സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



പാപത്തിന്റെ ശമ്പളം

July 01, 2010 ബിജുകുമാര്‍ alakode

ടീച്ചര്‍
അതേ, ആ പെണ്‍കുട്ടി എന്റെ ക്ലാസിലാണു പഠിയ്ക്കുന്നത്.
എട്ടാം ക്ലാസുമുതല്‍ ഞാനവളെ കണക്ക് പഠിപ്പിയ്ക്കുന്നുണ്ട്. എട്ടില്‍ പഠിയ്ക്കുമ്പോള്‍ ക്ലാസിലവള്‍ മിടുമിടുക്കിയായിരുന്നു. നല്ല ബ്രില്ല്യന്റ് കുട്ടി. വീട്ടില്‍ ചിലപ്പോള്‍ ചില അസ്വാരസ്യങ്ങളൊക്കെ ഉണ്ടാകും. എങ്കിലും അവളു നല്ല ഉല്ലാസവതിയായിരുന്നു.
ഞാനിവരുടെ അയലത്താണ് താമസം.അവളുടെ അമ്മ എപ്പൊഴും എന്നോടു പറയും മോളെ ശ്രദ്ധിക്കണേ എന്ന്. കാണാന്‍ അതിസുന്ദരിയൊന്നുമല്ലെങ്കിലും നല്ല വളര്‍ച്ചയുള്ള കുട്ടി. ഒമ്പതാം ക്ലാസു പകുതിയായതോടെയാണ് ആ കുട്ടിയില്‍ മാറ്റങ്ങള്‍ കാണാന്‍ തുടങ്ങിയത്. പഠനത്തില്‍ വളരെ പിറകിലായി അവള്‍ .എന്തു പറ്റിയെന്നു ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല. ഉത്സാഹമൊക്കെ കുറഞ്ഞു. ക്ലാസില്‍ ശ്രദ്ധയും കുറഞ്ഞു. ഞാന്‍ ഇടയ്ക്ക് അവളുടെ അമ്മയോടു സൂചിപ്പിയ്ക്കുകയും ചെയ്തു.
പത്താം ക്ലാസായതോടെ അവള്‍ തീരെ പുറകിലായി. നിങ്ങള്‍ക്കറിയാമല്ലോ. എസ്.എസ്.എല്‍ .സി. പാസാകണമെങ്കിലുള്ള ബുദ്ധിമുട്ട്. സ്കൂളില്‍ പഠനത്തിനു പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഞങ്ങള്‍ പ്രത്യേക കോച്ചിങ്ങ് വരെ കൊടുക്കുന്നുണ്ട്. എന്നിട്ടും ആ കുട്ടിയ്ക്കൊരു മാറ്റവും കണ്ടില്ല. ചില കുട്ടികളിങ്ങനെയാണ്, ചില പ്രായത്തില്‍ അവരില്‍ ഇങ്ങനെ ചില മാറ്റങ്ങള്‍ കാണാം. ക്ലാസില്‍ മറ്റു കുട്ടികളോടൊന്നും ഇടപഴകി ഞാന്‍ കണ്ടിട്ടില്ല. ഇന്നലെ മുതല്‍ അവളെ ക്ലാസില്‍ കാണുന്നില്ല.
എന്തോ അവരുടെ വീട്ടില്‍ ചില പ്രശ്നങ്ങളുണ്ടെന്നു തോന്നുന്നു. ആരേയും പുറത്തെയ്ക്കു കാണാത്തതിനാല്‍ ഇതു വരെ അന്വേഷിയ്ക്കാനായില്ല.

