സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



പരിവര്‍ത്തനം..

July 06, 2010 Anoop

ക്ലാസുകഴിഞ്ഞു, വൈകുന്നേരങ്ങളിലുള്ള പതിവുനടത്തത്തിനു തയാറെടുക്കുമ്പോഴാണ് ശരത്തിന് ആ കോള്‍ കിട്ടുന്നത് . അവന്‍റെ മുഖം കണ്ടാല്‍ അറിയാം അതവനുഎത്ര പ്രിയപ്പെട്ടതാണെന്ന്.

" ഞാന്‍ നിന്നെ കാണാന്‍ വരുന്നു ". .ഒരുപാട്നാളുകള്‍ക്കു ശേഷം വീണ്ടും ആ ശബ്ദം അവനോടു പറഞ്ഞു .

അവന്‍റെ കാതുകളില്‍ കേട്ട ആ ശബ്ദം വെറും ഒരു ശബ്ദമായിരുന്നില്ല അവന്. അവനെ തിരിച്ചറിയാന്‍ അവനെ സഹായിച്ച ശബ്ദമായിരുന്നു . ഒരേ മാതാപിതാക്കളില്‍ ജനിക്കാത്ത അവന്‍റെ സ്വന്തം ഏട്ടന്‍റെ ശബ്ദം ! കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ശബ്ദമായി മാത്രം അവന്‍റെ മുന്നില്‍ വരാറുള്ള അവന്‍റെ ഏട്ടന്‍ ഇപ്പോള്‍ നേരിട്ട് വരുന്നു.....

ഫോണ്‍ ഓഫു ചെയ്തതിനു ശേഷം അവന്‍ നടക്കാനിറങ്ങി. പതിവായി നടക്കാറുള്ള വഴിവിട്ടു ഇന്ന് വേറെ വഴിയില്‍ കൂടെ നടക്കണം . പഴയ ആ ശരത്തിന്‍റെ കൂടെ. ഇപ്പോള്‍ എനിക്കവനെ പേടിയില്ല. പക്ഷെ ഒരുന്നാള്‍ അവനെ ഭയപ്പെടിരുന്നു. അവന്‍ മനസ്സില്‍ പറഞ്ഞു .

മെയിന്‍ ഗേറ്റ് കടന്നു അവന്‍ റോഡു ക്രോസ് ചെയ്തു. വലതുവശത്തേക്ക് തിരിഞ്ഞു നടന്നു. കുറച്ചു നടന്നാല്‍ അവിടെ ഒരു പാര്‍ക്കുണ്ട്. ഒരു ചെറിയ തടാകവും. അതായിരുന്നു അവന്‍റെ ലക്‌ഷ്യം. നഗരത്തിന്‍റെ കൃത്രിമത്വം ധാരാളമുണ്ടെങ്കിലും ,എന്തിലും ഒരു ഭംഗി കണ്ടെത്താന്‍ അവന്‍ ഇപ്പോള്‍ പഠിച്ചിരിക്കുന്നു..

അസ്തമയത്തിന്റെ നിറഭേദങ്ങലില്‍ സൂര്യന്‍ ഒളിച്ചു കളിക്കാന്‍ തുടങ്ങി. ഏതോ കുട്ടികള്‍ ഉണ്ടാക്കിയ പല വര്‍ണ്ണങ്ങളിലുള്ള കടലാസ് വള്ളങ്ങള്‍ , ചെറിയ കാറ്റിലുണ്ടായ ഓളങ്ങളില്‍ ചാഞ്ചാടുന്നു. ചേക്കേറാന്‍ പറന്നുപോയ ഏതോ പക്ഷി കൊഴിച്ചിട്ട തൂവല്‍ ഭാരമോട്ടുമില്ലാതെ വായുവില്‍ക്കൂടി തത്തിക്കളിച്ചു , അവസാനം ഭൂമിയെ നോവിക്കാതെ അവന്‍റെ അടുത്തുവന്നു വീണു. അനിവാര്യമായ മാറ്റങ്ങളില്‍ ,പുതിയ തൂവലുകള്‍ മുളക്കുമ്പോള്‍ കൊഴിഞ്ഞു വീഴുന്ന പഴംതൂവലുകള്‍..... ഈ മാറ്റം ,അത് പ്രകൃതിയുടെ നിയമം . ഈ മാറ്റങ്ങള്‍ ഇല്ലാതാവുന്ന നാള്‍ ....... അവനോര്‍ത്തു ഇപ്പോള്‍ തന്റെ മനസ്സും ഇതുപോലെതന്നെയല്ലേ ? ഒട്ടും ഭാരമില്ലാതെ...... തന്റെ ചുവട്ടില്‍ ആ പഴയ ...... അവന്‍ ഒരു ദീര്‍ഘ നിശ്വാസം വിട്ടു .

