സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



...പ്ലീസ്...

June 25, 2010 saju john

പ്രിയപ്പെട്ട എന്റെ ഭാര്യയുടെ പഴയ സുഹൃത്തിന്‌,

ഞാന്‍ പിന്നെ എന്തു ചെയ്യണം, നാലഞ്ചാളുകള്‍ കയറിയിറങ്ങിയ അവളുടെ ശരീരം പൂവിട്ടു പൂജിക്കണോ? അവളുടെ മാറിടത്തില്‍, കഴുത്തില്‍, നാഭിയില്‍ കാണുന്ന കടിച്ച പാടുകളും, നഖത്തിന്റെ നീണ്ട പാണ്ടുകളും കണ്ടു ഞാന്‍ കോള്‍മയിര്‍ കൊള്ളണോ? നിങ്ങള്‍ക്ക് ആശ്വസിപ്പിക്കാന്‍ എന്തും പറയാം, പക്ഷെ ഞാന്‍ അനുഭവിക്കുന്ന മനോവേദന ആരോട്‌ പറയും, എന്നെ കാണുമ്പോള്‍ അവള്‍ മുഖം തിരിച്ച് വിതുമ്പുമ്പോള്‍ എന്റെ നിസഹായത ഒന്ന് ആലോചിച്ചു നോക്കൂ.

ബന്ധുക്കളും, സുഹൃത്തുക്കളും അവളെ വന്നു കാണുമ്പോള്‍ അവര്‍ മനസിന്റെ ഭാവനയില്‍ കണ്ടു രമിക്കുന്ന ആ വേഴ്ചയുടെ രംഗം എനിക്കവരുടെ മുഖത്ത് നിന്നും വായിക്കാം. കൌണ്‍സിലിംഗ് എന്ന് പറഞ്ഞുകൊണ്ട് നടന്നു അവളെയൊരു കാഴ്ചവസ്തുവായി സമൂഹത്തിന്റെ, പരിചയക്കാരുടെ മുമ്പിലോ പ്രദര്‍ശിപ്പിക്കാന്‍ എനിക്ക് താല്പര്യമില്ല. വിഷയപരമായ ഒരു ആഗ്രഹവും എനിക്കിന്ന് അവളോടോ എന്തിനു മറ്റാരു പെണ്ണിനോടോ തോന്നുന്നില്ല.....എല്ലാം കൂട്ടികിഴിച്ചു നോക്കിയാല്‍ ഒരു ഭര്‍ത്താവ് എന്ന നിലയില്‍ ഞാനിന്നോരു പരാജയമാണ്.

പണ്ട് നിങ്ങളുടെ യൌവ്വനകാലത്ത്‌ നിങ്ങളും എന്റെ ഭാര്യയും പ്രണയിച്ചിരുന്നുവല്ലോ. ജീവിതത്തിന്റെ ഒരു നിര്‍ണായക ഘട്ടത്തില്‍, അവള്‍ക്കായി നീട്ടാന്‍ ഒരു ജീവിതം നിങ്ങള്‍ക്കുണ്ടയിരിക്കില്ല, അല്ലെങ്കില്‍ താങ്കളെക്കാള്‍ നല്ലൊരു ജീവിതം അവള്‍ക്ക് കിട്ടട്ടെയെന്ന് കരുതി നിങ്ങള്‍ മാറി നിന്നിരിക്കാം. ഒരു തരത്തില്‍ പറഞ്ഞാല്‍ എനിക്ക് കിട്ടിയത് നിങ്ങളുടെ ഭിക്ഷ. മനസ്സ് കൊടുക്കുന്നിടത്ത് ശരീരം കൊടുക്കുമ്പോഴേ ജീവിതത്തില്‍ ആനന്ദം കിട്ടുകയുള്ളൂവന്ന്, നിങ്ങളെ പോലെ ഫിലോസഫി പഠിച്ചില്ലെങ്കിലും എനിക്കറിയാം. അവളുടെ മനസ്സ്‌ എനിക്കൊരിക്കലും കിട്ടിയിട്ടില്ല, അതിനാല്‍ തന്നെ മറ്റൊന്നും, പക്ഷെ ഏതൊരു ആണിനേയും മോഹിപ്പിക്കുന്ന അവളുടെ ശരീരത്തിന്റെ ഉടമ അല്ലെങ്കില്‍ അവളുടെ ഭര്‍ത്താവ്‌ എന്ന നിലയില്‍ സമൂഹത്തില്‍ എനിക്കിത്തിരി അഹംഭാവം ഉണ്ടായിരുന്നു. ഇപ്പോള്‍ ആ ഉടമസ്ഥതയും ആരൊക്കെയോ വന്നു കവര്‍ന്നെടുത്തിരിക്കുന്നു.

ഒരു ഭര്‍ത്താവ്‌ എന്ന നിലയില്‍ ആ മനുഷ്യരുടെ ആക്രമണത്തില്‍ നിന്നും അവളെ എനിക്ക് രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഞാനൊരു സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ ഒന്നുമല്ല, നാലഞ്ചു പേരെ ഒറ്റയ്ക്ക് നേരിട്ട് അവളെ രക്ഷിക്കാന്‍. എല്ലാം സംഭവിച്ചു. പക്ഷെ അവളുടെ കണ്ണില്‍ നിന്നും ഞാനറിയുന്ന അവജ്ഞ, അതെന്റെ ഉറക്കം കളയുന്നു. രാത്രികളില്‍ ഉറക്കമില്ലാതെ ഞാനെന്തിനു ജീവിക്കുന്നു.

ഒരു പക്ഷെ നിങ്ങള്‍ പറയുമായിരിക്കും ഒരു ഡെറ്റോള്‍ കുളിയില്‍ ശരീരത്തില്‍ നിന്ന് കഴുകിമാറ്റാവുന്ന കറയല്ലേ അവളുടെ ശരീരത്തില്‍ പറ്റിയതെന്നു, പക്ഷെ ആ കറ, അതെന്റെ ഹൃദയത്തില്‍ നിന്നും പോവേണ്ടേ. നിങ്ങളുടെ മനസ്സില്‍ നിന്നും പോവുമോ? എല്ലാവരും പറയുന്നു ജീവിതം വിജയിക്കുന്നവര്‍ക്ക് മാത്രമാണെന്ന്. എനിക്കും ഒരു ദിവസം, അല്ലെങ്കില്‍ ഒരു പ്രാവിശ്യം ഈ ജീവിതത്തില്‍ ഒന്ന്‍ ജയിക്കണം. അതിനാല്‍ ഞാന്‍ അവളെ കൊന്നു ഞാനും മരിക്കുന്നു.എന്റെ ജീവിതത്തിലെ ആദ്യത്തെ വിജയം............

