സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



ലവ് ജിഹാദ്

July 26, 2010 ബിജുകുമാര്‍ alakode

കരിപിടിച്ച മോന്തായമാകെ മാറാല കെട്ടിയിരിയ്ക്കുന്നു. ഒരു ചെറിയ ചിലന്തി ഇനിയുമൊരു വല നെയ്യാനായി പൂതലിച്ച മോന്തായത്തില്‍ നിന്നും അടുത്ത കഴുക്കോലിലേയ്ക്ക് ചാടി. ചിലന്തി ചാടിയ വഴികളിലൂടെ തിളങ്ങുന്ന നൂല്‍ തെളിഞ്ഞു വന്നു. ഇടയ്ക്കിടെ പൊട്ടിയ ഓടിനിടയില്‍ കൂടി നേരിയ സന്ധ്യാവെളിച്ചം അരിച്ചിറങ്ങുന്നുണ്ട്. ഓടുകള്‍ക്കും മോന്തായത്തിനും താഴെ, അനങ്ങുമ്പോള്‍ കര കര ശബ്ദം പൊഴിയ്ക്കുന്ന പഴയ കട്ടിലില്‍ ഇന്ദുലേഖ മുഖം കുനിച്ചിരുന്നു. തിളങ്ങുന്ന ഗില്‍റ്റുള്ള പുതിയ ചുരിദാറില്‍ അവളൊരു അപ്സരസു പോലെ തോന്നി. താഴേയ്ക്കൂന്നിയ കണ്ണുകളില്‍ അപരിചിത്വവും പേടിയും നിഴല്‍ വിരിച്ചു നിന്നു. പൊട്ടിയ സിമന്റു തറയിലൂടെ ചെറിയ നെയ്യുറുമ്പുകള്‍ എന്തെല്ലാമോ തേടി ഉഴറി നടക്കുന്നുണ്ട്. തേയ്ക്കാത്ത വെട്ടുകല്ലു കെട്ടിയ ചുമരില്‍ അറുപതു വാട്സിന്റെ പുക പിടിച്ച ബള്‍ബ് നിറം മങ്ങി കത്തുന്നു. ആ പ്രകാശത്തില്‍ അവളുടെ കവിളില്‍ കൂടി ചാലിട്ടൊഴുകിയ കണ്ണീര്‍ തിളങ്ങി. മുഹമ്മദ് റഫീക്കിനതു കണ്ടപ്പോള്‍ സഹിച്ചില്ല. അവന്‍ മുന്നോട്ടാഞ്ഞ് ആ കണ്ണീര്‍ തുടച്ചു കളഞ്ഞു.

“ ഇന്ദു നീയിപ്പൊഴും കരയുകയാണോ? എത്ര നേരമായി. ഇനിയെങ്കിലും ഒന്നു സന്തോഷമായിരിയ്ക്ക്.“

അവള്‍ മുഖമുയര്‍ത്തുകയോ ഒരക്ഷരം മിണ്ടുകയോ ചെയ്തില്ല. റഫീക്കിനറിയാം അവളുടെ വിഷമം. വളര്‍ന്ന വീടും വളര്‍ത്തിയ അച്ഛനെയും അമ്മയെയും വിട്ട് തന്നോടൊപ്പം വന്നതാണവള്‍ . സാമാന്യം നല്ല വീട്ടില്‍ വളര്‍ന്നവള്‍ .ഇപ്പോള്‍ ഇവിടെ ഈ പഴയ, പാറ്റയും പഴുതാരയുമിഴയുന്ന വാടകവീട്ടില്‍ ഇങ്ങനെ ഒറ്റയ്ക്കിരിയ്ക്കേണ്ടി വരുന്നതില്‍ സങ്കടമില്ലാതിരിയ്ക്കില്ല. തന്റെയും സ്ഥിതി അതു തന്നെയാണല്ലോ?

ഇന്ദുവിനെക്കാള്‍ കാശുള്ള തറവാട്ടിലെ മൂന്നാണ്മക്കളില്‍ ഇളയവന്‍ .ഒന്നിനും ഒരു കുറവുമറിയാതെ വളര്‍ന്നു. മൂന്നുവര്‍ഷത്തെ കോളേജ് ജീവിതം, കണ്ട പലമുഖങ്ങളില്‍ മനസ്സിലുടക്കിയ ഇന്ദുവിന്റെ മുഖം, രണ്ടു വര്‍ഷത്തെ പ്രണയം, ഒന്നിച്ചു ജീവിയ്ക്കാനുള്ള തീരുമാനം, വീട്ടുകാര്‍ എതിര്‍ക്കുമെന്നറിയുന്നതു കൊണ്ട് തന്നെ അവരറിയാതെ രജിസ്റ്റര്‍ വിവാഹം, കൂട്ടുകാരുടെ സഹായം, ഇപ്പോള്‍ ഒരു വാടക വീട്ടില്‍ ആദ്യത്തെ ഒന്നിച്ചുള്ള ദിനം. ശരിയ്ക്കും ഒരു കൊമേഴ്സ്യല്‍ കുടുംബചിത്രത്തിന്റെ തിരക്കഥയുടെ ആദ്യഭാഗം.

“നീ വിഷമിയ്ക്കാതിരി നമ്മുടെ വീട്ടുകാര്‍ കാര്യമറിയുമ്പോള്‍ ആദ്യമൊന്നു പൊട്ടിത്തെറിയ്ക്കും. പിന്നെ അതൊക്കെ അടങ്ങിക്കോളും. സാവകാശം എല്ലാം മറന്ന് നമ്മളെ അംഗീകരിക്കും. ഇതൊക്കെ എത്രയെത്ര സ്ഥലത്തു കണ്ടിരിയ്ക്കുന്നു. ദേ..ഇനി ഇങ്ങോട്ടു നോക്കിയേ..ഞാനൊന്നു വൃത്തിയായി കാണട്ടെ”.

റഫീക്ക് അവളുടെ സുന്ദരമായ മുഖം പിടിച്ച് തന്റെ നേരെ ഉയര്‍ത്തി. ഇന്ദുവിന്റെ കണ്ണുകള്‍ പാതിയടഞ്ഞിരുന്നു. അവന്‍ വാതിക്കലേയ്ക്ക് നോക്കി കതക് അടച്ചിട്ടുണ്ടെന്നു ഉറപ്പു വരുത്തി. പിന്നെ മൃദുവായ ആ കവിളില്‍ പതുക്കെ തലോടി. നേരിയ മിനുത്ത രോമങ്ങളുള്ള ആ മേല്‍ചുണ്ടും നനവാര്‍ന്ന കീഴ്ചുണ്ടും  വിറയ്ക്കുന്ന വിരലാല്‍ സ്പര്‍ശിച്ചു. പിന്നെ ആ മുഖത്തോടു മുഖം ചേര്‍ത്തു.. 
നഗരത്തില്‍ കുറെ വിട്ടാണ് റഫീക്കിന്റെ സുഹൃത്തുക്കള്‍ ഈ വീട് അവര്‍ക്കായി കണ്ടെത്തിയത്. അമ്പലവും പള്ളിയുമെല്ലാമുള്ള ഒരു സാധാരണ ഗ്രാമം. ആദ്യത്തെ രണ്ടു ദിവസം എന്തെങ്കിലും കാര്യമായ പൊട്ടിത്തെറി പ്രതീക്ഷിച്ചിരുന്നു റഫീക്കും ഇന്ദുലേഖയും. ഒന്നുകില്‍ റഫീക്കിന്റെ വീട്ടുകാര്‍ അല്ലെങ്കില്‍ ഇന്ദുവിന്റെ വീട്ടുകാര്‍ , ആരുടെ ഭാഗത്തു നിന്നായിരിയ്ക്കും തുടക്കം?  ഏതുസമയവും മുറ്റത്തൊരു പോലീസ് ജീപ്പിന്റെ ശബ്ദം കാത്തുവച്ചിരുന്നു. ഇന്ദു വിനെ ഒറ്റയ്ക്കാക്കിയിട്ട്   പുറത്തേയ്ക്കിറങ്ങാന്‍ തന്നെ റഫീക്കിനു പേടിയാണ്. മൊബൈല്‍ വഴി കൂട്ടുകാരോട് തിരക്കിക്കൊണ്ടിരുന്നു, വീട്ടുകാരുടെ പ്രതികരണം. 