ഏറെ പക്വത വന്ന ഇന്നത്തെ ശരത്തിലെക്കുള്ള മാറ്റം അവന്‍റെ പതിനെട്ടാമത്തെ വയസിലായിരുന്നു.തുടക്കമാവട്ടെ വെറും ഒരു ചാറ്റിങ്ങില്‍ കൂടി.മാറ്റം എന്നതിനേക്കാള്‍ തിരിച്ചറിവ് ഏന്നു പറയുന്നതാകും ശരി.ഈ ലോകത്ത് മാറ്റങ്ങള്‍ക്കു വിമുക്തമായി ഒന്നുമില്ല.ഒന്നിനും സ്ഥായിയായി ഒരേഭാവമില്ല .ചത്തു മണ്ണടിഞ്ഞാല്‍പ്പോലും മാറ്റങ്ങളില്‍നിന്നും ഒന്നും സ്വതന്ത്രരല്ല .അപ്പോള്‍ പിന്നെ എത്ര വേണ്ടെന്നു വെച്ചാലും നമ്മുടെ മനസ്സിന് മാറാതിരിക്കുവാന്‍ സാധിക്കുമോ ? പക്ഷെ ഈ മാറ്റങ്ങല്‍ക്കെല്ലാം ഒരു മൂലഹേതുവുണ്ടായിരിക്കുമെന്നുമാത്രം. നമ്മില്‍ മാറ്റങ്ങള്‍ വരുത്തി കാലമങ്ങനെ അനസ്യൂതം ഒഴുകുകയാണ്. കിഴക്കുനിന്നും പടിഞ്ഞാറേക്ക് അതോ പടിഞ്ഞാറുനിന്നും കിഴക്കൊട്ടേക്കോ ?

തടാകത്തിന്‍റെ കരയില്‍കൂടി കുറച്ചുദൂരം നടന്നതിനുശേഷം ഒരു ചാരുബഞ്ചില്‍ അവന്‍ ഇരുന്നു.അധികം ആളുകള്‍ വരാത്ത ഒരു ഭാഗം . അവിടെ കുറെ പ്രാവുകള്‍ക്ക് വൃദ്ധ ദമ്പതികള്‍ ധാന്യമണികള്‍ വിതറിക്കൊടുക്കുന്നു. അതവരുടെ ജീവിതത്തിന്‍റെ ഭാഗമായി തോന്നി. രണ്ടാമതൊരു ബാല്യമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്ന അവരുടെ കിന്നാരങ്ങള്‍ക്ക് മറുപടിയായി പ്രാവുകളുടെ കുറുകലുകള്‍ അവിടെ മുഴങ്ങി. നല്ലൊരു സായംകാലം ആശംസിച്ചിട്ടു അവര്‍ മടങ്ങി. നല്ലൊരു ശുഭരാത്രി അവര്‍ക്ക് നേരാന്‍ അവനും മറന്നില്ല.

