സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!മക്കൾ‌മാഹാത്മ്യം

July 16, 2010 mini//മിനി

      വളരെനേരത്തെ കൊച്ചുവർത്തമാനങ്ങൾക്ക് ശേഷം മിസ്സിസ്സ് സുശീല എസ്. വാരിയർ ആ വീട്ടിൽ‌നിന്നും യാത്രചോദിച്ച് പുറത്തിറങ്ങി. അവർ പുറത്തിറങ്ങിയ നിമിഷം മുതൽ മിസ്സിസ്സ് രാജമ്മ ജി. നായർ തീവ്രമായ ചിന്തയിലാണ്.
തന്റെ ജീവിതത്തിൽ അങ്ങനെയൊക്കെ സംഭവിക്കുമോ?
,,,
                       നാല് മക്കളുടെ അമ്മയായ രാജമ്മ, ഭർത്താവ് മരിച്ചതോടെ സീമന്തരേഖയിലെ കുങ്കുമം മായ്‌ച്ചെങ്കിലും താലിമാല അഴിക്കുകയോ പേരിന്റെ കൂടെയുള്ള, നല്ലപാതിയായ നായരെ മുറിച്ചുമാറ്റുകയോ ചെയ്തിട്ടില്ല. ഭർത്താവിന്റെ മരണശേഷം മക്കളും മരുമക്കളും പേരമക്കളുമൊത്ത് അവർ സസുഖം സസ്നേഹം ജീവിക്കുകയാണ്. അച്ഛൻ മരിച്ചെങ്കിലും മക്കളെ സ്നേഹിക്കാൻ മാത്രമറിയുന്ന ആ അമ്മക്ക് ഒരു വിഷമവും വരാൻ പാടില്ല എന്ന് എല്ലാ മക്കൾക്കും നിർബന്ധമായിരുന്നു.
 ,,,
                       ഉച്ചഭക്ഷണം കഴിഞ്ഞ് പേരക്കുട്ടികളുമായി കടങ്കഥ പറഞ്ഞ് കളിക്കുമ്പോഴാണ് അകന്ന ബന്ധുവായ സുശീലയുടെ വരവ്. താനൊരു വിധവയാണെന്ന് വേഷങ്ങൾ കൊണ്ടറിയിക്കുന്ന സുശീല പണ്ടത്തെക്കാൾ സ്ലിം ആയിരിക്കുന്നു. വൈധവ്യം‌ വന്നപ്പോൾ വെളുത്ത വേഷം ധരിച്ച അവൾക്ക് സന്തോഷവും സൌന്ദര്യവും പൂർവ്വാധികം വർദ്ധിച്ചിരിക്കയാണ്. പണ്ടേ ഏഷണി പറഞ്ഞ് കുടുംബം കലക്കുന്നവളാണെങ്കിലും ഇപ്പോൾ അവൾ പറഞ്ഞ കാര്യം രാജമ്മയുടെ മനസ്സിൽ സംശയത്തിന്റെ വിത്തുകൾ പാകാൻ ഏറെനേരം വേണ്ടിവന്നില്ല,
“പണവും സ്വത്തും ഉണ്ടായിട്ടെന്താ കാര്യം? എഴുന്നേറ്റ് നടക്കുന്ന കാലത്ത് മാത്രമേ മക്കൾ അമ്മയെ നോക്കുകയുള്ളു; ഒരു രോഗം വന്ന് കിടന്നാലറിയാം,
,,, ഇവന്മാരുടെയൊക്കെ സ്നേഹം”

                      അസൂയ മണക്കുന്ന ഉള്ളിൽ ദുഷ്‌ചിന്തകൾ മാത്രമുള്ള അവൾക്ക് അപ്പോൾ‌തന്നെ മറുപടി കൊടുത്തു,
“നീ പറയുന്നതു പോലൊന്നും ഇവിടെ എന്റെ കുടുംബത്തിൽ ഒരിക്കലും നടക്കില്ല, ഈ കുഞ്ഞുങ്ങളെയൊക്കെ നോക്കി വളർത്തുന്നത് ഞാനാണ്; എന്റെ മക്കൾ എന്റെ കാര്യത്തിൽ എല്ലായിപ്പോഴും ശ്രദ്ധിക്കും”