എന്ന്...............ഞാന്‍

കൂട്ടിച്ചേര്‍ക്കലുകള്‍


മൂന്നാഴ്ചകള്‍ക്ക് ശേഷം, ഒരു വൈകുന്നേരം

അയാളുടെ പ്രവൃത്തികള്‍ തീര്‍ത്തും വ്യത്യസ്തങ്ങളായിരുന്നു, അതോ എനിക്ക് തോന്നുന്നതോ, ഞാന്‍ ഡ്രൈവ് ചെയ്യുന്ന സമയത്ത് അയാള്‍ ഡാഷ് ബോര്‍ഡില്‍ സൂക്ഷിച്ച സിഡികള്‍ പരതുകയായിരുന്നു.,

നിങ്ങള്‍ക്ക് ദൈവവിശ്വാസമില്ലെ.....?????

അതെന്താ.....ഞാന്‍ ചിരിച്ച് കൊണ്ട് ചോദിച്ചു.

നിങ്ങളുടെ കാറില്‍ ഒരു ഡെവോഷണന്‍ സോങ്ങിന്റെ സിഡിപോലും കാണാനില്ല.

എന്റെ മറുപടി വീണ്ടും ഒരു ചിരിയായിരുന്നു., പിന്നെ അയാളെ ഒന്നു വേദനിപ്പിക്കണം എന്നു കരുതിതന്നെയാണു ഞാന്‍ ആ ചോദ്യം അയാള്‍ക്ക് നേരെ ചോദിച്ചത്.

നിങ്ങള്‍ ഇത്രത്തോളം ഒരു ദൈവവിശ്വാസിയാണെങ്കില്‍ അവളെ കൊന്നു നിങ്ങള്‍ എന്തിനു ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു?”

ഞാനതിന്റെ കാരണം ആ മെസ്സേജില്‍ എഴുതിയിരുന്നല്ലോ, ആ ദുര്‍ബലനിമിഷത്തില്‍ എനിക്കങ്ങനെ തോന്നി. സത്യമായിട്ടും നിങ്ങള്‍ തിരിച്ച് വിളിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ അവളെ കൊന്ന് ആത്മഹത്യ ചെയ്തേനെ”.

ആത്മഹത്യ ജീവിതത്തില്‍ നിന്നും ഒരു ഒളിച്ചോട്ടം ആണെന്ന് എനിക്ക് തോന്നുന്നില്ല, മറിച്ച് സ്വന്തംജീവനെക്കാള്‍ തന്റെ ജീവിതത്തെ അത്രമേല്‍ സ്നേഹിക്കുന്നവര്‍ക്കെ ആത്മഹത്യ ചെയ്യാന്‍ കഴിയുകയുള്ളു എന്നാണ് എന്റെ വിശ്വാസം”.

തീര്‍ത്തും അപ്രതീക്ഷമായിരുന്നു മൂന്നാഴ്ച മുമ്പ് അയാളുടെ മെസ്സേജ്, എനിക്കെഴുതിയ ഒരു കത്തായി എന്റെ ബ്ലാക്ക്ബെറിയില്‍ വന്നത്, വായിച്ചപ്പോള്‍ ശരീരമാസകലം ഒരു വിറയല്‍ ആണ് അനുഭവപ്പെട്ടത്, ആലോചിച്ച് നോക്കുമ്പോള്‍ എനിക്കുതന്നെ മനസ്സിലാവുന്നില്ല എന്തുപറഞ്ഞാണു ഞാനിയാളുടെ മനസ്സ് മാറ്റിയതെന്ന്. പക്ഷെ ഒന്നുറപ്പായിരുന്നു, ഇയാള്‍ അവളെ അത്രമേല്‍ സ്നേഹിച്ചിരുന്നെന്ന്, ഒരു പക്ഷെ ഞാന്‍ അവളെ പണ്ട് സ്നേഹിച്ചതിനെക്കാള്‍.. പണ്ട് യൌവ്വനകാലത്ത് അവളെ എന്റെ സ്വപ്നരഥത്തിലേറ്റി ലോകത്തിന്റെ ഏതെല്ലാം കോണിലേക്ക് ഞങ്ങള്‍ പറന്നിരുന്നു, എന്നിരുന്നാലും ഒരു വേള ഞാന്‍ ആഗ്രഹിച്ചിരുന്നു. ദൈവം എനിക്ക് പറക്കാനുള്ള കഴിവ് തന്നിരുന്നെങ്കില്‍ ആകാശത്തിലെ പ്രകാശം വിതറിനില്‍ക്കുന്ന ആ നക്ഷത്രങ്ങളെയെല്ലാം കൊണ്ട് വന്ന് അവളിരിക്കുന്ന ആ ഉദ്യാനത്തില്‍ തോരണമായി ഞാന്‍ തൂക്കിയിടുമായിരുന്നുവെന്ന്. അല്ലെങ്കില്‍ മധുരമനോജ്ഞവും പ്രണയസുരഭിലമായ ആ പ്രണയകാലഘട്ടത്തില്‍, കാമിനിയായ അവളുടെ പ്രണയാദ്രമായ കടക്കണ്ണില്‍ നിന്നുള്ള ഒരു നോട്ടത്തില്‍ ഏത് മലയും എനിക്ക് ഒരു കടുകായി മാത്രമേ തോന്നിയിരുന്നുള്ളു.