പഴ ശരത്ത് അവന്‍റെ അടുത്ത് വന്നിരുന്നു.ഇപ്പോള്‍ അനുവാദം ചോദിക്കാതെ അവന്‍ കയറി വരില്ല. ഇപ്പോള്‍ അവര്‍ക്കിടയില്‍ , അവന്‍റെ ഏട്ടന്‍ അവനെകൊണ്ട് തീര്‍ത്ത ഒരു മണ്‍ഭിത്തിയുണ്ട്. ഇന്ന് അവന്‍ വളരെ ശ്രദ്ധാലുവാണ്.കാരണം ഏതു നിമിഷവും ഈ മണ്‍ഭിത്തിതകരാം. അതിനുള്ള സാഹചര്യങ്ങളാണ് എങ്ങോട്ട് തിരിഞ്ഞാലും .അങ്ങനെ ഒരു കുത്തൊഴുക്കില്‍ വീണ്ടും ജീവിതം കൈവിട്ടു പോകാതിരിക്കാന്‍ ,എല്ലാത്തിലും ഒരു ശ്രദ്ധയുണ്ടാവാന്‍ ബുദ്ധിപൂര്‍വ്വം തീര്‍ത്ത മതില്‍ .

കഴിഞ്ഞ കാലങ്ങളെ കുഴിച്ചുമൂടാന്‍ ഇന്ന് അവന്‍ ശ്രമിക്കുകയാണ്.പക്ഷെ പലപ്പോളും അവന്‍റെ ബാല്യത്തിലേക്ക് , ഒരു മരപ്പച്ചതേടി ഉഴറിനടന്ന ആ മണലാരണൃത്തിലേക്ക് , ഇന്ന് സ്വച്ചന്തമായ പച്ചപ്പിലിരുന്നു അറിയാതെ ഒളിഞ്ഞുനോക്കുമ്പോള്‍, ഒരു കോമാളിയെപ്പോലെ ചിരിച്ചു നില്‍ക്കുന്ന ഭൂതകാലത്തെനോക്കി ചിരിച്ചു കാണിക്കാന്‍ അവന്‍ പഠിച്ചു .

അവന്‍ അവനോടുതന്നെ പതിയെ സംസാരിച്ചു തുടങ്ങി, ആ നാളുകളെപ്പറ്റി ....

ഞാനെന്തായിരുന്നുവെന്നു ആരും മനസ്സിലാക്കിയിരുന്നില്ല. ആരും അതിനു ശ്രമിച്ചില്ല. എന്‍റെ ഇഷ്ടങ്ങള്‍ അതായിരുന്നു എന്‍റെ ബാല്യത്തെ നശിപ്പിച്ച എന്‍റെ ശാപം ! ഞാന്‍കാരണമല്ലാതെ എനിക്ക് നഷ്ടപെട്ട എന്‍റെ ബാല്യം ,ആര്‍ക്കു തിരിച്ചുതരാന്‍ സാധിക്കും ?

എന്‍റെ ഇഷ്ടങ്ങള്‍ എനിക്ക് മൂടിവെക്കാന്‍ സാധിച്ചില്ല .മറ്റുള്ളവരുടെതില്‍നിന്നും വ്യത്യസ്തമായിരുന്നു എന്റെഇഷ്ടങ്ങള്‍. അങ്ങനെയാണ് ഞാന്‍ പറഞ്ഞു കേട്ടത് .. എന്‍റെ പ്രായത്തിലുള്ള ഒരാണ്‍കുട്ടിക്ക് ഇത്തരമിഷ്ടങ്ങള്‍ ഉണ്ടായാല്‍ അത് എന്തോ താളപ്പിഴയായി മറ്റുള്ളവര്‍ കണ്ടു .

നിലാവില്‍ നക്ഷത്രങ്ങളെ നോക്കികിടക്കാനും അവയോട് സംസാരിക്കുവാനുമായിരുന്നു റ്റി.വി കാണുന്നതിനെക്കാള്‍ എനിക്കിഷ്ടം .കൂട്ടുകാരോടൊപ്പം കവലകളില്‍ കൂടി കറങ്ങിനടക്കുന്നതിലും സന്തോഷം പറമ്പുകളില്‍ കൂടി നടക്കുവാനായിരുന്നു .പൂക്കളോട് സംസാരിക്കുവാനായിരുന്നു,പക്ഷികളുടെ പാട്ടു കേള്‍ക്കുവാനായിരുന്നു .ഇവയൊക്കെ എനിക്ക്കൂടെ വേണ്ടിയാണെന്ന്തോന്നി ... ഇതൊന്നും ആരും ആസ്വദിക്കുന്നില്ലെങ്കില്‍ വെറുതെ എന്തിനാ ഇവയൊക്കെ ....

