സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



വേട്ടയുടെ രീതി.

July 11, 2010 ബിജുകുമാര്‍ alakode

ണ്ടു പേര്‍ പുറകേയുണ്ട്. ഇരു സൈഡിലും ഓരോ ആള്‍ . മറ്റൊരാള്‍ മുന്‍പില്‍ കാത്തു നില്‍ക്കുന്നുണ്ട്. ഇവന്റെ ഓട്ടം അവിടം വരെ. ഏറിയാല്‍ അന്‍പതു മീറ്റര്‍ . അപ്പോഴേയ്ക്കും ഇര ചുറ്റപ്പെട്ടിരിയ്ക്കും. അതാണ് വേട്ടയുടെ രീതി. ഡിസ്കവറി ചാനലിലും മറ്റും കണ്ടിട്ടില്ലേ , സിംഹങ്ങളുടെ വേട്ടയാടല്‍ . അതു മാതിരി.
“ഠേ..”
ഇതേറു പടക്കമാണ്. പൊട്ടിയാല്‍ നല്ല ഒച്ചയും പുകയും.  ബോംബാണെന്നു കരുതി ഒറ്റയൊരുത്തനും അടുക്കില്ല്ല്ല്ല. 
പുറകില്‍ നിന്നോടിച്ചവരുടേയും സൈഡില്‍ ഓടിയവരുടെയും കാത്തു നിന്നവന്റേയും ഇടയിലായി കഴിഞ്ഞു “ടാര്‍ജറ്റ്”.
കാര്യങ്ങള്‍ അവനു ബോധ്യമായെന്നു തോന്നുന്നു. കൈകള്‍ ഉയര്‍ത്തി  കരഞ്ഞപേക്ഷിയ്ക്കുന്നു;
 “അയ്യോ..എന്നെ കൊല്ലല്ലേ.എന്റമ്മേ..”
ആദ്യത്തെ വെട്ട് കൈയ്ക്കു തന്നെയിരിയ്ക്കട്ടെ.
ശരിയ്ക്കേറ്റില്ല.
പുറകില്‍ നിന്നൊരെണ്ണം കാലു നോക്കി കൊടുത്തു.
അതു നന്നായിട്ടുണ്ട്. ഒരലര്‍ച്ചയോടെ വീണു കഴിഞ്ഞു. രണ്ടു പേര്‍ ചേര്‍ന്ന് കൈകള്‍ ചവിട്ടിപ്പിടിച്ചു. ഒരുത്തന്‍ കാലുകള്‍ ബലമായി തറയോട് ചേര്‍ത്തമര്‍ത്തി.
ഞാനവന്റെ മുഖത്തേയ്ക്കൊന്നു നോക്കി. പേടിയാണോ? യാചനയാണോ? അതോ വിധിയെ അംഗീകരിച്ചവന്റെ നിസ്സംഗതയോ?എന്തുമാവട്ടെ, ഇവന്‍ ശത്രുവാണ്..ശത്രു! ശിക്ഷയര്‍ഹിയ്ക്കുന്നവന്‍ .
ആ ശിക്ഷ നടപ്പാക്കാന്‍ എനിയ്ക്കാണവസരം..
അവന്റെ മുടിയില്‍ കുത്തിപ്പിടിച്ച് അല്പം ഉയര്‍ത്തി. ഇപ്പോള്‍ കഴുത്തു വ്യക്തമായി കാണാം. വരണ്ട പുകപിടിച്ച കണ്ണുകൊണ്ടവനൊന്നു നോക്കി. ഇനി സമയം കളയാനില്ല.
ഒറ്റവെട്ട്!
 പച്ചച്ചോരയുടെ ഗന്ധം. പൂക്കുറ്റി പോലെയാണ് രക്തം ചീറ്റുന്നത്! കശാപ്പുശാലയിലെ മാടിന്റെ പിടച്ചില്‍ . തൊണ്ടയില്‍ കുരുങ്ങിയ നിലവിളിയുടെ സമ്മര്‍ദ്ദത്തില്‍ കണ്ണുകള്‍ തുറിച്ചു നിന്നു.
ശത്രുവാണ് നീ..!

