സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



സ്വപ്നങ്ങളില്‍ പെയ്തിറങ്ങിയ തീമഴ

July 10, 2010 അനില്‍കുമാര്‍ . സി. പി.

ഒരല്പം ഈര്‍ഷ്യയോടെയാണ് തലയുയര്‍ത്തിയത്, സാധാരണ ക്യാബിനിലേക്ക് കടന്ന് വരുന്നവര്‍ കതകില്‍ മുട്ടിയിട്ടേ ഉള്ളിലേക്ക് വരാറുള്ളു, പ്രത്യേകിച്ചും നന്ദേട്ടന്‍.

നന്ദേട്ടന്‍ കമ്പനിയിലെ ഡ്രൈവര്‍ മാത്രമാണെങ്കിലും അദ്ദേഹത്തിന്റെ പ്രായവും, സ്നേഹപൂര്‍വ്വമായ പെരുമാറ്റവും കാരണം എല്ലാവര്‍ക്കും പ്രിയങ്കരനാണ്. അതുകൊണ്ട് തന്നെ എല്ലാവരും നന്ദേട്ടന്‍ എന്ന് വിളിക്കുകയും ചെയ്യുന്നു.

ഓഡിറ്റിങ്ങിന്റെ തിരക്കില്‍ തല പുകഞ്ഞിരിക്കുമ്പോഴാണ് നന്ദേട്ടന്‍ വന്നത്.

‘എന്ത് പറ്റി നന്ദേട്ടാ?’

മറുപടി കിട്ടാതെ വന്നപ്പോള്‍ ജോലി നിര്‍ത്തി വച്ച് വീണ്ടും മുഖമുയര്‍ത്തി. നന്ദേട്ടന്റെ വിങ്ങിപ്പൊട്ടാന്‍ നില്‍ക്കുന്ന മുഖം കണ്ടപ്പോള്‍ അമ്പരപ്പ് തോന്നി.


‘സാര്‍, എനിക്ക് ഇന്ന് തന്നെ നാട്ടിലേക്ക് പോകണം’


നന്ദേട്ടന്‍ ചുറ്റിലും നോക്കി. എന്തോ പറയാന്‍ വിഷമിക്കുന്നു എന്ന് തോന്നിയപ്പോള്‍ ഞാന്‍ കാബിന്റെ കതക് അടച്ചിട്ടു. പിന്നെ ഒരു ഗ്ലാസ്സില്‍ തണുത്ത വെള്ളം പകര്‍ന്ന് കൊടുത്തത് ആര്‍ത്തിയോടെ അദ്ദേഹം വലിച്ചു  കുടിച്ചു.

‘എന്താണ് പറ്റിയത് നന്ദേട്ടാ, ആര്‍ക്കെങ്കിലും...എന്തെങ്കിലും പ്രശ്നങ്ങള്‍...?’

‘എന്റെ, എന്റെ മോള്‍ ഒരു കടുംകൈ ചെയ്തു സാര്‍’




പൊടുന്നനെ മേശപ്പുറത്ത് വച്ചിരുന്ന കയ്യിലേക്ക് നെറ്റി ചേര്‍ത്ത് നന്ദേട്ടന്‍ വിങ്ങിപ്പൊട്ടാന്‍ തുടങ്ങി.തോളില്‍ മെല്ലെ തടവിയ എന്റെ കൈ, രണ്ട് കൈകളും കൊണ്ട് കൂട്ടിപ്പിടിച്ച് നന്ദേട്ടന്‍ പറഞ്ഞു,

‘എന്റെ മക്കള്‍ക്ക് വേണ്ടി മാത്രമാണ് സാര്‍ ഈ വയസ്സുകാലത്തും ഞാന്‍ ഇവിടെക്കിടന്ന് കഷ്ടപ്പെടുന്നത്. കുട്ടികളെ പഠിപ്പിച്ച് ഒരു നല്ല നിലയിലാക്കാന്‍, മോള്‍ക്ക് ഒരു നല്ല ജീവിതം ഉണ്ടാക്കാന്‍.’

‘അതിനിപ്പോള്‍ എന്താ ഉണ്ടായത്?’


ഗ്ലാസ്സിലിരുന്ന വെള്ളം ഒറ്റവലിക്ക് നന്ദേട്ടന്‍ കുടിച്ചു തീര്‍ത്തു.

‘സാറിനോട് ഞാനിപ്പോ എന്താ പറയുക. മോള്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പത്താം ക്ലാസ്സ് പാസ്സായപ്പോഴാണ് പ്രശസ്തമായ ഒരു സ്കൂളില്‍ സയന്‍സ് ഗ്രൂപ്പ് എടുത്ത് പ്ലസ് വണില്‍ ചേര്‍ത്തത്. ഞങ്ങളുടെ പ്രതീക്ഷ പോലെ അവള്‍ പഠിക്കുകയും ആദ്യ വര്‍ഷം നല്ല മാര്‍ക്ക് വാങ്ങുകയും ചെയ്തതോടെ സ്വപ്നങ്ങള്‍ ഒക്കെ പൂവിടുന്ന സന്തോഷത്തിലായിരുന്നു സാര്‍ ഞങ്ങള്‍’.