ഒരാഴ്ച കഴിഞ്ഞിട്ടും യാതൊന്നുമുണ്ടായില്ല. കൂട്ടുകാര്‍ വഴി കാര്യങ്ങളറിഞ്ഞ ഇന്ദുവിന്റെ വീട്ടുകാര്‍ “ഞങ്ങള്‍ക്കങ്ങനെ ഒരു മകളില്ല, അവളായി അവളുടെ പാടായി“ എന്നു പറഞ്ഞ് കൈയൊഴിഞ്ഞത്രേ!
“എന്റെ സ്വത്തില്‍ അവനു യാതൊരു അവകാശവുമില്ല“ എന്നു പറഞ്ഞ് റഫീക്കിന്റെ ബാപ്പാ അഹമ്മദാജിയും കൈയൊഴിഞ്ഞു! വലിയൊരു ഭൂകമ്പം പ്രതീക്ഷിച്ചിരുന്ന റഫീക്കിനും ഇന്ദുവിനും ആശ്വാസവും അതോടൊപ്പം അല്‍ഭുതവും തോന്നി. തങ്ങള്‍ പോയതില്‍ ആശ്വസിയ്ക്കുകയാണോ അവരൊക്കെ?

വിദ്യാഭ്യാസവും വിവേകവും അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍കൊണ്ടിരുന്നവരാണ് റഫീക്കും ഇന്ദുവും.  എല്ലായ്പ്പോഴും രണ്ടുപേരുംപരസ്പരം അംഗീകരിയ്ക്കും എന്നൊരു സമ്മതം വിവാഹത്തിനുമുന്‍പേ  കൈമാറിയിരുന്നു. അതായത് ഇന്ദുവിന് ഇന്ദുവായി തന്നെ തുടരാം. തീര്‍ച്ചയായും അതാണല്ലോ യഥാര്‍ത്ഥ സ്നേഹം.

അവിടുത്തെ ആദ്യവെള്ളിയാഴ്ച തന്നെ റഫീക്ക് അടുത്തുള്ള പള്ളിയില്‍ ജുമാ നിസ്കാരത്തിനു പോയി. ചെറുപ്പത്തിലേ ഉള്ള ശീലാ‍മാണ്. പിന്നെ, മറ്റൊരു നാട്ടില്‍ താമസിയ്ക്കുമ്പോള്‍ നാട്ടുകാരുമായി ബന്ധങ്ങള്‍ ആവശ്യമാണല്ലോ. ധാരാളം പേരെ കാണാനും ചിലരെയൊക്കെ പരിചയപ്പെടാനും പറ്റി. ഖത്തീബിനെ വീട്ടിലേയ്ക്കു ക്ഷണിയ്ക്കുകയും ചെയ്തു. ഇങ്ങനെയൊക്കെയാണല്ലോ ബന്ധങ്ങള്‍ ഉണ്ടാക്കുന്നത്.

കുറച്ച് കാശും സ്വര്‍ണ്ണവും കരുതിയത് ഉണ്ട്. തല്‍ക്കാലത്തേയ്ക്ക് പിടിച്ചു നില്‍ക്കാന്‍ അതു മതിയാകും. ഒരു ജോലി സംഘടിപ്പിയ്ക്കണം. കുറെ നാളത്തേയ്ക്ക് എങ്ങനെയെങ്കിലും പിടിച്ചു നില്‍ക്കണം. എന്നിട്ടു വേണം ബാപ്പയുടെ മുന്‍പിലെത്താന്‍ .ഇന്ദുവും നല്ല കഴിവുള്ള കുട്ടിയാണ്. എന്തെങ്കിലും ജോലി അവള്‍ക്കും കിട്ടാതിരിയ്ക്കില്ല. എന്തായാലും ഉടനെ ഒരു കുട്ടി വേണ്ടാ. അതൊക്കെ കാര്യങ്ങളെല്ലാം ഒരു കരയ്ക്കെത്തിയിട്ട്.
അടുത്ത ദിവസം  വൈകുന്നേരം തന്നെ ഖത്തീബ് വാക്കു പാലിച്ചു. ആ ചെറിയ വീടിന്റെ മതില്‍ കടന്ന് കയറി വന്നു.

“അസ്സലാമു അലൈക്കും”. ഖത്തീബിനൊപ്പം മൂന്നാലു പേരുമുണ്ട്.

“വ അലൈക്കുമുസലാം.. വരു. ദാ ഇവിടെ ഇരിയ്ക്കാം. സൌകര്യങ്ങളൊന്നുമില്ല..” റഫീക്ക് ഉള്ള സൌകര്യത്തില്‍ എല്ലാവരെയും ഇരുത്തി.

“അല്ലാ റഫീക്കെ, ഞാന്‍ നിന്നെക്കുറിച്ച് കുറെ അറിഞ്ഞിരിയ്ക്കുന്നു. നീ ടൌണിലെ അഹമ്മാദാജിയുടെ മകനാല്ലേ..?“ ഖത്തീബിന്റെ ചോദ്യം.

“അതേ..”

“എന്നിട്ടാ നീയീ പരിപാടി കാട്ടിയെ ? നിനക്ക് നെലേം വെലയുമുള്ള ഒരു കുടുംബത്തീന്ന് പെണ്ണു കിട്ടില്ലായിരുന്നോ? അന്യമതത്തീന്നു തന്നെ വേണമായിരുന്നൊ?”

“അതു പിന്നെ...” റഫീക്കിന് എന്താണു പറയേണ്ടതെന്ന് വായില്‍ വന്നില്ല.

“ഏതായാലും കഴിഞ്ഞതു കഴിഞ്ഞു..എനീപ്പോ പറഞ്ഞിട്ടു കാര്യല്ല. ഓളെങ്ങനെ ? നല്ല തരക്കാരിയാണൊ ?”

“ഇന്ദൂ.. ചായ കൊണ്ടു വരൂ..” റഫീക്ക് വാതില്‍ക്കല്‍ നിന്ന് ശബ്ദം താഴ്ത്തി പറഞ്ഞു.

അല്പസമയത്തിനകം ഒരു ട്രേയില്‍ എല്ലാവര്‍ക്കുമുള്ള ചായയുമായി ഇന്ദു അങ്ങോട്ടേക്കു വന്നു. റഫീക്ക് ട്രേ കൈയില്‍ വാങ്ങി. ഇന്ദുവിന്റെ മുഖത്തേക്കു നോക്കിയതും വന്നുകയറിയവരുടെ മുഖം മഴക്കാര്‍ പോലെ ഇരുണ്ടു. റഫീക്ക് ട്രേയില്‍ നിന്നും ചായ ഓരോരുത്തര്‍ക്കായി എടുത്തു കൊടുത്തു. വീര്‍ത്തുകെട്ടിയ മുഖത്തോടെയാണ് എല്ലാവരും അതു മേടിച്ചത്. അവനൊന്നും മനസ്സിലായില്ല. എന്തു പറ്റി, വന്നവര്‍ക്ക്  ഇഷ്ടക്കേടുണ്ടാകാന്‍ ..?