എന്‍റെ മനസ്സില്‍നിറഞ്ഞ പുതിയ നിറക്കൂട്ടുകള്‍ കൊണ്ട് ഞാന്‍ ചിത്രങ്ങള്‍ വരക്കാന്‍ തുടങ്ങി . തൊടിയില്‍ പാറിനടക്കുന്ന പൂമ്പാറ്റകള്‍ എന്‍റെ മനസ്സിലെ അക്ഷരങ്ങളായിമാറി.. അവ മനസ്സില്‍നിന്നും പുറത്തേക്കു പറക്കാന്‍ തുടങ്ങി..തൊടിയില്‍ കൂടെ ഒഴുകുന്ന പുഴപോലും എനിക്കുവേണ്ടിയാണെന്ന് ചിലപ്പോള്‍ തോന്നിയിട്ടുണ്ട് .അവരുടെ കഥകള്‍ കേള്‍ക്കാന്‍ ഞാന്‍ കൊതിച്ചു .എന്‍റെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ മഴയെത്തുമായിരുന്നു .ചിലപ്പോള്‍ കണ്ണിലേക്കു തുള്ളികള്‍ വീഴ്ത്തി കണ്‍കോണുകളില്‍ നിറഞ്ഞുനിന്ന സങ്കടങ്ങളെ ഒഴുക്കികളയുമായിരുന്നു. ഈ സന്തോഷങ്ങളെയൊന്നും ഉപേക്ഷിക്കാന്‍ എനിക്കായില്ല .അത് തെറ്റാണോ ?

ഇതിനൊക്കെ പകരമായി കളിച്ചുനടന്നിരുന്നെങ്കില്‍ ,കറങ്ങിനടക്കാന്‍ പോയിരുന്നെങ്കില്‍ ആരും എന്നെ ഒറ്റപ്പെടുത്തില്ലായിരുന്നു ! എന്‍റെ ബാല്യം നഷ്ടപ്പെടില്ലായിരുന്നു . ഞാനും പോയിരുന്നു അവരോടൊപ്പം. പക്ഷെ എന്‍റെ ഇഷ്ടങ്ങള്‍ അവരെ എന്നില്‍നിന്നകത്തി. നമ്മുടെ ഇഷ്ടങ്ങള്‍ നമ്മുടെ സന്തോഷത്തിനുവേണ്ടി അല്ലെങ്കില്‍പ്പിന്നെ ............ ?

നീയൊരു പെണ്‍കുട്ടിയെപ്പോലെയായതുകൊണ്ടാണ് ഇങ്ങനെയെന്നു പറഞ്ഞു എന്നെ പലരും ഒറ്റപ്പെടുത്തി, പരിഹസിച്ചു .

ഒറ്റപ്പെടലിന്‍റെ വേദനഞാന്‍അറിഞ്ഞുതുടങ്ങുകയായിരുന്നു .അതും എന്‍റെ ഇഷ്ടങ്ങള്‍മൂലമുണ്ടായ ഒറ്റപ്പെടല്‍.. അത് അനുഭവിച്ചു തന്നെ അറിയണം....
അപകര്‍ഷതാബോധം ഞാനറിയാതെ എന്നില്‍ വളരുകയായിരുന്നു .ആ അപകര്‍ഷത എന്നെ എല്ലാറ്റില്‍നിന്നും പതുക്കെഅകറ്റി ..
സ്വയം മാറിനില്‍ക്കാന്‍ തുടങ്ങി . എന്‍റെ ഇഷ്ടങ്ങളോടെനിക്കാദ്യമായി വെറുപ്പുതോന്നി..

