സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!മാലാഖക്കുഞ്ഞ്

June 21, 2010 ബിജുകുമാര്‍ alakode

ഹോ..എന്തൊരു തിരക്കാ ഇവിടെ..ചെറിയ മഴയുണ്ടായിരുന്നെന്നു തോന്നുന്നു. ആകെ അളിപിളിയായി കിടക്കുന്നു. അവിടവിടെയൊക്കെ ഓരോരുത്തന്മാര് മുറുക്കീതുപ്പിയിട്ടേക്കുന്നു. വൃത്തികെട്ടവന്മാര്‍ ! ഈ നാടെങ്ങനെ നന്നാവാനാ? നിങ്ങളു പറയും എനിയ്ക്കു ഗള്‍ഫീന്നു വന്നതിന്റെ ഹാങ്ങോവറാന്ന്. സത്യമായും അല്ല. കാര്യം ഇതൊരു ബസ് സ്റ്റാന്‍ഡ് തന്നാ..എങ്കിലും നോക്കിക്കേ,  മനുഷ്യന് കാലു കുത്താന്‍ പറ്റുമോ..?
എന്തായാലും ഇറങ്ങാതെ പറ്റില്ലല്ലോ. പുറകീന്ന് തള്ളു വരുന്നുണ്ട്. ഒരഞ്ചു സെക്കന്‍ഡ് കൂടി താമസിച്ചാല്‍ അവന്മാര് ശരിക്കൊരു തള്ളു തരും.. അപ്പോ പിന്നെ ആ ചെളിയൊക്കെ മുഖത്തിരിയ്ക്കും.

“വാ.. മോളു.. വീഴാതെ എറങ്ങ്..” കൊച്ചിന്റെ കൈ പിടിച്ച് സൂക്ഷിച്ചിറക്കി. പുത്തന്‍ ചെരിപ്പാണ് മോളുടെ. ഈ ചെളിയും അഴുക്കുമെല്ലാം അതേല്‍ പറ്റും..ശെ.. ആ പഴയ ചെരിപ്പെങ്ങാനുമിട്ടാല്‍ മതിയായിയിന്നു. അതെങ്ങനാ, കൊച്ചിന്റെ തള്ള സമ്മതിയ്ക്കുകയില്ലല്ലോ..ഉള്ളതില്‍ നല്ലതിട്ടാലേ അവള്‍ക്ക് തൃപ്തിയാവൂ..മുന്‍പീന്നു എറങ്ങിയോ ആവോ..? ഞാന്‍ തല പൊന്തിച്ചു മുന്‍‌ഡോറിലേയ്ക്കു നോക്കി. ഓ.. അവിടെ പൂരം തുടങ്ങിയിട്ടേ ഉള്ളൂ.
കൊച്ചിനേം കൈക്കുപിടിച്ച് ഞാന്‍ ഒരു സൈഡിലേയ്ക്കു മാറി നിന്നു. അവളു പൂരത്തിരക്കിനിടയിലൂടെ ഇറങ്ങി വരട്ടെ..
ആ വന്നല്ലോ..ഹ..ഹ.. എന്തൊരു ചന്തം!  സാരി ചുരുട്ടി ഒരു കൈയില്‍ , മുടിയാകെ അഴിഞ്ഞിട്ട് നാനാവിധം, നെറ്റിയിലെ പൊട്ട് വട്ടത്തിലായിരുന്നത് നീളത്തിലായിട്ടുണ്ട്, മൊത്തത്തില്‍  ഒരു ബലാത്സംഗ സീന്‍ കഴിഞ്ഞമാതിരി.
സകല ദേഷ്യവും ആവാഹിച്ച് എന്നെയൊരു നോട്ടം! ഞാന്‍ കാരണമാണല്ലോ ലൈന്‍ ബസ് പിടിച്ചത്. കോട്ടയത്ത് നിന്ന് ഗാന്ധിനഗര്‍ മെഡിക്കല്‍ കോളേജ് വരെ ടാക്സി പിടിച്ച് വരേണ്ട ഒരാവശ്യവുമില്ല. ധാരാളം ബസുണ്ട്. ഞങ്ങളു കയറുമ്പം അത്ര വലിയ തിരക്കൊന്നുമില്ലായിരുന്നു. കുമാരനല്ലൂര്‍ തൊട്ടാണ് ഇത്രയും തിരക്കായത്. ആ സാരമില്ല എത്തിയല്ലോ!