പക്ഷേ പ്രണയജീവിതത്തിലെ കാല്പനികത, യാഥാര്‍ത്യവുമായി പൊരുത്തപെടാതെ വന്നപ്പോള്‍ അനിവാര്യമായ വിടപറയല്‍ അതായിരുന്നു ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചത്. അല്ലെങ്കില്‍ പ്രണയത്തിന്റെ മിനുമിനുപ്പില്‍ നിന്നും, എന്റെ ജീവിതത്തിന്റെ പരുപരിപ്പിലേക്ക് അവളെ കൂട്ടികൊണ്ടു വരാനുള്ള എന്റെ വൈമുഖ്യമായിരിക്കാം. പക്ഷെ എതൊരു കാമുകന്റെയും ഹൃദയം തകര്‍ക്കുന്ന കാഴ്ചയാണ്, വര്‍ത്തമാനജീവിതത്തില്‍ തനിക്ക് ലഭിച്ച സമ്പന്നതയില്‍, താന്‍ സ്നേഹിച്ച പെണ്‍ക്കുട്ടിയെ, തന്റെ നഷ്ടപ്രണയിനിയെ വളരെ ദുരിതപൂര്‍ണമായ ഒരു ജീവിതചുറ്റുപാടില്‍ കാണെണ്ടിവരികയെന്നത്. ഒരു പക്ഷെ, ആലോചിക്കുമ്പോള്‍ സ്വയം തോന്നുമായിരിക്കും. പണ്ട് എന്റെ വിരലോന്ന് നീട്ടിയാല്‍, ആ വിരലിലൂടെ എന്റെ ജീവിതത്തെ ചുറ്റി അവള്‍ ഇന്നും തളിര്‍ത്ത് നിന്നിരുന്നേനെയെന്ന്.. ആ വിങ്ങല്‍ എത്ര വേദനാജനകമായിരിക്കും., അത് കൊണ്ടായിരിക്കാം പുരുഷന്‍, ലോകത്തിനു മുമ്പില്‍ തന്റെ പ്രണയത്തിന്റെ കാവ്യബിംബമായി ഒരു താജ് മഹല്‍ ഉയര്‍ത്തികാണിക്കുമ്പോള്‍, സ്ത്രീ തന്റെ മനസ്സിന്റെ ശ്മശാനത്തില്‍ അനേകായിരം നഷ്ട പ്രണയത്തിന്റെ താജ് മഹലുകള്‍ കുഴിച്ച് മൂടുന്നത്.

നിങ്ങള്‍ എന്തുകൊണ്ട് ഇത് വരെ വിവാഹം കഴിച്ചില്ല. അവളെ നിങ്ങള്‍ക്ക് അത്ര ഇഷ്ടമായിരുന്നോ? അവള്‍ക്ക് പകരം ഒരു പെണ്ണിനും നിങ്ങളുടെ ഹൃദയത്തില്‍ ഇതുവരെ ഇടം കിട്ടിയില്ലെ? അയാളുടെ ആ ചോദ്യമാണ് എന്നെ ചിന്തകളില്‍ നിന്നും ഉയര്‍ത്തിയത്. അതിനും എന്റെ ഉത്തരം ഒരു ചിരിയായിരുന്നു.

ഒപ്പം അയാള്‍ കയ്യില്‍ പിടിച്ച് വച്ചിരിക്കുന്ന സിഡികളില്‍ നിന്നും ഞാന്‍ ഒരു സിഡി പ്രത്യേകം നോക്കിയെടുത്ത് പ്ലെയറില്‍ ഇട്ടു. നേര്‍ത്ത സ്വരത്തില്‍ നളചരിതം ആട്ട കഥയിലെ പ്രണയാദ്രമായ പദങ്ങള്‍ കാറില്‍ ഉയര്‍ന്നു.

..പ്രിയമാനസാ നീ പോയ് വരേണം
പ്രിയയോടെന്റെ വാര്‍ത്തകള്‍ ചൊല്‍വാന്‍....

ഒരു വ്യക്തിക്ക്‌ മുമ്പ്‌ പ്രണയം ഉണ്ടായിരുന്നെങ്കില്‍, ആ പ്രണയത്തിന്റെ അവസാനം ഒരു തോല്‍വി ഉണ്ടായാല്‍, ആ തോല്‍‌വിയില്‍ തന്നെ ജീവിക്കുകയാണോ വേണ്ടത്. വേറെ ഒരു വിവാഹത്തിന് ശ്രമിച്ചൂടെ?” അയാള്‍ വീണ്ടും ചോദ്യങ്ങളിലൂടെ എന്നെ അറിയാന്‍ ശ്രമിക്കുകയായിരുന്നു..

മാഷേ, തോല്‍വിയടയാന്‍ പ്രണയം എന്നത് ഒരു പരീക്ഷയോന്നുമല്ലല്ലോ. അത് ഒരു തരം ഫീലിങ്ങ്സ്‌ അല്ലേ. ജീവിതത്തില്‍ യഥാര്‍ത്ഥ പ്രണയത്തിന്റെ ഒരു ഫീലിങ്ങ്സ്‌ വന്നാല്‍, അത് എപ്പോഴും മാറ്റികൊണ്ടിരിക്കാന്‍ കഴിയില്ലല്ലോ നമ്മള്‍ക്ക്”

പ്രണയം നഷ്ടപ്പെട്ടവരായ എത്രപേര്‍, വീണ്ടും വിവാഹം കഴിച്ചു ജീവിക്കുന്നു?

തീര്‍ച്ചയായും, പക്ഷെ അവര്‍ സന്തോഷമായിട്ടാണ് ജീവിക്കുന്നതെന്ന് നമ്മള്‍ക്ക്‌ എങ്ങിനെ പറയാന്‍ കഴിയും, ഉദാഹരണത്തിന് ദൂരെ എങ്ങും പോവേണ്ടല്ലോ. വിവാഹം കഴിച്ചവര്‍ അവരുടെ നെഞ്ചില്‍ കൈ വച്ച് പറയട്ടെ എന്റെ മനസ്സില്‍ ആ പഴയ പ്രേമത്തിന്റെ ഒരു തരിമ്പും ഇല്ലെന്ന്, കാരണം ഹൃദയത്തിന്റെ ഏതെങ്കിലും ഒരു മൂലയില്‍ ആ ഓര്‍മ അവരെ വേട്ടയാടികൊണ്ടിരിക്കും.

ഒരു നഷ്ടപ്രണയത്തിനു ഇത്രയും നിങ്ങള്‍ ഫീല്‍ ചെയ്യണോ? ഒരു ചെടിയിലെ പുഷ്പം അടര്‍ന്ന്‍ വീണാല്‍ ആ ചെടിയില്‍ വീണ്ടും പുഷ്പങ്ങള്‍ വിടരാറില്ലെ?

ശരിയാണ്, പക്ഷെ അടര്‍ന്ന്‍ വീണ പൂവിനെ നിങ്ങള്‍ക്ക് വീണ്ടും ഒട്ടിക്കാന്‍ കഴിയുമോ? കഴിയില്ല. അത് പോലെയാണ് എന്റെ പ്രണയവും,

ഇതാണോ നിങ്ങളുടെ മറുപടി?

