വിശ്വാസം നഷ്ടപ്പെടുമ്പോള്‍ മനസ്സിന്‍റെ കടിഞ്ഞാണ്‍ സ്വന്തം കയ്യില്‍ നിന്ന് ഏതൊക്കെയോ ലോകത്തേക്ക് പറന്നകലുന്നു. ആ ലോകം നിയന്ത്രണമില്ലാത്ത പ്രവൃത്തികള്‍ക്ക് നമ്മെ പ്രാപ്തരാക്കുന്നു എന്ന് തോന്നാറുണ്ട്.
പുലര്‍ത്തിയിരുന്ന കൌമാരനാളുകളില്‍ പോലും സ്വപ്നങ്ങള്‍ക്ക് കൂടുതല്‍ നിറം ചാര്‍ത്തി പറന്നു നടക്കാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. എന്നിട്ടും ഇന്നിപ്പോള്‍ സഹിക്കാനാവാത്ത വേദനയും വിങ്ങലും മാത്രം ബാക്കി.
അനിലക്ക് സ്വന്തം നാട്ടിലെ ഉയര്‍ന്ന ഹോട്ടലില്‍ റിസപ്ഷനിസ്റ്റായി ജോലി തരപ്പെട്ടപ്പോള്‍ വൈശാഖിന് അതൊരിക്കലും ഉള്‍ക്കൊള്ളാനായില്ല. നല്ല ശമ്പളത്തോടെ ലഭിച്ച ആ ജോലി അന്നു കാലത്ത് കുടുംബത്തില്‍ പിറന്ന പെണ്ണുങ്ങള്‍ ചെയ്യുന്നതായിരുന്നില്ല എന്നാണ് വാദം.
വൈശാഖിന്റെ ആശങ്കകള്‍ അംഗീകരിച്ച് കൊടുത്തെങ്കിലും തന്നിലെ ബാഹ്യ സൌന്ദര്യം അദേഹത്തിന്‍റെ മനസ്സില്‍ ഉണ്ടാക്കിയിരുന്ന ഭയം തന്നെയാണ് മറ്റു കാരണങ്ങളായി പുറത്ത് വരുന്നതെന്ന് കഴിഞ്ഞ കുറേ വര്‍ഷത്തെ ഒരുമിച്ചുള്ള സഹവാസത്തിനിടയില്‍ വ്യക്തമായതാണ്. കലാലയജീവിതത്തിന്‍റെ നല്ല നാളുകളില്‍ പ്രണയത്തിന്‍റെ ഒരു നേരിയ ചലനം പോലും മനസ്സിനെ തൊട്ടുതീണ്ടിയിട്ടില്ലെന്നതില്‍ ഇപ്പോള്‍ അതിശയമെങ്കിലും വൈശാഖിന് അതൊന്നും വിശ്വസിക്കാനേ കഴിയുന്നില്ല. അതിലദ്ദേഹത്തെ കുറ്റം പറയുന്നതില്‍ ന്യായീകരണമില്ലാത്തതിനാലാണ് കൂടെ കൂടെ പറഞ്ഞ് എന്‍റെ ഭാഗം ന്യായമാണെന്ന് സമര്‍ത്ഥിക്കാന്‍ മിനക്കെടാതിരുന്നത്. അതൊരുപക്ഷെ ആ മനസ്സിനെ കൂടുതല്‍ കലുഷിതമാക്കാനെ ഉപകരിക്കു എന്ന് അനില ഭയപ്പെട്ടിരുന്നു.
