തെരുവിലൂടെ ഒഴുകുന്ന മുഖമില്ലാത്ത മനുഷ്യപ്രവാഹം .രൌദ്രഭാവത്തില്‍ തലയുയര്‍ത്തി നില്ക്കുന്ന അട്ടിയട്ടിയായ ബഹുനില കെട്ടിടങ്ങള്‍ .തിരക്കും പ്രയത്നവും ആവര്‍ത്തന വിരസതയും കൊണ്ട് കഥയില്ലാതെയാവുന്ന അസംബന്ധ ജീവിതം .താമസിച്ച നഗരങ്ങളോടെല്ലാം ഇങ്ങനെ പൊതുവായ അകല്ച്ച മാത്രമായിരുന്നു അയാള്‍ക്കുണ്ടായിരുന്നത്.
ഓര്‍മ്മകളില്‍ പച്ചപ്പ് പടര്‍ത്തി ഒഴുകുന്ന നാട്ടിന്‍പുറത്തെ പുഴയുടെ തണുപ്പ് ഇടക്കിടെ തികട്ടി വരും .തന്റെ കുഞ്ഞു കാലിലെ വൃണങ്ങളില്‍ കടിച്ച് ഇക്കിളിപ്പെടുത്തിയ പരല്‍ മീനുകള്‍ വെള്ളത്തിനടിയിലൂടെ തെറിച്ച് നീങ്ങുന്നത് അക്വേറിയത്തിലെ മത്സ്യങ്ങളെ കാണുമ്പോയൊക്കെ കൊതിയോടെ സ്മരിക്കും .വഴുവഴുക്കുള്ള പാറയില്‍ തെന്നാതെ, ഒഴുക്കിനൊത്ത് നൃത്തമാടുന്ന പായലുകള്‍ വന്നടിയാതെ ഒരു ചിത്രവും മനസില്‍ അപൂര്‍ണമായി അവസാനിക്കാറില്ല.ആ പുഴക്കരയില്‍ ഒരു വീട് വച്ച് ഒരു വിധ നാഗരിക സങ്കീര്‍ണതകളുടെ സാന്നിധ്യവുമില്ലാത്ത പ്രകൃതിയുടെ മടിത്തട്ടിലെ ജീവിതം വരിക്കാന്‍ എപ്പോഴും കൊതിയാവാറുണ്ട്. രാവിലെയും വൈകിട്ടും വെള്ളത്തില്‍ പോത്തുകളെ പോലെ കിടന്ന് നീന്തി തിമിര്‍ത്ത് ഉല്ലസിച്ചും മീന്‍ പിടിച്ച് തിന്നും കഴിയുന്നത് മോഹിപ്പിക്കുന്ന വിധം ഭാവനയില്‍ തെളിയുന്നു.
എന്നാല്‍ അയാള്‍ക്കറിയാം ,ഗൃഹാതുരത്വം ഭൂതകാലത്തിന്റെ ശാന്തതയില്‍ നിമഗ്നനായി തീരാന്‍ കൊതിക്കുന്ന ഒരു അലസ വികാരമാണ്.അത് തന്നെ എവിടെയും എത്തിക്കുന്നില്ല.ഈ നഗരത്തിരക്കില്‍ ഭ്രാന്തമായി പോരാടാനുള്ള വീര്യമാണ് വേണ്ടത്!ഒരു പടക്കുതിരയുടെ കരുത്തോടെ പായുന്ന ഭാവം ആവശ്യമുണ്ട്.എന്നാല്‍ തളര്‍ന്ന് വീഴാന്‍ തുടങ്ങുന്ന ഒരു കുതിരയുടെ ജീവിതമാണ് താന്‍ നയിക്കുന്നത് എന്ന ഭയപ്പാടാണ് നിറയെ.വൈക്കോല്‍ കൂനകളുളള ഒരു ലായത്തില്‍ തളര്ന്നുറങ്ങാന്‍ അത് കൊതിക്കുന്ന പോലെയാവും തന്റെ മോഹങ്ങള്‍ .
