ഓഫീസ് മെയില്‍ ബോക്സില്‍ ഔദ്യോകിക തപാലുകള്‍ക്കിടയില്‍ ഒരു സ്വകാര്യ കത്ത് കണ്ടപ്പോള്‍ ആദ്യം ഒരല്പം അതിശയമാണ് തോന്നിയത്. ഫോണും, ഇമെയിലും ഒക്കെ അരങ്ങ് വാഴാന്‍ തുടങ്ങിയതോടെ ഇപ്പോള്‍ കത്തുകള്‍ ഉണ്ടാകാറില്ല എന്നതാണ് സത്യം.
മനോഹരമായ കൈപ്പടയില്‍ വിലാസം എഴുതിയിരിക്കുന്ന ഇളം നീല നിറമുള്ള സാമാന്യം തടിച്ച ഒരു കവര്‍. അയച്ച ആളിന്റെ മേല്‍വിലാസം തികച്ചും അപരിചതമായത് ആകാംക്ഷ വീണ്ടും വര്‍ദ്ധിപ്പിച്ചു.
ഓഫീസ് സീറ്റിന്റെ പതുപതുപ്പില്‍ അമര്‍ന്നിരുന്ന് മെല്ലെ കവര്‍ തുറക്കുമ്പോഴും മനസ്സില്‍ ഇതാരുടെ കത്ത് എന്ന ചോദ്യം മുഴങ്ങിക്കൊണ്ടിരുന്നു. നോക്കിയിരിക്കാന്‍ തോന്നുന്ന മനോഹരമായ ഇംഗ്ലീഷ് കയ്യക്ഷരങ്ങളിലൂടെ കണ്ണോടിച്ചു.
പ്രിയ മിസ്റ്റര്‍ മനു,
താങ്കളുടെ അമ്പരപ്പ് അധികം വലിച്ച് നീട്ടാതെ ഞാന്‍ എന്നെ പരിചയപ്പെടുത്താം. ഫിലിപ്പീന്‍സിലെ മനില നഗരത്തിന്റെ പ്രാന്ത പ്രദേശത്ത് പ്രാക്ടീസ് ചെയ്യുന്ന ഒരു സൈക്കിയാട്രിസ്റ്റാണ് ഞാന്‍, പേര് ജൂലിയാന. എന്റെ മാനസികാരോഗ്യ കേന്ദ്രത്തിലെ ഒരു അന്തേവാസിയായിരുന്ന എലന്‍ (അതെ, താങ്കളുടെ പഴയ കൂട്ടുകാരി എലന്‍ തന്നെ!) താങ്കള്‍ക്ക് അയച്ച് തരുവാന്‍ വേണ്ടി എന്നെ ഏല്‍പ്പിച്ച ഒരു കത്താണ് ഇതോടൊപ്പമുള്ളത്, വായിക്കുക.
ആശംസകളോടെ ...
കവറിനുള്ളില്‍ മനോഹരമായി മടക്കിയ പിങ്ക് പേജുകള്‍. കുനുകുനെയുള്ള മനോഹരമായ ഇംഗ്ലീഷ് അക്ഷരങ്ങള്‍. കത്തുകളിലൂടെയും, ഒരുപാട് ഒരുപാട് ഗ്രീറ്റിംഗ്സ് കാര്‍ഡുകളിലൂടെയും മറ്റും ചിരപരിചിതമായ കൈപ്പട. കുറേക്കാലമായി ഓര്‍മ്മകളുടെ പിന്നാമ്പുറത്തായിപ്പോയിരുന്ന ഒരു മുഖം പൊടുന്നനെ മനസ്സിലേക്ക് ഓടിയെത്തി.
ഹെലന ബാല്‍തസാര്‍ ... എലന്‍ എന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്നോ ഒരിക്കലാണ് ഒരു ഇന്റര്‍നെറ്റ് സൌഹൃദത്തിന്റെ ആകസ്മികതയിലൂടെ എലന്‍ എന്റെ ജീവിതതിലേക്ക് കടന്ന് വന്നത്. ദിവസങ്ങള്‍ മാസങ്ങളും, വര്‍ഷങ്ങളും ആയപ്പോള്‍ മനസ്സിനെ മനസ്സ് കൊണ്ടളക്കാന്‍ കഴിയുന്ന കൂട്ടുകാരോ, അതിനൊക്കെയപ്പുറം മറ്റെന്തൊക്കെയോ ആയി ഞങ്ങള്‍.