‘പിന്നെ എന്ത് സംഭവിച്ചു?’

‘സയന്‍സിന് ട്യൂഷന്‍ വേണമെന്ന് പറഞ്ഞപ്പോഴാണ് അടുത്തുള്ള പോസ്റ്റ്ഗ്രാഡുവേഷനൊക്കെ കഴിഞ്ഞ ഒരു പെണ്‍കുട്ടിയെ തരപ്പെടുത്തിയത്. അവള്‍ വീട്ടില്‍ വന്ന് ക്ലാസ്സെടുക്കാം എന്ന് പറഞ്ഞപ്പോള്‍ ഏറെ സന്തോഷമായി.’

‘ആദ്യമൊക്കെ നല്ല രീതിയില്‍ തന്നെയായിരുന്നു ട്യൂഷന്‍. പിന്നെ പിന്നെ ട്യൂഷന്‍ സമയത്ത് അവര്‍ കതകൊക്കെ അടച്ചിടാന്‍ തുടങ്ങി. അതെന്തിനാണെന്ന ഭാര്യയുടെ ചോദ്യത്തിന് പഠിത്തത്തിന് ശല്യമുണ്ടാകാതിരിക്കാനാണെന്ന മറുപടിയാണ് മോള്‍ കൊടുത്തത്’‘.

നന്ദേട്ടന്റെ മനോവ്യഥ മുഴുവന്‍ ആ മുഖത്ത് പ്രതിഫലിക്കുന്നത് കണ്ടപ്പോള്‍ ഒന്നും ചോദിക്കന്‍ തോന്നിയില്ല. അദ്ദേഹം തുടര്‍ന്നു പറഞ്ഞുകൊണ്ടേയിരുന്നു.

‘പിന്നെ, അടച്ചിട്ട കതകിന് പിന്നിലെ കളിചിരികള്‍ കൂടി വന്നപ്പോഴാണ് ഒരു ദിവസം ഭാര്യ അതിനേക്കുറിച്ച് ചോദിച്ചത്. ഒരല്പം ദേഷ്യത്തിലായിരുന്നു മോള്‍ പ്രതികരിച്ചത് - “പിന്നെ എപ്പോഴും മിണ്ടാതിരുന്നു പഠിക്കാന്‍ പറ്റുമോ അമ്മെ“ എന്ന്.’

‘പിന്നെയാണ് സാറേ, ഒരു ദിവസം ആ മുറിയിലെ അടക്കിപ്പിടിച്ച സംസാരമൊക്കെ കേട്ട് അവള്‍ ചെന്ന് നോക്കുമ്പോള്‍ ലോകത്ത് ഒരമ്മയും കാണാന്‍ ആഗ്രഹിക്കാത്ത ഒരു കാഴ്ച കണ്ടത്. രണ്ട് പെണ്‍‌കുട്ടികളും കൂടി മോളുടെ ബെഡ്ഡില്‍ ... പരിസരബോധം മറന്ന് ഒന്നായി ...!‘

‘സഹിക്കാന്‍ കഴിയാതെ അവള്‍ മോളേ വഴക്ക് പറയുകയോ, അടിക്കുകയോ ഒക്കെ ചെയ്തു. ട്യൂഷനും നിര്‍ത്തി. ഞാനറിഞ്ഞാല്‍ ദേഷ്യപ്പെടുമോ, വിഷമിക്കുമോ എന്നൊക്കെ കരുതിയാവണം അവള്‍ ഇതൊന്നും എന്നെ അറിയിച്ചില്ല സാറേ’.

‘ഇപ്പോള്‍ രണ്ട് ദിവസം മുമ്പ് സ്ക്കൂളില്‍ നിന്നും പ്രിന്‍സിപ്പാള്‍ വിളിച്ച് പറഞ്ഞപ്പോഴാണ് അറിഞ്ഞത് മോള്‍ പല ദിവസവും സ്കൂളില്‍ ചെല്ലാറില്ലെന്ന്. പിന്നെ അന്വേഷിച്ചപ്പോഴറിഞ്ഞു അവള്‍ മിക്ക ദിവസവും നേരേ പോകുന്നത് ട്യൂഷന്‍ ടീച്ചറുടെ വീട്ടിലേക്കാണെന്ന്.‘

‘ഇന്നലെ ഭാര്യ ഇത് വിളിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ ആകെ തകര്‍ന്ന് പോയി സാറേ. ആറ്റ് നോറ്റ് വളര്‍ത്തിയ മോള്‍... എങ്ങനെ സഹിക്കും ഞാന്‍. ആ ദേഷ്യത്തിന് മോളേ ഫോണ്‍ വിളിച്ച് വായില്‍ വന്നതൊക്കെ പറഞ്ഞു. ഇങ്ങനെയായാല്‍ പഠിപ്പ് നിര്‍ത്തും എന്നൊക്കെ ഞാന്‍ പറഞ്ഞു സാറേ. ഇനി ആ ടീച്ചറേ കാണാന്‍ പോയാല്‍ വീട്ടില്‍ നിന്ന് പുറത്ത് വിടില്ല എന്നും ആ ദേഷ്യത്തില്‍ പറഞ്ഞ് പോയി...