ആരും അധികമൊന്നും സംസാരിച്ചില്ല. ചായ കുടിച്ചെന്നു വരുത്തി എല്ലാവരുമെഴുനേറ്റു.

“റഫീക്ക് നീയിങ്ങോട്ടു വന്നേ..”

ഖത്തീബ് റഫീക്കിനെ ഒരു ഭാഗത്തേയ്ക്കു മാറ്റി നിര്‍ത്തി കുറെ സംസാരിച്ചു. എന്നിട്ട് എല്ലാവരും പോകുകയും ചെയ്തു.ഇന്ദുവിനും എന്തോ പന്തികേട് മണത്തു. വന്നവര്‍ പോയിട്ടും റഫീക്കിന്റെ മുഖത്തെ ഭാരമൊഴിഞ്ഞിട്ടില്ല. അവനാകെ വിമ്മിഷ്ടപ്പെടുന്നതു പോലെ തോന്നി.

“എന്താ റഫീക്ക്? എന്തു പറ്റി? അവരെന്താ പറഞ്ഞത്?”

“അതു പിന്നെ..വിവരമില്ലാത്തവന്മാര്..ഇതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യങ്ങളല്ലേ..”

“എന്താ കാര്യമെന്നുവെച്ചാല്‍ പറയൂ റഫീക്ക്..”

“അല്ലാ നിന്റെ നെറ്റിയിലെ പൊട്ട് കണ്ടപ്പോള്‍ അവര്‍ക്കെന്തോ ഒരിതു പോലെ..ഞങ്ങടെ പെണ്ണുങ്ങള്‍ പൊട്ടു തൊടില്ലല്ലോ..”

“ഓ..അതാണൊ കാര്യം. നെറുകയിലെ ഈ  പൊട്ട് എന്റെ വലിയ ആഗ്രഹമാ. വീട്ടില്‍ അമ്മയെപ്പോഴും ഇതു ചാര്‍ത്തും. സുമംഗലികളുടെ അവകാശമാണിത്. ഞാന്‍ പണ്ടേ തീരുമാനിച്ചതാ എന്റെ കല്യാണശേഷം എന്നും ഇതണിഞ്ഞു നടക്കണമെന്ന്..”

“അതിനെന്താ..നീ പൂശിക്കോ..അവരുടെ കാര്യം നമ്മളെന്തിനാ നോക്കുന്നേ..?”

ദിവസങ്ങള്‍ മുന്നോട്ടു നീങ്ങുംതോറും ആ ഗ്രാമം അവരെ കൂടുതല്‍ മനസ്സിലാക്കി. അവര്‍ ഗ്രാമത്തെയും. അവിടുത്തെ ശിവക്ഷേത്രം ഗ്രാമത്തിന്റെ ഐശ്വര്യമായിരുന്നു. ആ ഞായറാഴ്ച ഇന്ദുവിന് അവിടെ തൊഴുവാന്‍ വലിയ ആശ. ആവട്ടെ, റഫീക്ക് എതിര്‍ത്തില്ല. എന്നാല്‍ അവന്‍ വരില്ല. ഇന്ദുവിന് വേണമെങ്കില്‍ തനിയെ പോയ്ക്കോളു.

ക്ഷേത്ര മതില്‍കെട്ടിലേയ്ക്ക് കാലെടുത്തു വെച്ചതും പിന്നിലൊരു ശബ്ദം.

“അതേയ് ഒന്നവിടെ നില്‍ക്കൂ..കയറാന്‍ വരട്ടെ..”

ഇന്ദു ഞെട്ടലോടെ മുഖം തിരിച്ചു. പിന്നില്‍ അഞ്ചെട്ടു ചെറുപ്പക്കാര്‍ . കാവിമുണ്ടുടുത്ത, നെറ്റിയില്‍ കുങ്കുമകുറി വരച്ച കൈയില്‍ രക്ഷ കെട്ടിയ കരുത്തന്മാര്‍ . അവര്‍ അടുത്തേയ്ക്കു വന്നു.

“എവിടേയ്ക്കാ ഇത്ര തിരക്കിട്ടു പോണത്? അവിടെ ബോര്‍ഡു കണ്ടില്ലെ? അഹിന്ദുക്കള്‍ക്കു പ്രവേശനമില്ല..!”

“അതിനു..ഞാന്‍  ..ഹിന്ദു.....”

“പ്ഭ!..നീ ഹിന്ദുവോ..കണ്ട തുലുക്കനെ കെട്ടിയ നീയെങ്ങനെയാടീ ഹിന്ദുവാകുന്നത്..?”

നില്‍ക്കുന്നിടം താണുപോകുന്ന പോലെ ഇന്ദുവിനു തോന്നി. ജീവിതത്തിലിതേ വരെ ഇങ്ങനെയൊരു അധിക്ഷേപം അനുഭവിച്ചിട്ടില്ല. അവള്‍ ജീവച്ഛവം പോലെ നിന്നു.

“ഈ നാട്ടിലൊന്നും ഹിന്ദുക്കളില്ലാഞ്ഞല്ലേ.. നീ തുലുക്കന്റെ പുറകേ പോയത്?.. ഒന്നു കാണണം നീയവനേം കൊണ്ടിവിടെ പൊറുക്കുന്നത്..”

കൂടുതല്‍ കേള്‍ക്കാന്‍ നില്‍കാതെ അവളോടി.
കാര്യങ്ങളറിഞ്ഞപ്പോള്‍ റഫീക്കവളെ സമാധാനിപ്പിച്ചു.

“സാരമില്ല..ഇന്ദു. അതു വിവരമില്ലാത്ത മറ്റൊരു കൂട്ടര്.. നീ വിഷമിയ്ക്കാതെ“.

ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും ഒരു നേരിയ ഭയം റഫീക്കിന്റെ ഉള്ളില്‍ വലകെട്ടി. പ്രതീക്ഷിയ്ക്കാത്ത എന്തൊക്കെയോ വരാന്‍ പോകുന്ന പോലെ.വെള്ളിയാഴ്ച ജുമാ നമസ്കാരത്തിനു പള്ളിയിലെത്തിയ റഫീക്കിനെ നാലഞ്ചു ചെറുപ്പക്കാര്‍ വളഞ്ഞു.

“വരൂ ഒരു കാര്യം പറയാനുണ്ട്. നിങ്ങള്‍ ആരെ വേണമെങ്കിലും കെട്ടിയ്ക്കോ..കെട്ടിക്കഴിഞ്ഞാല്‍ അവള്‍ ദീനിയായിരിയ്ക്കണം. മനസ്സിലാകുന്നുണ്ടോ?”

“അല്ല..സുഹൃത്തുക്കളേ..എന്തായിത്? ഞാനൊരു മുസ്ലീം ആണ്. ഞാന്‍ നിസ്കരിയ്ക്കുന്നു, പള്ളിയില്‍ വരുന്നു. എന്റെ ഭാര്യ ഹിന്ദു മതത്തില്‍ ജനിച്ചവളാണ്. അവള്‍ക്കിഷ്ടമുണ്ടെങ്കില്‍ മുസ്ലീമാവട്ടെ. ഞാനായിട്ട് നിര്‍ബന്ധിയ്ക്കില്ല. ഇത് നിങ്ങളെന്തിനാണ് പ്രശ്നമാക്കുന്നത്?”

