സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!കുരുക്കഴിയാത്ത വഴികള്‍ 

June 14, 2010 ezhuthukaran

ഗതാഗതക്കുരുക്കിന്റെ സമ്മര്‍ദ്ദം മനസില്‍ കുമിഞ്ഞു കൂടുന്ന മറ്റൊരു പ്രഭാതം. നിരത്തില്‍ കണ്ണെത്താത്ത ദൂരത്തൊളം ഇഴഞ്ഞിഴഞ്ഞ്‌ നീങ്ങുന്ന വാഹനങ്ങള്‍ മാത്രം. വെളിച്ചം വീണു തുടങ്ങുന്നതേയുള്ളു. വിട്ടു മാറാത്ത ഉറക്കത്തിന്റെ ആലസ്യവും ചലനമറ്റ പോക്കിന്റെ ഞെരുക്കവും മനസ്സില്‍ നൈരാശ്യമാവുന്നു. ഒഴിവാക്കാന്‍ കഴിയാത്ത ഈ കുരുങ്ങിയമര്‍ന്ന ഓഫീസ്‌ യാത്രയും മടക്കയാത്രയും തന്റെ ജീവിതത്തെ യാന്ത്രികമായി തിന്നു തീര്‍ക്കുന്നുവെന്ന ചിന്ത!

ഒരു മോചനം എന്നാണു ഉണ്ടാവുക? പുതിയതായി അപേക്ഷിച്ച ലോണ്‍ ഇന്ന് പാസ്സാവും എന്നാണു ബാങ്കില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്‌. അതോടെ മറ്റൊരു നാലു വര്‍ഷം കൂടി പ്രവാസം അനിവാര്യമാവുന്നു. കാറിന്റെ ലോണ്‍ തീര്‍ന്നതേയുള്ളൂ. കാറു വാങ്ങിയതോടെ തുടങ്ങിയതാണു കുരുക്കഴിയാത്ത ഷാര്‍ജ ദുബൈ റോട്ടിലെ ജീവിതം. വീണ്ടും ഒരു ലോണ്‍ ശരിയായ തീരുമാനമോ? നാട്ടില്‍ ഒരു വീട്‌ അനിവാര്യമല്ലേ?

അലോസരം വര്‍ധിപ്പിച്ച്‌ കൊണ്ടു മൊബൈല്‍ ശബ്ദിച്ച്‌ തുടങ്ങി. രാവിലെ തന്നെ ഇതാരാണു? ജോലി സംബന്ധമായ തിരക്കുകളുടെ മധ്യത്തിലേക്ക്‌ ആനയിക്കാന്‍ വന്നെത്തിയ കാള്‍? ഉണരാത്ത മനസിനെ പാകപ്പെടുത്തി കൊണ്ടു ഫോണ്‍ എടുത്തു. പതിവു പോലെ അതു ഉള്ളില്‍ പിറുപിറുത്തു."നാശം"

"എന്‍തൊക്കെയുണ്ടെടോ വികടകവി? ഒടുവില്‍ ഞാനും എത്തി. എങ്ങനെയും ഒരു ജോലി തപ്പിയെടുക്കണം".പരിചിതമായ സ്വരം. ഊഷ്മളമായ സംഭാഷണം. പക്ഷെ എനിക്കു ഓര്‍ത്തെടുക്കാന്‍ കഴിയുന്നേയില്ല.അപ്പുറത്തു നിന്നും കുശലാന്വേഷണങ്ങളും തമാശകളും ഹൃദ്യമായ ചിരിയും പൊട്ടുന്നു. ചില ചോദ്യങ്ങള്‍ക്ക്‌ ഞാന്‍ ഉപചാരപൂര്‍വ്വം മറുപടിയും പറഞ്ഞു പോയി. ആരാണെന്ന് ആരായാന്‍ അപ്പോഴും വീണ്ടും വീണ്ടും മടിച്ചു. ഇത്രയും പരിചിതഭാവത്തില്‍ സംസാരിക്കുന്ന വ്യക്തിയോട്‌ ആ ചോദ്യം ഏത്‌ വിധത്തില്‍ അവതരിപ്പിക്കണം എന്നു അമാന്തിച്ചു. സ്വയം പരിചയപ്പെടുത്താതെ ആരംഭിക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ എത്ര അനുചിതമണെന്ന് ഓര്‍ത്തു.

