വര്‍ഗ സിദ്ധാന്ധങ്ങളെ കുറിച്ചു പഠിപ്പിക്കാന്‍ സ്ഥാപനങ്ങളും നിലവില്‍ വന്നിരുന്നില്ല...
പെട്രോളിനും ഡീസലിനും അരിക്കും മണ്ണെണ്ണക്കും എന്തിനു പച്ച വെള്ളത്തിനും വരെ ഇന്നത്തേതിനേക്കാള്‍ നാലില്‍ ഒന്ന് മാത്രം വില ഉണ്ടായിരുന്ന ആ കാലഘട്ടത്തിലും മലയാളികള്‍ മാവേലിയുടെതെന്നു പറയപ്പെടുന്ന ആ സുവര്‍ണ കാലഘട്ടത്തെ ഓര്‍ത്തു നെടുവീര്‍പ്പിട്ടു....
എന്‍റെ മുത്തശ്ശിയും നെടുവീര്‍പ്പിട്ടു... മാവേലിയെ ഓര്‍ത്തല്ല... ഒന്നിനെകുറിച്ചും ചിന്തിക്കാതെ വെറുതെ തെക്ക് വടക്ക് നടക്കുന്ന എന്നെ ഓര്‍ത്ത്..
മുത്തച്ഛന്‍ നാട്ടില്‍ സാമാന്യം പേരൊക്കെ ഉണ്ടായിരുന്ന ഒരു വ്യക്തിയായിരുന്നു ... പുള്ളികാരനെ കാലന്‍ പിടിച്ചുകൊണ്ട്പോയി കുറെ കാലം ആയെങ്കിലും, നാട്ടുകാരെപോലെ തന്നെ വീട്ടുകാരും പുള്ളിയെ മറന്നെങ്കിലും മുത്തശ്ശി മാത്രം ഇടക്കിടക് പഴങ്കഥകളും ആയിട്ട് വരും.. അവരുടെ മുറിയുടെ ചുവരില്‍ ഒരുപണിയും ഇല്ലാതെ തൂങ്ങി കിടക്കുന്ന മുത്തച്ചനെ എടുത്ത് മാറ്റിയാലെങ്കിലും ഈ പ്രശ്നം സോള്‍വ് ആകും എന്ന് ഞാന്‍ ചിന്തിച്ചു തുടങ്ങിയിരുന്നു അന്ന്...
അങ്ങനെ ഒരുദിവസം മുത്തശ്ശി സംഭവ ബഹുലമായ ആ പ്രഖ്യാപനം നടത്തി..മുറ്റത് നിന്നിരുന്ന സഹായം ചോദിച്ചു വന്ന തമിഴത്തി പെണ്ണു വരെ കാര്യം മനസിലായില്ലെങ്കിലും തലയില്‍ കൈ വച്ചു..
" ഞാന്‍ ഒരു അമ്പലം പണിയാന്‍ പോണു.."
"അമ്മേ..നെല്ലിക്കായ്കു ഇപ്പോള്‍ എത്രയാ വില..?? തളം വെക്കാന്‍ എത്ര കിലോ വേണ്ടി വരും??'' എന്നൊക്കെ ചോദിച്ചുകൊണ്ട് ഞാന്‍ അകത്തേക്ക് പോയി..
