കണ്ണടച്ചാ പതഞ്ഞൊഴുകുന്ന ചോരയാ മുന്നിൽ വരുന്നത്. പോലീസ്സ് സ്റ്റേഷനിലെ ഇരുപ്പു തുടങ്ങീട്ട് നേരം കൊറേയായല്ലോ!ഇപ്പോ എത്ര മണിയായിക്കാണും? എത്രയായാ എന്നാ! പലരും വന്നും പോയുമിരിക്കുന്നു.തല പെരുക്കുന്നുണ്ടോ?തൊണ്ട വരളുന്നു. ആരേലും കൊറച്ചു വെള്ളം തന്നാരുന്നേ... ഇല്ല, വേണ്ട.വെള്ളം കിട്ടാതെ ഇവിടെ കെടന്നു മരിക്കട്ടെ! അത്രേം വലിയ ദോഷവല്ലേ ചെയ്തത്! മരിച്ചാ മതീന്നാ തോന്നുന്നത്. പക്ഷേ അന്നാമ്മേ ഓർക്കുമ്പോഴാ...അവളിപ്പം വീട്ടീ തനിച്ചാരിക്കും. അതോ വീട്ടിലെത്തിക്കാണുവോ? വഴീലെവിടേലും തല തിരിഞ്ഞു വീണു കാണുവോ? എന്റെ കർത്താവേ എനിക്കു ഓർക്കാൻ മേല. അവളു കരഞ്ഞും പിഴിഞ്ഞും എന്റെ അടുത്തുന്നു മാറാതെ നിൽക്കുവാരുന്നു.കുറേ കഴിഞ്ഞപ്പം പോലീസ്സുകാരു ഓടിച്ചു വിട്ടു. അല്ലേലും രാത്രി പെണ്ണുങ്ങൾക്കു വന്നിരിക്കാൻ കൊള്ളാവുന്ന സ്ഥലം വല്ലോമാണോ ഇത്! ഞാനിനി എന്നു പുറം ലോകം കാണാനാ...കാണാനൊട്ട് ആശേമില്ല. അന്നാമ്മ ആരുമില്ലാതെ കെടന്നു വലയുമാരിക്കും,എന്നാലും ആ കൊച്ചിന്റെ മൊഖമോർക്കുമ്പോ വല്ലിടത്തും കെട്ടിത്തൂങ്ങി ചാവണമെന്നേയുള്ളൂ.
ആറു വയസ്സു കാണുവാരിക്കും. മനസ്സീന്നാ മൊഖമങ്ങു പോണില്ല.വണ്ടിയിടിച്ച ഒടനെ തെറിച്ചു പോയി.എന്റെ കർത്താവേ, ഒന്നേ ഞാൻ നോക്കിയൊള്ളൂ.ആ മഞ്ഞക്കൊടേം കുഞ്ഞിച്ചെരുപ്പുമെല്ലാം ചോരേക്കുളിച്ച്!മണ്ണിലോട്ടു താന്നു പോയാ മതീന്നാ തോന്നിയത്. പത്തമ്പതു വർഷം വണ്ടിയോടിച്ചിട്ട് വളയമെന്നെ ചതിച്ചല്ലോ!എന്റെ കയ്യീ ഏതു ചെകുത്താനാണോ കൂടിയത്, ആ കൊച്ചിനെ ഇടിച്ചിടാൻ.
“കൊച്ചിനെ കൊന്നല്ലോടാ കാലമാടാ..” എന്നും പറഞ്ഞ് ആൾക്കാർ ഓടിക്കൂടിയതും,എന്നെ എടം വലം വളഞ്ഞ് അടിച്ചതും,പിന്നെ പോലീസ്സ് വന്നു കൊണ്ടു പോന്നതും, ഒക്കെ ഒരു പുകമറ പോലത്തെ ഓർമ്മയേയുള്ളൂ. പോലീസ്സുകാർ വന്ന കൊണ്ട് തല്ലു കൊണ്ടു ചത്തില്ല.
