ശീലങ്ങളുടെ എന്‍റെ ഭാണ്ഡക്കെട്ടില്‍ നിന്നും എന്തെങ്കിലും കുടഞ്ഞിട്ടാല്‍ ചിലരെങ്കിലും നെറ്റി ചുളിച്ചെന്നു വരാം..... എന്‍റെ ശീലങ്ങളൊക്കെ അത്തരത്തിലുള്ളതാണ് .....ഇത്തരം വിചിത്രമായ ശീലങ്ങള്‍ കുട്ടിക്കാലത്തേ എന്നെ പിടികൂടിയിരുന്നു . അച്ഛന്‍ കേന്ദ്ര ഗവണ്മെന്റ് ജീവനക്കാരനായതിനാല്‍ പലപ്പോഴായുള്ള സ്ഥലംമാറ്റങ്ങളും , അതിനു ചുറ്റും പെട്ടെന്ന് മാറിമറിയുന്ന അന്തരീക്ഷങ്ങളും എന്‍റെ ഇത്തരം ശീലങ്ങളെ ഒന്നുകൂടി ശക്തിപ്പെടുത്തി. മുംബൈയിലുള്ള അച്ഛന്റെ ക്വാര്‍ട്ടേഴ്സിന്‍റെ അരമതിലില്‍ കയറിയിരുന്ന് എല്ലാ വൈകുന്നേരങ്ങളിലും പുറത്തെ കാഴ്ചകളില്‍ കൂടി സഞ്ചരിക്കുന്നത് എന്‍റെ ഇഷ്ടവിനോദങ്ങളിലൊന്നായിരുന്നു ...
'ബരഫ് കാ ഗോലായില്‍ ' നിറങ്ങള്‍ വാരിയൊഴിച്ച് എന്നെ വിസ്മയിപ്പിക്കാറുള്ള 'ബില്ല' , മെലിഞ്ഞുണങ്ങി ആസ്ത്മാ രോഗിയായ രാംചന്ദ്,- രാംചന്ദ് ബലൂണുകളെ ഊതി വീര്‍പ്പിക്കുമ്പോള്‍ എനിക്കത്ഭുതം തോന്നാറുണ്ട് ...നടക്കുമ്പോള്‍ ഏങ്ങിവലിക്കുന്ന രാംചന്ദിന് ബലൂണുകളെ ഊതി വീര്‍പ്പിക്കാന്‍ എവിടെ നിന്ന് ഇത്രമാത്രം കാറ്റുകിട്ടുന്നുവെന്ന് .. പൂച്ചയായും പട്ടിയായും കുരങ്ങനായും രാംചന്ദിന്‍റെ ശ്വാസത്തില്‍ ജീവന്‍ വെക്കുന്ന ബലൂണുകള്‍ മുളം കമ്പില്‍ ആടിക്കളിക്കുന്നതു കാണാം. പിന്നെ പതിവുകാരില്‍ ഒരു പാനി പൂരി വില്‍ക്കുന്ന പയ്യന്‍ , വാടാ പാവ് വില്‍ക്കുന്ന കിഴവന്‍ ...എങ്ങനെ എപ്പോഴും കണ്ടുകൊണ്ടിരിക്കുന്നവരും അല്ലാത്തവരുമായി അനേകം പേരെ നോക്കിനില്‍ക്കുന്നതില്‍ എന്റേതുമാത്രമായ ഒരാനന്ദം ഞാന്‍ കണ്ടെത്തിയിരുന്നു. ..കിഷന്‍ലാലും ഇത്തരം ശീലങ്ങളുടെ ഭാഗമായി വന്നുപെട്ടതാണ് ... അല്ലെങ്കില്‍ ഇരുപതു നിലകളുള്ള കെട്ടിടത്തിന്‍റെ മുകളിലേക്ക് കയറിപ്പോകുന്ന ഒരു ലിഫ്റ്റിന്‍റെ മൂലയില്‍ കൂനിക്കൂടിയിരിക്കുന്ന അയാളെ ഞാനെന്തിന് ശ്രദ്ധിക്കണം ?