ഗാന്ധിനഗര്‍ ബസ് സ്റ്റാന്‍ഡൊന്നെക്കെ വലിയ ഗമണ്ടന്‍ പേരൊക്കെയുണ്ടെങ്കിലും സംഗതി ഒരു തുക്കടാ സ്റ്റാന്‍ഡ് തന്നെ.എപ്പോഴും ആളു വന്നും പോയും ഇരിയ്ക്കും. കോട്ടയം മെഡിക്കല്‍ കോളേജിവിടെയാണല്ലോ! ഒക്കെ സാധാരക്കാരാണന്നേ.. അതാ ഇത്രയും വൃത്തികേടായി കിടക്കുന്നത്. കാണുന്നിടത്ത് തുപ്പാനാര്‍ക്കും മടിയില്ല. അതാ ഒരു വെയിറ്റിങ്ങ് ഷെഡുണ്ട്. ആള്‍ക്കാര്‍ക്കിരിക്കേണ്ട സ്ഥലത്ത് രണ്ടു മൂന്നു പേര്‍ ചുരുണ്ട് കിടപ്പാണ്!  അതിനകത്തു  കുറേപ്പേര്‍ പുറത്തേയ്ക്കും നോക്കി നില്പുണ്ട്.
ചെറുതായി മഴ പൊടിയ്ക്കുന്നുണ്ടല്ലോ. ഓ.. കുട നിവര്‍ത്താന്‍ മാത്രമൊന്നുമില്ല.

“വാ മോളേ..നമുക്കു നടക്കാം”. കൊച്ചിനോടാണെങ്കിലും ശ്രീമതിയെ നോക്കികൊണ്ടാണ് പറഞ്ഞത്. അവളു വിചാരിച്ചോട്ടെ, അവളെയാ വിളിച്ചതെന്ന്. ഒരു വര്‍ഷത്തിനു ശേഷം മൂന്നു നാലു ദിവസമല്ലേ ആയുള്ളു ഒന്നായിട്ട്. ഞാനൊരു ചെറിയ ഇനം ഗള്‍ഫുകാരനായതു കൊണ്ട്  കൊച്ചും തള്ളേം നാട്ടില്‍ തന്നെയാണ്.വര്‍ഷത്തിലൊരിയ്ക്കല്‍ ഒരു മാസം നാട്ടില്‍ . ഒരു ഫാമിലി വിസയൊക്കെ സംഘടിപ്പിച്ച് ഇവരെക്കൂടി കൊണ്ടു പോയാല്‍ ശമ്പളം ബാക്കിയൊന്നുമുണ്ടാവില്ല. തന്നെയുമല്ല പുഴയും വയലും മലകളും കിളികളുമൊന്നുമില്ലാത്ത ആ മരുഭൂമിയിലേയ്ക്ക് എന്തു കാണാനാ കൊണ്ടു പോകേണ്ടത്? എന്തെല്ലാം കുറ്റങ്ങളുണ്ടെങ്കിലും മലയാള നാടിന്റെ സുഖം എവിടെ കിട്ടാന്‍ ..? അതൊന്നും ഇവളുടെ തലയില്‍ കേറില്ലാന്ന് പലപ്രാവശ്യം എനിയ്ക്കു ബോധ്യപ്പെട്ടിട്ടുണ്ട്.

കണ്ണൂരു നിന്നും ഇന്നലെ വൈകിട്ടു ട്രെയിന്‍ കയറിയതാണ്. വെളുപ്പിനെ കോട്ടയത്തെത്തി. രമണിക്കുഞ്ഞമ്മയുടെ വീട് ഇവിടടുത്ത് തന്നെയായതു കൊണ്ട്  സൌകര്യമാണ്. വല്ലപ്പോഴും കോട്ടയത്തിനു വന്നാല്‍ ഇവിടാണ് കൂടല്‍ .
ഇപ്പോ ഈ മെഡിക്കല്‍ കോളേജു സന്ദര്‍ശനം എന്തിനാണന്നു വച്ചാല്‍ ഒരമ്മാവന്‍ ഇവിടെയാണ്, ഒരാഴ്ചയായിട്ട്. അറ്റാക്കാണത്രേ. ഗള്‍ഫില്‍ നിന്നു വന്നപാടെ അമ്മയുടെ അപേക്ഷയുണ്ടായി.
“എടാ..ശ്രീധരനെ പോയൊന്നു കാണ്. ഒരാഴ്ചയായിട്ട് മെഡിക്കല്‍ കോളേജിലാ.. നിന്നെ എന്തുമാത്രം എടുത്തു കൊണ്ട് നടന്നതാന്നറിയോ..”
സത്യമാണ്. അമ്മാവന് എന്നെ വലിയ കാര്യമായിരുന്നു. എന്റെ ചെറുപ്പത്തില്‍ തന്നെ ഞങ്ങള്‍ മലബാറുകാരായി. പിന്നെ വല്ലപ്പോഴുമാണ് അമ്മാവനെ കാണാറ്.

