സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



ഭാഗ്യം വില്‍ക്കുന്ന പെൺകുട്ടി

July 05, 2010 Manoraj

ഇരുട്ട് പരന്ന് തുടങ്ങി. രാമതീർത്ഥൻ നടത്തത്തിന്റെ വേഗം വർദ്ധിപ്പിച്ചു. ഇന്നിനി ആറരയുടെ പാസഞ്ചർ കിട്ടുമോ ആവോ? ആ ജോസഫ് അല്ലെങ്കിലും ഇങ്ങിനെയാ.. എന്നും വൈകിയേ വരു. അയാൾ വരാതെ തനിക്ക് പോരാൻ പറ്റില്ലല്ലോ? ജോലി അതായിപോയില്ലേ.. ചുറ്റും ഇരുട്ട് പരന്ന് തുടങ്ങി. രാമതീർത്ഥൻ വിയർത്ത് തുടങ്ങിയിരുന്നു. ആറരയുടെ പാസഞ്ചർ കിട്ടിയില്ലെങ്കിൽ പിന്നെ എല്ലാം തെറ്റും. ഈ വണ്ടി അവിടെ ചെല്ലുമ്പോൾ തന്നെ ബെല്ലടിക്കാൻ കാത്ത് അയ്യപ്പൻ കിടപ്പുണ്ടാവും. തിരക്കാണെങ്കിലും അതിൽ തുങ്ങിയില്ലേൽ പിന്നെ വീടിനടുത്തേക്കുള്ള അടുത്ത ബസ്സ് എട്ട് മണിയോടെയുള്ള റസിയയാണ്. അതാണേൾ ചിലപ്പോഴൊന്നും അവസാനട്രിപ്പ് ഓടാറുമില്ല. അല്ലെങ്കിൽ തന്നെ അത്രയും വൈകിയാൽ എങ്ങിനെയാ ശരിയാവുന്നേ.. വീട്ടിൽ സുഭദ്രയും രാജലക്ഷ്മിയും മാത്രമല്ലേ ഉള്ളൂ.. കാലം ശരിയല്ല..


ഒരു വലിയ ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരനാണ് രാമതീർത്ഥൻ. ഏതാണ്ട് നാൽപത്തഞ്ചിനോടടുത്ത് പ്രായം. വെളുത്ത നിറം. ഒരു പാവം നാട്ടിൻ പുറത്തുകാരൻ. രാത്രിയിൽ ജോലിക്ക് കയറാനുള്ള തന്റെ ബുദ്ധിമുട്ടിനെ ചൂഷണം ചെയ്യുന്ന ജോസഫിനെ അതുകൊണ്ട് തന്നെ പിണക്കാനും പറ്റില്ല.


റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ഭാഗ്യം തീവണ്ടി ഉണ്ട്‌. ഒരു വിധം ഓടി തീവണ്ടിയിൽ കയറി. കമ്പാർട്ട്മെന്റിൽ വലിയ തിരക്ക്‌. ഓണം വെക്കേഷൻ തുടങ്ങിയ കാരണം കോളേജ് പിള്ളേർ മുഴുവൻ ഉണ്ട്‌. അവർ ആഘോഷത്തിലാണ്. അവരെ കൂടാതെ പിന്നെയുള്ളത് ഒരു ചെറിയ കുട്ടി മാത്രം. അല്ല.. ഇവളെ ഇതിനു മുൻപും കണ്ടിട്ടുണ്ടല്ലോ. ഇവൾ തീവണ്ടിയിൽ പാട്ട് പാടി നടന്നിരുന്ന കുട്ടിയല്ലേ. പക്ഷെ, അവളുടെ കൈയിൽ കുറേ ലോട്ടറി ടിക്കറ്റുകൾ.. ഒരു പക്ഷെ തനിക്ക് ആളുമാറിയതാവും.