താഴോട്ടു സഞ്ചരിക്കുന്ന ലിഫ്റ്റ്
March 18, 2010
Renjith
പച്ച നിറത്തിലുള്ള മങ്കി ക്യാപ് ഇല്ലാതെ ഞാന്‍ അയാളെ കണ്ടിട്ടേ ഇല്ല. ആ പച്ച നിറത്തിനുമേല്‍ അയാളുടെ മുഖം വെട്ടി ഒട്ടിച്ചുവച്ചതുപോലെ തോന്നും ...ഏകദേശം ഒരറുപത് വയസ്സെങ്കിലും പ്രായം കാണും .. രണ്ടുവശത്തും പോക്കറ്റ് ഉള്ള കാക്കി ഷര്‍ട്ടും ഒരു നരച്ച പൈജാമയുമാണ് സ്ഥിരം വേഷം. കാക്കിഷര്‍ട്ട് ഏതോ മിലിട്ടറിക്കാരന്‍ സമ്മാനിച്ചതാണെന്നു കണ്ടാലറിയാം .. ആളുകള്‍ കയറിക്കഴിഞ്ഞാല്‍ ലിഫ്റ്റിന്‍റെ കീബോര്‍ഡില്‍ അമരുന്ന വിരലുകള്‍ ..... ഇത്തരം ചലനങ്ങളൊഴിച്ച് ...എപ്പോഴും ചലിച്ചു കൊണ്ടിരിക്കുന്ന ലിഫ്റ്റിനുള്ളില്‍ യാതൊരു ഭാവവ്യത്യാസവും പ്രകടിപ്പിക്കാത്ത ഒരു മനുഷ്യന്‍ !
രാത്രി ജോലികഴിഞ്ഞ് ഇറങ്ങുമ്പോളും അയാളവിടെ ഇരിക്കുന്നുണ്ടാകും. പലപ്പോഴും അയാളെ ഒന്ന് ചിരിപ്പിക്കാന്‍ ശ്രമിച്ച് ഞാന്‍ പരാജയപ്പെട്ടിട്ടുണ്ട്. ജോലികഴിഞ്ഞ് ലോക്കലിനു ദാദറിലെ സ്റ്റേഷനില്‍ ഇറങ്ങുമ്പോള്‍ തിരക്കുകളുടെ ഇരമ്പം കേള്‍ക്കാം... ദാദറില്‍ നിന്ന് ഭാഡൂപിലെക്കാണ് എനിക്ക് പോകേണ്ടത് ... ഇത്തരം ഓരോ രാത്രിയാത്രകളും മണങ്ങളുടെ അനുഭവമാണ്.... മുഷിഞ്ഞ കുര്‍ത്തയ്ക്കുള്ളില്‍ നിന്നും ഉയരുന്ന വിയര്‍ത്ത പച്ച ഉള്ളിയുടെ മണം.... അല്ലെങ്കില്‍ വേവിച്ചെടുത്ത ഉരുളക്കിഴങ്ങിന്‍റെ മണം ...ചിലപ്പോള്‍ ബോഗിക്കുമേല്‍ ഉണങ്ങിപ്പറ്റിയ പാന്‍പരാഗിന്‍റെ മണം....... .ഇത്തരം മണങ്ങളുമായി വീട്ടിലെത്തിയാല്‍ തലപെരുത്ത്, ഓര്‍മകളടഞ്ഞു,..... ചിലപ്പോള്‍ ഭക്ഷണം പോലും വേണ്ടെന്നുവച്ച് കിടന്നുറങ്ങിയിട്ടുണ്ട്.... ഭാണ്ടുപ്പിന് സമീപം ചേരിയാണ്.... ജീവിതത്തിന്‍റെ ഒട്ടുമിക്ക മുഖങ്ങളും കണ്ടെത്താന്‍ കഴിയുന്ന സ്ഥലം ...ഓടയുടെ മുകളില്‍ പലകയിട്ട് 'ഒന്നും' ..'രണ്ടും' സാധിക്കുന്ന ചാക്ക് മറകള്‍ക്കുള്ളിലെ തലകളെ കാണാം ...ഒട്ടകപ്പ്ക്ഷികളെ പോലെ ഇടയ്ക്കിടെ കഴുത്ത് നീട്ടി പുറത്ത് വരുന്ന തലകള്‍ ....ചുറ്റും നടക്കുന്നതൊന്നും തങ്ങളറിയുന്നില്ലെന്ന മട്ടില്‍ മറപോലുമില്ലാതെ കുത്തിയിരിക്കുന്നവരുമുണ്ട്. മഞ്ഞ വെളിച്ചത്തില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ഒട്ടുമിക്ക തെരുവുകള്‍ക്കും ഒരേ മുഖമാണ് ..ആളുകളെ തന്നിലേക്ക് അടുപ്പിക്കാന്‍ നോക്കുന്ന വെളിച്ചങ്ങളുടെ നിറം പൂശിയ കാത്തിരിപ്പ്..
