കുറച്ചു വർഷങ്ങൾക്ക് മുൻപ് സാഷയുടെ മരണത്തിനു ശേഷം വല്ലാതെ സ്വയം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ഞാൻ.
അമ്മയില്ലാതെ വളർന്നതു കൊണ്ടാണൊ അതോ ഇരട്ടകളായതു കൊണ്ടാണൊ എന്നറിയില്ല ഞങ്ങൾ അത്രയ്ക്ക് കൂട്ടായിരുന്നു.അവളെക്കാൾ സുഹൃത്തുക്കളും ബന്ധങ്ങളും എനിക്കായിരുന്നു കൂടുതലെങ്കിലും.
സാഷ ഒറ്റയ്ക്കാകുമൊ എന്ന് ഭയന്നാകണം എന്റെ വിവാഹത്തിനു മുൻപ് അച്ഛൻ അവളുടെ വിവാഹമാണ് നടത്തിയത്.അരുൺ അച്ഛന്റെ പഴയ ശിഷ്യനായിരുന്നു.മാത്രമല്ല അവൻ സാഷയെ ഏറെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു.
പക്ഷെ അയാളുമായി ചെറിയ കാര്യങ്ങൾക്ക് പോലും അവൾ കലഹിക്കുകയും എന്റെയും അച്ഛന്റെയും കൂടെ വന്ന് നില്ക്കുകയും പതിവാക്കി.
അത് ഞാൻ വീട്ടിൽ ഉള്ളതുകൊണ്ടാണെന്ന് തോന്നി അച്ഛൻ എന്റെയും ശ്രീഹരിയുടെയും വിവാഹം നടത്തി.
സാഷ ശ്രീയെയും ഇഷ്ടപ്പെട്ടില്ല.
പകരം അവൾ എന്നെ കൂടുതൽ സ്നേഹിക്കാനും സംരക്ഷിച്ചുവെക്കാനും കൂടെ എന്നും കലഹിക്കാനും കരയാനും പിണങ്ങാനും ശ്രമിച്ചു കൊണ്ടേയിരുന്നു.അതിലെ അപ്രായോഗികത എന്നെ നിസ്സഹായ ആക്കുകയും ചെയ്തു.
ശ്രീയ്ക്കും എന്നെ മനസ്സിലാക്കാൻ കഴിയാതെ വരുമൊ എന്ന് ഭയന്ന് ഞാൻ അവന്റെ അടുത്തേക്ക് മടങ്ങി.
പക്ഷെ അവനെ ഉപേക്ഷിക്കാനും അവളുടെ കൂടെ വന്നു നില്ക്കാനുമുള്ള സാഷയുടെ ഫോൺ വിളികൾ എന്നെ പിന്തുടർന്നു കൊണ്ടേയിരുന്നു.
അത് ശ്രീയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്.അവൻ വീട്ടിൽ എത്താൻ വൈകിയും തിരക്കുകൾ അന്വേഷിച്ചു നടന്നും എന്നെ കൂടുതൽ കൂടുതൽ തനിച്ചാക്കിക്കൊണ്ടിരുന്നു.
സാഷയെക്കുറിച്ച് സംസാരിക്കുന്നതു പോലും അവൻ വിലക്കി.
എന്റെ മൊബൈൽ ഫോൺ നമ്പർ അവൻ നിരന്തരം മാറ്റികൊണ്ടിരുന്നു..ആർക്കും കൊടുക്കരുതെന്ന താക്കീതോടെ.
പക്ഷെ പ്രായോഗികത എന്ന പ്രിയപ്പെട്ട വാക്ക് എന്നോട് ജീവിതം തുടരാൻ നിർദ്ദേശിച്ചു.
സാഷ എന്നിൽ നിന്ന് പങ്കുവെക്കാൻ ആഗ്രഹിക്കാഞ്ഞത് ഒരുപക്ഷെ അതായിരിക്കണം.പ്രായോഗികത.
സാഷ സ്വയം മരിച്ചെന്ന് ഒരു ദിവസം അച്ഛൻ ശ്രീയെ വിളിച്ചു പറഞ്ഞു.
എന്നിൽ നിന്നത് അവൻ മറച്ചു വെച്ചെങ്കിലും, വീട്ടിലേക്കുള്ള പെട്ടന്നുള്ള യാത്രയിൽ മനസ്സിന്റെ ഭാരം എനിക്കാ സന്ദേശം തരികതന്നെ ചെയ്തു.