“ആഹാ..ഒരു മുസ്ലീമായ നിങ്ങള്‍ തന്നെ ഇങ്ങനെ പറയണം.  മുസ്ലീമിന് ഒരു കാഫിറിനെ ഭാര്യയായി വച്ചുകൊണ്ടിരിയ്ക്കാന്‍ പാടില്ലാന്ന് നിങ്ങള്‍ക്കറിയില്ലേ..ചെറുപ്പത്തില്‍ മദ്രസയില്‍ പോയിട്ടില്ലേ..?”

“അതൊക്കെ എനിക്കറിയാം. പക്ഷേ ഇതൊക്കെ ഇവിടെ സംസാരിയ്ക്കുന്നതെന്തിനാ?”

“പിന്നെവിടാടാ സംസാരിയ്ക്കേണ്ടത്? നീ ഞങ്ങളെ പഠിപ്പിയ്ക്കാനാ ഭാവം? കുറീം തൊട്ടോണ്ട് നിന്റെ ഭാര്യ ഇതിലെ നടക്കില്ല. മനസ്സിലായോ?”

അവരുടെ സംസാരത്തില്‍ വന്ന മാറ്റം കണ്ട് റഫീക്ക് ഞെട്ടിപ്പോയി. ഒന്നും മിണ്ടാനാവാതെ അവന്‍ നിന്നു. അപ്പോള്‍ ആ ബഹളം കേട്ട് ഖത്തീബ് അങ്ങോട്ടു വന്നു.

“എന്താ പ്രശ്നം? ആഹാ നീയോ..എന്താടോ റഫീക്കെ?”

റഫീക്ക് ദയനീയമായി ഖത്തീബിനെ നോക്കി. ഖത്തീബ് അവനെ ഒരു ഭാഗത്തേയ്ക്ക് മാറ്റി നിര്‍ത്തി. എന്നിട്ടു മറ്റുള്ളവരോടായി പറഞ്ഞു:

“ഇവന്‍ ഇവിടെ നിസ്കരിയ്ക്കാന്‍ വന്നതാണ്. അവന്‍ മുസ്ലീമുമാണ്. മറ്റു കാര്യങ്ങളൊന്നും ഇവിടെ സംസാരിയ്ക്കണ്ട. മനസ്സിലായോ?”

“ഖത്തീബ് അവനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കോണം. ഒരു മുസ്ലീമിന്റെ ഭാര്യ അന്യമതക്കാരിയായി ഈ നാട്ടില്‍ നടക്കാന്‍ പറ്റില്ല”

“ങ്ങാ.. അതൊക്കെ ഞാന്‍ പറഞ്ഞോളാം.. നിങ്ങളു പോയാട്ടെ..” ഖത്തീബ് അവരെ പറഞ്ഞയച്ചു.

“മോനെ റഫീക്കെ, നീയായിട്ട്വ്ടെ കൊഴപ്പം ഉണ്ടാക്കല്ല്. പടച്ചോനും നബിയും പറഞ്ഞ കാര്യങ്ങളൊന്നുമല്ല ഇവിടെ നടക്കുന്നത്. എനിക്കിത്രയേ പറയാനുള്ളു..” ഖത്തീബ് പള്ളിയിലേയ്ക്ക് കയറിപ്പോയി.

അന്നു രാത്രി മുഖത്തോടു മുഖം നോക്കിയിരിയ്ക്കേ റഫീക്കിനും ഇന്ദുലേഖയ്ക്കും കാര്യങ്ങളുടെ പോക്ക് ഏറെക്കുറെ മനസ്സിലായി. അരണ്ട ബള്‍ബ് വെളിച്ചത്തില്‍ ഇന്ദുവിന്റെ മേല്‍നെറ്റിയിലെ ചുവന്ന കുങ്കുമപൊട്ട് തന്റെ കണ്ണുകളെ കുത്തി നോവിയ്ക്കുന്നതു പോലെ അവനു തോന്നി. ഇന്നലെ വരെ അത് അവിടുള്ള കാര്യം ശ്രദ്ധിച്ചതേയില്ല. കനത്ത നിശബ്ദത ചെവിയില്‍ ഒരു വണ്ടിനെപോലെ മൂളിക്കൊണ്ടിരുന്നു.

“ഇന്ദു..നിനക്ക് മുസ്ലീമായിക്കൂടെ..?” റഫീക്കറിയാതെ ആ വാക്കുകള്‍ വെളിയില്‍ ചാടി.

അവള്‍  തറച്ചു നോക്കി. അവന്റെ കണ്ണുകള്‍ താഴ്ന്നു.

“ഓഹോ..ഇതാണല്ലേ പരസ്പരം അംഗീകരിയ്ക്കുമെന്ന വാക്ക്? ഞാന്‍ നിങ്ങളെയാണ് ഇഷ്ടപ്പെട്ടത്, നിങ്ങളുടെ മതത്തെയല്ല..”

“എനിയ്ക്കറിയാം ഇന്ദു. നീ നോക്ക് എന്തെല്ലാം പ്രശ്നങ്ങളാ.. നമുക്കിവിടെ എങ്ങനെ സമാധാനത്തോടെ കഴിയാന്‍ പറ്റും? നീ പുറമേയ്ക്കെങ്കിലും അങ്ങനെയൊരു വേഷം കെട്ട്..മതം മാറുകയൊന്നും വേണ്ട..”

“എന്തിനാ? ആരെ പേടിച്ചിട്ടാ..? ഞാന്‍ മതം മാറിയാല്‍ കൊല്ലാന്‍ വേറൊരു കൂട്ടരില്ലേ.. അവരോടെന്തു പറയും? അല്ലെങ്കില്‍ റഫീക്ക് ഹിന്ദുവാകുമോ? ”

റഫീക്കിന് ഒന്നും പറയാനുണ്ടായിരുന്നില്ല. അവന്‍ ഒന്നും മിണ്ടാതെ കട്ടിലിലേയ്ക്ക് ചാഞ്ഞു കിടന്നു.

പിറ്റേന്നു രാവിലെ അവന്‍ പോലീസ് സ്റ്റേഷനിലേയ്ക്കു പോയി. വെള്ളക്കടലാസില്‍ എഴുതിയ പരാതി എസ്.ഐ. ഓടിച്ചു വായിച്ചിട്ട് റഫീക്കിന്റെ മുഖത്തേക്കു നോക്കി.

“സുഹൃത്തേ തന്റെ പ്രശ്നം എനിയ്ക്കു മനസ്സിലായി. ഇക്കാര്യത്തില്‍ എനിയ്ക്കെന്തു ചെയ്യാന്‍ പറ്റും? വേണമെങ്കില്‍ നിങ്ങളീപറഞ്ഞ ആള്‍ക്കാര്‍ക്കെതിരെ ഞാന്‍ കേസെടുക്കാം. പക്ഷെ അതുകൊണ്ടെന്തു കാര്യം? പിന്നെ നിങ്ങള്‍ക്കവിടെ താമസിയ്ക്കാന്‍ പറ്റുമോ? പോലീസിനെപ്പൊഴും നിങ്ങള്‍ക്കു കാവലിരിയ്ക്കാന്‍ പറ്റില്ല. അതുകൊണ്ട് എന്താ വേണ്ടതെന്നു ആലോചിയ്ക്ക്. അല്ല അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുവാ,  നിനയ്ക്ക് സ്വന്തം സമുദായത്തില്‍ നിന്നും കൊള്ളാവുന്ന ബന്ധമൊന്നും കിട്ടിയില്ലേ?”

