"ഇവനൊക്കെ എങ്ങനെ ജീവിക്കാന്‍ പഠിക്കാനാണ്. ഇവനെയൊക്കെ ആ കുന്നംകുളം മാര്‍ക്കറ്റില്‍ കൊണ്ടാക്കണം." ഈ പ്രസ്താവന കുട്ടിക്കാലം മുതലെ ഞാനും ചില കൂട്ടുകാരും കേള്‍ക്കാറുള്ള ഒരു ബൈബിള്‍ വചനമാണ്. കാര്യങ്ങള്‍ വെടിപ്പോടെയും വകതിരിവോടെയും ചെയ്യാനുള്ള ഞങ്ങളുടെ കഴിവിന്റെ ആണിക്കല്ലിനു നേരെ ഒരു ചോദ്യചിഹന്മായി ഈ കുന്നംകുളം മാര്‍ക്കറ്റ് അങ്ങനെ നിവര്‍ന്നു നിന്നു.
" നിന്റെ ഈ പ്രായത്തില്‍ ഞാനൊക്കെ വാണിയംകുളം ചന്തക്കു വരെ നടന്നു പോയിട്ടുണ്ട്. പിന്നെ കല്ലടത്തൂര്‍, വെങ്ങശ്‌ശേരിക്കവ്, നെന്മാറ,ത്രിശൂര്‍ ഇവിടെയൊക്കെ എതു പാതിരാത്രിയും ഞാന്‍ ആയകാലത്ത് പോയിട്ടുണ്ട്" ചെണ്ടപ്പുറത്തു കോല്‍ വീഴുന്നെട്ത്തെല്ലാം തന്റെ കവറേജ് ഉറപ്പാക്കാറുള്ള പുള്ളിയുടെ വീരഗാഥകള്‍ അങ്ങനെ തുടരുകയായി. എന്റെ പിതാവ് ആണ് ഇത്തരം ഡയലോഗ്കളുടെ ഉപജ്ഞാതാക്കളില്‍ പ്രമുഖന്‍.
"അതിനു ഞാന്‍ എന്ത് വേണം?വാണിയംകുളത്തേക്കു ഇന്നു ഞാന്‍ നടന്നാല്‍ ഈ ഫാതര്‍ തന്നെ പറയും അവനു നൊസ്സാണെന്ന്. ഇനി ഞാനെങ്ങാനും പാതിരാത്രി നെന്മാറ ട്രൈ ചെയ്താല്‍ അപ്പോള്‍തന്നെ എടപ്പളിലുള്ള എതെങ്കിലും ഒരു സൈക്കാട്രിസ്റ്റിന്റെ അടുത്തേക്ക് നമ്മളെ ആനയിക്കാന്‍ ആദ്യം മുന്‍കൈ എടുക്കുന്നത് ഈ പിതാശ്രീ ആയിരിക്കും. ടെക്‍നോളജി വളര്‍ന്നതിനു ഞാന്‍ എന്ത് ചെയാന്‍? തൃശൂര്‍ പൂരം വരെ ലൈവായി(അതും പല ആങ്കിളില്‍) കാണാമെന്നിരിക്കേ ഈ പാവം ഞാന്‍ ഇനി ത്രിശൂര്‍ വരെ നടക്കണോ? മാത്രവുമല്ല നെന്മാറ, ത്രിശൂര്‍ തുടങ്ങിയ റൂട്ടുകളില്‍ കെ. എസ് ആര്‍ ടി സിയും മയില്‍ വാഹനവുമെല്ലാം തകര്‍ത്തോടുന്നുമുണ്ട്.
