സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!ആഞ്ജലിക

June 26, 2010 LiDi

ഇത് ഉദകക്രിയയുടെ ദിവസം.
ബലിയിട്ടത് ആർക്കെല്ലാം വേണ്ടി..
തിരിച്ചറിഞ്ഞത് ആരെയെല്ലാം.
ജ്യേഷ്ഠനെ.അമ്മയെ.

ഒടുക്കം ഒന്ന് മുങ്ങിനിവർന്നപ്പോഴേക്ക് അപ്രതീക്ഷിതമായ ഒരാക്രമണമായിരുന്നു അത്.
തടഞ്ഞു നിർത്താൻ കഴിയാഞ്ഞ ഒരസ്ത്രം മർമ്മഭേദിയായി.

അത് ആഞ്ജലികാബാണം ആയിരുന്നൊ?

പിന്നീട് ഒന്നും കേൾക്കാൻ നിന്നില്ല.
ചോദിക്കാനും.

പതിവു പോലെ വിജയം ഭിക്ഷ കിട്ടിയിരിക്കുന്നു.
ആരുണ്ട് അത് അഞ്ചായി പങ്കിട്ടെടുക്കാൻ..?

ദ്രൗപദിയെ കാണണമെന്നു തോന്നി.
കണ്ടില്ല.
എല്ലാവരും വെള്ളവസ്ത്രം ധരിച്ചതുകൊണ്ടാണോ..അതോ
തനിക്കും കാണാൻ കഴിയുന്നില്ലെ അവളെ?
മരവിപ്പ് ബാക്കി.

കുറച്ചിലകൾ ബാക്കി വന്ന വൃക്ഷത്തണലിൽ കിടന്നു.
“പാർത്ഥാ” എന്ന് വിളിച്ച് കൃഷ്ണൻ വരുന്നത് വരെ.

ആ വിളിയില്ലായിരുന്നെങ്കിൽ എന്നേ തീർന്നേനെ എല്ലാം.

പക്ഷേ..ആഞ്ജലിക തൊടുക്കും മുൻപും ഇതെ ശബ്ദമായിരുന്നില്ല്ലേ
അഭിമന്യുവിനെക്കുറിച്ച് ,ദ്രൗപദിയെക്കുറിച്ച് ,ദ്യൂത സഭയെക്കുറിച്ച്...എല്ലാം എല്ലാം ഓർമ്മിപ്പിച്ചത്...
ഒന്നും മറന്നില്ലെങ്കിലും..

അസ്ത്രത്തിന്റെ വേഗം ഇപ്പോഴും അറിയാൻ കഴിയുന്നുണ്ട് കൈകൾക്ക്,
അതാണ്‌ ആദ്യത്തെ ജയമെന്നു കരുതി ഓർത്തു വെച്ചതുകൊണ്ട് തന്നെ.

മുൻപെ ഉള്ളതെല്ലാം,
ഏകലവ്യൻ,അഭ്യാസക്കാഴ്ച
അങ്ങനെ അങ്ങനെ എല്ലാം ഭിക്ഷ കിട്ടിയ ജയങ്ങൾ..
അല്ലെങ്കിൽ സ്വയംവരത്തിലേതുപോലെ പങ്കുവെക്കപ്പെട്ടത്..

ദക്ഷിണവെച്ച പെരുവിരലിലെ ചോര ഇപ്പോഴും കാണാൻ കഴിയുന്നുണ്ട്.
കൂട്ടത്തിൽ ഉന്നമില്ലാത്ത അനുജന്മാരിലാരോ എയ്ത ഒരമ്പുകൊണ്ട് മുറിഞ്ഞതു പോലെ നിസ്സാരമായിരുന്നു അന്നത്.
പരിശീലനത്തിൽ അത് പതിവുള്ളതുമാണല്ലൊ.

പിന്നീട് പാശുപതാസ്ത്രം തന്ന് കൈലാസനാഥൻ മകനെപ്പോലെ ആശ്ലേഷിക്കുമ്പോൾ എന്തുകൊണ്ടോ പെരുവിലൽ മുറിഞ്ഞ നിഷാദനെ ഓർമ്മവന്നു.
ഒരു വ്രണം പഴുത്ത് തുടങ്ങുകയായിരുന്നു.