പുകയടങ്ങുന്നു. വേഗം സ്ഥലം വിടണം..
വാഹനം ഇരമ്പലോടെ വന്നു നിന്നു. ചോര തുടയ്ക്കാന്‍ നില്‍ക്കാതെ ചാടിക്കേറി.
“ഹലോ..ഓപ്പറേഷന്‍ സക്സസ്.  പുറപ്പെട്ടു കഴിഞ്ഞു.  വണ്ടി റെഡിയാണല്ലോ അല്ലേ?”
മൊബൈലില്ലായിരുന്നെങ്കില്‍ വിഷമിച്ചു പോയേനെ. കാര്യങ്ങളൊക്കെ അപ്പപ്പോള്‍ കാതിലെത്തുന്നതു കൊണ്ട് എല്ലാം പ്ലാന്‍ ചെയ്തപോലെ കൃത്യം .
കുറ്റവാളികള്‍ക്ക് ശിക്ഷ അപ്പപ്പോള്‍ കൊടുക്കണം. കാലം തെറ്റി കൊടുത്തിട്ട് കാര്യമില്ല. ഓരോ ശിക്ഷയ്ക്കും ഓരോ സന്ദേശമുണ്ട്. അതെത്തേണ്ടിടങ്ങളില്‍ കൊള്ളുമ്പോള്‍ പതിന്മടങ്ങായി പ്രതിഫലിയ്ക്കും.
വിതയ്ക്കാന്‍ ഏറ്റവും എളുപ്പമുള്ള സന്ദേശം ഭയമാണ്. അതൊരു ചെയിന്‍ റിയാക്ഷന്‍ പോലെയാണ്. തുടങ്ങിവച്ചാല്‍ മതി. ബാക്കി, അതു ചെന്നു കൊള്ളുന്നവര്‍ ചെയ്തു കൊള്ളും. എല്ലായിടത്തുമെത്തിക്കഴിഞ്ഞാല്‍ പിന്നെ ഒരു സ്ഫോടനം..!

വാഹനം കാത്തുനില്പുണ്ടായിരുന്നു. മാറ്റാന്‍ വസ്ത്രങ്ങള്‍ ,പണം. എല്ലാം റെഡി.
ഇപ്പോള്‍ സ്പോട്ടിലെല്ലാം പോലീസായിരിയ്ക്കും. ചത്തവന്റെ ശരീരം വെട്ടിക്കൂട്ടിയ വാഴപ്പിണ്ടിപ്പോലെ കിടപ്പുണ്ടാവും.മണിയനീച്ചകള്‍ ആര്‍ത്തു തുടങ്ങിയിരിയ്ക്കും. ചോര കട്ടപിടിച്ചു തുടങ്ങിയാല്‍ ഉറുമ്പുകളുമെത്തും.
ശത്രുവിന്റെ ശവമാണത്!
ഞങ്ങളുടെ വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ അവനാര്?
അവന്റെ നാവും അവന്റെ കൈകളും ഇനി ഞങ്ങള്‍ക്കെതിരെ ചലിയ്ക്കില്ല.
ഞങ്ങളാണ് ശരി.
ഞങ്ങള്‍ മാത്രമാണ് ശരി.

കനത്ത ഇരുട്ട്. എവിടെയൊക്കെയോ ചാവാലിപ്പട്ടികളുടെ ഓലിയിടല്‍ . ദ്രവിച്ച പലകകളുടെ പഴയ ഗന്ധം. ഞാനിവിടെ ഒറ്റയ്ക്കാണ്, ഒളിവിലാണ്, അടുത്ത നിര്‍ദേശം കിട്ടുന്ന വരെ.
ഈ ഏകാന്തത ഒരു വൃത്തികെട്ട ഏര്‍പ്പാടാണ്. ചുറ്റുപാടും മുഴുകാന്‍ ഒന്നുമില്ലെങ്കില്‍ വേണ്ടാത്തതൊക്കെ മനസ്സിലേയ്ക്കു കുത്തിക്കയറും, ഹൃദയത്തിന്മേലെ കൈതകുള്ളുകൊണ്ട് വലിയ്ക്കുന്ന പോലെ.