പക്ഷേ ടെക്‍നോളജി എത്ര വളര്‍ന്നാലും ഒഴിച്ചു കൂടാന്‍ പറ്റാത്ത ചില ഏര്‍പ്പാടുകള്‍ നമ്മുടെ ഇടയിലുണ്ട്. (ഭീമ ജ്വല്ലറിയുടെ പരസ്യമല്ല) അത്തരത്തിലുള്ള ഒന്നായിരുന്നു പ്രേമ ലേഖനം. ഇമെയിലും എസ് എം എസും വരുന്നതിനു തോട്ടുമുന്‍പുള്ള കാലമാണ്. അപ്പൊഴാണു എന്റെ ഒരു ആത്മാര്‍ഥ സുഹൃത്തിനു ആ അസുഖം വരുന്നത്. ഹോര്‍മോണുകളുടെ ഹാര്‍മോണിയം വായന* എന്ന അസുഖം. അതും എപ്പോഴുമില്ല. ജൂനിയര്‍ ക്ലാസിലെ ഒരു അമ്മിണിക്കുട്ടിയെ കാണുമ്പോള്‍ മാത്രമാണ് ഈ അസുഖം. കാലം പ്ലസ്‌ടു ആദി താളം പ്ലസ്‌വണ്‍.
കുമാരന്‍ വൈദ്യരുടെ കയില്‍ നിന്ന് ദശമൂലാരിഷ്‌ടം വാങ്ങിക്കുടിച്ചു നോക്കി. രക്ഷയില്ല. ഗവണ്മെറ്റ് ആശുപത്രിയില്‍ ചെന്ന് കുപ്പിമരുന്നു കുടിച്ചു. വയറിളകി കൊടലുണങ്ങി.ആകെ ഹലാക്കിന്റെ അവിലുംകഞ്ഞിയായി. ചെക്കനാണെങ്കില്‍ ഒരു വല്ലാത വിമ്മിട്ടം!ഇരിക്കാനും നില്‍ക്കാനും വയ്യ.
അമ്മിണിക്കുട്ടിക്ക് ആദ്യം കടക്കണ്‍ വഴി ചില മോഴ്‌സ്‌കോഡുകള്‍ കൈ മാറി. യാതൊരു പ്രതികരണവുമില്ല പക്ഷെ കൂട്ടുകാരന്റെ കരണം രൂപമാറ്റം വരാതെ പഴയ പടി തന്നെ ഇരിക്കുന്നു. കൂട്ടുകാരികള്‍ വഴി ഒരു സര്‍വെ നടത്തി. അതും ഫലം കണ്ടില്ല. പെണ്ണെന്ന വര്‍ഗ്ഗത്തിന്റെ മനസ്സുകാണാന്‍ വൈക്കം മുഹമ്മദു ബഷീര്‍ വിചാരിച്ചിട്ടു നടന്നില്ല. പിന്നെയല്ലെ വെറും പ്ലസ്‌ടു പിള്ളേര്‍. ചാത്തനെ അയച്ചാലോ എന്ന് വരെ ആലോചിച്ചു. പക്ഷെ സംഗതി വലിയ ചെലവുല്ലതായത് കൊണ്ട് ഉപേഷിച്ചു
അവസാനം അവന്റെ ഹൃദയം അവള്‍ക്കു മുന്നില്‍ തുറക്കാന്‍ അവന്‍ തീരുമാനിച്ചു. പക്ഷെ എങ്ങനെ തുറക്കും? ആദ്യ പടിയെന്നോണം ഒരു താമരയിലയില്‍ അവന്റെ ഹൃദയത്തിന്റെ ഒരു ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ തീരുമാനിച്ചു. കഥ, കവിത തുടങ്ങിയ സുകുമാരകലകളില്‍(അഴീക്കോട് കലകളല്ല) ആ കാലത്തു മുടിഞ്ഞ വാസനയുണ്ടായിരുന്ന എന്നെത്തന്നെ ആ ക്രൂരകൃത്യം ഏല്‍പ്പിച്ചു.
ആറ്റിക്കുറുക്കി അവള്‍ക്കായി ഞാന്‍ മലയാളത്തിലെ പ്രസിദ്ധമായ ആ വരികള്‍ എഴുതി.
"ശ്യാമസുന്ദരപുഷ്പപമേ
എന്റെ പ്രേമസംഗീതമാണ് നീ "
എന്നു സ്വന്‍തം
ഗന്ധര്‍വന്‍ (A2)
(A2 എന്നത് ഞങ്ങളുടെ ക്ലാസിന്റെ പേരാണ്.) എന്റെ പ്രണയലേഖനത്തിലെ പൈങ്കിളികള്‍ ആ പ്രദേശമാകെ പറക്കാന്‍ തുടങ്ങി.