കൊറച്ചു നാളായി വണ്ടിയോടിക്കുമ്പോ ചെറിയ ഏനക്കേടുകളൊക്കെ തോന്നുവാരുന്നു. വയസ്സു പത്തറുപതായിക്കാണില്ലേ! വാതത്തിന്റെ ഭയങ്കര ശല്യവാ...കർക്കിടക മാസമല്ലേ, വണ്ടിയോടിക്കുമ്പോ കാലു മുഴുവൻ ഒരു തരിപ്പാ... ചെലപ്പോ മുട്ടിന്റെ കീഴോട്ടു മരച്ചു പോകും.പ്രഷറിന്റെ സൂക്കേടുമുണ്ട്.തലയ്കകത്ത് കൊതുകു മൂളുന്നതു പോലെ ഒരു തോന്നലാ.വണ്ടിയോടിക്കാൻ പറ്റുകേലെന്നു മൊതലാളിയോടു പറയാരുന്നു.പക്ഷേ ഇതല്ലാതെ വല്ല തൊഴിലും എനിക്കറിയാവോ? രണ്ടു ജീവൻ കെടക്കണ്ടേ? ഇനിയിപ്പം മൊതലാളിക്കും കേസൊക്കെ വരുവാരിക്കും. എനിക്കു വയ്യ. കയ്യും കാലുമൊക്കെ തളരുന്നു. ആ കൊച്ചിന്റെ തള്ളേടെ നെലവിളി കേൾക്കണാരുന്നു.രണ്ടു കാതിലോട്ടും ഈയം ഉരുക്കി ഒഴിക്കന്ന പോലാ തോന്നിയെ...ഈ കേസ്സിനെന്നെ തൂക്കുകേലാരിക്കും. കോടതീ ഞാൻ പറയും എന്നെ തൂക്കി കൊല്ലാൻ...
എന്നാലുമെന്റെ കർത്താവേ, നീയെന്റെ കൈകൊണ്ടു ആ കൊച്ചിനെ കൊല്ലിച്ചല്ലോ.എന്റെ തലേ ഇടിവെട്ടിച്ചാ പോരാരുന്നോ? കൊച്ചുങ്ങളെ എനിക്കു ജീവനാ...എല്ലാ കൊല്ലവും ആദികുർബാന കൊള്ളപ്പാടിനു പിള്ളേരു വെള്ളയുടുപ്പും ഇട്ടു നിൽക്കുന്നതു ഞാൻ കൊതിയോടെ നോക്കി നിൽക്കുവാരുന്നു.സ്വർഗ്ഗത്തീന്നിറങ്ങി വന്ന മാലാഖമാരല്ലിയോ.. സ്വന്തമായൊന്നിനെ കർത്താവു തന്നില്ല.
നെഞ്ചിനൊരു പിടുത്തം പോലെ...കണ്ണടഞ്ഞു പോകുന്നുണ്ടോ?ഞെട്ടി ഞെട്ടി ഒണരുവാ പിന്നേം...ഇനിയെനിക്കു സമാധാനമുണ്ടോ? ഞാമ്പറയും കോടതിയോട് എന്നെ തൂക്കാൻ....
ഹൃദയം സമാധാനത്തിലേയ്ക്കുള്ള യാത്ര തുടങ്ങിയിട്ടും, അയാളുടെ മനസ്സ് വിചാരണ തുടർന്നു കൊണ്ടേയിരുന്നു.
-- ശാലിനി
വിചാരണ
June 26, 2010
Salini Vineeth
Labels: കഥ
Subscribe to:
Post Comments (Atom)
8 Comments, Post your comment:
ഒരു ചെറിയ തന്തുവിൽ നിന്നും ഒരു കഥ വികസിപ്പിച്ചത് നന്നായി.
നന്ദി മനോരാജ്, ഇനിയും പ്രോത്സാഹനങ്ങള്‍ പ്രതീക്ഷിക്കുന്നു.
സ്നേഹപൂര്‍വ്വം,
ശാലിനി.
വലിയ വേദനയിൽ നിന്ന് ഒരു കുഞ്ഞു കഥ.നന്നായിട്ടുണ്ട്.
കുറ്റവും ശിക്ഷയും സ്വയം ഏറ്റെടുത്തുകൊണ്ടുള്ള സ്വയം വിചാരണ അതി ഗംഭീരമായി അവതരിപ്പിച്ചു. മദ്ധ്യതിരുവിതാംകൂറിലെ ഭാഷയുടെ തനിമയും നന്ന്. ഒന്നുമാത്രം ഒഴിവാക്കാമായിരുന്നു. അയാൾക്ക് കുട്ടികൾ ഇല്ല എന്ന കാര്യം. അയാളുടെ കുട്ടികളോടുള്ള സ്നേഹത്ഥിലും പശ്ചാത്താപത്തിലും നിന്ന്, സ്വയം തൂക്കാൻ കോടതിയോടാവശ്യപ്പെടാനുള്ള തീരുമനത്തിൽ നിന്ന്, ദൈവത്തോടുള്ള കുമ്പസാരത്തിൽ നിന്ന് വ്യക്തമാണ് മക്കളില്ലാത്ത ദു:ഖമാണ് അയാളുടെ നീറ്റലിണ് കാരണമെന്ന്.