നല്ല പ്രായവും, സൌന്ദര്യവും, പ്രായത്തിന്റെ മോഹങ്ങളും ഒക്കെ വലിയൊരു കുടുംബത്തിന് വേണ്ടി ചിലവിട്ട ആളായിരുന്നു എലന്‍. സ്വന്തമായി പണമുണ്ടാക്കി സഹോദരങ്ങളെയൊക്കെ നല്ല നിലയില്‍ ആക്കിയപ്പോഴേക്കും സ്വയം ജീവിക്കാന്‍ മറന്ന് പോയിരുന്നു. അച്ഛനമ്മമാര്‍ക്കും പണം കായിക്കുന്ന ഒരു മരം മാത്രം! അതിനിടയില്‍ സ്‌നേഹം ഭാവിച്ചെത്തിയ ഒരാള്‍ക്കും വേണ്ടിയിരുന്നത് പണം മാത്രം.
ഏറെ അടുത്ത കൂട്ടുകാര്‍ ആയതോടെ എലന്‍ തന്റെ വേദനകള്‍ തുറന്നു പറയാന്‍ തുടങ്ങി. കത്തുകളിലൂടെ, മെയിലുകളിലൂടെ, ചാറ്റിങ്ങുകളിലൂടെ. രാവിന്റെ ഏകാന്തതയില്‍ പലപ്പോഴും എലന്റെ ഫോണ്‍കോളുകള്‍ എന്നെത്തേടിയെത്തി.
ഒന്നും മിണ്ടാതെ വിങ്ങിക്കരയുന്നതിനിടയില്‍ അവള്‍ പറയും,
‘മനൂ, ഞനൊന്നു കരഞ്ഞോട്ടെടാ...’
ഫോണിന്റെ അങ്ങേത്തലക്കല്‍ ഏങ്ങല്‍ അടങ്ങുവോളം ഞാന്‍ നിശ്ശബ്ദനായ കേള്‍വിക്കാരന്‍ മാത്രമായിരിക്കും.
പിന്നെ ഒരിക്കല്‍ അവള്‍ ചോദിച്ചു,
‘മനൂ, നിനക്കൊന്നു വന്നു കൂടേ ഇവിടേക്ക്? നിന്നെ കാണാതിരിക്കാന്‍ വയ്യാതായോ എന്നെനിക്ക് ഭയമായി തുടങ്ങി, കേട്ടോ’
പിന്നെ ആ വര്‍ഷത്തെ വെക്കേഷന്‍ ഫിലിപ്പീന്‍സിലേക്കാക്കി.
ഏ. സി. യുടെ കാറ്റ് കയ്യിലിരുന്ന പേപ്പറില്‍ ശാബ്ദമുണ്ടാക്കാന്‍ തുടങ്ങിയപ്പോഴാണ് ചിന്തകളില്‍ നിന്ന് ഉണര്‍ന്നത്. എലന്റെ കത്തിലൂടെ കണ്ണുകളോടിച്ചു.
എന്റെ കുസൃതി ചെക്കന്,
നിന്റെ കണ്ണുകളിലെ അമ്പരപ്പ് എനിക്കൂഹിക്കാന്‍ കഴിയും.ഇത്ര കാലം ഞാന്‍ എവിടെയായിരുന്നു എന്നല്ലേ ഇപ്പോള്‍ നിന്റെ മനസ്സില്‍. നിന്റെ കണ്ണുകളിലെ പരിഭവവും ഞാന്‍ കാണുന്നുണ്ട് മനൂ.
നമ്മള്‍ കണ്ട് പിരിഞ്ഞിട്ട് മൂന്ന് വര്‍ഷങ്ങള്‍! അല്ല, നമ്മള്‍ കാണാതിരുന്നിട്ട് മൂന്ന് വര്‍ഷങ്ങള്‍!! നിനക്കറിയുമോ മനൂ, ഇക്കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ എന്റെ ജീവിതത്തില്‍, എന്റെ ഓര്‍മയില്‍ ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍ ഈ മൂന്ന് വര്‍ഷങ്ങളിലും ഞാന്‍, നമ്മള്‍ ഒന്നിച്ചു കഴിഞ്ഞ ആ മുപ്പത് ദിവസങ്ങളില്‍ തന്നെയായിരുന്നു.