പണക്കൊഴുപ്പിന്റെ താളമേളങ്ങൾക്കിടയിൽ ആ പട്ടിണികോലം അപകർഷതയോടെ ലോട്ടറി നീട്ടികൊണ്ടിരുന്നു. അവളുടെ കണ്ണുകളിലെ ദൈന്യത.. വല്ലാതെ നീറ്റലുളവാക്കുന്നു. ട്രെയിനിലെ ചില സ്ഥിരം പിള്ളേർ അവളോട് പാട്ട് പാടാൻ ആവശ്യപ്പെടുന്നുണ്ട്‌. അവൾ എന്തോ പാടുന്നില്ല.. പെൺകുട്ടികൾ ഉൾപെടെ എല്ലാവരും ചേർന്ന് അവളെ ശല്യപ്പെടുത്തികൊണ്ടിരിക്കുകയാ.. അല്ലെങ്കിലും വീട്ടിലെ കാശിന്റെ ഹുങ്ക് ഇങ്ങിയെയൊക്കെയല്ലേ അവർ ആഘോഷിച്ച് തീർക്കുക. പണ്ടത്തെ പോലെയൊന്നുമല്ലല്ലോ.. ഒടുവിൽ ഏതെങ്കിലും മെഡിക്കൽ ഷോപ്പിൽ നിന്നും വാങ്ങുന്ന വിലകൂടിയ ഒരു ഗുളികയിൽ തീരാവുന്ന പ്രശ്നങ്ങൾ മാത്രമായി അവർക്ക് എല്ലാം. ഓർക്കുമ്പോൾ പേടിയാ.. രാജിമോൾക്ക് ഇപ്പോൾ പ്രായം ഇരുപത്തിരണ്ടായി. കല്ല്യാണക്കാര്യങ്ങൾ ശരിയാവാത്തതിന്റെ വിഷമം.. വരുന്ന ചെറുക്കന്മാർക്കൊന്നും പെൺകുട്ടിയെ കാണാൻ പോലും സമയമില്ല. ബാക്കി കാര്യങ്ങൾ എങ്ങിനെ എന്നതാ ചോദ്യം. ഹാ, സാമ്പത്തീക ഭദ്രതയില്ലാത്ത തന്നെ പോലുള്ളവരുടെയൊക്കെ വിധി ഇതൊക്കെ തന്നെ.. സുഭദ്രക്കാണേൽ ഇപ്പോൾ ദേഷ്യവുമായിട്ടുണ്ട്‌. അവരുടെയൊക്കെ മുൻപിൽ ഇപ്പോൾ ഒരു കഴിവുകെട്ടവനായി മാറിയിരിക്കുകയാ..


കോളേജ് പിള്ളേരുടെ ആർപ്പുവിളി കേട്ട് സ്വപ്നലോകത്തിൽ നിന്നും കൺതുറന്നു. അവർ ആ കുട്ടിയെ വീണ്ടും വീണ്ടും എന്തൊക്കെയോ പറഞ്ഞ് കളിയാക്കുന്നുണ്ട്‌. ഇടയിൽ ഒരുവന്റെ കൈകൾ അവളുടെ ചന്തിക്ക് നേരെ.. കൂടെയിരിക്കുന്ന പെൺകുട്ടികൾ ചിരിച്ച് മറിയുന്നു. കരണം നോക്കി ഒന്ന് പൊട്ടിക്കാൻ തോന്നിയതാ. ഒരു നോട്ടത്തിൽ ഒതുക്കി. അവൾ ദയനീയമായി തന്റെ നേരെ നോക്കി. പിള്ളേരുടെ വൃത്തിക്കെട്ട കമന്റുകൾക്ക് ചെവികൊടുക്കാതെ അവളെ അടുത്തേക്ക് വിളിച്ചു.