“ദേ.. എന്തെങ്കിലും മേടിയ്ക്കണ്ടെ? ചുമ്മാ കൈയും വീശിയാണോ ആശുപത്രീലോട്ട് പോണേ..”  പുറകില്‍ നിന്നും മിനിയുടെ തോണ്ടല്‍ .
എനിക്കിത്തരം കാര്യങ്ങളില്‍ ശ്രദ്ധ പണ്ടേയില്ല. ഒരു വീട്ടില്‍ പോകുമ്പോള്‍ , ആശുപത്രിയില്‍ പോകുമ്പോള്‍ , അതിനൊക്കെ ഓരോ നാട്ടു നടപ്പുണ്ട്. വയസായവര്‍ ഉണ്ടെങ്കില്‍ പുകയില, കുട്ടികള്‍ ഉണ്ടെങ്കില്‍ മിഠായി, ബിസ്കറ്റ്, കേക്ക്  അങ്ങനെ സാഹചര്യം പോലെ. ആശുപത്രിയിലേയ്ക്കാകുമ്പോള്‍ ഓറഞ്ച് നിര്‍ബന്ധം. പിന്നെ ആപ്പിള്‍ , ഏത്തപ്പഴം തുടങ്ങിയവയും ആകാം.

അതാ ഒരു തട്ടുകട. ഒരു സൈഡില്‍ ഓറഞ്ചും ആപ്പിളും അടുക്കി വച്ചിട്ടുണ്ട്. തട്ടിന്മേല്‍  സമോവറില്‍ നിന്നും ആവി ചെറിയ ചുരുളുകളായി വായുവില്‍ ലയിയ്ക്കുന്നു.  കണ്ണാടി അലമാരയില്‍ കൂട്ടിയിട്ടിരിയ്ക്കുന്ന പരിപ്പുവട, ബോണ്ട, പപ്പടബോളി. ഹായ് എന്തൊരു നൊസ്റ്റാള്‍ജിക് കാഴ്ച! എനിയ്ക്കിപ്പൊഴും നാട്ടിലെത്തിയാലുള്ള  ദൌര്‍ബല്യമാണ് തട്ടു ചായ, പരിപ്പുവട.  നല്ല അടിച്ചു പതഞ്ഞ ചായയും മൊരിഞ്ഞ പരിപ്പുവടയും കൂടിയുള്ള ആ ഒരു കോമ്പിനേഷന്‍ , ഹായ്. അതിന്റെ ടേസ്റ്റ് വല്ലതും കിട്ടുമോ ബര്‍ഗറിനും കോളയ്ക്കുമൊക്കെ?

എന്നാ പിന്നെ ഓറഞ്ച് വാങ്ങലിനൊപ്പം ഒരു ചായയും പരിപ്പുവടയുമാകാം. ക്ഷീണവും മാറും.
ചായകുടിയ്ക്കാനുള്ള എന്റെ അഭ്യര്‍ത്ഥന മിനിയും മോളും സ്വീകരിച്ചില്ല. ശരി വേണ്ടങ്കില്‍ വേണ്ട. ഞാന്‍ കുടിയ്ക്കാം. തട്ടുകടയിലെ ബഞ്ചില്‍ ഞാനിരുന്നു. ചായ വേണ്ടങ്കിലും മോള്‍ എന്റെ മടിത്തട്ട് ഒഴിവാക്കിയില്ല. വലിയ മോള്‍ കുറച്ചു മാറി നിന്നു.
തട്ടുകടയുടെ ഒരു സൈഡാകെ പുല്ലു പടര്‍ന്നിരിയ്ക്കുന്നു. ആള്‍ നടപ്പുകൊണ്ട് അവിടെ കുറച്ചുഭാഗം തെളിഞ്ഞിട്ടുണ്ട്. ഒരു വയസായ ചേട്ടനാണ് കടമുതലാളി. ഒരു പത്തു മുപ്പതു വര്‍ഷത്തെ എക്സ്പീരിയെന്‍സെങ്കിലും ഉള്ള ആളാണെന്നു ചായയടി കണ്ടാലറിയാം. ഒരു മീറ്റര്‍ നീളമുള്ള ചായ!

“മോള്‍ക്ക് ആപ്പിളു വല്ലോം വേണോ?” ഞാന്‍ ചോദിച്ചു. അവള്‍ തല കുറുകെ ആട്ടി. ഓ.. കൊച്ചിനൊന്നും വേണ്ട. അവള്‍ ചേട്ടന്‍ ചായടിയ്ക്കുന്നത് ശ്രദ്ധിയ്ക്കുകയാണ്. ആരും ശ്രദ്ധിച്ചു പോകും, ആ ഒരു താളം.