മുത്തച്ഛന്റെ ഓര്‍മ്മക്കായി അമ്പലം പണിതു നാട്ടുകാര്‍ക്ക് ഡെഡിക്കേറ്റ് ചെയ്യാനുള്ള ഭീകര തീരുമാനം മുത്തശ്ശി ഒന്നൂടെ ഉറപ്പിച് പറഞ്ഞപ്പോള്‍ നെല്ലിക്കയില്‍ ഒന്നും സംഗതി നില്‍ക്കുകേല എന്ന് ഞങ്ങള്‍ക്ക് മനസിലായി...ഇതെന്തോന്ന് തമിഴ്നാടോ?? കാര്യം എന്‍റെ മുത്തച്ഛന്‍ ആണെങ്കിലും, നല്ല മനുഷ്യന്‍ ആയിരുന്നെങ്കിലും ഇത് ഓവര്‍ അല്ലെ?? പോരാത്തതിന് ഒരു ക്രിസ്ത്യാനി ആയ മുത്തശ്ശിക്ക് അത്ര നിര്‍ബന്ധം ആണെങ്കില്‍ ഒരു കുരിശുപള്ളി ഉണ്ടാക്കിയാല്‍ പോരെ?? എന്തിനാ അമ്പലം???കൂട്ടത്തില്‍ നമുക്ക് ഒരു ഭാണ്ടാരവും വെക്കാം..
എന്‍റെ സംശയത്തിന് ഒറ്റ വരിയില്‍ പഴയ സ്കൂള്‍ ടീച്ചര്‍ ആയിരുന്ന മുത്തശ്ശി ഉത്തരം നല്‍കി.." എടാ, ഇത് ദൈവങ്ങള്‍ക്ക് ഉള്ളതല്ല..മനുഷ്യര്‍ക്ക് വേണ്ടി ഉള്ളതാ..മനുഷ്യര്‍ക്ക് ഉപകരിക്കാന്‍ വേണ്ടി ഉള്ളതാ.."
ഒടുവില്‍ എല്ലാ പ്രതിസന്ധികളെയും മറികടന്നു മുത്തശ്ശി പറമ്പിന്‍റെ ഒരു മൂലയില്‍ റോഡിനോട് ചേര്‍ന്ന് ഒരു കൊച്ചു അമ്പലം പണിതു..നാട്ടില്‍ കാണുന്ന അമ്പലങ്ങളുടെ സാദൃശ്യം ഒന്നും ആ കൊച്ചു കെട്ടിടത്തിനു ഉണ്ടായിരുന്നില്ല..പക്ഷെ മനോഹരമായ ഒരു ലാളിത്യം അതിന്‍റെ പ്രത്യേകത ആയിരുന്നു....
കെട്ടിടം പണി കഴിഞ്ഞപ്പോളാണ് പുതിയ പ്രശ്നം ഉടലെടുത്തത്...എന്തായാലും പേരിലെങ്കിലും അമ്പലം ആണ്..അപ്പോള്‍ ഒരു പ്രതിഷ്ഠ വേണ്ടെ?? കുരിശില്‍ കിടക്കുന്ന യേശു ക്രിസ്തുവിനെ എടുത്ത് അമ്പലത്തില്‍ വച്ചു ചന്ദനത്തിരി കത്തിക്കുന്നത് ആളുകള്‍ കണ്ടാല്‍ എന്ത് വിചാരിക്കും???
എന്‍റെ ആ സംശയത്തിനും അധികം ആയുസ് ഉണ്ടായിരുന്നില്ല..മുത്തശ്ശിയുടെ വിവരമില്ലയ്മയെക്കുറിച്ച് മാത്രം ചിന്തിച്ചു കൊണ്ടിരുന്ന ഞാന്‍ അവരെ ബഹുമാനിച്ചു പോയത് മുത്തച്ഛന്റെ ആള്‍ വലുപത്തിലുള്ള പഴയ കണ്ണാടി അമ്പലത്തില്‍ പ്രതിഷ്ഠ ആയി വച്ചപ്പോളായിരുന്നു .... വാ പൊളിച്ചു നിന്ന എന്‍റെ അടുത്ത് വന്നു മുത്തശ്ശി പറഞ്ഞു... " മനുഷ്യന്‍ നന്നാവേണ്ടത് അവന്‍റെ തന്നെ ദുഷ്ടതകളില്‍ നിന്നുമാ... അവന്‍ പ്രാര്‍ത്ധിക്കെണ്ടതും അവനോട് തന്നെയാ.. അവന്‍റെ ഉള്ളിലുള്ള ദൈവീക ശക്തിയോടാ. ..ഇവിടെ ദൈവത്തിനു പേരുകള്‍ അല്ല ആവശ്യം...സ്വയം തിരിച്ചറിഞ്ഞു, തിരുത്തി, എല്ലാവരെയും ഒന്നുപോലെ കാണാന്‍ നീ പഠിച്ചാല്‍ നിന്‍റെ ദൈവം നീ തന്നെയാ.."