റഫീക്ക് നിശ്ശബ്ദനായി താഴേയ്ക്ക് നോക്കി നിന്നു.

“സുഹൃത്തേ നിന്നെ വിഷമിപ്പിയ്ക്കാന്‍ പറഞ്ഞതല്ല. ഇതാണ് ഇവിടുത്തെ സാഹചര്യം. ആദര്‍ശങ്ങള്‍ പറയാനെളുപ്പമാണ്. നടപ്പാക്കാനാണ് വിഷമം. ഞാനെന്താ ചെയ്യേണ്ടത്? കേസെടുക്കണോ വേണ്ടയോ?”

ഒന്നും മിണ്ടാതെ പരാതിക്കടലാസ് തിരികെ മേടിച്ച് റഫീക്ക് ഇറങ്ങിപ്പോന്നു.
പിറ്റേന്ന് പല ചുവരുകളിലും പോസ്റ്ററുകള്‍ പതിഞ്ഞു:

“ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റാനുള്ള ഗൂഡതന്ത്രം. ലവ് ജിഹാദ്. “
“ലവ് ജിഹാദികളെ ഒറ്റപ്പെടുത്തുക”.

റഫീക്കിന് ഭയം കൊണ്ട് പുറത്തിറങ്ങാനായില്ല. ഇന്ദുവിനുമതേ.എന്തൊക്കെയാണ് തങ്ങള്‍ക്കു ചുറ്റും സംഭവിയ്ക്കുന്നതെന്നവര്‍ക്ക് മനസ്സിലായില്ല. പുറത്ത് റോഡില്‍ അപരിചിത മുഖങ്ങള്‍ തെളിഞ്ഞുവരാന്‍ തുടങ്ങി. ആരൊക്കെയോ ആ കൊച്ചു വീട്ടിലേയ്ക്ക് തുറിച്ചു നോക്കിക്കൊണ്ട് അടക്കം പറഞ്ഞു. മരണത്തിന്റെ കറുത്ത ഗന്ധം വായുവിലെങ്ങും തങ്ങിനില്‍ക്കുന്നതു  പോലെ അവര്‍ക്കു തോന്നി.         മുന്നിലെ അഗാധ ഗര്‍ത്തത്തിലേയ്ക്ക്
നോക്കിയപ്പോള്‍ കാല്‍ചുവട്ടില്‍ നിന്നും ഒരു പെരുപ്പ് ഉച്ചിയിലേയ്ക്ക് പ്രവഹിച്ചു. ചുറ്റുനിന്നും മുറുകി വരുന്ന  കെണി. അതു തങ്ങളെ ഞെരിച്ചമര്‍ത്താന്‍ തുടങ്ങിയിരിയ്ക്കുന്നു. കട്ടിലില്‍ കുനിഞ്ഞിരുന്ന് നിശബ്ദം അവര്‍ തേങ്ങി.

"റഫീക്ക്..എനിയ്ക്കിതു താങ്ങാന്‍ പറ്റുന്നില്ല.. എന്താണ് നമ്മള്‍ ചെയ്യുക? നമുക്ക് മറ്റെവിടേയ്ക്കെങ്കിലും പോകാം..”
ഇന്ദു അവന്റെ തോളില്‍ കൈ വച്ചു.

“ഒരു കാര്യവുമില്ല ഇന്ദു. നാമെവിടെ പോയാലും ഇതു നമ്മളെ പിന്തുടരും..ഇനി മുതല്‍ അവരുടെ കണ്ണുകള്‍ നമ്മെ പിന്തുടര്‍ന്നു കൊണ്ടേയിരിയ്ക്കും. നിനക്ക് ഇന്ദുവായിരുന്നുകൊണ്ട് എന്റെ ഭാര്യയായി തുടരാനാവില്ല. നമ്മള്‍ പ്രണയിച്ചപ്പോഴൊന്നും നമ്മുടെ മതത്തെക്കുറിച്ച് ചിന്തിച്ചില്ല. അതൊരു വലിയ മണ്ടത്തരമായിപ്പോയോ?”
അവള്‍ അവന്റെ കണ്ണുകളിലേയ്ക്കുറ്റു നോക്കി.

“പറയൂ ഞാനെന്തു ചെയ്യണം? മതം മാറണമോ?”

“അതുകൊണ്ടു കാര്യമില്ല ഇന്ദു..അവിടെയും പ്രശ്നങ്ങള്‍ അവസാനിയ്ക്കില്ല. കൂടുതല്‍ സങ്കീര്‍ണമാവുകയേ ഒള്ളു. നമുക്കൊരു കുഞ്ഞുണ്ടായാല്‍ അത് ഹിന്ദുവായിരിയ്ക്കുമോ മുസ്ലീമായിരിയ്ക്കുമോ? ഇതിലൊന്നില്‍ പെടാതെ അതെങ്ങനെ ജീവിയ്ക്കും?“

“പിന്നെ നമ്മളെന്തു ചെയ്യും റഫീക്ക് ? നമ്മുടെ വീട്ടുകാര്‍ക്ക് നമ്മളെ വേണ്ടല്ലോ? ”

റഫീക്ക് ശബ്ദമില്ലാതെ ചിരിച്ചു:  “ഇന്ദുവിന് തിരിച്ചു പോകാന്‍ തോന്നുന്നുണ്ടോ?”

“ഇല്ല റഫീക്ക്. എന്നെ വേണ്ടാത്തിടത്തേയ്ക്ക് ഞാനില്ല. റഫീക്കിനു പോകണമെങ്കില്‍ പൊയ്ക്കൊള്ളു..”

റഫീക്ക് അവളുടെ കൈയില്‍ പതിയെ തലോടി.

“ഇല്ല ഇന്ദു, നിന്നെ പാതി വഴിയില്‍ തനിച്ചാക്കി ഞാനെങ്ങും പോകുന്നില്ല. നിനക്ക് ധൈര്യമുണ്ടോ എന്നോടൊപ്പം നില്‍ക്കാന്‍ ?”

“എന്തു ചോദ്യമാണിത് റഫീക്ക്? ഞാന്‍ പിന്നെ ആരോടൊപ്പമാണ് നില്‍ക്കേണ്ടത്?”

“എന്നാല്‍ വരൂ..നമ്മള്‍ ഒന്നിച്ച് കൈപിടിച്ച് ഇതിലെയെല്ലാം നടക്കും. എല്ലാവരും കാണട്ടെ.നീയാ കുങ്കുമം നെറ്റിയില്‍ ചാര്‍ത്തൂ..നെറുകയിലും ചാര്‍ത്തിക്കൊള്ളു..“