എന്നാൽ സുശീല അക്കാര്യം വളച്ചൊടിച്ച് പറഞ്ഞു,
“അപ്പോൾ അതാണ് കാര്യം; ഒരു ഹോം‌നേഴ്സിനൊക്കെ ഇപ്പോൾ വലിയ ചെലവാ, പിന്നെ ഒന്നിനേം വീട്ടിൽ‌കയറ്റാനും വിശ്വസിക്കാനും പ്രയാസം. പകരം അമ്മൂമ്മ ആയാൽ ചെലവില്ലാതെ ഒപ്പിക്കാം; പിന്നെ നമ്മൾ കുഞ്ഞുമക്കളെ പൊന്നുപോലെ നോക്കുന്നതുകൊണ്ട് വിശ്വസിച്ച് ഏല്പിക്കാം. അവരൊക്കെ മുതിർന്ന് ആവശ്യം കഴിഞ്ഞാൽ മക്കളും മരുമക്കളും‌ചേർന്ന് സ്വത്തൊക്കെ തട്ടിയെടുത്ത് കറിവേപ്പിലപോലെ തള്ളും”

                      പറയുന്നത് അവിശ്വസനിയമായി തോന്നിയെങ്കിലും മറുത്തൊന്നും പറയാൻ കഴിഞ്ഞില്ല. അമ്മയെ വേദനിപ്പിക്കുന്നതരത്തിൽ തന്റെ മക്കളോ മരുമക്കളോ ഇതുവരെ പെരുമാറിയിട്ടില്ല; എങ്കിലും ഇപ്പോഴത്തെ സിനിമയിലും സീരിയലിലും പത്രത്തിലും നിറഞ്ഞിരിക്കുന്നത്, പ്രായമായവരെ തെരുവിലേക്ക് ഇറക്കിവിടുന്ന വാർത്തകളാണല്ലോ,,,. പെണ്മക്കൾ രണ്ട്‌പേരും ഭർത്താവും മക്കളുമൊത്ത് സ്വന്തമായി വീട്‌വെച്ച് താമസ്സിക്കുന്നുണ്ടെങ്കിലും ഇടയ്ക്കിടെ അമ്മയെ കാണാൻ വരുന്നുണ്ട്. കൂടെയുള്ള ആൺ‌മക്കൾ രണ്ട്‌പേരും അവരുടെ ഭാര്യമാരും തന്നോട് വളരെ സ്നേഹമാണ്. അമ്മയിഅമ്മപ്പോര്, നാത്തൂൻ‌പോര്, തുടങ്ങിയവ ഇതുവരെ ഈ വീട്ടിൽ കടന്നുവന്നിട്ടില്ല. തന്റെ മക്കൾ ഒരിക്കലും സുശീലയുടെ മക്കളെപ്പോലാവില്ല. ആ ഏഷണിക്കാരിയുടെ വാക്ക്കേട്ട് വെറുതെ ഓരോന്ന് ചിന്തിക്കുന്നു,,,