നിരായുധനായ എതിരാളിയെ നോക്കി
“അർജ്ജുനാ അതാ കർണ്ണൻ ..അയക്ക് അർദ്ധചന്ദ്രാകൃതിയിലുള്ള ആഞ്ജലികാസ്ത്രം..”

ദയ കാണിക്കുകയായിരുന്നോ കൃഷ്ണൻ?
ആരോടാണ്‌ ദയ കാട്ടിയത്?
എന്തുകൊണ്ടാണ്‌ ചിലരുടെ തോൽവി ആരും അറിയാതെ പോകുന്നത്?

അന്ന് പക്ഷെ
മുറിവേറ്റ സൂതപുത്രനെ നോക്കി അലറണമെന്നുണ്ടായിരുന്നില്ലേ...
ഇതാ പാർത്ഥൻ ഒരു യുദ്ധം ജയിച്ചിരിക്കുന്നെന്നു പറഞ്ഞ്...
എന്നിട്ടും..?

“എന്തിനായിരുന്നു കൃഷ്ണാ..”
പതിവ് ചോദ്യം.
ഗംഗയുടെ ആഴക്കയങ്ങൾക്ക് പോലും തീർക്കാൻ കഴിയാത്തത്ര ദാഹം തോന്നി.

കൃഷ്ണൻ പതിവിലും ശാന്തനായിരുന്നു.
ഒരുത്തരം മുൻപേ കരുതി വെച്ചതുപോലെ.

“നീ ആരെ വധിച്ചു?മുൻപേ മരിച്ചു പോയ ഒരാളെയൊ..കർണ്ണൻ എന്നേ മരിച്ചു.."
കൃഷ്ണൻ അടുത്തിരുന്നു.

തേരാളിയുടെ കൈകൾ.എന്നിട്ടും ആദ്യമായാണ്‌ കാണുന്നത് എന്ന് തോന്നി.
എവിടെ നിന്നെല്ലാം രക്ഷിച്ചു.

“എന്തിനായിരുന്നു കൃഷ്ണാ..”
ഈ ചോദ്യം ഒരിക്കലും മാറ്റാൻ എന്തേ കഴിയുന്നില്ല?

"ഒന്നുമില്ല.ജീവിതം മുഴുവൻ തോറ്റുപോയ ഒരാളെ ജയിപ്പിക്കണമെന്നു തോന്നി.
ഒരിക്കലെങ്കിലും...ആഞ്ജലിക തൊടുക്കാൻ പറയുമ്പോൾ അത്രയേ ഉണ്ടായിരുന്നുള്ളൂ മനസ്സിൽ.."
”ജയിച്ചത് ജ്യേഷ്ഠൻ തന്നെ പാർത്ഥാ, ജയിപ്പിച്ചത് നീയും.."
"എനിക്ക് ഇഷ്ടമായിരുന്നു ജ്യേഷ്ഠനെ,....ഒരുപക്ഷെ നിന്നെക്കാളും...”

കൃഷ്ണൻ ഒന്ന് നിറുത്തി.
ഇത് പതിവില്ലാത്തതാണ്‌.

“പ്രകടിപ്പിക്കാൻ കഴിയാതെ പോയ സ്നേഹത്തിന്റെ വേദനയെക്കുറിച്ച് ഞാൻ പറഞ്ഞിട്ട് അറിയണോ പാർത്ഥന്‌?”

ആദ്യമായി കൃഷ്ണന്റെ ശബ്ദം വിറച്ചു.
ആ മുഖം എന്തുകൊണ്ടോ ദ്രൗപദിയുടെ മുഖം പോലെയും തോന്നി..

പ്രകടിപ്പിക്കാൻ കഴിയാതെ പോയ സ്നേഹം എന്ന് കേട്ടതുകൊണ്ടാണോ?
ആയിരിക്കില്ല.
അവർക്കിരുവർക്കും അല്ലെങ്കിലും ഒരുപാട് സമാനതകൾ ഉണ്ട്.
തീരാത്ത ദയ.

അല്ലെങ്കിൽ ഭാര്യയായും ജ്യേഷ്ഠത്തിയായും അനുജത്തിയായും ഇടവേളകളിൽ കണ്ടുമുട്ടുമ്പൊഴൊക്കെ സ്നേഹിക്കുക മാത്രം ചെയ്തത് എന്തുകൊണ്ടാണ്‌?