അല്ല ഇതാണ് എന്റെ ജീവിതം, എന്റെ അവസ്ഥ നിങ്ങള്‍ക്ക് ശോകമായിരിക്കാം. പക്ഷെ ഈ ശോകം പോലും എനിക്ക് സുഖമുള്ള അവസ്ഥയാണ്.“ അത് പറഞ്ഞ് കഴിഞ്ഞു ഞാനിത്തിരി ഉച്ചത്തില്‍ ചിരിച്ചു.

നിങ്ങള്‍ ഈ ചിരികൊണ്ട് എന്താണ്‍ അര്‍ത്ഥമാക്കുന്നത്. നിങ്ങള്‍ക്കറിയുമോ, നിങ്ങളുടെ വിരഹജീവിതം അവളെ എത്രത്തോളം അസ്വസ്ഥ ആക്കിയിരുന്നെന്ന്. ടെലിവിഷനില്‍ നിങ്ങളുടെ അഭിമുഖമോ, അല്ലെങ്കില്‍ വാര്‍ത്തയോ വരുമ്പോള്‍ അവള്‍ എണീറ്റ് അടുക്കളയിലേക്ക് പോവുമായിരുന്നു., ഞാനപ്പോള്‍ മനപ്പൂര്‍വ്വം അവള്‍ കേള്‍ക്കാനായി നിങ്ങളുടെ സ്വരം ഉച്ചത്തില്‍ വയ്ക്കും......അതിനെ അവള്‍ പ്രതിരോധിക്കുന്നത്, അടുക്കളയിലെ പാത്രങ്ങള്‍ പരസ്പരം ശക്തിയായി മുട്ടിച്ചും അല്ലെങ്കില്‍ അതെല്ലാം മനപ്പുര്‍വ്വം താഴെക്കിട്ടുമാണ്.. അവള്‍ മാത്രമല്ല ഒരു വിധം സ്ത്രീകള്‍ എല്ലാം അങ്ങിനെയായിരിക്കാം അടുക്കളയില്‍ വച്ച് പ്രതിഷേധിക്കുന്നത്..ഭൂരിപക്ഷം പുരുഷന്മാരും ആ ശബ്ദം വെറുക്കുമ്പോള്‍, ഞാനത് ആസ്വദിക്കുകയാണ് ചെയ്യാറുള്ളത്.“.

നിങ്ങള്‍ ചെയ്യുന്നത് ഒരു തരം സെക്കിക്ക് ടോര്‍ച്ചറിംഗ് ആണ്, അതറിയുമോ? പരുഷമായിട്ടാണ് ഞാനതിനു അയാളോട് പ്രതികരിച്ചത്.

അറിയാം.......പുറത്ത് കാണുന്ന മോടിക്ക് അപ്പുറം ഞങ്ങളുടെ ജീവിതം പരസ്പരം ഒരു തരം ടോര്‍ച്ചറിംഗ് ആയിരുന്നു. അവളാ‍യിരുന്നു ഒരു പക്ഷെ അതിന്റെ വേദന കൂടുതല്‍ അനുഭവിച്ചിരുന്നത്., വളരെ ഇന്റലക്ചല്‍ ആയ അവള്‍ സ്വയം ഇഷ്ടപെട്ടിരുന്ന, അല്ലെങ്കില്‍ കണ്ടെത്തിയ അവളുടെ ഏകാന്തത, അത് അവള്‍ ആസ്വദിച്ചിരുന്ന ഒരു തരം ആത്മരതിയാണ്. ഫലം ഉത്പാദിപ്പിക്കാനാവാന്‍ കഴിവില്ലാത്ത ഞാന്‍ അവളില്‍ ചെയ്യുന്ന ശാരീരീകരതിയും അവള്‍ക്ക് ഒരു തരം ടോര്‍ച്ചറിംഗ് ആണ്. അല്ലെങ്കില്‍ അങ്ങിനെ ആയിരുന്നിരിക്കും.

സോറി......ഞാന്‍ ആ വിധത്തില്‍ അല്ല ഉദ്ദേശിച്ചത്” അയാളുടെ മുഖഭാവം മാറുന്നത് കണ്ട് എനിക്ക് തന്നെ കുറ്റബോധം തോന്നി.

നിങ്ങള്‍ എന്തും പറഞ്ഞോ......എനിക്ക് യാതൊരു വിരോധവുമില്ല, മാത്രമല്ല നിങ്ങളുടെ നന്മയെ ഞാന്‍ സ്നേഹിക്കുന്നു. മാത്രമല്ല ബന്ധങ്ങള്‍ നിങ്ങള്‍ സ്വന്തം സുഖത്തിനായി മുതലെടുക്കാറില്ല എന്നും എനിക്കറിയാം.

അതെങ്ങിനെ നിങ്ങള്‍ക്കറിയാം. അത്തരമൊരു ബന്ധം നമ്മള്‍ തമ്മില്‍ ഉണ്ടായിരുന്നില്ലല്ലോ? ഞാന്‍ അത്ഭുതത്തോടെ അയാളോട് പറഞ്ഞു. പക്ഷെ അയാളുടെ മറുപടി ഞാന്‍ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു..

അവള്‍ തന്നെ അതിനു ഉത്തമ ഉദാഹരണമല്ലെ...... ഒരു ആവറേജ് പുരുഷന്‍ തന്റെ ഭാര്യയുടെ കന്യകാത്വത്തിലേക്ക് ഇറങ്ങുമ്പോള്‍, അവള്‍ക്ക് വേദനിക്കുമെങ്കിലും, ഒരു പുരുഷന്‍ അനുഭവിക്കുന്ന ആ സുഖം അവള്‍ എനിക്കായി കാത്ത് വച്ചിരുന്നു. മറ്റോരു തരത്തില്‍ പറഞ്ഞാല്‍ അവളില്‍ നിന്നും എനിക്ക് കിട്ടിയ സമ്മാനം. അല്ലെങ്കില്‍ നിങ്ങള്‍ അവളില്‍ സുക്ഷിച്ച് വച്ചതായിരിക്കാം. പുരുഷന്റെ നിഷ്കളങ്കമായ സ്നേഹത്തിനു അല്ലെങ്കില്‍ നമ്മുടെ നാട്യത്തിനു മുമ്പില്‍ സര്‍വ്വവും സമര്‍പ്പിക്കുന്നവരല്ലെ സ്തീകള്‍.