"അവർ ടിക്കറ്റ് വാങ്ങില്ല എന്ന് മനസ്സിലാക്കിയിട്ടും എന്തിനാ നീ അവരുടെ അരികിൽ തന്നെ ചുറ്റിപറ്റി നിൽക്കുന്നേ?" മുൻപിൽ നിൽക്കുന്നത് രാജിമോൾ ആണെന്ന് ഒരു നിമിഷം മനസ്സിൽ ഓർത്തു.


"സാർ, ടിക്കറ്റ് വിറ്റുപോയാലേ എനിക്ക്‌...ഒരു ടിക്കറ്റ് വാങ്ങൂ സാർ.. ഭാഗ്യദേവതയല്ലേ?"


പൊട്ടിച്ചിരിക്കാനാ തോന്നിയത്‌. ഭാഗ്യം.. !! അതും തന്നെ പോലൂള്ള നിർഭാഗ്യവാന്മാർക്ക്‌. പക്ഷെ അവളുടെ കണ്ണുകളിൽ യാചനയുടെ ഭാവം.


"നിന്നെ ഇതിനു മുൻപ് കണ്ടിട്ടുണ്ടല്ലോ? ഒരു കണ്ണുകാണാത്ത അമ്മയോടൊപ്പം.. പക്ഷെ, അന്ന് നിന്റെ കൈയിൽ ലോട്ടറിയില്ലായിരുന്നു എന്നാ ഓർമ്മ" അവളുടെ കൺകോണുകൾ നീരണിയുന്നത് കണ്ടു. എന്താണാവോ? അരുതാത്തത് എന്തെങ്കിലും പറഞ്ഞുപോയോ? എന്തിനാ കരയുന്നതെന്ന് ചോദിക്കുമ്പോൾ അവളുടെ വിളറിയ കവിളിൽ സ്നേഹത്തോടെ, വേദനിപ്പിക്കാതെ അടിച്ചു. കോളേജ് പിള്ളേർ അർത്ഥം വച്ചുള്ള മൂളലുകളും വൃത്തിക്കെട്ട കമന്റുകളും തുടങ്ങി. ചെവികൊടുത്തില്ല.. ഇവരോടൊക്കെ എതിർത്തുനിൽക്കാൻ ത്രാണിയില്ല. എല്ലാം വലിയ വീടുകളിലെ കൊച്ചുങ്ങളാവും. അവൾ പകപ്പോട് കൂടി തന്റെ നേരെ നോക്കികൊണ്ടിരുന്നു.


"എന്താ മോളേ. എന്തിനാ നീ കരയുന്നേ.."


"സാർ പറഞ്ഞത് ശരിയാ. ഞാൻ ആ പഴയ കുട്ടി തന്നെയാ.. കണ്ണുകാണാത്ത അമ്മയോടൊപ്പം കണ്ടിട്ടുള്ള.. വെറുതെ എല്ലാവരുടെയും മുൻപിൽ കൈനീട്ടാൻ തോന്നണീല്ല സാറേ.. അതാ, ദൊരൈയണ്ണന്റെ കാലു പിടിച്ച് ലോട്ടറി വിൽക്കാൻ ഇറങ്ങിയത്‌. അമ്മക്ക് തീരെ വയ്യാതെയായി..പൊള്ളൂന്ന പനിയാ സാറേ.. ഈ ലോട്ടറി വിറ്റ് കിട്ടിയിട്ട് വേണം അമ്മയെ സർക്കാരാശുത്രീൽ കൊണ്ടാവാൻ. ഒരു ലോട്ടറി വാങ്ങൂന്നേ..ഇത് സാറിനു അടിക്കും . ഓണം ബമ്പറാ..രണ്ട് കോടിയും കാറുമാ സാറേ..നൂറു രൂപയേ ഉള്ളൂ" നൂറു രൂപ.. അത് കൊണ്ട് തനിക്കെന്തൊക്കെ കാര്യങ്ങൾ നടത്താം.