പിറ്റേന്ന് കാലത്ത് ലിഫ്റ്റിനുള്ളില്‍ കിഷന്‍ ലാലിനു ഞാനൊരു ചിരി സമ്മാനിച്ചപ്പോള്‍ വികാരരഹിതമായ മുഖത്ത് തട്ടി ആ ചിരി ഉടഞ്ഞു പോയി. വല്ലാത്തൊരു മനുഷ്യന്‍ ! ..... കിഷന്‍ലാലിനെപ്പറ്റി കൂടുതലറിയാന്‍ ഓഫീസില്‍ ഒന്നുരണ്ടു പേരോടു തിരക്കി..... ആര്‍ക്കും അയാളെ പ്പറ്റി കൂടുതലൊന്നും അറിയില്ല.. ഒടുവില്‍ മലയാളിയായ രവിയാണ് പറഞ്ഞത് 'മാഷേ ആ കിഴവനെപറ്റി
എന്തേലും അറിയണമെങ്കില്‍ നമ്മു ടെ പ്യൂണ്‍ ഇല്ലേ ... അഫതുല്ലഖാന്‍ ...
അയാളോട് ചോദിച്ചാമതി ...കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി അയാളിവിടെ ജോലി ചെയ്യുന്നു .... ഒരുപക്ഷെ അയാള്‍ക്ക് നിങ്ങളെ സഹായിക്കാന്‍ കഴിഞ്ഞേക്കും .
"സാബ് ,.... ആ കിഴവന്‍ കിഷനെ കുറിച്ച് എനിക്കും കൂടുതലൊന്നുമറിയില്ല .....ഒന്നാമതായി അയാളാരോടും കൂടുതലായി സംസാരിക്കാറില്ല ....പാര്‍ക്കിംഗ് ഏരിയായിലെ കാറ് കഴുകുന്ന ജോലിയായിരുന്നു കിഴവന് ആദ്യമിവിടെ .....ഒരുദിവസം ആരോടും ഒന്നും പറയാതെ .. അപ്രത്യക്ഷനായി ....പിന്നീട് ഒരു ദിവസം പൊടുന്നനെ കയറിവന്നു ..അപ്പോഴേക്കും കാറ് കഴുകുന്ന ജോലി വേറൊരു പയ്യന്‍ ഏറ്റെടുത്തിരുന്നു ... കിഴവന് എന്തിന്‍റെ സൂക്കേടായിരുന്നെന്നറിയില്ല .. ഒരു കാറിന് അഞ്ചു രൂപ വെച്ചു കിട്ടിക്കൊണ്ടിരുന്നതായിരുന്നു" ...
'പിന്നെ എങ്ങിനെ അയാള്‍ ലിഫ്റ്റിനുള്ളില്‍ കയറിപ്പറ്റി' ?
"സാബ് , പിന്നീട് എല്ലാ ദിവസവും കിഴവന്‍ കാലത്തിവിടെ വരും .... എന്തൊക്കെയോ പിറുപിറുക്കും.... ഒടുവില്‍ ഈ കെട്ടിടത്തിന്‍റെ ഉടമസ്ഥന്‍റെ കൈയും കാലും പിടിച്ച് ഇതിനുള്ളില്‍ കയറിപ്പറ്റി... ആഴ്ചയിലോരിക്കലൊ മറ്റോ വീട്ടില്‍ പോയി വരും ഭാണ്ടുപ്പിലെ ചേരിയിലെവിടെയോ ആണ് വീട്" ..
'ഭാണ്ടുപ്പിലോ' ?... അതെന്‍റെ താമസസ്ഥലത്തിനടുത്താണല്ലോ .....
വിട്ടുകള സാബ്, ഇവന്മാരോടോന്നും കൂട്ട് കൂടാന്‍ കൊള്ളില്ല ..... എല്ലാം പഠിച്ച കള്ളന്‍മാരാണ്..- ഒരു താക്കീത് പോലെ അയാള്‍ പറഞ്ഞു .....
സാബിനറിയോ..... എല്ലാ വര്‍ഷവും ദീപാവലിക്കും ഗണേശ ചതുര്‍ത്ഥിക്കും ഓഫീസില്‍ സ്വീറ്റ് ബോക്സ് വിതരണംചെയ്യും .....ദീപാവലിയാണെങ്കില്‍ പടക്കം വേറെയും ......ആ സമയത്ത് കിഴവന് ആര്‍ത്തിയാണ് ....അയാള്‍ക്കുള്ളതു കൂടാതെ മൂന്നും,നാലും പെട്ടി ഇരന്നുവാങ്ങും ...മകന് സ്വീറ്റ് വലിയ ഇഷ്ടമാണത്രെ !