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ വര്‍ഷത്തില്‍ ഈരണ്ട് മാസം മാത്രമാണ് ജീവിക്കാനായത്. സ്വന്തം നാടിന്റെ മനോഹാരിത കൈവിട്ട് മണലാര്യണ്യത്തിലേക്ക് ചേക്കേറാന്‍ അദേഹം നിര്‍ബന്ധിച്ചപ്പോഴൊക്കെ ദാമ്പത്യ ജീവിതത്തിന്റെ മധുരങ്ങള്‍ നുണയുന്നതിനേക്കാള്‍ പിറന്ന നാടിന്റെ ആത്മാവില്‍ മനസ്സ് കുരുങ്ങിക്കിടന്നു. വൈശാഖ്‍ ഓരോ തവണ ലീവ് കഴിഞ്ഞ് തിരിച്ച് പോകുമ്പോഴും വേദനയുടെ വിമ്മിട്ടം നെഞ്ചിനകത്ത് നെരിപ്പോടായ് വിങ്ങിനിന്നു. വരാനിരിക്കുന്ന ലീവിനെ സ്വപ്നം കണ്ട് ബാക്കിയുള്ള ദിനങ്ങള്‍ തള്ളി നീക്കുമ്പോള്‍ ഹോട്ടലിലെ തിരക്ക് വിരസതയ്ക്ക് അയവ് വരുത്തിയിരുന്നു.
"അനില....ഞാന്‍ കുറച്ച് ചിത്രങ്ങള്‍ എടുത്തോട്ടെ.." ഒരു കറുത്ത രാത്രിയില്‍ തെങ്ങിന്‍ പട്ട ചീഞ്ഞ ചൂര് നിറഞ്ഞു നിന്ന കിടക്കറയില്‍ വെച്ച് ഒരു ശീല്‍ക്കാരം പോലെ, അരുതാത്തത് ആവശ്യപ്പെടുന്ന പകപ്പ് നിറഞ്ഞ വാക്കുകള്‍ ചിതറി വീണു.
"പതിനഞ്ച് വര്‍ഷം ഒന്നിച്ച് ജീവിച്ചിട്ടും ഏട്ടനിനിയും എന്നെ മനസ്സിലായില്ലെന്നോ.. ഏട്ടനധികാരമില്ലാത്ത എന്തുണ്ടെന്നില്‍.?"
കൈവിരല്‍ തുമ്പില്‍ കാലഗതി നിര്‍ണ്ണയിച്ച് കുത്തിയൊഴുകുന്ന തിരക്കില്‍ പഴമയുടെ പവിത്രമായ മൂല്യങ്ങള്‍ വലിച്ചെറിയുന്ന ഈ യുഗത്തില്‍ എത്രമാത്രം മനസ്സിലാക്കി എന്നവകാശപ്പെടുന്നവരോടുപോലും എന്തെങ്കിലും ചോദിക്കണമെങ്കില്‍ ഒരു ഭയം പിടികൂടുക എന്നത് സ്വാഭാവികമായിരിക്കുന്നു. മനസ്സിലാക്കലുകളിലെ അര്‍ത്ഥമില്ലായ്മ വൈശാഖിനെയും ബാധിച്ചു കഴിഞ്ഞു. പരസ്പരമുള്ള വിശ്വാസത്തില്‍ പോലും അവിശ്വസനീയത നിഴല്‍ പോലെ പിന്തുടരുന്നു. രാത്രിയുടെ ഇരുട്ടില്‍ മുഖഭാവങ്ങള്‍ കാണാനാകുന്നില്ലെങ്കിലും വാക്കുകളുടെ താളക്രമം എല്ലാം വിളിച്ചു പറയുന്നു.
"ഞാനാലോചിക്കുകയാണ് അനില...രണ്ട് മാസം കഴിഞ്ഞ് വീണ്ടും പത്ത് മാസം....ഒന്നിക്കുന്ന സുഖം ലഭിക്കുന്നില്ലെങ്കിലും ഒരു നേര്‍ചിത്രത്തിലൂടെ ഓര്‍മ്മകളെ താലോലിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു അനില.. "
"എന്തിനീ സാഹിത്യഭാഷ. കാര്യങ്ങള്‍ നേരെ പറഞ്ഞാല്‍ പോരെ."
"ഞാന്‍ മൊബൈലില്‍ നമ്മുടെ കുറച്ച് ചിത്രങ്ങള്‍ പിടിച്ച് കയ്യില്‍ വെച്ചാലൊ എന്ന് ചിന്തിക്കുകയാണ്."
