സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



രാപ്പൂക്കളിൽ ഉഷ്ണം നിറയുമ്പോൾ

November 07, 2012 അനില്‍കുമാര്‍ . സി. പി.


വെയില്‍ വെന്തു വെന്തു പല അടരുകളായി നിരത്തില്‍ നിന്നും അടച്ചിട്ട ജനാലയുടെ ചില്ലുപാളികളില്‍ വന്നെത്തിനോക്കിക്കൊണ്ടിരുന്നു. അതിലേറെ പുകയുന്ന ചിന്തകളുമായി അവളെന്റെ മുന്നില്‍ ഇരുന്നു.

ലീവ് ആപ്ലിക്കേഷനിൽ നിന്ന്‍ തലയുയര്‍ത്തിയത് അവളുടെ ആകാംക്ഷ മുറ്റി ഇടുങ്ങിയ കണ്ണുകളിലേക്കായിരുന്നു. മേശയുടെ അരികില്‍ പിടിച്ചിരുന്ന വിരലുകള്‍ ഏതോ ഭയം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു.

‘എലൻ വർഷങ്ങളായല്ലോ ലീവിനു പോയിട്ട്,  എന്തു പറ്റി ഇപ്പോൾ?’

അവളുടെ ചതഞ്ഞ ചുണ്ടിൽ ഒരു മങ്ങിയ ചിരി മിന്നിമാഞ്ഞു, പിന്നെ എന്തോ പറയാനായി മുന്നോട്ട് ആഞ്ഞു... അപ്പോഴാണ് ഓഫീസ് ഡോർ തള്ളിത്തുറന്ന് പുറത്തെ വെയില്‍ നാളങ്ങള്‍ ഒന്നിച്ചു ഇരച്ചു കയറിയതുപോലെ  ക്രിസ ഉള്ളിലേക്ക് വന്നത്.

‘സർ... ആ ലീവ് ആപ്ലിക്കേഷൻ അപ്രൂവ് ചെയ്യരുത്...’ അത് പറയുമ്പോൾ അവൾ ഒരു ചെന്നായയെ പോലെ കിതച്ചു.

എന്തെങ്കിലും പറയാൻ കഴിയുന്നതിനുമുമ്പ് എന്റെ കയ്യിൽനിന്നും ലീവ് ആപ്ലിക്കേഷൻ തട്ടിപ്പറിച്ച്, കീറിക്കളഞ്ഞ് ഒരുന്മാദിനിയേപ്പോലെ അവൾ എലന്റെ മുടിക്കെട്ടിൽ പിടിച്ചുയർത്തി ഇരുകവിളുകളിലും മാറിമാറിയടിക്കാൻ തുടങ്ങി...

‘ഐ വിൽ കിൽ യു ബിച്ച് ... ഐ വിൽ കിൽ യു ... കിൽ യൂ ...’ പരിസരം പോലും മറന്ന് അവൾ അലറിക്കൊണ്ടിരുന്നു.

പകച്ച് സ്തബ്ധരായി നിന്നു പോയ ഞങ്ങൾക്ക് മുന്നിൽ ക്രിസ ബോധരഹിതയായി നിലത്തേക്ക് വീണു!

ദിവസങ്ങൾക്ക് ശേഷമാണു പതിവ് ഔദ്യോഗിക സന്ദർശനത്തിനായി ഫീമെയിൽ സൈക്കിയാട്രി വാർഡിൽ എത്തിയത്. ഒരിക്കലും ചിരി മായാത്ത മുഖമുള്ള വാർഡ് ഇൻ ചാർജ് സാലമ്മ ചോദിച്ചു,
‘ക്രിസയെ കാണുന്നില്ലേ?’

കണ്ണുകളിലെ സംശയം കണ്ടാവണം, നെറ്റിയിലേക്ക് മുറിച്ചിട്ട മുടി പുറംകൈ കൊണ്ട് ഒതുക്കി സാലമ്മ പറഞ്ഞു,  ‘പേടിക്കണ്ട, ക്രിസ ഇപ്പോൾ തികച്ചും നോർമലാണ്.’