കത്തു മടക്കി ഞാന്‍ നേരെ കാമുകനു കൊടുത്തു." ഇനി നീയായി, നിന്റെ പാടായി".
കാമുകന്‍ പരവശനായി. അവന്‍ നേരെ കത്തു കൊണ്ടു കൊടുക്കും എന്നാണു ഞാന്‍ കരുതിയത്.പക്ഷെ കക്ഷി വിചാരിചപോലെ ധൈര്യശാലി അല്ല.ഇനി എന്താണൊരു പോംവഴി?
ഞാനും എന്റെ മറ്റു രണ്ടു കൂട്ടുകാരും രഹസ്യ യോഗം ചേര്‍ന്നു. ഉടന്‍ തന്നെ നമുക്കൊരു ഹംസത്തെ കണ്ടു പിടിക്കണം. "
അങ്ങനെ ആലോചനയില്‍ നില്‍ക്കുമ്പോല്‍ നമ്മുടെ കാമുകന്‍ പെട്ടെന്ന് ഒരു ആശയവുമായി മുന്നോട്ടു വന്നു.
ഞങ്ങളുടെ പ്ലസ് ടു ബില്‍ഡിംഗിന് തൊട്ടടുത്താണ് എല്‍. പി സ്‌ക്കൂളും. പിറ്റേന്നുച്ചക്കു നമ്മുടെ കാമുകനു പരിചയമുള്ള ഒരു പൊടിപ്പയ്യനേയും തപ്പിപ്പിടിച്ചു അവന്‍ ഹാജരായി.
"ദേ, ദിവന്‍ തന്നെ ഹംസം." ആളെ നന്നായി നോക്കിയപ്പോള്‍ ഒരു കുറ്റിച്ചൂലിന്റെ വലിപ്പമില്ല. കഷ്ടി മൂന്നാം ക്ലാസിന്റെ പ്രായം വരും. " അളിയാ, സംഗതി ബാല വേലയാ, പ്രശനമാവും"
"എയ് ഇവന്‍ പുലിയല്ലേ" കാമുകന്റെ സര്‍ട്ടിഫിക്കറ്റ്.
കാമുകര്‍ക്കു കണ്ണില്ല എന്നറിയുന്നതൊകൊണ്ടു തന്നെ ഞാന്‍ പറഞ്ഞു. " പുലിവാലാകാതിരുന്നാല്‍ മതി"
"മോനെ, നീ ഈ പേപ്പര്‍ ആ ക്ലാസിലെ മഞ്ഞ പട്ടുപാവാട ധരിച ചേച്ചിക്കു കൊടുക്കണം."
കാമുകന്റെ വക സ്റ്റഡിക്ലാസ്. അവന്റെ ഒരു മഞ്ഞ പട്ടുപാവാട. എനിക്കാണേല്‍ ടെന്‍ഷന്‍ തുടങ്ങി. സ്‌ക്കൂളില്‍ ഒരു വിധം നിലയും വിലയും ഉള്ള ആളാണ് ഞാന്‍. മാത്രവുമല്ല ഒരു പ്രണയത്തിന്റെ ആസൂത്രണത്തില്‍ ഇത് കന്നിക്കാരനാണ്. വീട്ടിലെങ്ങാന്‍ അറിഞ്ഞാല്‍ അച്ഛന്‍ അയ്യപ്പന്‍ വിളക്ക്** നടത്തും.
പൊടിയന്റെ ചൊദ്യം" എന്താ ഇതിനകത്ത്?"
"അതു മലയാളം പദ്യമാ" ഞാന്‍ രഹസ്യ ഭാവത്തില്‍ പറഞ്ഞു. (തെണ്ടി, അവനു കണ്ടന്റ് അറിഞ്ഞേ തീരൂ!)