"ഞാന്‍ ഓര്‍കൂട്ടില്‍ ഒരു ഇന്‍വിറ്റേഷന്‍ അയച്ചിരുന്നല്ലോ? ഒരു മറുപടിയും കണ്ടില്ല!"

"ഉം.. തിരക്കല്ലേ?" ആരെയാണു അടുത്ത കാലത്ത്‌ ഓര്‍കൂട്ടില്‍ കണ്ടുമുട്ടിയത്‌? ഒന്നും ഓര്‍ക്കുന്നേയില്ല.യഥാര്‍ഥത്തില്‍ വലയം ചെയ്യുന്ന ദിനചര്യകളുടെ ചാക്രികമായ ഭ്രമണത്തില്‍ അചേതനമായി അമരുകയാണു സകലതും. ചിന്തകളും ഓര്‍മ്മകളും സ്വപ്നങ്ങളും ഞാനും.

സുഹൃത്ത്‌ ഫോണ്‍ അവസാനിപ്പിച്ച ശേഷവും ഓര്‍മ്മപ്പിശകിന്റെ അശാന്തി മനസില്‍ നിഴല്‍ വീഴ്ത്തി. കോളേജിലെ സഹപാഠികളില്‍ ആരോ ആയിരുന്നുവെന്ന് ഉറപ്പാണ്‌.അന്നത്തെ തന്റെ ഇരട്ടപ്പേരായ വികടകവി എന്നല്ലേ ആദ്യം അഭിസംബോധന ചെയ്തത്‌? മനസിലായില്ല എന്നു തുറന്നു സമ്മതിച്ചു കൊണ്ട്‌ ആളെ ചോദിക്കാന്‍ എന്താണു തനിക്കു തടസമായത്‌? ഛെ.. തിരക്കു പതിവിലധികം അസഹ്യമാവുന്നു. മുന്നില്‍ ഒരിഞ്ച്‌ സ്ഥലമില്ല. അട്ടിയട്ടിയായി കാറുകള്‍. ഈ തിരക്കില്‍ തന്നെ നഷ്ടപ്പെടുന്നു രാവിലെയും വൈകിട്ടും ഈരണ്ടു മണിക്കൂര്‍.

---------
സങ്കീര്‍ണമായ ക്രയവിക്രയങ്ങളുടെ കണക്കു സൂക്ഷിപ്പാണു ലൊജിസ്റ്റിക്‍സ്‌.ആ വഴികളെ പിന്‍തുടരാന്‍ മനസ്‌ അര്‍പ്പിക്കുന്ന തൊഴില്‍ ദിനങ്ങള്‍. ഹൃദയം ചിലപ്പോള്‍ സമ്മര്‍ദ്ദങ്ങളില്‍ പരിക്ഷീണമാവുന്നു.മറ്റുചിലപ്പോള്‍ പൊട്ടിപ്പോയ കണ്ണികളെ തേടി ഉഴലുന്നു.

"ഈ ഓര്‍ഡര്‍ കാന്‍സല്‍ ചെയ്ത്‌ പുതിയത്‌ കൊടുക്കാന്‍ ഞാനന്ന് പറഞ്ഞതല്ലേ?"

"ഞാനത്‌ ചെയ്തിരുന്നു സാര്‍."

"ഉറപ്പാണൊ?"

"എന്നാണു എനിക്കു.. തോന്നുന്നത്‌"

"വെറും തോന്നല്‍ മാത്രമോ? എന്നിട്ട്‌ എന്‍തേ ഇപ്പോഴവര്‍ പഴയ സാധനങ്ങള്‍ തന്നെ ഡെലിവര്‍ ചെയ്തിരിക്കുന്നത്‌?"