ഒഴിഞ്ഞ കിടന്ന കൌൺസില്ലിങ്ങ് റൂമിൽ ജന്നൽപാളികളിൽ ഹ്യുമിഡിറ്റി തീർക്കുന്ന നീർച്ചാലുകളിൽ  നോക്കി ക്രിസ മിണ്ടാതിരുന്നു.

'സര്‍ , അന്ന് ഓഫീസ്സിൽ ഞാൻ വളരെ മോശമായി പെരുമാറി എന്ന് സിസ്റ്റേഴ്സ് പറഞ്ഞാണ് അറിഞ്ഞത്... ക്ഷമിക്കണം...’

‘ഉം, അത് സാരമില്ല,  മനപ്പൂർവ്വമല്ലല്ലൊ...’

‘എപ്പോഴും സന്തോഷത്തോടെ, ചുറുചുറുക്കോടെ ജോലിചെയ്യുന്ന ക്രിസയെയാണു ഞാ‍ൻ കണ്ടിട്ടുള്ളത്, ഇതിപ്പോൾ തനിക്കെന്ത് പറ്റി?’

‘ഒന്നുമില്ല, സാറിനു രാവിലെ നല്ല തിരക്കായിരിക്കുമല്ലേ?’

ചെറിയ പൂക്കളുള്ള ആശുപത്രി ഗൌണിൽ അവളുടെ വിരലുകൾ തെരുപ്പിടിച്ചുകൊണ്ടിരുന്നു. അവളുടെ വരണ്ട കണ്ണുകളിലെ നിസ്സഹായത അല്പ നേരം അവിടെ ഇരിക്കരുതോ എന്ന് എന്നോടു ചോദിക്കുന്നുണ്ടായിരുന്നു.

‘തിരക്കില്ല,  ക്രിസ പറഞ്ഞോളൂ...’

‘സർ, ഗൾഫിലെ പുരുഷതൊഴിലാളികളുടെ ദുരിതങ്ങളും ദുരന്തങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ട സ്ത്രീകളുടെ ചതിക്കുഴികളും ജീ‍വിതം ആഘോഷമാക്കിത്തീർക്കുന്ന പെൺകുട്ടികളും എത്രയോ കഥകളിലും വാര്‍ത്തകളിലും സിനിമകളിലും വിഷയങ്ങളായി... അല്ലേ?

‘ഉം’

‘പക്ഷേ, കുറഞ്ഞ കൂലിക്ക് ദിവസം മുഴുവൻ ജോലി ചെയ്ത് വെറും കബൂസും പച്ചവെള്ളവും കൊണ്ട്  ഇടുങ്ങിയ ക്യാമ്പ് മുറികളിൽ, നഷ്ടമാകുന്ന ജീവിതത്തെക്കുറിച്ചുപോലും അറിയാതെ വർഷങ്ങൾ തള്ളിനീക്കേണ്ടിവരുന്ന സ്ത്രീകളേക്കുറിച്ച് ആരെങ്കിലും പറഞ്ഞതായി സാർ കേട്ടിട്ടുണ്ടോ?’

‘ആരുംപറയാത്ത കഥകള്‍ കേള്‍ക്കാൻ എനിക്കിഷ്ടമാണ്.’

‘കഥകള്‍ അല്ല സര്‍ , പച്ചയായ ജീവിതത്തിന്റെ് നേര്‍ക്കാഴ്ചകൾ മാത്രമാണവ.’

ശൂന്യമായ കണ്ണുകൾ തന്നിലേക്ക് തന്നെ തിരിച്ച് ക്രിസ പറഞ്ഞു തുടങ്ങി...