"നീയെന്താ ഇങ്ങനെ ? മറ്റുകുട്ടികളെ നീ കാണുനില്ലേ ? അവരെപ്പോലെയായാലെന്താനിനക്ക്. അവരോടൊപ്പം കളിക്കാനൊക്കെ പോയാലെന്താ ?‍ നീമാത്രം പെണ്‍കുട്ടികളെപ്പോലെ ,സ്വപ്നം കണ്ടു .... ശ്ശേ " .

സ്വന്തം അമ്മപോലും എന്നെ മനസ്സിലാക്കിയില്ലല്ലോ .അതോര്‍ത്തപ്പോള്‍ എത്രമാത്രം വിഷമിച്ചു ! എനിക്കൊന്നുമില്ലമ്മേ എന്ന് പലപ്രാവശ്യം പറഞ്ഞു. പക്ഷെ.... അത് കേള്‍ക്കാന്‍ ആരും തയാറായില്ല.

ശാപവാക്കുകള്‍ എറിവന്നപ്പോള്‍ ഞാന്‍ തകര്‍ന്നുപോയി.രാത്രിയില്‍ ആരും കാണാതെഒറ്റക്കിരുന്നു കരഞ്ഞു.എന്‍റെ കരച്ചിലിന്‍റെ ശബ്ദം ഭിത്തികളില്‍ തട്ടി പ്രതിധ്വനിക്കതിരിക്കാന്‍ ഞാന്‍ വളരെപണിപ്പെട്ടു .ഒരു ജന്നലുപൊലുമില്ലാത്ത മുറിയില്‍ അകപ്പെട്ടത് പോലെ .

ഇഷാനിഷ്ടങ്ങള്‍ക്കും ലിംഗഭേദമുണ്ടോ ? അവന്‍ ആരോടെന്നില്ലാതെ ചോദിച്ചു .ഉത്തരം പറയുവാന്‍ അവിടെ ആരുമുണ്ടായിരുന്നില്ല .
ദിനരാത്രങ്ങള്‍ ആര്‍ക്കൊക്കെയോ വേണ്ടിയാണെന്ന് തോന്നിപ്പോയി. എന്‍റെ ഇഷ്ടങ്ങളെ പരിഹസിക്കുന്നത് കേട്ടപ്പോള്‍ ഞാന്‍ ആദ്യമായി എന്നെത്തന്നെ വെറുത്തു.. മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കാത്ത കാഴ്ചകളെ കാണുന്ന എന്‍റെ മനസ്സ് ആരും കണ്ടില്ല.

പക്ഷെ ഒരു മകന് വേണ്ടുന്ന സംരക്ഷണം നല്‍കുന്ന മാതാപിതാക്കളെ എനിക്ക് വെറുക്കാന്‍ സാധിച്ചില്ല. അവര്‍ക്ക് എന്‍റെ ഇഷ്ടങ്ങ ളോടാണ് വെറുപ്പ്‌ .ആ തിരിച്ചറിവ് സ്വയം ഇല്ലാതാകാനുള്ള എന്‍റെശ്രമത്തെ പരാജയപ്പെടുത്തി.

ദിനചര്യപോലെ ,കൂടി കൂടി വന്ന കുറ്റപ്പെടുത്തലുകളും ,ഒറ്റപ്പെടുത്തലുകളും എന്നെ ഞാനല്ലതാക്കിമാറ്റാന്‍ തുടങ്ങി . എന്‍റെ ലോകം ചെറുതായി .പ്രകൃതിയും കാലവുംപോലും പരിണാമത്തിന്‍റെകാലഘട്ടത്തില്‍ എന്നെ അവഗണിച്ചു. പ്രകൃതിക്കുവിരുദ്ധമായ ചിന്തകള്‍ എന്നില്‍ ഞാനറിയാതെ വളരുവാന്‍ തുടങ്ങി .എന്‍റെ മനസ്സിലെ നിറക്കൂട്ടുകളും അക്ഷരങ്ങളും മങ്ങിത്തുടങ്ങി .അങ്ങനെ താളബോധമില്ലാത്ത പാട്ടുകാരനും ,നിറക്കൂട്ടുകള്‍ അറിയാത്ത ചിത്രകാരനുമായി ഞാന്‍മാറി . എനിക്കിഷ്ടമില്ലാത്ത മറ്റൊരു ശരത്ത് അവിടെ ജനിക്കുകയായിരുന്നു. ആ ശരത്തും അവന്‍റെ ചിന്തകളും , പ്രകൃതിക്ക് സഭ്യമായിട്ടുള്ളതല്ലായിരുന്നു.