അനില മറുത്തൊന്നും പറഞ്ഞില്ല. പരസ്പരം അകന്ന് കഴിയാന്‍ വിധിക്കപ്പെട്ട മനസ്സുകള്‍ക്ക് അതൊരാശ്വാസമാകുമെങ്കില്‍ എതിര്‍പ്പിന് പ്രസക്തി ഇല്ലല്ലൊ...വിവരസാങ്കേതികവിദ്യ മുന്നേറുന്നതിന് സമാന്തരമായി മനുഷ്യന്‍റെ ആഗ്രഹങ്ങളും അതിനോടൊത്തുചേര്‍ന്ന് പോകുന്നതില്‍ തെറ്റ് കണ്ടെത്താനായില്ല. ഒരു കൈപ്പിഴ ജീവിതത്തിന്‍റെ താളം തെറ്റിക്കും എന്ന ധാരണ ചെറുതായ് അലട്ടിയെങ്കിലും വൈശാഖ് എന്ന വ്യക്തിയെ അവിശ്വസിക്കേണ്ടതായ സന്ദര്‍ഭങ്ങളൊന്നും ജീവിതത്തില്‍ ഉണ്ടായിട്ടില്ല.
ഭര്‍ത്താവിന്‍റെ ഇംഗിതം സാധിച്ച് കൊടുക്കുന്ന ഉത്തമയായ ഭാര്യ അല്‍പം ജാളൃതയോടെയെങ്കിലും കിടപ്പറ രംഗങ്ങള്‍ പകര്‍ത്താന്‍ സമ്മതം മൂളി. പകര്‍ത്തിയവ ഒരുമിച്ചിരുന്ന് കണ്ടാസ്വദിച്ചപ്പോള്‍ ജാളൃതക്ക് പകരം നാണവും സ്വന്തം ശരീരത്തിന്‍റെ ഭംഗിയും ഇട കലര്‍ന്ന വികാരം മനസിലോടിയെത്തി എന്നത് നേരാണ്.
ദാമ്പത്യത്തിലെ പുതിയൊരു ഘട്ടമായിരുന്നു പതിനഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ അനില അഭിമുഖീകരിച്ചുകൊണ്ടിരുന്നത്. പുത്തന്‍ രീതികളെ മനസ്സിലേക്ക് ആവാഹിച്ച് കുടിയിരുത്തുമ്പോള്‍ അതുമായി ഇഴുകിച്ചേരാനും അതില്‍ ലയിക്കാനും സാധിച്ച മനസികാവസ്ഥ, അനുഭവിക്കാത്ത ഒരു തരം അനുഭൂതികളിലേക്കുള്ള പ്രയാണമായി. അത്തരം ഒരവസ്ഥയിലാണ് താന്‍ ജോലി ചെയ്യുന്ന ഹോട്ടലില്‍ ഒരു ദിവസമെങ്കിലും താമസിക്കണമെന്ന മോഹം ഉടലെടുത്തത്. കള്ളത്തരവും വഞ്ചനയും ഏതു സാഹചര്യത്തിലും കണ്ടെത്താനാകുമെന്ന അമിതവിശ്വാസം അനിലയില്‍ അന്തര്‍ലീനമായിരുന്നു.
ലീവ് അവസാനിക്കാറായ സന്ദര്‍ഭത്തില്‍ ഒരു ദിവസം ഹോട്ടലില്‍ മുറിയെടുത്ത് അനിലയുടെ മോഹം വൈശാഖ് നിറവേറ്റി.
ഒരു സ്വര്‍ഗ്ഗത്തിലേക്ക് കയറിച്ചെന്ന പ്രതീതി. കണ്ണിനേയും കാതിനേയും ഒപ്പം മനസിനേയും ആഹ്ളാദത്തിന്‍റെ ഉന്നതങ്ങളിലെത്തിക്കുന്ന സംവിധാനം തെല്ലൊന്നുമല്ല ആശ്ളേഷിപ്പിച്ചത്. ചുറ്റും കണ്ണാടി പതിപ്പിച്ച് മനോഹരമാക്കിയ വിശാലമായ ബാത്ത് റൂം. മുന്‍പൊന്നും ഇതിനകം കാണണമെന്നൊ അകത്ത് കയറണമെന്നൊ നേരിയ ചിന്ത പോലും അനിലക്കില്ലായിരുന്നു.