‘വെളുപ്പാൻ കാലത്ത് കുളിമുറികൾക്ക് മുന്നിൽ ഊഴം കാത്തുനിന്ന്, ക്യാമ്പിലെ കോമൺ കിച്ചണിൽ വെച്ചുണ്ടാക്കുന്ന ഉച്ചയാഹാരവും പൊതിഞ്ഞുകെട്ടി, നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് വന്നുകിടക്കുന്നയാളെ ഉണർത്താതെ, ക്യാമ്പ് ഗേറ്റിൽ കത്തുനിൽക്കുന്ന പാകിസ്ഥാനി ഡ്രൈവറുടെ തെറിയും കേട്ട്  ബസ്സിലേക്കുള്ള ഓട്ടത്തിനിടയിൽ സ്വന്തം മുഖം പോലും ഒന്നു കാണാത്ത ഞങ്ങളെപ്പോലെ മുഖങ്ങളില്ലാത്തവരുടെ  ജീവിതം...’

ക്രിസയുടെ ക്ഷീണിച്ച വിളറിയ മുഖത്തെ തിരയിളക്കവും നോക്കി നിശ്ശബ്ദനായി ഇരുന്നു.

‘പന്ത്രണ്ട് മണിക്കൂർ വിശ്രമമില്ലാത്ത ജോലി ചെയ്യേണ്ടിവരുന്ന... ഇടയ്ക്കൊന്നു തളർന്നിരുന്നുപോയാൽ തലക്ക് മുകളിൽ എപ്പൊഴും തൂങ്ങിനിൽക്കുന്ന “വാർണിംഗ് ലെറ്ററും പെനാൽറ്റിയും” ഭയക്കേണ്ടുന്ന ... സ്ത്രീ എന്ന ഒരല്പം പരിഗണന ലഭിക്കാതെ, വേദന കടിച്ചുപറിക്കുന്ന ആ ദിവസങ്ങളിൽ പോലും എഴുനേൽക്കാനാവാതെ ഒന്നു കിടന്നുപോയാൽ ശമ്പളം നഷ്ടമാകുന്ന സ്ത്രീകൾ... പരാതി പറയാനോ, മറ്റൊരു ജോലി അന്വേഷിക്കുവാനോ അവസരം കിട്ടാത്ത അവസ്ഥ. ഒരു സൌഭാഗ്യം പോലെ വല്ലപ്പൊഴും വീണുകിട്ടുന്ന ഓഫ് ദിനങ്ങളിൽ നിയമപ്രകാരമല്ല എന്ന് അറിഞ്ഞുകൊണ്ടുതന്നെ ചെയ്യുന്ന പാർട്ട് ടൈം ജോലികൾ, അതിനിടയിൽ പിടിക്കപ്പെടുമോ എന്ന ഭയം... ഒരിക്കലും തീരാത്ത ആവിശ്യങ്ങളും ആവലാതികളുമായി നാട്ടിൽ നിന്നെത്തുന്ന ഫോൺ കോളുകൾ...ഒരു നല്ല വസ്ത്രം വാങ്ങാതെ, ഒരു നേരമെങ്കിലും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാതെ  മാസാവസാനം ഓരോ ചില്ലിക്കാശും നുള്ളിപ്പെറുക്കി മണീ എക്സ്ചേഞ്ചിലേക്കുള്ള ഓട്ടം...’

‘ക്രിസ നാട്ടില്‍ പോകാറില്ലേ?‘

‘ഇല്ല സാർ... പണത്തെ അല്ലാതെ ഞങ്ങളെ അവിടെ ആര് കാത്തിരിക്കുന്നു? ജീവിതം തുന്നിക്കൂട്ടി തുന്നിക്കൂട്ടി കീറത്തുണിപോലെയായ മനസ്സും വികാരങ്ങളും. ജീവിച്ചിരിക്കുന്ന വെറും ശവങ്ങള്‍ മാത്രമാണ് ലേബര്‍ക്യാമ്പിലെ സ്ത്രീ ജന്മങ്ങള്‍ . മറ്റുള്ളവരുടെ ആശകളും അഭിലാഷങ്ങളും നിറവേറ്റാന്‍ സ്വന്തം ജീവിതത്തിന്റൊ താളുകള്‍ ഓരോദിവസവും കീറിക്കളയുന്നവര്‍ ... ആർക്കും മനസ്സിലാവില്ല ഇതൊന്നും...’  ഒരു ഗുഹയിൽ നിന്നെന്ന പോലെ കിതപ്പിനിടയിലൂടെ അവളിൽ നിന്ന് വാക്കുകൾ തെറിച്ചു വീണു.