അനന്തരം അവര്‍ കൈകള്‍ ചേര്‍ത്തുപിടിച്ചു കൊണ്ട് വെളിയിലേയ്ക്കിറങ്ങി. റോഡിലൂടെ തലയുയര്‍ത്തി  നടന്നു.അവന്‍ നിസ്കാരത്തൊപ്പി തലയിലണിഞ്ഞിരുന്നു. മുണ്ട് ഇടത്തോട്ടുടുത്തിരുന്നു. അവളുടെ നെറ്റിയിലും നെറുകയിലും കുങ്കുമം തിളങ്ങി നിന്നു. നേരിയ ഇരുട്ട് എല്ലായിടത്തും പരന്നിട്ടുണ്ട്. ഒരു കരിമൂര്‍ഖന്‍ അവരുടെ മുന്‍പില്‍ കൂടി ഇഴഞ്ഞു പോയി. കൂമന്മാര്‍ തലയ്ക്കു ചുറ്റും ചിറകടിച്ചു.
പെട്ടെന്ന് റോഡിന്റെ ഇരു വശത്തുമുള്ള കുറ്റിക്കാട്ടില്‍ നിന്നും ഒരു കൂട്ടം ചെന്നായ്ക്കള്‍ അവരുടെ മേലെ ചാടി വീണു. രൂപവ്യത്യാസം ഉണ്ടെങ്കിലും അവയെല്ലാം ഒരേയിനത്തില്‍ പെട്ടവയാണ്. അവറ്റകള്‍ റഫീക്കിന്റെയും ഇന്ദുലേഖയുടേയും ശരീരമാകെ കടിച്ചുകീറി.  വേദനയിലും അവര്‍ കെട്ടിപ്പുണര്‍ന്നു കിടന്നു. ആ ചെന്നായ്ക്കള്‍  അവരുടെ ഇളം മാംസം സ്വാദോടെ കടിച്ചു പറിച്ചു തിന്നു. ചെറുചൂടുള്ള ചോര ആവോളം നക്കിക്കുടിച്ചു.
അവസാനം രണ്ടസ്ഥിപഞ്ജരങ്ങള്‍ മാത്രം അവശേഷിച്ചു. ചുണ്ടില്‍ പറ്റിയിരുന്ന അവസാന തുള്ളി ചോരയും നാവു നീട്ടി നക്കിയെടുത്തുകൊണ്ടവ കുറ്റിക്കാട്ടിലേയ്ക്കു തിരികെ പോയി. 
തെറിച്ചു വീണ ഏതാനും ചോരത്തുള്ളികള്‍ അവിടവിടെ വീണുകിടന്നു, ആ പ്രണയത്തിന്റെ ബാക്കി പത്രമായി.

44 Comments, Post your comment:

ബിജുകുമാര്‍ alakode said...

ഒരു അനാവശ്യ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഞാന്‍ “ഋതു”വില്‍ നിന്നും പിന്മാറിയിരുന്നുവെങ്കിലും എന്നെ സ്നേഹിയ്ക്കുന്ന കഥയെ സ്നേഹിയ്ക്കുന്ന ചില സുമനസ്സുകളുടെ അഭ്യര്‍ത്ഥന അംഗീകരിച്ചു കൊണ്ട് ഒരു കഥ കൂടി പോസ്റ്റ് ചെയ്യുന്നു.

yousufpa said...

ജിഹാദിന്റെ അർഥം ഒരാദർശത്തിനു വേണ്ടി ജീവന്മരണ സമരം ചെയ്യുക എന്നാണ്. ഇവിടെ ഈ യുവമിഥുനങ്ങൾ ചെയ്തതും അതാണ്. ഇതാണ് യഥാർത്ഥ “ലൌ ജിഹാദ്”

നിഴല്‍പ്പാട് said...

നല്ല കഥ...നമ്മുടെ നാട്ടുകാര് ഇത് വായിക്കട്ടെ...നമ്മുടെ NDF കാരും RSS കാരും ഈ നാട്ടിലുള്ള കാലത്തോളം ഈ നാട് നന്നാവില്ല

mayflowers said...

വിഷയം നന്നായി.
പ്രണയ വിവാഹങ്ങള്‍ സര്‍വ സാധാരണമാണെന്നു നമുക്കൊക്കെ അറിയാം.പിന്നെ എന്തിനാണ് ചിലര്‍ അതിനു ഒരു പ്രത്യേക വര്‍ണം കൊടുക്കുന്നത്?

ആളവന്‍താന്‍ said...

ആഹാ.... മനോഹരമായ വിഷയം അതി മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. സത്യത്തില്‍ ചെറിയ ഒരു പേടിയും സമ്മാനിച്ചു. പ്രേമിക്കുമ്പോള്‍ സ്വന്തം മതത്തില്‍ നിന്ന് തന്നെ വേണം എന്ന പ്രാക്റ്റിക്കല്‍ മനോഭാവം ഇനിയുള്ള കാലം നന്നാവും എന്ന് തോന്നുന്നു.
പിന്നെ “കനത്ത നിശബ്ദത ചെവിയില്‍ ഒരു വണ്ടിനെപോലെ മൂളിക്കൊണ്ടിരുന്നു” എന്ന പ്രയോഗം തീരെ അങ്ങോട്ട്‌ ദഹിക്കുന്നില്ല.

ബിജുകുമാര്‍ alakode said...

ഹായ് യൂസുഫ്, അയമുട്ടിക്ക,മേയ് ഫ്ലവേഴ്സ്,ആളവന്താന്‍ അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി.
@ ആളവന്താന്‍ : യാതൊരു അനക്കവുമില്ലാത്ത നിശബ്ദതയില്‍ ഒന്നു കാതൊര്‍ക്കൂ, ചെവിയില്‍ ഒരു മൂളല്‍ കേള്‍ക്കാം.(അതിനു വൈദ്യശാസ്ത്രപരമായ കാരണങ്ങള്‍ ഉണ്ടാവാം. :-)) ഇക്കാര്യം ചൂണ്ടിക്കാണിച്ചതിനു നന്ദി.

MOIDEEN ANGADIMUGAR said...

കൊള്ളാം ബിജു, കഥ നന്നായി.

Shyam 'D'signs said...

ഈ ലേഖനം വളരെ ഹ്രദയ സ്പർശിയും മനൊഹരമായും അവതരിപ്പിക്കാൻ ബിജുവിനു കഴിഞ്ഞിട്ടുണ്ട്,മതവും ജാതിയും ഒക്കെ ഒരു വ്യക്തിയുടെ സ്വകാര്യ അവകാശങ്ങൾ ആണു,
സമൂഹത്തിന്റെ ഈ സങ്കുചിത മനോഭാവത്തിനു ഒരിക്കൽ മാറ്റം വെരും എന്ന് ഞാനും ആഗ്രഹിക്കുനു

noonus said...

നല്ല കഥ വായിക്കാന്‍ സുഗമുള്ള അവതരണം കൂടുതല്‍ പറയാന്‍ ഞാനില്ല.......

mini//മിനി said...

കഥ വളരെ നന്നായി.

lekshmi. lachu said...

വിഷയം നന്നായി..മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

Sidheek Thozhiyoor said...

സമകാലീക വിഷയം വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു ..നന്നായി അഭിനന്ദനങ്ങള്‍..

കുഞ്ഞൂസ് (Kunjuss) said...

കാലിക പ്രസക്തിയുള്ള വിഷയം,വളരെ നന്നായി അവതരിപ്പിച്ചു. കഥയുടെ അവസാനം ഹൃദയസ്പര്‍ശിയായി!

Anonymous said...

നല്ല കഥ.അവസാനം വളരെ നന്നായിട്ടുണ്ട്.

Anonymous said...

ബിജു അഭിനന്ദനങള്‍!കാലിക പ്രസക്തിയുള്ള വിഷയം,വളരെ നന്നായി അവതരിപ്പിച്ചു. കഥയുടെ അവസാനം ഹൃദയസ്പര്‍ശിയായി..

Aarsha Abhilash said...

കാലിക പ്രസക്തി ഉള്ള നോട്ട് ... ഇനിയും തുടരൂ.. ഇവിടെയൊക്കെ തന്നെ കാണണം :)

Anonymous said...