                       സുശീല ഉയർത്തിയ ചിന്തകൾ കാരണം രാജമ്മ ഉറക്കം കളഞ്ഞ് ചിന്തയിൽ മുഴുകി.
ഇതുവരെ മക്കളെ പ്രസവിക്കാൻ മാത്രം ആശുപത്രിയിൽ അഡ്മിറ്റായ, കാര്യമായ രോഗമൊന്നും കടന്നുവരാത്ത, ഭാഗ്യവതിയായ ഈ രാജമ്മയെ സ്നേഹം നിറഞ്ഞ ഈ വീട്ടിൽ‌നിന്നും ‘അടുത്ത കാലത്തൊന്നും അങ്ങോട്ട് വിളിക്കരുതെ’ എന്നും എപ്പോഴും ദൈവത്തോട്  പ്രാർത്ഥിക്കാറുണ്ട്. അങ്ങനെയൊരു പ്രാർത്ഥനയോടെയാണ് രാജമ്മ അന്നും ഉറങ്ങാൻ കിടന്നത്.
,,,
                       പിറ്റേദിവസം കൊച്ചുമകനായ കുട്ടൻ വിളിച്ചപ്പോഴാണ് നേരം പുലർന്നതായി രാജമ്മ  അറിഞ്ഞത്,
“അമ്മൂമ്മെ, ഇതെന്തൊരുറക്കമാ,, നേരം പുലർന്ന് ഒരു പാടായല്ലൊ,,,”
                      ഇതുവരെ ഇത്രയും വൈകി ഉണർന്നിട്ടില്ല, ശരീരത്തിന് ആകെ ഒരു ഭാരം തോന്നുകയാണ് ഒരു ചെറിയ തലവേദനപോലെ;
,,,ജോലിയെല്ലാം രണ്ട് മരുമക്കളും ഒത്തൊരുമിച്ച് ചെയ്തുതീർക്കുമ്പോൾ പ്രായമേറെയുള്ള അമ്മയെന്തിനാ നേരത്തെ ഉണരുന്നത്? ക്ഷീണം മാറാൻ അല്പം കൂടി കിടക്കട്ടെ.

അഞ്ച് മിനിട്ട് കഴിഞ്ഞപ്പോഴാണ് മരുമകളുടെ വരവ്, മൂത്തവന്റെ ഭാര്യ,
“അമ്മേ ഇതെന്തൊരുറക്കമാ? ക്ഷീണമുണ്ടെങ്കിൽ കിടന്നൊ, ചായ ഞാനിവിടെ കൊണ്ടുവരാം”
                       മുറിവിട്ട്‌പോയ അവൾ പെട്ടെന്ന് ചായയുമായി വരുമ്പോൾ പിന്നാലെ വിക്സ് കുപ്പിയുമായി  ഇളയ മകന്റെ ഭാര്യയും ഉണ്ട്,
“അമ്മക്ക് തലവേദനയുണ്ടോ? ഇത് അമ്മ സ്ഥിരമായി പുരട്ടുന്ന വിക്സ് തന്നെയാ”
അവൾ നെറ്റിയിലും പുറത്തും വിക്സ് പുരട്ടി കാലുകൾ തിരുമ്മാൻ തുടങ്ങിയപ്പോൾ നല്ല സുഖം തോന്നി.
“ഇതെന്താ കുട്ടികൾക്കൊന്നും സ്ക്കൂളിൽ പോകണ്ടെ?”
“അതിനിന്ന് ശനിയാഴ്ച അവർക്ക് അവധിയല്ലെ; ഈ അമ്മക്കെന്താ ഒന്നും ഓർമ്മയില്ലെ?”
     
                   ‘ഇങ്ങനെ കിടക്കാൻ കഴിയുന്നത് ഒരു ഭാഗ്യം തന്നെയാണ്, ആൺ‌മക്കളുള്ള അമ്മമാർക്ക് മാത്രം ലഭിക്കുന്ന ഒരു ഭാഗ്യം. ഒരു വീട്ടിൽ ജനിച്ച്‌വളർന്ന് അച്ഛനും അമ്മയും ഓമനിച്ച് വളർത്തിയ പെണ്മക്കൾ; അതുവരെ അറിയപ്പെടാത്ത, കുട്ടിക്കാലത്ത് ഒരു കുട്ടിയുടുപ്പ്‌പോലും അണിയിക്കാത്ത, അന്യവീട്ടിൽ വന്ന് സ്വന്തം അമ്മയുടെ സ്ഥാനത്ത് മറ്റൊരമ്മയെ പ്രതിഷ്ഠിച്ച് ശുശ്രൂഷിക്കുന്നു’,,,
                    
                       പെട്ടെന്ന് ഇന്നലെ സുശീല ഉയർത്തിവിട്ട സംശയങ്ങൾ ഒരു കട്ടുറുമ്പായി പുറത്ത്‌വന്നു. ‘ഈ പരിചരണം ഒരു അഭിനയം മാത്രമല്ലെ? ഭർത്താക്കന്മാരെ സോപ്പിടാനുള്ള വെറും അടവുകൾ. ആൺ‌മക്കൾക്ക് അമ്മയുടെ കാര്യത്തിലുള്ള ശ്രദ്ധ അവരുടെ ഭാര്യമാർക്കറിയാം’.