അവളുടെ ചുണ്ടിന്റെ കോണിൽ ലോകത്തോടുള്ള പുച്ഛം മുഴുവൻ ഒന്നായി ഉറഞ്ഞുകൂടി.

ഏതൊ സെല്ലിൽ നിന്നും ഒരു പൊട്ടിച്ചിരി നേർത്തുനേർത്ത് തേങ്ങലായി...

‘പക്ഷേ, ക്രിസ എന്തിനായിരുന്നു എലനോട്...?’

അവളുടെ മുഖം ഇരുണ്ടു വലിഞ്ഞു മുറുകാൻ തുടങ്ങി.

‘അല്ലാ സാറിനോട് കഥയൊക്കെ പറഞ്ഞുകഴിഞ്ഞില്ലേ ഇതുവരെ?’ സാലമ്മ സിസ്റ്റർ ഒരു ചിരിയായി കടന്നുപോയി.

‘സാർ, എത്രയൊക്കെ അല്ലാ എന്ന് നമ്മൾ പറഞ്ഞാലും സ്നേഹം എന്നത് സ്വാർത്ഥത തന്നെയല്ലേ? ആത്മാർത്ഥമെന്നും സത്യസന്ധമെന്നും നമ്മൾ ഉറച്ചു വിശ്വസിക്കുന്ന സ്നേഹബന്ധത്തിൽ വിശ്വാസവഞ്ചന ഉണ്ടായാൽ എങ്ങനെയാണു അത് സഹിക്കുക...’

ഒരു കഥയില്ലാത്ത പെണ്ണായി മാത്രം കരുതിയിരുന്ന ക്രിസിന്റെ വാക്കുകൾ വല്ലാത്ത മൂർച്ചയോടെ മുറിയുടെ ചുവരുകളിൽ തട്ടി ചിതറിക്കൊണ്ടിരുന്നു.

‘ഒരു ബോസ്സിനോട് ഇങ്ങനെയൊക്കെ സംസാരിക്കാമോ എന്നെനിക്കറിയില്ല..’

‘നിസ്സഹായരുടെ നിലവിളികൾക്കിടയിൽ തൊഴിലാളിയും ബോസ്സുമില്ല.. ക്രിസ് പറയു...’

‘ദുബായ് തെരുവുകളുടെ അഴുക്കുചാലുകളിലേക്ക് അവള്‍ മെല്ലെമെല്ലെ ഒഴുകിനീങ്ങിക്കൊണ്ടിരുന്ന സമയത്താണ് യാദൃശ്ചികമായി ഞാന്‍ കണ്ടത്.  ഇരന്നുവാങ്ങി ജോലി നേടിക്കൊടുത്തോ, ആവിശ്യങ്ങൾക്ക് പണം കൊടുത്ത് സഹായിച്ചോ, കിടക്കാൻ ഇടം കൊടുത്തോ, കഴിക്കാൻ ആഹാരം കൊടുത്തോ മത്രമല്ല സാർ എലനു ഞാനെന്റെ ജീവിതത്തിൽ ഇടം കൊടുത്തത്. സ്നേഹവും കരുതലും ഒക്കെ വേണ്ടതിലേറെ കൊടുത്തായിരുന്നു ഞാനവൾക്കെന്റെ ജീവിതം പങ്കുവെച്ചത്.’

ഇറുകെപ്പൂട്ടിയ കൺപോളകൾക്കടിയിൽ അവളുടെ കണ്ണുകൾ പിടഞ്ഞു നീര്‍ത്തുള്ളികൾ ഇറ്റ് വീണു.