ബിജു 'ഋതു ' വിലേക്ക് തിരിച്ചു വന്നതില്‍ വളരെ സന്തോഷിക്കുന്നു . ഏറെ കാലിക പ്രസക്തിയുള്ള വിഷയം , അതിന്‍റെ എല്ലാ വശങ്ങളെയും സ്പര്‍ശിച്ചു കൊണ്ട് തന്നെ അവതരിപ്പിച്ചു . ശരിയാണ് ,പൂര്‍ണമായും ശരിയാണ് ഇങ്ങിനെ ഒരു വിവാഹം ഇന്നത്തെ കാലത്ത് നടന്നാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് . വിദ്യാഭ്യാസം കൂടിയപ്പോള്‍ നമുക്ക് വിവേകം നഷ്ടപ്പെട്ടു.

മനുഷ്യന്‍ സൃഷ്ടിച്ച മതങ്ങളെയും മതങ്ങള്‍ സൃഷ്ടിച്ച ദൈവങ്ങളെയും ചുമന്നു കൊണ്ട് നടക്കുന്നവര്‍ക്ക് സ്നേഹത്തിന്‍റെ 'മതം ' മനസ്സിലാവുകയില്ലല്ലോ .

ആശംസകള്‍ .അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു .

റഫീക്ക്.പി .എസ് said...
This comment has been removed by the author.
റഫീക്ക്.പി .എസ് said...

അവതരണം വളരെ നന്നായിരിക്കുന്നു ,ഒരു മിച്ചു ജീവിക്കെണ്ടാവര്‍ ആരെന്നു നമ്മുടെ സമൂഹം ശില ലിഖ്ഹിതങ്ങളിലെഴുതി ചേര്‍ത്തിരിക്കുന്നു ,‍ സ്മുധയതിന്റെ മൊത്തം സംരക്ഷകര്‍ എന്ന് സ്വയം അവകാശപ്പെടുന്ന വിഡ്ഢികള്‍ അറിയുന്നില്ലല്ലോ മനുഷ്യ സ്നേഹം എന്താണെന്നു ...ആശംസകള്‍ ഭായ് ,ഇനിയും പ്രതീക്ഷിക്കുന്നു ....

Anonymous said...

FREE Kerala Breaking News in your mobile inbox.

From your mobile just type ON KERALAVARTHAKAL & sms to 9870807070

മഴനിലാവ് said...

വളരെ നന്നായിരിക്കുന്നു ...,
ഹൃദയ സ്പര്‍ശിയായ അവതരണം ..
ആശംസകള്‍ .

അനില്‍കുമാര്‍ . സി. പി. said...

ഒരുപാട് പറഞ്ഞ് കേട്ട ഒരു ശരാശരി കഥയായി തോന്നി തുടക്കത്തിലെങ്കിലും അവസാന ഒരു ഖണ്ഡിക അതിനെ ഉജ്ജ്വലമാക്കി. ആശംസകള്‍.

Manoraj said...

ബിജു ആദ്യമേ തന്നെ ഋതുവിലേക്ക് പിണക്കം മറന്ന് തിരികെയെത്തിയതിൽ സന്തോഷം. കഥക്ക് ഉപയോഗിച്ച വിഷയവും പറഞ്ഞ രീതിയും നന്നായി.

ആചാര്യന്‍ said...

വളരെ നല്ലത് കാലഘട്ടത്തിനു ആവശ്യമാണ്‌ ഇങ്ങനെയുള്ള ഓര്‍മപ്പെടുത്തലുകള്‍ ബിജുചെട്ടാ തുടര്‍ന്നും എഴുതൂ വായിക്കട്ടെ എല്ലാരും മതമില്ലാത്ത ജീവന്‍...

K@nn(())raan*خلي ولي said...

ആരാണ് ഇങ്ങലെന്നു ചിന്തിക്കുവാ ഈ കണ്ണൂരാന്‍. ഇപ്പം ഇവിടെത്തി. ഇനി വായിച്ചിട്ട് കമന്റാം. ഏതായാലും ആലെക്കിട്ടിയല്ലോ.
പടച്ചോനെ, നന്ദി.

K S Sreekumar said...

സമകാലിക് പ്രശക്തിയുള്ള വിഷയം, നന്നായിട്ടുണ്ട്.

Anonymous said...

ബിജുവേട്ടാ ...... നല്ല വിഷയം ..ഈ ലോകത്ത് മതവും ഇവിടെ മനുഷ്യരും ഉള്ള കാലത്തോളം ഈ അവസ്ഥയ്ക്ക് യാതൊരു മാറ്റവുമുണ്ടാവില്ല ........... എന്റെ ഭാവുകങ്ങള്‍

K@nn(())raan*خلي ولي said...

ഇതാ, ഇപ്പോള്‍ ഒന്നുകൂടെ വായിച്ചു. ഹംസക്കാന്റെ കൂതറക്കവിതയ്ക്ക് ശേഷം അഞ്ചിലധികം തവണ വായിക്കുന്ന പോസ്റ്റ്‌ ഇതാണ്. ആദ്യാവസാനം നെന്ച്ചുരുക്കി. ഇങ്ങള് കണ്ണൂരാന്റെ നാടുകാരനായത്തില്‍ അഭിമാനം.
വീണ്ടും കാണാം.
ലൌജിഹാദ്‌.. ലാല്‍സലാം..

LAL said...

കഥ മനോഹരം ... നമ്മുടെ സാമൂഹ്യ നന്മയെ കടിച്ചു കീറാന്‍ വെമ്പുന്ന ആ ചോര കൊതിയന്‍ ചെന്നയ്കളെ സമൂഹം തിരിച്ചറിയട്ടെ .. അവരെ ഒറ്റ പെടുത്തട്ടെ .. അടിവാദ്യങ്ങള്‍ .......

Minesh Ramanunni said...

ഋതുവില്‍ ബിജുകുമാര്‍ എന്ന് കണ്ടതും വളരെ സന്തോഷം തോന്നി. ഋതു വീണ്ടും ബിജുകുമാറിന്റെ കഥകള്‍ കൊണ്ട് പൂത്തു തളിര്‍ക്കട്ടെ. സഹൃദയര്ക്കിടയില്‍ പിണക്കത്തിന് സ്ഥാനമില്ല എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞില്ലേ . നന്ദി ബിജു ഈ പുനര്ചിന്തക്ക് . താങ്കളുടെ ഭാഷക്ക് നല്ല കരുത്തുണ്ട് അത് ഋതുവിന് കരുത്തേകും തീര്‍ച്ച .

പിന്നെ കഥയുടെ പ്രമേയം വളരെ പഴയതാണെങ്കിലും പുതിയ സാഹചര്യത്തില്‍ ഈ പ്രമേയം വളരെ നന്നായിരിക്കുന്നു . മതില്‍ക്കെട്ടുകള്‍ വീണ്ടും ഉയരുമ്പോള്‍ ഇത്തരം രചനകള്‍ ആവശ്യമാണ് . അഭിനന്ദനങ്ങള്‍ വീണ്ടും.

കഥ വായിക്കുന്ന മറ്റുള്ളവരോട് , ബഷീറിന്റെ പ്രേമലേഖനം ഇതോടൊപ്പം വായിച്ചിരിക്കേണ്ട മനോഹരമായ ഒരു കഥയാണ് . സാറാമ്മയെ പ്രനിയിക്കുന്ന കേശവന്‍ നായരുടെ കഥ.

ഒരിക്കല്‍ കൂടി നന്ദി തിരിച്ചു വന്നതിനു . അതോടൊപ്പം വീണ്ടും നല്ല കഥകള്‍ക് വേണ്ടി പ്രതീക്ഷയോടെ ...

മുരളി I Murali Mudra said...

