സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



പ്രതീക്ഷകൾക്കൊരു ഇടവേള

July 02, 2010 mini//മിനി

“അന്റെ പൊന്നുമോനെ വീട്ടിലെത്തിക്കണേ പൊന്നുമുത്തപ്പാ,,,” 
മറ്റുള്ളവരിൽ‌നിന്നും വേറിട്ടുനിൽക്കുന്ന, കണ്ണീരിൽ‌കുതിർന്ന അപേക്ഷ നാണിയമ്മയിൽ‌നിന്നും കേട്ടപ്പോൾ; ‘വലിയവീട്ടിൽ’ മുത്തപ്പൻ വെള്ളാട്ടം കെട്ടിയാടിയ രാജീവനോടൊപ്പം സാക്ഷാൽ പറശ്ശിനിക്കടവ് മുത്തപ്പന്റെയും മനസ്സിൽ വേദനതോന്നിയിരിക്കാം.


                     വളരെനേരം ക്യൂ നിന്നതിന്റെ ഒടുവിൽ ദർശനസൌഭാഗ്യം ഒരു അനുഗ്രഹമായി കിട്ടിയ നാണിയമ്മ ഉടുമുണ്ടിന്റെ കോന്തല അഴിച്ച് അതിൽ ചുരുട്ടിവെച്ച അഞ്ചുരൂപ കാണിക്കയായി സമർപ്പിച്ച്, അവരുടെ മനസ്സിലെ വേദനകളെല്ലാം കാണപ്പെട്ട ദൈവത്തിനു മുന്നിൽ അവതരിപ്പിച്ചപ്പോൾ ശരിക്കും ദുഖത്തിനെ പ്രതിരൂപമായി മാറിയ, പ്രായമേറെയായ ആ അമ്മക്ക് ആശ്വാസം പകരാനായി മുത്തപ്പൻ പറഞ്ഞു,
“അമ്മക്ക് പെര്ത്ത് കൊണം വരും,,; മോൻ ഒരാഴ്ചകൊണ്ട് വീട്ടില് വരും;,,, മകൻ വാസസ്ഥലം വിട്ട് കുറേ നാളുകളായോ?”
“ഇരുപത്തിഅഞ്ച് കൊല്ലം കയിഞ്ഞു അന്റെ പൊന്നുമുത്തപ്പാ,,,”
അത് കേട്ടതോടെ ആദ്യം ഒന്ന് അമ്പരന്നെങ്കിലും പറഞ്ഞ വാക്ക് പിൻ‌വലിക്കാത്ത മുത്തപ്പൻ ഉറപ്പിച്ചുപറഞ്ഞു,
“മോൻ ഒരാഴ്ചക്കുള്ളിൽ വീട്ടിലെത്തും; എല്ലാം മുത്തപ്പൻ അറിയുന്നുണ്ട്, അപ്പോൾ മുത്തപ്പനെ മനസ്സിലുണ്ടാവണം”
“മോൻ വന്നാല് ഈ വീട്ടില് കെട്ടിയാടിയപോലെ അന്റെ വീട്ടിലും ഒരു വെള്ളാട്ടം കയിപ്പിക്കും”
അത് കേട്ടപ്പോൾ ഞെട്ടിയത് ചുറ്റും‌കൂടിയ നാട്ടുകാരാണ്.
                      അന്നന്നത്തെ അന്നത്തിനു വകയുണ്ടാക്കാൻ നാട്ടില് നെരങ്ങുന്ന, ഈ നാണിയമ്മ, ആയിരങ്ങൾ ചെലവാക്കി മുത്തപ്പൻ വെള്ളാട്ടം നടത്താനോ? സിനിമയിൽ കാണുന്നതുപോലെ അവരുടെ മകൻ ഒരു കോടിശ്വരനായി മാറി അമ്മയെ കാണാൻ വന്നാലോ? മകന്റെ വരവ് പ്രതീക്ഷിക്കുന്ന ആ അമ്മ അവനുവേണ്ടി ഏത് മഹാത്യാഗവും ചെയ്യാൻ തയ്യാറാണ്.
മുത്തപ്പൻ അവരെ വീണ്ടും ആശ്വസിപ്പിച്ചു,
“അമ്മ പോയ്‌ക്കോ, മുത്തപ്പൻ കൂടെയുണ്ട്; പൊറം‌നാട്ടിന്ന് അലയുന്ന മോൻ ഒരാഴ്ചകൊണ്ട് അമ്മേനെക്കാണാൻ ഓടിയെത്തും”
                    ഉടുമുണ്ടിന്റെ അറ്റം‌കൊണ്ട് തുടച്ചിട്ടും തീരാത്ത കണ്ണീരുമായി നാണിയമ്മ വലിയവീട്ടിന്റെ അടുക്കളപ്പൊറത്ത് പോയപ്പോൾ ക്യൂവിലെ അടുത്തയാൾ വന്ന് മുത്തപ്പനു മുന്നിൽ പരാതിക്കെട്ടഴിക്കാൻ തുടങ്ങി.