അങ്ങനെ ലോകത്തില്‍ ആദ്യമായി ( ചിലപ്പോള്‍ ആയിരിക്കും) ഭജനകളും പ്രതിഷ്ഠകളും കുന്തിരിക്കവും ചന്തന തിരിയും തോരണവും മാലകളും ഇല്ലാത്ത ഒരു അമ്പലം അവടെ ജനിച്ചു... മുറ്റത് ഒരു മാവും..ആ പഴയ സ്കൂള്‍ ടീച്ചറിന്റെ കഴിവിനെയും ചിന്തകളെയും നാട്ടുകാര്‍ വാഴ്ത്തി...
3 ദിവസം കഴിഞ്ഞപ്പോള്‍ മുത്തശ്ശി എവിടുന്നോ ആ തമിഴത്തിയെയും കുട്ടികളെയും അവിടെ കൊണ്ടുവന്നു...പിന്നീട് പലരും വരുകയും പോവുകയും ചെയ്തു...മുത്തശ്ശി അവിടെ എല്ലാവര്‍ക്കും ഭക്ഷണം കൊടുത്തു...
ഒടുവില്‍ മുത്തശ്ശി മരിച്ചു..
മുത്തശിയുടെയും മുത്തച്ചന്റെയും ഓര്‍മയായി ആ കൊച്ചു കെട്ടിടം അവിടെ നിലകൊണ്ടു...മുത്തശ്ശി പോയിട്ടും ആ തമിഴത്തിയും കുട്ടികളും അവിടെത്തന്നെ ഉണ്ടായിരുന്നു..
...........................
അങ്ങനെയിരിക്കുമ്പോളാണ് നാട്ടിലെ ചില വിശാല മനസ്കര്‍ക്ക് ഒരു ആഗ്രഹം തോന്നിയത്...കാര്യം അമ്പലം പണിതിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും കാര്യമായി ഒരു ആഘോഷ പരുപാടിയും അവിടെ നടന്നിട്ടില്ല..എന്തിനു ഉത്ഘാടനത്തിനു പോലും മുത്തശ്ശിയുടെ ഒരു അവാര്‍ഡ് പ്രസംഗം മാത്രം ആയിരുന്നു ഉണ്ടായിരുന്നത്....
"ഇത് ഒരിക്കലും പ്രാര്തിക്കാനുള്ള ഇടമല്ല... ഇവിടെ എല്ലാവര്‍ക്കും വരാം..നിങ്ങളെ തിരിച്ചറിയാന്‍ ശ്രമിക്കൂ...നിങ്ങളുടെ ഉള്ളിലെ ദൈവീകതയെ തിരിച്ചറിയാന്‍ ശ്രമിക്കൂ...മുട്ടില്‍ നിന്ന് കൈ വിരിച്ചു പ്രാര്‌തിക്കുന്നതിലല്ല കാര്യം, ആ കൈകള്‍കൊണ്ട് അടുത്ത് നില്‍ക്കുന്നവനെ ആസ്ലെഷിക്കുമ്പോളാണ് .."
അച്ഛനും അമ്മയ്ക്കും വേറെ നൂറുകൂട്ടം ജോലി ഉള്ളപ്പോളാണ് ഇനി ഉത്സവം..വന്നവരോടൊക്കെ നിങ്ങള്‍ വേണ്ടത് പോലെ അങ്ങ് നടത്തിക്കോളാന്‍ പറഞ്ഞു...