ഈയിടെ കമ്പനി എം ഡി എല്ലാവരേയും വിളിപ്പിച്ചു.പ്രചോദനമേകാനെന്ന പേരില്‍ സുദീര്‍ഘമായ ഒരു ഉപദേശ പ്രഭാഷണം.അതോ ഭീഷണിയോ?'സാമ്പത്തിക പ്രതിസന്ധിയുടെ ഈ കാലഘട്ടത്തില്‍ ഒരു യുദ്ധമുന്നണിയിലാണ് നിങ്ങളോരോരുത്തരും നില്ക്കുന്നത് എന്നുളള ജാഗ്രതയാണ് വേണ്ടത്.അവിടെ മുറിവേറ്റ് വീഴുന്നവരെ നോക്കാനോ സംരക്ഷിക്കാനോ ആരും സമയം കളയാറില്ല.'ഉപമകളുടെ യുക്തിരാഹിത്യത്തെ കുറിച്ച് ചിന്തിച്ച് ചിന്തിച്ച് അയാള്‍ക്ക് തമാശ തോന്നി.പിന്നെയത് ഭീതികള്‍ക്ക് വഴി മാറി.'നിലനില്പ്പ് നിങ്ങളുടെ കഠിനാധ്വാനത്തെ ആശ്രയിച്ചിരിക്കുന്നു. മറിച്ചാണെങ്കില്‍ അതും ബാധിക്കുക നിങ്ങളെ തന്നെ.'
തന്നെ പോലെ തളര്‍ന്ന് വീഴുന്ന കുതിരകളെ പറ്റിയാണോ അദ്ദേഹം പറഞ്ഞത്?തൊഴില്‍ നഷ്ടത്തിന്റെ കഥന കഥകള്‍ ഈ നഗരത്തില്‍ അങ്ങുമിങ്ങും അലയടിച്ച് കൊണ്ടിരിക്കുന്നു.തനിക്കൊന്നും അത്തരമൊരു അവസ്ഥ താങ്ങാന്‍ പറ്റുന്നതല്ല!ദൈനം ദിന ജീവിതത്തില്‍ നിന്നും അത്രയധികം ബാധ്യതകള്‍ തലയില്‍ കുന്നു കൂടിയിട്ടുണ്ട്.സുധാകരന്റെ വാക്കുകള്‍ കേട്ടപ്പോഴും ഇതൊക്കെയാണ് ആദ്യം മനസില്‍ വന്നത്.അതു കൊണ്ടാണ് ഒന്നു മടിച്ച് നിന്നത്.
എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവനെ കാണുന്നത്.നാട് വിട്ടതിനു ശേഷം അങ്ങനെ ബന്ധമൊന്നുമില്ലായിരുന്നു.ഇടയ്ക്കുളള ഹ്രസ്വസന്ദര്‍ശന വേളകളിലും കണ്ടു മുട്ടാന്‍ സാധിച്ചിട്ടില്ല.ബാല്യത്തില്‍ വല്യ സുഹൃത്തുക്കളായിരുന്നു അവര്‍.അന്ന് ഒന്നിച്ചായിരുന്നു സ്കൂളില്‍ പോയിരുന്നത്.ഞാനിതാ ഈ നഗരത്തിലുണ്ട് എന്ന് പറഞ്ഞവന്‍ വിളിച്ചപ്പോള്‍ ആ കാലമൊക്കെ അയാളുടെ ഉള്ളില്‍ വന്നെത്തി നോക്കി.സന്തോഷം തോന്നി.തന്നെ ഒന്ന് ഓര്‍ത്ത് വിളിക്കാന്‍ അവനു തോന്നിയല്ലോ.താമസിക്കുന്ന ഹോട്ടലിന്റെ വിവരങ്ങള്‍ എഴുതിയെടുത്തു.തൊട്ടടുത്ത അവധി ദിനത്തില്‍ തന്നെ ചെന്ന് കാണാമെന്ന് ഉറപ്പും കൊടുത്തു.