ഇത് വെറും ഒരു പുരുഷന് മാത്രം കിട്ടുന്ന സുഖമല്ല മാഷെ......മറിച്ച് സ്ത്രീകളും അനുഭവിക്കുന്നുണ്ട് അത്തരം സ്വകാര്യമായ സുഖങ്ങള്‍, അതിനെക്കുറിച്ച് നമ്മള്‍ പുരുഷന്മാര്‍ അധികം ചിന്തിക്കാറില്ലായിരിക്കാം.. ഒരു പുരുഷന്‍ അറിഞ്ഞ ആദ്യത്തെ സ്ത്രീ ഞാനാണെന്നറിയുന്ന ഏതൊരു സ്ത്രീയിലും ഇത്തരം മാനസീകമായ സന്തോഷം ഉണ്ടാവും, വഴിയില്‍ പകച്ച് നില്‍ക്കുന്ന അവനെ കൈപിടിച്ച് തന്നിലേക്ക് കൊണ്ടുപോവുമ്പോള്‍ സ്തീകളും അനുഭവിക്കുന്നുണ്ട് അത്തരം സുഖം. അത്തരം സുഖം തന്നില്‍ നിന്നും തന്റെ ഭാര്യയ്ക്ക് കിട്ടിയിട്ടുണ്ടോ എന്ന് പുരുഷനും ചിന്തിക്കട്ടെ, എന്നിട്ടുമതിയല്ലോ, സ്തീയുടെ കന്യകാത്വത്തിന്റെ മഹത്വം പറയാന്‍.

അയാള്‍ ഒന്നും മിണ്ടാതെ താഴെക്ക് നോക്കിയിരുന്നു എന്റെ ആ സംസാരം കേട്ടപ്പോള്‍, പിന്നെ കുറച്ച് നേരം പുറത്തേക്ക് നോക്കിയിരുന്നിട്ട്, എന്നോട് പറഞ്ഞു.

എനിക്ക് നിങ്ങളോട് ഒരു സഹായം ചോദിക്കാനുണ്ട്, അതുപോലെ എന്റെ മനസ്സിനെ ഒന്ന് പരുവപ്പെടുത്താനുണ്ട് അവളുടെ അടുത്ത് എത്തുന്നതിനു മുമ്പ്. ഞാനത് പറയുമ്പോള്‍ അവളുടെ മുഖം തുടുക്കുമോ, അതോ പതിവ് നിര്‍വികാരികത തന്നെയാവുമോ എന്നെനിക്കൊരു ആകാംഷ. അതിനാല്‍ തന്നെ ഇനി അവളുടെ മുമ്പില്‍ എത്തുമ്പോള്‍ എനിക്കോരു പുതിയ മനുഷ്യനായി വേണം ചെല്ലാന്‍. നടന്നത് നടന്നു. നിങ്ങള്‍ മുമ്പ് പറഞ്ഞ പോലെ ഒരു ഡെറ്റോള്‍ കുളിയില്‍ കഴുകി മാറ്റാവുന്ന കറയല്ലെ അവളുടെ ശരീരത്തില്‍ പറ്റിയത്. എനിക്കുറപ്പുണ്ട് എന്റെ മനസ്സിലെ കറയും നിങ്ങളുമായുള്ള തുറന്ന സംസാരത്തില്‍ തുടച്ച് നീക്കപ്പെടുമെന്ന്.

അപ്രതീഷിതമായിട്ടാണു അവരുടെ ജീവിതത്തില്‍ ആ സംഭവം നടന്നത്. എനിക്ക് ആ മെസ്സേജ് കിട്ടിയ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നഗരത്തിലെ ഒരു പാര്‍ട്ടി കഴിഞ്ഞു രാത്രി പോവുന്ന സമയത്ത് അവരുടെ കാര്‍ വഴിയില്‍ ബ്രേക്ക് ഡൌണ്‍ ആയത്. ആ സമയം അവള്‍ കാറില്‍ മയങ്ങുകയായിരുന്നു. അവളാണെങ്കില്‍ അന്ന് സോഷ്യല്‍ ഡ്രിംഗ്സ് എന്ന ലേബലില്‍ നല്ല വണ്ണം ആ പാര്‍ട്ടിയില്‍ വച്ച് മദ്യപിച്ചിരുന്നു. ആദ്യമെല്ലാം പാര്‍ട്ടികളില്‍ അത്തരം മദ്യപാനം അയാളുടെ നിര്‍ബന്ധത്തിനു വഴങ്ങിയായിരുന്നു അവള്‍ കുടിച്ചിരുന്നത്. പിന്നിടെപ്പോഴോ അവളും അതില്‍ എന്തോ സ്വയം മറക്കാന്‍ കണ്ടെത്തി.

മരണാസന്നനായി വഴിയില്‍ കിടന്നാല്‍ പോലും സഹായിക്കാത്ത സമൂഹം, അയാള്‍ വേച്ച് വേച്ച് റോഡില്‍ വച്ച് കാണിച്ച സഹായഹസ്തങ്ങള്‍ക്ക്... അലറിവിളിച്ച് കടന്നു പോയ വാഹനങ്ങളുടെ ഹോണ്‍ ശബ്ദങ്ങളാണ് ഉത്തരം പറഞ്ഞത്. ഏതോ ഒരു അഭിശപ്തനിമിഷത്തില്‍, ഉറക്കം തെളിഞ്ഞ അവളും, മദ്യലഹരിയില്‍ കാറില്‍ നിന്നും റോഡിലേക്ക് ഇറങ്ങി, പാര്‍ട്ടിവെയറില്‍ അന്നവള്‍ അതീവസുന്ദരിയായിരുന്നു. അവളെ ആരാധനയോടെ പാര്‍ട്ടിയില്‍ വച്ച് ഓരൊരുത്തര്‍ നോക്കുന്നത് ഒരു തരത്തില്‍ സ്വയം അയാളും ആസ്വദിച്ചിരുന്നു.. പക്ഷെ അഴിഞ്ഞും, സ്ഥാനം തെറ്റിയതുമായ വസ്ത്രം ധരിച്ച് അവള്‍ കാറില്‍ നിന്നും റോഡില്‍ ഇറങ്ങിയപ്പോള്‍ അന്നേരം അതിലെ പോയ ഒരു കാര്‍ വേഗത കുറച്ച് കടന്ന് പോയതും, പതിയെ ആ കാര്‍ പുറകോട്ട് തിരിച്ച് മടങ്ങിവന്നതും അയാള്‍ക്കൊര്‍മ്മയുണ്ട്..