ആ തോടു കടയ്ക്കാന്‍ ഒറ്റത്തടി  പാലമാണ്. ഞാനതിലൂടെ നടക്കുകയാണ്.
അക്കരെ, കണ്ടില്ലേ ധാരാളം പേരെ?എല്ലാം ഞങ്ങളുടെ ആള്‍ക്കാര്‍ . അവര്‍ ആവേശം കൊണ്ട് ആര്‍ത്തു വിളിയ്ക്കുന്നു.  ആരവം ചെവികളെ പൊതിഞ്ഞു നില്‍ക്കുകയാണ്. അവര്‍ക്കു വേണ്ടി ഒരു ശത്രുവിനെ ഇല്ലാതാക്കിയവനാണ് ഞാന്‍ . എന്നു വെച്ചാല്‍  ധീരനായ പോരാളി.
താഴേയ്ക്കു നോക്കണ്ട. തലകറങ്ങും.

“മോനേ..”
താഴെ നിന്നൊരു വിളികേട്ടോ? ഇല്ല, ഞാന്‍ താഴേയ്ക്കു നോക്കില്ല.
അക്കരെയെത്തണം. അവിടെയെത്തിയാല്‍ എന്തെല്ലാമാണെന്നെ കാത്തിരിയ്ക്കുന്നത് ! ഞാനല്പം സ്പീഡു കൂട്ടി.
പെട്ടെന്നാണൊരു വഴുക്കല്‍ .. ആ നശിച്ച വിളി വീണ്ടും.
“മോനേ..”
കാലുതെറ്റിപ്പോയി. താഴേയ്ക്കു പതിച്ചു. വായുവിലെ ശൂന്യതയില്‍ നട്ടെല്ലില്‍ നിന്നും ഒരു ആളല്‍ മുകളിലേയ്ക്കു വന്നു. തലച്ചോറില്‍ നിന്നും എന്തോ ഘനമുള്ള വസ്തു എടുത്തുമാറ്റിയ പോലൊരു ലാഘവത്വം.  ഒരു തൂവല്‍ പോലെ, താരാട്ടു തൊട്ടില്‍ ആടുന്ന പോലെ, മന്ദം മന്ദം ഞാന്‍ താഴേയ്ക്കു വന്നു. ഇറുക്കിപ്പിടിച്ച കണ്ണു തുറന്നപ്പോള്‍ മുന്നില്‍ അമ്മ!
അമ്മയുടെ വിളിയായിരുന്നോ നേരത്തെ കേട്ടത് ?
“അമ്മേ.. ഇതെന്താ ഇവിടെ?”
“ഞാന്‍ നിന്നെ കാത്തിരിയ്ക്കുകയല്ലായിരുന്നോ. വിളിച്ചതു കേട്ടില്ലേ ? “
നിമിഷ നേരത്തെ അന്ധാളിപ്പിനു ശേഷം ഞാനൊന്നും മിണ്ടാതെ ആ മടിയിലേയ്ക്കു തല വച്ചു. മെലിഞ്ഞു ചുളിഞ്ഞ കൈകള്‍ കൊണ്ട് അമ്മയെന്റെ ശരീരമാകെ തലോടാന്‍ തുടങ്ങി. അപ്പോള്‍ എന്റെ ശരീരത്തില്‍ നിന്നും ചെതുമ്പല്‍ പോലെ ഓരോരോ അടുക്കുകള്‍ പൊളിഞ്ഞു വീണു. വല്ലാത്ത ദുര്‍ഗന്ധമാണവയ്ക്ക്, പച്ചച്ചോരയുടെ മനം പിരട്ടുന്ന ഗന്ധം.
എനിയ്ക്കാകെ അറപ്പു തോന്നി. “അയ്യേ ഇതും ചുമന്നാണൊ ഞാന്‍ ഇത്ര നാളും നടന്നത്?“
ചെതുമ്പലെല്ലാം അഴിഞ്ഞു കഴിഞ്ഞപ്പോള്‍ എനിയ്ക്കാകെ ചെറിയ ശരീരമേ ബാക്കിയുണ്ടായിരുന്നുള്ളു. അഞ്ചുവയസ്സായ ഒരു കുഞ്ഞിന്റെ അത്രയും മാത്രം. അപ്പോള്‍ എന്റെ കണ്ണുകളിലേയ്ക്ക് കുസൃതിയുടെ കൌതുകം കയറി വന്നു.
ചുറ്റിലും പൂമ്പാറ്റകള്‍ .. സുഗന്ധപൂക്കള്‍ . ഒത്തിരികൂട്ടുകാര്‍ . പലതരം കളികള്‍ , പാട്ടുകള്‍ .
ആകാശത്തു നിന്നും മഞ്ഞുകണങ്ങള്‍ പോലെ സ്നേഹം പൊഴിഞ്ഞു കൊണ്ടിരുന്നു. ഓരോ ഇളംകാറ്റിലും പുഞ്ചിരികള്‍ വിരിഞ്ഞു. അമ്മയുടെ വാത്സല്യം പൂനിലാവു പോലെന്നെ പൊതിഞ്ഞു നിന്നു.