അച്ഛന്‍
എനിയ്ക്കൊന്നും പറയാനില്ല.
ജീവിതത്തില്‍ ഒത്തിരി കഷ്ടപെട്ടാ ഞാനിത്രേം വരെ എത്തിയത്. എനിയ്ക്കു വല്യ പഠിപ്പൊന്നുമില്ല.
എന്റെ അപ്പന്‍ നല്ലോണം കുടിയ്ക്കും.  അമ്മച്ചിയെ എടുത്തിട്ടിടിയ്ക്കും. അങ്ങനൊരു വീട്ടിലാ ഞാന്‍ വളര്‍ന്നത്. ഞാന്‍ നല്ലോണം അധ്വാനിച്ചു. കല്യാണത്തിന് വലിയ കാശൊന്നും മേടിച്ചിട്ടില്ല. ഇപ്പോ ദാ ഈ വീടായി, അത്യാവശ്യം സ്ഥലമൊക്കെയുണ്ട്. എന്റെ ഭാര്യയെയും മക്കളെയുമൊന്നും പട്ടിണിയ്ക്കിട്ടിട്ടില്ല. അവരു തിന്നാനില്ലാതെയും തുണിയില്ലാതെയും നടക്കേണ്ടി വന്നിട്ടില്ല.
ഞാന്‍ നാട്ടുകാര്‍ക്കൊരു ശല്യവും ഇതേ വരെ ചെയ്തിട്ടില്ല. നാട്ടിലൊരാളെയും കുടിച്ചിട്ട് തെറി പറഞ്ഞിട്ടില്ല. ആരുടേയും പെണ്ണുങ്ങളെ പിടിച്ചിട്ടില്ല. എന്റെ സ്വന്തം കാര്യം നോക്കി നടക്കുന്നു. ഇപ്പോഴും നന്നായധ്വാനിയ്ക്കുന്നു, ആരോഗ്യത്തിനൊരു കുഴപ്പവുമില്ല.
അല്ലാ, ഞാനിതൊക്കെ നിങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യമെന്ത്? ഇതെന്റെ വീട്ടുകാര്യമാണ്.
എന്റെ വീട്ടില്‍ ഞാന്‍ പലതും പറയും. എന്റെ കെട്ടിയവളെ തല്ലിയെന്നിരിയ്ക്കും. മക്കളെയും തല്ലിയെന്നിരിയ്ക്കും. അതൊക്കെ എന്റെ സൌകര്യം. നിങ്ങളുടെ ആരുടേയും വീട്ടില്‍ ഒരു സൌജന്യത്തിനും ഞാന്‍ വന്നിട്ടില്ലല്ലോ? നിങ്ങള്‍ സ്വന്തം വീട്ടിലെ കാര്യം അന്വേഷിച്ചാല്‍ മതി.
കൂടുതലൊന്നും ചോദിയ്ക്കണ്ട, സ്ഥലം വിട്ടോളു.