‘ഒറ്റപ്പെടലുകളിൽ ഉരുകിത്തീർന്നവൾക്ക് വേദനകളും സന്തോഷങ്ങളും പങ്കുവെക്കാൻ ഒരാളുണ്ടാവുക എന്നത് പ്രാരാബ്ധങ്ങളുടെ കയത്തില്‍ മുങ്ങിതാണു പോകുന്നവര്‍ക്ക് ഇത്തിരി പ്രാണവായു കിട്ടുന്ന പോലെയാണ്... അതായിരുന്നു എനിക്ക് എലന്‍.’

‘പക്ഷെ നീ എത്ര ക്രൂരമായിട്ടാണ് അവളോടു പെരുമാറിയത്?’

‘ജോലികഴിഞ്ഞ് തളർന്ന് മയങ്ങുന്ന രാവുകളിൽ, നാട്ടിൽ നിന്നു വരുന്ന ഫോൺകോളുകൾ ഒക്കെ വല്ലാതെ മുറിവേൽ‌പ്പിക്കുന്ന ദിവസങ്ങളിൽ അവൾ വല്ലാത്ത ആശ്വാസമായി. പിന്നെ മനസ്സും ശരീരവും പുകഞ്ഞ രാവുകളിൽ പരസ്പരം തിരഞ്ഞ്,  രാപ്പൂക്കളായി... എന്റെ മനസ്സിലും ശരീരത്തിലും എലന്‍ മാത്രമായി... എന്നിട്ടും അവൾക്ക് സ്നേഹിക്കാൻ ഇപ്പോൾ മറ്റൊരാൾ... ഞങ്ങൾക്കിടയിൽ മൂന്നാമതൊരാൾ ...!’

കടുത്ത മാനസ്സിക സമ്മര്‍ദ്ദത്തിൽ അവള്‍ പൊട്ടിക്കരഞ്ഞുപോയി.

‘റിലാക്സ് ക്രിസ, ജീവിതത്തിലെ തിരിച്ചടികള്‍ നേരിടാന്‍ മനസ്സിന് ബലം കൊടുക്ക്. ഏതോ രണ്ടു രാജ്യങ്ങളില്‍ നിന്നും ജീവിതം തേടി ഇവിടെ എത്തിയവരല്ലെ നിങ്ങള്‍ ?  ഇവിടുന്നു മടങ്ങുമ്പോള്‍ നിങ്ങള്‍ രണ്ടു രാജ്യത്തേക്ക് തന്നെ പോകേണ്ടവര്‍ അല്ലെ? അതല്പം നേരത്തെ ആയെന്നു കരുതി സമാധാനിക്കു ... എലനു അവളുടേതായ കാരണങ്ങള്‍ ഉണ്ടാവും.’

‘എനിക്ക് ഒരു സ്ത്രീയേ മാത്രമേ സ്നേഹിക്കാന്‍ കഴിയൂ. അതെന്റെ് കുറ്റമാണോ സര്‍ ? ദൈവത്തിന്റെല വികൃതിക്കു എല്ലാവരും ശിക്ഷ വിധിക്കുന്നത് എനിക്കാണ്..'

‘ക്രിസാ, എന്തായാലും ഒരു ഓഫീസ്സിന്റെ ഡിസിപ്ലിൻ ഞങ്ങൾക്ക് നോക്കിയേ പറ്റൂ. നിങ്ങളെ രണ്ടാളേയും രണ്ട് പ്രോജ്കടുകളിലേക്ക് മാറ്റാനാണ് മാനേജ്മെന്റിന്റെ തീരുമാനം. അത് സമ്മതമല്ലെങ്കിൽ രണ്ടാളേയും ടെർമിനേറ്റ് ചെയ്യാനും...’

പൊടുന്നനെ ഇരുകൈകളിലും മുഖം പൊത്തി അവൾ ഉറക്കെ കരയാൻ തുടങ്ങി.

‘തെറ്റോ ശരിയോ എന്നൊന്നും എനിക്കറിയില്ല സാർ... അവളേ വേണ്ടെന്നു വെക്കാൻ... അവളുടെ സ്നേഹം നഷ്ടപ്പെടാൻ എനിക്ക് വയ്യ സാർ... ഒരു മുഴുഭ്രാന്തി ആയിപ്പോകും സാർ ഞാൻ...’

