സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



പെണ്ണുടല്‍ കഥ

December 25, 2012 ബിജുകുമാര്‍ alakode

ദാമിനി. 23 വയസ്സ്. ലക്ഷണമൊത്ത പെണ്ണുടല്‍. എന്നു പറഞ്ഞാല്‍ കൂടുതല്‍ വിവരണം വേണ്ടല്ലോ. സാധാരണ നമ്മളൊക്കെ ശ്രദ്ധിയ്ക്കാറുള്ള അഴകളവുകള്‍ തികഞ്ഞവള്‍ എന്നര്‍ത്ഥം. നിങ്ങള്‍ കരുതും ഞാനവളുടെ സൌന്ദര്യം വര്‍ണിയ്ക്കാനാണു പോകുന്നതെന്ന്. അല്ല, തീര്‍ച്ചയായുമല്ല. പകരം അവളുടെ ഉടലിന്മേല്‍ ചില കാര്യങ്ങള്‍ ചെയ്യാന്‍ പോകുകയാണ്.

“ഹേ നില്‍ക്കൂ. നിങ്ങളീ പ്രവൃത്തിചെയ്യും മുന്പ് എനിയ്ക്ക് സംസാരിയ്ക്കാനൊരവസരം തരണം..!”

ഞാന്‍ അത്ഭുതപ്പെട്ടുപോയി. ദാമിനിയുടെ ഉടല്‍ എന്നോടു സംസാരിയ്ക്കുന്നു, വല്ലാതെ മരവിച്ച ഒരു ഭാഷയില്‍.! ചോരയുടെ ഗന്ധം മൂക്കിലടിച്ച പോലെ.
“നിനക്കെന്താണു പറയാനുള്ളത്?” അമ്പരപ്പോടെ ഞാന്‍ ചോദിച്ചു.
“ഞങ്ങള്‍ക്കോരോരുത്തര്‍ക്കുമുണ്ട് പറയാന്‍..“ കൂട്ടായോരു ശബ്ദമാണപ്പോള്‍ കേട്ടത്. മരണത്തിന്റെ നാരുകള്‍ തുന്നിക്കൂട്ടിയ ഞരക്കം പോലെയുണ്ടായിരുന്നു അത്. അവളുടെ ശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നാണാ ശബ്ദം . ഞാനവളുടെ വസ്ത്രങ്ങള്‍ ഊരിക്കളഞ്ഞു. അപ്പോള്‍ സംസാരങ്ങള്‍ തുടങ്ങുകയായി.......

ചുണ്ടുകള്‍: പുരുഷാ, നിന്റെ വൃത്തികെട്ട വായയുടെ ദുര്‍ഗന്ധം ഏറ്റുവാങ്ങാന്‍ വിധിയ്ക്കപ്പെട്ടവരാണു ഞങ്ങള്‍.  അമ്മയുടെ മാറിനോടു പറ്റിച്ചേര്‍ന്ന്, മുലപ്പാലിറുഞ്ചിക്കുടിക്കുമ്പോഴാണ് ആദ്യമായി വാത്സല്യത്തിന്റെ മധുരമറിഞ്ഞത്. പിന്നെയെപ്പോഴോ ഞങ്ങളുടെ മേല്‍ കാമത്തിന്റെ തേന്‍ കണം പറ്റിയിരിയ്ക്കുന്നതായി പലരുടെയും നോട്ടത്തില്‍ അറിഞ്ഞു. ചെറുതായി അകലുമ്പോള്‍, ആ വിടവില്‍ കൂടി തെളിയുന്ന ചിരിയ്ക്ക് വലിയ ഭംഗിയാണെന്ന് ആരൊക്കെയോ പറഞ്ഞു.  എന്നും ആര്‍ത്തിയോടെയുള്ള നോട്ടം......

സ്തനങ്ങള്‍: ദാമിനിയുടെ പതിമൂന്നാം വയസ്സിലാണു ഞങ്ങള്‍ മിഴി തുറന്നത്. വല്ലാത്ത കൌതുകമായിരുന്നു ലോകത്തെ കാണാന്‍. എന്നാല്‍ ഞങ്ങളുടെ വരവ് ദാമിനിയെ ആകെ മാറ്റിക്കളഞ്ഞു. ഓടിച്ചാടി നടന്ന അവള്‍ എന്തിനെയൊക്കെയോ ഭയപ്പെട്ടു. ആദ്യമായി ഞങ്ങളെ സ്പര്‍ശിച്ചത് അവളുടെ ബന്ധത്തിലുള്ളൊരാള്‍. വല്ലാതെ വേദനിച്ചെങ്കിലും കരച്ചില്‍ അമര്‍ത്തിപ്പിടിച്ചു, പേടിയായിരുന്നു മിണ്ടാന്‍. അയാളെന്തിനാണ് അതു ചെയ്തതെന്ന് ഞങ്ങള്‍ക്കോ ദാമിനിയ്ക്കോ മനസ്സിലായില്ല. പിന്നീട് പലയിടത്തും പലപ്പോഴും. ബസിലെ തിരക്കുകളില്‍ നീണ്ടുവരുന്ന മുഖമില്ലാത്ത കൈകള്‍.  എതിരെ വരുന്നവരുടെ തറച്ച നോട്ടങ്ങളുടെ ആദ്യ ഇര . ഞങ്ങളിപ്പോള്‍ തകര്‍ന്നടിഞ്ഞിരിയ്ക്കുന്നു. കൂടുതലൊന്നും പറയാന്‍ വയ്യ..