                      നാണിയമ്മ നാട്ടുകാർക്കെല്ലാം വേണ്ടപ്പെട്ട വ്യക്തിയാണ്. വീട്ടുപറമ്പിലെ ചെറിയ ചെറിയ ജോലികൾ ചെയ്യാൻ, പ്രസവിച്ച ഉടനെയുള്ള കുഞ്ഞുങ്ങളെ ഏതാനും‌ മാസംവരെ കുളിപ്പിക്കാൻ, വീട്ടുപണികളിൽ സഹായിക്കാൻ, കടകളിൽ‌പോയി സാധനങ്ങൾ പർച്ചേസ് ചെയ്യാൻ, പറമ്പിലെ ഓല വലിച്ച് കൂട്ടിയിടാൻ ആദിയായ എല്ലാറ്റിനും, ‘മേലനങ്ങാത്ത വീട്ടമ്മമാരുടെ’ ഒരു അവിഭാജ്യ ഘടകമാണ് നമ്മുടെ നാണിയമ്മ. ഒന്നും വെറുതെയല്ല; എല്ലാറ്റിനും കൂലി കൃത്യമായി എണ്ണിവാങ്ങും.
പിന്നെ നമ്മുടെ ഗ്രാമത്തിലുള്ളവർ ഏറ്റവും ഭയപ്പെടുന്നത് നാണിയമ്മയുടെ നാവിനെയാണ്.

                     നാണിയമ്മക്ക് ആദ്യം പിറന്ന രണ്ട് മക്കളിൽ മൂത്തവനാണ് ഇരുപത്തിഅഞ്ച് കൊല്ലം‌മുൻപ് അച്ഛന്റെ മരണശേഷം അമ്മയെയും അനുജത്തിയെയും തനിച്ചാക്കി നാടും വീടും വിട്ടത് എന്ന് നാട്ടുകാരിൽ പലർക്കും പറഞ്ഞുകേട്ട അറിവ് മാത്രമാണ്.  നാടുവിടുമ്പോൾ അവന് പതിനാറ് വയസ്സ്. ആയതിനാൽ കക്ഷിക്കിപ്പോൾ നാല്പത്തിഒന്ന് കഴിഞ്ഞ്, ഭാര്യയും മക്കളുമൊത്ത് ഏതോ നാട്ടിൽ സസുഖം വാഴുന്നുണ്ടാവണം. അവനുശേഷം നാടുവിട്ട അസ്സനാർ തിരിച്ചുവന്നപ്പോൾ പറഞ്ഞത് അവനെ ‘മും‌ബൈയിൽ‌വെച്ച്’ കണ്ടിരുന്നു എന്നാണ്.

മകളെ പോറ്റാനായി കൂലിപ്പണി ചെയ്ത് കഷ്ടപ്പെട്ട നാണിയമ്മക്ക് പിന്നീട് ഒരു മകൻ കൂടി പിറന്നു,,,
‘???’
                       അദ്ധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിൽ ഒരാളായി മാറിയ നാണിയമ്മ എല്ലുമുറിയെ പണിയെടുത്ത് മകളെ കെട്ടിച്ചുവിട്ടു. അതോടെ മകളും അമ്മയെ ഒഴിവാക്കിയ മട്ടായി. ഇടവേളക്ക് ശേഷം പിറന്ന മകനാണ് ഇപ്പോൾ നാണിയമ്മക്ക് ഒരേയൊരു ആശ്വാസം. ഒൻപതാം ക്ലാസ്സിൽ‌വെച്ച് പഠിപ്പ് നിർത്തിയതുമുതൽ കൂലിപ്പണി ചെയ്യുന്ന ആ മകൻ നാട്ടുകാരുടെയെല്ലാം ഉത്തമ സുഹൃത്താണ്.