ഇതെല്ലാം മുൻകൂട്ടി കണ്ടതുപോലെ അച്ഛൻ നിശബ്ദനായിരുന്നു.
അരുണിന്റെ ഉള്ളിൽ കരയുന്ന മുഖം ഞാൻ കാണാതിരുന്നില്ല.
എന്റെ സാഷ അവന്റെ ജീവിതം നശിപ്പിച്ചിരിക്കുന്നു.
എനിക്ക് അത്രയേ തോന്നിയുള്ളൂ.
ഉള്ളിൽ തോന്നിയ കുറ്റബോധം കൊണ്ടാകാം പരസ്പരം മാറിനില്ക്കാമെന്ന് ശ്രീ എന്നോട് പറഞ്ഞു.
അങ്ങനെയാണ് ബാംഗ്ലൂരിൽ തനിച്ച് താമസിക്കാൻ തുടങ്ങിയത്.
ഒരു ജോലിയായിരുന്നു ലക്ഷ്യം.
കൂടെ പഠിച്ചവരെല്ലാം മുൻപെ ജോലിയിൽ കയറിയതിനാൽ ഒറ്റക്കായിരുന്നു അന്വേഷണം.
പതിവ് റിട്ടൺ എക്സാമുകൾ എനിക്കു മടുത്തു.
ആദ്യം ഒരീച്ചയും അത് പറന്ന് പോയപ്പോൾ എട്ട് ഈച്ചയും അതിൽ മൂന്ന് പറന്നപ്പോൾ നാലും പിന്നെ രണ്ടെണ്ണം പറന്നപ്പോൾ ഒൻപതും ഈച്ച ചക്കയിൽ വന്നിരുന്നെങ്കിൽ ആകെ എത്ര ഈച്ച എന്ന മട്ടിലുള്ള ചോദ്യങ്ങൾ എന്നെ പരിഹസിക്കുകയാണെന്ന് എനിക്ക് തോന്നി.
ലോജിക് എനിക്ക് അവസാനം കഴിക്കാനുള്ള വിഷം ആയിരുന്നു.
ചിലപ്പോഴൊക്കെ ഈ ഈച്ച എണ്ണലിൽ ഞാൻ വിജയിച്ചെങ്കിലും ഇന്റർവ്യൂകളിൽ സംസാരിക്കാനേ കഴിയാതെ ഞാൻ തണുത്തിരുന്നു.
പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന വീട്ടിലെ വൃദ്ധയ്ക്ക് പ്രത്യേകരീതികളായിരുന്നു.അവർ രാത്രി മുഴുവനും ഉറക്കെ തമിഴ് പാട്ടുകൾ വെച്ച് ഒറ്റയ്ക്കിരുന്ന് മദ്യപിക്കാറുമുണ്ടായിരുന്നു.
ക്രമേണ അവിടം എന്റെ ദുർഗുണ പരിഹാര പാഠശാലയായി എനിക്ക് തോന്നിത്തുടങ്ങി.
ഞാൻ എന്നെത്തന്നെ അടുക്കിപ്പെറുക്കി വൃത്തിയാക്കിക്കൊണ്ടിരുന്നു.
ഒരിയ്ക്കലും തൃപ്തിയായതുമില്ല.
പകൽ ചിലവഴിക്കാൻ ഞാൻ ആയിടയ്ക്ക് ആനിമേഷൻ പഠിക്കാൻ പോയിരുന്നു.
ഒരു ആനിമേഷൻ ചിത്രം പോലെ ജീവിതത്തെ എങ്ങനെ മാറ്റാം എന്നായിരുന്നു എനിക്ക് പഠിക്കേണ്ടിയിരുന്നത്.
കാര്യമായി ഒന്നും അറിയില്ലെങ്കിലും ചില rendering ഒക്കെ സ്വയം ഭംഗിയായി എന്നെയും ഞങ്ങളുടെ ഭൂപതി(വീട്ടിലെ വൃദ്ധയുടെ രാത്രി മദ്യപാനത്തിനിടെ ആ പേര് ഒരു തമിഴ് പാട്ടിൽ ഞാൻ ആവർത്തിച്ചു കേൾക്കാറുണ്ടായിരുന്നു.)സാറിനെയും അതിശയിപ്പിച്ചു.
അങ്ങനെയൊരു നല്ല വർക്കിന്റെ പ്രശംസയ്ക്കിടയിലാണ് പ്രേം എന്നെ പരിചയപ്പെടുന്നത്.