"....."

"എനിക്കൊരു വിശദീകരണം വേണം. റീഓര്‍ഡര്‍ നടത്തിയതിന്റെ പേപ്പറുകളോ മെയിലുകളൊ ഉണ്ടെങ്കില്‍ തപ്പിയെടുക്കൂ.ഐ വാണ്ട്‌ ദിസ്‌ ടു ബി സോര്‍ട്ടട്‌ ഔട്ട്‌ റ്റുഡെ!"

മേലധികാരികള്‍ക്ക്‌ എപ്പൊഴും ആരെയെങ്കിലും പഴിചാരി രക്ഷപെടണം എന്ന വിചാരമേയുള്ളോ? ഈ പേപ്പറുകളൊക്കെ തപ്പിയെടുക്കാനുള്ള മെനക്കേട്‌! ഒന്നിനും ഒരു ക്രമവുമില്ല .അതിനെ കുറിച്ച്‌ പറഞ്ഞാല്‍ ഒരു നടപടിയും ഇല്ല. എന്‍തെങ്കിലും പ്രശ്നം വരുമ്പൊള്‍ ചാടി കടിക്കാന്‍ മാത്രം...

ശബ്ദിച്ച്‌ തുടങ്ങിയ മൊബൈല്‍ എടുത്ത്‌ നോക്കി.ഫ്രണ്ട്‌ എന്നു സ്ക്രീനില്‍ തെളിയുന്നു.ഇതു... അന്ന് തിരിച്ചറിയാന്‍ കഴിയാതിരുന്ന ആ സുഹ്രുത്തിന്റെ നമ്പര്‍ അല്ലേ? ദൈവമേ, എത്ര നാളുകളായി.ഓര്‍കൂട്ടിലെ ഇന്‍വിറ്റേഷന്‍ നോക്കുന്ന കാര്യം മറന്നു. തിരിച്ചൊന്നു വിളിച്ചതുമില്ല.

"ഞാനാടാ". അത്ഭുതകരമായി ശബ്ധം കേട്ട മാത്രയില്‍ തന്നെ ഇത്തവണ ആളെ മനസിലായി. അനൂപ്‌! കോളേജിലെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍. ഇവനെയാണൊ ഞാന്‍ കഴിഞ്ഞ തവണ തിരിച്ചറിയാതെ പൊയത്‌? സ്വാതന്ത്രത്തിന്റെയും ചോരത്തിളപ്പിന്റെയും ആ കാലഘട്ടം ഒാര്‍മ്മകളില്‍ പരിമളമായി നിറയുന്നു."വിസയുടെ കാലവധി തീര്‍ന്നു. ഞാനൊന്നു കിഷില്‍ പോയി വരാന്‍ തീരുമാനിച്ചു.ഇപ്പൊള്‍ എയര്‍ പോര്‍ട്ടിലേക്ക്‌ പൊവുന്ന വഴിയാണു."

കുറ്റബോധത്തോടെ പറഞ്ഞു."വിളിക്കണം വിളിക്കണം എന്നു എപ്പോഴും കരുതുന്നതാണു. തിരക്ക്‌ കാരണം..."

"അത്‌ സാരമില്ല. വല്ല ചാന്‍സും ഉണ്ടെങ്കില്‍ പറയടോ. ഞാന്‍ രണ്ട്‌ ദിവസത്തിനുള്ളില്‍ തിരിച്ചെത്തും."

"ആവട്ടെ. തിരിച്ചെത്തിയ ശേഷം നമ്മുക്കൊന്നു കാണണം. ഞാന്‍ വിളിക്കാം. നിന്റെ സിവി ഒരെണ്ണം എനിക്കയക്കണം." "അത്‌ മുന്നേ അയച്ചിരുന്നല്ലോ. കിട്ടിയില്ലേ?"