ഇപ്പോള്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ ബോധത്തിലേക്ക് വെളിച്ചം പരക്കാന്‍ തുടങ്ങിയ ഈ ദിവസങ്ങളില്‍ എന്റെ ഡോക്ടറും, അനിയത്തിമാരും പറഞ്ഞാണ് ഞാന്‍ എനിക്ക് പറ്റിയതൊക്കെ അറിഞ്ഞത്. എനിക്കറിയാം, എന്നെ ഫോണിലൂടെയും, മെയിലിലൂടെയും, കത്തിലൂടെയും ഒക്കെ ബന്ധപ്പെടാന്‍ ശ്രമിച്ച് , അതിന് കഴിയാതെ നീ എന്നോട് ദേഷ്യം പിടിച്ചിട്ടുണ്ടാവും എന്ന്.
അവര്‍ പറഞ്ഞാണ് ഞാന്‍ അറിഞ്ഞത്, നീ പോയതില്‍ പിന്നെ നമ്മള്‍ ഒന്നിച്ച് ചിലവഴിച്ച മുറിയില്‍ നിന്ന് ഞാന്‍ പുറത്തിറങ്ങിട്ടില്ലെന്ന്... ആരോടും സംസാരിച്ചിട്ടില്ലെന്ന് ... നീ ഉപയോഗിച്ച തലയിണയും കെട്ടിപ്പിടിച്ച് എപ്പോഴും എന്തൊക്കെയോ നിന്നോട് പറഞ്ഞ് ഇരിക്കുമായിരുന്നത്രെ! ഡോക്ടര്‍ പറഞ്ഞു, ജീവിതത്തില്‍ അന്നുവരെ കിട്ടാത്തതൊക്കെ കിട്ടിയപ്പോള്‍, പിന്നെ പൊടുന്നനെ അവ നഷ്ടമായപ്പോള്‍ ഉണ്ടായ ഡിപ്രഷന്‍ ക്രമേണ എന്റെ മനസ്സിന്റെ താളം തെറ്റിക്കുകയായിരുന്നുവത്രെ.
ഇപ്പോള്‍ എനിക്ക് മനസ്സിലാകുന്നു മനൂ, ഒരു ജീവിത കാലത്തിന്റെ മുഴുവന്‍ സ്‌നേഹവും സന്തോഷവുമാണ് മുപ്പത് ദിവസം കൊണ്ട് നീ എനിക്ക് തന്നത്. ഒരു കൂട്ടുകാരന്റെ, ഒരു കൂടപ്പിറപ്പിന്റെ, രക്ഷകര്‍ത്താവിന്റെ, എല്ലാത്തിലുമപരി ഒരു പുരുഷന്റെ സ്‌നേഹവും, ലാളനയും, കൊഞ്ചലും, സുരക്ഷിതത്വവും, കരുതലും ഒക്കെയാണ് നീ എനിക്ക് തന്നത്. നിന്റെ നെഞ്ചില്‍ തല ചായിച്ച് കിടന്ന ആ രാവുകളിലൊക്കെ ഞാന്‍ എത്ര ആഗ്രഹിച്ചിട്ടുണ്ടെന്നോ ആ നിമിഷങ്ങള്‍ ഒരിക്കലും അവസാനിക്കല്ലേ എന്ന്.
നിനക്കറിയുമോ മനൂ, സത്യത്തില്‍ ഞാന്‍ ആഗ്രഹിച്ച് പോകുന്നു, എനിക്ക് എന്റെയീ സ്വബോധത്തിലേക്ക് തിരിച്ച് വരണ്ടായിരുന്നു എന്ന്. നിന്റെ, നമ്മുടെ ആ ഓര്‍മ്മയില്‍ ഒഴുകിയൊഴുകി ഇനിയുള്ള കാലം ഇങ്ങനെ ജീവിച്ച് തീര്‍ത്താല്‍ മതിയായിരുന്നു എനിക്ക്!