                      എന്നാൽ മൂത്തമകനെയോർത്ത് നാണിയമ്മ കരയാത്ത ദിവസങ്ങളില്ല. എല്ലാ ദിവസവും ഒരുപിടി അരി കൂടുതലായി എടുത്ത് ഒരു നേരത്തെ ചോറ് അവനായി ആ അമ്മ കരുതിവെക്കും. അവർക്ക് അറിയുന്ന എല്ലാ അമ്പലങ്ങളിലും കാവുകളിലും മകൻ വരാനായി നല്ലൊരു തുക നേർച്ച നേർന്നിട്ടുണ്ട്.
,,,
                     വലിയ വീട്ടിൽ മുത്തപ്പൻ കെട്ടിയാടിയതിന്റെ ഏഴാം ദിവസം നമ്മുടെ ഗ്രാമത്തിൽ നേരം‌പുലർന്ന് പത്ത്‌മണി ആയതോടെ പ്രത്യേക വാർത്ത പുറത്ത് വന്നു.
‘നാണിയമ്മയുടെ മൂത്തമകൻ ഇന്നലെരാത്രി തിരിച്ചുവന്നിരിക്കുന്നൂ‍,,,,!’
ഇന്റർനെറ്റിനെക്കാൾ വേഗതയിൽ ആ വാർത്ത ഗ്രാമത്തിൽ പരന്നു.
അതോടെ,
വാർത്തകൾ കേട്ടറിഞ്ഞ നാട്ടുകാർ ഓരോരുത്തരായി നാണിയമ്മയുടെ വീട്ടിനു മുന്നിൽ വന്നു. സ്വന്തം നാട്ടിൽനിന്നും പോയ അവനെയൊന്ന് കാണാനും പരിചയപ്പെടാനും നാട്ടുകാർ തിരക്ക്കൂട്ടി.

                      നാണിയമ്മ വളരെക്കാലത്തിനു ശേഷം മനസ്സ് തുറന്നൊന്ന് ചിരിച്ചു. നാട്ടുകാരുടെ മുന്നിൽ ഇന്നലത്തെ കാര്യങ്ങൾ പറഞ്ഞിട്ടും പറഞ്ഞിട്ടും ആ അമ്മക്ക് മതിയായില്ല. അവർ സംഭവങ്ങൾ ഓരോന്നായി പറയുന്നുണ്ടെങ്കിലും എല്ലാവരുടെയും കണ്ണുകൾ ആ വീട്ടിനകത്താണ്,
“എന്റെ മക്കളെ, ഇന്നലെ രാത്രി എട്ടരക്കാ ഓൻ വീട്ടില് വന്നത്. വന്ന ഉടനെ അമ്മേ എന്ന് വിളിച്ച് അകത്ത്കയറി വെറും നിലത്തിരുന്നു; ആദ്യം ഞാനാകെ പേടിച്ചെങ്കിലും അന്റെ മോനെ അനക്കറിയില്ലെ. പിന്നെ നമ്മള് ചോറ് തിന്നാത്തകൊണ്ട് കലത്തിലെ ചോറെല്ലാം അന്റെ പൊന്നുമോനു കൊടുത്തു. ചോറ് തിന്ന് വെള്ളൊം കുടിച്ച് അന്നേരേ കട്ടില് കേരി കിടന്നതാ‍; ഒന്നും ചോയിക്കാനും പറയാനും കയിഞ്ഞിറ്റില്ല. ഇപ്പം പത്തരയായിട്ടും അന്റെ മോൻ എണീറ്റിനില്ല. എല്ലാം മുത്തപ്പന്റെ മായാവിലാസങ്ങൾ,,, എന്റെ മുത്തപ്പാ,,,”
                     തുടർന്ന് നാട്ടുകാരിൽനിന്നും ചോദ്യങ്ങൾ തുടർച്ചയായി ഉയർന്നെങ്കിലും നാണിയമ്മക്ക് കൂടുതലൊന്നും പറയാൻ കഴിഞ്ഞില്ല.