“അമ്മയെന്താ എഴുന്നേൽക്കാത്തത്? പനിയുണ്ടോ? ഇപ്പോൾ എല്ലായിടത്തും പനിയുടെ കാലമാ”
ബിസ്‌നസ് കാരനായ മൂത്ത മകൻ ജോലിക്ക് പോകാനുള്ള വേഷത്തിലാണ്.
“എനിക്ക് ശരീരം മുഴുവൻ ഒരു വേദന, ആകെയൊരു മരവിപ്പ്”
“എന്നാൽ വെച്ച് താമസിപ്പിക്കേണ്ട, ഡോക്റ്ററെ കാണാം”
,,,
                         പിന്നെ എല്ലാം പെട്ടെന്നായിരുന്നു. പനിയുടെ സ്പെഷലിസ്റ്റ് ആയ ഡോക്റ്റർക്ക് ആകെ ഒരു സംശയം. പ്രായമായ അമ്മയല്ലെ? ഡോക്റ്ററുടെ മുന്നിലെത്തിയപ്പോൾ നെഞ്ച്‌വേദനയുണ്ടോ എന്നൊരു സംശയം. നേരെ മെഡിക്കൽ കോളേജിൽ പോയി ഒരു ചെക്കപ്പ് നടത്തുന്നത് നല്ലതാണെന്ന് നിർദ്ദേശിച്ചു.

                         പുതിയതായി പ്രവർത്തനം തുടങ്ങിയ സ്വകാര്യ മെഡിക്കൽകോളേജിലെ പേവാർഡിൽ ബന്ധുക്കളാലും സുഹൃത്തുക്കളാലും വലയം ചെയ്യപ്പെട്ടപ്പോൾ മിസ്സിസ്സ് രാജമ്മ ജി നായർ സന്തോഷംകൊണ്ട് വീർപ്പുമുട്ടി. കഴിഞ്ഞ സംഭവങ്ങൾ ഓരോന്നായി അവർ ഓർക്കാൻ തുടങ്ങി. ‘എന്തൊക്കെ പരിശോധനകളാണ് നടന്നത്? ‘ഐസിയൂ’ വിൽ അഡ്‌മിറ്റായ ഉടനെ എക്സ്‌റേ, ഇ.സി.ജി, സ്കാനിങ്ങ്, തുടങ്ങി ആശുപത്രിയിൽ പുതിയതായി വാങ്ങിയ എല്ലാ യന്ത്രങ്ങളും അവർക്കായി പലതവണ പ്രവർത്തിച്ചു. പിന്നെ ഭക്ഷണത്തെക്കാൾ കൂടുതൽ മരുന്നുകൾ ദേഹത്ത് കയറ്റി.
വെറുതെ ഒരു തലവേദന എന്ന് പറയുമ്പോഴേക്കും അമ്മക്ൿവേണ്ടി മക്കൾ എന്തെല്ലാം ത്യാഗങ്ങളാണ് സഹിക്കുന്നത്!

                        ആശുപത്രിയിൽ കിടന്ന മൂന്ന് ദിവസം മൂന്ന് യുഗങ്ങളായാണ് രാജമ്മക്ക് തോന്നിയത്. ഒരു കൊച്ചുകുഞ്ഞിനെപ്പോലെ കിടന്ന് മക്കളാലും ബന്ധുക്കളാലും വലയം ചെയ്യപ്പെട്ട ദിനങ്ങൾ. അവരുടെ പരിചരണം ഏറ്റുവാങ്ങിയ രാജമ്മ ആനന്ദത്തിൽ ആറാടി.