ബിജുകുമാറിനെ വീണ്ടും ഋതുവില്‍ കണ്ടതില്‍ സന്തോഷം.
കഥ നന്നായി.

വിനയന്‍ said...

ബിജുകുമാര്‍ എന്ന പേര് കണ്ടപ്പോള്‍ ഒരു 'അത് താനല്ലയോ ഇത് എന്ന് വര്‍ണ്യത്തിലാശങ്ക' ഉണ്ടാവാതിരുന്നില്ല... കമന്റു കണ്ടപ്പോള്‍ പഴയ ആള്‍ തന്നെയെന്ന് മനസ്സിലായി.വീണ്ടും താങ്കളെ ഋതുവില്‍ കണ്ടതില്‍ സന്തോഷം. വീണ്ടുമൊരു നല്ല കഥ വായിച്ചതിലുള്ള സന്തോഷവും പങ്കുവെക്കട്ടെ.
പ്രസക്തമായ വിഷയത്തെ നന്നായി അവതരിപ്പിച്ചു.
--പതിവ് തെറ്റിക്കുന്നില്ലല്ലോ, ഇതും ദുരന്ത പര്യവസായി തന്നെയാണല്ലോ--
അല്ലെങ്കിലും ഈ കഥ ദുഃഖപര്യവസായിയാവാതെ തരമില്ലല്ലോ അല്ലെ?...

ബിജുകുമാര്‍ alakode said...

അഭിപ്രായം പറഞ്ഞ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി. തര്‍ക്കത്തിന്റെ പേരില്‍ നല്ല ഒരു പ്രസ്ഥാനം മുരടിയ്ക്കരുതല്ലോ എന്ന ചിന്തയുണ്ടായപ്പോള്‍ കഴിഞ്ഞതെല്ലാം മറക്കാന്‍ തോന്നി. അങ്ങനെ വീണ്ടും എത്തി.
@ വിനയന്‍ : ധാരാളം നര്‍മ്മകഥകള്‍ എന്റെ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്. സമയമുള്ളപ്പോള്‍ അതിലെ പോകൂ.

Anonymous said...

പ്രിയ ബിജുകുമാര്‍, മതം ഇല്ലാതെ ജീവിക്കാന്‍ വഴിയെങ്ങില്‍ മൂന്നാമത് ഒരു മതം സ്വീകരിക്കാന്‍ പറയാമായിരുന്നില്ലേ, വിഡ്ഢി കൂഷ്മണ്ടാത്തോട്‌. "ഗോപാല്‍" നമ്മുടെ നാട് ചെന്നായ്‌ക്കളുടെ കൈയില്‍ അകപ്പെടാതിരിക്കട്ടെ!!!!.

ബിജുകുമാര്‍ alakode said...

@ അനോണി :>>മതം ഇല്ലാതെ ജീവിക്കാന്‍ വഴിയെങ്ങില്‍ മൂന്നാമത് ഒരു മതം സ്വീകരിക്കാന്‍ പറയാമായിരുന്നില്ലേ, വിഡ്ഢി കൂഷ്മണ്ടാത്തോട്‌.<<
-താങ്കള്‍ ഉദ്ദേശിച്ചത് എനിയ്ക്ക് മനസ്സിലായിട്ടില്ല. ഇവിടെ ആ പ്രണയിനികള്‍ക്ക് മതം ഒരു വിഷയമല്ല. ജനിച്ച മതാചാരങ്ങള്‍ പിന്തുടരുന്നു എന്നു മാത്രം. പ്രശ്നം മുഴുവന്‍ മറ്റുള്ളവര്‍ക്കാണ്. മൂന്നാമത്തെയോ നാലാമത്തെയോ മതം സ്വീകരിച്ചതു കൊണ്ടെന്തു കാര്യം, മത സമൂഹത്തിന്റെ മനൊഭാവം മാറാതെ?

sm sadique said...

എന്റെ മനസ്സിനെ സ്പർശിച്ച കഥ.(ജീവിതം)
മനോഹരമായ അവതരണം!

Anonymous said...

പ്രിയ ബിജുകുമാര്‍, മത സമൂഹത്തിന്റെ മനോഭാവം മാറ്റാന്‍ ഈശ്വരന്‍ വരുമോ? ഈ പ്രനൈയിനികെല്‍ക്കെ കഴിയൂ. ഹിന്ദു ആയാല്‍ മുസ്ലിം കൊല്ലും മുസ്ലിമായാല്‍ തിരിച്ചും അപ്പോള്‍ മറ്റൊന്നായാല്‍ ഇവരെ ആരുകൊല്ലും ഒരു പരീക്ഷണം. അത്രയേ ഉദ്ദേശിച്ചുള്ളൂ. ഭൂമി ഉരുണ്ടതാണെന്ന് പറയുന്നതില്‍ പ്രസക്തിയുണ്ടോ? "ഗോപാല്‍"

ജയരാജ്‌മുരുക്കുംപുഴ said...

katha valare nannaayi..... aashamsakal.........

ღ♥ღമാലാഖക്കുഞ്ഞ്ღ♥ღ said...

കൊള്ളാം നല്ല കഥ
പക്ഷെ ഇങ്ങനെ ചിന്തിക്കുന്നവരൊക്കെ ഇപ്പോളും ഉണ്ടോ?

ബിജുകുമാര്‍ alakode said...

@ മാലാഖകുഞ്ഞേ, നിഷ്കളങ്കമായ ചോദ്യം തന്നെ. എന്നാല്‍ യാഥാര്‍ത്ഥ്യങ്ങള്‍ എത്രയോ വ്യത്യസ്ഥം. എന്റെ നാടായ കണ്ണൂ‍ര്‍ തളിപ്പറമ്പില്‍ ഒരു ദിവസം ഒരു യുവാവിനേയും യുവതിയേയും കൂള്‍ ബാറില്‍ നിന്നും പിടിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ചു. യുവാവിനെ തല്ലി അവശനാക്കി. അവര്‍ സഹപാഠികള്‍ ആയിരുന്നു. മര്‍ദനകാരണം, ഇരുവരും രണ്ടുമതത്തില്‍ പെട്ടവരായിരുന്നു എന്നതു മാത്രം!

haari said...

നല്ല കഥ ഹൃദ്യമായ രീതിയില്‍ പറഞ്ഞു ..
(കാലഹാരണ പെടേണ്ട വിഷയമാണെങ്കിലും കഷ്ടകാലം എന്നല്ലാതെ എന്ത് പറയാന്‍ ഇന്നും പണ്ടത്തേക്കാള്‍
കൂടുതല്‍ പ്രസക്തം അല്ലെ ?)

Unknown said...

Blood Thirst and Lust of Fanatic Wolfs will never ever end...your writing is a fighting against them...keep up ..!

Loveandlike said...

നമ്മുടെ നാട്ടിലെ എല്ലാ മത നേതാക്കളും വായിക്കാൻ കഴിഞിരുന്നു എങ്കിൽ കേരളക്കരയുടെ കണ്ണ് തുറക്കാമായിരുന്നു.

shajeer said...

മിനി നമ്പൂതിരി@ ഞാന്‍ ഒന്ന് തിരുത്തിക്കോട്ടെ..മനുഷ്യന്‍ അല്ല മതങ്ങളെ സൃഷ്ടിച്ചത്..അങ്ങനെ ഒരു ഉറപ്പു ഉണ്ടെങ്കില്‍ ഉണ്ടെങ്കില്‍ ഓരോ മതവും സൃഷ്‌ടിച്ച ആള്‍കാരെ ഒന്ന് പരിചയപ്പെടുതാമോ?