"പദ്യമാണെങ്കില്‍ നേരിട്ടു കൊണ്ടു കൊടുത്തുകൂടെ. ഞാന്‍ വിചാരിച്ചു ലൗ ലെട്ടറാണെന്ന്"
ചെറുക്കന്റെ ജി.കെ കേട്ട് ഞാന്‍ ഞെട്ടി. ഇത്തവണ വെട്ടിലായത് ഞങ്ങളാണ്. "അല്ല മോനെ, ഇത് ലൗലെട്ടര്‍ പോലെയുള്ള ഒരു പദ്യമാണ്. "
"എന്‍തിനാ മാഷേ വളഞ്ഞു മൂക്കു പിടിക്കുന്നത്. സാധനം ഇങ്ങു താ. ഭാക്കി ഞാന്‍ എറ്റു. ആട്ടെ, എനികെന്തു കിട്ടും?
ഞാന്‍ മൂക്കതു വിരല്‍ വെച്ചു. അമ്പടാ ഇവന്‍ ആളു പക്കാ പ്രൊഫഷണലാ. ഇവന്‍ തന്നെ ഈ കൃത്യത്തിനു യോഗ്യന്‍. ഞാന്‍ ആ വിലപ്പെട്ട ഓഫര്‍ അനാവരണം ചെയ്തു " ഒരു മഞ്ച്".
"അയ്യട, ഒരു മഞ്ച്. എന്റെ ഭൗ ഭൗ വരും ഒരു മഞ്ചിന്."
ഞങ്ങളുടെ കണ്ണ്‍ പീസ്സയി.
"പിന്നെ എന്താ സാറിന്റെ ഡിമാന്റ്?"
രണ്ട് മില്‍കി ബാര്‍, രണ്ട് കിറ്റ് കാറ്റ്, പിന്നെ രണ്ട് മഞ്ച്. ഇതെല്ലാം അഡ്വാന്‍സായി വേണം"
" എല്ലാം ഇരട്ടസംഖ്യതന്നെ നിര്‍ബന്ധമാണല്ലെ എന്‍തേ രണ്ടില്‍ നിര്‍ത്തിയത്?"
"രണ്ടു മതി . ഒന്നെനിക്കും ഒന്നെന്റെ ലൈനിനും."
പിന്നെയും ഞങ്ങളുടെ തലയില്‍ കൊള്ളിയാന്‍ മിന്നി." നമ്മുടെ ലോകം എത്ര പുരോഗമിച്ചിരിക്കുന്നു. ഞാനൊക്കെ വളരെ വൈകിപ്പോയിരിക്കുന്നു. പതിനേഴുവര്‍ഷം വേസ്റ്റായി"
" അനുജാ ലക്ഷ്മണാ, ഒരു ഡിസൗണ്ടും ഇല്ലേടാ? ഞങ്ങള്‍ വെറും വിദ്യാര്‍ഥികളാണെടാ. സാമ്പത്തികമായി സമൂഹത്തിലെ ഏറ്റവും താഴേത്തട്ടില്‍ കിടക്കുന്ന വര്‍ഗം. ബസ്സിലെ കിളികള്‍ പോലും മേക്കിട്ടു കയറുന്ന ആ അധ:കൃതവിഭാഗം."
"ഓ പിന്നേ, എന്നിട്ടാണു പ്രേമിക്കാന്‍ നടക്കുന്നത്"
ആ ഡയലോഗ് നമ്മുടെ കാമുകന്റെ ആത്മാഭിമാനത്തില്‍ തന്നെ കൊണ്ടു.