പിറ്റേന്ന് നഗരം ഉയരുന്നത്, ആ ബലാത്സംഗത്തിന്റെ റിപ്പോര്‍ട്ടുമായിട്ടാണു, സമൂഹത്തിലെ ഉന്നതനായ ഒരു പുരുഷന്റെ ഭാര്യ, അതും ഭര്‍ത്താവിനെ മര്‍ദ്ദിച്ചവശനാക്കി ഒരു സംഘം യുവാക്കള്‍ ബലാത്സംഗം ചെയ്തത് മാധ്യമങ്ങള്‍ക്ക് ഒരു സെന്‍സേഷണല്‍ വാര്‍ത്തയായിരുന്നു.. അവളെന്റെ പൂര്‍വ്വകാമുകിയായിരുന്നുവെന്ന് ഈ ലോകം മുഴുവന്‍ അറിയുന്നത് കൊണ്ടാണ് മാധ്യമപ്രവര്‍ത്തകര്‍ ആ സംഭവത്തെക്കുറിച്ച് എന്റെ അഭിപ്രായം ചോദിച്ചത്. എന്റെ ഉത്തരം ഇത്രമാത്രമായിരുന്നു.. “ഒരു ഡെറ്റോള്‍ കുളിയില്‍ കഴുകികളയാവുന്ന അഴുക്ക്“.

ഇരുട്ട് പതുക്കെ വഴിയില്‍ വീഴാന്‍ തുടങ്ങി, അയാള്‍ വാച്ചിലേക്ക് നോക്കി എന്നിട്ട് “ നമ്മള്‍ ഈ സ്പീഡില്‍ പോയാല്‍ ഒരു മണിക്കൂറിനകം ഹോസ്പിറ്റലില്‍ എത്താമായിരിക്കുമല്ലെ.”.

സമയത്തെക്കുറിച്ചോര്‍ത്ത് വിഷമിക്കേണ്ട, എത്ര വൈകിയാലും ഡോക്ടര്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ടാവും, ഞാന്‍ രാവിലെ ഡോക്ടറിനെ വിളിച്ചിരുന്നു. അവള്‍ ഒത്തിരി ഇന്‍പ്രൂവ് ചെയ്തിട്ടുണ്ട് എന്നു പറഞ്ഞു. മാത്രമല്ല ഞങ്ങളെല്ലാം ഒന്നിച്ച് കോളെജില്‍ വച്ച് ഒരു ക്ലാസ്സില്‍ പഠിച്ചിരുന്നവരല്ലേ. മാത്രമല്ല അവന്‍ ഇന്ന് കേരളത്തിലെ ഏറ്റവും മിടുക്കനായ സൈക്യാട്രിക്ക് ഡോക്ടര്‍ ആണ്. അവനറിയാം അവളെ എങ്ങിനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരണമെന്നത്...”

അത് പറഞ്ഞപ്പോള്‍ അയാള്‍ എന്റെ മുഖത്തേക്ക് വല്ലാത്തൊരു ഭാവത്തോടെ നോക്കി, പിന്നെ പതുക്കെ എന്റെ കൈയില്‍ അയാള്‍ കൈത്തലമമര്‍ത്തി.

ഒരു കുഞ്ഞുണ്ടായിരുന്നെങ്കില്‍ അവളുടെ സ്വഭാവം ഒത്തിരി മാറുമായിരുന്നു., അവളുടെ ഏകാന്തതയ്ക്കും ഒരു പരിഹാരമായിരുന്നേനെ.. ഞാന്‍ പലവട്ടം പറഞ്ഞതാണ്, ഒരു കുട്ടിയെ ദത്ത് എടുക്കാമെന്ന്. അവള്‍ സമ്മതിക്കുന്നില്ല.. എനിക്കാണെങ്കില്‍ കുട്ടികളെ വലിയ ഇഷ്ടവുമാണ്. പ്രത്യേകിച്ച് പെണ്‍ക്കുട്ടികളെ, കളര്‍ ഉടുപ്പെല്ലാം ധരിപ്പിച്ച് അവരെ കൊണ്ടുനടക്കാന്‍ എന്തു രസമാണ്.

ഇന്ന് പലവിധത്തില്‍ ഉള്ള പുതിയ ടെക്നോളാജികള്‍ ഉണ്ടല്ലോ, അതൊന്നും ശ്രമിച്ചില്ലെ. ഞാന്‍ ചോദിച്ചു

അവള്‍ പറയുന്നത്, അതെല്ലാം വെറുതെ പണം കളയുന്ന പരിപാടികള്‍ ആണെന്നാണ്, ഇന്ന് ഫെര്‍ട്ടിലിറ്റി ഹോസ്പിറ്റലും ഒരു തരം പുതിയ ബിസിനസ്സ് ആണല്ലോ. പിന്നെ എന്റെയൊരു ഗിനിപന്നിയായി അവളെ ആശുപത്രികള്‍ തോറും കെട്ടിയെഴുന്നെള്ളിക്കാന്‍ എനിക്കൊട്ട് ആഗ്രഹവുമില്ല. കാരണം എന്നില്‍ നിന്നും ഒരു ഫലവും ഉത്പാദിപ്പിക്കാന്‍ കഴിയില്ല. അത് മറ്റാരെക്കാളും എനിക്കും അവള്‍ക്കും നന്നായറിയാം..”

ഒന്നും മിണ്ടാതെ ഡ്രൈവിംഗില്‍ മാത്രമായിരു ന്നു ഞാന്‍ ശ്രദ്ധിച്ചിരുന്നത്.

ഞാനോരു കാര്യം ചോദിച്ചാല്‍ നിങ്ങള്‍ അതിനു സമ്മതിക്കുമോ?

താങ്കള്‍ ചോദിക്കൂ, ചോദ്യം കേള്‍ക്കാതെ എങ്ങിനെ ഞാന്‍ സമ്മതം മൂളും, പറ്റില്ലെങ്കില്‍ പറ്റില്ല എന്നും ഞാന്‍ പറയും.

അതല്ല, നിങ്ങള്‍ക്ക് മാത്രമേ അതിനു കഴിയൂ, നിങ്ങളെ മാത്രമേ എനിക്കതിനു അംഗികരിക്കാന്‍ കഴിയൂ.