                          ഇളയ മകനും മകളും കൊച്ചുകുഞ്ഞുങ്ങളെപ്പോലെയാണ്. അശുപത്രിയാണെന്ന് ഓർക്കാതെ തന്നെയും കെട്ടിപ്പിടിച്ച് കിടന്ന മകനെക്കണ്ട് ഒരിക്കൽ സിസ്റ്റർക്ക് വഴക്ൿപറയേണ്ടി വന്നിട്ടുണ്ട്. ഇത്രയും സ്നേഹമുള്ള മക്കളെയാണ് വെറുതെ സംശയിച്ചത്. മെഡിക്കൽ‌കോളേജില വിദ്യാർത്ഥികൾകളും അദ്ധ്യാപകരും ചേർന്ന് പരിശോധനകളും പരീക്ഷണങ്ങളും പൂർത്തിയാക്കിയശേഷം, ‘ഇനിയും ഇടയ്ക്കിടെ കാണണമെന്ന അറിയിപ്പോടെ’ വീട്ടിൽ പോകാൻ അനുവദിച്ചപ്പോൾ ആശ്വാസം തോന്നി. 

                         വീട്ടിൽ തിരിച്ചെത്തിയപ്പോൾ രാജമ്മക്കുണ്ടായ സന്തോഷം അസഹനീയമാണെങ്കിലും പ്രത്യക്ഷത്തിൽ ദുഖഭാവം വെടിഞ്ഞില്ല. അയൽ‌വാസികളും ബന്ധുക്കളുമായി ഒട്ടനേകം‌പേർ അടുത്തുകൂടി ഉപദേശ നിർദ്ദേങ്ങൾ നൽകുന്നുണ്ട്. തന്നെക്കാൾ പ്രായമുള്ള അയൽക്കാരി മകനോട് പറയുകയാണ്,
“പ്രായമായ അമ്മയെ നോക്കാൻ മകന്റെ ഭാര്യമാരെ ഏൽ‌പ്പിച്ച് പോകുന്നത് അത്ര നല്ലതല്ല. രണ്ട് പെണ്മക്കളിൽ ആരോടെങ്കിലും ഇവിടെവന്ന് താമസിക്കാൻ പറയുന്നതാണ് നല്ലത്”
                           ഇവരുടെയൊക്കെ വീട്ടിലെ അവസ്ഥപോലെയാണ് ഇവിടെയും എന്നാണ് വിചാരം. നൊന്തുപെറ്റ മക്കളെക്കാളേറെ സ്നേഹം ചൊരിയുന്നവരാണ് വീട്ടിലെ മരുമക്കളെന്ന് അവർക്ക് ഒരിക്കലും മനസ്സിലാവില്ല. നമ്മൾ അങ്ങോട്ട് സ്നേഹിച്ചാൽ അവർ തിരിച്ചിങ്ങോട്ടും സ്നേഹിക്കും.