അയാളുടെ ചുറ്റും എപ്പോഴും ഉണ്ടാകാറുള്ള പെൺകൂട്ടം ,എന്തെങ്കിലും കാരണമുണ്ടാക്കി അയാളുടെ അടുത്ത് പോകാറുള്ള പെൺകുട്ടികൾ,ഒക്കെ കൊണ്ട് ഞാൻ അയാളെ മുൻപേ ശ്രദ്ധിക്കാറുണ്ടായിരുന്നു.
ഞാൻ ശ്രദ്ധിക്കാറുള്ളത് അയാൾ കാണാറുമുണ്ട്.
അയാളുടെ അടുത്ത് ഒരിയ്ക്കലും പോകാതിരുന്നതുകൊണ്ട് എന്നെങ്കിലും ഒരിയ്ക്കൽ അയാൾ എന്റെ അടുത്ത് വരുമെന്ന് എനിക്ക് തോന്നിയിരുന്നു.
“എന്താ നിങ്ങളുടെ പേര്?”
“നതാഷ”
“നതാഷ..?? റഷ്യൻ പേര്”
എന്റെ അച്ഛൻ കമ്മ്യൂണിസ്റ്റ് റഷ്യയുടെ ആരാധകനായിരുന്നെന്നും എന്റെ കൂടപ്പിറപ്പിന്റെ പേര് സാഷ എന്നായിരുന്നെന്നും ഞാൻ അയാളോട് പറഞ്ഞില്ല.
“വെറുതയല്ല നിങ്ങളെ കണുമ്പോഴൊക്കെ എനിക്ക് വൊഡ്ക കുടിക്കണമെന്ന് തോന്നുന്നത്”
അയാൾ ചിരിച്ചു.
ഒരു ദിവസം ഒരു flash assignment ചെയ്യാതിരിക്കാൻ സാഷയും അച്ഛനും ശ്രീയും അരുണും ഒക്കെ കൂടി എന്റെ ശ്രദ്ധയെ വീതം വെക്കുന്നതിനിടയിൽ എന്റെ മൊബൈലിൽ പ്രേം എന്നെ വിളിച്ചു.
(മൊബൈൽ ഫോൺ വന്നതിൽ പിന്നെ സ്വപ്നങ്ങളൊക്കെ പലരുടെയും റിംഗ്ടോൺ കൊണ്ട് പലവട്ടം മുറിഞ്ഞു പോകാറാണ് പതിവ്.)
“പ്രേം ആണ്” ,അയാൾ പറഞ്ഞു,“താഴെ ചായ കുടിക്കാൻ വരുമോ?”
“ചായ ഇവിടെ കിട്ടുമല്ലോ...”
“അത് എന്നും കുടിക്കുന്ന ചായ. ഒരു പുതിയ ചായ ആയാലോ?”
പ്രായോഗികത എന്ന എന്റെ സംരക്ഷകൻ ഒരു രോഗത്തെ കുറിച്ച് എന്നെ ഓർമ്മിപ്പിച്ചു.
എനിക്ക് ശ്രീയെ കാണണമെന്നും അവന്റെ വിരലിൽ മുറുക്കെ പിടിക്കണമെന്നും തോന്നി.
“എനിക്ക് പഴയ ചായ തന്നെയാണിഷ്ടം” ,ഞാൻ ശർദ്ദിച്ചു.
“ശരി..ഞാൻ അങ്ങോട്ട് വരാം..”
“അല്ലെങ്കിലും എനിക്ക് ചായ കുടിക്കാനല്ല തോന്നുന്നത്..വൊഡ്ക ആണ്...റഷ്യൻ വൊഡ്ക”
അയാൾ അടുത്തിരുന്നിട്ട് പറഞ്ഞു:“രണ്ടാഴ്ചയ്ക്കു ശേഷം ഞാൻ റഷ്യയിലേക്ക് മടങ്ങും”
അയാൾ സംസാരിച്ചു കൊണ്ടിരുന്നു.
അയാൾ അവിടെ ആർക്കിടെക്ചർ പഠിക്കുകയായിരുന്നു.
“ നിങ്ങളുടെ walkthrough നന്നായിട്ടുണ്ട്..ഇങ്ങനെയുള്ള മുറികൾ നിങ്ങളുടെ വീട്ടിൽ ഇല്ലാത്തതിൽ സങ്കടമുണ്ടോ?....”
അയാൾ കളി തുടങ്ങിയതിൽ എനിക്ക് ഭയം തോന്നി.