പുഴയുടെ കുറുകെ മരപ്പലകകള്‍ കൊണ്ട് കെട്ടിയ ഒരു മേല്‍പ്പാലമുണ്ടായിരുന്നു.അതു കടന്നാണ് അന്നവര്‍ അക്കരയുള്ള സ്കൂളില്‍ പോയിരുന്നത്.താഴെ നീലക്കഴം .ഏറ്റവും ആഴമുളള ഭാഗം.മുകളില്‍ നിന്നും നോക്കുമ്പോള്‍ ജലോപരിതലത്തിനു ഇളം നീല നിറമാണ്.നാട്ടിലെ പേരെടുത്ത നീന്തല്‍ക്കാര്‍ക്ക് പോലും അവിടുത്തെ നിലയില്ലാത്ത വെള്ളത്തിലിറങ്ങാന്‍ കുറച്ച് പേടിയുണ്ടായിരുന്നു.
നീലക്കയത്തെ കുറിച്ചുളള ഒരു പാട് പഴങ്കഥകള്‍ അന്നവനു പറഞ്ഞു കൊടുത്തിട്ടുള്ളതും സുധാകരനാണ്.'ഈ നീലക്കയത്തിനു എത്ര ആഴമുണ്ടെന്നറിയാമോ?'തനിക്ക് മാത്രമേ അറിയുകയുള്ളൂ എന്ന് ആത്മവിശ്വാസം ഉള്ളത് പോലെ മറുപടിയും അവന്‍ കൂടെ തന്നെ പറയും.'പതിനഞ്ചാള്‍ പൊക്കം !' അവനീ വിവരങ്ങളൊക്കെ എവിടുന്നു കിട്ടുന്നു എന്നാലോചിച്ച് അയാളുടെ കുഞ്ഞ് മനസ് അതിശയിക്കും .പാലത്തില്‍ നില്ക്കുമ്പോള്‍ ആ ആഴമോര്‍ത്ത് കാലിനടിയില്‍ ഒരു തരിപ്പ് കയറും.'ഇവിടെ എത്ര പേര്‍ മുങ്ങി മരിച്ചിട്ടുണ്ടെന്നോ?അടിത്തട്ടില്‍ ഒരു ഭൂതത്താന്‍ കോട്ട ഉണ്ട്.അവിടുത്തെ ഭൂതങ്ങള്‍ താഴേക്ക് ആളുകളെ വലിച്ച് കൊണ്ട് പോവും . എത്ര വലിയ നീന്തല്‍ക്കാരാണെങ്കിലും രക്ഷയില്ല.തോണി വരെ ആ ഭൂതങ്ങള്‍ മറിച്ച് കളയും.അതു കൊണ്ടാണല്ലോ ഈ മേല്പ്പാലം കെട്ടിയത്.'
ഓര്‍ക്കുവാന്‍ രസമുളള ആ കഥകളുടെ നിറവില്‍ സുധാകരനെ കണ്ടപ്പോള്‍ ചോദിച്ചു.'ആ മേല്‍പ്പാലമൊക്കെ ഇപ്പോഴുണ്ടോ?'
'അതൊക്കെ എതു കാലത്ത് പൊളിച്ചതാണ്.ഇപ്പോള്‍ കോണ്‍ഗ്രീറ്റ് പാലമല്ലേ?അതു കഴിഞ്ഞിട്ടൊക്കെ നീ നാട്ടില്‍ പോയിട്ടുണ്ടാവുമല്ലോ?'ഉണ്ടാവും.. യാഥാര്‍ഥ്യങ്ങള്‍ക്കപ്പുറം ഭൂതകാലത്തിന്റെ ഭാവനകളില്‍ ജീവിക്കുന്ന എന്റെ മനസ് അതൊന്നും ശ്രദ്ധിച്ചിട്ടുണ്ടാവില്ലേ?
സുധാകരന്‍ ആളാകെ മാറിയിരിക്കുന്നു.അല്ലെങ്കില്‍ അയാള്‍ വിചാരിച്ചിരുന്ന ഒരു രൂപമേ ആയിരുന്നില്ല എന്ന് പറയുന്നതാവും ശരി.തടിച്ച ശരീരം,ബുള്‍ഗാന്‍ താടി,കയ്യില്‍ സ്വര്‍ണ ചെയിന്‍ ,ധരിച്ചിരുന്നത് വിലയേറിയ സ്യൂട്ട്.ഇവിടെ ഈ വന്‍നഗരത്തിലെ നക്ഷത്രഹോട്ടലില്‍ താമസിച്ച് ഇവന്‍ എന്ത് ചെയ്യുന്നു?