"ഇത്രയധികം സ്വീറ്റ് അയാള്‍ എന്ത് ചെയ്യാനാ" ...?
"എന്‍റെ സാബ്, അതെല്ലാം അയാള്‍ കൊണ്ടുപോയി വില്‍ക്കും അല്ലാതെന്താ .......ഉണക്കാനിടുന്ന അടിവവസ്ത്രങ്ങള്‍ വരെ ആള്‍ക്കാര്‍ കട്ടെടുത്ത് വിറ്റ് കാശാക്കുന്നു .....അതാ ഈ സ്ഥലം ......."
ശരിയാണ് എന്‍റെ രണ്ടു മൂന്നു ജോഡി ഡ്രെസ്സുകള്‍ ഇങ്ങിനെ നഷ്ടപ്പെട്ടിട്ടുണ്ട് .... നമ്മുടെ കണ്ണ് തെറ്റിയാല്‍ ഒരുപക്ഷെ നമുക്ക് നമ്മളെത്തന്നെ നഷ്ടമായെന്നു വരാം ......
ബില്‍ഡിംഗിലെ ലിഫ്റ്റ് നഗരത്തിന് അഭിമുഖമായി വരുന്ന വിധത്തിലാണ് സ്ഥാപിച്ചിരിക്കുന്നത് .....മൂന്നു വശവും ഗ്ലാസ് പാളികള്‍ വെച്ചുപിടിപ്പിച്ചതിനാല്‍ ഉയര്‍ന്നു പോകുന്ന ലിഫ്റ്റില്‍ നിന്നും മുംബയ് നഗരം പരന്ന് കിടക്കുന്നത് കാണാം ....രാത്രിയിലാണെങ്കില്‍ വിവിധ നിറത്തിലുള്ള വളപ്പൊട്ടുകള്‍ വാരിയെരിഞ്ഞതുപോലെ ..... വെളിച്ചങ്ങള്‍ ഒരുമിച്ചു ചേര്‍ന്ന് സൃഷ്ടിക്കുന്ന നിറങ്ങളുടെ ഒരു മായാജാലം!താഴേക്കിറങ്ങുമ്പോള്‍ കിഷന്‍ ലാലിനോട് ഭക്ഷണം കഴിച്ചോ എന്ന് തിരക്കിയപ്പോള്‍ ഒന്ന്
തലയാട്ടി ....അഫതുള്ള പറഞ്ഞത് വെച്ച് നോക്കുമ്പോള്‍ ഒരു ചെറിയ കള്ളത്തരമില്ലേ ആ മുഖത്ത് എന്ന് സംശയം തോന്നാതിരുന്നില്ല ... ആരോടും സംസാരിക്കാതിരിക്കുന്നത് തന്നെ ഈ കള്ളത്തരത്തിന്‍റെ ഭാഗമാണെന്നെനിക്ക് തോന്നി ...ഉച്ച സമയങ്ങളില്‍ കിഷന്‍ ലാല്‍ പുറത്തിറങ്ങുന്നത് കാണാം ..... 'ഡബ്ബാ വാലകള്‍' ഓരോ നിലയിലും കയറി ഇറങ്ങുമ്പോള്‍ അവരുടെ കൂടെ സഹായിയായി പിന്നാലെ നടക്കുന്നുണ്ടാകും ...ഒഴിഞ്ഞ ടിഫിന്‍ കാര്യറുകള്‍ താഴത്തെ നിലയിലെത്തിച്ചു കൊടുക്കുന്ന ജോലിയും അയാള്‍ ചെയ്തു കൊടുക്കും .എല്ലാ ദിവസങ്ങളിലും ഉച്ച ഭക്ഷണം ഇങ്ങനെ തരപ്പെടുത്തിയെടുക്കാന്‍ അയാള്‍ വളെരെ മിടുക്കനാണ്.
രാത്രി വണ്ടി വന്നു നില്‍ക്കുമ്പോള്‍ കുപ്പയിലെ പന്നികളെ പോലെ അടിപിടി കൂടുന്ന ആളുകള്‍ .... ആദ്യം സ്വന്തം ദേഹവും പിന്നെ ചെറിയ ബാഗും വലിച്ചുള്ളിലാക്കുമ്പോളേക്കും വണ്ടി വിട്ടിട്ടുണ്ടാകും ...ആദ്യമൊക്കെ യാത്ര തന്നെയായിരുന്നു പ്രധാന പ്രശ്നം ... അച്ഛന്‍ റിട്ടയര്‍ ആയതോടെ അമ്മയെയും അച്ഛനെയും നാട്ടിലേക്ക് വിട്ടു .... പിന്നീടിതൊക്കെ ഒറ്റയാന്‍ ജീവതത്തിന്‍റെ ഭാഗമാവുകയായിരുന്നു ...