നിങ്ങള്‍ കാര്യം പറയൂ......ഞാന്‍ നിര്‍ബന്ധിച്ചു.

താങ്കള്‍ നേരത്തെ പറഞ്ഞല്ലോ, വിവാഹം കഴിച്ചവര്‍ ആണെങ്കിലും മനസ്സില്‍ ആ പഴയ പ്രണയത്തിന്റെ ഒരു തരിമ്പെങ്കിലും ഉണ്ടാവുമെന്ന്. അല്ലെങ്കില്‍ ഹൃദയത്തിന്റെ ഏതെങ്കിലും ഒരു മൂലയില്‍ ആ ഓര്‍മ അവരെ വേട്ടയാടികൊണ്ടിരിക്കുമെന്ന്..

അതെ, അങ്ങിനെ പറഞ്ഞു!!!! അത് ഇവിടെ പറയാന്‍?

നിങ്ങള്‍ വണ്ടി നിറുത്തൂ......ഞാന്‍ പറയാം.

അയാള്‍ പറഞ്ഞ പ്രകാരം വണ്ടി റോഡിന്റെ അരികിലേക്ക് മാറ്റി നിര്‍ത്തി, പിന്നെ എന്റെ രണ്ടു കയ്യും അയാളുടെ കയ്യിലേക്ക് ചേര്‍ത്ത് പിടിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.

നിങ്ങള്‍ അവളെ ഇന്നും പ്രണയിക്കുന്നുവെന്ന് എനിക്കറിയാം, നിങ്ങളുടെ ഒറ്റയ്ക്കുള്ള ജീവിതം തന്നെ അതിനുദാഹരണമാണു,, എന്റെ ഭാര്യയാണെങ്കിലും അവളും നിങ്ങളെ ഹൃദയത്തിന്റെ ഒരു കോണില്‍ വച്ച് പൂജിക്കുന്നുണ്ട്..

ഞാന്‍ അത്ഭുതത്തോടെ അയാളുടെ മുഖത്തേക്ക് നോക്കി, അയാള്‍ തുടര്‍ന്നു.

അനുവാദമില്ലാതെ അവളുടെ ഗര്‍ഭപാത്രത്തില്‍ പതിച്ച ആ കറകള്‍ മാറ്റി, അവളെ ശുദ്ധികരിക്കാന്‍ നിങ്ങള്‍ക്ക് മാത്രമേ കഴിയൂ, അതിലൂടെ നിങ്ങള്‍ രണ്ടാളും ചേര്‍ന്ന് എനിക്കോരു കുഞ്ഞിനെ തരുമോ?........അല്ലെങ്കില്‍ നമ്മുക്ക് മൂന്ന് പേര്‍ക്കും ജീവിതത്തില്‍ അവകാശപ്പെടാവുന്ന ഒരു കുഞ്ഞ്.............സ്വന്തമെന്ന് പറഞ്ഞ് ഒരു കുഞ്ഞിനെ ലാളിക്കാനുള്ള കൊതികൊണ്ടാണു....പ്ലീസ്...അവള്‍ സമ്മതിക്കും.......ഞാന്‍ അവളെ സമ്മതിപ്പിക്കാം......പ്ലീസ്.“

ശക്തിയായി ഒഴുകുകയായിരുന്നു.......മുമ്പോട്ട്.......അത് ഞാനോ, അതോ കാറോ എന്നെനിക്കറിയില്ല.


നട്ടപ്പിരാന്തുകള്‍. കോം

12 Comments, Post your comment:

ഒഴാക്കന്‍. said...

അതിരാവിലെ വായിച്ചിട്ട് എന്തോ ആയി ... അയ്യോ എന്തോ എന്താന്നോ?

Mohamed Salahudheen said...

:)

കുസുമം ആര്‍ പുന്നപ്ര said...

കഥ നന്നായിരിക്കുന്നു . കഥാനായകന്‍
പറഞ്ഞത് ശുദ്ധ ഭോഷ്കത്തോം. ഒരു സ്ത്രീ
ശരിക്കും ഒരു ഭാര്യ് യായി ക്കഴിഞ്ഞാല്‍
അവള്‍ പൂര്‍വ കാമുകനെ ഓര്‍ത്തു ജീവിതം
തള്ളി നീക്കുന്നു എന്ന് പറയുന്നതില്‍
അര്തഥ മില്ല . അതുപോലെ അവളെ കൂട്ട
ബലാല്‍ സംഗം നടത്തിയതില്‍ നായകനുള്ള
പങ്കു ഒട്ടും തള്ളിക്കളയാവുന്നതല്ല . എന്നിട്ട്
പുര്‍വ കാമുകന്റെ തലയില്‍ അവളെ കെട്ടിവെക്കാനുള്ള
ശ്രമവും കുറച്ചു കടുത്തുപോയി ....കഥാകാരാ ..
സ്ത്രീകള്‍ അബലകളാ യിരിക്കാം ..അതുകൊണ്ട്
അവരെ മുതലെടുക്കരുത് ...

അനില്‍കുമാര്‍ . സി. പി. said...

സാജു, ഇതെ നേരത്തേ വായിച്ചിരുന്നു.

ശക്തവും തീഷ്ണവുമായ ഭാഷയില്‍ മറ്റൊരു ടിപ്പിക്കല്‍ ‘നട്ടപ്പിരാന്തന്‍’ കഥ.

ബിജുകുമാര്‍ alakode said...

ഒരു നല്ല എഴുത്തിന്റെ മിന്നലാട്ടം കാണനുണ്ട്. അല്പം കൂടി ഒതുക്കമാവാമായിരുന്നു എന്നൊരു തോന്നല്‍. ആശംസകള്‍

അലി said...

കൊള്ളാം..
ഇത്രയ്ക്കു വലിച്ചുനീട്ടാതെ പറഞ്ഞിരുന്നെങ്കിൽ.

Manoraj said...