അമ്മ
ഞാനെന്തു പറയാനാണ്? എല്ലാം വിധി. അല്ലാതെന്താ? അല്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിയ്ക്കേണ്ട കാര്യമുണ്ടോ? വര്‍ഷം പതിനാറായി എന്റെ കല്യാണം കഴിഞ്ഞിട്ട്. ഞാനൊരു പാവപ്പെട്ട കുടുംബത്തിലാണു ജനിച്ചത്. കാണാന്‍ ചന്തവുമില്ല. കാശധികം വേണ്ടായെന്ന ലാഭം നോക്കിയാണ് എന്റപ്പന്‍ എന്നെ ഇതിയാന്റെ കൂടെ കെട്ടിച്ചത്. ആദ്യമൊന്നും വലിയ കുഴപ്പമില്ലായിരുന്നു. പിന്നെ പിന്നെയാണ് ഓരോ ശീലങ്ങള്‍ തുടങ്ങിയത്. വല്ലപ്പോഴുമേ കുടിയ്ക്കുകയുള്ളു .എങ്കിലും കുടിച്ചാല്‍ പിന്നെ ഭ്രാന്താണ്.  എന്നാലോ വീട്ടില്‍ മാത്രമേ ശല്യമുള്ളു. പുറത്തിറങ്ങിയാല്‍ വെറും പൂച്ച. എന്നു വച്ച് അതിയാന്‍ വീട്ടുകാര്യങ്ങള്‍ നോക്കാതിരിയ്ക്കുന്നില്ല. എന്നേം പിള്ളേരേം പട്ടിണിയ്ക്കിട്ടിട്ടുമില്ല.
എനിയ്ക്ക് മക്കളു മൂന്നാണ്. മൂന്നും പെണ്ണ് . മൂത്തവള്‍ക്ക് പതിനാലു വയസ്സു കഴിഞ്ഞിരിയ്ക്കുന്നു. പത്താം ക്ലാസ്സിലാണ്. എട്ടാം ക്ലാസിലൊക്കെ നന്നായി പഠിയ്ക്കുമായിരുന്നു അവള്‍ . ഒമ്പതിലും പത്തിലുമൊക്കെയായപ്പോള്‍  മഹാ ഉഴപ്പിയായി. ക്ലാസില്‍ യാതൊരു ശ്രദ്ധയുമില്ലെന്നാ ടീച്ചര്‍മാരു പറയുന്നത്. ഞങ്ങളുടെ അയലത്തെ ടീച്ചറുടെ ക്ലാസിലാ അവള്‍ .ആ ടീച്ചര്‍ അവളെ നന്നായി ശ്രദ്ധിയ്ക്കുകയും ഉപദേശിയ്ക്കുകയുമൊക്കെ ചെയ്യും. എന്തു കാര്യം? അതിന്റെ തലേലൊന്നും കേറില്ല. ഞാന്‍ കുറേ തല്ലി നോക്കി. ഒരു ഫലവുമില്ല.
ഇതിന്റെ ഇളയതുങ്ങളു രണ്ടെണ്ണം ഉണ്ട്. എനിയ്ക്കവരേം നോക്കണ്ടെ? മൂത്തവളോ പഠിയ്ക്കില്ല. ആ കുട്ടികളെങ്കിലും നേരെയാവട്ടെ. എന്റെ ചെറുപ്പത്തില്‍ അപ്പന്‍ പഠിയ്ക്കാന്‍ വിട്ടില്ല. പെമ്പിള്ളേരു വീട്ടുജോലികള്‍ പഠിച്ചാല്‍ മതിയെന്നായിരുന്നു അന്നത്തെ കല്പന. ഇക്കാലത്തു അതുവല്ലതും മതിയോ? പഠിച്ച് വല്ല ജോലിയും കിട്ടിയാല്‍ കെട്ടിച്ചു വിടാന്‍ അതു കുറച്ച് കാശുണ്ടാക്കിയാല്‍ പോരേ?
ചെറുപ്പം മുതല്‍ തുടങ്ങിയ കഷ്ടപ്പാടാണ് എന്റേത്. രാവിലെ അടുക്കളയില്‍ കയറിയാല്‍ , രാത്രി വൈകും വരെ അധ്വാനം. അടുക്കള, അലക്ക്, വിറക്, പുല്ല്.. ഇതാണെന്റെ ലോകം. അതിനപ്പുറത്തേയ്ക്ക് പോകാന്‍ എനിയ്ക്കു കഴിഞ്ഞിട്ടില്ല. മക്കളെയൊന്നും അധികം കൊഞ്ചിയ്ക്കാന്‍ പറ്റിയില്ല. എങ്കിലും ഞാനവര്‍ക്കു വേണ്ടിയല്ലേ ജീവിയ്ക്കുന്നത്? ആ വിചാരം മൂത്തവള്‍ക്കെങ്കിലും വേണ്ടേ.?