പ്രായത്തിന്‍റെ ,ചൂടും , ചൂരും പിന്നെ പക്വതഇല്ലായ്മയും , പിന്നെ കസിന്‍റെ ഇടപെടലുകളും ചില തെറ്റുകളായി എന്‍റെ ചുറ്റിലും നിന്നു.
കൌമാരത്തിന്റെ കുത്തൊഴുക്കില്‍ ആ തെറ്റുകള്‍ വീണ്ടും ആവര്‍ത്തിച്ചു .പലരോടും,പലപ്പോഴായി .

പതുക്കെപ്പതുക്കെ ഞാനറിയാതെ ഒരു പുതിയലോകം എന്‍റെമുന്‍പില്‍ തുറക്കുകയായിരുന്നു.മണിക്കൂറുകളോളം ഈ മായാലോകത്ത് ലക്ഷ്യമില്ലാതെ ഞാന്‍ പറന്നു നടന്നു . ഈ താത്കാലിക ലഹരിയില്‍ നല്ലതൊന്നും കാണാന്‍ എനിക്ക് സാധിച്ചില്ല .എന്തില്‍നിന്നോക്കെയോ ഓടിയൊളിക്കാന്‍ നോക്കിയ ഞാന്‍ നല്ലതൊന്നും കാണാന്‍ ശ്രമിച്ചതുമില്ല . പലരും മുതലെടുക്കുകയായിരുന്നുവെന്നറിഞ്ഞിട്ടും ഞാന്‍ ഇതില്‍ സന്തോഷം കണ്ടെത്തി. കാരണം ഈ മാറ്റം എന്‍റെ തെറ്റായി എന്‍റെ മനസ്സ്അഗീകരിച്ചില്ല ! അത൦ഗീകരിക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു.. അതാണ്‌ സത്യം ....

പക്ഷെ ഒന്നിലും ഒരു പൂര്‍ണ്ണത തോന്നിയില്ല .മുന്നോട്ടുള്ള ജീവിതത്തില്‍ ഇനിവലിയമാറ്റങ്ങളുണ്ടാവില്ലെന്നുകരുതി സങ്കല്‍പ്പത്തിലെ കൂട്ടുകാരനെ ഞാന്‍തേടി .പലരും മാറി മാറി വന്നു.ആര്‍ക്കും സ്നേഹമോ കരുതലോഇല്ലായിരുന്നു ,തിരിച്ചും . ആര്‍ക്കും ആരെയും ആത്മാര്‍ഥമായി സ്നേഹിക്കാന്‍ സാധിക്കില്ലാന്നെനിക്കു തോന്നിയ നാളുകള്‍.. ബന്ധങ്ങള്‍‍ക്കൊന്നും അര്‍ത്ഥമില്ലെന്ന്തോന്നി ...എന്നിട്ടും !!
പക്ഷെ കാലത്തിന്‍റെ തീരുമാനം ,അത് മറ്റൊന്നായിരുന്നു .എനിക്ക് ഒരു മാറ്റത്തിന്‍റെ സമയമായി.
ഒരു ദിവസം എന്‍റെ മെയില്‍ ബോക്സില്‍ വ്യത്യസ്തമായ സബ്ജറ്റോടുകൂടിയ ഒരു മെയില്‍. അതായിരുന്നു തുടക്കം ..

"നിന്‍റെ എഴുത്ത് വളരെ നന്നായിരിക്കുന്നു ..വീണ്ടും എഴുതുക " .

രണ്ടേ രണ്ടു വാചകം .