“അയ്യോ..എന്നെ കൊല്ലല്ലേ..എന്റമ്മേ !”
ഞെട്ടിയെഴുനേറ്റു പോയി! പ്രാണനു വേണ്ടിയുള്ള കരച്ചില്‍ ചെവിക്കുള്ളില്‍ കിടന്നു ഗോലികളെ പോലെ വട്ടം കറങ്ങുന്നു. ഇരു കണ്ണില്‍ നിന്നും കട്ടരക്തം ചീറ്റി പുറത്തേയ്ക്കു വന്നു. തറയില്‍ നിന്നാരംഭിച്ച വിറയല്‍ മേലാകെ പടര്‍ന്നു കയറി.
മുറിഞ്ഞു വീണ കൈകള്‍ ..
അമര്‍ത്തിപ്പിടിച്ചിട്ടും കുതറുന്ന, വെട്ടു കൊണ്ട കാലുകള്‍ ...
മുടിയ്ക്കു പിടിച്ചുയര്‍ത്തിയപ്പോല്‍ തെളിയുന്ന, കഴുത്തിലെ നീല ഞരമ്പുകള്‍ ...
ദൈന്യതകൊണ്ടിറുങ്ങിയ കണ്‍പോളകള്‍ക്കിടയിലൂടെ  തള്ളിയ കണ്ണുകള്‍ ..
അലര്‍ച്ചയില്‍ തുറന്നുപോയ  വായില്‍, പുറത്തേയ്ക്ക് നീണ്ട നാവ്..
ഞാനോടാനാരംഭിച്ചു..
പുറകില്‍ രണ്ടു പേര്‍ . ഇരു സൈഡിലും ഓരോ ആള്‍ . മറ്റൊരാള്‍ മുന്‍പില്‍ കാത്തു നില്‍ക്കുന്നുണ്ട്. എന്റെ ഓട്ടം അവിടം വരെ.  അപ്പോഴേയ്ക്കും  ചുറ്റപ്പെട്ടിരിയ്ക്കും. അതാണ് വേട്ടയുടെ രീതി.

18 Comments, Post your comment:

mini//മിനി said...

വേട്ടക്കാരും ഇരകളും മാത്രമുള്ള ലോകം, നമുക്ക് ലജ്ജിക്കാം.

dileep said...

കൊള്ളാം..കൊല്ലും കൊലയും മാത്രമുള്ള ഈ ലോകത്തിൽ ഇനിയൊരു മാറ്റമുണ്ടാവുമോ?

അനില്‍കുമാര്‍ . സി. പി. said...

വേട്ടക്കാരന്റെ ഉള്ളിലും, ഇരയായി മാറുന്ന മാനസികാവസ്ഥ! കാലികപ്രാധാന്യമുള്ള വിഷ്യം, നന്നായി എഴുതി.

MOIDEEN ANGADIMUGAR said...

കൊള്ളാം ബിജു . നന്നായി
ഭാവുകങ്ങൾ.

ബിജുകുമാര്‍ alakode said...

മിനി ടീച്ചര്‍ , ദിലീപ്, അനില്‍ കുമാര്‍ , മൊയ്തീന്‍ അങ്ങാടിമുഗര്‍ : നല്ല വാക്കുകള്‍ക്ക് വളരെ നന്ദി. വേട്ടക്കാരുടെ ഈ ആസുരകാലത്ത്, മാതൃത്വത്തിന്റെ നറുലേപനം ഒരു വേട്ടക്കാരന്റെയെങ്കിലും മനസ്സിനെ സ്പര്‍ശിയ്ക്കുമെന്ന് വെറുതെയൊരു ആഗ്രഹം.

