സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



ആകാശത്തിലെത്ര നക്ഷത്രങ്ങള്‍?

July 11, 2010 anju minesh


നല്ല തെളിഞ്ഞ ആകാശം, നിറയെ നക്ഷത്രങ്ങള്‍; വീടിന്റെ അര ഭിത്തിമേലിരുന്നു കുട്ടിമാളു നക്ഷത്രങ്ങളെണ്ണി ഒന്ന്....രണ്ട്.....മൂന്ന്...

"ഇതെന്താമ്മേ ഇത്രയും നക്ഷത്രങ്ങള്‍. എണ്ണീട്ടും എണ്ണീട്ടും തീരണില്ല."

കുട്ടിമാളുവിന്റെ ചോദ്യം കേട്ട അവള്‍ ചിന്തയില്‍ നിന്നു ഞെട്ടി ഉണര്‍ന്നു.

"എന്താ മോളെ?"

"ആകാശത്തിലെത്ര നക്ഷത്രങ്ങള്‍ ഉണ്ടമ്മേ?"

അവള്‍ കുട്ടിമാളുവിന്റെ മുഖത്തേക്ക് ഉറ്റു നോക്കി. ഒരു അഞ്ച് വയസുകാരിയുടെ നിഷ്കളങ്കതക്കപ്പുറം തന്റെ മകളുടെ കണ്ണില്‍ പ്രതിഫലിക്കുന്ന ജിജ്ഞാസ അവള്‍ നോക്കി നിന്നു.

ഉത്തരം പറയാതെ അവള്‍ ഭിത്തിയില്‍ തല ചായ്ച്ചു ഇരുന്നു.മനസ് വര്‍ഷങ്ങള്‍ക്ക് മുന്പിലേക്ക് പാഞ്ഞു. പാവാട ഒതുക്കി പിടിച്ച് മുറ്റത്ത്‌ നിന്ന് നക്ഷത്രങ്ങള്‍ എണ്ണവെ അമ്മ വിളിച്ചു.

"രോഹിണീ, രാത്രീലെന്താ മുറ്റത്ത്‌, പെണ്കുട്ടിയാന്നു വല്ല വിചാരവുമുണ്ടോ?"

"അമ്മേ, ഞാന്‍ നക്ഷത്രങ്ങളെ നോക്കുവാ?"

പൂമുഖത്ത് കയറി അമ്മയുടെ കഴുത്തില്‍ കൈ ചുറ്റി സംസാരിക്കുന്നതു ഇന്നലത്തേത് പോലെ തോന്നി അവള്‍ക്ക്.അമ്മയുടെ മടിയില്‍ തല ചായ്ച്ചു കിടക്കുമ്പോള്‍ അവള്‍ ഓര്‍ത്തത് നക്ഷത്രങ്ങളെക്കുറിച്ചാണ്. നക്ഷത്രങ്ങള്‍ കത്തുന്ന ഗോളങ്ങള്‍ ആണെന്ന് ഫിസിക്സ് ക്ലാസ്സില്‍ പഠിച്ചിട്ടുണ്ട്. എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തത്ര നക്ഷത്രങ്ങള്‍ നമ്മുടെ നേത്രങ്ങള്‍ക്ക് ദൃശ്യവും അദൃശ്യവുമായി ഈ പ്രപഞ്ചത്തിലുന്ടെത്രേ.അമ്മയുടെ മടിയില്‍ നിന്നെഴുന്നേറ്റു അവള്‍ മുറ്റത്തേക്ക് ഓടി. ഇമ വെട്ടാതെ ആകാശത്തേക്ക് നോക്കി നില്‍ക്കെ പുറകിലെത്തിയ അമ്മ ചോദിച്ചു.