അവളുടെ കണ്ണുകളിലെ യാചന കണ്ടില്ലെന്നു വെച്ചു.

‘ശരി, മാനേജ്മെന്റിനോട് സംസാരിച്ചുനോക്കാം...’

കൌണ്സിലിംഗ് റൂമിന്റെ കതകിൽ മെല്ലെ മുട്ടുന്നത് കേട്ടാണ് കണ്ണുകൾ ഉയർത്തിയത്. കതകു തുറന്ന് അസിസ്റ്റന്റ് മാനേജര്‍ തിടുക്കത്തില്‍ അകത്തേക്ക് വന്നു.

‘സര്‍ , ഫോൺ സൈലൻസറിൽ ആണോ? കുറെ നേരമായി ഡയറക്ടർ വിളിക്കുന്നു. ഞാന്‍ സാറിനെ ഇവിടം മുഴുവന്‍ അന്വേഷിച്ചു നടക്കുകയായിരുന്നു...’ അയാള്‍  ഒറ്റ ശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി.

അപ്പോഴാണോർത്തത് മീറ്റിങ്ങിനിടയില്‍ സൈലെന്റ് ആക്കിയ ഫോൺ ഓൺ ചെയ്തില്ലല്ലോ എന്ന്.

ഞാന്‍ ക്രിസയോടു യാത്ര പറഞ്ഞ് വേഗം ഓഫിസ്സിലേക്ക് നടന്നു.

ഇന്നെന്താണാവോ പ്രശ്നം. ഇന്നലെ ഒരുറുമ്പായിരുന്നു! വളരെ പഴയ ഗവണ്മേന്റ് ആശുപത്രി ആയിട്ടും എത്രമാത്രം ശ്രദ്ധയോടെയാണവർ അതി വിശാലമായ കൊമ്പൌണ്ടും കെട്ടിടങ്ങളും വൃത്തിയും വെടിപ്പുമായി കാത്തു സൂക്ഷിക്കുന്നത്. നാട്ടില്‍ എലികള്‍ ഓടി നടക്കുന്ന, ദുര്‍ഗ്ഗന്ധം വമിക്കുന്ന  സര്ക്കാർ ആശുപത്രി മുറികളെ ഓര്‍ത്തുപോയി. ഇപ്പോള്‍ കുറച്ചൊക്കെ മാറ്റം വന്നെങ്കിലും എല്ലാം വലിച്ചെറിയാന്‍ ശീലിച്ച നമുക്ക് പൊതുഇടം ഇപ്പോഴും വേസ്റ്റ്‌ ബാസ്കെറ്റുകൾ പോലെയാണ്. ഇച്ഛാശക്തിയുള്ള ഭരണകർത്താക്കൾ ഉണ്ടെങ്കിലെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കു. ഇവിടെ നിയമങ്ങള്‍ പാലിക്കാനുള്ളതാണ്. അല്ലാതെ നമ്മുടെ നാട്ടിലെ പോലെ  സ്വാധീനമുള്ളവര്‍ക്ക് എങ്ങനെയും ഉപയോഗിക്കാനോ തെറ്റിക്കാനോ ഉള്ളതല്ല.

ഓഫീസില്‍ എത്തുമ്പോള്‍ ഡയറക്ടർ എന്നെയും കാത്തു അവിടെ ഇരിപ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുഖം ദേഷ്യംകൊണ്ട്‌ ചുവന്നിരുന്നു.