                     അങ്ങനെ നോക്കിയിരിക്കെ ഉറക്കം ഞെട്ടിയ ഒരു രൂപം, നാട്ടാരെ അമ്പരപ്പിച്ചു‌കൊണ്ട്, ആ വീടിന്റെ മുൻ‌വാതിലിനു മുന്നിൽ പ്രത്യക്ഷപ്പെട്ടു. കണ്ണുകൾ ചുവന്ന്, ജലസ്പർശമേൽക്കാത്ത മുടിയുമായി, ഉണങ്ങിവരണ്ട് മെലിഞ്ഞ, ശരീരത്തിനു ചേരാത്ത മുഷിഞ്ഞ കുപ്പായത്തോടെ പുറത്തുവന്ന നാണിയമ്മയുടെ ഓമനയായ മൂത്തമകൻ, നാട്ടുകാരെ നോക്കിയപ്പോൾ ഞെട്ടിയത് നാട്ടുകാരാണ്. ഇത്രയും കാലം ഏതോ ശവക്കുഴിയിൽ കിടന്നവൻ പെട്ടെന്ന് എഴുന്നേറ്റ് വന്നതായി തോന്നിയ ഓരോരുത്തരുടെയും ഉള്ളിൽ ധാരാളം ചോദ്യങ്ങൾ ഉയർന്നു. അവിശ്വസനീയമായ കാഴ്ചയിൽ ഞെട്ടിയ നാട്ടുകാർ ഓരോരുത്തരായി ഒരക്ഷരവും ഉരിയാടാതെ പതുക്കെ സ്ഥലം കാലിയാക്കി.
,,,
                    അന്ന് ഉച്ചക്ക്ശേഷം നാണിയമ്മയുടെ മകൾ, ഭർത്താവും രണ്ട് മക്കളുമായി വലിയ കെട്ടുകളോടൊപ്പം കാറിൽ വന്നിറങ്ങി. വളരെക്കാലത്തിനുശേഷം ആ വീട്ടിൽ വന്ന മകൾ അമ്മയോട് ചോദിച്ചു,
“പെട്ടിയെവിടെ?
ഞാൻ വരുന്നതിനുമുൻപെ അമ്മയും മോനും ചേർന്ന് അടിച്ചുമാറ്റിയോ?”
“ഏത് പെട്ടി?”
നാണിയമ്മ മറുചോദ്യമായി. 
“വന്നത് അന്റെ മാത്രം ഏട്ടനാ; അത്‌കൊണ്ട് ഏട്ടന്റെതെല്ലാം അനക്കും മക്കൾക്കും കിട്ടേണ്ടതാ”
മകൾ കൊണ്ടുവന്ന അഴിക്കാത്ത പൊതികളിൽ‌നിന്നും അപ്പത്തരങ്ങളുടെ മണം അമ്മയുടെ മൂക്കിൽ അടിച്ചുകയറാൻ തുടങ്ങി. അവൾ തുടർന്നു,
“ഞാൻ ഏട്ടന്റെ ഒരേയൊരു പെങ്ങളാ,, എന്റെ പൊന്നാങ്ങള എവിടെയാ”
                       അമ്മ അകത്തെ മുറി ചൂണ്ടിയപ്പോൾ അളിയനും പെങ്ങളും മക്കളും ഒന്നിച്ച് ചാടിക്കയറി. അകം മുഴുവൻ തപ്പിയിട്ടും ആളെകാണാതെ പുറത്തിറങ്ങുമ്പോഴാണ് കട്ടിലിന്റെ തലയിണക്ക് സമീപം‌ഉള്ള ഒരു മഞ്ഞനിറമുള്ള തുണിസഞ്ചി അളിയന്റെ കണ്ണിൽ‌പെട്ടത്. അതും‌ എടുത്ത്‌കൊണ്ട് അവർ പുറത്തുവന്നു.

                       മഞ്ഞത്തുണിയിൽ ചുവപ്പ് നിറമുള്ള തമിഴ് അക്ഷരങ്ങൾ എഴുതിച്ചേർത്ത സഞ്ചി അട്ടിമറിച്ച് അകത്തുള്ളതെല്ലാം കുടഞ്ഞ് പുറത്തിട്ട് അവർ വട്ടമിട്ടിരുന്ന് ഗവേഷണം തുടങ്ങി. മുഷിഞ്ഞ്‌നാറിയ രണ്ട് ലുങ്കിയും മൂന്ന് ഷർട്ടും ഒരു പാന്റും മാത്രം. പെങ്ങൾക്ക് ആകെ സംശയം,
“ഞാൻ വരുന്നതിനു മുൻപ് വിലപിടിച്ചതെല്ലാം മാറ്റിയിരിക്കും; എന്റെ ഏട്ടനെവിടെ?”
                      അമ്മയുടെ വാചാലമായ മൌനത്തെ അവഗണിച്ച്‌കൊണ്ട് വീട്ടിനു ചുറ്റും കറങ്ങിനടന്ന അവർ ഏട്ടനെ കണ്ടുപിടിച്ചു;
വീട്ടിന്റെ പിൻ‌വശത്ത് പറമ്പിന്റെ മൂലയിൽ പരിസരം മറന്ന് പുകയൂതി ഇരിക്കുന്ന ഏട്ടനുചുറ്റും പുകവലയങ്ങൾ.
രൂക്ഷഗന്ധമുള്ള ആ പുകവലയങ്ങൾ ഒന്നുചേർന്ന് ഒരു ചോദ്യചിഹ്നമായി രൂപാന്തരപ്പെട്ട്, അവരെ നോക്കി നൃത്തം ചെയ്യാൻ തുടങ്ങി. ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയാതെ സ്വയം മറന്ന് പുകയൂതുന്ന മൂത്ത ആങ്ങള, പെങ്ങളെ തുറിച്ചുനോക്കുക മാത്രം ചെയ്തു.
                      ഒടുവിൽ അമ്മയോട് യാത്രപോലും പറയാതെ നിരാശയോടെ വെറും‌കൈയുമായി വന്നതിലും സ്പീഡിൽ മകളും ഭർത്താവും കൊച്ചുമക്കളും തിരിച്ചുപോയി.
,,,
പിറ്റേദിവസം,,,
                    നാണിയമ്മയുടെ നാടുചുറ്റിവന്ന മകൻ നാട്ടുകാരിൽ സംശയത്തിന്റെ വിത്തുകൾ പാകി. നാട്ടാരെക്കൊണ്ട് നുണപറയാൻ ആയിരം നാവുള്ള നാണിയമ്മയുടെ ഒറിജിനൽ നാവ്‌കൂടി ചലനരഹിതമായി.  സഹപാഠികളും സഹകള്ളന്മാരും സഹതട്ടിപ്പുകാരും അവനെതേടിയെത്തിയെങ്കിലും നാടുചുറ്റിവന്നവൻ ആരോടും പരിചയം കാണിച്ചില്ല. അങ്ങനെ ഒരു ദുരൂഹതയിൽ അവൻ മിണ്ടാതെ ഉരിയാടാതെ ദിവസങ്ങൾ രണ്ടെണ്ണം കഴിഞ്ഞു.