ഏതൊക്കെയോ പരാതികള്‍ വാരി വലിച്ചിട്ടടച്ച പെട്ടിയാണ് ഓരോ പ്രവാസിയും.... ഒന്നില്‍ നിന്നും തികച്ചും ഭിന്നമല്ല മറ്റൊന്ന് ......വിലക്കയറ്റം, ഉറക്കക്കുറവ്, വെള്ളത്തിന്‍റെ പ്രശ്നം, മക്കളുടെ പഠിത്തം, വേലക്കാരെ കിട്ടാത്തത് ഇതൊക്കെത്തന്നെയാകും തുറന്നു കഴിയുമ്പോള്‍ എല്ലാത്തിലും ഉണ്ടാവുക ...
അഫത്തുള്ള പറഞ്ഞത് വളരെ ശരിയായിരുന്നു.... ദീപാവലിയുടെ തലേ ദിവസം കിഷന്‍ലാല്‍ തല ചൊറിഞ്ഞു ചുറ്റിപറ്റി നില്‍ക്കുന്നത് കണ്ടു . സ്വീറ്റ് ബോക്സിനായിരിക്കണം.....പുറത്ത് ദീപാവലി വെളിച്ചത്തില്‍ കുളിച്ച മുംബൈയ് നഗരം ....പതിവുപോലെ ഓഫീസ് സ്റ്റാഫിന് സ്വീറ്റും പടക്കങ്ങളും വിതരണം ചെയ്യുന്നുണ്ട് .... എനിക്ക് കിട്ടിയതില്‍ നിന്ന് ഒരു ലഡ്ഡു മാത്രമെടുത്ത് സഞ്ചി മുഴുവനായി കിഷന്‍ലാലിന് നേരെ നീട്ടി ....
എനിക്കാണോ ഇത്? എന്ന അര്‍ത്ഥത്തില്‍ മിഴിഞ്ഞ കണ്ണ്കളിലേക്ക് നോക്കി ചിരിച്ച് കൊണ്ട് ഞാന്‍ പറഞ്ഞു ...
"ഞാന്‍ ഒറ്റയ്ക്കല്ലേ കിഷന്‍..... എനിക്കാര്‍ക്ക് കൊടുക്കാനാ ...... താനിത് മകന് കൊടുത്തേക്ക് ഒപ്പം എന്‍റെ ദീപാവലി ആശംസകളും ....."
അതും പറഞ്ഞ് അയാളുടെ തോളില്‍ ചെറുതായൊന്നു തട്ടി ....വശങ്ങളി ല് ചുളിവുകള്‍ വീണ കണ്ണ് ഇറുക്കിയടച്ചു അയാള്‍ നന്ദി പറയുമ്പോള്‍ ഒരു തുള്ളി കവിളിലൂടെ ഊര്‍ന്നു വീണത് കണ്ടില്ലെന്ന് നടിച്ച് തിരിഞ്ഞു നടന്നു .... ചിലപ്പോള്‍ ആദ്യമായിട്ടായിരിക്കും ഒരാള്‍ അങ്ങോട്ട് ചെന്ന് കിഴവന് സ്വീറ്റ് സമ്മാനിക്കുന്നത് .......
അന്ന് രാത്രി ഇത്തിരി നേരത്തെ ഓഫീസില്‍നിന്നുമിറങ്ങി .....പുറത്ത് ദീപാവലിയുടെ മുന്നൊരുക്കങ്ങള്‍ ..........തെരുവിലുടനീളം വാണിഭാക്കാരുടെയും ആളുകളുടെയും ബഹളം .... പടിക്കെട്ടുകള്‍ കയറി വീട്ടിലെത്തുംമ്പോളേക്കും വിയര്‍ത്തു കുളിച്ചു .....മറാത്തി പയ്യന്‍ അത്താഴമുണ്ടാക്കി അടച്ചുവെച്ച പാത്രങ്ങള്‍ ഓരോന്നായി തുറന്നു .....പതിവുപോലെ ചപ്പാത്തിയും ദാലും തന്നെ!
എന്‍റെ രുചി ബോധങ്ങള്‍ക്ക് മീതെ ഈ പരിപ്പും ഉരുളകിഴങ്ങും കൂടി സൃഷ്ടടിച്ച ഒരു വിശപ്പുണ്ട് ....... നാട്ടിലെത്തുമ്പോള്‍ എന്നെ ഒരു വയറന്‍ പെരുംപാമ്പാക്കുന്ന ഒരു വിശപ്പ് !