എന്റെ അടുത്തൊരാള്‍ ആ ബഞ്ചില്‍ ഇരിപ്പുണ്ട്. ഞാനയാളെ ശ്രദ്ധിയ്ക്കാന്‍ കാരണം, മോള്‍ എന്റെ മടിയില്‍ ഇരുന്നപ്പോള്‍ മുതല്‍ അയാള്‍ അവളെ നോക്കിക്കൊണ്ടിരിയ്ക്കുകയാണ്. ഒരു ജാതി വെടക്കു രൂപം. കുളീം നനയുമൊന്നുമില്ലാന്ന് കാണുമ്പോഴേ അറിയാം. മുഖത്ത് ആകെ കുറ്റിത്താടി. തലമുടിയാകെ ചപ്രശ..
കണ്ണൊക്കെ ഉറക്കചടവു കൊണ്ടാകും ചുവന്നിരിയ്ക്കുന്നു. എനിക്കാകെ അസഹ്യത തോന്നി. നിങ്ങള്‍ മറ്റൊന്നും വിചാരിയ്ക്കരുത്, ഞാന്‍ അല്പം മുഷിഞ്ഞു നടക്കുന്നവരെ അങ്ങനെ വെറുക്കുന്ന ആളൊന്നുമല്ല. ഗള്‍ഫില്‍ പോയി എന്നു വച്ച് എന്റെ പഴയകാലമൊന്നും മറന്നിട്ടുമില്ല. എങ്കിലും ഇയാളുടെ ആ നോട്ടം എനിക്കത്ര പിടിച്ചില്ല.

കാര്യം ശരിയാണ്, എന്റെ മോളെ ആരും നോക്കിപ്പോകും. അഞ്ചു വയസ്സേ ഒള്ളുവെങ്കിലും ഒരു മാലാഖയുടെ ഭംഗി അവള്‍ക്കുണ്ട്. എന്റെ മോളായതു കൊണ്ട് പൊക്കിപ്പറഞ്ഞതല്ല കേട്ടോ. മിനിയുടെ രൂപമാണവള്‍ക്ക്. അതു നന്നായി, ഷേപ്പ് എന്റേതായിരുന്നെങ്കില്‍ മാലാഖകുഞ്ഞാവാന്‍ ചാന്‍സു കുറവാണ്.