അവന്‍ വേഗം പോയി പറഞ്ഞ സാധനങ്ങളെല്ലാംവാങ്ങി ഒരു കോപി അഡ്വാന്‍സ് പേയ്മെന്റായി നല്‍കി ബാക്കി കൃത്യം നിര്‍വഹിച്ചതിനുശേഷം എന്നു പറഞ്ഞു. നായികയുടെ ക്ലാസു കാണിച്ചു കൊടുത്തു ഞങ്ങള്‍ ദൂരെ പതുങ്ങിയിരുന്നു
നിമിഷത്തിനു ദൈഘ്യം കൂടിയ നിമിഷങ്ങളായിരുന്നു പിന്നീട് കടന്നു പോയത്. നമ്മുടെ ഹംസം ക്ലാസിലേക്കു ചിറകറ്റിചു പറന്നു
അപ്പോഴാണു ഞങ്ങള്‍ക്കു പറ്റിയ ഒരു വലിയ അബദ്ധം മനസ്സിലാവുന്നത്. ചെറുക്കനുമായുള്ള ബാര്‍ഗയിനിംഗും അവന്റെ ഡിമാന്റ്സും ഞങ്ങളുടെ ഒപറേഷന്‍ ടൈമിംഗ് ആകെ തെറ്റിച്ചു. ഉച്ച് ഭക്ഷണസമയമായ ഒന്നിനും രണ്ടിനുമിടക്കാണു സംഗതി പ്ലാന്‍ ചെയ്തതെങ്കിലും പയ്യന്‍ അകത്തു കടന്നപ്പോള്‍ സമയം രണ്ട്. പിന്നീടുള്ള കാര്യങ്ങള്‍ ഞങ്ങളുടെ ആ ക്ലാസിലെ ചാരന്റെ വിവരണതില്‍.
" പയ്യന്‍ ക്ലാസിലേക്കു കടക്കുന്നു. ഒന്നു ചുറ്റും നോക്കുന്നു. അപ്പോള്‍ മറ്റൊരു അബദ്ധം കൂടി. ആ ക്ലാസില്‍ മൂന്നു മഞ്ഞ പട്ടുപാവാടക്കാരികള്‍. പയ്യനാകെ പരുങ്ങി. ക്ലാസിലാകെ പിള്ളേര്‍ ഉറക്കെ ചിരിക്കാന്‍ തുടങ്ങി. അറുപതു പതിനാറു വയസ്സുകാരായ പിള്ളേരുടെ ഇടയില്‍ ഒരു മൂന്നാം ക്ലാസുകാരന്‍. ഇവന്‍ നിന്നു പരുങ്ങുന്നതിനിടെ ആ ക്ലാസിലേക്ക് ടീച്ചര്‍ കടന്നു വന്നു." നിനക്കെന്താ കാര്യം?".
പൊട്ടിച്ചിരിക്കുന്ന കുട്ടികള്‍ക്കിടയില്‍ അവന്‍ ഉറക്കേ ആ രഹസ്യം വെളിപ്പെടുത്തി. " ഈ ക്ലാസിലെ ഒരു ചേച്ചിക്ക് കൊടുക്കാന്‍ ഒരു ചേട്ടന്‍ തന്നതാ ഇത്." ഇത്രയും പറഞ്ഞ് ആ പയ്യന്‍ കത്ത് നിലത്തിട്ട് ഒറ്റ ഓട്ടം. അവന്‍ എതോ ഒരു ആള്‍ക്കൂട്ടത്തില്‍ മറഞ്ഞു.
ഇപ്പോള്‍ ടിച്ചറുടെ കൈയില്‍ ഒരേ ഒരു തൊണ്ടി മാത്രം!
ഗന്ധര്‍വന്‍ എഴുതിയ ഒരു പ്രണയലേഖനം. ആകെ ഒരു തെളിവുണ്ട്. ആ ഗന്ധര്‍വന്‍ A2 ക്ലാസിലാണ്.
ടീച്ചേര്‍ ഉടന്‍ തന്നെ ഇതു സ്റ്റാഫ് റൂമിലെത്തിച്ചു.
ആ കയ്യക്ഷരം കണ്ടതോടെ മലയാളം ടീചര്‍ക്കു പ്രതിയെ മനസ്സിലായി. സംഗതി ആകെ മാറി!
ഗന്ധര്‍വന്‍ എന്ന അജ്‌ഞ്ഞാതന്‍ ഇപ്പോള്‍ കത്തെഴുതിയ ഈ ഞാന്‍.