"എന്താ മോളെ? "

കുട്ടിക്കാലത്ത് ആകാശത്തിലേക്ക് വിരല്‍ ചൂണ്ടി അമ്മ ധ്രുവ നക്ഷത്രത്തിനെയും അരുന്ധതി നക്ഷത്രത്തെയും കാണിച്ചു തരുമായിരുന്നു. അമ്മ ഉത്തരം പറയാതെ അവളെത്തന്നെ നോക്കി നില്‍ക്കുമ്പോള്‍ അവള്‍ ചോദിച്ചു. "അപ്പോള്‍ 27 നക്ഷത്രങ്ങള്‍ മാത്രമല്ലല്ലോ ആകാശത്ത്?"

അവളെ ചേര്‍ത്തു പിടിച്ച് കൊണ്ടു അമ്മ ഉത്തരം പറഞ്ഞു.

"27 നക്ഷത്രങ്ങളെ 12 രാശികളായി തിരിക്കുന്നു. ഓരോ രാശിയും മൂന്നു നക്ഷത്രങ്ങളുടെ ഗണമാണ്‌. "

അവള്‍ വീണ്ടും ചോദിച്ചു.

"അപ്പോള്‍ രോഹിണിയോ?"

അരികില്‍ ചേര്‍ത്തു നിര്‍ത്തി നെറുകയില്‍ തലോടികൊണ്ട് അമ്മ പറഞ്ഞു.

"ആകാശ വീഥിയില്‍ ഒറ്റാലിന്റെ ആകൃതിയില്‍ കാണപ്പെടുന്ന നാല്‍പ്പത്തിരണ്ട് നക്ഷത്രങ്ങളുടെ കുട്ടമായ രോഹിണി ഇടവം രാശി യുടെ മദ്ധ്യ ഭാഗത്തായി സ്ഥിതി ചെയുന്നു."

ഒരു ജ്യോതിഷിയെ പോലെ പറഞ്ഞു നിര്‍ത്തവെ അത്ഭുത സ്തബ്ധയായി അവള്‍ അമ്മയെ തന്നെ നോക്കി നിന്നു. വാത്സല്യത്തോടെ അമ്മ തുടര്ന്നു.

"രോഹിണി ഐശ്വര്യമുള്ള നക്ഷത്രമാണ്. ചന്ദ്രന്റെ പ്രിയ ഭാര്യയല്ലേ? മറ്റു നക്ഷത്രങ്ങളെക്കാള്‍ രോഹിണിയെ കൂടുതല്‍ സ്നേഹിച്ചത് കൊണ്ടല്ലേ ചന്ദ്രന് ദക്ഷന്റെ ശാപമേല്‍ക്കേണ്ടി വന്നത്."

ഒരു കള്ളച്ചിരിയോടെ അവള്‍ ചോദിച്ചു.

"അപ്പോള്‍ രോഹിണി നക്ഷട്രക്കാരും ഐശ്വര്യമുള്ളവരായിരിക്കും അല്ലെ അമ്മേ? "

അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു. ചുണ്ടുകള്‍ വിതുമ്പി. വിതുമ്പല്‍ കടിച്ചമര്‍ത്തി അമ്മ പറഞ്ഞു.

"ചേറില്‍ വളര്‍ന്നുപൊങ്ങി പരിലസിക്കുന്ന താമരപ്പൂവ് പോലെ സമൂഹത്തിന്റെ താഴെത്തട്ടില്‍ നിന്നു ഉയര്‍ന്നു ഉന്നതസ്ഥാനം കൈവരിക്കുന്നവരാണ് രോഹിണി നക്ഷത്രക്കാര്‍."

"പറ അമ്മേ, ആകാശത്തിലെത്ര നക്ഷത്രങ്ങളുണ്ട്?"

കുട്ടിമാളുവിന്റെ ശബ്ദം അവളെ ഓര്‍മകളില്‍ നിന്നു ഉണര്‍ത്തി. കുട്ടിമാളുവിനെ പിടിച്ച് മടിയില്‍ കാലുകളില്‍ താളം തട്ടി അവള്‍ പറഞ്ഞു.

"മോളു ഉറങ്ങിക്കോ, നേരം ഒരുപാടായി."