നട്ടപിരാന്തുകളിൽ നിന്നും ജീവസ്സുറ്റ എഴുത്തിലേക്ക്. സന്തോഷം. വളരെ നല്ലൊരു കഥ മാഷേ.. കഥ പറയാനെടുത്ത രീതി പ്രശംസാവഹം തന്നെ.
@കുസുമം ആർ പുന്നപ്ര : “ഒരു സ്ത്രീ ശരിക്കും ഭാര്യയായി കഴിഞ്ഞാൽ പൂർവ്വ കാമുകനെയോർത്ത് ജീവിതം തള്ളിനീക്കും എന്ന് പറയുന്നതിൽ അർത്ഥമില്ല.“ ജനറലൈസ് ചെയ്തായിരുന്നു കഥാകാരൻ അങ്ങിനെ പറഞ്ഞതെങ്കിൽ താങ്കളുടെ വാദത്തോട് ഞാനും യോജിച്ചേനേ. പക്ഷെ, ഇത്തരം കേസുകൾ സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ട് എന്ന പരമമായ സത്യത്തെ വിസ്മരിക്കരുത്. കൂട്ടബലാത്സംഘം ചെയ്യപ്പെട്ടതിൽ നായകനും പങ്കുണ്ട് എന്ന വാദത്തോട് യോജിക്കാമെങ്കിലും അവളെ പൂർവ്വ കാമുകന്റെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമം ഒന്നും കഥയിൽ കണ്ടില്ല. ചിലപ്പോൾ എന്റെ വായനയുടെ വ്യാപ്തിക്കുറവാകാം. പിന്നെ ഒന്നുകൂടി, ദയവ് ചെയ്ത് സ്ത്രീകൾ അബലകാണ് എന്ന് ഇങ്ങിനെ സ്ത്രീകൾ തന്നെ തുടരെ തുടരെ പറയല്ലേ.. മുതലെടുക്കപ്പെടാൻ വേണ്ടി പറയുന്ന പോലെ.

അനില്‍@ബ്ലോഗ് // anil said...

നട്ട്സ്..
മനസ്സ് തകര്‍ക്കുന്ന എഴുത്ത്.

വിനയന്‍ said...

കലക്കീട്ടോ...നല്ല എഴുത്ത്...

രാജേഷ്‌ ചിത്തിര said...

കഥ നന്നായി.
നല്ല എഡിറ്റിംഗ് ആവശ്യപ്പെടുന്നണ്ട്..
പല സ്ഥലങ്ങളും...
ഒടുവിലെ ആ ട്വിസ്റ്റ് പുതുമ കെടുത്തി.

ആശംസകള്‍..

KS Binu said...

ഭാഷയും കഥയും കഥ വന്ന വഴിയും നന്നായങ്ങ് സുഖിച്ചു.. പക്ഷേ അവസാനത്തെ ആ നട്ടപ്പിരാന്ത് മനസ്സിലായില്ല, അത്ര കണ്ട് ദഹിച്ചുമില്ല.. ഒരുപക്ഷേ എനിക്ക് അതിനുമാത്രം ലോകപരിചയം ഇല്ലാത്തതുകൊണ്ടാവാം...

Anonymous said...

“ഒരു വ്യക്തിക്ക്‌ മുമ്പ്‌ പ്രണയം ഉണ്ടായിരുന്നെങ്കില്‍, ആ പ്രണയത്തിന്റെ അവസാനം ഒരു തോല്‍വി ഉണ്ടായാല്‍, ആ തോല്‍‌വിയില്‍ തന്നെ ജീവിക്കുകയാണോ വേണ്ടത്. വേറെ ഒരു വിവാഹത്തിന് ശ്രമിച്ചൂടെ?” അയാള്‍ വീണ്ടും ചോദ്യങ്ങളിലൂടെ എന്നെ അറിയാന്‍ ശ്രമിക്കുകയായിരുന്നു..

മാഷേ, തോല്‍വിയടയാന്‍ പ്രണയം എന്നത് ഒരു പരീക്ഷയോന്നുമല്ലല്ലോ. അത് ഒരു തരം ഫീലിങ്ങ്സ്‌ അല്ലേ. ജീവിതത്തില്‍ യഥാര്‍ത്ഥ പ്രണയത്തിന്റെ ഒരു ഫീലിങ്ങ്സ്‌ വന്നാല്‍, അത് എപ്പോഴും മാറ്റികൊണ്ടിരിക്കാന്‍ കഴിയില്ലല്ലോ നമ്മള്‍ക്ക്”

പ്രണയം നഷ്ടപ്പെട്ടവരായ എത്രപേര്‍, വീണ്ടും വിവാഹം കഴിച്ചു ജീവിക്കുന്നു?

തീര്‍ച്ചയായും, പക്ഷെ അവര്‍ സന്തോഷമായിട്ടാണ് ജീവിക്കുന്നതെന്ന് നമ്മള്‍ക്ക്‌ എങ്ങിനെ പറയാന്‍ കഴിയും, ഉദാഹരണത്തിന് ദൂരെ എങ്ങും പോവേണ്ടല്ലോ. വിവാഹം കഴിച്ചവര്‍ അവരുടെ നെഞ്ചില്‍ കൈ വച്ച് പറയട്ടെ എന്റെ മനസ്സില്‍ ആ പഴയ പ്രേമത്തിന്റെ ഒരു തരിമ്പും ഇല്ലെന്ന്, കാരണം ഹൃദയത്തിന്റെ ഏതെങ്കിലും ഒരു മൂലയില്‍ ആ ഓര്‍മ അവരെ വേട്ടയാടികൊണ്ടിരിക്കും.

ഒരു നഷ്ടപ്രണയത്തിനു ഇത്രയും നിങ്ങള്‍ ഫീല്‍ ചെയ്യണോ? ഒരു ചെടിയിലെ പുഷ്പം അടര്‍ന്ന്‍ വീണാല്‍ ആ ചെടിയില്‍ വീണ്ടും പുഷ്പങ്ങള്‍ വിടരാറില്ലെ?

ശരിയാണ്, പക്ഷെ അടര്‍ന്ന്‍ വീണ പൂവിനെ നിങ്ങള്‍ക്ക് വീണ്ടും ഒട്ടിക്കാന്‍ കഴിയുമോ? കഴിയില്ല. അത് പോലെയാണ് എന്റെ പ്രണയവും,

ഇതാണോ നിങ്ങളുടെ മറുപടി?

അല്ല ഇതാണ് എന്റെ ജീവിതം, എന്റെ അവസ്ഥ നിങ്ങള്‍ക്ക് ശോകമായിരിക്കാം. പക്ഷെ ഈ ശോകം പോലും എനിക്ക് സുഖമുള്ള അവസ്ഥയാണ്.“ അത് പറ

ithu oru tamil film dialogue alle...???