വൈശാഖ് പോയി ഒരു മാസം കഴിഞ്ഞപ്പോഴാണ് സ്റ്റെയ്‌റ്റ്സിലുള്ള കൂട്ടുകാരി ശാലിനിയുടെ മെയില്‍ അനിലക്ക് ലഭിക്കുന്നത്. ഏറെ പ്രയാസത്തോടെയാണ് ഞാനിത്തവണ അനിലക്ക് മെയില്‍ ചെയ്യുന്നത്. സമചിത്തതയോടെ ശാന്തമായി വിവേകത്തോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് വിഷയം. ഞാനറിഞ്ഞിരുന്ന അനിലയില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സംഭവം..! അധികം വര്‍ണ്ണിക്കുന്നില്ല. താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പോയി നോക്കുക.
ആകാംക്ഷയും ഭയവും പടര്‍ന്നിറങ്ങിയ കൈവിരലുകള്‍ മൌസില്‍ പതിഞ്ഞു. മോണിറ്ററില്‍ ഒരു വീഡിയോ ഫയല്‍.
ഓപ്പണ്‍ ചെയ്തു.
കണ്ണുകളെ വിശ്വസിക്കാനാവുന്നില്ല. മരവിച്ച മസ്തിഷ്ക്കത്തില്‍ കടന്നലുകള്‍ ആഞ്ഞാഞ്ഞ് കുത്തുന്നു. കാലിന്റെ പെരുവിരലില്‍ നിന്ന് അരിച്ചുകയറിയ പെരുപ്പ് ശരീരമാകെ കെട്ടിവരിഞ്ഞ് തലയ്ക്കകത്ത് കയറി താണ്ഡവമാടിയപ്പോള്‍ താങ്ങാനാവാത്ത ഭാരം മൂലം തല താഴ്ന്നു. ബുദ്ധിഭ്രമത്തിന്റെ സ്ഥായീഭാവം ഹൃദയത്തിന്‍റെ ചലനത്തെ ത്വരിതപ്പെടുത്തിയ, ഇടിമുഴക്കം താങ്ങാനാവാതെ മദയാന കൊലക്കളമാക്കിയ പൂരപ്പറമ്പുപോലെ മനസ്സ് വികൃതമായി. ഇറുക്കിയടച്ച കണ്ണുകള്‍ക്കുള്ളിലേക്ക് ഒരു ശരം പോലെ തുളഞ്ഞു കയറുന്ന ചിത്രങ്ങള്‍. സഹിക്കാനാകാതെ തൊണ്ട കിടുകിടുത്തു. പൊട്ടിക്കരച്ചിലിനെ നിയന്ത്രിക്കാന്‍ വായ് പൊത്തിയപ്പോള്‍ മൂക്കിലൂടെ ചാടിയ വികൃത സ്വരം പരിചയമില്ലാത്തവയായിരുന്നു. നിറഞ്ഞ കണ്ണുകളില്‍ മഞ്ഞപ്പ് പടര്‍ന്നു. താന്‍ സ്വകാര്യമായി സൂക്ഷിച്ചിരുന്ന സ്വകാര്യതകള്‍ ഇതാ സ്വന്തം കണ്‍മുന്നില്‍ കിടന്ന് കൊഞ്ഞനം കുത്തുന്നു. ലോകമാകെ തന്‍റെ സ്വകാര്യതകള്‍ നഗ്നമാക്കപ്പെട്ടിരിക്കുന്നു. മൂടിവെച്ചിരുന്നതെല്ലാം ഒറ്റ നിമിഷംകൊണ്ട് പുറം ലോകം ആഘോഷിക്കുന്നു.
