സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



പുഴമീൻ

January 14, 2011 Salini Vineeth

“കൊറച്ച്‌ മീൻ വറത്തെങ്കിൽ...”

അടുക്കള വാതിലിൽ ചാരി, പ്രാഞ്ചി നിന്ന വൃദ്ധൻ ആരോടെന്നില്ലാതെ പറഞ്ഞു. മറുപടിയൊന്നും കിട്ടാഞ്ഞതിനാൽ ഉടനെത്തന്നെ ഉമ്മറത്തെ കൊട്ടക്കസേരയിലേയ്ക്കു മടങ്ങുകയും ചെയ്തു. അയാൾക്കു വലിയ ജാള്യത തോന്നി. കൊതി അടക്കാൻ വയ്യാഞ്ഞിട്ടാണ്‌.ശിവൻ രാവിലെ പുഴമീനും കൊണ്ടു വരുന്നതു കണ്ടപ്പോൾ തുടങ്ങിയതാണ്‌. വലിയ കൊതി!സുധയൊരു മൂശാട്ടയാണെന്നറിയാഞ്ഞിട്ടല്ല, പക്ഷേ വറുത്ത പുഴമീനും കൂട്ടി ചോറുണ്ടിട്ട്‌ കാലമെത്രയായി?

വൃദ്ധൻ ക്ഷീണിതനായിരുന്നു. വയസ്സ്‌ എഴുപതു കഴിഞ്ഞു. എങ്കിലും എൺപതിന്റെ അനാരോഗ്യം.“വാതം,പിത്തം,കഫം” ഇങ്ങനെ ആയുർവേദ മരുന്നു കടയുടെ ബോർഡിൽ കാണാവുന്ന സകല ദൂഷ്യങ്ങളും ഉണ്ട്‌.മകനും ഭാര്യയ്ക്കും ഒപ്പം തറവാട്ടു വീട്ടിൽ താമസം.ഭാര്യ മരിച്ചിട്ട്‌ അനേകം വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.മരുമകളുമായി നല്ല രസത്തിലല്ല. എങ്കിലും കുറച്ചു മീൻ വറുത്തു കൂട്ടാൻ ആശ തോന്നിപ്പോയി. എന്തു ചെയ്യും?

അവള്‌, സുധ മീൻ വറക്കുവൊ? എന്നും കുന്നും കഷ്ണം പൊടിഞ്ഞു കിടക്കുന്ന അതേ മുളകു ചാറു തന്നെ!കഴിച്ചാ വയറ്റിനകത്ത് അപ്പൊത്തുടങ്ങും ഒരെരിച്ചില്‌!മാധവി ഇപ്പോ ഉണ്ടായിരുന്നെങ്കിൽ....ചിന്തകൾ വൃദ്ധനെ അസ്വസ്ഥനാക്കി.

കുളി കഴിഞ്ഞ് ഉമ്മറത്തിരുന്നു ബീഡി വലിക്കുന്ന ശിവനോടയാൾ പരുങ്ങിക്കൊണ്ട് പറഞ്ഞു.

“പൊഴമീൻ കൊറച്ചു വറത്തു തിന്നാനൊരു കൊതി...”
ശിവനൊന്ന് അമർത്തി മൂളൂക മാത്രം ചെയ്തു.

സമയം പതിനൊന്നരയോടടുക്കുന്നു...

വൃദ്ധന്റെ ചിന്തകൾ കുറേയങ്ങു പുറകിലേയ്ക്കു പോയി.
പണ്ട് പുഴയിൽ വെള്ളം പൊങ്ങിയാൽ ചൂണ്ടയിടലിന്റെ കാലമായി.പുഴയിൽ നുരച്ചു പൊങ്ങുന്ന മീൻ കൂട്ടം.കറിവേപ്പിലയും കുരുമുളകും അരച്ചു പുരട്ടിയ ആ മീൻ സമൃദ്ധമായ വെളിച്ചെണ്ണയിൽ കിടന്നങ്ങനെ മൊരിയും.കൊതി പിടിപ്പിക്കുന്ന മണം അടുക്കളയിൽ നിന്നുയരും. മീൻ വറുക്കാൻ മാധവിയെ കഴിഞ്ഞേ ആളുള്ളൂ..എന്തായിരുന്നു ആ മീൻ, എന്തൊരു പെണ്ണായിരുന്നു മാധവി!

അടുക്കളയിൽ നിന്നു മണം വല്ലതും വരുന്നുണ്ടോ? വെളിച്ചെണ്ണയിൽ മൊരിയുന്ന മീനിന്റെ സുഗന്ധം? ഇല്ല! കരിഞ്ഞ മുളകു പൊടിയുടെ രൂക്ഷമായ ഗന്ധം മാത്രം.അടുക്കള വരെ ഒന്നു പോയി നോക്കാനുള്ള ആഗ്രഹം വൃദ്ധൻ പണിപ്പെട്ടടക്കി.

“കൊറച്ചു മീൻ വറത്തെങ്കിൽ...” അയാൾ പ്രതീക്ഷയോടെ ശിവനോടു പറഞ്ഞു. വൃദ്ധനെ ഒന്നിരുത്തി നോക്കിയിട്ട് അയാൾ മുറ്റത്തേക്കിറങ്ങി നടന്നു.

സമയം പന്ത്രണ്ടരയാകുന്നു...

ചോറൂണു സാധാരണ ഒരു മണിക്കാണ്‌.ഇന്നിപ്പോൾ കുറച്ചു നേരത്തെ ആയാലും തരക്കേടില്ലെന്ന്‌ അയാൾക്കു തോന്നി.സുധ വിളിക്കണമല്ലോ.അയാൾ ജാഗ്രതയോടെ ഇരുന്നു. വിളിച്ചിട്ട് കേൾക്കാതിരിക്കരുത്.