‘മിസ്റ്റര്‍ രാജ്, വാട്ട്‌ ഈസ്‌ ഗോയിംഗ് ഓണ്‍ ഹിയര്‍ ? വൈ യുവര്‍ പീപ്പിള്‍ ക്രിയേറ്റിംഗ് എ മെസ്സ്  ഓവര്‍ ഹിയർ? വൈ യു ആര്‍ നോട് റിപ്പോര്‍ട്ടിംഗ് ടു ദ  പൊലീസ്? റ്റുഡേ ഒൺലി ഐ കെയിം റ്റു നോ എബൌട്ട്‌ ദിസ്‌ ...  റ്റെർമിനെറ്റ് ബോത്ത്‌ ഓഫ് ദം ഇമ്മിടിയറ്റ്ലി... ടേക്ക് അര്‍ജന്റ് ആക്ഷന്‍  ആന്‍ട് കം ടു മൈ ഓഫീസ് വിത്ത് ദി റിപ്പോര്‍ട്ട് ‌ ഇന്‍ ദി ആഫ്റ്റർനൂൺ...’ അതും പറഞ്ഞ് എന്റെ മറുപടിക്കുപോലും കാത്തു നില്ക്കാതെ അദ്ദേഹം പോയി.

ഞാന്‍ എലനും ക്രിസ്സിനുമുള്ള ടെര്‍മിനേഷൻ ലെറ്റര്‍ തയ്യാറാക്കാന്‍ സെക്രട്ടറിയോട് പറഞ്ഞ് ഒരു ചായ കുടിക്കാനായി കാന്റീനിലേക്ക് നടന്നു.

ഓഫീസ്സിൽ ക്രിസ്സിന്റേയും എലന്റേയും പ്രശ്നങ്ങൾ ഉണ്ടായ ആ ദിവസത്തിനു ശേഷമാണ് ഇരുട്ടിന്റെ മറവിൽ അടിച്ചമർത്തിയ വികാരങ്ങൾക്ക് പരസ്പരം ശമനം പകരുന്ന മറ്റ് പലരുടേയും കഥകൾ അറിഞ്ഞത്. ഒന്നിച്ചു ജോലി ചെയ്യുന്ന പ്രായപൂർത്തിയായ ആൺ‌കുട്ടികളും പെൺകുട്ടികളും... താഴേക്കിടയിലുള്ള ജോലിക്കാരായിപ്പോയതുകൊണ്ടുമാത്രം പരസ്പരം ഒന്ന് തമാശ പറഞ്ഞ് ഉറക്കെച്ചിരിക്കുകയോ, മാന്യമായി ഒന്നു തൊടുകയോ ചെയ്യുമ്പോഴേക്കും പരാതികളും വാർണിംഗ് ലെറ്ററുകളുമായി കാത്തുനിൽക്കുന്ന അധികാരികൾ. ജോലിസ്ഥലത്തെ ഒഴിഞ്ഞ ഇടനാഴികളിലോ, ചാരിയ കതകുകൾക്കു പിന്നിലോ കൈമാറപ്പെടുന്ന ദാഹാർദ്രമായ നോട്ടങ്ങളും കൊച്ചുകൊച്ചു തമാശകളും പലപ്പോഴും കണ്ടില്ലെന്നുവെച്ചു.

അന്നത്തെ സംഭവത്തിനുശേഷം എല്ലാവരിൽ നിന്നും എപ്പോഴും എലൻ ഒഴിഞ്ഞുമാറിക്കൊണ്ടിരുന്നു. കാന്റീനിലേക്ക് തിരിയുന്നതിന്റെ ഇടതുവശത്തുള്ള ക്ലിനിക്കിൽ വെച്ച് യാദൃശ്ചികമായാണ് അവൾ മുന്നിൽ വന്നു പെട്ടത്.

‘എന്താണു എലൻ നിങ്ങൾക്കു പറ്റിയത്? ഞാന്‍ നിങ്ങളെ വിളിപ്പിക്കാനിരിക്കയായിരുന്നു.’

‘സാർ കേട്ടതൊക്കെ ശരിയാണ്. ക്രിസ എന്നേ ഒരുപാട് സ്നേഹിക്കുകയും സഹായിക്കുകയും  ചെയ്തിട്ടുണ്ട്. പക്ഷേ സ്നേഹം ഒരു ബാധ്യത ആയാൽ,  അത് ഭ്രാന്തായാൽ എന്താണ് സാർ ചെയ്യുക?’

‘ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ ഇപ്പോള്‍ നിങ്ങള്‍ക്കിടയിൽ എന്ത് സംഭവിച്ചു?’