പിന്നെ എല്ലാം പെട്ടെന്ന് നടന്നു.. അമ്പലത്തില്‍ മൈക്ക് വച്ചു.. തോരണം തൂങ്ങി.. പുതിയ കാവി കളര്‍ അടിച്ചു..ആഘോഷമായി അങ്ങനെ ഒന്നാമത്തെ ഉത്സവം നടന്നു...
അടുത്ത കൊല്ലം...അതെ സമയം..ഇത്തവണ അനുവാദം ചോദിക്കല്‍ ഉണ്ടായില്ല..ഉത്സവം നടന്നു...
ഉത്സവ നടത്തിപ്പുകള്‍ക്കും അമ്പലത്തിന്റെ ദൈനംദിന ചിലവുകള്‍ക്കും ഒക്കെയായി കാണിക്ക സ്വീകരിച്ചു തുടങ്ങി.. ഭണ്ടാരം പണിതു.. വരവ് ചെലവ് കണക്കുകള്‍ക്കായി ഒരു ട്രസ്റ്റ് രൂപീകൃതമായി...മുത്തച്ഛന്റെ കണ്ണാടിക്കു മുന്നില്‍ പല പല രൂപങ്ങളും ചന്ദനതിരിയില്‍ കുളിച്ചു നിന്നു... ഒടുവില്‍ ആ കണ്ണാടി പുറകിലേക്ക് വീണു പലതായി ഉടഞ്ഞു ...
ആ തമിഴത്തിയും കുട്ടികളും എവിടെ എന്ന് ആരും അന്വേഷിച്ചില്ല..
അങ്ങനെ പല ഉത്സവങ്ങളും നടന്നു... അപ്പോളാണ് നാട്ടിലെ സമാധാനത്തിന്‍റെ കുഞ്ഞാടുകള്‍ക്ക് കാര്യങ്ങളിലെ അപകടം മനസിലായത്... ക്രിസ്ത്യാനിയായ മുത്തശ്ശി പണിത കെട്ടിടം അമ്പലമാക്കുകയോ..അനുവദിക്കില്ല ഞങ്ങള്‍... ഏതോ രാത്രിയില്‍ ഒരു കുരിശ് അവിടെ പ്രത്യക്ഷപ്പെട്ടു...ദൈവ വചനങ്ങളുടെ ഗീധികകള്‍ അവിടേക്ക് ഒഴുകി എത്തി... "ശത്രുവിനെ സ്നേഹിക്കുക... നിന്നെ പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക.."
നാടിന്‍റെ സാഹോദര്യത്തിന്റെ കടക്കല്‍ കത്തി വെക്കുന്നവര്‍ക്കെതിരെ പോരാടാന്‍ ഉറപ്പിച്ചുകൊണ്ട് മൂന്നാമത് ഒരു ദൈവം കൂടി കളത്തില്‍ എത്തിയപ്പോള്‍ ദൈവങ്ങളുടെ പ്രാതിനിധ്യം കമ്പ്ലീറ്റ് ആയി...
പിന്നീട് കാര്യങ്ങള്‍ എല്ലാം വളരെ എളുപ്പമായിരുന്നു..സാമാന്യം നല്ലരീതിയിലുള്ള കോലാഹലങ്ങള്‍..പൊതുജനം എന്ന കഴുതകളുടെ ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ രാഷ്ട്രീയം കച്ചകെട്ടി ഇറങ്ങി...മതവിശ്വാസത്തെ വ്രനപ്പെടുതുന്നവര്‍ക്കെതിരെ പ്രതിഷേധ യോഗങ്ങള്‍ നടന്നു... പക്ഷെ ഇട്ടാവട്ടത്തിലുള്ള ആ കൊച്ചു ഗ്രാമത്തിലെ വിരലില്‍ എണ്ണാവുന്ന വോട്ടു കള്‍ക്ക് ഒരിക്കലും ചായകോപ്പയിലെ കൊടുംകാറ്റാകാന്‍ സാധിക്കില്ല എന്ന തിരിച്ചറിവ് നേരത്തെ ഉണ്ടായിരുന്നതുകൊണ്ട് പറഞ്ഞുറപ്പിച്ച ഒരു സമയ പരിധിക്കുള്ളില്‍ എല്ലാം അവസാനിപ്പിച്ച് വന്നവര്‍ പുതിയ ജനതകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി വണ്ടി കയറി..