നാഭി: അമ്മയോടുള്ള ജൈവബന്ധത്തിന്റെ ആയുഷ്കാല അടയാളമായ എന്റെ സ്ഥാനം, എത്രയോ അപകടകരമായ ഒരിടത്താണ്..! ആര്‍ത്തിക്കണ്ണുകളുടെ എത്തിനോട്ടം.. തിരക്കുകളില്‍ നീണ്ടുവരുന്ന കള്ളക്കൈകള്‍... ഞെരിച്ചിലില്‍ പിടഞ്ഞാലും കരയാനാവാത്ത നിസ്സഹായത. എന്തിനാണ് എന്നോടിങ്ങനെ....?

നിതംബം: തിരക്കുകളില്‍ കാമക്കണ്ണുകളുടെ ആദ്യ ഉന്നം ഞാന്‍. എന്നെ സ്പര്‍ശിച്ച് സ്ഖലനസുഖം നേടുന്ന വെറിജന്തുക്കളില്‍ നിന്നും രക്ഷപെടാന്‍ ദാമിനിയ്ക്കാവാറില്ല. അഴുക്കുപിടിച്ച, നഖംനീണ്ട എത്രയോ കൈകള്‍ ! ദാമിനിയ്ക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ മുതിര്‍ന്നൊരാള്‍ അവളെ മടിയിലിരുത്തി ലാളിച്ചു. അച്ഛന്റെ പ്രായമുള്ള അയാളുടെ വാത്സല്യത്തില്‍ മയങ്ങി അവളിരിയ്ക്കുമ്പോള്‍ ദൃഡമായ എന്തോ ഒന്നു എന്നില്‍ കുത്തിക്കൊള്ളുന്നുണ്ടായിരുന്നു. അതെന്താണെന്നു മനസ്സിലാക്കാന്‍ പിന്നെയും ഏറെക്കാലം വേണ്ടി വന്നു. ആ തിരിച്ചറിവെത്തുംവരെ പലപ്പോഴായി പല അനുഭവങ്ങള്‍......

ഉപസ്ഥം: മണ്ണോളം താഴ്ന്നവരുടെ സ്വത്വ  ചിഹ്നമായതുകൊണ്ടാവാം, മണ്ണിലേയ്ക്കാണെന്റെ നോട്ടം. കണ്ണീരിന്റെ നനവും വേദനയുടെ രക്തവും എനിയ്ക്കു സ്വന്തം. എത്ര ഒളിച്ചിരുന്നാലും എന്നെ തേടിയെത്തുന്നു കൂരമ്പുകള്‍. ഒന്നുമറിയാത്ത പ്രായത്തിലും ഞെരിയ്ക്കപ്പെട്ടിട്ടുണ്ട് ഞാന്‍..ലോകമേ എന്താണു ഞാന്‍ നിങ്ങളോടു ചെയ്ത തെറ്റ്.. എന്റെ ഏതു ഇരുണ്ട കോണിലാണ് നിങ്ങള്‍ ആര്‍ത്തിപിടിച്ചു തിരഞ്ഞു നടക്കുന്ന സുഖം? വെറിപൂണ്ടു വിജൃംഭിതരായ വേട്ടക്കാരേ, നിങ്ങള്‍ പരതുന്ന ആ സുഖം എന്നിലുണ്ടെങ്കില്‍ എടുത്തിട്ട്, നിങ്ങള്‍ക്കെന്റെ ജീവന്‍ തിരിച്ചു തരാമായിരുന്നു. എന്തിനാണു തുരുമ്പു പിടിച്ച ആ ദണ്ഡ് എന്നിലൂടെ നിങ്ങള്‍ കടത്തിയത്? അതില്‍ പറ്റിയ ചോരയുടെ നിലവിളി നിങ്ങള്‍ കേള്‍ക്കുന്നില്ലേ?

ഓകെ, അപ്പോള്‍ എല്ലാവരും സംസാരിച്ചു കഴിഞ്ഞല്ലോ..(എത്രയോ കേട്ടിരിയ്ക്കുന്നു, എനിയ്ക്കിതില്‍ പുതുമയൊന്നുമില്ല). ഇനിയല്പം ജോലിയുണ്ട്. ദാമിനി ഇവിടെ കിടക്കാന്‍ തുടങ്ങിയിട്ട് മണിക്കൂര്‍ ആറാകുന്നു. ഇനിയും കിടന്നാല്‍ ചീയാന്‍ തുടങ്ങും. പിന്നെ ഇവളെ കണ്ടാല്‍ നിങ്ങള്‍ മൂക്കുപൊത്തും. അതിനുമുന്‍പേ ആ പോസ്റ്റുമോര്‍ട്ടം ടേബിളിലേയ്ക്കു മാറ്റികിടത്തണം. ഇന്നലെ ഇതേ സമയം അവളുടെ നിലവിളിയടങ്ങിയിരുന്നു, അല്ല അമര്‍ത്തപ്പെട്ടിരുന്നു....

ഇനി ഞാനിതു കീറിമുറിയ്ക്കാന്‍ പോകുന്നു..