ഇനി ഞാനെന്ന അനിലക്കെന്ത് പ്രസക്തി? വിശ്വാസം ചിറകൊടിഞ്ഞ് വീഴുമ്പോള്‍ അതിരുകടന്ന ആത്മവിശ്വാസത്തിന്‍റെ അഹങ്കാരം മനസില്‍ തീപ്പൊരിയായ് മാറി.
" ഈ അമ്മക്കിതെന്ത് പറ്റി..?" കപടലോകത്തിന്‍റെ കാപട്യങ്ങള്‍ തിരിച്ചറിയാനാകാത്ത നിഷ്ക്കളങ്കയായ പതിമൂന്ന് വയസുകാരി മകള്‍ അമ്മയെ തട്ടിവിളിച്ചപ്പോഴാണ് കണ്ണീരുണങ്ങിയ കവിള്‍ത്തടങ്ങള്‍ ഉയര്‍ത്തി ഇരുന്നിടത്തുനിന്ന് എഴുന്നേറ്റത്.
"മോള് പോയി പഠിക്ക്... അച്ഛന്റെ ഫോണ്‍ വന്നില്ലല്ലൊ എന്ന് ആലോചിച്ചിരുന്നതാ..."ഒഴിഞ്ഞ് മാറാന്‍ ഒന്നുരണ്ട് വാക്ക്.
അവള്‍ അകത്തേക്ക് പോയി.
സംഭവിക്കാന്‍ പാടില്ലാത്ത കൈപ്പിഴയൊ അറിഞ്ഞുകൊണ്ട് ചെയ്ത മണ്ടത്തരമൊ എന്നേ ഇനി അറിയേണ്ടതുള്ളു. ഒരു ദിവസം പോലും ഒഴിവാക്കാതെ ഫോണ്‍ ചെയ്യാറുള്ള വൈശാഖ് സ്വന്തം ഭാര്യയൊന്നിച്ചുള്ള രതിക്രീഡകള്‍ കൂട്ടുകാരൊത്ത് ആഘോഷിക്കുമ്പോഴും ഒരിക്കലെങ്കിലും ഒരു വാക്കെങ്കിലും സൂചിപ്പിച്ചിരുന്നില്ലല്ലൊ എന്ന വേദന അനിലയെ തളര്‍ത്തി. സ്വന്തം ജീവനേക്കാളുപരി സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത മനുഷ്യനെ ഇനിയും വെറുക്കാന്‍ കഴിയാത്ത മനസ്സിന്‍റെ മായാജാലം പിടി കിട്ടുന്നില്ല. വിശ്വാസം മുതലെടുത്ത് കൂട്ടുകാര്‍ വഞ്ചിച്ചതായിരിക്കണെ എന്ന് സമാധാനിക്കാന്‍ ശ്രമിക്കുമ്പോഴും കണ്‍മുന്നില്‍ തെളിയുന്നത് സ്വന്തം നഗ്നത.
മൊബൈല്‍ ശബ്ദിച്ചപ്പോള്‍ അതില്‍ കണ്ട വൈശാഖിന്റെ ചിത്രത്തിന് ചതിയന്‍റെ മുഖം. ക്രൂരന്‍റെ ചേഷ്ടകളടങ്ങിയ മനോരോഗിയുടെ ഭാവം. അനിലയുടെ നെഞ്ചിടിപ്പ് വര്‍ദ്ധിച്ചു. സങ്കടവും കരച്ചിലും പകയും വെറുപ്പും അറപ്പും ഇടകലര്‍ന്ന ക്ഷോഭത്തോടെ മൊബൈല്‍ ചെവിയോട് ചേര്‍ത്ത് വെച്ചപ്പോള്‍ ശക്തിയോടെയുള്ള പൊട്ടിക്കരച്ചില്‍ കാതിലലച്ചു. സകല വികാരങ്ങളും വേരറ്റ് വീഴുമ്പോള്‍ പറയാന്‍ വാക്കുകള്‍ക്കായ് അനില തപ്പിത്തടഞ്ഞു.