എന്തായാലും ഉണ്ടായ ബഹളങ്ങളുടെ ഫലമായി ആര്‍ക്കും ജീവാഹാനിയൊന്നും സംഭവിച്ചില്ലെങ്കിലും അമ്പലത്തിന്റെ കാര്യം ഏതാണ്ട് തീരുമാനമായി.... ഒടുവില്‍ ആ മതില്‍ കെട്ടിനകത്ത് പഴയ മാവ് മാത്രം ബാക്കിയായി.... കട്ടയും കരിംകല്ലും അതിനുള്ളില്‍ ചിതറിക്കിടന്നു ...മതിലിന്‍റെ 2 ഭാഗങ്ങളും അപ്രത്യക്ഷമായി...
പിന്നീട് ആരും ആ വഴിക്ക് വരാതായി..അമ്പലത്തെക്കുറിച്ചു സംസാരിക്കാതായി ...അങ്ങനെ മുത്തച്ഛനും മുത്തശ്ശിയും മറക്കപ്പെടെണ്ടാത് കാലത്തിന്‍റെ അനിവാര്യതയായി.. നാടിനെ തമ്മില്‍ തല്ലിക്കാന്‍ നോക്കിയവരെ എന്തിനു ജനങ്ങള്‍ ഓര്‍മിക്കണം... നമുക്ക് വലുത് നമ്മുടെ സ്വന്തന്ത്ര പരമാധികാര മതേതര രാഷ്ട്രത്തിന്‍റെ ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും ഉപരിയായുള്ള അഘണ്ടത ആണല്ലോ...
.............................................
പായല്‍ പിടിച്ചു കിടന്ന ഒരു കല്ലിനു മുകളില്‍ ഞാന്‍ ഇരുന്നു...വര്‍ഷങ്ങള്‍ക് മുന്‍പ് അവിടെ ഇരുന്നുകൊണ്ട് ആ സ്കൂള്‍ ടീച്ചര്‍ വര്‍ഷങ്ങള്‍ കഴിഞ്ഞുള്ള ഒരു കാലത്തെക്കുറിച് പറഞ്ഞ വാക്കുകള്‍ കാതില്‍ മുഴങ്ങി...
''നീ നോക്കിക്കോ...നമ്മുടെ നാടിനെ കുറിച് ഒരിക്കല്‍ ഈ ലോകം അഭിമാനിക്കും...നന്മയുള്ള ഈ കൊച്ചു നാട്ടില്‍ ജനിക്കാന്‍ ആയത് നമ്മുടെ ഒക്കെ ഭാഗ്യമാ..."
ഭാഗ്യം..!!!!!!!!!!!!!!!!!!!!
ഞാന്‍ തിരിച്ചു നടന്നു... എന്‍റെ വശങ്ങളിലെ ഏതൊക്കെയോ വീടുകളില്‍ നിന്നും അപ്പോളും മഹാബലിയുടെ കാലത്തെക്കുറിച്ചുള്ള നെടുവീര്‍പ്പുകള്‍ ഉയരുന്നുണ്ടായിരുന്നു....
ഒരു മുത്തശ്ശി കഥ..
February 18, 2013
abith francis
16 Comments, Post your comment
Labels: കഥ
Subscribe to:
Posts (Atom)