ഞാന്‍ ഊണ് കഴിക്കുമ്പോള്‍ അമ്മ അടുത്തുവന്നു ഒരു കള്ളച്ചിരിയോടെ ആസ്വദിക്കുന്നതുകാണാം.....
രാവിലെ ഒന്ന് നടക്കാനിറങ്ങാന്‍ തീര്‍ച്ചയാക്കി ... ഏതായാലും ഒരു ഒഴിവു ദിവസം കിട്ടിയതാണല്ലോ .... ഭണ്ടൂപിലെ...പച്ചക്കറി മാര്‍ക്കറ്റിലൂടെ ഒന്ന് കറങ്ങണം ...... ഉച്ചക്ക് രവി ഉണ്ണാന്‍ വിളിച്ചിട്ടുണ്ട് അപ്പോഴേക്കും തിരിച്ചു വന്ന്...കുളി പാസാക്കി ഇറങ്ങാമെന്ന് കരുതി....റോഡിന്‍റെ ഓരം ചേര്‍ന്ന് നടക്കുമ്പോള്‍ എന്‍റെ കൈ തട്ടിമാറ്റി.....ഒരാള്‍ ഓടിപ്പോയി,.... പിന്നാലെ,... കുറുവടികളുമായി മൂന്നാല് പേരും......... ഇത് തെരുവുകളിലെ നിത്യസംഭവമാണ് ..വെള്ളം പിടിക്കുന്ന പൈപ്പിനരികിലോ .. അല്ലെങ്കില്‍ ചീട്ടുകളി സംഗങ്ങളിലോ ആരംഭിക്കുന്ന വഴക്ക് മിക്കവാറും അവസാനിക്കുക ഇങ്ങനെ ഒക്കെയായിരിക്കും ...... ചിലപ്പോള്‍ അയാളെ തട്ടിക്കളഞ്ഞെന്നും വരാം .....
മുംബൈയിലെ തൊലിയുരിഞ്ഞിട്ട നഗ്നമായ ജീവിതത്തെ കാണണമെങ്കില്‍ മനസ്സിനെ തെല്ലോന്നടച്ചു പിടിച്ചു നടന്നാല്‍ മതി ....പുഴുക്കളെപ്പോലെ ചേരിയില്‍ പുളച്ചാര്‍ക്കുന്ന കുറെ ജീവിതങ്ങള്‍ .......ബഹളങ്ങളില്‍ അലിഞ്ഞ് നടക്കുമ്പോള്‍ ഒരു മുഷിഞ്ഞ തുണിസഞ്ചിയുമായി മുന്നില്‍ കിഷന്‍ ലാല്‍!.
"ദീപാവലി ജോറാക്കാനായിരിക്കും ..... അല്ലെ കിഷന്‍ " ?
അയാളൊന്നു ചിരിച്ചെന്നു വരുത്തി ......
"എന്നാ... സാബ് .., ഞാന്‍ നടക്കട്ടെ" അത്രയും പറഞ്ഞ് അയാള്‍ പോകാന്‍ ധൃതി കാണിച്ചു....
"നില്കൂ കിഷന്‍ .....ഞാനും വരാം.. ഞാന്‍ വെറുതെ നടക്കാനിറങ്ങിയതാണ്". അയാളുടെ പിന്നാലെ ഞാനും നടന്നു .....
"സാബ് ഈ വഴിയൊക്കെ വരാറുണ്ടോ ?.. ഇതൊന്നും അത്ര നല്ല സ്ഥലമല്ല ... വളരെ സൂക്ഷിക്കണം .....സാബിനെ പോലെ ഉള്ളവര്‍ക്ക് നടക്കാന്‍ എവിടെ വേറെ എത്ര സ്ഥലങ്ങളുണ്ട് ......"
ദൂരേയ്ക്ക് കൈ ചൂണ്ടി അയാള്‍ പറഞ്ഞു...
"അവിടെയാണെന്‍റെ വീട് എന്നാ .... സാബ് പൊയ്ക്കൊളു......"
"എന്താ കിഷന്‍ ...... ഞാനിതുവരെ വന്നതല്ലേ .....ഒന്ന് വീട്ടിലേക്കു ക്ഷണിച്ചൂടെ" ..?
അതെല്ല സാബ് .... സാബിനെ പോലുള്ളവരെ ....ഞാന്‍ ....... എങ്ങനെയാണ് ........
ഓ... അത് സാരമില്ലെടോ ... താന്‍ വാ ....