ഞാന്‍ പറഞ്ഞ് കഴിഞ്ഞതിന് ശേഷം ഇങ്ങോട്ട് പറഞ്ഞാല്‍ മതി എന്ന മുഖവുരയോടെ നിരാശ നിഴലിച്ച വാക്കുകള്‍ അര മണിക്കൂറിന് ശേഷമാണ് നിലച്ചത്.
മൊബൈല്‍ ഓഫായപ്പോള്‍ അഗ്നിസ്പുലിംഗങ്ങള്‍ സമന്വയിച്ച ഭദ്രകാളിയായി അനില. കിടക്കറ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ആ ഒരൊറ്റ സംഭവം മാത്രമായിരുന്നു കൂട്ടിവായിക്കാന്‍ അനിലക്കുണ്ടായിരുന്നത്. മറിച്ചൊന്ന് ചിന്തിക്കാനൊ നെറ്റില്‍ കണ്ട ചിത്രങ്ങള്‍ വേര്‍തിരിച്ചെടുക്കാനൊ കഴിയാത്ത അവസ്ഥയിലായിരുന്നു അപ്പോള്‍.
ഒരു പ്രൊഫഷണല്‍ ജോലിക്കാരന്‍റെ തന്‍മയത്വത്തോടെ എഡിറ്റ് ചെയ്ത് വൃത്തിയാക്കിയ ചിത്രവും ഹോട്ടല്‍മുറിയുടെ ഉള്‍ഭാഗവും അനില ശ്രദ്ധിച്ചില്ലെ എന്ന വൈശാഖിന്റെ ഓര്‍മ്മപ്പെടുത്തലായിരുന്നു എല്ലാം മനസ്സിലാക്കിയവള്‍ എന്ന അഹന്തയുടെ മുനയൊടിച്ചത്. വെറുതെ സംശയിച്ചു എന്ന കുറ്റബോധത്തേക്കാളേറെ നിര്‍ദോഷമായ ഒരു പുതുമ പുല്‍കാന്‍ കൊതിച്ച തന്‍റെ കാഴ്ചപ്പാട് തന്നെ എല്ലാത്തിനും വിനയായി.
വര്‍ഷങ്ങളായി ജോലി നോക്കുന്ന ഹോട്ടലില്‍ നിന്നും അനുഭവിക്കേണ്ടിവന്ന നീറ്റല്‍ സ്വന്തം നാടിന്‍റെ മനോഹാരിതയുടെ ആത്മാവില്‍ കത്തിപ്പടര്‍ന്നു.
സദാചാര മൂല്യങ്ങള്‍ക്ക് വില കല്‍പിക്കാത്ത ഏതെങ്കിലും നാട്ടിലേക്ക് ഓടി മറയാന്‍ അനിലയുടെ മനസ്സ് തിടുക്കം കൂട്ടി.
(സൂക്ഷമായി നിരീക്ഷിച്ചാല്‍ പോലും കണ്ടത്താനാകാത്ത ചില ക്യമറക്കണ്ണുകള്‍...)
ഈ ചിതങ്ങളൊട് കടപ്പെട്ടിരിക്കുന്നത്
ഒളി കാമറകൾ: നാം അറിയേണ്ട ചില കാര്യങ്ങൾ
എന്ന പോസ്റ്റ് പ്രസിദ്ധീകരിച്ച മരുപ്പച്ച എന്ന ബ്ളോഗിനൊട്.
പട്ടേപ്പാടം റാംജി
12 Comments, Post your comment:
റാംജീ..
കഥ മനോഹരമായി.. എന്താ പറയുക ആനുകാലീക പ്രസക്തം എന്നൊക്കെ പറയില്ലേ.. ഇത്തരം പല സംഭവങ്ങളും നടക്കുന്നുണ്ട് എന്നത് സത്യം.. ആരും തുറന്ന് പറയുന്നില്ല എന്നേ ഉള്ളൂ... എഴുത്ത് ഒത്തിരി ഇഷ്ടായി...
നല്ല കഥ.
വളരെ സാധരണമായിത്തീര്‍ന്നിട്ടുണ്ടു
ഇത്തരം സംഭവങ്ങള്‍
നല്ല രചന.