രണ്ടു വര്‍ഷമായി എന്റെ നടുവിന് നല്ല വേദനയാണ്. കഠിനാധ്വാനത്തിന്റെ ഫലം. പല ഡോക്ടര്‍മാരെയും കാണിച്ചു. ഡിസ്ക് അകലുന്നതാണത്രേ. ശരിയ്ക്ക് കിടക്കാന്‍ പോലും എനിയ്ക്കു വിഷമമാണ്. എന്നിട്ടും ഞാനെല്ലാം കടിച്ചുപിടിച്ച് ജീവിയ്ക്കുകയാണ്.  അതിയാന് എന്റെ കഷ്ടപ്പാടിനെക്കുറിച്ചോ വേദനയെക്കുറിച്ചോ ഒന്നും അറിയണ്ട. എന്തുചെയ്യാം ജീവിതത്തിലെ ഏറ്റവും വലിയ സങ്കടമാണ്, മനസ്സിലാക്കാത്ത പങ്കാളി.
പെണ്‍കുട്ടികള്‍ മുതിര്‍ന്നാല്‍ അമ്മമാര്‍ക്കാണല്ലോ വേവലാതി. അവരെ ശ്രദ്ധിയ്ക്കുകയും പലകാര്യങ്ങളും പറഞ്ഞു കൊടുക്കേണ്ടതുമൊക്കെ അമ്മമാരാണ്. ശരിയാണ്. എന്നാല്‍ എന്നെപ്പോലെ കഷ്ടപ്പാടുള്ള ഒരമ്മയ്ക്ക് ചിലപ്പോള്‍ എല്ലാം ശ്രദ്ധിയ്ക്കാന്‍ കഴിഞ്ഞില്ലാ എന്നു വരും.  പെണ്മക്കള്‍  മൂന്നിനേം ഞാന്‍ തന്നെ വേണ്ടേ ശ്രദ്ധിയ്ക്കാന്‍ ?
എനിയ്ക്ക് പിഴ പറ്റിയത് അവിടെയാണ്. പൂച്ചയെപ്പോലെ ഒതുങ്ങി നടന്ന മൂത്തവളാണ് ചതിച്ചത്. അവളില്‍ നിന്നും ഇങ്ങനൊന്ന് ഞാന്‍ പ്രതീക്ഷിച്ചതേയില്ല.
ഇന്നലെ രാവിലെ അവള്‍ ഛര്‍ദിച്ചപ്പോള്‍ , വയറ്റില്‍ പിടിയ്ക്കായ്ക എന്നേ ഞാന്‍ കരുതിയുള്ളു. എങ്കിലും അവളുടെ മട്ടും പടുതിയുമൊക്കെ കണ്ടപ്പോള്‍ എനിയ്ക്കു സംശയം തോന്നി. ഒരു ഭക്ഷണവും അവള്‍ക്കു വേണ്ട. എന്തു ചെന്നാലും അപ്പടി ഛര്‍ദിയ്ക്കും. ആശുപത്രിയില്‍ പോകാന്‍ ആവതു നിര്‍ബന്ധിച്ചിട്ടും അവളു സമ്മതിയ്ക്കുന്നില്ല. ഒന്നും പറയാതെ ഒരേ കിടപ്പ്. ഞാന്‍ കുറെ വഴക്കു പറഞ്ഞു, കരഞ്ഞു നോക്കി. അവളൊരക്ഷരം മിണ്ടണ്ടേ..
അവളൊരു പെണ്‍കുട്ടിയായ കാലം മുതല്‍ എല്ലാ മാസവും ഞാന്‍ ശ്രദ്ധിയ്ക്കുന്നതാണ്. അപ്പോഴാണ് ഞാനൊരു ഞെട്ടലോടെ അതോര്‍ത്തത്. കഴിഞ്ഞമാസം....?
അതേ, അതു തന്നെ സംഭവിച്ചിരിയ്ക്കുന്നു! ദൈവമേ..!
ഞാന്‍ കലി തീരുവോളം തല്ലി. എന്നിട്ടും അവള്‍ ഒരക്ഷരം മിണ്ടിയില്ല, കരഞ്ഞുമില്ല. 
ഈശ്വരാ, അതിയാനിതറിഞ്ഞോ എന്നറിയില്ല. ഞാന്‍ മിണ്ടിയിട്ടില്ല. അവളിന്നലെ മുതല്‍ ഒരേ കിടപ്പാണ്‍, മൂടിപ്പുതച്ച്.
ഞാനിനി എന്താണു ചെയ്യേണ്ടത്?