Anonymous said...

ഇരകള്‍ തന്നെ വേട്ടകാരും....... നാം വെറും ലിട്മെസ്പേപ്പര്‍ജന്‍മങ്ങള്‍ അമ്ലം ചേര്‍ന്നാല്‍ അമ്ലം, ക്ഷാരം ചേര്‍ന്നാല്‍ ക്ഷാരം..... പിന്നെ കുറെ ഒഴിവുകഴിവ് ഫിലോസഫിയും......ഇ കലി യുഗത്തിനും വേണം മറ്റൊരു മഹാബലി ........

Sidheek Thozhiyoor said...

കഥ നന്നായി പക്ഷെ താങ്കള്‍ ഈ ബ്ലോഗ്‌ ഗ്രൂപ്പിന്റെ നിബന്ധനകള്‍ പാലിച്ചു കണ്ടില്ല ..ഞാന്‍ എന്‍റെ കഥ ഷെഡ്യൂള്‍ ചെയ്‌തിരുന്നു , അത് മാറി കടന്നത് കൊണ്ട് എന്‍റെ കഥ പോസ്റ്റ്‌ ചെയ്യുന്നു..ഇപ്പോള്‍ തന്നെ.

Mohamed Salahudheen said...

മുറിവില്‍ പിന്നെയും മുറിവുമായെത്രനാളിനിയും

Naushu said...

കഥ കൊള്ളാം.. നന്നായിട്ടുണ്ട്...

noonus said...

കഥ കൊള്ളാം. കാലികപ്രാധാന്യമുള്ള വിഷയം നന്നായി എഴുതി.

ബിജുകുമാര്‍ alakode said...

@ അനോണി: അഭിപ്രായത്തിനു നന്ദി.
@ സിദ്ധീക്ക് : എനിയ്ക്ക് അശ്രദ്ധ കൊണ്ട് ഒരബദ്ധം പറ്റിയതാണ്. അതുകൊണ്ട് ഈ കഥ കഴിഞ്ഞ രണ്ടു ദിവസമായി ഞാന്‍ ഡ്രാഫ്റ്റിലിട്ടിരിയ്ക്കുകയായിരുന്നു. അതിനിടയില്‍ നാലു കഥകള്‍ പോസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്. താങ്കളുടെ അഭിപ്രായത്തിനു നന്ദി.
@ സലാഹ് : അഭിപ്രായത്തിനു നന്ദി.
@ നൌഷു : വളരെ നന്ദി
@ നൂനുസ്: വളരെ നന്ദി.

Sidheek Thozhiyoor said...

ഇവിടെ മര്യാദകള്‍ പാലിക്കപ്പെടുന്നില്ല എങ്കിലും നമ്മളെങ്കിലും.അത് ചെയ്തല്ലോ.!എല്ലാവര്ക്കും ഒരുപോലെ അവാനാവില്ല..അത്രേ ഉള്ളൂ..താങ്കളെ വിഷമിപ്പിചെങ്കില്‍ മാപ്പ്.ഇരകളും വേട്ടക്കാരും എവിടെയും ഉണ്ടല്ലോ!

പാവത്താൻ said...

ഇരയും വേട്ടക്കാരനുമെല്ലാം ഒന്നു തന്നെ. ഒറ്റത്തടിപ്പാലങ്ങളൊന്നും കടക്കാതിരിക്കുക. താഴെ നിന്നുള്ള വിളികള്‍ക്കു കാതു കൊടുക്കാതിരിക്കുക. ശുഭം

ശിവകാമി said...

നല്ല എഴുത്ത്.
ഇന്നാണ് വായിച്ചത്. വല്ലാത്തൊരു അസ്വസ്ഥത ഉണ്ടാക്കി ഈ കഥ. ഒടുവില്‍ "വാളെടുത്തവന്‍ വാളാല്‍" തന്നെ, അല്ലെ? :(

Anonymous said...