തങ്ങളുടെ സംഭാഷണം എവിടെയോ കൃതൃമമായി തീരുന്നുവെന്നും പഴയ സൌഹൃതത്തിന്റെ ഊഷ്മളത അവശേഷിക്കുന്നില്ലെന്നും അയാള്‍ ഭയപ്പെട്ട് തുടങ്ങിയ വേളയിലാണ് സുധാകരന്‍ വിഷയത്തിലേക്ക് കടന്നത്.'നിങ്ങളെയൊക്കെ പോലെ നമ്മുടെ നാടിനേയും പുഴയേയും സ്നേഹിക്കുന്ന,ആവേശമായി കൊണ്ട് നടക്കുന്ന കുറെ മനുഷ്യരെ മുന്നില്‍ കണ്ട് മാത്രമാണ് ഞങ്ങളുടെ പുതിയ പ്രോജക്റ്റ് 'റിവര്‍ സൈഡ് ജ്യൂവല്സ്' വില്ല പദ്ധതി ആരംഭിച്ചത്.നമ്മുടെ മനോഹരമായ ഗ്രാമത്തില്‍ തന്നെ പുഴക്കരയില്‍ കെട്ടിയുയര്‍ത്തുന്ന എല്ലാ സൌകര്യങ്ങളോടും കൂടിയ ടൌണ്‍ഷിപ്പിനുള്ളിലാണ് വില്ലകള്‍ സ്ഥിതി ചെയ്യുന്നത്.എത്ര കാലമാണ് ഈ വിദേശത്ത് കഴിയുക?എന്നെങ്കിലും ഒരിക്കല്‍ ജന്മനാട്ടില്‍ തിരിച്ച് വരാന്‍ തോന്നുകയാണെങ്കില്‍ താമസിക്കാന്‍ പറ്റിയ ഇടം.ഇല്ലെങ്കില്‍ പോലും നല്ല ഒരു ഇന്‍വെസ്റ്റ്മെന്‍റ്റല്ലേ ഇത്.'
കൂടി കാഴ്ചയിലെ അത്തരമൊരു വഴിത്തിരിവ് അയാള്‍ക്ക് അപ്രതീക്ഷിതമായിരുന്നു.അതു കൊണ്ട് തന്നെ പെട്ടെന്ന് എന്താണ് പറയേണ്ടതെന്ന് ധാരണയില്ലാതായി. 'ഞാന്‍ ഒന്നാലോചിക്കട്ടെ' എന്ന് പറഞ്ഞ് ഒഴിയാന്‍ ഭാവിക്കുമ്പോഴും സുധാകരന്‍ മോഹനമായ വാക്കുകളോടെ പിന്തുടര്‍ന്നു.'ഫൈനാന്‍സിന്റെ കാര്യമാണെങ്കില്‍ ആലോചിച്ച് ബുദ്ധിമുട്ടേണ്ട.കുറഞ്ഞ തവണ വ്യവസ്ഥയില്‍ ലോണ്‍ ഒപ്പിച്ച് തരുന്ന പാര്‍ട്ടിയൊക്കെ നമ്മുടെ കയ്യിലുണ്ട്.നീ ഒന്നും അറിയേണ്ട.'
മടക്ക യാത്രയില്‍ 'റിവര്‍ സൈഡ് ജ്യൂവല്സിന്റെ' ബ്രോഷറുകള്‍ പുഴക്കരയിലെ മനോഹരമായ വീടുകളുടെ ചിത്രങ്ങളുമായി അയാളെ ഒറ്റു നോക്കി.നഗരത്തിന്റെ പരിഭ്രമങ്ങളില്‍ നിന്നും അത് തന്നെ ഭാവനയുടെ സ്വപ്നലോകത്തേക്ക് ആനയിക്കുന്നു.അത്തരമൊരു വീട് വളരെക്കാലമായി തന്റെ മോഹങ്ങളിലുണ്ട്.തീര്‍ച്ചയായും ഇത് തന്നെയാണ് പറ്റിയ അവസരം.ഇപ്പോള്‍ വാങ്ങിച്ചിട്ടാല്‍ ഒരിക്കലെങ്കിലും അതെല്ലാം പൂവണിയും എന്നു കരുതാം.തീരുമാനത്തിലേക്ക് എത്തിപ്പെട്ടത് എത്ര വേഗമാണ്!