                            ഒരു ചെറിയ ക്ഷീണം എന്ന് പറഞ്ഞപ്പോൾ തനിക്ക്‌വേണ്ടി എത്ര പണമായിരിക്കും മക്കൾ ചെലവാക്കിയത്. വെറുമൊരു ചുക്കുകാപ്പി ചൂടോടെ കുടിച്ചാൽ മാറുന്ന തലവേദന വന്നപ്പോൾ കൂടുതൽ പ്രയാസം അഭിനയിച്ചതുകൊണ്ട്, തന്റെ പ്രീയപ്പെട്ട മക്കൾക്ക് അമ്മയോടുള്ള സ്നേഹത്തെക്കുറിച്ച് തിരിച്ചറിവ് ലഭിച്ചു.  ഇനിയൊരിക്കലും ആശുപത്രിയിൽ പോകാൻ ഇടയാക്കില്ലെന്ന് രാജമ്മ മനസ്സിൽ കണക്ക് കൂട്ടി.
,,,
                           വൈകുന്നേരത്തെ ചായകുടിച്ച് വാഷ്‌ബേസിനിൽ മുഖം കഴുകി കണ്ണാടിയിൽ നോക്കിയിരിക്കെ, നഗ്നമായ കഴുത്ത്‌കണ്ടപ്പോൾ പെട്ടെന്നൊരു കാര്യം ഓർമ്മവന്നു;
താലിമാല,,,.
                           വർഷങ്ങൾക്ക് മുൻപ് വിവാഹവേദിയിൽ‌വെച്ച് അദ്ദേഹം കഴുത്തിലണിയിച്ച, ഒരു വിധവയായിട്ടും അദ്ദേഹത്തിന്റെ ഓർമ്മയിൽ ജീവിക്കാനായി ഒരിക്കലും ഊരിമാറ്റാത്ത, സ്വർണ്ണച്ചെയിനോട് കൂടിയ സ്വന്തം താലി. മറ്റുള്ള പൊന്നെല്ലാം പെണ്മക്കൾക്ക് കൊടുത്തെങ്കിലും ആർക്കും കൊടുക്കാതെ സ്വന്തം നെഞ്ചോട് ചേർത്ത്‌വെച്ച് പ്രാർത്ഥിക്കുന്ന സ്വർണ്ണമാല,,,
ഓ, അത് ‘ഐസിയിൽ അഡ്മിറ്റ് ആയഉടനെ, മൂത്ത മകന്റെ കൈയിൽ കൊടുക്കാമെന്ന് പറഞ്ഞ് സിസ്റ്റർ അഴിച്ചതാണല്ലൊ,,, അവനെവിടെ?

തിരിച്ച് കട്ടിലിൽ കിടന്നശേഷം അടുത്തുള്ള കൊച്ചുമകളോട് പറഞ്ഞു,
“മോളേ, അച്ഛനോട് അമ്മൂമ്മയുടെ മാല തരാൻ പറ”

                         ഏതാനും സമയം കഴിഞ്ഞപ്പോൾ മൂത്തമകനോടൊപ്പം വന്നത് മക്കൾ നാല്‌പേരും ആയിരുന്നു,
“മോനേ എന്റെ മാല ‘ആ സിസ്റ്റർ ഊരിയത്, നിന്റെ കയ്യിൽ തന്നിട്ടുണ്ട്’, എന്ന് പറഞ്ഞതാണല്ലൊ; ഇനി അതിങ്ങ് താ? കഴുത്ത് കാലിയായി കാണുമ്പോൾ എന്തോപോലെ”
ചോദ്യം മകനോടാണെങ്കിലും ഉത്തരം പറഞ്ഞത് ഇളയ മകളാണ്,
“അമ്മേ, അത് പിന്നെ ആശുപത്രിയിൽ ധാരാളം പണം ചെലവായതുകൊണ്ട് ഞങ്ങളൊക്കെച്ചേർന്ന് ആ ചെയിനങ്ങ് വിറ്റു;
,,, അമ്മക്കെന്തിനാ ഈ വയസ്സുകാലത്ത് സ്വർണ്ണച്ചെയിൻ?” 

                        രാജമ്മ ജി. നായർ നാല് മക്കളുടെയും മുഖത്ത് നോക്കിയെങ്കിലും ഒന്നും പറഞ്ഞില്ല. രോഗം അഭിനയിച്ചപ്പോൾ ദേഹത്ത് ആകെയുള്ള സ്വർണ്ണം നഷ്ടപ്പെട്ടു. ഇനി ഒറിജിനൽ രോഗം വന്നാൽ എന്തായിരിക്കും നഷ്ടപ്പെടുന്നത് എന്ന ചിന്തിച്ചപ്പോൾ അവരുടെ ശരീരം മുഴുവൻ വിറയലും നെഞ്ച്‌വേദനയും അനുഭവപ്പെടാൻ തുടങ്ങി.

12 Comments, Post your comment:

ആളവന്‍താന്‍ said...

ടീച്ചറെ... കഥ നല്ലത് തന്നെ. പക്ഷെ കഥയുടെ body ക്ക് തീരെ ചേരുന്നില്ല എന്ന് തോന്നി പോകുന്ന ക്ലൈമാക്സ് രസം കെടുത്തി.

ബിജുകുമാര്‍ alakode said...