"മക്കളേ പൈസ ചേട്ടന്മാരു തരാല്ലോ.. ഇങ്ങോട്ട് വാ.. മോൾക്ക് വേണ്ടതെല്ലാം തരാട്ടോ?" ആൺകുട്ടികളും പെൺകുട്ടികളും കൂടി വീണ്ടും അവളുടെ നിസ്സഹായാവസ്ഥ കണ്ട് പരിഹസിക്കുകയാ.. എന്തോ മറ്റൊന്നും ചിന്തിച്ചില്ല, പോക്കറ്റിൽ ഉണ്ടായിരുന്ന നൂരു രൂപ നോട്ടെടുത്ത് അവളുടെ നേർക്ക് നീട്ടി. അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു. ഒരു ടിക്കറ്റ് കീറി നീട്ടിയ അവളോട് ടിക്കട്ട് മറ്റാർക്കെങ്കിലും വിറ്റോളൂ എന്ന് പറയുമ്പോൾ എന്തോ ഒരു വലിയ കാര്യം ചെയ്ത പ്രതീതി മനസ്സിൽ തോന്നി. പിന്നെയും മടിച്ച് നിന്ന അവളെ അമ്മയെയും കൊണ്ട് ഹോസ്പിറ്റൽ പോകൂ എന്ന് പറഞ്ഞ് തള്ളിവിട്ടു. ഒരു പെൺകുട്ടി വീണ്ടും അവളെ അരികിലേക്ക് വിളിച്ചു. അതിനൊന്നും ചെവികൊടുക്കാതെ, വല്ലാത്തൊരു വിസ്മയത്തോടെ എന്റെ നേരെ നോക്കികൊണ്ട് അവൾ തീവണ്ടിയിൽ നിന്നും ഇറങ്ങി. തിരിഞ്ഞു നോക്കികൊണ്ടുള്ള അവളുടെ ഓട്ടം കണ്ട് മനസ്സിൽ വീണ്ടും രാജിമോളുടെ ചിത്രം തെളിഞ്ഞു.


ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു കൊണ്ടിരുന്നു. കാര്യങ്ങളെല്ലാം പതിവു രീതിയിൽ തന്നെ മുന്നോട്ട് പോയി. പ്രശ്നങ്ങൾ രാമതീർത്ഥന്റെ കൂടപ്പിറപ്പായതിനാൽ, അത് ഒഴിഞ്ഞിട്ടില്ല... രാജിമോൾക്ക് ചില കല്യാണാലോചനകൾ. ഒന്ന് ഏതാണ്ടൊക്കെ ഉറച്ചിട്ടുണ്ട്‌. പെൺപണം കൂടുതലാ.. പക്ഷെ, നിനക്കിഷ്ടായോ എന്ന് ചോദിച്ചപ്പോളുള്ള മോളുടെ നാണംകലർന്ന ചിരി ... അതിനു മുൻപിൽ അവരുടെ എല്ലാ ഡിമാന്റുകളും തലകുലുക്കി സമ്മതിച്ചു. ഇനി എന്ത് എന്നറിയില്ല.. സഹകരണബാങ്കിൽ നിന്നും ഒരു ലോൺ പാസാക്കിത്തരാന്ന് പ്രസിഡന്റ് പറഞ്ഞതിന്റെ ആശ്വാസത്തിലാ.. അതിന്റെ കാര്യത്തിനാ ഇന്ന് ഈ പകുതി ലീവ് എടുത്ത് തിരികെ പോകുന്നേ.. അല്ലെങ്കിലും സെക്യൂരിറ്റി ജീവനക്കാരനു എന്ത് ലീവ്‌!!! എന്ത് അവധി!!!



അങ്ങിനെ ഓരോന്നോർത്ത് നടന്ന് തീവണ്ടിയാപ്പീസിൽ എത്തിയതറിഞ്ഞില്ല.. ആരോ പിന്നിൽ നിന്നും കൈയിൽ പിടിച്ച് വലിക്കുന്നു. തിരിഞ്ഞ് നോക്കിയപ്പോൾ അവൾ... ആ പെൺകുട്ടി.