മൂന്നാം ദിവസം,,,
                     അതിരാവിലെ പത്ത്മണിക്ക് ഉറക്കമുണർന്ന സീമന്തപുത്രൻ നേരെ അടുക്കളയിൽ വന്നത്‌കണ്ട് രോമാഞ്ചമണിഞ്ഞ നാണിയമ്മ തലയുയർത്തി അവനെയൊന്ന് ആപാതചൂടം നിരീക്ഷിച്ചു. വീട്ടിൽ കയറിവന്ന ദിവസം അണിഞ്ഞ ലുങ്കിയും കുപ്പായവും അതേപടി ‘ആ ദേഹത്തിൽ’ കിടപ്പാണ്. സ്വന്തം മകനാണെന്ന് പറഞ്ഞിട്ടെന്താ; അവനെ കാണുമ്പോൾ‌തന്നെ വല്ലതും ചോദിക്കാൻ അവർക്ക് ആകെ ഒരു പേടി. അപ്പോൾ ആ മുടിയുടെയും താടിരോമങ്ങളുടെയും ഇടയിൽനിന്ന് ഒരു ശബ്ദം പുറത്തുവന്നു,
“തള്ളേ?,,,”
 അടുക്കളയിൽ കയറിയ മകന്റെ വിളികേട്ട് നാണിയമ്മ ഞെട്ടി. ആദ്യത്തെ ഞെട്ടൽ മാറുന്നതിനുമുൻപ് അറിയിപ്പ് വന്നു,
“എനിക്ക് കൊറച്ച് പണം വേണം; ഉടനെ കിട്ടണം”
                     സുനാമിക്ക് മുൻപുള്ള കടൽ‌ത്തീരംപോലെ നാണിയമ്മയുടെ വായിലെ ഉമിനീരിനൊപ്പം നാവും ഉൾവലിഞ്ഞു. കൂടുതൽ ഞെട്ടുന്നതിനു മുൻപ് അവർ അടുപ്പിന്റെ തൊട്ടടുത്ത അരിക്കലത്തിൽ നിന്നും തുണിയിൽ പൊതിഞ്ഞ കടലാസ് കെട്ടഴിച്ച്, മുഷിഞ്ഞ 100രൂപ എടുത്തുനിവർത്തി മകന്റെ കൈയിൽ വെച്ച്‌കൊടുത്തു. ആർത്തിപിടിച്ച ഒരു കാക്കയെപ്പോലെ അത് പിടിച്ചുവാങ്ങി പെട്ടെന്ന് പുറത്തിറങ്ങി അവൻ നടന്നു.

                       മകൻ പോകുന്നത്‌നോക്കി നാണിയമ്മ താടിക്ക് കൈയുംകൊടുത്ത് നിലത്തിരുന്നു. വിധി ഒരുക്കിയ ജീവിതത്തിൽ കഷ്ടപ്പാടുകൾ മാത്രം അറിയുന്ന നാണിയമ്മ ഒരിക്കലും ഇങ്ങനെയൊന്ന് സംഭവിക്കുമെന്ന് വിശ്വസിച്ചിരുന്നില്ല. നാടുവിട്ടുപോയവരെല്ലാം നല്ല നിലയിലായി തിരിച്ചുവന്ന കഥകൾ എത്രയോ ഉണ്ട്. ‘എങ്ങോ ജീവിക്കുന്നുണ്ടെന്ന് വിശ്വസിച്ച മൂത്ത മകനെപറ്റി അറിയാനും ഒരുനോക്ക് കാണാനും എത്ര ദൈവങ്ങളെയാണ് വിളിച്ചത്? അവനിങ്ങനെ ഗതിയില്ലാത്തവനായി വരുമെന്ന് അപ്പോഴൊന്നും ചിന്തിച്ചിരുന്നില്ല.
‘നല്ലകാലത്ത് അമ്മയുടെ ഓർമ്മ കാണില്ലല്ലൊ; ഇപ്പോൾ ഗതിയില്ലാതായതു കൊണ്ടല്ലെ, വീട്ടില് വന്നതും തനിക്ക് കാണാനൊത്തതും’. 
ഒടുവിൽ അവർ അങ്ങനെ മനസ്സിൽ വിശ്വസിച്ച് ആശ്വസിക്കാൻ തുടങ്ങി.