നന്ദേട്ടന്‍ ഒരു നിമിഷം നിശ്ശബ്ദനായി.

‘എല്ലാം എന്റെ മോള്‍ കേട്ട് നിന്നതേയുള്ളു. എല്ലാം നേരെയാകും എന്ന് ആശ്വസിച്ചതായിരുന്നു. പക്ഷെ എന്റെ കുഞ്ഞ്, രാത്രി എല്ലാവരും കിടന്നപ്പോള്‍ ബ്ലേഡ് കൊണ്ട് കൈ മുറിച്ചു സാര്‍, സമയത്തിന് കണ്ടത് കൊണ്ട് എന്റെ മോള്‍ ...’

നന്ദേട്ടന്‍ വീണ്ടും പൊട്ടിക്കരയാന്‍ തുടങ്ങി. അടുത്ത് ചെന്ന് മെല്ലെ തോളില്‍ തട്ടി,

‘നന്ദേട്ടാ, ഇന്ന് തന്നെ നാട്ടില്‍ പൊക്കോളൂ. ടിക്കറ്റിനും മറ്റും വേണ്ട ഏര്‍പ്പാടുകള്‍ ഞാന്‍ ചെയ്തോളാം. പിന്നെ, നാട്ടില്‍ ചെന്നാല്‍ മോളോട് ദേഷ്യവും, പരിഭവവും ഒന്നും കാണിക്കരുത്. എല്ലാവരും പഴയ സ്നേഹത്തോടെ തന്നെ അവളോട് പെരുമാറണം. മുറിവ് ഒക്കെ കരിഞ്ഞ് കഴിയുമ്പോള്‍ ഒരു നല്ല കൌണ്‍സിലറെ കാണിക്കണം. എല്ലാം ശരിയാവും നന്ദേട്ടാ.’

ഒന്നും മിണ്ടാതെ തലയാട്ടിയതേയുള്ളു നന്ദേട്ടന്‍. പിന്നെ കാബിന്‍ ഡോര്‍ തുറന്ന്, തല താഴ്ത്തി എല്ലാം തകര്‍ന്നവനേപ്പോലെ ആ പാവം മനുഷ്യന്‍ നടന്ന് പോകുന്നത് വല്ലാത്തൊരു അസ്വസ്ഥതയോടെ നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ.

8 Comments, Post your comment:

ബിജുകുമാര്‍ alakode said...

:-)

Anonymous said...

കൊള്ളാം.. നന്നായിട്ടുണ്ട്...
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
ആശംസകളോടെ
അനിത
JunctionKerala.com

ആളവന്‍താന്‍ said...

ഒരു കഥയാണ്‌ ഉദ്ദേശിച്ചതെങ്കില്‍, കഷ്ട്ടിച്ച് ഒരു മാസം മുന്‍പ് വന്ന മറ്റൊരു
പോസ്റ്റില്‍ ഇതല്ലാതെ മറ്റൊന്നുമല്ല ഞാന്‍ വായിച്ചത് . സുഹൃത്തെ....... ക്ഷമിക്കുക.

അനില്‍കുമാര്‍ . സി. പി. said...

ബിജുകുമാര്‍, അനിത: നന്ദി.

ആളവന്‍‌താന്‍: നന്ദി മനോരാജിന്റെ ആ നല്ല കഥയില്‍ എത്തിച്ചതിന്. പിന്നെ ഞാന്‍ എഴുതിയത് മാസങ്ങള്‍ക്ക് മുമ്പ് എന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്തതാണ്.

http://manimanthranam.blogspot.com/2010/04/blog-post_05.html

http://www.koottam.com/profiles/blogs/784240:BlogPost:18169496

RVR Stories said...

my New story Released................. കരണത്ത് കിട്ടിയ ഒരടി...!!

http://rahul-mystories.blogspot.com/

mini//മിനി said...

അമിതമായതും അനാവശ്യമായതുമായ എല്ലാ ബന്ധവും അപകടം വരുത്തും. കഥ നന്നായി.
ഇവിടെ കൊടുത്ത ലിങ്ക് തുറന്നാൽ ഇതേ പോലുള്ള മറ്റൊന്ന് കൂടി കാണാം.
http://mini-mininarmam.blogspot.com/2009/08/20.html

അനില്‍കുമാര്‍ . സി. പി. said...

വന്നതിനും അഭിപ്രായത്തിനും നന്ദി ടീച്ചര്‍.

ദീപുപ്രദീപ്‌ said...

ഈ ഒരു വിഷയത്തെക്കുറിചാവും കഥ എന്ന് തുടങ്ങുമ്പോള്‍ മനസിലായില്ല......ഇങ്ങനെയും ദുഖങ്ങള്‍ അച്ഛനമ്മമാരെ കാത്തിരിക്കുന്നുണ്ട് .
നന്ദി ആളവന്‍താന്‍ ആ പോസ്റ്റിലേക്ക് എത്തിച്ചതിനു .