ഫോണ്‍ സംഭാഷണം അവസാനിച്ചപ്പൊള്‍ ദിവസങ്ങള്‍ കടന്നു പോവുന്നതിന്റെ വേഗതയെ കുറിച്ചാണു ചിന്തിച്ചത്‌. അനൂപ്‌ മുന്‍പ്‌ വിളിച്ചിരുന്നത്‌ ഇന്നലെ ആയിരുന്നത്‌ പോലെ. യഥാര്‍ഥത്തില്‍ മാസങ്ങള്‍ കടന്നു പോയിരിക്കുന്നു. ആവര്‍ത്തനവിരസമായ തന്റെ ജീവിതത്തിനു കാലം പോലും വിസ്മൃതിയിലാണ്ട സങ്കല്‍പ്പം! മറവിയുടെ വല്ല രോഗവും തന്നെ ബാധിച്ചിട്ടുണ്ടോ?

നോക്കുമ്പോള്‍ നിരവധി സി. വി. കളാണു ഈമെയിലിലേക്ക്‌ വന്നിട്ടുള്ളത്‌.ജോലി ചോദിക്കുന്ന സര്‍വരോടും മേറ്റ്ന്താണ്‌ എനിക്കു പറയാന്‍ കഴിയുക."ഒരു സി .വി അയക്കൂ.. നോക്കട്ടെ." ഒരോന്നും തുറന്നു നോക്കി.അനൂപിന്റെ മാത്രം അക്കൂട്ടത്തില്‍ കാണാന്‍ കഴിഞ്ഞില്ല. തികഞ്ഞ അസംബന്ധം തന്നെ! ആ ശബ്ദം അനൂപിന്റെ തന്നെ ആയിരുന്നോ? ഒാര്‍ക്കൂട്ടില്‍ നോക്കിയിട്ട്‌ ഒരു ഇന്‍വിറ്റേഷനും കാണാന്‍ കഴിഞ്ഞില്ല. വീണ്ടും ചിന്തിക്കുമ്പൊള്‍ തോന്നുന്നു. അല്ല, അത്‌ അനൂപ്‌ ആയിരുന്നില്ല. മെയിലില്‍ കിട്ടിയ സി. വികള്‍ നോക്കി.ഒപ്പം പഠിച്ചിരുന്ന ഒരാളുടെ പോലും അക്കൂട്ട്ത്തില്‍ ഇല്ല. ഓര്‍ത്തിട്ട്‌ യാതൊരു വിധത്തിലുള്ള സൂചനയും ഭാവനയില്‍ തെളിയുന്നില്ല. ആരാണിത്‌? ഭാരത്താല്‍ ചിന്താശേഷി തളര്‍ന്ന് നിയന്ത്രണമറ്റ്‌ നിലം പതിക്കുന്നു.ആരുമാവട്ടെ!

ബോസിന്റെ ഫോണ്‍."ആ പേപ്പറുകള്‍ വല്ലതും കിട്ടിയോ?"

"തപ്പിക്കൊണ്ടിരിക്കുകയാണു സാര്‍."

-------------

നിയോണ്‍ വെളിച്ചത്തിന്റെ പ്രഭയില്‍ കുളിച്ച രാത്രിയിലെ ഗതാഗതക്കുരുക്കിന്റെ വിമ്മിഷ്ടം നിറഞ്ഞ ദീര്‍ഘനിശ്വാസങ്ങള്‍.അപ്രതീക്ഷിതമായ സംഭവ പരിണാമങ്ങളുടെ പെരുമഴയില്‍ എന്‍തൊരു ഗതിയാണു തന്നെ കാത്തിരിക്കുന്നത്‌? തപ്തമായ മനം ആശങ്കകളുടെ നീര്‍ക്കടലില്‍ കരകാണാതെ വിറകൊള്ളുന്നു.