ഒരു മണി!!

സുധ ഉണ്ണാൻ വിളിക്കുന്നു.അയാൾ സാവധാനം എഴുന്നേറ്റു.മിടിക്കുന്ന ഹൃദയത്തെ വലം കൈ കൊണ്ടു തടവി അയാൾ നടന്നു.

----------------------
നിറ കണ്ണുകളോടെ കടുത്ത ചുവപ്പു നിറമുള്ള മീൻ കറിയിൽ കഷ്ണത്തിനായി പരതവേ, ഒരു പിഞ്ഞാണം ഊക്കോടെ മേശയിൽ കൊണ്ട് വച്ച് സുധ പറഞ്ഞു.

“ശിവേട്ടൻ മേടിച്ചു കൊണ്ടുവരുന്നത് ആകെ കാൽ കിലോയാ, ഇന്നതെടുത്തു വറക്കുകെം ചെയ്തു.പിന്നെ കറിയിലെന്തുണ്ടായിട്ടാ അഛനീ പരതണെ?”

അയാളുടെ ഹൃദയമിടിപ്പു സാവധാനത്തിലായി, പക്ഷേ അയാൾക്കു വെറുതെ കരയണമെന്നു തോന്നി.

16 Comments, Post your comment:

Salini Vineeth said...

എന്ത് പറ്റി ഋതുവിലെ എഴുത്തുകാര്‍ക്ക്? ജനുവരി 8 ശേഷം ഒരു കഥയും വന്നില്ലല്ലോ?
ഈ കഥ വായിച്ചു അഭിപ്രായം പറയൂ, അത്ര നന്നായിട്ടില്ല, സഹിക്കുമല്ലോ?

zephyr zia said...

കരയിക്കുന്ന യാഥാര്‍ത്ഥ്യം

ആളവന്‍താന്‍ said...

ഒരു അവാര്‍ഡ്‌ സിനിമ പോലെ....!

K S Sreekumar said...

പച്ചയായ ജീവിതത്അങ്ങൾക്കിടയ്യിൽ പലപ്പോഴും കടന്നുവരാറുള്ള ഒരു യാഥാർത്ഥ്യം. അവഗണന..പ്രത്യേകിച്ചും..പ്രായം ചെന്നവരോട്. നല്ല കഥ.

മുകിൽ said...

നല്ല കഥ. ചെറുതാണെങ്കിലും അധികം മേക്കപ്പൊന്നും ഇടീച്ചില്ലെങ്കിലും, നന്നായി. ഒന്നു നെഞ്ചു തിരുമ്മിപ്പോകും ആരും.

രാജേഷ്‌ ചിത്തിര said...

:)

abith francis said...

ശാലിനി..ഞാന്‍ ഇത് ബ്ലോഗില്‍ വായിച്ചിരുന്നു...ഒന്നൂടെ പറയുവാ..വളരെ നന്നായി...

ഫെമിന ഫറൂഖ് said...

ഒതുക്കമുള്ളോരു കഥ, കണ്ണു നനയിച്ചു.. ആശംസകള്‍...

കുഞ്ഞൂസ് (Kunjuss) said...

അകത്തളങ്ങളിലെ നേര്‍ക്കാഴ്ച!

റോസാപ്പൂക്കള്‍ said...

ശാലിനി മുന്കൂര്‍ ജാമ്യം എടുക്കേണ്ട യാതൊരു ആവശ്യവുമില്ല.നല്ല ഒരു കൊച്ചു കഥയാണിത്‌.നല്ല ഒതുക്കത്തില്‍ പറഞ്ഞു തീര്ത്തു
അഭിനന്ദനങ്ങള്‍

Salini Vineeth said...

zia - അഭിപ്രായത്തിനു നന്ദി
ആളവന്‍താന്‍ - വളരെ slow ആണെന്നാണോ ഉദ്ദേശിച്ചത്? അഭിപ്രായത്തിനു നന്ദി.
Srikumar - നന്ദി
മുകിൽ - make up ഇടാത്ത കഥ എന്ന complement നു നന്ദി ട്ടോ.. :)
രാജേഷ്‌ ചിത്തിര - :)
abith - രണ്ടാമത്തെ വായനയ്ക്കും കമന്റ്‌ നും നന്ദി :)
ഫെമിന - നന്ദി
കുഞ്ഞൂസ് - നന്ദി
റോസാപ്പൂക്കള്‍ - എനിക്കിഷ്ടപ്പെട്ട കഥാകാരിയുടെ കയ്യില്‍ നിന്നൊരു complemnt ! സന്തോഷമായി. നന്ദി :)

Renjishcs said...

അയാളുടെ മനസ്സറിഞ്ഞ പറച്ചില്‍ .. .. .. വെല്‍ ഡണ്‍ ശാലിനി

നീലാംബരി said...

ജാമ്യാപേക്ഷ തള്ളിയിരിക്കുന്നു....
കഥ സുപ്രീം കോടതി ശരി വച്ചിരിക്കുന്നു (വളരെ നന്നായിട്ടുണ്ട്)

Raghunath.O said...

നന്നായിരിക്കുന്നു

മനു കുന്നത്ത് said...

നല്ല ഒതുക്കത്തില്‍ കഥ പറഞ്ഞു.......!!
ബോറടിപ്പിച്ചില്ല.....!
നന്ദി..!!

Salini Vineeth said...

എല്ലാവര്ക്കും നന്ദി.. :)