"അമ്മയുടെ അസുഖം കുറവുണ്ടോ?" ഒരു പുഞ്ചിരിയോടെ ചോദിച്ചു.


"പനി കുറഞ്ഞു സാർ" - അവൾ ഒരു ലോട്ടറി തന്റെ നേരെ നീട്ടി.


"വേണ്ട കുട്ടി"


"അയ്യോ..സാർ.. ഇത് അന്ന് ഞാൻ സാറിനു തന്ന ലോട്ടറിയാ.. രണ്ട് ദിവസായി ഞാൻ സാറിനെ നോക്കുന്നു.. കാണാറില്ല.. ഈ ടിക്കറ്റിനു രണ്ടാം സമ്മാനം ഉണ്ട്‌"


കണ്ണുകളിൽ ഒരു മൂടൽ പോലെ.. താൻ കേട്ടത് സത്യം തന്നെയാണോ? കഴിഞ്ഞ രണ്ടുദിവസങ്ങൾ ലോണിന്റെ കാര്യത്തിനുള്ള ഓട്ടമായിരുന്നു. അപ്പോൾ.. ഇവൾ.. ഇവൾ ആരാ? മാലാഖയോ.. ദൈവദൂതിയോ..


"കുട്ടീ ഇത്‌.. ഇത് എന്റെ ലോട്ടറിയാണെന്ന് .. നീയത് മറ്റാർക്കും വിറ്റില്ലേ?"


"ഇല്ല സാർ.. ഈ ടിക്കറ്റിനു സമ്മാനമുണ്ടെന്നും ടിക്കറ്റ് കൈയിലുണ്ടോ എന്നും ചോദിച്ച് ദൊരൈയണ്ണ പലവട്ടം വന്നു. ഞാൻ ടിക്കറ്റ് വിറ്റുപോയെന്ന് പറഞ്ഞു. ആർക്കെന്ന് ഓർമയില്ലെന്നും..."


"എങ്കിൽ പിന്നെ നിനക്ക് തന്നെ ഈ ടിക്കറ്റിന്റെ സമ്മാനം സ്വന്തമാക്കായിരുന്നില്ലേ.. നിന്റെ അമ്മയുടെ ചികത്സ.."


"അരുത് സാർ.. അങ്ങിനെ പറയരുത്‌.. അന്ന് സാറു എനിക്ക് നൂറു രൂപ തരുമ്പോൾ എന്റെ അമ്മ ജീവിതത്തിനും മരണത്തിനും ഇടയിലായിരുന്നു. പിന്നെ എന്നെയും സാർ അന്ന് ആ ചേട്ടന്മാരുടെയും ചേച്ചിമാരുടെയും അടുത്ത് നിന്നും രക്ഷിച്ചു. ആ നൂറു രൂപയേക്കാൾ വലുതല്ല സാർ എനിക്ക് ഈ ടിക്കറ്റിന്റെ സമ്മാനം.."


അവളുടെ വാക്കുകൾ കാതിൽ വീഴുമ്പോൾ നീരണിഞ്ഞ കണ്ണൂകൾ മൂലം അവളെ കാണാൻ കഴിഞ്ഞില്ല.. സംതൃപ്തമായ.. ആ തിളങ്ങുന്ന കൊച്ച് കണ്ണുകളിൽ ദൈവമിരുന്ന് ചിരിക്കുന്നത് അതുകൊണ്ട് തന്നെ കണ്ടില്ല.. ആ ലോട്ടറി ടിക്കറ്റിൽ രാജിമോളുടെ കഴുത്തിൽ തിളങ്ങുന്ന മിന്നുമാല മാത്രമേ കണ്ടുള്ളൂ.. കണ്ണു തിരുമ്മി നോക്കുമ്പോൾ അകലെ മറ്റൊരാൾക്ക് ലോട്ടറി വിൽക്കാൻ ശ്രമിക്കുന്ന ആ കുട്ടിയുടെ പിൻഭാഗം മാത്രം കണ്ടു. അവളുടെ പിന്നിൽ രണ്ട് ചിറകുകൾ കാറ്റത്താടുന്ന പോലെ.. മാലാഖയുടെ ചിറകുകൾ....