മകള്‍
ഒരു നേരിയ വേദന അടിവയറിലൂടെ മിന്നല്‍ പോലെ കടന്നു പോയി..അതു പിന്നെ അല്പാല്പം കൂടി വന്നു. എനിയ്ക്കൊന്നും മനസ്സിലായില്ല. എനിയ്ക്കെന്തോ സംഭവിയ്ക്കുകയാണ്. ഞാനേതോ ലോകത്തേയ്ക്ക് എറിയപ്പെട്ടപോലെ.
തൂമഞ്ഞുമേഘങ്ങള്‍ തഴുകുന്ന താഴ്വാരം. അവിടെ നോക്കെത്താദൂരത്തോളം വിരിഞ്ഞു നില്‍ക്കുന്ന കുറിഞ്ഞികള്‍ . നിലം പറ്റി പച്ചപട്ടു വിരിച്ച പുല്‍മേട്ടില്‍ നിറയെ റോസും, സൂര്യകാന്തിയും മുല്ലയും പിന്നെ പേരറിയാത്ത ഒരായിരം വര്‍ണപുഷ്പങ്ങളും..അവിടെയാകെ നറുമണം നിറഞ്ഞിരിയ്ക്കുന്നു. പൂമ്പാറ്റകള്‍ ചിത്രച്ചിറകുകള്‍ വീശി പാറി നടക്കുന്നു. തേനീച്ചകളുടെയും കാര്‍വണ്ടുകളുടെയും മുരള്‍ച്ച.. അപ്പോള്‍ ഒരുകൂട്ടം പനന്തത്തകള്‍ ചിറകടിച്ചു പറന്നു പോയി..എങ്ങു നിന്നോ ഒരു നേര്‍ത്ത കുഴല്‍ വിളി ഇളം കാറ്റിനൊപ്പം..ഹായ്.. ഞാനാദ്യം കാണുകയാണ് ഈ ലോകം. എന്റെ കണ്ണുകളില്‍ വര്‍ണങ്ങള്‍ മഷിയെഴുതി.. കവിളിലാകെ പൂമ്പൊടി പടര്‍ന്നു... .അപ്പോള്‍ മാനത്തു നിന്നേതോ ഗന്ധര്‍വന്‍ എന്റെ നേരെ ഒരു പിടി കുങ്കുമം വാരിയെറിഞ്ഞു. അതെന്റെ മേലാകെ പാറി വീണു.
പിന്നെ, എല്ലാം കൂടി ഒന്നു ചേര്‍ന്ന്  അടി വസ്ത്രത്തില്‍  പടര്‍ന്നു..
ഞാനാകെ പേടിച്ചു പോയി. അമ്മയുടെ അടുത്തേയ്ക്കോടി. അമ്മയെന്നെ ആശ്വസിപ്പിച്ചു. പേടിയ്ക്കേണ്ടന്നു പറഞ്ഞ് എന്റെ വസ്ത്രം മാറ്റി. ഇനി മുതല്‍ സൂക്ഷിയ്ക്കണമെന്നും പറഞ്ഞു. ഞാനപ്പോള്‍ എട്ടാം ക്ലാസിലാണ്.
പിന്നീടോരോ ദിവസവും ഞാന്‍ ലോകത്തെ പുതിയ രീതിയില്‍ കാണാന്‍ പഠിയ്ക്കുകയായിരുന്നു. എന്റെ ചുണ്ടുകളില്‍ , കവിളുകളില്‍ , മേനിയിലോരോ അണുവിലും വസന്തം ഇക്കിളിയിടാന്‍ തുടങ്ങി. എനിയ്ക്കപ്പോള്‍ വല്ലാത്ത നാണം വന്നു. എന്റെ മുഖം കുനിഞ്ഞു..കീഴ്ചുണ്ട് കടിച്ചു പോയി..
കുറച്ചു നാളുകള്‍ കൊണ്ട് എനിയ്ക്കെല്ലാം മനസ്സിലായിത്തുടങ്ങി. എനിയ്ക്കെന്താണ് സംഭവിയ്ക്കുന്നതെന്ന് ഞാനറിഞ്ഞു..
ആണുങ്ങളുടെ നോട്ടത്തില്‍ പുതിയ അര്‍ത്ഥങ്ങളുണ്ടെന്ന് എനിയ്ക്കു മനസ്സിലായി. മാറി നില്‍ക്കേണ്ടിടത്തു മാറി നില്‍ക്കണം. നോക്കരുതാത്തത് നോക്കരുത്..
ഞാനെന്റെ മുറിയില്‍ തനിച്ചു കിടക്കാന്‍ പഠിച്ചു.
എതോ ഒരു രാവില്‍ ഞാനൊരു സ്വപ്നം കണ്ടു. ഒരു നദിക്കരയില്‍ കാറ്റേറ്റ് ലയിച്ചിരുന്ന എന്റെ പാദങ്ങളില്‍ ആരോ തലോടുന്നു. തഴുകിയ കരങ്ങള്‍ പിന്നെ മുകളിലേയ്ക്ക്.....
ഞാന്‍ ഉണര്‍ന്നു പോയി.
മുറിയില്‍ നല്ല ഇരുട്ട്. ഒന്നും കാണാനില്ല. ആരുടെയോ അടക്കിയ ശ്വാസം കേട്ട പോലെ തോന്നി.. അതൊരു സ്വപ്നമായിരിയ്ക്കാം..
പല രാത്രികളിലും സ്വപ്നം ആവര്‍ത്തിച്ചു.
പിന്നെയതു സ്വപ്നമല്ലെന്നു  തിരിച്ചറിഞ്ഞ നിമിഷം..!
രാത്രിയിലെ ഇരുട്ടില്‍ എപ്പോഴൊക്കെയോ ഒരു കരിനാഗം എന്റെ ശരീരത്തില്‍ ഇഴഞ്ഞു.  ഞാനപ്പോള്‍ നിശബ്ദയായി കണ്ണുകള്‍ പൂട്ടി ചെവികള്‍ അടച്ച് ഏതോ വിദൂര ഗ്രഹത്തിലേയ്ക്ക് ഓടിക്കൊണ്ടേയിരുന്നു,മൂര്‍ഖന്റെ ശീല്‍ക്കാരം അടങ്ങുന്ന നേരം വരെ.
പിന്നെ ഇരുട്ടില്‍ തേങ്ങിക്കരഞ്ഞു, ആരും അറിയാതെ.
എനിക്കോര്‍മ്മയുള്ള നാള്‍ മുതല്‍ അമ്മയും അച്ഛനും തല്ലുകൂടുന്നതാണ്  അധികവും കണ്ടത്. അവര്‍ തമ്മില്‍ സ്നേഹം, സന്തോഷം ഇതൊന്നും ഞാന്‍ കണ്ടതേയില്ല..
അമ്മ എന്നും പണിയെടുക്കാനുള്ള യന്ത്രം മാത്രം.
അച്ഛനെ പണ്ടെയെനിയ്ക്കു പേടിയാണ്. ആ പേടിയില്‍ എന്റെ ഓരോ അണുവും വിറയ്ക്കും. ശബ്ദം തൊണ്ടയില്‍ കുടുങ്ങും.
ഇന്നലെയെനിയ്ക്കു മനസ്സിലായി, ഞാനെവിടെ എത്തിയെന്ന്.
പറയൂ, ഞാനെന്തു ചെയ്യണം?