                       പിറ്റേദിവസം മുതൽ പണത്തിനുവേണ്ടി മാത്രം ചോദ്യം ഉണ്ടായി. എന്നും രാവിലെയുണർന്ന് അടുക്കളയിൽ വരുന്ന മകന് അമ്മ കഞ്ഞി കൊടുക്കും. എന്നാൽ പണം ചോദിച്ചത് കിട്ടിയാൽമാത്രം അവൻ കഞ്ഞികുടിച്ച് സ്ഥലം വിടും. പിന്നെ രാത്രിയിൽ അപ്രതീക്ഷിതമായ നേരത്ത് വന്ന് കിടന്നുറങ്ങും. വീട്ടിലായിരിക്കുന്ന നേരത്ത് മകനു ചുറ്റും പരക്കുന്ന പുകയും രൂക്ഷഗന്ധവും ചേർന്ന് നാണിയമ്മയുടെ മനസ്സിന്റെ താളംതെറ്റിക്കുമെന്ന അവസ്ഥയിലായി.

                        ഇതിനിടയിൽ നാണിയമ്മ ഒരു രഹസ്യം മനസ്സിലാക്കി; ഇളയ മകനെ മൂത്തവൻ അവഗണിക്കുന്നു. മുൻപ് ഒരിക്കലും കാണാത്ത മൂത്ത ഏട്ടനെ നാണിയമ്മ പരിചയപ്പെടുത്തിയ നാൾതൊട്ട് ഇളയവൻ ഏട്ടനു ചുറ്റും വട്ടമിട്ട് നടന്ന് പലതും ചോദിച്ചിട്ടും ഇതുവരെ അവനോട് ഒരക്ഷരം‌പോലും മിണ്ടിയിട്ടില്ല. അക്കാര്യം ഓത്തപ്പോൾ നാണിയമ്മക്ക് ഒരു ഉൾഭയം.

                       സംഭവബഹുലമായി രണ്ടാഴ്ച കടന്നുപോയി. നാണിയമ്മ ഇപ്പോഴും നാട്ടുകാർക്ക് മുഖം കാണിക്കാതെ ഒളിച്ചും പാത്തും പതുങ്ങിയും നടപ്പാണ്.
അങ്ങനെ ഒരു ദിവസം,,,
രാവിലെ അരികഴുകിക്കൊണ്ടിരിക്കുന്ന അമ്മയുടെ പിന്നിൽ ചുവന്ന കണ്ണുകളുമായി സീമന്തപുത്രൻ,
“തള്ളേ, എനിക്കിന്ന് കൊറേ പണം‌വേണം,,,”
നാണിയമ്മ ഞെട്ടിത്തിരിഞ്ഞപ്പോൾ അരിക്കിണ്ണം താഴെവീണ്, അരിയെല്ലാം നിലത്ത് ചിതറി,
“കൊറേയോ?,, അത് ഞാനെന്ത് ചെയ്യാനാ?”
വാക്കുകൾ പൂർത്തിയാക്കുന്നതിനു മുൻപ് നാണിയമ്മയുടെ തലമുടി പിടിച്ച്, അവരെ വലിച്ചിഴച്ച് വരാന്തയിൽ കൊണ്ടുവന്ന് ചുമരിൽ ഇടിച്ച് താഴെയിട്ടു.
“പണം തന്നാല് തള്ളക്കും മോനും നല്ലത്”
ഇതും‌പറഞ്ഞ് മുറ്റത്തെ വിറകുകമ്പെടുത്ത് അടിക്കാനോങ്ങുമ്പോൾ ഇളയമകൻ ഏട്ടനെ ബലമായി പിടിച്ചുവെച്ചു.
                       പ്രായമേറിയ പാവം പെറ്റമ്മയെ ഇടയ്ക്ക് നിർത്തിക്കൊണ്ട് ഏട്ടനും അനിയനും തമ്മിൽ അടിപിടി ആയപ്പോൾ കാണികാളായി നാട്ടുകാർ അണിനിരന്നു. സ്റ്റണ്ടിന്റെ ഒടുവിൽ ക്ഷീണിച്ച ഏട്ടൻ അനിയനെ ചൂണ്ടി നാട്ടുകാരോട് പറഞ്ഞു,
“ഇവനെ ഞാൻ കൊല്ലും; ഞാനിവിടന്ന് നാട് വിടുമ്പോൾ എന്റെ അച്ഛൻ മരിച്ചതാ; പിന്നെ മര്യാദക്കാരിയാണെങ്കിൽ ഈ തള്ളക്ക് ഇങ്ങനെയൊരു മോൻ എങ്ങനെയുണ്ടാകും? ഞാനിവനേം കൊല്ലും ഈ തള്ളേനെം കൊല്ലും”