ചിത്രത്തിന് ബ്ലോഗർ ശ്രീ മനോജ് തലയമ്പലത്തോട് കടപ്പാട്



© മനോരാജ്

12 Comments, Post your comment:

Manoraj said...

തേജസിൽ മുൻപ് പോസ്റ്റ് ചെയ്ത ഒരു കഥ. വായിക്കാത്തവർക്കായി വീണ്ടും. തേജസിലെ പോസ്റ്റിലേക്ക്

jayarajmurukkumpuzha said...

annu vaayikkan kazhinjilla... vayikkan avasaram thannathinu nandhi.. oppam aashamsakalum.....

ആളവന്‍താന്‍ said...

മനുവേട്ടാ.... ഞാന്‍ അന്ന് വായിച്ചിരുന്നു.

ബിജുകുമാര്‍ ആലക്കോട് said...

നന്മയുടെ നറുമണം പ്രസരിപ്പിയ്ക്കുന്നു ഈ കഥ. രചനാ രീതിയ്ക്ക് ഒരല്പം കൂടി ചടുലത നല്‍കികൂടെ..?
ആശംസകള്‍.

സ്നേഹപൂര്‍വ്വം ശ്യാമ....(snehapoorvam syama) said...

നന്നായി മനുരാജ്... നന്മയെ കുറിച്ച എത്ര എഴുതിയാലും വായിച്ചാലും മതിയാകില്ല. thanks

Manoraj said...

@jayarajmurukkumpuzha : നന്ദി.
@ആളവന്‍താന്‍ : ഓർമ്മയുണ്ട് വിമലേ.. ഋതിവിൽ കുറേ ആളൂകൾ ആയില്ലേ. അവർക്കായി പോസ്റ്റ് ചെയ്തതാ..
@ബിജുകുമാര്‍ ആലക്കോട് : ശ്രമിക്കാം സുഹൃത്തേ.. കഥയെഴുത്തിൽ ഇപ്പോഴും ശിശുവാണ്. ബാലാരിഷ്ഠതകൾ മാറിവരുന്നു. നല്ല അഭിപ്രായത്തിനു് നന്ദി.

എന്‍.ബി.സുരേഷ് said...

ഞാന്‍ നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്, കഥയില്‍ നല്ലൊരു കഥ കൊണ്ടുവരാന്‍ മനൊയ്ക്ക് എപ്പോഴും കഴിയുന്നു. നല്ല ഫീലും തരുന്നുണ്ട്,സ്നേഹം, കാരുണ്യം, അനുതാപം, എന്നിങ്ങനെ മനുഷ്യം എപ്പോഴും വച്ചുപുലര്‍ത്തേണ്ട വികാരങ്ങള്‍ കഥയില്‍ വരുന്നു. അതിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. ഭാഷയിലുമുണ്ട് ആര്‍ദ്രതയുടെ സ്പര്‍ശം.
പക്ഷേ, എപ്പൊഴും ഉപദേശത്തിന്റെ നേരിട്ടുള്ള കടന്നുവരവുകള്‍ ഒരു കല്ലുകടി വരുത്തുന്നു. ഉദാ: പണക്കൊഴുപ്പിന്റെ താളമേളങ്ങള്‍ക്കിടയില്‍ എന്നു തുടങ്ങുന്നൈടത്ത് മനോ നേരിട്ടു കേറുന്നു.പലപ്പോഴും അതിഭാവുകത്വം വരുന്നുണ്ട്. ഒടുവില്‍ ലോട്ടറി അടിക്കുന്ന രംഗം. കഥ ഒരു പക്ഷേ extend ചെയ്യെണ്ടിയിരുന്നില്ല. ആ ഒരൊറ്റ സംഭവത്തില്‍ നിര്‍ത്താമായിരുന്നു. പിന്നെ കഥാപാത്രതിന്റെ ബാഹ്യരൂപ വര്‍ണ്ണന പ്രായം ഇതൊക്കെ ആവശ്യമെങ്കില്‍ മാത്രം. കഥയുടെ ക്രാഫ്റ്റില്‍ ശ്രദ്ധിക്കണമെന്നാണ് എന്റെ അപേക്ഷ.