കഥാകാരന്‍

“പാപത്തിന്റെ ശമ്പളം മരണമത്രേ“ : ബൈബിള്‍ .

20 Comments, Post your comment:

ബിജുകുമാര്‍ alakode said...

ഭൌതിക മരണത്തേക്കാള്‍ ഭീകരമത്രേ ആത്മീയ മരണം.
ബാല്യത്തില്‍ തന്നെ പീഡനം ഏറ്റു വാങ്ങേണ്ടി വരുന്ന എല്ലാ പെണ്‍കുഞ്ഞുങ്ങള്‍ക്കും വേണ്ടി ഈ കഥ സമര്‍പ്പിയ്ക്കുന്നു.

കുഞ്ഞൂസ് (Kunjuss) said...

പെണ്‍കുട്ടികള്‍ ഉള്ള ഓരോ അമ്മമാരുടെയും ഉള്ളില്‍ തീയാണെപ്പോഴും....
കഥ പറഞ്ഞിരിക്കുന്ന രീതി വളരെ നന്നായിരിക്കുന്നു.

സമാന്തരന്‍ said...

അര്‍ഹിക്കുന്നവര്‍ക്ക് ആ ശംബളം കൃത്യമായി കൊടുത്തിരുന്നെങ്കില്‍...

എത്രയെത്ര അമര്‍ത്തിക്കരച്ചിലുകള്‍...
നന്നായിരിക്കുന്നു കഥ

Salini Vineeth said...

കഥ തിക്ഷ്ണമായി. ഇതൊക്കെ നമ്മുടെ ചുറ്റും എന്നും സംഭവിക്ക്ന്നുണ്ടെങ്കിലും, പലരും കണ്ണടയ്ക്കുന്നു.
:(

Mohamed Salahudheen said...

തീക്കനല് കോരിയിട്ടു

കൂതറHashimܓ said...

മ്മ്......
പാവം
പ്രതികരിക്കാന്‍ പോലും അറിയാതെ... :(

Manoraj said...

കഥ പറഞ്ഞ രീതി ഒരിക്കൽ കൂടി മനോഹരമായി. പക്ഷെ, കഥാ തന്തു വായിച്ച് തുടങ്ങുമ്പോൾ തന്നെ അവസാനം ഊഹിക്കാൻ കഴിയുന്നു. ഇന്നിപ്പോൾ ഒത്തിരി പേർ പറഞ്ഞ് കേട്ട ഒരു വിഷയമായി മാറി ഇത്. പക്ഷെ, വ്യത്യസ്തമായ കഥന ശൈലി താങ്കളെ വ്യത്യസ്തനാക്കുന്നു എന്ന് പറയാതെ വയ്യ.

നവാസ് കല്ലേരി... said...

നന്നായി അവതരിപ്പിച്ചു ...
ആശംസകള്‍ ...

ബിജുകുമാര്‍ alakode said...