സിരകളില്‍ ചൂടുകൂട്ടുന്ന മെയിലുകളാണ് പതിവ് . വായിച്ചു മടുത്താലും അറിയാതെ വീണ്ടും വീണ്ടും വായിച്ചു പോകുന്ന അറപ്പുണ്ടാക്കുന്ന വാചകങ്ങള്‍ . പക്ഷെ ലഹരിപോലെഅടിപ്പെട്ടു പോയി . ഇതൊന്നുമാത്രമായി എന്‍റെ ലോകംചുരുങ്ങി .
പലപ്പോഴും നേരിട്ടുള്ള കൂടികാഴ്ചകള്‍ക്കായുള്ളക്ഷണങ്ങള്‍ ആയിരിക്കും. ചൂടന്‍ ചാറ്റിങ്ങുകള്‍ക്കിടയില്‍ മനപ്പൂര്‍വം ആ എഴുത്തു മറന്നു.

അന്നത്തെ വാചകക്കസര്‍ത്തും കൈക്കസര്‍ത്തുമൊക്കെ കഴിഞ്ഞു ലോഗൌട്ട് ചെയ്യാന്‍തുടങ്ങിയപ്പോളാണ് ആ മെയിലയച്ചയാള്‍ ഓണ്‍ലൈനി ലുണ്ടെന്നു മനസ്സിലായത്‌. വെറുതെ ഒരു "ഹായ്" പറഞ്ഞു .പക്ഷെ അന്ന്ഞാനറിഞ്ഞില്ല അതൊരു മാറ്റത്തിന്‍റെ തുടക്കമാണെന്നും ആ ശബ്ദം എന്‍റെ താങ്ങായിമാറുമെന്നും !

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഞങ്ങള്‍ ചാറ്റിങ്ങിലൂടെ സംസാരിച്ചു .

പിന്നീട്, പലപ്പോഴും ഞങ്ങളുടെ സംസാരം മണിക്കൂറുകളോളം നീണ്ടു .അത് കേള്‍ക്കുവാന്‍വേണ്ടിമാത്രം ഞാന്‍കാത്തിരിക്കുവാന്‍ തുടങ്ങി. ഞങ്ങള്‍ക്കിടയില്‍ അദൃശ്യമായ ഒരു ബന്ദം വളരുകയായിരുന്നു. ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലെങ്കില്‍ക്കൂടി ആ ശബ്ദം എന്‍റെ ഏട്ടനായി മാറി ! . നല്ല കാഴ്ചകള്‍കാണാന്‍ എന്നെ പഠിപ്പിച്ചു ,നല്ലത് കേള്‍ക്കാന്‍ എന്നെ ശീലിപ്പിച്ചു. വീണ്ടും എന്‍റെ മനസ്സില്‍ പഴയ വര്‍ണ്ണങ്ങള്‍ നിറയാന്‍ തുടങ്ങി . ജീവിതത്തിന്‍റെ ലഹരിയില്‍ നഷ്ടപ്പെട്ടുപോയ ബന്ധങ്ങളുടെ മാധുര്യമെന്തെന്നെനിക്കുമനസ്സിലാക്കി തന്നു.ഞാന്‍ നഷ്ടപ്പെടുത്തിയതെന്താണെന്നും നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്താണെന്നു ക്ഷമയോടെ എനിക്ക് മനസ്സിലാക്കിത്തന്നു . ഈ ലോകത്തിനു എന്നെക്കൊണ്ടാവശ്യമുണ്ടെന്നു എനിക്ക് മനസ്സിലായി, എന്നില്‍ത്തന്നെയുള്ള എന്‍റെ ആത്മാര്‍ത്ഥ സ്നേഹിതനെകണ്ടെത്താന്‍ പഠിപ്പിച്ചു .... എന്നെ മനസ്സിലാക്കാന്‍ ശ്രമിച്ച ആ ശബ്ദത്തോട് ഞാന്‍ കൂടുതല്‍ അടുത്തു .അതിലൂടെ പതുക്കെ പതുക്കെ ഞാന്‍ യഥാര്‍ത്ഥജീവിതമെന്തെന്ന് മനസ്സിലാക്കിതുടങ്ങി.തിരിച്ചുപോക്ക് എന്‍റെ വികൃതമായ മനസ്സ് പെട്ടെന്നഗീകരിക്കാന്‍ തയാറായില്ല .അത്രയ്ക്ക് ലഹരിയിലായിരുന്നു ഞാന്‍ . അവന്‍ പറഞ്ഞു നിര്‍ത്തി .