ചായയും കടിയുമൊക്കെ കിട്ടി. കൊള്ളാം നന്നായിട്ടുണ്ട്. മീറ്റര്‍ ചായയുടെ ടേസ്റ്റൊരു ടേസ്റ്റ് തന്നെയാണ്. പരിപ്പുവടയും സൂപ്പര്‍ ..നല്ല മൊരിച്ചില്‍ ..
കടക്കാരന്‍ പിന്നെ ഓറഞ്ച് പൊതിയാന്‍ തുടങ്ങി.
“സാറ് ആശൂത്രിയിലേയ്ക്കാണോ?” ബഞ്ചില്‍ നിന്നാണ് ചോദ്യം. ഇവിടെ ഓറഞ്ച് മേടിയ്ക്കുന്നവരൊക്കെ ആശുപത്രിയിലേയ്ക്കാണന്ന് ഇയാള്‍ക്കു പോലും അറിയാം.
ഞാനൊന്നു തലയാട്ടി. ലോഹ്യം കൂടല്‍ ഒരു ചായക്കോ മറ്റോ ആയിരിയ്ക്കും.
“ചായ വേണോ?”
“ഓ..വേണ്ട സാറെ ഇപ്പോ ഒന്നു കുടിച്ചതേ ഒള്ളു..ആരാ ആശൂത്രിയില്?”
“ഒരമ്മാവനുണ്ട്. ഒരാഴ്ചയായി.”
“മോളെ..മോള്‍ടെ പേരെന്താ..?”
എന്റെയല്ലേ മോള്. അവള്‍ മുഖം വീര്‍പ്പിച്ചിരുന്നതേയുള്ളു. സ്റ്റാറ്റസ് (ദൈവമേ ക്ഷമിക്കണേ) കുറഞ്ഞവരോട് അവള്‍ക്കും താല്പര്യം കുറവാണല്ലോ!
“പേര് പറ മോളേ..” ഞാന്‍ കൊച്ചിനോട് പറഞ്ഞു. സാധാരണ ആരു ചോദിച്ചാലും അവള്‍ പറയുന്നതാണ്.
“ഐശ്വര്യ.” ഇത്രയും പറഞ്ഞ് മോള് എന്റെ മടിയിലേയ്ക്ക് ഒന്നു കൂടി കയറിയിരുന്നു.
“എന്റെ കൊച്ചിനും ഇതേ പ്രായമാ.. ഇവിടെയാ ഒരാഴ്ചയായിട്ട്”
 ഓ..അതു ശരി. ചിലരങ്ങനെയാണ്. കൊച്ചുപിള്ളേരെ കണ്ടാല്‍ സ്വന്തം കുഞ്ഞുങ്ങളെ ഓര്‍മ വരും.
“എന്തു പറ്റീ കൊച്ചിന്?”
“”ചെറിയൊരു പനിയാര്‍ന്നു തൊടക്കം. ഞങ്ങളങ്ങു കിഴക്കാണേ.വണ്ടിപ്പെരിയാറില്‍ . അവിടെ ആശുപത്രീം സൌകര്യോമൊന്നുമില്ല. രണ്ടു മൂന്നു ദെവസം കഴിഞ്ഞപ്പോ കൊച്ച് ശര്‍ദ്ദി തൊടങ്ങി. അന്നേരമാ ആശൂത്രി കാണിച്ചേ. എനിയ്ക്കാണേ മരപ്പണിയാ.. പണിയിട്ടെറിഞ്ഞങ്ങ്നെ പോവാന്‍ പറ്റാത്ത സാ‍ഹചര്യായി പ്പോയി. പിന്നെ കാണിച്ചപ്പം ഡോക്ടറു പറഞ്ഞു ഒടനെ ഇങ്ങോട്ട് വിട്ടോളാന്‍ . ആ പോക്ക് ഇങ്ങ് പോന്നു.”
 എനിയ്ക്കയാളോടു ആദ്യം തോന്നിയ ഈര്‍ഷ്യയെല്ലാം ഉരുകിപ്പോയി. ഒരു സാധു. കാപട്യമൊന്നുമില്ലാത്ത നാട്ടിന്‍ പുറംകാരന്‍ .
“എത്ര കുട്ടികളുണ്ട്?”
“രണ്ടു പേരാര്‍ന്നു. ചെറുക്കന്‍ കൊച്ച് കുഞ്ഞിലേ പോയി!” അയാള്‍ കീഴ്ചുണ്ട് കടിച്ചമര്‍ത്തിപ്പറഞ്ഞു. കണ്ണൊരല്പം നനഞ്ഞോ?
“എന്റെ മോളും ഈ മോളേപ്പോലെ നല്ല സുന്നരിയാ..കളരിയില്‍ പോകുന്നുണ്ട്..” അയാള്‍ ഐശ്വര്യമോളുടെ കവിളില്‍ മൃദുവായി ഒന്നു തട്ടി.
“ഒരു കിലോ ഓറഞ്ചു കൂടെ താ..” ഞാന്‍ കടക്കാരനോടു പറഞ്ഞു. ഇത് അയാളുടെ മോള്‍ക്കാണ്.
കടക്കാരന്‍ തന്ന പ്ലാസിക് കൂട് ഞാന്‍ അയാള്‍ക്കു നീട്ടി.
 “ന്നാ ഇത് കൊച്ചിന് കൊട്..”
“വേണ്ട.. സാറെ.. അവള്‍ക്കിഷ്ടമല്ല ഓറഞ്ച്..വേണ്ട.”
ഓറഞ്ചിഷ്ടമില്ലാത്ത കുട്ടികളോ? പാവപ്പെട്ടവനാണെങ്കിലും അഭിമാനിയാണയാള്‍ .അന്യര്‍ മേടിച്ചു കൊടുത്ത സാധനം സ്വന്തം കുട്ടിയ്ക്കു വേണ്ട. എനിയ്ക്കിപ്പോള്‍ അയാളോട് ശരിയ്ക്കുമുള്ള ഇഷ്ടമാണ് തോന്നിയത്. ഏതായാലും മേടിച്ചില്ലേ, എന്നാല്‍ നേരിട്ടു തന്നെ കൊടുക്കണം.
ചായകുടിയെല്ലാം കഴിഞ്ഞ് എഴുനേറ്റു. അമ്മാവന് ഓറഞ്ചും ആപ്പിളും മേടിച്ചിട്ടുണ്ട് . ആറാം വാര്‍ഡിലാണ് കിടക്കുന്നത്. ഇപ്പോള്‍ വിസിറ്റിംഗ് ടൈം അല്ലാത്തതു കൊണ്ട്  ഉള്ളില്‍ കയറണമെങ്കില്‍ പാസെടുക്കണമല്ലോ? ഞാനാദ്യമായതിനാല്‍ ഇതിന്റെയൊന്നും നടപടിക്രമം അറിയില്ല. ഇയാളുകൂടിയുണ്ടെങ്കില്‍ സംഗതി എളുപ്പമാകും.
“ആശുപത്രിയിലേയ്ക്കല്ലേ.. വാ.. എനിയ്ക്കത്ര പരിചയമില്ല. പാസെടുക്കണ്ടെ കേറാന്‍ ?”
“ആ.. അതു വേണം. എന്നാ ഞാനും വരാം” അയാളെഴുനേറ്റു. അയാളുടെ മോള്‍ക്കുള്ള ഓറഞ്ച് ഞാന്‍ തന്നെ പിടിച്ചു.
കോട്ടയം മെഡിക്കല്‍ കോളേജ് വളരെ വലുതാണ്. ബഹുനില കെട്ടിടങ്ങള്‍ ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്നുണ്ട്. വണ്ടികള്‍ വന്നും പോയും ഇരിയ്ക്കുന്നു. സദാ സമയവും തിരക്ക്. ഞങ്ങളു ആശുപത്രി കോമ്പൌണ്ടിലേയ്ക്ക് നടന്നു. ഇവിടെ അത്ര വൃത്തി ഹീനമല്ല. ധാരാളം  മരങ്ങളുണ്ട്.  സൈഡിലൊക്കെ പൂവുള്ള ചെടികള്‍ .ചിലരൊക്കെ അവശരായി അവിടവിടെ മരചുവട് പറ്റി ഇരിപ്പാണ്. ചിലരുടെ കൈയില്‍ എക്സ് റേയുടെ വീതിയുള്ള കവറ്. ചാറ്റല്‍ മഴ നിന്നെങ്കിലും ആകാശം മൂടിക്കെട്ടിയിട്ടുണ്ട്. നല്ലൊരു മഴ ഉറപ്പാണ്.