എന്നെ കൂടെ കൊണ്ടു പോകുന്നതിന്‍റെ മുഴുവന്‍ അതൃപ്തിയും ആ മുഖത്ത് വായിച്ചെടുക്കാം ...
ഒന്നും മിണ്ടാതെ കിഴവന്‍ എന്നെ സഹിക്കുകയാണെന്നു തോന്നി ...... .
തകരം കൊണ്ട് മറച്ച വാതിന്‍റെ പൂട്ട് തുറക്കുമ്പോള്‍ ഭാര്യയും മകനും അകത്തില്ലെന്നുറപ്പായി ... അകത്ത് മരപ്പലക തറിച്ച ഭിത്തിയില്‍ ഹനുമാന്‍ സ്വാമിയുടെ ഒരു ഫോട്ടോ .. അതിനു താഴെ എരിഞ്ഞു തീര്‍ന്ന അഗര്‍ബത്തിയുടെ തണ്ടും ചാരവും, ഒപ്പം എണ്ണ കുടിച്ച് നൂറ്റാണ്ടുകളോളം പഴക്കം ചെന്ന ഒരുവിളക്കും , വീടിന്‍റെ ഒരു മൂലയ്ക്ക് വെള്ളം നിറച്ചു വെക്കുന്ന ഒരു പ്ലാസ്റ്റിക് കുടം.
"ഭാര്യയും മകനും" ?....
ഒന്നും പറയാതെ കിഷന്‍ ലാല്‍ കുടിലിന്‍റെ മൂലയിലുള്ള ഒരു തുണി വലിച്ചുമാറ്റി തുരുംബെടുത്ത്ത ഒരു ഇരുമ്പുപെട്ടി മുന്നിലേക്ക് നീക്കിവെച്ചു തുറന്നു. പഴകിയ ഒരു സാരിയുടെ ചോര പുരണ്ട കഷണവും കുര്‍ത്തയുടെ കീറിയെടുത്ത ഒറ്റകയ്യും വലിച്ചു പുറത്തിട്ട് എന്‍റെ മുഖത്തേയ്ക്കു തുറിച്ചു നോക്കി ....സാബ് എന്‍റെ ഭാര്യയും മകനും മരിച്ചിട്ടിപ്പോ അഞ്ച് വര്‍ഷം കഴിഞ്ഞു .. കൊന്നതാ ......അയാളുടെ മുഖത്ത് നിന്നും വാക്കുകള്‍ പതിയെ തെറിച്ചു വീണു ...ഭാര്യയും ഞാനും മകനും കൂടി ഹനുമാന്‍ കോവിലില്‍ പോയി വരുന്ന ഒരു വയ്കുന്നേരമായിരുന്നു സാബ് .. അത്. ഞങ്ങള്‍ക്കറിയില്ലയിരുന്നു തെരുവില്‍ ലഹള നടക്കുന്നത് ......പാഞ്ഞു വന്ന ഒരുകൂട്ടം ആളുകള്‍ ..... അയാളുടെ വാക്കുകള്‍ ഇടറി ......എനിക്കൊന്ന് അലറിക്കരയാന്‍ പോലും കഴിഞ്ഞില്ല സാബ്.......എങ്ങനെയോ ഓടി അടുത്തുള്ള ഒരു കെട്ടിടത്തിന്‍റെ പിന്നിലൊളിച്ചു ....
അനേകം പേരെ തെരുവിലിട്ട് വെട്ടി കൊന്ന വാര്‍ത്ത പത്രത്തില്‍ വായിച്ചത് ഓര്‍മ വന്നു ....
അവസാനം ആരുമില്ലാത്ത തക്കം നോക്കി അവിടെയെത്തുംമ്പോളേക്കും എല്ലാം കഴിഞ്ഞിരുന്നു ....തിരിഞ്ഞു നോക്കുമ്പോള്‍ പിന്നില്‍ നിന്നും ഓടി വരുന്ന മറ്റൊരു സംഘം ....
അവസാനം ഓട്ടത്തിനിടെ കൈയില്‍ കിട്ടയത് ഇതു മാത്രമാണ് സാബ് ......ചോര പുരണ്ട ആ തുണികഷണങ്ങള്‍ അയാളുടെ കയ്യിലിരുന്നു വിറച്ചു .... തുറന്നു വെച്ച ആ ഇരുമ്പ് പെട്ടിയിലേക്ക് ഞാന്‍ തുറിച്ചു നോക്കി .... നിറം മങ്ങിയ കുറെ പടക്കങ്ങള്‍ ,......പൂപ്പല്‍ കയറി ഉറുംമ്പരിച്ച പേഡകള്‍...... തുറക്കാതെ അട്ടിയിട്ട സ്വീറ്റ് ബോക്സ്‌സുകള്‍ ....