തേജസ്സിൽ ഇട്ട കമന്റ് ഞാൻ ഇവിടെ റീപോസ്റ്റി എന്നേ ഉള്ളൂ.

Minesh R Menon said...

ഒരു മുപ്പതു വര്‍ഷത്തെ പഴക്കം തോന്നിക്കുന്നു ഈ കഥക്ക് . ഇത്തരം ഒരു കഥസംകേതം ഒരു പാടു കാലമായി നമ്മള്‍ പിന്തുടരുന്നതാണ് .അതുകൊണ്ട് തന്നെ ആവര്‍ത്തന വിരസത ഉണ്ടാക്കുന്നു . ഈ കഥ ഒരു ചലനവും ഉണ്ടാകാതെ ആണ് കടന്നു പോയത് എന്ന് പറയേണ്ടി വന്നതില്‍ വിഷമമുണ്ട് .എന്നാലും പറയതിരിക്കാതെ വയ്യ കാരണം മനുവേട്ടനെ പോലെ ടാലെന്റും ക്രഫ്ടും ഉള്ള ആളുകള്‍ പിന്നെയും ആവര്‍ത്തനങ്ങളില്‍ പെട്ടുപോകുന്നു എന്നത് കാണുമ്പോള്‍ .

തെറ്റാണെങ്കില്‍ ക്ഷമിക്കണേ . ഇത് എന്റെ ഒരു വെറും തോന്നലാവാം. അല്ലേല്‍ നാക്കിന്റെ ചില വികൃതികള്‍ ആവാം :)

ഹംസ said...

കഥ തേജസില്‍ നിന്നും രണ്ട് പ്രാവശ്യം വായിച്ചിരുന്നു. ഇവിടെയും കണ്ടതില്‍ സന്തോഷം ...

SHAH ALAM said...

VALARE NANNAYI...ENTHUKONDO KANNUKAL NIRANJU IDAKKOKKE.... NAATIL NINNUMULLA ORU THEEVANDIYAATHRAYIL AA MAALAKHAKUTTYE KANDATHU POLE THONNNUNNU....
NANNAYITTUND BHAVUKANGAL NERUNNU....!! INIYUM EZHUTHUKA

ദീപുപ്രദീപ്‌ said...

ഒന്നുകൂടി കുറുക്കിയെഴുതിയാല്‍ നന്നാവും എന്ന് തോന്നുന്നു, കഥയില്‍ നന്മയുടെ ഒരംശം നിലനിക്കുന്നത് നല്ലതാണു .കാരണം നമുക്കെല്ലാവര്‍ക്കും അന്യം നിന്നുപോകുന്നത് അതാണല്ലോ .

ദീപുപ്രദീപ്‌ said...

ഒന്നുകൂടി കുറുക്കിയെഴുതിയാല്‍ നന്നാവും എന്ന് തോന്നുന്നു, കഥയില്‍ നന്മയുടെ ഒരംശം നിലനിക്കുന്നത് നല്ലതാണു .കാരണം നമുക്കെല്ലാവര്‍ക്കും അന്യം നിന്നുപോകുന്നത് അതാണല്ലോ .