ടീച്ചറെ, ഈ ആളവന്‍താന്‍ പറഞ്ഞ ഒരു ഫീലിങ്ങ് എനിയ്ക്കും തോന്നാതിരിന്നില്ല. എന്നു വച്ച് കഥയുടെ പ്രസക്തി ഇല്ലാതാവുന്നില്ല. ഒന്നുകൂടി വെന്തിരുന്നെങ്കില്‍ ടേസ്റ്റ് കൂടിയെനെ...
ആശംസകള്‍..!

Minesh R Menon said...

കഥ നന്നായിട്ടുണ്ട്.
മിനി ചേച്ചിയുടെ പതിവ് പഞ്ച് ഇല്ല എന്ന് മാത്രം.
ഒന്നൂടെ ഒക്കെ മിനുക്കി എടുക്കാമായിരുന്നു.

mini//മിനി said...

അഭിപ്രായം എഴുതിയ ആളവൻ‌താൻ, ബിജുകുമാർalakode, Minesh R Menon, എല്ലാവർക്കും നന്ദി.
അമ്മയുടെ മുന്നിൽ സ്നേഹം നിറഞ്ഞ പെരുമാറ്റം കാണിച്ചാലും പണത്തിന്റെ കാര്യത്തോടടുക്കുമ്പോൾ അവരുടെ സ്വാഭാവം മാറി തനിനിറം കാണിക്കുന്നു, എന്നുള്ള സൂചന മാത്രമാണ് ഞാനിവിടെ സൂചിപ്പിച്ചത്. ഇനി കൂടുതൽ ശ്രദ്ധിക്കാം, പോരായ്മകൾ ചൂണ്ടിക്കാണിച്ചതിന് വളരെ നന്ദി.

ഒരു നുറുങ്ങ് said...

ഒന്ന് തീര്‍ന്ന് കിട്ടിയെങ്കിലെന്ന്
നെടുവീര്‍പ്പിടുന്ന എത്രയെത്ര മാതാക്കള്‍!
"മക്കൾ‌മാഹാത്മ്യം"മഞ്ഞലോഹമാഹാത്മ്യമായി
പരിവര്‍ത്തിതമാവുന്നല്ലോ...
ഇത്തിരി ചുരുക്കെഴുത്താവായിരുന്നു.
സ്വാര്‍ഥലോകത്തെന്ത് മാതൃത്വം...എന്ത്
വാര്‍ദ്ധക്യം ?

കുസുമം ആര്‍ പുന്നപ്ര said...

iam a new comer
kadha kollam . onnu kuuti nallathakkamayirunnu.
nalla thread ayirunnu.

Srikumar said...

നാമെല്ലാം ഒരുതരത്തില്‍, അല്ലെങ്ങ്കില്‍ മറ്റൊരു തരത്തില്‍ എകാരണ്.

Srikumar said...

നാമെല്ലാം ഒരുതരത്തില്‍, അല്ലെങ്ങ്കില്‍ മറ്റൊരു തരത്തില്‍ ഏകാരാണ്

noonus said...

കഥ നന്നായിട്ടുണ്ട്

സ്നേഹപൂര്‍വ്വം ശ്യാമ....(snehapoorvam syama) said...

ടീച്ചറെ, കഥയുടെ ത്രെഡ് നന്നായി... പക്ഷെ ഒന്ന് കൂടി ഒതുക്കാമായിരുന്നു . waitin for new ones

Echmukutty said...

അങ്ങനെയുമാവാം അല്ലേ?
അപ്രതീക്ഷിതമായിരുന്നു ഈ ക്ലൈമാക്സ്!
കൊള്ളാം ടീച്ചർ.

thalayambalath said...

ആദ്യമായിട്ടാണ് ഇവിടെ. കഥ എനിക്ക് അത്ര ഇഷ്ടമായില്ല..... എങ്കിലും നല്ലൊരു ത്രെഡ്- ആരോഗ്യമുള്ള മനസ്സാണ് ഏറ്റവും വലുത്- കിട്ടി... എന്റെ അഭിനന്ദനങ്ങള്‍