‘ഒരു തെറ്റിദ്ധാരണയിൽ വർഷങ്ങളായി പിണങ്ങിനിന്നിരുന്ന കൂട്ടുകാരൻ തെറ്റുകൾ ഏറ്റുപറഞ്ഞ് ഇപ്പോൾ എന്റെ ജീവിതത്തിലേക്ക് തിരികെ വന്നപ്പോൾ ഞാൻ അവനോട് സ്നേഹത്തോടെ പെരുമാറിപ്പോയി. ക്രിസയെ സ്നേഹിക്കുന്നു എന്നതുകൊണ്ട് എനിക്കുമില്ലേ സാർ എന്റേതായ സ്വാതന്ത്ര്യങ്ങളും ആഗ്രഹങ്ങളും?’

‘ശെരിയാവാം, പക്ഷെ നിങ്ങളുടെ രണ്ടാളുടെയും പേരില്‍ കടുത്ത നടപടി എടുക്കാതിരിക്കാന്‍ നിര്‍വാഹമില്ല.’

‘സര്‍ , അങ്ങേക്കറിയില്ലേ ഡിഗ്രിയും ഹോട്ടല്‍ മാനേജ്മെന്റും കഴിഞ്ഞാണ് ഞാനിവിടെ ജോലിക്കു വന്നത്. ജോലിയും കിട്ടിയില്ല, ചതിക്കുഴിയിൽ പെടുകയും ചെയ്തു. നാട്ടിലുള്ള കുടുംബത്തിലെ ഏഴുപേരുടെയും അച്ഛനാരെന്നറിയാത്ത എന്റെ കുഞ്ഞിന്റെയും ഒരുനേരത്തെ ആഹാരമാണ് എന്റെ ഈ തൂപ്പുജോലി. പലപ്പോഴും സഹിക്കാനാവാത്ത ക്രിസയുടെ വികാരങ്ങള്‍ക്ക് വഴങ്ങുന്നത് അവള്‍ വല്ലപ്പോഴും തരുന്ന അല്പം പണം കൂടി ഓര്‍ത്താണ്. എന്നെ പറഞ്ഞ് വിടരുതേ...’

അവള്‍ എന്റെ കാല്ക്കൽ വീണു... ഒരു നിമിഷം ഞാന്‍ പകച്ചുപോയി.

പ്രാണന്റെ കണിക പോലുമില്ലാതെ യന്ത്രം കണക്കെ നിശ്ചലമായി പോയ എലനേ നോക്കാതെ  ഞാൻ തിരികെ ഓഫീസിലേക്ക് തന്നെ നടന്നു, വിശപ്പ്‌ കെട്ടിരുന്നു.

ദുരിതക്കടല്‍ ജീവിച്ചു തീര്‍ക്കുന്നവര്‍ക്കും ഹൃദയവും വികാരങ്ങളും ഉണ്ടാകുന്നത് അപരാധമായി എങ്ങനെ കാണാന്‍ കഴിയും? ഏതു നിയമത്തിനാണ് അവരുടെ  സ്നേഹബന്ധങ്ങളെ തടവിലിടാന്‍ കഴിയുക? ടെർമിനേഷൻ ലെറ്റർ ക്യാൻസൽ ചെയ്ത് രണ്ടാള്‍ക്കും 200 ദിർഹം പെനാല്ടിയും വാണിംഗ് ലെറ്ററും തയ്യാറാക്കാൻ സെക്രട്ടറിയോട് വിളിച്ചു പറഞ്ഞിട്ട് ഞാൻ ഡയറക്ടറുടെ ഓഫീസിലേക്ക് നടന്നു. ഏതൊക്കെയോ രാജ്യങ്ങളുടെ അതിർത്തികളും ഭേദിച്ച് ഒരു കുഞ്ഞിന്റെ കരച്ചില്‍ എന്റെ ഹൃദയം മുറിച്ചു കടന്നുപോയി.


@ അനില്‍കുമാര്‍ സി. പി.
http://manimanthranam.blogspot.com/2012/11/blog-post.html