നാണിയമ്മയും നാട്ടുകാരും ഒന്നിച്ച് ഞെട്ടി,,,  
അമ്മയെ അനാഥയാക്കി നാട് വിട്ടവൻ,
‘അമ്മ ജീവിച്ചോ മരിച്ചോ’, എന്ന് അന്വേഷിക്കാത്തവൻ,
അമ്മക്ക് ഒരു നേരത്തെ ഭക്ഷണം‌പോലും നൽകാത്തവൻ,
അമ്മക്ക് സങ്കടം മാത്രം നൽകിയവൻ,,,
അവനാണിപ്പോൾ എവിടെനിന്നോ തെണ്ടിത്തിരിഞ്ഞ് വന്ന് അമ്മയെയും അമ്മക്ക് തുണയായ മകനെയും കൊല്ലാൻ നോക്കുന്നത്.
ആ മകനില്ലെങ്കിൽ നാണിയമ്മയുടെ അവസ്ഥ എന്താകുമായിരുന്നു?!!! ,,,
നാണിയമ്മ തലയിൽ കൈവെച്ച് നെഞ്ചത്തടിച്ച് നിലവിളിക്കാൻ തുടങ്ങി
അതു‌വരെ സമാധാനം നിലനിന്നിരുന്ന ആ വീട്ടിൽ നിത്യേന അടി, ഇടി, ആദിയായ നിത്യകർമ്മങ്ങൾ അരങ്ങേറി.
,,,
ഒരു മാസത്തിനു ശേഷം,,,
                        നാണിയമ്മയുടെ മനസ്സിൽ പൂത്തുലയാൻ തുടങ്ങിയ പുത്തൻപ്രതീക്ഷകളെല്ലാം അതേപടി കരിഞ്ഞ് ചാരവും പുകയും അവശേഷിച്ചു. നാടുവിട്ട മോൻ തിരിച്ചുവന്നത്, തനിക്കും ഇളയമകനും കാലനായി മാറാനായിരിക്കുമെന്ന് അവർക്ക് തോന്നി. ലഹരിയിൽ മുങ്ങിയ അവന്റെ കൈയാൽ ഏതുനേരത്തും കടന്നുവരാനിടയുള്ള മരണത്തെ സ്വപ്നംകണ്ട് അവർ രാത്രികളിൽ ഞെട്ടിയുണരാൻ തുടങ്ങി. ഇനിയുള്ള ജീവിതത്തിലെ ഒരേയൊരു പ്രതീക്ഷയായ ഇളയമകൻ ഉറങ്ങുന്ന സമയത്ത്, ഉറക്കം വെടിഞ്ഞ് ആ അമ്മ അവർക്കിടയിൽ കാവലിരിക്കാൻ തുടങ്ങി.

                      അടുത്ത വെള്ളിയാഴ്ച വടക്കേവീട്ടിൽ മുത്തപ്പൻ വെള്ളാട്ടം ഉണ്ടെന്നറിഞ്ഞപ്പോൾ അവർ വീട്ടിൽ നിന്ന് പുറത്തിറങ്ങി. മുത്തപ്പനെ കണ്ടപ്പോൾ നാണിയമ്മ പൊട്ടിക്കരഞ്ഞു,
“എന്റെ പൊന്നുമുത്തപ്പാ എന്നെ കാക്കണം”
“മുത്തപ്പനെല്ലാം കാണുന്നുണ്ട്,,, അമ്മേടെ നാടുവിട്ട മോൻ വന്നില്ലെ? എന്താ സന്തോഷമായില്ലെ?”
“എന്നെ കാക്കണം മുത്തപ്പാ,,, നാടുവിട്ട മോൻ വന്നിന്,,, പിന്നെ”
“എന്താ ഒരു സംശയം? മോൻ പൊന്നും പണോം കൊണ്ടന്നില്ലെ?”
“അനക്ക് പൊന്നും പണോം ബേണ്ട മുത്തപ്പാ,,, ആ തെണ്ടിത്തിരിഞ്ഞ് വന്നോനെ അന്റെ വീട്ടിന്നും നാട്ടിന്നും പൊറത്താക്കിത്തരണം, അന്റെ പൊന്നു മുത്തപ്പാ”
ഇത്തവണ നാണിയമ്മയുടെ അപേക്ഷ കേട്ട് നാട്ടുകാർ ഞെട്ടിയില്ല; എന്നാൽ മുത്തപ്പനു സംശയം,
“അതെന്താ മുത്തപ്പന്റെ പങ്ക് തരാണ്ടിരിക്കാനാണോ?”
“മുത്തപ്പന് വേണ്ടുന്നത് ഞാൻ കയിപ്പിക്കാം. ഓനെ പൊറത്താക്കിയാൽ അന്റെ വീട്ടില് ഒരു വെള്ളാട്ടൊം തിരുവപ്പനേം കെട്ടിയാടിക്കാം”
എന്നാൽ ഇത്തവണ മുത്തപ്പൻ ആ അപേക്ഷ അതേപടി സ്വീകരിച്ചില്ല.
“അമ്മക്ക് നല്ലത് വരും; അമ്മ പറഞ്ഞത്‌പോലെ മോനെ കാട്ടിത്തന്നില്ലെ? എല്ലാം മുത്തപ്പന് അറിയാം, മുത്തപ്പനെ മനസ്സിൽ ഓർമ്മിച്ചാൽ മതി”