ഞാൻ സംസാരിക്കാൻ അവസരം ഉണ്ടാക്കാതെയുമായി.
പക്ഷെ രാത്രികളിൽ പതിവായി എന്റെ മൊബൈൽ അപരിചിത നമ്പറുകളുടെ മേൽവിലാസത്തിൽ എന്നെ ഉണർത്തിക്കൊണ്ടിരുന്നു, എന്റെ സംരക്ഷകൻ (പ്രായോഗികത) ആ സമയങ്ങളിൽ silent modeലേക്ക് മാറാൻ എന്നെ ഉപദേശിക്കാറുണ്ടെങ്കിലും.
ഒരു ദിവസം ബസ്സ് കാത്തിരിക്കുന്നതിനിടെ, മുന്നിൽ നാവ് പുറത്തേക്കിട്ട് തലയാട്ടിക്കിടന്ന നായ പേടിച്ച് ആരെങ്കിലും കൂടെയുണ്ടായെങ്കിൽ എന്നാഗ്രഹിക്കുമ്പോൾ അയാൾ വന്നു.
“നതാഷ..! ഇന്ന് ഞാൻ നിങ്ങൾക്ക് കൂട്ട് വരുന്നു. ബനശങ്കരിയിൽ നിങ്ങൾ താമസിക്കുന്ന വീട് എനിക്കറിയാം..”
പെട്ടന്ന് ഞാൻ ശ്രീയെ ഓർത്തു.
പെൺകുട്ടികൾ വിവാഹം ചെയ്യുന്നത് ഉപേക്ഷിക്കപ്പെടാനല്ലെന്ന് അവനോട് പറയണമെന്ന് എനിക്ക് തോന്നി.
“ഇന്ദിരാ നഗർ മുതൽ ബനശങ്കരി വരെ....?എന്തിനു സമയം വെരുതെ കളയണം?”
ഞാൻ ഭയന്നു.
“നിങ്ങളുടെ പേര് എന്നോട് റഷ്യയിലേക്ക് വേഗം മടങ്ങാൻ പറയുന്നു..റഷ്യയും അവിടുത്തെ പെൺകുട്ടികളും വൊഡ്കയും”
നമ്പൂതിരിക്കുട്ടിക്ക് നതാഷ എന്ന് പേരിട്ട അച്ഛന്റെ വിപ്ലവത്തോട് ജീവിതത്തിലാദ്യമായി അന്നേരം അരിശം തോന്നി.
അയാൾ ബസ്സിൽ അടുത്തിരുന്നു.
“നിങ്ങൾ ആരെയാണ് ഭയപ്പെടുന്നത് .നതാഷ?”, അയാൾ എന്റെ പേര് മനപ്പൂർവ്വം ആവർത്തിക്കുകയായിരുന്നു. “നിങ്ങളുടെ അടുത്തില്ലാത്ത ഭർത്താവിനെയൊ?”
സിന്ദൂരം,താലി,കല്യാണമോതിരം ഇവ വേണ്ട ശ്രീയെ സ്നേഹിക്കാനും മറക്കാതിരിക്കാനും എന്നറിയാവുന്നതു കൊണ്ട് ഞാൻ അവ ഉപയോഗിക്കാതിരുന്നിട്ടും അയാൾ എല്ലാം അറിഞ്ഞിരിക്കുന്നു.
ഇനി ഒരു ചെറിയ തെറ്റ് എന്റെ ഭാഗത്ത് നിന്നും ഉണ്ടായാൽ മതി അയാൾ ഈ കളിയിൽ മുൻതൂക്കം നേടാൻ.
ഞാൻ കരുതിയിരുന്നു.
“എനിക്ക് നിങ്ങളുടെ ശ്രീയെ അറിയാം..ശ്രീഹരിയെ..“
എന്റെ ശബ്ദം അടയുന്നതുപോലെ തോന്നി.
”എന്ന് വെച്ച് മുൻപരിചയമല്ല..നിങ്ങളിലൂടെ..നിങ്ങളുടെ പ്രതിഷേധം കണ്ടപ്പോൾ അയാളെ അറിയണമെന്ന് തോന്നി....അന്വേഷിച്ചു..കണ്ടെത്തി..“
അതിനിടയിൽ അയാളുടെ കൂടി ടിക്കറ്റ് എടുക്കണമെന്ന് പ്രേം എന്നെ ഓർമ്മിപ്പിച്ചു.