എന്റെ ക്ലാസിന്റെ സ്റ്റാഫ് ഇന്‍ ചാര്‍ജ് നേരെ വന്നു. എന്നോട് സ്റ്റാഫ് റുമിലേക്ക് വരാന്‍ ആവശ്യപ്പെട്ടു വിത്ത് മലയാളം നോട്ട്ബുക്ക്. (പ്ലസ്റ്റുവില്‍ സെകന്റ് ലാംഗ്ഗ്വേജ് മലയാളം എടുത്ത നിമിഷത്തെ ശപിച്ചു ഞാന്‍ നടന്നു). ടീചേര്‍സ് റൂമില്‍ എല്ലാവരാലും തോല്‍പ്പിക്കപെട്ട ചന്‍തുവായി ഞാന്‍ നിന്നു. തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ ചന്‍തുവിന്റെ ജീവിതം പിന്നെയും ബാക്കി!
ആരാണാ അമ്മിണിക്കുട്ടി? അതാണു ചോദ്യം. ഞാന്‍ മണ്ടന്റെ വേഷം അഭിനയിച്ചു." ഇതു കണ്ണേട്ടന്‍, ഇതു ദാസപ്പേട്ടന്‍ അപ്പ്ലോള്‍ ആരാണീ ജോസപ്പേട്ടന്‍?" തല്‍ക്കാലം എന്റെ ഉരുണ്ടു കളി ഫലിച്ചു.
പിന്നെ തെളിവെടുപ്പിനായി മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന് സിനിമയിലെ രംഗം ആവര്‍ത്തിച്ചു. ഞാന്‍ വീണ്ടും ആ പേപ്പറില്‍ എഴുതി. " ശ്യാമസുന്ദര പുഷപമേ"
കൈയക്ഷരം ഒന്നു തന്നെ. ശിക്ഷ വിധിക്കണം. രക്ഷിതാവിനെ വിളിക്കണം. തീര്‍ന്നു. എന്റെ ഫാതര്‍ അറിഞ്ഞാന്‍ പിന്നെ ***** . ഞാന്‍ ആയുധം വെച്ചു കീഴടങ്ങി. മുഖത്ത് ദീനം, കരുണം. ഹംസം കഴിഞ്ഞ് ഞാന്‍ ദമയന്തിയായി .
അവസാനം എന്റെ അഭിനയം അവര്‍ കണക്കിലെടുത്ത് അവസാനം ശിക്ഷയില്‍ ഇളവ് പ്രഖ്യാപിച്ചു. മലയാളത്തിലെ ഒരു എസ്സേ (മൂന്നര പേജ്) 25 തവണ എഴുതുക. പിന്നെ ആറു മാസം നല്ല നടപ്പ്. നിത്യബ്രഹ്‌മചാരിയായ ശാസ്താവിനെ ഭജനം. ശബരിമലക്കു നെയ് തേങ്ങ തുടങ്ങിയ പ്രതിവിധികളും..
എല്ലാം സഹിച്ചു ക്ലാസിന്റെ പടികള്‍ ഇറങ്ങുമ്പോള്‍ നമ്മുടെ നളന്‍ അമ്മിണിക്കുട്ടിമായി ക്ലാസിനുമുന്നില്‍ സംസാരിക്കുന്നു. സന്‍തോഷവാനായ നളന്‍ എന്റെ നേരെ വന്നു പറഞ്ഞു." ഡാ നമ്മള്‍ വെറുതെ പേടിച്ചു. ഞാന്‍ അവളോടു നേരിട്ട് കാര്യം പറഞ്ഞു. അവള്‍ ഓക്കെയാണ്."
അവിടെ രണ്ടു പേരുടെ ഹോര്‍മ്മോണുകള്‍ ഒന്നിച്ചു ഹാര്‍മ്മോണിയം വായന നടത്തുമ്പോള്‍ ഞാന്‍ ആ മഹത്തായ ഉപന്യാസം എഴുതി തകര്‍ക്കുകയായിരുന്നൂ.
_____________________________________________________________________________________
* ഹോര്‍മോണുകളുടെ ഹാര്‍മോണിയം വായനയാണെത്രേ പ്രണയം( കടപ്പാട് . ജി ഏസ് പ്രദീപ് എന്ന കുതിരക്കാരന്‍)
** അയ്യപ്പന്‍ വിളക്ക് എന്നത് മലബാറില്‍ വ്യപകമായ ഒരു അനുഷ്ഠാനം. അയ്യപ്പനും വാവരുമെല്ലാം കോമരങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്നു.