                        അങ്ങനെ മനസമാധാനം നേടിയ നാണിയമ്മ വീട്ടിലേക്ക് തിരിച്ച്‌പോയി. മൂത്തമകനെ ആ അമ്മ സ്വന്തം മനസ്സിൽ‌നിന്നും ഒഴിവാക്കി.
ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു നട്ടുച്ചനേരത്ത് മഞ്ഞസഞ്ചി തോളിലേറ്റി അവൻ വീട്ടിൽ‌നിന്നും പുറത്തിറങ്ങി അമ്മയെനോക്കി പറഞ്ഞു,
“തള്ളെ ഞാൻ പോണു,,,”
നാണിയമ്മ മകനെ തടഞ്ഞില്ല; ഉത്തരം പ്രതീക്ഷിക്കാത്ത അവൻ വീട്ടിൽനിന്നും ഇറങ്ങി. തന്നെ ആദ്യമായി പേറ്റുനോവറിയിച്ച, താൻ മുലപ്പാൽ കൊടുത്തു വളർത്തിയ, ഒരുകാലത്ത് ഓമനിച്ച് പോറ്റിവളർത്തിയ, തനിക്കേറ്റവും പ്രീയപ്പെട്ട മൂത്തമകൻ ഇടവഴി കടന്ന് പോകുന്നത്‌നോക്കി ആ അമ്മ ഉമ്മറപ്പടിയിൽ ഇരുന്നു.

പിൻ‌കുറിപ്പ്:
പറശ്ശിനിക്കടവ് മുത്തപ്പന്റെ പ്രതിരൂപമായി വിശ്വാസികളുടെ വീടുകളിൽ വെള്ളാട്ടവും തിരുവപ്പനെയും കെട്ടിയാടിക്കാറുണ്ട്.
മുത്തപ്പനെ കാണപ്പെട്ട ദൈവമായി നമ്മുടെ നാട്ടുകാർ പലരും വിശ്വസിക്കുന്നു.

6 Comments, Post your comment:

mini//മിനി said...

കഥ മുൻപ് ‘മിനി കഥകളിൽ’ പോസ്റ്റ് ചെയ്തതാണ്. അന്ന് നർമ്മം കയ്യറിവന്ന് കഥാരസം നശിപ്പിച്ച കഥയെ ഉടച്ച്‌വാർത്ത് പുതിയപേരിൽ ‘കഥയുടെ വസന്തമായി’ വായനക്കാർക്കു മുന്നിൽ സമർപ്പിക്കുന്നു.

ബിജുകുമാര്‍ alakode said...

ടീച്ചറെ, ഇതു നന്നായി. ആദ്യത്തേതും ഞാന്‍ വായിച്ചിരുന്നു. അതിനെക്കുറിച്ചെനിയ്ക്കു മതിപ്പും ഇല്ലായിരുന്നു. എന്നാല്‍ ഇതു വളരെ നന്നായിരിയ്ക്കുന്നു. കണ്ണുരിന്റെ ഗ്രാമ്യഭാഷ ഉപയോഗിച്ചിരിയ്ക്കുന്നതു നന്നായീ.
പറശ്ശിനിക്കടവ് എനിയ്ക്കേറ്റവും ഇഷ്ടമുള്ള സ്ഥലമാണ്. എല്ലാ അവധിയ്ക്കും ഞാന്‍ അവിടെ പോകും, അവിടത്തെ ചോറിന്റെ രുചി ഇപ്പോഴും നാവിലുണ്ട്. മുത്തപ്പനെക്കൂടി ഇഴചേര്‍ത്ത ഈ കഥയ്ക്ക് എന്റെ ആശംസകള്‍...

Manoraj said...

ടീച്ചറേ,

കഥ ഇഷ്ടപ്പെട്ടു. ആദ്യത്തേതിലും മികവ് ഇതിന് തോന്നി.

റോസാപ്പൂക്കള്‍ said...

mini kadha nannaayi

Nisha.. said...

nalla katha.....

Sudeep said...

ടീച്ചറെ, കഥ അസ്സലായിടുണ്ട് . ഇതുപോലെത്തെ കൂടുതുല്‍ കഥകള്‍ പ്രതീക്ഷിക്യുന്നു....