ഭാര്യക്ക് എതിര്‍പ്പായിരുന്നു.'ഈ പൈസക്ക് എന്തിനു നാട്ടിന്‍പുറത്ത് ഒരു വീട് വാങ്ങുന്നു?പകരം എറണാകുളമോ ബാംഗ്ലൂരോ പോലെയുള്ള നഗരങ്ങളിലായാല്‍ വാടകയെങ്കിലും നന്നായി കിട്ടും.വയസ് കാലത്ത് പോയി താമസിക്കുകയും ചെയ്യാം.'തന്റെ ഗ്രാമത്തോടുളള അവജ്ഞയും അവിടെ പോയി താമസിക്കാന്‍ സാധ്യമല്ല എന്ന ധ്വനിയും ആ വാക്കുകളില്‍ ഉണ്ടായിരുന്നു എന്നയാള്‍ക്ക് തോന്നി.അതു കൊണ്ട് വീട് വാങ്ങണം എന്ന തീരുമാനം വാശിയോടെ അരക്കിട്ടുറപ്പിക്കുകയാണ് ചെയ്തത്. ബാംഗ്ലൂരില്‍ പഠിക്കുന്ന മക്കള്‍ക്ക് വേണ്ടി വരുന്ന ചിലവുകള്‍ ,ഇവിടുത്തെ ഭീമമായ വാടകത്തുക, വണ്ടിയുടേയും ക്രഡിറ്റ് കാര്‍ഡിന്റെയുമൊക്കെ അടവുകള്‍ എല്ലാം കഴിച്ച് മാസം എത്ര തുക ലോണിനു മിച്ചം പിടിക്കന്‍ കഴിയും എന്നത് കൂട്ടിക്കിഴിച്ച് കണക്കാക്കി.എന്നാല്‍ ആവേശം കൊണ്ടുളള ഒരു എടുത്തുചാട്ടമായിരുന്നോ തന്റേത് എന്ന ആശങ്ക ലോണിന്റെ അടവ് തുടങ്ങുമ്പോഴും അവസാനിച്ചിരുന്നില്ല.
സ്വപ്നങ്ങള്‍ക്കെല്ലാം പക്ഷെ പുതു വര്‍ണങ്ങള്‍ കൈവരുന്നു.ജീവിതത്തെ സംബന്ധിച്ച സുന്ദരമായ ചിത്രങ്ങളുടെ ആയാസരഹിതമായ പ്രവാഹങ്ങളാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിളിച്ചറിയിക്കുന്ന ഓരോ ഈ-മെയിലുകളും കൊണ്ട് വന്നത്. ഹാ ഇതാ പുഴക്കരയിലെ തന്റെ സ്വന്തം ഭവനം!സ്വപ്നങ്ങള്‍ക്കൊത്ത വസ്തുക്കള്‍ വിപണനം ചെയ്യുന്നവന്‍ തന്നെയാണ് ഇന്ന് അതിജീവിക്കാനറിയുന്ന വ്യാപാരി. സുധാകരന്റെയൊക്കെ ബുദ്ധിസാമര്‍ത്ഥ്യം സമ്മതിക്കണം. കാരണം സാമ്പത്തിക സമ്മര്‍ദങ്ങളും പ്രയാസങ്ങളും അടിച്ചേല്പ്പിച്ച അവന്റെ വിപണനതന്ത്രത്തെ പോലും അയാളിന്ന് സ്‌നേഹിക്കുകയാണല്ലോ?
സുന്ദരമായ ചിത്രങ്ങള്‍!പുഴയുടെ അടിത്തട്ടില്‍ നിന്നും ഞാന്‍ മുങ്ങിയെടുത്ത് കൊടുത്ത വെള്ളാരം കല്ലിനെ അദ്ഭുതാതിക്യത്തോടെ നോക്കുന്ന പേരക്കുട്ടികള്‍.'സൂക്ഷിച്ച്..സൂക്ഷിച്ച്' എന്ന് ഉരുവിട്ടു കൊണ്ടിരിക്കുന്ന തന്റെ പരിഭ്രമത്തെ തെല്ലും കൂസാതെ പുഴക്കരയിലെ പാറക്കെട്ടിനു പിന്നിലായി അവരുടെ ഉത്സാഹം നിറയുന്ന കളിചിരികള്‍.വീണ്ടും പിന്നിലായി ആ മനോഹരമായ വീട്.ജീവിതത്തിന്റെ സൌന്ദര്യത്തിനും സമാധാനത്തിനും മീതെ ഒഴുകുന്ന പുഴയുടെ പശ്ചാത്തല സംഗീതം.നാലുപാട് നിന്നും കിനിഞ്ഞിറങ്ങുന്ന പച്ചപ്പ്!