മനൂ, മൂന്ന് വര്‍ഷം നിരന്തരമായി കഴിച്ച മരുന്നുകളും, ശരിയായ ആഹാരമില്ലായ്മയും മറ്റും എന്നെ ശരിക്കും ഒരു രോഗിയും, അകാല വാര്‍ദ്ധക്യം ബാധിച്ചവളും ആക്കിയിരിക്കുന്നു. ഇനി അധികകാലം ഉണ്ടാവില്ല എന്ന് മനസ്സ് പറയുന്നു. ഇനി ഒരു വട്ടം കൂടി നിന്റെ കുസൃതികള്‍ കാണാന്‍ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല മനൂ.
പിന്നെ, എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നിനക്ക് അയച്ച് തരാന്‍ വേണ്ടിയാണ് ഞാനീ കത്ത് ഡോക്ടറെ ഏല്‍പ്പിക്കുന്നത്.
പിന്നെ നീ ഓര്‍ക്കുന്നുണ്ടോ, ആ മലമുകളിലെ റിസോര്‍ട്ടില്‍, ജീവനുള്ള അഗ്നിപര്‍വതത്തെ നോക്കിയിരിക്കുമ്പോള്‍ എന്നെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് നീ പറഞ്ഞത് .... ‘നിന്റെ നാട്ടില്‍ മരിച്ച ആത്മാവുകള്‍ തുമ്പികളായി പറന്നു വരുമെന്ന് ഒരു വിശ്വാസമുണ്ടെന്ന്’‘ ?
അങ്ങനെയാണെങ്കില്‍, മനൂ, നിന്നെക്കാണാന്‍ ഒരു തുമ്പിയായി എനിക്കും വരാന്‍ കഴിയുമായിരിക്കും, അല്ലേ?
എന്റെ കുസൃതി ചെക്കാ, എങ്ങനെയാണ് നിന്നോട് യാത്ര പറയേണ്ടത് എന്നെനിക്കറിയില്ല.
ഇനി ...
ഇന്നലയുടെ ഓര്‍മ്മകളില്‍ നിന്നൊരു തുമ്പി
June 24, 2010
അനില്‍കുമാര്‍ . സി. പി.
Labels: കഥ
Subscribe to:
Post Comments (Atom)
11 Comments, Post your comment:
ഒരു നല്ല വായനസുഖം തന്നതിന് നന്ദി....
a goodstory
c.p.
നട്ടപ്പിരാന്തന്‍:
താങ്കളെ ആദ്യം പരിചയപ്പെട്ടത് ‘മൊട്ട’ ആയിട്ടായിരുന്നു! ഇഷ്ടമായെന്നറിയുന്നതില്‍ ഏറെ സന്തോഷം.
സലാഹ്: ഉം :)
കുസുമംജി: വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഏറെ നന്ദി.
കൊള്ളാം. :)
ഇഷ്ടമായെന്നറിയുന്നതില്‍ സന്തൊഷം ബിജു.
ഇതൊരു കഥയാണല്ലോ അല്ലേ? അല്ലെങ്കില്‍.....
അല്ലെങ്കില്‍?
ഞാന്‍ ഭാര്യയ്ക്ക് ഊമക്കത്ത് അയച്ചേനേ. :)
നന്നായിട്ടുണ്ട്.
വായാടീ: :)
പിന്നെ, കഥയും, കാര്യവുമെല്ലാം ഞങ്ങള്‍ പങ്കു വെക്കാറുണ്ട് കേട്ടോ.
ഏതു കഥയണെങ്ങിലും അതിലൊരു സവിശേഷത ഒളിഞ്ഞു കിടക്കുന്നുണ്ട് എങനെ ഞാന്‍ ഇതിനു അഭിപ്രായം പറയേണ്ടത് എന്ന് എനിക്ക് അറിയില്ല ശരിക്കും അത് ഒരു സ്വപ്നമായി കാണുന്ന അനുഭൂതിയായിരുന്നു.......... നേരില്‍ കണ്ട ഒരു സംഭവം പോലെ ഇതാണ് ഒരു കഥ എഴുത്തുകാരന് വേണ്ട നല്ല ഒരു ഗുണം നന്നായി അവതരിപ്പിച്ചു .........
കൊള്ളാം നന്നായിരിക്കുന്നു
ആശംസകള്‍ .....
നേരത്തെ വായിച്ചിരുന്നു...
:)
ഫാസില്‍, ഉമേഷ്, രാജേഷ്: നന്ദി.
Post a Comment