ഭൂട്ടാനില്‍ നിന്നും ജെസ്സി ജെയിംസ് ഇവിടെ ചേര്‍ക്കാന്‍ അയച്ചു തന്ന കമന്റ്:
ആനന്ദം ഒരു സമസ്യ ആണ്. അവസാന വാക്യം ആര്‍ക്കും പൂരിപ്പിയ്ക്കാം. ദു:ഖം ഒരു ശില്പം. അതില്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ വയ്യ. ചെയ്താല്‍ അതു ശില്പഭംഗമാകും. കൂട്ടി കിഴിക്കലുകളില്ലാത്ത അവതരണത്തില്‍ സന്തോഷം. ആശംസകള്‍.

ചിത്രഭാനു Chithrabhanu said...

ഈ വിഷയത്തിൽനിന്നു വേറിട്ടു നിന്നാലേ ഒരു ഇന്റലക്ച്വൽ(!) മറുപടി സാദ്ധ്യമാവൂ. പക്ഷെ.. അതല്ലല്ലോ... എന്റെയറിവിലുമുണ്ട് ഒരു പൂമ്പാറ്റ. പാറിപ്പറക്കാൻ തുടങ്ങുന്നതിൻ മുൻപ് ചിറകുകളരിയപ്പെട്ടവൾ.... സത്സ്വഭാവി എന്ന് അമ്മ കരുതുന്ന അഛന്റെ പീഡനങ്ങൾ....

ബിജുകുമാര്‍ alakode said...
This comment has been removed by the author.
ബിജുകുമാര്‍ alakode said...

അഭിപ്രായം രേഖപ്പെടുത്തിയ : കുഞ്ഞുസ്, സമാന്തരന്‍, ശാലിനി, സലാഹ്, കൂതറ ഹാഷിം, മനോരാജ്, നവാസ്, ജെസ്സി ജെയിംസ്, ചിത്രഭാനു എന്നിവര്‍ക്ക് എന്റെ നന്ദി അറിയിയ്ക്കട്ടെ.
കഴിഞ്ഞ ദിവസം ഒരു ചാനലിലെ സിറ്റിസണ്‍ ജേര്‍ണലിസ്റ്റ് പരിപാടിയില്‍ കണ്ട ഒരു ക്ലിപ്പ് ആണ് ഈ കഥയ്ക്ക് പ്രചോദനം. അന്ന് ആ അമ്മയുടെ കണ്ണീര്‍ മാത്രമേ കണ്ടുള്ളു, ബാക്കി കാണാന്‍ പറ്റിയില്ല.
കുഞ്ഞൂസിന്റെ അഭിപ്രായം, ഇന്നത്തെ എല്ലാ അമ്മമാരുടേതുമാണ്.
എന്റെ ചെറുപ്പത്തില്‍ ഇത്തരമൊരു സംഭവം നാട്ടില്‍ കേട്ടിരുന്നു. പക്ഷേ അന്നൊന്നും ഞാനിതു വിശ്വസിച്ചില്ല. അച്ഛന്മാര്‍ക്ക് ഇങ്ങനെ പെരുമാറാന്‍ കഴിയില്ല എന്നാണു ഞാന്‍ കരുതിയത്.
ചിത്രഭാനു ഈ വിഷയത്തെ ഗൌരവമായി കാണുമെന്നാണ് എന്റെ പ്രതീക്ഷ. ഇരുട്ടിന്റെ നിശബ്ദതയില്‍ അമര്‍ത്തപ്പെടുന്ന കൊച്ചു പെണ്‍കുഞ്ഞുങ്ങളുടെ തേങ്ങല്‍, അതും ജന്മം തന്നവരില്‍ നിന്നാകുമ്പോള്‍, ഗൌരവമായി ചിന്തിയ്ക്കേണ്ടതാണെന്ന് തന്നെയാണെന്റെ അഭിപ്രായം. അമ്മമാര്‍ക്ക് പെണ്മക്കളുമായി ശരിയായ ആശയവിനിമയം സൂക്ഷിയ്ക്കാന്‍ കഴിയണം. അതു അമ്മമാര്‍ ശ്രദ്ധിയ്ക്കേണ്ടതാണ്.
മനോരാജിന്റെ ആത്മാര്‍ത്ഥമായ അഭിപ്രായങ്ങളെ ഞാന്‍ പ്രത്യേകം കണക്കിലെടുക്കുന്നു. നന്ദി.

Ebin said...