ആശുപത്രിയുടെ ഒരു മണമുണ്ടല്ലോ? ഡെറ്റോളും മെതനോളും പിന്നെ ഏതെല്ലാമോ മരുന്നുകളും രോഗികളുടെ ഉച്ഛ്വാശവും എല്ലാം കൂടി കുഴഞ്ഞൊരു മണം. അതവിടെമാകെ നിറഞ്ഞു നിന്നു. കഴിയുന്നതും കുട്ടികളെ ഇങ്ങോട്ടൊന്നും കൊണ്ടു പോകരുതെന്നാണ് അറിവുള്ളവര്‍ പറയുന്നത്.

ഐശ്വര്യ ആണെങ്കില്‍ ഉത്സാഹത്തോടെ മുന്‍പോട്ട് ഓടി. അവളങ്ങിനെയാണ്, ആള്‍ക്കാരെക്കണ്ടാല്‍ പിന്നെ വലിയ ഉത്സാഹമാണ്. മിനി ഒരു കൈയില്‍ കൂടും തൂക്കി, മറുകൈയില്‍ സാരിതുമ്പും പിടിച്ച് കൊച്ചിന്റെ പുറകേ. “അവിടെ നില്‍ക്ക് മോളേ.. ഓടാതെ..”
നമ്മുടെ പുതിയ പരിചയക്കാരന്‍ വരുന്നതേയുള്ളു. കക്ഷി ആകെ ആടിയുലഞ്ഞാണ് വരവ്. ഒരാഴ്ചയായി ആശുപത്രി വാസമല്ലേ. അതിന്റെ ക്ഷീണം കാണുമല്ലോ.
“ദാ സാറെ ആ കൌണ്ടറിലാ പാസെടുക്കുന്നത്. ഞാനെടുക്കണോ?” അയാള്‍ സൈഡിലെയ്ക്ക് ചൂണ്ടിക്കാണിച്ചു.
“ഓ വേണ്ട. ഞാനെടുത്തോളാം”.
ഒരഞ്ചുമിനിറ്റു നേരത്തെ ക്യൂ. രണ്ടു പാസു കിട്ടി. അയാള്‍ക്ക്  പാസു കാണുമല്ലോ.
“എവിടെയാ നിങ്ങടെ കൊച്ച് കിടക്കുന്നത്? നമുക്കവിടെ കേറിയിട്ട് പോകാം. “