'ഒരു ഹോളീഡേ മൂഡിനൊക്കെ പറ്റിയ സ്ഥലം തന്നെ.പണിയൊക്കെ തകൃതിയില്‍ നടക്കുന്നു.സുധാകരനങ്കിളിനെ മീറ്റ് ചെയ്തു.'ബാംഗ്ലൂരില്‍ പഠിക്കുന്ന മകന്‍ നാട്ടില്‍ പോയി അന്വേഷിച്ച് വന്നിട്ട് ഫോണില്‍ പറഞ്ഞു.ഒരു പക്ഷെ താനും ഭാര്യയും ഒറ്റയ്ക്കാവും വാര്‍ധക്യത്തില്‍ അവിടെ താമസിക്കുക എന്നയാള്‍ക്ക് അപ്പോള്‍ തോന്നി.മക്കളൊക്കെ അവരവരുടെ തിരക്കുകളില്‍ വ്യാപൃതരാവില്ലേ?ഭാവി പൊടുന്നന്നെ എങ്ങനെയൊക്കെയാണ് രൂപപ്പെടുകയെന്ന് ആര്‍ക്കറിയാം?
നഗരത്തിലെ പ്രമുഖമായ ഒരു സാമ്പത്തിക ഭീമന്റെ തകര്‍ച്ചയെ കുറിച്ചുള്ള വാര്‍ത്തകള്‍ എങ്ങും ചര്‍ച്ചാവിഷയമായ സമയത്താണ് സുഹൃത്ത് പറഞ്ഞത്.ലോക സാമ്പത്തിക പ്രതിസന്ധിയുടെ ഉത്ഭവകാരണം തന്നെ വീടിനായുള്ള ലോണുകള്‍ അമേരിക്കയില്‍ വ്യാപകമായി തിരിച്ചടക്കാന്‍ കഴിയാതിരിക്കുക മൂലമായിരുന്നുവത്രെ.മനുഷ്യരുടെ വീട് സ്വപ്നങ്ങളിലും അതിന്റെ വില്പനയിലും ഇത്രയധികം ആഗോള പ്രശ്നങ്ങള്‍ നിലനില്ക്കുന്നു എന്നറിയുമ്പോള്‍ മനസിലെവിടെയോ ഒരു മൂകത.പുഴക്കരയിലെ തന്റെ വീട്...
നിര്‍മ്മാണ പുരോഗതിയുടെ ഈ- മെയില്‍ അറിയിപ്പുകള്‍ മുടങ്ങി തുടങ്ങിയതോടെയാണ് അത് വര്‍ദ്ധിച്ചത്.സുധാകരനെ വിളിച്ച് നോക്കിയിട്ട് കിട്ടുന്നുമില്ല.എന്തോ പ്രശ്നങ്ങള്‍ ഉണ്ട് എന്നുറപ്പിച്ചു.ഇതിലൊന്നും പണം മുടക്കേണ്ടെന്ന് ഞാന്‍ അന്നേ പറഞ്ഞിരുന്നതല്ലേ എന്ന ശാഠ്യത്തില്‍ ഭാര്യയുടെ ശല്യം.ഒടുവില്‍ സുധാകരനെ കിട്ടി..