ധർമ്മം പാലിക്കുകയാണോ ചെയ്തത്?
ധർമ്മം...
എന്നാണ്‌ അതിനെ അനുസരിക്കാതിരുന്നത്?
അത് ഒരു കാലഘട്ടത്തിന്റെ മാത്രം ന്യായീകരണം ആണെന്ന് അറിയാമായിരുന്നിട്ടും.

ആണും പെണ്ണും കെട്ട് വിരാടന്റെ അന്തപുരിയിൽ ദ്രൗപദിയെ കണ്ടുമുട്ടുമ്പോഴൊക്കെ എന്താണവളുടെ മനസ്സിലെന്ന് അറിയണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്.
പെൺകുട്ടികളുടെ ഇടയിൽ ആഹ്ലാദിക്കുകയായിരുന്നെന്നാണോ എല്ലാവരും ധരിച്ചത്.
അത് ചലം പൊട്ടിയൊലിച്ച മറ്റൊരു വ്രണം.

പിതാമഹനെ ശരശയ്യയിൽ കാണുമ്പോഴൊക്കെ ചോദിക്കണമെന്ന് കരുതും:
ഇതിനേക്കാൾ വേദന സഹിച്ചിരുന്നില്ലെ ബൃഹന്നള എന്ന്.

യുദ്ധത്തിനിടയിൽ കൊന്നു തള്ളുമ്പോഴൊക്കെയും ഫലം ഇച്ഛിക്കാതെ കർമ്മം ചെയ്യുകയായിരുന്നൊ
അതോ ഇരന്നു വാങ്ങിക്കിട്ടിയ ജയത്തേക്കാൾ വലിയ മരണമില്ലെന്ന് സ്വയം പഠിക്കുകയായിരുന്നൊ.
അങ്ങനെയെങ്കിൽ
ജയം..അല്ല ജയമല്ല..അങ്ങനെയൊന്നില്ല..
തോൽവി ആരുടെതാണ്‌?

ജ്യേഷ്ഠന്റെ
അനുജന്റെ
അമ്മയുടെ..

എന്നും കൂടെയുണ്ടാകാറുള്ള
ഈ പ്രിയപ്പെട്ടവൻ ചിരിക്കാൻ മറന്നുപോയ നിമിഷം ഏതാണ്‌?

(C)ലിഡിയ

6 Comments, Post your comment:

എന്‍.ബി.സുരേഷ് said...

അർജ്ജുനന്റെ ഭാഗത്തു നിന്നുകൊണ്ടുള്ള ഈ സ്വയം വിചാരണയിൽ കഴമ്പുണ്ട്. പ്രത്യെകിച്ചും കൃഷ്ണന്റെ കാരുണ്യത്താൽ മാത്രം മഹാനായ ഒരു ശരാശരിക്കാരനാണയാൾ എന്നു അറിയുമ്പോൾ.

അയാളുടെ വിജയങ്ങളെല്ലാം കെയർ/ഓഫുകളിൽ മാത്രമായിരുന്നല്ലോ. സ്വന്തം സഹോദരീഭർത്താവിനോട്, അച്ഛൻ‌പെങ്ങളുടെ മകനോട്, എന്തിനും കൂട്ടുനിൽക്കുന്ന കൂട്ടുകാരനോട് കൃഷ്ണനു തോന്നിയ സഹതാപം.

അല്ല നമ്മുടെ സമൂഹത്തിലെ എല്ലാ മഹത്വവൽക്കരണങ്ങളും ഇങ്ങനെ കെട്ടിയെഴുന്നള്ളിപ്പിക്കലുകളാണല്ലോ.