"കഴിഞ്ഞ രണ്ട്‌ മാസമായി നിങ്ങള്‍ ലോണിന്റെ തവണ അടച്ചിട്ടില്ല. ഇനിയിപ്പൊള്‍ പോലീസ്‌ സ്റ്റേഷനില്‍ വച്ച്‌ സംസാരിച്ചാല്‍ മതി. ഇന്നു വൈകുന്നേരത്തിനു മുന്‍പ്‌ ആ പണം അടച്ചില്ലെങ്കില്‍ ഞങ്ങള്‍ പോലീസ്‌ കേസ്‌ മൂവ്‌ ചെയ്യും. "ബാങ്കില്‍ നിന്നും വന്ന ഭീഷണി.

ഹൃദയശൂന്യമായ അംബരചുംബികളുടെ മധ്യേ വാഹനങ്ങള്‍ നിറഞ്ഞു ശ്വാസം മുട്ടുന്ന തിരക്കില്‍ ഇനിയൊരു രക്ഷപെടലിന്റെ വഴിയല്ല, കാലു കുഴയാതെ മുന്നോട്ട്‌ നീങ്ങാനുള്ള വഴി. എല്ലാം അവസാനിപ്പിച്ച്‌ നാട്ടില്‍ ചെല്ലണമെന്ന് വ്യാമോഹിക്കാനെങ്കിലും ഒരു അവസരം! പക്ഷെ എങ്ങനെയാണു പണം അടയ്ക്കുക?

"ഞാനാടാ". ഒരു ഫോണിനും കാത്‌ കൊടുക്കാനുള്ള മനസ്സുഖം ഉണ്ടായിരുന്നില്ല. എന്നാല്‍ അനൂപ്‌ എന്നു മുന്‍പ്‌ പേരു മാറ്റിയ ആ നമ്പര്‍ കണ്ടപ്പൊള്‍ ഇതാരണെന്ന് ഇത്തവണ അറിഞ്ഞേ തീരൂ എന്ന് വാശി ഉണ്ടായി. തിരിച്ച്‌ വിളിക്കണമെന്ന് അന്ന് വിചാരിച്ചിരുന്നതാണു. തിരക്കുകളുടെ പേരില്‍ ഞാന്‍ എന്നും വഞ്ചിതനാവുന്നു. ചില ചെറിയ കുരുക്കുകളെങ്കിലും ചുരുളഴിഞ്ഞ്‌ മനസ്സിനു തെളിച്ചമാവട്ടെ.ജാള്യതയോടെ ചൊദിച്ചു."ആരാ, മനസിലായില്ലല്ലോ?".

"എടാ.. ഞാനാടാ.ആഷിക്ക്‌."

ആഷിക്ക്‌!

"ഒന്നും ശരിയായില്ലെടോ. വീണ്ടും വിസ കാലാവധി തീര്‍ന്നു. നാട്ടിലേക്ക്‌ പൊവാന്‍ ഞാന്‍ ഏയര്‍പോര്‍ട്ടില്‍ നില്‍ക്കുന്നു. സാമ്പത്തിക മാദ്ധ്യം കാരണമാവും, ഇപ്പോള്‍ ഒരു ഇന്റര്‍വ്യൂ പോലും കിട്ടുന്നില്ല. വിസിറ്റിനു വന്നത്‌ തന്നെ വലിയൊരു ബാധ്യതയായി.ഇനി എന്തു ചെയ്യണമെന്ന് യാതൊരു ഐഡിയയും ഇല്ല."

സാമ്പത്തിക മാദ്ധ്യം! ഏതൊരു പ്രതിസന്ധിയുടെയും മീതെ ഒട്ടിക്കാന്‍ ശീലിക്കുന്ന ഈ ലേബല്‍ മനസില്‍ അരിശം വളര്‍ത്തുന്നു. "ഈ പ്രതിസന്ധി കാലഘട്ടത്തില്‍ ഒരു ജോലി ഉണ്ട്‌ എന്നതില്‍ നിങ്ങള്‍ സന്തോഷിക്കുക. നിങ്ങളുടെ വേതനങ്ങള്‍ വെട്ടിക്കുറച്ചും, അടിസ്‌ഥാന ഗഡു മാത്രം നല്‍കുക എന്ന നയം സ്വീകരിച്ചും മാത്രമേ ഈ സമയം നമ്മുക്കു മുന്നോട്ട്‌ പോവാനാവൂ. എല്ലായിടങ്ങളിലും നടക്കുന്നത്‌ എന്‍താണു എന്നു നമ്മുക്കെല്ലാം അറിയാം."ലോണും വാടകയും വര്‍ധിച്ച്ക ജീവിതച്ചിലവുകളും കൊണ്ട്‌ ഞരുങ്ങിയ തന്റെ കാതുകളില്‍ കമ്പനി മേധാവികള്‍ പാടിയ പല്ലവി.