കുട്ടിമാളു മിഴിപൂട്ടവേ അസ്വസ്ഥതയോടെ അവള്‍ ഓര്‍ത്തു, കുട്ടിമാളുവും രോഹിണി നക്ഷത്രമാണ്. പടി കടന്നെത്തുന്ന പതിവുകാരനെ കണ്ടു കുട്ടിമാളുവിനെ നിലത്തു കിടത്തി അവള്‍ മെല്ലെ എഴുന്നേറ്റു. പൂമുഖത്ത് അവളെ ഒറ്റയ്ക്ക് കിടത്തി അവള്‍ അയാള്‍ക്ക് പുറകെ അകത്തേക്ക് നടന്നു. പൂമുഖഭിത്തിയില്‍ ഫ്രെയിം ചെയ്തു മാലയിട്ട, കുട്ടിമാളുവിന്റെ മുഖമുള്ള മനുഷ്യനില്‍ അവളുടെ കണ്ണുകള്‍ തങ്ങി. അനുവാദം ചോദിയ്ക്കാന്‍ എന്ന പോലെ അവളുടെ ചുണ്ടുകള്‍ അനങ്ങി. അപ്പോഴേക്കും അവളുടെ കണ്ണുകള്‍ ഈറനണിഞ്ഞു കഴിഞ്ഞിരുന്നു.വാതില്‍ കുറ്റിയിട്ടപ്പോള്‍ ഉറക്കത്തില്‍ കുട്ടിമാളു അവ്യെക്തമായി സംസാരിക്കുന്നതു അവള്‍ കേട്ടു.

"പറ, അമ്മേ, ആകാശത്തിലെത്ര നക്ഷത്രങ്ങള്‍ ഉണ്ട്?"

10 Comments, Post your comment:

noonus said...

തേങ്ങ എന്റെ വക ((((((o)))))'

Manoraj said...

വളരെ കുറച്ച് വാക്കുകളിലൂടെ രോഹിണിയുടെ ജീവിതം വരച്ചു കാട്ടി. കൊള്ളാം

വിനയന്‍ said...

നിന്റെ ബ്ലോഗില്‍ ആദ്യം വായിച്ചു...കൊള്ളാം.

poochakanny said...

നന്നായിരിക്കുന്നു. വാക്കുകള്‍ വരകളായും വര്‍ണ്ണങ്ങളായും മാറുന്നു..ഒരു സുഹൃത്ത് തന്ന ലിങ്ക് ആണ് എന്നെ ഇവിടെ എത്തിച്ചത്ത്. എനിക്ക് കാര്യമായ എഴുത്തും വായനയും ഇല്ല.

Sidheek Thozhiyoor said...

രോഹിണി ..കൊള്ളാം :)

anju minesh said...

ഈ കഥ ഞാന്‍ 2000 ത്തില്‍ എഴുതിയതാണ്, 2005 യില്‍ സ്ത്രീശബ്ദം മാസികയുടെ ഫെബ്രുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ചതാണ്. അത് കൊണ്ടു കാലഹരണപ്പെട്ട കഥയാണെന്ന് എനിക്ക് ബോധ്യമുണ്ട്. പിന്നെ ഒരു സുഹൃത്തിന്റെ സ്നേഹപൂര്‍ണമായ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഇത് ഇവിടെ പോസ്റ്റ്‌ ചെയ്തത്.

Aarsha Abhilash said...

nannaayi.

thalayambalath said...

നന്നായി അവതരിപ്പിച്ചു... അഭിനന്ദനങ്ങള്‍

Echmukutty said...
This comment has been removed by the author.
Echmukutty said...

ഇതെങ്ങനെ കാലഹരണപ്പെട്ടതാകും?
ഇത്ര ഒതുക്കിയെഴുതിയിട്ടും തീവ്രതയൊട്ടും കുറഞ്ഞിട്ടില്ല.
അഭിനന്ദനങ്ങൾ