പ്രണയമില്ലാത്ത രതി
മനുഷ്യശരീരത്തില്‍
നടത്തുന്നഭീകര
പ്രവര്‍ത്തനം മാത്രമാണ്
റാംജീ, കാലിക പ്രാധാന്യമുള്ള വിഷയം മനോഹരമായ കഥയിലൂടെ ആവിഷ്കരിച്ചിരിക്കുന്നു.....
ഇവിടെ വൈശാഖന്മാരും അനിലമാരും ഏറി വരുന്നു.തങ്ങളും മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കുന്നു എന്ന് വരുത്തി തീര്‍ക്കാന്‍ സദാചാര മൂല്യങ്ങളെ കാറ്റില്‍ പറത്തുകയും പിന്നീട് പരിതപിക്കുകയും ചെയ്യുന്നു ഇവര്‍.
ramji kaalikamaaya oru visayathe valare nannayi avatharippichirikkunu....
നന്നായിരിക്കുന്നു കഥ. അടിയന്റേയും ഭാവുകങ്ങള്‍
ഏറെ പ്രാധാന്യമുള്ള വിഷയം നന്നായി അവതരിപ്പിച്ചിരിക്കുന്നു.
ആശംസകള്‍ റാംജീ......
നല്ല രചന.
nice story... as every1 said 2days reality,, tat u portrait wid ur abundant writing skill....
ഇവിടെ എത്തി അഭിപ്രായം രേഖപ്പെടുത്തിയ എല്ലാ സൌഹൃതങ്ങള്‍ക്കും നന്ദി.
റാംജി സാബ്, കവര്‍ന്നെടുക്കുന്ന നഗ്നത ഒരു സത്യമാണ്.
ലളിതമായ സത്യം. പക്ഷെ അത്യന്തം ക്രൂരവും.
ഐന്‍സ്ടീന്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ കണ്ടെത്തിയ
ആണവ ഫോര്‍മുല ഇങ്ങനെ ഉപയോഗിക്കുമെന്നരിഞ്ഞെങ്കില്‍
ഞാന്‍ അതിനു മുതിരില്ലായിരുന്നു. എന്ന്.
പല പോസിലുള്ള ഫോട്ടോകള്‍ എന്ന് കെ.ജീ .ഏസ്.
യന്ത്ര സരസ്വതി നമ്മെ സംബ്രമിപ്പിക്കുമോ എന്ന് കെ.പി.അപ്പന്‍
പണ്ടേ ആകുലനായിട്ടുണ്ട്. കഥ വിഷയം ഗംഭീരം. പക്ഷെ കഥപറച്ചില്‍
പറയാന്‍ വേണ്ടി പറഞ്ഞപോലെയായി. ഉദ്ദേശ ശുദ്ധിക്കു നൂറു മാര്‍ക്ക്.
വിഷയവും ഘടനയും അലിഞ്ഞു നില്‍ക്കണം. നേരിട്ടു നമ്മള്‍ പറഞ്ഞു കൊടുക്കുകയല്ല
ഒരു ഓര്‍ഗാനിക് യുണിറ്റി ഉണ്ടാവുമ്പോള്‍ അത് താനേ വരും. തത്വങ്ങള്‍ കഥയില്‍ മുഴച്ചുനിക്കരുത്.
ബിജു.സീ.പീ യുടെ ചരക്കു എന്ന പുതിയ പുസ്തകത്തില്‍ വാതപ്പരു എന്ന കഥ
റാംജി കൈകാര്യം ചെയ്ത അതെ വിഷയമാണ് പറയുന്നത് .. എന്തായാലും കഥ തുടരുക.
ഇത് റാംജിയുടെ ഒറിജിനല്പോസ്റ്റില്‍ ഇട്ട അഭിപ്രായമാണ്. ഋതുവില്‍ ഈ കഥ വന്നു കണ്ടതിലുള്ള ആഹ്ലാദം മറക്കു വയ്ക്കുന്നില്ല.
Post a Comment