എഴുതിയ രീതി എനിക്കിഷ്ടപെട്ടു. ഒരു ഇന്റര്‍വ്യൂ നടത്തുന്ന അനുഭവം പക്ഷെ രാത്രിയില്‍ യാത്രയില്ല എന്നാ കഥയുടെ തീമുമായി ഒരു ബന്ധമുള്ളത് പോലെ തോന്നുന്നു.

റോസാപ്പൂക്കള്‍ said...

കഥയുടെ അവതരണം വളരെ മികച്ചതായി.ബിജുവിന് അഭിനന്ദനങ്ങള്...
പ്രിയ അമ്മമാരേ നിങ്ങളുടെ പെണ്കുഞ്ഞുങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കൂ

ബിജുകുമാര്‍ alakode said...

എബിന്‍,റോസാപ്പൂക്കള്‍ : വായനയ്ക്കും അഭിപ്രായത്തീനും നന്ദി.

poor-me/പാവം-ഞാന്‍ said...

ഒരാള്‍ ചീത്തയാകരുതെന്ന് ആഗ്രഹിക്കേണ്ടത് അയാള്‍ തന്നേയാണ്... ലൊകത്തില് ..മറ്റൊരാളെ നമ്മുക്ക് കുറ്റം പറയാനാകില്ല

Anonymous said...

ഇന്നലെയെനിയ്ക്കു മനസ്സിലായി, ഞാനെവിടെ എത്തിയെന്ന്.പറയൂ, ഞാനെന്തു ചെയ്യണം?"

ഈയൊരു ചോദ്യത്തിന് ഉത്തരം നല്‍കുവാന്‍ നമ്മുടെ സമൂഹത്തിനു കഴിയുകയില്ല .പക്ഷെ ഇനി ആരും ഇങ്ങനെ ഒരു ചോദ്യം ചോദിക്കുന്നതിനു മുന്‍പേ ഒരു അഭിപ്രായം പറഞ്ഞു കൊള്ളട്ടെ ,ഒരു പഴഞ്ചൊല്ലാണ് "ഇന്ന് സൂക്ഷിച്ചാല്‍ നാളെ ദുഖിക്കേണ്ടി വരുകയില്ല ." ഇത്തരം ദുരന്തങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കുവാന്‍ ഒന്നേ വഴിയോള്ളൂ - കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍(അമ്മമാര്‍ ) ഉണര്‍ന്നു പ്രവര്‍ത്തിക്കുക .അല്ലാതെ ഒരു ഭരണകൂടം മാത്രം വിചാരിച്ചാല്‍ ഇത്തരം പീഡനങ്ങള്‍ അവസാനിക്കുകയില്ല .

പക്ഷെ ഇവിടുത്തെ പോലത്തെ ഒരു ദുരന്തം എന്‍റെ നാട്ടിലും കേട്ടിട്ടുണ്ട് .പൂര്‍ണമായും ശരിയാണോ എന്നറിയില്ല -വേലി തന്നെ വിളവു തിന്നുന്ന അവസ്ഥ . മദ്യപാനമാണോ ഇത്തരം ദുരന്തത്തിന് കാരണം എന്ന് തോന്നുന്നു .കാരണം അപ്പോള്‍ "അമ്മയെത് സഹോദരിയെത് "എന്ന് തിരിച്ചറിയുവാന്‍ പറ്റാത്ത അവസ്ഥയിലേക്ക് പോകുമല്ലോ .

കഥ നന്നായിരുന്നു ബിജു . വിഷയം കൈകാര്യം ചെയ്ത രീതി പുതുമയുള്ളതായിരുന്നു

അഭിനന്ദനങ്ങള്‍

ബിജുകുമാര്‍ alakode said...

@ പാവം ഞാന്‍ : അഭിപ്രായത്തിനു നന്ദി.
@ മിനി : വിശദവും പ്രസക്തവുമായ താങ്കളുടെ കമന്റിന് പ്രത്യേകം നന്ദി. തുടര്‍ന്നും താങ്കളുടെ വായനയും അഭിപ്രായങ്ങളും അപേക്ഷിയ്ക്കുന്നു.

ലാസ് വെഗാസ് വെര്‍ഗ് said...

OH

ബിജു ഉണ്ണിത്താന്‍ said...

നല്ലൊരു കഥ, വായിച്ചു കഴിഞ്ഞപ്പോള്‍ മനസിനൊരു വിങ്ങല്‍, ബിജുവേട്ട ഈ കഥ ഇപ്പോളത്തെ സമുഹത്തിനു ഒരു പഠനം ആകട്ടെ.