വെടിവെച്ചിട്ട് ഠോ എന്ന് പറയേണ്ടതില്ലല്ലോ(ഇത്രയും ഞാൻ ശാലിനിയുടെ ബ്ലോഗിൽ ഇട്ടതാണ്)
ഇത്തവണത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഉണ്ണി.ആർ. എഴുതിയ കഥയുണ്ട്. ‘കോട്ടയം 17. ഒന്നു വായിച്ചുനോക്കൂ. കുട്ടികളില്ലാത്ത കുഞ്ഞിന്റെയും പെണ്ണമ്മയുടെയും കഥ. അതുകൊണ്ടു തന്നെ ലോകത്തിലെ സർവ്വജീവജാലങ്ങളുടെയും ഭാഷയും സ്നേഹവും ദു:ഖവും തിരിച്ചറിയുന്ന ആ രണ്ടുപേരേയും കാണൂ.
കപ്പേളയിൽ ഉണ്ണിയേശു ചോർന്നൊലിക്കുമ്പോൾ മഴനനയാതിരിക്കാൻ എടുത്തുവീട്ടിൽ കോണ്ടു വന്നു ശുശ്രൂഷിക്കുന്ന വിചിത്രമെന്നും ഭ്രാന്തെന്നും നമ്മൽ കരുതുന്ന മനുഷ്യർ.
അതിമനോഹരമായി ഒരു സ്നേഹകഥ. അവിടെയും ഒരു പ്രശ്നം കുട്ടികളില്ല എന്നത് നേരിട്ടു പറഞ്ഞു എന്നതാണ്.
ശാലിനി എഴുതിയ അതേ കോട്ടയം ഭാഷയിൽ ഒരു കഥ.
@ലിഡിയ
നന്ദി ലിഡിയ :)
@സുരേഷ് മാഷ്
നന്ദി സുരേഷ് മാഷ്... മാഷ് പലരുടെയും കഥകള്‍ക്ക് എഴുതിയ കമന്റ് വായിച്ചു.
എല്ലാം വളരെ relevant ആയി തോന്നി.
കഥ എങ്ങനെ present ചെയ്യണമെന്നത് എന്റെയും വലിയ ഒരു പ്രശ്നമാണ് .
കഥ എഴുത്തിന്റെ സങ്കേതങ്ങളെ പ്രദിപാദിക്കുന്ന ഏതെങ്കിലും പുസ്തകം ഉണ്ടെങ്കില്‍ റെഫര്‍ ചെയ്യണേ..
മാതൃഭുമിയിലെ കഥ വായിക്കാം.
ബാംഗ്ലൂര്‍ ആയതു കൊണ്ടു മാതൃഭൂമി ആഴ്ചപ്പതിപ്പ് കിട്ടാന്‍ പ്രയാസം ഉണ്ട്. എങ്കിലും ഈ കഥ വായിക്കും.
സ്നേഹപൂര്‍വ്വം,
ശാലിനി
കഥ നന്നായിരിയ്ക്കുന്നു ശാലിനി.
നല്ല എഴുത്ത്.
ഇഷ്ടപ്പെട്ടു.
കഥയെഴുത്തിനെപ്പറ്റി, അതിന്റെ സങ്കേതങ്ങളെപ്പറ്റി വായിച്ചാൽ നല്ല കഥ എഴുതിക്കൊള്ളണമെന്നില്ല. നല്ല കഥകൾ വായിക്കുക, നല്ല വിഷയങ്ങൾ കണ്ടെത്തുക, കഥയുടെ രൂപത്തെക്കുറിച്ചും ഭാവത്തെക്കുറിച്ചും ധ്യാനിക്കുക.
കാഥികന്റെ പണിപ്പുര എന്ന പുസ്തകം എം.ടി. എഴുതിയിട്ടുണ്ട്.
കഥ തേടുന്ന കഥ-എൻ.പ്രഭാകരൻ
കഥ, ആഖ്യാനവും അനുഭവവും-കെ.പി.അപ്പൻ
ചെറുകഥയുടെ ഛന്ദസ്സ്-വി.രാജകൃഷ്ണൻ
നല്ല നല്ല കഥകൾ വായിക്കൂ. അതിലെ വിഷയം മാത്രം ശ്രദ്ധിക്കാതെ അവർ എങ്ങനെ കഥ പറഞ്ഞിരിക്കുന്നു എന്നു കൂടി ആരായൂ.
പിന്നെ പറയുന്ന കഥ നാം ആദ്യം നമ്മുടെ അനുഭവമാക്കണം.എന്നാൽ വായനക്കാരനും അനുഭവിക്കും.
ഭാവുകങ്ങൾ
Post a Comment