എന്‍റെ കാലിനടിയില്‍ ചുരുണ്ടിരുന്നു കിഴവന്‍ മുഖമുയര്‍ത്തി ചോദിച്ചു
"സാബ് എവിടെ മനുഷ്യനായി ഒരായുസ്സ് ജീവിച്ചു തീര്‍ക്കാന്‍ ഇതു ജാതിയില്‍ ജനിക്കണം ?.... ഏതു മതത്തില്‍ വിശ്വസിക്കണം ? എവിടെ പോയി പ്രാര്‍ത്ഥിക്കണം" ?
എന്‍റെ കാലിനടിയില്‍ നിന്നും അയാളുടെ നിലവിളികളെയുമെടുത്തു ഒരു ലിഫ്റ്റ് നിലകളില്ലാത്ത ഇരുണ്ട ഗര്‍ത്തത്തിലേക്ക് ... , ഭൂമിക്കടിയിലേക്ക് ...വളരെ വേഗത്തില്‍ പാഞ്ഞു പോയി .....
Subscribe to:
Post Comments (Atom)
14 Comments, Post your comment:
“ഇവിടെ മനുഷ്യനായി ഒരായുസ് ജീവിച്ചു തീര്‍ക്കാന്‍ ഇതു ജാതിയില്‍ ജനിക്കണം ?.... ഏതു മതത്തില്‍ വിശ്വസിക്കണം ? എവിടെ പോയി പ്രാര്‍ത്ഥിക്കണം" ?
വല്ലാത്തൊരു കാലം.
അതിന്റെ നേർക്കാഴ്ച്ച.
നന്നായെഴുതി.
അവസാന വരികള്‍ വായിച്ചപ്പോ സങ്കടായി!!
നല്ല അവതരണം
വരികള്‍ക്കിടയില്‍ കൂടി ഒരുപിടി മുള്ളാണികള്‍ ഞാന്‍ നിങ്ങളുടെ ഹൃദയത്തിലേക്ക് അടിച്ച് കയറ്റുമ്പോള്‍ സദയം ക്ഷമിക്കുക ... അതുതന്നെയാണ് എന്‍റെ സന്തോഷവും
ഇവിടെ മനുഷ്യനായി ഒരായുസ് ജീവിച്ചു തീര്‍ക്കാന്‍ ഇതു ജാതിയില്‍ ജനിക്കണം ?....
Tht was true....
Great show man.. Keep Going
വായിച്ചു എനിക്ക് ശരിക്കും വിഷമം വന്ന്നു രണ്ജിതേ .. മനസ്സില്‍ ശരിക്കും ആ സ്ഥലവും ആളെയും കണ്ട പോലെ .. കലക്കി
നല്ല രചന..! ഇന്ത്യയിലെ നിസ്വനായ ഒരു മനുഷ്യനു ഇനിയും മനസ്സിലാവാത്ത മതമെന്ന
സമസ്യയെയും, അതു തകര്‍ക്കുന്ന ജീവിതങ്ങ ളെയും കുറിച്ച് ഖേദത്തോടെ ചിന്തിച്ചുപോയി..!
പച്ചമലയാളത്തില്‍ ഒരിന്ത്യന്‍ കഥ..!! ഭാഷ യിലും ശില്പത്തിലും അല്പം കൂടി ശ്രദ്ധിക്കാം..
നല്ല എഴുത്ത്..
മനസ്സിൽ എവിടെയോ വേദനക്കുന്നു. നന്നായി.
Nice one...Goood story and dialogues. Made me remember about the slums shown in the films outsourced and slumdog millionaire. Good luck.
a great story...congrats
രഞ്ചിത്ത് താങ്കളുടെ മെയിൽ ഐഡി കിട്ടിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു...
മറ്റൊരു കഥ പറയാൻ വേണ്ടിയാണ്
---കഥ വായിച്ചു, നന്നായിരിക്കുന്നു
ആശംസകൾ
my ID is mail4renjith@gmail.com
ithu kathayum jeevithavumaanu
ഉണ്ണി മോളെ ..... കഥ തന്നെയാണ് ജീവിതം.... ജീവിതം ഒരു അര്‍ത്ഥത്തില്‍ കഥയും .... കിഷന്‍ ലാലിനെ പോലെ ഒരാളെ നമ്മള്‍ എപ്പോഴെങ്കിലും കണ്ടുമുട്ടും .... our India is great
Post a Comment