രണ്ടാമൂഴത്തിന്റെ ആദ്യാദ്ധ്യായത്തിൽ ദ്വാപര സ്ത്രീകളെ കാട്ടാളന്മാർ വലിച്ചിഴച്ചുകൊണ്ടു പോകുമ്പോൾ നോക്കി നിൽക്കുന്ന നിസ്സഹായനായ അർജ്ജുനൻ ഉണ്ടല്ലോ.
ഗാണ്ഡീവം ആയിരുന്നു,(സ്പോർട്സ് താരങ്ങൾക്ക് ഉത്തേജക മരുന്നു പോലെ) അയാളുടെ ശക്തി. കാലാകാലങ്ങളിൽ, ദ്രോണരും, കൃഷ്ണനും,അങ്ങനെ പലരും കെട്ടിപ്പൊക്കിയ എടുപ്പുകുതിരയാണല്ലോ അയാൾ.
ഊതിവീർപ്പിച്ച ഒരു അഹം‌ഭാവി.
മഹാപ്രസ്ഥാനത്തിലും അയാൾ വീണുപോകുന്ന കാരണം മറ്റൊന്നല്ലല്ലോ.
അർജ്ജുനൻ എന്ന വ്യക്തിയിൽ ഇങ്ങനെ ഒരു മനം‌മാറ്റം നല്ലത് തന്നെ പക്ഷേ.? അയാളെപ്പോലൊരാളുടെ മനസ്സിൽ നിന്നും ഇതൊക്കെ പൊന്തിവരുമോ എന്ന ചോദ്യവുമുണ്ട്.വനനശീകരണം നടത്തി നഗരവൽക്കരണം കൊണ്ടുവന്ന ആൾ എന്ന നിലയിൽ(ഖാണ്ഡവദാഹം നടത്തിയത് അഗ്നിക്ക് വിശപ്പടക്കാനെന്ന പേരിലാണെങ്കിലും അത് നഗരം കെട്ടിപ്പൊക്കാനാണെന്ന് നമുക്കിന്നറിയാമല്ലോ)ആ നിലക്ക് എല്ലാം കൊണ്ടും അയാൾ ഒരു വ്യാജബിംബമാണ്.

ലിഡിയ said...

"അയാളെപ്പോലൊരാളുടെ മനസ്സിൽ നിന്നും ഇതൊക്കെ പൊന്തിവരുമോ എന്ന ചോദ്യവുമുണ്ട്"-
ഒരാൾ ഇങ്ങനയേ ചിന്തിക്കാവൂ എന്ന് ശഠിക്കാൻ ഞങ്ങൾ ആരാണ്‌..?

"വനനശീകരണം നടത്തി നഗരവൽക്കരണം കൊണ്ടുവന്ന ആൾ "-
നഷ്ടപ്പെട്ട ഒരോ മരത്തിനും പിഴ ഞങ്ങൾ അടക്കേണ്ടി വരുമെങ്കിലും ഞങ്ങളിൽ പലരും വീട് കെട്ടിയത് ആദികാലം മുതൽക്ക് തരിശായിക്കിടെന്ന സ്ഥലത്തൊന്നും അല്ലല്ലോ.

"എല്ലാം കൊണ്ടും അയാൾ ഒരു വ്യാജബിംബമാണ്.."

വ്യാജബിംബമാണോ എന്നറിയില്ല,പക്ഷെ പല മനുഷ്യരിൽ ഒരാളായിരുന്നു..
ചിലരാൽ ആദരിക്കപ്പെടും ചിലർ തള്ളിക്കളയും..

വായനയ്ക്കും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി

ബിജുകുമാര്‍ said...

വെട്ടിപ്പിടുത്തങ്ങള്‍ക്കൊടുവില്‍ എല്ലാവരേയും കാത്തിരിയ്ക്കുന്നത് ഇതു തന്നെ. തികച്ചും കാലികപ്രസക്തിയുള്ള കഥ.

രാജേഷ്‌ ചിത്തിര said...

വേറിട്ട ഒരു എഴുത്തെന്നു പറയാതെ വയ്യ
ചെറിയ വരികളിലൂടെ നല്ല ചില ചിന്തകള്‍

വിഗ്രഹങ്ങള്‍ തകരുന്നതും , തകര്‍ക്കപ്പെടുന്നതും
എത്ര അനായാസമാണ്.

ഉപാസന || Upasana said...

“എന്തിനായിരുന്നു കൃഷ്ണാ..”
ഈ ചോദ്യം ഒരിക്കലും മാറ്റാൻ എന്തേ കഴിയുന്നില്ല?


മഹാഭാരതത്തില്‍ പലരും പലരോടും ചോദിച്ചേക്കാവുന്ന ചോദ്യമാണിത്.

ശിവാജി സാവന്തിന്റെ ‘കര്‍ണന്‍‘ എന്ന കൃതി വായിക്കൂ. മഹാഭാരതത്തിന്റെ കര്‍ണപക്ഷം ആണത്.

ലിഡിയയുടെ ചരിത്ര പുനരെഴുത്തുകള്‍/വ്യാഖ്യാനങ്ങള്‍ ജോറാകുന്നുണ്ട്.
:-)
ഉപാസന

ലിഡിയ said...

@ biju kumar, Rajeesh,Upaasana:
thanks
:-)