അയാള്‍ അല്പസമയം നിശബ്ദനായി നിന്നു. പിന്നെ ഇടതു വശത്തേയ്ക്ക് നടന്നു. ഒപ്പം ഞങ്ങളും.
ആ സൈഡ് ഒ.പി. ബ്ലോക്കാണല്ലോ? അതാ വലിയ ബോര്‍ഡ് കാണാം. അഡ്‌മിറ്റ് ചെയ്ത  രോഗികള്‍ കിടക്കുന്ന വാര്‍ഡുകള്‍ വലതു സൈഡിലാണ്.
“എന്താ മോളെ ഡിസ്ചാര്‍ജു ചെയ്തോ?”
അയാള്‍ ചിരിച്ചു കൊണ്ട് തലയാട്ടി. ചികിത്സയിലാണെന്നു വിചാരിച്ചാണ് ഓറഞ്ച് മേടിച്ചത്. വെറുതെയല്ല വേണ്ടാന്ന് അയാള്‍ പറഞ്ഞത്. ആ.. എന്തായാലും കണ്ടിട്ടു പോയേക്കാം.
“പിന്നെന്താ നാട്ടിലേയ്ക്ക് പോകാത്തത്?“
“കുറച്ച് കാശുകൂടി വേണം. ഒരു വണ്ടി പിടിയ്ക്കണം. അനിയന്‍ നാട്ടിലേയ്ക്ക് പോയിട്ടുണ്ട്. അവനിപ്പോ കാശുമായി വരും”.
കാശു വേണോന്നു ചോദിച്ചാലോ? വേണ്ട അതൊരു പക്ഷേ അയാളുടെ അഭിമാനത്തെ മുറിപ്പെടുത്തും. അനിയന്‍ കാശിന് പോയിട്ടുണ്ടല്ലോ. ശരിയാണ്, ഡിസ്ചാര്‍ജായെങ്കിലും സുഖമില്ലാത്ത കൊച്ചിനെ ഇവിടുത്തെ തിരക്കു പിടിച്ച ബസില്‍ കൊണ്ടു പോയാല്‍ , പിന്നെയും ഇങ്ങോട്ടു തന്നെ വരേണ്ടി വരും.

ഓ.പിയിലും തിരക്കോടു തിരക്ക്. റഫറല്‍ ആക്കിയിട്ടും തിരക്കിനൊരു കുറവുമില്ല. പലപ്പോഴും സ്വകാര്യ ആശുപത്രിയെക്കാളും രോഗികള്‍ക്ക് വിശ്വാസം മെഡിക്കല്‍ കോളേജാശുപത്രിയാണ്. ഡോക്ടര്‍ക്കല്പം ചില്ലറ കൊടുത്താല്‍ ഒന്നാന്തരം ചികിത്സ കിട്ടും. കഴിവും യോഗ്യതയുമുള്ളവരാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ .
ഒ.പി.കെട്ടിടത്തിന്റെ സൈഡില്‍ കൂടി വേറൊരു കെട്ടിടത്തിലേയ്ക്കാണു ഞങ്ങള്‍ ചെന്നത്. അവിടെ തിരക്കൊന്നുമില്ല. മൂന്നാലു ബഞ്ചുകളുണ്ട്. രണ്ടുമൂന്നു പേര്‍ ഇരിപ്പുണ്ട്. ഡിസ്ചാര്‍ജായവരായിരിയ്ക്കും.

“സാറെ, എന്റെ ഭാര്യ”. അയാള്‍ ചൂണ്ടിക്കാണിച്ചു. ഒരു മെല്ലിച്ച രൂപം തലകുനിച്ചിരിയ്ക്കുന്നു. മുഷിഞ്ഞ  സാരി ചുറ്റിപുതച്ചിട്ടുണ്ട്. ശബ്ദം കേട്ട് അവര്‍ തല ഉയര്‍ത്താതെ കണ്ണുയര്‍ത്തി നോക്കി. ഞങ്ങളെ പരിചയമില്ലല്ലോ..
എന്തൊരു നിര്‍വികാര രൂപം! ഞങ്ങളോടൊരു മര്യാദയ്ക്കുപോലും ഒന്നനങ്ങിയില്ല.

ഞാന്‍ കണ്ണോടിച്ചു. ആ കൊച്ചിനെ കണ്ടാല്‍ ഈ ഓറഞ്ചങ്ങു കൊടുത്തിട്ട് പോയേക്കാം. അമ്മാവനെ കണ്ട് ഒരു രണ്ടു മണിക്കൂറെങ്കിലും അവിടെ തട്ടി മുട്ടി നില്‍ക്കേണ്ടി വരും.  വൈകുന്നേരത്തോടെ കോട്ടയത്തെത്തണം. ഇനി  മൂന്നു ദിവസം കൊണ്ട് പലയിടത്തും കറങ്ങേണ്ടതാണ്.
“മോളെവിടെ?“
“അതാ സാറെ..” അയാള്‍ വിരല്‍ ചൂണ്ടി.  ഒപ്പം അയാള്‍ ഭിത്തിയിലേയ്ക്ക് തലയടിച്ചു കൊണ്ട് ചാരി. പിന്നെ പതുക്കെ ഊര്‍ന്നു താഴേയ്ക്കിരുന്നു.
അവിടെ ഉള്ളിലെ മുറിയില്‍ ഒരു സ്ട്രെച്ചറില്‍ വെളുത്ത തുണി പുതച്ച ഒരു കൊച്ചു രൂപം. ആകെ മൂടിയിട്ടതിനാല്‍ മുഖം കാണാനാവുന്നില്ല. എങ്കിലും ഒരു മാലാഖയെപ്പോലെ ഓമനത്വമുള്ളതുതന്നെയായിരിയ്ക്കാം ആ മുഖവും. 
സൈഡിലെ കൊച്ചു ബോര്‍ഡ് എന്റെ ശ്രദ്ധയില്‍ പെട്ടില്ലായിരുന്നു, മോര്‍ച്ചറി.