ഒരു പ്രേമലേഖനത്തിന്റെ ഓര്‍മ്മക്ക്
June 06, 2010
Minesh Ramanunni
Subscribe to:
Post Comments (Atom)
12 Comments, Post your comment:
അക്കിടികള്‍ തുടരുന്നു ...!
സ്കൂള്‍ ജീവിതത്തില്‍ നിന്നും കണ്ടെടുത്ത ഒരു നുറുങ്ങ് കഥ ..
രവത്തില്‍ മുന്‍പേ പോസ്റ്റ് ചെയ്തതാണ്.
നല്ല അവതരണം...
രസിച്ചു വായിച്ചു..
ആ മൂന്നാം ക്ലാസ്സു കാരനെ കണ്ടു പഠിക്ക്. നീ ഇന്ന് വരെ നിനക്ക് കിട്ടിയതില്‍ ഒരു ഹാഫ് മഞ്ച് എങ്കിലും എനിക്ക് തന്നിട്ടുണ്ടോ??
ഇതു രണ്ടാം വായനയാണ്.
രസകരം!
എനിക്ക് നല്‍കിയ ഉപദേശങ്ങള്‍ക്കും , ആശംസകള്‍ക്കും
ആദ്യം നന്ദി അറിയിക്കട്ടെ ...
നിങ്ങളുടെ ബ്ലോഗ് ഇന്ന് വിസിറ്റ് ചെയ്തു ...
പുതിയ കഥ ഇഷ്ട്ടമായി ...
നര്‍മം നിറഞ്ഞ അവതരണം എടുത്ത് പറയേണ്ട
സവിശേഷതയായി തോന്നി ..
എല്ലാം നോക്കാന്‍ സമയം അനുവതിച്ചില്ല..
വീണ്ടും കാണാം ....
:)
നൌഷു, ഷാഹിന, ജയന്‍, ഹാഷിം ഒരു പാടു നന്ദി
അഞ്ജു നിനക്കായി ഇതാ ഒരു മഞ്ച് (Please click on below link :) )
http://www.nestle.in/ChocolatesConf.aspx?OB=4&id=5
സംഭവം തകർത്തു മിനേഷേ...സത്യം പറ, എൽ.പി സ്കൂളിലെ എത്ര പാവങ്ങളെ ഇങ്ങനെ 'ഹംസകൾ' ആക്കീട്ടുണ്ട്..?ആരായിരുന്നു ആ അമ്മിണിക്കുട്ടി..? പേടിക്കെണ്ട..ഞാൻ വീട്ടിൽ പറയില്ല, എനിക്കു ഫോൺ ചെയ്തു പറഞ്ഞാൽ മതി..:)
ശ്രീദേവ് ഋതുവില്‍ ചേര്‍ന്ന് എന്നറിഞ്ഞില്ല ! ദൈവമേ ഇനി ഈ കഥ ഡിലിറ്റ് ചെയേണ്ടി വരുമോ:)
എല്ലാം കഥാകാരന്റെ ഭാവന എന്ന് പറഞ്ഞു ഞാന്‍ മുങ്ങട്ടെ !
(ഈ കഥ വായിക്കുന്ന മറ്റുള്ളവര്‍ക്കായി ഒരു രഹസ്യം. ഈ പ്രസ്തുത എല്‍ പി സ്കൂളിന്റെ ഹെഡ് മസ്റെരുറെ മകനാണ് ശ്രീദേവ്) അച്ഛനെ അറിയിക്കല്ലേ ...!
ഹ ഹ ഹ...ഒന്ന് രണ്ടു സ്ഥലങ്ങളില്‍ ചളിയില്‍ ചവിട്ടിയെന്കിലും മൊത്തത്തില്‍ തകര്‍ത്തു.
മനീഷ് മികച്ച ഒരു പോസ്റ്റ്
മിനേഷ്...നാടൻ ടച്ച് ഉള്ള ഭാഷയും..നല്ല നർമ ബോധവും..
മികച്ച രചന...അഭിനന്ദനങ്ങൾ..
Post a Comment