”ഞാൻ അയാളോട് സംസാരിച്ചു..അയാൾ നിങ്ങളെ വിളിക്കും..respond ചെയ്യാതിരിക്കരുത്“ അയാൾ ചിരിച്ചു.
”എന്തിനാണ് നതാഷ,... മരിച്ചവരുടെ പേരിൽ ജീവിച്ചിരിക്കുന്നവർ പിണങ്ങുന്നത്?“
പ്രായോഗികത പൂർണ്ണമായി ഞാൻ മനസ്സിലാക്കിയിട്ടില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു.
പക്ഷെ എനിക്ക് സന്തോഷം തോന്നി.
അതിനിടയിൽ എപ്പോഴോ ,പാതി വഴിയിൽ ,പ്രേം യാത്രപറയാതെ ഇറങ്ങിപ്പോയിരുന്നു.
(C)ലിഡിയ
11 Comments, Post your comment:
അവസാനം പ്രേം തന്നെ വിജയിച്ചു.
എനിക്കിഷ്ട്ടപ്പെട്ടു...
കഥ നന്നായിരിക്കുന്നു.
Lidiyechee,
nannaayittund..a different style..
sneha
കഥ നന്നായി അവതരിപ്പിച്ചു. ആശം സകള്‍
അതാണു ജീവിതയാത്ര. എവിടുന്നോകയറുന്നു.ഇടക്കെവിടെയോ ഇറങ്ങുന്നു. കഥ നന്നായി.
അപ്പോൾ നല്ല കഥ മരിച്ചിട്ടില്ല..!
ഇതു വായിച്ചപ്പോൾ ജീവിതത്തെ കണ്ണാടിയിലെന്ന പോലെ കാണാമായിരുന്നു. ഭാഷയും ശൈലിയും തന്നെയാണ് കഥ; പ്രമേയമല്ല എന്നു വ്യക്തമായി.
പുതിയ കാലത്തെ പ്രണയത്തെയും ജീവിതത്തെയും അതിന്റെ സന്ദിഗ്ദ്ധതകളെയും, നല്ല പുതുമയോടെ അവതരിപ്പിച്ചു.
അഭിനന്ദനങ്ങൾ..!!
@ശാന്ത കാവുമ്പായി :
ശാന്തചേച്ചി,
ആദ്യവായനയ്ക്കു നന്ദി.
@വിനയന്‍
ഇനിയും ഇഷ്ടപ്പെടുന്ന കഥകളെഴുതണമെന്ന് ആഗ്രഹം.
വായനയ്ക്ക് നന്ദി.
@mini//മിനി,കുസുമം ആര്‍ പുന്നപ്ര
നന്ദി.
@sneha
"Lidiyechee,"
അതൊരു പഴയ പ്രിയപ്പെട്ട വിളി..എന്നെ അറിയാമായിരുന്നെന്നു തൊന്നുന്നു.
വീണ്ടും കണ്ടുമുട്ടിയതിൽ സന്തോഷം.
@പാലക്കുഴി :
നല്ല അവതരണമെന്ന വാക്കുതന്നെ നല്ല പ്രോത്സാഹനം.നന്ദി.
@Abdulkader kodungallur
അങ്ങയുടെ ജീവിതയാത്രയ്ക് എന്റെ എല്ലാ പ്രാർത്ഥനകളും.വായനയ്ക്ക് നന്ദി.
@JIGISH:
പങ്കുവെച്ച ഈ തിരിച്ചറിവ് എനിക്ക് ആത്മവിശ്വാസം തരുന്നു.
നല്ല വായനയ്ക്കു ഹൃദയം നിറഞ്ഞ നന്ദി.
കഥ നന്നായി... :) ആശംസകൾ!!
എനിക്കും ഇഷ്ടമാണ്........ആഗ്രഹമാണ്... ഇതുപോലെ നല്ല കഥകള്‍ എഴുതാന്‍..........
ജിഗീഷ് കാട്ടിത്തന്ന കഥകള്‍ ഒന്നും മോശമായിട്ടില്ല.
ഇതും.
ജിഗി കാട്ടിത്തന്നതുകൊണ്ടല്ല ഈ കഥ നല്ല
കഥയായത് എന്ന് പ്രത്യേകം പറയേണ്ടല്ലോ.
ലളിതവും എന്നാല്‍ തിളങ്ങുന്നതുമായ കഥയെഴുത്തിന് നന്ദി.
ആശംസകള്‍
Post a Comment