"നിന്നെ വിളിക്കാന്‍ കഴിഞ്ഞ മാസങ്ങളില്‍ ഒരു പാടു ഞാന്‍ ശ്രമിച്ചു .കിട്ടുന്നില്ലായിരുന്നു."

"ആണോ?". ലോണിന്റെയും ക്രെഡിറ്റ്‌ കാര്‍ഡ്കളുടെയും കളക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നുള്ള വിളികളോട്‌ മറുപടി പറയാനാവാതെ മൊബൈല്‍ ചിലപ്പൊള്‍ ഉപേക്ഷിക്കാറുണ്ട്‌.

"എങ്ങനെയെങ്കിലും സഹായിക്കെടോ! എന്തെങ്കിലും അവസരങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കൂ. നിങ്ങളുടെയൊക്കെ സഹായം പ്രതീക്ഷിച്ചല്ലേ ഞാന്‍ വന്നത്‌?." ആഷിക്ക്‌ സംസാരിച്ച്‌ കൊണ്ടിരുന്നു.

ഗതി മുട്ടിയ വാഹനങ്ങളും ജീവിതവും വളര്‍ത്തുന്ന അക്ഷമയില്‍ മനസ്‌ തലങ്ങും വിലങ്ങും കൂട്ടില്‍ ബന്ധനസ്ഥനായ പൊലെ ഉഴറി. നിസ്സഹായമായി സ്മൃതി മണ്ഡലങ്ങളിലേക്ക്‌ പകച്ച്‌ നോക്കി.

ആഷിക്ക്‌! അങ്ങനെയൊരു സുഹൃത്തിനെ ഭൂതകാലത്തില്‍ എവിടെയാണു കണ്ടിട്ടുള്ളത്‌?

------------
(© ഹസീം മുഹമ്മദ്)

6 Comments, Post your comment:

കുസുമം ആര്‍ പുന്നപ്ര said...

kollam. economic problem vannappol
a large no of our young bloods were gave yellow card for compulsary retirement.
a few of them became suicided.nalla vishamam undayi..ikadha vayichchappol.

സലാഹ് said...

ജീവിതം

തെച്ചിക്കോടന്‍ said...

നന്നായി എഴുതി, ശരിക്കും ഉള്ളില്‍ തട്ടുന്നവിധത്തില്‍ ഇക്കാലത്തെ ഒരു നിസ്സഹായ ജീവിതം വരച്ചുകാട്ടി.

chaanakyan said...

jeevithathinte nerkkazha.. nissahaytha varachu kaattunnu..pakshe kuracu koodi shradhikkamaayirunnu.endokkoye cherchayillayima pole.idakkoralpam boring aayennoru thonnal...

@kusumam r punnapara : chechi comment eingane english thanne veenamaayirunno?malayalam aayirunnille ithilum bhetham.nanne ariyunna bhaashayil nalloru abhipraya prakadanam porayirunno

ശാന്ത കാവുമ്പായി said...

അവനവനെത്തന്നെ ഓര്‍ക്കാന്‍ കഴിയാത്തപ്പോള്‍ മറ്റുള്ളവരെ എങ്ങനെ ഓര്‍ക്കാന്‍ കഴിയും.

വിനയന്‍ said...

നന്നായിട്ടുണ്ട്...ചില വരികള്‍ പ്രത്യേകിച്ചും ഇഷ്ട്ടപ്പെട്ടു...ആശംസകള്‍...