ഞങ്ങളാണ് ശരി ,ഞങ്ങള്‍ മാത്രമാണ് ശരി " എന്ന തത്വം ആണല്ലോ എല്ലാ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനം . "ദൈവത്തിന്‍റെ സ്വന്തം നാടായ " കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നതെന്താണ് ? കൈവെട്ട് ഗുണ്ട -ക്വട്ടേഷന്‍ സംഘങ്ങളുടെ ഭരണം , ട്രെയിനില്‍ ബോംബു അട്ടിമറി ശ്രമം ....... ഇനി നാളെ എന്തൊക്കെ ? പത്രം വായിക്കുവാനോ ടി.വി കാണുവാനോ ഭയമാണ് .
"വാളെടുത്തവന്‍ വാളാല്‍ " എന്ന പഴമോഴിയോ , മക്കള്‍ നഷ്ടപ്പെടുമ്പോഴത്തെ അമ്മമാരുടെ ദുഃഖങ്ങളോ ഒന്നും അവരെ അസ്വസ്ഥമാക്കുന്നില്ല .

എങ്കിലും നമുക്ക് ആ പ്രതീക്ഷ വച്ച് പുലര്‍ത്താം.

വളരെ ഗൌരവമേറിയ ഒരു പ്രമേയം അതെ തീവ്രതയോടെ തന്നെ അവതരിപ്പിച്ചു . നന്നായിരുന്നു .

അഭിനന്ദനങ്ങള്‍

ബിജുകുമാര്‍ alakode said...

@ സിദ്ധീക്ക്, അതൊക്കെ വിടൂ. ഇവിടെ വിഷമത്തിന്റെയും മാപ്പിന്റെയുമൊന്നും കാര്യമില്ല. നല്ല കഥയാണെങ്കില്‍ എപ്പോള്‍ പോസ്റ്റു ചെയ്താലും ആള്‍ക്കാര്‍ വായിയ്ക്കും. ഇവിടെ സന്ദര്‍ശിച്ചതിനു നന്ദി.
@ പാവത്താന്‍ : ഏതു വേട്ടക്കാരനും ഒരിയ്ക്കല്‍ ഇരയാകും, ചുരുങ്ങിയത് മന:സാക്ഷിയുടെ മുന്നിലെങ്കിലും. നന്ദി.
@ ശിവകാമി: തീര്‍ച്ചയായും. അതു ഇരുമ്പിന്റെ വാളാകാം അല്ലെങ്കില്‍ കുറ്റബോധത്തിന്റെ വാളാകാം.
@ മിനി: ഈ അഭിപ്രായത്തിനെ നെഞ്ചോടു ചേര്‍ക്കുന്നു. ഭീതിയുടെയും വിദ്വേഷത്തിന്റെയും ഈ ആസുരകാലത്തെ മറികടക്കാന്‍ നമുക്കു കഴിഞ്ഞേക്കും; അല്ലേ. വളരെ നന്ദിയുണ്ട് മിനിയുടെ കമന്റിന്

Anonymous said...

ഒരു നിമിഷമെങ്ങില്‍ ഒരു നിമിഷം ഈ ലോകത്ത് ജീവിക്കാനും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും അറിയുവാനും കേള്‍ക്കാനും കാണാനും ഹൃദയം തന്ന ദൈവത്തിനുള്ള കാണിക്കയാണോ മനുഷ്യാ ഈ വേട്ടയുടെ രീതി. ബിജുകുമാര്‍, നന്നായിരിക്കുന്നു. ഗോപാല്‍.

ദീപുപ്രദീപ്‌ said...

പേരുമുതലുണ്ട് ഈ പോസ്റ്റിന്റെ ഭംഗി . വേട്ടക്കാരന്‍ ഒരിക്കലും ഓര്‍ക്കാറില്ല ഒരിക്കല്‍ ആയാലും ആരുടെയെങ്കിലും ഇരയാവും എന്ന്. ആ തിരിച്ചറിവ് ഉണ്ടെങ്കില്‍ എന്തൊക്കെ മാറ്റങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടാവുമായിരുന്നെനെ .
ഇനിയും ഇത്തരം വിഷയങ്ങള്‍ക്കെതിരെ താങ്കളുടെ തൂലിക ചലിക്കെട്ടെ........ആശംസകള്‍