18 Comments, Post your comment:

mini//മിനി said...

വേദനിപ്പിക്കുന്ന കഥ. നന്നായി പറഞ്ഞു.

മൈലാഞ്ചി said...

കണ്ണുനിറഞ്ഞു... കൂടുതലൊന്നും പറയാന്‍ വയ്യ..

സലാഹ് said...

:(

ശാന്ത കാവുമ്പായി said...

സങ്കടപ്പെടുത്തിക്കളഞ്ഞല്ലോ ബിജു.

വഴിപ്പോക്കന്‍ said...

വേണ്ടിയിരുന്നില്ലാ...ഇങ്ങിനെ ഒരു അവസാനം.

ബിജുകുമാര്‍ said...

അഭിപ്രായം പറഞ്ഞ മിനിടീച്ചര്‍, മൈലാഞ്ചി, സലാഹ്, ശാന്തേച്ചി,വഴിപോക്കന്‍ : എല്ലാവര്‍ക്കും നന്ദി.

Nileenam said...

കഥ നന്നായി പറഞ്ഞു

Manoraj said...

നല്ലൊരു കഥ വായിച്ചു.

കുസുമം ആര്‍ പുന്നപ്ര said...

nalla kadha nalla visham undayi

തെച്ചിക്കോടന്‍ said...

നല്ല കഥ, അവസാനം വേദനിപ്പിച്ചു.

സ്നേഹപൂര്‍വ്വം ശ്യാമ....(snehapoorvam syama) said...

കണ്ണ് നിറഞ്ഞു പോയി മാഷെ.... നന്ദി, നല്ലൊരു വായന തന്നതിന്

റോസാപ്പൂക്കള്‍ said...

നല്ല കഥ. വല്ലാതെ സങ്കടപ്പെടുത്തി

സന്ദീപ് കളപ്പുരയ്ക്കല്‍ said...

ഇതു വായിച്ചിട്ട് തന്നെ വിഷമമം ആയി, ഇത് താങ്കള്‍ക്കുണ്ടായ അനുഭവമായിരുന്നെങ്കില്‍....അപ്പോള്‍ താങ്കളുടെ മാനസികാവസ്ഥ.....

ബിജുകുമാര്‍ said...

@നിലീനം,മനോരാജ്,കുസുമം,തെച്ചിക്കോടന്‍,ശ്യാമ,റോസാപ്പൂക്കള്‍: നിങ്ങളോരുരുത്തരുടെയും അഭിപ്രായങ്ങള്‍ക്ക് നന്ദി. പ്രതീക്ഷിയ്ക്കുന്നതില്‍ നിന്നും വ്യത്യസ്തമായ അനുഭവങ്ങള്‍ ജീവിതത്തില്‍ എല്ലാവര്‍ക്കുമുണ്ടല്ലോ? അത് ഒരു കഥയില്‍ കൂടി അനുഭവിപ്പിയ്ക്കാന്‍ ഒരെളിയ ശ്രമം. അത്രയേ ഉള്ളൂ.
@സന്ദീപ്:ഇത് എനിയ്ക്കുണ്ടായ അനുഭവമല്ല.ഈ കഥയില്‍ യാഥാര്‍ത്ഥ്യമുള്ളത്, ഭാര്യയുടെയും മോളുടെയും പേര് മാത്രമാണ്. ബാക്കിയെല്ലാം വെറും കഥമാത്രം. അഭിപ്രായത്തിനു നന്ദി.

വേനല്‍ മഴ said...

കഥ നന്നായിരിക്കുന്നു.
www.venalmazha.com

ബിജുകുമാര്‍ said...

@വേനല്‍മഴ: ആ പേരിനു തന്നെ ഒരു കുളിര്‍മ്മ! അഭിപ്രായത്തിനു നന്ദി.

ശാലിനി said...

കഥ നന്നായി.അദ്യത്തെ ഭാഗത്തെ കോമഡി,ട്രാജഡിയാകുന്ന മാറ്റം കയ്യടക്കത്തോടെ അവതരിപ്പിചു.

ബിജുകുമാര്‍ said...

@ശാലിനി: വളരെ നന്ദി. ഈ അഭിപ്രായത്തെ സമ്മാനമായി സ്വീകരിയ്ക്കുന്നു.