"ഒന്നും പറയണ്ട!തിരക്കു കൊണ്ട് നില്ക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.നമ്മുടെ പ്രൊജക്റ്റിനു ഒരു സ്റ്റേ കിട്ടിയിരിക്കുന്നു.ഒന്നും പേടിക്കേണ്ടതില്ല.കാരണം സാമ്പത്തിക പ്രശ്നങ്ങളോ അങ്ങനെയൊന്നുമില്ല.ഇത്,അറിയാമല്ലോ നാട്ടുകാരുടെ ഒരു സ്വഭാവം.നല്ലത് എന്തെങ്കിലും വരുന്നത് ആര്‍ക്കും സഹിക്കില്ലല്ലോ?പരിസ്ഥിതിയുടെ പേരും പറഞ്ഞാണ് ചിലര്‍ ഇറങ്ങിയേക്കുന്നത്.നമ്മള്‍ പുഴയുടെ അരികില്‍ മണ്ണടിക്കുന്നെന്നോ പുഴേന്ന് മണല്‍ വാരുന്നെന്നോ ഒക്കെ പറഞ്ഞ് പുഴയേ രക്ഷിക്കാന്‍ കുറേ എണ്ണം.!.ഓ ഇവമ്മാരു രക്ഷിച്ചിട്ട് വേണ്ടേ!!."സുധാകരന്റെ ശബ്‌ദത്തില്‍ അമര്‍ഷം പതഞ്ഞുയരുന്നു."ഒന്നും പേടിക്കേണ്ട.എല്ലാം എനിക്ക് വിട്ട് തന്നേക്ക്.കൃത്യ സമയത്ത് പ്രൊജക്റ്റ് കംപ്ലീറ്റാക്കി കയ്യില്‍ തന്നിരിക്കും ..പോരെ?"
മതിയോ?ശരിക്കും എന്താണ് സംഭവിക്കുന്നത്?മുടക്കിയ പണത്തിന് തനിക്കാ വില്ലയുടെ പണി പൂര്‍ത്തിയായി കിട്ടിയാല്‍ മതി.പക്ഷെ ഈ മണലു വാരലിന്റെയും അടിക്കലിന്റെയുമൊക്കെ കഥയെന്താണ്?മരിക്കുന്ന പുഴകള്‍ എന്ന പേരിലോ മറ്റോ ടീവിയില്‍ ഒരു ഡോക്യുമെന്ററി കണ്ടിരുന്നു.ഉണങ്ങി വരണ്ട് പെരുമ്പാതകള്‍ പോലെ നഷ്‌ടബോധത്തോടെ നീണ്ട് കിടക്കുന്ന പുഴകളുടെ അസ്ഥികൂടങ്ങള്‍!തന്റെ പുഴയും രക്ഷക്കായി കേഴുന്നുണ്ടോ?ഈ ചോദ്യങ്ങള്‍ക്കപ്പുറം ലോണിന്റെയും സാമ്പത്തിക കഷ്‌ടപ്പാടുകളുടേയും സമ്മര്‍ദ്ദം വില്ലയുടെ നിര്‍മാണത്തെ സംബന്ധിച്ച ആശങ്കകളില്‍ അഭിരമിക്കുന്നതിനാണ് തീര്‍ച്ചയായും ഇഷ്‌ടപ്പെട്ടത്.അതാണ് സത്യം.
അപ്പോഴും ഭാവനയുടെ അടിത്തട്ടില്‍ നിന്നും അതൃപ്തിജനകമായ ഒരു രേഖാചിത്രം തിരിതെളിക്കുന്നുണ്ടായിരുന്നു.വറ്റി വരണ്ട് വിണ്ടു കീറിയ ഭൂമിക്ക് അരികിലായി വെയിലില്‍ നിറം മങ്ങി നില്ക്കുന്ന ഒരു വീടിനു മുന്നില്‍ സ്വപനഭംഗത്തിന്റെ, ഏകാന്തതയുടെ താഢനമേറ്റ് നില്ക്കുന്ന ഒരു മനുഷ്യന്‍.
പക്ഷെ താന്‍ ഞെരുക്കം സഹിച്ച് എത്ര കഷ്‌ടപ്പെട്ടാണ്,ഈ ലോണ്‍ അടച്ച് തീര്‍ക്കുന്നത്!ആ പണം മുഴുവന്‍..?ഈ നശിച്ച പ്രകൃതി സ്നേഹികള്‍!!
(© ഹസീം മുഹമ്മദ്-)
പുഴക്കരയിലൊരു വീട്.
June 28, 2010
ezhuthukaran
Labels: കഥ
Subscribe to:
Post Comments (Atom)
0 Comments, Post your comment:
Post a Comment