ഈ തിരിച്ചുവരവിലും അവന്‍റെ സാഹചര്യങ്ങള്‍മാറിയിരുന്നില്ല. പക്ഷെ , അവന്‍ എന്താണെന്നതിരിച്ചറിവ് അവനുണ്ടായി ..അവന്‍റെ മാതാപിതാക്കളെന്താണെന്ന് അവന്‍ തിരിച്ചറിഞ്ഞു .ആ തിരിച്ചറിവില്‍ ബന്ധങ്ങളുടെ മുറുകിക്കിടന്ന കെട്ടുകളയഞ്ഞുതുടങ്ങി.കെട്ടുപാടുകള്‍ മുറിഞ്ഞുവീണു.പഴയ ശരത്തിനെ ഉരിഞ്ഞു കളഞ്ഞു. ഇനി അവനെ സന്തോഷിപ്പിക്കുവാനോ സങ്കടപ്പെടുത്തുവാനോ ആര്‍ക്കുംസാധിക്കില്ലന്നതിരിച്ചറിവില്‍ അവന്‍റെ മനസ്സ് നിറഞ്ഞാടി. ആ തിളക്കം അവന്‍റെ കണ്ണുകളില്‍ നിറഞ്ഞു.

സ്നേഹക്കൂടുതലായിരുന്നോ കടപ്പാടുകളായിരുന്നോ അവന്‍റെ ബാല്യം നഷ്ടപ്പെടുത്തിയത് ? അവന്‍റെ മനസ്സില്‍ ഉത്തരമില്ല. പക്ഷെ അന്നത്തെ ആ ഇഷ്ടങ്ങള്‍ ഇന്ന് അവന്‍റെ മനസ്സില്‍ പുതിയ നിറകൂട്ടുകള്‍ തീര്‍ക്കാന്‍ തുടങ്ങി ,നക്ഷത്രങ്ങള്‍ പകലിലും അവനുവേണ്ടി തെളിയുവാന്‍ തുടങ്ങി ,കൂടുതല്‍ശോഭയോടെ .......

4 Comments, Post your comment:

ആളവന്‍താന്‍ said...

നല്ല എഴുത്ത്. പലപ്പോഴും നമുക്ക് വളരെ അടുത്തുണ്ടാവും, നമ്മളെ ഏറ്റവും അധികം സ്വാധീനിക്കാന്‍ പോകുന്ന ആള്‍. നമ്മള്‍ അയാളെ കണ്ടെത്തുന്നുണ്ടാവില്ല, കൃത്യസമയത്ത്. നമ്മളില്‍ നാം തന്നെ അറിയാതെ ഉണ്ടാകാന്‍ പോകുന്ന പരിവര്‍ത്തനത്തിന്റെ സൂത്രധാരനെ.

അഭി said...

"എഴുത്ത് വളരെ നന്നായിരിക്കുന്നു ..വീണ്ടും എഴുതുക "
അതേ പറയാന്‍ ഉള്ളു
പക്ഷെ എന്തോ ഒരു അപുര്‍ണത ഉണ്ട് അതോ എനിക്ക് തോന്നിയതാണോ എന്നറിയില്ല

Anoop said...

ആളവന്‍താന്‍ , അഭി കഥ വായിച്ചു അഭിപ്രായങ്ങള്‍ പറഞ്ഞതില്‍ ഒരുപാട് സന്തോഷം.ഞാന്‍ ഒരു തുടക്കകാരനാണേ.ഒരു ശ്രമംമാത്രം..

Manoraj said...

നേരത്തെ അനൂപിന്റെ ബ്ലോഗിൽ വായിച്ചതായിരുന്നു ഈ കഥ. അവിടെ വിശദമായി കമന്റിയതിനാൽ ഇനി വിശദമാക്കേണ്ടല്ലോ അല്ലേ അനൂപ്